08. കേസി കേശവപിള്ള
ജനനവും ബാല്യവും
കൊല്ലം പരവൂരിൽ വാഴവിള എന്നൊരു ഗൃഹമുണ്ട്. ആ ഗൃഹത്തിലെ ഒരങ്ഗമായ ശങ്കരപ്പിള്ള വേലുത്തമ്പിദളവയുടെ കാലത്തു് ആലപ്പുഴ സർവ്വാധികാര്യക്കാരായിരുന്ന അവസരത്തിൽ ബാലരാമവർമ്മ മഹാരാജാവു് അദ്ദേഹത്തിനു ‘ചെമ്പകരാമൻ’ എന്ന സ്ഥാനം സമ്മാനിച്ചു. കേശവപിള്ളയുടെ മാതാവായ ലക്ഷ്മിയമ്മ 1017-ാമാണ്ടു ജനിച്ചു. 1036-ാമാണ്ടു പരവൂര്‍ വലിയവെളിച്ചത്തുവീട്ടിൽ രാമൻപിള്ളയുടെ പത്നിയായി. ആ ദമ്പതിമാരുടെ പുത്രനായി കേശവപിള്ള വാഴവിളവീട്ടിന്റെ ഒരു ശാഖയായ കോതേത്തുവീട്ടിൽ 1043-ാമാണ്ടു മകരമാസം 22-ാം൹ രോഹിണീനക്ഷത്രത്തിൽ ഭൂജാതനായി.
*** *** *** *** ***
പരവൂര്‍ മലയാളം പള്ളിക്കൂടത്തിൽ അഞ്ചാമത്തെ വയസ്സിൽ വിദ്യാഭ്യാസം ആരംഭിച്ചു. അഞ്ചു കൊല്ലത്തോളം ആ പഠിത്തം തുടർന്നു. പരവുരിൽ അതിനുമേൽ പഠിക്കുവാൻ സൗകര്യമില്ലാതിരുന്നതിനാൽ വിദ്യാലയാധ്യയനം അവിടെവച്ചു നിറുത്തി. പിന്നീടു് അധ്യാത്മരാമായണം, ഭാഗവതം മുതലായ കിളിപ്പാട്ടുകൾ വായിച്ചു പഠിച്ചു് അവയിലെ രസം അനുഭവിച്ചു സ്വതസ്സിദ്ധമായ സങ്ഗീതവാസനയോടുകൂടി അവയെ പാടിക്കേൾപ്പിക്കുന്നതിൽ ഉത്സുകനായിത്തീർന്നു. അതോടുകൂടി കഥകളിയിൽ അസാമാന്യമായ അഭിനിവേശമുണ്ടായി. ഏതാനും വയസ്യന്മാരെ കൂട്ടിച്ചേർത്തു കുട്ടിത്തരത്തിൽ ഒരു കളിയോഗം സംഘടിപ്പിച്ചു ദുര്യോധനവധം ആട്ടക്കഥ ബാലോചിതമായ വേഷവിധാനത്തോടുകൂടി അഭിനയിച്ചു. ചെണ്ടകൊട്ടും പാട്ടും ഹനൂമാന്റെ അഭിനയവുമാണു കവിക്കു് അന്നു് അനുഷ്ടിക്കേണ്ടിവന്ന കൃത്യപരിപാടി. കയ്യിൽ കിട്ടുന്ന ആട്ടക്കഥകൾ നിവൃത്തിയുള്ളേടത്തോളം പകർത്തിപ്പഠിച്ചു് ആ സാഹിത്യവിഭാഗത്തിൽ വിപുലമായ വിജ്ഞാനം നേടി. പതിനഞ്ചാമത്തെ വയസ്സിൽ സിദ്ധരൂപത്തിന്റെ ജ്ഞാനം പോലുമില്ലാതിരുന്ന ആ ഉത്തിഷ്ഠമാനൻ പ്രഹ്ലാദചരിതം എന്ന പേരിൽ ഒരു പുതിയ ആട്ടക്കഥതന്നെ എഴുതി. അതിലെ ഒരു ശ്ലോകം അന്നു പരവൂര്‍ മലയാളം പള്ളിക്കൂടം വാധ്യാരായിരുന്ന ഇടത്തറെ പരമു ആശാൻ കണ്ടു “കേശവനു കവിയായാൽ കൊള്ളാമെന്നു മോഹമണ്ടു് അല്ലേ? പക്ഷേ അതിനു പഠിച്ചെങ്കിലേ ഒക്കൂ” എന്നു് അതിനെ നിശിതമായ രീതിയിൽ വിമർശനം ചെയ്തു. തന്റെ ആ പ്രഥമകൃതി പരിശോധിക്കുവാൻ പരവൂര്‍ കേശവനാശാനെ സമീപിച്ചപ്പോൾ “അവിടുന്നു സംസ്കൃതംകൂടി കുറേ വായിക്കണം. വായിച്ചാൽ ഇതിനെ സ്വയമേവ തിരുത്തുന്നതിനു ശക്തനായിത്തീരും” എന്നു് ഉപദേശിച്ചു. രണ്ടു പ്രസ്താവനകളടേയും സാരം ഒന്നുതന്നെയായിരുന്നു. ഭാഷ മാത്രമേ വ്യത്യസ്തമായിരുന്നുള്ളു.
ഉപരിപഠനം
ഉടനടി കേശവനാശാനെത്തന്നെ തന്റെ പ്രഥമ സംസ്കൃതഗുരുവായി വരിച്ചു കവി ആ ഭാഷയിൽ പഠനം ആരംഭിച്ചു. കാവ്യനാടകാലങ്കാരങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽനിന്നു് അഭ്യസിച്ചു. അത്യന്തം ശ്രദ്ധയോടുകൂടിയാണു് കേശവപിള്ള സംസ്കൃതം പഠിച്ചതു്. അതുകൊണ്ടു ചുരുങ്ങിയ കാലത്തിനുള്ളിൽ മാഘം നൈഷധം മുതലായ കാവ്യങ്ങളിലും, ശാകുന്തളം ഉത്തരരാമചരിതം ഇത്യാദിനാടകങ്ങളിലും, മേഘസന്ദേശത്തിലും, കുവലയാനന്ദം തുടങ്ങിയ ചില അലങ്കാരഗ്രന്ഥങ്ങളിലും അദ്ദേഹം അഗാധമായ ജ്ഞാനം സ്വായത്തമാക്കി. കാവ്യങ്ങളിൽ അദ്ദേഹത്തിനു് അത്യന്തം പരിചിതമായിരുന്നതു മാഘമാണെന്നുള്ളതിനു് അദ്ദേഹത്തിന്റെ പശ്ചാൽക്കാലത്തെ പ്രയോഗവൈചിത്ര്യങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. വ്യുൽപ്പത്തിക്ക് ആ മഹാകാവ്യമാണല്ലോ അധികം പ്രയോജനപ്പെടുന്നതും. പ്രഹ്ലാദചരിതം അടുത്ത കൊല്ലത്തിൽ ഹിരണ്യാസുരവധം എന്ന പേരിൽ മാറ്റിയെഴുതി.
കേശവനാശാന്റെ കീഴിലുള്ള സംസ്കൃതാഭ്യസനം കഴിഞ്ഞു കവി കുറേക്കാലം പാര്‍വത്യാരായിരുന്ന അച്ഛനെ കണക്കെഴുത്തിലും മറ്റും സഹായിച്ചുകൊണ്ടിരുന്നു. 1063 മുതൽ കൊല്ലത്തു് ഒരു വൈദ്യവിദ്യാശാലയിൽ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞുവല്ലോ. പിന്നീടു കൊല്ലം പെരിനാട്ട് ഒരു സംസ്കൃതവിദ്യാലയം നടത്തി; 1066-ൽ അതായതു മലയാളമനോരമ തുടങ്ങി ഒരു കൊല്ലം കഴിഞ്ഞപ്പോൾ അതു പരവുരേക്കുമാറ്റി. 1072-ൽ കൊല്ലം മലയാളം പള്ളിക്കൂടത്തിൽ ഒരധ്യാപകനായും 1076-ൽ അവിടത്തെ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ സംസ്കൃതപണ്ഡിതനായും നിയമിതനായി. 1077 മകരത്തിൽ തിരുവനന്തപുരത്തു ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പുത്രനായ ശ്രീവേലായുധൻതമ്പിയുടെ അദ്ധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ടു. മരണംവരെ തിരുവനന്തപുരത്തുതന്നെയായിരുന്നു താമസം. 1065-ൽ കവി കല്യാണിയമ്മയെ വിവാഹം ചെയ്തതായി പറഞ്ഞുകഴിഞ്ഞു. 1067 ധനുമാസത്തിൽ ആ സാധ്വി മരിച്ചു. 1069 മിഥുനത്തിൽ അച്ഛന്റെ അനന്തരവൾ നാണിക്കുട്ടിയമ്മയെ പരിഗ്രഹിച്ചു. അച്ഛൻ 1086 ചിങ്ങം 20-ാം൹ യശശ്ശരീരനായി. കേശവപിള്ളയുടെ അപ്രതീക്ഷിതമായ ചരമഗതി 1089-ാമാണ്ടു ചിങ്ങമാസം 20-ാംനു യായിരുന്നു. മധുര അമേരിക്കൻ കോളേജിൽ മലയാളം ശാഖയുടെ പര്യവേക്ഷകനും സംഗീതസാഹിത്യ രസികനുമായ ഗോപാലപിള്ള, എം. ഏ. അദ്ദേഹത്തിന്റെ പുത്രനാകുന്നു.
കൃതികൾ
കേശവപിള്ള സംസ്കൃതത്തിൽ (1) കേരളവർമ്മവിലാസം (1071) എന്നൊരു ശതകം രചിച്ചിട്ടണ്ടു്. കോയിത്തമ്പുരാനു് അൻപതു വയസ്സു തികഞ്ഞ അവസരത്തിൽ എഴുതിയതാണു് ആ കൃതി. ഭാഷയിൽ താഴെ കാണുന്ന വാങ്മയങ്ങൾ അദ്ദേഹം നിർമ്മിച്ചിരിക്കുന്നു. (2) ഹിരണ്യാസുരവധം (1058), (3) ശൂരപത്മാസുരവധം (1062), (4) ശ്രീകൃഷ്ണവിജയം (1063) എന്നീ മൂന്നു് ആട്ടക്കഥകൾ; 1057-ൽ എഴുതിയതും അച്ചടിപ്പിക്കാത്തതുമായ (5) പാവ്വതിസ്വയംവരം അമ്മാനപ്പാട്ടു് (6) രുക്മിണീസ്വയംവരം കമ്പടികളിപ്പാട്ട്, (7) വൃകാസുരവധം വഞ്ചിപ്പാട്ട് എന്നീ മൂന്നു ബാല്യകൃതികൾ; (8) സുരതവിധി പാന (1059-അഷ്ടാംഗഹൃദയത്തിൽ ഒരു ഭാഗത്തിന്റെ തർജ്ജമ), (9) അധ്യാത്മരാമായണാന്തഗ്ഗതമായ ലക്ഷ്യണോപദേശത്തിനു തത്വബോധിനി എന്ന വ്യാഖ്യാനം (1061), (10) അജാമിളമോക്ഷോപാഖ്യാനം കിളിപ്പാട്ട് (1060), (11) രാസക്രീഡ ഈഞ്ഞാൽപ്പാട്ടു് (1062), (12) സ്തവരത്നാവലി (1063), (13) സംഗീതമഞ്ജരി (1065) എന്നീ രണ്ടു് ഈശ്വരസ്തോത്രപരങ്ങളായ ഗാനങ്ങൾ; (14) ഭാഷാനാരായണീയം (1067), (15) കവിസമാജയാത്രാശതകം (1067), (16) കൊല്ലം പ്രദർശനവർണ്ണനം (1067), (17) രാഘവമാധവം നാടകം, (18) ലക്ഷ്മികല്യാണം നാടകം, (19) ഇരശ്വരസ്തോത്രം ഗാനകൃതി (1069), (20) ആസന്നമരണചിന്താശതകം (1070), (21) ശ്രീകാശിയാത്ര, (22) ശാന്തിവിലാസം (1073), (23) ഗാനമാലിക ഒന്നാം ഭാഗം (ഈശ്വരസ്തുതിപരങ്ങളായ ഗാനങ്ങൾ- 1073), (24) സുഭാഷിതരത്നാകരം (1075), (25) ശ്രീമൂലരാജവിജയം ഗാനകൃതി (1075), (26) മങ്ഗല്യധാരണം തുള്ളൽപ്പാട്ട് (1078), (27) സദാരാമസങ്ഗീതനാടകം (1079), (28) ആംഗലസാമ്രാജ്യം (1079), (29) ഷഷ്ടിപൂർത്തിഷഷ്ടി (1080), (30) പള്ളിക്കെട്ടുവർണ്ണനം തുള്ളൽപ്പാട്ടു് (1081), (31) മാനസോല്പാസം (1082), (32) വിക്രമോർവ്വശീയം സംഗീതനാടകം (1083), (33) കല്യാണദർപ്പണം (1085), (34) ഗാനമാലിക രണ്ടാം ഭാഗം (1086), (35) അഭിനയമാലിക (1086) (36) സംഗീതപ്രവേശിക, (37) സംഗീതമാലിക ഗാനകൃതി (1087), (38) കേശവീയം മഹാകാവ്യം (1088).
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - കേരളസാഹിത്യചരിത്രം
(അദ്ധ്യായം 58.10)