Loading...
Home / സാഹിത്യം / പുതിയവ / കവികള്‍ / 08. കേസി കേശവപിള്ള / കന്ദുകലീല-കേസി
Author: കേസി കേശവപ്പിള്ള

കേസി കേശവപ്പിള്ള

കന്ദുകലീല


ഭോജരാജാവ് ഒരിക്കൽ തന്റെ യാത്രയിൽ ഒരു സ്ത്രീ പന്തടിച്ചുകൊണ്ടിരിയ്ക്കുന്നതും അതിനിടയ്ക്കു അവൾ കര്‍ണ്ണാലങ്കാരമായി വെച്ചിരുന്ന പുഷ്പം അവളുടെ പാദത്തിൽ വീണതു കണ്ടിട്ട് തന്റെ സദസ്സിൽവന്ന് കന്ദുകലീലയെ വര്‍ണ്ണിക്കണമെന്നു സദസ്യന്മാരായ കവികളോടാജ്ഞാപിച്ചതനുസരിച്ചു ഭവഭൂതി, വരരുചി, കാളിദാസൻ ഇവർ മൂന്നുപേരും ഓരോ ശ്ലോകങ്ങൾ ഉണ്ടാക്കിയതായി ഭോജചരിത്രത്തിൽ പറഞ്ഞിട്ടുണ്ടു. അവയുടെ തര്‍ജ്ജമയാണു ഈ മൂന്നു ശ്ലോകങ്ങൾ


തന്വംഗിതന്റെ കരതാഡനമേറ്റു വീണ്ടും
മന്നിൽ പതിക്കിലുമുയർന്നണയുന്ന പന്തേ!
നിന്നാശയം വെളിവിലായിളമാഞ്ചലാക്ഷി-
തന്നോമനച്ചൊടി തൊടുന്നതിനിച്ഛതന്നെ.

മന്നിങ്കലപ്പദാഖാംശുവിനാൽ വെളുത്തും
വിണ്ണിങ്കലന്നയനകാന്തികളാൽ കറുത്തും
തന്ന്വംഗിതൻ കരരശ്മികളാൽ ചെമന്നും
മൂന്നെന്നു തോന്നുമിഹ കന്ദുകമൊന്നു തന്നെ.

"കൊങ്കയോടു സമമായ പന്തിനെനെയ-
ടിച്ചിടുന്നൊരിവൾ കോപമോ-
ടെങ്കലും ദുരിതമാചരിക്കുമിഹ
നേത്രതുല്യത ഭവിക്കയാൽ'
ശങ്കയേവമുളവാക കൊണ്ടധിക-
ഭീതി പൂണ്ടൊരു സരോരുഹം
മങ്കതൻ കരുണയങ്കുരിപ്പതിനു
ചെങ്കഴൽത്തളിരിൽ വീണുതേ 1

തുള്ളും തൈക്കൊങ്കയോടൊത്തിളകിന മണഹാ-
രങ്ങളോടങ്ങഴിഞ്ഞി-
ട്ടുള്ളോരക്കൂന്തലാര്‍ന്നും ശ്രമജലമൊടണി-
ത്തോടയാട്ടങ്ങൾ പൂണ്ടും
തള്ളു ശ്വാസങ്ങൾ പാണിപ്രഹരണമിവയും
ചേർന്നു പാരം തളര്‍ന്നി-
പ്പുള്ളിക്കേഴാക്ഷി സേവിപ്പൊരു തവ സുകൃതം
കന്ദുകാ! വന്ദ്യമത്രേ