13. ആടുകൾ
ഒരു ആട്ടിടയൻ മലയിൽ ആടുകളെ മേച്ചുകൊണ്ടു നില്ക്കവെ വെയിൽകൊണ്ടു ക്ഷീണിച്ച് ഒരു മരത്തിന്റെ തണലിൽ ഉള്ള പാറയിൽ കയറി ഇരുന്നു. കുറേനേരം കഴിഞ്ഞപ്പോൾ അവൻ ആ ഇരിപ്പിൽതന്നെ ഉറങ്ങിപ്പോയി. ഉറക്കത്തിൽ അവന്റെ തല കൂടെക്കൂടെ മുൻപോട്ടു കുനിഞ്ഞുകൊണ്ടിരുന്നു. സമീപത്തു മേഞ്ഞുകൊണ്ടിരുന്ന ഒരു മുട്ടാടു് അതുകണ്ടു്, അവൻ തന്നെ പോരിനു വിളിക്കയാണെന്നു തീർച്ചയാക്കി, മൂന്നുനാലടി പിറകോട്ടു മാറി നിന്നു് ഊക്കോടുകൂടി അവന്റെ നേരേ ഓടിച്ചെന്നു് ഒരിടി ഇടിച്ചു. ഇടയൻ പെട്ടെന്നു കണ്ണു തുറന്നു് കഠിനമായ കോപത്തോടുകൂടി എഴുന്നേററ്റ് ആ ആടിനെ പിടിച്ചെടുത്തു് അരികിൽ കീഴ്ക്കാംതൂക്കായിക്കിടക്കുന്ന മലഞ്ചരിവിലേയ്ക്ക് എറിഞ്ഞു. അതു കണ്ട ഉടനെ മറ്റുള്ള ആടുകളും ആ മുട്ടാടിന്റെ പിറകേ ചാടി അഗാധമായ പാറയിൽ ചെന്നുവീണു് ആടുകളെല്ലാം മരിച്ചുപോകയും ചെയ്തു.
തിടുക്കെന്നുയരുംകോപ-
മടക്കാതെയിരിക്കുകിൽ
ഒടുക്കമാര്ത്തിയുണ്ടാകു-
മടക്കാനരുതാത്തതായ്.
ഒരു ആട്ടിടയൻ മലയിൽ ആടുകളെ മേച്ചുകൊണ്ടു നില്ക്കവെ വെയിൽകൊണ്ടു ക്ഷീണിച്ച് ഒരു മരത്തിന്റെ തണലിൽ ഉള്ള പാറയിൽ കയറി ഇരുന്നു. കുറേനേരം കഴിഞ്ഞപ്പോൾ അവൻ ആ ഇരിപ്പിൽതന്നെ ഉറങ്ങിപ്പോയി. ഉറക്കത്തിൽ അവന്റെ തല കൂടെക്കൂടെ മുൻപോട്ടു കുനിഞ്ഞുകൊണ്ടിരുന്നു. സമീപത്തു മേഞ്ഞുകൊണ്ടിരുന്ന ഒരു മുട്ടാടു് അതുകണ്ടു്, അവൻ തന്നെ പോരിനു വിളിക്കയാണെന്നു തീർച്ചയാക്കി, മൂന്നുനാലടി പിറകോട്ടു മാറി നിന്നു് ഊക്കോടുകൂടി അവന്റെ നേരേ ഓടിച്ചെന്നു് ഒരിടി ഇടിച്ചു. ഇടയൻ പെട്ടെന്നു കണ്ണു തുറന്നു് കഠിനമായ കോപത്തോടുകൂടി എഴുന്നേററ്റ് ആ ആടിനെ പിടിച്ചെടുത്തു് അരികിൽ കീഴ്ക്കാംതൂക്കായിക്കിടക്കുന്ന മലഞ്ചരിവിലേയ്ക്ക് എറിഞ്ഞു. അതു കണ്ട ഉടനെ മറ്റുള്ള ആടുകളും ആ മുട്ടാടിന്റെ പിറകേ ചാടി അഗാധമായ പാറയിൽ ചെന്നുവീണു് ആടുകളെല്ലാം മരിച്ചുപോകയും ചെയ്തു.
തിടുക്കെന്നുയരുംകോപ-
മടക്കാതെയിരിക്കുകിൽ
ഒടുക്കമാര്ത്തിയുണ്ടാകു-
മടക്കാനരുതാത്തതായ്.
14. അപ്പവും വെള്ളവും
വളരെ ദരിദ്രനായ മാണിക്കം എന്ന കുട്ടി ഒരിക്കൽ ഭിക്ഷയ്ക്കായി ധനവാന്മാരുടെ ഗൃഹങ്ങൾ അന്വേഷിച്ചു പുറപ്പെട്ടു. അപ്പോൾ വലിയ ക്ഷാമകാലമായിരുന്നതിനാൽ പദാര്ത്ഥങ്ങൾക്കെല്ലാം വില വളരെ കൂടുതലായിരുന്നു. മാണിക്കം ഒരു ധനവാനായ കൃഷിക്കാരന്റെ പടിക്കൽ ചെന്ന സമയം, ആ കൃഷിക്കാരന്റെ പുത്രനായ അച്യുതൻ എന്ന ബാലൻ ഒരു പിഞ്ഞാണത്തിൽ കുറെ അപ്പങ്ങൾ വെച്ചു ഭക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. “അതിൽ കുറെ അപ്പം എനിക്കു തരുമോ? ഞാൻ വിശപ്പു കൊണ്ടു വളരെ ക്ഷീണിച്ചിരിക്കുന്നു" എന്നു് പാവപ്പെട്ട മാണിക്കം വളരെ ദയനീയമായ സ്വരത്തിൽ അച്യുതനോടു ചോദിച്ചു. "പോടാ ദൂരെ! നിനക്കു തരാൻ ഇവിടെ അപ്പമില്ല,” എന്നു ക്രൂരതയോടെ അവൻ മറുപടി പറഞ്ഞു.
കുറേനാൾ കഴിഞ്ഞതിന്റെശേഷം ഒരിക്കൽ ഒരു പശുക്കുട്ടിയെ അന്വേഷിച്ച് അച്യുതൻ ആ ഗ്രാമത്തിനു സമീപമുള്ള മലഞ്ചരിവിലേയ്ക്കും തിരിച്ചു. അപ്പോൾ കഠിനമായ വേനല്ക്കാലമായിരുന്നു. അവൻ മലകളിൽ ചുറ്റിനടന്നു വളരെ ക്ഷീണിച്ചു. അവനു് ദാഹം കലശലായിത്തീര്ന്നു. അവിടെ ഒരിടത്തും കിണറോ കുളമോ ഉണ്ടായിരുന്നില്ല. കുറെ വെള്ളം കിട്ടിയെങ്കിൽ എത്ര നന്നായിരുന്നു എന്നു വിചാരിച്ചു അവൻ ഉഴറി നടക്കുമ്പോൾ മാണിക്കം എന്ന കുട്ടി ഒരു മരത്തിന്റെ ചുവട്ടിൽ ആടുകളെ സൂക്ഷിച്ചു കൊണ്ടുനിൽക്കുന്നതുകണ്ടു. അവന്റെ അരികിൽ ഒരു കുടത്തിൽ കുറെ വെള്ളവും ഇരിക്കുന്നുണ്ടായിരുന്നു. "എനിക്കു വളരെ ദാഹമുണ്ടു്; അതിൽനിന്നു കുറെ വെള്ളം എനിക്കു തരുമോ?'' എന്നു് അച്യുതൻ അവനോടു ചോദിച്ചു. "പോടാ ദൂരെ! നിനക്കു തരാൻ ഇവിടെ വെള്ളമില്ല," എന്നായിരുന്നു അവൻറെ മറുപടി. അച്യുതനു ഉടനെ കാര്യം മനസ്സിലായി. അവൻ വളരെ വ്യസനത്തോടുകൂടി “ഞാൻ അന്നു ചെയ്ത തെറ്റിനു നീ എനിക്കു മാപ്പു തരണം," എന്നപേക്ഷിച്ചു. മാണിക്കം ഇപ്രകാരം പറഞ്ഞു: “നിനക്കു് ഇതിൽനിന്നും കുറെ വെള്ളം തരാതിരിക്കത്തക്കവണ്ണം ഞാൻ ക്രൂരസ്വഭാവമുള്ളവനല്ല. നീ അന്നു ചെയ്ത തെറ്റിനെ നിന്നെ അറിയിക്കണം എന്നു മാത്രമേ ഞാൻ വിചാരിച്ചുള്ളു. കുടം എടുത്ത് ഇഷ്ടംപോലെ വെള്ളം കുടിച്ചുകൊൾക.''
സാധുക്കളെസ്സഹായിക്ക
സഹതാപത്തൊടേസദാ
ദാരിദ്ര്യമൊരുനാൾ നിന്റെ
ഗേഹത്തിങ്കലുമെത്തിടാം.
15. പുളിങ്കറി
ഒരു ദിവസം മുത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മീനാക്ഷിക്കുട്ടി അവളുടെ അമ്മയോടു്, "അമ്മേ! ഇന്നത്തെ പുളിങ്കറി എനിക്കു തീരെ പിടിക്കുന്നില്ല, ഇതിന് ഒട്ടും രുചി തോന്നുന്നില്ല; എന്തിനാണ് ഇത്ര വഷളായി ഈ കറി വെച്ചതു്? എനിക്കു ചോറുവേണ്ട" എന്നു പറഞ്ഞു. "എനിക്കിപ്പോൾ വേറെ കറി ഉണ്ടാക്കാൻ സമയമില്ല; മുത്താഴം ഇങ്ങനെ കഴിയട്ടെ, അത്താഴത്തിനു ഞാൻ നിനക്കു് ഇതിനേക്കാൾ നല്ലതായ ഒരു പുളിങ്കറി ഉണ്ടാക്കിത്തരാം”, എന്ന് അമ്മ മറുപടി പറഞ്ഞു. കുറേനേരം കഴിഞ്ഞതിന്റെ ശേഷം അമ്മ മകളെ കൂട്ടിക്കൊണ്ടു് അവരുടെ കൃഷിത്തോട്ടത്തിൽ പോയി. അമ്മ ചെറുകിഴങ്ങും കാച്ചിലും ചേമ്പും ഓരോ സ്ഥലത്തുനിന്നും കിളച്ചെടുക്കുകയും, അവയെല്ലാം പെറുക്കിയെടുത്തു് ഒരിടത്തുകൂട്ടി ചാക്കുകളിൽ നിറയ്ക്കുന്നതിനു മകളോടു പറകയും ചെയ്തു. അപ്രകാരം അവർ രണ്ടുപേരും സൂര്യാസ്തമയംവരെ ഇടവിടാതെ നല്ലവണ്ണം വേല ചെയ്തു. നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ ചാക്കുകളും എടുത്തുകൊണ്ടു് അവർ വീട്ടിലേയ്ക്കു വന്നു. സ്വല്പനേരം വിശ്രമിച്ചതിന്റെ ശേഷം കുളികഴിഞ്ഞു മീനാക്ഷിക്കുട്ടി ഉണ്ണുന്നതിനായിചെന്നിരുന്നു. അമ്മ അവൾക്കു് ചോറും കൂട്ടുവാനും പുളിങ്കറിയും വിളമ്പിക്കൊടുത്തു. അവൾ പുളിങ്കറി കൂട്ടിയ ഉടൻ "അമ്മേ! എന്തൊരു സ്വാദായിരിക്കുന്നു! മുത്താഴത്തിലെ പുളിങ്കറിക്കും ഇതിനും വളരെ വ്യത്യാസമുണ്ടു്. ഈ കറിയിൽ എനിക്കു വളരെ രുചി തോന്നുന്നു," എന്നു പറഞ്ഞുകൊണ്ടു് തൃപ്തിയോടുകൂടി വയറുനിറയെ ഊണു കഴിച്ചു. അവൾ എഴുന്നേറ്റ ഉടനെ അമ്മ ചിരിച്ചുകൊണ്ടു് ഇങ്ങനെ പറഞ്ഞു: "ഞാൻ ഇപ്പോൾ വിളമ്പിയതു് മുത്താഴത്തിനു തന്ന കറി തന്നെയാണു്. നീ അധികനേരം അദ്ധ്വാനിച്ചു വേല ചെയ്തതിനാലത്രെ നിനക്ക് ഇപ്പോൾ അതിൽ നല്ല രുചി തോന്നിയതു്."
ആലസ്യമെന്യേ മെയ്കൊണ്ടു
വേലചെയ്യുന്നവര്ക്കുതാൻ
ആഹാരസാധനത്തിങ്ക-
ലധികം രുചി തോന്നിടും.