16. ലാടത്തിന്റെ ആണി
ഗ്രാമീണനായ ഒരാൾ ഒരു ദിവസം പട്ടണത്തിലേയ്ക്കായി തന്റെ കുതിരപ്പുറത്തു കയറി പുറപ്പെട്ടു. കുതിരയുടെ ലാടത്തിൽ ഒരാണി ഇല്ലാതിരുന്നത് അയാൾ ക ണ്ടു എങ്കിലും അതു വകവെച്ചില്ല. കുറേദൂരം യാത്ര ചെയ്തപ്പോൾ ആണി പോയ ആ ലാടം ദൂരെ തെറിച്ചു. “ഇവിടെ എങ്ങാനും ലാടം തറയ്ക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ അവനെക്കൊണ്ടു് ഇപ്പോൾതന്നെ ആ ജോലി ചെയ്യിച്ചു കളയാമായിരുന്നു, എന്തുചെയ്യാം! ആരെയും കാണുന്നില്ലല്ലോ; ആട്ടേ കുതിരയുടെ മൂന്നുകാലിലും ലാടം ഉണ്ടല്ലോ, പതുക്കെ സവാരി ചെയ്യാം" എന്നു വിചാരിച്ച് അയാൾ വീണ്ടും യാത്ര തുടന്നു. ഇതിനിടയിൽ കുതിരയുടെ കാൽ മുറിഞ്ഞു് അതു് മുടന്തിത്തുടങ്ങി. കുറേദൂരം കഴിഞ്ഞപ്പോൾ രണ്ടു കള്ളന്മാർ പിറകേകൂടിച്ചെന്നു് അയാളെ തടുത്തു. കുതിര മുടന്തുകയായിരുന്നതിനാൽ അയാൾക്കു് ഓടി രക്ഷപ്പെടുവാൻ കഴിഞ്ഞില്ല. അവർ അയാളെ താഴെ ഇറക്കി കുതിരയെ അയാളുടെ തോല്പെട്ടിയോടുകൂടി അപഹരിച്ചുകൊണ്ടു പൊയ്കളഞ്ഞു. “കഷ്ടം! ഒരാണി നിമിത്തം എന്റെ കുതിരയും പെട്ടിയും നശിച്ചുപോകുമെന്നു ഞാൻ ലേശം കരുതിയിരുന്നില്ല; മേലാൽ ഇങ്ങനെ വരാതെ സൂക്ഷിക്കാം" എന്നു വിചാരിച്ച് അയാൾ തിരിച്ചു നടന്നു വീട്ടിലേയ്ക്കു, പോകയും ചെയ്തു.
അനാസ്ഥയരുതത്യന്തം
തുച്ഛമാം വസ്തുവിങ്കലും;
അതിൽനിന്നുളവായീടു-
മനര്ത്ഥങ്ങൾ പലപ്പൊഴും.

17. കണ്ണശ്ശപ്പണിക്കർ
കണ്ണശ്ശപ്പണിക്കർ തന്റെ ഗൃഹത്തിൽ ഒരു സദ്യ നടത്തേണ്ടിവന്ന അവസരത്തിൽ, അരിവയ്പിനായി, സമീപവാസികളായ ഗൃഹസ്ഥന്മാരുടെ പക്കൽനിന്നു് ഉരുളി, ചെമ്പു്, കുട്ടുകം മുതലായ ഏതാനും പാത്രങ്ങൾ വാങ്ങി. സദ്യ നടന്നശേഷം ആ പാത്രങ്ങളുടെ എല്ലാറ്റിന്റേയും ഇനത്തിൽ ഓരോ ചെറിയ പാത്രങ്ങൾകൂടി തീർപ്പിച്ച് പണിക്കർ ആ ഗൃഹസ്ഥന്മാരുടെ അടുക്കൽ കൊണ്ടുചെന്നു കൊടുത്തു. "ഈ ചെറിയ പാത്രങ്ങൾ കൂടി കൊണ്ടു വരാൻ കാരണമെന്തു്??" എന്നു് അവർ ചോദിച്ചതിന് "വലിയ പാത്രങ്ങൾ പ്രസവിച്ചതാണ് ചെറിയ പാത്രങ്ങൾ" എന്നു അദ്ദേഹം മറുപടി പറഞ്ഞു. അതുകേട്ട് ഒന്നും മിണ്ടാതെ അവർ ആ പാത്രങ്ങളെല്ലാം സന്തോഷത്തോടുകൂടി വാങ്ങിവയ്ക്കുകയും ചെയ്തു. ആറുമാസം കഴിഞ്ഞപ്പോൾ പണിക്കര്‍ക്കു വീണ്ടും ഒരു സദ്യ നടത്തേണ്ട ആവശ്യം നേരിട്ടു; മുൻപിലത്തെപ്പോലെ ആ ഗൃഹസ്ഥന്മാരോടുതന്നെ ചെറുതും വലുതുമായ പാത്രങ്ങൾ എല്ലാം ഇരവൽ വാങ്ങി സദ്യ നടത്തി. വലിയ പാത്രങ്ങൾ എല്ലാം ഗൃഹത്തിൽ വച്ചുകൊണ്ടു് പണിക്കർ ചെറിയ പാത്രങ്ങൾ മാത്രം അവരുടെ അടുക്കൽ കൊണ്ടുചെന്നു. "വലിയ പാത്രങ്ങൾ എവിടെ?" എന്നു് അവർ ആര്‍ത്തിയോടെ ചോദിച്ചു. "അവ മരിച്ചുപോയി" എന്നു് പണിക്കർ കൂസൽകൂടാതെ മറുപടി പറഞ്ഞു. "പാത്രങ്ങൾ മരിക്കുക പതിവുണ്ടോ??” എന്നായി ഗൃഹസ്ഥന്മാർ. "പ്രസവം ഉള്ളവയ്ക്കു മരണവും ഉണ്ടെന്നു് നിങ്ങൾ അറിഞ്ഞിട്ടില്ലയോ? അവ പ്രസവിച്ചു എന്നു മുൻപെ ഞാൻ പറഞ്ഞതു് നിങ്ങൾ അവിശ്വസിച്ചില്ലല്ലോ", എന്നായിരുന്നു പണിക്കരുടെ മറുപടി. ഗൃഹസ്ഥന്മാർ വിഡ്ഢികളായി മൌ നം അവലംബിച്ചു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലൊ.
നീതിമാര്‍ഗ്ഗം നിനയ്ക്കാതെ
പരദ്രവ്യം ഹരിക്കിലോ
നിജമാം ദ്രവ്യവുംകൂടി
നിയതം നഷ്ടമായിടും.
18. രാമനും കൃഷ്ണനും
ഒരുദിവസം വൈകുന്നേരം രാമനും കൃഷ്ണനും ഒരുമിച്ചു കടൽപ്പുറത്തു നടന്നുകൊണ്ടിരിക്കവേ കൃഷ്ണൻ യദൃച്ഛയാ പടിഞ്ഞാറോട്ടു നോക്കിയപ്പോൾ തേങ്ങാപ്പൂൾപോലെ ആകാശത്തിൽ പ്രകാശിച്ചുകൊണ്ടിരുന്ന ചന്ദ്രനെ കണ്ടു. "ഓഹോ! എനിക്കു നല്ലകാലം വന്നുപോയി; ഇന്നു വ്യാഴാഴ്ചയാണു്; വ്യാഴാഴ്ചയ്ക്കു ചന്ദ്രനെ കണ്ടാൽ ധനലാഭം ഉണ്ടാകുമെന്ന് ശാസ്ത്രം ഉണ്ടു്. എന്റെ മടിശ്ശീല താമസിയാതെ നിറയും" എന്നു കൃഷ്ണൻ പറഞ്ഞു.
രാമൻ:-ചന്ദ്രനെ ഞാനും കണ്ടിരിക്കുന്നു. ധനലാഭം ഉണ്ടാകുന്നെങ്കിൽ അതു് എനിക്കാണു്. നിനക്കു മൂന്നോ നാലോ അണ കിട്ടുന്നപക്ഷം എനിക്കു മൂന്നോ നാലോ രൂപാ ആയിരിക്കും കിട്ടുന്നതു്.
കൃഷ്ണൻ:-അതെന്താണ്? ഗുണദോഷഫലങ്ങൾ എല്ലാവര്ക്കും ഒരുപോലല്ലയോ ഉണ്ടാകുന്നതു്?
രാമൻ:-അല്ല. അവനവന്റെ അന്തസ്സിനു തക്കവണ്ണമാണു് അവ ലഭിക്കുന്നതു്. നിന്നെക്കാളും അന്തസ്സു കൂടുതൽ എനിക്കാണെന്നു നീ അറിഞ്ഞിട്ടില്ലയോ?
നിലാവിൻറെയും മന്ദമാരുതന്റെയും ശൈത്യം അനുഭവിച്ചു സുഖിക്കാതെ അവർ രണ്ടുപേരും ഇങ്ങനെ ഓരോന്നു എതിർത്തു സംസാരിച്ച് മുറുവുകയും, ഒടുവിൽ ആ സംസാരം അടിയിൽ അവസാനിക്കയും ചെയ്തു. അടി കൊണ്ടു തല മുറിഞ്ഞു് ചോര ഒലിപ്പിച്ചുകൊണ്ടു രണ്ടുപേരും രണ്ടു വഴിക്കായി പിരിഞ്ഞു. വൈദ്യൻ നാരായണപിള്ള അവർകളുടെ ഗൃഹത്തിൽ ചെന്നു. അദ്ദേഹം അവരുടെ മുറിവുകൾ കഴുകി മരുന്നു വയ്ക്കുന്ന സമയം അവർ തങ്ങളുടെ കലശലിനെപ്പറ്റി പറകയും, അവരിൽ ആര്‍ക്കാണു് ചന്ദ്രനെ കണ്ടതുകൊണ്ടുള്ള ഫലം അധികമായി ലഭിക്കുന്നതെന്നു ചോദിക്കയും ചെയ്തു. വൈദ്യൻ ഉറക്കെ ചിരിച്ചുകൊണ്ടു് ഇപ്രകാരം പറഞ്ഞു:-
"നിങ്ങൾ രണ്ടുപേരും മടയന്മാരാകുന്നു. ചന്ദ്രനെ കണ്ടതുകൊണ്ടുളള ഫലം നിങ്ങൾ രണ്ടുപേക്കും അല്ല, എനിക്കാണു ലഭിച്ചത്. എന്തുകൊണ്ടെന്നാൽ ചന്ദ്രൻ നിങ്ങൾ രണ്ടുപേരേയും ഈ മുറിഞ്ഞ തലയോടുകൂടി എനിക്കു പണം കിട്ടുന്നതിനായി എന്റെ അടുക്കലേയ്ക്ക് അയയ്കയാണല്ലൊ ചെയ്തതു്!"
രണ്ടുപേർ വാശിയാൽ തമ്മിൽ
ശണ്ഠകൂടിപ്പിണങ്ങവേ
മൂന്നാമനായിടുന്നോനിൽ
ചെന്നുചേരുന്നുതേ ധനം.