സൂര്യോദയം
താരാജാലങ്ങൾ മങ്ങീ തരണികിരണവും
മന്ദമന്ദം വിളങ്ങീ
താരം ഭൂപാളഭംഗീ സരസമധുരസം-
ഗീതമേറ്റം മുഴങ്ങീ
സാരാര്ത്ഥാംഭസ്സിൽ മുങ്ങിക്കവികൾ മനമലം-
കാരരത്നവ്രജാംഗീ-
കാരത്തിന്നായ്ത്തുടങ്ങീ സുകൃതികളഖിലേ
ശാംഘ്രിപത്മം വണങ്ങീ.
ഈരഞ്ഞൂറുകരങ്ങളാൽ കതിരവൻ
കൌതൂഹലത്തള്ളൽ പൂ-
ണ്ടീരഞ്ഞറു ദളങ്ങളേയുമുടനേ-
യൊന്നായ്ത്തുറന്നാദരാൽ
ആ രാജീവമുറിയ്ക്കകത്തളിവചോ-
ലാളിപ്പിൽ മേളിച്ചുകൊ-
ണ്ടാരാലങ്ങു കിടന്നിടും കമലയെ-
ച്ചേണാര്ന്നു കാണുന്നിതാ!
താരാജാലങ്ങൾ മങ്ങീ തരണികിരണവും
മന്ദമന്ദം വിളങ്ങീ
താരം ഭൂപാളഭംഗീ സരസമധുരസം-
ഗീതമേറ്റം മുഴങ്ങീ
സാരാര്ത്ഥാംഭസ്സിൽ മുങ്ങിക്കവികൾ മനമലം-
കാരരത്നവ്രജാംഗീ-
കാരത്തിന്നായ്ത്തുടങ്ങീ സുകൃതികളഖിലേ
ശാംഘ്രിപത്മം വണങ്ങീ.
ഈരഞ്ഞൂറുകരങ്ങളാൽ കതിരവൻ
കൌതൂഹലത്തള്ളൽ പൂ-
ണ്ടീരഞ്ഞറു ദളങ്ങളേയുമുടനേ-
യൊന്നായ്ത്തുറന്നാദരാൽ
ആ രാജീവമുറിയ്ക്കകത്തളിവചോ-
ലാളിപ്പിൽ മേളിച്ചുകൊ-
ണ്ടാരാലങ്ങു കിടന്നിടും കമലയെ-
ച്ചേണാര്ന്നു കാണുന്നിതാ!
സൂര്യാസ്തമയം
പശ്ചിമയുടെ സംഗത്തിൽ
പാരം രവി രാഗമാര്ന്നതിഹ കണ്ടു
പ്രാചീ മേചകമുഖിയായ്;
പ്രമദകളീര്ഷ്യാസമേതമാരത്രേ.
ആനന്ദമേകിയ സുഹൃത്തമനായ സൂര്യൻ
ഹീനാംശുവായഹഹ! വീഴ്വതു കാണ്കവേണ്ടാ
ഈവണ്ണമോര്ത്തു നളിനീകളവാണിയുള്ളിൽ
താവും വിഷാദമൊടടച്ചിതു പത്മനേത്രം.
അന്നേരമക്കാലതാര്ക്ഷ്യനാശു കൊണ്ടങ്ങു മണ്ടിടും
ദിനമാം ഫണിതൻ സൂര്യമണി വീണിതു സിന്ധുവിൽ.
കലാനാഥൻ കുതുകിയായ് കരം ചേര്ത്തിടുമംബരേ
എന്നുറച്ചു നിശാനാരി രവിദീപം കെടുത്തിനാൾ.
നന്നായിട്ടുണ്ടു രാഗം, നയനസുഖകരം
രൂപവും താപമേകീ-
ടുന്നില്ലെന്നാലുമോര്ത്തീടുകിൽ വസുനിവഹം
തീര്ന്നുപോയെന്നമൂലം
മിന്നും ഭാസ്വാനെയിപ്പോൾ സപദി ഗഗനമാം
വീട്ടിൽ നിന്നാട്ടിയോടി-
ക്കുന്നയ്യോ! നന്ദി വേർപെട്ടപരദിശയതാം
വേശ്യയാൾ പശ്യ ബാലേ!
ചന്ദ്രോദയം
ഇളകിന ചന്ദ്രകരം ചേര്-
ന്നളവു തെളിഞ്ഞുജ്ജ്വലിച്ച താരകകളാടേ
വിളയും രാഗഭരത്തൊടു
കളയുന്നിതു സന്ധ്യയംബരം ബത! താനേ.
ഓഹോ! ഭാസ്വാനണഞ്ഞാൻ തരമിതു പരമെ-
ന്നോര്‍ത്തു രാഗം കലര്‍ന്ന-
സ്വാഹാജാരൻ കരത്തെക്കമലിനിയെയുടൻ
പുൽകുവാനായ് നിവിര്‍ത്തി;
ഹാഹാ! കുമ്പിട്ടു പാരാതവൾ ജളകരസം-
ഗത്തിനാൽ; കണ്ടിതെല്ലാം
മോഹം വിട്ടുല്ലസിച്ചാൾ കുമുദിനി; വിളറീ
ചന്ദ്രനും ലജ്ജയാലെ.
വര്‍ഷാകാലം
പാരം ഭംഗിയൊടേ വിടുര്‍ത്തിയ മയിൽ-
പിഞ്ചരങ്ങളാഞ്ചായൽ പൂ-
ണ്ടാരോമൽ പ്രഭയാര്ന്നെഴുന്ന ചപലാ-
പാംഗങ്ങളോടെത്രയും
സാരം ചേര്‍ന്ന പയോധരങ്ങളുമിള-
ക്കിക്കൊണ്ടു വര്ഷാംഗനാ
നേരിട്ടിങ്ങു വരുന്നു വെള്ളവസനം
ചാര്‍ത്തീട്ടു താര്ത്തേൻമൊഴി!
വര്ഷാകാലത്തിൽ വര്‍ദ്ധിച്ചൊരു ജലനിരയാൽ
തീരമെല്ലാം കവിഞ്ഞി-
ങ്ങാരാലുണ്ടായിടും വൻപൊഴിവഴിയതൊഴി-
ഞ്ഞീടവേ മുൻപിലേക്കാൾ
കാര്‍ശ്യം പൂണ്ടറെ മാന്ദ്യം തടവിന പരവൂർ-
ത്തോടിതേവര്ക്കുമെന്നും
മര്യാദാലംഘനത്താൽ സപദി ലഘുത വ-
ന്നീടുമെന്നോതിടുന്നു.