22. വഴിയാത്രക്കാരൻ
ഒരു പാവപ്പെട്ട വഴിയാത്രക്കാരൻ ഒരു ദിവസം വൈകുന്നേരം വഴി നടന്നു ക്ഷീണിച്ചു് സമീപത്തു കണ്ട ഒരു പ്രഭുവിന്റെ ഗൃഹത്തിൽ ചെന്നു കയറി. അപ്പോൾ പ്രഭു മാളികയുടെ മുറ്റത്ത് ലാത്തിക്കൊണ്ടു നില്‍ക്കുകയായിരുന്നു. യാത്രക്കാരനെ കണ്ട ഉടനെ വെറുപ്പോടുകൂടി "എന്തിനു വന്നു?" എന്നു പ്രഭു ചോദിച്ചു. താൻ ഒരു വഴിയാത്രക്കാരനാണെന്നും, കൈയിൽ ഉണ്ടായിരുന്ന പണമെല്ലാം ചെലവായിപ്പോയി എന്നും, അതുകൊണ്ടു് അന്നുരാത്രി ഒരുനേരത്തെ ഭക്ഷണവും, കിടക്കുന്നതിനു സ്ഥലവും കൊടുത്താൽ കൊള്ളാമെന്നും വളരെ വിനയത്തോടുകൂടി മറുപടി പറഞ്ഞു. "നിനക്കു ഭക്ഷണവും സ്ഥലവും തരുന്നതിന് ഇതൊരു സത്രമല്ല; സത്രം തിരക്കി പൊയ്ക്കൊ" എന്നു് പ്രഭു പറഞ്ഞതുകേട്ട് അയാൾ വീണ്ടും ഇപ്രകാരം അറിയിച്ചു:-“എനിക്കു മൂന്നു ചോദ്യം ചോദിക്കാൻ ദയ ചെയ്ത് അനുവദിച്ചാൽ മാത്രം മതിയാകും. പിന്നീടു ഞാൻ പൊയ്ക്കൊള്ളാം."
പ്രഭു- “കൊള്ളാം, അനുവാദം തന്നിരിക്കുന്നു. ചോദിച്ചുകൊൾകതന്നെ."
യാത്രക്കാരൻ- “അങ്ങ് പാര്‍ക്കാൻ തുടങ്ങിയതിനു മുൻപു് ഈ സ്ഥലത്തു പാർത്തിരുന്നതു് ആരാണ് ?"
പ്രഭു- “എന്റെ അമ്മാവൻ."
യാത്ര-“അദ്ദേഹത്തിനു മുൻപു് ഇതു് ആരുടെ വാസസ്ഥലമായിരുന്നു???
പ്രഭു- "വലിയമ്മാവന്റെ."
യാത്ര—“അങ്ങയുടെ കാലം കഴിഞ്ഞാൽ ഇവിടെ ആരു പാര്‍ക്കും?"
പ്രഭു- "ദൈവം കൃപ ചെയ്യുന്നപക്ഷം എന്റെ അനന്തരവനായിരിക്കും ഇനി ഇവിടെ പാര്‍ക്കുന്നതു്."
യാത്ര- “ശരി! അപ്പോൾ ഈ കെട്ടിടത്തിൽ ഓരോ കാലത്തേയ്ക്ക് ഓരോരുത്തരാണു പാര്‍ക്കുന്നതു്. ഓരോരുത്തര് അവനവന്റെ കാലം കഴിയുമ്പോൾ ഈ സ്ഥലം അന്യനു വിട്ടുകൊടുക്കുന്നു. ആ സ്ഥിതിക്കു് അങ്ങ് ഇവിടെ ഒരു വിടുതിക്കാരനും, കെട്ടിടം ഒരു സത്രവും ആകുന്നു എന്നല്ലാതെ മറ്റെന്താണുള്ളത്? ഇങ്ങനെ അനിത്യമായ ഒരു വാസസ്ഥലത്തിനു വേണ്ടി അങ്ങ് ഇത്രയധികം ലോഭം കാണിക്കുന്നതു് എന്തിനാണ്? പാവപ്പെട്ടവരിൽ കുറേ കൂടി താല്പര്യമുള്ളവനായിരിക്കുക. അവരെ കഴിയുന്നാവണ്ണം സഹായിക്കുക. ഈശ്വരനെ ഭയപ്പെടുക. എന്നാൽ ശാശ്വതമായ ശ്രേയസ്സു ലഭിക്കും.''
യാത്രക്കാരന്റെ ഈ വാക്കുകൾ പ്രഭുവിന്റെ മനസ്സിൽ നല്ലവണ്ണം തട്ടി. അദ്ദേഹം അയാൾക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുത്തു എന്നു മാത്രമല്ല, അന്നു മുതൽ വളരെ ധര്മ്മതല്പരനായിത്തീരുകയും ചെയ്തു.
ധനമെന്നല്ല നിധിയും
ക്ഷണഭംഗുരമേ ദൃഢം,
അനവദ്യം സദാചാര
മനിശം നിലനിന്നിടും.

23. ചെറിയ പട്ടി
ഭാഗീരഥി എന്നു പേരായ ഒരു യുവതി ഒരു ദിവസം വൈകുന്നേരം കടൽപ്പുറത്തു ലാത്തിക്കൊണ്ടു നില്ക്കുമ്പോൾ ഏതാനും ദുസ്വഭാവികളായ കുട്ടികൾകൂടി ഒരു ചെറിയ പട്ടിയെ കഴുത്തിൽ കയറുകെട്ടി വലിച്ചുകൊണ്ടുവന്നു തിരകളിൽ മുക്കുന്നതും, പ്രാണവേദനയോടുകൂടി നിലവിളിക്കുന്ന ആ പാവപ്പെട്ട പ്രാണിയുടെ പരിഭ്രമത്തിൽ സന്തോഷിക്കുന്നതും കണ്ടു. അവൾ ആ ജന്തുവിന്റെ കഷ്ടതയും കുട്ടികളുടെ ദുഷ്ടതയും ഓര്‍ത്ത് വളരെ വ്യാകുലത്തോടുകൂടി അവരുടെ അടുക്കൽ ചെന്നു രണ്ടുരൂപാ കൊടുത്തു ആ പട്ടിയെ വിലയ്ക്കു വാങ്ങി വീട്ടിൽ കൊണ്ടുപോയി വളര്‍ത്തി.
കാലക്രമേണ ആ പട്ടി തന്റെ സ്വാമിനിയോടു് വളരെ ഇണക്കമുള്ളതായിത്തീന്നു. അതു് ഒരു മാത്രനേരം പോലും അവളെ വിട്ടുപിരിയുകയില്ല. ഭാഗീരഥി എവിടെയോ അവിടെ പട്ടിയും ഉണ്ടായിരിക്കും. ഇങ്ങനെയിരിക്കെ ഒരു ദിവസം രാത്രിയിൽ അവൾ കിടക്കാൻപോയ സമയം പട്ടി കട്ടിലിന്റെ താഴെച്ചെന്നു് മണപ്പിച്ചു നോക്കീട്ട് പെട്ടെന്നു കുരച്ചുതുടങ്ങി. ഭാഗീരഥി ഉടനെ വിളക്കു കത്തിച്ചു അവിടെ നോക്കിയപ്പോൾ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു. ഭയപ്പെട്ടു വിറച്ച് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഒരു കള്ളന്റെ മുഖമാണ് അവൾ കണ്ടതു്. ആ വീട്ടിൽ മോഷണം നടത്തുന്നതിനായി അവൻ ആ സ്ഥലത്തുവന്നു ഒളിച്ചിരിക്കയായിരുന്നു. അവൾ ഭയപ്പെട്ടു പെട്ടെന്നു ഉറക്കെ നിലവിളിച്ചു. വീട്ടിലുള്ളവർ എല്ലാവരും നിലവിളി കേട്ട് ഓടിവന്നു കള്ളനെ പിടിച്ചു് ന്യായാധിപതിയുടെ അടുക്കൽ കൊണ്ടുചെന്നേല്പിച്ചു. അവൻ അവിടെച്ചെന്നത് ആ യുവതിയെ കൊന്നു സാമാനങ്ങൾ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനായിരുന്നു എന്നു വിചാരണയിൽ തെളിയുകയാൽ ന്യായാധിപതി അവനു് തക്കതായ ശിക്ഷ കൊടുത്തു.
ഇത്രമാത്രം ദയയോടുകൂടി തന്നെ രക്ഷിച്ച ഈശ്വരനെ ഭക്തിപൂർവ്വം സ്തുതിച്ചുകൊണ്ടു് ഭാഗീരഥി ഇപ്രകാരം പറഞ്ഞു: "ഈ ചെറിയ പട്ടി, അതിന്റെ ജീവനെ ഞാൻ രക്ഷിച്ചതിനു പകരം, എന്റെ ജീവനെ രക്ഷിക്കുമെന്നു് ആര്‍ക്കാണ് ഊഹിക്കാൻ കഴിയുമായിരുന്നതു്?"
താണവര്ഗ്ഗങ്ങളിൽ സ്നേഹം
കാണിച്ചീടുക സര്‍വ്വദാ
എന്നാലവയ്ക്കു മിങ്ങോട്ടു
നന്ദിയുണ്ടാമസംശയം.
24. മോഷ്ടിക്കപ്പെട്ട കാള
ഒരു കൃഷിക്കാരൻ ഒരു ദിവസം രാവിലെ എഴുന്നേറ്റ് അയാളുടെ തൊഴുത്തിൽ ചെന്നുനോക്കിയപ്പോൾ കാളകളിൽ വിശേഷപ്പെട്ട ഒരെണ്ണം കാണ്മാനില്ലായിരുന്നു. ആരോ അതിനെ മോഷ്ടിച്ചിരിക്കണമെന്നു നിശ്ചയിച്ച് അയാൾ പല അന്വേഷണങ്ങളും നടത്തി. എന്നിട്ട് ഫലമൊന്നും ഉണ്ടായില്ല. നാലാംദിവസം അയാൾ അതിനുപകരം മറെറാരു കാളയെ വാങ്ങുന്നതിനായി ചന്തയിലേയ്ക്കു പോയി. അവിടെ ഓരോ കാളകളേയും നോക്കി നടക്കുമ്പോൾ മോഷ്ടിക്കപ്പെട്ട തന്റെ കാള ഒരിടത്തു നിൽക്കുന്നതു കണ്ടു് ആശ്ചര്യപ്പെട്ട് അയാൾ അതിന്റെ സമീപത്തു ചെന്ന്, "കാള എന്റെ വകയാകുന്നു. ഇതു് എന്റെ തൊഴുത്തിൽ നിന്ന് മൂന്നു ദിവസം മുൻപേ മോഷ്ടിക്കപ്പെട്ടതാണു്", എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. ഉടനെ ആ കാളയെ വിൽക്കുന്നതിനായി ഉടമസ്ഥന്റെ നിലയിൽ അവിടെ നിന്നിരുന്ന ആൾ വളരെ മര്യാദയോടുകൂടി ഇപ്രകാരം പറഞ്ഞു: “സ്നേഹിതാ! നിങ്ങൾക്കു തെറ്റിപ്പോയി. ഈ കാള എന്റെ പക്കൽ വന്നിട്ടു് ഏകദേശം ഒരു സംവത്സരമായിരിക്കുന്നു. നിങ്ങളുടെ കാളയ്ക്കും ഇതിനും ആകൃതിയിൽ സാമ്യം ഉണ്ടായിരുന്നേക്കാം. എന്നാൽ, നിശ്ചയമായി ഇതു് എന്റെ കാള തന്നെയാണു്".
കൃഷിക്കാരൻ ഉടനെതന്നെ തന്റെ കൈകളാൽ കാളയുടെ കണ്ണു രണ്ടും പൊത്തിക്കൊണ്ടു് ഇങ്ങനെ ചോദി ച്ചു:-“ശരിതന്നെ, ഇത്രയധികംനാൾ ഈ കാള നിങ്ങളുടെ പക്കൽ നിന്നിട്ടുള്ള സ്ഥിതിക്കു് നിങ്ങൾക്കു് ഇതിനെ നല്ലവണ്ണം അറിയാമല്ലൊ. ഇതിന്റെ ഏതു കണ്ണിനാണു് കാഴ്ചയില്ലാത്തതു്?"
ആ കള്ളൻ കാളയുടെ കണ്ണ് പരിശോധിച്ചിട്ടുണ്ടായിരുന്നില്ല. അതിനാൽ ഈ ചോദ്യത്തിൽ വളരെ കുഴങ്ങി എന്നു പറയേണ്ടതില്ലല്ലോ. ഏതായാലും മറുപടി പറയാതിരിക്കാൻ നിവൃത്തിയില്ലായ്മയാൽ അവൻ ഊഹത്തിന്മേൽ, ഇടത്തെ കണ്ണിനാണ് കാഴ്ചയില്ലാത്തതു് എന്നു മറുപടി പറഞ്ഞു.
കൃഷിക്കാരൻ “അല്ല. ഈ കാളയുടെ ഇടത്തേക്കണ്ണിനു യാതൊരു കേടും ഇല്ല."
കള്ളൻ “ഓ എനിക്കു തെറ്റിപ്പോയി! ക്ഷമിക്കണം. വലത്തേക്കണ്ണിനെന്നു പറവാനാണു് ഞാൻ വിചാരിച്ചതു്. നിശ്ചയമായി അതിന്റെ വലത്തേക്കണ്ണിനാണു കേടുള്ളതു്."
അപ്പോൾ കൃഷിക്കാരൻ കാളയുടെ കണ്ണിൽനിന്നു തന്റെ കൈകൾ ഉയർത്തീട്ടു ഇപ്രകാരം വിളിച്ചുപറഞ്ഞു.
"ഇവൻ ഒരു കള്ളനാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. വരുവിൻ സ്നേഹിതന്മാരേ! നിങ്ങൾതന്നെ നോക്കുവിൻ. ഈ കാളയുടെ രണ്ടു കണ്ണിനും യാതൊരു കേടും ഇല്ല. ഞാൻ ഇങ്ങനെ പറഞ്ഞതു് ഈ മനുഷ്യന്റെ കള്ളം തെളിയിക്കുന്നതിനായിട്ടാണു്."
' അവിടെ കൂടിയവരെല്ലാം ഉച്ചത്തിൽ ചിരിക്കയും കൈകൊട്ടുകയും ചെയ്തുകൊണ്ടു് 'ഇതാ കള്ളം തെളിഞ്ഞു പോയി,' എന്ന് ഉറക്കെ പറഞ്ഞു. എന്നിട്ടും ആ കള്ളൻ കാളയെ കൊടുക്കുകയില്ലെന്നു നിബ്ബന്ധിക്കയാൽ കൃഷിക്കാരൻ അവനെ ന്യായാധിപതിയുടെ അടുക്കൽ ഏല്പിക്കയും അവൻ ശരിയായ ശിക്ഷ അനുഭവിക്കയും ചെയ്തു.
പ്രയോഗിക്കുന്നു കള്ളന്മാർ
പലമാതിരി വഞ്ചനം;
എന്നാലതു നശിക്കുന്നി-
തൊന്നോടേ നീതിയൊന്നിനാൽ.