19. തേക്കും ആറ്റുവഞ്ഞിയും
രാത്രിയിൽ ഉണ്ടായ അതിവഷത്തിന്റെ ഫലം എന്തെല്ലാമെന്നു നോക്കാനായി രാവിലെ രാമൻമേനോനും മകൻ കുഞ്ഞുകൃഷ്ണനുംകൂടി പുറപ്പെട്ടു. സമീപത്തുള്ള ആറ്റിന്റെ കരയിൽ എത്തിയപ്പോൾ കുഞ്ഞുകൃഷ്ണൻ ഉത്സാഹത്തോടുകൂടി വിളിച്ചു പറഞ്ഞു: “അച്ഛാ! നോക്കണം. അതാ! ആറ്റിന്റെ കരയിൽ നിന്നിരുന്ന ആ വലിയ തേക്കുമരം വെള്ളത്തിൽ പിഴുതുവീണു കിടക്കുന്നു. അതിന്റെ മുകളിൽക്കൂടി എത്ര വേഗത്തിൽ വെള്ളം ഒഴുകി ക്കൊണ്ടിരിക്കുന്നു! ഈ ആറ്റുവഞ്ഞികളെല്ലാം ഒഴുക്കിൽ പിഴുതുപോയിരിക്കുമെന്നും, തേക്കുമരം പഴയപോലെ നില്ക്കുമെന്നും ആയിരുന്നു ഞാൻ വിചാരിച്ചത്.'' ഇതുകേട്ടു് രാമൻമേനോൻ പറഞ്ഞു:-"കുഞ്ഞേ! തേക്കു വളരെ ബലം ഉള്ള മരംതന്നെ. പക്ഷെ അതിനു വളയുവാൻ കഴികയില്ല. അതുകൊണ്ടാണു് അതു പിഴുതുപോയതു്. ആറ്റുവഞ്ഞിയുടെ സ്ഥിതി അപ്രകാരമല്ല. അതിനു് ഒഴുക്കിനെ അനുസരിച്ചു വഴങ്ങുവാൻ കഴിയും. അതുകൊണ്ടു് അതിനെ പിഴുതുകളയാൻ ഒഴുക്കിനു കഴികയില്ല."
ഉദ്ധതത്വമെഴുന്നോര്ക്കു
സിദ്ധമാകുമധോഗതി
വിനയം കലരുന്നോനു
വിജയം വരുമേതിലും.
രാത്രിയിൽ ഉണ്ടായ അതിവഷത്തിന്റെ ഫലം എന്തെല്ലാമെന്നു നോക്കാനായി രാവിലെ രാമൻമേനോനും മകൻ കുഞ്ഞുകൃഷ്ണനുംകൂടി പുറപ്പെട്ടു. സമീപത്തുള്ള ആറ്റിന്റെ കരയിൽ എത്തിയപ്പോൾ കുഞ്ഞുകൃഷ്ണൻ ഉത്സാഹത്തോടുകൂടി വിളിച്ചു പറഞ്ഞു: “അച്ഛാ! നോക്കണം. അതാ! ആറ്റിന്റെ കരയിൽ നിന്നിരുന്ന ആ വലിയ തേക്കുമരം വെള്ളത്തിൽ പിഴുതുവീണു കിടക്കുന്നു. അതിന്റെ മുകളിൽക്കൂടി എത്ര വേഗത്തിൽ വെള്ളം ഒഴുകി ക്കൊണ്ടിരിക്കുന്നു! ഈ ആറ്റുവഞ്ഞികളെല്ലാം ഒഴുക്കിൽ പിഴുതുപോയിരിക്കുമെന്നും, തേക്കുമരം പഴയപോലെ നില്ക്കുമെന്നും ആയിരുന്നു ഞാൻ വിചാരിച്ചത്.'' ഇതുകേട്ടു് രാമൻമേനോൻ പറഞ്ഞു:-"കുഞ്ഞേ! തേക്കു വളരെ ബലം ഉള്ള മരംതന്നെ. പക്ഷെ അതിനു വളയുവാൻ കഴികയില്ല. അതുകൊണ്ടാണു് അതു പിഴുതുപോയതു്. ആറ്റുവഞ്ഞിയുടെ സ്ഥിതി അപ്രകാരമല്ല. അതിനു് ഒഴുക്കിനെ അനുസരിച്ചു വഴങ്ങുവാൻ കഴിയും. അതുകൊണ്ടു് അതിനെ പിഴുതുകളയാൻ ഒഴുക്കിനു കഴികയില്ല."
ഉദ്ധതത്വമെഴുന്നോര്ക്കു
സിദ്ധമാകുമധോഗതി
വിനയം കലരുന്നോനു
വിജയം വരുമേതിലും.
20. വൃദ്ധനായ ഭടൻ
ഒരിക്കൽ ഒരു വൃദ്ധനായ ഭടൻ പട്ടണത്തിൽനിന്നും നാട്ടിലേക്കു് ഒരു വടിയും ഊന്നി പതുക്കെ തിരിച്ചു. കുറേ ദൂരം നടന്നുകഴിഞ്ഞപ്പോൾ അയാൾക്കു പെട്ടെന്നു് ഒരു ദീനം പിടിപെട്ടു തീരെ നടക്കാൻ പാടില്ലാതായതിനാൽ വഴിയരികിൽതന്നെ ഒരിടത്തു കിടക്കേണ്ടിവന്നു.
പാൽവിറ്റു കാലക്ഷേപം ചെയ്തുവന്ന ഒരു ദരിദ്രന്റെ മകളായ പാര്വ്വതി എന്ന പെൺകുട്ടി ആ വഴിയെ പള്ളിക്കൂടത്തിലേയ്ക്കു പോകുമ്പോൾ വൃദ്ധനെ കണ്ടു. അവൾ തിരിയെ വന്നപ്പോൾ അയാൾക്കു അര അണ കൊടുത്തു. ഇങ്ങനെ ദിവസംതോറും അവൾ അയാളെ ചെന്നു കാണുകയും, അര അണവീതം കൊടുക്കയുംചെയ്തു കൊണ്ടിരുന്നു. കുറേനാൾ കഴിഞ്ഞശേഷം ഒരു ദിവസം ആ ദീനക്കാരൻ അവളോട് ഇപ്രകാരം ചോദിച്ചു:-“പ്രിയപ്പെട്ട കുട്ടീ! നിന്റെ അച്ഛനമ്മമാർ വളരെ പാവപ്പെട്ടവരാണെന്നു് ഇന്നു് ഒരാൾ പറഞ്ഞു ഞാൻ അറിഞ്ഞു. നീ നേരു പറയണം. നിനക്കു് എവിടെനിന്നാണു് ഈ അണ കിട്ടുന്നതു്? നിനക്കു ന്യായമായി ചെലവു ചെയ്വാൻ നിവൃത്തിയില്ലാത്ത ഈ അണ വാങ്ങുന്നതിനേക്കാൾ ഞാൻ പട്ടിണി കിടക്കുന്നതാണല്ലൊ നല്ലത്."
പാര്വ്വതി പറഞ്ഞു:- "അക്കാര്യത്തിൽ അമ്മാവൻ ഒട്ടും വിചാരപ്പെടേണ്ട. ഞാൻ ന്യായമായി ചെലവു ചെയ്യാവുന്ന മുതലാണു് അമ്മാവനു തരുന്നതു്. പള്ളിക്കൂടത്തിലേക്കു പോകുന്ന വഴിയുടെ അരികിൽ ഒരു പുളി മരം നില്ക്കുന്നുണ്ടു്. അതിൽനിന്നു വീഴുന്ന പുളി ഞാൻ പെറുക്കി ചന്തയിൽകൊണ്ടുചെന്നു വിറ്റാണ് ഈ അണ വാങ്ങുന്നതു്. എന്റെ അച്ഛനും അമ്മയും ഇക്കാര്യം അറിഞ്ഞിട്ടുണ്ടു്. അവക്ക് ഇതിൽ വിരോധം ഒന്നും ഇല്ല. ഞങ്ങളേക്കാൾ അധികം ദാരിദ്ര്യമുള്ള ആളുകൾ വളരെ ഉണ്ടെന്നും, അവരെ കഴിയുന്നിടത്തോളം നമ്മൾ സഹായിക്കേണ്ടതാണെന്നും അമ്മയും പലപ്പോഴും പറയാറുണ്ടു്. “
വൃദ്ധന്റെ കണ്ണിൽനിന്നു കണ്ണുനീർ തുള്ളിതുള്ളിയായി കീഴോട്ടു വീണു. അയാൾ ഇങ്ങനെ പറഞ്ഞു: “സുശീലയായ കുഞ്ഞേ! ഈ ഔദാര്യത്തിനു നിന്നെയും നിന്റെ അച്ഛനമ്മമാരെയും ഈശ്വരൻ അനുഗ്രഹിക്കും.”
അന്യന്മാരുടെ ദുഃഖത്തി-
ലനുകമ്പയുമായപോൽ
ഔദാര്യശീലവും കാണാം
പലപ്പോഴും ദരിദ്രരിൽ.
* * * * *
കുറേദിവസം കഴിഞ്ഞപ്പോൾ ഒരിക്കൽ ആ വഴിയിൽകൂടി വണ്ടിയിൽ കയറിപ്പോയ ഒരു ഉദ്യോഗസ്ഥൻ അവിടെയുള്ള സത്രത്തിനരികെ കുതിരമാറ്റത്തിനായി വണ്ടി നിറുത്തി. അപ്പോൾ ആ ദീനക്കാരനെപ്പറ്റി ചിലർ പറഞ്ഞു” അറിയുകയാൽ അദ്ദേഹം അയാളെ ചെന്നു കണ്ടു.
വൃദ്ധൻ ഉടനേതന്നെ തന്റെ രക്ഷാകർത്രിയെപ്പറ്റി അദ്ദേഹത്തോടു പറഞ്ഞു. "എന്തു്! ഒരു പാവപ്പെട്ട കുട്ടി താങ്കൾക്കുവേണ്ടി അത്ര വളരെ സഹായിച്ചുവോ? അങ്ങനെയാണെങ്കിൽ താങ്കളുടെ മേലധികാരിയായിരുന്ന ഞാൻ എത്ര വളരെ സഹായിക്കണം?" എന്നു പറഞ്ഞിട്ട് ആ ഉദ്യോഗസ്ഥൻ തന്റെ കീഴിൽ ജോലി നോക്കിയിരുന്ന വൃദ്ധനു് ഭക്ഷണവും മറ്റും സത്രത്തിൽ തയ്യാറാക്കുന്നതിനു വേണ്ട ഏപ്പാടുകൾ ചെയ്തതിന്റെ ശേഷം ആ പെൺകുട്ടിയുടെ കുടിലിൽ ചെന്ന് അവളെ വിളിച്ച് വളരെ ദയയോടുകൂടി പറഞ്ഞു: "കുഞ്ഞേ! നിന്റെ ധര്മ്മശീലം എനിക്കു വളരെ സന്തോഷത്തെ ജനിപ്പിച്ചിരിക്കുന്നു. നീ ആ വൃദ്ധനായ ഭടനു വളരെ ചെമ്പുനാണയങ്ങൾ കൊടുത്തിട്ടുണ്ടല്ലോ. ഇതാ! അതിനു പകരം ഈ സ്വര്ണ്ണനാണയങ്ങൾ എടുത്തുകൊൾക."
അത്ഭുതപരവശരായ അവളുടെ മാതാപിതാക്കന്മാർ "ഇതു വളരെ കൂടുതലായിപ്പോയി" എന്നു താഴ്മയോടുകൂടി പറഞ്ഞതിനു് അദ്ദേഹം മറുപടി പറഞ്ഞതു് ഇപ്രകാരമാണ്:-
"ഇല്ല, ഇല്ല. ഇതു് ഒരു നിസ്സാരമായ സമ്മാനമേ ആകുന്നുള്ളു. നിങ്ങളുടെ ഉത്തമയായ പുത്രിക്കു് ഈശ്വരൻ ഇതിലും നല്ലതായ സമ്മാനം കൊടുക്കാതിരിക്കയില്ല."
നിര്മ്മലസ്നേഹമുൾക്കൊണ്ടു
നമ്മളന്യര്ക്കു ശക്തിപോൽ
നന്മ ചെയ്തീടിലുണ്ടാകും
ശര്മ്മലാഭമസംശയം.
21. മാധവൻ
മാധവൻ പള്ളിക്കൂടത്തിൽനിന്നും വന്നാൽ ഇരിക്കുന്നതിനും പഠിക്കുന്നതിനും അവന്റെ അച്ഛൻ ഒരു നല്ല മുറി കൊടുത്തിട്ടുണ്ടായിരുന്നു. അവൻ പഠിത്തത്തിൽ വളരെ ശ്രദ്ധയുള്ള കുട്ടിയായിരുന്നു എങ്കിലും തന്റെ സാമാനങ്ങളെ അതാതിന്റെ സ്ഥാനത്തു വൃത്തിയായി സൂക്ഷിക്കുന്നതിൽ ഉദാസീനനായിരുന്നു. ഈ തെറ്റിനെക്കുറിച്ചു് അവന്റെ അച്ഛൻ പലപ്പോഴും അവനെ ശാസിച്ചിട്ടും ഫലം ഒന്നും ഉണ്ടായില്ല. ഉടുപ്പ്, കുട, പുസ്തകങ്ങൾ മുതലായവ ഓരോ പ്രത്യേകസ്ഥലങ്ങളിൽ ഭംഗിയായി സൂക്ഷിച്ചുവയ്ക്കണമെന്നായിരുന്നു അച്ഛൻ നിയോഗം. ഒരു ദിവസം വൈകുന്നേരം അഞ്ചരമണിക്ക് അവൻ അച്ഛനോടുകൂടി കടൽപ്പുറത്തു നടക്കാൻ പോയി. തിരിയെ വീട്ടിൽ വന്നപ്പോൾ മണി ഏഴടിച്ചുകഴിഞ്ഞു. മാധവൻ നടന്നതുകൊണ്ടുള്ള ക്ഷീണത്താൽ തന്റെ മുറിയിൽ കയറിയ ഉടനേ, വിളക്കു പിന്നീടു കത്തിക്കാം എന്നു വിചാരിച്ചു ചാരുകസേരയിൽ ചെന്നിരുന്നു. പെട്ടെന്നു് ഏതോ മറിഞ്ഞു താഴെ വീണു പൊട്ടുന്ന ശബ്ദം കേട്ടു. കസേരയിൽ കിടന്നു സ്വല്പംപോലും വിശ്രമിക്കുന്നതിന് ഇടയാകാഞ്ഞതുകൊണ്ടുണ്ടായ കണ്ഠിതത്തോടുകൂടി അവൻ വേഗത്തിൽ എഴുന്നേറ്റ് അടുത്ത മുറിയിൽനിന്നു് ഒരു തിരി കത്തിച്ചുകൊണ്ടുവന്നു നോക്കിയപ്പോൾ കണ്ട് കാഴ്ച വളരെ ദയനീയമായിരുന്നു. താൻ ഉപയോഗിച്ചുവന്നിരുന്ന ഒരു ഒന്നാന്തരം മേശവിളക്കു് തറയിൽ വീണു പൊട്ടിത്തകര്ന്നു കിടക്കുന്നതാണു് അവൻ കണ്ടതു്. അപ്പോൾ അവനുണ്ടായ വ്യസനവും ഭയവും എത്രമാത്രമെന്നു പറവാൻ പ്രയാസം. വൈകുന്നേരം ചില സാമാനങ്ങൾ എടുത്ത കൂട്ടത്തിൽ ആ വിളക്കു ചാരുകസേരയുടെ ഒരറ്റത്ത് വച്ചത് തിരിയെ അതു വെയ്ക്കേണ്ട സ്ഥലത്ത് എടുത്തു വച്ചിട്ടില്ലായിരുന്നു. അപ്പൊഴാണ് അച്ഛന്റെ ആജ്ഞയുടെ ഗുണം അവനു മനസ്സിലായതു്. അന്നു മുതൽ അവൻ തന്റെ സാമാനങ്ങളെ വെടിപ്പായും ശരിയായും സൂക്ഷിപ്പാൻ തുടങ്ങി. പിറ്റേദ്ദിവസം മുതൽ അവന്റെ മുറിയിൽ ചെല്ലുന്നവർ എല്ലാവരും അവന്റെ വൃത്തിഗുണത്തേയും കണിശത്തേയുംപറ്റി വളരെ സന്തോഷിക്കയും പ്രശംസിക്കയും ചെയ്തു.
സാമാനങ്ങളെ വെയ്പാനായ്
സ്ഥാനങ്ങൾ നിയമിച്ചുടൻ
അവറ്റിലവ സൂക്ഷിക്ക-
യല്ലെന്നാലല്ലൽ വന്നിടും.