10. വിശേഷപ്പെട്ട സസ്യം
ചിന്നു എന്നും അമ്മു എന്നും പേരായ രണ്ടു യുവതികൾ ഓരോ വലിയ കുട്ട നിറച്ചു് പലമാതിരി സസ്യങ്ങൾ ചുമന്നുകൊണ്ടു് ചന്തയിലേയ്ക്കു പോകയായിരുന്നു. ചിന്നു കൂടക്കൂടെ തന്റെ ചുമടിന്റെ ഭാരം അധികമായിപ്പോയി എന്നു പിറുപിറുക്കയും ദുഃഖിക്കയും ചെയ്തു. എന്നാൽ അമ്മു നേരംപോക്കുകളും പറഞ്ഞ് ചിരിച്ചുകൊണ്ടാണു പോയതു്. അതുകണ്ടു് ആശ്ചര്യത്തോടുകൂടി ചിന്നു ചോദിച്ചു: "നിങ്ങൾ ക്ഷീണിക്കാതെ ഇത്ര ഉത്സാഹത്തോടും സന്തോഷത്തോടും കൂടി നടക്കുന്നതിന്റെ രഹസ്യം എനിക്കു മനസ്സിലാകുന്നില്ല. നമ്മൾ രണ്ടുപേരുടേയും ചുമടു് ഒരുപോലെ ഭാരമുള്ളതാണു്. നിങ്ങൾക്കു് എന്നേക്കാൾ ശക്തിയുണ്ടെന്നു പറവാനുമില്ല.''
അമ്മു:-ഞാൻ എന്റെ കുട്ടയിൽ ഒരു ചെറിയ സസ്യം വച്ചിട്ടുണ്ടു്. അതുകൊണ്ടാണു് എനിക്കു ഭാരം തോന്നാത്തതു്.
ചിന്നു:-ശരി! അങ്ങനെ വരട്ടെ. അതൊരു വിശേഷപ്പെട്ട സസ്യംതന്നെയാണ്. സംശയമില്ല. ആ സസ്യംവച്ചാൽ എന്റെ ചുമട്ടിന്റെയും ഭാരം കുറയുമല്ലൊ. നിങ്ങൾ എന്താണിതുവരെ എന്നോടിക്കാര്യം പറയാഞ്ഞതു്? ഇതാ! എന്റെ തല പിളർന്നുപോകുന്നു. അതെന്താണെന്നു ഇനിയെങ്കിലും എനിക്കു പറഞ്ഞുതരണം.
അമ്മു:-എല്ലാ പ്രയാസങ്ങളേയും ലഘുവാക്കുന്ന ആ വിശേഷപ്പെട്ട സസ്യത്തിന്റെ പേർ ക്ഷമ എന്നാകുന്നു. ഞാൻ അതിനെ എന്റെ ചുമട്ടിൽ വച്ചിട്ടുള്ളതുകൊണ്ടാണു് എനിക്കു ക്ഷീണം ഒട്ടും തോന്നാത്തതു്.
ഭാരത്തിൽ ക്ഷമയാകുന്ന
സാരവസ്തുവണയ്ക്കുകിൽ
അഴലേശാതെ സുഖമായ്
വഴിയാത്ര നടത്തിടാം.