Loading...
Home / സാഹിത്യം / പുതിയവ / കവികള്‍ / 09. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍

09. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍

ജനനം

കൊച്ചുണ്ണിത്തമ്പുരാൻ 1033-ാമാണ്ടു മീനമാസം 17-ാം൹ ഉത്രം നക്ഷത്രത്തിൽ ജനിച്ചു; രാമവർമ്മാ എന്നായിരുന്നു സാക്ഷാൽ നാമധേയം, ഉത്തര ഫൽഗുനിയിൽ ജനിച്ചതു കൊണ്ടു താൻ ഫൽഗുനനാണെന്നും, തന്റെ കവിതാവീര്യത്തെ പ്രാകാശിപ്പിക്കുന്നതുകൊണ്ടുകൂടിയാണ് ഫല്ഗുനന്റെ പാശുപതലാഭം, കാലകേയവധം മുതലായ അപദാനങ്ങളെ വർണ്ണിക്കുന്ന സ്വകീയമായ നാടകത്തിനു ഫല്ഗുനവീര്യം എന്നു പേർ കൊടുത്തതെന്നും കവി ആ നാടകത്തിന്റെ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ടു്. അമ്മ വിദൂഷിയായ ഇക്കാവമ്മത്തമ്പുരാട്ടിയും അച്ഛൻ പൂരാടത്തു നമ്പൂരിയുമായിരുന്നു. ആ നമ്പൂരിയുടെ പേർ ശങ്കരനെന്നായിരുന്നു എന്നു പഴമക്കാർ പറയുന്നു. പൂരാടത്തില്ലം അങ്കമാലിക്കു സമീപമാണു്. തന്നിൽ “കൈതവമില്ലാതെയുള്ള ഗുണജാലം സ്ഫീതതരം ചേർപ്പാൻ പണിചെയ്ത സവിത്രിക്കിതാ നമസ്ക്കാരം” എന്നും, “ഘനതര സൽഗുണസഞ്ചയമനവധി കലരുന്ന വിപ്രകലതിലകൻ’ എന്നും ആ മാതാപിതാക്കന്മാരെ അദ്ദേഹം ശ്രീമദ്ഭാഗവതം ഭാഷാഗാനങ്ങളിൽ വന്ദിച്ചിരിക്കുന്നു. പ്രായേണ തന്റെ എല്ലാ വാങ്ങ്മയങ്ങളിലും “ഇക്കാവാകിയ രാജ്ഞിതൻ പ്രിയസുതൻ” എന്നും മറ്റും തന്റെ സുചരിതയായ അമ്മയെ അദ്ദേഹം സ്മരിച്ചിട്ടുണ്ടു്.

വിദ്യാഭ്യാസം

മൂന്നാമത്തെ വയസ്സിൽ വിദ്യാരംഭം കഴിഞ്ഞു കുലാചാര്യനായ വളപ്പിൽ ഉണ്ണിയാശാനോടു് (മേനോൻ) പത്താമത്തെ വയസ്സുവരെ സംസ്കൃതത്തിൽ ബാലപാഠങ്ങൾ അഭ്യസിച്ചു. തദനന്തരം അമ്മാവനായ ഗോദവർമ്മത്തമ്പുരാന്റെ അടുക്കൽ കാവ്യപഠനം ആരംഭിച്ചു. ആ തമ്പുരാൻ പൂതനാമോക്ഷം കൈകൊട്ടിക്കളിപ്പാട്ടു മുതലായ ചില കൃതികളുടെ പ്രണേതാവും ഒരു നല്ല ഭാഷാകവിയുമായിരുന്നു. കുംഭകോണം (പുതുക്കോട്ടു എന്നും പറയും) കൃഷ്ണശാസ്ത്രി വ്യാകരണത്തിൽ ഉൽഗ്രന്ഥങ്ങൾ പഠിക്കുന്നതിന്നു പ്രാപ്തന്മാരായ രാജകുമാരന്മാരെ ആ ശാസ്ത്രം അഭ്യസിപ്പിയ്ക്കുകയും, അത്രയ്ക്കു കയറ്റം വന്നിട്ടില്ലാത്ത അധ്യോതാക്കളുടെ വിഷയത്തിൽ ഒരു പര്യവേക്ഷകനെന്ന വിലയിൽ മാത്രം വ്യാപരിക്കുകയും ചെയ്തുവന്നു. അദ്ദേഹം ബാല്യത്തിൽ സർവതന്ത്രസ്വതന്ത്രനായ വിദ്വാൻ ഇളയതമ്പുരാന്റെ അന്തേവാസിയായി കൂടുകയും അദ്ദേഹത്തിന്റെ അടുക്കൽ കുറേ വ്യാകരണം പഠിച്ചു പിന്നീടു കാശിയിൽ പോയി ശേഖരാന്തം ആ ശാസ്ത്രം അഭ്യസിച്ചു പരിനിഷ്ഠിതനായ ഒരു പണ്ഡിതനായിത്തീരുകയും തിരിയെ കൊടുങ്ങലൂരിലെത്തി വീണ്ടും കുടങ്ങലൂർ മനക്കൽ പോയി ശാസ്ത്രവാദത്തിലേർപ്പെട്ടു അവിടെനിന്നു പ്രശംസാപത്രം വാങ്ങി, തദ്വാരാ കോവിലകത്തെ വ്യാകരണോപദേഷ്ടാവായി 1040-ൽനിയമിതനാവുകയും ചെയ്തു. 1074-ൽ പരഗതിയെ പ്രാപിക്കുന്നതുവരെ ശാസ്ത്രി ആ പണിയിൽത്തന്നെ ഏർപ്പെട്ടിരുന്നു. കൊച്ചുണ്ണിത്തമ്പുരാൻ അദ്ദേഹത്തോടു് നേരിട്ടു ശാസ്ത്രാഭ്യാസം ചെയ്യുകയുണ്ടായില്ലെങ്കിലും പല സാഹിത്യമർമ്മങ്ങളും അദ്ദേഹത്തിൽനിന്നു ഗ്രഹിച്ചിരുന്നു. 
*               *               *               *               *
1049-ൽ ഗോദവർമ്മത്തമ്പുരാൻ മരിച്ചപ്പോൾ കുഞ്ഞുണ്ണി (രാമവർമ്മ) ത്തമ്പുരാനായി കഥാപുരുഷന്റെ ഗുരുനാഥൻ. അദ്ദേഹത്തിന്റെ ജീവിതകാലം 1028 മുതൽ 1090 വരെയാണു്. അതിനു മുൻപുതന്നെ അഷ്ടാധ്യായി ഹൃദിസ്ഥമാക്കിയിരുന്ന കവിയെ അദ്ദേഹം സിദ്ധാന്തകൗമുദി നിഷ്കർഷിച്ചു പഠിപ്പിച്ചു. കുഞ്ഞുണ്ണിത്തമ്പുരാൻ കൃഷ്ണശാസ്ത്രിയുടെ ശിഷ്യനായിരുന്നു.
*               *               *               *               *

പന്തളം സുബ്രഹ്മണ്യശാസ്ത്രിയുടെ ശിഷ്യൻ ആരൂരടിതിരിയും, അടിതിരിയുടെ ശിഷ്യൻ വിദ്വാൻ ഇളയതമ്പുരാനും, ഇളയതമ്പുരാന്റെ ശിഷ്യൻ കൃഷ്ണശാസ്ത്രിയും കൃഷ്ണശാസ്ത്രിയുടെ ശിഷ്യൻ കുഞ്ഞുണ്ണിത്തമ്പുരാനും, കുഞ്ഞുണ്ണിത്തമ്പുരാന്റെ ശിഷ്യൻ കവിയും-ഇങ്ങനെയാണു് ആ പാരമ്പര്യം. കൗമുദിക്കു മേലുള്ള വ്യാകരണഗ്രന്ഥങ്ങളൊന്നും കൊച്ചുണ്ണിത്തമ്പുരാൻ ഗുരുമുഖത്തിൽനിന്നഭ്യസിച്ചില്ല. അപ്പോഴേയ്ക്കും മുഴുവൻ സമയവും കവിതയ്ക്കു തന്നെ വിനിയോഗിക്കണമെന്നു തീർച്ചപ്പെടുത്തി ഏകദേശം 1055 മുതൽ തദേകതാനനായിത്തന്നെ കാലയാപനം ചെയ്തു. മഹാഭാഷ്യാദിവാദഗ്രന്ഥങ്ങൾ കൊണ്ടല്ല, പ്രയോഗമന്ത്രംകൊണ്ടാണു് വാഗ്ദേവതയെ വശ്യയാക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. 1027-ൽ ജനിച്ച പ്രസിദ്ധ ദൈവജ്ഞനായ മറ്റൊരു കൊച്ചുണ്ണിത്തമ്പുരാൻ കൂടി ആ കോവിലകത്തുണ്ടായിരുന്നതുകൊണ്ടു് അദ്ദേഹം വലിയ കൊച്ചുണ്ണിത്തമ്പുരാനെന്നും നമ്മുടെ കവി ചെറിയ കൊച്ചുണ്ണിത്തമ്പുരാനാണെന്നുമുള്ള പേരുകളിൽ അറിയപ്പെട്ടിരുന്നു. ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ കാവ്യനാടകാലങ്കാരങ്ങൾക്കു പുറമെ ഭരതശാസ്ത്രം തുടങ്ങിയുള്ള പല ആനുഷംഗികളായ കലകളിലും പ്രശംസനീയമായ നൈപുണ്യം സമ്പാദിച്ചു എന്നു മാത്രമല്ല, എളേടത്തു തൈക്കാട്ടു് ഇട്ടീരിമുസ്സത് എന്ന അഷ്ട വൈദ്യോത്തമനോടു് ആയുർവേദം സാംഗോപാംഗമായി അഭ്യസിച്ചു് അതിലും വിചക്ഷണനായിത്തീർന്നു; യാവജ്ജീവം പ്രയോഗമാർമ്മികനായ ഒരു ഭിഷഗ്വരനായും അദ്ദേഹം പരിലസിച്ചു. ജ്യോത്സ്യത്തിലും അദ്ദേഹത്തിന്നു നല്ല അറിവുണ്ടായിരുന്നു. വ്യാകരണഗുരുവായ കുഞ്ഞുണ്ണിത്തമ്പുരാന്റെ പേരിൽ അദ്ദേഹത്തിനു വളരെ ഭക്തിയുണ്ടായിരുന്നു. 
*               *               *               *               *

അനന്തരകാലജീവിതം

1065-ാമാണ്ടു വരെ കൊച്ചുണ്ണിത്തമ്പുരാൻ കൊടുങ്ങല്ലൂർത്തന്നെ താമസിച്ചു. കാത്തുള്ളിൽ അച്യുതമേനോന്റെ സഹോദരി ജാനകിയമ്മയായിരുന്നു പ്രേയസി. അവർ തമ്മിലുള്ള വിവാഹം 1061-ാമാണ്ടിടയ്ക്കായിരുന്നു. 1065 മുതൽ പത്തു കൊല്ലത്തോളം ഇരിങ്ങാലക്കുട തീപ്പെട്ട കൊച്ചിളയതമ്പുരാന്റെ സഹചാരിയായി ജീവിതം നയിച്ചു. ആ തമ്പുരാൻ ഒരു നൈയായികനും പണ്ഡിതപക്ഷപാതിയും കൊടുങ്ങല്ലൂർമഹാമഹോപാധ്യായൻ ഭട്ടൻഗോദവർമ്മത്തമ്പുരാന്റെ സതീർത്ഥ്യനുമായിരുന്നു.
*               *               *               *               *

കവനപാടവം

പല അവസരങ്ങളിൽ ആ മഹാകവിയുടെ കവനകലാപാടവത്തെ പല സഹൃദയന്മാരും പരീക്ഷിച്ചിട്ടുണ്ടു്. അവയിലെല്ലാം അദ്ദേഹം പ്രഥമസ്ഥാനത്തിനു് അർഹനായിത്തീരുകയാണു് ചെയ്തതു്. 1066-ൽ തൃശ്ശൂരിൽ സമ്മേളിച്ച ഹിന്ദുമതാചാരധർമ്മരക്ഷണസഭയുടെ വാർഷികയോഗത്തിൽ പദ്യത്തിൽത്തന്നെ അദ്ദേഹം അധ്യക്ഷപ്രസംഗം ചെയ്തു. ഒരിക്കൽ പണ്ഡിതമൂർദ്ധന്യനായ കൊച്ചിയിലെ വാഴ്ചയൊഴിഞ്ഞ വലിയ തമ്പുരാൻ തിരുവഞ്ചിക്കുളത്തുവച്ചു മൂന്നു മണിക്കൂറിൽ ഇരുപതു ശ്ലോകങ്ങൾ വീതം സ്രഗ്ദ്ധരാവൃത്തത്തിൽ അക്ഷരശ്ലോകരീതിയിൽ ചൊല്ലണമെന്നു കല്പിച്ചു. അവിടെക്കൂടിയിരുന്ന വെണ്മണിമഹൻ, നടുവത്തച്ഛൻ, ഒറവങ്കര, കൊച്ചുണ്ണീത്തമ്പുരാൻ കുഞ്ഞിക്കുട്ടൻതമ്പുരാൻ മുതലായ മഹാരഥന്മാരാണു് സദസ്സിൽ സന്നിഹിതരായിരുന്നതു്. ഓരോരുത്തരും രണ്ടു മണിക്കൂറിനകം അവരവരുടെ കൃത്യം നിർവഹിക്കുകയും ഉണ്ടാക്കിയ ശ്ലോകങ്ങൾ ഓർമ്മിച്ചു് ഒടുവിൽ എഴുതി സമർപ്പിക്കുകയും ചെയ്തു. കൊച്ചുണ്ണീതമ്പുരാനാകട്ടേ തന്റേയും മറ്റുള്ളവരുടേയും ശ്ലോകങ്ങൾ മുഴുവൻ എഴുത്തുകത്തിന്റെ സഹായം കൂടാതെതന്നെ ചൊല്ലുകയും അതിനുംപുറമേ താനുണ്ടാക്കിയ ശ്ലോകങ്ങൾ സംസ്കൃതത്തിലും കൂടി വിവർത്തനം ചെയ്തു കേൾപ്പിക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ടു് അത്ഭുതപ്പെട്ടുപോയി. ദ്രുതകവി എന്ന ബിരുദം കുഞ്ഞിക്കുട്ടൻ തമ്പുരാനാണു് ലഭിച്ചതു് എങ്കിലും അദ്ദേഹത്തെക്കാൾ ഒട്ടും താണപടിയിലല്ലായിരുന്നു ആ പദ്ധതിയിൽ കൊച്ചുണ്ണിത്തമ്പുരാന്റേയും നില. നൂറും അതിലധികവും ശ്ലോകങ്ങൾ ഓരോ ഇരുപ്പിലിരുന്നുണ്ടാക്കി അവ മുഴുവൻ മനസ്സിൽ വച്ചുകൊണ്ടു പിന്നീടു് സൗകര്യം പോലെ എഴുതുവാൻ അദ്ദേഹത്തിനു യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. അത്രയ്ക്കുമേൽ വാഗ്ദേവത അദ്ദേഹത്തിനു വശ്യയായിരുന്നു. മദിരാശിയിൽ വച്ചു തീപ്പെട്ട ഔചിത്യവേദിയായ കൊച്ചി വലിയതമ്പുരാൻ 1094-ൽ പല സാഹിത്യകാരന്മാർക്കും സ്ഥാനമാനങ്ങൾ സംഭാവന ചെയ്ത അവസരത്തിൽ കൊച്ചുണ്ണിത്തമ്പുരാനെ അവരുടെ നേതാവാക്കി, “കവിസാർവഭൗമൻ” എന്ന ബിരുദത്താൽ ധന്യനാക്കി, തന്റെ സഹൃദയ ധുരീണതയെ പ്രഖ്യാപനം ചെയ്തു. കോർട്ടുനടപ്പു തുടങ്ങിയ ലൗകികങ്ങളായ വിഷയങ്ങളിലും അദ്ദേഹം കൃതമതിയായിരുന്നു എന്നു് അദ്ദേഹത്തിന്റെ കൃതികൾ തെളിയിക്കുന്നുണ്ടു്. സാഹിത്യനിരൂപണത്തിൽ അദ്ദേഹത്തോളം സാമർത്ഥ്യം അക്കാലത്തു് ആർക്കുമുണ്ടാഅയിരുന്നതായി തോന്നുന്നില്ല. ഏതു ശ്ലോകത്തെയും മണ്ഡനപരമായോ ഖണ്ഡനപരമായോ വിമർശിക്കുവാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. ആകെക്കൂടി നോക്കുമ്പോൾ ഒരതിമാനുഷൻ എന്നു വേണം അദ്ദേഹത്തെ പഠയുവാൻ. ആ പ്രതിഭ, ആ മേധ, ആ വശ്യവചസ്ത്വം, ആ സാഹിത്യപോഷണവ്യഗ്രത, ആ പരോപകാരതൽപരത ഇങ്ങനെയുള്ള പല സിദ്ധികൾ അദ്ദേഹത്തിൽ അഹമഹമികയാ സമ്മേളിച്ചിരുന്നു. 1097-ൽ ഇളയതമ്പുരാനായി. 1101-മാണ്ടു കർക്കിടകമാസം 11-ാം തിയ്യതി ഹൃദ്രോഗം നിമിത്തം പരഗതിയെ പ്രാപിച്ചു. അദ്ദേഹത്തിനു വൈദ്യശാസ്ത്രത്തിൽ ഒരു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു.

കൃതികളുടെ സ്വരൂപം

കൊച്ചുണ്ണിത്തമ്പുരാന്റെ കൃതികൾ എണ്ണിത്തിട്ടപ്പെടുത്തുവാൻ സാധിക്കുകയില്ല. ഓരോ ആവശ്യം പ്രമാണിച്ചു് ഓരോരുത്തർ വന്നു ചോദിച്ചാൽ ആ നിമിഷത്തിൽത്തന്നെ ഓരോന്നു് എഴുതിക്കൊടുക്കും; അതു പിന്നീടു് അച്ചടിച്ചുവോ എന്നു് അന്വേഷിക്കുക പോലും പതിവില്ല. അച്ചടിപ്പിക്കാതെ തന്നെ അനേകം നശിച്ചിട്ടുണ്ടു്. നിരവധി വാങ്മയങ്ങൾ ചില പഴയ മാസികകളിൽ മാത്രം പ്രകാശിതങ്ങളായും കിടക്കുന്നുണ്ടു്. സംസ്കൃതത്തിലും മലയാളത്തിലും കവനം ചെയ്വാൻ ഒന്നുപോലെ ശക്തിയുണ്ടായിരുന്നതുകൊണ്ടു് അദ്ദേഹത്തെ കുഞ്ഞിക്കുട്ടൻതമ്പുരാൻ കവിഭാരതത്തിൽ “ദിവ്യനാം സവ്യസാചി” എന്നു പുകഴ്ത്തിയിരിക്കുന്നു എന്നു വായനക്കാർ ധരിച്ചിരിയ്ക്കുമല്ലോ. പ്രായേണ പ്രധാനകൃതികളെപ്പറ്റി മാത്രമേ ഇവിടെ പ്രസ്താവിക്കുവാൻ ഉദ്ദേശിക്കുന്നുള്ളു.

സംസ്കൃതം

(1) വിടരാജവിജയം ഭാണം, (2) അനങ്ഗ ജീവനം ഭാണം, (3) ബാണയുദ്ധം ചമ്പു, (4) വിപ്രസന്ദേശം, (5) ശ്രീരാമചരിതപൂരണം കാവ്യം, (6) ഉത്തരരാമചരിതം കാവ്യം, (7) ശ്രീരാമവർമ്മ കാവ്യം, (8) ശ്രീരാമപട്ടാഭിഷേകം നാടകം, (9) അന്യാപദേശം, (10) സൂര്യോദയം.

ഭാഷ

(11) അംബോപദേശം, (12) സോമതിലകം ഭാണം, (13) മദനകേതനചരിതം കാവ്യം (മദനവിലാസം), (14) കല്യാണീനാടകം, (15) ഉമാവിവാഹം, (16) ഫല്ഗുനവീര്യം, (17) മധുരമങ്ഗലം, (18) പാഞ്ചാലീസ്വയംവരം, (19) അജ്ഞാതവാസം എന്നീ നാടകങ്ങൾ, (20) പാണ്ഡവോദയം, (21) സാവിത്രീമാഹാത്മ്യം, (22) വഞ്ചീശവംശം, (23) ഗോശ്രീശാദിത്യചരിതം എന്നീ മഹാകാവ്യങ്ങൾ, (24) മലയാംകൊല്ലം കാവ്യം, (25) രുക്മിണീസ്വയംവരം കാവ്യം (മധ്യോത്തരഭാഗം), (26) ഷഷ്ടിപൂർത്തിഡർബാർ (മദിരാശിയിൽവച്ചു തീപ്പെട്ട കൊച്ചി മഹാരാജാവിനെപ്പറ്റി), (27) ദേവീമാഹാത്മ്യം (വൃത്താനുവൃത്തവിവർത്തനം), (28) സുന്ദരകാണ്ഡം തുള്ളൽ, (29) ഷഷ്ടിപൂർത്തി ശീതങ്കൻ തുള്ളൽ (പിന്നീടു വാഴ്ച യൊഴിഞ്ഞ കൊച്ചി മഹാരാജാവിനെപ്പറ്റി), (30) ഭദ്രോൽപത്തി, (31) ലക്ഷ്മീസ്വയംവരം, (32) രാമാശ്വമേധം എന്നീ കിളിപ്പാട്ടുകൾ, (33) ശ്രീമഹാഭാഗവതം ഗാഥ, (34) കാന്തവൃത്തം, (35) മലയാള്ശബ്ദശാസ്ത്രം (പ്രഥമഭാഗം), (36) അലങ്കാരമാല, (37) ബാലോപദേശം, (38) ഭാഷാബൃഹത്സംഹിത, (39) വിദ്യാകലാവിവരണം, (40) ശ്രീകരുംബസ്തവം ശ്രുതിഗീത (അവിദ്യാസംഹാരം) തുടങ്ങിയ അസംഖ്യം സ്തോത്രങ്ങൾ ഇവയാണു് കൊച്ചുണ്ണിത്തമ്പുരാന്റെ ഗണനീയങ്ങളായ പദ്യകൃതികൾ.



ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - കേരളസാഹിത്യചരിത്രം
(അദ്ധ്യായം 49.1)