രസികരഞ്ജിനി
കൊ.വ. 1079 ധനു
(ഗുണദോഷം - ഗുണസാമാന്യത്തിനുള്ള ദോഷം)
കാരുണ്യത്തിൻവിപക്ഷം കഠിനജനമഹോപദ്രവത്തിന്റെപക്ഷം
സാരംചേരും വിവേകാമൃതകരനെ നശിപ്പിക്കുവാൻ കൃഷ്ണപക്ഷം
ആരിൽ ചേരുന്നുവായാൾക്കധികമപനയം ചേർക്കുവാൻ നല്ലുദക്ഷം
പാരാതീമട്ടിലാകും മദമൊടു സമമായ് ഹന്ത മറ്റെന്തു ദോഷം
ആനന്ദം കണ്ണുകൾക്കേകിയുമിഹ വിതറും ചന്തവും ഹന്ത ഭാഷാ
ജ്ഞാനത്തിന്നും പണിക്കൊക്കെയുമതി വിരുതും ശക്തിയും വ്യക്തമായി
ആനേ! ചേരുന്നിതേറ്റം തവ ഗുണമിനിയുമുണ്ടെങ്കിലും ഹാ മദാന്ധ്യ
സ്ഥാനത്തെത്തും ഭവാനെപ്പൊടുപൊടെവെടിവെക്കാതിരിക്കാൻ ഞെരുക്കം.
ശൌര്യത്തിന്നാദിബീജം ജഗതിമുതലെടുപ്പിന്നഹോ മുഖ്യമൂലം
വീര്യംചേരുംമരുന്നാണഖിലജനമഹാഹൃദ്യമേമദ്യമേ! നീ
ആര്യശ്രീസൽഗുണൌഘം പലതുമിനിയുമുണ്ടെങ്കിലുംവർജ്യമല്ലോ
കാര്യാകാര്യപ്രബോധംകളയുമൊരുമദംനൽകയാൽനല്ലവർക്ക്.
പൊന്നേകീടാത്തതാർക്കാണതിമദമധികാരങ്ങൾ ചേർക്കാത്തതാർക്കാ
ണെന്നോർത്താൽനല്ലതെല്ലാമിതുപടിഞാൻതന്നെയെന്തിൽപ്പിഴച്ചു
എന്നുള്ളീമദ്യചോദ്യത്തിനുമറുവടിയെന്തെന്നു ചിന്തിച്ചുചിന്തി
ച്ചൊന്നുംതോന്നീലിനിക്കോർക്കുക ബുധവരരേ! നിങ്ങൾനിഷ്ക്കർഷയോടെ
ദൂരത്തിന്നിങ്ങെടുത്തീടുകഗുണമഖിലം ദോഷമായുള്ളതെല്ലാം
ചാരത്തിന്നങ്ങുനീക്കിടുകബുധവിധിയീമട്ടിലായിരിക്കെ
പാരം ദോഷംചമച്ചങ്ങിനെ ഗുണമുടിയിൽ തുള്ളിടും നിയ്യുമൂലം
സ്വൈരക്കേടേറ്റമുണ്ടീയ്യുലകിനുമദമേദുർഘടംദുർഘടം താൻ.