ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു.
അവതരണമെന്ന ഒന്നാംപാദം
എങ്കിലോ പണ്ടു ദുഗ്ദ്ധസമുദ്രം കടയുമ്പോ-
ളങ്കുരിച്ചോരു കാളകൂടമാം മഹാവിഷം.
ശങ്കരൻ വൃഷഭാങ്കൻ ശശാങ്കധരൻ ദേവൻ
ശങ്കകൂടാതെ വേഗാൽ പാനം ചെയ്തനന്തരം.
സങ്കടമെല്ലാം തീര്‍ന്നു പിന്നെയും ദേവാസുര-
സംഘങ്ങൾ പാലാഴിയേക്കടഞ്ഞു തുടങ്ങിനാർ.
വൻകടകോലാം മഹാപര്വ്വതക്ഷോഭത്തിനാൽ
ഝങ്കാരത്തോടു കടലിളകീ വല്ലാതഹോ.
അന്നേരം പാലാഴിയിൽ നിന്നുടനുളവായി
വന്നു സൽ ഗുണമുള്ള സുരഭി കാമധേനു.
കുന്ദവും സ്ഫടികവുമിന്ദുവും മുത്തുവുംവന്നു
വന്ദിച്ചു വാഴ്ത്തുന്നോരു ധവളപ്രകാശവും.
ചാമരം പോലെബഹു രോമങ്ങളിടതിങ്ങി-
ബ്ഭൂമിയിൽത്തൊടുംവിധം നീണ്ടുനേര്ക്കുള്ള വാലും.
കേമമായ്ച്ചുരക്കയാൽത്തടിച്ചു നീണ്ടു ദുഗ്ദ്ധം
ക്ഷാമമെന്നിയേ വര്‍ഷിക്കുന്ന നാൽ മുലകളും.
കുടമൊത്തകിടിന്റെ ഭാരത്താൽ മന്ദമായ
നടയും തമ്മിൽ ചേർന്നു മിന്നുന്ന ഖുരങ്ങളും.
വടിവോടതിഭംഗി കലന്ന ശൃംഗങ്ങളു-
മുടലിൽപ്പറ്റിനില്ക്കും സുസ്നിഗ്ദ്ധരോമങ്ങളും.
തുംഗമായേറ്റംവലുതാകിയ പിൻഭാഗവും
മംഗള സ്നിഗ്ദ്ധമുദ്ധ ഗംഭീരഭാങ്കാരവും.
ഭംഗിയുള്ളഖിലാംഗോപാംഗവും സര്‍വ്വകാമം
ഭംഗം വിട്ടേകാനുള്ളോരത്ഭുതപ്രഭാവവും.
ക്രൌര്യമുള്ളന്യസത്വവിജയത്തിന്നു വേണ്ടും
ശൊര്യവിക്രമങ്ങളും മൃദുല സുശീലവും.
ധൈര്യവും മഹാദിവ്യജ്ഞാനവുമിണങ്ങീടു-
മാര്യയാം സുരഭിയേക്കണ്ടുടൻ മഹര്‍ഷികൾ.
സാദ്ധ്വിയാമിവൾ ഞങ്ങൾക്കല്ല്വരത്തിന്നുവേണ്ടും-
മേദ്ധ്യമാം ഹവിസ്സീന്നു വേണമെന്നിപ്രകാരം
ബദ്ധകൌതുകം ചെന്നാപ്പയ്യിനെബ്ബഹുതപ-
സ്സിദ്ധന്മാരവർ മോദാൽപ്പിടിച്ചു കൊണ്ടുപോയി.
നിശ്ശേഷദേവാസുര നാഥന്മാരേറ്റംതമ്മിൽ
വിശ്വാസത്തോടുകടൽ പിന്നെയും കടയുമ്പോൾ.
വിശ്വത്തിലുച്ചൈഃശ്രവസ്സെന്നേറെ പ്രസിദ്ധനാ-
മശ്വേന്ദ്രനതിൽ നിന്നിട്ടുണ്ടായി മഹാത്ഭുതം.
തുംഗനയീടുന്നോരത്തുരംഗപുംഗവൻത-
ന്നംഗോപാംഗങ്ങളെല്ലാം സൂക്ഷിച്ചുനോക്കുന്നാകിൽ.
ഭംഗിയിലുഴിഞ്ഞഴിഞ്ഞീശ്വരൻ മനസ്സുവെ-
ച്ചങ്ങിനെ സൃഷ്ടിച്ചവയാണെന്നേവനും തോന്നും.
പക്ഷികൾക്കധിപനും പവമാനനുംവേഗ-
ശിക്ഷയ്ക്കുാ ഹയേന്ദ്രന്റെ ശിഷ്യന്മാരായീടേണം.
ലക്ഷമോ പരാര്ദ്ധമോ യോജനയോടുന്തോറു-
മക്ഷീണബലാലവന്നറകേയുള്ളൂ വേഗം.
അക്ഷികൾക്കതിസുഖം കൊടുക്കും ധാവള്യത്താൽ
നക്ഷത്രനാഥന്നവൻ നാണത്തെ നല്ലീടിനാൻ.
ലക്ഷണപ്പിഴയൊന്നുമില്ലെന്നു പോരാശുഭ-
ലക്ഷണം സമസ്തമാ വാജിയിൽപ്പരിപൂർണ്ണം.
വിഗ്രഹശാലി ബലിയവനേക്കണ്ടു ശത്രു-
നിഗ്രഹാദിക്കുകൊള്ളാമീ ഹയമെന്നിങ്ങിനേ.
ആഗ്രഹിച്ചടുത്തുപോൽദ്ദേവേന്ദ്രൻ തൽക്കാലം ത-
ന്നാഗ്രഹമൊതുക്കിനാ നീശ്വരശിക്ഷമൂലം.
കാലം പിന്നെയുമല്പം നന്നായിദ്ദേവാസുര-
ജാലമാക്ഷീരംബ്ധിയെമഥനം ചെയ്തശേഷം.
കൈലാസമഹാശൈലമെന്തിപ്പോളുണ്ടാകുവാൻ
പാലാഴിതന്നിൽനിന്നെന്നേവരും വിചാരിച്ചു.
ആലോചിച്ചേവംലോകം നില്ക്കുമ്പോളൈരാവരതം
സ്ഥൂലമാം തുമ്പിക്കയ്യിൽ പാലുധാരാളംകോരി.
ലീലയോടതുതന്റെ മെയ്യിലൊക്കെയുമൊഴി-
ച്ചാലോലകോലാഹലമലറിക്കളിയാടി
തടഞ്ഞീടാതെമഹം ധാരാളമായിക്കട-
തടങ്ങൾ തന്നിൽ നിന്നിട്ടൊലിക്കും മദത്തിന്റെ.
കടുത്ത പരിമളമേറ്റവുമണകയാൽ
തടത്തിൽ നില്ക്കുന്നവരൊക്കയും പ്രസാദിച്ചു.
കല്ലോലജാലങ്ങളിൽത്തുമ്പിക്കെകൊണ്ടുഭംഗ്യാ
തല്ലിയും തകർത്തും കൈ വീശിയുമലറിയും.
ഉല്ലാസാൽ മുഴുകിയും വിദ്രുമക്കൊടികളേ-
ത്തല്ലെന്യേ കുത്തിപ്പൊക്കിയെറിഞ്ഞും നുറുക്കിയും.
വല്ലാതെവളർന്നീടും മദത്താൽപ്പലതരം
സല്ലീലയാടീടുമനോൽക്കൊമ്പനാനതന്റെ.
കല്യാണമനോഹര ഗംഭീരശ്രീഭംഗിയേ
മെല്ലെന്നു കണ്ടു കണ്ടങ്ങെല്ലാരും കൊണ്ടാടിനാർ.
പ്രഥിതക്ഷീരാബ്ധിയിൽബ്ഭ്രമിച്ചു കൊണ്ടു ശൈല-
പൃഥുല ശരീരനാമഗ്ഗജം കുളിക്കുമ്പോൾ.
മഥനം രണ്ടുദിക്കിലുണ്ടിപ്പോളെന്നു മധു-
മഥനൻ നടിച്ചൊന്നു പുഞ്ചിരിയിട്ടീടിനാൻ.
വമ്പനാം മഹാബലി ദാനവകുലേന്ദ്രനാ-
ക്കൊമ്പനായേച്ചെന്നു കയ്ക്കലാക്കിനാൻ ജവാൽ.
ഉമ്പർകോനതുനേരം മുമ്പിലേപ്പോലെതന്നെ
കമ്പമെന്നിയേതന്റെ കാമമങ്ങൊതുക്കിനാൻ.
മന്ദതപൂണ്ടീടാതെ പിന്നെയും ദേവാസുര-
വൃന്ദങ്ങളൊത്തു ചെന്നു കടഞ്ഞു പാലാഴിയെ.
മന്ദരഘട്ടനത്താൽ ബഹുലയാദോഗണ-
തുന്ദിലദേഹം പൊട്ടിശ്ശോണിതം പ്രവഹിച്ചോ.
ക്ഷീരബബ്ധിമുഴുവനും ചുവപ്പാനിപ്പോളെന്തു-
കാരണമെന്നോരോന്നു പലരും ശങ്കിയ്ക്കുമ്പോൾ.
ചാരുബാലാര്ക്ക കോടി സഹസ്രപ്രഭയുള്ള
സാരമായോരുരത്നം കൌസ്തുഭമുണ്ടായ്വന്നു
ചണ്ഡാംശു കോടിതുല്യ കൌസ്തുഭത്തിങ്കൽ നിന്നി-
ട്ടെണ്ണമെന്നിയേ പുറപ്പെട്ടീടും പ്രഭകളിൽ.
വിണ്ണവര്ക്കെല്ലാവര്ക്കും ദാനവന്മാര്‍ക്കു മൊട്ടും
കണ്ണുകൾ തുറപ്പാനും ശക്തിയില്ലാതെയായി.
അന്നേരം ദേവദേവനാകിയ വാസുദേവൻ
നിന്നീടിതടുത്തു ചെന്നെടുത്തു മഹാരത്നം.
തന്നുടെമഹാഭംഗികലരും വക്ഷസ്ഥലം
തന്നിലാമ്മാറുചേര്ത്തു ചാര്ത്തിനാൻ നാരായണൻ.
കുണ്ഠതപൂണ്ടീടാതെ പിന്നെയും മന്ദരാളി-
കൊണ്ടവർ പാലാഴിയേക്കടഞ്ഞാരക്കാലത്തിൽ.
മന്ദാരം പാരിജാതം കല്പകവൃക്ഷം ഹരി-
ചന്ദനം സന്താനമെന്നീവണ്ണം സുപ്രസിദ്ധം.
കന്ദാരവിന്ദജാതി പ്രമുഖസുമങ്ങൾക്കു
മന്ദാക്ഷമുണ്ടാക്കുന്ന പൂക്കളാൽ മൂടിക്കൊണ്ടും.
പൂങ്കുലപറിക്കുവാനൊരുമിച്ചേറ്റംദിവ്യ-
മങ്കമാർ കരങ്ങളേത്തിരക്കി വെക്കുന്നുവോ.
ശങ്കയീവണ്ണം നല്‍കും മൃദുലകിസലയ-
സംഘത്താൽപ്പലപക്ഷി സഞ്ചയമാകര്ഷിച്ചും.
മധുരബഹുഫലഭാരത്തെച്ചുമക്കുവാ-
നധുനാവയ്യാഞ്ഞിട്ടു പിടിച്ചു നിന്നീടുന്ന.
അധികംവടികളേപ്പോലെ പെയ്യുന്ന പുഷ്പ-
മധുധാരകളോടുകൂടിയും നിരന്തരം.
എന്തെന്നാകിലുമാരെന്നാകിലും പ്രാത്ഥിക്കുന്ന
തന്തരംകൂടാതപ്പോൾത്താനൊക്കെദ്ദാനം ചെയ്തും.
ചന്തത്തിൽ വിളങ്ങുമാവൃക്ഷസംഘത്തെക്കണ്ടു
സന്തോഷിച്ചിതുസര്വ്വജനവുമൊരുപോലെ.
പിന്നെയുണ്ടായിദുഗ്ദ്ധസിന്ധുവിൽനിന്നു സഹ-
ജന്യമേനകരംഭതൊട്ടുള്ളപ്സരസ്ത്രീകൾ.
പൊന്നും രത്നവുംകൊണ്ടു തീര്ത്തഭൂഷണങ്ങളും
മിന്നുന്നനിറമുള്ള മൃദുലാംബരങ്ങളും.
അന്നവും മത്തഗജപതിയും തൊഴും പദ-
വിന്യാസവിശേഷവും സുന്ദരലീലകളും.
കിന്നരസ്വരംമങ്ങും സംഗീതരീതികളും
കന്നൽക്കൺകടാക്ഷങ്ങൾ കളിക്കും വിലാസവും.
സുന്ദരമന്ദസ്മിത പ്രഭയും സുരാസുര-
വൃന്ദങ്ങൾ കണ്ടറ്റവുമവരിൽക്കാമംപൂണ്ടു.
ധന്യതകൂടുംദേവദൈത്യന്മാർ ദുഗ്ദ്ധാബ്ധിയേ-
പിന്നെയും തെല്ലുകൂടീ മഥനംചെയ്തശേഷം.
ശര്വ്വബ്രഹ്മാദികൾക്കുമാശ്ചയമാകുംവിധം
സർവ്വസൽഗുണങ്ങളുമിണങ്ങും കാലം വന്നു.
സർവ്വലോകത്തിങ്കലും സര്വ്വാനത്ഥവുംതീർന്നു
സര്വ്വലോകത്തിങ്കലും സര്വ്വാത്ഥസിദ്ധിയുണ്ടായ്.
ദാരിദ്ര്യമെന്നുള്ളതു കൂരിരുട്ടാണെന്നാകിൽ
പാരെല്ലാം സൂര്യബിംബമായീതത്സമയത്തിൽ.
ദാരിദ്ര്യമെന്നുള്ളതു ഘോരമാം വ്യാധിയെങ്കിൽ
പാരെല്ലാം ധന്വന്തരിമൂര്ത്തിയായതുകാലം.
സമ്പത്തെന്നുള്ള വസ്തു പീയൂഷമാണെന്നാകിൽ
വമ്പൊത്തധന്വന്തരിമൂര്ത്തിയായുലകപ്പോൾ.
സമ്പത്തെന്നുള്ള വസ്തുവാമ്പലാകുന്നുവെന്നാ-
ലമ്പിളിയായിത്തീര്ന്നു ലോകമക്കാലമെല്ലാം.
അളവില്ലാതെ ശൂകശിംബിധാന്യങ്ങളുടെ
വിളവുണ്ടായിവന്നു ലോകത്തിലക്കാലത്തിൽ.
വളരെ വര്‍ദ്ധിച്ചിതു ഫലങ്ങളഖിലവും
തളിരുംപൂവുകൊണ്ടു നിറഞ്ഞ വൃക്ഷമെല്ലാം.
കനകമാണിക്യാദി ശ്രേഷ്ഠവസ്തുക്കളപ്പോള്
ജനിച്ചു ധാരാളമായ് ധരയില്‍ നിരന്തരം
ധനധാന്യാദിയുടെ സമൃദ്ധികൊണ്ടു സര്‍വ്വ-
ജനവും മഹാനന്ദരസത്തില്ത്തദാമുങ്ങി
തങ്ങൾതങ്ങൾക്കുവേണ്ടും സര്‍വ്വകര്‍മ്മങ്ങളിലും
മങ്ങാതെ ജനങ്ങൾക്കു വളര്‍ന്നു മഹോത്സാഹം.
മംഗളം വര്ദ്ധിയ്ക്കയാല് ഫലത്തെക്കൊടുത്തീടാ-
തെങ്ങുമേ കര്മ്മമൊന്നുപോലുമില്ലാതെയായി.
പാലുധാരാളമായീ പശുക്കൾക്കെല്ലാമതു
കാലത്തിലാനകൾക്കു വളര്‍ന്നു മദമേറ്റം.
നാലുവേദങ്ങളുപവേദങ്ങൾ മഹാശാസ്ത്ര-
ജാലങ്ങളിവവിപ്രന്മാര്ക്കെല്ലാം തികവായി
ക്ഷത്രിയക്കെല്ലാംവീര്യശൌര്യധൈര്യാദിഗുണ-
മത്രയുമതുകാലമെത്രയും സമ്പൂര്‍ണ്ണമായ്
ചിത്രമീവണ്ണംതന്നെ വൈശ്യശൂദ്രാദിജാതി-
യ്ക്കൊത്തുചേരേണ്ടുംഗുണം സര്വ്വവുമുളവായി.
സന്ധിയെന്നുള്ളഗുണം പ്രാണികളെല്ലാറ്റിലും
ബന്ധുരമാകുംവണ്ണം സന്ധിച്ചു ദൃഢമായി.
ദന്തിപഞ്ചാസ്യപശുവ്യാഘ്രാഹി നകുലാദി-
ജന്തുക്കൾക്കുള്ള ജാതിവൈരവും വേരോടറ്റു.
ശൃംഗാരവീരാത്ഭുതരസങ്ങൾ ജഗത്തിങ്കൽ
മംഗളമാകുംവിധമെങ്ങുമേ വിളയാടി.
ഭംഗമായ്വന്നൂ ഭയബീഭത്സരൌദ്രങ്ങൾക്കു
ഭംഗിയിലഭ്യസിച്ച ഭരതന്മാരിലെന്യേ.
കള്ളമെന്നിയേ സര്വ്വപ്രാണിവർഗ്ഗത്തിന്റേയു-
മുള്ളേറ്റം പ്രസന്നമായ് ദിക്കുകളോടുകൂടി.
വെള്ളത്തിൻപ്രസാദത്താൽപ്പുഴകൾതൊട്ടുള്ളതി-
ന്നുള്ളിലുള്ളോരുവസ്തു സമസ്തം കാണാറായി.
പുണ്യമാം മന്ദാകിനീജലത്തിൻ ഗുണമെല്ലാം
മണ്ഡൂകസരസത്തിൽക്കൂടിയുമപ്പോളുണ്ടായ്.
കണ്ണിനാനന്ദമുണ്ടാമ്പടിയ്ക്കു ഹംസാദിയാ-
മണ്ഡജങ്ങളാലേറ്റം നിറഞ്ഞു തടാകങ്ങൾ.
കഞ്ജാദിമധുപാനമത്തഷൾപ്പദകുല-
മഞ്ജുനാദങ്ങൾകൊണ്ടു മുഴങ്ങിപത്തുദിക്കും.
രഞ്ജിതമായി പാരിലഖിലഘ്രാണേന്ദ്രിയ-
മഞ്ജസാ സരസിജ സൌരഭ്യപ്രവാഹത്താൽ.
ശിഖകൾകൊണ്ടു വലംവെച്ചുചുറ്റിക്കൊണ്ടേറ്റം
ശിഖികളുജ്വലിച്ചു പ്രസന്നപ്രഭയോടേ.
സഖിത്വം വഹ്നിയ്ക്കേകുമനിലനതുകാലം
സുഖമായീടും വിധം ചരിച്ചു ജഗത്തിങ്കൽ.
ആര്യമാമുച്ചബലം മുതലാംബലമെല്ലാം
സൂര്യാദിഗ്രഹങ്ങൾക്കു സമ്പൂര്ണ്ണമായിവന്നു.
ക്രൌര്യാദി ദോഷമൊന്നും കൂടാതെ മഹാഗുണ-
സ്ഥൈര്യത്തോടൊത്തുചേര്ന്നു ശകുനാദികളെല്ലാം.
ദ്രവ്യങ്ങളെല്ലാമതുകാലത്തിലതിമാത്രം
ഭവ്യങ്ങളായിവന്നുസൽഗ്ഗുണോൽക്കര്ഷത്തിനാൽ.
ഇവ്വണ്ണം ജഗത്തെല്ലാം മംഗളമയമായി-
ച്ചൊവ്വോടേ വിളയാടി വിളങ്ങീ പാരമപ്പോൾ.
അവ്യാജശുഭമയമായോരക്കാലം കണ്ടു
ദിവ്യന്മാരെന്താണിതെന്നാശ്ചര്യാന്ധന്മാരായി.
സര്വ്വജ്ഞഭഗവാനും ബ്രഹ്മനും ഹരിയുടെ
സർവ്വമംഗളാകാരം നോക്കിപ്പുഞ്ചിരിയിട്ടാർ.
ജ്ഞാനമേറീടും ഹരബ്രഹ്മദര്ശനകാലേ
ദാനവാരാതിയ്ക്കുണ്ടായിളക്കം ദക്ഷിണാംഗേ.
സാനന്ദമന്ദസ്മിതമധുരതമശ്രീമ-
ദാനനമൊന്നുമന്ദം താണുപോയ് ഭഗവാന്റെ.
ജനങ്ങൾക്കത്യാശ്ചര്യമാംവിധം ദുഗ്ദ്ധാര്ണ്ണവം
കനകദ്രവാര്ണ്ണവമായീ തത്സമയത്തിൽ.
കനകപ്പൊടിയായീ തെറിയ്ക്കും പാൽത്തുള്ളികൾ
കനകാദ്രിയായ്വന്നു മന്ദരമഹാചലം.
എന്നല്ല ജഗത്തൊക്കെസ്സുവര്ണ്ണമയമായി
വന്നപ്പോളൊരു രൂപം കാണായി മഹാത്ഭുതം.
നന്ദിയിൽ ബ്രഹ്മാനന്ദം മന്ദിയ്ക്കുന്നോരു മഹാ-
നന്ദസര്വ്വസ്വമയം വിശുദ്ധജ്ഞാനമയം.
മങ്ങലെന്നിയേ തിങ്ങിവിങ്ങിക്കൊണ്ടൊടുങ്ങീടാ-
തെങ്ങുമേ വിളങ്ങീടും നിശ്ശേഷസമ്പന്മയം.
മംഗളസാരമയം മാധുര്യസാരമയം
ഭംഗംകൂടാതെ മിന്നും സൌന്ദര്യസാരമയം.
സാരമായീടുന്നോരു ദാക്ഷിണ്യഗുണമയം
താരുണ്യസാരമയം ലാവണ്യസാരമയം.
ചാരുവിസ്മയകരാലങ്കാരവേഷമയം
ശാരദശശധരനിര്മ്മലയശോമയം.
കാരുണ്യസാരമയമൌദാര്യസാരമയം
സാരമാം സത്യമയം നിശ്ശേഷവിദ്യാമയം.
സാരസ്യസാരമയം വിലാസലീലാമയം
പാരീരേഴിലും തിങ്ങിവിളങ്ങും തേജോമയം.
കല്യാണാനന്തഗുണമയമായുള്ള രൂപം
ചൊല്ലേറും ക്ഷീരാബ്ധിയിൽ നിന്നുദിച്ചുയർന്നപ്പോൾ.
വല്ലാതെ വായ്ക്കുമാനന്ദഃത്ഭുതരസങ്ങൾകൊ-
ണ്ടെല്ലാരുമൊരുപോലെ വിവശന്മാരായ്ത്തീർന്നു.
എന്തൊരു സൌന്ദര്യമാണെന്തൊരു ലാവണ്യമാ-
ണെന്തൊരു വിലാസമാണെന്നോരോന്നോര്ത്തര്ത്തേറ്റം
ചന്തത്തിൽ മര്ത്ത്യാമര്ത്ത്യദൈത്യാദിസര്വ്വന്മാരു-
മന്തരംഗത്തിലൊതുങ്ങീടാതാഗ്രഹം പൂണ്ടാർ.
ചേലൊത്ത കാളിന്ദിയാണെന്നു തോന്നീടും വേണീ-
ജാലന്തൊട്ടിങുഖണ്ഡതുല്യാംഘ്രിനഖംവരെ.
ബാലചന്ദ്രാലങ്കാരൻ ശ്രീഗംഗാധരൻ കണ്ടു
ചാലവേ ശീലംചേര്ന്ന രൂപത്തെക്കൊണ്ടാടിനാൻ.
ചട്ടറ്റ സരസിജശങ്കനല്കീടും മുഖം
പട്ടടീകരം മുതലംഗോപാംഗങ്ങളെല്ലാം.
ഒട്ടുമേ കോട്ടംകൂടാതൊത്തോരാസ്വരൂപത്തെ
സ്രഷ്ടാവാം പത്മാസനൻ കണ്ടു കൌതുകം പൂണ്ടു.
കനകാചലത്തേക്കാൾ ഗുണങ്ങളിണങ്ങീടും
സ്തനഭാരവും സുധാമധുരാധരോഷ്ഠവും.
മനഞ്ചേര്ന്നീടും വിധമൊത്തോരാരൂപം ദിതി-
ദനുനന്ദനകുലം കുതുകംപൂണ്ടു കണ്ടു.
നോക്കുന്ന ലോകങ്ങളെസ്സമസ്തം രക്തമാക്കി-
ത്തീര്ക്കുമാച്ചാരുരൂപം രാക്ഷസയക്ഷാദികൾ.
വായ്ക്കുന്ന രസത്തോടെ കണ്ടുടൻ കളിയാടീ
ചീര്‍ക്കുന്ന കൊതൂഹലലോലകല്ലോലങ്ങളിൽ.
കാണുന്ന ജനങ്ങളെസ്സര്വ്വമുടൻതന്നെ
ചേണാര്‍ന്ന രാഗത്തോടെ ബഹുലരസങ്ങളിൽ.
ക്ഷീണമെന്നിയേ കൂത്താടിയ്ക്കുമാരൂപം കണ്ടു
വീണുടൻ കൌതുകാബ്ധൌ താണുപോയ് ഗന്ധർവ്വന്മാർ
മംഗളമായീടുന്ന മംഗളം സമസ്തവും
ഭംഗമെന്നിയേവന്നു തിരക്കിസ്സേവിയ്ക്കുന്ന
അംഗങ്ങൾ വിളങ്ങുമാരൂപം കണ്ടിച്ഛപൂണ്ടാർ
സംഗഹീനന്മാരായ മഹര്‍ഷി സിദ്ധാദികൾ.
വമ്പിച്ച കൃപയോടെ ധനധാന്യാദി സര്‍വ്വ-
സമ്പത്തും മറ്റുവേണ്ടും സമസ്തഗുണങ്ങളും.
ഇത്തരമെടുത്തോരോ ജാതികളിച്ഛിച്ചതു
വിസ്മരിച്ചുരയ്ക്കുകിലവസാനിയ്ക്കില്ലേതും.
ഉത്തമഗുണമയമായോരാരൂപം കണ്ടി-
ട്ടുത്തുംഗകാമുണ്ടാവാതെയില്ലെങ്ങുമൊന്നും.
ഇങ്ങിനെ സർവ്വലോകസര്വ്വസ്വമാകര്ഷിച്ചു
തിങ്ങിന ഭംഗിപുണ്ടു വിളങ്ങുമാരൂപത്തെ.
മംഗലമായിക്കണ്ടിട്ടച്യുതൻ രക്ഷാകരൻ
തുംഗമാം കാമമാത്മാരാമനാകിലും പൂണ്ടാൻ.
തിങ്ങിന മാഹാത്മ്യങ്ങളിങ്ങിനെയുള്ള രൂപ-
മെങ്ങിനെ വര്‍ണ്ണിപ്പൂ ഞാനയ്യയ്യോ മഹാജളൻ.
എങ്ങിനേ വര്ണ്ണിക്കിലുമുള്ളൊരപ്ഫലം കണ്ടി-
ട്ടെങ്ങിനവര്ണ്ണിച്ചീടാതങ്ങിനെയിരിപ്പുഞാൻ.
അംഭോധിപത്നിയായ കാളിന്ദി തനിക്കുള്ളോ-
രംഭസ്സിൻ സാരമെല്ലാമെടുത്തിട്ടതുകൊണ്ടു.
അംഭോധിപുത്രിതന്റെ വരാംഗമണിയിച്ചാ-
കൂമ്പോടെന്നേവം തോന്നുമാദ്ദേവീകചം കണ്ടാൽ
സാരമാം സമ്പത്തുകൾ സമസ്ത സദാ വാരി-
ക്കോരിവര്ഷിച്ചീടുന്നോരീശ്വരീ ...ത്തിന്നും
വാരി, വര്ഷാകാലത്തിൽദ്ധാന്യവൃദ്ധിക്കു ചെയ്യും
വാരിദത്തിന്നുമള്ളാരന്തരത്തിന്നില്ലന്തം.
ബാലഭാവം പൂണ്ടുതാൻ ചെയ്ത കുററങ്ങളെല്ലാം
മാലെന്യേ ക്ഷമിപ്പിപ്പാനായിട്ടു മൃഗധരൻ.
ചാലേ കാഴ്ചയായ്വെച്ചു നന്മൃഗമദം ദേവീ-
ഫാലത്തിൽ പ്രകാശിച്ചു കാണുന്നു തിലകമായ്.
സല്ലീലാവിലാസം പൂണ്ടിളകീടുന്ന ദേവീ-
ചില്ലീയുഗ്മത്തിൽ നിന്നിട്ടത്ഭുതമൊടുങ്ങാതെ.
കല്യാണമയ മഹാഫലങ്ങൾ ധാരാളമായ്
സല്ലോകങ്ങളിലെല്ലാം വീഴുന്നു നിരന്തരം.
മംഗളഭംഗിതിങ്ങുംദേവിതൻഭൂക്കളോടായ്
സംഗരം ചെയ്ത ചെറുതരംഗാവലിക്കെല്ലാം.
ഭംഗമേറ്റവുമുണ്ടായ് വന്നതു കാരണത്താൽ
ഭംഗമെന്നുള്ള നാമം സ്ഥിരമായിട്ടുവന്നു.
വനത്തെസ്സഭാകാലമാശ്രയിച്ചിരുന്നീടും
മനോജ്ഞാകാരങ്ങളാം ഹരിണാംബുജങ്ങളിൽ.
കനക്കും ദ്വേഷത്താലദ്ദേവീലോചനദ്വന്ദ്വം
കനിഞ്ഞു കൊണ്ടു നിത്യമവനം ചെയ്തീടുന്നു.
സുന്ദര ദേവീകടാക്ഷങ്ങളാണെന്നീവണ്ണ-
മിന്ദ്രൻ നിശ്ചയിച്ചുടൻ നീലരത്നത്തെയെല്ലാം.
മന്ദമറ്റൊരു കാമാൽ കൈക്കൊണ്ടാനതുമൂല-
മിന്ദ്രനീലക്കല്ലെന്നു പേരതിന്നുളവായി.
പൂമാതാം ദേവിതന്റെ വദനമദ്ധ്യേ മിന്നും
ശ്രീമന്നാസികയുടെ ബന്ധുവായ്ച്ചമാകയാൽ.
താമരപ്പൂച്ചിൻമദ്ധ്യ വിളങ്ങും വരടേകം
ശ്രീമഹാഭാഗ്യം പൂണ്ടു ബീജകോശമായ്ക്കുന്നു.
ഗണ്യമല്ലാതുള്ളോരു ലാവണ്യം ചേരും ദേവീ-
ഗണ്ഡമണ്ഡലംകണ്ടു വായിച്ച ഭയത്തിനാൽ.
കണ്ണാടി മുകുരത്തിന്നെന്നതു കാരണത്താൽ
കണ്ണാടിയെന്നുള്ള പേരുളവായിവിടത്തിൽ
വര്‍ണ്ണം നന്നെന്നാകിലും സ്വര്‍ണ്ണവും മാണിക്യവു-
മണ്ണവപുത്രിതന്റെ വണ്ണ്യശ്രീ കര്‍ണ്ണങ്ങളെ.
തിണ്ണമൊന്നലങ്കരിച്ചീടുവാൻ മുതിര്‍ന്നപ്പോൾ
കുണ്ഡലങ്ങളിൽപ്പെട്ടു നൈഷ്ഫല്യം ഭവിക്കയാൽ.
ചാരുതൽക്കടാക്ഷമൊന്നാണല്ലോ ജയസമ്പൽ-
ക്കാരണം ത്വൽപ്രസാദമക്കടാക്ഷത്തിൻമൂലം.
പാരംനിൻ പ്രസാദാര്ത്ഥം താവകകര്ണ്ണങ്ങളിൽ
ഭൂരിശ്രീ സ്തോത്രാമൃതം ചെയ്യുന്നു കവീന്ദ്രന്മാർ.
ധന്യത്വം കൂടും കാളിദാസാദി സ്തോത്രങ്ങൾക്കു
മന്യൂനാചാര്യ വ്യാസവാന്മീകിസ്തോത്രങ്ങൾക്കും.
എന്നല്ല നിരൂപിച്ചാൽ നിശ്ശേഷശ്രുതികൾക്കു-
മൊന്നല്ലൊ ഫലം ദേവീശ്രവണപ്രസാദനം.
സിന്ധുകന്യകാധരമാത്സര്യ മഹാദോഷാൽ
സന്ധ്യകൾക്കായുസ്സേറ്റം കുറഞ്ഞ, തൊണ്ടിപ്പഴം
ഹന്ത തത്തകൾ കൊത്തിപ്പൊളിച്ചു നുറുക്കുന്നു
കാന്തമാർ കാലിൽതേച്ചു ലാക്ഷയെച്ചവിട്ടുന്നു.
നല്ല നീതിയിൽദ്ധര്മ്മം ചെയ്തീടും ജനങ്ങളി-
ലെല്ലാം ചേര്‍ന്നീടും മഹാപ്രസാദമൊതുങ്ങാതെ.
മെല്ലെന്നു മുഖത്തുടെ പുറത്തുവരുന്നപോ-
ലുല്ലസിക്കുന്നു ദേവീസുന്ദരമന്ദസ്മിതം.
ഉത്തമദേവീദന്തമാത്സര്യമഹാദോഷം
ചിത്തത്തിലൊത്തമുത്തിന്നത്യാപത്തെത്തീടുന്നു.
കുത്തിയുള്ളൊക്കെത്തുരന്നെടുത്തു കളഞ്ഞങ്ങു
സത്തായസൂത്രംകൊണ്ടു മുറുക്കിക്കെട്ടീടുന്നു.
ദേവിതൻ മനോഹരം ശ്രീകരം ജിഹ്വാകാരം
കേവലവിദ്യാമയമായിക്കണ്ടതിൽക്കാമാൽ.
മേവുന്ന സരസ്വതീസ്വരൂപം വിദ്യാമായ
മായ്വന്നു സംസര്ഗ്ഗകൊണ്ടുണ്ടാവാതെന്തോന്നുള്ളു.
നിത്യസര്മ്പൂണ്ണപ്രഭം കളങ്കവിരഹിത-
മെത്രയും ഗുണാകരം ദേവിതൻ തിരുമുഖം.
സത്തറിഞ്ഞീടും കവിവര്യന്മാർ കണ്ടാലോചി-
ച്ചത്രചന്ദ്രന്നു ദോഷാകരനെന്നിട്ടു നാമം.
മംഗളമയമായ ദേവിതൻ കണ്ഠത്തിന്റെ
ഭംഗിയൊട്ടുണ്ടാകയാൽചേര്ന്നൊരു ഭാഗ്യം മൂലം.
മങ്ങാതെ ശംഖത്തിന്റെ നിനാദം യാത്രാദിയിൽ
മംഗളമനോരഥസിദ്ധിയേ വരുത്തുന്നു.
ചേണെഴും ദേവീകണ്ഠസ്വരം കേട്ടുടൻ സാക്ഷാൽ
വാണീനാരദൻ മുതലായീടുന്നവരുടെ.
പാണിയിൽ വിളങ്ങീടുന്നഞ്ചിത വിപഞ്ചികൾ
വീണതുകൊണ്ടു വീണയെന്നവയ്ക്കുണ്ടായ് നാമം.
കല്പകലതകളേക്കാട്ടിലുമധികമാ-
സ്സൽഫലങ്ങളേ തരും വല്ലികളിവനൂനം.
ഉൾപ്പൂവിലേവം ബോധം ബുധന്മാര്ക്കുണ്ടാക്കുന്നു
നൽപ്പുണ്യകരങ്ങളാം ദേവിതൻ തൃക്കയ്യുകൾ.
കല്പാന്തകാലംവരെദ്ധാരാളം വാരിക്കോരി-
ക്കെല്ലോടുവര്ഷിച്ചാലുമൊടുങ്ങാത്തൊരുവിധം.
സൽപ്പുണ്യസമ്പത്തുകൾ വിളയും ദിവ്യാത്ഭുത-
ച്ചെപ്പുകൾപോലെ ദേവീകുചങ്ങൾ വിളങ്ങുന്നു.
കൊങ്കപ്പന്തുകൾകുത്തിശ്ശേഷിച്ചീടിന മൂന്നു
തങ്കശ്ശാഖകളെന്നപോലെയുമതിന്മദ്ധ്യേ.
തങ്കംനല്ലിന്ദ്രനീലത്തൂശിപോലെയും പൊയ്ത്താർ
മങ്കതൻ ത്രിവലിയും മിന്നുന്നു രോമാളിയും.
ചിന്തിക്കിലിക്കാണുന്നതൊക്കെയും മായയാണെ-
ന്നന്തരംഗത്തിൽഭക്തന്മാര്ക്കെല്ലാം ബോധം നല്കാൻ.
ബന്ധുരമായീടുന്ന മദ്ധ്യാകാശത്തിൽ നാഭീ-
രന്ധ്രകൂപത്തെ ദ്ധരിക്കുന്നു സന്തതം ദേവീ.
അത്യന്തം വിസ്തീര്‍ണ്ണമാം ദേവിതൻ നിതംബത്തെ
നിത്യം തന്നുള്ളിൽപ്പരം പേടിച്ചു നിനയ്ക്കയാൽ.
ഉത്തുംഗഹസ്തീശ്വരമസ്തകാവലിക്കെല്ലാം
മുത്തകത്തുപരമെന്നല്ല സാരൂപ്യമായ്.
തടിക്കും വിപത്തിനാൽ ജനങ്ങൾ തൂകും കണ്ണീർ-
തുടച്ചുങ്കൊണ്ടുവാഴും ദേവിതന്നൂരുക്കൾക്കു
തുടയെന്നായിനാമമുത്തമന്മാര്ക്കുള്ളതി-
ലടച്ചു മറ്റുള്ളോര്‍ക്കു കാമിതമുണ്ടാമല്ലോ.
തണ്ടിന്റെ മൂര്ദ്ധാവിങ്കൽ ജനിച്ച കൈതമൊട്ടു
തണ്ടാരിൽത്തരുണിതൻ ജംഘയായ് വൈരംപൂണ്ടു.
കണ്ടാലുമതുകൊണ്ടങ്ങുണ്ടായ മഹാനര്ത്ഥം
കണ്ടകമദ്ധ്യത്തിലായതിന്നു സദാവാസം.
രാവിന്നീശനെക്കണ്ടാൽ ക്കാന്തിയൊക്കെയുംകൈവി-
ട്ടാവിലഭാവംപൂണ്ടീടുന്നു പത്മങ്ങളെല്ലാം.
ദേവിതൻ പാദപത്മം നഖരനാമത്തോടേ
സേവിക്കും ചന്ദ്രന്മാര്‍ക്കു കാന്തിക്കില്ലവസാനം.
കീര്‍ത്തിക്കും ഗുണങ്ങൾക്കുമാധാരം തന്മാഹാത്മ്യം
കീര്‍ത്തിക്കും ജനങ്ങൾക്കുള്ളാര്ത്തിക്കു മഹൌഷധം.
ഇത്തരമായീടുമാ ശ്രീമഹാലക്ഷ്മീരൂപം
ചിത്താദിസമ്മേന്ദ്രിയപരമാനന്ദമയം.
പീയൂഷമഥനത്തിന്നാഗമിച്ചവരെല്ലാം
മെയ്യിൽക്കൊൾമയിർക്കൊണ്ടുകണ്ടേറ്റം സ്തുതിചെയ്താര്
പെയ്യുന്ന സമ്പന്മയിയാകയാൽ ലക്ഷ്മിയെന്നും
ശ്രീയെന്നും ചൊല്ലിക്കൊണ്ടാട്ടേവിയേച്ചിലർ കൂപ്പി-
പത്മത്തിൽസ്സദാവാസം ചെയ്കയാൽപ്പത്മയെന്നും
പത്മവാസിനിയെന്നും ചൊല്ലിവന്ദിച്ചാർ ചിലർ-
മന്ദമെന്നിയേപരമൈശ്വരമുണ്ടാകയാ-
ലിന്ദിരാദേവിയെന്നു ചൊല്ലിവാഴ്ത്തിനാർ ചിലർ.
ആതങ്കം വിനാലോകം തീര്ത്തുകാക്കയാൽ ലോക-
മാതാവേയെന്നു വിളിച്ചഭിനന്ദിച്ചാർ ചിലർ.
സമസ്തലോകത്തേയും രമിപ്പിച്ചീടുന്നതു
നിമിത്തം രമയെന്നു ചൊല്ലിവന്ദിച്ചാർ ചിലർ.
മംഗളങ്ങൾക്കൊക്കേയുമീശ്വരിയാകമൂലം
മംഗലദേവതയെന്നോതിവാഴ്ത്തിനാർ ചിലർ.
പാലാഴിതന്നിൽ നിന്നിട്ടുത്ഭവിച്ചതുമൂലം
പാലാഴിമങ്കയെന്നു ചൊല്ലിവന്ദിച്ചാർ ചിലർ.
ഇങ്ങിനേകണ്ടു വാഴ്ത്തും സമസ്തലോകങ്ങൾക്കും
തിങ്ങുമാനന്ദാശ്ചര്യ ഭക്തീച്ഛാപ്രവാഹത്തെ.
മങ്ങാതെ ചേർത്തുകൊണ്ടാശ്രീമഹാലക്ഷ്മീദേവി
മംഗലസ്വരൂപിണി ഭംഗിയിൽ വിളങ്ങിനാൾ.
ഇങ്ങിനെ ലക്ഷ്മീസ്വയംവരമെന്ന ജയസ്തോത്രത്തിൽ
അവതരണമെന്ന ഒന്നാംപാദം കഴിഞ്ഞു.
അലങ്കരണമെന്ന രണ്ടാം പാദം
സരസിജോദരസരസവാസിനി
സരസിജോജ്വല കരവിലാസിനി.
കളിയാലേതാനീജ്ജഗൽ സൃഷ്ടിസ്ഥിതി-
പ്രളയകാരിണി മഹാലക്ഷ്മീദേവി.
തെളിഞ്ഞുകൊണ്ടേറdറം വിളങ്ങുന്നകണ്ടു
വിളയും കൌതുകാലിളകിലോകങ്ങൾ.
അധികമാധുjdയനിധിയാംദേവിയേ
വിധിപോലെഘോഷിച്ചഭിഷേകം ചെയ്യാൻ.
സുധാശനസുരമഹര്ഷിസിദ്ധാദി-
പ്രധാനികളെല്ലാമുടൻ തുടങ്ങിനാർ.
സുരപതിജഗത്ത്രയപതി സാക്ഷാൽ-
പുരന്ദരൻദേവൻ പുരുഭക്തിപൂണ്ടു.
പരമവിസ്മയകരമൊരാസനം
കരങ്ങൾകൊണ്ടെടുത്തരികത്തുവെച്ചു.
ഇവിടത്തിലിരുന്നരുളിയാലുമെ-
ന്നവിവേകമെന്യേ നടിച്ചുനിന്നപ്പോൾ.
അവിടത്തിൽനന്നായിരുന്നരുളിനാ_
ളവികലഭക്തിപ്രസന്നയായ്ദേവി.
പുരഹരജടാന്തരവിഹാരിണി
സുരതരംഗിണി, തരണിനന്ദിനി,
ഹരിണലാഞ്ഛനസുതയാം നര്‍മ്മദം,
സരസ്വതിനദി, ശതദ്രു, കാവേരി.
ഉലകിലിന്നിയുമിതുപോലെയുള്ള
വലിയൊരുപുണ്യനദികളൊക്കേയും.
നിലയില്ലാതഴകൊഴുകുംമൂര്ത്തികൾ
കലിതകൌതുകം കലര്ന്നുകൊണ്ടവർ.
കലുഷത്തെത്തന്റെ കണസ്പര്ശങ്കൊണ്ടും
കളയുന്ന പുണ്യസലില പൂരങ്ങൾ.
നലമൊടുനന്നായ് നിറച്ചുള്ള തങ്ക-
കലശങ്ങൾകൊണ്ടങ്ങണഞ്ഞുതൽക്ഷണം.
അതുസമയത്തിലഖിലധാത്രിയാം
ക്ഷിതിഭഗവതി വസുമതീദേവി.
അതിരസവീര്യപ്രഭാവസൌരഭ്യ-
വതികളായിടും വരൌഷധികളെ.
അമര്ത്തിയാലുമങ്ങമരാതത്ഭുതം-
മമര്ത്ത്യവര്യക്കുമുദിച്ചീടും മട്ടിൽ.
സമുദ്രപുത്രിതന്നഭിഷേകത്തിന്നു
സമുചിതമാകും വിധംനിരത്തിനാൾ.
സുരര്ഷിസിദ്ധാദിസ്തുതമാരായീടും
സുരഭിമുമ്പായ സുരുചിരഗോക്കൾ.
പരമപാവനം പ്രകൃത്യാതങ്ങൾക്കു.-
ള്ളൊരുഘൃതാദിപഞ്ചകംതദാ നല്കി.
ജനങ്ങൾക്കാനന്ദം ജനിപ്പിപ്പാനേറ്റ-
മനുകൂലനായുള്ള നിലനാം സഖി.
അനിശമൊത്തു ചെന്നിടും വസന്തമാ-
മനുപമഗുണനൃതുകുലരാജൻ.
നിജസുമരസകിസലയാദിയാൽ
ദ്വിജഗണതൃപ്തി വരുത്തുവാൻ വമ്പൻ.
രജതത്തെക്കാളുമധികം ധാവള്യം
രജനിനായകന്നണയ്ക്കുവാൻദൻ.
അധികസുന്ദരസുമഗണത്തെയും
മധുരമായുള്ള മധുപൂരത്തെയും.
മതികളുര്പ്പിക്കും കിസലയത്തെയു-
മതിധാരാളമായവിടത്തിൽച്ചേര്ത്താൻ
അതുമാത്രമല്ലീബ്ഭുവനത്തിലുള്ളോ-
രതിവിശേഷമാം പദാര്ത്ഥമൊക്കേയും.
അതിനതിൻ പതികളാമവരെല്ലാം
ചിതമാകും വിധമവിടത്തിൽച്ചേര്ത്തു.
രമയ്ക്കഭിഷേകം നടത്തുവാൻവേണ്ടും
സമസ്തവസ്തുവുമണഞ്ഞതുകണ്ടു.
കിമര്‍ത്ഥം താമസം ക്രിയയ്ക്കിനിയെന്നു
സമര്ത്ഥന്മാരയ മുനികൾ ചിന്തിച്ചു.
കലഹത്തിൽക്കൊതി കലരുംമാമുനി,
പുലഹമാമുനി, പുലസ്ത്യമാമുനി,
കലശലായിട്ടു ശപിക്കും മാമുനി,
കലശത്തിൽ നിന്നു ജനിച്ചമാമുനി,
വസിഷ്ഠൻ, കൌശികൻ, കവിസാമ്രാജ്യശ്രീ
വിശിഷ്ടൻ വാല്മീകി, മൃകണ്ഡുനന്ദനൻ,
വിശിഷ്ടന്മാർ മറ്റുള്ളനവധിമുനി
രിഷ്ഠന്മാരവരവിടെ വന്നെത്തി.
ചിലതിൽ ബ്രഹ്മപ്രളയമത്യുഗ്രം
പലതവണയും പരിചിൽക്കണ്ടവർ.
ജലജസംഭവൻ പറകയാൽച്ചില-
രുലകുസൃഷ്ടിക്കാതമര്ന്നിടുന്നവർ.
തപശ്ശക്തികൊണ്ടു ചിലരിത്രൈലോക്യം
ശപിച്ചുഭസ്മമാക്കുവാൻ സമർത്ഥന്മാർ.
അപകടമാര്ക്കുമണയരുതെന്നു
കൃപയോടേതപിച്ചിടുന്നവർ ചിലർ.
ശ്രുതികൾക്കുള്ളര്ത്ഥം പരക്കെ ബോധിപ്പാൻ
സ്മൃതിപുരാണാദി ചമച്ചവർ ചിലർ.
അതിപാപികൾക്കും ക്ഷണത്താലേനല്ല
ഗതിവരുത്തുവാൻ നിപുണന്മാർ ചിലർ.
വിളിച്ചാലക്ഷണം ജഗദീശന്മാരെ
വിളിപ്പുറത്തങ്ങു വരുത്തുന്നോര്‍ ചിലര്‍
കളിച്ചെന്നാകിവുമിവര്ചൊന്നാലതി-
ന്നിളക്കമില്ലെന്നു പ്രസിദ്ധന്മാർ ചിലർ.
തപഃപ്രഭാവാദിഗുണം പലതേവ-
മുപസ്ഥാനം ചെയ്യും മഹാമുനീന്ദ്രന്മാർ.
ഉപനിഷൽ സാരമയമഹാമന്ത്ര-
ജപഹോമാര്ച്ചനാദികൾ തുടങ്ങിനാർ.
മുനിജനങ്ങടെ ജപപ്രഭാവത്താ-
ലനുപമഗുണമിണങ്ങും മന്ത്രങ്ങൾ.
മനഃപ്രസാദംപൂണ്ടവരവരുടെ
തനുക്കളോടു ചേര്ന്നവിടത്തിലെത്തി.
മറകളും നാലായുപമറകളും
മറകൾക്കുള്ളാറുവിശിഷ്ടാംഗങ്ങളും.
അറിവുലോകത്തിൽപ്പറത്തിപ്പാപത്തി-
ന്നറുതിചെയ്യുന്ന മഹാശാസ്ത്രങ്ങളും.
അറുപത്തിനാലു കലാവിദ്യകളും
കുറവുകൂടാതെ നിജദേഹം പൂണ്ടു.
നിറഞ്ഞ ലോകരത്ഭുതാനന്ദാബ്ധിയിൽ-
മറിഞ്ഞുവീഴുമ്മാറവിടത്തിൽ വന്നു.
പ്രണവാദിമന്ത്രം ജപിച്ചുമാമുനി-
ഗണങ്ങൾ ഹോമിക്കും ഹവിസ്സുകളെല്ലാം.
പ്രണയമോടഗ്നി പ്രദക്ഷിണാര്ച്ചിസ്സായ്
ഗുണമ്പൂണ്ടുജ്വലിച്ചുടനെവാങ്ങിനാൻ.
മഹര്ഷിപുംഗവാര്ച്ചനകൊണ്ടു തെളി-
ഞ്ഞഹം പൂർവ്വമെന്നുമഹംപൂര്വ്വമെന്നും.
മഹിതദേവതാഗണങ്ങളൊക്കെയും
വിഹിതകൌതുകമെഴുന്നള്ളീടിനാർ.
സുഭഗമൂര്ത്തിയായിടുമദ്ദേവിത-
ന്നഭിഷേകത്തിന്നു മുഹൂർത്തമായപ്പോൾ.
അഭയം ലോകത്തിലധികമുണ്ടായി
ശുഭമയമായിച്ചമഞ്ഞു സർവ്വവും.
അതുനേരം വിശ്വാവസുചിത്രസേനൻ
മുതലായീടുന്ന സുരഗായകന്മാർ.
ശ്രുതിലയിച്ചേറ്റം സ്വരങ്ങളെപ്പാടി
ശ്രുതിസുഖം നല്ക്കാൻ മഹാസമര്ത്ഥന്മാർ.
അവിടത്തിൽവന്നിട്ടതിഭദ്രമായി-
ട്ടവികലകളസ്വരേണപാടിനാർ.
കവികൾ ദേവിയെ സ്തുതിക്കും സൽകൃതി
കവിയും ഭക്തിയോടധികം പാടിനാർ.
ഗുണങ്കൊണ്ടായവരുടെഗളനാദം
മണിനാദത്തെക്കാൾ മനോഹരമല്ലോ.
പണവഝർജ്ഝരമൃദംഗാഭിവാദ്യ-
ഗണനിനാദങ്ങളിണങ്ങിതൽക്ഷണം.
സുരഗായകന്മാർ സുഖഭക്തികര-
സ്വരങ്ങളേപ്പാടും വിധങ്ങൾകേട്ടിട്ടും.
കരുണാകല്യാണമയിയാം ദേവിതൻ
ചരണാദികേശസ്വരൂപം കണ്ടിട്ടും.
സുരമുനിസിദ്ധാദികളുടെ മന-
സ്സൊരു പോലെയലിഞ്ഞലിഞ്ഞമൃതമായ്.
ഒരുവിധമുള്ളിലൊതുങ്ങാഞ്ഞിട്ടശ്രു-
ഝരവ്യാജാൽപ്പുറത്തൊഴുകിധാരാളം.
ഉടലുമുൾക്കാമ്പും കുളുര്ത്തുപാരമി-
പ്പടിസുമാദികൾ സുഖിച്ചു നില്ക്കുമ്പോൾ
പടഹഗാനാദിക്കനുകൂലം സുര-
നടിമാർ നര്‍ത്തനം തുടങ്ങിഭംഗിയിൽ.
മദിരനേത്രമാർ വിബുധവേശ്യമാർ
മൃദുമൃദുപാടിബ്ബഹുഭക്തിതേടി.
വദനത്തിൽ നവരസംപൂണ്ടുകര-
പദവിലാസങ്ങൾ കലര്ന്നുകൂത്താടി.
മടുമലർമകളുടെയഭിഷേകം
പെടുംമുഹൂർത്തത്തിൽത്തുടര്ന്നൊരാനൃത്തം.
നടപതിയാകും ഹരന്നും കണ്ടപ്പോള-
ളുടനുടനുള്ളിലുളവായത്ഭുതം.
ഒരുവകജനം പരദേവതതൻ
പരമാഭിഷേകമഹോത്സവത്തിങ്കൽ
സുരുചിരനവരസമയമായി-
ച്ചിരതരം ഭക്ത്യാ നടനം ചെയ്യുന്നു.
സരസമായോരീ നടനംകണ്ടുമ-
റ്റൊരുവകജനം ഗുരുഭക്തികൊണ്ടും.
പരമവിസ്മയപ്രമോദങ്ങൾകൊണ്ടും
പരവശമായിട്ടിരുന്നു തൽക്ഷണം.
ജനങ്ങളിൽഭക്തി രസമ്പോലെദേവീ
മനംതന്നിൽ കൃപാരസവുംകാണായി.
കനിവേറുംദേവീമഹാഭിഷേകമ-
തനുപമരസമയമെല്ലാമോര്ത്താൽ.
ബലമേറുമൈരാവതംമുതലായ
വലിയദിക്കരിപ്രവരന്മാരപ്പോൾ.
കലിതകൌതുകം കമലാദേവിക്കു
കലശമാടുവാനവിടെ വന്നെത്തി.
ഗിരീശനീശ്വരനിരുന്നരുളുന്ന
ഗിരീശനേപ്പോലെ വിളങ്ങുന്നമെയ്യും.
പരമവിസ്തൃതായതസമുന്നത-
തരമനോഹരശിരഃപ്രദേശവും.
ഉരഗനാഥൻതന്നുടലൊത്തതുമ്പി-
ക്കരവും പുച്ഛവും മഹാകര്ണ്ണങ്ങളും.
ധരണിഭൃത്തിന്റെ കൊടുമുടിക്കൊത്ത
ചരണങ്ങൾനാലും സിതനഖങ്ങളും.
ചതുര്ത്ഥിപോയപ്പോളുദിച്ചചന്ദ്രനേ-
ച്ചതിയേതും കൂടാതടരിൽത്തോല്പിപ്പാൻ.
ചതുരതകൂടും ചതുര്ദ്ദന്തങ്ങളും
ശതകോടി സമശരീരദാർഢ്യവും.
കടങ്ങൾനല്ലപുഷ്കരങ്ങൾ കര്‍ണ്ണങ്ങൾ
തുടങ്ങിദ്വാരങ്ങളഖിലത്തിൽനിന്നും.
ഒടുങ്ങാതെചാടും മദപ്രവാഹവു-
മിടതിങ്ങീട്ടതിൽപ്പെടുമളികളും.
അതിഭംഗിയുള്ള ഗതിയും നിശ്ശേഷ-
സ്തുതിയോഗ്യമായ മതിയും വീര്യവും.
അതിയായുള്ളോരാമതംഗയൂഥപ-
പതികളായവർ പരംഭക്തിയോടെ.
കനകശൃംഖലാരമണീയമണി-
ഘണഘണനാദം മുഴങ്ങീടുംവിധം.
തനിയെത്താൻ ചാടിത്തൊഴുതുദേവിക്കു
മനസിസമ്പൂര്ണ്ണപ്രസാദമുണ്ടാക്കി.
ചടങ്ങുകൾക്കേതും പിഴഭവിച്ചീടാ-
തുടൻകരീന്ദ്രന്മാർ കരങ്ങളേക്കൊണ്ടു.
ഒടുങ്ങാതെ പുണ്യജലമെഴുംതങ്ക-
ക്കുടങ്ങളേയെടുത്തുയര്ത്തിമെല്ലവേ.
അധികകല്യാണഗുണഗണസമ്പ-
ന്നിധിയായ് മിന്നുമാക്കമലാദേവിയെ.
ബുധജനമതശുഭമുഹൂര്ത്തത്തിൽ
വിധിപോലെനന്നായഭിഷേകം ചെയ്തു.
ജയജയനമഃപ്രസീദാദിശബ്ദ-
മയമായന്നേരം പ്രപഞ്ചമൊക്കെയും.
പലവിധമേഖമഖിലരുംകൂടി-
പലവുരു ചൊല്ലി സ്തുതിക്കുമാശ്ശബ്ദം.
വലുതായ്വന്നപ്പോൾജ്ജലധിമന്ധന-
ഹലഹലശബ്ദം മടങ്ങിപ്പോയെല്ലാം.
ഭഗവതിക്കേവമഭിഷേകംഭംഗ്യാ
വിഗതകന്മഷമുളവായ് വന്നപ്പോൾ
വിഗളദാനന്ദപ്രണയാശ്രുക്കളിൽ
ജഗതി സർവ്വര്ക്കുമഭിഷേകമുണ്ടായ്.
അഭദ്രമൊക്കേയുമകന്നുപോവാനും
സുഭദ്രമൊക്കേയും സുലഭമാവാനും.
അഭിലാഷം പൂണ്ടു ജനങ്ങൾ ദേവിത-
ന്നഭിഷേകതീര്ത്ഥമണിഞ്ഞമൌലിയിൽ.
അഭിഷേകമേവം കഴിഞ്ഞനന്തരം
സുഭഗസുന്ദരഭഗവതിരൂപം.
ശുഭമണിയിപ്പാൻ സുരമുനികുല-
പ്രഭുവനിതമാരഴകൊടുവന്നു.
നിഖിലനാഥനാംസ്മരാരിക്കുകാമ-
സുഖം വളര്‍ക്കുന്ന സതീദേവീശ്വരീ.
സഖിമാരോടൊന്നിച്ചെഴുന്നെള്ളിചന്ദ്ര-
മുഖിയാം ലക്ഷ്മിതന്നരികിലന്നേരം,
കവീന്ദ്രവാഹനാം വിരിഞ്ചന്നുകര-
കവിയുന്നകാമം കൊടുക്കുമീശ്വരി.
കവിമാതിസരസ്വതിയെഴുന്നെള്ളി
കവിൾ വിടർത്തുന്ന സിതസ്മിതത്തോടേ.
മഹിമകൂടുമാമഹേശലോകേശ-
മഹിര്ഷിമാർ നിജ സവിധേവന്നപ്പോൾ
മഹാലക്ഷ്മീദേവീ സമുചിതസഖി-
വിഹാരലീലയോടുപചാരം ചെയ്തു.
മഹേശൻ മുമ്പായദിഗീശന്മാരുടെ
മഹിഷിമാരെല്ലാമെഴുന്നെള്ളീടിനാർ.
അഹീന്ദ്രപത്നിമാരസുരപത്നിമാർ
മഹിതഗംഗാദി സമുദ്രപത്നിമാർ.
മഹീധരകുലപ്രധാനപത്നിമാർ
മഹഷിപത്നിമാരിവരെല്ലാം വന്നു
സഹസാദേവിതന്നമേയസൌന്ദര്യ
മഹസാവിസ്മയിച്ചിവണ്ണം ചിന്തിച്ചാർ.
കവികൾക്കും ലോകമറിയായ്ക മൂല-
മവിവേകത്തിനാൽപ്പിഴകൾവന്നീടും.
സുവര്ണ്ണമല്ലോര്ത്താൽ കനകദുര്വ്വര്ണ്ണം
സുര്വണ്ണമിദ്ദേവീ ശരീരമൊന്നുതാൻ.
കനകഭൂഷണമിവളുടെരമ്യ-
തനുവിൽ നന്നായിട്ടലങ്കരിച്ചെന്നാൽ.
കനമല്ലാത്തതിന്നൊരു ഫലമില്ലാ
മനസി തെല്ലുമില്ലവിടെസ്സംശയം.
വഴിഞ്ഞു കൊണ്ടഴകൊഴുകുമീ മെയ്യ്-
ന്നഴകിനിച്ചേര്പ്പാനൊരു വസ്തുവില്ല.
അഴകതുപോലെ കുറച്ചിടുവാനും
കഴിയുന്നതല്ല ജഗത്തിലൊന്നുമേ.
ഫലമില്ലാത്തൊരീ പ്രവൃത്തിയെന്തിന്നു
ഫലമില്ലെന്നതുമുറയ്ക്കു വയ്യൊട്ടും.
അലങ്കാരങ്ങൾക്കിയ്യുലകിലെന്നേയ്ക്കും
നിലനില്ക്കുമാറുള്ളഴകിന്നുകൊള്ളാം.
പഴയമട്ടുകളുപേക്ഷിക്കുന്നാകി -
ഴിമതിയായിച്ചുമയും ലോകത്തിൽ.
വഴിപോലായതു നിമിത്തമീരൂപം
കഴിയുന്നമട്ടിലണിയിച്ചീടേണം.
ഇതി പലതരം തിരുവുള്ളിലോര്ത്തു
സതീദേവിമുമ്പാം പ്രധാനദേവികൾ.
അതികുതുകത്തോടണിയിപ്പാൻ വേണ്ടു-
ന്നതു സമസ്തവുമൊരുക്കി ഭംഗിയിൽ.
കലിതകസ്തൂരി ഹിമാംബു കുങ്കുമ-
മലയജം ചിലരരച്ചുകൂട്ടിനാർ.
ഉലകിൽസ്സൌരഭ്യം നിറച്ചീടും ദിവ്യ-
മലർമാലകളെച്ചിലർ കെട്ടിനാർ.
പവിഴം നമ്മുത്തു മുതലാകും ദിവ്യ-
നവരത്നങ്ങളെപ്പരമഭംഗിയിൽ.
സുവര്ണ്ണസൂത്രത്തിലിടചേര്ത്തു കോര്‍ത്തു-
ജവത്തിൽ മാലകൾ ചിലപേരുണ്ടാക്കി.
നിറം കൂടും മഞ്ഞത്തുകിലാട ചിലർ
നിറഞ്ഞ കൌതുകാൽ ഞെറിഞ്ഞു ഭംഗിയിൽ.
ഉറച്ച ഭാഗ്യമുണ്ടിതിന്നെന്നു ചിലർ
കറുത്തുള്ളഞ്ജനമരച്ചു തൽക്ഷണം.
അനന്തരത്നങ്ങൾ വിളയും സാഗരം
മനം തെളിഞ്ഞങ്ങു കൊടുത്ത പട്ടുകൾ.
അനന്തരം ഭഗവതിയെസ്സുന്ദരീ-
ജനം തരംപോലെ ഞെറിഞ്ഞുടുപ്പിച്ചു.
വളകൾ മോതിരമരഞ്ഞാൾ നൽത്തോളു-
വളകൾ മൂക്കുത്തി കിരീടം മാലകൾ.
തളകളെന്നുതൊട്ടലങ്കാരമെല്ലാം
മിളിതഭംഗിയിൽ സുരശില്പി നൽകി.
ഒലിക്കുന്ന പൂന്തേൻ കടിച്ചു വന്മദം
ജ്വലിച്ചു വണ്ടുകൾ കളിച്ചുകൊണ്ടേറ്റം.
വിലസും വൈജയന്തിയെന്നു പേർപൂണ്ട
വലിയ മാലയെ വരുണൻ നല്കിനാൻ.
ശരന്നിശാകാകരസമമാകു-
ന്നൊരു മുക്താമണി രുചിരഹാരത്തെ.
സരസിജോത്ഭവപ്രണയിനിയായ
സരസ്വതീദേവി സരസം നല്കിനാൾ.
അശേഷകുണ്ഡലിപ്രവരന്മാരതി-
വിശേഷകുണ്ഡലദ്വയത്തെ നല്കിനാർ
കുശേശയോത്ഭവൻ സുഭഗമായോരു
കുശേശയമതികതുകാൽ നല്കിനാൻ.
കളവെന്യേ ഭക്തിജലധിയിൽ മുങ്ങി-
കളിയാടീടുന്ന ജനങ്ങളിങ്ങിനെ.
വളരെബ്ഭൂഷണാദികളെ നല്കിനാർ
കളമോടു ദേവിക്കണിയുവാനായി.
മഹേശ ലോകേശ സുരേശാദി പ്രിയ-
മഹിഷിമാർതൊട്ട മഹിളമാരപ്പോൾ.
മഹിതമായോരോ വിഭൂഷണങ്ങളെ
മഹാലക്ഷ്മീമെയ്യിലണിയിച്ചാർ ഭംഗ്യാ.
പരമഭക്തന്മാർ കൊടുത്തതുമൂലം
വരവിഭൂഷകളവയണിയുവാൻ.
പെരിയ മംഗളനിധിയാം ദേവിക്കു
തിരുമനതാരിൽ നിറഞ്ഞു കൌതുകം.
അഴകിന്നുനന്നല്ലിവയെന്നിങ്ങിനെ
മിഴിയുള്ളോർ മുന്നം നിനച്ചാബ്ഭൂഷകൾ
അഴകധികമായ്ത്തിരുമെയ്യിൽചേര്ത്തു
വഴിയുമീശ്വരീ കരുണാവൈഭവാൽ
അണുമാത്രം ദേവീകരുണയില്ലായ്ക്കിൽ
ഗുണമശേഷവും വലിയ ദോഷമാം.
അണുമാത്രം ദേവീകരുണയുണ്ടെങ്കിൽ
ഗുണമായ്ത്തീർന്നീടുമശേഷദോഷവും.
കനകാദി ധാതു നവരത്നോത്തമ-
ധനധാന്യാദികളുടെ സമ്പത്തെല്ലാം.
അനവധിചേര്ക്കും കമലാദേവിയെ
മനസികാമിച്ചു മനുജാദി ലോകം.
കൃപ മുതലായ മഹാധര്മ്മങ്ങള്ക്കും
തപസ്സിന്നുവേണ്ടും വിഭവമൊക്കയും
വിപുലമായനല്കും ഭഗവതി രൂപം
തപസ്വികൾ കണ്ടിട്ടതികാമംപൂണ്ടു.
സമരാദികളിൽസ്സപദി ശത്രുക്ക-
ളമരുമാറുള്ള വിജയം നല്കുന്ന
കമലാദേവിയെപ്പുകൾപൊങ്ങീടുന്നോ-
രമരാദി ലോകപതികൾ കാമിച്ചു.
അമര്ത്ത്യദൈത്യാദി പ്രധാനികളുള്ളി-
ലമര്ന്നിടാതുള്ളോരഭിലാഷം പൂണ്ടു.
സമുചിതനാനാവിമാനാദികളി-
ലമിതഭംഗിയോടധികം ശോഭിച്ചു.
പ്രഭുക്കളാവരുടെയുടലിൽനി-
ന്നഭംഗുരമായിട്ടുദിക്കും ശോഭയും.
സുഭഗരത്നാദി രുചിയുംകൊണ്ടേറ്റം
പ്രഭാമയമായിച്ചമഞ്ഞിതദ്ദേശം.
സുരാദി ദിവ്യാംഗവിലേപനാത്തമ-
തരുലതാസുമപ്രഭൂതിഗന്ധത്താൽ.
പരിമളഭരമിളകുമദ്ദേശം
സുരുചിരനാനാസുഖമയമായി.
മതിവിമോഹനഗുണമെഴും ലക്ഷ്മീ-
സ്തുതിതൌര്യത്രികാദ്യമിതഘോഷത്താൽ.
അതുസമയത്തിലതിമാത്രം സര്‍വ്വ-
ശ്രുതിസുഭഗമായ്ച്ചമഞ്ഞിതദ്ദേശം.
അകിലു ഗുൽഗുലു മലയജം തൊട്ട
സകല ഗന്ധവസ്തുവിൻ മഹാധൂപം.
അകലുഷമേറ്റു പല പതാകൾ
മികവോടാടുമ്പോളുളവാം വാതവും
തെളിവേറും ജഗൽ പ്രഭുപാർശ്വങ്ങളിൽ
കളവാണികുലകളമൊടു ചേർന്നു.
കളഹംസദ്യുതി കലരും ചാമര-
മിളക്കുന്ന നേരമുദിക്കും വാതവും.
തരളമായുള്ള പയപയോധിയിൽ
തരംഗജാലങ്ങൾ മറിയുന്നനേരം.
പരിമൃദുലമായവകളിൽ നിന്നു
പരം ജനിക്കുന്ന ശിശിരവാതവും.
സമസ്ത ശോഭനഗുണം തികഞ്ഞോരാ-
സ്സമയംതന്നുടെ മഹിമാവുമൂലം.
സുമൃദുലസ്പര്ശസുഗന്ധപുണ്യാദി-
സമേതനായ് വീശുന്നൊരു സമീരനും.
വിധൂതമാല്യകുന്തളാംബരാഗ്രനാ-
യധികഭംഗിയിലണകകാരണം.
സുധാസമുദ്രത്തിൻ നടുവിൽ മുങ്ങിയ
വിധമഖിലരും മഹാസുഖം പൂണ്ടു.
ഗുണജ്ഞയായ്പ്പാരമനന്തകല്യാണ-
ഗുണവിശിഷ്ടയായ് വിളങ്ങുമാലക്ഷ്മി.
ഇണങ്ങുമെന്നോടെന്നുറപ്പാൻ തങ്ങടെ
ഗുണങ്ങളോരോനു നിനച്ച സര്‍വ്വരും.
വലിയസൽഗുണം കലരുമായവർ
പലരുമിങ്ങിനെ പലതരമോര്ത്തും.
മലർമകളമോബ്ഭഗവതീഗുണം
നലമോടെ പാര്ത്തുമവിടെ മേവിനാർ.
കളിയായിജ്ജഗത്തശേഷവുമേവ-
മുളവാക്കിയോരു പിതാമഹൻ ദേവൻ.
സരസിജാക്ഷൻ തന്നിടത്തുഭാഗത്തിൽ
സരസമായ്ത്തത്രര തദാവിളങ്ങിനാൻ.
നയനങ്ങൾ മൂന്നു ധരിയ്ക്കുന്ന മൃത്യു-
ഞ്ജയൻ മഹാദേവൻ പശുപതി ശിവൻ
നരകനാശനഭഗവാൻ തന്നുടെ
സുരുചിരമായ വലത്തുഭാഗത്തിൽ.
അരികിൽച്ചേര്ന്നുകൊണ്ടധികഭംഗിയിൽ
പരമ കൌതുകം കലര്‍ന്നു ശോഭിച്ചു.
ഋഷീന്ദ്രമാനസ സരോരുഹവാസൻ
ഹൃഷീകേശൻ വിഷ്ണു സമസ്തലോകേശൻ.
നിലവിട്ടഭക്തി കലര്ന്നവര്ക്കിഷ്ട-
ഫലം സദാകാലം ചൊരിഞ്ഞ കൊണ്ടേറ്റം.
ചലിയ്ക്കും ഭൂലതായുഗത്തിൽസ്സന്തതം
നലമോടുചേരും സുമനോവൃന്ദത്തിൽ.
പ്രണയത്താൽ വന്നങ്ങിണങ്ങിയോരു കാ-
റണിവണ്ടുകൾ തന്നിണയെന്നപോലെ.
ഗുണമോടുമിന്നും നയനയുഗ്മത്താ-
ലണിഞ്ഞൊരാസ്യംബ്ജം പെടുന്ന സുന്ദരൻ
കമലജാലത്തിൻ പ്രഭ നശിപ്പിച്ചും
കുമുദജാലത്തിൻ പ്രഭ ജനിപ്പിച്ചും.
കുമുദജാലത്തിൻ പ്രഭ നശിപ്പിച്ചും
കമലജാലത്തിൻ പ്രഭ ജനിപ്പിച്ചും.
അമൃതാംശു ദശശതാംശു രൂപമാ-
യമിതഭംഗിയിൽ സദാ വിളങ്ങുന്ന
വിമലലോചനദ്വയം കലർന്നിടും
കമലലോചനൻ തമോവിനാശനൻ.
ഹരി നാരായണൻ ജനാര്ദ്ദനൻ സര്‍വ്വ
സുരരിപുകാലൻ മുകുന്ദൻ ഗോവിന്ദൻ.
നരകനാശനൻ നളിനലോചനൻ
നരകമോചനനനന്തനച്യുതൻ.
കനകക്കുന്നിന്നു കലരും കാന്തിതൻ
കനംകുറയ്ക്കുന്ന ഗരുഡന്മേൽക്കേറി.
കനിവേറും ദേവവരക്കാതലായി-
ട്ടനുപമ കാന്ത്യം വിളങ്ങി മാധവൻ.
അലങ്കരണമെന്ന രണ്ടാംപാദം കഴിഞ്ഞു.
നാരായണവരണമെന്ന മൂന്നാംപാദം
സകലസുരദീതിജചിതൃമനുജമുനീഗന്ധർവ്വ-
സാദ്ധ്യസിദ്ധാദി പ്രധാനികളൊക്കെയും.
അമിതതരരുചിഭരമൊടവിടെ വിലസും നേര-
മാനന്ദമൂര്ത്തിയാം ലക്ഷ്മീഭഗവതി.
വിമലതരവിപുലവരഗുണഗണമെഴും ദിവ്യ-
വിപ്രാദികൾക്കിഷ്ടദാനാദി ചെയ്തുടൻ.
മനതളിരിൽ നിറയുമതിരസമൊടവർ ചെയ്തോരു
മംഗളാചരങ്ങൾ വണങ്ങി മോദാകുലം.
മധുരമധുരസസരസപരിസരപരിഭ്രമ-
ന്മത്തഭംഗാവലി കോലാഹലങ്ങളാൽ.
ശ്രുതിസുഖമൊടഖിലജനമഴകിനൊടു വാഴ്ത്തുന്ന
ശോഭനാകാരസ്വയംവരമാലയേ.
കമലദളരുചിരുചിരവിരലുകൾ വിളങ്ങുന്ന
കൈത്തളിർ കൊണ്ടെടുത്തത്രയും ഭംഗിയിൽ.
കനകമണികടകകളനിനദമൊടെഴുന്നേറ്റു
കാന്തികാളീടുമാക്കല്യാണദേവത.
അതുപൊതുരമയുടയൊരതനുതനുകാന്തികൊ-
ണ്ടാശകളൊക്കെത്തെളിഞ്ഞു ഭംഗ്യാ പരം.
ഉദധിസുതയുടയതിരുവടൽവടിവുകണ്ടുക-
ണ്ടുൽക്കടാന്മേന മേവിനാർ സർവ്വരും.
മുതിരുമതിരുചിയൊടഥ കനകമണിദണ്ഡവും
മുത്തലുക്കും ചേര്ത്തൊരാതപവാരണം
രസമൊടൊരുസുരയുവതിമണിയുടനുയര്ത്തിനാള്
രാകാനിശേശനെയെന്നകണക്കിനേ.
ചലദളകലളിതരുചി മൃദുപവനനണയുവാൻ
ചാമരം വീശിനാർ ദേവിമാരാദരാൽ.
വദനസിതകരനിലതിമൃദുതരകരം ചേര്‍ത്തു
വാക്കിലയിട്ടാർ സുരേന്ദ്രനാരീജനം.
അമരവരയുവതികുലമുടനെ തിരുമുമ്പിൽവ-
ന്ന്ടമംഗല്യം പിടിച്ചുനിന്നീടിനാര്
അരികിലിരുപുറവുമഥ കവിജനനി വാണിയു-
മദ്രീന്ദ്രപുത്രിയും ചേര്ന്നുനിന്നീടിനാർ.
പൊരുളധികമതിലളിതപദമിവകളുള്ളോരു
പുണ്യലക്ഷ്മീസ്തോത്രപാഠഘോഷങ്ങളും.
മഹിതസുഖമഖിലരുടെ ചെവികളിലണയ്ക്കുന്ന
മംഗലമഞ്ജുളവാദ്യഘോഷങ്ങളും.
ഗളദമൃതമദനിനദഗളലളിതമാരായ
ഗന്ധര്വ്വിമാരുടെ ഗാനഘോഷങ്ങളും.
നവരസവുമനവരതമഴകൊടൊഴുകീടുന്ന
നാകവേശ്യാവലീ നൃത്തഘോഷങ്ങളും.
പരിചിനൊടുസുരയുവതിമണികളണിയായ് നിന്നു
പാണിപത്മദ്വയംകൊണ്ടു പിടിയ്ക്കുന്ന
കനകമയലളിതരുചിതളികകളിലേറ്റവും
കത്തുന്ന കര്പ്പുരദീപാവലികളും.
അസിതസിതഹരിതമുഖവിവിധതരവര്ണ്ണങ്ങ-
ളാകാരഭേദമോടൊത്ത ദീപങ്ങളും.
വരണസഭയതിൽനിറയുമകിലുമുതലാം ഗന്ധ-
വസ്തുക്കളിൽനിന്നുയർന്ന ധൂപങ്ങളും.
വിബുധപതിയുവതിതതിസരസപനിനീർവീശി
വീശുമ്പോളുണ്ടാം ഹിമാംബുവഷങ്ങളും.
സുരയുവതിനികരകരതലകിസലയോന്മുക്ത-
സൌരഭ്യസമ്പൂര്ണ്ണപുഷ്പവര്ഷങ്ങളും.
പലതുമിവ പരമവിടെ വിലസിന ദശാന്തരേ
പാലാഴിമങ്കയാം ലക്ഷ്മീഭഗവതി
ദൃഢസകലഗുണവുമെഴുമൊരുവനെ വരിക്കുവാൻ
ദേവാദികൾ നിറഞ്ഞോരാസ്സഭാന്തരേ.
ചരണതലചലദമലകനകമണിമഞ്ജീര
ചാരുഘോഷത്തോടെഴുന്നെള്ളിമെല്ലവേ!
കമലയുടെ തിരുവുടലു സരസമഥ സര്‍വ്വരും
കണ്ണിമച്ചീടാതെ കണ്ടുകൊണ്ടീടിനാർ.
തദനു ബഹുവിബുധപതിയുവതിജനയുക്തയാം
താമരപ്പുമങ്ക താരുണ്യശാലിനി.
തരമൊടതുപൊഴുതവിടെ മരുവുമവർതങ്ങടെ
തത്വങ്ങളൊക്കെയും കണ്ടറിഞ്ഞീടുവാൻ.
അഖിലജനനയനമതിജവമൊടു ഹരിച്ചുകൊ-
ണ്ടങ്ങുമിങ്ങുമെഴുന്നെള്ളിനാൾ ഭംഗിയിൽ.
വലമഥനവിമലമണിഗണസമകടാക്ഷങ്ങൾ
വര്‍ഷിച്ചിടും നേത്ര നീലാംബുജങ്ങളും.
മണിമുകുരതലസുഷമകളമൊടു കവര്‍ന്നിടും
മാണിക്യകുണ്ഡലോല്ലാസിഗണ്ഡങ്ങളും.
പവിഴമണികളുടെ പരമരുണകിരണവ്രജം
പാതാളരന്ധ്രേ പതുങ്ങും ചൊടികളും.
കലരുമതിസുഭഗതരമുഖകമലമേന്തിയും
കല്യാണശൃംഗാരസാരത്തിൽ നീന്തിയും.
കൊടിനടുവിനുടയതനുവധികതനുവാകയാൽ
കൊങ്കകൾതൻ കനം താങ്ങാൻ കുഴങ്ങിയും.
മതേരളലളിതകളഹംസപ്പിടപോലെ
മന്ദം നടന്നങ്ങു ശോഭിച്ചു ഭാര്‍ഗ്ഗവി.
ചരണയുഗമൃദുളതലലളിതചരണങ്ങളിൽ-
ച്ചഞ്ചലഗാത്രിയായീടുമാദ്ദേവിയെ.
തരുണജനമതു പൊഴുതു ധരണിയിൽ നടക്കുന്ന
തങ്കക്കൊടിയെന്നു ശങ്കിച്ചു മാനസേ.
വിരുതുടയചിലരഴകിലനിശമപി മിന്നിടും
വിദ്യുല്ലതയെന്നു വിശ്വസിച്ചീടിനാര്‍
ദിനകരനുമനമിടിയുമടവില് വിളയായിടിടും
ദീപോജ്വലൽജ്വാലയെന്നുറച്ചാർ ചിലർ.
സരസമഥസകലജനജനനിബഹുസൌന്ദര്യ-
സാരപ്രവാഹിനി വിശ്വസര്മ്മോഹിനി.
യമനുടയദമനനുടെ വലിയൊരു സഖാവായ
യക്ഷാധിനാഥന്റെ മുമ്പിലെത്തീടിനാൾ.
ഒരുവിധവുമറുതിവരുവതിനുവഴിയില്ലാതെ-
യുള്ള വിത്തം തിങ്ങിവിങ്ങും നിധികളും.
വിമലതര വിപുലശുഭമതിയുമതിയായുള്ള
വിഖ്യാതിയുമുത്തരാശാധിപത്യവും.
കലരുമൊരു ധനപതിയെ വടിവിനൊടു കണ്ടിട്ടു
കല്യാണദൈവമാദ്ദേവിയോര്ത്തീടിനാൾ.
വിപുലധനനിചയമിവനധികമുണ്ടെങ്കിലും
വേണ്ടുന്ന ദാനാനുഭോഗങ്ങളില്ലഹോ.
ഇവനുടയധന വിഭവഗുണമഫലമാകയാ_
ലിഷ്ടമില്ലൊട്ടുമിനിക്കിങ്ങിരിക്കുവാൻ.
ഇതിമനസികരുതിയഥധനപതിയെവിട്ടുട-
നിന്ദിരാദേവി മന്ദം നടന്നീടിനാൾ.
നിരൃതിയുടെനികടഭുവി പുനരുടനണഞ്ഞ
നീരജത്താർ മങ്ക നിന്നു കണ്ടീടിനാൾ.
ഉരുവിഭവവിപുലഗുണകരവിവിധകര്മ്മത്തി-
ലുത്സാഹവും കോണദിക്കിൻ പതിത്വവും.
അഖിലജഗാധിപതിതവരുവതിനുവേണ്ടുന്നൊ
രാകാരലക്ഷ്മിയും ചേരും നിരൃതിയേ.
ധരണിതലഗതമനുജപിശിതബുക്കാണിവൻ
ധര്മ്മിഷ്ഠനല്ലെന്നു ദേവി വിട്ടീടിനാൾ.
തദനു മലർമകളഖിലസുഖമയമയൂഖനാം
താരാധിനാഥന്റെ മുമ്പിലെത്തീടിനാൾ.
സകലകലകളുടെയുമൊരുചിതപതിഭാവവും
സാരമേറും സമസ്തൌഷധീശത്വവും.
അതിരഭസമഖിലജനവികചനയനങ്ങളി-
ലാനന്ദവൃഷ്ടിയേച്ചെയ്യുന്ന ബിംബവും.
ഗുണമുടയപുകളൊടിഹ കവികളുപമിയ്ക്കുന്ന
ഗൌരാമൃതാകാരരശ്മി പ്രവാഹവും.
സകലജന മരണ ഭയകരണപടുകാലനെ
സംഹരിച്ചോരാ ത്രിലോചനനീശ്വരൻ.
പ്രണയമൊടുനിജശിരസിസതതമപിചേര്ക്കയാല്
പ്രത്യക്ഷമായ് വന്നസര്വ്വമാന്യത്വവും.
മധുരതരഗുണമിനിയുമനവധി വിളങ്ങുന്ന
മാഹാത്മ്യമേറും ദ്വിജേന്ദ്രനാം ചന്ദ്രനേ.
മഹിതഗുരുഗൃഹിണിയുടെ യൊളിപുരുഷനാണിവ
ന്മാരാതുരനെന്നുപേക്ഷിച്ച ഭാര്‍ഗവി.
അഥസുഭഗഗതിലളിതമഖിലഖഗനാഥനാ-
മാദിത്യദേവന്റെ മുമ്പിലെത്തിടിനാൾ.
ഒരുഞൊടിയിലധികലസദിതരതേജസ്സുക-
ളൊക്കെക്കെടുത്തുന്ന തേജോവിശേഷവും.
സകലജഗദമിതസുഖകരസലിലവൃഷ്ടിയെ-
സ്സാധിച്ചിടുന്നോരു ദിവ്യപ്രഭാവവും.
പലഗുണവുമിനിയുമതി ശുഭതരമിണങ്ങുന്ന
പത്മിനിപ്രാണേശനായൊരു സൂര്യനേ.
ചകിതമൃഗശിശു ചപലതരനയനയാം ലക്ഷ്മി
ചണ്ഡാംശു വാണിവനെന്നു വിട്ടീടിനാള്
പുനരുടനെ വിപുലബലഗുണഗണമിണങ്ങുന്ന
പൂര്വ്വദേവേന്ദ്രന്റെ മുമ്പിലെത്തീടിനാൾ.
നിശിതതരമതിയുടയ ഭൃഗുതനയശിക്ഷയാൽ
നീക്കംവിനാ ചേര്‍ന്ന നീതിപ്രബോധവും.
പരമശുഭതരമഖിലഭുവനതലമാദരാൽ
പാലിക്കുവാനുള്ള സാമർത്ഥ്യസാരവും.
വിവിധഗുണമഹിമപരമിനിയുമിടതിങ്ങുന്ന
വീരനായീടും വിരോചനപുത്രനേ.
വിമലഗുണഗണമണിയുമുദധിസുതവിഷ്ണുവിൽ
വിദ്വേഷദോഷേണ വജ്ജിച്ചുപോയിനാൾ.
ഗളഗളിതകളലളിതസുഭഗതരസുസ്വര-
ഗാനപ്രയോഗേണ കല്ലും മരങ്ങളും.
ഗഗനചരകുലവിമലഹൃദയവുമലിക്കുന്ന
ഗന്ധരാജന്റെ മുമ്പിലെത്തീടിനാൾ.
നയനസുഖകര ചരണനവവിധരസംചേര്ത്തു
നര്‍ത്തനം ചെയ്യുവാനുള്ള നൈപുണ്യവും.
സുരയുവതിതതിമതിയിലതികൊതിവളര്ത്തിടും
സൌന്ദര്യ സൌഭാഗ്യസാരസമ്പത്തിയും.
വിവിധഗുണഗണമിനിയുമഴകിനൊടുചേരുന്ന
വിശ്വാധികനായ വിശ്വാവസുവിനെ.
ഭൃഗുതനയ, ഹരിയുടയകല്പനകേൾക്കുന്ന
ഭൃത്യനിവനെന്നു ദൂരെ വിട്ടീടിനാൾ.
ചിതമൊടഥ സലിലനിധിതനയബഹുഭംഗയില്
ച്ചെന്നു ദുര്വ്വാസോമഹര്ഷിതന്നന്തികേ.
പ്രകടതരമനവരതമുലകുമുഴുവൻഹൃദി
പ്രത്യക്ഷമാവുന്ന യോഗസംസിദ്ധിയും.
മഹിമപലതിനിയുമതി ഗുണമൊടിടതിങ്ങുന്ന
മാന്യനായീടുമാമാമുനിശ്രേഷ്ഠനെ.
ഇവനു ഹൃദിപെടുമരിശമൊരുവിധമമര്ത്തുവാ-
നില്ലകെപ്പൊട്ടുമെന്നുള്ള ദോഷത്തിനാൽ.
അമിതരുചിവിലസുമൊരുജലധി സുതകൈവെടി
ഞ്ഞഗ്നിദേവൻതന്റെ മുമ്പിലെത്തീടിനാൾ.
അമലതരകനകനിഭസുഭഗശുചിവര്ണ്ണമോ-
ടത്യന്തമാളിടും ജ്വാലാകലാപവും
സതതമപി നിജഭജനനിരതമനുജന്മാര്ക്കു
സമ്പത്തുനല്കുവാനുള്ള സാമര്‍ത്ഥ്യവും.
ചിതമൊടതിമഹിതതരഗുണമിനിയുമേറ്റവും
ചേര്ന്നുവിളങ്ങുന്ന പാവകദേവനെ.
സകലശുഭചരിതമെഴുമമലമുനിവര്യന്റെ
സര്വ്വഭുക്ത്വാദിശാപാദിദോഷത്തിനാൽ.
കനകരുചിരുചിരതനുകടൽമകൾവെടിഞ്ഞുടൻ
കാലനാംദേവന്റെ പാര്ശ്വത്തിലെത്തിനാൾ.
വിവിധമഴൽതരുമഖിലദുരിതപരിശാന്തിക്കു
വേണ്ടുന്നദണ്ഡങ്ങൾതന്നധികാരവും.
അതിസുകൃതചയമയനുമതിസുകൃതപാലനു-
മാകയാലന്വര്ത്ഥധര്മ്മരാജാഖ്യയും.
അമലഗുണഗണമിനിയുമനവധി കലര്‍ന്നീടു-
മാദിത്യപുത്രനാം പ്രേതാധിനാഥനെ.
മനസിഭവതനുദഹനബലനിഹതനാകയാൽ
മാന്യതപോരെന്നുവെച്ചു വിട്ടീടിനാൾ.
പരമഴകിലഥസകലതരുണിമണിഭാര്ഗ്ഗവി
പാശിയാം ദേവന്റെ പാര്ശ്വത്തിലെത്തിനാള്
രണനടുവിലതിജവമൊടഖിലഭുവനംവെന്നു
രാജസൂയാദ്ധ്വരംചെയ്ത മാഹാത്മ്യവും.
പുരുമണികൾ വിളയുമൊരുജലനിധികളൊക്കയും
പുണ്യതോയംചെന്ന നാനാ നദികളും.
പ്രകടതരവിനയഭരനതിയൊടു ഭജിക്കയാൽ
പ്രത്യക്ഷമായൊരു ദിവ്യപ്രഭാവവും.
ഇനിയുമതിമഹിതതരവിവിധഗുണസംഘങ്ങ-
ളിത്രയെന്നില്ലാതെ ചേരും വരുണനെ.
ജലധിമകളുടനെയിവനഖിലലോകത്തിന്നു
ജാള്യകൃത്താണെന്നുറച്ചു വിട്ടീടിനാൾ.
തദനുബലഭരമുടയ പവനനുടെ സന്നിധൌ
താർമങ്കയാം ദേവി ചെന്നുചേര്ന്നീടിനാൾ.
അതിവിപുലഗിരികളെയുമടിയൊടു പറിച്ചെടു-
ത്താഞ്ഞെറിഞ്ഞീടുവാൻ കെൽപ്പുള്ള ശക്തിയും.
അനവരതമഖിലജഗദശുചിതകളഞ്ഞുകൊ-
ണ്ടാശുലോകങ്ങളിൽ വീശും സ്വഭാവവും.
മഹിതബഹുഗുണനികരമിനിയുമിടതിങ്ങുന്ന
മാതരിശ്വാവായ മാന്യനാം ദേവനെ.
രുചിരതനുരുചികലരുമുദധിസുതലോകൈക-
രൂക്ഷനിവനേന്നറിഞ്ഞു വിട്ടീടിനാൾ.
ഉടനമിതസുഖഭരമൊടുലകുമൂന്നുംകാക്കു
മുമ്പർകോൻതന്നുടെ മുമ്പിലെത്തീടിനാൾ.
ദശദശകമഖമഖിലവിഭവമൊടുസംമ്പൂര്ണ്ണ-
ദക്ഷിണമായ്ചെയ്ത മാന്യമാഹാത്മ്യവും.
നലമൊടതിമഹിമയെഴുമകൃതവചനങ്ങളാൽ
നന്നായ്സ്തുതിക്കുന്ന നാനാപദാനവും.
ഇനിയുമതിഗുണമുടയപലപലവിഭൂതിയു-
മീരേഴുലകിന്നുമേകാധിപത്യവും.
കലരുമൊരുപരമസുഖിമകുടമണി ശക്രനെ-
ക്കണ്ടിത്തരം നിരൂപിച്ച താർമങ്കയാൾ.
അഴലണയുമളവിലതുകളവതിനു ഭക്തിയോ-
ടംബുജാവാസനെസ്സേവിപ്പതുണ്ടിവൻ.
അമൃതകരകലയണിയുമവനുടെ പദാംഭോജ-
മാശ്രയിച്ചീടുമാറുണ്ടിവൻ ഭീതിയാൽ.
എതൃപൊരുതുമമിതബലദിതിതനയവിക്രമ-
മേതും സഹിക്കാനരുതായ്ക്കു കാരണം.
പലകുറിയുമഴകിയൊരു മധുമഥനദേവന്റെ
പാദാബ്ജമാശ്രയിച്ചീടുമാറുണ്ടിവൻ.
വിപുലബല ഭര മുടയ മന്നവന്മാരെയും
വൈരിക്ഷയാര്ത്ഥം വരുത്തുമാറുണ്ടിവൻ.
അധികഭയമണയുമൊരുപൊഴുതിലുടനന്യനെ-
യാശ്രയിക്കുന്നിവനീശ്വരനാകുമോ.
ഇതിമനസികരുതിയഥ വിബുധപതിയേപ്പര-
മിന്ദിരാദേവി കൈവിട്ടെഴുന്നള്ളിനാള്
ഉലകിലെഴുമതിമഹിതജനമതിലശേഷവു-
മോരോതരം കുറ്റമീവിധം കാണ്കയാൽ.
വിമലഗുണമുടയകടൽമകളവർകളേത്തദാ
വിട്ടുവിട്ടങ്ങെഴുന്നെള്ളും ദശാന്തരേ.
ബഹുളതനുരുചികലരുമുദധിസുതമന്ദമാ-
ബ്രഹ്മദേവാന്തികേ ചെന്നുചേര്ന്നീടിനാൾ.
വെളിവിനൊടു പരമറിവുമുഴുവനെതരും നാലു-
വേദങ്ങളുമുപവേദങ്ങളും തഥാ.
ബഹുദൃഡതയൊടു കലരുമഖിലജനവന്ദ്യനാം
ബ്രഹ്മനെക്കണ്ടു ചിന്തിച്ചാളിതീശ്വരി.
തനയയുടെരുചിരതരതനുരുചികൾകാണ്കയാൽ
താഴാതെ വര്‍ദ്ധിച്ചുവന്ന താരമ്പനെ.
ശമനിയമമുഖവിവിധഗുണമൊടു തടുക്കുവാൻ
ശക്തിയില്ലാത്തിവ൯ നിർദ്ദോഷനാകുമോ.
മനസ്സപരമിതികരുതിയഥ ജലധി നന്ദിനി
മാന്യനാംബ്രഹ്മനെക്കൈവടിഞ്ഞീടിനാൾ.
സപദിപുനരുദധീസുമദനദഹനം ചെയ്ത
സക്ഷാൽ മഹേശന്റെമുമ്പിലെത്തീടിനാള്.
അവനുടയവിപുലതരമിതഗുണമൊക്കയു-
മാശ്ചര്യമുൾക്കൊണ്ടു നോക്കിത്തുടങ്ങിനാൾ.
ഉദയമതിലഴകിനൊടു കുവലയകലാമോദ-
മുണ്ടാക്കുമര്ദ്ധേന്ദുവാം ശിരോരത്നവും.
മണികിരണമസൃണപൃഥഫണഗണമെഴുന്നോരു
മാന്യസര്പ്പേശ്വരാലങ്കാരജാലവും.
സകലജനദുരിതഹരസലിലമൊഴുകീടുന്ന
സാക്ഷാൽസ്സുരാപഗാ കല്ലോലമാലയും.
വിപുലജലഭരണഗുരുഘനതതിയിൽമിന്നുന്ന
വിദ്യുല്ലതകൾക്കെതിരാം ജടകളും.
ഉലകഖിലമുരുജവമൊടെരിപൊരിച്ചീടുന്നൊ-
രുഗ്രാനലൻചേര്ന്ന ഫാലസ്ഥലാക്ഷിയും.
കലിതനിജഭജനജനനിധനമതിനെത്തിയ
കാലനെക്കുത്തിക്കുലചെയ്തശൂലവും
സവിധഭുവിസതതമപി വിനയമൊടുവാഴുന്ന
സാമര്ത്ഥ്യമേവുന്ന ഭൂതസംഘങ്ങളും,
ഭയരഹിതദിതിജവരനിബിഡിതപുരത്രയം
ഭസ്മീകരിച്ചോരു ഘോരപ്രതാപവും.
ദമികഖലസകലസുരമുനിനിവഹപൂര്ണ്ണമാം
ദക്ഷന്റെ യാഗം നശിപ്പിച്ച വീര്യയും.
ധവളതരധരണിധരസദൃശതനുപൂണ്ടോരു
ധര്മ്മസ്വരൂപവൃഷാധീശവാഹവും.
രുചിരതരഗുണനികരമഖിലമിടതിങ്ങുന്ന
രൂപ്യാചലേന്ദ്രനാമത്ഭുതാഗാരവും.
ഭയവുമതിജവമൊടടിയൊടുമുടിക്കുന്ന
ഭവ്യപ്രദങ്ങളാം ദിവ്യനാമങ്ങളും.
ശ്രുതികളിലുമതിമഹിതമൊഴികളിലുമേറ്റവും
ശോഭിച്ചിടും ശുഭശുഭസൽക്കീർത്തിയും.
പുനരപിചപരമശുഭഗുണഗണമശേഷവും
പൂര്വോക്തദോഷങ്ങളൊന്നുമില്ലായ്കയും.
പരിചിനൊടുകലരുമൊരുപരമശിവനെക്കണ്ടു
പാലാഴിമങ്ക ചിന്തിച്ചാളിതാശയേ.
നിയമമൊടുശവഭസിതചയമുടലിലണികയും
നിത്യം ശ്മശാനത്തിൽ നര്‍ത്തനം ചെയ്കയും.
പലതുമിതിപരമശിവകര്മ്മമുള്ളോരിവൻ
പാരമമംഗളനെന്നൊഴിച്ചീടിനാൾ.
കളമൊടഥ കരകലിതവരവരണമാലയായ്
കാന്ത്യാ വിളങ്ങുന്ന ലക്ഷ്മിയാമീശ്വരി.
നവനളിനദലളിതനയനയുഗളംചേർന്ന
നാരായണൻതന്റെ മുമ്പിലെത്തീടിനാൾ.
മധുമഥനമധുരതതനുസുഷമകാണ്കയാൽ
മാരാമയംപൂണ്ടു ദേവിമന്ദേതരം.
മുഹരതുലമുഖനമനലളിതമസുരാരിതൻ
മുഗ്ദ്ധഗാത്രം കടാക്ഷിച്ചുനിന്നീടിനാൾ.
സരസതരമഥസകലഖഗതിലകകേതുതൻ
സൽഗുണമോരോന്നു നോക്കിത്തുടങ്ങിനാൾ.
ഇവനുടയമധുരഗുണമുടയമുഖമോര്ക്കുകി-
ലിന്ദുദോഷാകരൻ തന്നെ നിസ്സംശയം.
കമലകുലരുചികവരുമിവനുടയകണ്ണോര്ത്തു
കാട്ടിൽക്കിടന്നുകേഴങ്ങൾ കേഴുന്നുതേ.
അഴകുടയൊരിവനുടയ ചൊടിസപദിസത്തെടു-
ത്താശുതൊണ്ടായ്ബിംബി തൊണ്ടിയായിങ്ങിനെ
സരളതരമിവനുടയ സരസസിതസുസ്മിതം
സത്വഗുണത്തീന്റെ സത്താണു നിശ്ചയം.
സുഭഗതരമിവനുടയൊരവയവമശേഷവും
സുന്ദരം മംഗലം സര്വ്വതേജോമയം.
കൊടിയരിപുപടലമുടനുടലൊടുപൊടിക്കുന്ന
കൌമോദകിയാംഗദതൻപ്രഭാവവും.
പടനടുവിലരികളുടെ ചെകിടിനടവേകുന്ന
പാഞ്ചജന്യാഖ്യമായുള്ളശംഖവും.
ശരനിരകൾ സമരഭുവി തുരുതുരെയുതിര്ക്കുന്ന
ശാശ്വതമായോരു ശാര്ങ്ഗകോദണ്ഡവും.
നമദമരനികരബലഹരദനുജകന്ധരാ_
നാളം മുറിക്കുന്ന നന്ദകഖഡവും.
സകലസുരരിപുനിവഹ ഗളതലമറുക്കുവാൻ
സാമര്‍ത്ഥ്യമേറും സുദര്‍ശനചക്രവും
ദിവസക... ... ... ... ... ണപര ഹരണദക്ഷമാം
ദിവ്യാംശു ചേരു ... ... കൌസ്തുഭരത്നവും
ശിവകമലഭവ... ... ... ... ... ... കരമനോഹര-
ശ്രീവത്സലക്ഷ്മവും ശ്രീവന്യമാലയും.
ഭൂവനതല പരിവഹന പടുതരഭുജംഗേന്ദ്ര-
ഭോഗമായീടുന്ന മഞ്ജുളതല്പവും.
കനകമയ ശിഖിരവരവര സദൃശശുഭമൂര്ത്തിയും
കാറ്റിനേക്കാളേറെ വേഗവും ശക്തിയും.
പവിസദൃശ ഖരനഖരചഞ്ചുക്കളും ചേർന്ന
പക്ഷീന്ദ്രനാകും കൊടിയടയാളവും.
അശുഭചയ ഹരണശുഭകരണനിപുണങ്ങളാ-
മാദിമത്സ്യാവതാരഭേദങ്ങളും.
സുകൃതിജനമനതളിരിലമിതതരഭക്തിയും
സൌഖ്യവുംചേര്ക്കുന്ന ധര്‍മ്മകര്‍മ്മങ്ങളും.
ദുരിതമയഭരമഖില ഭൂവനമതിൽനിന്നിട്ടു
ദൂരീകരിച്ചീടുമുത്തമശ്ശോകവം.
മഹിതജനമനിശമതി ഭക്ത്യാജപിച്ചിടും
മംഗളശ്രീമൽ സഹസ്രനാമങ്ങളും.
നിജഭജന നിരതജന നിഖിവപുരുഷാര്ത്ഥള്
നിത്യം വളർത്തുവാനുള്ള നൈപുണ്യവും.
അതിമഹിതസകലജനമനസിബഹുഹര്ഷവു-
മാശ്ചര്യവുംചേര്ക്കുമുത്തമൈശ്വര്യവും.
ഇനിയുമതിമഹിതതര ഗുണഗണമിണങ്ങീടു-
മിന്ദ്രാവരജനാം ശ്രീപത്മനാഭനെ.
വിടരുമൊരു കടമിഴികളൊടു കമലകണ്ടിട്ടു
വിസ്തരിച്ചേവം വിചാരിച്ചുമാനസേ.
നിഖിലഗുണഗണനിലയനിവനധികമംഗളൻ
നിത്യമാത്മാരാമനായതുകാരണം
കരളിലഭിലഷിതമൊരുലവമില്ലായ്കയാൽ
കാമിച്ചിടുന്നില്ല തെല്ലുമെന്നെദൃഢം
ഇതിനിയതമഭിലഷിതരഹിതനവനെങ്കിലു-
മിച്ഛയാഭക്തരേസ്സേവിച്ചിടുംദ്ദൃഢം.
വടിവിനൊടു തിരുവടികൾ തൊടുമഖിലസൽബ്ഭക്തി-
വത്സലത്വമിവനേറ്റം സ്വഭാവജം.
മരണഗുണമുടയൊരിവനഖിലപുരുഷോത്തമൻ
ഭക്തയാമെന്നെബ്ഭജിക്കും സദാ ദൃഢം.
തിരുമനസി തെളിവൊടിതു കരുതിയഥ കൃഷ്ണനിൽ
തിങ്ങുന്ന കാമം കലര്‍ന്ന സര്‍വ്വേശ്വരി.
കരകമലതലകലിത വരവരണമാലയെ-
ക്കഞ്ജാക്ഷകണ്ഠസ്ഥലത്തിലിട്ടീടിനാൾ
ഗളമിളിത ലളിതതര വരണസുമമാലയാൽ
ഗാഢം പ്രകാശിച്ച നാരായണൻതദാ.
മധുമഥനമഹിതഗളഭുവിവരണമാലയേ
മന്ദാക്ഷസുന്ദരം ലക്ഷ്മിയിട്ടപ്പോഴേ.
ഉചിതമിദമുചിതമിദമുചിതമിദമെന്നേറ്റ-
മുച്ചത്തിലാര്ത്തുവിളിച്ചുലോകത്രയം.
സകലജനജനനിയുടെ വരവരണവേലയിൽ
സര്‍വ്വം പ്രസന്നമായ്വന്നുപാരം തദാ.
പുരുസുഖമൊടതിസുഭഗമൊരുപൊടിപറക്കാതെ
പുണ്യഗന്ധംപൂണ്ടു വീശി മന്ദാനിലൻ.
ശരദുദിത സകലകല ശശധരനെവെല്ലുന്ന
ശംഖങ്ങൾ ഭംഗ്യാ വിളിച്ചുദേവാദികൾ.
അതുപൊഴുതിലഖിലജനചെകിടുകളിലത്യന്ത-
മാനന്ദമുണ്ടായി ഘണ്ടാരവങ്ങളാൽ.
മുരളികുഴൽമുതൽ വിവിധസുഷിരനിനദങ്ങളാല്
മൂന്നുലോകത്തിലുമുണ്ടായ്മഹാസുഖം.
പടുപടഹപണവമുഖ ബഹുളവാദ്യങ്ങൾതൻ
പാരിച്ചഘോഷേണ പൂരിച്ചുപുഷ്കരം.
സുരധരണിരുഹനിവഹ കുസുമമയമായുള്ള
സുന്ദരവര്ഷമുണ്ടായീസുമംഗളം.
അതിതരളകനകമണി കടകനിനദോജ്വല-
മപ്സരസ്ത്രീജനം കൂത്താടിഭംഗിയിൽ.
അഖിലജനചെവികളിലുമമൃതുടനൊഴിച്ചുകൊ-
ണ്ടാദരാൽക്കിന്നരന്മാരങ്ങുപാടിനാർ.
അതുപൊഴുതിലഖിലജനസകലകരണങ്ങളു-
മാശ്ചര്യമോദാംബുരാശിയിൽത്താണുപോയ്.
സലിലനിധി തനയയുടെ കണവനാംദേവനെ-
സ്സാദരമപ്പോൾ സ്തുതിച്ചുദേവവ്രജം.
മഹിതഗുണഗണമുടയമുനിജനവുമക്ഷണം
മാധവൻതന്നെ സ്തുതിച്ചുതുടങ്ങിനാർ.
ലളിതമിഹഭുവനമതിൽമരുവുമവരൊക്കെയും
ലക്ഷ്മീശമംഗളസ്തോത്രം തുടങ്ങിനാൻ.
വടിവിലഥ രമയുടയരമണനാംകൃഷ്ണനേ
വാഴ്ത്തിസ്തുതിച്ചാർ വിരിഞ്ചനും രുദ്രനും.
ഇതിസകലമഹിതജനനുതിമൊഴികൾ കൊണ്ടേറ്റ-
മിന്ദിരാകാന്തൻ തെളിഞ്ഞുവിളങ്ങിനാർ.
സരസിരുഹനയനനുടെ സവിധഭുവിശോഭിച്ചു
സാന്ദ്രപ്രഭയോടു ലക്ഷ്മീഭഗവതി.
രമയുടെയുമദിതിസുതവിമതരിപുതന്റെയും
രമ്യങ്ങളാകും ഗുണങ്ങളെയൊക്കെയും.
അനവരതമതിവിതതനയനമൊടുകണ്ടുക-
ണ്ടാനന്ദമഗ്നരായെല്ലാജ്ജനങ്ങളും.
നാരായണവരണമെന്ന മൂന്നാംപാദം കഴിഞ്ഞു.
ലോകകല്യാണമെന്ന നാലാംപാദം.
ലക്ഷ്മീഭഗവതി നിശ്ശേഷകല്യാണ-
ലക്ഷണലക്ഷിതയായസര്വ്വേശ്വരി.
പക്ഷീന്ദ്രകേതുവെക്കാന്തനായീവണ്ണ-
മക്ഷീണഭംഗ്യാ വരിച്ചോരനന്തരം.
വൈകുണ്ഠലോകൈകനാഥൻ ജനാര്ദ്ദനൻ
വൈകുണ്ഠനച്യതൻ സർവ്വദേവാര്ച്ചിതൻ.
നന്മയിൽക്കാണുമീസ്സർവ്വലോകത്തിനു-
മമ്മയായീടുമാലക്ഷ്മിക്കിരിക്കുവാൻ.
തന്മാര്ത്തടംതന്നെ നൾകിനാൻസാദരം
ചിന്മയൻലോകൈകതാതൻ ജനാര്ദ്ദനൻ.
ഇന്ദ്രാദിവന്ദിതപാദാബ്ജയായീടു-
മിന്ദിരാദേവി പൂര്ണ്ണാനന്ദമഗ്നയായ്.
സുന്ദരശ്രീവിഷ്ണുവക്ഷസ്ഥലമായ
മന്ദിരത്തിങ്കലിരുന്നരുളീടിനാൾ.
ഭിന്നഞ്ജനത്തിൻനിറംകലര്ന്നീടുന്ന
പൊന്നൊത്ത കാന്തികളേന്തുമാബ്ഭാര്ഗ്ഗവി
മിന്നല്പിണരെന്നപോലെ മിന്നീടിനാൻ.
ഉല്പലാശ്യാമമാം വിഷ്ണുവക്ഷസ്സിങ്ക-
ലല്പേ തരം പ്രകാശിച്ചു പൂമങ്കയാൾ.
തപ്തഹേമച്ഛായ ചേരും ദിവാകര -
ദീപ്തി താരാപഥത്തിങ്കൽ മിന്നും വിധം.
ചിന്മയി ലോകമാതാവു വിളങ്ങിനാൾ
നന്മയേറീടുന്ന നാരായണോരസി.
വന്മതംഗേന്ദ്രന്റെ കക്ഷാന്തരസ്ഥലേ
പൊന്മയശൃംഖലയെന്ന കണക്കിനേ.
അംഭോരുഹാക്ഷന്റെ വക്ഷസ്ഥലത്തിങ്ക-
ലംഭോധിനന്ദിനി ശോഭിച്ച ഭംഗിയിൽ.
ചെമ്പകപ്പൂക്കളണിയിട്ടഴകോടു
വമ്പിച്ച കാനനംതന്നിൽ മിന്നുംവിധം.
പൂമങ്കയാൾ വിളങ്ങീടിനാളേറ്റവും
ദാമോദരൻ തന്റെ വക്ഷസ്ഥലാന്തരേ
ശ്യാമലസൽസ്നിഗ്ദമഗ്ദ്ധകേശേ തപ്ത-
ഹേമോല്ലാസന്മാലപോലെ ഭംഗ്യാപരം
മഞ്ഞത്തുകിലുടുപ്പോൻ തന്റെ മാര്ത്തടേ
മഞ്ജുസ്മിതം പൂണ്ടു ശോഭിച്ചഭാര്ഗ്ഗവി.
മഞ്ജുളമേറ്റം നിശയിൽ വിളങ്ങുന്ന
മഞ്ഞണികാന്തിതൻ കാന്തിപോലങ്ങിനെ
നാളീകനേത്രന്റെ വക്ഷസ്ഥലേ നല്ല
കേളിയോടേറ്റം പ്രകാശിച്ച ഭാര്‍ഗ്ഗവി.
കാളുന്ന പാവകജ്വാലാകരാളമാം
വാളു കാളീകരംതന്നിൽ മിന്നുംവിധം.
കാളാംബുദാരമാം വിഷ്ണുവക്ഷസ്ഥലേ
കേളിയാടീടിനാൾ താമരത്തന്വിയാൾ.
മേളിച്ചു പൊൻ നിറമൊത്ത ഹംസാവലി
കാളിന്ദിതന്നിൽ കളിയാടിടും വിധം.
മിന്നീടിനാൾ വാസുദേവവക്ഷസ്ഥലം
തന്നിൽജ്ജഗദേകമാതാവു ഭാര്‍ഗ്ഗവി.
നന്നായ്ത്തമിസ്രാസിതമാകുമോഷധി-
ക്കുന്നിൽ മഹൌഷധിശ്രേണി കണക്കിനേ
ശിക്ഷയിൽ സ്സജ്ജനവൃന്ദമശേഷവും
രക്ഷിച്ചു വാഴുന്ന ദൈത്യാരിതന്നുടെ.
വക്ഷസ്സിലഷ്ടാപദച്ചട്ടപോലെതാ-
നക്ഷീണഭംഗ്യാ വിളങ്ങി താർമങ്കയാൾ.
ചെന്താമരാക്ഷന്റെ ബാഹുക്കളായുള്ള
ചന്തം കലർന്നരു കല്പവൃക്ഷങ്ങടെ.
അന്തികോശാഭിച്ച തങ്കക്കൊടിപോലെ
സന്തതം കാന്തം കമലാഭഗവതി.
ഇന്ദ്രന്റെസോദരനാകും മുകുന്ദന്റെ
സുന്ദരമായോരു ബാഹ്വാന്തരസ്ഥലേ
ഇന്ദിരാദേവി ശോഭിച്ചാൾപരം പീത-
ചന്ദനത്തിന്റെ ചാറെന്ന കണക്കിനേ.
ചട്ടറ്റനന്തകല്യാണഗുണഗണം
പെട്ടതുമൂലം മുകുന്ദന്നു സാദരം.
കിട്ടിയപൊന്മാലയാകും വിരുതെന്ന-
മട്ടങ്ങു ശോഭിച്ചു ലക്ഷ്മീഭഗവതി.
കന്മഷഹീനമാം വിഷ്ണുഹൃദയത്തി-
ലുന്മേഷമോടങ്ങു ശോഭിച്ചു ഭാര്‍ഗ്ഗവി.
നിര്മ്മലാനന്തഹൃദയവിളങ്ങുന്ന
ചിന്മയദീപികാമാലകണക്കിനേ.
നാരായണൻ തന്റെ കാരുണ്യധാരയോ
സാരമായീടും മഹാനന്ദധാരയോ.
സ്വൈരമേവം തോന്നുമാറങ്ങുശോഭിച്ചു
പാരംഹരിശ്രീ ഹൃദയത്തിലിന്ദിരാ.
യോഗ്യതചേരും മുകുന്ദന്റെ ഭൂരിസൌ-
ഭാഗ്യം തികഞ്ഞൊരു പുണ്യവക്ഷസ്ഥലേ.
ഭാഗ്യമയിയായ മാലകണക്കിനേ
ഭാര്ഗ്ഗവീദേവി വിളങ്ങിനാളേറ്റവും.
ചണ്ഡത്വമേറുന്ന പാപിഷ്ഠദൈത്യരേ
ഖണ്ഡിച്ചുനിശ്ശേഷലോകസംരക്ഷണം.
തിണ്ണംസദാചെയ്യുമച്യുതൻതൻബാഹു-
ദണ്ഡങ്ങൾതന്നുടെ പുണ്യലഹരിയോ.
കണ്ണുള്ളര്വക്കു സന്ദേഹം മനസ്സിലീ-
വണ്ണമുദിപ്പിച്ചുകൊണ്ടുപൂമങ്കയാൾ.
വര്ണ്ണനീയപ്രഭാവം പൂണ്ടുകാർകൊണ്ടൽ-
വര്‍ണ്ണന്റെ ബാഹ്വന്തരേ വിളങ്ങീടിനാൾ.
ലോകത്തിനാനന്ദമേകാനുമേറ്റവും
ശോകം നശിപ്പിക്കുവാനുംകരുണയാ
ലോകതാതൻതന്റെ മാറിൽ വാണുങ്കൊണ്ടു
ലോകമാതാവുടൻ തൃക്കണ്ണിളക്കിനാൾ.
ശ്രീകൃഷ്ണവല്ലഭാ ശ്രീമൽക്കടാക്ഷങ്ങ-
ളാകും കളിന്ദജാവാരിപൂരങ്ങളിൽ.
ലോകങ്ങൾ മുങ്ങിക്കുളിക്കയാൽപ്പങ്കങ്ങ-
ളാകെക്ഷണകൊണ്ടൊഴിഞ്ഞു ശോഭിച്ചുതേ
മംഗലദേവതയാകും രമ തന്റെ
ഭംഗിയേറീടുമപാംഗവിലോകനം.
ഭംഗംവിനാചേര്ന്നമൂലം ജഗത്തതി-
മംഗലരൂപമായ് വന്നു സവ്വം തദാ.
കല്ല്യാണദേവതാ സല്ക്കടാക്ഷൌഘമാം
ചൊല്ലാര്ന്നിടുന്നോരു കാളമേഘവ്രജം.
നില്ലാതെപുണ്യാംബുപൂരം ചൊരികയാ-
ലെല്ലാടവും ചേര്‍ന്നു സമ്പൽസ്സമൃദ്ധികൾ.
ഇന്ദിരാദേവിതൻ സല്ക്കടാക്ഷങ്ങളാ-
മിന്ദ്രനീലങ്ങളാൽത്തീരമാല്യങ്ങളേ.
നന്നായ് ധരിക്കയാൽ ഭൂഷിതമായ്വന്നി-
തന്നേരമേറ്റവും നിശ്ശേഷലോകവും.
ദാമോദരപ്രിയാപാംഗവിലോകന-
ശ്രീമദിന്ദീവരമാലകൊണ്ടേറ്റവും.
തൂമയിൽസ്സര്വ്വഭുവനം നിറകയാ-
ലാമോദമുണ്ടായിവന്നു പാരംതദാ.
താമരക്കണ്ണന്റെ കാന്തയാം ലക്ഷ്മിതൻ
ശ്രീമൽക്കടാക്ഷങ്ങളായ കാർവണ്ടുകൾ..
ക്ഷാമംവിനാ ചേര്‍ന്ന മൂലമുളവായി
കാമാനുകൂലം ഗുണംമന്നിലൊക്കെയും.
ദുഷ്ടസംഹാരാര്ത്ഥമംഗീകരിച്ചൊരു
പുഷ്ടതമോഗുണത്താൽക്കറുത്തങ്ങിനേ.
സ്പഷ്ടം വിളങ്ങുന്ന ലക്ഷ്മീകടാക്ഷേണ
നഷ്ടമായ്ലോകത്തിൽ നിശ്ശേഷദോഷവും.
അഞ്ജസാസമ്പത്തു തീര്‍പ്പാൻ രജോഗുണ-
പുഞ്ജം ധരിക്കയാൽ രക്താന്തമായ്പരം.
മഞ്ജുവായ്മിന്നുന്ന ലക്ഷ്മിതന്നീക്ഷണാൽ
രഞ്ജിതമായ്വന്നു ലോകമെല്ലാംതദാ.
ശിഷ്ടരക്ഷാര്ത്ഥമായംഗീകരിച്ചോരു
പുഷ്ടമാം സത്വഗുണത്താൽ വെളുത്തഹോ.
സ്പഷ്ടമായ് മിന്നുന്ന ലക്ഷ്മീകടാക്ഷേണ
വിഷ്ടപേനന്നായി വന്നുരക്ഷോഗുണം.
സത്വരജസ്തമോരൂപിണി മായയെ-
ന്നത്ര ലോകങ്ങൾക്കു ബുദ്ധിയുണ്ടാംവിധം.
ഇത്തരം മൂന്നു വര്‍ണ്ണങ്ങൾ കലന്നീടു-
മുത്തമശ്രീദൃഷ്ടിയെന്തു ചെയ്യാത്തതും.
ലക്ഷ്മീകടാക്ഷേണ സംസിദ്ധമായ്ശ്ശിഷ്ട-
രക്ഷാര്ത്ഥമായോരു ദുര്ജ്ജനനിഗ്രഹം.
സാക്ഷാൽസ്സഹസ്രാരമായുള്ള ചക്രമു-
പേക്ഷ്യമായൊന്നിനും കൊള്ളരുതാകയാൽ.
എന്നാകിലും കാണ്കിലേറ്റം മനോജ്ഞമായ്
വന്നതുമൂലം സുദര്ശനമാകയാൽ.
നന്നു ഹസ്തത്തിന്നലംകരണത്തിന്നി-
തെന്നു വെച്ചിട്ടുപേക്ഷിച്ചില്ലതച്യുതൻ.
ഇപ്രപഞ്ചങ്ങൾക്കു മൂലഭൂതങ്ങളാം
ചൊൽപ്പൊങ്ങിടും മഹാഭൂതങ്ങളഞ്ചിനും
അത്ഭുതസൽഗുണസമ്പൽ സമൃദ്ധിക-
ളപ്പോളുളവായ് രമാകടാക്ഷത്തിനാൽ.
പേശല ശ്രീകടാക്ഷത്തിന് മഹിമകൊ-
ണ്ടാശു നഭസ്സിൻ ഗുണോൽക്കര്ഷസിദ്ധിയാൽ
വൈശദ്യലാഘവസൌക്ഷ്മ്യനിസ്വാനാവ-
കാശഗുണങ്ങളാൽ സ്സൌഖ്യമായെങ്ങുമേ.
വാച്ചൊരു വൈശദ്യസൽഗുണം മൂലമായ്
പൈച്ഛില്യദോഷം നശിച്ചതു കാരണം.
സ്വച്ഛഭാവംപരം പൂണ്ടു ലോകത്രയം
മെച്ചമായ് മുമ്പിലത്തേക്കാളുമേറ്റവും.
കുണ്ഠത്വമെന്നിയേ തിക്കുംതിരക്കുകൾ
കൊണ്ടുള്ള ദോഷങ്ങൾ കൂടാതെയങ്ങിനെ.
വേണ്ടുംവിധം പെരുമാറുവാനുള്ളിട-
മുണ്ടാകയാൽ സ്സുഖം പൂണ്ടു സർവ്വംതദാ.
ക്ഷീണം കലരാതതാതിന്ദ്രിയങ്ങൾക്കു
ചേണാര്‍ന്ന നിശ്ശേഷസൂക്ഷ്മവസ്തുക്കളും.
കാണുവാൻ ശക്യങ്ങളായതു കാരണം
ക്ഷോണിയിലെങ്ങും വിളങ്ങീ സുമംഗലം.
സാദംവിനാ സുസ്വരാദി ചേര്ന്നങ്ങിന
വേദങ്ങളെല്ലാം മഹാര്ത്ഥം സ്ഫുരിക്കവേ.
വൈദികന്മാരിൽ പ്രകാശിച്ച കാരണം
മേദുരാനന്ദത്തിൽ മുങ്ങി ലോകത്രയം.
സ്നേഹം നശിപ്പിച്ചിടുന്ന ശബ്ദങ്ങളും
മോഹത്തെയുണ്ടാക്കിടുന്ന ശബ്ദങ്ങളും.
ആഹന്ത വൈരം ഭയം ശേദമെന്നിവ
ദേഹാന്തമോളമേകുന്ന ശബ്ദങ്ങളും.
എത്രയമത്യുച്ചമാകയാലും മറ്റു-
മത്രരോഗത്തെ നല്കുന്ന ശബ്ദങ്ങളും.
ശാസ്ത്രാദികൾക്കു വിരുദ്ധങ്ങളായതി-
മാത്രമബദ്ധങ്ങളായ ശബ്ദങ്ങളും.
ഏറ്റവും സംബന്ധമറ്റശബ്ദങ്ങളും
മാറ്റിത്തമുണ്ടാക്കിടുന്ന ശബ്ദങ്ങളും.
മിത്ഥ്യാര്ത്ഥമേന്തുന്ന ദുഷ്ടശബ്ദങ്ങളും
പൃത്ഥ്വാദിയിൽത്തീരെയില്ലാതെയായ്ത്തദാ.
കാമവുമര്ത്ഥവും ധര്‍മ്മവും മോക്ഷവും
ക്ഷാമംവിനാ കോരി വാരി വര്‍ഷിക്കുന്ന
കോമളകാന്തലളിതപദങ്ങൾ പൂ-
ണ്ടാമോദമേകിടും പുണ്യശബ്ദങ്ങളും
മേളത്തൊടും പലമാതിരിയായുള്ള
താളത്തോടും ചേര്‍ന്നു കര്ണ്ണാനുകൂലമായ്.
കേളിയോടെല്ലാം മുഴക്കുന്ന മദ്ദള-
കാളപടഹാദി വാദ്യശബ്ദങ്ങളും.
ഭംഗിയോടേറെ ശ്രുതിസുഖംചേര്ക്കുന്ന
സംഗതിയോരോന്നെടുത്തു കൊണ്ടങ്ങിനേ.
മംഗളരാഗങ്ങളെത്തെളിയിക്കുന്ന
സംഗീതസര്വ്വസ്വമഞ്ജുശബ്ദങ്ങളും
പൂര്ണ്ണഹര്ഷത്താൽ ജ്ജഗത്തലിപ്പിക്കുന്ന
കര്ണ്ണാനുകൂല വീണാദിശബ്ദങ്ങളും.
തൂര്‍ണ്ണം മുഴങ്ങി ജഗത്തിലെല്ലാടവു-
മര്ണ്ണവപുത്രീകടാക്ഷം പതികയാൽ.
ആനന്ദപീയൂഷസാരവും മംഗല-
ജ്ഞാനവും പെയ്യുന്ന പുണ്യശബ്ദങ്ങളേ.
താനേ ഭജിക്കയാൽ സ്സര്വ്വലോകത്തിനും
സ്ഥാനേ സമസ്ത സമ്പത്തുമുണ്ടായ്ത്തദാ.
ആര്യമാം ലക്ഷ്മീകടാക്ഷത്തിനാൽ ഗുണം
സ്ഥൈര്യമോടേവം കലര്ന്നീടുമംബരം.
വീര്യേണ ലോക ശുഭാശുഭം നല്കുന്ന
സൂര്യാദികളാശ്രയിക്കുന്നു സന്തതം.
മംഗലദേവതാ സൽക്കടാക്ഷങ്ങളാൽ
ഭംഗിയിലിങ്ങിനെ സൽഗുണമൊക്കെയും.
തിങ്ങി വിളങ്ങീടുമംബരത്തേപ്പരം
മങ്ങാതെ തൻപദമാക്കി നാരായണൻ.
നാരായണപ്രാണനാഥയായീടുന്ന
വാരാശിപുത്രിതൻ നേത്രപാതത്തിനാൽ.
മാരുതന്നുള്ള സമസ്തദോഷങ്ങളും
തീരെയില്ലാതായിണങ്ങീ മഹാഗുണം.
ദുഷ്ടനല്ലാതുള്ള മാരുതനാകുന്നു
വിഷ്ടപേ സര്വ്വാര്ത്ഥദാനങ്ങൾ ചെയ്വവൻ.
കഷ്ടമനര്ത്ഥങ്ങളൊക്കെ നൽകുന്നവൻ
ദുഷ്ടനായീടുന്ന മാരുതൻതാൻ ദൃഢം
അഞ്ചാതെ ദേഹത്തിലുള്ളോരു വായുക്ക-
ളഞ്ചിനും സ്വസ്ഥാനസാമ്യമുണ്ടാകയാൽ.
പീതാംബര പ്രിയാവീക്ഷണത്താൽദ്ദേഹ-
വാതത്തിനൊട്ടും വികാരം വരായ്കയാൽ.
ധാതുസാമ്യംപാരമുണ്ടായി ദേഹികൾ-
ക്കേതും തടയാതെ പോയീ മലങ്ങളും.
കുണ്ഠത്വമില്ലാറങ്ങുക കാരണ-
മുണ്ടായി ലോകര്‍ക്കു പുഷ്ടിതുഷ്ട്യാദികൾ.
വേണ്ടകാലങ്ങളിലെല്ലാം പ്രബോധിക്ക-
കൊണ്ടുത്ഭവിച്ചു സമ്പത്തുകളൊക്കയും.
ദുഃഖപ്രദങ്ങളായുള്ള കര്‍മ്മങ്ങളി-
ലൊക്കെയും മുഖ്യമായോരു വൈമുഖ്യവും.
ഉൽക്കടാനന്ദം തരുന്ന കര്‍മ്മങ്ങളി-
ലൊക്കെയുമുത്സാഹവുംചേർന്നു ലോകരിൽ
വാജിപ്രവരന്റെ വേഗവും മത്തനായ്
രാജിക്കുമാനത്തലവന്റെ ശക്തിയും.
തേജസ്സമുണ്ടായ് ജനങ്ങൾക്കശേഷവു-
മോജസ്സുനന്നായി വർദ്ധിച്ച കാരണം.
ആര്ത്തവരേതസ്സുകൾക്കു പാരം ശുദ്ധി
പൂര്ത്തിയോടുണ്ടായിവന്നതു കാരണം.
പേര്ത്തുമായുര്ബ്ബലാരോഗ്യാദി സൽഗുണം
ചീര്‍ത്തു സന്താനത്തിനെല്ലാം ജഗത്രയേ.
ഗര്ഭമലസുകതൊട്ടുള്ള ദോഷങ്ങ-
ളുൽബ്ഭവിച്ചീലതുകാലത്തിലെങ്ങുമേ.
അര്ഭകന്മാരരിഷ്ടാദികൾ കൂടാതെ
നിര്‍ഭയം നന്നായ് വളര്‍ന്നു നിരാകുലം.
ശിക്ഷയിൽശ്ലേഷ്മപിത്താദികൾ തങ്ങടെ
വിക്ഷേപസംഹാരകാരിയാംമാരുതൻ.
വിക്ഷോഭമില്ലാതനുലോമനാകയാൽ
തൽക്ഷണം വ്യാധികളെല്ലാം നശിച്ചുപോയ്.
ഓഷധീശൻതന്റെസോദരീകാരുണ്യ-
യൂഷപീയൂഷം ജഗത്തിലശേഷവും.
ഈഷലെന്യേ നേത്രമാര്ഗ്ഗേണ ചേര്‍ക്കയാൽ
ദോഷങ്ങൾപോയ്മഹാശുദ്ധിയുണ്ടായ്തദാ.
സാധുവാംവണ്ണം സമീരൻ സദാപരം
സ്വാധീനമായിബ്ഭവിച്ചതു കാരണം.
ബാധകൂടാതെകണ്ടെല്ലാജ്ജനങ്ങളും
സാധിച്ചിതഷ്ടാംഗയോഗസാദ്ധ്യംഫലം.
പാരിലെല്ലാറ്റിനും ശുദ്ധിചെയ്തീടുന്ന
കാരണംലോകേ പവമാനനെന്നപേർ
ചേരുന്ന വായുവിന്നാനുകൂല്യത്തിനാൽ
പാരമുളവായി ലോകത്തിൽ മംഗളം.
രാജീവലോചനപ്രേയസീലോചന-
രാജീവശോഭനശ്രീമദ്വിലോകനാൽ.
തേജസ്സിനേറ്റം ഗുണങ്ങൾ തികകയാൽ
വ്യാജമെന്യേമഹാസൌഖ്യമായെങ്ങുമേ.
കര്ഷകന്മാർ മുതലെല്ലാജ്ജനത്തിനും
ഹര്ഷമനന്തമായുണ്ടായി തൽക്ഷണം.
വക്ഷോഷ്ണശീതാദികാലങ്ങളിൽ ഗുണോ-
ല്ക്കര്ഷങ്ങൾ ചെയ്യുമാദിത്യൻ തെളികയാൽ.
ലോകത്തിലെങ്ങും ഗ്രഹപ്പിഴകൊണ്ടുള്ള
ശോകമെല്ലാം നഷ്ടമായി സമൂലമായ്.
അവ്യയനാകുന്ന കൃഷ്ണന്റെ കാന്തതൻ
ഭവ്യകടാക്ഷം പതിയുകകാരണം.
ഹവ്യവാഹന്നു ഗുണങ്ങൾ നിറകയാൽ
ദിവ്യലോകങ്ങളില്സ്സൌഖ്യമായേറ്റവും
കാട്ടുതീബ്ബാധമുതലായദോഷങ്ങള്
കാട്ടുജന്തുക്കൾക്കു തട്ടാതെയായ്തദാ.
നാട്ടിൽസ്സകലര്ക്കുമഗ്നിബാധാദിയാൽ
കോട്ടങ്ങളൊട്ടും ഭവിക്കാതെയായഹോ.
പെട്ടെന്നുപാരം കഠോരമാകുന്നിടി-
വെട്ടുകൊണ്ടുണ്ടായ് വരുന്നൊരാപത്തുകൾ.
നാട്ടിലൊരേടത്തുമില്ലാതെയായ്തദാ
മട്ടലർമങ്കതൻ ദൃഷ്ടിപാതത്തിനാൽ.
ക്ഷുത്തൃഡ്രുചിപ്രഭാ ധൈര്യമേധാധിയാ-
മുത്തമസൽഗുണസംഘങ്ങളൊക്കെയും.
ഒത്തുസുഖമായ് ശ്ശരീരികൾക്കൊക്കെയും
തത്രദേഹസ്ഥാഗ്നി നന്നായ് വരികയാൽ.
അംഭോനിധിപ്രിയ കന്യകയായീടു-
മംഭോരുഹേക്ഷണവല്ലഭതന്നുടെ.
അംഭോജലോചനാലോകങ്ങളാലേറ്റ-
മംഭോഗുണങ്ങളിണങ്ങി ലോകങ്ങളിൽ.
മേദുരദേഹഭീമസ്വഭാവംചേർന്ന
യാദോഗണങ്ങളുണ്ടാക്കുമാപത്തുകൾ.
മേദിനിതന്നിൽ നശിക്കയാൽസ്സാംയാത്രി-
കാദികൾക്കുണ്ടായി മോദം നിരന്തരം.
ജീവനത്വാദികളായ ഗുണങ്ങള-
ങ്ങാവോളമൊക്കെത്തികഞ്ഞുവരികയാൽ.
ഭൂവലയത്തിലുള്ളംഭസ്സശേഷവും
കേവലം ഗംഗാജലംപോലെയ്ത്തദാ.
പാരാതഗസ്ത്യോദയത്തിനെക്കാട്ടിലും
പാരം ഗുണമുള്ള ലക്ഷ്മീനിരീക്ഷണാൽ.
നീരിന്നുചേരുന്ന ദോഷങ്ങളൊക്കെയും
തീരെയില്ലാതായി സര്‍വ്വലോകത്തിലും.
ദോഷാധിനായകൻ ദേവൻ ജലാത്മക-
നോഷധീനാഥൻ പ്രസാദിക്ക കാരണം.
ഔഷധങ്ങൾക്കു വേണ്ടുന്ന ഗുണഗണം
ദോഷംകലരാതെ പൂര്ണ്ണമായൊക്കെയും.
വിശ്വംഭരോരസ്ഥലത്തിൽ വിളങ്ങുന്ന
വിശ്വമാതാവിൻ കൃപാകടാക്ഷങ്ങളാൽ.
വിശ്വംഭരയായ ദേവിക്കു വേണ്ടുന്ന
വിശ്വഗുണങ്ങളും പൂര്ണ്ണങ്ങളായ്തദാ
ചൊല്ലാര്ന്നിടുന്ന വസുമതീദേവിക്കു
കല്യാണസൽഗുണമെല്ലാം നിറകയാൽ.
എല്ലാജ്ജനത്തിനും തുഷ്ടിപുഷ്ട്യാദിക-
ളുല്ലാസമോടുളവായ്വന്നു തൽക്ഷണം.
പണ്ടൊരുനാളിലുമെങ്ങുമൊരുത്തനും
കണ്ടറിഞ്ഞീടാത്തവണ്ണമത്യത്ഭുതം.
കണ്ടത്തിലൊക്കെയുമോരായിരംവിള-
വുണ്ടായിവന്നു ധരിത്രീഗുണത്തിനാൽ.
നാനാഫലാദികൾക്കേന്തും രസം നാവി-
നാനന്ദമേറ്റവും വര്‍ഷിച്ചു തൽക്ഷണം.
മല്ലിക മാലതി തൊട്ടുള്ള നിശ്ശേഷ-
വല്ലീഗണങ്ങളിൽപ്പുഷ്പഭാരം തദാ.
എല്ലാസ്സമയവുമുണ്ടാകയാൽജ്ജഗ-
ത്തെല്ലാം സുഗന്ധമയമായ് മനോഹരം.
ഭൂമിയിൽദ്ധാത്വാ കരാദിസ്ഥലങ്ങളിൽ
തൂമയിലേറ്റം വിളവുവദ്ധിക്കയാൽ.
ഹേമരത്നാദിവസ്തുക്കൾക്കു സര്‍വ്വവും
ക്ഷാമംക്ഷമയിൽത്തരിമ്പുമില്ലാതെയായ്.
പത്തരമാറ്റിൽക്കുറഞ്ഞമാറ്റുള്ള പൊ-
ന്നത്തയ്യിലെങ്ങുമില്ലാതായി ഭൂമിയിൽ.
കുത്തുകൾ പൊട്ടുകൾ തൊട്ടുള്ള ദോഷങ്ങ-
ളൊത്തരത്നംമന്നിലൊന്നുമില്ലാതെയായ്.
നാരായണപ്രിയാ നേത്രാംബുവാഹങ്ങൾ
കാരുണ്യവാരിയേ സ്വൈരംചൊരികയാൽ.
ദാരിദ്ര്യഘര്മ്മമശേഷം പ്രശാന്തമായ്-
പാരംതണുത്തു ജഗത്തുസമസ്തവും.
നാളീകലോചനമാരുടെ നൃത്താദി-
കേളീരസങ്ങൾക്കരങ്ങായനാരതം.
കേളിയിൽമിന്നീടുമേഴുനിലയുള്ള
മാളികകൊണ്ടു നിറഞ്ഞുപാരൊക്കെയും.
അഷ്ടിപോരായ്കകൊണ്ടുള്ളനര്ത്ഥംതീരെ
നഷ്ടമായെന്നല്ല ജീവികൾക്കൊക്കെയും.
തുഷ്ടിയും പുഷ്ടിയുമേറ്റം ചതുവ്വിര്ധ-
മൃഷ്ടാന്നഭുക്തിയാലുണ്ടായനാരതം.
നിദ്രാസുഖമതുകാലത്തിലെങ്ങുമേ
ഭദ്രമായ്വന്നൂ സമസ്തലോകത്തിനും.
മദ്യാതിപാനാദി സര്വ്വവ്യസനവും
സദ്യോപിനഷ്ടമായ് വന്നൂധരാതലേ.
ആയങ്ങളേറ്റവും പൂര്ണ്ണങ്ങളായിയും
ഞായത്തിൽനന്നായ് വ്യയങ്ങൾചുരുങ്ങിയും.
മായമെന്യേ ഭവിച്ചീടുകകാരണം
ശ്രീയെങ്ങുമേതിങ്ങി വിങ്ങീനിരാകുലം.
മാടുകളെത്രയും മേരുശീതാദ്രിക-
ളോടുതുല്യങ്ങളായ് വന്നൂ ധരാതലേ.
കാടുകളാകവേ നന്ദനമെന്ന പൂ-
വാടിതൻ മോടിപൂണ്ടങ്ങുശോഭിച്ചുതേ.
ക്ഷാമംവിനാപാലുമാര്യസ്വഭാവവും
ശ്രീമൽഗുണങ്ങളുമുണ്ടാകകാരണം.
കാമധേനുക്കളേപ്പോലെ വിളങ്ങിനാർ
ഭൂമിയിലുള്ള പശുക്കളശേഷവും.
നല്ലതായീടുന്ന കര്മ്മത്തിലൊക്കയും
വല്ലാതെവര്ദ്ധിക്കുമുത്സാഹകാരണം.
എല്ലാജ്ജനങ്ങൾക്കുമുണ്ടായിവന്നാരു
കല്യാണമെല്ലാം പറവാൻ പണിതുലോം.
മംഗലമിങ്ങിനെ സർവ്വലോകത്തിലും
ഭംഗംവിനാ വാരിവര്ഷിച്ചുസന്തതം.
ഭംഗ്യാ മുകുന്ദന്റെ മാറിൽ വാഴും സര്‍വ്വ-
മംഗലാദേവിയേ വാഴ്ത്തിനാരേവരും.
പത്മേഭഗവതിദേവി ജയജയ
പത്മ ഹസ്തേലോക നാഥേ ജയ ജയ
പത്മപത്രായത നേത്രേ ജയജയ
പത്മനാഭപ്രാണനാഥേ ജയജയ.
സുന്ദരാകാരേ മഹാഭക്തമാനസ-
മന്ദിരവാസേ മഹാലക്ഷ്മിഭാര്ഗ്ഗവി.
ഇന്ദിരേലോകമാതാവേ സദാഞങ്ങൾ
വന്ദിച്ചിടുന്നു നിൻ പാദപങ്കേരുഹം.
പാലാഴികന്യകേ പാദസംസേവക-
പാലനശീലേ പരമേശ്വരേശ്വരി.
കാലാദിദോഷേണ ഞങ്ങൾക്കു ചേരുന്ന
മാലാകവേതീർത്തു കൊള്ളണമേരമേ.
അക്ഷികോണംനീയയയ്ക്കുന്നവിടത്തി-
ലക്ഷണത്തിൽ ഞാൻ നശിക്കുമമംഗളം.
ലക്ഷ്മീ! മാർത്താണ്ഡൻ മയൂഖം വിതറിയാൽ
പ്രക്ഷയിച്ചീടാതിരുട്ടുനിന്നീടുമോ.
കല്യാണദേവതേ! ത്വൽസ്സോദരരായ
കല്ലുംമരങ്ങളും ഹന്ത ജന്തുക്കളും.
ഉല്ലാസമോടഖിലര്ക്കുമഭീഷ്ടങ്ങ-
ളെല്ലാം കൊടുക്കുന്നതാശ്ചര്യമല്ലിഹ.
കോട്ടംവിനാനിൻപ്രസാദം പെടുന്നവർ
നാട്ടിൽജ്ജനങ്ങൾക്കു സമ്മതരായ്വരും.
വാട്ടംവിനാധനധാന്യസമൃദ്ധികൾ
വീട്ടിലവര്ക്കൊടുങ്ങാതെയുണ്ടായ്വരും.
സാരസ്യസാരവും സൌന്ദര്യസാരവും
ചാരുസ്വഭാവവും മറ്റുഗുണങ്ങളും.
പാരംതികഞ്ഞു വിളങ്ങുന്നഭാര്യമാർ
ചേരുന്നു ലോകര്‍ക്കു നിൻ പ്രസാദത്തിനാൽ
ഇത്യാദിനാനാസ്തവങ്ങളെച്ചൊല്ലിയു-
മത്യാദരവോടു താണു കൈകൂപ്പിയും.
പ്രീത്യാഭജിക്കുന്ന സര്‍വ്വലോകത്തെയും.
ദൈത്യാരിപത്നി കനിഞ്ഞുനോക്കീടിനാൾ.
ലക്ഷ്മീകൃപാബലം മൂലംജനങ്ങൾക്കു
ലക്ഷമിരട്ടിച്ചു ഭക്തിഭാരംതദാ.
അക്ഷണംലോകർതൻ ഭക്തികൊണ്ടെത്രയും
ലക്ഷ്മിക്കിരട്ടിച്ചു കാരുണ്യമാശയേ.
അന്യോന്യമിത്തരം ദേവീകരുണയും
ധന്യത്വമേറും ജനങ്ങൾതൻഭക്തിയും.
അന്യനഭാവേന തെല്ലുമവസാന-
മെന്യേവളര്ത്തീ സുമംഗളമാംവിധം.
ഇങ്ങിനെ ലക്ഷ്മീസ്വയംവരമെന്ന ജയസ്തോത്രത്തിൽ
നാലാം പാദം കഴിഞ്ഞു.
ജയസ്തോത്രവും അവസാനിച്ചു.
അവതരണമെന്ന ഒന്നാംപാദം
എങ്കിലോ പണ്ടു ദുഗ്ദ്ധസമുദ്രം കടയുമ്പോ-
ളങ്കുരിച്ചോരു കാളകൂടമാം മഹാവിഷം.
ശങ്കരൻ വൃഷഭാങ്കൻ ശശാങ്കധരൻ ദേവൻ
ശങ്കകൂടാതെ വേഗാൽ പാനം ചെയ്തനന്തരം.
സങ്കടമെല്ലാം തീര്‍ന്നു പിന്നെയും ദേവാസുര-
സംഘങ്ങൾ പാലാഴിയേക്കടഞ്ഞു തുടങ്ങിനാർ.
വൻകടകോലാം മഹാപര്വ്വതക്ഷോഭത്തിനാൽ
ഝങ്കാരത്തോടു കടലിളകീ വല്ലാതഹോ.
അന്നേരം പാലാഴിയിൽ നിന്നുടനുളവായി
വന്നു സൽ ഗുണമുള്ള സുരഭി കാമധേനു.
കുന്ദവും സ്ഫടികവുമിന്ദുവും മുത്തുവുംവന്നു
വന്ദിച്ചു വാഴ്ത്തുന്നോരു ധവളപ്രകാശവും.
ചാമരം പോലെബഹു രോമങ്ങളിടതിങ്ങി-
ബ്ഭൂമിയിൽത്തൊടുംവിധം നീണ്ടുനേര്ക്കുള്ള വാലും.
കേമമായ്ച്ചുരക്കയാൽത്തടിച്ചു നീണ്ടു ദുഗ്ദ്ധം
ക്ഷാമമെന്നിയേ വര്‍ഷിക്കുന്ന നാൽ മുലകളും.
കുടമൊത്തകിടിന്റെ ഭാരത്താൽ മന്ദമായ
നടയും തമ്മിൽ ചേർന്നു മിന്നുന്ന ഖുരങ്ങളും.
വടിവോടതിഭംഗി കലന്ന ശൃംഗങ്ങളു-
മുടലിൽപ്പറ്റിനില്ക്കും സുസ്നിഗ്ദ്ധരോമങ്ങളും.
തുംഗമായേറ്റംവലുതാകിയ പിൻഭാഗവും
മംഗള സ്നിഗ്ദ്ധമുദ്ധ ഗംഭീരഭാങ്കാരവും.
ഭംഗിയുള്ളഖിലാംഗോപാംഗവും സര്‍വ്വകാമം
ഭംഗം വിട്ടേകാനുള്ളോരത്ഭുതപ്രഭാവവും.
ക്രൌര്യമുള്ളന്യസത്വവിജയത്തിന്നു വേണ്ടും
ശൊര്യവിക്രമങ്ങളും മൃദുല സുശീലവും.
ധൈര്യവും മഹാദിവ്യജ്ഞാനവുമിണങ്ങീടു-
മാര്യയാം സുരഭിയേക്കണ്ടുടൻ മഹര്‍ഷികൾ.
സാദ്ധ്വിയാമിവൾ ഞങ്ങൾക്കല്ല്വരത്തിന്നുവേണ്ടും-
മേദ്ധ്യമാം ഹവിസ്സീന്നു വേണമെന്നിപ്രകാരം
ബദ്ധകൌതുകം ചെന്നാപ്പയ്യിനെബ്ബഹുതപ-
സ്സിദ്ധന്മാരവർ മോദാൽപ്പിടിച്ചു കൊണ്ടുപോയി.
നിശ്ശേഷദേവാസുര നാഥന്മാരേറ്റംതമ്മിൽ
വിശ്വാസത്തോടുകടൽ പിന്നെയും കടയുമ്പോൾ.
വിശ്വത്തിലുച്ചൈഃശ്രവസ്സെന്നേറെ പ്രസിദ്ധനാ-
മശ്വേന്ദ്രനതിൽ നിന്നിട്ടുണ്ടായി മഹാത്ഭുതം.
തുംഗനയീടുന്നോരത്തുരംഗപുംഗവൻത-
ന്നംഗോപാംഗങ്ങളെല്ലാം സൂക്ഷിച്ചുനോക്കുന്നാകിൽ.
ഭംഗിയിലുഴിഞ്ഞഴിഞ്ഞീശ്വരൻ മനസ്സുവെ-
ച്ചങ്ങിനെ സൃഷ്ടിച്ചവയാണെന്നേവനും തോന്നും.
പക്ഷികൾക്കധിപനും പവമാനനുംവേഗ-
ശിക്ഷയ്ക്കുാ ഹയേന്ദ്രന്റെ ശിഷ്യന്മാരായീടേണം.
ലക്ഷമോ പരാര്ദ്ധമോ യോജനയോടുന്തോറു-
മക്ഷീണബലാലവന്നറകേയുള്ളൂ വേഗം.
അക്ഷികൾക്കതിസുഖം കൊടുക്കും ധാവള്യത്താൽ
നക്ഷത്രനാഥന്നവൻ നാണത്തെ നല്ലീടിനാൻ.
ലക്ഷണപ്പിഴയൊന്നുമില്ലെന്നു പോരാശുഭ-
ലക്ഷണം സമസ്തമാ വാജിയിൽപ്പരിപൂർണ്ണം.
വിഗ്രഹശാലി ബലിയവനേക്കണ്ടു ശത്രു-
നിഗ്രഹാദിക്കുകൊള്ളാമീ ഹയമെന്നിങ്ങിനേ.
ആഗ്രഹിച്ചടുത്തുപോൽദ്ദേവേന്ദ്രൻ തൽക്കാലം ത-
ന്നാഗ്രഹമൊതുക്കിനാ നീശ്വരശിക്ഷമൂലം.
കാലം പിന്നെയുമല്പം നന്നായിദ്ദേവാസുര-
ജാലമാക്ഷീരംബ്ധിയെമഥനം ചെയ്തശേഷം.
കൈലാസമഹാശൈലമെന്തിപ്പോളുണ്ടാകുവാൻ
പാലാഴിതന്നിൽനിന്നെന്നേവരും വിചാരിച്ചു.
ആലോചിച്ചേവംലോകം നില്ക്കുമ്പോളൈരാവരതം
സ്ഥൂലമാം തുമ്പിക്കയ്യിൽ പാലുധാരാളംകോരി.
ലീലയോടതുതന്റെ മെയ്യിലൊക്കെയുമൊഴി-
ച്ചാലോലകോലാഹലമലറിക്കളിയാടി
തടഞ്ഞീടാതെമഹം ധാരാളമായിക്കട-
തടങ്ങൾ തന്നിൽ നിന്നിട്ടൊലിക്കും മദത്തിന്റെ.
കടുത്ത പരിമളമേറ്റവുമണകയാൽ
തടത്തിൽ നില്ക്കുന്നവരൊക്കയും പ്രസാദിച്ചു.
കല്ലോലജാലങ്ങളിൽത്തുമ്പിക്കെകൊണ്ടുഭംഗ്യാ
തല്ലിയും തകർത്തും കൈ വീശിയുമലറിയും.
ഉല്ലാസാൽ മുഴുകിയും വിദ്രുമക്കൊടികളേ-
ത്തല്ലെന്യേ കുത്തിപ്പൊക്കിയെറിഞ്ഞും നുറുക്കിയും.
വല്ലാതെവളർന്നീടും മദത്താൽപ്പലതരം
സല്ലീലയാടീടുമനോൽക്കൊമ്പനാനതന്റെ.
കല്യാണമനോഹര ഗംഭീരശ്രീഭംഗിയേ
മെല്ലെന്നു കണ്ടു കണ്ടങ്ങെല്ലാരും കൊണ്ടാടിനാർ.
പ്രഥിതക്ഷീരാബ്ധിയിൽബ്ഭ്രമിച്ചു കൊണ്ടു ശൈല-
പൃഥുല ശരീരനാമഗ്ഗജം കുളിക്കുമ്പോൾ.
മഥനം രണ്ടുദിക്കിലുണ്ടിപ്പോളെന്നു മധു-
മഥനൻ നടിച്ചൊന്നു പുഞ്ചിരിയിട്ടീടിനാൻ.
വമ്പനാം മഹാബലി ദാനവകുലേന്ദ്രനാ-
ക്കൊമ്പനായേച്ചെന്നു കയ്ക്കലാക്കിനാൻ ജവാൽ.
ഉമ്പർകോനതുനേരം മുമ്പിലേപ്പോലെതന്നെ
കമ്പമെന്നിയേതന്റെ കാമമങ്ങൊതുക്കിനാൻ.
മന്ദതപൂണ്ടീടാതെ പിന്നെയും ദേവാസുര-
വൃന്ദങ്ങളൊത്തു ചെന്നു കടഞ്ഞു പാലാഴിയെ.
മന്ദരഘട്ടനത്താൽ ബഹുലയാദോഗണ-
തുന്ദിലദേഹം പൊട്ടിശ്ശോണിതം പ്രവഹിച്ചോ.
ക്ഷീരബബ്ധിമുഴുവനും ചുവപ്പാനിപ്പോളെന്തു-
കാരണമെന്നോരോന്നു പലരും ശങ്കിയ്ക്കുമ്പോൾ.
ചാരുബാലാര്ക്ക കോടി സഹസ്രപ്രഭയുള്ള
സാരമായോരുരത്നം കൌസ്തുഭമുണ്ടായ്വന്നു
ചണ്ഡാംശു കോടിതുല്യ കൌസ്തുഭത്തിങ്കൽ നിന്നി-
ട്ടെണ്ണമെന്നിയേ പുറപ്പെട്ടീടും പ്രഭകളിൽ.
വിണ്ണവര്ക്കെല്ലാവര്ക്കും ദാനവന്മാര്‍ക്കു മൊട്ടും
കണ്ണുകൾ തുറപ്പാനും ശക്തിയില്ലാതെയായി.
അന്നേരം ദേവദേവനാകിയ വാസുദേവൻ
നിന്നീടിതടുത്തു ചെന്നെടുത്തു മഹാരത്നം.
തന്നുടെമഹാഭംഗികലരും വക്ഷസ്ഥലം
തന്നിലാമ്മാറുചേര്ത്തു ചാര്ത്തിനാൻ നാരായണൻ.
കുണ്ഠതപൂണ്ടീടാതെ പിന്നെയും മന്ദരാളി-
കൊണ്ടവർ പാലാഴിയേക്കടഞ്ഞാരക്കാലത്തിൽ.
മന്ദാരം പാരിജാതം കല്പകവൃക്ഷം ഹരി-
ചന്ദനം സന്താനമെന്നീവണ്ണം സുപ്രസിദ്ധം.
കന്ദാരവിന്ദജാതി പ്രമുഖസുമങ്ങൾക്കു
മന്ദാക്ഷമുണ്ടാക്കുന്ന പൂക്കളാൽ മൂടിക്കൊണ്ടും.
പൂങ്കുലപറിക്കുവാനൊരുമിച്ചേറ്റംദിവ്യ-
മങ്കമാർ കരങ്ങളേത്തിരക്കി വെക്കുന്നുവോ.
ശങ്കയീവണ്ണം നല്‍കും മൃദുലകിസലയ-
സംഘത്താൽപ്പലപക്ഷി സഞ്ചയമാകര്ഷിച്ചും.
മധുരബഹുഫലഭാരത്തെച്ചുമക്കുവാ-
നധുനാവയ്യാഞ്ഞിട്ടു പിടിച്ചു നിന്നീടുന്ന.
അധികംവടികളേപ്പോലെ പെയ്യുന്ന പുഷ്പ-
മധുധാരകളോടുകൂടിയും നിരന്തരം.
എന്തെന്നാകിലുമാരെന്നാകിലും പ്രാത്ഥിക്കുന്ന
തന്തരംകൂടാതപ്പോൾത്താനൊക്കെദ്ദാനം ചെയ്തും.
ചന്തത്തിൽ വിളങ്ങുമാവൃക്ഷസംഘത്തെക്കണ്ടു
സന്തോഷിച്ചിതുസര്വ്വജനവുമൊരുപോലെ.
പിന്നെയുണ്ടായിദുഗ്ദ്ധസിന്ധുവിൽനിന്നു സഹ-
ജന്യമേനകരംഭതൊട്ടുള്ളപ്സരസ്ത്രീകൾ.
പൊന്നും രത്നവുംകൊണ്ടു തീര്ത്തഭൂഷണങ്ങളും
മിന്നുന്നനിറമുള്ള മൃദുലാംബരങ്ങളും.
അന്നവും മത്തഗജപതിയും തൊഴും പദ-
വിന്യാസവിശേഷവും സുന്ദരലീലകളും.
കിന്നരസ്വരംമങ്ങും സംഗീതരീതികളും
കന്നൽക്കൺകടാക്ഷങ്ങൾ കളിക്കും വിലാസവും.
സുന്ദരമന്ദസ്മിത പ്രഭയും സുരാസുര-
വൃന്ദങ്ങൾ കണ്ടറ്റവുമവരിൽക്കാമംപൂണ്ടു.
ധന്യതകൂടുംദേവദൈത്യന്മാർ ദുഗ്ദ്ധാബ്ധിയേ-
പിന്നെയും തെല്ലുകൂടീ മഥനംചെയ്തശേഷം.
ശര്വ്വബ്രഹ്മാദികൾക്കുമാശ്ചയമാകുംവിധം
സർവ്വസൽഗുണങ്ങളുമിണങ്ങും കാലം വന്നു.
സർവ്വലോകത്തിങ്കലും സര്വ്വാനത്ഥവുംതീർന്നു
സര്വ്വലോകത്തിങ്കലും സര്വ്വാത്ഥസിദ്ധിയുണ്ടായ്.
ദാരിദ്ര്യമെന്നുള്ളതു കൂരിരുട്ടാണെന്നാകിൽ
പാരെല്ലാം സൂര്യബിംബമായീതത്സമയത്തിൽ.
ദാരിദ്ര്യമെന്നുള്ളതു ഘോരമാം വ്യാധിയെങ്കിൽ
പാരെല്ലാം ധന്വന്തരിമൂര്ത്തിയായതുകാലം.
സമ്പത്തെന്നുള്ള വസ്തു പീയൂഷമാണെന്നാകിൽ
വമ്പൊത്തധന്വന്തരിമൂര്ത്തിയായുലകപ്പോൾ.
സമ്പത്തെന്നുള്ള വസ്തുവാമ്പലാകുന്നുവെന്നാ-
ലമ്പിളിയായിത്തീര്ന്നു ലോകമക്കാലമെല്ലാം.
അളവില്ലാതെ ശൂകശിംബിധാന്യങ്ങളുടെ
വിളവുണ്ടായിവന്നു ലോകത്തിലക്കാലത്തിൽ.
വളരെ വര്‍ദ്ധിച്ചിതു ഫലങ്ങളഖിലവും
തളിരുംപൂവുകൊണ്ടു നിറഞ്ഞ വൃക്ഷമെല്ലാം.
കനകമാണിക്യാദി ശ്രേഷ്ഠവസ്തുക്കളപ്പോള്
ജനിച്ചു ധാരാളമായ് ധരയില്‍ നിരന്തരം
ധനധാന്യാദിയുടെ സമൃദ്ധികൊണ്ടു സര്‍വ്വ-
ജനവും മഹാനന്ദരസത്തില്ത്തദാമുങ്ങി
തങ്ങൾതങ്ങൾക്കുവേണ്ടും സര്‍വ്വകര്‍മ്മങ്ങളിലും
മങ്ങാതെ ജനങ്ങൾക്കു വളര്‍ന്നു മഹോത്സാഹം.
മംഗളം വര്ദ്ധിയ്ക്കയാല് ഫലത്തെക്കൊടുത്തീടാ-
തെങ്ങുമേ കര്മ്മമൊന്നുപോലുമില്ലാതെയായി.
പാലുധാരാളമായീ പശുക്കൾക്കെല്ലാമതു
കാലത്തിലാനകൾക്കു വളര്‍ന്നു മദമേറ്റം.
നാലുവേദങ്ങളുപവേദങ്ങൾ മഹാശാസ്ത്ര-
ജാലങ്ങളിവവിപ്രന്മാര്ക്കെല്ലാം തികവായി
ക്ഷത്രിയക്കെല്ലാംവീര്യശൌര്യധൈര്യാദിഗുണ-
മത്രയുമതുകാലമെത്രയും സമ്പൂര്‍ണ്ണമായ്
ചിത്രമീവണ്ണംതന്നെ വൈശ്യശൂദ്രാദിജാതി-
യ്ക്കൊത്തുചേരേണ്ടുംഗുണം സര്വ്വവുമുളവായി.
സന്ധിയെന്നുള്ളഗുണം പ്രാണികളെല്ലാറ്റിലും
ബന്ധുരമാകുംവണ്ണം സന്ധിച്ചു ദൃഢമായി.
ദന്തിപഞ്ചാസ്യപശുവ്യാഘ്രാഹി നകുലാദി-
ജന്തുക്കൾക്കുള്ള ജാതിവൈരവും വേരോടറ്റു.
ശൃംഗാരവീരാത്ഭുതരസങ്ങൾ ജഗത്തിങ്കൽ
മംഗളമാകുംവിധമെങ്ങുമേ വിളയാടി.
ഭംഗമായ്വന്നൂ ഭയബീഭത്സരൌദ്രങ്ങൾക്കു
ഭംഗിയിലഭ്യസിച്ച ഭരതന്മാരിലെന്യേ.
കള്ളമെന്നിയേ സര്വ്വപ്രാണിവർഗ്ഗത്തിന്റേയു-
മുള്ളേറ്റം പ്രസന്നമായ് ദിക്കുകളോടുകൂടി.
വെള്ളത്തിൻപ്രസാദത്താൽപ്പുഴകൾതൊട്ടുള്ളതി-
ന്നുള്ളിലുള്ളോരുവസ്തു സമസ്തം കാണാറായി.
പുണ്യമാം മന്ദാകിനീജലത്തിൻ ഗുണമെല്ലാം
മണ്ഡൂകസരസത്തിൽക്കൂടിയുമപ്പോളുണ്ടായ്.
കണ്ണിനാനന്ദമുണ്ടാമ്പടിയ്ക്കു ഹംസാദിയാ-
മണ്ഡജങ്ങളാലേറ്റം നിറഞ്ഞു തടാകങ്ങൾ.
കഞ്ജാദിമധുപാനമത്തഷൾപ്പദകുല-
മഞ്ജുനാദങ്ങൾകൊണ്ടു മുഴങ്ങിപത്തുദിക്കും.
രഞ്ജിതമായി പാരിലഖിലഘ്രാണേന്ദ്രിയ-
മഞ്ജസാ സരസിജ സൌരഭ്യപ്രവാഹത്താൽ.
ശിഖകൾകൊണ്ടു വലംവെച്ചുചുറ്റിക്കൊണ്ടേറ്റം
ശിഖികളുജ്വലിച്ചു പ്രസന്നപ്രഭയോടേ.
സഖിത്വം വഹ്നിയ്ക്കേകുമനിലനതുകാലം
സുഖമായീടും വിധം ചരിച്ചു ജഗത്തിങ്കൽ.
ആര്യമാമുച്ചബലം മുതലാംബലമെല്ലാം
സൂര്യാദിഗ്രഹങ്ങൾക്കു സമ്പൂര്ണ്ണമായിവന്നു.
ക്രൌര്യാദി ദോഷമൊന്നും കൂടാതെ മഹാഗുണ-
സ്ഥൈര്യത്തോടൊത്തുചേര്ന്നു ശകുനാദികളെല്ലാം.
ദ്രവ്യങ്ങളെല്ലാമതുകാലത്തിലതിമാത്രം
ഭവ്യങ്ങളായിവന്നുസൽഗ്ഗുണോൽക്കര്ഷത്തിനാൽ.
ഇവ്വണ്ണം ജഗത്തെല്ലാം മംഗളമയമായി-
ച്ചൊവ്വോടേ വിളയാടി വിളങ്ങീ പാരമപ്പോൾ.
അവ്യാജശുഭമയമായോരക്കാലം കണ്ടു
ദിവ്യന്മാരെന്താണിതെന്നാശ്ചര്യാന്ധന്മാരായി.
സര്വ്വജ്ഞഭഗവാനും ബ്രഹ്മനും ഹരിയുടെ
സർവ്വമംഗളാകാരം നോക്കിപ്പുഞ്ചിരിയിട്ടാർ.
ജ്ഞാനമേറീടും ഹരബ്രഹ്മദര്ശനകാലേ
ദാനവാരാതിയ്ക്കുണ്ടായിളക്കം ദക്ഷിണാംഗേ.
സാനന്ദമന്ദസ്മിതമധുരതമശ്രീമ-
ദാനനമൊന്നുമന്ദം താണുപോയ് ഭഗവാന്റെ.
ജനങ്ങൾക്കത്യാശ്ചര്യമാംവിധം ദുഗ്ദ്ധാര്ണ്ണവം
കനകദ്രവാര്ണ്ണവമായീ തത്സമയത്തിൽ.
കനകപ്പൊടിയായീ തെറിയ്ക്കും പാൽത്തുള്ളികൾ
കനകാദ്രിയായ്വന്നു മന്ദരമഹാചലം.
എന്നല്ല ജഗത്തൊക്കെസ്സുവര്ണ്ണമയമായി
വന്നപ്പോളൊരു രൂപം കാണായി മഹാത്ഭുതം.
നന്ദിയിൽ ബ്രഹ്മാനന്ദം മന്ദിയ്ക്കുന്നോരു മഹാ-
നന്ദസര്വ്വസ്വമയം വിശുദ്ധജ്ഞാനമയം.
മങ്ങലെന്നിയേ തിങ്ങിവിങ്ങിക്കൊണ്ടൊടുങ്ങീടാ-
തെങ്ങുമേ വിളങ്ങീടും നിശ്ശേഷസമ്പന്മയം.
മംഗളസാരമയം മാധുര്യസാരമയം
ഭംഗംകൂടാതെ മിന്നും സൌന്ദര്യസാരമയം.
സാരമായീടുന്നോരു ദാക്ഷിണ്യഗുണമയം
താരുണ്യസാരമയം ലാവണ്യസാരമയം.
ചാരുവിസ്മയകരാലങ്കാരവേഷമയം
ശാരദശശധരനിര്മ്മലയശോമയം.
കാരുണ്യസാരമയമൌദാര്യസാരമയം
സാരമാം സത്യമയം നിശ്ശേഷവിദ്യാമയം.
സാരസ്യസാരമയം വിലാസലീലാമയം
പാരീരേഴിലും തിങ്ങിവിളങ്ങും തേജോമയം.
കല്യാണാനന്തഗുണമയമായുള്ള രൂപം
ചൊല്ലേറും ക്ഷീരാബ്ധിയിൽ നിന്നുദിച്ചുയർന്നപ്പോൾ.
വല്ലാതെ വായ്ക്കുമാനന്ദഃത്ഭുതരസങ്ങൾകൊ-
ണ്ടെല്ലാരുമൊരുപോലെ വിവശന്മാരായ്ത്തീർന്നു.
എന്തൊരു സൌന്ദര്യമാണെന്തൊരു ലാവണ്യമാ-
ണെന്തൊരു വിലാസമാണെന്നോരോന്നോര്ത്തര്ത്തേറ്റം
ചന്തത്തിൽ മര്ത്ത്യാമര്ത്ത്യദൈത്യാദിസര്വ്വന്മാരു-
മന്തരംഗത്തിലൊതുങ്ങീടാതാഗ്രഹം പൂണ്ടാർ.
ചേലൊത്ത കാളിന്ദിയാണെന്നു തോന്നീടും വേണീ-
ജാലന്തൊട്ടിങുഖണ്ഡതുല്യാംഘ്രിനഖംവരെ.
ബാലചന്ദ്രാലങ്കാരൻ ശ്രീഗംഗാധരൻ കണ്ടു
ചാലവേ ശീലംചേര്ന്ന രൂപത്തെക്കൊണ്ടാടിനാൻ.
ചട്ടറ്റ സരസിജശങ്കനല്കീടും മുഖം
പട്ടടീകരം മുതലംഗോപാംഗങ്ങളെല്ലാം.
ഒട്ടുമേ കോട്ടംകൂടാതൊത്തോരാസ്വരൂപത്തെ
സ്രഷ്ടാവാം പത്മാസനൻ കണ്ടു കൌതുകം പൂണ്ടു.
കനകാചലത്തേക്കാൾ ഗുണങ്ങളിണങ്ങീടും
സ്തനഭാരവും സുധാമധുരാധരോഷ്ഠവും.
മനഞ്ചേര്ന്നീടും വിധമൊത്തോരാരൂപം ദിതി-
ദനുനന്ദനകുലം കുതുകംപൂണ്ടു കണ്ടു.
നോക്കുന്ന ലോകങ്ങളെസ്സമസ്തം രക്തമാക്കി-
ത്തീര്ക്കുമാച്ചാരുരൂപം രാക്ഷസയക്ഷാദികൾ.
വായ്ക്കുന്ന രസത്തോടെ കണ്ടുടൻ കളിയാടീ
ചീര്‍ക്കുന്ന കൊതൂഹലലോലകല്ലോലങ്ങളിൽ.
കാണുന്ന ജനങ്ങളെസ്സര്വ്വമുടൻതന്നെ
ചേണാര്‍ന്ന രാഗത്തോടെ ബഹുലരസങ്ങളിൽ.
ക്ഷീണമെന്നിയേ കൂത്താടിയ്ക്കുമാരൂപം കണ്ടു
വീണുടൻ കൌതുകാബ്ധൌ താണുപോയ് ഗന്ധർവ്വന്മാർ
മംഗളമായീടുന്ന മംഗളം സമസ്തവും
ഭംഗമെന്നിയേവന്നു തിരക്കിസ്സേവിയ്ക്കുന്ന
അംഗങ്ങൾ വിളങ്ങുമാരൂപം കണ്ടിച്ഛപൂണ്ടാർ
സംഗഹീനന്മാരായ മഹര്‍ഷി സിദ്ധാദികൾ.
വമ്പിച്ച കൃപയോടെ ധനധാന്യാദി സര്‍വ്വ-
സമ്പത്തും മറ്റുവേണ്ടും സമസ്തഗുണങ്ങളും.
ഇത്തരമെടുത്തോരോ ജാതികളിച്ഛിച്ചതു
വിസ്മരിച്ചുരയ്ക്കുകിലവസാനിയ്ക്കില്ലേതും.
ഉത്തമഗുണമയമായോരാരൂപം കണ്ടി-
ട്ടുത്തുംഗകാമുണ്ടാവാതെയില്ലെങ്ങുമൊന്നും.
ഇങ്ങിനെ സർവ്വലോകസര്വ്വസ്വമാകര്ഷിച്ചു
തിങ്ങിന ഭംഗിപുണ്ടു വിളങ്ങുമാരൂപത്തെ.
മംഗലമായിക്കണ്ടിട്ടച്യുതൻ രക്ഷാകരൻ
തുംഗമാം കാമമാത്മാരാമനാകിലും പൂണ്ടാൻ.
തിങ്ങിന മാഹാത്മ്യങ്ങളിങ്ങിനെയുള്ള രൂപ-
മെങ്ങിനെ വര്‍ണ്ണിപ്പൂ ഞാനയ്യയ്യോ മഹാജളൻ.
എങ്ങിനേ വര്ണ്ണിക്കിലുമുള്ളൊരപ്ഫലം കണ്ടി-
ട്ടെങ്ങിനവര്ണ്ണിച്ചീടാതങ്ങിനെയിരിപ്പുഞാൻ.
അംഭോധിപത്നിയായ കാളിന്ദി തനിക്കുള്ളോ-
രംഭസ്സിൻ സാരമെല്ലാമെടുത്തിട്ടതുകൊണ്ടു.
അംഭോധിപുത്രിതന്റെ വരാംഗമണിയിച്ചാ-
കൂമ്പോടെന്നേവം തോന്നുമാദ്ദേവീകചം കണ്ടാൽ
സാരമാം സമ്പത്തുകൾ സമസ്ത സദാ വാരി-
ക്കോരിവര്ഷിച്ചീടുന്നോരീശ്വരീ ...ത്തിന്നും
വാരി, വര്ഷാകാലത്തിൽദ്ധാന്യവൃദ്ധിക്കു ചെയ്യും
വാരിദത്തിന്നുമള്ളാരന്തരത്തിന്നില്ലന്തം.
ബാലഭാവം പൂണ്ടുതാൻ ചെയ്ത കുററങ്ങളെല്ലാം
മാലെന്യേ ക്ഷമിപ്പിപ്പാനായിട്ടു മൃഗധരൻ.
ചാലേ കാഴ്ചയായ്വെച്ചു നന്മൃഗമദം ദേവീ-
ഫാലത്തിൽ പ്രകാശിച്ചു കാണുന്നു തിലകമായ്.
സല്ലീലാവിലാസം പൂണ്ടിളകീടുന്ന ദേവീ-
ചില്ലീയുഗ്മത്തിൽ നിന്നിട്ടത്ഭുതമൊടുങ്ങാതെ.
കല്യാണമയ മഹാഫലങ്ങൾ ധാരാളമായ്
സല്ലോകങ്ങളിലെല്ലാം വീഴുന്നു നിരന്തരം.
മംഗളഭംഗിതിങ്ങുംദേവിതൻഭൂക്കളോടായ്
സംഗരം ചെയ്ത ചെറുതരംഗാവലിക്കെല്ലാം.
ഭംഗമേറ്റവുമുണ്ടായ് വന്നതു കാരണത്താൽ
ഭംഗമെന്നുള്ള നാമം സ്ഥിരമായിട്ടുവന്നു.
വനത്തെസ്സഭാകാലമാശ്രയിച്ചിരുന്നീടും
മനോജ്ഞാകാരങ്ങളാം ഹരിണാംബുജങ്ങളിൽ.
കനക്കും ദ്വേഷത്താലദ്ദേവീലോചനദ്വന്ദ്വം
കനിഞ്ഞു കൊണ്ടു നിത്യമവനം ചെയ്തീടുന്നു.
സുന്ദര ദേവീകടാക്ഷങ്ങളാണെന്നീവണ്ണ-
മിന്ദ്രൻ നിശ്ചയിച്ചുടൻ നീലരത്നത്തെയെല്ലാം.
മന്ദമറ്റൊരു കാമാൽ കൈക്കൊണ്ടാനതുമൂല-
മിന്ദ്രനീലക്കല്ലെന്നു പേരതിന്നുളവായി.
പൂമാതാം ദേവിതന്റെ വദനമദ്ധ്യേ മിന്നും
ശ്രീമന്നാസികയുടെ ബന്ധുവായ്ച്ചമാകയാൽ.
താമരപ്പൂച്ചിൻമദ്ധ്യ വിളങ്ങും വരടേകം
ശ്രീമഹാഭാഗ്യം പൂണ്ടു ബീജകോശമായ്ക്കുന്നു.
ഗണ്യമല്ലാതുള്ളോരു ലാവണ്യം ചേരും ദേവീ-
ഗണ്ഡമണ്ഡലംകണ്ടു വായിച്ച ഭയത്തിനാൽ.
കണ്ണാടി മുകുരത്തിന്നെന്നതു കാരണത്താൽ
കണ്ണാടിയെന്നുള്ള പേരുളവായിവിടത്തിൽ
വര്‍ണ്ണം നന്നെന്നാകിലും സ്വര്‍ണ്ണവും മാണിക്യവു-
മണ്ണവപുത്രിതന്റെ വണ്ണ്യശ്രീ കര്‍ണ്ണങ്ങളെ.
തിണ്ണമൊന്നലങ്കരിച്ചീടുവാൻ മുതിര്‍ന്നപ്പോൾ
കുണ്ഡലങ്ങളിൽപ്പെട്ടു നൈഷ്ഫല്യം ഭവിക്കയാൽ.
ചാരുതൽക്കടാക്ഷമൊന്നാണല്ലോ ജയസമ്പൽ-
ക്കാരണം ത്വൽപ്രസാദമക്കടാക്ഷത്തിൻമൂലം.
പാരംനിൻ പ്രസാദാര്ത്ഥം താവകകര്ണ്ണങ്ങളിൽ
ഭൂരിശ്രീ സ്തോത്രാമൃതം ചെയ്യുന്നു കവീന്ദ്രന്മാർ.
ധന്യത്വം കൂടും കാളിദാസാദി സ്തോത്രങ്ങൾക്കു
മന്യൂനാചാര്യ വ്യാസവാന്മീകിസ്തോത്രങ്ങൾക്കും.
എന്നല്ല നിരൂപിച്ചാൽ നിശ്ശേഷശ്രുതികൾക്കു-
മൊന്നല്ലൊ ഫലം ദേവീശ്രവണപ്രസാദനം.
സിന്ധുകന്യകാധരമാത്സര്യ മഹാദോഷാൽ
സന്ധ്യകൾക്കായുസ്സേറ്റം കുറഞ്ഞ, തൊണ്ടിപ്പഴം
ഹന്ത തത്തകൾ കൊത്തിപ്പൊളിച്ചു നുറുക്കുന്നു
കാന്തമാർ കാലിൽതേച്ചു ലാക്ഷയെച്ചവിട്ടുന്നു.
നല്ല നീതിയിൽദ്ധര്മ്മം ചെയ്തീടും ജനങ്ങളി-
ലെല്ലാം ചേര്‍ന്നീടും മഹാപ്രസാദമൊതുങ്ങാതെ.
മെല്ലെന്നു മുഖത്തുടെ പുറത്തുവരുന്നപോ-
ലുല്ലസിക്കുന്നു ദേവീസുന്ദരമന്ദസ്മിതം.
ഉത്തമദേവീദന്തമാത്സര്യമഹാദോഷം
ചിത്തത്തിലൊത്തമുത്തിന്നത്യാപത്തെത്തീടുന്നു.
കുത്തിയുള്ളൊക്കെത്തുരന്നെടുത്തു കളഞ്ഞങ്ങു
സത്തായസൂത്രംകൊണ്ടു മുറുക്കിക്കെട്ടീടുന്നു.
ദേവിതൻ മനോഹരം ശ്രീകരം ജിഹ്വാകാരം
കേവലവിദ്യാമയമായിക്കണ്ടതിൽക്കാമാൽ.
മേവുന്ന സരസ്വതീസ്വരൂപം വിദ്യാമായ
മായ്വന്നു സംസര്ഗ്ഗകൊണ്ടുണ്ടാവാതെന്തോന്നുള്ളു.
നിത്യസര്മ്പൂണ്ണപ്രഭം കളങ്കവിരഹിത-
മെത്രയും ഗുണാകരം ദേവിതൻ തിരുമുഖം.
സത്തറിഞ്ഞീടും കവിവര്യന്മാർ കണ്ടാലോചി-
ച്ചത്രചന്ദ്രന്നു ദോഷാകരനെന്നിട്ടു നാമം.
മംഗളമയമായ ദേവിതൻ കണ്ഠത്തിന്റെ
ഭംഗിയൊട്ടുണ്ടാകയാൽചേര്ന്നൊരു ഭാഗ്യം മൂലം.
മങ്ങാതെ ശംഖത്തിന്റെ നിനാദം യാത്രാദിയിൽ
മംഗളമനോരഥസിദ്ധിയേ വരുത്തുന്നു.
ചേണെഴും ദേവീകണ്ഠസ്വരം കേട്ടുടൻ സാക്ഷാൽ
വാണീനാരദൻ മുതലായീടുന്നവരുടെ.
പാണിയിൽ വിളങ്ങീടുന്നഞ്ചിത വിപഞ്ചികൾ
വീണതുകൊണ്ടു വീണയെന്നവയ്ക്കുണ്ടായ് നാമം.
കല്പകലതകളേക്കാട്ടിലുമധികമാ-
സ്സൽഫലങ്ങളേ തരും വല്ലികളിവനൂനം.
ഉൾപ്പൂവിലേവം ബോധം ബുധന്മാര്ക്കുണ്ടാക്കുന്നു
നൽപ്പുണ്യകരങ്ങളാം ദേവിതൻ തൃക്കയ്യുകൾ.
കല്പാന്തകാലംവരെദ്ധാരാളം വാരിക്കോരി-
ക്കെല്ലോടുവര്ഷിച്ചാലുമൊടുങ്ങാത്തൊരുവിധം.
സൽപ്പുണ്യസമ്പത്തുകൾ വിളയും ദിവ്യാത്ഭുത-
ച്ചെപ്പുകൾപോലെ ദേവീകുചങ്ങൾ വിളങ്ങുന്നു.
കൊങ്കപ്പന്തുകൾകുത്തിശ്ശേഷിച്ചീടിന മൂന്നു
തങ്കശ്ശാഖകളെന്നപോലെയുമതിന്മദ്ധ്യേ.
തങ്കംനല്ലിന്ദ്രനീലത്തൂശിപോലെയും പൊയ്ത്താർ
മങ്കതൻ ത്രിവലിയും മിന്നുന്നു രോമാളിയും.
ചിന്തിക്കിലിക്കാണുന്നതൊക്കെയും മായയാണെ-
ന്നന്തരംഗത്തിൽഭക്തന്മാര്ക്കെല്ലാം ബോധം നല്കാൻ.
ബന്ധുരമായീടുന്ന മദ്ധ്യാകാശത്തിൽ നാഭീ-
രന്ധ്രകൂപത്തെ ദ്ധരിക്കുന്നു സന്തതം ദേവീ.
അത്യന്തം വിസ്തീര്‍ണ്ണമാം ദേവിതൻ നിതംബത്തെ
നിത്യം തന്നുള്ളിൽപ്പരം പേടിച്ചു നിനയ്ക്കയാൽ.
ഉത്തുംഗഹസ്തീശ്വരമസ്തകാവലിക്കെല്ലാം
മുത്തകത്തുപരമെന്നല്ല സാരൂപ്യമായ്.
തടിക്കും വിപത്തിനാൽ ജനങ്ങൾ തൂകും കണ്ണീർ-
തുടച്ചുങ്കൊണ്ടുവാഴും ദേവിതന്നൂരുക്കൾക്കു
തുടയെന്നായിനാമമുത്തമന്മാര്ക്കുള്ളതി-
ലടച്ചു മറ്റുള്ളോര്‍ക്കു കാമിതമുണ്ടാമല്ലോ.
തണ്ടിന്റെ മൂര്ദ്ധാവിങ്കൽ ജനിച്ച കൈതമൊട്ടു
തണ്ടാരിൽത്തരുണിതൻ ജംഘയായ് വൈരംപൂണ്ടു.
കണ്ടാലുമതുകൊണ്ടങ്ങുണ്ടായ മഹാനര്ത്ഥം
കണ്ടകമദ്ധ്യത്തിലായതിന്നു സദാവാസം.
രാവിന്നീശനെക്കണ്ടാൽ ക്കാന്തിയൊക്കെയുംകൈവി-
ട്ടാവിലഭാവംപൂണ്ടീടുന്നു പത്മങ്ങളെല്ലാം.
ദേവിതൻ പാദപത്മം നഖരനാമത്തോടേ
സേവിക്കും ചന്ദ്രന്മാര്‍ക്കു കാന്തിക്കില്ലവസാനം.
കീര്‍ത്തിക്കും ഗുണങ്ങൾക്കുമാധാരം തന്മാഹാത്മ്യം
കീര്‍ത്തിക്കും ജനങ്ങൾക്കുള്ളാര്ത്തിക്കു മഹൌഷധം.
ഇത്തരമായീടുമാ ശ്രീമഹാലക്ഷ്മീരൂപം
ചിത്താദിസമ്മേന്ദ്രിയപരമാനന്ദമയം.
പീയൂഷമഥനത്തിന്നാഗമിച്ചവരെല്ലാം
മെയ്യിൽക്കൊൾമയിർക്കൊണ്ടുകണ്ടേറ്റം സ്തുതിചെയ്താര്
പെയ്യുന്ന സമ്പന്മയിയാകയാൽ ലക്ഷ്മിയെന്നും
ശ്രീയെന്നും ചൊല്ലിക്കൊണ്ടാട്ടേവിയേച്ചിലർ കൂപ്പി-
പത്മത്തിൽസ്സദാവാസം ചെയ്കയാൽപ്പത്മയെന്നും
പത്മവാസിനിയെന്നും ചൊല്ലിവന്ദിച്ചാർ ചിലർ-
മന്ദമെന്നിയേപരമൈശ്വരമുണ്ടാകയാ-
ലിന്ദിരാദേവിയെന്നു ചൊല്ലിവാഴ്ത്തിനാർ ചിലർ.
ആതങ്കം വിനാലോകം തീര്ത്തുകാക്കയാൽ ലോക-
മാതാവേയെന്നു വിളിച്ചഭിനന്ദിച്ചാർ ചിലർ.
സമസ്തലോകത്തേയും രമിപ്പിച്ചീടുന്നതു
നിമിത്തം രമയെന്നു ചൊല്ലിവന്ദിച്ചാർ ചിലർ.
മംഗളങ്ങൾക്കൊക്കേയുമീശ്വരിയാകമൂലം
മംഗലദേവതയെന്നോതിവാഴ്ത്തിനാർ ചിലർ.
പാലാഴിതന്നിൽ നിന്നിട്ടുത്ഭവിച്ചതുമൂലം
പാലാഴിമങ്കയെന്നു ചൊല്ലിവന്ദിച്ചാർ ചിലർ.
ഇങ്ങിനേകണ്ടു വാഴ്ത്തും സമസ്തലോകങ്ങൾക്കും
തിങ്ങുമാനന്ദാശ്ചര്യ ഭക്തീച്ഛാപ്രവാഹത്തെ.
മങ്ങാതെ ചേർത്തുകൊണ്ടാശ്രീമഹാലക്ഷ്മീദേവി
മംഗലസ്വരൂപിണി ഭംഗിയിൽ വിളങ്ങിനാൾ.
ഇങ്ങിനെ ലക്ഷ്മീസ്വയംവരമെന്ന ജയസ്തോത്രത്തിൽ
അവതരണമെന്ന ഒന്നാംപാദം കഴിഞ്ഞു.
അലങ്കരണമെന്ന രണ്ടാം പാദം
സരസിജോദരസരസവാസിനി
സരസിജോജ്വല കരവിലാസിനി.
കളിയാലേതാനീജ്ജഗൽ സൃഷ്ടിസ്ഥിതി-
പ്രളയകാരിണി മഹാലക്ഷ്മീദേവി.
തെളിഞ്ഞുകൊണ്ടേറdറം വിളങ്ങുന്നകണ്ടു
വിളയും കൌതുകാലിളകിലോകങ്ങൾ.
അധികമാധുjdയനിധിയാംദേവിയേ
വിധിപോലെഘോഷിച്ചഭിഷേകം ചെയ്യാൻ.
സുധാശനസുരമഹര്ഷിസിദ്ധാദി-
പ്രധാനികളെല്ലാമുടൻ തുടങ്ങിനാർ.
സുരപതിജഗത്ത്രയപതി സാക്ഷാൽ-
പുരന്ദരൻദേവൻ പുരുഭക്തിപൂണ്ടു.
പരമവിസ്മയകരമൊരാസനം
കരങ്ങൾകൊണ്ടെടുത്തരികത്തുവെച്ചു.
ഇവിടത്തിലിരുന്നരുളിയാലുമെ-
ന്നവിവേകമെന്യേ നടിച്ചുനിന്നപ്പോൾ.
അവിടത്തിൽനന്നായിരുന്നരുളിനാ_
ളവികലഭക്തിപ്രസന്നയായ്ദേവി.
പുരഹരജടാന്തരവിഹാരിണി
സുരതരംഗിണി, തരണിനന്ദിനി,
ഹരിണലാഞ്ഛനസുതയാം നര്‍മ്മദം,
സരസ്വതിനദി, ശതദ്രു, കാവേരി.
ഉലകിലിന്നിയുമിതുപോലെയുള്ള
വലിയൊരുപുണ്യനദികളൊക്കേയും.
നിലയില്ലാതഴകൊഴുകുംമൂര്ത്തികൾ
കലിതകൌതുകം കലര്ന്നുകൊണ്ടവർ.
കലുഷത്തെത്തന്റെ കണസ്പര്ശങ്കൊണ്ടും
കളയുന്ന പുണ്യസലില പൂരങ്ങൾ.
നലമൊടുനന്നായ് നിറച്ചുള്ള തങ്ക-
കലശങ്ങൾകൊണ്ടങ്ങണഞ്ഞുതൽക്ഷണം.
അതുസമയത്തിലഖിലധാത്രിയാം
ക്ഷിതിഭഗവതി വസുമതീദേവി.
അതിരസവീര്യപ്രഭാവസൌരഭ്യ-
വതികളായിടും വരൌഷധികളെ.
അമര്ത്തിയാലുമങ്ങമരാതത്ഭുതം-
മമര്ത്ത്യവര്യക്കുമുദിച്ചീടും മട്ടിൽ.
സമുദ്രപുത്രിതന്നഭിഷേകത്തിന്നു
സമുചിതമാകും വിധംനിരത്തിനാൾ.
സുരര്ഷിസിദ്ധാദിസ്തുതമാരായീടും
സുരഭിമുമ്പായ സുരുചിരഗോക്കൾ.
പരമപാവനം പ്രകൃത്യാതങ്ങൾക്കു.-
ള്ളൊരുഘൃതാദിപഞ്ചകംതദാ നല്കി.
ജനങ്ങൾക്കാനന്ദം ജനിപ്പിപ്പാനേറ്റ-
മനുകൂലനായുള്ള നിലനാം സഖി.
അനിശമൊത്തു ചെന്നിടും വസന്തമാ-
മനുപമഗുണനൃതുകുലരാജൻ.
നിജസുമരസകിസലയാദിയാൽ
ദ്വിജഗണതൃപ്തി വരുത്തുവാൻ വമ്പൻ.
രജതത്തെക്കാളുമധികം ധാവള്യം
രജനിനായകന്നണയ്ക്കുവാൻദൻ.
അധികസുന്ദരസുമഗണത്തെയും
മധുരമായുള്ള മധുപൂരത്തെയും.
മതികളുര്പ്പിക്കും കിസലയത്തെയു-
മതിധാരാളമായവിടത്തിൽച്ചേര്ത്താൻ
അതുമാത്രമല്ലീബ്ഭുവനത്തിലുള്ളോ-
രതിവിശേഷമാം പദാര്ത്ഥമൊക്കേയും.
അതിനതിൻ പതികളാമവരെല്ലാം
ചിതമാകും വിധമവിടത്തിൽച്ചേര്ത്തു.
രമയ്ക്കഭിഷേകം നടത്തുവാൻവേണ്ടും
സമസ്തവസ്തുവുമണഞ്ഞതുകണ്ടു.
കിമര്‍ത്ഥം താമസം ക്രിയയ്ക്കിനിയെന്നു
സമര്ത്ഥന്മാരയ മുനികൾ ചിന്തിച്ചു.
കലഹത്തിൽക്കൊതി കലരുംമാമുനി,
പുലഹമാമുനി, പുലസ്ത്യമാമുനി,
കലശലായിട്ടു ശപിക്കും മാമുനി,
കലശത്തിൽ നിന്നു ജനിച്ചമാമുനി,
വസിഷ്ഠൻ, കൌശികൻ, കവിസാമ്രാജ്യശ്രീ
വിശിഷ്ടൻ വാല്മീകി, മൃകണ്ഡുനന്ദനൻ,
വിശിഷ്ടന്മാർ മറ്റുള്ളനവധിമുനി
രിഷ്ഠന്മാരവരവിടെ വന്നെത്തി.
ചിലതിൽ ബ്രഹ്മപ്രളയമത്യുഗ്രം
പലതവണയും പരിചിൽക്കണ്ടവർ.
ജലജസംഭവൻ പറകയാൽച്ചില-
രുലകുസൃഷ്ടിക്കാതമര്ന്നിടുന്നവർ.
തപശ്ശക്തികൊണ്ടു ചിലരിത്രൈലോക്യം
ശപിച്ചുഭസ്മമാക്കുവാൻ സമർത്ഥന്മാർ.
അപകടമാര്ക്കുമണയരുതെന്നു
കൃപയോടേതപിച്ചിടുന്നവർ ചിലർ.
ശ്രുതികൾക്കുള്ളര്ത്ഥം പരക്കെ ബോധിപ്പാൻ
സ്മൃതിപുരാണാദി ചമച്ചവർ ചിലർ.
അതിപാപികൾക്കും ക്ഷണത്താലേനല്ല
ഗതിവരുത്തുവാൻ നിപുണന്മാർ ചിലർ.
വിളിച്ചാലക്ഷണം ജഗദീശന്മാരെ
വിളിപ്പുറത്തങ്ങു വരുത്തുന്നോര്‍ ചിലര്‍
കളിച്ചെന്നാകിവുമിവര്ചൊന്നാലതി-
ന്നിളക്കമില്ലെന്നു പ്രസിദ്ധന്മാർ ചിലർ.
തപഃപ്രഭാവാദിഗുണം പലതേവ-
മുപസ്ഥാനം ചെയ്യും മഹാമുനീന്ദ്രന്മാർ.
ഉപനിഷൽ സാരമയമഹാമന്ത്ര-
ജപഹോമാര്ച്ചനാദികൾ തുടങ്ങിനാർ.
മുനിജനങ്ങടെ ജപപ്രഭാവത്താ-
ലനുപമഗുണമിണങ്ങും മന്ത്രങ്ങൾ.
മനഃപ്രസാദംപൂണ്ടവരവരുടെ
തനുക്കളോടു ചേര്ന്നവിടത്തിലെത്തി.
മറകളും നാലായുപമറകളും
മറകൾക്കുള്ളാറുവിശിഷ്ടാംഗങ്ങളും.
അറിവുലോകത്തിൽപ്പറത്തിപ്പാപത്തി-
ന്നറുതിചെയ്യുന്ന മഹാശാസ്ത്രങ്ങളും.
അറുപത്തിനാലു കലാവിദ്യകളും
കുറവുകൂടാതെ നിജദേഹം പൂണ്ടു.
നിറഞ്ഞ ലോകരത്ഭുതാനന്ദാബ്ധിയിൽ-
മറിഞ്ഞുവീഴുമ്മാറവിടത്തിൽ വന്നു.
പ്രണവാദിമന്ത്രം ജപിച്ചുമാമുനി-
ഗണങ്ങൾ ഹോമിക്കും ഹവിസ്സുകളെല്ലാം.
പ്രണയമോടഗ്നി പ്രദക്ഷിണാര്ച്ചിസ്സായ്
ഗുണമ്പൂണ്ടുജ്വലിച്ചുടനെവാങ്ങിനാൻ.
മഹര്ഷിപുംഗവാര്ച്ചനകൊണ്ടു തെളി-
ഞ്ഞഹം പൂർവ്വമെന്നുമഹംപൂര്വ്വമെന്നും.
മഹിതദേവതാഗണങ്ങളൊക്കെയും
വിഹിതകൌതുകമെഴുന്നള്ളീടിനാർ.
സുഭഗമൂര്ത്തിയായിടുമദ്ദേവിത-
ന്നഭിഷേകത്തിന്നു മുഹൂർത്തമായപ്പോൾ.
അഭയം ലോകത്തിലധികമുണ്ടായി
ശുഭമയമായിച്ചമഞ്ഞു സർവ്വവും.
അതുനേരം വിശ്വാവസുചിത്രസേനൻ
മുതലായീടുന്ന സുരഗായകന്മാർ.
ശ്രുതിലയിച്ചേറ്റം സ്വരങ്ങളെപ്പാടി
ശ്രുതിസുഖം നല്ക്കാൻ മഹാസമര്ത്ഥന്മാർ.
അവിടത്തിൽവന്നിട്ടതിഭദ്രമായി-
ട്ടവികലകളസ്വരേണപാടിനാർ.
കവികൾ ദേവിയെ സ്തുതിക്കും സൽകൃതി
കവിയും ഭക്തിയോടധികം പാടിനാർ.
ഗുണങ്കൊണ്ടായവരുടെഗളനാദം
മണിനാദത്തെക്കാൾ മനോഹരമല്ലോ.
പണവഝർജ്ഝരമൃദംഗാഭിവാദ്യ-
ഗണനിനാദങ്ങളിണങ്ങിതൽക്ഷണം.
സുരഗായകന്മാർ സുഖഭക്തികര-
സ്വരങ്ങളേപ്പാടും വിധങ്ങൾകേട്ടിട്ടും.
കരുണാകല്യാണമയിയാം ദേവിതൻ
ചരണാദികേശസ്വരൂപം കണ്ടിട്ടും.
സുരമുനിസിദ്ധാദികളുടെ മന-
സ്സൊരു പോലെയലിഞ്ഞലിഞ്ഞമൃതമായ്.
ഒരുവിധമുള്ളിലൊതുങ്ങാഞ്ഞിട്ടശ്രു-
ഝരവ്യാജാൽപ്പുറത്തൊഴുകിധാരാളം.
ഉടലുമുൾക്കാമ്പും കുളുര്ത്തുപാരമി-
പ്പടിസുമാദികൾ സുഖിച്ചു നില്ക്കുമ്പോൾ
പടഹഗാനാദിക്കനുകൂലം സുര-
നടിമാർ നര്‍ത്തനം തുടങ്ങിഭംഗിയിൽ.
മദിരനേത്രമാർ വിബുധവേശ്യമാർ
മൃദുമൃദുപാടിബ്ബഹുഭക്തിതേടി.
വദനത്തിൽ നവരസംപൂണ്ടുകര-
പദവിലാസങ്ങൾ കലര്ന്നുകൂത്താടി.
മടുമലർമകളുടെയഭിഷേകം
പെടുംമുഹൂർത്തത്തിൽത്തുടര്ന്നൊരാനൃത്തം.
നടപതിയാകും ഹരന്നും കണ്ടപ്പോള-
ളുടനുടനുള്ളിലുളവായത്ഭുതം.
ഒരുവകജനം പരദേവതതൻ
പരമാഭിഷേകമഹോത്സവത്തിങ്കൽ
സുരുചിരനവരസമയമായി-
ച്ചിരതരം ഭക്ത്യാ നടനം ചെയ്യുന്നു.
സരസമായോരീ നടനംകണ്ടുമ-
റ്റൊരുവകജനം ഗുരുഭക്തികൊണ്ടും.
പരമവിസ്മയപ്രമോദങ്ങൾകൊണ്ടും
പരവശമായിട്ടിരുന്നു തൽക്ഷണം.
ജനങ്ങളിൽഭക്തി രസമ്പോലെദേവീ
മനംതന്നിൽ കൃപാരസവുംകാണായി.
കനിവേറുംദേവീമഹാഭിഷേകമ-
തനുപമരസമയമെല്ലാമോര്ത്താൽ.
ബലമേറുമൈരാവതംമുതലായ
വലിയദിക്കരിപ്രവരന്മാരപ്പോൾ.
കലിതകൌതുകം കമലാദേവിക്കു
കലശമാടുവാനവിടെ വന്നെത്തി.
ഗിരീശനീശ്വരനിരുന്നരുളുന്ന
ഗിരീശനേപ്പോലെ വിളങ്ങുന്നമെയ്യും.
പരമവിസ്തൃതായതസമുന്നത-
തരമനോഹരശിരഃപ്രദേശവും.
ഉരഗനാഥൻതന്നുടലൊത്തതുമ്പി-
ക്കരവും പുച്ഛവും മഹാകര്ണ്ണങ്ങളും.
ധരണിഭൃത്തിന്റെ കൊടുമുടിക്കൊത്ത
ചരണങ്ങൾനാലും സിതനഖങ്ങളും.
ചതുര്ത്ഥിപോയപ്പോളുദിച്ചചന്ദ്രനേ-
ച്ചതിയേതും കൂടാതടരിൽത്തോല്പിപ്പാൻ.
ചതുരതകൂടും ചതുര്ദ്ദന്തങ്ങളും
ശതകോടി സമശരീരദാർഢ്യവും.
കടങ്ങൾനല്ലപുഷ്കരങ്ങൾ കര്‍ണ്ണങ്ങൾ
തുടങ്ങിദ്വാരങ്ങളഖിലത്തിൽനിന്നും.
ഒടുങ്ങാതെചാടും മദപ്രവാഹവു-
മിടതിങ്ങീട്ടതിൽപ്പെടുമളികളും.
അതിഭംഗിയുള്ള ഗതിയും നിശ്ശേഷ-
സ്തുതിയോഗ്യമായ മതിയും വീര്യവും.
അതിയായുള്ളോരാമതംഗയൂഥപ-
പതികളായവർ പരംഭക്തിയോടെ.
കനകശൃംഖലാരമണീയമണി-
ഘണഘണനാദം മുഴങ്ങീടുംവിധം.
തനിയെത്താൻ ചാടിത്തൊഴുതുദേവിക്കു
മനസിസമ്പൂര്ണ്ണപ്രസാദമുണ്ടാക്കി.
ചടങ്ങുകൾക്കേതും പിഴഭവിച്ചീടാ-
തുടൻകരീന്ദ്രന്മാർ കരങ്ങളേക്കൊണ്ടു.
ഒടുങ്ങാതെ പുണ്യജലമെഴുംതങ്ക-
ക്കുടങ്ങളേയെടുത്തുയര്ത്തിമെല്ലവേ.
അധികകല്യാണഗുണഗണസമ്പ-
ന്നിധിയായ് മിന്നുമാക്കമലാദേവിയെ.
ബുധജനമതശുഭമുഹൂര്ത്തത്തിൽ
വിധിപോലെനന്നായഭിഷേകം ചെയ്തു.
ജയജയനമഃപ്രസീദാദിശബ്ദ-
മയമായന്നേരം പ്രപഞ്ചമൊക്കെയും.
പലവിധമേഖമഖിലരുംകൂടി-
പലവുരു ചൊല്ലി സ്തുതിക്കുമാശ്ശബ്ദം.
വലുതായ്വന്നപ്പോൾജ്ജലധിമന്ധന-
ഹലഹലശബ്ദം മടങ്ങിപ്പോയെല്ലാം.
ഭഗവതിക്കേവമഭിഷേകംഭംഗ്യാ
വിഗതകന്മഷമുളവായ് വന്നപ്പോൾ
വിഗളദാനന്ദപ്രണയാശ്രുക്കളിൽ
ജഗതി സർവ്വര്ക്കുമഭിഷേകമുണ്ടായ്.
അഭദ്രമൊക്കേയുമകന്നുപോവാനും
സുഭദ്രമൊക്കേയും സുലഭമാവാനും.
അഭിലാഷം പൂണ്ടു ജനങ്ങൾ ദേവിത-
ന്നഭിഷേകതീര്ത്ഥമണിഞ്ഞമൌലിയിൽ.
അഭിഷേകമേവം കഴിഞ്ഞനന്തരം
സുഭഗസുന്ദരഭഗവതിരൂപം.
ശുഭമണിയിപ്പാൻ സുരമുനികുല-
പ്രഭുവനിതമാരഴകൊടുവന്നു.
നിഖിലനാഥനാംസ്മരാരിക്കുകാമ-
സുഖം വളര്‍ക്കുന്ന സതീദേവീശ്വരീ.
സഖിമാരോടൊന്നിച്ചെഴുന്നെള്ളിചന്ദ്ര-
മുഖിയാം ലക്ഷ്മിതന്നരികിലന്നേരം,
കവീന്ദ്രവാഹനാം വിരിഞ്ചന്നുകര-
കവിയുന്നകാമം കൊടുക്കുമീശ്വരി.
കവിമാതിസരസ്വതിയെഴുന്നെള്ളി
കവിൾ വിടർത്തുന്ന സിതസ്മിതത്തോടേ.
മഹിമകൂടുമാമഹേശലോകേശ-
മഹിര്ഷിമാർ നിജ സവിധേവന്നപ്പോൾ
മഹാലക്ഷ്മീദേവീ സമുചിതസഖി-
വിഹാരലീലയോടുപചാരം ചെയ്തു.
മഹേശൻ മുമ്പായദിഗീശന്മാരുടെ
മഹിഷിമാരെല്ലാമെഴുന്നെള്ളീടിനാർ.
അഹീന്ദ്രപത്നിമാരസുരപത്നിമാർ
മഹിതഗംഗാദി സമുദ്രപത്നിമാർ.
മഹീധരകുലപ്രധാനപത്നിമാർ
മഹഷിപത്നിമാരിവരെല്ലാം വന്നു
സഹസാദേവിതന്നമേയസൌന്ദര്യ
മഹസാവിസ്മയിച്ചിവണ്ണം ചിന്തിച്ചാർ.
കവികൾക്കും ലോകമറിയായ്ക മൂല-
മവിവേകത്തിനാൽപ്പിഴകൾവന്നീടും.
സുവര്ണ്ണമല്ലോര്ത്താൽ കനകദുര്വ്വര്ണ്ണം
സുര്വണ്ണമിദ്ദേവീ ശരീരമൊന്നുതാൻ.
കനകഭൂഷണമിവളുടെരമ്യ-
തനുവിൽ നന്നായിട്ടലങ്കരിച്ചെന്നാൽ.
കനമല്ലാത്തതിന്നൊരു ഫലമില്ലാ
മനസി തെല്ലുമില്ലവിടെസ്സംശയം.
വഴിഞ്ഞു കൊണ്ടഴകൊഴുകുമീ മെയ്യ്-
ന്നഴകിനിച്ചേര്പ്പാനൊരു വസ്തുവില്ല.
അഴകതുപോലെ കുറച്ചിടുവാനും
കഴിയുന്നതല്ല ജഗത്തിലൊന്നുമേ.
ഫലമില്ലാത്തൊരീ പ്രവൃത്തിയെന്തിന്നു
ഫലമില്ലെന്നതുമുറയ്ക്കു വയ്യൊട്ടും.
അലങ്കാരങ്ങൾക്കിയ്യുലകിലെന്നേയ്ക്കും
നിലനില്ക്കുമാറുള്ളഴകിന്നുകൊള്ളാം.
പഴയമട്ടുകളുപേക്ഷിക്കുന്നാകി -
ഴിമതിയായിച്ചുമയും ലോകത്തിൽ.
വഴിപോലായതു നിമിത്തമീരൂപം
കഴിയുന്നമട്ടിലണിയിച്ചീടേണം.
ഇതി പലതരം തിരുവുള്ളിലോര്ത്തു
സതീദേവിമുമ്പാം പ്രധാനദേവികൾ.
അതികുതുകത്തോടണിയിപ്പാൻ വേണ്ടു-
ന്നതു സമസ്തവുമൊരുക്കി ഭംഗിയിൽ.
കലിതകസ്തൂരി ഹിമാംബു കുങ്കുമ-
മലയജം ചിലരരച്ചുകൂട്ടിനാർ.
ഉലകിൽസ്സൌരഭ്യം നിറച്ചീടും ദിവ്യ-
മലർമാലകളെച്ചിലർ കെട്ടിനാർ.
പവിഴം നമ്മുത്തു മുതലാകും ദിവ്യ-
നവരത്നങ്ങളെപ്പരമഭംഗിയിൽ.
സുവര്ണ്ണസൂത്രത്തിലിടചേര്ത്തു കോര്‍ത്തു-
ജവത്തിൽ മാലകൾ ചിലപേരുണ്ടാക്കി.
നിറം കൂടും മഞ്ഞത്തുകിലാട ചിലർ
നിറഞ്ഞ കൌതുകാൽ ഞെറിഞ്ഞു ഭംഗിയിൽ.
ഉറച്ച ഭാഗ്യമുണ്ടിതിന്നെന്നു ചിലർ
കറുത്തുള്ളഞ്ജനമരച്ചു തൽക്ഷണം.
അനന്തരത്നങ്ങൾ വിളയും സാഗരം
മനം തെളിഞ്ഞങ്ങു കൊടുത്ത പട്ടുകൾ.
അനന്തരം ഭഗവതിയെസ്സുന്ദരീ-
ജനം തരംപോലെ ഞെറിഞ്ഞുടുപ്പിച്ചു.
വളകൾ മോതിരമരഞ്ഞാൾ നൽത്തോളു-
വളകൾ മൂക്കുത്തി കിരീടം മാലകൾ.
തളകളെന്നുതൊട്ടലങ്കാരമെല്ലാം
മിളിതഭംഗിയിൽ സുരശില്പി നൽകി.
ഒലിക്കുന്ന പൂന്തേൻ കടിച്ചു വന്മദം
ജ്വലിച്ചു വണ്ടുകൾ കളിച്ചുകൊണ്ടേറ്റം.
വിലസും വൈജയന്തിയെന്നു പേർപൂണ്ട
വലിയ മാലയെ വരുണൻ നല്കിനാൻ.
ശരന്നിശാകാകരസമമാകു-
ന്നൊരു മുക്താമണി രുചിരഹാരത്തെ.
സരസിജോത്ഭവപ്രണയിനിയായ
സരസ്വതീദേവി സരസം നല്കിനാൾ.
അശേഷകുണ്ഡലിപ്രവരന്മാരതി-
വിശേഷകുണ്ഡലദ്വയത്തെ നല്കിനാർ
കുശേശയോത്ഭവൻ സുഭഗമായോരു
കുശേശയമതികതുകാൽ നല്കിനാൻ.
കളവെന്യേ ഭക്തിജലധിയിൽ മുങ്ങി-
കളിയാടീടുന്ന ജനങ്ങളിങ്ങിനെ.
വളരെബ്ഭൂഷണാദികളെ നല്കിനാർ
കളമോടു ദേവിക്കണിയുവാനായി.
മഹേശ ലോകേശ സുരേശാദി പ്രിയ-
മഹിഷിമാർതൊട്ട മഹിളമാരപ്പോൾ.
മഹിതമായോരോ വിഭൂഷണങ്ങളെ
മഹാലക്ഷ്മീമെയ്യിലണിയിച്ചാർ ഭംഗ്യാ.
പരമഭക്തന്മാർ കൊടുത്തതുമൂലം
വരവിഭൂഷകളവയണിയുവാൻ.
പെരിയ മംഗളനിധിയാം ദേവിക്കു
തിരുമനതാരിൽ നിറഞ്ഞു കൌതുകം.
അഴകിന്നുനന്നല്ലിവയെന്നിങ്ങിനെ
മിഴിയുള്ളോർ മുന്നം നിനച്ചാബ്ഭൂഷകൾ
അഴകധികമായ്ത്തിരുമെയ്യിൽചേര്ത്തു
വഴിയുമീശ്വരീ കരുണാവൈഭവാൽ
അണുമാത്രം ദേവീകരുണയില്ലായ്ക്കിൽ
ഗുണമശേഷവും വലിയ ദോഷമാം.
അണുമാത്രം ദേവീകരുണയുണ്ടെങ്കിൽ
ഗുണമായ്ത്തീർന്നീടുമശേഷദോഷവും.
കനകാദി ധാതു നവരത്നോത്തമ-
ധനധാന്യാദികളുടെ സമ്പത്തെല്ലാം.
അനവധിചേര്ക്കും കമലാദേവിയെ
മനസികാമിച്ചു മനുജാദി ലോകം.
കൃപ മുതലായ മഹാധര്മ്മങ്ങള്ക്കും
തപസ്സിന്നുവേണ്ടും വിഭവമൊക്കയും
വിപുലമായനല്കും ഭഗവതി രൂപം
തപസ്വികൾ കണ്ടിട്ടതികാമംപൂണ്ടു.
സമരാദികളിൽസ്സപദി ശത്രുക്ക-
ളമരുമാറുള്ള വിജയം നല്കുന്ന
കമലാദേവിയെപ്പുകൾപൊങ്ങീടുന്നോ-
രമരാദി ലോകപതികൾ കാമിച്ചു.
അമര്ത്ത്യദൈത്യാദി പ്രധാനികളുള്ളി-
ലമര്ന്നിടാതുള്ളോരഭിലാഷം പൂണ്ടു.
സമുചിതനാനാവിമാനാദികളി-
ലമിതഭംഗിയോടധികം ശോഭിച്ചു.
പ്രഭുക്കളാവരുടെയുടലിൽനി-
ന്നഭംഗുരമായിട്ടുദിക്കും ശോഭയും.
സുഭഗരത്നാദി രുചിയുംകൊണ്ടേറ്റം
പ്രഭാമയമായിച്ചമഞ്ഞിതദ്ദേശം.
സുരാദി ദിവ്യാംഗവിലേപനാത്തമ-
തരുലതാസുമപ്രഭൂതിഗന്ധത്താൽ.
പരിമളഭരമിളകുമദ്ദേശം
സുരുചിരനാനാസുഖമയമായി.
മതിവിമോഹനഗുണമെഴും ലക്ഷ്മീ-
സ്തുതിതൌര്യത്രികാദ്യമിതഘോഷത്താൽ.
അതുസമയത്തിലതിമാത്രം സര്‍വ്വ-
ശ്രുതിസുഭഗമായ്ച്ചമഞ്ഞിതദ്ദേശം.
അകിലു ഗുൽഗുലു മലയജം തൊട്ട
സകല ഗന്ധവസ്തുവിൻ മഹാധൂപം.
അകലുഷമേറ്റു പല പതാകൾ
മികവോടാടുമ്പോളുളവാം വാതവും
തെളിവേറും ജഗൽ പ്രഭുപാർശ്വങ്ങളിൽ
കളവാണികുലകളമൊടു ചേർന്നു.
കളഹംസദ്യുതി കലരും ചാമര-
മിളക്കുന്ന നേരമുദിക്കും വാതവും.
തരളമായുള്ള പയപയോധിയിൽ
തരംഗജാലങ്ങൾ മറിയുന്നനേരം.
പരിമൃദുലമായവകളിൽ നിന്നു
പരം ജനിക്കുന്ന ശിശിരവാതവും.
സമസ്ത ശോഭനഗുണം തികഞ്ഞോരാ-
സ്സമയംതന്നുടെ മഹിമാവുമൂലം.
സുമൃദുലസ്പര്ശസുഗന്ധപുണ്യാദി-
സമേതനായ് വീശുന്നൊരു സമീരനും.
വിധൂതമാല്യകുന്തളാംബരാഗ്രനാ-
യധികഭംഗിയിലണകകാരണം.
സുധാസമുദ്രത്തിൻ നടുവിൽ മുങ്ങിയ
വിധമഖിലരും മഹാസുഖം പൂണ്ടു.
ഗുണജ്ഞയായ്പ്പാരമനന്തകല്യാണ-
ഗുണവിശിഷ്ടയായ് വിളങ്ങുമാലക്ഷ്മി.
ഇണങ്ങുമെന്നോടെന്നുറപ്പാൻ തങ്ങടെ
ഗുണങ്ങളോരോനു നിനച്ച സര്‍വ്വരും.
വലിയസൽഗുണം കലരുമായവർ
പലരുമിങ്ങിനെ പലതരമോര്ത്തും.
മലർമകളമോബ്ഭഗവതീഗുണം
നലമോടെ പാര്ത്തുമവിടെ മേവിനാർ.
കളിയായിജ്ജഗത്തശേഷവുമേവ-
മുളവാക്കിയോരു പിതാമഹൻ ദേവൻ.
സരസിജാക്ഷൻ തന്നിടത്തുഭാഗത്തിൽ
സരസമായ്ത്തത്രര തദാവിളങ്ങിനാൻ.
നയനങ്ങൾ മൂന്നു ധരിയ്ക്കുന്ന മൃത്യു-
ഞ്ജയൻ മഹാദേവൻ പശുപതി ശിവൻ
നരകനാശനഭഗവാൻ തന്നുടെ
സുരുചിരമായ വലത്തുഭാഗത്തിൽ.
അരികിൽച്ചേര്ന്നുകൊണ്ടധികഭംഗിയിൽ
പരമ കൌതുകം കലര്‍ന്നു ശോഭിച്ചു.
ഋഷീന്ദ്രമാനസ സരോരുഹവാസൻ
ഹൃഷീകേശൻ വിഷ്ണു സമസ്തലോകേശൻ.
നിലവിട്ടഭക്തി കലര്ന്നവര്ക്കിഷ്ട-
ഫലം സദാകാലം ചൊരിഞ്ഞ കൊണ്ടേറ്റം.
ചലിയ്ക്കും ഭൂലതായുഗത്തിൽസ്സന്തതം
നലമോടുചേരും സുമനോവൃന്ദത്തിൽ.
പ്രണയത്താൽ വന്നങ്ങിണങ്ങിയോരു കാ-
റണിവണ്ടുകൾ തന്നിണയെന്നപോലെ.
ഗുണമോടുമിന്നും നയനയുഗ്മത്താ-
ലണിഞ്ഞൊരാസ്യംബ്ജം പെടുന്ന സുന്ദരൻ
കമലജാലത്തിൻ പ്രഭ നശിപ്പിച്ചും
കുമുദജാലത്തിൻ പ്രഭ ജനിപ്പിച്ചും.
കുമുദജാലത്തിൻ പ്രഭ നശിപ്പിച്ചും
കമലജാലത്തിൻ പ്രഭ ജനിപ്പിച്ചും.
അമൃതാംശു ദശശതാംശു രൂപമാ-
യമിതഭംഗിയിൽ സദാ വിളങ്ങുന്ന
വിമലലോചനദ്വയം കലർന്നിടും
കമലലോചനൻ തമോവിനാശനൻ.
ഹരി നാരായണൻ ജനാര്ദ്ദനൻ സര്‍വ്വ
സുരരിപുകാലൻ മുകുന്ദൻ ഗോവിന്ദൻ.
നരകനാശനൻ നളിനലോചനൻ
നരകമോചനനനന്തനച്യുതൻ.
കനകക്കുന്നിന്നു കലരും കാന്തിതൻ
കനംകുറയ്ക്കുന്ന ഗരുഡന്മേൽക്കേറി.
കനിവേറും ദേവവരക്കാതലായി-
ട്ടനുപമ കാന്ത്യം വിളങ്ങി മാധവൻ.
അലങ്കരണമെന്ന രണ്ടാംപാദം കഴിഞ്ഞു.
നാരായണവരണമെന്ന മൂന്നാംപാദം
സകലസുരദീതിജചിതൃമനുജമുനീഗന്ധർവ്വ-
സാദ്ധ്യസിദ്ധാദി പ്രധാനികളൊക്കെയും.
അമിതതരരുചിഭരമൊടവിടെ വിലസും നേര-
മാനന്ദമൂര്ത്തിയാം ലക്ഷ്മീഭഗവതി.
വിമലതരവിപുലവരഗുണഗണമെഴും ദിവ്യ-
വിപ്രാദികൾക്കിഷ്ടദാനാദി ചെയ്തുടൻ.
മനതളിരിൽ നിറയുമതിരസമൊടവർ ചെയ്തോരു
മംഗളാചരങ്ങൾ വണങ്ങി മോദാകുലം.
മധുരമധുരസസരസപരിസരപരിഭ്രമ-
ന്മത്തഭംഗാവലി കോലാഹലങ്ങളാൽ.
ശ്രുതിസുഖമൊടഖിലജനമഴകിനൊടു വാഴ്ത്തുന്ന
ശോഭനാകാരസ്വയംവരമാലയേ.
കമലദളരുചിരുചിരവിരലുകൾ വിളങ്ങുന്ന
കൈത്തളിർ കൊണ്ടെടുത്തത്രയും ഭംഗിയിൽ.
കനകമണികടകകളനിനദമൊടെഴുന്നേറ്റു
കാന്തികാളീടുമാക്കല്യാണദേവത.
അതുപൊതുരമയുടയൊരതനുതനുകാന്തികൊ-
ണ്ടാശകളൊക്കെത്തെളിഞ്ഞു ഭംഗ്യാ പരം.
ഉദധിസുതയുടയതിരുവടൽവടിവുകണ്ടുക-
ണ്ടുൽക്കടാന്മേന മേവിനാർ സർവ്വരും.
മുതിരുമതിരുചിയൊടഥ കനകമണിദണ്ഡവും
മുത്തലുക്കും ചേര്ത്തൊരാതപവാരണം
രസമൊടൊരുസുരയുവതിമണിയുടനുയര്ത്തിനാള്
രാകാനിശേശനെയെന്നകണക്കിനേ.
ചലദളകലളിതരുചി മൃദുപവനനണയുവാൻ
ചാമരം വീശിനാർ ദേവിമാരാദരാൽ.
വദനസിതകരനിലതിമൃദുതരകരം ചേര്‍ത്തു
വാക്കിലയിട്ടാർ സുരേന്ദ്രനാരീജനം.
അമരവരയുവതികുലമുടനെ തിരുമുമ്പിൽവ-
ന്ന്ടമംഗല്യം പിടിച്ചുനിന്നീടിനാര്
അരികിലിരുപുറവുമഥ കവിജനനി വാണിയു-
മദ്രീന്ദ്രപുത്രിയും ചേര്ന്നുനിന്നീടിനാർ.
പൊരുളധികമതിലളിതപദമിവകളുള്ളോരു
പുണ്യലക്ഷ്മീസ്തോത്രപാഠഘോഷങ്ങളും.
മഹിതസുഖമഖിലരുടെ ചെവികളിലണയ്ക്കുന്ന
മംഗലമഞ്ജുളവാദ്യഘോഷങ്ങളും.
ഗളദമൃതമദനിനദഗളലളിതമാരായ
ഗന്ധര്വ്വിമാരുടെ ഗാനഘോഷങ്ങളും.
നവരസവുമനവരതമഴകൊടൊഴുകീടുന്ന
നാകവേശ്യാവലീ നൃത്തഘോഷങ്ങളും.
പരിചിനൊടുസുരയുവതിമണികളണിയായ് നിന്നു
പാണിപത്മദ്വയംകൊണ്ടു പിടിയ്ക്കുന്ന
കനകമയലളിതരുചിതളികകളിലേറ്റവും
കത്തുന്ന കര്പ്പുരദീപാവലികളും.
അസിതസിതഹരിതമുഖവിവിധതരവര്ണ്ണങ്ങ-
ളാകാരഭേദമോടൊത്ത ദീപങ്ങളും.
വരണസഭയതിൽനിറയുമകിലുമുതലാം ഗന്ധ-
വസ്തുക്കളിൽനിന്നുയർന്ന ധൂപങ്ങളും.
വിബുധപതിയുവതിതതിസരസപനിനീർവീശി
വീശുമ്പോളുണ്ടാം ഹിമാംബുവഷങ്ങളും.
സുരയുവതിനികരകരതലകിസലയോന്മുക്ത-
സൌരഭ്യസമ്പൂര്ണ്ണപുഷ്പവര്ഷങ്ങളും.
പലതുമിവ പരമവിടെ വിലസിന ദശാന്തരേ
പാലാഴിമങ്കയാം ലക്ഷ്മീഭഗവതി
ദൃഢസകലഗുണവുമെഴുമൊരുവനെ വരിക്കുവാൻ
ദേവാദികൾ നിറഞ്ഞോരാസ്സഭാന്തരേ.
ചരണതലചലദമലകനകമണിമഞ്ജീര
ചാരുഘോഷത്തോടെഴുന്നെള്ളിമെല്ലവേ!
കമലയുടെ തിരുവുടലു സരസമഥ സര്‍വ്വരും
കണ്ണിമച്ചീടാതെ കണ്ടുകൊണ്ടീടിനാർ.
തദനു ബഹുവിബുധപതിയുവതിജനയുക്തയാം
താമരപ്പുമങ്ക താരുണ്യശാലിനി.
തരമൊടതുപൊഴുതവിടെ മരുവുമവർതങ്ങടെ
തത്വങ്ങളൊക്കെയും കണ്ടറിഞ്ഞീടുവാൻ.
അഖിലജനനയനമതിജവമൊടു ഹരിച്ചുകൊ-
ണ്ടങ്ങുമിങ്ങുമെഴുന്നെള്ളിനാൾ ഭംഗിയിൽ.
വലമഥനവിമലമണിഗണസമകടാക്ഷങ്ങൾ
വര്‍ഷിച്ചിടും നേത്ര നീലാംബുജങ്ങളും.
മണിമുകുരതലസുഷമകളമൊടു കവര്‍ന്നിടും
മാണിക്യകുണ്ഡലോല്ലാസിഗണ്ഡങ്ങളും.
പവിഴമണികളുടെ പരമരുണകിരണവ്രജം
പാതാളരന്ധ്രേ പതുങ്ങും ചൊടികളും.
കലരുമതിസുഭഗതരമുഖകമലമേന്തിയും
കല്യാണശൃംഗാരസാരത്തിൽ നീന്തിയും.
കൊടിനടുവിനുടയതനുവധികതനുവാകയാൽ
കൊങ്കകൾതൻ കനം താങ്ങാൻ കുഴങ്ങിയും.
മതേരളലളിതകളഹംസപ്പിടപോലെ
മന്ദം നടന്നങ്ങു ശോഭിച്ചു ഭാര്‍ഗ്ഗവി.
ചരണയുഗമൃദുളതലലളിതചരണങ്ങളിൽ-
ച്ചഞ്ചലഗാത്രിയായീടുമാദ്ദേവിയെ.
തരുണജനമതു പൊഴുതു ധരണിയിൽ നടക്കുന്ന
തങ്കക്കൊടിയെന്നു ശങ്കിച്ചു മാനസേ.
വിരുതുടയചിലരഴകിലനിശമപി മിന്നിടും
വിദ്യുല്ലതയെന്നു വിശ്വസിച്ചീടിനാര്‍
ദിനകരനുമനമിടിയുമടവില് വിളയായിടിടും
ദീപോജ്വലൽജ്വാലയെന്നുറച്ചാർ ചിലർ.
സരസമഥസകലജനജനനിബഹുസൌന്ദര്യ-
സാരപ്രവാഹിനി വിശ്വസര്മ്മോഹിനി.
യമനുടയദമനനുടെ വലിയൊരു സഖാവായ
യക്ഷാധിനാഥന്റെ മുമ്പിലെത്തീടിനാൾ.
ഒരുവിധവുമറുതിവരുവതിനുവഴിയില്ലാതെ-
യുള്ള വിത്തം തിങ്ങിവിങ്ങും നിധികളും.
വിമലതര വിപുലശുഭമതിയുമതിയായുള്ള
വിഖ്യാതിയുമുത്തരാശാധിപത്യവും.
കലരുമൊരു ധനപതിയെ വടിവിനൊടു കണ്ടിട്ടു
കല്യാണദൈവമാദ്ദേവിയോര്ത്തീടിനാൾ.
വിപുലധനനിചയമിവനധികമുണ്ടെങ്കിലും
വേണ്ടുന്ന ദാനാനുഭോഗങ്ങളില്ലഹോ.
ഇവനുടയധന വിഭവഗുണമഫലമാകയാ_
ലിഷ്ടമില്ലൊട്ടുമിനിക്കിങ്ങിരിക്കുവാൻ.
ഇതിമനസികരുതിയഥധനപതിയെവിട്ടുട-
നിന്ദിരാദേവി മന്ദം നടന്നീടിനാൾ.
നിരൃതിയുടെനികടഭുവി പുനരുടനണഞ്ഞ
നീരജത്താർ മങ്ക നിന്നു കണ്ടീടിനാൾ.
ഉരുവിഭവവിപുലഗുണകരവിവിധകര്മ്മത്തി-
ലുത്സാഹവും കോണദിക്കിൻ പതിത്വവും.
അഖിലജഗാധിപതിതവരുവതിനുവേണ്ടുന്നൊ
രാകാരലക്ഷ്മിയും ചേരും നിരൃതിയേ.
ധരണിതലഗതമനുജപിശിതബുക്കാണിവൻ
ധര്മ്മിഷ്ഠനല്ലെന്നു ദേവി വിട്ടീടിനാൾ.
തദനു മലർമകളഖിലസുഖമയമയൂഖനാം
താരാധിനാഥന്റെ മുമ്പിലെത്തീടിനാൾ.
സകലകലകളുടെയുമൊരുചിതപതിഭാവവും
സാരമേറും സമസ്തൌഷധീശത്വവും.
അതിരഭസമഖിലജനവികചനയനങ്ങളി-
ലാനന്ദവൃഷ്ടിയേച്ചെയ്യുന്ന ബിംബവും.
ഗുണമുടയപുകളൊടിഹ കവികളുപമിയ്ക്കുന്ന
ഗൌരാമൃതാകാരരശ്മി പ്രവാഹവും.
സകലജന മരണ ഭയകരണപടുകാലനെ
സംഹരിച്ചോരാ ത്രിലോചനനീശ്വരൻ.
പ്രണയമൊടുനിജശിരസിസതതമപിചേര്ക്കയാല്
പ്രത്യക്ഷമായ് വന്നസര്വ്വമാന്യത്വവും.
മധുരതരഗുണമിനിയുമനവധി വിളങ്ങുന്ന
മാഹാത്മ്യമേറും ദ്വിജേന്ദ്രനാം ചന്ദ്രനേ.
മഹിതഗുരുഗൃഹിണിയുടെ യൊളിപുരുഷനാണിവ
ന്മാരാതുരനെന്നുപേക്ഷിച്ച ഭാര്‍ഗവി.
അഥസുഭഗഗതിലളിതമഖിലഖഗനാഥനാ-
മാദിത്യദേവന്റെ മുമ്പിലെത്തിടിനാൾ.
ഒരുഞൊടിയിലധികലസദിതരതേജസ്സുക-
ളൊക്കെക്കെടുത്തുന്ന തേജോവിശേഷവും.
സകലജഗദമിതസുഖകരസലിലവൃഷ്ടിയെ-
സ്സാധിച്ചിടുന്നോരു ദിവ്യപ്രഭാവവും.
പലഗുണവുമിനിയുമതി ശുഭതരമിണങ്ങുന്ന
പത്മിനിപ്രാണേശനായൊരു സൂര്യനേ.
ചകിതമൃഗശിശു ചപലതരനയനയാം ലക്ഷ്മി
ചണ്ഡാംശു വാണിവനെന്നു വിട്ടീടിനാള്
പുനരുടനെ വിപുലബലഗുണഗണമിണങ്ങുന്ന
പൂര്വ്വദേവേന്ദ്രന്റെ മുമ്പിലെത്തീടിനാൾ.
നിശിതതരമതിയുടയ ഭൃഗുതനയശിക്ഷയാൽ
നീക്കംവിനാ ചേര്‍ന്ന നീതിപ്രബോധവും.
പരമശുഭതരമഖിലഭുവനതലമാദരാൽ
പാലിക്കുവാനുള്ള സാമർത്ഥ്യസാരവും.
വിവിധഗുണമഹിമപരമിനിയുമിടതിങ്ങുന്ന
വീരനായീടും വിരോചനപുത്രനേ.
വിമലഗുണഗണമണിയുമുദധിസുതവിഷ്ണുവിൽ
വിദ്വേഷദോഷേണ വജ്ജിച്ചുപോയിനാൾ.
ഗളഗളിതകളലളിതസുഭഗതരസുസ്വര-
ഗാനപ്രയോഗേണ കല്ലും മരങ്ങളും.
ഗഗനചരകുലവിമലഹൃദയവുമലിക്കുന്ന
ഗന്ധരാജന്റെ മുമ്പിലെത്തീടിനാൾ.
നയനസുഖകര ചരണനവവിധരസംചേര്ത്തു
നര്‍ത്തനം ചെയ്യുവാനുള്ള നൈപുണ്യവും.
സുരയുവതിതതിമതിയിലതികൊതിവളര്ത്തിടും
സൌന്ദര്യ സൌഭാഗ്യസാരസമ്പത്തിയും.
വിവിധഗുണഗണമിനിയുമഴകിനൊടുചേരുന്ന
വിശ്വാധികനായ വിശ്വാവസുവിനെ.
ഭൃഗുതനയ, ഹരിയുടയകല്പനകേൾക്കുന്ന
ഭൃത്യനിവനെന്നു ദൂരെ വിട്ടീടിനാൾ.
ചിതമൊടഥ സലിലനിധിതനയബഹുഭംഗയില്
ച്ചെന്നു ദുര്വ്വാസോമഹര്ഷിതന്നന്തികേ.
പ്രകടതരമനവരതമുലകുമുഴുവൻഹൃദി
പ്രത്യക്ഷമാവുന്ന യോഗസംസിദ്ധിയും.
മഹിമപലതിനിയുമതി ഗുണമൊടിടതിങ്ങുന്ന
മാന്യനായീടുമാമാമുനിശ്രേഷ്ഠനെ.
ഇവനു ഹൃദിപെടുമരിശമൊരുവിധമമര്ത്തുവാ-
നില്ലകെപ്പൊട്ടുമെന്നുള്ള ദോഷത്തിനാൽ.
അമിതരുചിവിലസുമൊരുജലധി സുതകൈവെടി
ഞ്ഞഗ്നിദേവൻതന്റെ മുമ്പിലെത്തീടിനാൾ.
അമലതരകനകനിഭസുഭഗശുചിവര്ണ്ണമോ-
ടത്യന്തമാളിടും ജ്വാലാകലാപവും
സതതമപി നിജഭജനനിരതമനുജന്മാര്ക്കു
സമ്പത്തുനല്കുവാനുള്ള സാമര്‍ത്ഥ്യവും.
ചിതമൊടതിമഹിതതരഗുണമിനിയുമേറ്റവും
ചേര്ന്നുവിളങ്ങുന്ന പാവകദേവനെ.
സകലശുഭചരിതമെഴുമമലമുനിവര്യന്റെ
സര്വ്വഭുക്ത്വാദിശാപാദിദോഷത്തിനാൽ.
കനകരുചിരുചിരതനുകടൽമകൾവെടിഞ്ഞുടൻ
കാലനാംദേവന്റെ പാര്ശ്വത്തിലെത്തിനാൾ.
വിവിധമഴൽതരുമഖിലദുരിതപരിശാന്തിക്കു
വേണ്ടുന്നദണ്ഡങ്ങൾതന്നധികാരവും.
അതിസുകൃതചയമയനുമതിസുകൃതപാലനു-
മാകയാലന്വര്ത്ഥധര്മ്മരാജാഖ്യയും.
അമലഗുണഗണമിനിയുമനവധി കലര്‍ന്നീടു-
മാദിത്യപുത്രനാം പ്രേതാധിനാഥനെ.
മനസിഭവതനുദഹനബലനിഹതനാകയാൽ
മാന്യതപോരെന്നുവെച്ചു വിട്ടീടിനാൾ.
പരമഴകിലഥസകലതരുണിമണിഭാര്ഗ്ഗവി
പാശിയാം ദേവന്റെ പാര്ശ്വത്തിലെത്തിനാള്
രണനടുവിലതിജവമൊടഖിലഭുവനംവെന്നു
രാജസൂയാദ്ധ്വരംചെയ്ത മാഹാത്മ്യവും.
പുരുമണികൾ വിളയുമൊരുജലനിധികളൊക്കയും
പുണ്യതോയംചെന്ന നാനാ നദികളും.
പ്രകടതരവിനയഭരനതിയൊടു ഭജിക്കയാൽ
പ്രത്യക്ഷമായൊരു ദിവ്യപ്രഭാവവും.
ഇനിയുമതിമഹിതതരവിവിധഗുണസംഘങ്ങ-
ളിത്രയെന്നില്ലാതെ ചേരും വരുണനെ.
ജലധിമകളുടനെയിവനഖിലലോകത്തിന്നു
ജാള്യകൃത്താണെന്നുറച്ചു വിട്ടീടിനാൾ.
തദനുബലഭരമുടയ പവനനുടെ സന്നിധൌ
താർമങ്കയാം ദേവി ചെന്നുചേര്ന്നീടിനാൾ.
അതിവിപുലഗിരികളെയുമടിയൊടു പറിച്ചെടു-
ത്താഞ്ഞെറിഞ്ഞീടുവാൻ കെൽപ്പുള്ള ശക്തിയും.
അനവരതമഖിലജഗദശുചിതകളഞ്ഞുകൊ-
ണ്ടാശുലോകങ്ങളിൽ വീശും സ്വഭാവവും.
മഹിതബഹുഗുണനികരമിനിയുമിടതിങ്ങുന്ന
മാതരിശ്വാവായ മാന്യനാം ദേവനെ.
രുചിരതനുരുചികലരുമുദധിസുതലോകൈക-
രൂക്ഷനിവനേന്നറിഞ്ഞു വിട്ടീടിനാൾ.
ഉടനമിതസുഖഭരമൊടുലകുമൂന്നുംകാക്കു
മുമ്പർകോൻതന്നുടെ മുമ്പിലെത്തീടിനാൾ.
ദശദശകമഖമഖിലവിഭവമൊടുസംമ്പൂര്ണ്ണ-
ദക്ഷിണമായ്ചെയ്ത മാന്യമാഹാത്മ്യവും.
നലമൊടതിമഹിമയെഴുമകൃതവചനങ്ങളാൽ
നന്നായ്സ്തുതിക്കുന്ന നാനാപദാനവും.
ഇനിയുമതിഗുണമുടയപലപലവിഭൂതിയു-
മീരേഴുലകിന്നുമേകാധിപത്യവും.
കലരുമൊരുപരമസുഖിമകുടമണി ശക്രനെ-
ക്കണ്ടിത്തരം നിരൂപിച്ച താർമങ്കയാൾ.
അഴലണയുമളവിലതുകളവതിനു ഭക്തിയോ-
ടംബുജാവാസനെസ്സേവിപ്പതുണ്ടിവൻ.
അമൃതകരകലയണിയുമവനുടെ പദാംഭോജ-
മാശ്രയിച്ചീടുമാറുണ്ടിവൻ ഭീതിയാൽ.
എതൃപൊരുതുമമിതബലദിതിതനയവിക്രമ-
മേതും സഹിക്കാനരുതായ്ക്കു കാരണം.
പലകുറിയുമഴകിയൊരു മധുമഥനദേവന്റെ
പാദാബ്ജമാശ്രയിച്ചീടുമാറുണ്ടിവൻ.
വിപുലബല ഭര മുടയ മന്നവന്മാരെയും
വൈരിക്ഷയാര്ത്ഥം വരുത്തുമാറുണ്ടിവൻ.
അധികഭയമണയുമൊരുപൊഴുതിലുടനന്യനെ-
യാശ്രയിക്കുന്നിവനീശ്വരനാകുമോ.
ഇതിമനസികരുതിയഥ വിബുധപതിയേപ്പര-
മിന്ദിരാദേവി കൈവിട്ടെഴുന്നള്ളിനാള്
ഉലകിലെഴുമതിമഹിതജനമതിലശേഷവു-
മോരോതരം കുറ്റമീവിധം കാണ്കയാൽ.
വിമലഗുണമുടയകടൽമകളവർകളേത്തദാ
വിട്ടുവിട്ടങ്ങെഴുന്നെള്ളും ദശാന്തരേ.
ബഹുളതനുരുചികലരുമുദധിസുതമന്ദമാ-
ബ്രഹ്മദേവാന്തികേ ചെന്നുചേര്ന്നീടിനാൾ.
വെളിവിനൊടു പരമറിവുമുഴുവനെതരും നാലു-
വേദങ്ങളുമുപവേദങ്ങളും തഥാ.
ബഹുദൃഡതയൊടു കലരുമഖിലജനവന്ദ്യനാം
ബ്രഹ്മനെക്കണ്ടു ചിന്തിച്ചാളിതീശ്വരി.
തനയയുടെരുചിരതരതനുരുചികൾകാണ്കയാൽ
താഴാതെ വര്‍ദ്ധിച്ചുവന്ന താരമ്പനെ.
ശമനിയമമുഖവിവിധഗുണമൊടു തടുക്കുവാൻ
ശക്തിയില്ലാത്തിവ൯ നിർദ്ദോഷനാകുമോ.
മനസ്സപരമിതികരുതിയഥ ജലധി നന്ദിനി
മാന്യനാംബ്രഹ്മനെക്കൈവടിഞ്ഞീടിനാൾ.
സപദിപുനരുദധീസുമദനദഹനം ചെയ്ത
സക്ഷാൽ മഹേശന്റെമുമ്പിലെത്തീടിനാള്.
അവനുടയവിപുലതരമിതഗുണമൊക്കയു-
മാശ്ചര്യമുൾക്കൊണ്ടു നോക്കിത്തുടങ്ങിനാൾ.
ഉദയമതിലഴകിനൊടു കുവലയകലാമോദ-
മുണ്ടാക്കുമര്ദ്ധേന്ദുവാം ശിരോരത്നവും.
മണികിരണമസൃണപൃഥഫണഗണമെഴുന്നോരു
മാന്യസര്പ്പേശ്വരാലങ്കാരജാലവും.
സകലജനദുരിതഹരസലിലമൊഴുകീടുന്ന
സാക്ഷാൽസ്സുരാപഗാ കല്ലോലമാലയും.
വിപുലജലഭരണഗുരുഘനതതിയിൽമിന്നുന്ന
വിദ്യുല്ലതകൾക്കെതിരാം ജടകളും.
ഉലകഖിലമുരുജവമൊടെരിപൊരിച്ചീടുന്നൊ-
രുഗ്രാനലൻചേര്ന്ന ഫാലസ്ഥലാക്ഷിയും.
കലിതനിജഭജനജനനിധനമതിനെത്തിയ
കാലനെക്കുത്തിക്കുലചെയ്തശൂലവും
സവിധഭുവിസതതമപി വിനയമൊടുവാഴുന്ന
സാമര്ത്ഥ്യമേവുന്ന ഭൂതസംഘങ്ങളും,
ഭയരഹിതദിതിജവരനിബിഡിതപുരത്രയം
ഭസ്മീകരിച്ചോരു ഘോരപ്രതാപവും.
ദമികഖലസകലസുരമുനിനിവഹപൂര്ണ്ണമാം
ദക്ഷന്റെ യാഗം നശിപ്പിച്ച വീര്യയും.
ധവളതരധരണിധരസദൃശതനുപൂണ്ടോരു
ധര്മ്മസ്വരൂപവൃഷാധീശവാഹവും.
രുചിരതരഗുണനികരമഖിലമിടതിങ്ങുന്ന
രൂപ്യാചലേന്ദ്രനാമത്ഭുതാഗാരവും.
ഭയവുമതിജവമൊടടിയൊടുമുടിക്കുന്ന
ഭവ്യപ്രദങ്ങളാം ദിവ്യനാമങ്ങളും.
ശ്രുതികളിലുമതിമഹിതമൊഴികളിലുമേറ്റവും
ശോഭിച്ചിടും ശുഭശുഭസൽക്കീർത്തിയും.
പുനരപിചപരമശുഭഗുണഗണമശേഷവും
പൂര്വോക്തദോഷങ്ങളൊന്നുമില്ലായ്കയും.
പരിചിനൊടുകലരുമൊരുപരമശിവനെക്കണ്ടു
പാലാഴിമങ്ക ചിന്തിച്ചാളിതാശയേ.
നിയമമൊടുശവഭസിതചയമുടലിലണികയും
നിത്യം ശ്മശാനത്തിൽ നര്‍ത്തനം ചെയ്കയും.
പലതുമിതിപരമശിവകര്മ്മമുള്ളോരിവൻ
പാരമമംഗളനെന്നൊഴിച്ചീടിനാൾ.
കളമൊടഥ കരകലിതവരവരണമാലയായ്
കാന്ത്യാ വിളങ്ങുന്ന ലക്ഷ്മിയാമീശ്വരി.
നവനളിനദലളിതനയനയുഗളംചേർന്ന
നാരായണൻതന്റെ മുമ്പിലെത്തീടിനാൾ.
മധുമഥനമധുരതതനുസുഷമകാണ്കയാൽ
മാരാമയംപൂണ്ടു ദേവിമന്ദേതരം.
മുഹരതുലമുഖനമനലളിതമസുരാരിതൻ
മുഗ്ദ്ധഗാത്രം കടാക്ഷിച്ചുനിന്നീടിനാൾ.
സരസതരമഥസകലഖഗതിലകകേതുതൻ
സൽഗുണമോരോന്നു നോക്കിത്തുടങ്ങിനാൾ.
ഇവനുടയമധുരഗുണമുടയമുഖമോര്ക്കുകി-
ലിന്ദുദോഷാകരൻ തന്നെ നിസ്സംശയം.
കമലകുലരുചികവരുമിവനുടയകണ്ണോര്ത്തു
കാട്ടിൽക്കിടന്നുകേഴങ്ങൾ കേഴുന്നുതേ.
അഴകുടയൊരിവനുടയ ചൊടിസപദിസത്തെടു-
ത്താശുതൊണ്ടായ്ബിംബി തൊണ്ടിയായിങ്ങിനെ
സരളതരമിവനുടയ സരസസിതസുസ്മിതം
സത്വഗുണത്തീന്റെ സത്താണു നിശ്ചയം.
സുഭഗതരമിവനുടയൊരവയവമശേഷവും
സുന്ദരം മംഗലം സര്വ്വതേജോമയം.
കൊടിയരിപുപടലമുടനുടലൊടുപൊടിക്കുന്ന
കൌമോദകിയാംഗദതൻപ്രഭാവവും.
പടനടുവിലരികളുടെ ചെകിടിനടവേകുന്ന
പാഞ്ചജന്യാഖ്യമായുള്ളശംഖവും.
ശരനിരകൾ സമരഭുവി തുരുതുരെയുതിര്ക്കുന്ന
ശാശ്വതമായോരു ശാര്ങ്ഗകോദണ്ഡവും.
നമദമരനികരബലഹരദനുജകന്ധരാ_
നാളം മുറിക്കുന്ന നന്ദകഖഡവും.
സകലസുരരിപുനിവഹ ഗളതലമറുക്കുവാൻ
സാമര്‍ത്ഥ്യമേറും സുദര്‍ശനചക്രവും
ദിവസക... ... ... ... ... ണപര ഹരണദക്ഷമാം
ദിവ്യാംശു ചേരു ... ... കൌസ്തുഭരത്നവും
ശിവകമലഭവ... ... ... ... ... ... കരമനോഹര-
ശ്രീവത്സലക്ഷ്മവും ശ്രീവന്യമാലയും.
ഭൂവനതല പരിവഹന പടുതരഭുജംഗേന്ദ്ര-
ഭോഗമായീടുന്ന മഞ്ജുളതല്പവും.
കനകമയ ശിഖിരവരവര സദൃശശുഭമൂര്ത്തിയും
കാറ്റിനേക്കാളേറെ വേഗവും ശക്തിയും.
പവിസദൃശ ഖരനഖരചഞ്ചുക്കളും ചേർന്ന
പക്ഷീന്ദ്രനാകും കൊടിയടയാളവും.
അശുഭചയ ഹരണശുഭകരണനിപുണങ്ങളാ-
മാദിമത്സ്യാവതാരഭേദങ്ങളും.
സുകൃതിജനമനതളിരിലമിതതരഭക്തിയും
സൌഖ്യവുംചേര്ക്കുന്ന ധര്‍മ്മകര്‍മ്മങ്ങളും.
ദുരിതമയഭരമഖില ഭൂവനമതിൽനിന്നിട്ടു
ദൂരീകരിച്ചീടുമുത്തമശ്ശോകവം.
മഹിതജനമനിശമതി ഭക്ത്യാജപിച്ചിടും
മംഗളശ്രീമൽ സഹസ്രനാമങ്ങളും.
നിജഭജന നിരതജന നിഖിവപുരുഷാര്ത്ഥള്
നിത്യം വളർത്തുവാനുള്ള നൈപുണ്യവും.
അതിമഹിതസകലജനമനസിബഹുഹര്ഷവു-
മാശ്ചര്യവുംചേര്ക്കുമുത്തമൈശ്വര്യവും.
ഇനിയുമതിമഹിതതര ഗുണഗണമിണങ്ങീടു-
മിന്ദ്രാവരജനാം ശ്രീപത്മനാഭനെ.
വിടരുമൊരു കടമിഴികളൊടു കമലകണ്ടിട്ടു
വിസ്തരിച്ചേവം വിചാരിച്ചുമാനസേ.
നിഖിലഗുണഗണനിലയനിവനധികമംഗളൻ
നിത്യമാത്മാരാമനായതുകാരണം
കരളിലഭിലഷിതമൊരുലവമില്ലായ്കയാൽ
കാമിച്ചിടുന്നില്ല തെല്ലുമെന്നെദൃഢം
ഇതിനിയതമഭിലഷിതരഹിതനവനെങ്കിലു-
മിച്ഛയാഭക്തരേസ്സേവിച്ചിടുംദ്ദൃഢം.
വടിവിനൊടു തിരുവടികൾ തൊടുമഖിലസൽബ്ഭക്തി-
വത്സലത്വമിവനേറ്റം സ്വഭാവജം.
മരണഗുണമുടയൊരിവനഖിലപുരുഷോത്തമൻ
ഭക്തയാമെന്നെബ്ഭജിക്കും സദാ ദൃഢം.
തിരുമനസി തെളിവൊടിതു കരുതിയഥ കൃഷ്ണനിൽ
തിങ്ങുന്ന കാമം കലര്‍ന്ന സര്‍വ്വേശ്വരി.
കരകമലതലകലിത വരവരണമാലയെ-
ക്കഞ്ജാക്ഷകണ്ഠസ്ഥലത്തിലിട്ടീടിനാൾ
ഗളമിളിത ലളിതതര വരണസുമമാലയാൽ
ഗാഢം പ്രകാശിച്ച നാരായണൻതദാ.
മധുമഥനമഹിതഗളഭുവിവരണമാലയേ
മന്ദാക്ഷസുന്ദരം ലക്ഷ്മിയിട്ടപ്പോഴേ.
ഉചിതമിദമുചിതമിദമുചിതമിദമെന്നേറ്റ-
മുച്ചത്തിലാര്ത്തുവിളിച്ചുലോകത്രയം.
സകലജനജനനിയുടെ വരവരണവേലയിൽ
സര്‍വ്വം പ്രസന്നമായ്വന്നുപാരം തദാ.
പുരുസുഖമൊടതിസുഭഗമൊരുപൊടിപറക്കാതെ
പുണ്യഗന്ധംപൂണ്ടു വീശി മന്ദാനിലൻ.
ശരദുദിത സകലകല ശശധരനെവെല്ലുന്ന
ശംഖങ്ങൾ ഭംഗ്യാ വിളിച്ചുദേവാദികൾ.
അതുപൊഴുതിലഖിലജനചെകിടുകളിലത്യന്ത-
മാനന്ദമുണ്ടായി ഘണ്ടാരവങ്ങളാൽ.
മുരളികുഴൽമുതൽ വിവിധസുഷിരനിനദങ്ങളാല്
മൂന്നുലോകത്തിലുമുണ്ടായ്മഹാസുഖം.
പടുപടഹപണവമുഖ ബഹുളവാദ്യങ്ങൾതൻ
പാരിച്ചഘോഷേണ പൂരിച്ചുപുഷ്കരം.
സുരധരണിരുഹനിവഹ കുസുമമയമായുള്ള
സുന്ദരവര്ഷമുണ്ടായീസുമംഗളം.
അതിതരളകനകമണി കടകനിനദോജ്വല-
മപ്സരസ്ത്രീജനം കൂത്താടിഭംഗിയിൽ.
അഖിലജനചെവികളിലുമമൃതുടനൊഴിച്ചുകൊ-
ണ്ടാദരാൽക്കിന്നരന്മാരങ്ങുപാടിനാർ.
അതുപൊഴുതിലഖിലജനസകലകരണങ്ങളു-
മാശ്ചര്യമോദാംബുരാശിയിൽത്താണുപോയ്.
സലിലനിധി തനയയുടെ കണവനാംദേവനെ-
സ്സാദരമപ്പോൾ സ്തുതിച്ചുദേവവ്രജം.
മഹിതഗുണഗണമുടയമുനിജനവുമക്ഷണം
മാധവൻതന്നെ സ്തുതിച്ചുതുടങ്ങിനാർ.
ലളിതമിഹഭുവനമതിൽമരുവുമവരൊക്കെയും
ലക്ഷ്മീശമംഗളസ്തോത്രം തുടങ്ങിനാൻ.
വടിവിലഥ രമയുടയരമണനാംകൃഷ്ണനേ
വാഴ്ത്തിസ്തുതിച്ചാർ വിരിഞ്ചനും രുദ്രനും.
ഇതിസകലമഹിതജനനുതിമൊഴികൾ കൊണ്ടേറ്റ-
മിന്ദിരാകാന്തൻ തെളിഞ്ഞുവിളങ്ങിനാർ.
സരസിരുഹനയനനുടെ സവിധഭുവിശോഭിച്ചു
സാന്ദ്രപ്രഭയോടു ലക്ഷ്മീഭഗവതി.
രമയുടെയുമദിതിസുതവിമതരിപുതന്റെയും
രമ്യങ്ങളാകും ഗുണങ്ങളെയൊക്കെയും.
അനവരതമതിവിതതനയനമൊടുകണ്ടുക-
ണ്ടാനന്ദമഗ്നരായെല്ലാജ്ജനങ്ങളും.
നാരായണവരണമെന്ന മൂന്നാംപാദം കഴിഞ്ഞു.
ലോകകല്യാണമെന്ന നാലാംപാദം.
ലക്ഷ്മീഭഗവതി നിശ്ശേഷകല്യാണ-
ലക്ഷണലക്ഷിതയായസര്വ്വേശ്വരി.
പക്ഷീന്ദ്രകേതുവെക്കാന്തനായീവണ്ണ-
മക്ഷീണഭംഗ്യാ വരിച്ചോരനന്തരം.
വൈകുണ്ഠലോകൈകനാഥൻ ജനാര്ദ്ദനൻ
വൈകുണ്ഠനച്യതൻ സർവ്വദേവാര്ച്ചിതൻ.
നന്മയിൽക്കാണുമീസ്സർവ്വലോകത്തിനു-
മമ്മയായീടുമാലക്ഷ്മിക്കിരിക്കുവാൻ.
തന്മാര്ത്തടംതന്നെ നൾകിനാൻസാദരം
ചിന്മയൻലോകൈകതാതൻ ജനാര്ദ്ദനൻ.
ഇന്ദ്രാദിവന്ദിതപാദാബ്ജയായീടു-
മിന്ദിരാദേവി പൂര്ണ്ണാനന്ദമഗ്നയായ്.
സുന്ദരശ്രീവിഷ്ണുവക്ഷസ്ഥലമായ
മന്ദിരത്തിങ്കലിരുന്നരുളീടിനാൾ.
ഭിന്നഞ്ജനത്തിൻനിറംകലര്ന്നീടുന്ന
പൊന്നൊത്ത കാന്തികളേന്തുമാബ്ഭാര്ഗ്ഗവി
മിന്നല്പിണരെന്നപോലെ മിന്നീടിനാൻ.
ഉല്പലാശ്യാമമാം വിഷ്ണുവക്ഷസ്സിങ്ക-
ലല്പേ തരം പ്രകാശിച്ചു പൂമങ്കയാൾ.
തപ്തഹേമച്ഛായ ചേരും ദിവാകര -
ദീപ്തി താരാപഥത്തിങ്കൽ മിന്നും വിധം.
ചിന്മയി ലോകമാതാവു വിളങ്ങിനാൾ
നന്മയേറീടുന്ന നാരായണോരസി.
വന്മതംഗേന്ദ്രന്റെ കക്ഷാന്തരസ്ഥലേ
പൊന്മയശൃംഖലയെന്ന കണക്കിനേ.
അംഭോരുഹാക്ഷന്റെ വക്ഷസ്ഥലത്തിങ്ക-
ലംഭോധിനന്ദിനി ശോഭിച്ച ഭംഗിയിൽ.
ചെമ്പകപ്പൂക്കളണിയിട്ടഴകോടു
വമ്പിച്ച കാനനംതന്നിൽ മിന്നുംവിധം.
പൂമങ്കയാൾ വിളങ്ങീടിനാളേറ്റവും
ദാമോദരൻ തന്റെ വക്ഷസ്ഥലാന്തരേ
ശ്യാമലസൽസ്നിഗ്ദമഗ്ദ്ധകേശേ തപ്ത-
ഹേമോല്ലാസന്മാലപോലെ ഭംഗ്യാപരം
മഞ്ഞത്തുകിലുടുപ്പോൻ തന്റെ മാര്ത്തടേ
മഞ്ജുസ്മിതം പൂണ്ടു ശോഭിച്ചഭാര്ഗ്ഗവി.
മഞ്ജുളമേറ്റം നിശയിൽ വിളങ്ങുന്ന
മഞ്ഞണികാന്തിതൻ കാന്തിപോലങ്ങിനെ
നാളീകനേത്രന്റെ വക്ഷസ്ഥലേ നല്ല
കേളിയോടേറ്റം പ്രകാശിച്ച ഭാര്‍ഗ്ഗവി.
കാളുന്ന പാവകജ്വാലാകരാളമാം
വാളു കാളീകരംതന്നിൽ മിന്നുംവിധം.
കാളാംബുദാരമാം വിഷ്ണുവക്ഷസ്ഥലേ
കേളിയാടീടിനാൾ താമരത്തന്വിയാൾ.
മേളിച്ചു പൊൻ നിറമൊത്ത ഹംസാവലി
കാളിന്ദിതന്നിൽ കളിയാടിടും വിധം.
മിന്നീടിനാൾ വാസുദേവവക്ഷസ്ഥലം
തന്നിൽജ്ജഗദേകമാതാവു ഭാര്‍ഗ്ഗവി.
നന്നായ്ത്തമിസ്രാസിതമാകുമോഷധി-
ക്കുന്നിൽ മഹൌഷധിശ്രേണി കണക്കിനേ
ശിക്ഷയിൽ സ്സജ്ജനവൃന്ദമശേഷവും
രക്ഷിച്ചു വാഴുന്ന ദൈത്യാരിതന്നുടെ.
വക്ഷസ്സിലഷ്ടാപദച്ചട്ടപോലെതാ-
നക്ഷീണഭംഗ്യാ വിളങ്ങി താർമങ്കയാൾ.
ചെന്താമരാക്ഷന്റെ ബാഹുക്കളായുള്ള
ചന്തം കലർന്നരു കല്പവൃക്ഷങ്ങടെ.
അന്തികോശാഭിച്ച തങ്കക്കൊടിപോലെ
സന്തതം കാന്തം കമലാഭഗവതി.
ഇന്ദ്രന്റെസോദരനാകും മുകുന്ദന്റെ
സുന്ദരമായോരു ബാഹ്വാന്തരസ്ഥലേ
ഇന്ദിരാദേവി ശോഭിച്ചാൾപരം പീത-
ചന്ദനത്തിന്റെ ചാറെന്ന കണക്കിനേ.
ചട്ടറ്റനന്തകല്യാണഗുണഗണം
പെട്ടതുമൂലം മുകുന്ദന്നു സാദരം.
കിട്ടിയപൊന്മാലയാകും വിരുതെന്ന-
മട്ടങ്ങു ശോഭിച്ചു ലക്ഷ്മീഭഗവതി.
കന്മഷഹീനമാം വിഷ്ണുഹൃദയത്തി-
ലുന്മേഷമോടങ്ങു ശോഭിച്ചു ഭാര്‍ഗ്ഗവി.
നിര്മ്മലാനന്തഹൃദയവിളങ്ങുന്ന
ചിന്മയദീപികാമാലകണക്കിനേ.
നാരായണൻ തന്റെ കാരുണ്യധാരയോ
സാരമായീടും മഹാനന്ദധാരയോ.
സ്വൈരമേവം തോന്നുമാറങ്ങുശോഭിച്ചു
പാരംഹരിശ്രീ ഹൃദയത്തിലിന്ദിരാ.
യോഗ്യതചേരും മുകുന്ദന്റെ ഭൂരിസൌ-
ഭാഗ്യം തികഞ്ഞൊരു പുണ്യവക്ഷസ്ഥലേ.
ഭാഗ്യമയിയായ മാലകണക്കിനേ
ഭാര്ഗ്ഗവീദേവി വിളങ്ങിനാളേറ്റവും.
ചണ്ഡത്വമേറുന്ന പാപിഷ്ഠദൈത്യരേ
ഖണ്ഡിച്ചുനിശ്ശേഷലോകസംരക്ഷണം.
തിണ്ണംസദാചെയ്യുമച്യുതൻതൻബാഹു-
ദണ്ഡങ്ങൾതന്നുടെ പുണ്യലഹരിയോ.
കണ്ണുള്ളര്വക്കു സന്ദേഹം മനസ്സിലീ-
വണ്ണമുദിപ്പിച്ചുകൊണ്ടുപൂമങ്കയാൾ.
വര്ണ്ണനീയപ്രഭാവം പൂണ്ടുകാർകൊണ്ടൽ-
വര്‍ണ്ണന്റെ ബാഹ്വന്തരേ വിളങ്ങീടിനാൾ.
ലോകത്തിനാനന്ദമേകാനുമേറ്റവും
ശോകം നശിപ്പിക്കുവാനുംകരുണയാ
ലോകതാതൻതന്റെ മാറിൽ വാണുങ്കൊണ്ടു
ലോകമാതാവുടൻ തൃക്കണ്ണിളക്കിനാൾ.
ശ്രീകൃഷ്ണവല്ലഭാ ശ്രീമൽക്കടാക്ഷങ്ങ-
ളാകും കളിന്ദജാവാരിപൂരങ്ങളിൽ.
ലോകങ്ങൾ മുങ്ങിക്കുളിക്കയാൽപ്പങ്കങ്ങ-
ളാകെക്ഷണകൊണ്ടൊഴിഞ്ഞു ശോഭിച്ചുതേ
മംഗലദേവതയാകും രമ തന്റെ
ഭംഗിയേറീടുമപാംഗവിലോകനം.
ഭംഗംവിനാചേര്ന്നമൂലം ജഗത്തതി-
മംഗലരൂപമായ് വന്നു സവ്വം തദാ.
കല്ല്യാണദേവതാ സല്ക്കടാക്ഷൌഘമാം
ചൊല്ലാര്ന്നിടുന്നോരു കാളമേഘവ്രജം.
നില്ലാതെപുണ്യാംബുപൂരം ചൊരികയാ-
ലെല്ലാടവും ചേര്‍ന്നു സമ്പൽസ്സമൃദ്ധികൾ.
ഇന്ദിരാദേവിതൻ സല്ക്കടാക്ഷങ്ങളാ-
മിന്ദ്രനീലങ്ങളാൽത്തീരമാല്യങ്ങളേ.
നന്നായ് ധരിക്കയാൽ ഭൂഷിതമായ്വന്നി-
തന്നേരമേറ്റവും നിശ്ശേഷലോകവും.
ദാമോദരപ്രിയാപാംഗവിലോകന-
ശ്രീമദിന്ദീവരമാലകൊണ്ടേറ്റവും.
തൂമയിൽസ്സര്വ്വഭുവനം നിറകയാ-
ലാമോദമുണ്ടായിവന്നു പാരംതദാ.
താമരക്കണ്ണന്റെ കാന്തയാം ലക്ഷ്മിതൻ
ശ്രീമൽക്കടാക്ഷങ്ങളായ കാർവണ്ടുകൾ..
ക്ഷാമംവിനാ ചേര്‍ന്ന മൂലമുളവായി
കാമാനുകൂലം ഗുണംമന്നിലൊക്കെയും.
ദുഷ്ടസംഹാരാര്ത്ഥമംഗീകരിച്ചൊരു
പുഷ്ടതമോഗുണത്താൽക്കറുത്തങ്ങിനേ.
സ്പഷ്ടം വിളങ്ങുന്ന ലക്ഷ്മീകടാക്ഷേണ
നഷ്ടമായ്ലോകത്തിൽ നിശ്ശേഷദോഷവും.
അഞ്ജസാസമ്പത്തു തീര്‍പ്പാൻ രജോഗുണ-
പുഞ്ജം ധരിക്കയാൽ രക്താന്തമായ്പരം.
മഞ്ജുവായ്മിന്നുന്ന ലക്ഷ്മിതന്നീക്ഷണാൽ
രഞ്ജിതമായ്വന്നു ലോകമെല്ലാംതദാ.
ശിഷ്ടരക്ഷാര്ത്ഥമായംഗീകരിച്ചോരു
പുഷ്ടമാം സത്വഗുണത്താൽ വെളുത്തഹോ.
സ്പഷ്ടമായ് മിന്നുന്ന ലക്ഷ്മീകടാക്ഷേണ
വിഷ്ടപേനന്നായി വന്നുരക്ഷോഗുണം.
സത്വരജസ്തമോരൂപിണി മായയെ-
ന്നത്ര ലോകങ്ങൾക്കു ബുദ്ധിയുണ്ടാംവിധം.
ഇത്തരം മൂന്നു വര്‍ണ്ണങ്ങൾ കലന്നീടു-
മുത്തമശ്രീദൃഷ്ടിയെന്തു ചെയ്യാത്തതും.
ലക്ഷ്മീകടാക്ഷേണ സംസിദ്ധമായ്ശ്ശിഷ്ട-
രക്ഷാര്ത്ഥമായോരു ദുര്ജ്ജനനിഗ്രഹം.
സാക്ഷാൽസ്സഹസ്രാരമായുള്ള ചക്രമു-
പേക്ഷ്യമായൊന്നിനും കൊള്ളരുതാകയാൽ.
എന്നാകിലും കാണ്കിലേറ്റം മനോജ്ഞമായ്
വന്നതുമൂലം സുദര്ശനമാകയാൽ.
നന്നു ഹസ്തത്തിന്നലംകരണത്തിന്നി-
തെന്നു വെച്ചിട്ടുപേക്ഷിച്ചില്ലതച്യുതൻ.
ഇപ്രപഞ്ചങ്ങൾക്കു മൂലഭൂതങ്ങളാം
ചൊൽപ്പൊങ്ങിടും മഹാഭൂതങ്ങളഞ്ചിനും
അത്ഭുതസൽഗുണസമ്പൽ സമൃദ്ധിക-
ളപ്പോളുളവായ് രമാകടാക്ഷത്തിനാൽ.
പേശല ശ്രീകടാക്ഷത്തിന് മഹിമകൊ-
ണ്ടാശു നഭസ്സിൻ ഗുണോൽക്കര്ഷസിദ്ധിയാൽ
വൈശദ്യലാഘവസൌക്ഷ്മ്യനിസ്വാനാവ-
കാശഗുണങ്ങളാൽ സ്സൌഖ്യമായെങ്ങുമേ.
വാച്ചൊരു വൈശദ്യസൽഗുണം മൂലമായ്
പൈച്ഛില്യദോഷം നശിച്ചതു കാരണം.
സ്വച്ഛഭാവംപരം പൂണ്ടു ലോകത്രയം
മെച്ചമായ് മുമ്പിലത്തേക്കാളുമേറ്റവും.
കുണ്ഠത്വമെന്നിയേ തിക്കുംതിരക്കുകൾ
കൊണ്ടുള്ള ദോഷങ്ങൾ കൂടാതെയങ്ങിനെ.
വേണ്ടുംവിധം പെരുമാറുവാനുള്ളിട-
മുണ്ടാകയാൽ സ്സുഖം പൂണ്ടു സർവ്വംതദാ.
ക്ഷീണം കലരാതതാതിന്ദ്രിയങ്ങൾക്കു
ചേണാര്‍ന്ന നിശ്ശേഷസൂക്ഷ്മവസ്തുക്കളും.
കാണുവാൻ ശക്യങ്ങളായതു കാരണം
ക്ഷോണിയിലെങ്ങും വിളങ്ങീ സുമംഗലം.
സാദംവിനാ സുസ്വരാദി ചേര്ന്നങ്ങിന
വേദങ്ങളെല്ലാം മഹാര്ത്ഥം സ്ഫുരിക്കവേ.
വൈദികന്മാരിൽ പ്രകാശിച്ച കാരണം
മേദുരാനന്ദത്തിൽ മുങ്ങി ലോകത്രയം.
സ്നേഹം നശിപ്പിച്ചിടുന്ന ശബ്ദങ്ങളും
മോഹത്തെയുണ്ടാക്കിടുന്ന ശബ്ദങ്ങളും.
ആഹന്ത വൈരം ഭയം ശേദമെന്നിവ
ദേഹാന്തമോളമേകുന്ന ശബ്ദങ്ങളും.
എത്രയമത്യുച്ചമാകയാലും മറ്റു-
മത്രരോഗത്തെ നല്കുന്ന ശബ്ദങ്ങളും.
ശാസ്ത്രാദികൾക്കു വിരുദ്ധങ്ങളായതി-
മാത്രമബദ്ധങ്ങളായ ശബ്ദങ്ങളും.
ഏറ്റവും സംബന്ധമറ്റശബ്ദങ്ങളും
മാറ്റിത്തമുണ്ടാക്കിടുന്ന ശബ്ദങ്ങളും.
മിത്ഥ്യാര്ത്ഥമേന്തുന്ന ദുഷ്ടശബ്ദങ്ങളും
പൃത്ഥ്വാദിയിൽത്തീരെയില്ലാതെയായ്ത്തദാ.
കാമവുമര്ത്ഥവും ധര്‍മ്മവും മോക്ഷവും
ക്ഷാമംവിനാ കോരി വാരി വര്‍ഷിക്കുന്ന
കോമളകാന്തലളിതപദങ്ങൾ പൂ-
ണ്ടാമോദമേകിടും പുണ്യശബ്ദങ്ങളും
മേളത്തൊടും പലമാതിരിയായുള്ള
താളത്തോടും ചേര്‍ന്നു കര്ണ്ണാനുകൂലമായ്.
കേളിയോടെല്ലാം മുഴക്കുന്ന മദ്ദള-
കാളപടഹാദി വാദ്യശബ്ദങ്ങളും.
ഭംഗിയോടേറെ ശ്രുതിസുഖംചേര്ക്കുന്ന
സംഗതിയോരോന്നെടുത്തു കൊണ്ടങ്ങിനേ.
മംഗളരാഗങ്ങളെത്തെളിയിക്കുന്ന
സംഗീതസര്വ്വസ്വമഞ്ജുശബ്ദങ്ങളും
പൂര്ണ്ണഹര്ഷത്താൽ ജ്ജഗത്തലിപ്പിക്കുന്ന
കര്ണ്ണാനുകൂല വീണാദിശബ്ദങ്ങളും.
തൂര്‍ണ്ണം മുഴങ്ങി ജഗത്തിലെല്ലാടവു-
മര്ണ്ണവപുത്രീകടാക്ഷം പതികയാൽ.
ആനന്ദപീയൂഷസാരവും മംഗല-
ജ്ഞാനവും പെയ്യുന്ന പുണ്യശബ്ദങ്ങളേ.
താനേ ഭജിക്കയാൽ സ്സര്വ്വലോകത്തിനും
സ്ഥാനേ സമസ്ത സമ്പത്തുമുണ്ടായ്ത്തദാ.
ആര്യമാം ലക്ഷ്മീകടാക്ഷത്തിനാൽ ഗുണം
സ്ഥൈര്യമോടേവം കലര്ന്നീടുമംബരം.
വീര്യേണ ലോക ശുഭാശുഭം നല്കുന്ന
സൂര്യാദികളാശ്രയിക്കുന്നു സന്തതം.
മംഗലദേവതാ സൽക്കടാക്ഷങ്ങളാൽ
ഭംഗിയിലിങ്ങിനെ സൽഗുണമൊക്കെയും.
തിങ്ങി വിളങ്ങീടുമംബരത്തേപ്പരം
മങ്ങാതെ തൻപദമാക്കി നാരായണൻ.
നാരായണപ്രാണനാഥയായീടുന്ന
വാരാശിപുത്രിതൻ നേത്രപാതത്തിനാൽ.
മാരുതന്നുള്ള സമസ്തദോഷങ്ങളും
തീരെയില്ലാതായിണങ്ങീ മഹാഗുണം.
ദുഷ്ടനല്ലാതുള്ള മാരുതനാകുന്നു
വിഷ്ടപേ സര്വ്വാര്ത്ഥദാനങ്ങൾ ചെയ്വവൻ.
കഷ്ടമനര്ത്ഥങ്ങളൊക്കെ നൽകുന്നവൻ
ദുഷ്ടനായീടുന്ന മാരുതൻതാൻ ദൃഢം
അഞ്ചാതെ ദേഹത്തിലുള്ളോരു വായുക്ക-
ളഞ്ചിനും സ്വസ്ഥാനസാമ്യമുണ്ടാകയാൽ.
പീതാംബര പ്രിയാവീക്ഷണത്താൽദ്ദേഹ-
വാതത്തിനൊട്ടും വികാരം വരായ്കയാൽ.
ധാതുസാമ്യംപാരമുണ്ടായി ദേഹികൾ-
ക്കേതും തടയാതെ പോയീ മലങ്ങളും.
കുണ്ഠത്വമില്ലാറങ്ങുക കാരണ-
മുണ്ടായി ലോകര്‍ക്കു പുഷ്ടിതുഷ്ട്യാദികൾ.
വേണ്ടകാലങ്ങളിലെല്ലാം പ്രബോധിക്ക-
കൊണ്ടുത്ഭവിച്ചു സമ്പത്തുകളൊക്കയും.
ദുഃഖപ്രദങ്ങളായുള്ള കര്‍മ്മങ്ങളി-
ലൊക്കെയും മുഖ്യമായോരു വൈമുഖ്യവും.
ഉൽക്കടാനന്ദം തരുന്ന കര്‍മ്മങ്ങളി-
ലൊക്കെയുമുത്സാഹവുംചേർന്നു ലോകരിൽ
വാജിപ്രവരന്റെ വേഗവും മത്തനായ്
രാജിക്കുമാനത്തലവന്റെ ശക്തിയും.
തേജസ്സമുണ്ടായ് ജനങ്ങൾക്കശേഷവു-
മോജസ്സുനന്നായി വർദ്ധിച്ച കാരണം.
ആര്ത്തവരേതസ്സുകൾക്കു പാരം ശുദ്ധി
പൂര്ത്തിയോടുണ്ടായിവന്നതു കാരണം.
പേര്ത്തുമായുര്ബ്ബലാരോഗ്യാദി സൽഗുണം
ചീര്‍ത്തു സന്താനത്തിനെല്ലാം ജഗത്രയേ.
ഗര്ഭമലസുകതൊട്ടുള്ള ദോഷങ്ങ-
ളുൽബ്ഭവിച്ചീലതുകാലത്തിലെങ്ങുമേ.
അര്ഭകന്മാരരിഷ്ടാദികൾ കൂടാതെ
നിര്‍ഭയം നന്നായ് വളര്‍ന്നു നിരാകുലം.
ശിക്ഷയിൽശ്ലേഷ്മപിത്താദികൾ തങ്ങടെ
വിക്ഷേപസംഹാരകാരിയാംമാരുതൻ.
വിക്ഷോഭമില്ലാതനുലോമനാകയാൽ
തൽക്ഷണം വ്യാധികളെല്ലാം നശിച്ചുപോയ്.
ഓഷധീശൻതന്റെസോദരീകാരുണ്യ-
യൂഷപീയൂഷം ജഗത്തിലശേഷവും.
ഈഷലെന്യേ നേത്രമാര്ഗ്ഗേണ ചേര്‍ക്കയാൽ
ദോഷങ്ങൾപോയ്മഹാശുദ്ധിയുണ്ടായ്തദാ.
സാധുവാംവണ്ണം സമീരൻ സദാപരം
സ്വാധീനമായിബ്ഭവിച്ചതു കാരണം.
ബാധകൂടാതെകണ്ടെല്ലാജ്ജനങ്ങളും
സാധിച്ചിതഷ്ടാംഗയോഗസാദ്ധ്യംഫലം.
പാരിലെല്ലാറ്റിനും ശുദ്ധിചെയ്തീടുന്ന
കാരണംലോകേ പവമാനനെന്നപേർ
ചേരുന്ന വായുവിന്നാനുകൂല്യത്തിനാൽ
പാരമുളവായി ലോകത്തിൽ മംഗളം.
രാജീവലോചനപ്രേയസീലോചന-
രാജീവശോഭനശ്രീമദ്വിലോകനാൽ.
തേജസ്സിനേറ്റം ഗുണങ്ങൾ തികകയാൽ
വ്യാജമെന്യേമഹാസൌഖ്യമായെങ്ങുമേ.
കര്ഷകന്മാർ മുതലെല്ലാജ്ജനത്തിനും
ഹര്ഷമനന്തമായുണ്ടായി തൽക്ഷണം.
വക്ഷോഷ്ണശീതാദികാലങ്ങളിൽ ഗുണോ-
ല്ക്കര്ഷങ്ങൾ ചെയ്യുമാദിത്യൻ തെളികയാൽ.
ലോകത്തിലെങ്ങും ഗ്രഹപ്പിഴകൊണ്ടുള്ള
ശോകമെല്ലാം നഷ്ടമായി സമൂലമായ്.
അവ്യയനാകുന്ന കൃഷ്ണന്റെ കാന്തതൻ
ഭവ്യകടാക്ഷം പതിയുകകാരണം.
ഹവ്യവാഹന്നു ഗുണങ്ങൾ നിറകയാൽ
ദിവ്യലോകങ്ങളില്സ്സൌഖ്യമായേറ്റവും
കാട്ടുതീബ്ബാധമുതലായദോഷങ്ങള്
കാട്ടുജന്തുക്കൾക്കു തട്ടാതെയായ്തദാ.
നാട്ടിൽസ്സകലര്ക്കുമഗ്നിബാധാദിയാൽ
കോട്ടങ്ങളൊട്ടും ഭവിക്കാതെയായഹോ.
പെട്ടെന്നുപാരം കഠോരമാകുന്നിടി-
വെട്ടുകൊണ്ടുണ്ടായ് വരുന്നൊരാപത്തുകൾ.
നാട്ടിലൊരേടത്തുമില്ലാതെയായ്തദാ
മട്ടലർമങ്കതൻ ദൃഷ്ടിപാതത്തിനാൽ.
ക്ഷുത്തൃഡ്രുചിപ്രഭാ ധൈര്യമേധാധിയാ-
മുത്തമസൽഗുണസംഘങ്ങളൊക്കെയും.
ഒത്തുസുഖമായ് ശ്ശരീരികൾക്കൊക്കെയും
തത്രദേഹസ്ഥാഗ്നി നന്നായ് വരികയാൽ.
അംഭോനിധിപ്രിയ കന്യകയായീടു-
മംഭോരുഹേക്ഷണവല്ലഭതന്നുടെ.
അംഭോജലോചനാലോകങ്ങളാലേറ്റ-
മംഭോഗുണങ്ങളിണങ്ങി ലോകങ്ങളിൽ.
മേദുരദേഹഭീമസ്വഭാവംചേർന്ന
യാദോഗണങ്ങളുണ്ടാക്കുമാപത്തുകൾ.
മേദിനിതന്നിൽ നശിക്കയാൽസ്സാംയാത്രി-
കാദികൾക്കുണ്ടായി മോദം നിരന്തരം.
ജീവനത്വാദികളായ ഗുണങ്ങള-
ങ്ങാവോളമൊക്കെത്തികഞ്ഞുവരികയാൽ.
ഭൂവലയത്തിലുള്ളംഭസ്സശേഷവും
കേവലം ഗംഗാജലംപോലെയ്ത്തദാ.
പാരാതഗസ്ത്യോദയത്തിനെക്കാട്ടിലും
പാരം ഗുണമുള്ള ലക്ഷ്മീനിരീക്ഷണാൽ.
നീരിന്നുചേരുന്ന ദോഷങ്ങളൊക്കെയും
തീരെയില്ലാതായി സര്‍വ്വലോകത്തിലും.
ദോഷാധിനായകൻ ദേവൻ ജലാത്മക-
നോഷധീനാഥൻ പ്രസാദിക്ക കാരണം.
ഔഷധങ്ങൾക്കു വേണ്ടുന്ന ഗുണഗണം
ദോഷംകലരാതെ പൂര്ണ്ണമായൊക്കെയും.
വിശ്വംഭരോരസ്ഥലത്തിൽ വിളങ്ങുന്ന
വിശ്വമാതാവിൻ കൃപാകടാക്ഷങ്ങളാൽ.
വിശ്വംഭരയായ ദേവിക്കു വേണ്ടുന്ന
വിശ്വഗുണങ്ങളും പൂര്ണ്ണങ്ങളായ്തദാ
ചൊല്ലാര്ന്നിടുന്ന വസുമതീദേവിക്കു
കല്യാണസൽഗുണമെല്ലാം നിറകയാൽ.
എല്ലാജ്ജനത്തിനും തുഷ്ടിപുഷ്ട്യാദിക-
ളുല്ലാസമോടുളവായ്വന്നു തൽക്ഷണം.
പണ്ടൊരുനാളിലുമെങ്ങുമൊരുത്തനും
കണ്ടറിഞ്ഞീടാത്തവണ്ണമത്യത്ഭുതം.
കണ്ടത്തിലൊക്കെയുമോരായിരംവിള-
വുണ്ടായിവന്നു ധരിത്രീഗുണത്തിനാൽ.
നാനാഫലാദികൾക്കേന്തും രസം നാവി-
നാനന്ദമേറ്റവും വര്‍ഷിച്ചു തൽക്ഷണം.
മല്ലിക മാലതി തൊട്ടുള്ള നിശ്ശേഷ-
വല്ലീഗണങ്ങളിൽപ്പുഷ്പഭാരം തദാ.
എല്ലാസ്സമയവുമുണ്ടാകയാൽജ്ജഗ-
ത്തെല്ലാം സുഗന്ധമയമായ് മനോഹരം.
ഭൂമിയിൽദ്ധാത്വാ കരാദിസ്ഥലങ്ങളിൽ
തൂമയിലേറ്റം വിളവുവദ്ധിക്കയാൽ.
ഹേമരത്നാദിവസ്തുക്കൾക്കു സര്‍വ്വവും
ക്ഷാമംക്ഷമയിൽത്തരിമ്പുമില്ലാതെയായ്.
പത്തരമാറ്റിൽക്കുറഞ്ഞമാറ്റുള്ള പൊ-
ന്നത്തയ്യിലെങ്ങുമില്ലാതായി ഭൂമിയിൽ.
കുത്തുകൾ പൊട്ടുകൾ തൊട്ടുള്ള ദോഷങ്ങ-
ളൊത്തരത്നംമന്നിലൊന്നുമില്ലാതെയായ്.
നാരായണപ്രിയാ നേത്രാംബുവാഹങ്ങൾ
കാരുണ്യവാരിയേ സ്വൈരംചൊരികയാൽ.
ദാരിദ്ര്യഘര്മ്മമശേഷം പ്രശാന്തമായ്-
പാരംതണുത്തു ജഗത്തുസമസ്തവും.
നാളീകലോചനമാരുടെ നൃത്താദി-
കേളീരസങ്ങൾക്കരങ്ങായനാരതം.
കേളിയിൽമിന്നീടുമേഴുനിലയുള്ള
മാളികകൊണ്ടു നിറഞ്ഞുപാരൊക്കെയും.
അഷ്ടിപോരായ്കകൊണ്ടുള്ളനര്ത്ഥംതീരെ
നഷ്ടമായെന്നല്ല ജീവികൾക്കൊക്കെയും.
തുഷ്ടിയും പുഷ്ടിയുമേറ്റം ചതുവ്വിര്ധ-
മൃഷ്ടാന്നഭുക്തിയാലുണ്ടായനാരതം.
നിദ്രാസുഖമതുകാലത്തിലെങ്ങുമേ
ഭദ്രമായ്വന്നൂ സമസ്തലോകത്തിനും.
മദ്യാതിപാനാദി സര്വ്വവ്യസനവും
സദ്യോപിനഷ്ടമായ് വന്നൂധരാതലേ.
ആയങ്ങളേറ്റവും പൂര്ണ്ണങ്ങളായിയും
ഞായത്തിൽനന്നായ് വ്യയങ്ങൾചുരുങ്ങിയും.
മായമെന്യേ ഭവിച്ചീടുകകാരണം
ശ്രീയെങ്ങുമേതിങ്ങി വിങ്ങീനിരാകുലം.
മാടുകളെത്രയും മേരുശീതാദ്രിക-
ളോടുതുല്യങ്ങളായ് വന്നൂ ധരാതലേ.
കാടുകളാകവേ നന്ദനമെന്ന പൂ-
വാടിതൻ മോടിപൂണ്ടങ്ങുശോഭിച്ചുതേ.
ക്ഷാമംവിനാപാലുമാര്യസ്വഭാവവും
ശ്രീമൽഗുണങ്ങളുമുണ്ടാകകാരണം.
കാമധേനുക്കളേപ്പോലെ വിളങ്ങിനാർ
ഭൂമിയിലുള്ള പശുക്കളശേഷവും.
നല്ലതായീടുന്ന കര്മ്മത്തിലൊക്കയും
വല്ലാതെവര്ദ്ധിക്കുമുത്സാഹകാരണം.
എല്ലാജ്ജനങ്ങൾക്കുമുണ്ടായിവന്നാരു
കല്യാണമെല്ലാം പറവാൻ പണിതുലോം.
മംഗലമിങ്ങിനെ സർവ്വലോകത്തിലും
ഭംഗംവിനാ വാരിവര്ഷിച്ചുസന്തതം.
ഭംഗ്യാ മുകുന്ദന്റെ മാറിൽ വാഴും സര്‍വ്വ-
മംഗലാദേവിയേ വാഴ്ത്തിനാരേവരും.
പത്മേഭഗവതിദേവി ജയജയ
പത്മ ഹസ്തേലോക നാഥേ ജയ ജയ
പത്മപത്രായത നേത്രേ ജയജയ
പത്മനാഭപ്രാണനാഥേ ജയജയ.
സുന്ദരാകാരേ മഹാഭക്തമാനസ-
മന്ദിരവാസേ മഹാലക്ഷ്മിഭാര്ഗ്ഗവി.
ഇന്ദിരേലോകമാതാവേ സദാഞങ്ങൾ
വന്ദിച്ചിടുന്നു നിൻ പാദപങ്കേരുഹം.
പാലാഴികന്യകേ പാദസംസേവക-
പാലനശീലേ പരമേശ്വരേശ്വരി.
കാലാദിദോഷേണ ഞങ്ങൾക്കു ചേരുന്ന
മാലാകവേതീർത്തു കൊള്ളണമേരമേ.
അക്ഷികോണംനീയയയ്ക്കുന്നവിടത്തി-
ലക്ഷണത്തിൽ ഞാൻ നശിക്കുമമംഗളം.
ലക്ഷ്മീ! മാർത്താണ്ഡൻ മയൂഖം വിതറിയാൽ
പ്രക്ഷയിച്ചീടാതിരുട്ടുനിന്നീടുമോ.
കല്യാണദേവതേ! ത്വൽസ്സോദരരായ
കല്ലുംമരങ്ങളും ഹന്ത ജന്തുക്കളും.
ഉല്ലാസമോടഖിലര്ക്കുമഭീഷ്ടങ്ങ-
ളെല്ലാം കൊടുക്കുന്നതാശ്ചര്യമല്ലിഹ.
കോട്ടംവിനാനിൻപ്രസാദം പെടുന്നവർ
നാട്ടിൽജ്ജനങ്ങൾക്കു സമ്മതരായ്വരും.
വാട്ടംവിനാധനധാന്യസമൃദ്ധികൾ
വീട്ടിലവര്ക്കൊടുങ്ങാതെയുണ്ടായ്വരും.
സാരസ്യസാരവും സൌന്ദര്യസാരവും
ചാരുസ്വഭാവവും മറ്റുഗുണങ്ങളും.
പാരംതികഞ്ഞു വിളങ്ങുന്നഭാര്യമാർ
ചേരുന്നു ലോകര്‍ക്കു നിൻ പ്രസാദത്തിനാൽ
ഇത്യാദിനാനാസ്തവങ്ങളെച്ചൊല്ലിയു-
മത്യാദരവോടു താണു കൈകൂപ്പിയും.
പ്രീത്യാഭജിക്കുന്ന സര്‍വ്വലോകത്തെയും.
ദൈത്യാരിപത്നി കനിഞ്ഞുനോക്കീടിനാൾ.
ലക്ഷ്മീകൃപാബലം മൂലംജനങ്ങൾക്കു
ലക്ഷമിരട്ടിച്ചു ഭക്തിഭാരംതദാ.
അക്ഷണംലോകർതൻ ഭക്തികൊണ്ടെത്രയും
ലക്ഷ്മിക്കിരട്ടിച്ചു കാരുണ്യമാശയേ.
അന്യോന്യമിത്തരം ദേവീകരുണയും
ധന്യത്വമേറും ജനങ്ങൾതൻഭക്തിയും.
അന്യനഭാവേന തെല്ലുമവസാന-
മെന്യേവളര്ത്തീ സുമംഗളമാംവിധം.
ഇങ്ങിനെ ലക്ഷ്മീസ്വയംവരമെന്ന ജയസ്തോത്രത്തിൽ
നാലാം പാദം കഴിഞ്ഞു.
ജയസ്തോത്രവും അവസാനിച്ചു.