ഒന്നാംസര്‍ഗ്ഗം
ശ്രീമഹാദേവ്യൈനമഃ.
ഇദ്ദേഹികൾക്കുടയ ബുദ്ധിയെ യാതൊരീശൻ
സദ്യോ ബലാൽ പലവഴിക്കുമയച്ചിടുന്നൂ
അദ്ദേവനായ സവിതാവിനഴും വരേണ്യ-
വിദ്യോതിതോത്തമമഹസ്സു ഭജിച്ചിടുന്നേൻ.
വര്‍മ്മം വിപൽക്കണനിരയ്ക്കു, ജിതന്റെ ഹൃത്താം
മര്‍മ്മം, മഹാര്ത്ഥമിയലും മറതന്റെ സാരം
ധര്‍മ്മം സമസ്തഭുവനത്തിലെഴുന്നവര്ക്കു
ശര്‍മ്മം കൊടുത്തു തെളിവോടു ജയിച്ചിടുന്നു.
തേജസ്സു ഭാസ്കരനിലെന്നതുപോലെ ധര്‍മ്മ-
മോജസ്സുപുണ്ടവരിലോ കുടികൊണ്ടിടുന്നു
രാജന്മഹാഗുണമഴുന്നവരൊത്തിരിപ്പാ-
നാജന്മമൃത്യു മമ സംഗതി വന്നിടട്ടെ.
അത്യന്തഭക്തിയൊടു ശാസ്ത്രമുരച്ചിടുന്ന
കൃത്യങ്ങളാസകലവും മടിവിട്ടു ചെയ്തും
സത്യം തികഞ്ഞുമെഴുമുത്തമസജ്ജനങ്ങൾ
നിത്യം കനിഞ്ഞുലകു കാത്തു ജയിച്ചിടുന്നു.
സാവിത്രിതാനവതരിച്ചതുപോലെ തോന്നും
സാവിത്രിയെന്ന മഹിളാമണിതൻ ചരിത്രം
സേവിച്ചവര്ക്കധികമംഗളമെന്നു പാര്‍ത്തെൻ
നാവിച്ഛപൂണ്ടു പറവാനിത കോപ്പിടുന്നു.
മുദ്രാവിഹീനഗുണവാനഹിതാന്ധകാര-
വിദ്രാവണത്തിനു ദിനേശനുദാരശീലൻ
മദ്രാധിനാഥനൊരുവൻ ഭുവിമുന്നമുണ്ടായ്
ഭദ്രാഢ്യനശ്വപതിയെന്നു ജഗൽപ്രസിദ്ധൻ.
പാരാകവേ തെളിയുമാറഴകുള്ള ഹേമ-
ധാരാഭിരാമരുചിലക്ഷ്മിയെ നല്കി ലോകേ
ഘോരാര്ത്തിതീരുമാ നൃപമൌലി ധര്‍മ്മ-
സാരാമൃതാംബുനിധിയായി വിളങ്ങിയേറ്റം.
പ്രായേണ ലോകരജിതേന്ദ്രിയരാകമൂലം
ന്യായേതരം ദുരിതമിങ്ങിനെ ചെയ്തിടുന്നു
മായാവിമോഹഭവമിന്ദ്രിയചാപലം തെ-
ല്ലായാസമെന്നിയെ കെടുത്തവനക്ഷിതീന്ദ്രൻ.
തണ്ടാരിൽമാതിനുടെ കൂത്തിനു രംഗമായി
ക്കൊണ്ടാടിവാഴുമവനുള്ളിലുരുപ്രമോദം
ഉണ്ടായ്വരുന്നതു തനിച്ച പരോപകാരം-
കൊണ്ടാണിതുത്തമജനാത്ഭുതശീലമല്ലോ.
ഭൂരിപ്രമോദമൊടു ധര്മ്മവിധായിയായ്ത്താൻ
പാരിൽ പരത്തി പരമാ നൃപനാശു ധര്‍മ്മം
പാരിച്ച മാന്യജനസര്വ്വവിധാനുകാരം
നേരിൽ ജ്ജനങ്ങളുടെ നൽ സഹജസ്വഭാവം.
ആ രാജമൌലിമണിതൻ പരിശുദ്ധധര്മ്മാ-
ചാരാതിവൃദ്ധതരമായ തപോവിശേഷം
നേരായ്നിനച്ചു വനവാസികളാമൃഷീന്ദ്ര-
ന്മാരാശ പൂണ്ടു പരമാത്ഭുതമാര്ന്നതിങ്കൽ.
പാരിച്ച സൽഫലമെഴും പരിശുദ്ധമ്മ-
ഭൂരിപ്രഭാവമവനുള്ളതു കാണ്കയാലേ
വൈരിത്വമൊക്കെയുമൊഴിച്ചു സുഹൃത്വമാര്ന്നു
വൈരിവ്രജങ്ങളവനിൽ ബഹു ഭക്തി പൂണ്ടു.
മാനം വിനാ മധുരവാക്കുകളും വിശിഷ്ട
ദാനങ്ങളും സഹജമംഗളതൽ ഗുണങ്ങൾ
ഊനം വെടിഞ്ഞവനു കിഞ്ചന ഭേദദണ്ഡ-
സ്ഥാനം നിനയ്ക്കിലവനീവലയത്തിലില്ല.
മദ്രാധിനാഥനിലുറച്ചമരുന്ന ധര്‍മ്മം
ഭദ്രാര്ത്ഥമായ ദ്രുതമധർമ്മചയം മുടിച്ചു
ഖദ്യോതദേവനിലുറച്ചമരുന്ന തേജ-
സ്സുദ്യോഗമോടു തിമിരവ്രജമെന്നപോലേ.
ദേവപ്രഭാവമെഴുമശ്വപതിക്ഷിതീശൻ
ഭാവപ്രസാദമൊടു ചെയ്തതുതന്നെ ധര്‍മ്മം
ഏവം സുഖേന നിയമിച്ചു ഗഭീരവേദ-
ഭാവം നിനച്ചവശരായ മുനീശ്വരന്മാർ.
ആപത്തിലും കിമപി ധര്മ്മമൊഴിഞ്ഞതിങ്കൽ
സ്വാപത്തിലും ദൃഢമവന്റെ വിശുദ്ധഭാവം
പ്രാപിക്കയില്ല; മിഴി രൂപമൊഴിഞ്ഞതിങ്കൽ
പ്രാപിക്കയെന്നതു ഭവിച്ചിടുമോ നിനച്ചാൽ?
ശൌര്യം ശരപ്രഭൂതിയാം പല ശസ്ത്രജാലം
വീര്യം വരിഷ്ഠതരരാജനയപ്രയോഗം
ധൈര്യം മനോജ്ഞതരമണ്ഡനസഞ്ചയം സൌ-
ന്ദര്യം തുടങ്ങിയതു സർവ്വമവന്നു ധര്‍മ്മം.
സന്നാഹമുള്ള ഭടരും ധനവും സ്വകാന്ത്യാ
പൊന്നായിടഞ്ഞു മരുവീടിന ഭാര്യമാരും
മന്നാകയും നിജശരീരവുമാര്യ ധർമ്മ-
ത്തിന്നാണവന്നപരമായൊരു സാദ്ധ്യമില്ല.
സന്താപമോടണയുമര്ത്ഥിജനത്തിനെല്ലാം
ചിന്താമണിക്കു സമനാമവനദ്ദശായാം
സന്താനജന്മവിരഹാലുളവായിവന്നു
ചിന്താതരംകിമപി ധര്മ്മവിനാശഭീത്യാ
വല്ലാതകണ്ടു വലയും ബത! പുത്രനൊന്നു
മില്ലാത്തവന്റെ കുലജാതപുരാതനന്മാർ
ചൊല്ലാര്ന്നിടും പിതൃജനത്തിനു പിണ്ഡദാന-
മില്ലാതെയാകിലതു പാരമധർമ്മമയ്യോ!
കെൽപുള്ള ഘോരദുരിതങ്ങളെഴും കുലത്തിൽ
സൽപുത്രനേകനൊരുവന്നു പിറന്നുവെന്നാൽ
ആപ്പൂര്വ്വവംശ്യദുരിതങ്ങളുമായവന്റെ
നല്പുണ്യവഹ്നിയിലെരിഞ്ഞു പൊരിഞ്ഞു പോകും
പണ്ടാത്മവംശഭവരായി മരിച്ചവര്‍ക്കു
കണ്ടാര്ന്ന വൻകിണറിനൊത്ത വിപത്തിനുള്ളിൽ
ഉണ്ടായ്വരും നിപതനം ബത! വംശതന്തു-
വുണ്ടായ്വരാത്തധമനാം പുരുഷൻ നിമിത്തം
ശിക്ഷിക്കുവാൻ വിഹിതമാം നരകത്തിൽനിന്നു
രക്ഷിച്ചിടുന്നു നിജവംശ്യരെ യാതൊരുത്തൻ
ലക്ഷോപലക്ഷഗുണമുള്ളവനാണു പുത്ര-
നിക്ഷോണിയിൽ, പരമനിന്ദ്യനപുത്രനോര്ത്താൽ
ആളീടുമാശകൾ മുഴുത്തഴകുള്ള പുത്ര-
കേളീരസങ്ങൾ കരുതും മഹിഷീജനം മേ
ആളീജനത്തൊടൊരുമിച്ചുഋതുവായിടേണ്ടും
നാളീഷലിങ്ങു കവിയാഞ്ഞു കരഞ്ഞിടുന്നു.
മേലിൽ പടുത്വമൊടു ഞങ്ങളെ വേണ്ടപോല
പാലിക്കുവാനൊരുവനില്ലതിനെന്തുവേണ്ടു
മാലിപ്രകാരമിഹ മൽകുലനാശമൂലം
മാലിന്യമോര്ത്തഖിലരും ബത! തേടിടുന്നു.
ചൊല്ലാന്ന ഭുക്തി, വിഭവം, വസനം കളിക്കോ-
പ്പെല്ലാമനേകവിധമണ്ഡനമെന്നിതൊക്കെ
ഉല്ലാസമാര്ന്നഖിലബാലജനത്തിനറ്റ-
മില്ലാതകണ്ടിവിടെയിപ്പൊഴുമേകിട്ടുന്നു
കേടറ്റ സര്‍പ്പബലി മംഗളമായ ചിത്ര-
കൂടപ്രതിഷ്ഠ മുതലായവ ചെയ്തു ഭക്ത്യാ
പ്രൌഢപ്രഭാവമിയലും ഭുജഗാധിപര്ക്കു
ഗാഢപ്രസാദമുളവാക്കി സുതേച്ഛയാ ഞാൻ.
ആത്താതിഭക്തിയൊടു 'മത്തവിലാസ'മെന്ന
കൂത്താദരാൽ പിതൃസുരദ്വിജഭുതി വാരം
അത്യാഭപുണ്ടിഹ വിളങ്ങിടുമോത്തുകൊട്ടെ-
ന്നിത്യാദി പുത്രകുതുകത്തൊടു ഞാൻ കഴിച്ചേൻ.
ഊനം വിനാ ദുരിതകര്മ്മവിപാകശാന്തി-
ദാനം ജവാൽ ഫലദമാം ഗണാഹോമമാര്യം
മാനം വെടിഞ്ഞ കലുഷം കളയുന്ന ഗംഗാ-
സ്നാനം സുതേച്ഛയൊടിതൊക്കെയുിങ്ങു ചെയ്തു.
സന്താനദുര്ഗ്ഗയുടെ സേവനമാരണന്ദ്ര-
സന്താനദാനപടു ഗോപകുമാരകന്റെ
തന്ത്രാനുകൂലഭജനങ്ങൾ സഹസ്രനാമ-
മന്ത്രാര്ച്ചനങ്ങൾ പലതിങ്ങനെ ചെയ്തു ഭക്ത്യാ.
ഹന്താതിമാന്യതരവൈദ്യവിധിപ്രകാരം
സന്താനകാരിവിവിധൌഷധസേവ ചെയ്തേൻ
എന്താകിലും കിമപി മേ ഫലമില്ല പാര്‍ത്താ-
ലെന്താണിതിന്നു തടവറ്റൊരു നല്ലുപായം.
ഏവം നിനച്ചഥ പുരോഹിതനോടു ചോദി-
ച്ചാവമ്പനാം നൃപതി സൽഗുണമുള്ള പുത്രൻ
കൈവന്നിടാൻ മഹിതമാം വഴി കേട്ടറിഞ്ഞു
ഭാവം തെളിഞ്ഞു പുനരായതിനായ്ത്തുനിഞ്ഞു.
സാരം കലര്‍ന്ന സചിവേന്ദ്രരിലാത്മരാജ്യ-
ഭാരം ചുമത്തിയുടനശ്വപതിക്ഷിതീന്ദ്രൻ
സ്വൈരം പുരോഹിതമുനിപ്രവരോക്ത കര്‍മ്മ
പ്രാരംഭണത്തിനു തപോവനമാശ്രയിച്ചു.
സാവിത്രിയാം മഹിതമന്ത്രമതിന്റെ തത്വം
ഭാവിച്ചു ലക്ഷമുരുവാറു ദിനങ്ങളാലേ
ആവിർഭവൽ ബഹുളഭക്തി ജപിച്ചു ഹോമി-
ച്ചാവിഷ്ടരേശനഥ തത്ര തപം തുടങ്ങി.
ആറായിരം മഹിതമന്ത്രജപം കഴിഞ്ഞി-
ട്ടാറാന്ദിനേ വിഹിതഹോമനവൻ ഭുജിക്കും
മാറാതെയീനിയമമൊക്കുമവന്നഹൊ! മു-
വാറാണ്ടു കാലമിതുമാതിരിതാൻ കഴിഞ്ഞു.
രാവിൽ തെളിഞ്ഞു വിലസും ശശിലേഖപോലെ
സാവിത്രിയപ്പൊളതിയായ് വളരും പ്രസാദാൽ
ആവിര്‍ഭവിച്ചു ബഹുഭക്തികലര്ന്നു തന്നെ-
സ്സേവിക്കുമാ തൃപശിഖാമണിതന്റെ മുമ്പിൽ.
അമ്പിൽ സദാ ഹൃദി നിനച്ചിടുമാ സ്വരൂപം
മുമ്പിൽ തെളിഞ്ഞു പരമങ്ങിനെ കണ്ട നേരം
വമ്പിച്ച ഭക്തിരസഹര്ഷകണങ്ങൾ പൂണ്ടു
കമ്പിട്ടു കൂപ്പി കുതുകാകുലനാ ക്ഷിതീശൻ.
രാകാശശിച്ഛവിലസന്നിജമന്ദഹാസ-
ശ്രീകാന്തികൊണ്ടു നൃവരാശയഗഹ്വരത്തിൽ
ശോകാന്ധകാരമിയലുന്നതു പോക്കിയേവം
സ്തോകാക്ഷരാര്ത്ഥഘനമായരുൾ ചെയ്തു ദേവി.
'ഭദ്രാശയപ്രതിമതീവ്രതരപ്രഭാവ-
വിദ്രാവിതാശുദ! ജിതേന്ദ്രിയ! ധര്‍മ്മശീല!
സദ്രാജവയ്യ! തവ ഭക്തിഗുണങ്ങൾകൊണ്ടു
മദ്രാവനീന്ദ്ര! നിതരാം പരിതുഷ്ടയായ് ഞാൻ.
ശിഷ്ടപ്രധാനതൃപതേ! തവ വന്നുകൂടും
പുഷ്ടപ്രാമോദമുളവാമ്പടി മംഗളങ്ങൾ
കഷ്ടപ്പെടാനിടവരില്ലിനിയെങ്കൽ നിന്നും
നിഷ്ഠപ്പെടുന്ന വരമാശു വരിച്ചുകൊൾക.'
സേവിപ്പവര്ക്കു സുരപാദപവല്ലിയാമാ-
സ്സാവിത്രിയായ പരദേവതയിപ്രകാരം
ആവിർമ്മുദാ സ്ഫുടമുരച്ചതു തത്ര കേട്ടാ-
ബ്ഭൂവിണ്ണവര്ക്കധിപനിങ്ങിനെ ചൊല്ലി മെല്ലെ
'ഖദാപഹേ! ഭഗവതി! പ്രണവാദിസര്വ്വ-
വേദാത്മികേ! സകലസിദ്ധസുരർഷിസേവ്യേ!
ഹേ ദാസലോകകരുണാവതി! താവകീനം
പാദാരവിന്ദമടിയൻ പ്രണമിച്ചിടുന്നേൻ.
ത്വദ്ധേവതാൻ ജനനി! സദ്വിജഭാവമൂലം
ത്വത്സേവതാനിഹ തപസ്സിനെഴുന്നമൂലം
ത്വത്സേവതാൻ സകലമംഗളമൂലമോര്ത്താൽ
ത്വത്സേവ വിട്ട പുരുഷൻ വൃഷലോപമാനൻ.
നന്നായിവിണ്ണമമിതോത്തമമംഗളങ്ങ-
ളൊന്നായിണങ്ങി വിലസും തവ സുപ്രസാദാൽ
ഇന്നാര്ത്തിയൊക്കെയുമൊഴിഞ്ഞു കൃതാത്ഥനാ
നന്നാലിതൊന്നു പറയുന്നു മദീയകാമം
കണ്ടാലതീവശുഭമായ ഭവൽകടാക്ഷം-
കൊണ്ടാശു മാമകകുലത്തിനു മംഗളാര്‍ത്ഥം
കൊണ്ടാടുമാറു ശുഭധര്മ്മശസ്സൊടൊത്തി-
ട്ടുണ്ടായ്വരേണമടിയത്തിനു നന്ദനന്മാർ.
ഏവം നരേന്ദ്രനറിയിച്ചതു കേട്ട ശേഷം
ഭാവം തെളിഞ്ഞു കനിവോടു പറഞ്ഞു ദേവി
കൈവന്നിടും തവ സമസ്തമനോനുകൂല-
ഭാവം തരും മഹിതയാമൊരു പുത്രി വേഗാൽ.
ചൊല്ലീടൊലാ പരമൊരുത്തരവും ഭവാൻ കേ-
ളില്ലീവിധിക്കൊരു വികല്പമനല്പബുദ്ധേ!'
സല്ലീലയോടിതു പറഞ്ഞു മറഞ്ഞ കല്പ-
വല്ലീവിലാസമെഴുമാശ്ശുഭമന്ത്രമൂർത്തി.
നന്ദിച്ചു തദ്വചനമങ്ങിനെതന്നെയെന്നു
വന്ദിച്ചുകൊണ്ടഥ പറഞ്ഞു വസുന്ധരേന്ദ്രൻ
മന്ദിച്ചിടാതെ നിജമാം നഗരത്തിലേയ്ക്കാ-
നന്ദിച്ചുകൊണ്ടു നടകൊണ്ടു മഹാനുഭാവൻ.
മാനം വെടിഞ്ഞഴകിലാ നൃവരൻ വരുമ്പോ-
ളൂനം വിനാ പ്രജകളങ്ങെതിരേറ്റുചെന്നു
സാനന്ദനാമരചനീപ്സിതകാര്യസിദ്ധി
നൂനം ഭവിച്ചു പരമെന്നു നിനച്ച ഹർഷാൽ.
ആ രാജമൌലി രസമോടു വരുമ്പൊളറ്റം
ചേരാതെയുള്ളഴകിനാൽ നഗരം തദീയം
മാരാതിബന്ധു മധുകാലമണഞ്ഞിടുമ്പോ-
ളാരാമമെന്നവിധമേറ്റവുമുല്ലസിച്ചു.
ആത്താനുകമ്പ കലരും നൃവരൻ സ്വകീയ-
വാര്ത്താവിശേഷമഖിലം ഗുരുവോടു ഭക്ത്യാ
ചീത്താശ പൂണ്ടഖിലരും പുനരങ്ങു കേൾക്കെ.
പ്പേര്ത്താദരത്തോടറിയിച്ചു സുവിസ്തരേണ.
ആ രാജമൌലിയുടെ വാക്കു തദാ തപിക്കു-
മാരാജ്യവാസിമനുജര്ക്കു സുഖം വളർത്തു
ധാരാധരാംബുവിരഹേ കൃഷി ചെയ്യുവോര്‍ക്കു
ധാരാളമംബുവൊഴുകും പുഴയെന്നപോലെ.
സന്താനമൊന്നുമുളവായിവരായ്ക മൂലം
സന്താപഭാരമിയലും മഹിഷീസമൂഹം
ചിന്താതിരേകമൊടു ഹന്ത! വസിച്ചിടും ത-
ന്നന്തഃപുരത്തിലഥ പുക്കു ധരാധിനാഥൻ.
ശ്രേഷ്ഠത്വമുള്ള ധരണീപതിഭാര്യമാരിൽ
ജ്യേഷ്ഠത്തി മാളവി തദാ രചിതോപചാരം
ഇഷ്ടത്തിലാ വ്രതവിചിത്രകഥാനുയോഗം
ശിഷ്ടത്വമേറിയ നിജപ്രിയനോടു ചെയ്താൾ
ചൊല്ലുള്ള മദ്രപതി തൽകഥ വിസ്തരിച്ചു
ചൊല്ലുന്നതാസകലമാദരവോടു കേട്ടു
കല്യാണമേറ്റമുളവാമിനിയെന്നുറച്ചാ-
ക്കല്യാണിമാർ മുഴുവനും നിതരാം തെളിഞ്ഞു.
സാവിത്രിതൻ പരമമംഗളരമ്യരൂപ-
ശ്രീ വിസ്തരിച്ചു നിജ വല്ലഭനോതിയപ്പോൾ
ആവിര്‍ഭവിച്ചു പുനരായതു പൂർവ്വപുണ്യ-
ശ്രീ വിത്തെഴും മഹിതമാളവിതന്മനസ്സിൽ.
ആപാദചൂഡാരമണീയമശേഷഘോര-
പാപാപഹം സകലസജ്ജന സേവനീയം
താപാപഹം രുചിരമാശ്ശുഭമന്ത്രമൂര്ത്തി-
രൂപാമൃതം മനസി മാളവി കണ്ടു ഭാഗ്യാൽ.
കല്യാണി മാളവി തെളിഞ്ഞതുനാൾ മുതൽക്കു
കല്യാശയത്തിലിയലും ഗുരുഭക്തിയോടേ
ചൊല്ലാര്ന്നിടും പരമമംഗളമായ ധര്‍മ്മ-
മെല്ലാം വിശേഷവിധിയായ് ദൃഢമാചരിച്ചാൾ.
ചീര്‍ക്കും പ്രഭാവമൊടുമാശ്ശുഭമൂര്ത്തിരൂപം
പാര്‍ക്കുന്ന രാജമഹിഷിക്കു തപോവിശേഷം
ഓര്ക്കുമ്പോളുത്തമമഹാമുനിധര്മ്മപത്നി
മാര്ക്കുള്ളപോലെ തെളിവായുളവായി വന്നു.
ക്ഷോണീഭരം സചിവവര്യരിൽനിന്നു മദ്ര-
ക്ഷോണീശ്വരൻ തദനു തന്റെ ഭുജത്തിലാക്കി
ഏണീസമാനമിഴി മാളവിയോടിണങ്ങി
വാണീടിനാൻ നിജപുരേഽധികധര്മ്മകാരീ.
പിന്നീടാനന്ദബാഷ്പമോച്ഛ്വസനരസിതമു-
ണ്ടാകുമാറത്ഭുതശ്രീ
മിന്നീടും ദിവ്യതേജോമയമതിശുഭദം
ഗര്ഭമഭ്രാളിപോലെ
നന്നായ്പൂണ്ടീടിനാളാനൃപമഹിഷി തദാ
താപഭരെങ്ങളെല്ലാ-
മൊന്നായ്പ്പോകുംപ്രകാരം കുളുർമ്മനിബിഡമാ-
യെത്തി ലോകത്തിനുള്ളിൽ.
ഇങ്ങിനെ "സാവിത്രീമാഹാത്മ"മെന്ന കാവ്യത്തിൽ
ഒന്നാം സര്‍ഗ്ഗം കഴിഞ്ഞു.
രണ്ടാംസർഗ്ഗം
ക്രമമൊടുടനെയോരോ ഗര്‍ഭചിഹ്നങ്ങൾ ഭൂമീ-
രമണമഹിഷിതന്നിൽ തത്ര കാണായി വന്നു
അമരസരണിതന്നിൽ സര്വ്വതാപം കെടുംമ-
ട്ടമലരുചിയിണങ്ങും വർഷചിഹ്നങ്ങൾപോലേ.
ക്ഷിതിപദയിതതൻ നന്മേനിയിൽ സാധു പാണ്ഡു-
ദ്യുതി ചപലയിലുണ്ടാം മട്ടിലുണ്ടായിവന്നു
പുതിയ ജലധരത്തിൽപ്പോലെ നൽകൃഷ്ണവര്ണ്ണ-
വ്യതികരമതുകാലേ ചുചുകത്തിൽ ഭവിച്ചു.
വിഷമൊടു സമമായിട്ടപ്പൊളാരാജ്ഞി കണ്ടാൾ
വിഷയരസമശേഷം സ്പഷ്ടസന്ദൃഷ്ടദോഷം
വിഷയമിതശുഭംതാനെന്നു ദൂരെ ത്യജിച്ചാൾ
വിഷധരകുലസംഗം പോലെ തത്സംഗിസംഗം.
ഋഷിവരകുലപത്നീമദ്ധ്യവാസത്തിലേറ്റം
തൃഷിതതരമനസ്സായ്വന്നു മദ്രേന്ദ്രപത്നീ
മുഷിതഹൃദയയായിത്തീര്ന്നു സദ്ധര്മ്മധാന്യ-
കൃഷിയുടെ നിലമാകും സൽപ്പുരാണത്തിനാലേ.
അരുവയർമണിയാളാം മാളവിക്കദ്ദശായാം
ഗുരുജനഭജനത്തിൽ കൂടി കാമം നികാമം
സുരുചിരശുഭമേകും ബ്രഹ്മനാരായണേശാ-
ദ്യുരുമഹിതചരിത്രം ശ്രോത്രപീയൂഷമായി.
ഭവകലുഷമറുക്കും തീർത്ഥഥസം സേവദേവ-
സ്തുവഭജനമദാഘാദ്ധ്യത്മവിദ്യാവിചാരം
ഇവകളിലതിയായിക്കാമക്കോലമുണ്ടാ-
യവനിതലമഹേന്ദ്രൻതൻപ്രിയയ്ക്കുൾക്കുരുന്നിൽ.
അമിതമഹിമയുള്ളാദ്ദിവ്യഗര്ഭപ്രദീപം
തിമിർഭരമറുത്തും കൊണ്ടു തന്നുള്ളിലേറ്റം
ക്രമമൊടു വളരുന്നാപ്പെണ്മണിചിമ്മിണിക്ക-
ന്നമലവിപുലതേജസ്സാശു വര്‍ദ്ധിച്ചുവന്നു.
കനിവിലമരർ വാഴും പുണ്യലോകങ്ങൾ നാനാ-
മുനികളുരുതപം ചെയ്യുന്ന പുണ്യാശ്രമങ്ങൾ
ജനിമൃതിഹരകാശ്യാദിസ്ഥലം മറ്റുമേവം
വനിതകൾമണിയാമാരാജ്ഞ കണ്ടാൾ കിനാവിൽ
ഇതി ഗുണഗണമേറെത്തിങ്ങിവിങ്ങിക്രമാലാ-
മതിമുഖിയുടെ ഗദം സാധു സമ്പൂര്‍ണ്ണമായി
അതിശുഭസമയത്തിൽ പിന്നെയത്തന്വി പെറ്റാൾ
ക്ഷിതിധരസൂതയെപ്പണ്ടാര്യയാം മേന പോലെ.
ലസദമിത ബലശ്രീസൽഗ്രഹാതുജ്വലംതൽ-
പ്രസവസമയമോർത്താൽ സർവ്വസമ്പത്സമേതം
രസഭരമുളവായീ സജ്ജനങ്ങൾക്കശേഷം
വ്യസനലവവുമില്ലാതുൾത്തടത്തിൽ തദാനീം.
അനിലാതിസുഗന്ധം പൂണ്ടുമാലോലഭൃംഗ
ധ്വനിനുതികൾ കലർന്നും വീശി നിർദ്ദോഷനായി
മുനിവർനികരത്തിന്നാശ്രമത്തിൽ ജ്വലിക്കു-
ന്നനിലസഖഹതാശൻ ഹന്ത! പാരം തെളിഞ്ഞു.
മലിനത കലരാതുള്ളാഭയമ്മയ്ക്കു ചേർത്താൾ
വലിയ ഫലമുദിപ്പിച്ചീടുമപ്പുത്രിയപ്പോൾ
കലിതബഹുലകാന്ത്യാ ചൂതവല്ലിക്കു പുത്തൻ-
കലികസുഷമയേറ്റം ചേർത്തിടുമ്പോലെ ചിത്രം.
തരണിസുരുചിമൂലം മിന്നിടും പോലെ മദ്രേ-
ശ്വരനഴകിൽ വിളങ്ങി ചിത്രമപ്പുത്രിയാലേ
പരമ സുകൃതമേന്തീടുന്ന സല്ലോകമാകും
സരസിജമമിതാമോദം തദാനീം തെളിഞ്ഞു.
അതിശുഭകരിയാമപ്പെൺകിടാവശ്വനാഥ-
ക്ഷിതിപതിയുടെ പുണ്യാല്ലാസിവാസാലയത്തിൽ
പ്രതിദിനമമിതാനന്ദേന മന്ദം വളർന്നാൾ
യതിവരഹൃദയത്തിൽ ജ്ഞാനസമ്പത്തു പോലെ.
അനുദിനമതുകാലം താതനും മാതൃലോക-
ത്തിനുമമിതസുഖത്തെ ചേർക്കുമപ്പുത്രിതന്റെ
തനുരുചി നയനത്താൽ കണ്ടു സംതൃപ്തിവന്നീ-
ലനുപമസുധപാനം ചെയ്തൊരാൾ തൃപ്തനാമോ?
പരമമഹിമ ചേരും ദേവി സാവിത്രിയാണീ-
വരസുതയെ നമുക്കായ്ത്തന്നതെന്നോർത്തു ധീമാൻ
നരപതി നിജപുത്രിക്കിട്ടു സാവിത്രിയെന്നി-
ത്തരമഴകിയ നാമം നന്മ കൂടും മുഹൂർത്തേ
തലമുടിയസിതശ്രീ പൂണ്ടുടൻ മദ്രഭൂമി-
തലപതിതിലകൻ തന്നാത്മജയ്ക്കുൽഭവിച്ചു
പലജനമതുകണ്ടിട്ടാര്യ പുണ്യാശ്രമത്തിൽ
മലരുമതിശുഭശ്രീഹോമധൂമം സ്മരിച്ചാർ
ധവളരുചിരദന്തം ഹന്ത! സൌഭാഗ്യമേറു-
ന്നവളുടെ മുഖപത്മത്തിങ്കൽ വന്നങ്കരിച്ചു
ഭുവനശുമാകാ സത്വമന്ദാരവൃക്ഷം
ജവാമോടിൽ മുളച്ചിടുന്നുവെന്നോർത്തു ലോകം.
ക്രമമൊടു പുനരോരോ സാധുവർണ്ണോദയത്താൽ
കിമപി രുചിരമാമബ്ബാലതൻ മഞ്ജുവക്ത്രം
സുമധുരമകരന്ദത്തുള്ളിയിറ്റിറ്റു വീഴും
വിമലസരസിജത്തിന് കാന്തിയെല്ലാം കവർന്നു.
പരിജനമൊടിണങ്ങിദ്ധാത്രി കാട്ടിക്കൊടുക്കു-
ന്നരിയ വിരൽ പിടിച്ചുടങ്കൊണ്ടു ഗേഹാന്തരത്തിൽ
പരിമൃദുപദയുഗ്മം കൊണ്ടു സാവിത്രി പൊന്നു-
ന്തരിമണികൾ കിലുക്കിക്കൊണ്ടു മന്ദം നടന്നാൾ.
ദ്വിരദവദനരൂപം ചന്ദ്രമൌലീശരൂപം-
നരഹരിവരരൂപം പത്മനാഭസ്വരൂപം-
പരമിവകളിലോരോ പുഷ്പമർച്ചിക്കയെന്നി-
ത്തരമതി ശുഭമുള്ളബ്ബാലതൻ ലീല നിത്യം.
ഹരിഹരമുഖദേവാധീശർതൻ മംഗളശ്രീ-
ചരിതമവൾ നിതാന്തം ഭക്തിയുൾക്കൊണ്ടു കേൾക്കും
കരി, കിരി, കിളി, പൈ, നായ്, കാക്ക, പൂങ്കോഴി സിംഹം
നരിയിവയുടെ വൃത്തം ചൊല്കിലും കേൾക്കയില്ല.
ക്രമമൊടവളിലോരോ യുക്തമായുള്ള കാലം
ത്തമലഗുണമിണങ്ങും വിദ്യയെല്ലാം വിളങ്ങി
ക്ഷമയിൽ വളമിയന്നുംകൊണ്ടെഴും വല്ലിതന്നിൽ
സുമഫലസുഭലശ്രീയൊത്തിണങ്ങുന്ന പോലെ.
മലിനത ധിഷണയ്ക്കറ്റീടുമബ്ബാലതന്നിൽ
കലിതബഹുലകാന്ത്യാ വിദ്യയെല്ലാം വിളങ്ങി
വലിയ ഗുണമെഴും പൂവാടിയിൽ പക്ഷിഭൃംഗാ-
വലികളധികപോഷം പൂണ്ടു മിന്നുന്ന പോലെ,
രുചിയെഴുമവൾ തന്നിൽ സാധുവിദ്യാസമൂഹം
രുചിരമഴകിലവം ചേർന്ന നേരം ത്രിലോകം
ശചിയുടെ രമണൻതൻ ദിക്കിലർക്കൻ വരുമ്പോൾ
ശുചിതയൊടു വിളങ്ങുമ്പോലെയേറ്റം വിളങ്ങീ.
ബലഭരമതിയായിട്ടുള്ള ശോഭാവിശേഷം
ഫലമുടനുളവാക്കും സർവ്വകർമ്മക്ഷമത്വം
പലപലഗുണമേവം നല്കിടും യൌവനം വ-
ന്നലസത കലരാതത്തന്വിയോടൊത്തിണങ്ങി
സകലഗുണഗണങ്ങൾക്കുള്ള നാരായവേരാ-
യ്മികവൊടു വിലസീടും യൌവനം വന്ന നേരം
ശുകമൊഴിമണിയാളമായവൾക്കാഭയേറീ
പകലിഹ തുടരുമ്പോൾ പത്മിനിക്കെന്ന പോലെ
ലളിതനഖയശസ്സൊത്തീടുമത്തന്വിതൻ കാൽ-
ത്തളിരുകളൊടു വല്ലാതെറ്റുടൻ തോറ്റ മൂലം
അളിപടലമിഷം പൂണ്ടുള്ള ദുഷ്ക്കീർത്തിസംഘം
നളിനനികരമെല്ലാം ചന്തമറ്റേന്തിടുന്നു.
നടയിലഴകെഴും തൽപാദസൽപത്മരാഗം
തടവുമമലരത്നം പത്മരാഗാഖ്യ പൂണ്ടു
സ്ഫുടസുരുചിരരേഖാവ്യാജമോടൊത്തു നിത്യം
സ്ഫുടലളിതസരോജം തൽപദത്തെബ്ഭജിച്ചു.
ബിസമൃദുതനുവായിടുന്ന സാവിത്രി ഭംഗ്യാ
കിസലയരമണീയം തമ്പദം കമ്പമെന്യേ
പ്രസരദമിതശോഭം വയ്ക്കയാൽ പൂണ്ടു പാരം
രസമവനി 'രസാ' ഖ്യയ്ക്കർഹയായ്വന്നു നൂനം.
കനകമണിവിരാജന്മഞ്ജുമഞ്ജീരയുഗ്മം
സ്വനമൊടുവിളയാടി തത്ര സാവിത്രിയേറ്റം
ഘനപരിശമകാലേ ഹേമഹംസദ്വയത്തിൻ
ഘനകളരവമൊക്കും താമരപ്പൊയ്കപോലെ.
ജനമഖിലവുമേറ്റം വാഴ്ത്തിടും മദ്രഭൂഭൃ-
ത്തനയയുടെ ഗുണൌഘം തങ്കിടും ജംഘ രണ്ടും
മനസി വിപുലഭീത്യാ കൈതതന്മൊട്ടു, കണ്ടി-
ട്ടനവരതമിവണ്ണം കണ്ടകം പൂണ്ടു നൂനം.
മദഭരമൊടെര്തിക്കും വാഴകൾക്കൊത്ത സത്താ-
സ്സുദതികൾമണിയാകും തന്വിതന്നൂരു ഭംഗ്യാ
വിദയമപഹരിച്ചാൾ വീര്യമോടെന്നമൂലം
കദളികളുടെ സാരം പിണ്ടിയായ് കണ്ടിടുന്നു.
ജവമൊടു മൃഗരാജൻ ഹസ്തിതന്മസ്തകത്തിൽ-
ദ്ധവളരുചിയൊടൊക്കും മുത്തുകൈക്കൊണ്ടിടുന്നു
അവനുടെ കടി പുച്ഛത്തോടു ചേർത്തുല്ലസിക്കു-
ന്നവളുടെ കടി പാര്‍ത്താലെത്രയും ചിത്രമല്ലൊ.
അരുവയർമണിയാളായുള്ള സാവിത്രിതൻ നൽ-
ഗ്ഗുരുതരജഘനത്തിൽ കാഞ്ചി കാന്ത്യാ വിളങ്ങീ
സുരുചിരപുളിനത്തിൽ പൊൻനിറം പൂണ്ടു ഭംഗ്യാ
വിരുതമൊടു ലസിക്കും രാജഹംസാളി പോലെ
മലിനത കലരാതേകണ്ടു ശോഭിച്ചു കാഞ്ചീ-
കലിതരുചിയൊടൊത്താത്തന്വിതന്നാഭി ഭംഗ്യാ
വലിയമഖവരത്തിൽ പാവക ജ്വാലമാലാ-
വലിവിലസിതമാകും ഹോമകുണ്ഡംകണക്കെ.
അതുലരുചിയെഴും തന്മദ്ധ്യമം വേദിമദ്ധ്യം
ക്രതുഹുതവഹകുണ്ഡംതന്നെ നാഭിപ്രദേശം
തദുപരി വിലസീടും ശ്യാമരോമാളി ഭംഗ്യാ
മൃദുതരമുയരും നൽ പുണ്യധൂമാളിതന്നെ.
അവളുടെ ഗഗനത്തോടൊത്ത മദ്ധ്യസ്ഥലത്തിൽ
ത്രിവലികളതികാന്ത്യാ നല്ലമട്ടുല്ലസിച്ചൂ
ഇവകളിളകിടാതെ മിന്നിടും മൂന്നു വിദ്യു-
ന്നവലതികകളെന്നുൾത്താരിലോര്ത്താർ ജനങ്ങൾ
ജലജനയനയായീടുന്ന സാവിത്രിതൻ പോർ -
മുലകളറുതികൂടാതുള്ള നാനാഗുണത്താൽ
മലരഹിതപസ്സിന്നേറെ യോഗ്യങ്ങളാകും
മലകളുടയ സാരം സർവ്വവും സംഹരിച്ചു.
മദമുഖബഹുപേതോദോഷനിർമ്മുക്തയാമാ-
സ്സുദതിയുടയ വക്ഷൊജദ്വയം പാര്ത്തുവെന്നാൽ
ഹൃദയസരസി നിത്യം വാണിടും ധര്‍മ്മമാകും
മദകരിയുടെ കുംഭദ്വന്ദ്വമാണെന്നു തോന്നും.
പലപല ഗുണജാലംകൊണ്ടു സാക്ഷാത്തുഷാരാ-
ചലമൊടു സമമാമത്തന്വിതൻ നൽസ്തനത്തിൽ
മലിനത കലരാതേകണ്ടു സദ്വത്തമുക്താ-
വലികൾ വിശദകാന്ത്യാ വീതദോഷം വിളങ്ങി.
കുളുർമതിമുഖിയായീടുന്ന സാവിത്രിതൻ നൽ-
ക്കുളുർ മുലയിൽ വിളങ്ങീ ശുഭ്രമാമുത്തരീയം
വെളുവെളെ വിലസീടും സത്വമാകും ഗുണത്തെ-
ഗ്ഗുളുഗുളെ മഥനംചെയ്തൊത്ത സത്തെന്നപോലെ
കിമപി ശുഭമെഴും തൽ പാണിയോടേറ്റു തോറ്റി-
ക്കമല കലമശേഷം ഹന്ത! വെള്ളത്തിലായീ
അമലരുചിയിണങ്ങും തൽഭുജത്തോടു മല്ലീ-
സുമവിരചിതമാല്യം തുല്യമാകില്ല നൂനം.
കളകളനിനദത്തിന്നുത്ഭവസ്ഥാമാം തൽ-
ഗളസുഷുമകൾ കണ്ടാൽ ശങ്ക ശംഖത്തിനുണ്ടാം
കളമൊടതിൽ വിളങ്ങും സ്വച്ഛമുക്താകലാപം
മിളദമിതയശസ്സിൻ ധാടിയെത്തേടിടുന്നു.
കലിതശുഭമെഴുന്നാത്തന്വിതന്നാനനത്തിൽ
വലിയ വിമതനായിപ്പാര്ക്ക മൂലം പയോജം
ഫലിതവചനമല്ലേ പങ്കജാതത്വമാർന്നു
മലിനതരകളങ്കം ചന്ദ്രനുണ്ടായി വന്നൂ.
അവളുടെ വദനത്തെപ്പാര്ത്തു പാരിച്ച ഭീത്യാ
ധവളമുകുരബിംബത്തിന്റെ കണ്ണാടിയേറ്റം
ജവമൊടതറിവാനാ, യിട്ടു, 'കണ്ണാടി' യെ ന്നീ-
ക്കവനപടുതയുള്ളോരായതിന്നാഹ്വയത്തെ.
രസരുചിരവിലാസാൽത്തന്മുഖത്തിങ്കൽ നിത്യ
പ്രസരദമിതശോഭാസഞ്ചയം കാണ്കയാലേ
ലസദമലഗുണത്തിന്നിപ്പൊഴും ശില്പിവൃന്ദം
രസമഴകൊടു ചേര്‍ത്തീടുന്നു കണ്ണാടിതന്നിൽ.
അവളുടെ വദനത്തിൽ ഛായ ചേര്ത്തോന്നു തീര്‍പ്പാൻ
ഭുവനമിതു സമസ്തം ഹന്ത! സൃഷ്ടിച്ച ദേവൻ
നവ കലകളെ നന്നായ്ചേര്ത്തു നോക്കി ക്രമത്താ-
ലവ മുഴുവനെടുത്തീടുന്നു സന്ത്യപ്തിയെന്ന്യേ.
മതിഗുണമിയലുന്നാപ്പെൺകിടാവിന്റെ ചുണ്ടിൻ
ദ്യുതിലഹരിയിണങ്ങും സുന്ദരം മന്ദഹാസം
പുതിയ പവിഴമൊക്കും സാന്ധ്യരാഗം പെടും ന-
ന്മതിയുടയ മയൂഖം പോലേ മഞ്ജുത്വമാർന്നൂ.
സ്മൃതിയിലഖിലരും വാഴ്ത്തുന്ന സാവിത്രിതൻ നൽ-
ശ്രുതിയിൽ വിലസിടും സൽകുണ്ഡലം ഭൂരിശോഭം
മതിയുടയ മഹാന്മാർ കൂപ്പിയേറ്റം സ്തുതിക്കും
കതിരവഭഗവാനേപ്പോലെ ഭംഗ്യാ വിളങ്ങി.
അവിരതഗുണമുള്ളാത്തത്വിതൻ മിന്നിടും നൽ-
ക്കവിളുകളുടെ ലേശം കാന്തിയേന്തുന്നമൂലം
ഭുവി മുകുരമശേഷം ഭൂരിമാംഗള്യമായി-
ക്കവിയുമുരുരസത്തോടൊത്തു രാജിച്ചിടുന്നൂ.
നവതിലകസുമംതൽഘ്രാണസാമ്യം ലഭിക്കാ-
നവനിയിലിഹ വീണീടുന്നു പിന്നെ ക്രമേണ
അവളുടെ ശുചി നാസാരന്ധ്രമാര്ഗ്ഗാടനത്താൽ
പവനനഖിലലോകം ശുദ്ധമാക്കുന്നു നിത്യം.
വലരിപുസമ! ഭോഭോ! മദ്രഭൂപാലമൌലേ!
മലർമൃദുതനുവാം ത്വൽ പുത്രി സാവിത്രിയിപ്പോൾ
ജലജവിശിഖ മോഹം ഹന്ത! പോക്കുന്നു സർവ്വം
ബലമെഴുമിരുളെല്ലാം ജ്യോത്സ്നിയാം രാത്രിപോലെ'.
പരമഖിലരുമത്യാശ്ചര്യമുൾക്കൊള്ളുമാറി-
ത്തരമഥ ഭടവാക്യം സാദരം കേട്ടശേഷം
നരപതി നിജപുത്രീദാന ചിന്തതിഭാരാൽ
തരളിതമതിയായിദ്ദീര്ഘകാലം കഴിച്ചും.
പുനരൊരുദിവസത്തിൽ ഗൂഢമത്യാപ്തരൊന്നി-
ച്ചനവരതമുദിക്കും തൻവിഷാദം ഹരിക്കാൻ
മനസി ദ്രുഢമുദിച്ചിട്ടുള്ള കാര്യം കഥിച്ചാൻ
തനയയൊടു വിരാജൽഭദ്രനാം മദ്രനാഥൻ.
ഇങ്ങിനെ "സാവിത്രീമാഹാത്മ"മെന്ന കാവ്യത്തിൽ
രണ്ടാംസര്‍ഗ്ഗം കഴിഞ്ഞു.
മൂന്നാംസർഗ്ഗം
" അടുത്തു വന്നീടുക പുത്രി! കേൾക്ക നീ
മടുത്തിടാതെന്നുടെ സാധുഭാഷിതം
കടുക്കുമീ യൌവനവൃദ്ധിയോര്ക്കുകിൽ
കൊടുക്കുവാൻ കാലമതിക്രമിച്ചു തേ.
ശുകത്തിനൊക്കും മൊഴി! നിന്നെ വേൾക്കുവാ-
നകക്കുരുന്നിൽക്കൊതിയില്ലൊരുത്തനും
അകന്നു നില്ക്കുന്നു വണങ്ങി ലോകർ നിൻ
തികഞ്ഞ തേജോമഹിമാവു കാണ്കയാൽ,
സ്ഫുരന്മഹാഭംഗി കലർന്ന നിന്റെ മൈ
വരച്ച നൽച്ചിത്രപടം മനോഹരം
തരത്തിലൂഴിക്കുടയോർ വസിച്ചിടും
പുരത്തിലേക്കൊക്കെയയച്ചു ഞാൻ ശുഭേ!
കുരുത്തതില്ലാ തൃപമൌലിമാരിൽവെ-
ച്ചൊരുത്തനും സുന്ദരി! നിന്നിലാഗ്രഹം
പെരുത്ത തേജസ്സതു കണ്ടു സർവ്വരും
ഗുരുത്വമേറും വിനയാൽ വണങ്ങിനാർ.
ഉദാരശീലേ! ബത കാണ്മതില്ല നിൻ
പ്രദാനകർമ്മത്തിനു മാഗ്ഗമൊന്നുമേ
സദാനമുക്കായതുമൂലമാശയേ
സുദാരുണം ഹാ! വളരുന്നു സങ്കടം,
കടുത്ത വാത്സല്യമിയന്നു പുത്രിയെ-
ക്കൊടുത്തിടാത്തച്ഛനതീവനിന്ദ്യനാം
മടുത്തു താരുണ്യമെഴുന്ന ഭാര്യയോ-
ടടുത്തിടായ്കിൽ പതിയും തഥൈവ ച
മരിച്ച കാന്തന്റെ വിയോഗതപ്തയായ്
ജരിച്ചു ജീവിച്ചിട്ടുമ്മതന്നുടെ
അരക്ഷിതാവായ സുതൻ വിഗര്ഹ്യനാം
പരക്കെ ലോകർക്കതിനില്ല സംശയാം
സുധർമ്മശീലേ! സുതതന്നദാനമെ-
ന്നധര്മ്മമത്യുഗ്രവിപത്തികാരണം
ബുധവ്രജത്യാജ്യമെനിക്കകപ്പെടും
വിധത്തിലായിത്തരമുത്തമോത്തമ!
ഭയം നമുക്കിത്തരമുള്ളതെത്രയും
രയം കലര്ന്നാസകലം നശിക്കുവാൻ
സ്വയം വരിച്ചീടുക ഭൂരിമംഗളോ-
ദയങ്ങൾ മേന്മേൽ വരുമാറൊരുത്തനേ,
ചരിച്ചു സർവ്വത്ര നിജേച്ഛപോലെ നീ
വരിച്ചവൻതന്റെ വിശേഷമൊക്കയും
തിരിച്ചു ചൊൽകെന്നൊടു പിന്നെ വേണ്ടതാ-
ചരിച്ചുകൊൾ വൻ നിഖിലം നിനച്ചു ഞാൻ"
നതാസ്യയായ് നിന്നു നരേന്ദ്രപുത്രി, തൻ
പിതാവുതൻ വാക്കിതു കേട്ടു സർവ്വവും
ഹിതാഹിതം പാര്ത്തൊരു ശബ്ദവും വിനാ
കൃതാനുവാദം വിനയാൽ വണങ്ങിനാൾ.
വഴിക്കു യാത്രോചിതകര്മ്മമൊക്കയും
കഴിച്ചു സാവിത്രി നരേന്ദ്രനന്ദിനീ
തഴച്ച ഭക്ത്യാ പരദൈവതങ്ങൾതൻ
കഴൽക്കു കുമ്പിട്ടു പുറത്തിറങ്ങിനാൾ.
ഉടന്മഹാഹേമഥാധിരൂഢയായ്
നടന്നുടൻ തോഴികളൊത്തു കൊണ്ടവൾ
വിടന്ന മോദാലവളെത്തെളിഞ്ഞു പിൻ-
തുടര്‍ന്നു പോയാരഥ വൃദ്ധമന്ത്രികൾ.
അനന്തരം നൽച്ചതുരംഗവമ്പട-
ജ്ജനങ്ങൾ ചൂഴന്നവൾ പുണ്യശാലിനീ
മനം തെളിഞ്ഞാദരവോടുടൻ തപോ-
വനങ്ങളിൽച്ചെന്നഥ കണ്ടു മന്ന്യരേ.
സദാരരാം വിപ്രനൃപർഷിവര്യർതൻ
പദാരവിന്ദങ്ങൾ നമിച്ചു സാദരം
മുദാ രമിച്ചാൾ ശുഭവാർത്ത കേട്ടുകൊ-
ണ്ടുദാരസാവിത്രി തപോവനങ്ങളിൽ.
പെരുത്തു ചിത്തത്തിനു നല്ല ശുദ്ധിയേ
വരുത്തിടം വനൃഹിതാശനത്തിനാൽ
തരത്തിൽ നാനാരസഭംഗി തിങ്ങിടും
പുരത്തിലേ ബ്ഭക്തിയവൾക്കറച്ചുപോയ്.
കനത്ത മത്സര്യമദാദിയേസ്സുധീ-
ജനത്തിനേകുന്ന മഹാപുരങ്ങളെ
മനസ്സു നന്നായ് മൃഗമൊത്തിടും തപോ-
വനത്തെ വീക്ഷിച്ചവൾ ധിക്കരിച്ചുതേ.
ശ്രമത്തെയൊക്കെക്കളയുന്ന മംഗളാ-
ശ്രമസ്ഥവൃക്ഷങ്ങളെ വാഴ്ത്തണം സദാ
അമര്ത്ത്യസൌധങ്ങളുമെന്നു നണ്ണിനാൾ
സമര്‍ത്ഥയാം മദ്രമഹീന്ദ്രനന്ദിനീ.
പരന്നിടും ഹോമജധൂമസൌരഭം
പരന്നിറഞ്ഞാശ്രമങ്ങു കണ്ടവൾ
സ്മരപ്രദോഷപ്രദധൂപമൊത്തിടും
പുരത്തിനേപ്പുല്ലിനുതുല്യമാക്കിനാൾ.
വരിഷ്ഠരാം സത്വഗുണം കലര്‍ന്ന പേർ
ധരിച്ചിടും വല്ക്കലമങ്ങു കണ്ടവൾ
സ്ഫുരിച്ചിടും രാജസദോഷമുള്ള പേർ
ധരിച്ചിടും പട്ടിലറപ്പു തേടിനാൾ.
മറഞ്ഞിടാതങ്ങു മഹർഷിമാർ സദാ
പറഞ്ഞിടും ധര്മ്മവിശേഷമൊക്കെയും
നിറഞ്ഞ മോദത്തൊടു കേട്ടറിഞ്ഞതിൽ
കുറഞ്ഞിടാതുള്ളഭിലാഷമേന്തിനാൾ
മലത്തെ നീക്കിത്തെളിവോടു മാനസം
നിലയ്ക്കുനിർത്താൻ വിരുതും സുശീലവും
കലർന്ന സാവിത്രി മഹാമുനീന്ദ്രർ തൻ
വലത്തേഴും കണ്ണിനു തുല്യമായഹോ!
ത്തഹീനതുല്യായതബാഹുവാകുമാ-
മഹീശ്വരൻതൻ പ്രിയപുത്രിയാമവൾ
അഹീനഭക്ത്യാ ബഹുതീര്ത്ഥമഗ്നയായ്
മഹീസുരന്മാവക്കുമഹാവത്ഥമേകിനാൾ
വിപത്തശേഷം കളവാൻ കുടുംബമൊ-
ത്തുപസ്ഥിതാനേകശുഭംതപോവന
തപസ്സുചെയ്താത്തരസം വസിച്ചിടും
നൃപർഷിമാരോടവൾ ചേര്ന്നണങ്ങിനാൾ.
ചിദംബരേശാദിസുധാശനേശർതൻ
പദങ്ങളെപ്പാര്ത്തു വണങ്ങിയങ്ങിനേ
സുദക്ഷയായുള്ളവൾ ചെയ്തു സാധുഭൂ-
പ്രദക്ഷിണം മംഗളമംഗളം മുദാ
ഭരീക്കുമശേശപുരത്തിലാദരാൽ
ചിരിച്ചുകൊണ്ടപ്പൊളണഞ്ഞു മദ്രഭൂ-
വരിഷ്ഠലോകങ്ങളിലിച്ഛപോലെ സ-
ഞ്ചരിച്ചിടും നാരദമാമുനീശ്വരൻ,
മുരാരിതൻ ദിവ്യസഹസ്രനാമവും
സ്മരാരിതൻ ദിവ്യസഹസ്രനാമവും
പരാവരജ്ഞന്മുനി പാടിടും വിധൌ
സുരാഗമങ്ങേകി വിരാഗമേവനും.
വിനോദമോടമ്മുനിതാപരാശിതൻ
വിനോദനത്തിന്നഴകോടൊഴുക്കിനാൻ
മനോനുകൂലം മഹതീവിപഞ്ചികാ-
സ്വനോദിതം ശ്രീഭഗവൽകഥാമൃതം.
തമോരജസ്സത്വഗുണാൽക്കടാശയ-
ക്കമോഘനാനാനിജഭാഷിരങ്ങളാൽ
പ്രമോദമേകീട്ടുചിതാര്ത്ഥകാരിതാ-
ക്രമോപദേശം വിധിപോലെ ചെയ്തവൻ.
സജായരായ്സ്സര്വ്വവരങ്ങൾ നൽകിടു-
ന്നജാച്യുതേശാദിസുരേശ്വരര്ക്കഹോ!
നിജാതിഭാഗ്യാലിഹ കണ്ണിലുണ്ണിയാ-
യജാതഖേദം കളിയാടിടുന്നവന്മം
ക്രമത്തിൽ നന്നായ് ദ്ദശകണ്ഠവൈരിവി-
ക്രമത്തെ വര്‍ണ്ണിച്ച മഹാകവീന്ദ്രനും
സമര്‍ത്ഥനാം വ്യാസകവീന്ദ്രനും പെടും
ഭ്രമത്തെ നീക്കാൻ ഗുരുവായിരുന്നവൻ.
വിരോധവാക്കാൽ ജനനീസപത്നിയിൽ
സരോഷനായ്ത്തീര്ന്ന സുനീതിപുത്രനും
വിരോചനന്തന്നുടെ താതനും പുരാ
വരോപദേശേന ശുഭം കൊടുത്തവൻ
അമര്ത്ത്യദേവൻമുനിയങ്ങു ചന്ദ്രമ-
സ്സമപ്രഭൻ വന്നണയും ദശാന്തരേ
തമസ്സശേഷം തരസാ നശിച്ചുപോയ് -
സമസ്തസന്താപവുമേറ്റു സത്വരം.
സമാഗമിയ്ക്കും മുനിയെപ്പെരുത്ത സം-
ഭ്രമാലെഴുന്നേറ്റു വണങ്ങി മന്നവൻ
ശ്രമാപനോദത്തിന്നു വേണ്ടതൊക്കെയും
ക്രമാലുടൻ ചെയ്തു രമാനികേതനൻ.
സുരത്നപീഠേ സുഖമായിരിക്കുമാ-
സ്സുരഷിവര്യന്റെ നിയോഗകാരണാൽ
കരദ്വയം കൂപ്പി വിനീതനായിരു-
ന്നുരച്ചു ഭദ്രാശയനായ മദ്രപൻ.
അനീതിയെല്ലാം മമ നാട്ടിൽനിന്നുപോയ്
വിനീതരായെന്റെ ജനങ്ങളൊക്കെയും
മനീഷിതം സർവ്വവുമിങ്ങു സിദ്ധമായ്
മുനീശ്വര! ത്വൽപദപത്മദര്ശനാൽ.
വരം തരും യോഗിവിലോകനത്തിനായ്
ചിരം കൊതിക്കുന്നു സുരാധിനാഥനും
പരം മനുഷ്യാധമനാമിനിക്കതി-
ത്തരം ലഭിപ്പാൻ തരമായതത്ഭുതം.
ദിവാകരൻ ബാഹ്യതമസ്സശേഷവും
നിവാരണം ചെയ്തു ചരിച്ചിടുംവിധം
ഭവാനശേഷാന്തരമാം തമസ്സടൻ
നിവാരണം ചെയ്തു നടത്തിടുന്നുതേ.
വരിഷ്ഠവാക്യം വസുധേന്ദ്രനേവമു-
ച്ചിരിച്ചിടുമ്പോൾ ക്ഷിതിതന്നിലൊക്കെയും
ചരിച്ചു സാവിത്രി പരം കൃതാര്‍ത്ഥയായ്-
ത്തിരിച്ചു വന്നാളവിടത്തിലാദരാൽ.
ഹരീശപാദംബുജഭക്തലോകരിൽ
ധുരീണനാമമ്മുനിതന്നെയും തദാ
നിരീതിയാം താതനെയും വണങ്ങിനാൾ
കരീന്ദ്രകംഭസ്തനിയാക്കൃശാദരി.
കുറഞ്ഞിടാതുള്ളഴകൊത്ത യൌവനം
നിറഞ്ഞ സാവിത്രി നമിച്ചനന്തരം
പറഞ്ഞ സർവ്വാര്ത്ഥവുമുള്ളിലൊട്ടുമേ
മറഞ്ഞിടാതങ്ങിനെ കാണുമമ്മുനി.
തികഞ്ഞു താരുണ്യവിലാസമൊക്കെ നിൻ
മകൾക്കഹോ മാന്യമതേ! മഹീപതേ!
മികച്ച സൽപ്പുരുഷനായ്ക്കൊക്കൊടുത്തിടാ
തകത്തു വെയ്പാനിവൾ യോഗ്യയല്ലിനി.
മനം തെളിഞ്ഞീ മകളെക്കൊടുക്കുവാ-
നനന്തകീര്ത്തേ! പരമെന്തു വൈകുവാൻ
ജനങ്ങൾ മറ്റുള്ളവരൊക്കെയും മഹാ-
ജനങ്ങൾ ചെയ്യുന്നതു തന്നെ ചെയ്യുമേ.
വിടര്‍ന്ന മോദാൽ മുനിതൻ വചസ്സു കേ-
ട്ടുടൻ നരേന്ദ്രൻ വിനയേന ചൊല്ലിനാൻ
കടം നമുക്കുള്ളതു തീര്‍ക്കുവാൻ ഭവാൻ
കടന്നു കല്പിച്ചുവിതെന്നു മന്മതം.
തരത്തിലങ്ങുന്നധികാനുകമ്പപു-
ണ്ടുരച്ച സൽക്കാര്യമിതിന്നുതാൻ സദാ
പരം പ്രയത്നം പല ചെയ്തുകൊണ്ടു ഞാൻ
ചിരം തപിക്കുന്നു ഫലിച്ചിടായ്കയാൽ.
ധരിത്രിതന്നിൽ തടവറ്റശേഷവും
ചരിച്ചു നീ യോഗ്യതയുള്ളൊരുത്തനേ
വരിയ്ക്കുകെ'' ന്നോതിയയച്ചു പുത്രിയേ
ത്തിരിച്ചുവന്നാളിവളിപ്പോൾ മാമുനേ!
പടുത്വമേറുന്ന മുനിയ്ക്കിതുത്തരം
കൊടുത്തു ചൊന്നാൽ സുതയോടുടൻ നൃപൻ
അടുത്തുവന്നിടുക പുത്രി! ചോൽകയ
മടുത്തിടാതാരെ വരിച്ചു നീ ശുഭേ!
ഗുരുത്വമേറും ജനകന്റെ ഭാഷിതം
പെരുത്ത സാരത്തൊടു കേട്ടനന്തരം
കരുത്ത നാണം ഗുരുപാദഭക്തിതൻ
കരുത്തിനാൽത്തീര്ത്തവൾ ചൊല്ലി മെല്ലവേ.
പരമ്പരാഭ്യാഗതസാല്വഭൂമിതൻ-
വരൻ മത്സനഭൂജോത്ഭവോത്തമൻ
പരം പ്രജാപാലനമാചരിച്ചു സു-
സ്ഥിരം വസിച്ചാൻ നിജ രാജധാനിയിൽ,
അധര്മ്മവിദ്ധ്വംസകരൻ ജനങ്ങളിൽ
സ്വധര്മ്മമേറെ സ്ഥിരമാക്കിവെച്ചവൻ
ബുധപ്രജാനന്ദമതീവപൂര്ണ്ണമാം
വിധത്തിലുണ്ടാക്കി മഹാഗുണങ്ങളാൽ.
നിരാകുലം നീതി നടത്തി വാഴുമാ-
ദ്ധരാധിനാഥൻ പുനരന്ധനായഹോ
പുരാതനസ്വാര്ജ്ജിതകർമ്മണാം ഫലം
വരായെതാമോ ബത പാര്ക്കിലേവനും.
കനക്കുമിച്ഛിദ്രമറിഞ്ഞരിവ്രജം
മനക്കുരുന്നിൽ കലരും കുതൂഹലാൽ
ജനിക്കുമുത്സാഹമൊടക്ഷമാവരൻ-
തനിക്കെഴും രാജ്യമടക്കി സര്‍വ്വവും.
കൃപോദയം വിട്ടരിയിൽ ഭയത്തൊടാ-
നൃപോത്തമൻ ബാലസുതപ്രിയാന്വിതൻ
തപോവനം പുക്കു തപസ്സു ചെയ്തുകൊ-
ണ്ടുപോഢ മോദം മരുവുന്നു സാമ്പ്രതം.
തപസ്സുതാൻബന്ധു, തപസ്സു താൻബലം
തപസ്സു താൻ കീര്‍ത്തി, തപസ്സുതാൻ ജയം,
തപസ്സുതാൻ നത്സുഖ, മെന്നിവണ്ണമാ-
നൃപന്റെ വൃത്തം പറയുന്നു സുസ്ഫുടം
പെരുത്തു നന്നായ തപസ്സു മേൽക്കുമേൽ
വരുത്തുമീലോചനരാജ്യനാശവും
കരുത്തമുള്ളാ ക്ഷിതിപാലനേറ്റവും
കരുത്തെഴും മംഗളമായ് മഹാത്ഭുതം
മനസ്സു നന്നായ മഹാനുഭാവനി-
ല്ലനര്ത്ഥമായൊന്നഴൽ നല്കിടായ്കയാൽ
കനത്ത സന്താപഭരം തരുന്നതാ-
ണനര്ത്ഥമല്ലോ നിരുപിച്ചടുംവിധൌ
ഭയാൽ വിപത്താ നൃപനിൽ സ്വനിഷ്ടര-
ക്രിയാവിഹീനം മരുവുന്നുവിങ്ങിനേ
ത്രിയാമകൊണ്ടുള്ളൊരു ദോഷമര്ക്കനിൽ
പ്രയാസമല്ലേ വരുവാൻ നിനയ്ക്കുകിൽ ?
ക്ഷമാദിനാനാഗുണജാലമൊക്കുമാ
ക്ഷമാവരൻ തൻ പ്രിയനായ നന്ദനൻ
സമാനശീലാകൃതിബുദ്ധി 'സത്യവാൻ'
ജമാനുരൂപൻ വരനെന്നു മന്മതം.
കൃത്യാകൃത്യവിചാരസാരമിയലും സാവിത്രിയാംമങ്കയാ-
ളത്യാവശ്യകകാര്യമിത്ഥമഖിലം കേൾപ്പിച്ചടങ്ങീടിനാൾ
അത്യാപത്തിതുകഷ്ടമേകഠിന' മെന്നേവംനടിച്ചുൾഭ്രമാൽ
നിത്യാനിത്യവിവേകശാലിമതിമാൻചൊന്നാനുടൻ നാരദന്
ഇങ്ങിനെ സാവിത്രീമാഹാത്മ്യമെന്ന കാവുത്തിൽ
മൂന്നാം സര്‍ഗ്ഗം കഴിഞ്ഞു
നാലാം സർഗ്ഗം
ഭാവിസ്വഭാവങ്ങളറിഞ്ഞിടാതെ
സാവിത്രി വല്ലാത്ത വിപത്തിൽ വീണാൾ
രാവിൽ തമസ്സിൽ ബത കുണ്ടുകൂടും
ഭൂവിൽ പതിക്കും വഴിപോക്കരല്ലോ
പാരം ഗുണം കണ്ടഥ സത്യവാനെ
സ്വൈരം വരിച്ചാളിവൾ നിന്റെ പുത്രി
നീരന്ധ്രസൽഭൂരിഗുണങ്ങൾ കാണു-
ന്നേരം ഭൂമിയ്ക്കാത്തവരാരു പാരിൽ
സത്യം ....സേനജവംശദൈവം
നിത്യം നിനച്ചാലതു കാരണത്താൽ
കൃത്യജ്ഞരായുള്ളവർ സത്യവാനെ-
ന്നത്യന്തമോദത്തൊടു നാമമിട്ടാർ,
ചിത്രത്തിലിയ്യാളെഴുതീടുമശ്വം
ചിത്രം മരം മണ്ണിവകൊണ്ട് തീര്‍ക്കും
ചിത്രാശ്വിനെന്നും പുനരീനരേന്ദ്ര-
പുത്രാഭിധാനം പൊരുളൊത്തു ചേർന്നു.
കഷ്ടത്തിലായ്ക്കാര്യശേഷമെന്നാ
ശ്ശിഷ്ടത്വമേറുന്ന സുരര്ഷിവര്യൻ
സ്പഷ്ടം തദാനീമുരചെയ്തശേഷം
ധൃഷ്ടൻ ധരിത്രീപതി ചൊല്ലി മെല്ലേ?
ചൊല്ലേറുമാസ്സാല്വനൃപാത്മജന്നു
തെല്ലെന്നിയേ ചിത്തവിശുദ്ധിയില്ലേ?
അല്ലേമുനേ! ക്ഷത്രിയസൽഗ്ഗുണങ്ങ-
ളില്ലേ നിതാന്തം പിതൃഭക്തിയില്ലേ?
സൌഭാഗ്യസൌന്ദരസുശീലവിദ്യാ-
ശ്രീഭാഗ്യദാനാദിഗുണങ്ങളെല്ലാം
സ്വാഭാവികത്വത്തോടു സത്യവാനിൽ
ശോഭാവിശേഷത്തോടിരിപ്പതില്ലേ.
ഭദ്രശയന്മാർകളിൽ മുമ്പനായ
മദ്രാധിനാഥന്റെ വചസ്സിവണ്ണ
മുദ്രാവിഹീനോദിത ബോധശക്തി
വിദ്രാവിതാഘൻ മുനി കേട്ടു ചൊന്നാൻ.
അങ്ങുന്നു ചൊല്ലീടിന സൽഗുണങ്ങൾ
തിങ്ങുന്നുവെല്ലാമിഹ സത്യവാനിൽ
പൊങ്ങുന്ന സൽകീർത്തിയൊടിപ്രകാരം
മെങ്ങും നിനച്ചാലൊരു മര്‍ത്ത്യനില്ല.
ദാരിദ്ര്യമില്ലാതെ മഹാഗുണങ്ങൾ
പാരിൽ പരത്താനിഹ സത്യവാനിൽ
ഭൂരിപ്രഭാവൻ പരമേഷ്ഠി വാരി-
ദക്കാരി പ്രതിഷ്ഠിച്ചു പിശുക്കിടാതേ
പീനാത്മമാംഗള്യവിശേഷമാത്മ-
ദാനാൽ വരുത്തീടുമവന്റെ ശീല
നാനാഗ്രഹങ്ങൾക്കിനരശ്മിപോലെ
നാനാജനങ്ങൾക്കു സുലഭ്യമായി.
സൂര്യന്റെ തേജസ്സെഴുമായവന്റെ
ധൈര്യം നിനച്ചാലിഹ മാടു മാടാം
കാര്യം കഥിപ്പാൻ വിരുതിന്നു ദേവാ-
ചാര്യന്നുമില്ലായവനുള്ളപോലെ.
ഭംഗം വെടിഞ്ഞീടിന ശില്പവിദ്യാ-
രംഗം വിരിഞ്ചൻ ത്രിജഗത്തിനീശൻ
സംഗം വിനാ നല്ലഴകിന്നവൻത-
ന്നംഗങ്ങൾതാനാഭരണങ്ങളാക്കി.
കണ്ടാകെ ലോകങ്ങൾ തെളിഞ്ഞു പാരം
കൊണ്ടാടിടും സാല്വസുതന്റെ ദേഹം
കണ്ടാത്തലജ്ജം ബഹുസൂക്ഷ്മചിത്തം
തണ്ടാശരൻ തന്നുടെ ഗേഹമാക്കി.
ശീലോത്തമത്വം കലരുന്നവന്നു
കാലോചിതശ്രീഗുരുസേവയോര്ത്താൽ
ത്രൈലോക്യരാജ്യധിപതിത്വമെന്ന
ചേലൊത്തിടും സൽഗുണമെത്ര തുച്ഛം.
കേമത്തമാര്ന്നീടിന സത്യവാനിൽ
പ്രേമത്തോടൊക്കും ബഹുസൽഗുണത്തെ
ഹേ മദ്രഭൂമീന്ദ്ര! സമസ്തമോതാൻ
സാമര്ത്ഥ്യമില്ലിന്നു നിനയ്ക്കിലാര്ക്കും.
ജ്ഞാനാതിരേകം കലരുന്ന സാക്ഷാൽ
ശ്രീനാരദൻതൻ വചനങ്ങളേവം
നാനാഗുണഞ്ചേന്നഥ കേട്ടു മദ്ര-
ഭൂനായകൻ സത്വരമിത്ഥമോതി.
ചാരുത്വമോടിങ്ങിനെ സത്യവാനിൽ
ചേരുന്ന നാനാഗുണജാലമെല്ലാം
പോരും ഭവാൻ ചൊന്നതു ഹന്ത ദോഷം
കാരുണ്യമുൾക്കൊണ്ടിനിയോതിടേണം.
ഈവണ്ണമത്യുത്തമബുദ്ധിയുള്ളാ-
ബ്ഭൂവല്ലഭൻതന്മൊഴി കേട്ടശേഷം
ദേവർഷിലോകപ്രഭു ചൊല്ലിനാൻ സൽ-
ബ്ഭാവത്തോടസ്സത്യവദുഗ്രദോഷം.
ചീർത്തിടുമെല്ലാഗ്ഗുണവും സുഖിച്ചു
പാര്ത്തീടുമാസ്സാല്വസുതന്നു രാജൻ!
ഓര്ത്തീടിലുണ്ടുൽക്കടദോഷമൊന്നു
തീർത്തീടുവാനായതസാദ്ധ്യമാര്ക്കും.
മോഹം വിനാ കേൾക്ക വിശിഷ്ടനാമി-
ദ്ദേഹം പ്രഭോ! വത്സരമൊന്നിനാലേ
ഹാഹന്ത! തൻജീവിതകാലമറ്റു
ദേഹം ത്യജിയ്ക്കും നിയതം മഹാത്മൻ!
ആ വിശ്വനാഥൻ മുനിവാക്കുകൊണ്ടു
ഭാവിസ്വപുത്രീവരമൃത്യുദോഷം
ആവിർബ്ബവദുഃഖമിയന്നു കേട്ടു
സാവിത്രിയോടിങ്ങിനെ ചൊല്ലി ധീമാൻ.
സാവിത്രി! നീ സമ്പ്രതി സത്യവാനെ
കൈവിട്ടുമറ്റേകനെ മാന്യശീലേ!
ഭാവം തെളിഞ്ഞാശു വരിച്ചിടേണ
മേവം മദീയം മതമാര്യബുദ്ധേ!
ചൊല്ലാര്ന്നിടും സൽഗുണജാലമായു-
സ്സില്ലാത്തവന്നുള്ളതു നിഷ്ഫലംതാൻ
ഉല്ലാസമോടോര്ക്കുക പുത്രി! ഭിത്തി-
യില്ലാതെ ചിത്രം വിലസുന്നതാണോ?
സ്വച്ഛന്ദമിത്ഥം പ്രണയാന്ധനായി-
ട്ടച്ഛൻ കഥിക്കുന്നതു കേട്ട ശേഷം
അച്ഛന്നമായ്ത്തന്മതമോതിയേവ-
മച്ഛസ്വധർമ്മസ്ഥിതയാ ശുഭാംഗി.
ധര്‍മ്മജ്ഞ! ചെയ്യുന്നു ജനങ്ങൾ മുമ്പിൽ
കര്മ്മത്തെയുള്ളാലഥ വാക്കിനാലേ
കായത്തിനാൽ പിന്നെയിവണ്ണമല്ലൊ
ഞായത്തിലോർത്താൻ ക്രമമാര്യബുദ്ധേ!
ജാതപ്രമോദം ദൃഢമപ്പുമാനെ-
ച്ചേതസ്സിനാൽ ഞാൻ വരനായ്വരിച്ചേൻ
ചേതസ്സിനാൽ ചെയ്തതുതാൻ പ്രമാണം
ഭോ തത്വവിന്മൌലിമണേ! നിനച്ചാൽ.
വല്ലാത്തഘം കാരണമൊട്ടുമായു-
സ്സില്ലായ്കിലും മൽ പതിയപ്പുമാൻതാൻ
ഇല്ലാ വിവാദം മമ ധര്മ്മലോപാ-
മെല്ലാറ്റിലും മുന്തിയ പാപമല്ലൊ.
ദ്വിതീയനാകും പതി പാര്‍ത്തുകണ്ടാൽ
സതീജനങ്ങൾക്കു നിഷിദ്ധനല്ലോ
അതീതകാര്യം കരുതിത്തപിക്കാ-
യ്തതീവ രാജൻ! ധൃതി പൂണ്ടുകൊൾക.
ഭാവിസ്വദോഷം ഗണിയാതിവണ്ണം
സാവിത്രി ചൊല്ലും മൊഴി കേട്ട നേരം
ആവിര്ഭവത്സങ്കടമോടു മദ്ര-
ഭൂവിന്നധീശൻ ബഹു ചിന്ത പൂണ്ടു.
ശര്‍മ്മം കൊടുപ്പാനുടനമ്മുനീന്ദ്രൻ
നര്‍മ്മം വെടിഞ്ഞാനൃപനോടു ചൊന്നാൻ
"കര്‍മ്മങ്ങൾതൻ സൂക്ഷ്മഗുണങ്ങളോര്ത്തു
ധര്‍മ്മം കഥിക്കുന്നു ഭവാന്റെ പുത്രി.
ധൈര്യം ശുഭജ്ഞാനമമോഘധര്മ്മ-
സ്ഥൈര്യം മുതല്ക്കുള്ള ഗുണങ്ങളെല്ലാം
കാര്യജ്ഞസാവിത്രിയിൽനിന്നു പോകി-
ല്ലാര്യസ്വഭാവം ദൃഢമേവമല്ലോ.
നന്നായ് ധര്മ്മത്തിലുറച്ചുനില്ക്കു-
മിന്നാരിതൻ ചിത്തമിളക്കുവാൻ നീ
ഇന്നൊട്ടുപോലും പടുവല്ല; വാതം
കുന്നൊന്നിളക്കാൻ കഴിയുന്നതാണോ?
നാനാഗുണം തിങ്ങിന സത്യവാനായ്-
ത്താനാദരാൽ പുത്രിയെ നല്ല രാജൻ!
ജ്ഞാനാതിരേകം കലരുന്ന മദ്ര-
ഭൂനാഥ! ധര്‍മ്മം സുഖമൂലമല്ലോ.''
ദീനാനുകമ്പാകുലചിത്തനായ
ശ്രീനാരദൻതന്മൊഴിയിപ്രകാരം
ദീനാശയത്വം കലരാതെ മദ്ര-
ഭൂനായകൻ കേട്ടുരചെയ്തു ധീമാൻ.
"അമ്പും മഹായോഗിഗണത്തിൽവെച്ച
മുമ്പും കലര്‍ന്നുള്ള ഭവാന്റെ വാക്യാൽ
എമ്പുത്രിയെസ്സംപ്രതി സാല്വഭൂപൻ
തമ്പുത്രനായ്ത്തന്നെ കൊടുത്തിടുന്നേൻ.''
അന്നാട്ടിനീശന്റെ വചസ്സിവണ്ണ-
മന്നാമഹര്ഷിപ്രഭു കേട്ട ശേഷം
"നന്നാകുമെല്ലാമിനിമേൽ ഭവാന്മാര്-
ക്കെ''ന്നാദരാൽച്ചൊല്ലി നടന്നു വേഗാൽ.
ചൊല്ലാര്ന്നിടും മന്ത്രികളാനൃപന്റെ
ചൊല്ലാൽ വിവാഹത്തിനു വേണ്ട വട്ടം
എല്ലാമുടൻ നന്മ കലര്ന്നൊരുക്കീ-
ട്ടുല്ലാസമോടങ്ങു വിളങ്ങി ഭംഗ്യാ.
കേടേതുമല്ക്കാതെ വിശിഷ്ടമാഗ്ഗര്-
ത്തൂടേ നടക്കുന്ന മഹാരഥങ്ങൾ
പാടേ മഹായോഗിമനോരഥങ്ങ-
ളോടേറ്റവും സാമ്യമൊടൊത്തണഞ്ഞു.
പാരം ബലം പൂണ്ടു മദിച്ചു കാളാ-
കാരം കലര്‍ന്നുള്ള മതംഗജൌഘം
സ്വൈരം പരം ഹസ്തിപവശ്യമായ-
ന്നേരം മഹാശ്ചര്യദമായി വന്നു.
അംഗത്തിലാവത്തഗുണങ്ങളൊത്തു
തുംഗത്വമാര്ന്നുള്ള തുരംഗസംഘം
മംഗല്യദുഗ്ദ്ധാംബുധിയിൽ കളിക്കും
ഭംഗവ്രജംപോലെ നിരന്നു വന്നു.
ശ്രീപത്മജാതോദയഹേതുവാമാ-
ബ്ഭൂപന്റെ കാലാൾപ്പട വന്നു ചേര്‍ന്നു
ആപത്തമിസ്രാവലിതീർത്തിടും പ്ര-
താപത്തൊടര്ക്കന്റെ മരീചിപോലെ
കൃത്യങ്ങൾ കൃത്യത്തിൽ നടത്തിടുന്ന
ഭൃത്യവ്രജം ദാസികൾ തന്റെ കൂട്ടം
അത്യന്തമോദാലരികിൽ തെളിഞ്ഞു
നിത്യം വസിക്കുന്ന സഖീസമൂഹം.
ഗൂഢശ്രുതിസ്മൃത്യഖിലാര്ത്ഥമോതാൻ
പ്രൌഢത്വമേറും ദ്വിജവര്യസംഘം
കൂടം വിനാ സർവ്വസുഖത്തിനായ്ക-
ച്ചോടം നടത്തും ബഹുവൈശ്യവൃന്ദം,
സാരം കഥിക്കും സ്തുതിപാഠകൌഘം
സ്വൈരം കളിക്കും ഗണികാസമൂഹം
കീരം ചുരക്കും പശുവൃന്ദമേറ്റം
ഭാരം ചുമക്കുന്ന മഹോഷ്ട്രജാലം.
ധര്‍മ്മം കഥിക്കും ഗുരു രാജനീതി-
മര്‍മ്മം ധരിക്കും സചിവോത്തമന്മാർ
നര്‍മ്മം കഥിക്കുന്നവർ പിന്നെ നാനാ-
കര്‍മ്മങ്ങൾ ചെയ്യും പല സേവകന്മാർ.
ഉല്ലാസയാത്രക്കുചിതങ്ങളായ-
തെല്ലാമിവണ്ണം ജവമോടിണങ്ങി
മല്ലാക്ഷിയാം മാളവിയോടു കൂടി-
ച്ചൊല്ലാര്ന്ന ഭൂമീപതി തേരിലേറി.
ഭാവിസ്വഭർത്തൃവ്യസനാര്ത്തിയേതും
ഭാവിച്ചിടാതുത്തമധൈര്യമോടേ
സാവിത്രിതാനായിവളെന്നു തോന്നും
സാവിത്രിയാത്തേരിലുടൻ കരേറി.
ഉണ്ടായ്ത്തദാനീം ശ്രവണാതിഹര്ഷ-
മുണ്ടാക്കിടും മംഗളവാദ്യഘോഷം
കൊണ്ടാടി വര്ദ്ധിച്ചിടുമാനിനാദം
കൊണ്ടാശു ദുഷ്ടാ.....വം നശിച്ചൂ.
വാരുറ്റ തൻ സൈന്യമൊടൊത്തുചിത്ത-
താരുല്ലസിച്ചാനൃപമൌലി പിന്നെ
ചാരുദ്യമത്സേനതപോവനത്തിൽ
ചേരുന്നതിന്നങ്ങു ഗമിച്ചു ധീമാൻ,
മാതംഗഗന്ധര്വരഥാദിയാനം
ജാതം രജസ്സപ്പൊളശേഷമാര്ക്കും
ആതങ്കമുണ്ടാക്കിയതില്ല നന്നായ്
വാതം ശുഭം പുണ്ടു ചരിക്ക മൂലം,
തണ്ടാളുമാവമ്പട പോയിടുമ്പോ-
ളുണ്ടായ്വരും ധൂളിതതിച്ഛലത്താൽ
കൊണ്ടാടി നന്നായ്വഴിയങ്ങു കാട്ടി-
കൊണ്ടാശു മുമ്പിട്ടു നടന്നു ഭൂമി
കാലാകൻ തീക്ഷണകരൻ കരത്താൽ
മാലാകെ നല്കുന്നതിനെത്തടുപ്പാൻ
ചേലാര്‍ന്ന മന്ദാകിനി വേൺപതാകാ-
മാലാ....... മുകളിൽ കളിച്ചു
എണ്ണം വെടിഞ്ഞുള്ള ജനങ്ങളൊത്തു
വണ്ണം പെരുത്താപ്പടതന്നിലപ്പോൾ
തിണ്ണം ഭവിച്ചില്ലൊരിടച്ചിൽ വേണ്ടും-
വണ്ണം ഗുണം പൂണ്ടു നടക്കയാലേ.
ആശാനുകൂലം ഗുണമൊത്തു കര്‍ണ്ണ-
ക്ലേശാപഹം മംഗളവാദ്യഘോഷം
ആശാഗണത്തിങ്കൽ നിറഞ്ഞു ശോക-
നാശാവഹം വന്നിതു തൽപ്രസാദം.
ഊനം വെടിഞ്ഞാശു കടന്നു ദുര്‍ഗ്ഗം
സ്ഥാനം വഴിക്കുള്ളതു മദ്രഭൂപന്
മാനം വിനാ പുണ്യമിയന്നവർക്കു
നൂനം സമസ്തം സുഖ സാദ്ധ്യമല്ലോ.
ദാനാദിധർമ്മസ്ഥിതനായ മദ്ര-
ഭൂനായകൻ സുര്യസമപ്രഭാവൻ
സേനാഭയൊത്തെങ്ങണയുന്നതിങ്ങു
നാനാര്ത്തിയാകുന്നിരുളൊക്കെ നീങ്ങി.
പൂമങ്ക വാഴും നഗരങ്ങൾ നാനാ-
ഗ്രാമങ്ങളോരോ സലിലാശയങ്ങൾ
ഭീമങ്ങളാം കാടുകളെന്നിതെല്ലാ-
മാമന്നവൻ തത്ര കടന്നു പോയാന്‍
വൈരം പ്രകൃത്യാ കലരും മൃഗങ്ങൾ
വൈരം വിനാ ചേര്‍ന്നു ചരിക്കയാലേ
പാരം വിളങ്ങുന്നൊരു നല്ല കാട-
ന്നേരം നൃപൻ വിസ്മയമാര്‍ന്നു കണ്ടു.
നന്നായ്ത്തപം ചെയ്തു മുനീന്ദ്രർ വാണീ-
ടുന്നാശ്രമം നൂനമടുത്തു പാരം
എന്നാശയത്തിൽ കരുതിത്തദാനീം
നിന്നാനുടന് തെല്ലവിടെ ക്ഷിതീന്ദ്രൻ,
ചൊല്ലാര്ന്നിടുന്നാശ്രമവാസികൾക്കു
തെല്ലാകിലും പീഡവരാതിരിപ്പാൻ
ഉല്ലാസമോടപ്പൊഴുതാത്മസൈന്യ-
മെല്ലാമൊതുക്കീട്ടവിടത്തിൽ നിർത്തി.
ദാരാത്മജാമന്ത്രിഗുരുക്കളോടൊ-
ത്താരാജചൂഡാമണി പിന്നെ വേഗാൽ
ആരാൽ ദ്യുമത്സേനനൃപാശ്രമത്തിൽ
ചേരാനൊരുമ്പെട്ടു ഗമിച്ചു ധീമാൻ.
തോലന്തരീയത്തിനു സൽഫലങ്ങൾ
മൂലങ്ങളെന്നുള്ളവ ഭുക്തി ചെയ്വാൻ
നീലം നിജാധസ്തലമാര്ത്തികൂടാ-
താലംബനത്തിന്നില ശാലമേയാൻ.
പൂവമ്പെഴുന്നീശ്വരപൂജ ചെയ്വാ-
നേവം മുനീന്ദ്രര്‍ക്കു കൊടുത്തു നിത്യം
ഭാവം തെളിഞ്ഞുള്ള തരുവ്രജത്തെ
ബ്ഭൂവല്ലഭൻ കണ്ടു മഹാനുഭാവൻ.
ഭവ്യത്വമേറും പശുലക്ഷണങ്ങൾ
ദിവ്യപ്രഭാവം പരമെന്നിതെല്ലാം
അവ്യാജമായ് പൂണ്ടു ചരിച്ചിടുന്ന
ഹവ്യാര്ധേനുക്കളെയങ്ങു കണ്ടു
ഹോമാര്ത്ഥമായുള്ള സമിൽകുശാദി-
സാമാനസിദ്ധിക്കു തപോധനന്മാർ
ക്ഷേമാനുകൂലം പലതങ്ങു ചെയ്തു
താമാന്യനാം മന്നവമൌലി കണ്ടു.
ഹോമങ്ങൾ ചെയ്യും പൊഴുതുർഭവിക്കും
ധൂമങ്ങൾ തന്നുത്തമപുണ്യഗന്ധം
പ്രേമം കലര്ന്നേറ്റവുമേറ്റുകൊണ്ട
ബ്ഭൂമണ്ഡലേന്ദ്രൻ പരിതുഷ്ടനായി.
ശ്യാമാകനീവാരകശാദിയായ
ഹോമാദികര്മ്മത്തിനു വേണ്ടതെല്ലാം
കാമാലശിക്കും ഹരിണവ്രജത്തെ
പ്രേമാൽത്തടുക്കാത്തതു കണ്ടു ഭൂപൻ.
നെഞ്ചാദരാലീശ്വരസല്പദത്തി-
ലഞ്ചാതുറപ്പിച്ചു തപോധനന്മാർ
പഞ്ചാഗ്നിമദ്ധ്യേ ചിരമങ്ങു വായു-
സഞ്ചാരമില്ലാതമരുന്ന കണ്ടു.
വേദം തുടങ്ങിപ്പലവിദ്യ ഭൂരി-
മോദം പഠിക്കും മുനിശിഷ്യവൃന്ദം
വാദങ്ങൾകൊണ്ടുൾക്കടഭൂരിശങ്കാ-
ച്ഛേദം വരുത്തുന്നതു തത്ര കണ്ടു.
വേദാന്തസാരം നിരുപിച്ചു സര്‍വ്വാ-
ഭേദാനുഭൂത്യ പുളകാശ്രുവോടേ
മോദാലിരിക്കും മുനിവര്യര്തന്റെ
പദാദികേശം പ്രണമിച്ചു ഭൂപൻ.
ഭുക്തിക്കുമെന്നല്ലതിസൌഖ്യമുള്ള
മുക്തിക്കുമൊട്ടും കൊതി പുണ്ടിടാതേ
ഭക്തിസ്ഥരാകുന്നവർതന്റെ പുണ്യ-
വ്യക്തിക്കു ഭൂപാലകനങ്ങു കൂപ്പി.
ജഗദഘഭരമൊക്കപ്പോക്കി
മാംഗള്യമേകും
ഭഗവദതുലവൃത്തം ഭക്തർ
ചൊല്ലുന്നതെല്ലാം
വിഗതനിഖിലതാപം കേട്ടു-
ടൻ മുങ്ങി മോദാൽ
വിഗളദമിതബാഷ്പംതന്നി-
ലാമന്നിനീശൻ.
ഏവം തപോവനമഹാശ്രമസജ്ജനാനു-
ഭാവങ്ങളത്ഭുതരസത്തോടു കണ്ട നേരം
ശ്രീവന്നു വാണരുളിടും നിജമായ രാജ്യ-
മാവമ്പനാം നൃവരനേറ്റമറച്ചുപോയീ.
മാനം കൂടിയ നാടു വിട്ടു സതതം
പുണ്യങ്ങൾ ചെയ്യും ദ്യുമ-
ത്സേനൻ തന്മഹിതാശ്രമസ്ഥലമുടൻ
ചോദിച്ചറിഞ്ഞാദരാൽ
ഊനം വിട്ടു രഥത്തിൽ നിന്നവനിയിൽ
പെട്ടെന്നിറങ്ങീട്ടു തൽ-
സ്ഥാനം പുക്കു നിജപ്രിയാഗുരുസുതാ-
മാത്യാന്വിതൻ മന്നവൻ
ഇങ്ങിനെ "സാവിത്രീമാഹാത്മ്യ" മെന്ന കാവ്യത്തിൽ
നാലാംസര്‍ഗ്ഗം കഴിഞ്ഞു.
അഞ്ചാം സർഗ്ഗം
നീലശ്രീ നിറമിയലുന്ന നന്മരത്തിൻ
മൂലത്തിൽ കുശബൃസിയിൽ തപോവിരാമേ
മാലറ്റങ്ങിനെ മരുവുന്ന സാല്വനെത്തൽ -
കാലത്തിൽ തെളിവൊടു കണ്ടു മദ്രഭൂപൻ.
ഒട്ടാരാൽ ക്രമമൊടുടുത്തടുത്തുടൻ ന-
ന്മട്ടായിട്ടുപരിചിതാംഘ്രിപാതശബ്ദം
കേട്ടാരെന്നുഴറിടുമന്ധസാല്വനോടാ-
യിട്ടുാബ്ഭൂപതിയുരചെയ്തു തന്റെ നാമം
ഉൾക്കാമ്പിൽ ഗുരുതരഹര്ഷസംഭ്രമം പൂ-
ണ്ടക്കാലം പരവശനായ സാല്വഭൂപൻ
ചൊൽക്കാളും ഹയപതിമദ്രരാജനോടായ് -
സല്‍ക്കാരം സകലവുമാചരിച്ചു ചൊന്നാൻ.
"ഇന്നാളും ശുഭമെഴുമങ്ങു വന്നതേറ്റം
നന്നായി ദൃഢമിഹ ഞാൻ കൃതാര്‍ത്ഥനായീ
ചൊന്നാലും ശുഭചരിതം വിശേഷമായു-
ണ്ടെന്നാലായതു മതിമൻ! മടിച്ചിടാതേ ''
ഭദ്രശ്രീ തടവിയ സാല്വഭൂപവാക്യം
മദ്രക്ഷ്മാപതിയിതു കേട്ടുടൻ പറഞ്ഞു
സദ്രത്നോത്തമ! തവ ചാര്ച്ചയേകൊതിച്ചു-
ന്നിദ്രത്വത്തൊടു മരുവുന്നു ഞാൻ മഹാത്മൻ!
സാവിത്രീഗുരുകൃതകൊണ്ടു ലബ്ധയാമി-
'സ്സാവിത്രീ' ത്യഭിധായെഴും മദീയപുത്രി
ഹേ വിദ്വാൻ! സുതനുടെ പത്നിയായ് ഭവാനെ-
സ്സേവിപ്പാൻ ദൃഢതരമാഗ്രഹിച്ചിടുന്നു.
പുത്രാര്‍ത്ഥം മമ സുതയെ ഗ്രഹിച്ചുകൊൾകീ
മിത്രാര്‍ത്ഥം സപദി ഭവാൻ വെടിഞ്ഞിടൊല്ലേ
തത്രാശ്വക്ഷിതിപതിയേവമോതിയപ്പോൾ
ചിത്രാര്ത്ഥം വചനമുരച്ചു സാല്വഭൂപൻ.
പ്രാജ്യശ്രീവിഭവസുഖങ്ങൾകൊണ്ടു വിണ്ണാം-
രാജ്യം പോയഗതികളായിടുന്ന ഞങ്ങൾ
പൂജ്യത്വം തടവിയ മന്നവര്‍ക്കു ദൂരെ
ത്യാജ്യന്മാർ; മഷി മൃദുപട്ടൊടൊക്കിൽ നന്നോ?
ഞാനയ്യോനയനവിഹീനനൂഴിനാഥ-
സ്ഥാനത്തിന്നനുചിതനേറ്റവും മഹാത്മൻ!
പീനശ്രീനൃപതികിരീടകോടിരത്ന-
സ്ഥാനത്തിൽ കരിയണിയുന്നതെത്ര നിന്ദ്യം
ആപത്തിങ്ങിനെ വരുവാൻ നിമിത്തമാകും
പാപത്തെസ്സകലവുമാശു സംഹരിപ്പാൻ
താപത്തോടഹമിഹ നിഷ്ക്കളാത്മതേജോ-
രൂപത്തേ കിമപി നിനച്ചു പാര്‍ത്തിടുന്നേൻ.
മൂക്കും വൻബലമൊടു സാല്വനാടടക്കി-
ക്കാക്കുന്നാരിപുവിജയം നമുക്കസാദ്ധ്യം
നോക്കുമ്പോൾ ഭയമിയലും കുരുട്ടുപ്രാവി
ന്നൂക്കുണ്ടോ ശിവ! കഴുവേറയെജ്ജയിപ്പാൻ.
ധാരാളം ധനമുടയോർകളെബ്ഭജിപ്പാൻ
നേരായിജ്ജനമഖിലം കൊതിച്ചിടുന്നു
ശ്രീരാജന്മധുസമയേ സുമങ്ങൾ തിങ്ങു-
ന്നാരാമേ കുതുകമളിവ്രജത്തിനല്ലോ
ദാരിദ്ര്യം പെടുമവനോടു ചേർന്നിരിപ്പാ-
നാരിപ്പോളവനഖിലര്ക്കുമേറെ വര്ജ്ജ്യൻ
നീരില്ലാത്തവനിതലേ തൃണങ്ങൾ പോലും
ചേരില്ലെന്നതു സകലാനുഭൂതിസിദ്ധം.
ഭൂരിശ്രീ കലരുമവന്റെ ചാർച്ച നേടാൻ
ദാരിദ്ര്യം കലരുമവൻ കൊതിച്ചിടുന്നു
ദാരിദ്ര്യം പരമേഴുമെന്റെ ചാർച്ച നേടാൻ
ഭൂരിശ്രീയുടയ ഭവാൻ കൊതിച്ചിടുന്നോ?
വാനത്തൽപ്പെടുമഴകുള്ള രാജഗേഹ-
സ്ഥാനത്തിൽ തവ കുതുകൈകപാത്രമായി
മാനത്തോടതി സുഖമായ്വളര്ന്നൊരിപ്പെ-
ണ്ണൂനത്വത്തോടു വനവാസയോഗ്യയാമോ?
ജീവിപ്പാൻ പണി രുചിരാന്നസാത്മ്യമുള്ളീ-
സ്സാവിത്രിക്കിഹ ഫലമൂലഭക്ഷണത്താൽ
ശ്രീവിണ്ണോരധിപതിവൈദ്യനും തടുപ്പാ-
നാവില്ലാർത്തിടുകിലസാത്മ്യജാമയൌഘം.
ശ്രിഹാരോദ്വഹനവുമാര്ത്തി ചേർത്തിടുന്നി-
മ്മാഹാത്മ്യം തടവിയ മാന്യയായ പുത്രി
ആഹാരത്തിനു ഫലമൂലമാഹരിപ്പാൻ
ഹാ! ഹാ! താൻ തുനിയുകയെന്നതെത്ര കഷ്ടം,
ശാന്താത്മൻ! മലർശയനേ കിടക്കിൽവാടും
കാന്താംഗം വിലസിന നിന്മകൾക്കു പാര്‍ത്താൽ
കാന്താരേ പരമിഹ സഞ്ചരിക്കിലുണ്ടാം
സന്താപം ശിവ! ശിവ! ദുസ്സഹം നിതാന്തം,
താപംതീർത്തണിമലർമെത്തമേൽ സമോദം
സ്വാപംചെയ്തവിടെയമര്ന്നു നിന്റെ പുത്രി
ഹാ പങ്കം പൊടിയിവ ചേര്‍ന്ന ഭൂതലത്തിൽ
സ്വാപം ചെയ്തതിനു കുഴങ്ങുമിങ്ങു നൂനം.
മുറ്റും സൽഗ്ഗുണഗണമുള്ള പട്ടു നിത്യം
ചുറ്റും നിൻ പരിമൃദുഗാത്രിയായ പുത്രി
ചെറ്റും മാർദ്ദവമണയാത്ത വല്കലത്തെ-
ചുറ്റുമ്പോൾ ശിവ! ശിവ! ഘോരമായ്ത്തപിക്കും
ആളീനാം നടുവിലമർന്നു സൌധപൃഷ്ഠേ
കേളീകൌതുകമണയും ഭവത്തനൂജാ
വ്യാളീപാളികളെഴുമീവനത്തിൽ വല്ലാ-
താളീടും ഭയമൊടു വാഴുമാ നിനച്ചാൽ,
നേരായിജ്ജരഠത പൂർത്തിയായവര്‍ക്കും
വൈരാഗ്യം കിമപി ഭവിക്കുവാൻ പ്രയാസം
ആരാണിദ്ധരണിയിൽ മായയെജ്ജയിപ്പാൻ
ധീരാത്മാക്കളിലുമതെത്ര ദുര്‍വ്വിഭാവ്യം.
പോകുന്നൂ ധനദയിതാത്മജാതിയെല്ലാം
മാഴ്കുന്നൂ പലരുമഹോ! മഹാര്ത്തിമൂലം
ചാകുന്നൂ സകലരുമെങ്കിലും കുറച്ചു-
ണ്ടാകുന്നീലറിവിതു മായയാൽ ജനാനാം
ശാന്താത്മൻ! ധനഭവനാദി വിട്ടു പാരം
സ്വാന്താര്ത്ത്യാ സപദി മരിച്ച ബാന്ധവന്റെ
കാന്താര്ത്ഥത്തിനു കലഹിച്ചിടുന്നു ലോകം
താന്താങ്ങൾക്കണയുമനര്ത്ഥമോര്ത്തിടാ.
ആരോമൽപ്രണയിനിവേണമെപ്പോഴും -
ന്നാരോഗ്യം ധനമഴകെന്നിതൊക്കെ വേണം
ഓരോന്നിങ്ങിനെ കരുതുന്നു ലോകർ മൃത്യു-
ക്രൂരോപദ്രവമിഹ ചിന്തിയാതെ മോഹാൽ.
പണ്ടാകെജ്ജനിമരണാദിയാം വിപത്തി-
ങ്ങുണ്ടായക്കഥയിഹ കേട്ടറിഞ്ഞതിപ്പോൾ
കണ്ടാലും പരമതൊരാൾക്കുമോർമ്മചേര്ക്കാം
തുണ്ടാക്കുന്നിതു ദൃഢരാഗമീശമായാ.
നാടാകെസ്ഥിതിലയസൃഷ്ടിയോടുടർ ചേര്-
ത്തീടാൻ വമ്പുടയ മഹേശമായ തന്നെ
പീടാക്കനിഹ ഭഗവൽകൃപാകടാക്ഷം
കൂടാതെ പരമൊരുവൻ സമർത്ഥനാമോ?
ആര്ത്തിഘ്നൻ ഹരി സതതം കനിഞ്ഞു കാക്കും
കീര്ത്തിപ്പെട്ടിടുമൃഷിവര്യർ മാത്രമിപ്പോൾ
ചീര്ത്തിടും വിഷയവിരക്തി പൂണ്ടുകാട്ടിൽ
പാര്‍ത്തീടാൻ പരമിഹ യോഗ്യരായിടുന്നു.
ഞാനയ്യോ! രിപുകലഭീമവിക്രമാൽ സ്വ-
സ്ഥാനത്തെസ്സുപദി വെടിഞ്ഞു ഭീതിയോടെ
മാനത്തിൻകണമണയാതെ കാട്ടിലേവം
ദീനത്വത്തോടു മരുവുന്നു മാന്യബുദ്ധേ!
ഭാഗ്യശ്രീ തികയുമിളേന്ദ്രപുത്രനാൽ സാം-
ഭോഗ്യശ്രീയെഴുമിവളേത്തെളിഞ്ഞു വേൾപ്പാൻ
ഭാഗ്യത്തിൻകണമണയാത്ത മൽസുതന്നോ
യോഗ്യത്വം ശിവ ശിവ! ഭദ്രമല്ലിതൊട്ടും. '’
മദ്രക്ഷാവരനഥസ്വാലഭൂമിപൻതൻ
ഭദ്രശ്രീ തടവിയ വാക്കു കേട്ടശേഷം
ഛിദ്രത്തെ ത്വരിതമകറ്റുവാൻ നിനച്ചു-
ന്നിദ്രത്വത്തോടു സരസം പറഞ്ഞു മെല്ലെ.
"അല്ലേ മൽപ്രിയസഖ! സാല്വഭൂപതേ! തേ
ചൊല്ലേറെശ്ശുഭമിതു സത്തമേന്ദ്ര! സത്യം
ചൊല്ലേറും നൃവര ഭവാന്റെ ചാർച്ചയിൽ തെ-
ല്ലല്ലേമന്മനസി കുതൂഹലം മഹാത്മൻ!
ക്ലേശം തേ സകലമകറ്റുവാൻ ത്രിലോകാം
ധീശൻ താൻ വിമതവരച്ഛലാലിവണ്ണം
ആശങ്കാർഹിമശേഷരാജലക്ഷ്മീ-
നാശംചേര്ത്തിവിടെ വരുത്തിനാൻ ഭവാനെ.
പണ്ടാളും ബഹുതരഭക്തിയോടുകൂടി-
ക്കൊണ്ടാടി പ്രണതികൾ ചെയ്കയാൽ ഭവാനിൽ
തണ്ടാരിന്മകളുടെ കാന്തനായ ദേവ-
ന്നുണ്ടാകാതിഹ വരുമോ മഹാപ്രസാദം.
രാജ്യം പോവുകിലുടനഭൂപരെല്ലാം
ത്യാജ്യംതാൻ നിജതനുവെന്നതിന്നൊരുങ്ങും
പ്രാജ്യം നിൻപ്രമദമതോര്ക്കിലുത്തമാനം
പൂജ്യൻ നീ വിഷയവിരക്തനെന്നു ന്യൂനം
ന്യായാലിജ്ജനമഖിലം സുഖത്തിനായ്ത്താ-
നായാസാൽ ക്ഷിതികനകാദി നേടിടുന്നു
മലയാഭ്രാന്തകലയൊഴിഞ്ഞവന്നു രാഗം
പോയാളും സ്വയമതിസൌഖ്യമെന്നു സിദ്ധം
ശര്മ്മത്തിന്നപരനൃപവ്രജം മഹാ ദു-
ഷ്കര്മ്മത്തെപ്പണിയൊടു ചെയ്തു കേണിടുന്നു
ധര്‍മ്മശ്രീ മുനിജനയുക്തനായ ഭവാൻ സൽ-
ക്കര്മ്മത്തെസ്സുഖമൊടു ചെയ്തു വാണിടുന്നു.
കുന്നിച്ചീടിന കുതുകേന താപസന്മാ-
രൊന്നിച്ചിത്തവ വനവാസമത്ര ഭദ്രം
ഒന്നില്ലിസ്സുജനസമാഗമം കണക്കാ-
യിന്നിഷ്ടം വരുവതിനെന്നു സുപ്രസിദ്ധം.
എന്താണിങ്ങധികസദുര്ഘടം ജവാത്താ-
ലെന്തായകിലുമിഹ നല്കിടുന്നതോര്ത്താൽ
സന്താപം സകലമറുക്കുമത്തപന്നി-
ശ്ചിന്താത്മ നിഹ തവ പൂര്ണ്ണമായിടുന്നു.
ചിത്താദിഭ്രമണമടക്കിയാതൊരുത്തൻ
നിർത്താതേ കഠിനതപസ്സു ചെയ്തിടുന്നു
സത്താമപ്പുരുഷവരൻ സുരേശ്വരൻത-
ന്നുൾത്താർ തന്നിലു മതിഭീതി ചേർത്തിടുന്നു.
അന്ധത്വം പരമരചര്ക്കകത്തുവല്ലാ-
തന്ധത്വം തവ മതിമൻ! പുറത്തുമാത്രം
ബന്ധിക്കും സുജനമനസ്സഹോ! ഭവാനിൽ
സന്ധിക്കും പരമഗുണങ്ങളീഷലെന്ന്യേ.
നേരായിങ്ങിനെ ശുഭമൊത്തിടും ഭവാനായ്
ചേരാനാര്ക്കതികതുകം ഭവിക്കയില്ല?
ഈരാജപ്പരിഷയിലായതിന്നു പുണ്യം
ധീരാത്മൻ കിമപി ഭവിക്കുവാൻ പ്രയാസം
സേവിക്കുന്നവനഖിലേഷ്ടവും കൊടുക്കും
സാവിത്രീഭഗവതി സുപ്രസന്നയായ് മേ
ഹേവിദ്വൻ! കൃപയോടു തന്നനാണു മുന്നം
ഭാവിശ്രീശുകരിയീനതാംഗി പുത്രി
ഭൂലോകം മുഴുവനുടൻ നടന്നുനോക്കി-
ബ്ഭൂലോകാധിപസൂതരെ ത്യജിച്ചശേഷം
ആലോചിച്ചിഹ തവ പുത്രനെസ്വയംതാൻ
പാലോലും മൊഴിയിവൾ കാന്തനായ്വരിച്ചാൾ
പങ്കത്തിൻ കണവുമണഞ്ഞിടാതെ വാഴും
നിങ്കൽപ്പെട്ടൊരു ബഹുമാനഭക്തിമൂലം
തിങ്കൾക്കീറൊളീതനുവാമിവൾക്കെഴുന്നി-
സ്സങ്കല്‍പം ദൃഢമഥ സമ്മതിച്ചു ഞാനും.
മാനം വിട്ടതികുതുകം കലര്‍ന്നു പുത്രീ-
ദാനം ചെയ്വതിനിഹ ഞാൻ തുനിഞ്ഞിടുന്നേൻ
മാനഞ്ചു മിഴിയിവളെസ്സുതാര്ത്ഥമായി-
സ്സാനന്ദം നൃവര! ഭവാൻ ഗ്രഹിച്ചുകൊൾക.
ഇക്കാലം കനിവൊടു സാധുവാം ഭവാനെ-
ന്നിക്കാമം ജവമൊടു പൂര്ണ്ണമാക്കിടേണം
ഉൾക്കാമ്പിൽ ദൃഢമൊരു ലേശവും ഭവിക്കാ
ധിക്കാരം ഭുവി സുജനത്തിനെന്നു സിദ്ധം"
ഈവണ്ണം ഹയപതി മദ്രഭൂമിപൻ സൽ-
ഭാവം ചേര്ന്നരുളിയ വാക്കുകേട്ടശേഷം
കൈവന്നൂ കുശലമിനിക്കു സര്വ്വമിന്നെ-
ന്നേവം പാര്ത്തുടനെ കഥിച്ചു സാല്വഭൂപൻ.
"സാവിത്രീഭഗവതിതന്റെ പാദപത്മം
സേവിച്ചത്ഭുവരസിദ്ധിയോടുകൂടി
മേവീടും തവ വലുതായ ചാർച്ചനടാൻ
ഭോ വീരോത്തമ! മമ കാമമുണ്ടു പണ്ടേ.
ഇക്കാലതിചിരകാലവൃദ്ധമാമെ-
ന്നക്കാമം നൃപവര! സാധുസിദ്ധമായി
മുക്കാലും ബഹുശതവര്ഷകാലജീവി-
ക്കുൾക്കാമ്പിൽ സുഖവുമുദിക്കുമെന്നു ഞായം.
മംഗളം തടവിയ മാമുനിവ്രജത്തിൻ
സംഗത്താൽ പരമുളവായ പുണ്യമൂലം
തുംഗശ്രീവിലസിയ നിന്റെ ബന്ധുഭാവ
ഭംഗത്തിന്നിടയണയാതെ ലബ്ധമായ മേ
ഭോഗാര്ത്ഥിക്കമരപുരദ്രുപോലെ പാരം
രോഗാര്ത്തന്നഴകിയ വൈദ്യനെന്നപോലെ
രാഗാന്ധിഹ ഗുരു പോലെ മോദഭാരം
വേഗാലെന്മനസി ഭവാൻ വരുത്തിടുന്നു."
ഈരാജദ്വയമിതുചൊല്ലിടുംദശായാം
പാരാതാ ഹയപതിരൂപദർശനനാം
വൈരാഗ്യം പരമിയലു, തപോധനന്മാ-
രാരാലായവിടെയണഞ്ഞു ഭൂരിശോഭം.
ശാപത്തിന്നുമനുഗ്രഹത്തിനുമഹോ!
ശക്തൻ മഹായോഗവാ-
നാപസ്തംബമഹർഷിശിഷ്യഗണമോ-
ടൊന്നിച്ചു വന്നീടിനാൻ
പാപത്തെസ്സകലം മുടിച്ചു നിജസാ-
ഗം പൂണ്ടവര്ക്കൊക്കെയും
താപത്തെക്കളയുന്ന ദാല്ഭ്യമുനിയും
രഞ്ജിച്ചണഞ്ഞീടിനാൻ.
ഗ്രാമ്യസൌഖ്യരതിലേശവിഹീനൻ
കാമ്യകര്മ്മവിമുഖൻ ഹരിഭക്തൻ
ധൌമ്യനെന്ന മുനിയായവിടത്തിൽ
സൌമ്യഭാവമോടണഞ്ഞു തദാനീം.
കോപം കലര്ന്നിന്ദ്രനിലുഗ്രമായ
ശാപം പ്രയോഗിച്ച മഹാനുഭാവൻ
പാപം ഹരിക്കും മുനി ഗൌതമാഖ്യൻ
താപം നശിക്കുമ്പടി തത്ര വന്നാൻ.
പരബ്രഹ്മരാമപ്രഭാവം ജഗത്തിൽ
പരത്തിപ്പുകണ്ണുള്ള വാലീകിതന്റെ
വരത്വം കലര്‍ന്നുള്ള ശിഷ്യൻ മുനീന്ദ്രൻ
ഭരദ്വാജനങ്ങാഗമിച്ചാൻ തദാനീം
സുവർച്ചസ്സാകുമാമുനിവരനുമത്യത്ഭുതതപാ-
സ്സുവർച്ചസ്സേറും മറ്റുരുമുനികളും ശിഷ്യഗണവും
ഭവച്ഛേദം ചെയ്തുള്ളവരതിഥിസല്ക്കാരകുതുകാൽ
ജവത്തോടെ ചെന്നാർ തുരഗപതിമദ്രേന്ദ്രസവിധേ
വേണ്ടുംവണ്ണമനന്തരം മുനികൃതാ-
തിത്ഥ്യത്തെ വാങ്ങിസ്സുഖം
പുണ്ടും കൊണ്ടറിയിച്ചു തന്നുടെ സുതാ-
ദാനോദ്യമം മദ്രപൻ
വീണ്ടും തൽക്കഥ കേട്ടു താപസവര-
ന്മാർ ചൊല്ലിനാ "രേറെനൂ-
റാണ്ടുണ്ടാംശുഭ' മെന്നു സാധുവചനം
സൊല്ലാസമെല്ലാവരും.
ആ വിപ്രസംഘത്തൊടു ചേർന്നു മദ്ര-
ഭൂവിന്നധീശൻ തെളിവാര്‍ന്നു പിന്നെ
സാവിത്രിയേസ്സാല്വമഹീന്ദ്രപുത്ര-
ന്നാവിർമ്മുദാ നല്കി യഥാവിധാനം.
ബാധയെന്നിയെ വിവാഹമാര്യമാം
സാധനത്തൊടു കഴിഞ്ഞനന്തരം
സ്ത്രീധനം പ്രണയപൂർവ്വമേകിനാൻ
ബോധവാൻ സപദി മദ്രഭൂമിപൻ.
രാവിൽത്തളിഞ്ഞ മതിനേർമുഖിയായ്വിളങ്ങും
സാവിത്രിയായ രമണീമണി തന്നെ നിത്യം
സേവിയ്ക്കുകൊണ്ടു സതതം ഹൃദി സത്യവാന-
ന്നാവിർബ്ഭവിച്ചു വലുതായ കൃതാര്ത്ഥഭാവം.
സാരസൽഗുണമെഴുന്ന സത്യവാൻ
ധീരനാത്മപതിയാകകാരണാൽ
പാരമേറിയ രസേന മേവിനാൾ
സ്വൈരമശ്വപതിരാജനന്ദിനി.
എന്നാലഹം നിജപുരിക്കു ഗവിച്ചിടുന്നേ-
നെന്നാത്തപോവനനിവാസികളോടശേഷം
നന്നായ്ക്കഥിച്ചു പുനരശ്വപതിക്ഷിതീന്ദ്രൻ
തന്നാട്ടിലേക്കഖിലഭൃത്യരോടൊത്തു പോയാൻ.
ഇങ്ങിനെ 'സാവിത്രീമാഹാത്മ' കാവ്യത്തിൽ
അഞ്ചാംസര്‍ഗ്ഗം കഴിഞ്ഞു.
ആറാം സർഗ്ഗം
ദോഷഹീനമതിയായ താതനുൾ
ത്തോഷമാര്ന്നു നടകൊണ്ടനന്തരം
വേഷമാശ്രമപദാര്ഹമാക്കിനാൾ
യോഷമാർമണിനരേന്ദ്രനന്ദിനി.
തൊട്ടുവെങ്കിലതിൽ സൗഖ്യമേകിടും
പട്ടുശീല ശുഭശീലയാമവൾ
വിട്ടു ദുഷ്ക്കരതപോനുകൂലമാം
മട്ടുടുത്തു ഘനമായ വല്ലലം.
ഈഷലെന്നിയെ വിശേഷമാം ശിരോ-
ഭൂഷയായ മണിയെത്ത്യജിച്ചവൾ
ദോഷമറ്റവിടെ വച്ചു ദേവതാ-
ശേഷമായ തുളസീദളം ശുഭം.
കര്ണ്ണവേഷ്ടനമണിവ്രജോല്ലസ-
ദ്വര്ണ്ണഭംഗി സകലം കളഞ്ഞവൾ
കര്ണ്ണയുഗമഖിലേശനാമസ-
ദ്വര്ജാലപരിപൂതമാക്കിനാൾ
അഞ്ജനദ്യുതിവരുത്തിടാതെ തൻ
കഞ്ജനേർമിഴിയിലശ്ശുഭാംഗിയാൾ
അഞ്ജസാ ദുരിതഭഞ്ജനാര്ത്ഥമായ്-
കഞ്ജന ഭതനുകാന്തിയേന്തിനാൾ.
സത്തു പാര്‍ത്തു ഹൃദയത്തിൽനിന്നു ന-
ന്മുത്തുമാല മുഴുവൻ കളഞ്ഞവൾ
മുത്തു നൽകുമഖിലേശ്വരന്റെ തൃ-
പ്പത്തു കൊണ്ടിനു ചേർത്തു മണ്ഡനം.
കേവലാശ്രമനിവാസയോഗ്യമാ-
മേവമുള്ള ശുഭവേഷമോടുടൻ
പാവകാതിഥിസുരാദിപൂജയെ-
പ്പാവനാംഗിയവൾ ചെയ്തു സാദരം.
ഭൂരിഭക്തിയവൾ കൊണ്ടുവന്ന നൽ-
ത്താരിനുള്ള ഗുണമോര്ത്തു ദേവകൾ
പാരിനിങ്ങുടനെ ജാതമാക്കണം
പാരിജാതമിതി വാഞ്ച തേടിനാർ.
പുഷ്ടഭക്തിയവൾ തീർത്ത വന്യമാം
മൃഷ്ടഭക്തഗുണമോര്ത്തു വാനവർ
ശിഷ്ടയജ്ഞമമൃതെന്നിതൊക്കെയി-
ങ്ങിഷ്ടമല്ല ദൃഢമെന്നു നണ്ണിനാർ.
അപ്രമേയഗുണമശ്ശുഭാംഗിയാൾ
സുപ്രസന്നരുചിദീപികാര്പ്പണാൽ
ക്ഷിപ്രമഗ്ന്യതിഥിദേവതാദികൾ-
ക്കുൾപ്രമോദമുളവാക്കിയേറ്റവും.
പാവനാംബുവവൾ നൾകിടും വിധൌ
ദേവതാതിഥ പിതൃക്കളായതിൽ
ജീവനാമൃതസമാഖ്യ ചേരുമെ-
ന്നേവമോര്ത്തു ഹൃദയേ കഹലാൽ.
മദ്രഭൂ പസുത നിത്യമേറ്റമു-
ന്നിദ്രഭക്തിയോടു ധൂപപഞ്ചകം
ഭദ്രമാംപടി പരത്തിടുന്നത-
ച്ഛിദ്രകൌതുകമെടുത്തു ദേവകൾ.
ഖേദിയാതെ പരിമാര്ജ്ജനാത്സുധര്-
മ്മാദി സൃഷ്ടിയവൾ ശുദ്ധി ചേര്‍ക്കയാൽ
വേദി, മുറ്റമിവ സര്വ്വമാശ്രമേ
വൈദികാദിസകലക്രിയാര്ഹമായ്.
ക്ഷാമമെന്നിയെ സമാത്കുശാദിയെ-
ക്കോമളാംഗിയവൾ കൊണ്ടുവന്നുടൻ
ഹോമദേവ പിതൃകര്മ്മനിഷ്ഠർ തൻ
കാമപൂര്‍ത്തി സതതം വരുത്തിനാൾ
അന്നയാനയവൾ തീർത്തു വന്യമാ
മന്നമാദരവിയന്നു നൽകിയാൽ
ഖിന്നരാമതിഥികൾക്കു സാധുസ-
മ്പന്നമായി സുഖമല്ലലെന്നിയേ.
ഭൂപപുത്രിയവളിന്ദ്രിയങ്ങൾതൻ
ചാപലങ്ങളണയാതെ നിത്യവും
താപസീവാഹിതസൽക്രിയാഗണം
താപമെന്നിയെ നടത്തി സർവ്വവും.
മദ്രഭൂമിപതിപുത്രി പാരമു-
ന്നിദ്രയായ്പരിചരിക്ക കാരണം
ഭദ്രസൌഖ്യമൊടലിഞ്ഞുപോയ്ദയാ-
സദ്രസാത്സപദി സാല്വഭൂമിപൻ.
സാദരം തുരഗനാഥപുത്രി നി-
സ്സാദമായ്പരിചരിക്കകാരണാൽ
മോദമാര്ന്നഥ നിജാന്ധ്യജാതമാം
ഖേദവും ഹൃദി മറന്നു പോയ്നൃപൻ,
വന്ദനപ്രഭൃതിദേവസൽക്രിയാ-
വൃന്ദമാദരവിയന്നുചെയ്തുടൻ
സുന്ദരാംഗിയവൾ നിത്യവും മഹാ-
നന്ദമാ ശ്വശുരനേകി മേവിനാൾ.
മംഗളാംഗി പിതൃമാതൃഭക്തിതൻ
രാഗമായ പതിതൻ സവിത്രിയ
അംഗസംസുകൃതികൾകൊണ്ടു നിത്യവും
ഭംഗമറ്റു പരിതുഷ്ടയാക്കിനാൾ.
നര്മ്മകേളിമഹിതം പതിവ്രതാ-
ധര്മ്മമെന്നിവകളാൽ തെളിഞ്ഞവൾ
നിമ്മലാശയമെഴും പതിയ്ക്കുടൻ
ശര്മ്മമേറ്റമുളവാക്കി നിത്യവും.
സ്വൈമിങ്ങനെ പരാശ്രമസ്ഥയായ്
നാരദോക്തിയതു പാര്ത്തുകൊണ്ടവൾ
സാരമാം നിജവപുസ്സു സദ്വ്രതാ-
ചാരശീല പരിശുഷ്ക്കയാക്കിനാൾ
പാതകം സകലമാശു പോക്കീടും
ഗൌതമാദിമുനിപത്നിമാരുടെ
സ്ഫീതപുണ്യപദപത്മസേവനം
ജാതഭക്തിയവൾ ചെയ്തു നിത്യവും,
ശുദ്ധഭാവവുമശേഷസൽക്രിയാ-
ശ്രദ്ധയും പരമവൾക്കു കാണ്കയാൽ
വൃദ്ധതാപസകുലം 'മഹാതപ-
സിദ്ധതന്നെയിവ' ളെന്നു വാഴ്ത്തിനാര്‍
ഘോർസദവ്രതവശാദ്വിശോഷിതം
പാരമാസ്സുമുഖിതൻകളേബരം
ധീരരാ മുനികൾ കാണ്കയാൽ ദയാ-
ഭാരസംഭ്രമമണഞ്ഞു സര്‍വ്വരും
നാരദോക്തപതിമൃത്യുവാസരം
ധീരയാമവൾ ഗണിച്ചുകൊണ്ടുടൻ
പാരമുള്ളിലഴൽ പൂണ്ടു സദ്വ്രതാ-
ചാര ശുദ്ധിയൊടു തത്ര മേവിനാൾ.
സത്യവാനഥ ചതുര്ത്ഥവാസരേ
കൃത്യമായ് മൃതി ഭവിക്കുമെന്നുടൻ
സത്യമായവൾ ധരിച്ചു തന്റെ നൽ-
ക്കൃത്യമോര്ത്തതിനൊരുങ്ങി മെല്ലവേ
സാധുശീലയവൾ മുന്നുനാളിനാൽ
സാദ്ധ്യമാം പ്രതമതീവ ദുഷ്ക്കരം
സാദരം ബത തുടങ്ങിനാൾ മഹാ-
സാദമുണ്ടുടലിനെന്നിരിക്കിലും.
ധീരയാമവൾ തുടങ്ങിടും മഹാ-
ഘോരമാം വ്രതമതോര്ത്തു സംഭ്രാൽ
കീരവാണിയൊടു സാലഭൂമിപൻ
സാരമായി കനിഞ്ഞു ചൊല്ലിനാൻ,
ഭൂമഹേന്ദ്രതനയേ! വനാശ്രമാൽ
ക്ഷാമയായി വലയുന്നു നീ ശുഭേ!
കോമളാംഗി! വലുതാമസാത്മ്യമൊ-
ന്നാമയത്തിനു നിദാനമോര്ക്കുകിൽ
ദോഷമറ്റ മഹിതവ്രതങ്ങളാൽ
ശോഷമീയ്യുടലിനേറ്റമുണ്ടുതേ
ഭീഷണാതപനിപാതശുഷ്ക്കയാം
മോഷധിയ്ക്കു ശരിയായിടുന്നു നീ,
ഉക്തിനിന്ദിതസുധേ! സുരാദിസൽ-
ഭക്തിശാലിനി! ശുഭേ! ദിനത്രയാ
ഭുക്തിയെന്നിയെ കഴിച്ചുകൂട്ടുവാൻ
ശക്തിയെങ്ങിനെ ഭവിച്ചിടും തവം
മോഹനാംഗി! ശൃണു ധര്‍മ്മസാധനം
ദേഹമാണറിക മുഖ്യമായിഹ
മോഹമോടതു നിനച്ചിടാതെ നീ
സാഹസങ്ങൾ തുടരൊല്ല ബാലികേ!
സത്തമൻ ശ്വശുരനേറ്റവും കനി-
ഞ്ഞിത്തരം പരമുരച്ചനന്തരം
ഉത്തമാംഗിമണിയാൾ വിനീതയാ-
യുത്തരം കിമപി മന്ദമോതിനാൾ.
"പാരമാഗ്രഹവശാൽ മഹാഫലം
ഘോരമീ വ്രതമെടുത്തു പോയി ഞാൻ
സാരമാം ഗുരുസൂരാദ്യനുഗ്രഹാൽ
സ്വൈരമായിതു കഴിച്ചുകൂട്ടിടാം.
ഹന്ത! ധൈര്യവിനയങ്ങൾ പൂണ്ടു നൽ-
ച്ചന്തമോടവളിതോതിയപ്പോഴേ
ചിന്തകൊണ്ടധികമായി വെന്തിടു-
ന്നന്തരംഗമൊടു ചൊല്ലി ഭൂമിപൻ.
ഭഞ്ജനം വ്രതമിതിന്നു ചെയ്കയെ-
ന്നഞ്ജസാ പറക വയ്യ മേ ശുഭേ!
കഞ്ജനേർമുഖി! തവേഷ്ടമേകിടും
കഞ്ജനാഭവിധിശങ്കരാദികൾ."
ഈ വിധം ശ്വശുരമംഗളോക്തി കേ-
ട്ടാവിലത്വമഖിലം വെടിഞ്ഞവൾ
ഭാവി ഭർത്തൃമൃതി നീക്കുമാ വ്രതം
കൈവിടാതഥ തുടങ്ങിനാളവൾ.
ഊണുറക്കമിവയൊക്കെ വിട്ടു നൽ
സ്ഥാണുപോലമരുമൿകൃശാംഗിയേ
കാണുമാ മുനിജനത്തിനും മനം
താണുപോയി വിപുലാത്ഭുതാംബുധൌ
പീനഭക്തിഭഗവൽപദാംബുജ -
ധ്യാനമോടവൾ വസിച്ചു സർവ്വദാ
മാനമറ്റ ബഹുമാനമോടുടൻ
ജ്ഞാനമേറുമൃഷിവര്യർ വാഴ്ത്തിനാർ
"ഛിദ്രലേശമണയാതെ പാരമു-
ന്നിദ്രസൽഗുണമെഴുന്നൊരീ വ്രതം
ഭദ്രമൊക്കെയുമുടൻ കൊടുക്കുമീ
മദ്രരാജതനയയ്ക്കു നിര്‍ണ്ണയം. '
അന്നു താപസ വരിഷ്ഠരേവമോ-
രോന്നു വാഴ്ത്തുമവളാ മഹാവ്രതം
കന്നുപോലെയിളകാതെ ധീരയായ്-
നിന്നുകൊണ്ട് കഴിച്ചു കൂട്ടിനാൾ.
മായമെന്നിയെ തദാ ദിനത്രയം
പോയശേഷമവൾ വേവുമാശയേ
കായമുക്തി പതി ചെയ്തിടുന്ന നാ-
ളായഹോ! ദൃഢമിതെന്നു മാഴ്കിനാൾ.
ദേവതാനം പിതൃക്രിയാദിയെ-
ബ്ഭാശുദ്ധിയൊടു ചെയ്തനന്തരം
പാവകപ്രതിമരാമൃഷീന്ദ്രർതൻ
സേവ ചെയ്തു ബഹുഭക്തി പൂണ്ടവൾ.
വന്നു കൂപ്പുമവളിൽ കനിഞ്ഞുകൊ-
ണ്ടൊന്നുപോലെ മുനിമാരശേഷവും
"എന്നുമേ വിധവയാകയില്ല നീ"
യെന്നു മംഗളവചസ്സു ചൊല്ലിനാർ
ക്ലിഷ്ടഭാവമണയായെ കണ്ട ത-
ന്നിഷ്ടസിദ്ധിവരുമാറു തൽക്ഷണ
ശിഷ്ട താപസരുച്ച വാക്കിനാൽ
പുഷ്ടമോദമവൻ തേടി മാനസേ.
താതമാതൃചരണാംബുജങ്ങളെ
സ്ഫീരഭക്തിയോടവൻ നമിച്ചുടൻ
പ്രീതനായി വിറകിന്നു പോകുവാൻ
വീതശങ്കമഥ യാത്ര ചൊല്ലിനാൻ.
ആകുലത്വമണയാതെ കടാകം
പൂകുമാത്മപതിയോടനസരം
സ്ത്രീകലാഭരണമാശ്ശുഭാംഗി തേൻ
തൂകുമുത്തമവചസ്സിതോതിനാൾ.
"വീര! കാടിനു ഭവാൻ ഗമിച്ചിടും
നേരമിപ്പൊളൊരുമിച്ചു പോരുവാൻ
പാരമുണ്ടു മമ കാമിതം പ്രഭോ!
സ്വൈരമായതിനു നല്ക സമ്മതം.''
ഏവമോതുമലാസാംഗിയോടു സൽ-
ബ്ഭാവവാനുടനുരച്ചു സത്യവാൻ
"കേവലം തൊലിയുമെല്ലുമായിടും
നീ വനത്തിനു വരുന്നതെങ്ങിനെ.
പാരമാര്ത്തതനുവായിടുന്ന നിൻ-
ഭാരമിങ്ങു വരുമൊത്തുപോരുകിൽ
സ്വൈരമായ്വിറകുകൊണ്ടുവന്നിടാൻ
സാരസാക്ഷി! തരമാകയില്ല മേ.''
ഹേതുവൊത്ത നിജകാമിതം തടു-
ത്തോതുമാത്മപതിയോടു ചൊല്ലിനാൾ
ആതുരത്വമണയാതെ സാധുവാൿ -
ചാതുരീവിജിതവാണിയാമവൾ.
"ഹൃത്തു ചേര്‍ന്ന പതിയായിടും ഭവാ-
നൊത്തു കാനനതലേ ചരിക്കുകിൽ
ക്ഷുത്തുദാഹമിവകൊണ്ടെനിക്കു മാ-
ലെത്തുകില്ല ലവലേശവും പ്രഭോ!
ജീവനാഥ! പരമിന്നു കാൽക്ഷണം
താവകീനവിരഹം സഹിക്കുവാൻ
ആവതില്ല മമ വായ്ക്കുമാധികൊ-
ണ്ടേവമെന്റെ പരമാർത്ഥമൊക്കെയും.
ഛായപോലെ പതിയേബ്ഭജിക്കുകെ-
ന്നായതുത്തമവധുഗുണം ശുഭം
മായമറ്റതിനൊരുങ്ങിടുന്നു ഞാൻ
ഞായമല്ലതു തടുപ്പതാര്ക്കുമേ.
കുന്നിനൊത്ത കുതുകം ഭവാനൊടൊ-
ത്തിന്നെനിക്കു വിപിനേ ചരിക്കുവാൻ
വന്നിടുന്നു ഹൃദി, ഗാഢമാദരാൽ
തന്നിടേണമതിനിങ്ങു സമ്മതം."
വന്മനീഷിയഥ സത്യവാൻ തദാ
നന്മയിൽ ദയിതയോടുചൊല്ലിനാൻ
"നിന്മയം മമ ഗുരുക്കളേറ്റവും
സമ്മതിക്കുകിൽ വിരോധമില്ല മേ.
ശാന്തശീലമിയലും ഗുരുക്കൾതൻ-
സ്വാന്തമെന്തതറിയാതെകണ്ടയേ!
താന്തഗാത്രി! വനയാനമിന്നു തേ
ഞാന്തനിച്ചറിക സമ്മതിച്ചിടാ.''
ഏവമാര്യഗുരുഭക്തി പുണ്ടു തൻ -
ജീവനായകനുരച്ചനന്തരം
സാവധാനവിനയം ഗുരുക്കളെ-
ക്കൈവണങ്ങിയവളിത്ഥമോതിനാൾ.
"ആര്യധീയുടയ നിങ്ങളോടു നൽ-
ക്കാര്യമൊന്നുടനിരന്നിടുന്നു ഞാൻ
വാര്യമല്ല ശുഭമാമിതേറ്റവും
ധൈര്യമോടനുവദിച്ചിടേണമേ.
പീനധര്മ്മമെഴുമെൻ വരൻ സമി-
ത്താനയിപ്പതിനു പോയിടും വിധൌ
കാനനത്തിനൊരുമിച്ചു പോകുവാൻ
മാനസത്തിലതികാമമുണ്ടു മേ.
ശ്രേഷ്ഠധര്മ്മവിഹിതക്രിയാര്ത്ഥമായ്
കാഷ്ഠപുഷ്പഫലമാഹരിക്കുവാൻ
ഇഷ്ടമോടു നടകൊണ്ടിടും മഹാ
ശിഷ്ടനെത്തടക ധര്മ്മമല്ലയേ!
മായമറ്റു പതിയൊത്തുപോയിടും
ജായയേത്തടക ധര്മ്മമല്ലിതും
ഞായമല്ല ശുഭധര്മ്മമല്ല നൽ-
പ്രായമായവർ കഥിപ്പതിങ്ങിന.
ആര്യഭാവമിയലുന്ന നിങ്ങളി-
ക്കാര്യമമ്പിനൊടു സമ്മതിക്കണം''
ധൈര്യമോടിതി കഥിച്ചു സദ്ര്വത-
സ്ഥൈര്യമുള്ളവൾ വണങ്ങി തൽപദം,
എത്രയും ശമദമാദി സൽഗുണം
മിത്രഭാവമൊടിരന്നിടുന്നിവൾ
അത്രകാര്യമിതിരന്നതോര്ക്കുകിൽ
ചിത്രമെന്തിതിനു തക്ക കാരണം,
ഇത്തരം ഹൃദി നിനച്ചു സാല്വഭൃം
ഭൃത്തനന്തരമുരച്ചു ബുദ്ധിമാന്
"ചിത്തശുദ്ധികലരുന്ന നിന്മതം
സത്തമേ! പരമസമ്മതം മമ
ധര്മ്മദൂഷണവചസ്സുരച്ചിടാ
നിർമ്മലേ! തപസി കാമമുള്ള ഞാൻ
ശര്മ്മമെന്നതു തരുന്നതേവനും
ധര്മ്മമൊന്നതിനു തർക്കമില്ലമേ.
കോമളാംഗി! ബഹുദുഷ്ക്കരവ്രത-
ക്ഷാമയായ ഭവതിക്കു കാനനേ
ക്ഷേമമങ്ങു വരുവാൻ മഹേശനെ
പ്രേമമോടിഹ ഭജിച്ചിടുന്നു ഞാൻ.''
തെല്ലിവണ്ണമമിതാശ്രു പൂണ്ടുടൻ
ചൊല്ലിടും ശ്വശുരനാം നരേന്ദ്രനെ
നല്ല ഭക്തിരസമുള്ളിലേന്തുമാ-
പ്പല്ലവാംഗിമണി താണു കൂപ്പിനാൾ.
പരമശുഭമിണങ്ങീടുന്ന സാവിത്രി പിന്നെ-
സ്സുരമുനിവചനത്തെത്തന്നെയോര്ത്തോര്ത്തു പാരം
തരള ഹൃദയയായിസ്സത്യവാനായിടും തൻ
വരനു പിറകേ പോയ്ക്കാനനത്തിൽക്കരേറീ
ഇങ്ങിനെ സാവിത്രീ മാഹാത്മ്യമെന്ന കാവ്യത്തിൽ
ആറാം സര്‍ഗ്ഗം കഴിഞ്ഞു
ഏഴാം സർഗ്ഗം
പുനരതിശുഭശാലി സത്യവാൻ ത-
ന്മനമൊടിണങ്ങിയ കാന്തയോടു ചൊന്നാൻ
ഘനതരുലതികാമൃഗങ്ങൾ തിങ്ങും
വനമിതു കാണ്കയി! കഞ്ജലോചനേ! നീ.
ചമലിഴി! മലിനം മധുവ്രതൗഘം
ദലതതികൊണ്ടു തടസ്ഥമുള്ള മൂലം
മലർ മധുരരസം കടന്നെടുക്കാൻ
പലവഴി പാര്ത്തണയാതൊഴിച്ചിടുന്നു
അതിദൃഢ തരുവിങ്കൽനിന്നു തൂങ്ങും
ലതികയണഞ്ഞിഹ ചുറ്റിടുന്ന മൂലം
പ്രതിനവസുകുമാരഭൂരുഹത്തിൻ-
ക്ഷതി കൊടുവായു വരുത്തിടുന്നതില്ല.
സ്വഗതിരയവികൃഷ്ടവലിബന്ധാൽ
വിഗളിതവിക്രമനായവാരണന്ദ്രൻ
അഗമമിതു തകര്‍ത്തിടാതെ താനേ
വിഗതമദം ബത! പിന്തിരിച്ചിടുന്നു.
അതിശുഭഗണമേന്തുമീവനത്തി-
ന്നതിരൊടു ചേര്‍ന്നൊഴുകുന്ന ചോല മൂലം
ഗതിവിഹിതപിണഞ്ഞു കാട്ടുവന്തീ-
യ്യിതിനുടെ ദാഹമൊഴിച്ചടങ്ങിടുന്നു.
ഗരളഹരമഹൌഷധിപ്രവാളം
സരസമശിച്ചിടുമിക്കുരംഗബാലൻ
ഉരഗപതി കടിക്കിലും തരിമ്പും
മരണഭയം കലരാതെ വാണിടുന്നു
ഉരുജവമിയലും വൃകം കടിപ്പാൻ
വരുമളവോടു മുടുമ്പു ദൈവഗത്യര്
തരുവിനുടയ പൊത്തിനുള്ളിലെത്തി
ട്ടൊരുഭയമെന്നിയെ തത്ര പാര്‍ത്തിടുന്നു
സുമനികർവിരജിതാമ്രബാല-
ദ്രുമമഥനത്തിനടുത്ത ... ഹസ്തി
ഭൂമരതതിയുടൻ സുമത്തിൽനിന്നുൾ-
ഭൂമമൊടുയര്ന്നതുകണ്ടൊഴിച്ചിടുന്നു.
ബകുളകുസുമിതാഗ്രസീമ്നിവാഴും-
ശകുനിയിലമ്പു വിടാൻ തുടര്‍ന്ന വേടൻ
സകുസമബഹുരേണുവാത്യമൂലം
മുകളിതലോചനനായൊഴിച്ചിടുന്നു.
ഗജവരവധു തള്ളിയിട്ട വൃക്ഷ-
വ്രജമിടതിങ്ങിയടഞ്ഞു മാര്ഗ്ഗദേശം
അജഗരമതിനാലടുക്കിലും വന്‍-
ഗജപതിയെപ്പിടിപെട്ടിട്ടുന്നതില്ല.
രയമൊടു മയിൽ കൊത്തുവാൻ വരുമ്പോൾ
ഭയമൊടു ചന്ദനബന്ധമറ്റു സര്‍പ്പം
സ്വയമൊരു ഗുഹയിൽ പതിക്കി മൂലം
ക്ഷയമണയാതവിടെക്കിടന്നിടുന്നു.
പുലിയുടെ വരവോർത്തു പാഞ്ഞൊരേണം
കലിതഭയം ബത! വീണു സിദ്ധഭൂമൌ
പുലിയുമവിടെ വന്നു തൽപ്രഭാവാൻ
വലിയ ശമം ഹൃദി പൂണ്ടൊഴിച്ചിടുന്നു.
ഗുണമുടയ മഹര്ഷിമാരഹോ! കാൽ-
ക്ഷണവുമിരുന്നു തപസ്സു ചെയ്ത ദേശേ
അണയുകിലുടനുഗ്രജീവികൾക്കും
ഘൃണ വളരും ഹൃദയേ വിശുദ്ധി മൂലം.
രഭസമണയുമുഗ്രമൃത്യു നീങ്ങി-
ട്ടദയമനേകമൃഗദ്വിജങ്ങളിപ്പോൾ
പ്രഭയോടു കളിയാടിടുന്നു പാരം
ശുഭദിനമാണിതു ശോഭനാംഗിയാളേ
കണലിനു ശരിയായ ഭാസ്കരാഭാ
ഗണമുളവാക്കിയ ചൂടറിഞ്ഞിടാതേ
തൃണജലപരിതൃപ്തമേണയൂഥം
തണലിലണഞ്ഞു കിടന്നുറങ്ങിടുന്നു.
പവനനുടയ സാധുസംഗമത്താൽ
നവസഹകാരമനോജ്ഞശാഖയിപ്പോൾ
ഭുവനശുഭദസൽഫലവ്രജത്തേ-
ജ്ജവമൊടിതാ കുറയാതെ തൂകിടുന്നു.
തിമിരഹരമഹൌഷധിക്കെഴും നീ-
രമിതതരം നയനത്തിലാം വിധത്തിൽ
അതു ചൊറിയൊടു കണ്ണിൽ വെച്ചുരച്ചീ-
മുതുകരിയന്ധനഹോ! സനേത്രനായീ.
കരികുലമിതഹോ! പുരാണനാമി-
ക്കരിവരയൂഥപനെസ്സനേത്രനായി
ത്വരിതമധികവിസ്മയേന കണ്ടി-
ട്ടരികിലണഞ്ഞവനെബ്ഭജിച്ചിടുന്നു.
പലരതിരസമേകിയും വിശേഷാൽ
കലപരിവൃദ്ധിവരുത്തിയും നിതാന്തം
വിലസിന ബഹുപുത്രയായിടുന്നീ-
സ്സുലത തരുന്നു സഖം സുജായപോലെ.
സുരമുനിപതി പണ്ടു ചൊന്ന വാക്യാൽ
വരകൃതിയോര്ത്തുരുകീടുമാശ്ശുഭാംഗി
നിരവധിഗുണമുള്ള വല്ലഭന്‍തൻ
സരസവചസ്സതു കേട്ടു ചൊല്ലി മെല്ലെ.
"യതിഗുരുജനഭക്തനാം ഭവാൻത-
ന്നതിശുഭസൂചകമാം വചസ്സിനെല്ലാം
ശ്രുതിയിലമൃതമെന്നപോലെ ചേര്ന്നെ-
ന്മതിഗതതാപമുടൻ കളഞ്ഞിടുന്നു.
ജിതമദന! വിഭോ! നിതാന്തദീർഘ-
വ്രതപരികര്ശിതകായയായിടും മേ
ഹിതശുഭകരമാം ത്വദീയവാക്യാ-
മൃതമിതു ഹന്ത! തളര്‍ച്ച പോക്കിടുന്നു.
കനിവിനൊടു തനിക്കെഴുന്ന തോൽ കാ-
യ്കനി മലർ പുല്ലിവയെന്നുതൊട്ടതെല്ലാം
മുനിയതിയിലണയ്ക്കുമീ വനത്തിൻ
ജനിഫലമുള്ളതുതന്നെ തര്‍ക്കമില്ല.
ചിലപൊഴുതിലൃഷീന്ദ്രർ ഭുക്തി ചെയ്യും
ഫലമധികം സഫലം ശുഭൈകമൂലം
പലമൃഗവിഹഗങ്ങൾതൻ വരാന്നം
ദലചയമങ്ങിനെ തന്നെ മുലമെല്ലാം.
ഗുരുസുരപിതൃപൂജനാദികൾക്കായ്
സുരുചിരപുഷ്പമറുക്കുവാൻ ദ്വിജന്മാർ
തരുശിരസി കരങ്ങൾ വെപ്പതോര്ത്താ-
ലുരുശുഭമൂലമനുഗ്രഹം ദ്രുമാണാം.
നിരവധികമഹോ! നിനയ്ക്കിലീവ-
ന്മരനിരതൻ തോലിചെയ്ത പൂര്‍വ്വപുണ്യം
പരമശുഭദമായ സൽപ്രസംഗം
സ്ഥിരതരമാണിവകൾക്കനന്യലഭ്യം.
സുമഹിതമുനിരക്ഷിതാഗ്നിതാനീ
ദ്രുമഗണകാഷ്ഠസമിത്സമിദ്ധനായി
അമരപരിവൃഢര്ക്കു തൃപ്തി നൽകീ-
ട്ടമലസുഖം നിഖിലര്ക്കുമേകിടുന്നു.
കുസുമഫലഭരാനതങ്ങളായി-
സ്സുസുലഭഗശാഖികളല്ലസിച്ചിടുന്നു
അസുവഴുമഖിലര്ക്കുമോര്ത്തു കണ്ടാ-
ലസുലഭമാണിവതന്റെ നത്സ്വഭാവം.
അലസത കലരാതെ വേർ തുടങ്ങി-
ത്തലവരെയുള്ള നിജാംഗകങ്ങളെല്ലാം
നലമൊടു സതതം പരാര്ത്ഥമാക്കീ-
ട്ടുലകിൽ മരങ്ങളഹോ! ജയിച്ചിടുന്നു.
സമരസമളി കക്കിലും ദലത്തെ-
ക്കമലസമൂഹമശിക്കിലും നിതാന്തം
സമദകരികൾ കൊമ്പൊടിക്കിലും നൽ-
ക്ഷമയൊടുതാൻ മരുവുന്നു ഭൂരുഹങ്ങൾ
വിതതശിഖരബാഹുസഞ്ചയത്താൽ
ചിതമിയലുമ്പടി നൽഫലവ്രജത്തെ
സതതമിഹ വഹിച്ചിടുന്നു നന്ദി-
ച്ചിതരജനത്തിനു നൽകുവാൻ ദ്രുമങ്ങൾ.
തപനനുടെ കരങ്ങൾ തൻപ്രതാപം
സപദി തടുത്തു മഹീരുഹങ്ങൾ നിത്യം
സ്വപദശതജനത്തിനുള്ള താപം
കൃപയൊടുതൻ തണൽകൊണ്ടു പോക്കിടുന്നൂ.
സ്വയമിഹ തൃണമേണജാതികൾക്കായ്
ഭയരഹിതം സ്വശരീരമേകിടുന്നു
പ്രിയനിജതനുവിൻ പരാര്ത്ഥമാകും
വ്യയമധികോത്തമലോകശീലമല്ലോ.
വിശദതരനിജാശയേ നിതാന്തം
പ്രശമമെഴും മുനിമാർ ശുഭക്രിയാര്ത്ഥം
ദൃശമനിശവുമാഗ്രഹിച്ചിടുന്നീ-
ക്കുശ മുതലാം തൃണമൊക്കെയെത്ര ധന്യം
സുമഹിതപിതൃദേവകാര്യസിദ്ധി-
ക്കമല! ഭവാനിനി വൈകിടാതിദാനീം
സുമകുശസമിദാദി വസ്തുജാലം
ക്രമമൊടെടുക്കുക സാധുശീലം മൗലേ!
സ്ഥിരശുഭമതി സത്യവാൻ സ്വകാന്താ-
വരമൊഴിയിങ്ങിനെ തത്ര കേട്ട ശേഷം
തരമൊടു തരസാ സമിൽക്കുശാദ്യാ-
ഹരണവിധിക്കു തുനിഞ്ഞു ധര്‍മ്മശീലൻ.
കുശലനവനുടൻ ക്രിയയ്ക്കുവേണ്ടും
കുശകലരിഞ്ഞതു ചേര്‍ത്തു കെട്ടിവെച്ചു
കുശയുടെ ശിഖയൊത്ത ബുദ്ധിയുള്ള-
ക്കൃശതനുവാമവൾതൻ സഹായമോടേ.
പലതരമവിടെപ്പഴുത്തുനില്ക്കും
ഫലനികരങ്ങൾ പറിച്ചു രാജപുത്രൻ
നലമൊടവകളൊക്കെ മദ്രഭൂമീ-
തലപതിനന്ദിനി ഭാജനത്തിലാക്കി.
കുതുകമൊടു സുരാദിപൂജചെയ്വാൻ
പുതുമലർ വേണ്ടതു സത്യവാനറുത്തു
അതുലിതഗുണയാശ്ശുഭാംഗി വാങ്ങി-
ച്ചതു മുഴുവൻ സുമഭാജനത്തിലിട്ടു.
പുനരഥ ചമതയ്ക്കു യോഗ്യമായീ-
ടിന വലുതായ മരം തിരഞ്ഞുനോക്കി
മനസി തെളിവൊടൊന്നിലക്കുമാരൻ
ഘനതരമാം മഴുകൊണ്ടു വെട്ടി മെല്ലെ
ഖരകരനുടെ തീക്ഷ്ണരശ്മിജാലം
പരമഥ മേനിയിലേറ്റുകൊണ്ടുതന്നെ
ചിരതരമവനാഞ്ഞു വെട്ടിനാൻ തൻ-
പരശുവിനാൽ ദൃഢമാകുമാമരത്തിൽ.
ഉടനഥകടയറ്റു ഭൂതലത്തിൽ
ചടചടശബ്ദമൊടാ മരം പതിച്ചു
ഉടലവനു വിയര്‍ത്തു പാരമപ്പോ-
ളിടമുറിയാതതിവേലചെയ്കമൂലം.
കിടുകിടെയുടലൊക്കെയും വിറച്ചു
കടുതരമായ്ത്തലകുത്തു സംഭവിച്ചു
ചടുലമിഴികൾ പൂണ്ടവന്നു നില്പാൻ
പടുത നശിച്ചു ശിസ്സു ചുറ്റിയേറ്റം.
ഘൃണയൊടു വിബുധര്ഷി പണ്ടു ചൊന്നാ-
ക്ഷണമണയുന്നതുതന്നെ പാര്‍ത്തു പാരം
കണലെതിർപരിതാപമാണ്ടിടുന്നാ-
ഗുണവതിയാപ്പതിതൻ തളർച്ച കണ്ടാൾ.
ധൃതിയോടരികിലങ്ങണഞ്ഞു തന്മെയ്-
ലതികയിലാപ്പതിതന്റെ ദേഹഭാരം
അതിജവമൊടണച്ചു വാരണത്തിൻ
ഗതിയെഴുമായവളിങ്ങു കൊണ്ടുപോന്നാൾ.
തരമൊടൊരു തണുത്ത വൃക്ഷമൂലേ
പരമവരിങ്ങിനെ ചെന്നതിന്റശേഷം
പരവശതരനായ സത്യവാന-
ത്തരളതരാക്ഷിയോടിത്തരം കഥിച്ചാൻ.
"ക്ഷിതിരുഹമിതു സത്വരം മുറിപ്പാ-
നതികഠിനശ്രമമത്ര ചെയ്കയാൽ മേ
മതിമുഖി! തളർന്നു ദേഹമെല്ലാം
സതി തലവേദനയോ സഹിച്ചുകൂടാ
നേടിയ ബഹുലശൂലവേധമുണ്ടാം-
പടിയധുനാ തലകുത്തിനൊന്തിടുന്നു
മുടിമുതലടിയോളമംഗമെല്ലാ-
മിടിപൊടിയാമ്പടി ഹാ! തകർന്നിടുന്നു.
തല, തരളതരാക്ഷി! താവകാങ്ക-
സ്ഥലമിതിൽ വെച്ചു കിടന്നു തെല്ലുറങ്ങാൻ
അലഘുകുതുകമുണ്ടെനിയ്ക്കിദാനീം
ചലമിഴി ചൊൽവതിനില്ല ശക്തിതെല്ലും."
ഇതി പരവശഭാവമാർന്നു പാരം
പതി പലതും പറയും ദശാന്തരാളേ
ക്ഷിതിയിലിളകിടാതകണ്ടിരുന്നാൾ
മതിമതിയാകിയ മദ്രരാജപുത്രി.
പരവശത കലർന്നുഴന്നിടും തൻ
വരനുടെ ശീര്ഷമുടൻ നിജാങ്കുമദ്ധ്യേ
ത്വരയാടവളണച്ചു കാന്തകായം
സരസതരം മൃദുപാണിയാൽ തലോടി,
അസുലഭബഹുധര്മ്മസിദ്ധയാമ-
ക്കുസുമസമാംഗി തദാ തലോടിയപ്പോൾ
അസുവിശമമടുത്തൊരക്കുമാരൻ
സസുഖമുറങ്ങിയപോലെ താൻ മയങ്ങീ.
കനവിനൊടു പുരാ പരാപരജ്ഞൻ
മുനിയരുൾചെയ്ത പതിപ്രണാശകാലം
അനിതരഗതചേതസാ നിനച്ചാ-
പനിമതിനേർമുഖി തത്ര കാത്തിരുന്നാൾ,
വരുമഴലതു പാര്‍ത്തു തത്ര താനേ
മരുവിടുമായവൾ തന്മനക്കുരുന്നിൽ
ഗുരുവരപദപങ്കജങ്ങൾ പാരം
കരുണ കലർന്നു സഹായമായ്വിളങ്ങീ.
അതിമഹിതതപസ്സുകൊണ്ട് സൃഷ്ടി-
സ്ഥിതിലയശക്തി കലര്‍ന്ന താപസന്മാർ
പതിമൃതികരുതിത്തപിച്ചിടുന്നാ-
സ്സതിയുടെ ചേതസി ചേര്‍ന്നു സാന്ത്വനാര്ത്ഥം.
സതതമഖിലഭക്തലോകരക്ഷാ-
വ്രതമിയലും ജഗദീശ്വരേശ്വരന്മാർ
അതനുഭയമിതൊക്കെ നീക്കുവാന-
സ്സുതനുമനസ്സിൽ വിളങ്ങി സുപ്രസാദാൽ.
തരണമഭയമെന്റെ ദൈവമേ! നിൻ
ചരണമെനിക്കവലംബമെന്നിവണ്ണം
ശർണമവളണഞ്ഞു വല്ലഭൻ തൻ
മരണഭയാബ്ധിയിൽ മുങ്ങുമാശ്ശുഭാംഗി.
ഇതി ബഹുശുഭരൂപചിന്തയുള്ളാ
മതിമുഖിതൻ മനതാർ നിറഞ്ഞു പൊങ്ങി
അതിരസമൊഴുകുംവിധത്തിലശ്രു-
സ്രുതിയുളവായക്കഴുകിക്കളഞ്ഞു ദോഷം,
സുരഗുരുപിതൃവിപ്രഭക്തിമാദ്ധ്വീ-
ഝരമൊഴുകുന്നവൾതൻ കുളുര്‍ത്ത മെയ്യിൽ
പരമഥ പുളകാളിഭാവിഭദ്രാ-
ങ്കരനിരപോലെ തദാ തെളിഞ്ഞുയര്ന്നൂ.
യമനിയമവരാ സനാദിയോഗ-
ക്രമപരിശീലനസിദ്ധയാക്കൃശാംഗി
യമഭടരെയുടൻ മഹർഷി ചൊന്നാ-
സമയമണഞ്ഞതറിഞ്ഞു നോക്കി വാണാൾ.
അപ്പോൾ നീലപയോലനീലനിറവും
നൽപ്പാണിയിൽ പാശവും
ചൊല്പൊങ്ങും വരപുരുഷര്ക്കുചിതമാം
സല്ലക്ഷണം സര്‍വ്വവും
കെപ്പോടൊത്തൊരു ദിവ്യനായ പുരുഷൻ
വന്നങ്ങു ചേരുന്നതാ-
സ്വല്പാദഞ്ചിതപുണ്യയാമവളഹോ!
കൺകൊണ്ടു കണ്ടീടിനാൾ.
ഇങ്ങിനെ സാവിത്രിഹാത്മ്യമെന്ന കാവ്യത്തിൽ
ഏഴാം സര്‍ഗ്ഗം കഴിഞ്ഞു
എട്ടാം സർഗ്ഗം
മുറയ്ക്കുടൻ തന്മടിതന്നിൽ നിന്നി-
ട്ടിറക്കി മന്നിൽ പതിതന്റെ ശീര്‍ഷം-
ഉറക്കമൊട്ടങ്ങുണരാതെ വെച്ചു
വിറയ്ക്കുമുള്ളോടവളേറ്റു നിന്നാൾ
ഗുണങ്ങൾ തിങ്ങീടിന ദിവ്യരൂപ
മിണങ്ങുമപ്പുരുഷനെത്തദാനീം
വണങ്ങിമുപ്പാരിലെഴുന്ന സാദ്ധ്വീ-
ഗണങ്ങൾ ചൂടുന്നവൾ ഭക്തിയോടെ.
മഹാതപസ്സിദ്ധികൾ തന്റെ ദിവ്യ-
വിഹാരഭൂവാമവൾ ചൊല്ലി പിന്നെ
മഹാനുഭാവോത്തമനാം ഭവാനാ-
രിഹംഗമിപ്പാൻ പുനരന്തു ബന്ധം.
ജവാൽ നശിക്കുന്നു മദീയദുഃഖ-
നവാന്ധകാരം മുഴുവൻ മഹാത്മൻ!
ദിവാകരൻതൻ ഗുണമൊക്കയുള്ള
ഭവാന്റെ സംഗാലമിതപ്രഭാവ!
പ്രഭാവമില്ലേറെയുരയ്ക്കുവാൻ ത്വൽ
പ്രഭാവലോകാത്ഭുതസംഭ്രമാൽ മേ"
സുഭാഷിതം തെല്ലിതുരച്ചു ശുദ്ധ-
സ്വഭാവയാമായവളങ്ങടങ്ങി
അമാനുഷശ്രീമഹിമാവെഴുന്നാ-
പ്പുമാൻ കഥിച്ചാനവളോടു പിന്നെ
"സമാര്ജ്ജിതാനന്തതപഃപ്രഭാവേ!
സമാസമായ്നിന്നൊടു തത്വമോതാം.
ധരിക്ക് സാവിത്രി! ശുഭേ! യമൻ ഞാൻ
മരിക്കുമാറായി തവാസുനാഥൻ
ശരിക്കു കർമ്മം മുഴുവൻ കഴിഞ്ഞാ-
ലിരിക്കയില്ലാരുമതോർത്തുകൊൾക
കുമാരനായീടിന സത്യവാനെ
ക്രമാലുടൻ സമ്പ്രതി കൊണ്ടുപോവാൻ
സമാഗമിച്ചേനിവിടത്തിൽ ഞാനീ-
മമാജ്ഞ ലംഘിക്കുകയില്ലൊരാളും"
ഗംഭീരവാക്കിങ്ങിനെ ധര്‍മ്മരാജ-
നഭീഷണാകാരമൊടോതിയപ്പോൾ
അഭീപ്സിതാര്ത്ഥഭിർഗമത്തിനായി-
ട്ടഭീതയാമാശ്ശുഭഗാത്രി ചൊന്നാൾ.
"കരുത്തു കൂടീടിന കിങ്കരന്മാർ
പെരുത്തു പേർ നിൻവശമുണ്ടുപോലും
വരുന്നുപോലായവരിക്രിയയ്ക്കുൾ-
ക്കുരുന്നിൽ ഞാനേവമറിഞ്ഞിരിപ്പു.
യമാമിതപ്രാഭവ! സത്യവാനെ-
ക്രമാനുരൂപം ബത കൊണ്ടുപോവാൻ
സുമാന്യദേവപ്രഭുവാം ഭവാൻതാൻ
സമാഗമിപ്പാൻ പുനരെന്തു ബന്ധം.''
തപോബലം പാരമിയന്ന മദ്ര-
നൃപോത്തമൻതന്മകൾ ചൊന്ന വാക്യം
ഉപോഢസന്തോഷമുടൻ ശ്രവിച്ചു
കൃപോദയം പൂണ്ടു കൃതാന്തനോതി.
"പ്രമത്തഭാവം കലരാതെകണ്ടു
സമസ്തധര്മ്മങ്ങളുമാചരിപ്പാൻ
സമര്‍ത്ഥനാം നിൻപതി സത്യവാൻ കേ-
ളര്മത്ത്യരാലും ബഹുമാന്യനല്ലോ.
അപാപനായ് സൽഗുണനായിടുന്നീ
നൃപാത്മജന്നുത്തമധർമ്മശീലേ!
അപാരസമ്മാനനമേകുവാനായ്
സപാശനായിട്ടിഹ വന്നു ഞാൻതാൻ.
വിവേകവും ഭൂരിശുഭക്രിയാദി-
നിവേശവും പൂണ്ടവർതൻ സമീപേ
വിവേകമില്ലാത്ത ഭടവ്രജത്തിൻ-
പ്രവേശമത്യന്തമയുക്തമല്ലോ.
പടുത്വമോടേവമുരച്ചു ചെന്ന-
ങ്ങടുത്തു സാല്വാത്മജസൂക്ഷ്മദേഹം
മടുത്തിടാതെ കയർകൊണ്ടു കെട്ടീ-
ട്ടെടുത്തതുംകൊണ്ടു തിരിച്ചു കാലൻ.
പരം തദാ പ്രാണസമുൽക്രമത്താൽ
വരാന്റെയാസ്ഥൂലശരീരമേറ്റം
അരമ്യമായത്ര കിടപ്പതന്നാ-
ക്കുരംഗലോലേക്ഷണ കണ്ടു കേണാൾ.
നടന്നു തെക്കാകിയ ദിക്കു നോക്കീ-
ട്ടുടൻ തദാനീം പിതൃലോകനാഥൻ
പടർന്നു ശോകത്തൊടവന്റെ
പിമ്പേ നടന്നു സാവിത്രിയുമസ്തശങ്കം.
തപോബലഞ്ചേരുമവൾക്കു പോവാൻ
തടസ്ഥമൊട്ടും ബത വന്നതില്ല
തപസ്സുകൂടുന്നവനിത്രിലോകീ-
തലത്തിലെന്തോര്ക്കിലസാദ്ധ്യമുള്ളു.
പെരുത്ത ശോകത്തൊടു തന്റെ പിമ്പേ
വരുന്ന സാവിത്രിയോടായ്ത്തദാനീം
ഗുരുത്ത്വമോടിങ്ങിനെ ചൊല്ലിനാനുൾ-
ക്കുരുന്നലിഞ്ഞപ്പിതൃലോകനാഥൻ.
തിരിച്ചുപൊയ്ക്കൊൾകയി! കാര്യസാരം
ധരിക്ക സാവിത്രി! വൃഥാ ശ്രമം തേ
മരിച്ച കാന്തന്റെ പിതൃക്രിയാദി
ര്വരിഷ്ഠകമ്മങ്ങൾ കഴിച്ചു കാൾക.
മനുഷ്യനാരിക്കു മൃതപ്രിയൻ ത-
ന്നനുപ്രയാണം പുനരെത്ര ശക്യം
നിനയ്ക്കുകിൽ സാമ്പ്രതമത്രപോരാ
തനിച്ചു നീ ചെയ്തതു ധര്മ്മശീലേ!
ഇനി ശ്രമം പുണ്ടിഹ പോന്നിടേണ്ടാ
തനിച്ചയേ! നീ തളരുന്നുവല്ലൊ
കനിഞ്ഞിതോതും യമനോടു ചൊന്നാ-
ളനിഷ്ടശാന്തിക്കവളാര്ത്തിയോടേ.
കനിഞ്ഞു കേൾ കാന്തനൊടൊത്തുപോകു-
മെനിക്കിദാനീം ശ്രമമില്ല തെല്ലും
മനസ്സമാധാനകരം പരം -
ജനപ്രഭോ! താവകസംഗവും മേ.
പരോപകാരത്തിനുതന്നെയെന്നും
സ്ഥിരോദ്യമം ചെയ്തമരും മഹാനിൽ
വരുന്ന വിശ്വാസമാഹോ! ജനാനാം
വരുന്നിതോ തങ്കലുമോര്ത്തുകണ്ടാൽ.
അകര്മ്മദോഷങ്ങളുമാത്മശക്ത്യാ
വികര്മ്മദോഷങ്ങളുമങ്ങു പോക്കി
സുകര്മ്മമെങ്ങും ഭുവനേ നടത്താ-
നകന്മഷൻ ഹന്ത! ഭവാൻ സമര്ത്ഥൻ.
പ്രഭാവമേറുന്ന ഭവാൻ ജനാനാം
ശുഭാശുഭം സ്വാത്ഭുതശക്തികൊണ്ടും
പ്രഭാകരാദ്യുത്തമസാക്ഷിവര്ഗ്ഗ-
സുഭാഷിതം കൊണ്ടുമറിഞ്ഞിടുന്നു.
വിവാദഹീനം ഹൃദി പക്ഷപാത-
ലവാണു ചേരാതെ ശുഭാശുഭാനാം
ജവാലെവര്ക്കും ഫലമേകിടുന്ന
ഭവാനുതാൻ ന'ത്സമര്വത്തി'നാമം.
തവാങ്കദേശേ തല വെച്ചു ലോകം
ജവാലുറങ്ങുന്നു ഭയപ്പെടാതേ
അവാദമേവര്ക്കുമിവണ്ണമല്ലോ
ഭവാനിൽ വിശ്വാസമഹോ! മഹാത്മൻ
പിണങ്ങിടാതിങ്ങിഭന സാധുരമ്യ-
ഗുണങ്ങളെല്ലാം ഗുരുഭാവമോടെ
ഇണങ്ങുമങ്ങൊത്തു നടന്നിടുമ്പോൾ
തൃണങ്ങളല്ലോ മമ സങ്കടങ്ങൾ.
കരിച്ചിടും സജ്ജനസംഗമുള്ള-
മെരിച്ചിടും സര്വ്വവിപത്തിനേയും
തിരിച്ചു പാര്ത്താലവരോടുടൻ വേർ-
പിരിച്ചിലാണല്ലലിനുള്ള മൂലം.''
സ്ഫുരിച്ചിടും സൽഗുണശീലമേവം
തിരിച്ചു നന്നായവൾ ചൊല്ലിയപ്പോൾ
മരിച്ചവര്ക്കീശ്വരനായ ദേവൻ
ചിരിച്ചുകൊണ്ടായവളോടുരച്ചു.
"മനോനുകൂലം തവ ഭാഷിതം സ-
ജ്ജനോരുമാഹാത്മ്യമിതെത്ര രമ്യം
കനത്തിടും സാധുതരപ്രസാദം
മനസ്സലിങ്ങുണ്ടയി! നിന്റെ നേരേ.
വരം വരിച്ചീടുക സത്യവാനാം
വരന്റെറയിജ്ജീവനൊഴിച്ചുടൻ നീ
പരം തരുന്നേനതു സാധുശീലേ!
ചിരം ശ്രമിക്കായ്ക തിരിച്ചുപോക.''
നിറഞ്ഞ മോദത്തൊടു ധര്മ്മരാജൻ
പറഞ്ഞ വാക്കിങ്ങിനെ കേട്ട ശേഷം
കുറച്ചു ചിന്തിച്ചു നിജേഷ്ടമെല്ലാ-
മുറച്ചു സാവിത്രിയുരച്ചു മെല്ലെ.
"വിനേത്രനായിച്യുതരാജ്യനായി
വനേ വസിക്കും ശ്വശുരൻ മദീയൻ
സനേത്രനായിട്ടു തവ പ്രസാദാ-
ലനേകനാളിങ്ങിനെ വാണിടേണം.'’
ചെവിക്കു ചേരുംപടി ധര്മ്മരാജൻ
ശ്രവിച്ചു തദ്വാക്യമുടൻ കഥിച്ചു
"അവിഘ്നമബ്ഭൂപതിനേത്രവാനായ്-
ഭവിക്കുമപ്പോൾ തവ വാഞ്ഛപോലെ.
ശ്രമം നിനക്കേറ്റവുമുണ്ടിദാനീ-
മമന്ദമങ്ങോട്ടു തിരിച്ചുപോക''
യമൻ തദാനീമിതുരച്ചശേഷ-
മമംഗളം വിട്ടവൾ ചൊല്ലി മെല്ലെ.
"ഗമിപ്പതെങ്ങൻ പതിയങ്ങെനിക്കും
ഗമിക്കണം സ്ത്രീജനധര്മ്മമേവം
ശമിച്ചിടും ധര്മ്മമെഴുന്നവന്നാ-
ക്രമിച്ചിടും ദുഃഖമശേഷമല്ലോ,
തപസ്സുകൊണ്ടും വ്രതസിദ്ധികൊണ്ടും
തടിച്ചൊരിസ്സൽപതിഭക്തികൊണ്ടും
തവപുരോ! സൽകൃപകൊണ്ടുമിപ്പോൾ
തടസ്ഥമില്ലാതിഹ ഞാൻ വരുന്നേൻ,
കൃതൃതാന്ത! ഭോഭോ ഭഗവൻ! ഭവാനൊ-
ത്തിതാവരുന്നേൻ തടവെന്നിയേ ഞാൻ
വ്രതാദി ധര്‍മ്മങ്ങൾ ചരിക്ക മൂല-
മിതാര്‍ക്കു സാദ്ധ്യം ഭുവി ധര്മ്മമേന്യേ
ധനങ്ങളേയും ദയിതാ സുതാദി
ജനങ്ങളേയും ബതി വിട്ടു തുഷ്ട്യാ
വനങ്ങളിൽ ചെന്നമരുന്നു സാധു-
ജനങ്ങൾ ധര്മ്മത്തിനുതന്നെ വേണ്ടി.
സമാശ്രയിച്ചീടണമത്ര ധര്‍മ്മം
ഭ്രമാലുപേക്ഷിക്കരുതെന്നതിങ്കൽ
പ്രമാണമല്ലോ തവ 'ധർമരാജ'-
സമാഖ്യയും ദേവി മഹാൻഭാര
യമാദിസദ്ധര്മ്മഗണങ്ങൾ നാട്ടിൽ
ക്രമാൽ നടത്തുന്ന വിഭോ! ഭവാനിൽ
യമാഖ്യയും സമ്പ്രതി ധര്‍മ്മരാജ-
സമാഖ്യയും സംഗതമായിടുന്നു.
നിലയ്ക്കൊരുത്തൻ ശുഭമാചരിച്ചാൽ
പലര്ക്കുമുണ്ടാമതിനാൽ മഹാര്ത്ഥം
ഖലര്ക്കുമുണ്ടാം കുശലങ്ങൾ; ധര്‍മ്മ -
ഫലത്തെയാരിന്നഖിലം കഥിപ്പാൻ?
വിവേകമില്ലാതിരുന്ന ലോകം
ജവേന ധർമ്മം പരമാചരിപ്പാൻ
വിവേകമേറുന്ന ഭവാദൃശന്മാർ
ശിവേതരം വിട്ടമരുന്നു ധര്‍മ്മേ.
ധര്‍മ്മം പരം സൽപുരുഷര്ക്കു നർമ്മം
ധര്‍മ്മം പരം വൈദികമായ കർമ്മം
ധര്‍മ്മം പരം ദുഃഖമഹാസ്ത്രവർമ്മം
ധര്‍മ്മം പരം സര്വ്വജനൈകശർമ്മം
ധർമ്മം പരം ശ്രീജഗദീശശർമ്മം
ധർമ്മം വെടിഞ്ഞുള്ളവനെന്തു ചർമ്മം?"
ധർമ്മത്തെയീമട്ടവൾ വാഴ്ത്തിടുമ്പോൾ
ധർമ്മത്തിനീശൻ യമനോതി മോദാൽ.
"മനോനുകൂലം തവ ഭാഷിതം സ-
ജ്ജനോരുസന്തോഷകരം സുശീലേ!
കനത്തിടും സാധുതരപ്രസാദം
മനസ്സിലിങ്ങുണ്ടയി! നിന്റെ നേരേ.
വരം വരിച്ചീടുക സത്യവാനാം
വരന്റെയിജ്ജീവനൊഴിച്ചുടൻ നീ
പരംതരുന്നേനതു സാധുശീലേ!
ചിരം ശ്രമിക്കായ്ക തിരിച്ചുപോക
നിറഞ്ഞ മോദത്തൊടു ധർമ്മരാജൻ
പറഞ്ഞ വാക്കിങ്ങിനെ കേട്ട ശേഷം
കുറച്ചു ചിന്തിച്ചു നിജേഷ്ടമെല്ലാ-
മുറച്ചു സാവിത്രിയുരച്ചു മെല്ലെ.
"പരാക്രമം കൊണ്ടു പരാക്രമം പോ-
യ രാജ്യനായ് തീർന്ന നരാധിനാഥൻ
നിരാകുലം മേശ്വശുരന് ജവത്താൽ
സ്വരാജ്യ സാമ്രാജ്യമണഞ്ഞിടട്ടേ."
ചെവിക്കു ചേരുംപടി ധർമ്മരാജൻ
ശ്രവിച്ചു തദ്വാക്യമുടൻ കഥിച്ച
അവിഘ്നമബ്ഭൂപതിതൻ വശത്തായ്
ഭവിച്ചിടും തന്വി തദീയരാജ്യം.
നിതാന്തദൂരം വഴി നീ നടന്നു
സുതാന്തയായ് ഹന്ത! തിരിച്ചുപോകാ
പ്രതാന്തസന്തുഷ്ടിയോടേവമോതും
കൃതാന്തനോടാക്കൃശഗാത്രി ചൊന്നാൾ.
പരം പ്രജാസംയമനം ഭവാൻതാൻ
നിരന്തരം ചെയ്യുകകാരണത്താൽ
ചിരന്തനം തേ 'യമ'നെന്ന നാമം
സ്ഥിരം പ്രഭോ! സര്വജഗൽപ്രസിദ്ധം
അവാര്യമാകും തവ ശാസനത്തെ-
ജ്ജവാലനുഷ്ഠിക്കണമിജ്ജനങ്ങൾ
വിവാദമില്ലെങ്കിലുമെന്റെ വാക്യം
ഭവാനിതേറെക്കനിവോടു കേൾക്ക.
മനസ്സുകൊണ്ടും തനുകൊണ്ടുമന്യ-
ജനത്തിനേതും ക്ഷതി ചെയ്തിടാതെ
കനത്തകാരുണ്യരസാര്ദ്രനായ് സ-
ജ്ജനങ്ങളേറ്റം വിജയിച്ചിടുന്നു.
സദാ സമസ്തപ്സിതസാധുകാമ-
പ്രദാനമെന്നുള്ള വിശിഷ്ട ധർമ്മം
ഉദാരരാം സൽപുരുഷര്ക്കു നൽ സ-
മ്പ്രദായസിദ്ധം ഗുണമെത്ര ചിത്രം.
മനുഷ്യതിര്യകൃതരുസംഘമെല്ലാ-
മനുഗ്രഹിപ്പാൻ വിധി സജ്ജനത്തെ
അനന്തകല്യാണഗുണങ്ങൾ ചേര്‍ത്തു
മനം തെളിഞ്ഞിങ്ങനെ തീർത്തു നൂനം.
അനുഗ്രഹം മേ മമ വല്ലഭൻത-
ന്നനുപ്രയാണം ദൃഢമെന്നു സിദ്ധം
നിനയ്ക്കുകിൽ ദുർല്ലഭമല്ലിദം സ-
ജ്ജനത്തിൽ മുമ്പാം തവ സന്നിധൌ മേ,
കിമത്ര ചിത്രം? ഭുവി സഞ്ജനങ്ങൾ
നമിപ്പവര്ക്കീപ്സിതമേകുമെങ്കിൽ
അമിത്രവര്ഗ്ഗത്തിനുമീമഹാന്മാർ
ശ്രമിച്ചുമിഷ്ടങ്ങൾ കൊടുത്തിടുന്നു.
ദയാരസാർദ്രാശയരായ് സ്വദേഹം
വ്യയാദിചന്താലവവും പെടാതെ
പ്രിയാര്ത്ഥമന്യര്ക്കു കൊടുക്കുമേറ്റം
പ്രയാസമോടും ഭുവി സജ്ജനങ്ങൾ.''
സ്ഫുരിച്ചിടും സൽഗുണശീലമേവം
തിരിച്ചു നന്നായവൾ ചൊല്ലിയപ്പോൾ
മരിച്ചവര്ക്കീശ്വരനായ ദേവൻ
ചിരിച്ചുകൊണ്ടായവളോടുരച്ചു.
"മനോനുകൂലം തവ ഭാഷിതം സ-
ജ്ജനോരുമാഹാത്മ്യമിതെത്ര സത്യം
മനസ്സിലിങ്ങുൽക്കടമാം പ്രസാദം
കനത്തിടുന്നുണ്ടായി! നിന്റെ നേരെ
വരം വരിച്ചീടുക സത്യവാനാം
വരന്റെയിജ്ജീവനൊഴിച്ചടൻ നീ
പരം തരുന്നേനതു സാധുശീലേ!
ചിരം ശ്രമിക്കായ്ക തിരിച്ചുപോക.''
നിറഞ്ഞ മോദത്തൊടു ധർമ്മരാജൻ
പറഞ്ഞവാക്കിങ്ങിനെ കേട്ടശേഷം
കുറച്ചു ചിന്തിച്ചു നിജേഷ്ടമെല്ലാ-
മുറച്ചു സാവിത്രിയുരച്ചു മെല്ലെ.
"അപുത്രനാമെൻ ജനകന്നു നൂറു-
സുപുത്രരുണ്ടാകണമായവര്ക്കും
സുപുത്രപൌത്രാദികൾ കൈവരേണം
രിപുപ്രബാധാദികൾ വന്നിടാതെ.''
ചെവിക്കു ചേരുംപടി ധർമ്മരാജൻ
ശ്രവിച്ചു തദ്വാക്യമുടൻ കഥിച്ചും
"അവിഘ്നമബ്ഭൂപതി പുത്രവാനായ്
ഭവിച്ചിടും താവകവാഞ്ഛപോലെ.
ശ്രമം നിനക്കേറ്റവുമുണ്ടിദാനീ-
മമന്ദവേഗേന തിരിച്ചുപോക"
യമൻ തദാനീമിതുരച്ച ശേഷ-
മമംഗളം വിട്ടവൾ ചൊല്ലി മെല്ലെ.
"കടന്നുപോയി വഴിയേറ്റമെന്നി-
ല്ലുടൻ നമുക്കെൻ പതി ചേര്‍ന്ന മൂലം
നടന്നുകൊണ്ടാശു ഭവാനിതാ പിൻ-
തുടര്‍ന്നിടും മഹന്മാഴി കേട്ടുകൊൾക.
പ്രിയന്റെ സാന്നീദ്ധ്യവശാലെനിയ്ക്കു
ഭയം തരിമ്പില്ല തളർച്ചയില്ല
സ്വയം ഭവാൻ കാക്കുമെനിക്കു ഭദ്രോ-
ദയം ഭവിക്കാതെയിരിക്കയില്ല.
ജവാൽ പ്രബോധാദി ഗുണം സ്വസംഗാ-
ലവാദമേവര്ക്കുമണച്ചിടുന്ന
ദിവാകരൻതൻ സുതനാകമൂലം
ഭവാനു 'വൈവസ്വത'നെന്നു നാമം
സദാപി സാവത്രി തുടങ്ങിടും ന-
ല്ലുദാരമന്ത്രങ്ങൾ ജപിച്ചു ഭക്ത്യാ
നിദാനവും ബ്രാഹ്മണർ നിൻപിതാവിൻ
പദാംബുജം ഹന്ത! ഭജിച്ചിടുന്നു.
ത്വദീയസേവയ്ക്കിടവന്ന മൂലം
മദീയമായുള്ള മനസ്സിലിപ്പോൾ
സുദീർഘഘോരാര്ത്തികളൊന്നുമേല്ക്കാ-
തദീനഭാവം കലരുന്നു പാരം.
മനസ്സിനേറ്റം ഗുണമുള്ളവങ്കൽ
ജനങ്ങൾ വിശ്വാസമണഞ്ഞിടുന്നു
നിനച്ചുകണ്ടാലതുകൊണ്ടു താൻ സ-
ജ്ജനത്തിൽ വിശ്വാസമെവര്ക്കുമുള്ളിൽ.''
നൃപാത്മജാവാക്യമിതത്ര കേട്ടു
കൃപാലുവായിസ്സമവര്ത്തി ചൊന്നാൻ
"അപാപശീലേ! മമ താവകോക്തി
പിപാസിതന്നാസ്സുധയെന്ന പോലെ.
വരം വരിച്ചീടുക സത്യവാനാം
വരന്റെയിജ്ജീവാനാഴിച്ചുടൻ നീ
പരം തരുന്നേനതു ധര്മ്മശീലേ!
ചിരം ശ്രമിയ്ക്കായ്മ തിരിച്ചുപോക.''
കനിഞ്ഞിവണ്ണം യമനോതിയപ്പോ-
ളനിഷ്ടശാന്തിയ്ക്കുവളോര്ത്തു ചൊന്നാൾ
“എനിക്കു മീമൽപതിസത്യവാനും
ജനിച്ചിടേണം ശതമാത്മജന്മാർ.
ബലം യശസ്സുത്തമമായ ധർമ്മം
ഛലം വെടിഞ്ഞിശ്ശുഭസൽഗുണങ്ങൾ
അലം ഭവിച്ചീടണമായവര്ക്കി-
ക്കുലം പുലർത്താൻ വിരുതും വരേണം.''
വണക്കമേറുന്നവളോടു പിന്നെ-
പ്പിക്കണമെന്യേ പിതൃനാഥനോതി
'നിണക്കുമീ നിൻ കണവന്നുമുണ്ടാ-
മിണക്കമേറും ശതമാത്മജന്മാർ.
അമന്ദമാം മുത്തവരേകിടം തേ
ശ്രമം വൃഥാ വേണ്ട തിരിച്ചുപോക'
യമൻ തദാനീമിതുചൊല്ലിയപ്പോ-
ളമംഗളം വിട്ടവൾ ചൊല്ലി മെല്ലെ.
'സ്വഭാവസംസിദ്ധഗുണങ്ങളും വ-
മ്പ്രഭാവവും കൂടിയ സജ്ജനങ്ങൾ
ശുഭാര്ത്ഥമേകീട്ടഴലാമിരുട്ടി-
ന്നഭാവവെങ്ങും വെളിവാക്കിടുന്നു.
ശിവാശയം തേടിയ സജ്ജനങ്ങൾ-
ക്കവാപ്യമല്ലാത്തൊരു വസ്തുവില്ല
ദിവാകരൻതന്നെയുമാ മഹാന്മാർ
ജവാൽ നയിക്കുന്നു നിജപ്രഭാവാൽ.
ഒരിക്കലും താഴ്ച വരാതെ സര്‍വ്വം
ധരിച്ചു വാഴുന്ന ധരിത്രിയേയും
സ്ഫുരിച്ചിടും ഭൂരിതപോബലത്താൽ
ധരിച്ചുകൊള്ളുന്നിതു സജ്ജനങ്ങൾ.
അയമത്യത്ഭുതമാശുകാല-
ത്രയത്തെയും തങ്ങടെ കീഴിലാക്കി
ജയത്തൊടേറ്റം വിലസുന്നു സര്‍വ്വ-
ഭയത്തെയും തീര്ത്തിഹ സജ്ജനങ്ങൾ.
വിവാദമില്ലാതിഹ സജ്ജനത്താൽ
ദിവാനിശം സേവിതപാദനായി
അവിര്യതേജേനിധിയായ്വിളങ്ങും
ഭവാന്റെ പാദാംബുജമാശ്രയം മേ.'
ക്രമം കലര്ന്നായവളിപ്രകാരം
സുമംഗളം ഭാഷിതമോതിയപ്പോൾ
അമന്ദതോഷാലഖിലം മറന്നു
യമൻ മനസ്സേറ്റമലിഞ്ഞു ചൊന്നാൻ.
'ധരിക്ക നിന്നിൽ ബഹുഭക്തിഭാരം
ധരിച്ചിടുന്നേൻ തവ സൽഗുണത്താൽ
വരിഷ്ടയാം നീ വരമിച്ഛപോലെ
വരിച്ചുകൊൾകായതു ഞാൻ തരുന്നേൻ.'
ഇതിപ്രഭാവം കലരുന്ന ദേവ-
നതിപ്രസാദത്തോടുരച്ച ശേഷം
മതിപ്രമോദത്തൊടു മദ്രഭൂമീ-
പതിപ്രധാനപ്രിയപുത്രി ചൊന്നാൾ.
"തിരിച്ചു നല്ലെൻപതിജീവിതം നീ
വരിച്ചിടുന്നേനിതുതാനിദാനീം
മരിച്ചു മദ്വല്ലഭനെന്നുവെച്ചാൽ
മരിച്ചു ഞാനും, ഹൃദി തര്‍ക്കമില്ല.
ഇഹാദരിച്ചീവരമേകിയപ്പോൾ
മഹാമതേ! മുമ്പിലതെന്നപോലെ
സഹാസമങ്ങൊന്നുമൊഴിച്ചതില്ലി-
സ്സഹായമോര്ത്തൊന്നിതുതാൻ വരിച്ചേൻ.
വേണ്ടാ നമുക്കു സുഖമിപ്പതിയായ്പിരിഞ്ഞാൽ
വേണ്ടാ നമുക്കു ധനമിപ്പതിയായ്പിരിഞ്ഞാൽ
വേണ്ടാ നമുക്കു സുരലോകവുമത്ര പോരാ
വേണ്ടാ നമുക്കസുവുമിപ്പതിയായ്പിരിഞ്ഞാൽ
സ്വൈരം കേൾക്കുക സത്യവാന്റെ ശുഭബീ-
ജം കൊണ്ടെനിക്കാത്മജ-
ന്മാരങ്ങമ്പതൊടൊത്തൊരമ്പതുളവായ്
വന്നീടുമെന്നീവിധം
പാരം പ്രീതിയൊടങ്ങു നല്കിയ വരം
ഭോഷ്ക്കാകയില്ലെന്നു ന-
ത്സാരം കണ്ടു വരിച്ചു ഞാൻ മമ പതി-
പ്രാണപ്രദാനം പ്രഭോ!'
ക്ലേശം തീര്ന്നവളിപ്രകാരമുര ചെ യ-
യുമ്പോൾ പരേതാധിപൻ
പാശം ശീഘ്രമഴിച്ചു സാല്ല്വധരണീ-
പാലാത്മജപ്രാണനെ
ലേശം താമസമെന്നിയേ 'സുമുഖി! നീ
സാവിത്രി! വാങ്ങിക്കുക-
ന്നാശംകാരഹിതം കൊടുത്തുടനെ താൻ
ചൊന്നാൻ പ്രസന്നാശയൻ
ഇങ്ങിനെ സാവിത്രീമഹാത്മ്യമെന്ന കാവ്യത്തിൽ
എട്ടാം സര്‍ഗ്ഗം കഴിഞ്ഞു
ഒമ്പതാം സർഗ്ഗം
'രാഗം കലർന്ന പതിജീവിതവും ഗ്രഹിച്ചു
വേഗം ഗമിക്കുക നിനക്കിതു ശക്തമാകും
ആഗന്തുവും നിജവുമായ്പല മട്ടിലുള്ള
രോഗങ്ങളൊന്നുമിനി നിൻ കണവന്നുദിക്കാ
തര്ഷംവിനാ സുരവരര്ക്കധികം പ്രസാദോൽ-
ക്കര്‍ഷം കൊടുക്കുമിവനധ്വരസഞ്ചയത്താൽ
ഹര്‍ഷം കലര്ന്നുലകുകാത്തഥ നാലു നൂറു
വര്‍ഷം ശുഭേ! ഭവതിയോടൊരുമിച്ചിരിക്കും.
സത്യം, സ്വധർമ്മ, മതിശക്തി, യശസ്സിതെല്ലാം
നിത്യം കലർന്നു വിലസീടിന സത്യവാൻതാൻ
പ്രത്യംഗഭംഗിയൊടു പുത്രശതത്തെ നിന്നി-
ലത്യന്തമംഗളമിയന്നുളവാക്കുമാര്യേ
വമ്പറുമത്തനയരാത്മകലം ഭരിക്കും
നിമ്പേരുകോണ്ടു പുകഴും ഭംവനത്രയത്തിൽ
മുമ്പേ കയര്ത്തരികളായവരേ വണങ്ങി-
പ്പിമ്പേ നടക്കുമഥ സേവകരെന്നപോലേ.
കൊണ്ടാടിടുമ്പടി തവ ശ്വശുരന്നിദാനീ-
മുണ്ടായിവന്നു നയനത്തിനു കാഴ്ചയേറ്റം
തണ്ടാര്‍ന്ന വൈരിഹതനായിനി രണ്ടു നാളു
കൊണ്ടായവന്നു നിജഭൂമി വശത്തിലാകം.
നിന്നച്ഛനുത്തമഗുണങ്ങളിണങ്ങിടുന്ന
നിന്നമ്മയിൽ സുതശതം പുനരുത്ഭവിക്കും
ഖിന്നത്വമറ്റവരുമാത്മകുലം ഭരിക്കും
സന്നദ്ധരായ സപദി മന്നഖിലം ജയിക്കും
എന്നാലിനിസ്സുമുഖി! നീ പതിജീവിതംകൊ-
ണ്ടിന്നാശു പോക തവ മംഗളമാം സമസ്തം'
എന്നാദരേണ തൊഴുമായവളോടുരച്ചു
വന്നാവഴിക്കു നടകൊണ്ടു പരേതരാജൻ.
സാവിത്രി തന്റെ പതിജീവിതവും ഗ്രഹിച്ചാ-
രാവിൽത്തിരിച്ചഥ നടന്നു ഭയപ്പെടാതെ
ആവിർമ്മുദാ സ്വപതിതന്റെ ശവം കിടക്കും
ഭൂവിരുത്തെളിഞ്ഞുടനണഞ്ഞഴകോടിരുന്നു.
തൻകാന്തശീർഷമുടനേ മടിതന്നിൽ വെച്ചു-
ശങ്കാവിഹീനമവൾ ജീവനെയങ്ങയച്ചു
അശേ കിടന്നവനുറങ്ങിയുണർന്നപോലെ
പങ്കേരുഹപ്രതിമനേത്രയുഗം മിഴിച്ചു.
തന്നാശയേ നിശയണഞ്ഞതറിഞ്ഞു പിന്നെ-
ച്ചൊന്നാനുടൻ സുമതി സാല്വമഹീന്ദ്രപുത്രൻ
'നിന്നങ്കസീമനി കിടന്നു നിരന്തരായ-
മിന്നംബുജാക്ഷി! ചിരകാലമുറങ്ങിനേൻ ഞാൻ
അല്ലാ! നിശാസമയമായിതിരുട്ടു പാര-
മെല്ലാടവും തിമിരകേശി! നിറഞ്ഞുവല്ലോ
വല്ലാതെയുള്ള മമ നിദ്രകളഞ്ഞിടായ്വാൻ
നല്ലാർമണേ! പറകയിപ്പൊഴുതെന്തു ബന്ധം?
എന്നെപ്പിടിച്ചു കയർകൊണ്ടു വരിഞ്ഞുകെട്ടി-
പിന്നെജ്ജവത്തോടു വലിച്ച പുമാൻ ഘനാഭൻ
കന്നൽക്കരിങ്കുഴലി പാര്ക്കുകിലാരിതൊട്ടും
ഖിന്നത്വമെന്നിയെ കഥിക്കണമെന്നൊടിപ്പോൾ
ആവിര്‍ഭവിച്ച ശമനന്റെ മഹാപ്രസാദാൽ
ജീവിച്ച കാന്തനുടെ വാങ്ങ്മധു കാതിനാലേ
സേവിച്ചനേരമുളവായ രസത്തിൽ മുങ്ങി-
സ്സാവിത്രി പുഞ്ചിരി കലര്‍ന്നു പറഞ്ഞു മെല്ലെ.
'വാടിത്തളർന്നു ബത! ദീർഘതപൂണ്ട നിദ്ര
തേടിബ്ഭവാൻ പുനരഹോ! തെളിവോടുണര്ന്നു
പേടിച്ചിടേണ്ട ഗതനായ് സ്വയമസ്സുരേശൻ
മോദിപ്പൊടും ഗുണമെഴും ഭഗവാൻ കൃതാന്തൻ.
എല്ലാവിശേഷവുമിനിബ്ബഹുവിസ്തരിച്ചു-
ചൊല്ലാമടുത്തദിവസം തവ വാഞ്ഛപോലെ
ഉല്ലാഘഭാവമധുനാ തവ വന്നുവെന്നാ-
ലുല്ലാസമാര്ന്നുരുജവാലെഴുനേറ്റുകൊൾക.
ഘോരം തമോനിബിഡമായ നീശീഥമായി-
ന്നേരം ഭവാന്റെ വരമൊന്നു നിനച്ചുതന്നെ
പാരം വിഷാദമൊടു സാമ്പ്രതമച്ഛനമ്മ-
മാരങ്ങുവാണധികമായുഴലുന്നു നൂനം.
കേൾക്കുന്നു കാട്ടുമൃഗസഞ്ചയമോടിടുമ്പോൾ
ചീര്‍ക്കുന്ന പര്ണ്ണരവമീവിപിനത്തിലെല്ലാം
ആര്ക്കുന്നരക്കരുടെ രൂക്ഷനിനാദമേറ്റം
മൂക്കുന്നു സമ്പ്രതി ഭയങ്കരമായ്ക്രമേണ.
സന്മംഗളങ്ങൾ സകലം കലരും ഭവാനു
നന്മട്ടിലാത്മബലമിപ്പൊളണഞ്ഞുവെന്നാല്
ഇമ്മട്ടു ഘോരതരമാമിവിടം വെടിഞ്ഞി-
ട്ടമ്മയ്ക്കുമച്ഛനുമെഴുന്നഴൽ പോക്കിടണം.'
ആടും ഹൃദാ സമുചിതക്രിയ പാര്‍ത്തു കൊണ്ടോ-
തീടുന്ന മദ്രുപതിനന്ദിനിയോടു ചൊന്നാൻ
കൂടുന്ന സൽഗുരുജനാമിതഭക്തിസാരം
തേടുന്ന സാല്വധരണീവലവൈരിപുത്രൻ,
എന്തിപ്പൊളെന്റെ ജനകന്നറെയവസ്ഥയോര്ത്താൽ
ചിന്തിക്ക് വയ്യ ശിവനേ! ബഹുകഷ്ടമയ്യോ!
അന്തിക്കുമായവിടെ ഞാനണയായ്കമൂലം
വെന്തിച്ഛവിട്ടു ബത! മൽഗുരു ഭസ്മമാമോ.
ക്ഷീണാതിരേകമൊടു വൃദ്ധത പൂണ്ടു കണ്ണു
കാണാതെ മജ്ജനനിയൊത്തു നിജാശ്രമത്തിൽ
വാണാധിമൂലമുഴലും ജനകന്നു ഞാൻതാ-
നാണാശ്രയം സതതമന്യനൊരുത്തനില്ല
പേറും മഹാപ്രണയഭാരമെഴും പിതാവി-
ന്നേറും മഹത്വമഹിശായിപദത്തിനേക്കാൾ
കൂറുള്ള തന്റെ ജനനിക്കു ധരിത്രിയേക്കാ-
ളേറും മഹത്വമിതി സജ്ജനമോതിടുന്നു.
ജാതാദരം തനുസുഖാര്യഗുണാദി നൽകും
മാതാപിതാക്കളുടെ വങ്കടമൊന്നു വീട്ടാൻ
സ്ഫീതാഭമത്ഭുതഗുണങ്ങളിണങ്ങിടുന്ന
പീതാംബരൻതിരുവടിക്കുമശക്യമോർത്താൽ.
മാഴ്കും മനസ്സൊടു പിതാക്കൾ സമിൽകുശാര്ത്ഥം
പോകുമ്പോളെന്നൊടഥ നിത്യവുമോതുമേവം
ആകുന്നവേഗമൊടു പുത്രക! വന്നിടേണം
വൈകുന്നതിന്നിടവരുത്തരുതൊട്ടുമേ നീ.
നീയേ നമുക്കു ഭഗവാൻ വിധി തന്ന വിത്തം
നീയേ നമുക്കു കുലതന്തു നിനച്ചിടുമ്പോൾ
നീയേ നമുക്കുടയ ജീവിതമാര്യശീല!
നിയേ നമുക്കു ശരണം പുനരൊന്നുമില്ലേ.
നീ കാനനത്തിനു ഗമിക്കുകിലിങ്ങു ചിന്താ-
ശോകാതിരേകമളവറ്റുളവായിടുന്നു
ചാകാതിരിപ്പതിനുമുണ്ടു ഞെരുക്കമൊട്ടും
വൈകാതെകണ്ടിഹ തിരിച്ചു വരേണമുണ്ണി!
ഭദ്രാശരാകുമവർതന്മൊഴിയെങ്ങു ദീർഘ
നിദ്രാബലപ്രഭവദോഷമിതെങ്ങു പാര്‍ത്താൽ
രുദ്രാക്ഷിവഹ്നിസമമാമഴൽ കൊണ്ടു വെന്തു
മദ്രാധിരാജ തനയേ! തകരുന്നു ചിത്തം.
ഏവം മദീയവിരഹാര്ത്തി സഹിച്ചിടാഞ്ഞു
ജീവൻ ത്യജിച്ച പരമെന്റെ പിതാക്കളെങ്കിൽ
ജീവൻ ത്യജിച്ചിടുമുടൻ തരളാക്ഷി! ഞാനും
ദൈവം സഹായമിനിയിങ്ങഖിലത്തിനും മേ.
ലേശം വിളംബമണയാതിനിയിപ്പോളേതാ-
നാശങ്ക വിട്ടു പിതൃമാതൃപദാന്തികത്തിൽ
ക്ലേശം സഹിച്ചുമുടനെത്തണമായതിന്നാ-
യാശംസനീയ സുകൃതേ! തുണചെയ്ക നീ മേ.’
സാവിത്രിയോടിതു പറഞ്ഞു കരഞ്ഞു ധൈര്യം
കൈവിട്ടു സാല്വതനയൻ ഗുരുഭക്തിശാലി
ആവിര്ഭവപരമധൈര്യമിയന്നു മദ്ര-
ഭൂവിന്നധീശനുടെ പുത്രി തദാ കഥിച്ചാൾ.
'മാനം വെടിഞ്ഞ തപസാ മഹനീയ ദിവ്യ-
ജ്ഞാനം കലര്‍ന്ന മുനിമാർ തുണയായിരിക്കെ
നൂനം വിപത്തിതു വരില്ല ഭവൽപിതാക്കൾ-
ക്കാനന്ദമാര്ന്നിടുക, വേണ്ട വിഷാദമൊട്ടും.
എന്നാകിലും ഝടിതി പോകണമിപ്പൊളേതാ-
നെന്നാകിലായതിനുമില്ലൊരു വിഘ്നലേശം
ഒന്നായ്പിടിച്ചു വളരുന്നിതു കാട്ടുതീയ്യു
നന്നായ്വനത്തിൽ വിലസും വഴി കാട്ടിടുന്നു,
മംഗള്യഗാത്രിയവളേവമുരച്ചു പിന്നെ-
ബ്ഭൃംഗപ്രകാശരുചിവേണികൾ ചേർത്തു കെട്ടി
ഭംഗംവരാതെ പതിതന്റെ പരിശ്രമം പൂ-
ണ്ടംഗങ്ങളാസകലവും മൃദുവായ് തലോടി.
ഭത്താവുതന്റെ തനു തൻതനുവോടു ചേര്‍ത്തി-
ട്ടുത്ഥാപനം സപദി ചെയ്തു ഭുജങ്ങളാലേ
അത്തൽപ്പെടുന്ന പതിയെപ്പരിചോടു താങ്ങി
മത്തദ്വിപേന്ദ്രനടയാൾ നടകൊണ്ടു മന്ദം.
"അല്ലാ മറന്നിതു സമിൽകുശപുഷ്പഭാണ്ഡ-
മെല്ലാമഹം സുമുഖി! ചൊൽകതു നഷ്ടമാമോ?"
ഇല്ലായതൊക്കെയുമെടുത്തഥ കെട്ടിയിട്ടു-
ണ്ടുല്ലാസമോടൊരു മഹീരുഹശാഖതന്നിൽ.
ഈടാര്‍ന്ന മൂര്ച്ചകലരുന്ന ഭവാന്റെ നല്ല
കോടാലിയെൻ ചുമലിലുണ്ടു കിടപ്പതിപ്പോൾ'
വാടാതെകണ്ടവർ പരസ്പരമേവമോതി-
കൂടായതിങ്കൽ വഴിപാര്‍ത്തു വിടാതെ പോയാർ.
തെല്ലാശു പിന്നെയവരങ്ങു നടന്ന ശേഷ-
മുല്ലാഘഭാവമൊടു രാജസുതൻ പറഞ്ഞു
"വല്ലാതെ വന്ന മമ ദേഹജമാം വികാര-
മെല്ലാം മൊഴിഞ്ഞു ഹൃദയം തെളിയുന്നു പാരം.
ആകെത്തളര്ന്നധികമാധിയിൽ മുങ്ങുമെന്റെ
ശോകത്തെ നീക്കിയിഹ നീ വിലസുന്ന പോലെ
ലോകത്തിലുള്ളിരുളൊഴിച്ചിത ചന്ദ്രലേഖ
പാകപ്രമാഥിയുടെദിക്കിൽ വിളങ്ങിടുന്നു.
പോകുന്നു നമ്മുടയ ദിഗ്ഭ്രമമീ വനത്തിൽ
തൂകുന്നു നൽക്കുളിർനിലാവു കലാധിനാഥൻ
ഹേ കുന്ദകുടു്മളരദേ! തവ ശങ്ക വേണ്ടാ
പോകുന്നൊരീ വഴി ധരിക്ക, പിഴച്ചതല്ല.
ചോര്‍ന്ന മാതൃപിതൃപാദസരോജയുഗ്മം
കാണാനെനിക്കധികമായ്ക്കലരുന്നു കാമം
ഏണാക്ഷി! വേഗമൊടു ഞാൻ തനിയേ നടപ്പൻ
ക്ഷീണാദിദോഷമഖിലം മമ നഷ്ടമായി.'
ഉണ്ടായ കൌതുകരസത്തൊടിവണ്ണമോതി-
കൊണ്ടാശു സാല്വധരണീതലനാഥപുത്രൻ
വണ്ടാറണിക്കുഴലിയാം പ്രിയയോടുകൂടി-
ക്കൊണ്ടാടി വേഗമൊടു പോയ്ഗുരുഭക്തിശാലി
ചൊല്പൊങ്ങുമശ്വപതി ഭൂപതിനന്ദിനിക്കാ-
യെപ്പോൾ കൊടുത്തു വരമബ്ഭഗവാൻ കൃതാന്തൻ
കെല്പാടു സാല്വനൃപനേത്രയുഗത്തിനുണ്ടാ-
യപ്പോളഹോ! കറകളഞ്ഞൊരു കാഴ്ച നന്നായ്.
ഹന്തോഗ്രമാം നയനദോഷമൊഴിഞ്ഞ നേരം
സന്തോഷമായി പരമെങ്കിലുമക്ഷിതീശൻ
എന്തോ സുതന്റെ വരവിന്നൊരമാന്തമെന്ന
ചിന്തോരുതാപവിവശീകൃതനായ് ഭവിച്ചൂ.
കുന്നിച്ച സംഭ്രമവശാലഥ ശൈബ്യയോടു-
മൊന്നിച്ചു മാദ്രിയെയുമാത്മതനൂജനേയും
നന്നായ്നൃപൻ തിരയുവാൻ ഘനമാം വനത്തി-
ലന്നത്തമിസ്രയിലുഴന്നു നടന്നു കേണു.
ഭൂവിന്നധീശ്വരനവൻ വിപിനത്തിലന്നാ-
രാവിൽ കുറച്ചൊരു രവം ബത! കേട്ടുവെന്നാൽ
സാവിത്രിയൊത്തിഹ വരുന്നിതു സത്യവാനെ-
ന്നാവിർഭവൽ കുതുകമോടുരചെയ്തടുക്കും.
അങ്ങിഷ്ടനായ സുതനെബ്ബത! കണ്ടിടാഞ്ഞു
മങ്ങിപ്പരുങ്ങിയുടനന്യധരാതലത്തിൽ
തിങ്ങും ജവാലണയുമിത്തരമാ വനത്തി-
ലെങ്ങും ഭ്രമിച്ചു നൃവരൻ പരമാര്ത്തനായി.
കാലാകെ മുള്ളുകൾ തറച്ചധികം മുറിഞ്ഞു
മാലാര്‍ന്നു പാരമവരെങ്കിലുമായതൊന്നും
സ്ഥൂലാധിമൂലമറിയാതെ സുതന്റെ സാധു-
ശീലാദി ഭൂരിഗുണമോര്ത്തഥ പിച്ചതേടീ.
പാരം ശുചാ വലിയ പിച്ചു പിടിച്ചമട്ട-
ന്നേരം ഭ്രമിക്കുമവരെ ദ്വിജപുംഗവന്മാർ
സ്വൈരം നിജാശ്രമപദത്തിലണച്ചിരുത്തി-
സാരം കലർന്ന പരിസാന്ത്വനവാക്യമോതി.
ജ്ഞാനാതിരേകമെഴുമമ്മുനിപുംഗവന്മാർ
ദീനാശയം കലരുമായവരോടു മെല്ലെ
പീനാര്ത്തി തീർത്തു കളവാൻ പല പൂര്വ്വജാത-
നാനാമഹീപതികൾതൻ ചരിതം കഥിച്ചു.
തെല്ലാശ്വസിച്ചവരിരുന്നഥ പിന്നെയും തൻ
ചൊല്ലാര്‍ന്ന പുത്രനുടെ സൽഗുണമോര്ത്തു താപാല്‍
വല്ലാതെകണ്ടു കരയും സമയേ സുവര്‍ച്ച-
സ്സുല്ലാസമോടിതു പറഞ്ഞു മഹാതപസ്വീ
'യമനിയമമുഖാംഗം സര്വ്വമൊക്കും തപസ്സും
ശമദമവുണങ്ങീടുന്ന സാവിത്രിതന്റെ
വിമലഗുണഗണാൽ നിമ്പുത്രനാം സത്യവാനാ-
യമനുടെ പുരിതന്നിൽ പൂകിലും ചാകയില്ല.'
ഭൂതഭാവ്യഖിലലോകവൃത്തവും
സ്ഫീതമാം നിജ തപോബലത്തിനാൽ
വീതശങ്കമറിയും മുനീശ്വരൻ
ഗൌതമൻ തദനു ചൊല്ലി മെല്ലവേ.
"ഈ വിശ്വമെല്ലാമെന്നുള്ളിലാവിർഭൂതം സദാസ്ഫുടം
സാവിത്രീസാധുമാഹാത്മ്യാൽ ജീവിക്കുന്നുണ്ടു സത്യവാൻ.'
അതിമഹിതതപോവ്രതപ്രഭാവ-
ലതിരുകവിഞ്ഞറിവുള്ള ഗൌതമാഖ്യൻ
ഇതി ശുഭവചനം പറഞ്ഞ ശേഷം
മതിബലമുള്ള തദീയ ശിഷ്യനോതീ
'പൊരുളിനെയനുവര്ത്തിക്കും
പുരുഗുണമുള്ളാര്യലോകവാകുങ്ങൾ
പൊരുളനുവര്ത്തിച്ചിടുമെൻ
ഗുരുവചനങ്ങളെസ്സദാ നൂനം.
കഷ്ടിച്ചു മൽഗുരുവരൻ കളി, പൂണ്ടു തന്റെ
ദൃഷ്ടിക്കെഴും കടയിളക്കുകിലാ പ്രഭാവാൽ
പുഷ്ടിപ്പെടുമ്പടി ഭവിച്ചിടുമിജ്ജഗത്തിൽ
സൃഷ്ടിസ്ഥിതിപ്രളയസിദ്ധികളിച്ഛപോലെ
ഈവിധമുഗ്രതപോവ്രതം
മാവിതനാം മൽഗുരൂത്തമൻ ഭഗവാൻ
ആവിലമറ്റോതിയപടി
ജീവിക്കുന്നുള്ള സത്യവാൻ ആകാംക
പോഷം പെടുന്ന നരനാഥവിഷാദഭാരം
ശേഷം നിവാ മുഴുവനും കളവാൻ തദാനീം
ദോഷം വെടിഞ്ഞ മൊഴി മാമുനിമണ്ഡലം സ-
ന്തോഷം കലര്‍ന്നു കനിവാര്‍ന്നു കഥിച്ചു മന്ദം.
'ആരോഗ്യാദി സുഖത്തെയും ദൃഢമവൈ-
ധവ്യത്തെയും ചേർത്തിടു-
ന്നോരോ മംഗളലക്ഷണങ്ങൾ മുഴുവൻ
സാവിത്രിതന്മേനിയിൽ
വേരോടൊത്തിളകാതകണ്ടു വിലസു-
ന്നുണ്ടെന്ന നൽക്കാരണത്താൽ
ഘോരോപദ്രവമേൽക്കിലും നൃപ! മരി-
ച്ചീടാ സഖേ! സത്യവാൻ'
ധരക്കീശനോടീവിധം താപസന്മാർ
പരക്കെ പ്രസാദിച്ചുരച്ചോരു ശേഷം
ഭരദ്വാജനാം മാമുനീന്ദ്രൻ പറഞ്ഞാൻ
ശരച്ചന്ദ്രകുന്ദോല്ലസന്മന്ദഹാസൻ.
'സാവിത്രിക്കുടയ തപഃപ്രഭാവമോര്ത്താ-
ലീവിശ്വം മുഴുവനെ കാക്കുമെന്നിരിക്കെ
ഭാവം ചേര്‍ന്നൊരു പതിയായ സത്യവാൻതൻ
ജീവൻ പോകിലുമതു കാക്കുകില്ലയെന്നോ?'
ജനിമൃതിഭയവുമൊഴിക്കും
മുനികുലവരനായിടും ഭരദ്വാജൻ
കനിവൊടിതുരച്ച ശേഷം
സുനിയമധനമുള്ള ദാൽഭ്യമുനി ചൊന്നാൻ,
'ഒന്നുണ്ടായ്വരുമാത്മവല്ലഭനതി-
ക്രൂരത്വമൊക്കും വിപ-
ത്തൊന്നുഗ്രവ്രതമാചരിച്ചതു നശി-
പ്പിച്ചീടണം നിശ്ചയം
എന്നുൾത്താരിൽ നിനച്ചുടൻ മഹിതയാം
സാവിത്രി സര്‍വ്വേന്ദ്രിയം
വെന്നുത്സാഹമൊടാചരിച്ചു നിയമം
നീക്കാതെ ദീർഘവ്രതം.
നന്നായ്വ്രതാചരണപീഡകളാൽ തളര്‍ന്നാ-
ളെന്നാലുമശ്വപതിനന്ദിനി ധൈര്യമോടേ
തൻനാഥനൊത്തനശനവ്രതമോടുകൂടി-
ട്ടിന്നാശു പോയതിനു മൂലമതൊന്നുതന്നെ.
ഇന്നല്ലലറ്റു ഭവദാത്മജജീവലാഭ-
മൊന്നല്ല നൂനമവൾ തൻവ്രതസൽഫലം കേൾ
ത്വന്നേത്രലാഭവുമിതിൻഫലമാണിതെല്ലാ-
മിന്നേരമോര്ത്തഴലകന്നു വസിച്ചുകൊൾക.
നന്മയോടു പരമിങ്ങിനെ ദാൽഭ്യൻ
വന്മഹര്ഷിവരനോതിയ ശേഷം
അംബരംമലതരാശയനാപ-
സ്തംബനാം മുനി തെളിഞ്ഞു പറഞ്ഞു
'പ്രശാന്തിദിക്കിങ്കൽ മൃഗദ്വിജങ്ങ-
ളശാന്തഭാവം കലരാതിദാനീം
സുശാന്ത! ചൊല്ലുന്നു സുസാന്ത്വവാക്യം
പ്രശാന്തമാം തേ തനയാന്തദുഃഖം.'
ധൌമ്യൻ തപോനിധിമഹാമതി സത്സ്വഭാവ-
സൌമ്യൻ മഹർഷി തെളിവോടു പറഞ്ഞു പിന്നെ
'സാമ്യം വെടിഞ്ഞ സുഗുണം ഭവദാത്മജായുര്-
ജ്ജാമ്യം വിഷാദമിതു സര്വ്വമൊഴിച്ചുകൊൾക,
സുദീർഘമായുസ്സുകലർന്ന മര്‍ത്ത്യ-
ക്കുദീര്ണ്ണമാകും ശുഭലക്ഷണൗഘം
ത്വദീയപുത്രന്നു സമസ്തമുണ്ട-
ങ്ങദീനനായ്ത്തന്നെ വസിച്ചുകൊൾക.'
ചൊന്നാലൊക്കെപ്ഫലിക്കും മുനികളുടെവച-
സ്സിത്തരം തത്ര കേട്ടി-
ട്ടൊന്നാശ്വാസം കലര്ന്നാ നൃപതി ദയിതയൊ-
ത്താശ്രമേ വിശ്രമിച്ചാൻ
നന്നായ്പിന്നീടു യാമദ്വയവിഗമവി-
ധൌ സത്യവാനോടുകൂടി-
ച്ചെന്നാസ്സാവിത്രി ഹർഷാകുലമഴകിലകം
പൂകിനാളാശ്രമത്തിൽ.
സാവിത്രീമാഹാത്മ്യമെന്ന കാവ്യത്തിൽ
ഒമ്പതാം സര്‍ഗ്ഗം കഴിഞ്ഞു.
പത്താം സർഗ്ഗം
ശിവമൊടു നിജഭര്ത്താവൊത്ത സാവിത്രിയേക്ക-
ണ്ടവരഖിലമണഞ്ഞാരപ്പൊളാമോദമേറ്റം
ധവളകരനൊടൊക്കും രാത്രിയെക്കണ്ടു ഭംഗ്യാ
വനകുവലയവൃന്ദംപോലെ മാലിന്യമെന്ന്യേ.
സവിനയമുപചാരം സര്‍വ്വവും തത്ര ചെയ്തി-
ട്ടവിടെയവരശേഷം ചേർന്നിരുന്നോരു ശേഷം
സവിധഭുവി വസിക്കും സത്യവാനാടു പിന്നീ-
ടഖികലമിതു ചോദിച്ചീടിനാർ താപസന്മാർ.
'വിറകിനു വിപനത്തിന്നായ്ഗമിച്ചിട്ടഹോ! നീ
തിറമൊടു വരുവാനിന്നിത്ര വൈകിച്ചതെന്തേ?
പറക! നൃപതിസൂനോ! ഞങ്ങളിങ്ങിത്ര നേരം
നിറയുമഴൽസമുദ്രേ മുങ്ങിമുങ്ങിക്കുഴങ്ങി'
ഇതി മുനിജനവാക്യം സത്യവാൻ കേട്ടു ഭക്ത്യാ
നതിസഹിതമുരച്ചാനുത്തരം സത്വരം താൻ
"അതിശുഭമയദിവ്യജ്ഞാനശക്ത്യാ സമസ്തം
മതിയിലറിയുമല്ലോ ഭംഗമെന്യേ ഭവാന്മാർ.
ഗുരുമഹിമഭവാന്മാർക്കേവമുണ്ടെങ്കിലും നി-
ന്തിരുവടികൾനിയോഗിക്കുന്ന മൂലം സമൂലം
ചരിതമിഹ കഥിക്കാം മാതൃതാതാനുവാദാൽ
ത്വരിതമിവളൊടൊത്തക്കാടകത്തിൽ കടന്നേൻ.
അവിടെ വികടവൃക്ഷച്ഛേദജശ്രാന്തികൊണ്ടും
രവികരപരിതാപംകൊണ്ടുമുണ്ടായിവന്നു
വിവിധതരമസഹ്യോപദ്രവം ചേര്‍ത്തു കൊണ്ടുൾ-
ക്കവിയുമഴലൊടത്യന്തോദ്ധതം മൂര്ദ്ധതാപം.
പരമപരവശത്വം പൂണ്ടു മൈവാടി ഞാനുൾ-
ത്തരളതയൊടുറങ്ങിദ്ദീർഘകാലം മയങ്ങി
ചിരതരമതിമാത്രം ഗാത്രമെല്ലാം തളര്ന്നി-
ത്തരമധികമുറങ്ങീട്ടില്ല ഞാൻ മുമ്പിലെങ്ങും.
അറിവിവനിതുമാത്രംതന്നെ മറ്റൊന്നുമില്ലെ-
ന്നറിയണ' മിതിചൊല്ലിസ്സത്യവാനങ്ങടങ്ങീ
ത്വരിതമുടനുരച്ചാൻ തത്ര സാവിത്രിയോട-
ച്ചരിതമഥ കഥിപ്പാൻ ഗൌതമൻ കൌതുകത്താൽ
അനിതരസുലഭസ്ത്രീസൽഗുണം സര്വ്വമൊക്കും
പനിമതിമുഖിയായീടുന്ന സാവിത്രിയപ്പോൾ
കനിവുമയിതപസ്സും പൂണ്ടു ശോഭിച്ചിടുന്നാ-
മുനിയുടെ മൊഴികേട്ടിട്ടിത്തരം തത്വമോതി.
"മരണമണയുമിന്നെൻ കാന്തനെന്നുള്ള തത്വം
സുരമുനിവരനാകും നാരദൻതന്റെ വാക്യാൽ
കരളിലറിവെനിയ്ക്കുണ്ടാകയാലായതോർത്തെൻ
വരനുടെനികടേ ഞാനങ്ങുവാണൻ വനാന്തേ.
സമയമതിലണഞ്ഞിട്ടാര്യനാം ധര്മ്മരാജൻ
പതിയുടെ ജീവൻ കൊണ്ടുതെക്കോട്ടു പോയീ
സുമഹിമകളെഴുന്നാദ്ദേവനെക്കേവലം ഞാ-
നമലനുതികൾ ചൊല്ലിത്തൂര്ണ്ണമേറ്റം സ്തുതിച്ചു
അപരിമിതഗുണങ്ങൾക്കൊത്തരാധാരമാമ-
ത്തപ നതനയദേവൻ തൽക്ഷണേ തുഷ്ടനായി
സപദി വരചതുഷ്ക്കം തന്നു പിന്നെത്തടിക്കും
കൃപയൊടു മമ ഭർത്തൃപ്രാണനെക്കൂടി നല്കീ.
വരജനകനു നേത്രദ്വന്ദ്വവും തന്റെ നാടും
വരയുഗളമെനിക്കും താതനും താഴ്ചയെന്യേ
നരപതിഗുണമെല്ലാം ചേര്‍ന്ന നൂറാത്മജന്മാർ
ചിരതരമസുനാഥായുസ്സു നാനൂറു വര്‍ഷം.
ഇവകളമിതതോഷം തന്നു ധര്മ്മാധിരാജൻ
ഭുവനപതി ഗമിച്ചാൻ തൽപുരിക്കമ്പിനോടേ
ഭവദതിദയകൊണ്ടീ നല്ല കാര്യങ്ങളെല്ലാം
ജവമൊടബലയാം ഞാൻ സാധുസാധിച്ചു നൂനം.'
ക്ഷണദയതിൽ നടന്നിട്ടുള്ള തൻ വൃത്തമേവം
ഘൃണയെഴുമൃഷിവൃന്ദത്തോടു സാവിത്രി ചൊല്ലി
പ്രണരസഭരത്താൽ താപസന്മാർ തദാനീം
ഗുണമെഴുമവളെത്താൻ വാഴ്ത്തിയിത്ഥം വദിച്ചു.
"സുമധുരമൊഴി! ഹേ സാവിത്രി! സാവിത്രിതാൻ നീ
കിമപി ന തവ ലോകേ ദുഷ്ക്കരം പുഷ്ക്കരാക്ഷി!
യമനുടയ മഹത്വം കൂടി നിന്നത്ഭുതശ്രീ-
യമമഹിമ നിനച്ചാൽ തുച്ഛമാണച്ഛശീലേ!.
ഗുണവതി! ജനകൻതൻ നഷ്ടമാം വംശവും തൻ-
കണവനുടയ നഷ്ടപ്രായമാം വംശവും നീ
ഘൃണയൊടതിതപസ്സംസിദ്ധികൊണ്ടുദ്ധരിച്ചാൾ
ഗുണമിഹ ബഹുമാന്യം ജാതിലിംഗാദിയല്ല.
കലുഷരഹിതയാം നിൻ സൽഗുണം സാധു വര്‍ണ്ണി-
ക്കിലുമിതു മതിയാക്കാമെന്നു തോന്നുന്നതില്ല
വലുതിതു തവയോഗപ്രാഭവം ഹന്ത! നാക-
ത്തിലുമൊരുവിധു നിന്നോടൊപ്പമായിപ്പൊളില്ല.'
സുജനസഭയിലേവം വര്‍ണ്ണനം ചെയ്തൃഷീന്ദ്ര-
വ്രജമവരൊടശേഷം യാത്രചൊല്ലിത്തദാനീം
നിജനിജനിലയങ്ങൾക്കായുടൻ പോയി സാല്വ-
പ്രജകളുടയനാഥൻ മങ്ങിടാതങ്ങിരുന്നാൽ.
സുജനമനസി വല്ലാതാര്ത്തിയെച്ചേര്ത്തിടുന്നാ-
രജനിയഥ നശിച്ചു സത്യവന്മൃത്യുപോലെ
"ദ്വിജകുലവദനത്തിൽ സ്വൈരമന്നേരമംഹോ-
വിജയമൊടു വിളങ്ങി തത്ര സാവിത്രി പാരം.
ഗുണമുടയ മഹാന്മാർ ദീർഘയാം നിദ്രയെത്തൽ-
ക്ഷണമകലെ വെടിഞ്ഞാരാധി ബാധിച്ചിടാതേ
പ്രണയരസമെഴും സാവിത്രിതാൻ ചെയ്ത ജീവ-
പ്രണനസമയത്തിൽ സത്യവാനെന്നപോലെ.
ക്ലമമഖിലമൊഴിച്ചുംകൊണ്ടു മന്ദം പ്രഭാതാ-
ഗമശിശിരസമീരൻ തത്ര ലോകത്തിലെത്തി
അമലഗുണമിണങ്ങും സത്യവാനിൽ സമസ്ത-
ശ്രമവുമുടനകത്തി പ്രാണവാതം കണക്കെ.
ഉടനെ തിമിരദോഷം നഷ്ടമായിട്ടു ദൃഷ്ടി-
ക്കുടയ തെളിവുദിച്ചു തത്ര മോദിച്ചു ലോകം
അടവിയതിൽ വസിച്ചീടും ദ്യുമത്സേനനാമം
തടവിയ ഗുണവാനാം മന്നവന്നെന്നപോലെ.
അതനുരവികരത്താൽ പൂര്വ്വയാം സന്ധ്യ താരാ-
മിതസുരുചിരകാന്തിക്കല്ലൽ ചേർത്തുല്ലസിച്ചൂ
ഇതരസകലസാധ്വീശോഭമങ്ങും പ്രകാരം
വ്രതശുഭഗുണരൊത്തീടുന്ന സാവിത്രിപോലെ
പ്രിയപതിയോടുകൂടിത്തത്ര സാവിത്രി സര്‍വ്വാ-
ഭയകരി തരസാ വന്നപ്പൊളുണ്ടായ പോലെ
സ്വയമരുണമയൂഖം പൂണ്ടു നൽപൂര്വ്വസന്ധ്യോ-
ദയവിധിയിലുദിച്ചൂ സദ്വിജൌഘപ്രണാദം.
ശുഭകരസമയത്തിൽ തത്ര ദോഷാകരൻതൻ
പ്രഭയൊടു ഹതമായി രമ്യബിംബപ്രകാശം
രഭസമൊടതിസാധുദ്രോഹിയാം മന്നവൻതൻ
വിഭവമൊടഥ പൂര്ണ്ണായുസ്സുപോകുന്നപോലെ.
ദിനമുഖസമയത്തിൽ തത്ര ലോകത്തിലെല്ലാ-
മിനകിരണസഹസ്രം ചേര്‍ന്നു നന്നായ്പരന്നൂ
സുനയമുടയമര്ത്ത്യന്നിഷ്ടകാലം വരുമ്പോൾ
ധനസുജനസമൂഹം വന്നിണങ്ങുന്നപോലെ.
ഗഗനമണി സഹസ്രം രശ്മിയുള്ളോരു ദേവൻ
ഗഗനമണയുവാനായ് ഭംഗിയോടൊത്തു പൊങ്ങീ
സഗജഹയപദാതിസ്യന്ദനൻ മന്നവൻതൻ
നഗരമണയുവാനായ്ത്തേരിലേറുന്നപോലെ.
ഉദയശിഖരി നാനാരത്നരമ്യാഗ്രഭാഗേ
തദനു നിഖിലഖേടപ്രൌഢനാരൂഢനായീ
സദയമുലകശേഷം കാക്കുവാൻ രത്നപീഠേ
ഹൃദയഗുണമിണങ്ങും ഭൂപനേറുന്നപോലെ.
ഘനരുചിയൊടു പൂര്വ്വക്ഷ്മാധരത്തിൽ ശിരസ്സിൽ
ദിനപതിയുമട ബിംബം ചീര്‍ത്ത ഭംഗ്യാ വിളങ്ങി
സുനയമുടയ ഭൂപന്തന്റെ മൂര്ദ്ധാവിലേറ്റം
കനകമണികിരീടം ചേര്ന്നുമിന്നുന്നപോലെ
അതിരുചിയൊടു പൂര്വ്വക്ഷ്മാധരാഗ്രേ വിളങ്ങും
കതിരവഭഗവാക്കൈവണങ്ങിജ്ജനങ്ങൾ
സ്തുതിവിധികൾ തുടങ്ങി ധര്മ്മപീഠേ വസിക്കും
ക്ഷിതിപനെ വിരുതേറും വന്ദിവൃന്ദം കണക്കെ.
മികവുടയ നൃപൻതൻ നല്ല കാലം കണക്കെ-
പ്പകലവഭഗവാൻതൻകാലമായെന്നമൂലം
അകലുഷശുഭനാനാസ്വസ്വകർമ്മങ്ങൾ ചെയ്വാൻ
സകലജനമൊരുങ്ങീ നാടു നന്നായ്വിളങ്ങീ.
തപനനുടെ, സുമാര്ഗ്ഗം നല്കുമാര്യോദയത്താൽ
സപദി പരിലസിച്ചു ചാരു പാഥോരുഹങ്ങൾ
നൃപതിയുടയ നീതിയ്ക്കൊത്ത മാന്യോദയത്താൽ
അപനയവിമുഖന്മാരുല്ലസിക്കുന്നപോലെ.
തരണിയുടയ ബിംബത്തിങ്കൽനിന്നങ്കുരിക്കും
കരനികരമസംഖ്യം പാരിടത്തിൽ പരന്നൂ
വരഗുണമൊടൊരാര്യൻതന്നിൽനിന്നുത്ഭവിക്കും
നിരവധി കുലപുത്രോൽക്കൃഷ്ടസംഘംകണക്കെ.
യമനിയമധനന്മാരാകുമത്താപസന്മാർ
സമയമതിൽ വിധിച്ചിട്ടുള്ള കര്‍മ്മങ്ങളെല്ലാം
ക്രമമൊടഥ കഴിച്ചിട്ടാര്യനാം സാല്വഭൂമീ-
രമണനുടെ ഗൃഹത്തിൽ പിന്നെയും ചെന്നുചേർന്നൂ.
പുനരവരഖിലം ചേര്‍ന്നിട്ടു സാവിത്രിതൻ നൽ-
ഘനശുഭഗുണമോരോന്നോര്ത്തു വര്‍ണ്ണിച്ചു വാഴ്ത്തി
മനസി മുനിവരന്മാർ പിന്നെയും തൃപ്തിതേടാ-
തനതരതമതാവര്ത്തിച്ചു കീർത്തിച്ചു പാരം.
ഇതരകഥകളെല്ലാം താപസന്മാർ മറന്നാ-
സ്സൂുതനുതിലകമായീടുന്ന സാവിത്രിതന്റെ
വ്രതമഹിമകളെത്താൻ വാഴ്ത്തിനാർ സൽപ്രശംസാ-
മൃതകുതുകികളല്ലോ സര്‍വ്വദാ സജ്ജനങ്ങൾ.
വികൃതികളുടെ വേരാം വൈരിയേക്കൊന്നു മന്നിൽ
തകൃതിയിൽ വിജയാഘോഷങ്ങൾ തോഷാൽ മുഴക്കി
പ്രകൃതികളഥ വന്നാർ സാല്വഭൂപാശ്രമത്തിൽ
സുകൃതിതിലകമാമസ്വാമിയെക്കൊണ്ടുപോവാൻ,
ജവമൊടവിടെയപ്പോൾ സ്വപ്രജാദര്ശനാത്യു-
ത്സവബഹുലരസത്താൽ സാല്വനുല്ലാസമാര്ന്നു
അവരഥ നയനത്തോടൊത്ത തൻനാഥനെക്ക-
ണ്ടവധിയകലുമാനന്ദത്തിനാൽ നൃത്തമാടീ.
സചിവമണിനയത്തിൻ സത്തറിഞ്ഞുള്ള ധീമാ-
നുചിതമരിവധത്തെച്ചെയ്തുവെന്നും പ്രജാനാം
രുചിരകുതുകമിങ്ങുണ്ടെന്നുമാസ്സാല്വഭൂപൻ
സുചിരഗളിതരാജ്യൻ കേട്ടു സന്തുഷ്ടനായീ.
മനസി ബഹുള ഭക്ത്യാ താപസന്മാരെയെല്ലാം
പുനരുടനെ വണങ്ങിസ്സാദരം യാത്ര ചൊല്ലി
സ്വനഗരമണവാനായ് മദ്രജാത്മാസുനാഥാ-
തനയസഹിതനായിബ്ഭൂവരൻ യാത്രയായീ.
അഥസുതയുതനായി സ്വപ്രജാനീതമാകും
രഥമതിലവനീന്ദ്രൻ കേറി കേടറ്റ കാന്ത്യാ
മഥനതരളദുഗ്ദ്ധാംഭോധിഗംഭീരനാദം
വ്യഥയൊടകലുമാറുണ്ടായ്തദാ സൈന്യനാദം,
ക്ഷിതിപമഹിഷിയാകും ശൈബ്യസാവിത്രിയോടൊ-
ത്തതിസുലളിതകാന്ത്യാ നല്ല പല്ലക്കിലേറി
ക്ഷതിവിരഹിതനായിപ്പിന്നെയമ്മന്നവേന്ദ്രൻ
പ്രതിഭയബലമോടൊന്നിച്ചുനന്ദിച്ചു പോയാൻ.
മലകൾ പുഴകൾ നാനാഗ്രാമദേശങ്ങളെന്നീ-
പലതു കടന്നാസ്സാല്വഭൂപൻ സസൈന്യൻ
വലമഥനസമാനൻ തുഷ്ടപുഷ്ടപ്രജൌഘാ-
കുലതരനിജരാഷ്ട്രം ഹൃഷ്ടനായിട്ടണഞ്ഞാൻ
അതുപൊഴുതു നിജേശപ്രാപ്തിയാല് സാല്വരാജ്യം
കുതുകമൊടമലാലങ്കാരഭംഗ്യാ വിളങ്ങീ
ഋതുകുലപതിയാകും ശ്രീവസന്തം വരുമ്പോൾ
പുതുമലർ നിരപുണ്ടീടുന്ന പൂങ്കാവുപോലെ.
ക്ഷതിരഹിതമുഹൂര്ത്തേ രത്നസിംഹാസനത്തിൽ
ക്ഷിതിപതിയെയിരുത്തിപ്പുണ്യതീര്ത്ഥോദകത്താൽ
ശ്രുതിസുഭഗനിനാദത്തോടുകൂടിപ്പുരോധ-
സ്സതിശുഭമഭിഷേകം ചെയ്തു സമ്പ്രീതിയോടേ
അവനിയുടയനാഥൻ ചൊല്കയാൽ നന്മകൂടും
നവരസമതിലൊത്തന്നാട്ടുകാർ കോട്ടമെന്യേ
യുവനരപതിയാക്കിസ്സത്യവാനെസ്സമൃദ്ധൊ-
ത്സവരസമഭിഷേകം ചെയ്തു ചേരുംപ്രകാരം.
ഹരിയൊടുസമനാമമ്മന്ന വൻ ധര്‍മ്മസാരം
പരിചിനൊടു പരത്തിപ്പാരു പാലിച്ചിടുമ്പോൾ
അരിയുടേ ലവലേശം പോലുമില്ലെങ്കിലും നെ-
ല്ലരിധരയിലശേഷം തത്ര ധാരാളമായീ
കടൽ മകൾകളിയാടിക്കൊണ്ടു തുള്ളുന്നമൂലം
കടമൊരുവനുമില്ലെന്നാലുമന്നാട്ടിലപ്പോൾ
ഉടിലനതിമൃദുത്വം പൂണ്ട പൂവേണിമാര്ക്കും
കടമതിസുലഭംതാൻ സൌഖ്യമായിക്കിടപ്പാൻ.
സ്മൃതിയൊടു കുടിയാനും ജന്മി യും തമ്മിലുൾച്ചേര്-
ന്നതിസുഖമൊടു വാട്ടം വിട്ടഹോ! വാഴ്കയാലേ
ക്ഷിതിയിൽ മുഴുവനന്യായങ്ങളില്ലാതെ രാജ-
പ്രതിനിധികളിരുന്നാർ കേവലം പാവപോലെ.
ശമദമമെഴുമുര്വ്വീദേവർതന്നദ്ധ്വരത്താൽ
പ്രമദമധികമുണ്ടായ്വന്നു ദേവേന്ദ്രനുള്ളിൽ
ക്ഷമയിലഖിലമെല്ലാവര്ക്കുമുൾക്കാമ്പിലപ്പോൾ
സമയകൃതസുവര്ഷംകൊണ്ടു ഹര്‍ഷം ഭവിച്ചൂ.
മിളദമിതശുഭത്താൽ നീതി ചേര്ന്നീതിപോയോ-
രളവിലഗമമെല്ലാം വാച്ചുകാച്ചുല്ലസിച്ചൂ
കളമമുഖവിരാജദ്ധന്യധാന്യങ്ങളാൽ വൻ
കള, മറയിവയൊക്കെത്തിങ്ങിയേറ്റം വിളങ്ങീ.
ഉരഗ, മശനി, വൻതീ വെള്ളമിത്യാദിമൂലം
മരണമയമൊരാൾക്കും മന്നിടംതന്നിലില്ല
ചിരപരിഹൃതമായീ ബാലപീഡാദി ദോഷം
പരവശതഗദത്താൽത്തെല്ലുമന്നില്ല ചിത്രം.
ഖലപുരുഷരശേഷം നഷ്ടരായ്വിഷ്ടപത്തിൽ
കുലടയുടയ നാമം കൂടിയന്നോടി ഭീത്യാ
ഉലകിലഖിലജാതിക്കാര്ക്കുമാര്യസ്വധര്മ്മേ
നിലസുദൃഢമുറച്ചൂ പാപമേറ്റം വിറച്ചൂ.
മതിയുടയവസിഷ്ഠപ്രേയസീദേവിയന്നാ-
സ്സതികളുടെ മഹത്വം പാര്‍ത്തു ലജ്ജിക്കകൊണ്ടോ
അതിലഘുതരലക്ഷ്യാ ലക്ഷ്യരൂപം ഗ്രഹിച്ചാ-
ളിതി മനസി വിശങ്കിക്കുന്നു ലോകങ്ങളിന്നും.
കലഹമുലകിലപ്പോൾ സർവ്വവും നഷ്ടമായീ
കുലമതുലഗുണത്താലൊക്കെയും പുഷ്ടമായീ
മലവിരഹിതരാകും മര്‍ത്ത്യരിൽ സര്‍വ്വവിദ്യാ-
കലകളുടെ സമൂഹം പൂര്ണ്ണമായ്വന്നു തൂര്‍ണ്ണം.
കൃതമതിമണിയാകും സാല്വഭൂപചന്ദ്രനാഥൻ
ജിതകരണനുദാരൻ മന്നു കാക്കുന്ന കാലം
സതതമതിഥിദൈവബ്രാഹ്മണാഗ്ന്യാദിപൂജാ-
വ്രതനിയമസമൃദ്ധ്യാ ഹന്ത! സര്‍വ്വം തെളിഞ്ഞൂ.
നിഗമവിടപിവിത്താകുന്ന സാവിത്രിയാമ-
ബ്ഭഗവതിയോടഭേദം പൂണ്ട സാവിത്രിതന്റെ
അഗണിതസുകൃതത്താൽ സാല്വഭൂപാലനേവം
ജഗതി വിജയിയായിക്കൊണ്ടു കൊണ്ടാടി വാണൂ
വിനയമുടയ സാവിത്രിക്കുമസ്സത്യവാനും
തനയശതകമുണ്ടായ്വന്നു പിന്നെ ക്രമത്താൽ
പുനരവരുലകെല്ലാം വിക്രമാൽ കിഴടക്കീ-
ട്ടനവധി ശുഭധര്മ്മം പാരിടത്തിൽപ്പരത്തീ
ഉണ്ടായ്മാളവിതന്നിലശ്വപതിയാം
സാവിത്രിതൻതാതനുൾ-
ക്കൊണ്ടാമോദഭരേണ പുത്രശതകം
സൌഭാഗ്യഭാഗ്യോജ്വലം
പണ്ടാര്‍ക്കും ലഭിയാതയുള്ള മഹിത-
ക്ഷാത്രപ്രഭാവോദയം-
കൊണ്ടാമാന്യർ മഹീതലേ സുദൃഢമായ്
നിര്‍മ്മിച്ചു ധർമ്മം പരം.
ഭാവം ചേരുംപ്രകാരം മഹിതതര-
പതസ്സുള്ള സാവിത്രി നന്നാ-
യേവം തത്ഭർത്തൃതാതോത്തമകുലമമി-
താപത്തിൽനിന്നുദ്ധരിച്ചു
ദൈവം നന്നായ് സഹായിക്കുകിലബലകളാം
നാരിമാര്‍ക്കും സമസ്തം
കൈവന്നീടും മഹാര്ത്ഥം ജഗതി ഖലു നൃണാം
ധര്‍മ്മമേ ശര്മ്മമേകൂ.
ദുര്‍ജ്ജനം ദുരിതദുഃഖദായകം
സജ്ജനം സകലസൌഖ്യദായകം
ഇജ്ജനത്തിനു തരേണമേ ഹരേ!
സജ്ജനത്തൊടു സദാ സമാഗമം.
ഉല്ലാസാൽ ദുർഗ്ഗയെന്നും ദ്രുഹിണഗൃഹിണിയേ-
ന്നും മഹാലക്ഷ്മിയെന്നും
ചൊല്ലാളും കാളിയെന്നും ദ്വിജഗുണകരിയാം
ദേവി സാവിത്രിയെന്നും
കല്യാണാഖ്യാവിശേഷം പലതുമിവയെഴു-
ന്നീശജായേംബ!ദൃഷ്ട്യാ
കല്യാണത്തെപ്പരത്തീടുക പരമതിനാ-
യിട്ടു കുമ്പിട്ടിടുന്നേൻ.
ഇങ്ങിനെ സാവിത്രീമഹാത്മ്യമെന്ന കാവ്യത്തിൽ
പത്താംസർഗ്ഗം കഴിഞ്ഞു.
ശ്രീമഹാദേവ്യൈനമഃ.
ഇദ്ദേഹികൾക്കുടയ ബുദ്ധിയെ യാതൊരീശൻ
സദ്യോ ബലാൽ പലവഴിക്കുമയച്ചിടുന്നൂ
അദ്ദേവനായ സവിതാവിനഴും വരേണ്യ-
വിദ്യോതിതോത്തമമഹസ്സു ഭജിച്ചിടുന്നേൻ.
വര്‍മ്മം വിപൽക്കണനിരയ്ക്കു, ജിതന്റെ ഹൃത്താം
മര്‍മ്മം, മഹാര്ത്ഥമിയലും മറതന്റെ സാരം
ധര്‍മ്മം സമസ്തഭുവനത്തിലെഴുന്നവര്ക്കു
ശര്‍മ്മം കൊടുത്തു തെളിവോടു ജയിച്ചിടുന്നു.
തേജസ്സു ഭാസ്കരനിലെന്നതുപോലെ ധര്‍മ്മ-
മോജസ്സുപുണ്ടവരിലോ കുടികൊണ്ടിടുന്നു
രാജന്മഹാഗുണമഴുന്നവരൊത്തിരിപ്പാ-
നാജന്മമൃത്യു മമ സംഗതി വന്നിടട്ടെ.
അത്യന്തഭക്തിയൊടു ശാസ്ത്രമുരച്ചിടുന്ന
കൃത്യങ്ങളാസകലവും മടിവിട്ടു ചെയ്തും
സത്യം തികഞ്ഞുമെഴുമുത്തമസജ്ജനങ്ങൾ
നിത്യം കനിഞ്ഞുലകു കാത്തു ജയിച്ചിടുന്നു.
സാവിത്രിതാനവതരിച്ചതുപോലെ തോന്നും
സാവിത്രിയെന്ന മഹിളാമണിതൻ ചരിത്രം
സേവിച്ചവര്ക്കധികമംഗളമെന്നു പാര്‍ത്തെൻ
നാവിച്ഛപൂണ്ടു പറവാനിത കോപ്പിടുന്നു.
മുദ്രാവിഹീനഗുണവാനഹിതാന്ധകാര-
വിദ്രാവണത്തിനു ദിനേശനുദാരശീലൻ
മദ്രാധിനാഥനൊരുവൻ ഭുവിമുന്നമുണ്ടായ്
ഭദ്രാഢ്യനശ്വപതിയെന്നു ജഗൽപ്രസിദ്ധൻ.
പാരാകവേ തെളിയുമാറഴകുള്ള ഹേമ-
ധാരാഭിരാമരുചിലക്ഷ്മിയെ നല്കി ലോകേ
ഘോരാര്ത്തിതീരുമാ നൃപമൌലി ധര്‍മ്മ-
സാരാമൃതാംബുനിധിയായി വിളങ്ങിയേറ്റം.
പ്രായേണ ലോകരജിതേന്ദ്രിയരാകമൂലം
ന്യായേതരം ദുരിതമിങ്ങിനെ ചെയ്തിടുന്നു
മായാവിമോഹഭവമിന്ദ്രിയചാപലം തെ-
ല്ലായാസമെന്നിയെ കെടുത്തവനക്ഷിതീന്ദ്രൻ.
തണ്ടാരിൽമാതിനുടെ കൂത്തിനു രംഗമായി
ക്കൊണ്ടാടിവാഴുമവനുള്ളിലുരുപ്രമോദം
ഉണ്ടായ്വരുന്നതു തനിച്ച പരോപകാരം-
കൊണ്ടാണിതുത്തമജനാത്ഭുതശീലമല്ലോ.
ഭൂരിപ്രമോദമൊടു ധര്മ്മവിധായിയായ്ത്താൻ
പാരിൽ പരത്തി പരമാ നൃപനാശു ധര്‍മ്മം
പാരിച്ച മാന്യജനസര്വ്വവിധാനുകാരം
നേരിൽ ജ്ജനങ്ങളുടെ നൽ സഹജസ്വഭാവം.
ആ രാജമൌലിമണിതൻ പരിശുദ്ധധര്മ്മാ-
ചാരാതിവൃദ്ധതരമായ തപോവിശേഷം
നേരായ്നിനച്ചു വനവാസികളാമൃഷീന്ദ്ര-
ന്മാരാശ പൂണ്ടു പരമാത്ഭുതമാര്ന്നതിങ്കൽ.
പാരിച്ച സൽഫലമെഴും പരിശുദ്ധമ്മ-
ഭൂരിപ്രഭാവമവനുള്ളതു കാണ്കയാലേ
വൈരിത്വമൊക്കെയുമൊഴിച്ചു സുഹൃത്വമാര്ന്നു
വൈരിവ്രജങ്ങളവനിൽ ബഹു ഭക്തി പൂണ്ടു.
മാനം വിനാ മധുരവാക്കുകളും വിശിഷ്ട
ദാനങ്ങളും സഹജമംഗളതൽ ഗുണങ്ങൾ
ഊനം വെടിഞ്ഞവനു കിഞ്ചന ഭേദദണ്ഡ-
സ്ഥാനം നിനയ്ക്കിലവനീവലയത്തിലില്ല.
മദ്രാധിനാഥനിലുറച്ചമരുന്ന ധര്‍മ്മം
ഭദ്രാര്ത്ഥമായ ദ്രുതമധർമ്മചയം മുടിച്ചു
ഖദ്യോതദേവനിലുറച്ചമരുന്ന തേജ-
സ്സുദ്യോഗമോടു തിമിരവ്രജമെന്നപോലേ.
ദേവപ്രഭാവമെഴുമശ്വപതിക്ഷിതീശൻ
ഭാവപ്രസാദമൊടു ചെയ്തതുതന്നെ ധര്‍മ്മം
ഏവം സുഖേന നിയമിച്ചു ഗഭീരവേദ-
ഭാവം നിനച്ചവശരായ മുനീശ്വരന്മാർ.
ആപത്തിലും കിമപി ധര്മ്മമൊഴിഞ്ഞതിങ്കൽ
സ്വാപത്തിലും ദൃഢമവന്റെ വിശുദ്ധഭാവം
പ്രാപിക്കയില്ല; മിഴി രൂപമൊഴിഞ്ഞതിങ്കൽ
പ്രാപിക്കയെന്നതു ഭവിച്ചിടുമോ നിനച്ചാൽ?
ശൌര്യം ശരപ്രഭൂതിയാം പല ശസ്ത്രജാലം
വീര്യം വരിഷ്ഠതരരാജനയപ്രയോഗം
ധൈര്യം മനോജ്ഞതരമണ്ഡനസഞ്ചയം സൌ-
ന്ദര്യം തുടങ്ങിയതു സർവ്വമവന്നു ധര്‍മ്മം.
സന്നാഹമുള്ള ഭടരും ധനവും സ്വകാന്ത്യാ
പൊന്നായിടഞ്ഞു മരുവീടിന ഭാര്യമാരും
മന്നാകയും നിജശരീരവുമാര്യ ധർമ്മ-
ത്തിന്നാണവന്നപരമായൊരു സാദ്ധ്യമില്ല.
സന്താപമോടണയുമര്ത്ഥിജനത്തിനെല്ലാം
ചിന്താമണിക്കു സമനാമവനദ്ദശായാം
സന്താനജന്മവിരഹാലുളവായിവന്നു
ചിന്താതരംകിമപി ധര്മ്മവിനാശഭീത്യാ
വല്ലാതകണ്ടു വലയും ബത! പുത്രനൊന്നു
മില്ലാത്തവന്റെ കുലജാതപുരാതനന്മാർ
ചൊല്ലാര്ന്നിടും പിതൃജനത്തിനു പിണ്ഡദാന-
മില്ലാതെയാകിലതു പാരമധർമ്മമയ്യോ!
കെൽപുള്ള ഘോരദുരിതങ്ങളെഴും കുലത്തിൽ
സൽപുത്രനേകനൊരുവന്നു പിറന്നുവെന്നാൽ
ആപ്പൂര്വ്വവംശ്യദുരിതങ്ങളുമായവന്റെ
നല്പുണ്യവഹ്നിയിലെരിഞ്ഞു പൊരിഞ്ഞു പോകും
പണ്ടാത്മവംശഭവരായി മരിച്ചവര്‍ക്കു
കണ്ടാര്ന്ന വൻകിണറിനൊത്ത വിപത്തിനുള്ളിൽ
ഉണ്ടായ്വരും നിപതനം ബത! വംശതന്തു-
വുണ്ടായ്വരാത്തധമനാം പുരുഷൻ നിമിത്തം
ശിക്ഷിക്കുവാൻ വിഹിതമാം നരകത്തിൽനിന്നു
രക്ഷിച്ചിടുന്നു നിജവംശ്യരെ യാതൊരുത്തൻ
ലക്ഷോപലക്ഷഗുണമുള്ളവനാണു പുത്ര-
നിക്ഷോണിയിൽ, പരമനിന്ദ്യനപുത്രനോര്ത്താൽ
ആളീടുമാശകൾ മുഴുത്തഴകുള്ള പുത്ര-
കേളീരസങ്ങൾ കരുതും മഹിഷീജനം മേ
ആളീജനത്തൊടൊരുമിച്ചുഋതുവായിടേണ്ടും
നാളീഷലിങ്ങു കവിയാഞ്ഞു കരഞ്ഞിടുന്നു.
മേലിൽ പടുത്വമൊടു ഞങ്ങളെ വേണ്ടപോല
പാലിക്കുവാനൊരുവനില്ലതിനെന്തുവേണ്ടു
മാലിപ്രകാരമിഹ മൽകുലനാശമൂലം
മാലിന്യമോര്ത്തഖിലരും ബത! തേടിടുന്നു.
ചൊല്ലാന്ന ഭുക്തി, വിഭവം, വസനം കളിക്കോ-
പ്പെല്ലാമനേകവിധമണ്ഡനമെന്നിതൊക്കെ
ഉല്ലാസമാര്ന്നഖിലബാലജനത്തിനറ്റ-
മില്ലാതകണ്ടിവിടെയിപ്പൊഴുമേകിട്ടുന്നു
കേടറ്റ സര്‍പ്പബലി മംഗളമായ ചിത്ര-
കൂടപ്രതിഷ്ഠ മുതലായവ ചെയ്തു ഭക്ത്യാ
പ്രൌഢപ്രഭാവമിയലും ഭുജഗാധിപര്ക്കു
ഗാഢപ്രസാദമുളവാക്കി സുതേച്ഛയാ ഞാൻ.
ആത്താതിഭക്തിയൊടു 'മത്തവിലാസ'മെന്ന
കൂത്താദരാൽ പിതൃസുരദ്വിജഭുതി വാരം
അത്യാഭപുണ്ടിഹ വിളങ്ങിടുമോത്തുകൊട്ടെ-
ന്നിത്യാദി പുത്രകുതുകത്തൊടു ഞാൻ കഴിച്ചേൻ.
ഊനം വിനാ ദുരിതകര്മ്മവിപാകശാന്തി-
ദാനം ജവാൽ ഫലദമാം ഗണാഹോമമാര്യം
മാനം വെടിഞ്ഞ കലുഷം കളയുന്ന ഗംഗാ-
സ്നാനം സുതേച്ഛയൊടിതൊക്കെയുിങ്ങു ചെയ്തു.
സന്താനദുര്ഗ്ഗയുടെ സേവനമാരണന്ദ്ര-
സന്താനദാനപടു ഗോപകുമാരകന്റെ
തന്ത്രാനുകൂലഭജനങ്ങൾ സഹസ്രനാമ-
മന്ത്രാര്ച്ചനങ്ങൾ പലതിങ്ങനെ ചെയ്തു ഭക്ത്യാ.
ഹന്താതിമാന്യതരവൈദ്യവിധിപ്രകാരം
സന്താനകാരിവിവിധൌഷധസേവ ചെയ്തേൻ
എന്താകിലും കിമപി മേ ഫലമില്ല പാര്‍ത്താ-
ലെന്താണിതിന്നു തടവറ്റൊരു നല്ലുപായം.
ഏവം നിനച്ചഥ പുരോഹിതനോടു ചോദി-
ച്ചാവമ്പനാം നൃപതി സൽഗുണമുള്ള പുത്രൻ
കൈവന്നിടാൻ മഹിതമാം വഴി കേട്ടറിഞ്ഞു
ഭാവം തെളിഞ്ഞു പുനരായതിനായ്ത്തുനിഞ്ഞു.
സാരം കലര്‍ന്ന സചിവേന്ദ്രരിലാത്മരാജ്യ-
ഭാരം ചുമത്തിയുടനശ്വപതിക്ഷിതീന്ദ്രൻ
സ്വൈരം പുരോഹിതമുനിപ്രവരോക്ത കര്‍മ്മ
പ്രാരംഭണത്തിനു തപോവനമാശ്രയിച്ചു.
സാവിത്രിയാം മഹിതമന്ത്രമതിന്റെ തത്വം
ഭാവിച്ചു ലക്ഷമുരുവാറു ദിനങ്ങളാലേ
ആവിർഭവൽ ബഹുളഭക്തി ജപിച്ചു ഹോമി-
ച്ചാവിഷ്ടരേശനഥ തത്ര തപം തുടങ്ങി.
ആറായിരം മഹിതമന്ത്രജപം കഴിഞ്ഞി-
ട്ടാറാന്ദിനേ വിഹിതഹോമനവൻ ഭുജിക്കും
മാറാതെയീനിയമമൊക്കുമവന്നഹൊ! മു-
വാറാണ്ടു കാലമിതുമാതിരിതാൻ കഴിഞ്ഞു.
രാവിൽ തെളിഞ്ഞു വിലസും ശശിലേഖപോലെ
സാവിത്രിയപ്പൊളതിയായ് വളരും പ്രസാദാൽ
ആവിര്‍ഭവിച്ചു ബഹുഭക്തികലര്ന്നു തന്നെ-
സ്സേവിക്കുമാ തൃപശിഖാമണിതന്റെ മുമ്പിൽ.
അമ്പിൽ സദാ ഹൃദി നിനച്ചിടുമാ സ്വരൂപം
മുമ്പിൽ തെളിഞ്ഞു പരമങ്ങിനെ കണ്ട നേരം
വമ്പിച്ച ഭക്തിരസഹര്ഷകണങ്ങൾ പൂണ്ടു
കമ്പിട്ടു കൂപ്പി കുതുകാകുലനാ ക്ഷിതീശൻ.
രാകാശശിച്ഛവിലസന്നിജമന്ദഹാസ-
ശ്രീകാന്തികൊണ്ടു നൃവരാശയഗഹ്വരത്തിൽ
ശോകാന്ധകാരമിയലുന്നതു പോക്കിയേവം
സ്തോകാക്ഷരാര്ത്ഥഘനമായരുൾ ചെയ്തു ദേവി.
'ഭദ്രാശയപ്രതിമതീവ്രതരപ്രഭാവ-
വിദ്രാവിതാശുദ! ജിതേന്ദ്രിയ! ധര്‍മ്മശീല!
സദ്രാജവയ്യ! തവ ഭക്തിഗുണങ്ങൾകൊണ്ടു
മദ്രാവനീന്ദ്ര! നിതരാം പരിതുഷ്ടയായ് ഞാൻ.
ശിഷ്ടപ്രധാനതൃപതേ! തവ വന്നുകൂടും
പുഷ്ടപ്രാമോദമുളവാമ്പടി മംഗളങ്ങൾ
കഷ്ടപ്പെടാനിടവരില്ലിനിയെങ്കൽ നിന്നും
നിഷ്ഠപ്പെടുന്ന വരമാശു വരിച്ചുകൊൾക.'
സേവിപ്പവര്ക്കു സുരപാദപവല്ലിയാമാ-
സ്സാവിത്രിയായ പരദേവതയിപ്രകാരം
ആവിർമ്മുദാ സ്ഫുടമുരച്ചതു തത്ര കേട്ടാ-
ബ്ഭൂവിണ്ണവര്ക്കധിപനിങ്ങിനെ ചൊല്ലി മെല്ലെ
'ഖദാപഹേ! ഭഗവതി! പ്രണവാദിസര്വ്വ-
വേദാത്മികേ! സകലസിദ്ധസുരർഷിസേവ്യേ!
ഹേ ദാസലോകകരുണാവതി! താവകീനം
പാദാരവിന്ദമടിയൻ പ്രണമിച്ചിടുന്നേൻ.
ത്വദ്ധേവതാൻ ജനനി! സദ്വിജഭാവമൂലം
ത്വത്സേവതാനിഹ തപസ്സിനെഴുന്നമൂലം
ത്വത്സേവതാൻ സകലമംഗളമൂലമോര്ത്താൽ
ത്വത്സേവ വിട്ട പുരുഷൻ വൃഷലോപമാനൻ.
നന്നായിവിണ്ണമമിതോത്തമമംഗളങ്ങ-
ളൊന്നായിണങ്ങി വിലസും തവ സുപ്രസാദാൽ
ഇന്നാര്ത്തിയൊക്കെയുമൊഴിഞ്ഞു കൃതാത്ഥനാ
നന്നാലിതൊന്നു പറയുന്നു മദീയകാമം
കണ്ടാലതീവശുഭമായ ഭവൽകടാക്ഷം-
കൊണ്ടാശു മാമകകുലത്തിനു മംഗളാര്‍ത്ഥം
കൊണ്ടാടുമാറു ശുഭധര്മ്മശസ്സൊടൊത്തി-
ട്ടുണ്ടായ്വരേണമടിയത്തിനു നന്ദനന്മാർ.
ഏവം നരേന്ദ്രനറിയിച്ചതു കേട്ട ശേഷം
ഭാവം തെളിഞ്ഞു കനിവോടു പറഞ്ഞു ദേവി
കൈവന്നിടും തവ സമസ്തമനോനുകൂല-
ഭാവം തരും മഹിതയാമൊരു പുത്രി വേഗാൽ.
ചൊല്ലീടൊലാ പരമൊരുത്തരവും ഭവാൻ കേ-
ളില്ലീവിധിക്കൊരു വികല്പമനല്പബുദ്ധേ!'
സല്ലീലയോടിതു പറഞ്ഞു മറഞ്ഞ കല്പ-
വല്ലീവിലാസമെഴുമാശ്ശുഭമന്ത്രമൂർത്തി.
നന്ദിച്ചു തദ്വചനമങ്ങിനെതന്നെയെന്നു
വന്ദിച്ചുകൊണ്ടഥ പറഞ്ഞു വസുന്ധരേന്ദ്രൻ
മന്ദിച്ചിടാതെ നിജമാം നഗരത്തിലേയ്ക്കാ-
നന്ദിച്ചുകൊണ്ടു നടകൊണ്ടു മഹാനുഭാവൻ.
മാനം വെടിഞ്ഞഴകിലാ നൃവരൻ വരുമ്പോ-
ളൂനം വിനാ പ്രജകളങ്ങെതിരേറ്റുചെന്നു
സാനന്ദനാമരചനീപ്സിതകാര്യസിദ്ധി
നൂനം ഭവിച്ചു പരമെന്നു നിനച്ച ഹർഷാൽ.
ആ രാജമൌലി രസമോടു വരുമ്പൊളറ്റം
ചേരാതെയുള്ളഴകിനാൽ നഗരം തദീയം
മാരാതിബന്ധു മധുകാലമണഞ്ഞിടുമ്പോ-
ളാരാമമെന്നവിധമേറ്റവുമുല്ലസിച്ചു.
ആത്താനുകമ്പ കലരും നൃവരൻ സ്വകീയ-
വാര്ത്താവിശേഷമഖിലം ഗുരുവോടു ഭക്ത്യാ
ചീത്താശ പൂണ്ടഖിലരും പുനരങ്ങു കേൾക്കെ.
പ്പേര്ത്താദരത്തോടറിയിച്ചു സുവിസ്തരേണ.
ആ രാജമൌലിയുടെ വാക്കു തദാ തപിക്കു-
മാരാജ്യവാസിമനുജര്ക്കു സുഖം വളർത്തു
ധാരാധരാംബുവിരഹേ കൃഷി ചെയ്യുവോര്‍ക്കു
ധാരാളമംബുവൊഴുകും പുഴയെന്നപോലെ.
സന്താനമൊന്നുമുളവായിവരായ്ക മൂലം
സന്താപഭാരമിയലും മഹിഷീസമൂഹം
ചിന്താതിരേകമൊടു ഹന്ത! വസിച്ചിടും ത-
ന്നന്തഃപുരത്തിലഥ പുക്കു ധരാധിനാഥൻ.
ശ്രേഷ്ഠത്വമുള്ള ധരണീപതിഭാര്യമാരിൽ
ജ്യേഷ്ഠത്തി മാളവി തദാ രചിതോപചാരം
ഇഷ്ടത്തിലാ വ്രതവിചിത്രകഥാനുയോഗം
ശിഷ്ടത്വമേറിയ നിജപ്രിയനോടു ചെയ്താൾ
ചൊല്ലുള്ള മദ്രപതി തൽകഥ വിസ്തരിച്ചു
ചൊല്ലുന്നതാസകലമാദരവോടു കേട്ടു
കല്യാണമേറ്റമുളവാമിനിയെന്നുറച്ചാ-
ക്കല്യാണിമാർ മുഴുവനും നിതരാം തെളിഞ്ഞു.
സാവിത്രിതൻ പരമമംഗളരമ്യരൂപ-
ശ്രീ വിസ്തരിച്ചു നിജ വല്ലഭനോതിയപ്പോൾ
ആവിര്‍ഭവിച്ചു പുനരായതു പൂർവ്വപുണ്യ-
ശ്രീ വിത്തെഴും മഹിതമാളവിതന്മനസ്സിൽ.
ആപാദചൂഡാരമണീയമശേഷഘോര-
പാപാപഹം സകലസജ്ജന സേവനീയം
താപാപഹം രുചിരമാശ്ശുഭമന്ത്രമൂര്ത്തി-
രൂപാമൃതം മനസി മാളവി കണ്ടു ഭാഗ്യാൽ.
കല്യാണി മാളവി തെളിഞ്ഞതുനാൾ മുതൽക്കു
കല്യാശയത്തിലിയലും ഗുരുഭക്തിയോടേ
ചൊല്ലാര്ന്നിടും പരമമംഗളമായ ധര്‍മ്മ-
മെല്ലാം വിശേഷവിധിയായ് ദൃഢമാചരിച്ചാൾ.
ചീര്‍ക്കും പ്രഭാവമൊടുമാശ്ശുഭമൂര്ത്തിരൂപം
പാര്‍ക്കുന്ന രാജമഹിഷിക്കു തപോവിശേഷം
ഓര്ക്കുമ്പോളുത്തമമഹാമുനിധര്മ്മപത്നി
മാര്ക്കുള്ളപോലെ തെളിവായുളവായി വന്നു.
ക്ഷോണീഭരം സചിവവര്യരിൽനിന്നു മദ്ര-
ക്ഷോണീശ്വരൻ തദനു തന്റെ ഭുജത്തിലാക്കി
ഏണീസമാനമിഴി മാളവിയോടിണങ്ങി
വാണീടിനാൻ നിജപുരേഽധികധര്മ്മകാരീ.
പിന്നീടാനന്ദബാഷ്പമോച്ഛ്വസനരസിതമു-
ണ്ടാകുമാറത്ഭുതശ്രീ
മിന്നീടും ദിവ്യതേജോമയമതിശുഭദം
ഗര്ഭമഭ്രാളിപോലെ
നന്നായ്പൂണ്ടീടിനാളാനൃപമഹിഷി തദാ
താപഭരെങ്ങളെല്ലാ-
മൊന്നായ്പ്പോകുംപ്രകാരം കുളുർമ്മനിബിഡമാ-
യെത്തി ലോകത്തിനുള്ളിൽ.
ഇങ്ങിനെ "സാവിത്രീമാഹാത്മ"മെന്ന കാവ്യത്തിൽ
ഒന്നാം സര്‍ഗ്ഗം കഴിഞ്ഞു.
രണ്ടാംസർഗ്ഗം
ക്രമമൊടുടനെയോരോ ഗര്‍ഭചിഹ്നങ്ങൾ ഭൂമീ-
രമണമഹിഷിതന്നിൽ തത്ര കാണായി വന്നു
അമരസരണിതന്നിൽ സര്വ്വതാപം കെടുംമ-
ട്ടമലരുചിയിണങ്ങും വർഷചിഹ്നങ്ങൾപോലേ.
ക്ഷിതിപദയിതതൻ നന്മേനിയിൽ സാധു പാണ്ഡു-
ദ്യുതി ചപലയിലുണ്ടാം മട്ടിലുണ്ടായിവന്നു
പുതിയ ജലധരത്തിൽപ്പോലെ നൽകൃഷ്ണവര്ണ്ണ-
വ്യതികരമതുകാലേ ചുചുകത്തിൽ ഭവിച്ചു.
വിഷമൊടു സമമായിട്ടപ്പൊളാരാജ്ഞി കണ്ടാൾ
വിഷയരസമശേഷം സ്പഷ്ടസന്ദൃഷ്ടദോഷം
വിഷയമിതശുഭംതാനെന്നു ദൂരെ ത്യജിച്ചാൾ
വിഷധരകുലസംഗം പോലെ തത്സംഗിസംഗം.
ഋഷിവരകുലപത്നീമദ്ധ്യവാസത്തിലേറ്റം
തൃഷിതതരമനസ്സായ്വന്നു മദ്രേന്ദ്രപത്നീ
മുഷിതഹൃദയയായിത്തീര്ന്നു സദ്ധര്മ്മധാന്യ-
കൃഷിയുടെ നിലമാകും സൽപ്പുരാണത്തിനാലേ.
അരുവയർമണിയാളാം മാളവിക്കദ്ദശായാം
ഗുരുജനഭജനത്തിൽ കൂടി കാമം നികാമം
സുരുചിരശുഭമേകും ബ്രഹ്മനാരായണേശാ-
ദ്യുരുമഹിതചരിത്രം ശ്രോത്രപീയൂഷമായി.
ഭവകലുഷമറുക്കും തീർത്ഥഥസം സേവദേവ-
സ്തുവഭജനമദാഘാദ്ധ്യത്മവിദ്യാവിചാരം
ഇവകളിലതിയായിക്കാമക്കോലമുണ്ടാ-
യവനിതലമഹേന്ദ്രൻതൻപ്രിയയ്ക്കുൾക്കുരുന്നിൽ.
അമിതമഹിമയുള്ളാദ്ദിവ്യഗര്ഭപ്രദീപം
തിമിർഭരമറുത്തും കൊണ്ടു തന്നുള്ളിലേറ്റം
ക്രമമൊടു വളരുന്നാപ്പെണ്മണിചിമ്മിണിക്ക-
ന്നമലവിപുലതേജസ്സാശു വര്‍ദ്ധിച്ചുവന്നു.
കനിവിലമരർ വാഴും പുണ്യലോകങ്ങൾ നാനാ-
മുനികളുരുതപം ചെയ്യുന്ന പുണ്യാശ്രമങ്ങൾ
ജനിമൃതിഹരകാശ്യാദിസ്ഥലം മറ്റുമേവം
വനിതകൾമണിയാമാരാജ്ഞ കണ്ടാൾ കിനാവിൽ
ഇതി ഗുണഗണമേറെത്തിങ്ങിവിങ്ങിക്രമാലാ-
മതിമുഖിയുടെ ഗദം സാധു സമ്പൂര്‍ണ്ണമായി
അതിശുഭസമയത്തിൽ പിന്നെയത്തന്വി പെറ്റാൾ
ക്ഷിതിധരസൂതയെപ്പണ്ടാര്യയാം മേന പോലെ.
ലസദമിത ബലശ്രീസൽഗ്രഹാതുജ്വലംതൽ-
പ്രസവസമയമോർത്താൽ സർവ്വസമ്പത്സമേതം
രസഭരമുളവായീ സജ്ജനങ്ങൾക്കശേഷം
വ്യസനലവവുമില്ലാതുൾത്തടത്തിൽ തദാനീം.
അനിലാതിസുഗന്ധം പൂണ്ടുമാലോലഭൃംഗ
ധ്വനിനുതികൾ കലർന്നും വീശി നിർദ്ദോഷനായി
മുനിവർനികരത്തിന്നാശ്രമത്തിൽ ജ്വലിക്കു-
ന്നനിലസഖഹതാശൻ ഹന്ത! പാരം തെളിഞ്ഞു.
മലിനത കലരാതുള്ളാഭയമ്മയ്ക്കു ചേർത്താൾ
വലിയ ഫലമുദിപ്പിച്ചീടുമപ്പുത്രിയപ്പോൾ
കലിതബഹുലകാന്ത്യാ ചൂതവല്ലിക്കു പുത്തൻ-
കലികസുഷമയേറ്റം ചേർത്തിടുമ്പോലെ ചിത്രം.
തരണിസുരുചിമൂലം മിന്നിടും പോലെ മദ്രേ-
ശ്വരനഴകിൽ വിളങ്ങി ചിത്രമപ്പുത്രിയാലേ
പരമ സുകൃതമേന്തീടുന്ന സല്ലോകമാകും
സരസിജമമിതാമോദം തദാനീം തെളിഞ്ഞു.
അതിശുഭകരിയാമപ്പെൺകിടാവശ്വനാഥ-
ക്ഷിതിപതിയുടെ പുണ്യാല്ലാസിവാസാലയത്തിൽ
പ്രതിദിനമമിതാനന്ദേന മന്ദം വളർന്നാൾ
യതിവരഹൃദയത്തിൽ ജ്ഞാനസമ്പത്തു പോലെ.
അനുദിനമതുകാലം താതനും മാതൃലോക-
ത്തിനുമമിതസുഖത്തെ ചേർക്കുമപ്പുത്രിതന്റെ
തനുരുചി നയനത്താൽ കണ്ടു സംതൃപ്തിവന്നീ-
ലനുപമസുധപാനം ചെയ്തൊരാൾ തൃപ്തനാമോ?
പരമമഹിമ ചേരും ദേവി സാവിത്രിയാണീ-
വരസുതയെ നമുക്കായ്ത്തന്നതെന്നോർത്തു ധീമാൻ
നരപതി നിജപുത്രിക്കിട്ടു സാവിത്രിയെന്നി-
ത്തരമഴകിയ നാമം നന്മ കൂടും മുഹൂർത്തേ
തലമുടിയസിതശ്രീ പൂണ്ടുടൻ മദ്രഭൂമി-
തലപതിതിലകൻ തന്നാത്മജയ്ക്കുൽഭവിച്ചു
പലജനമതുകണ്ടിട്ടാര്യ പുണ്യാശ്രമത്തിൽ
മലരുമതിശുഭശ്രീഹോമധൂമം സ്മരിച്ചാർ
ധവളരുചിരദന്തം ഹന്ത! സൌഭാഗ്യമേറു-
ന്നവളുടെ മുഖപത്മത്തിങ്കൽ വന്നങ്കരിച്ചു
ഭുവനശുമാകാ സത്വമന്ദാരവൃക്ഷം
ജവാമോടിൽ മുളച്ചിടുന്നുവെന്നോർത്തു ലോകം.
ക്രമമൊടു പുനരോരോ സാധുവർണ്ണോദയത്താൽ
കിമപി രുചിരമാമബ്ബാലതൻ മഞ്ജുവക്ത്രം
സുമധുരമകരന്ദത്തുള്ളിയിറ്റിറ്റു വീഴും
വിമലസരസിജത്തിന് കാന്തിയെല്ലാം കവർന്നു.
പരിജനമൊടിണങ്ങിദ്ധാത്രി കാട്ടിക്കൊടുക്കു-
ന്നരിയ വിരൽ പിടിച്ചുടങ്കൊണ്ടു ഗേഹാന്തരത്തിൽ
പരിമൃദുപദയുഗ്മം കൊണ്ടു സാവിത്രി പൊന്നു-
ന്തരിമണികൾ കിലുക്കിക്കൊണ്ടു മന്ദം നടന്നാൾ.
ദ്വിരദവദനരൂപം ചന്ദ്രമൌലീശരൂപം-
നരഹരിവരരൂപം പത്മനാഭസ്വരൂപം-
പരമിവകളിലോരോ പുഷ്പമർച്ചിക്കയെന്നി-
ത്തരമതി ശുഭമുള്ളബ്ബാലതൻ ലീല നിത്യം.
ഹരിഹരമുഖദേവാധീശർതൻ മംഗളശ്രീ-
ചരിതമവൾ നിതാന്തം ഭക്തിയുൾക്കൊണ്ടു കേൾക്കും
കരി, കിരി, കിളി, പൈ, നായ്, കാക്ക, പൂങ്കോഴി സിംഹം
നരിയിവയുടെ വൃത്തം ചൊല്കിലും കേൾക്കയില്ല.
ക്രമമൊടവളിലോരോ യുക്തമായുള്ള കാലം
ത്തമലഗുണമിണങ്ങും വിദ്യയെല്ലാം വിളങ്ങി
ക്ഷമയിൽ വളമിയന്നുംകൊണ്ടെഴും വല്ലിതന്നിൽ
സുമഫലസുഭലശ്രീയൊത്തിണങ്ങുന്ന പോലെ.
മലിനത ധിഷണയ്ക്കറ്റീടുമബ്ബാലതന്നിൽ
കലിതബഹുലകാന്ത്യാ വിദ്യയെല്ലാം വിളങ്ങി
വലിയ ഗുണമെഴും പൂവാടിയിൽ പക്ഷിഭൃംഗാ-
വലികളധികപോഷം പൂണ്ടു മിന്നുന്ന പോലെ,
രുചിയെഴുമവൾ തന്നിൽ സാധുവിദ്യാസമൂഹം
രുചിരമഴകിലവം ചേർന്ന നേരം ത്രിലോകം
ശചിയുടെ രമണൻതൻ ദിക്കിലർക്കൻ വരുമ്പോൾ
ശുചിതയൊടു വിളങ്ങുമ്പോലെയേറ്റം വിളങ്ങീ.
ബലഭരമതിയായിട്ടുള്ള ശോഭാവിശേഷം
ഫലമുടനുളവാക്കും സർവ്വകർമ്മക്ഷമത്വം
പലപലഗുണമേവം നല്കിടും യൌവനം വ-
ന്നലസത കലരാതത്തന്വിയോടൊത്തിണങ്ങി
സകലഗുണഗണങ്ങൾക്കുള്ള നാരായവേരാ-
യ്മികവൊടു വിലസീടും യൌവനം വന്ന നേരം
ശുകമൊഴിമണിയാളമായവൾക്കാഭയേറീ
പകലിഹ തുടരുമ്പോൾ പത്മിനിക്കെന്ന പോലെ
ലളിതനഖയശസ്സൊത്തീടുമത്തന്വിതൻ കാൽ-
ത്തളിരുകളൊടു വല്ലാതെറ്റുടൻ തോറ്റ മൂലം
അളിപടലമിഷം പൂണ്ടുള്ള ദുഷ്ക്കീർത്തിസംഘം
നളിനനികരമെല്ലാം ചന്തമറ്റേന്തിടുന്നു.
നടയിലഴകെഴും തൽപാദസൽപത്മരാഗം
തടവുമമലരത്നം പത്മരാഗാഖ്യ പൂണ്ടു
സ്ഫുടസുരുചിരരേഖാവ്യാജമോടൊത്തു നിത്യം
സ്ഫുടലളിതസരോജം തൽപദത്തെബ്ഭജിച്ചു.
ബിസമൃദുതനുവായിടുന്ന സാവിത്രി ഭംഗ്യാ
കിസലയരമണീയം തമ്പദം കമ്പമെന്യേ
പ്രസരദമിതശോഭം വയ്ക്കയാൽ പൂണ്ടു പാരം
രസമവനി 'രസാ' ഖ്യയ്ക്കർഹയായ്വന്നു നൂനം.
കനകമണിവിരാജന്മഞ്ജുമഞ്ജീരയുഗ്മം
സ്വനമൊടുവിളയാടി തത്ര സാവിത്രിയേറ്റം
ഘനപരിശമകാലേ ഹേമഹംസദ്വയത്തിൻ
ഘനകളരവമൊക്കും താമരപ്പൊയ്കപോലെ.
ജനമഖിലവുമേറ്റം വാഴ്ത്തിടും മദ്രഭൂഭൃ-
ത്തനയയുടെ ഗുണൌഘം തങ്കിടും ജംഘ രണ്ടും
മനസി വിപുലഭീത്യാ കൈതതന്മൊട്ടു, കണ്ടി-
ട്ടനവരതമിവണ്ണം കണ്ടകം പൂണ്ടു നൂനം.
മദഭരമൊടെര്തിക്കും വാഴകൾക്കൊത്ത സത്താ-
സ്സുദതികൾമണിയാകും തന്വിതന്നൂരു ഭംഗ്യാ
വിദയമപഹരിച്ചാൾ വീര്യമോടെന്നമൂലം
കദളികളുടെ സാരം പിണ്ടിയായ് കണ്ടിടുന്നു.
ജവമൊടു മൃഗരാജൻ ഹസ്തിതന്മസ്തകത്തിൽ-
ദ്ധവളരുചിയൊടൊക്കും മുത്തുകൈക്കൊണ്ടിടുന്നു
അവനുടെ കടി പുച്ഛത്തോടു ചേർത്തുല്ലസിക്കു-
ന്നവളുടെ കടി പാര്‍ത്താലെത്രയും ചിത്രമല്ലൊ.
അരുവയർമണിയാളായുള്ള സാവിത്രിതൻ നൽ-
ഗ്ഗുരുതരജഘനത്തിൽ കാഞ്ചി കാന്ത്യാ വിളങ്ങീ
സുരുചിരപുളിനത്തിൽ പൊൻനിറം പൂണ്ടു ഭംഗ്യാ
വിരുതമൊടു ലസിക്കും രാജഹംസാളി പോലെ
മലിനത കലരാതേകണ്ടു ശോഭിച്ചു കാഞ്ചീ-
കലിതരുചിയൊടൊത്താത്തന്വിതന്നാഭി ഭംഗ്യാ
വലിയമഖവരത്തിൽ പാവക ജ്വാലമാലാ-
വലിവിലസിതമാകും ഹോമകുണ്ഡംകണക്കെ.
അതുലരുചിയെഴും തന്മദ്ധ്യമം വേദിമദ്ധ്യം
ക്രതുഹുതവഹകുണ്ഡംതന്നെ നാഭിപ്രദേശം
തദുപരി വിലസീടും ശ്യാമരോമാളി ഭംഗ്യാ
മൃദുതരമുയരും നൽ പുണ്യധൂമാളിതന്നെ.
അവളുടെ ഗഗനത്തോടൊത്ത മദ്ധ്യസ്ഥലത്തിൽ
ത്രിവലികളതികാന്ത്യാ നല്ലമട്ടുല്ലസിച്ചൂ
ഇവകളിളകിടാതെ മിന്നിടും മൂന്നു വിദ്യു-
ന്നവലതികകളെന്നുൾത്താരിലോര്ത്താർ ജനങ്ങൾ
ജലജനയനയായീടുന്ന സാവിത്രിതൻ പോർ -
മുലകളറുതികൂടാതുള്ള നാനാഗുണത്താൽ
മലരഹിതപസ്സിന്നേറെ യോഗ്യങ്ങളാകും
മലകളുടയ സാരം സർവ്വവും സംഹരിച്ചു.
മദമുഖബഹുപേതോദോഷനിർമ്മുക്തയാമാ-
സ്സുദതിയുടയ വക്ഷൊജദ്വയം പാര്ത്തുവെന്നാൽ
ഹൃദയസരസി നിത്യം വാണിടും ധര്‍മ്മമാകും
മദകരിയുടെ കുംഭദ്വന്ദ്വമാണെന്നു തോന്നും.
പലപല ഗുണജാലംകൊണ്ടു സാക്ഷാത്തുഷാരാ-
ചലമൊടു സമമാമത്തന്വിതൻ നൽസ്തനത്തിൽ
മലിനത കലരാതേകണ്ടു സദ്വത്തമുക്താ-
വലികൾ വിശദകാന്ത്യാ വീതദോഷം വിളങ്ങി.
കുളുർമതിമുഖിയായീടുന്ന സാവിത്രിതൻ നൽ-
ക്കുളുർ മുലയിൽ വിളങ്ങീ ശുഭ്രമാമുത്തരീയം
വെളുവെളെ വിലസീടും സത്വമാകും ഗുണത്തെ-
ഗ്ഗുളുഗുളെ മഥനംചെയ്തൊത്ത സത്തെന്നപോലെ
കിമപി ശുഭമെഴും തൽ പാണിയോടേറ്റു തോറ്റി-
ക്കമല കലമശേഷം ഹന്ത! വെള്ളത്തിലായീ
അമലരുചിയിണങ്ങും തൽഭുജത്തോടു മല്ലീ-
സുമവിരചിതമാല്യം തുല്യമാകില്ല നൂനം.
കളകളനിനദത്തിന്നുത്ഭവസ്ഥാമാം തൽ-
ഗളസുഷുമകൾ കണ്ടാൽ ശങ്ക ശംഖത്തിനുണ്ടാം
കളമൊടതിൽ വിളങ്ങും സ്വച്ഛമുക്താകലാപം
മിളദമിതയശസ്സിൻ ധാടിയെത്തേടിടുന്നു.
കലിതശുഭമെഴുന്നാത്തന്വിതന്നാനനത്തിൽ
വലിയ വിമതനായിപ്പാര്ക്ക മൂലം പയോജം
ഫലിതവചനമല്ലേ പങ്കജാതത്വമാർന്നു
മലിനതരകളങ്കം ചന്ദ്രനുണ്ടായി വന്നൂ.
അവളുടെ വദനത്തെപ്പാര്ത്തു പാരിച്ച ഭീത്യാ
ധവളമുകുരബിംബത്തിന്റെ കണ്ണാടിയേറ്റം
ജവമൊടതറിവാനാ, യിട്ടു, 'കണ്ണാടി' യെ ന്നീ-
ക്കവനപടുതയുള്ളോരായതിന്നാഹ്വയത്തെ.
രസരുചിരവിലാസാൽത്തന്മുഖത്തിങ്കൽ നിത്യ
പ്രസരദമിതശോഭാസഞ്ചയം കാണ്കയാലേ
ലസദമലഗുണത്തിന്നിപ്പൊഴും ശില്പിവൃന്ദം
രസമഴകൊടു ചേര്‍ത്തീടുന്നു കണ്ണാടിതന്നിൽ.
അവളുടെ വദനത്തിൽ ഛായ ചേര്ത്തോന്നു തീര്‍പ്പാൻ
ഭുവനമിതു സമസ്തം ഹന്ത! സൃഷ്ടിച്ച ദേവൻ
നവ കലകളെ നന്നായ്ചേര്ത്തു നോക്കി ക്രമത്താ-
ലവ മുഴുവനെടുത്തീടുന്നു സന്ത്യപ്തിയെന്ന്യേ.
മതിഗുണമിയലുന്നാപ്പെൺകിടാവിന്റെ ചുണ്ടിൻ
ദ്യുതിലഹരിയിണങ്ങും സുന്ദരം മന്ദഹാസം
പുതിയ പവിഴമൊക്കും സാന്ധ്യരാഗം പെടും ന-
ന്മതിയുടയ മയൂഖം പോലേ മഞ്ജുത്വമാർന്നൂ.
സ്മൃതിയിലഖിലരും വാഴ്ത്തുന്ന സാവിത്രിതൻ നൽ-
ശ്രുതിയിൽ വിലസിടും സൽകുണ്ഡലം ഭൂരിശോഭം
മതിയുടയ മഹാന്മാർ കൂപ്പിയേറ്റം സ്തുതിക്കും
കതിരവഭഗവാനേപ്പോലെ ഭംഗ്യാ വിളങ്ങി.
അവിരതഗുണമുള്ളാത്തത്വിതൻ മിന്നിടും നൽ-
ക്കവിളുകളുടെ ലേശം കാന്തിയേന്തുന്നമൂലം
ഭുവി മുകുരമശേഷം ഭൂരിമാംഗള്യമായി-
ക്കവിയുമുരുരസത്തോടൊത്തു രാജിച്ചിടുന്നൂ.
നവതിലകസുമംതൽഘ്രാണസാമ്യം ലഭിക്കാ-
നവനിയിലിഹ വീണീടുന്നു പിന്നെ ക്രമേണ
അവളുടെ ശുചി നാസാരന്ധ്രമാര്ഗ്ഗാടനത്താൽ
പവനനഖിലലോകം ശുദ്ധമാക്കുന്നു നിത്യം.
വലരിപുസമ! ഭോഭോ! മദ്രഭൂപാലമൌലേ!
മലർമൃദുതനുവാം ത്വൽ പുത്രി സാവിത്രിയിപ്പോൾ
ജലജവിശിഖ മോഹം ഹന്ത! പോക്കുന്നു സർവ്വം
ബലമെഴുമിരുളെല്ലാം ജ്യോത്സ്നിയാം രാത്രിപോലെ'.
പരമഖിലരുമത്യാശ്ചര്യമുൾക്കൊള്ളുമാറി-
ത്തരമഥ ഭടവാക്യം സാദരം കേട്ടശേഷം
നരപതി നിജപുത്രീദാന ചിന്തതിഭാരാൽ
തരളിതമതിയായിദ്ദീര്ഘകാലം കഴിച്ചും.
പുനരൊരുദിവസത്തിൽ ഗൂഢമത്യാപ്തരൊന്നി-
ച്ചനവരതമുദിക്കും തൻവിഷാദം ഹരിക്കാൻ
മനസി ദ്രുഢമുദിച്ചിട്ടുള്ള കാര്യം കഥിച്ചാൻ
തനയയൊടു വിരാജൽഭദ്രനാം മദ്രനാഥൻ.
ഇങ്ങിനെ "സാവിത്രീമാഹാത്മ"മെന്ന കാവ്യത്തിൽ
രണ്ടാംസര്‍ഗ്ഗം കഴിഞ്ഞു.
മൂന്നാംസർഗ്ഗം
" അടുത്തു വന്നീടുക പുത്രി! കേൾക്ക നീ
മടുത്തിടാതെന്നുടെ സാധുഭാഷിതം
കടുക്കുമീ യൌവനവൃദ്ധിയോര്ക്കുകിൽ
കൊടുക്കുവാൻ കാലമതിക്രമിച്ചു തേ.
ശുകത്തിനൊക്കും മൊഴി! നിന്നെ വേൾക്കുവാ-
നകക്കുരുന്നിൽക്കൊതിയില്ലൊരുത്തനും
അകന്നു നില്ക്കുന്നു വണങ്ങി ലോകർ നിൻ
തികഞ്ഞ തേജോമഹിമാവു കാണ്കയാൽ,
സ്ഫുരന്മഹാഭംഗി കലർന്ന നിന്റെ മൈ
വരച്ച നൽച്ചിത്രപടം മനോഹരം
തരത്തിലൂഴിക്കുടയോർ വസിച്ചിടും
പുരത്തിലേക്കൊക്കെയയച്ചു ഞാൻ ശുഭേ!
കുരുത്തതില്ലാ തൃപമൌലിമാരിൽവെ-
ച്ചൊരുത്തനും സുന്ദരി! നിന്നിലാഗ്രഹം
പെരുത്ത തേജസ്സതു കണ്ടു സർവ്വരും
ഗുരുത്വമേറും വിനയാൽ വണങ്ങിനാർ.
ഉദാരശീലേ! ബത കാണ്മതില്ല നിൻ
പ്രദാനകർമ്മത്തിനു മാഗ്ഗമൊന്നുമേ
സദാനമുക്കായതുമൂലമാശയേ
സുദാരുണം ഹാ! വളരുന്നു സങ്കടം,
കടുത്ത വാത്സല്യമിയന്നു പുത്രിയെ-
ക്കൊടുത്തിടാത്തച്ഛനതീവനിന്ദ്യനാം
മടുത്തു താരുണ്യമെഴുന്ന ഭാര്യയോ-
ടടുത്തിടായ്കിൽ പതിയും തഥൈവ ച
മരിച്ച കാന്തന്റെ വിയോഗതപ്തയായ്
ജരിച്ചു ജീവിച്ചിട്ടുമ്മതന്നുടെ
അരക്ഷിതാവായ സുതൻ വിഗര്ഹ്യനാം
പരക്കെ ലോകർക്കതിനില്ല സംശയാം
സുധർമ്മശീലേ! സുതതന്നദാനമെ-
ന്നധര്മ്മമത്യുഗ്രവിപത്തികാരണം
ബുധവ്രജത്യാജ്യമെനിക്കകപ്പെടും
വിധത്തിലായിത്തരമുത്തമോത്തമ!
ഭയം നമുക്കിത്തരമുള്ളതെത്രയും
രയം കലര്ന്നാസകലം നശിക്കുവാൻ
സ്വയം വരിച്ചീടുക ഭൂരിമംഗളോ-
ദയങ്ങൾ മേന്മേൽ വരുമാറൊരുത്തനേ,
ചരിച്ചു സർവ്വത്ര നിജേച്ഛപോലെ നീ
വരിച്ചവൻതന്റെ വിശേഷമൊക്കയും
തിരിച്ചു ചൊൽകെന്നൊടു പിന്നെ വേണ്ടതാ-
ചരിച്ചുകൊൾ വൻ നിഖിലം നിനച്ചു ഞാൻ"
നതാസ്യയായ് നിന്നു നരേന്ദ്രപുത്രി, തൻ
പിതാവുതൻ വാക്കിതു കേട്ടു സർവ്വവും
ഹിതാഹിതം പാര്ത്തൊരു ശബ്ദവും വിനാ
കൃതാനുവാദം വിനയാൽ വണങ്ങിനാൾ.
വഴിക്കു യാത്രോചിതകര്മ്മമൊക്കയും
കഴിച്ചു സാവിത്രി നരേന്ദ്രനന്ദിനീ
തഴച്ച ഭക്ത്യാ പരദൈവതങ്ങൾതൻ
കഴൽക്കു കുമ്പിട്ടു പുറത്തിറങ്ങിനാൾ.
ഉടന്മഹാഹേമഥാധിരൂഢയായ്
നടന്നുടൻ തോഴികളൊത്തു കൊണ്ടവൾ
വിടന്ന മോദാലവളെത്തെളിഞ്ഞു പിൻ-
തുടര്‍ന്നു പോയാരഥ വൃദ്ധമന്ത്രികൾ.
അനന്തരം നൽച്ചതുരംഗവമ്പട-
ജ്ജനങ്ങൾ ചൂഴന്നവൾ പുണ്യശാലിനീ
മനം തെളിഞ്ഞാദരവോടുടൻ തപോ-
വനങ്ങളിൽച്ചെന്നഥ കണ്ടു മന്ന്യരേ.
സദാരരാം വിപ്രനൃപർഷിവര്യർതൻ
പദാരവിന്ദങ്ങൾ നമിച്ചു സാദരം
മുദാ രമിച്ചാൾ ശുഭവാർത്ത കേട്ടുകൊ-
ണ്ടുദാരസാവിത്രി തപോവനങ്ങളിൽ.
പെരുത്തു ചിത്തത്തിനു നല്ല ശുദ്ധിയേ
വരുത്തിടം വനൃഹിതാശനത്തിനാൽ
തരത്തിൽ നാനാരസഭംഗി തിങ്ങിടും
പുരത്തിലേ ബ്ഭക്തിയവൾക്കറച്ചുപോയ്.
കനത്ത മത്സര്യമദാദിയേസ്സുധീ-
ജനത്തിനേകുന്ന മഹാപുരങ്ങളെ
മനസ്സു നന്നായ് മൃഗമൊത്തിടും തപോ-
വനത്തെ വീക്ഷിച്ചവൾ ധിക്കരിച്ചുതേ.
ശ്രമത്തെയൊക്കെക്കളയുന്ന മംഗളാ-
ശ്രമസ്ഥവൃക്ഷങ്ങളെ വാഴ്ത്തണം സദാ
അമര്ത്ത്യസൌധങ്ങളുമെന്നു നണ്ണിനാൾ
സമര്‍ത്ഥയാം മദ്രമഹീന്ദ്രനന്ദിനീ.
പരന്നിടും ഹോമജധൂമസൌരഭം
പരന്നിറഞ്ഞാശ്രമങ്ങു കണ്ടവൾ
സ്മരപ്രദോഷപ്രദധൂപമൊത്തിടും
പുരത്തിനേപ്പുല്ലിനുതുല്യമാക്കിനാൾ.
വരിഷ്ഠരാം സത്വഗുണം കലര്‍ന്ന പേർ
ധരിച്ചിടും വല്ക്കലമങ്ങു കണ്ടവൾ
സ്ഫുരിച്ചിടും രാജസദോഷമുള്ള പേർ
ധരിച്ചിടും പട്ടിലറപ്പു തേടിനാൾ.
മറഞ്ഞിടാതങ്ങു മഹർഷിമാർ സദാ
പറഞ്ഞിടും ധര്മ്മവിശേഷമൊക്കെയും
നിറഞ്ഞ മോദത്തൊടു കേട്ടറിഞ്ഞതിൽ
കുറഞ്ഞിടാതുള്ളഭിലാഷമേന്തിനാൾ
മലത്തെ നീക്കിത്തെളിവോടു മാനസം
നിലയ്ക്കുനിർത്താൻ വിരുതും സുശീലവും
കലർന്ന സാവിത്രി മഹാമുനീന്ദ്രർ തൻ
വലത്തേഴും കണ്ണിനു തുല്യമായഹോ!
ത്തഹീനതുല്യായതബാഹുവാകുമാ-
മഹീശ്വരൻതൻ പ്രിയപുത്രിയാമവൾ
അഹീനഭക്ത്യാ ബഹുതീര്ത്ഥമഗ്നയായ്
മഹീസുരന്മാവക്കുമഹാവത്ഥമേകിനാൾ
വിപത്തശേഷം കളവാൻ കുടുംബമൊ-
ത്തുപസ്ഥിതാനേകശുഭംതപോവന
തപസ്സുചെയ്താത്തരസം വസിച്ചിടും
നൃപർഷിമാരോടവൾ ചേര്ന്നണങ്ങിനാൾ.
ചിദംബരേശാദിസുധാശനേശർതൻ
പദങ്ങളെപ്പാര്ത്തു വണങ്ങിയങ്ങിനേ
സുദക്ഷയായുള്ളവൾ ചെയ്തു സാധുഭൂ-
പ്രദക്ഷിണം മംഗളമംഗളം മുദാ
ഭരീക്കുമശേശപുരത്തിലാദരാൽ
ചിരിച്ചുകൊണ്ടപ്പൊളണഞ്ഞു മദ്രഭൂ-
വരിഷ്ഠലോകങ്ങളിലിച്ഛപോലെ സ-
ഞ്ചരിച്ചിടും നാരദമാമുനീശ്വരൻ,
മുരാരിതൻ ദിവ്യസഹസ്രനാമവും
സ്മരാരിതൻ ദിവ്യസഹസ്രനാമവും
പരാവരജ്ഞന്മുനി പാടിടും വിധൌ
സുരാഗമങ്ങേകി വിരാഗമേവനും.
വിനോദമോടമ്മുനിതാപരാശിതൻ
വിനോദനത്തിന്നഴകോടൊഴുക്കിനാൻ
മനോനുകൂലം മഹതീവിപഞ്ചികാ-
സ്വനോദിതം ശ്രീഭഗവൽകഥാമൃതം.
തമോരജസ്സത്വഗുണാൽക്കടാശയ-
ക്കമോഘനാനാനിജഭാഷിരങ്ങളാൽ
പ്രമോദമേകീട്ടുചിതാര്ത്ഥകാരിതാ-
ക്രമോപദേശം വിധിപോലെ ചെയ്തവൻ.
സജായരായ്സ്സര്വ്വവരങ്ങൾ നൽകിടു-
ന്നജാച്യുതേശാദിസുരേശ്വരര്ക്കഹോ!
നിജാതിഭാഗ്യാലിഹ കണ്ണിലുണ്ണിയാ-
യജാതഖേദം കളിയാടിടുന്നവന്മം
ക്രമത്തിൽ നന്നായ് ദ്ദശകണ്ഠവൈരിവി-
ക്രമത്തെ വര്‍ണ്ണിച്ച മഹാകവീന്ദ്രനും
സമര്‍ത്ഥനാം വ്യാസകവീന്ദ്രനും പെടും
ഭ്രമത്തെ നീക്കാൻ ഗുരുവായിരുന്നവൻ.
വിരോധവാക്കാൽ ജനനീസപത്നിയിൽ
സരോഷനായ്ത്തീര്ന്ന സുനീതിപുത്രനും
വിരോചനന്തന്നുടെ താതനും പുരാ
വരോപദേശേന ശുഭം കൊടുത്തവൻ
അമര്ത്ത്യദേവൻമുനിയങ്ങു ചന്ദ്രമ-
സ്സമപ്രഭൻ വന്നണയും ദശാന്തരേ
തമസ്സശേഷം തരസാ നശിച്ചുപോയ് -
സമസ്തസന്താപവുമേറ്റു സത്വരം.
സമാഗമിയ്ക്കും മുനിയെപ്പെരുത്ത സം-
ഭ്രമാലെഴുന്നേറ്റു വണങ്ങി മന്നവൻ
ശ്രമാപനോദത്തിന്നു വേണ്ടതൊക്കെയും
ക്രമാലുടൻ ചെയ്തു രമാനികേതനൻ.
സുരത്നപീഠേ സുഖമായിരിക്കുമാ-
സ്സുരഷിവര്യന്റെ നിയോഗകാരണാൽ
കരദ്വയം കൂപ്പി വിനീതനായിരു-
ന്നുരച്ചു ഭദ്രാശയനായ മദ്രപൻ.
അനീതിയെല്ലാം മമ നാട്ടിൽനിന്നുപോയ്
വിനീതരായെന്റെ ജനങ്ങളൊക്കെയും
മനീഷിതം സർവ്വവുമിങ്ങു സിദ്ധമായ്
മുനീശ്വര! ത്വൽപദപത്മദര്ശനാൽ.
വരം തരും യോഗിവിലോകനത്തിനായ്
ചിരം കൊതിക്കുന്നു സുരാധിനാഥനും
പരം മനുഷ്യാധമനാമിനിക്കതി-
ത്തരം ലഭിപ്പാൻ തരമായതത്ഭുതം.
ദിവാകരൻ ബാഹ്യതമസ്സശേഷവും
നിവാരണം ചെയ്തു ചരിച്ചിടുംവിധം
ഭവാനശേഷാന്തരമാം തമസ്സടൻ
നിവാരണം ചെയ്തു നടത്തിടുന്നുതേ.
വരിഷ്ഠവാക്യം വസുധേന്ദ്രനേവമു-
ച്ചിരിച്ചിടുമ്പോൾ ക്ഷിതിതന്നിലൊക്കെയും
ചരിച്ചു സാവിത്രി പരം കൃതാര്‍ത്ഥയായ്-
ത്തിരിച്ചു വന്നാളവിടത്തിലാദരാൽ.
ഹരീശപാദംബുജഭക്തലോകരിൽ
ധുരീണനാമമ്മുനിതന്നെയും തദാ
നിരീതിയാം താതനെയും വണങ്ങിനാൾ
കരീന്ദ്രകംഭസ്തനിയാക്കൃശാദരി.
കുറഞ്ഞിടാതുള്ളഴകൊത്ത യൌവനം
നിറഞ്ഞ സാവിത്രി നമിച്ചനന്തരം
പറഞ്ഞ സർവ്വാര്ത്ഥവുമുള്ളിലൊട്ടുമേ
മറഞ്ഞിടാതങ്ങിനെ കാണുമമ്മുനി.
തികഞ്ഞു താരുണ്യവിലാസമൊക്കെ നിൻ
മകൾക്കഹോ മാന്യമതേ! മഹീപതേ!
മികച്ച സൽപ്പുരുഷനായ്ക്കൊക്കൊടുത്തിടാ
തകത്തു വെയ്പാനിവൾ യോഗ്യയല്ലിനി.
മനം തെളിഞ്ഞീ മകളെക്കൊടുക്കുവാ-
നനന്തകീര്ത്തേ! പരമെന്തു വൈകുവാൻ
ജനങ്ങൾ മറ്റുള്ളവരൊക്കെയും മഹാ-
ജനങ്ങൾ ചെയ്യുന്നതു തന്നെ ചെയ്യുമേ.
വിടര്‍ന്ന മോദാൽ മുനിതൻ വചസ്സു കേ-
ട്ടുടൻ നരേന്ദ്രൻ വിനയേന ചൊല്ലിനാൻ
കടം നമുക്കുള്ളതു തീര്‍ക്കുവാൻ ഭവാൻ
കടന്നു കല്പിച്ചുവിതെന്നു മന്മതം.
തരത്തിലങ്ങുന്നധികാനുകമ്പപു-
ണ്ടുരച്ച സൽക്കാര്യമിതിന്നുതാൻ സദാ
പരം പ്രയത്നം പല ചെയ്തുകൊണ്ടു ഞാൻ
ചിരം തപിക്കുന്നു ഫലിച്ചിടായ്കയാൽ.
ധരിത്രിതന്നിൽ തടവറ്റശേഷവും
ചരിച്ചു നീ യോഗ്യതയുള്ളൊരുത്തനേ
വരിയ്ക്കുകെ'' ന്നോതിയയച്ചു പുത്രിയേ
ത്തിരിച്ചുവന്നാളിവളിപ്പോൾ മാമുനേ!
പടുത്വമേറുന്ന മുനിയ്ക്കിതുത്തരം
കൊടുത്തു ചൊന്നാൽ സുതയോടുടൻ നൃപൻ
അടുത്തുവന്നിടുക പുത്രി! ചോൽകയ
മടുത്തിടാതാരെ വരിച്ചു നീ ശുഭേ!
ഗുരുത്വമേറും ജനകന്റെ ഭാഷിതം
പെരുത്ത സാരത്തൊടു കേട്ടനന്തരം
കരുത്ത നാണം ഗുരുപാദഭക്തിതൻ
കരുത്തിനാൽത്തീര്ത്തവൾ ചൊല്ലി മെല്ലവേ.
പരമ്പരാഭ്യാഗതസാല്വഭൂമിതൻ-
വരൻ മത്സനഭൂജോത്ഭവോത്തമൻ
പരം പ്രജാപാലനമാചരിച്ചു സു-
സ്ഥിരം വസിച്ചാൻ നിജ രാജധാനിയിൽ,
അധര്മ്മവിദ്ധ്വംസകരൻ ജനങ്ങളിൽ
സ്വധര്മ്മമേറെ സ്ഥിരമാക്കിവെച്ചവൻ
ബുധപ്രജാനന്ദമതീവപൂര്ണ്ണമാം
വിധത്തിലുണ്ടാക്കി മഹാഗുണങ്ങളാൽ.
നിരാകുലം നീതി നടത്തി വാഴുമാ-
ദ്ധരാധിനാഥൻ പുനരന്ധനായഹോ
പുരാതനസ്വാര്ജ്ജിതകർമ്മണാം ഫലം
വരായെതാമോ ബത പാര്ക്കിലേവനും.
കനക്കുമിച്ഛിദ്രമറിഞ്ഞരിവ്രജം
മനക്കുരുന്നിൽ കലരും കുതൂഹലാൽ
ജനിക്കുമുത്സാഹമൊടക്ഷമാവരൻ-
തനിക്കെഴും രാജ്യമടക്കി സര്‍വ്വവും.
കൃപോദയം വിട്ടരിയിൽ ഭയത്തൊടാ-
നൃപോത്തമൻ ബാലസുതപ്രിയാന്വിതൻ
തപോവനം പുക്കു തപസ്സു ചെയ്തുകൊ-
ണ്ടുപോഢ മോദം മരുവുന്നു സാമ്പ്രതം.
തപസ്സുതാൻബന്ധു, തപസ്സു താൻബലം
തപസ്സു താൻ കീര്‍ത്തി, തപസ്സുതാൻ ജയം,
തപസ്സുതാൻ നത്സുഖ, മെന്നിവണ്ണമാ-
നൃപന്റെ വൃത്തം പറയുന്നു സുസ്ഫുടം
പെരുത്തു നന്നായ തപസ്സു മേൽക്കുമേൽ
വരുത്തുമീലോചനരാജ്യനാശവും
കരുത്തമുള്ളാ ക്ഷിതിപാലനേറ്റവും
കരുത്തെഴും മംഗളമായ് മഹാത്ഭുതം
മനസ്സു നന്നായ മഹാനുഭാവനി-
ല്ലനര്ത്ഥമായൊന്നഴൽ നല്കിടായ്കയാൽ
കനത്ത സന്താപഭരം തരുന്നതാ-
ണനര്ത്ഥമല്ലോ നിരുപിച്ചടുംവിധൌ
ഭയാൽ വിപത്താ നൃപനിൽ സ്വനിഷ്ടര-
ക്രിയാവിഹീനം മരുവുന്നുവിങ്ങിനേ
ത്രിയാമകൊണ്ടുള്ളൊരു ദോഷമര്ക്കനിൽ
പ്രയാസമല്ലേ വരുവാൻ നിനയ്ക്കുകിൽ ?
ക്ഷമാദിനാനാഗുണജാലമൊക്കുമാ
ക്ഷമാവരൻ തൻ പ്രിയനായ നന്ദനൻ
സമാനശീലാകൃതിബുദ്ധി 'സത്യവാൻ'
ജമാനുരൂപൻ വരനെന്നു മന്മതം.
കൃത്യാകൃത്യവിചാരസാരമിയലും സാവിത്രിയാംമങ്കയാ-
ളത്യാവശ്യകകാര്യമിത്ഥമഖിലം കേൾപ്പിച്ചടങ്ങീടിനാൾ
അത്യാപത്തിതുകഷ്ടമേകഠിന' മെന്നേവംനടിച്ചുൾഭ്രമാൽ
നിത്യാനിത്യവിവേകശാലിമതിമാൻചൊന്നാനുടൻ നാരദന്
ഇങ്ങിനെ സാവിത്രീമാഹാത്മ്യമെന്ന കാവുത്തിൽ
മൂന്നാം സര്‍ഗ്ഗം കഴിഞ്ഞു
നാലാം സർഗ്ഗം
ഭാവിസ്വഭാവങ്ങളറിഞ്ഞിടാതെ
സാവിത്രി വല്ലാത്ത വിപത്തിൽ വീണാൾ
രാവിൽ തമസ്സിൽ ബത കുണ്ടുകൂടും
ഭൂവിൽ പതിക്കും വഴിപോക്കരല്ലോ
പാരം ഗുണം കണ്ടഥ സത്യവാനെ
സ്വൈരം വരിച്ചാളിവൾ നിന്റെ പുത്രി
നീരന്ധ്രസൽഭൂരിഗുണങ്ങൾ കാണു-
ന്നേരം ഭൂമിയ്ക്കാത്തവരാരു പാരിൽ
സത്യം ....സേനജവംശദൈവം
നിത്യം നിനച്ചാലതു കാരണത്താൽ
കൃത്യജ്ഞരായുള്ളവർ സത്യവാനെ-
ന്നത്യന്തമോദത്തൊടു നാമമിട്ടാർ,
ചിത്രത്തിലിയ്യാളെഴുതീടുമശ്വം
ചിത്രം മരം മണ്ണിവകൊണ്ട് തീര്‍ക്കും
ചിത്രാശ്വിനെന്നും പുനരീനരേന്ദ്ര-
പുത്രാഭിധാനം പൊരുളൊത്തു ചേർന്നു.
കഷ്ടത്തിലായ്ക്കാര്യശേഷമെന്നാ
ശ്ശിഷ്ടത്വമേറുന്ന സുരര്ഷിവര്യൻ
സ്പഷ്ടം തദാനീമുരചെയ്തശേഷം
ധൃഷ്ടൻ ധരിത്രീപതി ചൊല്ലി മെല്ലേ?
ചൊല്ലേറുമാസ്സാല്വനൃപാത്മജന്നു
തെല്ലെന്നിയേ ചിത്തവിശുദ്ധിയില്ലേ?
അല്ലേമുനേ! ക്ഷത്രിയസൽഗ്ഗുണങ്ങ-
ളില്ലേ നിതാന്തം പിതൃഭക്തിയില്ലേ?
സൌഭാഗ്യസൌന്ദരസുശീലവിദ്യാ-
ശ്രീഭാഗ്യദാനാദിഗുണങ്ങളെല്ലാം
സ്വാഭാവികത്വത്തോടു സത്യവാനിൽ
ശോഭാവിശേഷത്തോടിരിപ്പതില്ലേ.
ഭദ്രശയന്മാർകളിൽ മുമ്പനായ
മദ്രാധിനാഥന്റെ വചസ്സിവണ്ണ
മുദ്രാവിഹീനോദിത ബോധശക്തി
വിദ്രാവിതാഘൻ മുനി കേട്ടു ചൊന്നാൻ.
അങ്ങുന്നു ചൊല്ലീടിന സൽഗുണങ്ങൾ
തിങ്ങുന്നുവെല്ലാമിഹ സത്യവാനിൽ
പൊങ്ങുന്ന സൽകീർത്തിയൊടിപ്രകാരം
മെങ്ങും നിനച്ചാലൊരു മര്‍ത്ത്യനില്ല.
ദാരിദ്ര്യമില്ലാതെ മഹാഗുണങ്ങൾ
പാരിൽ പരത്താനിഹ സത്യവാനിൽ
ഭൂരിപ്രഭാവൻ പരമേഷ്ഠി വാരി-
ദക്കാരി പ്രതിഷ്ഠിച്ചു പിശുക്കിടാതേ
പീനാത്മമാംഗള്യവിശേഷമാത്മ-
ദാനാൽ വരുത്തീടുമവന്റെ ശീല
നാനാഗ്രഹങ്ങൾക്കിനരശ്മിപോലെ
നാനാജനങ്ങൾക്കു സുലഭ്യമായി.
സൂര്യന്റെ തേജസ്സെഴുമായവന്റെ
ധൈര്യം നിനച്ചാലിഹ മാടു മാടാം
കാര്യം കഥിപ്പാൻ വിരുതിന്നു ദേവാ-
ചാര്യന്നുമില്ലായവനുള്ളപോലെ.
ഭംഗം വെടിഞ്ഞീടിന ശില്പവിദ്യാ-
രംഗം വിരിഞ്ചൻ ത്രിജഗത്തിനീശൻ
സംഗം വിനാ നല്ലഴകിന്നവൻത-
ന്നംഗങ്ങൾതാനാഭരണങ്ങളാക്കി.
കണ്ടാകെ ലോകങ്ങൾ തെളിഞ്ഞു പാരം
കൊണ്ടാടിടും സാല്വസുതന്റെ ദേഹം
കണ്ടാത്തലജ്ജം ബഹുസൂക്ഷ്മചിത്തം
തണ്ടാശരൻ തന്നുടെ ഗേഹമാക്കി.
ശീലോത്തമത്വം കലരുന്നവന്നു
കാലോചിതശ്രീഗുരുസേവയോര്ത്താൽ
ത്രൈലോക്യരാജ്യധിപതിത്വമെന്ന
ചേലൊത്തിടും സൽഗുണമെത്ര തുച്ഛം.
കേമത്തമാര്ന്നീടിന സത്യവാനിൽ
പ്രേമത്തോടൊക്കും ബഹുസൽഗുണത്തെ
ഹേ മദ്രഭൂമീന്ദ്ര! സമസ്തമോതാൻ
സാമര്ത്ഥ്യമില്ലിന്നു നിനയ്ക്കിലാര്ക്കും.
ജ്ഞാനാതിരേകം കലരുന്ന സാക്ഷാൽ
ശ്രീനാരദൻതൻ വചനങ്ങളേവം
നാനാഗുണഞ്ചേന്നഥ കേട്ടു മദ്ര-
ഭൂനായകൻ സത്വരമിത്ഥമോതി.
ചാരുത്വമോടിങ്ങിനെ സത്യവാനിൽ
ചേരുന്ന നാനാഗുണജാലമെല്ലാം
പോരും ഭവാൻ ചൊന്നതു ഹന്ത ദോഷം
കാരുണ്യമുൾക്കൊണ്ടിനിയോതിടേണം.
ഈവണ്ണമത്യുത്തമബുദ്ധിയുള്ളാ-
ബ്ഭൂവല്ലഭൻതന്മൊഴി കേട്ടശേഷം
ദേവർഷിലോകപ്രഭു ചൊല്ലിനാൻ സൽ-
ബ്ഭാവത്തോടസ്സത്യവദുഗ്രദോഷം.
ചീർത്തിടുമെല്ലാഗ്ഗുണവും സുഖിച്ചു
പാര്ത്തീടുമാസ്സാല്വസുതന്നു രാജൻ!
ഓര്ത്തീടിലുണ്ടുൽക്കടദോഷമൊന്നു
തീർത്തീടുവാനായതസാദ്ധ്യമാര്ക്കും.
മോഹം വിനാ കേൾക്ക വിശിഷ്ടനാമി-
ദ്ദേഹം പ്രഭോ! വത്സരമൊന്നിനാലേ
ഹാഹന്ത! തൻജീവിതകാലമറ്റു
ദേഹം ത്യജിയ്ക്കും നിയതം മഹാത്മൻ!
ആ വിശ്വനാഥൻ മുനിവാക്കുകൊണ്ടു
ഭാവിസ്വപുത്രീവരമൃത്യുദോഷം
ആവിർബ്ബവദുഃഖമിയന്നു കേട്ടു
സാവിത്രിയോടിങ്ങിനെ ചൊല്ലി ധീമാൻ.
സാവിത്രി! നീ സമ്പ്രതി സത്യവാനെ
കൈവിട്ടുമറ്റേകനെ മാന്യശീലേ!
ഭാവം തെളിഞ്ഞാശു വരിച്ചിടേണ
മേവം മദീയം മതമാര്യബുദ്ധേ!
ചൊല്ലാര്ന്നിടും സൽഗുണജാലമായു-
സ്സില്ലാത്തവന്നുള്ളതു നിഷ്ഫലംതാൻ
ഉല്ലാസമോടോര്ക്കുക പുത്രി! ഭിത്തി-
യില്ലാതെ ചിത്രം വിലസുന്നതാണോ?
സ്വച്ഛന്ദമിത്ഥം പ്രണയാന്ധനായി-
ട്ടച്ഛൻ കഥിക്കുന്നതു കേട്ട ശേഷം
അച്ഛന്നമായ്ത്തന്മതമോതിയേവ-
മച്ഛസ്വധർമ്മസ്ഥിതയാ ശുഭാംഗി.
ധര്‍മ്മജ്ഞ! ചെയ്യുന്നു ജനങ്ങൾ മുമ്പിൽ
കര്മ്മത്തെയുള്ളാലഥ വാക്കിനാലേ
കായത്തിനാൽ പിന്നെയിവണ്ണമല്ലൊ
ഞായത്തിലോർത്താൻ ക്രമമാര്യബുദ്ധേ!
ജാതപ്രമോദം ദൃഢമപ്പുമാനെ-
ച്ചേതസ്സിനാൽ ഞാൻ വരനായ്വരിച്ചേൻ
ചേതസ്സിനാൽ ചെയ്തതുതാൻ പ്രമാണം
ഭോ തത്വവിന്മൌലിമണേ! നിനച്ചാൽ.
വല്ലാത്തഘം കാരണമൊട്ടുമായു-
സ്സില്ലായ്കിലും മൽ പതിയപ്പുമാൻതാൻ
ഇല്ലാ വിവാദം മമ ധര്മ്മലോപാ-
മെല്ലാറ്റിലും മുന്തിയ പാപമല്ലൊ.
ദ്വിതീയനാകും പതി പാര്‍ത്തുകണ്ടാൽ
സതീജനങ്ങൾക്കു നിഷിദ്ധനല്ലോ
അതീതകാര്യം കരുതിത്തപിക്കാ-
യ്തതീവ രാജൻ! ധൃതി പൂണ്ടുകൊൾക.
ഭാവിസ്വദോഷം ഗണിയാതിവണ്ണം
സാവിത്രി ചൊല്ലും മൊഴി കേട്ട നേരം
ആവിര്ഭവത്സങ്കടമോടു മദ്ര-
ഭൂവിന്നധീശൻ ബഹു ചിന്ത പൂണ്ടു.
ശര്‍മ്മം കൊടുപ്പാനുടനമ്മുനീന്ദ്രൻ
നര്‍മ്മം വെടിഞ്ഞാനൃപനോടു ചൊന്നാൻ
"കര്‍മ്മങ്ങൾതൻ സൂക്ഷ്മഗുണങ്ങളോര്ത്തു
ധര്‍മ്മം കഥിക്കുന്നു ഭവാന്റെ പുത്രി.
ധൈര്യം ശുഭജ്ഞാനമമോഘധര്മ്മ-
സ്ഥൈര്യം മുതല്ക്കുള്ള ഗുണങ്ങളെല്ലാം
കാര്യജ്ഞസാവിത്രിയിൽനിന്നു പോകി-
ല്ലാര്യസ്വഭാവം ദൃഢമേവമല്ലോ.
നന്നായ് ധര്മ്മത്തിലുറച്ചുനില്ക്കു-
മിന്നാരിതൻ ചിത്തമിളക്കുവാൻ നീ
ഇന്നൊട്ടുപോലും പടുവല്ല; വാതം
കുന്നൊന്നിളക്കാൻ കഴിയുന്നതാണോ?
നാനാഗുണം തിങ്ങിന സത്യവാനായ്-
ത്താനാദരാൽ പുത്രിയെ നല്ല രാജൻ!
ജ്ഞാനാതിരേകം കലരുന്ന മദ്ര-
ഭൂനാഥ! ധര്‍മ്മം സുഖമൂലമല്ലോ.''
ദീനാനുകമ്പാകുലചിത്തനായ
ശ്രീനാരദൻതന്മൊഴിയിപ്രകാരം
ദീനാശയത്വം കലരാതെ മദ്ര-
ഭൂനായകൻ കേട്ടുരചെയ്തു ധീമാൻ.
"അമ്പും മഹായോഗിഗണത്തിൽവെച്ച
മുമ്പും കലര്‍ന്നുള്ള ഭവാന്റെ വാക്യാൽ
എമ്പുത്രിയെസ്സംപ്രതി സാല്വഭൂപൻ
തമ്പുത്രനായ്ത്തന്നെ കൊടുത്തിടുന്നേൻ.''
അന്നാട്ടിനീശന്റെ വചസ്സിവണ്ണ-
മന്നാമഹര്ഷിപ്രഭു കേട്ട ശേഷം
"നന്നാകുമെല്ലാമിനിമേൽ ഭവാന്മാര്-
ക്കെ''ന്നാദരാൽച്ചൊല്ലി നടന്നു വേഗാൽ.
ചൊല്ലാര്ന്നിടും മന്ത്രികളാനൃപന്റെ
ചൊല്ലാൽ വിവാഹത്തിനു വേണ്ട വട്ടം
എല്ലാമുടൻ നന്മ കലര്ന്നൊരുക്കീ-
ട്ടുല്ലാസമോടങ്ങു വിളങ്ങി ഭംഗ്യാ.
കേടേതുമല്ക്കാതെ വിശിഷ്ടമാഗ്ഗര്-
ത്തൂടേ നടക്കുന്ന മഹാരഥങ്ങൾ
പാടേ മഹായോഗിമനോരഥങ്ങ-
ളോടേറ്റവും സാമ്യമൊടൊത്തണഞ്ഞു.
പാരം ബലം പൂണ്ടു മദിച്ചു കാളാ-
കാരം കലര്‍ന്നുള്ള മതംഗജൌഘം
സ്വൈരം പരം ഹസ്തിപവശ്യമായ-
ന്നേരം മഹാശ്ചര്യദമായി വന്നു.
അംഗത്തിലാവത്തഗുണങ്ങളൊത്തു
തുംഗത്വമാര്ന്നുള്ള തുരംഗസംഘം
മംഗല്യദുഗ്ദ്ധാംബുധിയിൽ കളിക്കും
ഭംഗവ്രജംപോലെ നിരന്നു വന്നു.
ശ്രീപത്മജാതോദയഹേതുവാമാ-
ബ്ഭൂപന്റെ കാലാൾപ്പട വന്നു ചേര്‍ന്നു
ആപത്തമിസ്രാവലിതീർത്തിടും പ്ര-
താപത്തൊടര്ക്കന്റെ മരീചിപോലെ
കൃത്യങ്ങൾ കൃത്യത്തിൽ നടത്തിടുന്ന
ഭൃത്യവ്രജം ദാസികൾ തന്റെ കൂട്ടം
അത്യന്തമോദാലരികിൽ തെളിഞ്ഞു
നിത്യം വസിക്കുന്ന സഖീസമൂഹം.
ഗൂഢശ്രുതിസ്മൃത്യഖിലാര്ത്ഥമോതാൻ
പ്രൌഢത്വമേറും ദ്വിജവര്യസംഘം
കൂടം വിനാ സർവ്വസുഖത്തിനായ്ക-
ച്ചോടം നടത്തും ബഹുവൈശ്യവൃന്ദം,
സാരം കഥിക്കും സ്തുതിപാഠകൌഘം
സ്വൈരം കളിക്കും ഗണികാസമൂഹം
കീരം ചുരക്കും പശുവൃന്ദമേറ്റം
ഭാരം ചുമക്കുന്ന മഹോഷ്ട്രജാലം.
ധര്‍മ്മം കഥിക്കും ഗുരു രാജനീതി-
മര്‍മ്മം ധരിക്കും സചിവോത്തമന്മാർ
നര്‍മ്മം കഥിക്കുന്നവർ പിന്നെ നാനാ-
കര്‍മ്മങ്ങൾ ചെയ്യും പല സേവകന്മാർ.
ഉല്ലാസയാത്രക്കുചിതങ്ങളായ-
തെല്ലാമിവണ്ണം ജവമോടിണങ്ങി
മല്ലാക്ഷിയാം മാളവിയോടു കൂടി-
ച്ചൊല്ലാര്ന്ന ഭൂമീപതി തേരിലേറി.
ഭാവിസ്വഭർത്തൃവ്യസനാര്ത്തിയേതും
ഭാവിച്ചിടാതുത്തമധൈര്യമോടേ
സാവിത്രിതാനായിവളെന്നു തോന്നും
സാവിത്രിയാത്തേരിലുടൻ കരേറി.
ഉണ്ടായ്ത്തദാനീം ശ്രവണാതിഹര്ഷ-
മുണ്ടാക്കിടും മംഗളവാദ്യഘോഷം
കൊണ്ടാടി വര്ദ്ധിച്ചിടുമാനിനാദം
കൊണ്ടാശു ദുഷ്ടാ.....വം നശിച്ചൂ.
വാരുറ്റ തൻ സൈന്യമൊടൊത്തുചിത്ത-
താരുല്ലസിച്ചാനൃപമൌലി പിന്നെ
ചാരുദ്യമത്സേനതപോവനത്തിൽ
ചേരുന്നതിന്നങ്ങു ഗമിച്ചു ധീമാൻ,
മാതംഗഗന്ധര്വരഥാദിയാനം
ജാതം രജസ്സപ്പൊളശേഷമാര്ക്കും
ആതങ്കമുണ്ടാക്കിയതില്ല നന്നായ്
വാതം ശുഭം പുണ്ടു ചരിക്ക മൂലം,
തണ്ടാളുമാവമ്പട പോയിടുമ്പോ-
ളുണ്ടായ്വരും ധൂളിതതിച്ഛലത്താൽ
കൊണ്ടാടി നന്നായ്വഴിയങ്ങു കാട്ടി-
കൊണ്ടാശു മുമ്പിട്ടു നടന്നു ഭൂമി
കാലാകൻ തീക്ഷണകരൻ കരത്താൽ
മാലാകെ നല്കുന്നതിനെത്തടുപ്പാൻ
ചേലാര്‍ന്ന മന്ദാകിനി വേൺപതാകാ-
മാലാ....... മുകളിൽ കളിച്ചു
എണ്ണം വെടിഞ്ഞുള്ള ജനങ്ങളൊത്തു
വണ്ണം പെരുത്താപ്പടതന്നിലപ്പോൾ
തിണ്ണം ഭവിച്ചില്ലൊരിടച്ചിൽ വേണ്ടും-
വണ്ണം ഗുണം പൂണ്ടു നടക്കയാലേ.
ആശാനുകൂലം ഗുണമൊത്തു കര്‍ണ്ണ-
ക്ലേശാപഹം മംഗളവാദ്യഘോഷം
ആശാഗണത്തിങ്കൽ നിറഞ്ഞു ശോക-
നാശാവഹം വന്നിതു തൽപ്രസാദം.
ഊനം വെടിഞ്ഞാശു കടന്നു ദുര്‍ഗ്ഗം
സ്ഥാനം വഴിക്കുള്ളതു മദ്രഭൂപന്
മാനം വിനാ പുണ്യമിയന്നവർക്കു
നൂനം സമസ്തം സുഖ സാദ്ധ്യമല്ലോ.
ദാനാദിധർമ്മസ്ഥിതനായ മദ്ര-
ഭൂനായകൻ സുര്യസമപ്രഭാവൻ
സേനാഭയൊത്തെങ്ങണയുന്നതിങ്ങു
നാനാര്ത്തിയാകുന്നിരുളൊക്കെ നീങ്ങി.
പൂമങ്ക വാഴും നഗരങ്ങൾ നാനാ-
ഗ്രാമങ്ങളോരോ സലിലാശയങ്ങൾ
ഭീമങ്ങളാം കാടുകളെന്നിതെല്ലാ-
മാമന്നവൻ തത്ര കടന്നു പോയാന്‍
വൈരം പ്രകൃത്യാ കലരും മൃഗങ്ങൾ
വൈരം വിനാ ചേര്‍ന്നു ചരിക്കയാലേ
പാരം വിളങ്ങുന്നൊരു നല്ല കാട-
ന്നേരം നൃപൻ വിസ്മയമാര്‍ന്നു കണ്ടു.
നന്നായ്ത്തപം ചെയ്തു മുനീന്ദ്രർ വാണീ-
ടുന്നാശ്രമം നൂനമടുത്തു പാരം
എന്നാശയത്തിൽ കരുതിത്തദാനീം
നിന്നാനുടന് തെല്ലവിടെ ക്ഷിതീന്ദ്രൻ,
ചൊല്ലാര്ന്നിടുന്നാശ്രമവാസികൾക്കു
തെല്ലാകിലും പീഡവരാതിരിപ്പാൻ
ഉല്ലാസമോടപ്പൊഴുതാത്മസൈന്യ-
മെല്ലാമൊതുക്കീട്ടവിടത്തിൽ നിർത്തി.
ദാരാത്മജാമന്ത്രിഗുരുക്കളോടൊ-
ത്താരാജചൂഡാമണി പിന്നെ വേഗാൽ
ആരാൽ ദ്യുമത്സേനനൃപാശ്രമത്തിൽ
ചേരാനൊരുമ്പെട്ടു ഗമിച്ചു ധീമാൻ.
തോലന്തരീയത്തിനു സൽഫലങ്ങൾ
മൂലങ്ങളെന്നുള്ളവ ഭുക്തി ചെയ്വാൻ
നീലം നിജാധസ്തലമാര്ത്തികൂടാ-
താലംബനത്തിന്നില ശാലമേയാൻ.
പൂവമ്പെഴുന്നീശ്വരപൂജ ചെയ്വാ-
നേവം മുനീന്ദ്രര്‍ക്കു കൊടുത്തു നിത്യം
ഭാവം തെളിഞ്ഞുള്ള തരുവ്രജത്തെ
ബ്ഭൂവല്ലഭൻ കണ്ടു മഹാനുഭാവൻ.
ഭവ്യത്വമേറും പശുലക്ഷണങ്ങൾ
ദിവ്യപ്രഭാവം പരമെന്നിതെല്ലാം
അവ്യാജമായ് പൂണ്ടു ചരിച്ചിടുന്ന
ഹവ്യാര്ധേനുക്കളെയങ്ങു കണ്ടു
ഹോമാര്ത്ഥമായുള്ള സമിൽകുശാദി-
സാമാനസിദ്ധിക്കു തപോധനന്മാർ
ക്ഷേമാനുകൂലം പലതങ്ങു ചെയ്തു
താമാന്യനാം മന്നവമൌലി കണ്ടു.
ഹോമങ്ങൾ ചെയ്യും പൊഴുതുർഭവിക്കും
ധൂമങ്ങൾ തന്നുത്തമപുണ്യഗന്ധം
പ്രേമം കലര്ന്നേറ്റവുമേറ്റുകൊണ്ട
ബ്ഭൂമണ്ഡലേന്ദ്രൻ പരിതുഷ്ടനായി.
ശ്യാമാകനീവാരകശാദിയായ
ഹോമാദികര്മ്മത്തിനു വേണ്ടതെല്ലാം
കാമാലശിക്കും ഹരിണവ്രജത്തെ
പ്രേമാൽത്തടുക്കാത്തതു കണ്ടു ഭൂപൻ.
നെഞ്ചാദരാലീശ്വരസല്പദത്തി-
ലഞ്ചാതുറപ്പിച്ചു തപോധനന്മാർ
പഞ്ചാഗ്നിമദ്ധ്യേ ചിരമങ്ങു വായു-
സഞ്ചാരമില്ലാതമരുന്ന കണ്ടു.
വേദം തുടങ്ങിപ്പലവിദ്യ ഭൂരി-
മോദം പഠിക്കും മുനിശിഷ്യവൃന്ദം
വാദങ്ങൾകൊണ്ടുൾക്കടഭൂരിശങ്കാ-
ച്ഛേദം വരുത്തുന്നതു തത്ര കണ്ടു.
വേദാന്തസാരം നിരുപിച്ചു സര്‍വ്വാ-
ഭേദാനുഭൂത്യ പുളകാശ്രുവോടേ
മോദാലിരിക്കും മുനിവര്യര്തന്റെ
പദാദികേശം പ്രണമിച്ചു ഭൂപൻ.
ഭുക്തിക്കുമെന്നല്ലതിസൌഖ്യമുള്ള
മുക്തിക്കുമൊട്ടും കൊതി പുണ്ടിടാതേ
ഭക്തിസ്ഥരാകുന്നവർതന്റെ പുണ്യ-
വ്യക്തിക്കു ഭൂപാലകനങ്ങു കൂപ്പി.
ജഗദഘഭരമൊക്കപ്പോക്കി
മാംഗള്യമേകും
ഭഗവദതുലവൃത്തം ഭക്തർ
ചൊല്ലുന്നതെല്ലാം
വിഗതനിഖിലതാപം കേട്ടു-
ടൻ മുങ്ങി മോദാൽ
വിഗളദമിതബാഷ്പംതന്നി-
ലാമന്നിനീശൻ.
ഏവം തപോവനമഹാശ്രമസജ്ജനാനു-
ഭാവങ്ങളത്ഭുതരസത്തോടു കണ്ട നേരം
ശ്രീവന്നു വാണരുളിടും നിജമായ രാജ്യ-
മാവമ്പനാം നൃവരനേറ്റമറച്ചുപോയീ.
മാനം കൂടിയ നാടു വിട്ടു സതതം
പുണ്യങ്ങൾ ചെയ്യും ദ്യുമ-
ത്സേനൻ തന്മഹിതാശ്രമസ്ഥലമുടൻ
ചോദിച്ചറിഞ്ഞാദരാൽ
ഊനം വിട്ടു രഥത്തിൽ നിന്നവനിയിൽ
പെട്ടെന്നിറങ്ങീട്ടു തൽ-
സ്ഥാനം പുക്കു നിജപ്രിയാഗുരുസുതാ-
മാത്യാന്വിതൻ മന്നവൻ
ഇങ്ങിനെ "സാവിത്രീമാഹാത്മ്യ" മെന്ന കാവ്യത്തിൽ
നാലാംസര്‍ഗ്ഗം കഴിഞ്ഞു.
അഞ്ചാം സർഗ്ഗം
നീലശ്രീ നിറമിയലുന്ന നന്മരത്തിൻ
മൂലത്തിൽ കുശബൃസിയിൽ തപോവിരാമേ
മാലറ്റങ്ങിനെ മരുവുന്ന സാല്വനെത്തൽ -
കാലത്തിൽ തെളിവൊടു കണ്ടു മദ്രഭൂപൻ.
ഒട്ടാരാൽ ക്രമമൊടുടുത്തടുത്തുടൻ ന-
ന്മട്ടായിട്ടുപരിചിതാംഘ്രിപാതശബ്ദം
കേട്ടാരെന്നുഴറിടുമന്ധസാല്വനോടാ-
യിട്ടുാബ്ഭൂപതിയുരചെയ്തു തന്റെ നാമം
ഉൾക്കാമ്പിൽ ഗുരുതരഹര്ഷസംഭ്രമം പൂ-
ണ്ടക്കാലം പരവശനായ സാല്വഭൂപൻ
ചൊൽക്കാളും ഹയപതിമദ്രരാജനോടായ് -
സല്‍ക്കാരം സകലവുമാചരിച്ചു ചൊന്നാൻ.
"ഇന്നാളും ശുഭമെഴുമങ്ങു വന്നതേറ്റം
നന്നായി ദൃഢമിഹ ഞാൻ കൃതാര്‍ത്ഥനായീ
ചൊന്നാലും ശുഭചരിതം വിശേഷമായു-
ണ്ടെന്നാലായതു മതിമൻ! മടിച്ചിടാതേ ''
ഭദ്രശ്രീ തടവിയ സാല്വഭൂപവാക്യം
മദ്രക്ഷ്മാപതിയിതു കേട്ടുടൻ പറഞ്ഞു
സദ്രത്നോത്തമ! തവ ചാര്ച്ചയേകൊതിച്ചു-
ന്നിദ്രത്വത്തൊടു മരുവുന്നു ഞാൻ മഹാത്മൻ!
സാവിത്രീഗുരുകൃതകൊണ്ടു ലബ്ധയാമി-
'സ്സാവിത്രീ' ത്യഭിധായെഴും മദീയപുത്രി
ഹേ വിദ്വാൻ! സുതനുടെ പത്നിയായ് ഭവാനെ-
സ്സേവിപ്പാൻ ദൃഢതരമാഗ്രഹിച്ചിടുന്നു.
പുത്രാര്‍ത്ഥം മമ സുതയെ ഗ്രഹിച്ചുകൊൾകീ
മിത്രാര്‍ത്ഥം സപദി ഭവാൻ വെടിഞ്ഞിടൊല്ലേ
തത്രാശ്വക്ഷിതിപതിയേവമോതിയപ്പോൾ
ചിത്രാര്ത്ഥം വചനമുരച്ചു സാല്വഭൂപൻ.
പ്രാജ്യശ്രീവിഭവസുഖങ്ങൾകൊണ്ടു വിണ്ണാം-
രാജ്യം പോയഗതികളായിടുന്ന ഞങ്ങൾ
പൂജ്യത്വം തടവിയ മന്നവര്‍ക്കു ദൂരെ
ത്യാജ്യന്മാർ; മഷി മൃദുപട്ടൊടൊക്കിൽ നന്നോ?
ഞാനയ്യോനയനവിഹീനനൂഴിനാഥ-
സ്ഥാനത്തിന്നനുചിതനേറ്റവും മഹാത്മൻ!
പീനശ്രീനൃപതികിരീടകോടിരത്ന-
സ്ഥാനത്തിൽ കരിയണിയുന്നതെത്ര നിന്ദ്യം
ആപത്തിങ്ങിനെ വരുവാൻ നിമിത്തമാകും
പാപത്തെസ്സകലവുമാശു സംഹരിപ്പാൻ
താപത്തോടഹമിഹ നിഷ്ക്കളാത്മതേജോ-
രൂപത്തേ കിമപി നിനച്ചു പാര്‍ത്തിടുന്നേൻ.
മൂക്കും വൻബലമൊടു സാല്വനാടടക്കി-
ക്കാക്കുന്നാരിപുവിജയം നമുക്കസാദ്ധ്യം
നോക്കുമ്പോൾ ഭയമിയലും കുരുട്ടുപ്രാവി
ന്നൂക്കുണ്ടോ ശിവ! കഴുവേറയെജ്ജയിപ്പാൻ.
ധാരാളം ധനമുടയോർകളെബ്ഭജിപ്പാൻ
നേരായിജ്ജനമഖിലം കൊതിച്ചിടുന്നു
ശ്രീരാജന്മധുസമയേ സുമങ്ങൾ തിങ്ങു-
ന്നാരാമേ കുതുകമളിവ്രജത്തിനല്ലോ
ദാരിദ്ര്യം പെടുമവനോടു ചേർന്നിരിപ്പാ-
നാരിപ്പോളവനഖിലര്ക്കുമേറെ വര്ജ്ജ്യൻ
നീരില്ലാത്തവനിതലേ തൃണങ്ങൾ പോലും
ചേരില്ലെന്നതു സകലാനുഭൂതിസിദ്ധം.
ഭൂരിശ്രീ കലരുമവന്റെ ചാർച്ച നേടാൻ
ദാരിദ്ര്യം കലരുമവൻ കൊതിച്ചിടുന്നു
ദാരിദ്ര്യം പരമേഴുമെന്റെ ചാർച്ച നേടാൻ
ഭൂരിശ്രീയുടയ ഭവാൻ കൊതിച്ചിടുന്നോ?
വാനത്തൽപ്പെടുമഴകുള്ള രാജഗേഹ-
സ്ഥാനത്തിൽ തവ കുതുകൈകപാത്രമായി
മാനത്തോടതി സുഖമായ്വളര്ന്നൊരിപ്പെ-
ണ്ണൂനത്വത്തോടു വനവാസയോഗ്യയാമോ?
ജീവിപ്പാൻ പണി രുചിരാന്നസാത്മ്യമുള്ളീ-
സ്സാവിത്രിക്കിഹ ഫലമൂലഭക്ഷണത്താൽ
ശ്രീവിണ്ണോരധിപതിവൈദ്യനും തടുപ്പാ-
നാവില്ലാർത്തിടുകിലസാത്മ്യജാമയൌഘം.
ശ്രിഹാരോദ്വഹനവുമാര്ത്തി ചേർത്തിടുന്നി-
മ്മാഹാത്മ്യം തടവിയ മാന്യയായ പുത്രി
ആഹാരത്തിനു ഫലമൂലമാഹരിപ്പാൻ
ഹാ! ഹാ! താൻ തുനിയുകയെന്നതെത്ര കഷ്ടം,
ശാന്താത്മൻ! മലർശയനേ കിടക്കിൽവാടും
കാന്താംഗം വിലസിന നിന്മകൾക്കു പാര്‍ത്താൽ
കാന്താരേ പരമിഹ സഞ്ചരിക്കിലുണ്ടാം
സന്താപം ശിവ! ശിവ! ദുസ്സഹം നിതാന്തം,
താപംതീർത്തണിമലർമെത്തമേൽ സമോദം
സ്വാപംചെയ്തവിടെയമര്ന്നു നിന്റെ പുത്രി
ഹാ പങ്കം പൊടിയിവ ചേര്‍ന്ന ഭൂതലത്തിൽ
സ്വാപം ചെയ്തതിനു കുഴങ്ങുമിങ്ങു നൂനം.
മുറ്റും സൽഗ്ഗുണഗണമുള്ള പട്ടു നിത്യം
ചുറ്റും നിൻ പരിമൃദുഗാത്രിയായ പുത്രി
ചെറ്റും മാർദ്ദവമണയാത്ത വല്കലത്തെ-
ചുറ്റുമ്പോൾ ശിവ! ശിവ! ഘോരമായ്ത്തപിക്കും
ആളീനാം നടുവിലമർന്നു സൌധപൃഷ്ഠേ
കേളീകൌതുകമണയും ഭവത്തനൂജാ
വ്യാളീപാളികളെഴുമീവനത്തിൽ വല്ലാ-
താളീടും ഭയമൊടു വാഴുമാ നിനച്ചാൽ,
നേരായിജ്ജരഠത പൂർത്തിയായവര്‍ക്കും
വൈരാഗ്യം കിമപി ഭവിക്കുവാൻ പ്രയാസം
ആരാണിദ്ധരണിയിൽ മായയെജ്ജയിപ്പാൻ
ധീരാത്മാക്കളിലുമതെത്ര ദുര്‍വ്വിഭാവ്യം.
പോകുന്നൂ ധനദയിതാത്മജാതിയെല്ലാം
മാഴ്കുന്നൂ പലരുമഹോ! മഹാര്ത്തിമൂലം
ചാകുന്നൂ സകലരുമെങ്കിലും കുറച്ചു-
ണ്ടാകുന്നീലറിവിതു മായയാൽ ജനാനാം
ശാന്താത്മൻ! ധനഭവനാദി വിട്ടു പാരം
സ്വാന്താര്ത്ത്യാ സപദി മരിച്ച ബാന്ധവന്റെ
കാന്താര്ത്ഥത്തിനു കലഹിച്ചിടുന്നു ലോകം
താന്താങ്ങൾക്കണയുമനര്ത്ഥമോര്ത്തിടാ.
ആരോമൽപ്രണയിനിവേണമെപ്പോഴും -
ന്നാരോഗ്യം ധനമഴകെന്നിതൊക്കെ വേണം
ഓരോന്നിങ്ങിനെ കരുതുന്നു ലോകർ മൃത്യു-
ക്രൂരോപദ്രവമിഹ ചിന്തിയാതെ മോഹാൽ.
പണ്ടാകെജ്ജനിമരണാദിയാം വിപത്തി-
ങ്ങുണ്ടായക്കഥയിഹ കേട്ടറിഞ്ഞതിപ്പോൾ
കണ്ടാലും പരമതൊരാൾക്കുമോർമ്മചേര്ക്കാം
തുണ്ടാക്കുന്നിതു ദൃഢരാഗമീശമായാ.
നാടാകെസ്ഥിതിലയസൃഷ്ടിയോടുടർ ചേര്-
ത്തീടാൻ വമ്പുടയ മഹേശമായ തന്നെ
പീടാക്കനിഹ ഭഗവൽകൃപാകടാക്ഷം
കൂടാതെ പരമൊരുവൻ സമർത്ഥനാമോ?
ആര്ത്തിഘ്നൻ ഹരി സതതം കനിഞ്ഞു കാക്കും
കീര്ത്തിപ്പെട്ടിടുമൃഷിവര്യർ മാത്രമിപ്പോൾ
ചീര്ത്തിടും വിഷയവിരക്തി പൂണ്ടുകാട്ടിൽ
പാര്‍ത്തീടാൻ പരമിഹ യോഗ്യരായിടുന്നു.
ഞാനയ്യോ! രിപുകലഭീമവിക്രമാൽ സ്വ-
സ്ഥാനത്തെസ്സുപദി വെടിഞ്ഞു ഭീതിയോടെ
മാനത്തിൻകണമണയാതെ കാട്ടിലേവം
ദീനത്വത്തോടു മരുവുന്നു മാന്യബുദ്ധേ!
ഭാഗ്യശ്രീ തികയുമിളേന്ദ്രപുത്രനാൽ സാം-
ഭോഗ്യശ്രീയെഴുമിവളേത്തെളിഞ്ഞു വേൾപ്പാൻ
ഭാഗ്യത്തിൻകണമണയാത്ത മൽസുതന്നോ
യോഗ്യത്വം ശിവ ശിവ! ഭദ്രമല്ലിതൊട്ടും. '’
മദ്രക്ഷാവരനഥസ്വാലഭൂമിപൻതൻ
ഭദ്രശ്രീ തടവിയ വാക്കു കേട്ടശേഷം
ഛിദ്രത്തെ ത്വരിതമകറ്റുവാൻ നിനച്ചു-
ന്നിദ്രത്വത്തോടു സരസം പറഞ്ഞു മെല്ലെ.
"അല്ലേ മൽപ്രിയസഖ! സാല്വഭൂപതേ! തേ
ചൊല്ലേറെശ്ശുഭമിതു സത്തമേന്ദ്ര! സത്യം
ചൊല്ലേറും നൃവര ഭവാന്റെ ചാർച്ചയിൽ തെ-
ല്ലല്ലേമന്മനസി കുതൂഹലം മഹാത്മൻ!
ക്ലേശം തേ സകലമകറ്റുവാൻ ത്രിലോകാം
ധീശൻ താൻ വിമതവരച്ഛലാലിവണ്ണം
ആശങ്കാർഹിമശേഷരാജലക്ഷ്മീ-
നാശംചേര്ത്തിവിടെ വരുത്തിനാൻ ഭവാനെ.
പണ്ടാളും ബഹുതരഭക്തിയോടുകൂടി-
ക്കൊണ്ടാടി പ്രണതികൾ ചെയ്കയാൽ ഭവാനിൽ
തണ്ടാരിന്മകളുടെ കാന്തനായ ദേവ-
ന്നുണ്ടാകാതിഹ വരുമോ മഹാപ്രസാദം.
രാജ്യം പോവുകിലുടനഭൂപരെല്ലാം
ത്യാജ്യംതാൻ നിജതനുവെന്നതിന്നൊരുങ്ങും
പ്രാജ്യം നിൻപ്രമദമതോര്ക്കിലുത്തമാനം
പൂജ്യൻ നീ വിഷയവിരക്തനെന്നു ന്യൂനം
ന്യായാലിജ്ജനമഖിലം സുഖത്തിനായ്ത്താ-
നായാസാൽ ക്ഷിതികനകാദി നേടിടുന്നു
മലയാഭ്രാന്തകലയൊഴിഞ്ഞവന്നു രാഗം
പോയാളും സ്വയമതിസൌഖ്യമെന്നു സിദ്ധം
ശര്മ്മത്തിന്നപരനൃപവ്രജം മഹാ ദു-
ഷ്കര്മ്മത്തെപ്പണിയൊടു ചെയ്തു കേണിടുന്നു
ധര്‍മ്മശ്രീ മുനിജനയുക്തനായ ഭവാൻ സൽ-
ക്കര്മ്മത്തെസ്സുഖമൊടു ചെയ്തു വാണിടുന്നു.
കുന്നിച്ചീടിന കുതുകേന താപസന്മാ-
രൊന്നിച്ചിത്തവ വനവാസമത്ര ഭദ്രം
ഒന്നില്ലിസ്സുജനസമാഗമം കണക്കാ-
യിന്നിഷ്ടം വരുവതിനെന്നു സുപ്രസിദ്ധം.
എന്താണിങ്ങധികസദുര്ഘടം ജവാത്താ-
ലെന്തായകിലുമിഹ നല്കിടുന്നതോര്ത്താൽ
സന്താപം സകലമറുക്കുമത്തപന്നി-
ശ്ചിന്താത്മ നിഹ തവ പൂര്ണ്ണമായിടുന്നു.
ചിത്താദിഭ്രമണമടക്കിയാതൊരുത്തൻ
നിർത്താതേ കഠിനതപസ്സു ചെയ്തിടുന്നു
സത്താമപ്പുരുഷവരൻ സുരേശ്വരൻത-
ന്നുൾത്താർ തന്നിലു മതിഭീതി ചേർത്തിടുന്നു.
അന്ധത്വം പരമരചര്ക്കകത്തുവല്ലാ-
തന്ധത്വം തവ മതിമൻ! പുറത്തുമാത്രം
ബന്ധിക്കും സുജനമനസ്സഹോ! ഭവാനിൽ
സന്ധിക്കും പരമഗുണങ്ങളീഷലെന്ന്യേ.
നേരായിങ്ങിനെ ശുഭമൊത്തിടും ഭവാനായ്
ചേരാനാര്ക്കതികതുകം ഭവിക്കയില്ല?
ഈരാജപ്പരിഷയിലായതിന്നു പുണ്യം
ധീരാത്മൻ കിമപി ഭവിക്കുവാൻ പ്രയാസം
സേവിക്കുന്നവനഖിലേഷ്ടവും കൊടുക്കും
സാവിത്രീഭഗവതി സുപ്രസന്നയായ് മേ
ഹേവിദ്വൻ! കൃപയോടു തന്നനാണു മുന്നം
ഭാവിശ്രീശുകരിയീനതാംഗി പുത്രി
ഭൂലോകം മുഴുവനുടൻ നടന്നുനോക്കി-
ബ്ഭൂലോകാധിപസൂതരെ ത്യജിച്ചശേഷം
ആലോചിച്ചിഹ തവ പുത്രനെസ്വയംതാൻ
പാലോലും മൊഴിയിവൾ കാന്തനായ്വരിച്ചാൾ
പങ്കത്തിൻ കണവുമണഞ്ഞിടാതെ വാഴും
നിങ്കൽപ്പെട്ടൊരു ബഹുമാനഭക്തിമൂലം
തിങ്കൾക്കീറൊളീതനുവാമിവൾക്കെഴുന്നി-
സ്സങ്കല്‍പം ദൃഢമഥ സമ്മതിച്ചു ഞാനും.
മാനം വിട്ടതികുതുകം കലര്‍ന്നു പുത്രീ-
ദാനം ചെയ്വതിനിഹ ഞാൻ തുനിഞ്ഞിടുന്നേൻ
മാനഞ്ചു മിഴിയിവളെസ്സുതാര്ത്ഥമായി-
സ്സാനന്ദം നൃവര! ഭവാൻ ഗ്രഹിച്ചുകൊൾക.
ഇക്കാലം കനിവൊടു സാധുവാം ഭവാനെ-
ന്നിക്കാമം ജവമൊടു പൂര്ണ്ണമാക്കിടേണം
ഉൾക്കാമ്പിൽ ദൃഢമൊരു ലേശവും ഭവിക്കാ
ധിക്കാരം ഭുവി സുജനത്തിനെന്നു സിദ്ധം"
ഈവണ്ണം ഹയപതി മദ്രഭൂമിപൻ സൽ-
ഭാവം ചേര്ന്നരുളിയ വാക്കുകേട്ടശേഷം
കൈവന്നൂ കുശലമിനിക്കു സര്വ്വമിന്നെ-
ന്നേവം പാര്ത്തുടനെ കഥിച്ചു സാല്വഭൂപൻ.
"സാവിത്രീഭഗവതിതന്റെ പാദപത്മം
സേവിച്ചത്ഭുവരസിദ്ധിയോടുകൂടി
മേവീടും തവ വലുതായ ചാർച്ചനടാൻ
ഭോ വീരോത്തമ! മമ കാമമുണ്ടു പണ്ടേ.
ഇക്കാലതിചിരകാലവൃദ്ധമാമെ-
ന്നക്കാമം നൃപവര! സാധുസിദ്ധമായി
മുക്കാലും ബഹുശതവര്ഷകാലജീവി-
ക്കുൾക്കാമ്പിൽ സുഖവുമുദിക്കുമെന്നു ഞായം.
മംഗളം തടവിയ മാമുനിവ്രജത്തിൻ
സംഗത്താൽ പരമുളവായ പുണ്യമൂലം
തുംഗശ്രീവിലസിയ നിന്റെ ബന്ധുഭാവ
ഭംഗത്തിന്നിടയണയാതെ ലബ്ധമായ മേ
ഭോഗാര്ത്ഥിക്കമരപുരദ്രുപോലെ പാരം
രോഗാര്ത്തന്നഴകിയ വൈദ്യനെന്നപോലെ
രാഗാന്ധിഹ ഗുരു പോലെ മോദഭാരം
വേഗാലെന്മനസി ഭവാൻ വരുത്തിടുന്നു."
ഈരാജദ്വയമിതുചൊല്ലിടുംദശായാം
പാരാതാ ഹയപതിരൂപദർശനനാം
വൈരാഗ്യം പരമിയലു, തപോധനന്മാ-
രാരാലായവിടെയണഞ്ഞു ഭൂരിശോഭം.
ശാപത്തിന്നുമനുഗ്രഹത്തിനുമഹോ!
ശക്തൻ മഹായോഗവാ-
നാപസ്തംബമഹർഷിശിഷ്യഗണമോ-
ടൊന്നിച്ചു വന്നീടിനാൻ
പാപത്തെസ്സകലം മുടിച്ചു നിജസാ-
ഗം പൂണ്ടവര്ക്കൊക്കെയും
താപത്തെക്കളയുന്ന ദാല്ഭ്യമുനിയും
രഞ്ജിച്ചണഞ്ഞീടിനാൻ.
ഗ്രാമ്യസൌഖ്യരതിലേശവിഹീനൻ
കാമ്യകര്മ്മവിമുഖൻ ഹരിഭക്തൻ
ധൌമ്യനെന്ന മുനിയായവിടത്തിൽ
സൌമ്യഭാവമോടണഞ്ഞു തദാനീം.
കോപം കലര്ന്നിന്ദ്രനിലുഗ്രമായ
ശാപം പ്രയോഗിച്ച മഹാനുഭാവൻ
പാപം ഹരിക്കും മുനി ഗൌതമാഖ്യൻ
താപം നശിക്കുമ്പടി തത്ര വന്നാൻ.
പരബ്രഹ്മരാമപ്രഭാവം ജഗത്തിൽ
പരത്തിപ്പുകണ്ണുള്ള വാലീകിതന്റെ
വരത്വം കലര്‍ന്നുള്ള ശിഷ്യൻ മുനീന്ദ്രൻ
ഭരദ്വാജനങ്ങാഗമിച്ചാൻ തദാനീം
സുവർച്ചസ്സാകുമാമുനിവരനുമത്യത്ഭുതതപാ-
സ്സുവർച്ചസ്സേറും മറ്റുരുമുനികളും ശിഷ്യഗണവും
ഭവച്ഛേദം ചെയ്തുള്ളവരതിഥിസല്ക്കാരകുതുകാൽ
ജവത്തോടെ ചെന്നാർ തുരഗപതിമദ്രേന്ദ്രസവിധേ
വേണ്ടുംവണ്ണമനന്തരം മുനികൃതാ-
തിത്ഥ്യത്തെ വാങ്ങിസ്സുഖം
പുണ്ടും കൊണ്ടറിയിച്ചു തന്നുടെ സുതാ-
ദാനോദ്യമം മദ്രപൻ
വീണ്ടും തൽക്കഥ കേട്ടു താപസവര-
ന്മാർ ചൊല്ലിനാ "രേറെനൂ-
റാണ്ടുണ്ടാംശുഭ' മെന്നു സാധുവചനം
സൊല്ലാസമെല്ലാവരും.
ആ വിപ്രസംഘത്തൊടു ചേർന്നു മദ്ര-
ഭൂവിന്നധീശൻ തെളിവാര്‍ന്നു പിന്നെ
സാവിത്രിയേസ്സാല്വമഹീന്ദ്രപുത്ര-
ന്നാവിർമ്മുദാ നല്കി യഥാവിധാനം.
ബാധയെന്നിയെ വിവാഹമാര്യമാം
സാധനത്തൊടു കഴിഞ്ഞനന്തരം
സ്ത്രീധനം പ്രണയപൂർവ്വമേകിനാൻ
ബോധവാൻ സപദി മദ്രഭൂമിപൻ.
രാവിൽത്തളിഞ്ഞ മതിനേർമുഖിയായ്വിളങ്ങും
സാവിത്രിയായ രമണീമണി തന്നെ നിത്യം
സേവിയ്ക്കുകൊണ്ടു സതതം ഹൃദി സത്യവാന-
ന്നാവിർബ്ഭവിച്ചു വലുതായ കൃതാര്ത്ഥഭാവം.
സാരസൽഗുണമെഴുന്ന സത്യവാൻ
ധീരനാത്മപതിയാകകാരണാൽ
പാരമേറിയ രസേന മേവിനാൾ
സ്വൈരമശ്വപതിരാജനന്ദിനി.
എന്നാലഹം നിജപുരിക്കു ഗവിച്ചിടുന്നേ-
നെന്നാത്തപോവനനിവാസികളോടശേഷം
നന്നായ്ക്കഥിച്ചു പുനരശ്വപതിക്ഷിതീന്ദ്രൻ
തന്നാട്ടിലേക്കഖിലഭൃത്യരോടൊത്തു പോയാൻ.
ഇങ്ങിനെ 'സാവിത്രീമാഹാത്മ' കാവ്യത്തിൽ
അഞ്ചാംസര്‍ഗ്ഗം കഴിഞ്ഞു.
ആറാം സർഗ്ഗം
ദോഷഹീനമതിയായ താതനുൾ
ത്തോഷമാര്ന്നു നടകൊണ്ടനന്തരം
വേഷമാശ്രമപദാര്ഹമാക്കിനാൾ
യോഷമാർമണിനരേന്ദ്രനന്ദിനി.
തൊട്ടുവെങ്കിലതിൽ സൗഖ്യമേകിടും
പട്ടുശീല ശുഭശീലയാമവൾ
വിട്ടു ദുഷ്ക്കരതപോനുകൂലമാം
മട്ടുടുത്തു ഘനമായ വല്ലലം.
ഈഷലെന്നിയെ വിശേഷമാം ശിരോ-
ഭൂഷയായ മണിയെത്ത്യജിച്ചവൾ
ദോഷമറ്റവിടെ വച്ചു ദേവതാ-
ശേഷമായ തുളസീദളം ശുഭം.
കര്ണ്ണവേഷ്ടനമണിവ്രജോല്ലസ-
ദ്വര്ണ്ണഭംഗി സകലം കളഞ്ഞവൾ
കര്ണ്ണയുഗമഖിലേശനാമസ-
ദ്വര്ജാലപരിപൂതമാക്കിനാൾ
അഞ്ജനദ്യുതിവരുത്തിടാതെ തൻ
കഞ്ജനേർമിഴിയിലശ്ശുഭാംഗിയാൾ
അഞ്ജസാ ദുരിതഭഞ്ജനാര്ത്ഥമായ്-
കഞ്ജന ഭതനുകാന്തിയേന്തിനാൾ.
സത്തു പാര്‍ത്തു ഹൃദയത്തിൽനിന്നു ന-
ന്മുത്തുമാല മുഴുവൻ കളഞ്ഞവൾ
മുത്തു നൽകുമഖിലേശ്വരന്റെ തൃ-
പ്പത്തു കൊണ്ടിനു ചേർത്തു മണ്ഡനം.
കേവലാശ്രമനിവാസയോഗ്യമാ-
മേവമുള്ള ശുഭവേഷമോടുടൻ
പാവകാതിഥിസുരാദിപൂജയെ-
പ്പാവനാംഗിയവൾ ചെയ്തു സാദരം.
ഭൂരിഭക്തിയവൾ കൊണ്ടുവന്ന നൽ-
ത്താരിനുള്ള ഗുണമോര്ത്തു ദേവകൾ
പാരിനിങ്ങുടനെ ജാതമാക്കണം
പാരിജാതമിതി വാഞ്ച തേടിനാർ.
പുഷ്ടഭക്തിയവൾ തീർത്ത വന്യമാം
മൃഷ്ടഭക്തഗുണമോര്ത്തു വാനവർ
ശിഷ്ടയജ്ഞമമൃതെന്നിതൊക്കെയി-
ങ്ങിഷ്ടമല്ല ദൃഢമെന്നു നണ്ണിനാർ.
അപ്രമേയഗുണമശ്ശുഭാംഗിയാൾ
സുപ്രസന്നരുചിദീപികാര്പ്പണാൽ
ക്ഷിപ്രമഗ്ന്യതിഥിദേവതാദികൾ-
ക്കുൾപ്രമോദമുളവാക്കിയേറ്റവും.
പാവനാംബുവവൾ നൾകിടും വിധൌ
ദേവതാതിഥ പിതൃക്കളായതിൽ
ജീവനാമൃതസമാഖ്യ ചേരുമെ-
ന്നേവമോര്ത്തു ഹൃദയേ കഹലാൽ.
മദ്രഭൂ പസുത നിത്യമേറ്റമു-
ന്നിദ്രഭക്തിയോടു ധൂപപഞ്ചകം
ഭദ്രമാംപടി പരത്തിടുന്നത-
ച്ഛിദ്രകൌതുകമെടുത്തു ദേവകൾ.
ഖേദിയാതെ പരിമാര്ജ്ജനാത്സുധര്-
മ്മാദി സൃഷ്ടിയവൾ ശുദ്ധി ചേര്‍ക്കയാൽ
വേദി, മുറ്റമിവ സര്വ്വമാശ്രമേ
വൈദികാദിസകലക്രിയാര്ഹമായ്.
ക്ഷാമമെന്നിയെ സമാത്കുശാദിയെ-
ക്കോമളാംഗിയവൾ കൊണ്ടുവന്നുടൻ
ഹോമദേവ പിതൃകര്മ്മനിഷ്ഠർ തൻ
കാമപൂര്‍ത്തി സതതം വരുത്തിനാൾ
അന്നയാനയവൾ തീർത്തു വന്യമാ
മന്നമാദരവിയന്നു നൽകിയാൽ
ഖിന്നരാമതിഥികൾക്കു സാധുസ-
മ്പന്നമായി സുഖമല്ലലെന്നിയേ.
ഭൂപപുത്രിയവളിന്ദ്രിയങ്ങൾതൻ
ചാപലങ്ങളണയാതെ നിത്യവും
താപസീവാഹിതസൽക്രിയാഗണം
താപമെന്നിയെ നടത്തി സർവ്വവും.
മദ്രഭൂമിപതിപുത്രി പാരമു-
ന്നിദ്രയായ്പരിചരിക്ക കാരണം
ഭദ്രസൌഖ്യമൊടലിഞ്ഞുപോയ്ദയാ-
സദ്രസാത്സപദി സാല്വഭൂമിപൻ.
സാദരം തുരഗനാഥപുത്രി നി-
സ്സാദമായ്പരിചരിക്കകാരണാൽ
മോദമാര്ന്നഥ നിജാന്ധ്യജാതമാം
ഖേദവും ഹൃദി മറന്നു പോയ്നൃപൻ,
വന്ദനപ്രഭൃതിദേവസൽക്രിയാ-
വൃന്ദമാദരവിയന്നുചെയ്തുടൻ
സുന്ദരാംഗിയവൾ നിത്യവും മഹാ-
നന്ദമാ ശ്വശുരനേകി മേവിനാൾ.
മംഗളാംഗി പിതൃമാതൃഭക്തിതൻ
രാഗമായ പതിതൻ സവിത്രിയ
അംഗസംസുകൃതികൾകൊണ്ടു നിത്യവും
ഭംഗമറ്റു പരിതുഷ്ടയാക്കിനാൾ.
നര്മ്മകേളിമഹിതം പതിവ്രതാ-
ധര്മ്മമെന്നിവകളാൽ തെളിഞ്ഞവൾ
നിമ്മലാശയമെഴും പതിയ്ക്കുടൻ
ശര്മ്മമേറ്റമുളവാക്കി നിത്യവും.
സ്വൈമിങ്ങനെ പരാശ്രമസ്ഥയായ്
നാരദോക്തിയതു പാര്ത്തുകൊണ്ടവൾ
സാരമാം നിജവപുസ്സു സദ്വ്രതാ-
ചാരശീല പരിശുഷ്ക്കയാക്കിനാൾ
പാതകം സകലമാശു പോക്കീടും
ഗൌതമാദിമുനിപത്നിമാരുടെ
സ്ഫീതപുണ്യപദപത്മസേവനം
ജാതഭക്തിയവൾ ചെയ്തു നിത്യവും,
ശുദ്ധഭാവവുമശേഷസൽക്രിയാ-
ശ്രദ്ധയും പരമവൾക്കു കാണ്കയാൽ
വൃദ്ധതാപസകുലം 'മഹാതപ-
സിദ്ധതന്നെയിവ' ളെന്നു വാഴ്ത്തിനാര്‍
ഘോർസദവ്രതവശാദ്വിശോഷിതം
പാരമാസ്സുമുഖിതൻകളേബരം
ധീരരാ മുനികൾ കാണ്കയാൽ ദയാ-
ഭാരസംഭ്രമമണഞ്ഞു സര്‍വ്വരും
നാരദോക്തപതിമൃത്യുവാസരം
ധീരയാമവൾ ഗണിച്ചുകൊണ്ടുടൻ
പാരമുള്ളിലഴൽ പൂണ്ടു സദ്വ്രതാ-
ചാര ശുദ്ധിയൊടു തത്ര മേവിനാൾ.
സത്യവാനഥ ചതുര്ത്ഥവാസരേ
കൃത്യമായ് മൃതി ഭവിക്കുമെന്നുടൻ
സത്യമായവൾ ധരിച്ചു തന്റെ നൽ-
ക്കൃത്യമോര്ത്തതിനൊരുങ്ങി മെല്ലവേ
സാധുശീലയവൾ മുന്നുനാളിനാൽ
സാദ്ധ്യമാം പ്രതമതീവ ദുഷ്ക്കരം
സാദരം ബത തുടങ്ങിനാൾ മഹാ-
സാദമുണ്ടുടലിനെന്നിരിക്കിലും.
ധീരയാമവൾ തുടങ്ങിടും മഹാ-
ഘോരമാം വ്രതമതോര്ത്തു സംഭ്രാൽ
കീരവാണിയൊടു സാലഭൂമിപൻ
സാരമായി കനിഞ്ഞു ചൊല്ലിനാൻ,
ഭൂമഹേന്ദ്രതനയേ! വനാശ്രമാൽ
ക്ഷാമയായി വലയുന്നു നീ ശുഭേ!
കോമളാംഗി! വലുതാമസാത്മ്യമൊ-
ന്നാമയത്തിനു നിദാനമോര്ക്കുകിൽ
ദോഷമറ്റ മഹിതവ്രതങ്ങളാൽ
ശോഷമീയ്യുടലിനേറ്റമുണ്ടുതേ
ഭീഷണാതപനിപാതശുഷ്ക്കയാം
മോഷധിയ്ക്കു ശരിയായിടുന്നു നീ,
ഉക്തിനിന്ദിതസുധേ! സുരാദിസൽ-
ഭക്തിശാലിനി! ശുഭേ! ദിനത്രയാ
ഭുക്തിയെന്നിയെ കഴിച്ചുകൂട്ടുവാൻ
ശക്തിയെങ്ങിനെ ഭവിച്ചിടും തവം
മോഹനാംഗി! ശൃണു ധര്‍മ്മസാധനം
ദേഹമാണറിക മുഖ്യമായിഹ
മോഹമോടതു നിനച്ചിടാതെ നീ
സാഹസങ്ങൾ തുടരൊല്ല ബാലികേ!
സത്തമൻ ശ്വശുരനേറ്റവും കനി-
ഞ്ഞിത്തരം പരമുരച്ചനന്തരം
ഉത്തമാംഗിമണിയാൾ വിനീതയാ-
യുത്തരം കിമപി മന്ദമോതിനാൾ.
"പാരമാഗ്രഹവശാൽ മഹാഫലം
ഘോരമീ വ്രതമെടുത്തു പോയി ഞാൻ
സാരമാം ഗുരുസൂരാദ്യനുഗ്രഹാൽ
സ്വൈരമായിതു കഴിച്ചുകൂട്ടിടാം.
ഹന്ത! ധൈര്യവിനയങ്ങൾ പൂണ്ടു നൽ-
ച്ചന്തമോടവളിതോതിയപ്പോഴേ
ചിന്തകൊണ്ടധികമായി വെന്തിടു-
ന്നന്തരംഗമൊടു ചൊല്ലി ഭൂമിപൻ.
ഭഞ്ജനം വ്രതമിതിന്നു ചെയ്കയെ-
ന്നഞ്ജസാ പറക വയ്യ മേ ശുഭേ!
കഞ്ജനേർമുഖി! തവേഷ്ടമേകിടും
കഞ്ജനാഭവിധിശങ്കരാദികൾ."
ഈ വിധം ശ്വശുരമംഗളോക്തി കേ-
ട്ടാവിലത്വമഖിലം വെടിഞ്ഞവൾ
ഭാവി ഭർത്തൃമൃതി നീക്കുമാ വ്രതം
കൈവിടാതഥ തുടങ്ങിനാളവൾ.
ഊണുറക്കമിവയൊക്കെ വിട്ടു നൽ
സ്ഥാണുപോലമരുമൿകൃശാംഗിയേ
കാണുമാ മുനിജനത്തിനും മനം
താണുപോയി വിപുലാത്ഭുതാംബുധൌ
പീനഭക്തിഭഗവൽപദാംബുജ -
ധ്യാനമോടവൾ വസിച്ചു സർവ്വദാ
മാനമറ്റ ബഹുമാനമോടുടൻ
ജ്ഞാനമേറുമൃഷിവര്യർ വാഴ്ത്തിനാർ
"ഛിദ്രലേശമണയാതെ പാരമു-
ന്നിദ്രസൽഗുണമെഴുന്നൊരീ വ്രതം
ഭദ്രമൊക്കെയുമുടൻ കൊടുക്കുമീ
മദ്രരാജതനയയ്ക്കു നിര്‍ണ്ണയം. '
അന്നു താപസ വരിഷ്ഠരേവമോ-
രോന്നു വാഴ്ത്തുമവളാ മഹാവ്രതം
കന്നുപോലെയിളകാതെ ധീരയായ്-
നിന്നുകൊണ്ട് കഴിച്ചു കൂട്ടിനാൾ.
മായമെന്നിയെ തദാ ദിനത്രയം
പോയശേഷമവൾ വേവുമാശയേ
കായമുക്തി പതി ചെയ്തിടുന്ന നാ-
ളായഹോ! ദൃഢമിതെന്നു മാഴ്കിനാൾ.
ദേവതാനം പിതൃക്രിയാദിയെ-
ബ്ഭാശുദ്ധിയൊടു ചെയ്തനന്തരം
പാവകപ്രതിമരാമൃഷീന്ദ്രർതൻ
സേവ ചെയ്തു ബഹുഭക്തി പൂണ്ടവൾ.
വന്നു കൂപ്പുമവളിൽ കനിഞ്ഞുകൊ-
ണ്ടൊന്നുപോലെ മുനിമാരശേഷവും
"എന്നുമേ വിധവയാകയില്ല നീ"
യെന്നു മംഗളവചസ്സു ചൊല്ലിനാർ
ക്ലിഷ്ടഭാവമണയായെ കണ്ട ത-
ന്നിഷ്ടസിദ്ധിവരുമാറു തൽക്ഷണ
ശിഷ്ട താപസരുച്ച വാക്കിനാൽ
പുഷ്ടമോദമവൻ തേടി മാനസേ.
താതമാതൃചരണാംബുജങ്ങളെ
സ്ഫീരഭക്തിയോടവൻ നമിച്ചുടൻ
പ്രീതനായി വിറകിന്നു പോകുവാൻ
വീതശങ്കമഥ യാത്ര ചൊല്ലിനാൻ.
ആകുലത്വമണയാതെ കടാകം
പൂകുമാത്മപതിയോടനസരം
സ്ത്രീകലാഭരണമാശ്ശുഭാംഗി തേൻ
തൂകുമുത്തമവചസ്സിതോതിനാൾ.
"വീര! കാടിനു ഭവാൻ ഗമിച്ചിടും
നേരമിപ്പൊളൊരുമിച്ചു പോരുവാൻ
പാരമുണ്ടു മമ കാമിതം പ്രഭോ!
സ്വൈരമായതിനു നല്ക സമ്മതം.''
ഏവമോതുമലാസാംഗിയോടു സൽ-
ബ്ഭാവവാനുടനുരച്ചു സത്യവാൻ
"കേവലം തൊലിയുമെല്ലുമായിടും
നീ വനത്തിനു വരുന്നതെങ്ങിനെ.
പാരമാര്ത്തതനുവായിടുന്ന നിൻ-
ഭാരമിങ്ങു വരുമൊത്തുപോരുകിൽ
സ്വൈരമായ്വിറകുകൊണ്ടുവന്നിടാൻ
സാരസാക്ഷി! തരമാകയില്ല മേ.''
ഹേതുവൊത്ത നിജകാമിതം തടു-
ത്തോതുമാത്മപതിയോടു ചൊല്ലിനാൾ
ആതുരത്വമണയാതെ സാധുവാൿ -
ചാതുരീവിജിതവാണിയാമവൾ.
"ഹൃത്തു ചേര്‍ന്ന പതിയായിടും ഭവാ-
നൊത്തു കാനനതലേ ചരിക്കുകിൽ
ക്ഷുത്തുദാഹമിവകൊണ്ടെനിക്കു മാ-
ലെത്തുകില്ല ലവലേശവും പ്രഭോ!
ജീവനാഥ! പരമിന്നു കാൽക്ഷണം
താവകീനവിരഹം സഹിക്കുവാൻ
ആവതില്ല മമ വായ്ക്കുമാധികൊ-
ണ്ടേവമെന്റെ പരമാർത്ഥമൊക്കെയും.
ഛായപോലെ പതിയേബ്ഭജിക്കുകെ-
ന്നായതുത്തമവധുഗുണം ശുഭം
മായമറ്റതിനൊരുങ്ങിടുന്നു ഞാൻ
ഞായമല്ലതു തടുപ്പതാര്ക്കുമേ.
കുന്നിനൊത്ത കുതുകം ഭവാനൊടൊ-
ത്തിന്നെനിക്കു വിപിനേ ചരിക്കുവാൻ
വന്നിടുന്നു ഹൃദി, ഗാഢമാദരാൽ
തന്നിടേണമതിനിങ്ങു സമ്മതം."
വന്മനീഷിയഥ സത്യവാൻ തദാ
നന്മയിൽ ദയിതയോടുചൊല്ലിനാൻ
"നിന്മയം മമ ഗുരുക്കളേറ്റവും
സമ്മതിക്കുകിൽ വിരോധമില്ല മേ.
ശാന്തശീലമിയലും ഗുരുക്കൾതൻ-
സ്വാന്തമെന്തതറിയാതെകണ്ടയേ!
താന്തഗാത്രി! വനയാനമിന്നു തേ
ഞാന്തനിച്ചറിക സമ്മതിച്ചിടാ.''
ഏവമാര്യഗുരുഭക്തി പുണ്ടു തൻ -
ജീവനായകനുരച്ചനന്തരം
സാവധാനവിനയം ഗുരുക്കളെ-
ക്കൈവണങ്ങിയവളിത്ഥമോതിനാൾ.
"ആര്യധീയുടയ നിങ്ങളോടു നൽ-
ക്കാര്യമൊന്നുടനിരന്നിടുന്നു ഞാൻ
വാര്യമല്ല ശുഭമാമിതേറ്റവും
ധൈര്യമോടനുവദിച്ചിടേണമേ.
പീനധര്മ്മമെഴുമെൻ വരൻ സമി-
ത്താനയിപ്പതിനു പോയിടും വിധൌ
കാനനത്തിനൊരുമിച്ചു പോകുവാൻ
മാനസത്തിലതികാമമുണ്ടു മേ.
ശ്രേഷ്ഠധര്മ്മവിഹിതക്രിയാര്ത്ഥമായ്
കാഷ്ഠപുഷ്പഫലമാഹരിക്കുവാൻ
ഇഷ്ടമോടു നടകൊണ്ടിടും മഹാ
ശിഷ്ടനെത്തടക ധര്മ്മമല്ലയേ!
മായമറ്റു പതിയൊത്തുപോയിടും
ജായയേത്തടക ധര്മ്മമല്ലിതും
ഞായമല്ല ശുഭധര്മ്മമല്ല നൽ-
പ്രായമായവർ കഥിപ്പതിങ്ങിന.
ആര്യഭാവമിയലുന്ന നിങ്ങളി-
ക്കാര്യമമ്പിനൊടു സമ്മതിക്കണം''
ധൈര്യമോടിതി കഥിച്ചു സദ്ര്വത-
സ്ഥൈര്യമുള്ളവൾ വണങ്ങി തൽപദം,
എത്രയും ശമദമാദി സൽഗുണം
മിത്രഭാവമൊടിരന്നിടുന്നിവൾ
അത്രകാര്യമിതിരന്നതോര്ക്കുകിൽ
ചിത്രമെന്തിതിനു തക്ക കാരണം,
ഇത്തരം ഹൃദി നിനച്ചു സാല്വഭൃം
ഭൃത്തനന്തരമുരച്ചു ബുദ്ധിമാന്
"ചിത്തശുദ്ധികലരുന്ന നിന്മതം
സത്തമേ! പരമസമ്മതം മമ
ധര്മ്മദൂഷണവചസ്സുരച്ചിടാ
നിർമ്മലേ! തപസി കാമമുള്ള ഞാൻ
ശര്മ്മമെന്നതു തരുന്നതേവനും
ധര്മ്മമൊന്നതിനു തർക്കമില്ലമേ.
കോമളാംഗി! ബഹുദുഷ്ക്കരവ്രത-
ക്ഷാമയായ ഭവതിക്കു കാനനേ
ക്ഷേമമങ്ങു വരുവാൻ മഹേശനെ
പ്രേമമോടിഹ ഭജിച്ചിടുന്നു ഞാൻ.''
തെല്ലിവണ്ണമമിതാശ്രു പൂണ്ടുടൻ
ചൊല്ലിടും ശ്വശുരനാം നരേന്ദ്രനെ
നല്ല ഭക്തിരസമുള്ളിലേന്തുമാ-
പ്പല്ലവാംഗിമണി താണു കൂപ്പിനാൾ.
പരമശുഭമിണങ്ങീടുന്ന സാവിത്രി പിന്നെ-
സ്സുരമുനിവചനത്തെത്തന്നെയോര്ത്തോര്ത്തു പാരം
തരള ഹൃദയയായിസ്സത്യവാനായിടും തൻ
വരനു പിറകേ പോയ്ക്കാനനത്തിൽക്കരേറീ
ഇങ്ങിനെ സാവിത്രീ മാഹാത്മ്യമെന്ന കാവ്യത്തിൽ
ആറാം സര്‍ഗ്ഗം കഴിഞ്ഞു
ഏഴാം സർഗ്ഗം
പുനരതിശുഭശാലി സത്യവാൻ ത-
ന്മനമൊടിണങ്ങിയ കാന്തയോടു ചൊന്നാൻ
ഘനതരുലതികാമൃഗങ്ങൾ തിങ്ങും
വനമിതു കാണ്കയി! കഞ്ജലോചനേ! നീ.
ചമലിഴി! മലിനം മധുവ്രതൗഘം
ദലതതികൊണ്ടു തടസ്ഥമുള്ള മൂലം
മലർ മധുരരസം കടന്നെടുക്കാൻ
പലവഴി പാര്ത്തണയാതൊഴിച്ചിടുന്നു
അതിദൃഢ തരുവിങ്കൽനിന്നു തൂങ്ങും
ലതികയണഞ്ഞിഹ ചുറ്റിടുന്ന മൂലം
പ്രതിനവസുകുമാരഭൂരുഹത്തിൻ-
ക്ഷതി കൊടുവായു വരുത്തിടുന്നതില്ല.
സ്വഗതിരയവികൃഷ്ടവലിബന്ധാൽ
വിഗളിതവിക്രമനായവാരണന്ദ്രൻ
അഗമമിതു തകര്‍ത്തിടാതെ താനേ
വിഗതമദം ബത! പിന്തിരിച്ചിടുന്നു.
അതിശുഭഗണമേന്തുമീവനത്തി-
ന്നതിരൊടു ചേര്‍ന്നൊഴുകുന്ന ചോല മൂലം
ഗതിവിഹിതപിണഞ്ഞു കാട്ടുവന്തീ-
യ്യിതിനുടെ ദാഹമൊഴിച്ചടങ്ങിടുന്നു.
ഗരളഹരമഹൌഷധിപ്രവാളം
സരസമശിച്ചിടുമിക്കുരംഗബാലൻ
ഉരഗപതി കടിക്കിലും തരിമ്പും
മരണഭയം കലരാതെ വാണിടുന്നു
ഉരുജവമിയലും വൃകം കടിപ്പാൻ
വരുമളവോടു മുടുമ്പു ദൈവഗത്യര്
തരുവിനുടയ പൊത്തിനുള്ളിലെത്തി
ട്ടൊരുഭയമെന്നിയെ തത്ര പാര്‍ത്തിടുന്നു
സുമനികർവിരജിതാമ്രബാല-
ദ്രുമമഥനത്തിനടുത്ത ... ഹസ്തി
ഭൂമരതതിയുടൻ സുമത്തിൽനിന്നുൾ-
ഭൂമമൊടുയര്ന്നതുകണ്ടൊഴിച്ചിടുന്നു.
ബകുളകുസുമിതാഗ്രസീമ്നിവാഴും-
ശകുനിയിലമ്പു വിടാൻ തുടര്‍ന്ന വേടൻ
സകുസമബഹുരേണുവാത്യമൂലം
മുകളിതലോചനനായൊഴിച്ചിടുന്നു.
ഗജവരവധു തള്ളിയിട്ട വൃക്ഷ-
വ്രജമിടതിങ്ങിയടഞ്ഞു മാര്ഗ്ഗദേശം
അജഗരമതിനാലടുക്കിലും വന്‍-
ഗജപതിയെപ്പിടിപെട്ടിട്ടുന്നതില്ല.
രയമൊടു മയിൽ കൊത്തുവാൻ വരുമ്പോൾ
ഭയമൊടു ചന്ദനബന്ധമറ്റു സര്‍പ്പം
സ്വയമൊരു ഗുഹയിൽ പതിക്കി മൂലം
ക്ഷയമണയാതവിടെക്കിടന്നിടുന്നു.
പുലിയുടെ വരവോർത്തു പാഞ്ഞൊരേണം
കലിതഭയം ബത! വീണു സിദ്ധഭൂമൌ
പുലിയുമവിടെ വന്നു തൽപ്രഭാവാൻ
വലിയ ശമം ഹൃദി പൂണ്ടൊഴിച്ചിടുന്നു.
ഗുണമുടയ മഹര്ഷിമാരഹോ! കാൽ-
ക്ഷണവുമിരുന്നു തപസ്സു ചെയ്ത ദേശേ
അണയുകിലുടനുഗ്രജീവികൾക്കും
ഘൃണ വളരും ഹൃദയേ വിശുദ്ധി മൂലം.
രഭസമണയുമുഗ്രമൃത്യു നീങ്ങി-
ട്ടദയമനേകമൃഗദ്വിജങ്ങളിപ്പോൾ
പ്രഭയോടു കളിയാടിടുന്നു പാരം
ശുഭദിനമാണിതു ശോഭനാംഗിയാളേ
കണലിനു ശരിയായ ഭാസ്കരാഭാ
ഗണമുളവാക്കിയ ചൂടറിഞ്ഞിടാതേ
തൃണജലപരിതൃപ്തമേണയൂഥം
തണലിലണഞ്ഞു കിടന്നുറങ്ങിടുന്നു.
പവനനുടയ സാധുസംഗമത്താൽ
നവസഹകാരമനോജ്ഞശാഖയിപ്പോൾ
ഭുവനശുഭദസൽഫലവ്രജത്തേ-
ജ്ജവമൊടിതാ കുറയാതെ തൂകിടുന്നു.
തിമിരഹരമഹൌഷധിക്കെഴും നീ-
രമിതതരം നയനത്തിലാം വിധത്തിൽ
അതു ചൊറിയൊടു കണ്ണിൽ വെച്ചുരച്ചീ-
മുതുകരിയന്ധനഹോ! സനേത്രനായീ.
കരികുലമിതഹോ! പുരാണനാമി-
ക്കരിവരയൂഥപനെസ്സനേത്രനായി
ത്വരിതമധികവിസ്മയേന കണ്ടി-
ട്ടരികിലണഞ്ഞവനെബ്ഭജിച്ചിടുന്നു.
പലരതിരസമേകിയും വിശേഷാൽ
കലപരിവൃദ്ധിവരുത്തിയും നിതാന്തം
വിലസിന ബഹുപുത്രയായിടുന്നീ-
സ്സുലത തരുന്നു സഖം സുജായപോലെ.
സുരമുനിപതി പണ്ടു ചൊന്ന വാക്യാൽ
വരകൃതിയോര്ത്തുരുകീടുമാശ്ശുഭാംഗി
നിരവധിഗുണമുള്ള വല്ലഭന്‍തൻ
സരസവചസ്സതു കേട്ടു ചൊല്ലി മെല്ലെ.
"യതിഗുരുജനഭക്തനാം ഭവാൻത-
ന്നതിശുഭസൂചകമാം വചസ്സിനെല്ലാം
ശ്രുതിയിലമൃതമെന്നപോലെ ചേര്ന്നെ-
ന്മതിഗതതാപമുടൻ കളഞ്ഞിടുന്നു.
ജിതമദന! വിഭോ! നിതാന്തദീർഘ-
വ്രതപരികര്ശിതകായയായിടും മേ
ഹിതശുഭകരമാം ത്വദീയവാക്യാ-
മൃതമിതു ഹന്ത! തളര്‍ച്ച പോക്കിടുന്നു.
കനിവിനൊടു തനിക്കെഴുന്ന തോൽ കാ-
യ്കനി മലർ പുല്ലിവയെന്നുതൊട്ടതെല്ലാം
മുനിയതിയിലണയ്ക്കുമീ വനത്തിൻ
ജനിഫലമുള്ളതുതന്നെ തര്‍ക്കമില്ല.
ചിലപൊഴുതിലൃഷീന്ദ്രർ ഭുക്തി ചെയ്യും
ഫലമധികം സഫലം ശുഭൈകമൂലം
പലമൃഗവിഹഗങ്ങൾതൻ വരാന്നം
ദലചയമങ്ങിനെ തന്നെ മുലമെല്ലാം.
ഗുരുസുരപിതൃപൂജനാദികൾക്കായ്
സുരുചിരപുഷ്പമറുക്കുവാൻ ദ്വിജന്മാർ
തരുശിരസി കരങ്ങൾ വെപ്പതോര്ത്താ-
ലുരുശുഭമൂലമനുഗ്രഹം ദ്രുമാണാം.
നിരവധികമഹോ! നിനയ്ക്കിലീവ-
ന്മരനിരതൻ തോലിചെയ്ത പൂര്‍വ്വപുണ്യം
പരമശുഭദമായ സൽപ്രസംഗം
സ്ഥിരതരമാണിവകൾക്കനന്യലഭ്യം.
സുമഹിതമുനിരക്ഷിതാഗ്നിതാനീ
ദ്രുമഗണകാഷ്ഠസമിത്സമിദ്ധനായി
അമരപരിവൃഢര്ക്കു തൃപ്തി നൽകീ-
ട്ടമലസുഖം നിഖിലര്ക്കുമേകിടുന്നു.
കുസുമഫലഭരാനതങ്ങളായി-
സ്സുസുലഭഗശാഖികളല്ലസിച്ചിടുന്നു
അസുവഴുമഖിലര്ക്കുമോര്ത്തു കണ്ടാ-
ലസുലഭമാണിവതന്റെ നത്സ്വഭാവം.
അലസത കലരാതെ വേർ തുടങ്ങി-
ത്തലവരെയുള്ള നിജാംഗകങ്ങളെല്ലാം
നലമൊടു സതതം പരാര്ത്ഥമാക്കീ-
ട്ടുലകിൽ മരങ്ങളഹോ! ജയിച്ചിടുന്നു.
സമരസമളി കക്കിലും ദലത്തെ-
ക്കമലസമൂഹമശിക്കിലും നിതാന്തം
സമദകരികൾ കൊമ്പൊടിക്കിലും നൽ-
ക്ഷമയൊടുതാൻ മരുവുന്നു ഭൂരുഹങ്ങൾ
വിതതശിഖരബാഹുസഞ്ചയത്താൽ
ചിതമിയലുമ്പടി നൽഫലവ്രജത്തെ
സതതമിഹ വഹിച്ചിടുന്നു നന്ദി-
ച്ചിതരജനത്തിനു നൽകുവാൻ ദ്രുമങ്ങൾ.
തപനനുടെ കരങ്ങൾ തൻപ്രതാപം
സപദി തടുത്തു മഹീരുഹങ്ങൾ നിത്യം
സ്വപദശതജനത്തിനുള്ള താപം
കൃപയൊടുതൻ തണൽകൊണ്ടു പോക്കിടുന്നൂ.
സ്വയമിഹ തൃണമേണജാതികൾക്കായ്
ഭയരഹിതം സ്വശരീരമേകിടുന്നു
പ്രിയനിജതനുവിൻ പരാര്ത്ഥമാകും
വ്യയമധികോത്തമലോകശീലമല്ലോ.
വിശദതരനിജാശയേ നിതാന്തം
പ്രശമമെഴും മുനിമാർ ശുഭക്രിയാര്ത്ഥം
ദൃശമനിശവുമാഗ്രഹിച്ചിടുന്നീ-
ക്കുശ മുതലാം തൃണമൊക്കെയെത്ര ധന്യം
സുമഹിതപിതൃദേവകാര്യസിദ്ധി-
ക്കമല! ഭവാനിനി വൈകിടാതിദാനീം
സുമകുശസമിദാദി വസ്തുജാലം
ക്രമമൊടെടുക്കുക സാധുശീലം മൗലേ!
സ്ഥിരശുഭമതി സത്യവാൻ സ്വകാന്താ-
വരമൊഴിയിങ്ങിനെ തത്ര കേട്ട ശേഷം
തരമൊടു തരസാ സമിൽക്കുശാദ്യാ-
ഹരണവിധിക്കു തുനിഞ്ഞു ധര്‍മ്മശീലൻ.
കുശലനവനുടൻ ക്രിയയ്ക്കുവേണ്ടും
കുശകലരിഞ്ഞതു ചേര്‍ത്തു കെട്ടിവെച്ചു
കുശയുടെ ശിഖയൊത്ത ബുദ്ധിയുള്ള-
ക്കൃശതനുവാമവൾതൻ സഹായമോടേ.
പലതരമവിടെപ്പഴുത്തുനില്ക്കും
ഫലനികരങ്ങൾ പറിച്ചു രാജപുത്രൻ
നലമൊടവകളൊക്കെ മദ്രഭൂമീ-
തലപതിനന്ദിനി ഭാജനത്തിലാക്കി.
കുതുകമൊടു സുരാദിപൂജചെയ്വാൻ
പുതുമലർ വേണ്ടതു സത്യവാനറുത്തു
അതുലിതഗുണയാശ്ശുഭാംഗി വാങ്ങി-
ച്ചതു മുഴുവൻ സുമഭാജനത്തിലിട്ടു.
പുനരഥ ചമതയ്ക്കു യോഗ്യമായീ-
ടിന വലുതായ മരം തിരഞ്ഞുനോക്കി
മനസി തെളിവൊടൊന്നിലക്കുമാരൻ
ഘനതരമാം മഴുകൊണ്ടു വെട്ടി മെല്ലെ
ഖരകരനുടെ തീക്ഷ്ണരശ്മിജാലം
പരമഥ മേനിയിലേറ്റുകൊണ്ടുതന്നെ
ചിരതരമവനാഞ്ഞു വെട്ടിനാൻ തൻ-
പരശുവിനാൽ ദൃഢമാകുമാമരത്തിൽ.
ഉടനഥകടയറ്റു ഭൂതലത്തിൽ
ചടചടശബ്ദമൊടാ മരം പതിച്ചു
ഉടലവനു വിയര്‍ത്തു പാരമപ്പോ-
ളിടമുറിയാതതിവേലചെയ്കമൂലം.
കിടുകിടെയുടലൊക്കെയും വിറച്ചു
കടുതരമായ്ത്തലകുത്തു സംഭവിച്ചു
ചടുലമിഴികൾ പൂണ്ടവന്നു നില്പാൻ
പടുത നശിച്ചു ശിസ്സു ചുറ്റിയേറ്റം.
ഘൃണയൊടു വിബുധര്ഷി പണ്ടു ചൊന്നാ-
ക്ഷണമണയുന്നതുതന്നെ പാര്‍ത്തു പാരം
കണലെതിർപരിതാപമാണ്ടിടുന്നാ-
ഗുണവതിയാപ്പതിതൻ തളർച്ച കണ്ടാൾ.
ധൃതിയോടരികിലങ്ങണഞ്ഞു തന്മെയ്-
ലതികയിലാപ്പതിതന്റെ ദേഹഭാരം
അതിജവമൊടണച്ചു വാരണത്തിൻ
ഗതിയെഴുമായവളിങ്ങു കൊണ്ടുപോന്നാൾ.
തരമൊടൊരു തണുത്ത വൃക്ഷമൂലേ
പരമവരിങ്ങിനെ ചെന്നതിന്റശേഷം
പരവശതരനായ സത്യവാന-
ത്തരളതരാക്ഷിയോടിത്തരം കഥിച്ചാൻ.
"ക്ഷിതിരുഹമിതു സത്വരം മുറിപ്പാ-
നതികഠിനശ്രമമത്ര ചെയ്കയാൽ മേ
മതിമുഖി! തളർന്നു ദേഹമെല്ലാം
സതി തലവേദനയോ സഹിച്ചുകൂടാ
നേടിയ ബഹുലശൂലവേധമുണ്ടാം-
പടിയധുനാ തലകുത്തിനൊന്തിടുന്നു
മുടിമുതലടിയോളമംഗമെല്ലാ-
മിടിപൊടിയാമ്പടി ഹാ! തകർന്നിടുന്നു.
തല, തരളതരാക്ഷി! താവകാങ്ക-
സ്ഥലമിതിൽ വെച്ചു കിടന്നു തെല്ലുറങ്ങാൻ
അലഘുകുതുകമുണ്ടെനിയ്ക്കിദാനീം
ചലമിഴി ചൊൽവതിനില്ല ശക്തിതെല്ലും."
ഇതി പരവശഭാവമാർന്നു പാരം
പതി പലതും പറയും ദശാന്തരാളേ
ക്ഷിതിയിലിളകിടാതകണ്ടിരുന്നാൾ
മതിമതിയാകിയ മദ്രരാജപുത്രി.
പരവശത കലർന്നുഴന്നിടും തൻ
വരനുടെ ശീര്ഷമുടൻ നിജാങ്കുമദ്ധ്യേ
ത്വരയാടവളണച്ചു കാന്തകായം
സരസതരം മൃദുപാണിയാൽ തലോടി,
അസുലഭബഹുധര്മ്മസിദ്ധയാമ-
ക്കുസുമസമാംഗി തദാ തലോടിയപ്പോൾ
അസുവിശമമടുത്തൊരക്കുമാരൻ
സസുഖമുറങ്ങിയപോലെ താൻ മയങ്ങീ.
കനവിനൊടു പുരാ പരാപരജ്ഞൻ
മുനിയരുൾചെയ്ത പതിപ്രണാശകാലം
അനിതരഗതചേതസാ നിനച്ചാ-
പനിമതിനേർമുഖി തത്ര കാത്തിരുന്നാൾ,
വരുമഴലതു പാര്‍ത്തു തത്ര താനേ
മരുവിടുമായവൾ തന്മനക്കുരുന്നിൽ
ഗുരുവരപദപങ്കജങ്ങൾ പാരം
കരുണ കലർന്നു സഹായമായ്വിളങ്ങീ.
അതിമഹിതതപസ്സുകൊണ്ട് സൃഷ്ടി-
സ്ഥിതിലയശക്തി കലര്‍ന്ന താപസന്മാർ
പതിമൃതികരുതിത്തപിച്ചിടുന്നാ-
സ്സതിയുടെ ചേതസി ചേര്‍ന്നു സാന്ത്വനാര്ത്ഥം.
സതതമഖിലഭക്തലോകരക്ഷാ-
വ്രതമിയലും ജഗദീശ്വരേശ്വരന്മാർ
അതനുഭയമിതൊക്കെ നീക്കുവാന-
സ്സുതനുമനസ്സിൽ വിളങ്ങി സുപ്രസാദാൽ.
തരണമഭയമെന്റെ ദൈവമേ! നിൻ
ചരണമെനിക്കവലംബമെന്നിവണ്ണം
ശർണമവളണഞ്ഞു വല്ലഭൻ തൻ
മരണഭയാബ്ധിയിൽ മുങ്ങുമാശ്ശുഭാംഗി.
ഇതി ബഹുശുഭരൂപചിന്തയുള്ളാ
മതിമുഖിതൻ മനതാർ നിറഞ്ഞു പൊങ്ങി
അതിരസമൊഴുകുംവിധത്തിലശ്രു-
സ്രുതിയുളവായക്കഴുകിക്കളഞ്ഞു ദോഷം,
സുരഗുരുപിതൃവിപ്രഭക്തിമാദ്ധ്വീ-
ഝരമൊഴുകുന്നവൾതൻ കുളുര്‍ത്ത മെയ്യിൽ
പരമഥ പുളകാളിഭാവിഭദ്രാ-
ങ്കരനിരപോലെ തദാ തെളിഞ്ഞുയര്ന്നൂ.
യമനിയമവരാ സനാദിയോഗ-
ക്രമപരിശീലനസിദ്ധയാക്കൃശാംഗി
യമഭടരെയുടൻ മഹർഷി ചൊന്നാ-
സമയമണഞ്ഞതറിഞ്ഞു നോക്കി വാണാൾ.
അപ്പോൾ നീലപയോലനീലനിറവും
നൽപ്പാണിയിൽ പാശവും
ചൊല്പൊങ്ങും വരപുരുഷര്ക്കുചിതമാം
സല്ലക്ഷണം സര്‍വ്വവും
കെപ്പോടൊത്തൊരു ദിവ്യനായ പുരുഷൻ
വന്നങ്ങു ചേരുന്നതാ-
സ്വല്പാദഞ്ചിതപുണ്യയാമവളഹോ!
കൺകൊണ്ടു കണ്ടീടിനാൾ.
ഇങ്ങിനെ സാവിത്രിഹാത്മ്യമെന്ന കാവ്യത്തിൽ
ഏഴാം സര്‍ഗ്ഗം കഴിഞ്ഞു
എട്ടാം സർഗ്ഗം
മുറയ്ക്കുടൻ തന്മടിതന്നിൽ നിന്നി-
ട്ടിറക്കി മന്നിൽ പതിതന്റെ ശീര്‍ഷം-
ഉറക്കമൊട്ടങ്ങുണരാതെ വെച്ചു
വിറയ്ക്കുമുള്ളോടവളേറ്റു നിന്നാൾ
ഗുണങ്ങൾ തിങ്ങീടിന ദിവ്യരൂപ
മിണങ്ങുമപ്പുരുഷനെത്തദാനീം
വണങ്ങിമുപ്പാരിലെഴുന്ന സാദ്ധ്വീ-
ഗണങ്ങൾ ചൂടുന്നവൾ ഭക്തിയോടെ.
മഹാതപസ്സിദ്ധികൾ തന്റെ ദിവ്യ-
വിഹാരഭൂവാമവൾ ചൊല്ലി പിന്നെ
മഹാനുഭാവോത്തമനാം ഭവാനാ-
രിഹംഗമിപ്പാൻ പുനരന്തു ബന്ധം.
ജവാൽ നശിക്കുന്നു മദീയദുഃഖ-
നവാന്ധകാരം മുഴുവൻ മഹാത്മൻ!
ദിവാകരൻതൻ ഗുണമൊക്കയുള്ള
ഭവാന്റെ സംഗാലമിതപ്രഭാവ!
പ്രഭാവമില്ലേറെയുരയ്ക്കുവാൻ ത്വൽ
പ്രഭാവലോകാത്ഭുതസംഭ്രമാൽ മേ"
സുഭാഷിതം തെല്ലിതുരച്ചു ശുദ്ധ-
സ്വഭാവയാമായവളങ്ങടങ്ങി
അമാനുഷശ്രീമഹിമാവെഴുന്നാ-
പ്പുമാൻ കഥിച്ചാനവളോടു പിന്നെ
"സമാര്ജ്ജിതാനന്തതപഃപ്രഭാവേ!
സമാസമായ്നിന്നൊടു തത്വമോതാം.
ധരിക്ക് സാവിത്രി! ശുഭേ! യമൻ ഞാൻ
മരിക്കുമാറായി തവാസുനാഥൻ
ശരിക്കു കർമ്മം മുഴുവൻ കഴിഞ്ഞാ-
ലിരിക്കയില്ലാരുമതോർത്തുകൊൾക
കുമാരനായീടിന സത്യവാനെ
ക്രമാലുടൻ സമ്പ്രതി കൊണ്ടുപോവാൻ
സമാഗമിച്ചേനിവിടത്തിൽ ഞാനീ-
മമാജ്ഞ ലംഘിക്കുകയില്ലൊരാളും"
ഗംഭീരവാക്കിങ്ങിനെ ധര്‍മ്മരാജ-
നഭീഷണാകാരമൊടോതിയപ്പോൾ
അഭീപ്സിതാര്ത്ഥഭിർഗമത്തിനായി-
ട്ടഭീതയാമാശ്ശുഭഗാത്രി ചൊന്നാൾ.
"കരുത്തു കൂടീടിന കിങ്കരന്മാർ
പെരുത്തു പേർ നിൻവശമുണ്ടുപോലും
വരുന്നുപോലായവരിക്രിയയ്ക്കുൾ-
ക്കുരുന്നിൽ ഞാനേവമറിഞ്ഞിരിപ്പു.
യമാമിതപ്രാഭവ! സത്യവാനെ-
ക്രമാനുരൂപം ബത കൊണ്ടുപോവാൻ
സുമാന്യദേവപ്രഭുവാം ഭവാൻതാൻ
സമാഗമിപ്പാൻ പുനരെന്തു ബന്ധം.''
തപോബലം പാരമിയന്ന മദ്ര-
നൃപോത്തമൻതന്മകൾ ചൊന്ന വാക്യം
ഉപോഢസന്തോഷമുടൻ ശ്രവിച്ചു
കൃപോദയം പൂണ്ടു കൃതാന്തനോതി.
"പ്രമത്തഭാവം കലരാതെകണ്ടു
സമസ്തധര്മ്മങ്ങളുമാചരിപ്പാൻ
സമര്‍ത്ഥനാം നിൻപതി സത്യവാൻ കേ-
ളര്മത്ത്യരാലും ബഹുമാന്യനല്ലോ.
അപാപനായ് സൽഗുണനായിടുന്നീ
നൃപാത്മജന്നുത്തമധർമ്മശീലേ!
അപാരസമ്മാനനമേകുവാനായ്
സപാശനായിട്ടിഹ വന്നു ഞാൻതാൻ.
വിവേകവും ഭൂരിശുഭക്രിയാദി-
നിവേശവും പൂണ്ടവർതൻ സമീപേ
വിവേകമില്ലാത്ത ഭടവ്രജത്തിൻ-
പ്രവേശമത്യന്തമയുക്തമല്ലോ.
പടുത്വമോടേവമുരച്ചു ചെന്ന-
ങ്ങടുത്തു സാല്വാത്മജസൂക്ഷ്മദേഹം
മടുത്തിടാതെ കയർകൊണ്ടു കെട്ടീ-
ട്ടെടുത്തതുംകൊണ്ടു തിരിച്ചു കാലൻ.
പരം തദാ പ്രാണസമുൽക്രമത്താൽ
വരാന്റെയാസ്ഥൂലശരീരമേറ്റം
അരമ്യമായത്ര കിടപ്പതന്നാ-
ക്കുരംഗലോലേക്ഷണ കണ്ടു കേണാൾ.
നടന്നു തെക്കാകിയ ദിക്കു നോക്കീ-
ട്ടുടൻ തദാനീം പിതൃലോകനാഥൻ
പടർന്നു ശോകത്തൊടവന്റെ
പിമ്പേ നടന്നു സാവിത്രിയുമസ്തശങ്കം.
തപോബലഞ്ചേരുമവൾക്കു പോവാൻ
തടസ്ഥമൊട്ടും ബത വന്നതില്ല
തപസ്സുകൂടുന്നവനിത്രിലോകീ-
തലത്തിലെന്തോര്ക്കിലസാദ്ധ്യമുള്ളു.
പെരുത്ത ശോകത്തൊടു തന്റെ പിമ്പേ
വരുന്ന സാവിത്രിയോടായ്ത്തദാനീം
ഗുരുത്ത്വമോടിങ്ങിനെ ചൊല്ലിനാനുൾ-
ക്കുരുന്നലിഞ്ഞപ്പിതൃലോകനാഥൻ.
തിരിച്ചുപൊയ്ക്കൊൾകയി! കാര്യസാരം
ധരിക്ക സാവിത്രി! വൃഥാ ശ്രമം തേ
മരിച്ച കാന്തന്റെ പിതൃക്രിയാദി
ര്വരിഷ്ഠകമ്മങ്ങൾ കഴിച്ചു കാൾക.
മനുഷ്യനാരിക്കു മൃതപ്രിയൻ ത-
ന്നനുപ്രയാണം പുനരെത്ര ശക്യം
നിനയ്ക്കുകിൽ സാമ്പ്രതമത്രപോരാ
തനിച്ചു നീ ചെയ്തതു ധര്മ്മശീലേ!
ഇനി ശ്രമം പുണ്ടിഹ പോന്നിടേണ്ടാ
തനിച്ചയേ! നീ തളരുന്നുവല്ലൊ
കനിഞ്ഞിതോതും യമനോടു ചൊന്നാ-
ളനിഷ്ടശാന്തിക്കവളാര്ത്തിയോടേ.
കനിഞ്ഞു കേൾ കാന്തനൊടൊത്തുപോകു-
മെനിക്കിദാനീം ശ്രമമില്ല തെല്ലും
മനസ്സമാധാനകരം പരം -
ജനപ്രഭോ! താവകസംഗവും മേ.
പരോപകാരത്തിനുതന്നെയെന്നും
സ്ഥിരോദ്യമം ചെയ്തമരും മഹാനിൽ
വരുന്ന വിശ്വാസമാഹോ! ജനാനാം
വരുന്നിതോ തങ്കലുമോര്ത്തുകണ്ടാൽ.
അകര്മ്മദോഷങ്ങളുമാത്മശക്ത്യാ
വികര്മ്മദോഷങ്ങളുമങ്ങു പോക്കി
സുകര്മ്മമെങ്ങും ഭുവനേ നടത്താ-
നകന്മഷൻ ഹന്ത! ഭവാൻ സമര്ത്ഥൻ.
പ്രഭാവമേറുന്ന ഭവാൻ ജനാനാം
ശുഭാശുഭം സ്വാത്ഭുതശക്തികൊണ്ടും
പ്രഭാകരാദ്യുത്തമസാക്ഷിവര്ഗ്ഗ-
സുഭാഷിതം കൊണ്ടുമറിഞ്ഞിടുന്നു.
വിവാദഹീനം ഹൃദി പക്ഷപാത-
ലവാണു ചേരാതെ ശുഭാശുഭാനാം
ജവാലെവര്ക്കും ഫലമേകിടുന്ന
ഭവാനുതാൻ ന'ത്സമര്വത്തി'നാമം.
തവാങ്കദേശേ തല വെച്ചു ലോകം
ജവാലുറങ്ങുന്നു ഭയപ്പെടാതേ
അവാദമേവര്ക്കുമിവണ്ണമല്ലോ
ഭവാനിൽ വിശ്വാസമഹോ! മഹാത്മൻ
പിണങ്ങിടാതിങ്ങിഭന സാധുരമ്യ-
ഗുണങ്ങളെല്ലാം ഗുരുഭാവമോടെ
ഇണങ്ങുമങ്ങൊത്തു നടന്നിടുമ്പോൾ
തൃണങ്ങളല്ലോ മമ സങ്കടങ്ങൾ.
കരിച്ചിടും സജ്ജനസംഗമുള്ള-
മെരിച്ചിടും സര്വ്വവിപത്തിനേയും
തിരിച്ചു പാര്ത്താലവരോടുടൻ വേർ-
പിരിച്ചിലാണല്ലലിനുള്ള മൂലം.''
സ്ഫുരിച്ചിടും സൽഗുണശീലമേവം
തിരിച്ചു നന്നായവൾ ചൊല്ലിയപ്പോൾ
മരിച്ചവര്ക്കീശ്വരനായ ദേവൻ
ചിരിച്ചുകൊണ്ടായവളോടുരച്ചു.
"മനോനുകൂലം തവ ഭാഷിതം സ-
ജ്ജനോരുമാഹാത്മ്യമിതെത്ര രമ്യം
കനത്തിടും സാധുതരപ്രസാദം
മനസ്സലിങ്ങുണ്ടയി! നിന്റെ നേരേ.
വരം വരിച്ചീടുക സത്യവാനാം
വരന്റെറയിജ്ജീവനൊഴിച്ചുടൻ നീ
പരം തരുന്നേനതു സാധുശീലേ!
ചിരം ശ്രമിക്കായ്ക തിരിച്ചുപോക.''
നിറഞ്ഞ മോദത്തൊടു ധര്മ്മരാജൻ
പറഞ്ഞ വാക്കിങ്ങിനെ കേട്ട ശേഷം
കുറച്ചു ചിന്തിച്ചു നിജേഷ്ടമെല്ലാ-
മുറച്ചു സാവിത്രിയുരച്ചു മെല്ലെ.
"വിനേത്രനായിച്യുതരാജ്യനായി
വനേ വസിക്കും ശ്വശുരൻ മദീയൻ
സനേത്രനായിട്ടു തവ പ്രസാദാ-
ലനേകനാളിങ്ങിനെ വാണിടേണം.'’
ചെവിക്കു ചേരുംപടി ധര്മ്മരാജൻ
ശ്രവിച്ചു തദ്വാക്യമുടൻ കഥിച്ചു
"അവിഘ്നമബ്ഭൂപതിനേത്രവാനായ്-
ഭവിക്കുമപ്പോൾ തവ വാഞ്ഛപോലെ.
ശ്രമം നിനക്കേറ്റവുമുണ്ടിദാനീ-
മമന്ദമങ്ങോട്ടു തിരിച്ചുപോക''
യമൻ തദാനീമിതുരച്ചശേഷ-
മമംഗളം വിട്ടവൾ ചൊല്ലി മെല്ലെ.
"ഗമിപ്പതെങ്ങൻ പതിയങ്ങെനിക്കും
ഗമിക്കണം സ്ത്രീജനധര്മ്മമേവം
ശമിച്ചിടും ധര്മ്മമെഴുന്നവന്നാ-
ക്രമിച്ചിടും ദുഃഖമശേഷമല്ലോ,
തപസ്സുകൊണ്ടും വ്രതസിദ്ധികൊണ്ടും
തടിച്ചൊരിസ്സൽപതിഭക്തികൊണ്ടും
തവപുരോ! സൽകൃപകൊണ്ടുമിപ്പോൾ
തടസ്ഥമില്ലാതിഹ ഞാൻ വരുന്നേൻ,
കൃതൃതാന്ത! ഭോഭോ ഭഗവൻ! ഭവാനൊ-
ത്തിതാവരുന്നേൻ തടവെന്നിയേ ഞാൻ
വ്രതാദി ധര്‍മ്മങ്ങൾ ചരിക്ക മൂല-
മിതാര്‍ക്കു സാദ്ധ്യം ഭുവി ധര്മ്മമേന്യേ
ധനങ്ങളേയും ദയിതാ സുതാദി
ജനങ്ങളേയും ബതി വിട്ടു തുഷ്ട്യാ
വനങ്ങളിൽ ചെന്നമരുന്നു സാധു-
ജനങ്ങൾ ധര്മ്മത്തിനുതന്നെ വേണ്ടി.
സമാശ്രയിച്ചീടണമത്ര ധര്‍മ്മം
ഭ്രമാലുപേക്ഷിക്കരുതെന്നതിങ്കൽ
പ്രമാണമല്ലോ തവ 'ധർമരാജ'-
സമാഖ്യയും ദേവി മഹാൻഭാര
യമാദിസദ്ധര്മ്മഗണങ്ങൾ നാട്ടിൽ
ക്രമാൽ നടത്തുന്ന വിഭോ! ഭവാനിൽ
യമാഖ്യയും സമ്പ്രതി ധര്‍മ്മരാജ-
സമാഖ്യയും സംഗതമായിടുന്നു.
നിലയ്ക്കൊരുത്തൻ ശുഭമാചരിച്ചാൽ
പലര്ക്കുമുണ്ടാമതിനാൽ മഹാര്ത്ഥം
ഖലര്ക്കുമുണ്ടാം കുശലങ്ങൾ; ധര്‍മ്മ -
ഫലത്തെയാരിന്നഖിലം കഥിപ്പാൻ?
വിവേകമില്ലാതിരുന്ന ലോകം
ജവേന ധർമ്മം പരമാചരിപ്പാൻ
വിവേകമേറുന്ന ഭവാദൃശന്മാർ
ശിവേതരം വിട്ടമരുന്നു ധര്‍മ്മേ.
ധര്‍മ്മം പരം സൽപുരുഷര്ക്കു നർമ്മം
ധര്‍മ്മം പരം വൈദികമായ കർമ്മം
ധര്‍മ്മം പരം ദുഃഖമഹാസ്ത്രവർമ്മം
ധര്‍മ്മം പരം സര്വ്വജനൈകശർമ്മം
ധർമ്മം പരം ശ്രീജഗദീശശർമ്മം
ധർമ്മം വെടിഞ്ഞുള്ളവനെന്തു ചർമ്മം?"
ധർമ്മത്തെയീമട്ടവൾ വാഴ്ത്തിടുമ്പോൾ
ധർമ്മത്തിനീശൻ യമനോതി മോദാൽ.
"മനോനുകൂലം തവ ഭാഷിതം സ-
ജ്ജനോരുസന്തോഷകരം സുശീലേ!
കനത്തിടും സാധുതരപ്രസാദം
മനസ്സിലിങ്ങുണ്ടയി! നിന്റെ നേരേ.
വരം വരിച്ചീടുക സത്യവാനാം
വരന്റെയിജ്ജീവനൊഴിച്ചുടൻ നീ
പരംതരുന്നേനതു സാധുശീലേ!
ചിരം ശ്രമിക്കായ്ക തിരിച്ചുപോക
നിറഞ്ഞ മോദത്തൊടു ധർമ്മരാജൻ
പറഞ്ഞ വാക്കിങ്ങിനെ കേട്ട ശേഷം
കുറച്ചു ചിന്തിച്ചു നിജേഷ്ടമെല്ലാ-
മുറച്ചു സാവിത്രിയുരച്ചു മെല്ലെ.
"പരാക്രമം കൊണ്ടു പരാക്രമം പോ-
യ രാജ്യനായ് തീർന്ന നരാധിനാഥൻ
നിരാകുലം മേശ്വശുരന് ജവത്താൽ
സ്വരാജ്യ സാമ്രാജ്യമണഞ്ഞിടട്ടേ."
ചെവിക്കു ചേരുംപടി ധർമ്മരാജൻ
ശ്രവിച്ചു തദ്വാക്യമുടൻ കഥിച്ച
അവിഘ്നമബ്ഭൂപതിതൻ വശത്തായ്
ഭവിച്ചിടും തന്വി തദീയരാജ്യം.
നിതാന്തദൂരം വഴി നീ നടന്നു
സുതാന്തയായ് ഹന്ത! തിരിച്ചുപോകാ
പ്രതാന്തസന്തുഷ്ടിയോടേവമോതും
കൃതാന്തനോടാക്കൃശഗാത്രി ചൊന്നാൾ.
പരം പ്രജാസംയമനം ഭവാൻതാൻ
നിരന്തരം ചെയ്യുകകാരണത്താൽ
ചിരന്തനം തേ 'യമ'നെന്ന നാമം
സ്ഥിരം പ്രഭോ! സര്വജഗൽപ്രസിദ്ധം
അവാര്യമാകും തവ ശാസനത്തെ-
ജ്ജവാലനുഷ്ഠിക്കണമിജ്ജനങ്ങൾ
വിവാദമില്ലെങ്കിലുമെന്റെ വാക്യം
ഭവാനിതേറെക്കനിവോടു കേൾക്ക.
മനസ്സുകൊണ്ടും തനുകൊണ്ടുമന്യ-
ജനത്തിനേതും ക്ഷതി ചെയ്തിടാതെ
കനത്തകാരുണ്യരസാര്ദ്രനായ് സ-
ജ്ജനങ്ങളേറ്റം വിജയിച്ചിടുന്നു.
സദാ സമസ്തപ്സിതസാധുകാമ-
പ്രദാനമെന്നുള്ള വിശിഷ്ട ധർമ്മം
ഉദാരരാം സൽപുരുഷര്ക്കു നൽ സ-
മ്പ്രദായസിദ്ധം ഗുണമെത്ര ചിത്രം.
മനുഷ്യതിര്യകൃതരുസംഘമെല്ലാ-
മനുഗ്രഹിപ്പാൻ വിധി സജ്ജനത്തെ
അനന്തകല്യാണഗുണങ്ങൾ ചേര്‍ത്തു
മനം തെളിഞ്ഞിങ്ങനെ തീർത്തു നൂനം.
അനുഗ്രഹം മേ മമ വല്ലഭൻത-
ന്നനുപ്രയാണം ദൃഢമെന്നു സിദ്ധം
നിനയ്ക്കുകിൽ ദുർല്ലഭമല്ലിദം സ-
ജ്ജനത്തിൽ മുമ്പാം തവ സന്നിധൌ മേ,
കിമത്ര ചിത്രം? ഭുവി സഞ്ജനങ്ങൾ
നമിപ്പവര്ക്കീപ്സിതമേകുമെങ്കിൽ
അമിത്രവര്ഗ്ഗത്തിനുമീമഹാന്മാർ
ശ്രമിച്ചുമിഷ്ടങ്ങൾ കൊടുത്തിടുന്നു.
ദയാരസാർദ്രാശയരായ് സ്വദേഹം
വ്യയാദിചന്താലവവും പെടാതെ
പ്രിയാര്ത്ഥമന്യര്ക്കു കൊടുക്കുമേറ്റം
പ്രയാസമോടും ഭുവി സജ്ജനങ്ങൾ.''
സ്ഫുരിച്ചിടും സൽഗുണശീലമേവം
തിരിച്ചു നന്നായവൾ ചൊല്ലിയപ്പോൾ
മരിച്ചവര്ക്കീശ്വരനായ ദേവൻ
ചിരിച്ചുകൊണ്ടായവളോടുരച്ചു.
"മനോനുകൂലം തവ ഭാഷിതം സ-
ജ്ജനോരുമാഹാത്മ്യമിതെത്ര സത്യം
മനസ്സിലിങ്ങുൽക്കടമാം പ്രസാദം
കനത്തിടുന്നുണ്ടായി! നിന്റെ നേരെ
വരം വരിച്ചീടുക സത്യവാനാം
വരന്റെയിജ്ജീവനൊഴിച്ചടൻ നീ
പരം തരുന്നേനതു സാധുശീലേ!
ചിരം ശ്രമിക്കായ്ക തിരിച്ചുപോക.''
നിറഞ്ഞ മോദത്തൊടു ധർമ്മരാജൻ
പറഞ്ഞവാക്കിങ്ങിനെ കേട്ടശേഷം
കുറച്ചു ചിന്തിച്ചു നിജേഷ്ടമെല്ലാ-
മുറച്ചു സാവിത്രിയുരച്ചു മെല്ലെ.
"അപുത്രനാമെൻ ജനകന്നു നൂറു-
സുപുത്രരുണ്ടാകണമായവര്ക്കും
സുപുത്രപൌത്രാദികൾ കൈവരേണം
രിപുപ്രബാധാദികൾ വന്നിടാതെ.''
ചെവിക്കു ചേരുംപടി ധർമ്മരാജൻ
ശ്രവിച്ചു തദ്വാക്യമുടൻ കഥിച്ചും
"അവിഘ്നമബ്ഭൂപതി പുത്രവാനായ്
ഭവിച്ചിടും താവകവാഞ്ഛപോലെ.
ശ്രമം നിനക്കേറ്റവുമുണ്ടിദാനീ-
മമന്ദവേഗേന തിരിച്ചുപോക"
യമൻ തദാനീമിതുരച്ച ശേഷ-
മമംഗളം വിട്ടവൾ ചൊല്ലി മെല്ലെ.
"കടന്നുപോയി വഴിയേറ്റമെന്നി-
ല്ലുടൻ നമുക്കെൻ പതി ചേര്‍ന്ന മൂലം
നടന്നുകൊണ്ടാശു ഭവാനിതാ പിൻ-
തുടര്‍ന്നിടും മഹന്മാഴി കേട്ടുകൊൾക.
പ്രിയന്റെ സാന്നീദ്ധ്യവശാലെനിയ്ക്കു
ഭയം തരിമ്പില്ല തളർച്ചയില്ല
സ്വയം ഭവാൻ കാക്കുമെനിക്കു ഭദ്രോ-
ദയം ഭവിക്കാതെയിരിക്കയില്ല.
ജവാൽ പ്രബോധാദി ഗുണം സ്വസംഗാ-
ലവാദമേവര്ക്കുമണച്ചിടുന്ന
ദിവാകരൻതൻ സുതനാകമൂലം
ഭവാനു 'വൈവസ്വത'നെന്നു നാമം
സദാപി സാവത്രി തുടങ്ങിടും ന-
ല്ലുദാരമന്ത്രങ്ങൾ ജപിച്ചു ഭക്ത്യാ
നിദാനവും ബ്രാഹ്മണർ നിൻപിതാവിൻ
പദാംബുജം ഹന്ത! ഭജിച്ചിടുന്നു.
ത്വദീയസേവയ്ക്കിടവന്ന മൂലം
മദീയമായുള്ള മനസ്സിലിപ്പോൾ
സുദീർഘഘോരാര്ത്തികളൊന്നുമേല്ക്കാ-
തദീനഭാവം കലരുന്നു പാരം.
മനസ്സിനേറ്റം ഗുണമുള്ളവങ്കൽ
ജനങ്ങൾ വിശ്വാസമണഞ്ഞിടുന്നു
നിനച്ചുകണ്ടാലതുകൊണ്ടു താൻ സ-
ജ്ജനത്തിൽ വിശ്വാസമെവര്ക്കുമുള്ളിൽ.''
നൃപാത്മജാവാക്യമിതത്ര കേട്ടു
കൃപാലുവായിസ്സമവര്ത്തി ചൊന്നാൻ
"അപാപശീലേ! മമ താവകോക്തി
പിപാസിതന്നാസ്സുധയെന്ന പോലെ.
വരം വരിച്ചീടുക സത്യവാനാം
വരന്റെയിജ്ജീവാനാഴിച്ചുടൻ നീ
പരം തരുന്നേനതു ധര്മ്മശീലേ!
ചിരം ശ്രമിയ്ക്കായ്മ തിരിച്ചുപോക.''
കനിഞ്ഞിവണ്ണം യമനോതിയപ്പോ-
ളനിഷ്ടശാന്തിയ്ക്കുവളോര്ത്തു ചൊന്നാൾ
“എനിക്കു മീമൽപതിസത്യവാനും
ജനിച്ചിടേണം ശതമാത്മജന്മാർ.
ബലം യശസ്സുത്തമമായ ധർമ്മം
ഛലം വെടിഞ്ഞിശ്ശുഭസൽഗുണങ്ങൾ
അലം ഭവിച്ചീടണമായവര്ക്കി-
ക്കുലം പുലർത്താൻ വിരുതും വരേണം.''
വണക്കമേറുന്നവളോടു പിന്നെ-
പ്പിക്കണമെന്യേ പിതൃനാഥനോതി
'നിണക്കുമീ നിൻ കണവന്നുമുണ്ടാ-
മിണക്കമേറും ശതമാത്മജന്മാർ.
അമന്ദമാം മുത്തവരേകിടം തേ
ശ്രമം വൃഥാ വേണ്ട തിരിച്ചുപോക'
യമൻ തദാനീമിതുചൊല്ലിയപ്പോ-
ളമംഗളം വിട്ടവൾ ചൊല്ലി മെല്ലെ.
'സ്വഭാവസംസിദ്ധഗുണങ്ങളും വ-
മ്പ്രഭാവവും കൂടിയ സജ്ജനങ്ങൾ
ശുഭാര്ത്ഥമേകീട്ടഴലാമിരുട്ടി-
ന്നഭാവവെങ്ങും വെളിവാക്കിടുന്നു.
ശിവാശയം തേടിയ സജ്ജനങ്ങൾ-
ക്കവാപ്യമല്ലാത്തൊരു വസ്തുവില്ല
ദിവാകരൻതന്നെയുമാ മഹാന്മാർ
ജവാൽ നയിക്കുന്നു നിജപ്രഭാവാൽ.
ഒരിക്കലും താഴ്ച വരാതെ സര്‍വ്വം
ധരിച്ചു വാഴുന്ന ധരിത്രിയേയും
സ്ഫുരിച്ചിടും ഭൂരിതപോബലത്താൽ
ധരിച്ചുകൊള്ളുന്നിതു സജ്ജനങ്ങൾ.
അയമത്യത്ഭുതമാശുകാല-
ത്രയത്തെയും തങ്ങടെ കീഴിലാക്കി
ജയത്തൊടേറ്റം വിലസുന്നു സര്‍വ്വ-
ഭയത്തെയും തീര്ത്തിഹ സജ്ജനങ്ങൾ.
വിവാദമില്ലാതിഹ സജ്ജനത്താൽ
ദിവാനിശം സേവിതപാദനായി
അവിര്യതേജേനിധിയായ്വിളങ്ങും
ഭവാന്റെ പാദാംബുജമാശ്രയം മേ.'
ക്രമം കലര്ന്നായവളിപ്രകാരം
സുമംഗളം ഭാഷിതമോതിയപ്പോൾ
അമന്ദതോഷാലഖിലം മറന്നു
യമൻ മനസ്സേറ്റമലിഞ്ഞു ചൊന്നാൻ.
'ധരിക്ക നിന്നിൽ ബഹുഭക്തിഭാരം
ധരിച്ചിടുന്നേൻ തവ സൽഗുണത്താൽ
വരിഷ്ടയാം നീ വരമിച്ഛപോലെ
വരിച്ചുകൊൾകായതു ഞാൻ തരുന്നേൻ.'
ഇതിപ്രഭാവം കലരുന്ന ദേവ-
നതിപ്രസാദത്തോടുരച്ച ശേഷം
മതിപ്രമോദത്തൊടു മദ്രഭൂമീ-
പതിപ്രധാനപ്രിയപുത്രി ചൊന്നാൾ.
"തിരിച്ചു നല്ലെൻപതിജീവിതം നീ
വരിച്ചിടുന്നേനിതുതാനിദാനീം
മരിച്ചു മദ്വല്ലഭനെന്നുവെച്ചാൽ
മരിച്ചു ഞാനും, ഹൃദി തര്‍ക്കമില്ല.
ഇഹാദരിച്ചീവരമേകിയപ്പോൾ
മഹാമതേ! മുമ്പിലതെന്നപോലെ
സഹാസമങ്ങൊന്നുമൊഴിച്ചതില്ലി-
സ്സഹായമോര്ത്തൊന്നിതുതാൻ വരിച്ചേൻ.
വേണ്ടാ നമുക്കു സുഖമിപ്പതിയായ്പിരിഞ്ഞാൽ
വേണ്ടാ നമുക്കു ധനമിപ്പതിയായ്പിരിഞ്ഞാൽ
വേണ്ടാ നമുക്കു സുരലോകവുമത്ര പോരാ
വേണ്ടാ നമുക്കസുവുമിപ്പതിയായ്പിരിഞ്ഞാൽ
സ്വൈരം കേൾക്കുക സത്യവാന്റെ ശുഭബീ-
ജം കൊണ്ടെനിക്കാത്മജ-
ന്മാരങ്ങമ്പതൊടൊത്തൊരമ്പതുളവായ്
വന്നീടുമെന്നീവിധം
പാരം പ്രീതിയൊടങ്ങു നല്കിയ വരം
ഭോഷ്ക്കാകയില്ലെന്നു ന-
ത്സാരം കണ്ടു വരിച്ചു ഞാൻ മമ പതി-
പ്രാണപ്രദാനം പ്രഭോ!'
ക്ലേശം തീര്ന്നവളിപ്രകാരമുര ചെ യ-
യുമ്പോൾ പരേതാധിപൻ
പാശം ശീഘ്രമഴിച്ചു സാല്ല്വധരണീ-
പാലാത്മജപ്രാണനെ
ലേശം താമസമെന്നിയേ 'സുമുഖി! നീ
സാവിത്രി! വാങ്ങിക്കുക-
ന്നാശംകാരഹിതം കൊടുത്തുടനെ താൻ
ചൊന്നാൻ പ്രസന്നാശയൻ
ഇങ്ങിനെ സാവിത്രീമഹാത്മ്യമെന്ന കാവ്യത്തിൽ
എട്ടാം സര്‍ഗ്ഗം കഴിഞ്ഞു
ഒമ്പതാം സർഗ്ഗം
'രാഗം കലർന്ന പതിജീവിതവും ഗ്രഹിച്ചു
വേഗം ഗമിക്കുക നിനക്കിതു ശക്തമാകും
ആഗന്തുവും നിജവുമായ്പല മട്ടിലുള്ള
രോഗങ്ങളൊന്നുമിനി നിൻ കണവന്നുദിക്കാ
തര്ഷംവിനാ സുരവരര്ക്കധികം പ്രസാദോൽ-
ക്കര്‍ഷം കൊടുക്കുമിവനധ്വരസഞ്ചയത്താൽ
ഹര്‍ഷം കലര്ന്നുലകുകാത്തഥ നാലു നൂറു
വര്‍ഷം ശുഭേ! ഭവതിയോടൊരുമിച്ചിരിക്കും.
സത്യം, സ്വധർമ്മ, മതിശക്തി, യശസ്സിതെല്ലാം
നിത്യം കലർന്നു വിലസീടിന സത്യവാൻതാൻ
പ്രത്യംഗഭംഗിയൊടു പുത്രശതത്തെ നിന്നി-
ലത്യന്തമംഗളമിയന്നുളവാക്കുമാര്യേ
വമ്പറുമത്തനയരാത്മകലം ഭരിക്കും
നിമ്പേരുകോണ്ടു പുകഴും ഭംവനത്രയത്തിൽ
മുമ്പേ കയര്ത്തരികളായവരേ വണങ്ങി-
പ്പിമ്പേ നടക്കുമഥ സേവകരെന്നപോലേ.
കൊണ്ടാടിടുമ്പടി തവ ശ്വശുരന്നിദാനീ-
മുണ്ടായിവന്നു നയനത്തിനു കാഴ്ചയേറ്റം
തണ്ടാര്‍ന്ന വൈരിഹതനായിനി രണ്ടു നാളു
കൊണ്ടായവന്നു നിജഭൂമി വശത്തിലാകം.
നിന്നച്ഛനുത്തമഗുണങ്ങളിണങ്ങിടുന്ന
നിന്നമ്മയിൽ സുതശതം പുനരുത്ഭവിക്കും
ഖിന്നത്വമറ്റവരുമാത്മകുലം ഭരിക്കും
സന്നദ്ധരായ സപദി മന്നഖിലം ജയിക്കും
എന്നാലിനിസ്സുമുഖി! നീ പതിജീവിതംകൊ-
ണ്ടിന്നാശു പോക തവ മംഗളമാം സമസ്തം'
എന്നാദരേണ തൊഴുമായവളോടുരച്ചു
വന്നാവഴിക്കു നടകൊണ്ടു പരേതരാജൻ.
സാവിത്രി തന്റെ പതിജീവിതവും ഗ്രഹിച്ചാ-
രാവിൽത്തിരിച്ചഥ നടന്നു ഭയപ്പെടാതെ
ആവിർമ്മുദാ സ്വപതിതന്റെ ശവം കിടക്കും
ഭൂവിരുത്തെളിഞ്ഞുടനണഞ്ഞഴകോടിരുന്നു.
തൻകാന്തശീർഷമുടനേ മടിതന്നിൽ വെച്ചു-
ശങ്കാവിഹീനമവൾ ജീവനെയങ്ങയച്ചു
അശേ കിടന്നവനുറങ്ങിയുണർന്നപോലെ
പങ്കേരുഹപ്രതിമനേത്രയുഗം മിഴിച്ചു.
തന്നാശയേ നിശയണഞ്ഞതറിഞ്ഞു പിന്നെ-
ച്ചൊന്നാനുടൻ സുമതി സാല്വമഹീന്ദ്രപുത്രൻ
'നിന്നങ്കസീമനി കിടന്നു നിരന്തരായ-
മിന്നംബുജാക്ഷി! ചിരകാലമുറങ്ങിനേൻ ഞാൻ
അല്ലാ! നിശാസമയമായിതിരുട്ടു പാര-
മെല്ലാടവും തിമിരകേശി! നിറഞ്ഞുവല്ലോ
വല്ലാതെയുള്ള മമ നിദ്രകളഞ്ഞിടായ്വാൻ
നല്ലാർമണേ! പറകയിപ്പൊഴുതെന്തു ബന്ധം?
എന്നെപ്പിടിച്ചു കയർകൊണ്ടു വരിഞ്ഞുകെട്ടി-
പിന്നെജ്ജവത്തോടു വലിച്ച പുമാൻ ഘനാഭൻ
കന്നൽക്കരിങ്കുഴലി പാര്ക്കുകിലാരിതൊട്ടും
ഖിന്നത്വമെന്നിയെ കഥിക്കണമെന്നൊടിപ്പോൾ
ആവിര്‍ഭവിച്ച ശമനന്റെ മഹാപ്രസാദാൽ
ജീവിച്ച കാന്തനുടെ വാങ്ങ്മധു കാതിനാലേ
സേവിച്ചനേരമുളവായ രസത്തിൽ മുങ്ങി-
സ്സാവിത്രി പുഞ്ചിരി കലര്‍ന്നു പറഞ്ഞു മെല്ലെ.
'വാടിത്തളർന്നു ബത! ദീർഘതപൂണ്ട നിദ്ര
തേടിബ്ഭവാൻ പുനരഹോ! തെളിവോടുണര്ന്നു
പേടിച്ചിടേണ്ട ഗതനായ് സ്വയമസ്സുരേശൻ
മോദിപ്പൊടും ഗുണമെഴും ഭഗവാൻ കൃതാന്തൻ.
എല്ലാവിശേഷവുമിനിബ്ബഹുവിസ്തരിച്ചു-
ചൊല്ലാമടുത്തദിവസം തവ വാഞ്ഛപോലെ
ഉല്ലാഘഭാവമധുനാ തവ വന്നുവെന്നാ-
ലുല്ലാസമാര്ന്നുരുജവാലെഴുനേറ്റുകൊൾക.
ഘോരം തമോനിബിഡമായ നീശീഥമായി-
ന്നേരം ഭവാന്റെ വരമൊന്നു നിനച്ചുതന്നെ
പാരം വിഷാദമൊടു സാമ്പ്രതമച്ഛനമ്മ-
മാരങ്ങുവാണധികമായുഴലുന്നു നൂനം.
കേൾക്കുന്നു കാട്ടുമൃഗസഞ്ചയമോടിടുമ്പോൾ
ചീര്‍ക്കുന്ന പര്ണ്ണരവമീവിപിനത്തിലെല്ലാം
ആര്ക്കുന്നരക്കരുടെ രൂക്ഷനിനാദമേറ്റം
മൂക്കുന്നു സമ്പ്രതി ഭയങ്കരമായ്ക്രമേണ.
സന്മംഗളങ്ങൾ സകലം കലരും ഭവാനു
നന്മട്ടിലാത്മബലമിപ്പൊളണഞ്ഞുവെന്നാല്
ഇമ്മട്ടു ഘോരതരമാമിവിടം വെടിഞ്ഞി-
ട്ടമ്മയ്ക്കുമച്ഛനുമെഴുന്നഴൽ പോക്കിടണം.'
ആടും ഹൃദാ സമുചിതക്രിയ പാര്‍ത്തു കൊണ്ടോ-
തീടുന്ന മദ്രുപതിനന്ദിനിയോടു ചൊന്നാൻ
കൂടുന്ന സൽഗുരുജനാമിതഭക്തിസാരം
തേടുന്ന സാല്വധരണീവലവൈരിപുത്രൻ,
എന്തിപ്പൊളെന്റെ ജനകന്നറെയവസ്ഥയോര്ത്താൽ
ചിന്തിക്ക് വയ്യ ശിവനേ! ബഹുകഷ്ടമയ്യോ!
അന്തിക്കുമായവിടെ ഞാനണയായ്കമൂലം
വെന്തിച്ഛവിട്ടു ബത! മൽഗുരു ഭസ്മമാമോ.
ക്ഷീണാതിരേകമൊടു വൃദ്ധത പൂണ്ടു കണ്ണു
കാണാതെ മജ്ജനനിയൊത്തു നിജാശ്രമത്തിൽ
വാണാധിമൂലമുഴലും ജനകന്നു ഞാൻതാ-
നാണാശ്രയം സതതമന്യനൊരുത്തനില്ല
പേറും മഹാപ്രണയഭാരമെഴും പിതാവി-
ന്നേറും മഹത്വമഹിശായിപദത്തിനേക്കാൾ
കൂറുള്ള തന്റെ ജനനിക്കു ധരിത്രിയേക്കാ-
ളേറും മഹത്വമിതി സജ്ജനമോതിടുന്നു.
ജാതാദരം തനുസുഖാര്യഗുണാദി നൽകും
മാതാപിതാക്കളുടെ വങ്കടമൊന്നു വീട്ടാൻ
സ്ഫീതാഭമത്ഭുതഗുണങ്ങളിണങ്ങിടുന്ന
പീതാംബരൻതിരുവടിക്കുമശക്യമോർത്താൽ.
മാഴ്കും മനസ്സൊടു പിതാക്കൾ സമിൽകുശാര്ത്ഥം
പോകുമ്പോളെന്നൊടഥ നിത്യവുമോതുമേവം
ആകുന്നവേഗമൊടു പുത്രക! വന്നിടേണം
വൈകുന്നതിന്നിടവരുത്തരുതൊട്ടുമേ നീ.
നീയേ നമുക്കു ഭഗവാൻ വിധി തന്ന വിത്തം
നീയേ നമുക്കു കുലതന്തു നിനച്ചിടുമ്പോൾ
നീയേ നമുക്കുടയ ജീവിതമാര്യശീല!
നിയേ നമുക്കു ശരണം പുനരൊന്നുമില്ലേ.
നീ കാനനത്തിനു ഗമിക്കുകിലിങ്ങു ചിന്താ-
ശോകാതിരേകമളവറ്റുളവായിടുന്നു
ചാകാതിരിപ്പതിനുമുണ്ടു ഞെരുക്കമൊട്ടും
വൈകാതെകണ്ടിഹ തിരിച്ചു വരേണമുണ്ണി!
ഭദ്രാശരാകുമവർതന്മൊഴിയെങ്ങു ദീർഘ
നിദ്രാബലപ്രഭവദോഷമിതെങ്ങു പാര്‍ത്താൽ
രുദ്രാക്ഷിവഹ്നിസമമാമഴൽ കൊണ്ടു വെന്തു
മദ്രാധിരാജ തനയേ! തകരുന്നു ചിത്തം.
ഏവം മദീയവിരഹാര്ത്തി സഹിച്ചിടാഞ്ഞു
ജീവൻ ത്യജിച്ച പരമെന്റെ പിതാക്കളെങ്കിൽ
ജീവൻ ത്യജിച്ചിടുമുടൻ തരളാക്ഷി! ഞാനും
ദൈവം സഹായമിനിയിങ്ങഖിലത്തിനും മേ.
ലേശം വിളംബമണയാതിനിയിപ്പോളേതാ-
നാശങ്ക വിട്ടു പിതൃമാതൃപദാന്തികത്തിൽ
ക്ലേശം സഹിച്ചുമുടനെത്തണമായതിന്നാ-
യാശംസനീയ സുകൃതേ! തുണചെയ്ക നീ മേ.’
സാവിത്രിയോടിതു പറഞ്ഞു കരഞ്ഞു ധൈര്യം
കൈവിട്ടു സാല്വതനയൻ ഗുരുഭക്തിശാലി
ആവിര്ഭവപരമധൈര്യമിയന്നു മദ്ര-
ഭൂവിന്നധീശനുടെ പുത്രി തദാ കഥിച്ചാൾ.
'മാനം വെടിഞ്ഞ തപസാ മഹനീയ ദിവ്യ-
ജ്ഞാനം കലര്‍ന്ന മുനിമാർ തുണയായിരിക്കെ
നൂനം വിപത്തിതു വരില്ല ഭവൽപിതാക്കൾ-
ക്കാനന്ദമാര്ന്നിടുക, വേണ്ട വിഷാദമൊട്ടും.
എന്നാകിലും ഝടിതി പോകണമിപ്പൊളേതാ-
നെന്നാകിലായതിനുമില്ലൊരു വിഘ്നലേശം
ഒന്നായ്പിടിച്ചു വളരുന്നിതു കാട്ടുതീയ്യു
നന്നായ്വനത്തിൽ വിലസും വഴി കാട്ടിടുന്നു,
മംഗള്യഗാത്രിയവളേവമുരച്ചു പിന്നെ-
ബ്ഭൃംഗപ്രകാശരുചിവേണികൾ ചേർത്തു കെട്ടി
ഭംഗംവരാതെ പതിതന്റെ പരിശ്രമം പൂ-
ണ്ടംഗങ്ങളാസകലവും മൃദുവായ് തലോടി.
ഭത്താവുതന്റെ തനു തൻതനുവോടു ചേര്‍ത്തി-
ട്ടുത്ഥാപനം സപദി ചെയ്തു ഭുജങ്ങളാലേ
അത്തൽപ്പെടുന്ന പതിയെപ്പരിചോടു താങ്ങി
മത്തദ്വിപേന്ദ്രനടയാൾ നടകൊണ്ടു മന്ദം.
"അല്ലാ മറന്നിതു സമിൽകുശപുഷ്പഭാണ്ഡ-
മെല്ലാമഹം സുമുഖി! ചൊൽകതു നഷ്ടമാമോ?"
ഇല്ലായതൊക്കെയുമെടുത്തഥ കെട്ടിയിട്ടു-
ണ്ടുല്ലാസമോടൊരു മഹീരുഹശാഖതന്നിൽ.
ഈടാര്‍ന്ന മൂര്ച്ചകലരുന്ന ഭവാന്റെ നല്ല
കോടാലിയെൻ ചുമലിലുണ്ടു കിടപ്പതിപ്പോൾ'
വാടാതെകണ്ടവർ പരസ്പരമേവമോതി-
കൂടായതിങ്കൽ വഴിപാര്‍ത്തു വിടാതെ പോയാർ.
തെല്ലാശു പിന്നെയവരങ്ങു നടന്ന ശേഷ-
മുല്ലാഘഭാവമൊടു രാജസുതൻ പറഞ്ഞു
"വല്ലാതെ വന്ന മമ ദേഹജമാം വികാര-
മെല്ലാം മൊഴിഞ്ഞു ഹൃദയം തെളിയുന്നു പാരം.
ആകെത്തളര്ന്നധികമാധിയിൽ മുങ്ങുമെന്റെ
ശോകത്തെ നീക്കിയിഹ നീ വിലസുന്ന പോലെ
ലോകത്തിലുള്ളിരുളൊഴിച്ചിത ചന്ദ്രലേഖ
പാകപ്രമാഥിയുടെദിക്കിൽ വിളങ്ങിടുന്നു.
പോകുന്നു നമ്മുടയ ദിഗ്ഭ്രമമീ വനത്തിൽ
തൂകുന്നു നൽക്കുളിർനിലാവു കലാധിനാഥൻ
ഹേ കുന്ദകുടു്മളരദേ! തവ ശങ്ക വേണ്ടാ
പോകുന്നൊരീ വഴി ധരിക്ക, പിഴച്ചതല്ല.
ചോര്‍ന്ന മാതൃപിതൃപാദസരോജയുഗ്മം
കാണാനെനിക്കധികമായ്ക്കലരുന്നു കാമം
ഏണാക്ഷി! വേഗമൊടു ഞാൻ തനിയേ നടപ്പൻ
ക്ഷീണാദിദോഷമഖിലം മമ നഷ്ടമായി.'
ഉണ്ടായ കൌതുകരസത്തൊടിവണ്ണമോതി-
കൊണ്ടാശു സാല്വധരണീതലനാഥപുത്രൻ
വണ്ടാറണിക്കുഴലിയാം പ്രിയയോടുകൂടി-
ക്കൊണ്ടാടി വേഗമൊടു പോയ്ഗുരുഭക്തിശാലി
ചൊല്പൊങ്ങുമശ്വപതി ഭൂപതിനന്ദിനിക്കാ-
യെപ്പോൾ കൊടുത്തു വരമബ്ഭഗവാൻ കൃതാന്തൻ
കെല്പാടു സാല്വനൃപനേത്രയുഗത്തിനുണ്ടാ-
യപ്പോളഹോ! കറകളഞ്ഞൊരു കാഴ്ച നന്നായ്.
ഹന്തോഗ്രമാം നയനദോഷമൊഴിഞ്ഞ നേരം
സന്തോഷമായി പരമെങ്കിലുമക്ഷിതീശൻ
എന്തോ സുതന്റെ വരവിന്നൊരമാന്തമെന്ന
ചിന്തോരുതാപവിവശീകൃതനായ് ഭവിച്ചൂ.
കുന്നിച്ച സംഭ്രമവശാലഥ ശൈബ്യയോടു-
മൊന്നിച്ചു മാദ്രിയെയുമാത്മതനൂജനേയും
നന്നായ്നൃപൻ തിരയുവാൻ ഘനമാം വനത്തി-
ലന്നത്തമിസ്രയിലുഴന്നു നടന്നു കേണു.
ഭൂവിന്നധീശ്വരനവൻ വിപിനത്തിലന്നാ-
രാവിൽ കുറച്ചൊരു രവം ബത! കേട്ടുവെന്നാൽ
സാവിത്രിയൊത്തിഹ വരുന്നിതു സത്യവാനെ-
ന്നാവിർഭവൽ കുതുകമോടുരചെയ്തടുക്കും.
അങ്ങിഷ്ടനായ സുതനെബ്ബത! കണ്ടിടാഞ്ഞു
മങ്ങിപ്പരുങ്ങിയുടനന്യധരാതലത്തിൽ
തിങ്ങും ജവാലണയുമിത്തരമാ വനത്തി-
ലെങ്ങും ഭ്രമിച്ചു നൃവരൻ പരമാര്ത്തനായി.
കാലാകെ മുള്ളുകൾ തറച്ചധികം മുറിഞ്ഞു
മാലാര്‍ന്നു പാരമവരെങ്കിലുമായതൊന്നും
സ്ഥൂലാധിമൂലമറിയാതെ സുതന്റെ സാധു-
ശീലാദി ഭൂരിഗുണമോര്ത്തഥ പിച്ചതേടീ.
പാരം ശുചാ വലിയ പിച്ചു പിടിച്ചമട്ട-
ന്നേരം ഭ്രമിക്കുമവരെ ദ്വിജപുംഗവന്മാർ
സ്വൈരം നിജാശ്രമപദത്തിലണച്ചിരുത്തി-
സാരം കലർന്ന പരിസാന്ത്വനവാക്യമോതി.
ജ്ഞാനാതിരേകമെഴുമമ്മുനിപുംഗവന്മാർ
ദീനാശയം കലരുമായവരോടു മെല്ലെ
പീനാര്ത്തി തീർത്തു കളവാൻ പല പൂര്വ്വജാത-
നാനാമഹീപതികൾതൻ ചരിതം കഥിച്ചു.
തെല്ലാശ്വസിച്ചവരിരുന്നഥ പിന്നെയും തൻ
ചൊല്ലാര്‍ന്ന പുത്രനുടെ സൽഗുണമോര്ത്തു താപാല്‍
വല്ലാതെകണ്ടു കരയും സമയേ സുവര്‍ച്ച-
സ്സുല്ലാസമോടിതു പറഞ്ഞു മഹാതപസ്വീ
'യമനിയമമുഖാംഗം സര്വ്വമൊക്കും തപസ്സും
ശമദമവുണങ്ങീടുന്ന സാവിത്രിതന്റെ
വിമലഗുണഗണാൽ നിമ്പുത്രനാം സത്യവാനാ-
യമനുടെ പുരിതന്നിൽ പൂകിലും ചാകയില്ല.'
ഭൂതഭാവ്യഖിലലോകവൃത്തവും
സ്ഫീതമാം നിജ തപോബലത്തിനാൽ
വീതശങ്കമറിയും മുനീശ്വരൻ
ഗൌതമൻ തദനു ചൊല്ലി മെല്ലവേ.
"ഈ വിശ്വമെല്ലാമെന്നുള്ളിലാവിർഭൂതം സദാസ്ഫുടം
സാവിത്രീസാധുമാഹാത്മ്യാൽ ജീവിക്കുന്നുണ്ടു സത്യവാൻ.'
അതിമഹിതതപോവ്രതപ്രഭാവ-
ലതിരുകവിഞ്ഞറിവുള്ള ഗൌതമാഖ്യൻ
ഇതി ശുഭവചനം പറഞ്ഞ ശേഷം
മതിബലമുള്ള തദീയ ശിഷ്യനോതീ
'പൊരുളിനെയനുവര്ത്തിക്കും
പുരുഗുണമുള്ളാര്യലോകവാകുങ്ങൾ
പൊരുളനുവര്ത്തിച്ചിടുമെൻ
ഗുരുവചനങ്ങളെസ്സദാ നൂനം.
കഷ്ടിച്ചു മൽഗുരുവരൻ കളി, പൂണ്ടു തന്റെ
ദൃഷ്ടിക്കെഴും കടയിളക്കുകിലാ പ്രഭാവാൽ
പുഷ്ടിപ്പെടുമ്പടി ഭവിച്ചിടുമിജ്ജഗത്തിൽ
സൃഷ്ടിസ്ഥിതിപ്രളയസിദ്ധികളിച്ഛപോലെ
ഈവിധമുഗ്രതപോവ്രതം
മാവിതനാം മൽഗുരൂത്തമൻ ഭഗവാൻ
ആവിലമറ്റോതിയപടി
ജീവിക്കുന്നുള്ള സത്യവാൻ ആകാംക
പോഷം പെടുന്ന നരനാഥവിഷാദഭാരം
ശേഷം നിവാ മുഴുവനും കളവാൻ തദാനീം
ദോഷം വെടിഞ്ഞ മൊഴി മാമുനിമണ്ഡലം സ-
ന്തോഷം കലര്‍ന്നു കനിവാര്‍ന്നു കഥിച്ചു മന്ദം.
'ആരോഗ്യാദി സുഖത്തെയും ദൃഢമവൈ-
ധവ്യത്തെയും ചേർത്തിടു-
ന്നോരോ മംഗളലക്ഷണങ്ങൾ മുഴുവൻ
സാവിത്രിതന്മേനിയിൽ
വേരോടൊത്തിളകാതകണ്ടു വിലസു-
ന്നുണ്ടെന്ന നൽക്കാരണത്താൽ
ഘോരോപദ്രവമേൽക്കിലും നൃപ! മരി-
ച്ചീടാ സഖേ! സത്യവാൻ'
ധരക്കീശനോടീവിധം താപസന്മാർ
പരക്കെ പ്രസാദിച്ചുരച്ചോരു ശേഷം
ഭരദ്വാജനാം മാമുനീന്ദ്രൻ പറഞ്ഞാൻ
ശരച്ചന്ദ്രകുന്ദോല്ലസന്മന്ദഹാസൻ.
'സാവിത്രിക്കുടയ തപഃപ്രഭാവമോര്ത്താ-
ലീവിശ്വം മുഴുവനെ കാക്കുമെന്നിരിക്കെ
ഭാവം ചേര്‍ന്നൊരു പതിയായ സത്യവാൻതൻ
ജീവൻ പോകിലുമതു കാക്കുകില്ലയെന്നോ?'
ജനിമൃതിഭയവുമൊഴിക്കും
മുനികുലവരനായിടും ഭരദ്വാജൻ
കനിവൊടിതുരച്ച ശേഷം
സുനിയമധനമുള്ള ദാൽഭ്യമുനി ചൊന്നാൻ,
'ഒന്നുണ്ടായ്വരുമാത്മവല്ലഭനതി-
ക്രൂരത്വമൊക്കും വിപ-
ത്തൊന്നുഗ്രവ്രതമാചരിച്ചതു നശി-
പ്പിച്ചീടണം നിശ്ചയം
എന്നുൾത്താരിൽ നിനച്ചുടൻ മഹിതയാം
സാവിത്രി സര്‍വ്വേന്ദ്രിയം
വെന്നുത്സാഹമൊടാചരിച്ചു നിയമം
നീക്കാതെ ദീർഘവ്രതം.
നന്നായ്വ്രതാചരണപീഡകളാൽ തളര്‍ന്നാ-
ളെന്നാലുമശ്വപതിനന്ദിനി ധൈര്യമോടേ
തൻനാഥനൊത്തനശനവ്രതമോടുകൂടി-
ട്ടിന്നാശു പോയതിനു മൂലമതൊന്നുതന്നെ.
ഇന്നല്ലലറ്റു ഭവദാത്മജജീവലാഭ-
മൊന്നല്ല നൂനമവൾ തൻവ്രതസൽഫലം കേൾ
ത്വന്നേത്രലാഭവുമിതിൻഫലമാണിതെല്ലാ-
മിന്നേരമോര്ത്തഴലകന്നു വസിച്ചുകൊൾക.
നന്മയോടു പരമിങ്ങിനെ ദാൽഭ്യൻ
വന്മഹര്ഷിവരനോതിയ ശേഷം
അംബരംമലതരാശയനാപ-
സ്തംബനാം മുനി തെളിഞ്ഞു പറഞ്ഞു
'പ്രശാന്തിദിക്കിങ്കൽ മൃഗദ്വിജങ്ങ-
ളശാന്തഭാവം കലരാതിദാനീം
സുശാന്ത! ചൊല്ലുന്നു സുസാന്ത്വവാക്യം
പ്രശാന്തമാം തേ തനയാന്തദുഃഖം.'
ധൌമ്യൻ തപോനിധിമഹാമതി സത്സ്വഭാവ-
സൌമ്യൻ മഹർഷി തെളിവോടു പറഞ്ഞു പിന്നെ
'സാമ്യം വെടിഞ്ഞ സുഗുണം ഭവദാത്മജായുര്-
ജ്ജാമ്യം വിഷാദമിതു സര്വ്വമൊഴിച്ചുകൊൾക,
സുദീർഘമായുസ്സുകലർന്ന മര്‍ത്ത്യ-
ക്കുദീര്ണ്ണമാകും ശുഭലക്ഷണൗഘം
ത്വദീയപുത്രന്നു സമസ്തമുണ്ട-
ങ്ങദീനനായ്ത്തന്നെ വസിച്ചുകൊൾക.'
ചൊന്നാലൊക്കെപ്ഫലിക്കും മുനികളുടെവച-
സ്സിത്തരം തത്ര കേട്ടി-
ട്ടൊന്നാശ്വാസം കലര്ന്നാ നൃപതി ദയിതയൊ-
ത്താശ്രമേ വിശ്രമിച്ചാൻ
നന്നായ്പിന്നീടു യാമദ്വയവിഗമവി-
ധൌ സത്യവാനോടുകൂടി-
ച്ചെന്നാസ്സാവിത്രി ഹർഷാകുലമഴകിലകം
പൂകിനാളാശ്രമത്തിൽ.
സാവിത്രീമാഹാത്മ്യമെന്ന കാവ്യത്തിൽ
ഒമ്പതാം സര്‍ഗ്ഗം കഴിഞ്ഞു.
പത്താം സർഗ്ഗം
ശിവമൊടു നിജഭര്ത്താവൊത്ത സാവിത്രിയേക്ക-
ണ്ടവരഖിലമണഞ്ഞാരപ്പൊളാമോദമേറ്റം
ധവളകരനൊടൊക്കും രാത്രിയെക്കണ്ടു ഭംഗ്യാ
വനകുവലയവൃന്ദംപോലെ മാലിന്യമെന്ന്യേ.
സവിനയമുപചാരം സര്‍വ്വവും തത്ര ചെയ്തി-
ട്ടവിടെയവരശേഷം ചേർന്നിരുന്നോരു ശേഷം
സവിധഭുവി വസിക്കും സത്യവാനാടു പിന്നീ-
ടഖികലമിതു ചോദിച്ചീടിനാർ താപസന്മാർ.
'വിറകിനു വിപനത്തിന്നായ്ഗമിച്ചിട്ടഹോ! നീ
തിറമൊടു വരുവാനിന്നിത്ര വൈകിച്ചതെന്തേ?
പറക! നൃപതിസൂനോ! ഞങ്ങളിങ്ങിത്ര നേരം
നിറയുമഴൽസമുദ്രേ മുങ്ങിമുങ്ങിക്കുഴങ്ങി'
ഇതി മുനിജനവാക്യം സത്യവാൻ കേട്ടു ഭക്ത്യാ
നതിസഹിതമുരച്ചാനുത്തരം സത്വരം താൻ
"അതിശുഭമയദിവ്യജ്ഞാനശക്ത്യാ സമസ്തം
മതിയിലറിയുമല്ലോ ഭംഗമെന്യേ ഭവാന്മാർ.
ഗുരുമഹിമഭവാന്മാർക്കേവമുണ്ടെങ്കിലും നി-
ന്തിരുവടികൾനിയോഗിക്കുന്ന മൂലം സമൂലം
ചരിതമിഹ കഥിക്കാം മാതൃതാതാനുവാദാൽ
ത്വരിതമിവളൊടൊത്തക്കാടകത്തിൽ കടന്നേൻ.
അവിടെ വികടവൃക്ഷച്ഛേദജശ്രാന്തികൊണ്ടും
രവികരപരിതാപംകൊണ്ടുമുണ്ടായിവന്നു
വിവിധതരമസഹ്യോപദ്രവം ചേര്‍ത്തു കൊണ്ടുൾ-
ക്കവിയുമഴലൊടത്യന്തോദ്ധതം മൂര്ദ്ധതാപം.
പരമപരവശത്വം പൂണ്ടു മൈവാടി ഞാനുൾ-
ത്തരളതയൊടുറങ്ങിദ്ദീർഘകാലം മയങ്ങി
ചിരതരമതിമാത്രം ഗാത്രമെല്ലാം തളര്ന്നി-
ത്തരമധികമുറങ്ങീട്ടില്ല ഞാൻ മുമ്പിലെങ്ങും.
അറിവിവനിതുമാത്രംതന്നെ മറ്റൊന്നുമില്ലെ-
ന്നറിയണ' മിതിചൊല്ലിസ്സത്യവാനങ്ങടങ്ങീ
ത്വരിതമുടനുരച്ചാൻ തത്ര സാവിത്രിയോട-
ച്ചരിതമഥ കഥിപ്പാൻ ഗൌതമൻ കൌതുകത്താൽ
അനിതരസുലഭസ്ത്രീസൽഗുണം സര്വ്വമൊക്കും
പനിമതിമുഖിയായീടുന്ന സാവിത്രിയപ്പോൾ
കനിവുമയിതപസ്സും പൂണ്ടു ശോഭിച്ചിടുന്നാ-
മുനിയുടെ മൊഴികേട്ടിട്ടിത്തരം തത്വമോതി.
"മരണമണയുമിന്നെൻ കാന്തനെന്നുള്ള തത്വം
സുരമുനിവരനാകും നാരദൻതന്റെ വാക്യാൽ
കരളിലറിവെനിയ്ക്കുണ്ടാകയാലായതോർത്തെൻ
വരനുടെനികടേ ഞാനങ്ങുവാണൻ വനാന്തേ.
സമയമതിലണഞ്ഞിട്ടാര്യനാം ധര്മ്മരാജൻ
പതിയുടെ ജീവൻ കൊണ്ടുതെക്കോട്ടു പോയീ
സുമഹിമകളെഴുന്നാദ്ദേവനെക്കേവലം ഞാ-
നമലനുതികൾ ചൊല്ലിത്തൂര്ണ്ണമേറ്റം സ്തുതിച്ചു
അപരിമിതഗുണങ്ങൾക്കൊത്തരാധാരമാമ-
ത്തപ നതനയദേവൻ തൽക്ഷണേ തുഷ്ടനായി
സപദി വരചതുഷ്ക്കം തന്നു പിന്നെത്തടിക്കും
കൃപയൊടു മമ ഭർത്തൃപ്രാണനെക്കൂടി നല്കീ.
വരജനകനു നേത്രദ്വന്ദ്വവും തന്റെ നാടും
വരയുഗളമെനിക്കും താതനും താഴ്ചയെന്യേ
നരപതിഗുണമെല്ലാം ചേര്‍ന്ന നൂറാത്മജന്മാർ
ചിരതരമസുനാഥായുസ്സു നാനൂറു വര്‍ഷം.
ഇവകളമിതതോഷം തന്നു ധര്മ്മാധിരാജൻ
ഭുവനപതി ഗമിച്ചാൻ തൽപുരിക്കമ്പിനോടേ
ഭവദതിദയകൊണ്ടീ നല്ല കാര്യങ്ങളെല്ലാം
ജവമൊടബലയാം ഞാൻ സാധുസാധിച്ചു നൂനം.'
ക്ഷണദയതിൽ നടന്നിട്ടുള്ള തൻ വൃത്തമേവം
ഘൃണയെഴുമൃഷിവൃന്ദത്തോടു സാവിത്രി ചൊല്ലി
പ്രണരസഭരത്താൽ താപസന്മാർ തദാനീം
ഗുണമെഴുമവളെത്താൻ വാഴ്ത്തിയിത്ഥം വദിച്ചു.
"സുമധുരമൊഴി! ഹേ സാവിത്രി! സാവിത്രിതാൻ നീ
കിമപി ന തവ ലോകേ ദുഷ്ക്കരം പുഷ്ക്കരാക്ഷി!
യമനുടയ മഹത്വം കൂടി നിന്നത്ഭുതശ്രീ-
യമമഹിമ നിനച്ചാൽ തുച്ഛമാണച്ഛശീലേ!.
ഗുണവതി! ജനകൻതൻ നഷ്ടമാം വംശവും തൻ-
കണവനുടയ നഷ്ടപ്രായമാം വംശവും നീ
ഘൃണയൊടതിതപസ്സംസിദ്ധികൊണ്ടുദ്ധരിച്ചാൾ
ഗുണമിഹ ബഹുമാന്യം ജാതിലിംഗാദിയല്ല.
കലുഷരഹിതയാം നിൻ സൽഗുണം സാധു വര്‍ണ്ണി-
ക്കിലുമിതു മതിയാക്കാമെന്നു തോന്നുന്നതില്ല
വലുതിതു തവയോഗപ്രാഭവം ഹന്ത! നാക-
ത്തിലുമൊരുവിധു നിന്നോടൊപ്പമായിപ്പൊളില്ല.'
സുജനസഭയിലേവം വര്‍ണ്ണനം ചെയ്തൃഷീന്ദ്ര-
വ്രജമവരൊടശേഷം യാത്രചൊല്ലിത്തദാനീം
നിജനിജനിലയങ്ങൾക്കായുടൻ പോയി സാല്വ-
പ്രജകളുടയനാഥൻ മങ്ങിടാതങ്ങിരുന്നാൽ.
സുജനമനസി വല്ലാതാര്ത്തിയെച്ചേര്ത്തിടുന്നാ-
രജനിയഥ നശിച്ചു സത്യവന്മൃത്യുപോലെ
"ദ്വിജകുലവദനത്തിൽ സ്വൈരമന്നേരമംഹോ-
വിജയമൊടു വിളങ്ങി തത്ര സാവിത്രി പാരം.
ഗുണമുടയ മഹാന്മാർ ദീർഘയാം നിദ്രയെത്തൽ-
ക്ഷണമകലെ വെടിഞ്ഞാരാധി ബാധിച്ചിടാതേ
പ്രണയരസമെഴും സാവിത്രിതാൻ ചെയ്ത ജീവ-
പ്രണനസമയത്തിൽ സത്യവാനെന്നപോലെ.
ക്ലമമഖിലമൊഴിച്ചുംകൊണ്ടു മന്ദം പ്രഭാതാ-
ഗമശിശിരസമീരൻ തത്ര ലോകത്തിലെത്തി
അമലഗുണമിണങ്ങും സത്യവാനിൽ സമസ്ത-
ശ്രമവുമുടനകത്തി പ്രാണവാതം കണക്കെ.
ഉടനെ തിമിരദോഷം നഷ്ടമായിട്ടു ദൃഷ്ടി-
ക്കുടയ തെളിവുദിച്ചു തത്ര മോദിച്ചു ലോകം
അടവിയതിൽ വസിച്ചീടും ദ്യുമത്സേനനാമം
തടവിയ ഗുണവാനാം മന്നവന്നെന്നപോലെ.
അതനുരവികരത്താൽ പൂര്വ്വയാം സന്ധ്യ താരാ-
മിതസുരുചിരകാന്തിക്കല്ലൽ ചേർത്തുല്ലസിച്ചൂ
ഇതരസകലസാധ്വീശോഭമങ്ങും പ്രകാരം
വ്രതശുഭഗുണരൊത്തീടുന്ന സാവിത്രിപോലെ
പ്രിയപതിയോടുകൂടിത്തത്ര സാവിത്രി സര്‍വ്വാ-
ഭയകരി തരസാ വന്നപ്പൊളുണ്ടായ പോലെ
സ്വയമരുണമയൂഖം പൂണ്ടു നൽപൂര്വ്വസന്ധ്യോ-
ദയവിധിയിലുദിച്ചൂ സദ്വിജൌഘപ്രണാദം.
ശുഭകരസമയത്തിൽ തത്ര ദോഷാകരൻതൻ
പ്രഭയൊടു ഹതമായി രമ്യബിംബപ്രകാശം
രഭസമൊടതിസാധുദ്രോഹിയാം മന്നവൻതൻ
വിഭവമൊടഥ പൂര്ണ്ണായുസ്സുപോകുന്നപോലെ.
ദിനമുഖസമയത്തിൽ തത്ര ലോകത്തിലെല്ലാ-
മിനകിരണസഹസ്രം ചേര്‍ന്നു നന്നായ്പരന്നൂ
സുനയമുടയമര്ത്ത്യന്നിഷ്ടകാലം വരുമ്പോൾ
ധനസുജനസമൂഹം വന്നിണങ്ങുന്നപോലെ.
ഗഗനമണി സഹസ്രം രശ്മിയുള്ളോരു ദേവൻ
ഗഗനമണയുവാനായ് ഭംഗിയോടൊത്തു പൊങ്ങീ
സഗജഹയപദാതിസ്യന്ദനൻ മന്നവൻതൻ
നഗരമണയുവാനായ്ത്തേരിലേറുന്നപോലെ.
ഉദയശിഖരി നാനാരത്നരമ്യാഗ്രഭാഗേ
തദനു നിഖിലഖേടപ്രൌഢനാരൂഢനായീ
സദയമുലകശേഷം കാക്കുവാൻ രത്നപീഠേ
ഹൃദയഗുണമിണങ്ങും ഭൂപനേറുന്നപോലെ.
ഘനരുചിയൊടു പൂര്വ്വക്ഷ്മാധരത്തിൽ ശിരസ്സിൽ
ദിനപതിയുമട ബിംബം ചീര്‍ത്ത ഭംഗ്യാ വിളങ്ങി
സുനയമുടയ ഭൂപന്തന്റെ മൂര്ദ്ധാവിലേറ്റം
കനകമണികിരീടം ചേര്ന്നുമിന്നുന്നപോലെ
അതിരുചിയൊടു പൂര്വ്വക്ഷ്മാധരാഗ്രേ വിളങ്ങും
കതിരവഭഗവാക്കൈവണങ്ങിജ്ജനങ്ങൾ
സ്തുതിവിധികൾ തുടങ്ങി ധര്മ്മപീഠേ വസിക്കും
ക്ഷിതിപനെ വിരുതേറും വന്ദിവൃന്ദം കണക്കെ.
മികവുടയ നൃപൻതൻ നല്ല കാലം കണക്കെ-
പ്പകലവഭഗവാൻതൻകാലമായെന്നമൂലം
അകലുഷശുഭനാനാസ്വസ്വകർമ്മങ്ങൾ ചെയ്വാൻ
സകലജനമൊരുങ്ങീ നാടു നന്നായ്വിളങ്ങീ.
തപനനുടെ, സുമാര്ഗ്ഗം നല്കുമാര്യോദയത്താൽ
സപദി പരിലസിച്ചു ചാരു പാഥോരുഹങ്ങൾ
നൃപതിയുടയ നീതിയ്ക്കൊത്ത മാന്യോദയത്താൽ
അപനയവിമുഖന്മാരുല്ലസിക്കുന്നപോലെ.
തരണിയുടയ ബിംബത്തിങ്കൽനിന്നങ്കുരിക്കും
കരനികരമസംഖ്യം പാരിടത്തിൽ പരന്നൂ
വരഗുണമൊടൊരാര്യൻതന്നിൽനിന്നുത്ഭവിക്കും
നിരവധി കുലപുത്രോൽക്കൃഷ്ടസംഘംകണക്കെ.
യമനിയമധനന്മാരാകുമത്താപസന്മാർ
സമയമതിൽ വിധിച്ചിട്ടുള്ള കര്‍മ്മങ്ങളെല്ലാം
ക്രമമൊടഥ കഴിച്ചിട്ടാര്യനാം സാല്വഭൂമീ-
രമണനുടെ ഗൃഹത്തിൽ പിന്നെയും ചെന്നുചേർന്നൂ.
പുനരവരഖിലം ചേര്‍ന്നിട്ടു സാവിത്രിതൻ നൽ-
ഘനശുഭഗുണമോരോന്നോര്ത്തു വര്‍ണ്ണിച്ചു വാഴ്ത്തി
മനസി മുനിവരന്മാർ പിന്നെയും തൃപ്തിതേടാ-
തനതരതമതാവര്ത്തിച്ചു കീർത്തിച്ചു പാരം.
ഇതരകഥകളെല്ലാം താപസന്മാർ മറന്നാ-
സ്സൂുതനുതിലകമായീടുന്ന സാവിത്രിതന്റെ
വ്രതമഹിമകളെത്താൻ വാഴ്ത്തിനാർ സൽപ്രശംസാ-
മൃതകുതുകികളല്ലോ സര്‍വ്വദാ സജ്ജനങ്ങൾ.
വികൃതികളുടെ വേരാം വൈരിയേക്കൊന്നു മന്നിൽ
തകൃതിയിൽ വിജയാഘോഷങ്ങൾ തോഷാൽ മുഴക്കി
പ്രകൃതികളഥ വന്നാർ സാല്വഭൂപാശ്രമത്തിൽ
സുകൃതിതിലകമാമസ്വാമിയെക്കൊണ്ടുപോവാൻ,
ജവമൊടവിടെയപ്പോൾ സ്വപ്രജാദര്ശനാത്യു-
ത്സവബഹുലരസത്താൽ സാല്വനുല്ലാസമാര്ന്നു
അവരഥ നയനത്തോടൊത്ത തൻനാഥനെക്ക-
ണ്ടവധിയകലുമാനന്ദത്തിനാൽ നൃത്തമാടീ.
സചിവമണിനയത്തിൻ സത്തറിഞ്ഞുള്ള ധീമാ-
നുചിതമരിവധത്തെച്ചെയ്തുവെന്നും പ്രജാനാം
രുചിരകുതുകമിങ്ങുണ്ടെന്നുമാസ്സാല്വഭൂപൻ
സുചിരഗളിതരാജ്യൻ കേട്ടു സന്തുഷ്ടനായീ.
മനസി ബഹുള ഭക്ത്യാ താപസന്മാരെയെല്ലാം
പുനരുടനെ വണങ്ങിസ്സാദരം യാത്ര ചൊല്ലി
സ്വനഗരമണവാനായ് മദ്രജാത്മാസുനാഥാ-
തനയസഹിതനായിബ്ഭൂവരൻ യാത്രയായീ.
അഥസുതയുതനായി സ്വപ്രജാനീതമാകും
രഥമതിലവനീന്ദ്രൻ കേറി കേടറ്റ കാന്ത്യാ
മഥനതരളദുഗ്ദ്ധാംഭോധിഗംഭീരനാദം
വ്യഥയൊടകലുമാറുണ്ടായ്തദാ സൈന്യനാദം,
ക്ഷിതിപമഹിഷിയാകും ശൈബ്യസാവിത്രിയോടൊ-
ത്തതിസുലളിതകാന്ത്യാ നല്ല പല്ലക്കിലേറി
ക്ഷതിവിരഹിതനായിപ്പിന്നെയമ്മന്നവേന്ദ്രൻ
പ്രതിഭയബലമോടൊന്നിച്ചുനന്ദിച്ചു പോയാൻ.
മലകൾ പുഴകൾ നാനാഗ്രാമദേശങ്ങളെന്നീ-
പലതു കടന്നാസ്സാല്വഭൂപൻ സസൈന്യൻ
വലമഥനസമാനൻ തുഷ്ടപുഷ്ടപ്രജൌഘാ-
കുലതരനിജരാഷ്ട്രം ഹൃഷ്ടനായിട്ടണഞ്ഞാൻ
അതുപൊഴുതു നിജേശപ്രാപ്തിയാല് സാല്വരാജ്യം
കുതുകമൊടമലാലങ്കാരഭംഗ്യാ വിളങ്ങീ
ഋതുകുലപതിയാകും ശ്രീവസന്തം വരുമ്പോൾ
പുതുമലർ നിരപുണ്ടീടുന്ന പൂങ്കാവുപോലെ.
ക്ഷതിരഹിതമുഹൂര്ത്തേ രത്നസിംഹാസനത്തിൽ
ക്ഷിതിപതിയെയിരുത്തിപ്പുണ്യതീര്ത്ഥോദകത്താൽ
ശ്രുതിസുഭഗനിനാദത്തോടുകൂടിപ്പുരോധ-
സ്സതിശുഭമഭിഷേകം ചെയ്തു സമ്പ്രീതിയോടേ
അവനിയുടയനാഥൻ ചൊല്കയാൽ നന്മകൂടും
നവരസമതിലൊത്തന്നാട്ടുകാർ കോട്ടമെന്യേ
യുവനരപതിയാക്കിസ്സത്യവാനെസ്സമൃദ്ധൊ-
ത്സവരസമഭിഷേകം ചെയ്തു ചേരുംപ്രകാരം.
ഹരിയൊടുസമനാമമ്മന്ന വൻ ധര്‍മ്മസാരം
പരിചിനൊടു പരത്തിപ്പാരു പാലിച്ചിടുമ്പോൾ
അരിയുടേ ലവലേശം പോലുമില്ലെങ്കിലും നെ-
ല്ലരിധരയിലശേഷം തത്ര ധാരാളമായീ
കടൽ മകൾകളിയാടിക്കൊണ്ടു തുള്ളുന്നമൂലം
കടമൊരുവനുമില്ലെന്നാലുമന്നാട്ടിലപ്പോൾ
ഉടിലനതിമൃദുത്വം പൂണ്ട പൂവേണിമാര്ക്കും
കടമതിസുലഭംതാൻ സൌഖ്യമായിക്കിടപ്പാൻ.
സ്മൃതിയൊടു കുടിയാനും ജന്മി യും തമ്മിലുൾച്ചേര്-
ന്നതിസുഖമൊടു വാട്ടം വിട്ടഹോ! വാഴ്കയാലേ
ക്ഷിതിയിൽ മുഴുവനന്യായങ്ങളില്ലാതെ രാജ-
പ്രതിനിധികളിരുന്നാർ കേവലം പാവപോലെ.
ശമദമമെഴുമുര്വ്വീദേവർതന്നദ്ധ്വരത്താൽ
പ്രമദമധികമുണ്ടായ്വന്നു ദേവേന്ദ്രനുള്ളിൽ
ക്ഷമയിലഖിലമെല്ലാവര്ക്കുമുൾക്കാമ്പിലപ്പോൾ
സമയകൃതസുവര്ഷംകൊണ്ടു ഹര്‍ഷം ഭവിച്ചൂ.
മിളദമിതശുഭത്താൽ നീതി ചേര്ന്നീതിപോയോ-
രളവിലഗമമെല്ലാം വാച്ചുകാച്ചുല്ലസിച്ചൂ
കളമമുഖവിരാജദ്ധന്യധാന്യങ്ങളാൽ വൻ
കള, മറയിവയൊക്കെത്തിങ്ങിയേറ്റം വിളങ്ങീ.
ഉരഗ, മശനി, വൻതീ വെള്ളമിത്യാദിമൂലം
മരണമയമൊരാൾക്കും മന്നിടംതന്നിലില്ല
ചിരപരിഹൃതമായീ ബാലപീഡാദി ദോഷം
പരവശതഗദത്താൽത്തെല്ലുമന്നില്ല ചിത്രം.
ഖലപുരുഷരശേഷം നഷ്ടരായ്വിഷ്ടപത്തിൽ
കുലടയുടയ നാമം കൂടിയന്നോടി ഭീത്യാ
ഉലകിലഖിലജാതിക്കാര്ക്കുമാര്യസ്വധര്മ്മേ
നിലസുദൃഢമുറച്ചൂ പാപമേറ്റം വിറച്ചൂ.
മതിയുടയവസിഷ്ഠപ്രേയസീദേവിയന്നാ-
സ്സതികളുടെ മഹത്വം പാര്‍ത്തു ലജ്ജിക്കകൊണ്ടോ
അതിലഘുതരലക്ഷ്യാ ലക്ഷ്യരൂപം ഗ്രഹിച്ചാ-
ളിതി മനസി വിശങ്കിക്കുന്നു ലോകങ്ങളിന്നും.
കലഹമുലകിലപ്പോൾ സർവ്വവും നഷ്ടമായീ
കുലമതുലഗുണത്താലൊക്കെയും പുഷ്ടമായീ
മലവിരഹിതരാകും മര്‍ത്ത്യരിൽ സര്‍വ്വവിദ്യാ-
കലകളുടെ സമൂഹം പൂര്ണ്ണമായ്വന്നു തൂര്‍ണ്ണം.
കൃതമതിമണിയാകും സാല്വഭൂപചന്ദ്രനാഥൻ
ജിതകരണനുദാരൻ മന്നു കാക്കുന്ന കാലം
സതതമതിഥിദൈവബ്രാഹ്മണാഗ്ന്യാദിപൂജാ-
വ്രതനിയമസമൃദ്ധ്യാ ഹന്ത! സര്‍വ്വം തെളിഞ്ഞൂ.
നിഗമവിടപിവിത്താകുന്ന സാവിത്രിയാമ-
ബ്ഭഗവതിയോടഭേദം പൂണ്ട സാവിത്രിതന്റെ
അഗണിതസുകൃതത്താൽ സാല്വഭൂപാലനേവം
ജഗതി വിജയിയായിക്കൊണ്ടു കൊണ്ടാടി വാണൂ
വിനയമുടയ സാവിത്രിക്കുമസ്സത്യവാനും
തനയശതകമുണ്ടായ്വന്നു പിന്നെ ക്രമത്താൽ
പുനരവരുലകെല്ലാം വിക്രമാൽ കിഴടക്കീ-
ട്ടനവധി ശുഭധര്മ്മം പാരിടത്തിൽപ്പരത്തീ
ഉണ്ടായ്മാളവിതന്നിലശ്വപതിയാം
സാവിത്രിതൻതാതനുൾ-
ക്കൊണ്ടാമോദഭരേണ പുത്രശതകം
സൌഭാഗ്യഭാഗ്യോജ്വലം
പണ്ടാര്‍ക്കും ലഭിയാതയുള്ള മഹിത-
ക്ഷാത്രപ്രഭാവോദയം-
കൊണ്ടാമാന്യർ മഹീതലേ സുദൃഢമായ്
നിര്‍മ്മിച്ചു ധർമ്മം പരം.
ഭാവം ചേരുംപ്രകാരം മഹിതതര-
പതസ്സുള്ള സാവിത്രി നന്നാ-
യേവം തത്ഭർത്തൃതാതോത്തമകുലമമി-
താപത്തിൽനിന്നുദ്ധരിച്ചു
ദൈവം നന്നായ് സഹായിക്കുകിലബലകളാം
നാരിമാര്‍ക്കും സമസ്തം
കൈവന്നീടും മഹാര്ത്ഥം ജഗതി ഖലു നൃണാം
ധര്‍മ്മമേ ശര്മ്മമേകൂ.
ദുര്‍ജ്ജനം ദുരിതദുഃഖദായകം
സജ്ജനം സകലസൌഖ്യദായകം
ഇജ്ജനത്തിനു തരേണമേ ഹരേ!
സജ്ജനത്തൊടു സദാ സമാഗമം.
ഉല്ലാസാൽ ദുർഗ്ഗയെന്നും ദ്രുഹിണഗൃഹിണിയേ-
ന്നും മഹാലക്ഷ്മിയെന്നും
ചൊല്ലാളും കാളിയെന്നും ദ്വിജഗുണകരിയാം
ദേവി സാവിത്രിയെന്നും
കല്യാണാഖ്യാവിശേഷം പലതുമിവയെഴു-
ന്നീശജായേംബ!ദൃഷ്ട്യാ
കല്യാണത്തെപ്പരത്തീടുക പരമതിനാ-
യിട്ടു കുമ്പിട്ടിടുന്നേൻ.
ഇങ്ങിനെ സാവിത്രീമഹാത്മ്യമെന്ന കാവ്യത്തിൽ
പത്താംസർഗ്ഗം കഴിഞ്ഞു.