ഒന്നാം സര്‍ഗ്ഗം
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു.
ശ്രീഭദ്രകാള്യൈ നമഃ
മംഗളം
പൂര്ണ്ണത്രയീപുരവരേ പുകൾപൂണ്ടു പാരം
പൂര്ണ്ണപ്രസാദമരുളും പുരുഷൻ പുരാണൻ
തൂര്‍ണ്ണം മദീയ ഘനപാപമഹാചലത്തെ
ചൂര്ണ്ണങ്ങളാക്കിയകലയ്ക്കു കളഞ്ഞിടട്ടേ.
അഗതനയേ! "പഴയന്നൂർ"
ഭഗവതി! കനിവാര്‍ന്നു നീ കടക്കണ്ണാൽ
വിഗതവിളംബം കൈതൊഴു-
മഗതികൾവരനാകുമെന്നെ നോക്കേണം.
സുരാരിമാർ നടുങ്ങിടും ഖരാട്ടഹാസഭീമയായ്
ഹരാക്ഷിതന്നിൽനിന്നുടൻ നിരാകുലം ജനിച്ച നീ
ചരാചരത്തിനമ്മതാൻ ചിരായ കാളി! പാഹി മാം
സുരാധിരാജവന്ദിതേ! പരാപരസ്വരൂപിണി!
പരം തടിച്ച ദാരുകാസുരന്നു മൃത്യു ചേർത്തുടൻ
നിരന്തരം ജഗത്ത്രയം ചിരം തെളിഞ്ഞു കാക്കുവാൻ
ശരണ്യയായ് "കുരുംബ"മാമരണ്യമാണ്ടെഴും ശിവേ!
വരങ്ങൾ നൽക, കാളി! മേ, കരങ്ങൾ കൂപ്പിടുന്നു ഞാൻ.
ഉടുത്ത ഹസ്തികൃത്തിയും തുടുത്ത ലോചനങ്ങളും
കടുത്ത തീക്ഷ്ണ ഖഡ്ഗവും തടുത്തിടുന്ന ചര്‍മ്മവും
മടുത്തു ബാലചന്ദ്രനിങ്ങടുത്തിടാത്ത ദംഷ്ട്രയൊ-
ത്തെടുത്തിടുന്ന കാളികേ! പടുത്വമോടു പാഹി മാം.
കഥാരംഭം
"ചേരമാൻപെരുമാൾ" ധര്‍മ്മം ചേരുമാറിമ്മഹീതലം
പാരം പാലിച്ചു നാകത്തെ സ്വൈരമിന്ദ്രൻകണക്കിനെ.
അന്നാ നൃപൻ ഗുണം ചേരാനൊന്നാംകാരണമാകയാൽ
നന്നായിങ്ങുളവായ 'ചേരാ'നെന്നാഹ്വയമവന്നഹോ!
നേരായ്പിണങ്ങില്ലാരോടും ചേരാനേറ്റം തുനിഞ്ഞിടും
ആ രാജാവ,തിനാലുണ്ടായ 'ചേരാ'നെന്നവനിങ്ങു പേർ.
ആ രാജാവുദയം പ്രാപിച്ചാരാൽ വാഴുകകാരണാൽ
ഘോരാധര്മ്മമഹാധ്വാന്തം ചേരാതായി മഹീതലേ.
അവനീശനവൻ രണ്ടാംശിവനാം നന്ദിപോലെതാൻ
ശിവഭക്തരിലൊന്നാമൻ ഭുവനേ ഭാഗ്യവാൻ പരം.
പുരുഹൂതാഭതേടുന്നപ്പെരുമാൾക്കിഷ്ടദൻ ഹരൻ
പുരുമോദം പ്രകാശിച്ചാൻ "തിരുവഞ്ചിക്കുള''ത്തഹോ!.
മാന്യശ്രീപൂണ്ട "ഗോകണ്ണ” ധന്യക്ഷേത്രം മുതൽക്കിഹ
"കന്യാകുമാരി വരെയുള്ളന്യാദൃശമിളാതലം;
പണ്ടാരാജോത്തമൻ കാത്തുകൊണ്ടാ, നായതുകാരണാൽ
കൊണ്ടാടുംവിധമെല്ലാര്ക്കുമുണ്ടായ്മംഗളമേറ്റവും. (യുഗ്മകം)
ശങ്കരാത്താവശാത്സര്വ്വാതങ്കശാന്തിയ്ക്കു ഭൂപനായ്
ശങ്ക വിട്ടു ജനിച്ചാൻ തൽകിങ്കരന്മാരിലിങ്ങൊരാൾ.
ദീനാര്ത്തി പോക്കുമപ്പൂതത്താനാണപ്പെരുമാളു പോൽ
ജ്ഞാനാതിശയസമ്പന്നൻ ദാനാദിഗുണശോഭിതൻ.
ബാലേന്ദുചൂഡഭടരിൽ ചാലേ മറ്റൊരുവൻ തദാ
"തോല”നായിപ്പിറന്നാൻ തൽപ്പാലനക്കുറവോതുവാൻ.
തിരുവഞ്ചിക്കുളത്തപ്പൻ തിരുമെയ്യാ മഹീശ്വരൻ
കരുതും കരൾതാർതന്നിൽ പുരുഭക്തിപുരസ്സരം.
അക്കാലകാലദേവൻതൻ തൃക്കാലിൻവൈഭവത്തിനാൽ
അക്കാലത്തില്ല മഹിയിൽ ദുഷ്കാലക്കേടൊരുത്തനും.
ശ്രീരാജചൂഡകൃപയാലാരാജാവെന്തുചെയ്കിലും
ഈരാറുപന്തിരണ്ടായിത്തീരാതാകില്ലതൊന്നുമേ.
ശിവഭക്തനവൻ ചെയ്യുന്നവനം ഹരിദുഷ്ക്കരം
കവനം സ്തോത്ര,മമരും ഭവനം രജതാചലം
ഹരഭക്തിസമുദ്രത്തിൽ സരസം മുങ്ങിടുന്നവൻ
വരരത്നഗണം സർവ്വം തരസാ കൈക്കലാക്കിനാൻ.
ഈശ്വരാതിപ്രസാദത്താൽ ശാശ്വതസ്ഥാനമാമവൻ
ആശ്ചര്യമെല്ലാവര്ക്കും തന്നൈശ്വര്യംകൊണ്ടു നൽകിനാൻ.
കാമാരിദേവപാദാബ്ജം സീമാതീതം ഭജിയ്ക്കയാൽ
കാമാദിദോഷമില്ലേതുമാ മാനുഷപതിയ്ക്കു ഹോ!
കൃപ മൃത്യഞ്ജയസ്വാമി കപടംവിട്ടു ചെയ്കയാൽ
അപമൃത്യുഭയം തെല്ലാ രൂപഭൂമിയിലില്ലഹോ!
ധനദാശ്രിതപാദാബ്ജം മനസാപാര്ക്കുമാ നൃപൻ
സനയം കാത്തിടും നാട്ടിൽ ധനപുഷ്ടി തികഞ്ഞുതേ.
ഭംഗലേശം വിനാ സര്വ്വമംഗളാപതി കാക്കയാൽ
മംഗളാശ്രീനൃത്തലീലാരംഗമായാനൃപാലയം.
വിഷമിയ്ക്കാത തൻ നാട്ടിൽ വൃഷമേറ്റം നടത്തിനാൻ
വൃഷവാഹേഷ്ടനാം ഭൂപൻ ധിഷണാഭദ്വിജാന്വിതൻ.
ധര്മ്മരാജാരി സംസേവാകര്മ്മവാനക്ഷിതീശ്വരൻ
ശര്മ്മമാംപടി തൻനാട്ടിൽ ധര്മ്മമേറ്റം നടത്തിനാൻ.
നടനാഥപദാബ്ജ ശ്രീനടനം നിത്യമാശയേ
ഘടനം ചെയ്യുമബ്ഭൂപൻ നടനപ്രിയനായിതേ.
മുഖ്യാഭിനയമൊക്കുന്ന "ചാക്ക്യാർകൂത്തെ"ന്ന വിദ്യയെ
ഉൾക്കാമ്പിൽ മോദാൽ നൃപനങ്ങക്കാലത്തിൽ നടത്തിനാൻ.
രണ്ടു നാടകമാടാനായുണ്ടാക്കി കവിയാം നൃപൻ
കൊണ്ടാടിപോലന്നതെല്ലാം കണ്ടക്കവിബുധവ്രജം.
"ശ്രുതം ശ്രോതവ്യ”മെന്നുള്ളശ്ശുഭശാകുന്തളോക്തിയെ
പാർത്തുടൻ വചനം മാറ്റിച്ചേര്ത്തുതൻ നാടകേ നൃപൻ
ഓതിയില്ലതു ഭൂപാലഭീതികൊണ്ടപ്പൊഴാരുമേ
ഭൂതിയുണ്ടാകുമോ ഭൂപപ്രീതി പോക്കുന്നവര്ക്കഹോ!
അന്നാൾ ശാകുന്തളം തുള്ളി വന്നാൻ തോലൻ വിദൂഷകൻ
ഒന്നായ് ചിരിച്ചു മാലോകർ നന്നായ് നാണിച്ചുപോൽ നൃപൻ.
മനോമോദത്തിനായേവം വിനോദം പല മാതിരി
മനുജേന്ദ്രനവൻ ചെയ്താനനുരൂപതരം തദാ.
തോലനാം സേവകൻതന്റെ ലീലയാൽ ദോഷമെന്നിയേ
പാലിച്ചു ഭൂമിയെബ്ഭൂപമൌലിരത്നവൻ ചിരം.
പ്രാണനാഥ "ചെറോട്ട്യമ്മ'യാണവന്നതി സുന്ദരി
കേണിടാതവളേക്കാത്താൻ ക്ഷോണിയെന്നകണക്കിനെ.
നല്ല താളി ചെറോട്ട്യമ്മയ്ക്കല്ലലെന്യേ പതയ്ക്കുവാൻ
കള്ളമല്ലിപ്പുറത്തിട്ടിട്ടുള്ള കൽത്തൊട്ടിയാണു പോൽ.
പലനാളീവിധം കാത്തു മലയാളമഹീതലം
പലമാന്യര്ക്കുമായ്ഭാഗിച്ചലസാതവനേകിനാൻ.
ഭംഗമറ്റു'ദകം'ചേര്‍ത്തീ'മംഗള'ക്രിയ മന്നവൻ
മങ്ങാതെ ചെയ്താക്ഷേത്രത്തിനിങ്ങപ്പെർതന്നെയാണഹോ.
പുരുമാനനമോടന്നാപ്പെരുമാൾ ഭാഗിനേയനായ്
"പെരുംപടപ്പെ'ന്ന രാജ്യം പെരുംപ്രീത്യാ കൊടുത്തു പോൽ.
മരുമക്കത്തായമാമപ്പുരുപുണ്യനൃപാന്വയം
ചിരമീനാടു പാലിച്ചു പരമുത്തമരീതിയിൽ.
പല ഭൂപതിമാരാ നൽകുലസംഭൂതരായ്ത്തദാ
ചിലരിന്ദ്രസമാനന്മാർ ചിലർ ചന്ദ്രാഭയുള്ളവർ,
ചിലർ പാവകതുല്യന്മാർ ചിലർ ഗീഷ്പതിസന്നിഭർ
ചിലരന്തകസങ്കാശർ ചിലരംഗജരൂപികൾ.
പല മന്നവരേക്കൊണ്ടക്കുലമുജ്വലമായഹോ!
പലരത്നങ്ങളാൽ സ്വര്ണ്ണാമലമാല്യം കണക്കിനെ.
"പെരുമ്പടപ്പു"മേറാടും"പെരും വൈരം കടുക്കയാൽ
പരം ദേവാസുരസമം ചിരം പോരു നടത്തിനാർ.
വീരന്മാർ ബാഹുജാതന്മാർ ശൂരന്മാർ ബാഹുശാലികൾ
ധീരന്മാർ മാടഭൂപന്മാർ പാരം പോർ ചെയ്യുമേറ്റവും
വലവൈരിപുരേ വാഴും ചിലർ പോരിൽ മരിച്ചുടൻ
ബലമോടരിയേക്കൊന്നു ചിലർ നാടു ഭരിച്ചിടും.
സാരമാമക്കുലം പണ്ടിഗ്ഘോരയുദ്ധം നിമിത്തമായ്
കൌരവേന്ദ്രകുലം പോലെ വൈരമൂലം നശിച്ചുപോൽ.
ഉത്തമത്വം കലര്‍ന്നീടു "മുത്തര”ക്ഷത്രിയാലയാൽ
ദത്തെടുത്താൻ തദാ സാധുചിത്തനാമൊരു ബാലനെ.
ക്രമാൽ വര്‍ദ്ധിച്ചു പിന്നീടക്കുമാരൻ സൽകലാനിധി
അമാവാസ്യ കഴിഞ്ഞിട്ടു ഹിമാംശു വളരുംവിധം.
ധര്മ്മരാജാവിനെപ്പോലെ ധര്മ്മതത്വമറിഞ്ഞവൻ
നിര്‍മ്മലൻ തന്റെ രാജ്യത്തിൽ ധര്മ്മമേറ്റം നടത്തിനാൻ.
ആ മാനുഷേശ്വരൻ ശ്രീമാൻ ധീമാനഭ്യാസി വീര്യവാൻ
ഭീമാഹവാങ്കണംതന്നിൽ ഭീമാര്ജ്ജുനസമൻ സദാ.
നിരീഹനേറ്റമെന്നാലും "കുരീക്കാട്ട" മരുന്നവൻ
അരീന്ദ്രവിജയം ചെയ്തു കിരീടം വെച്ചു മൌലിയിൽ.
സ്ഥൈര്യവാൻ ധൈര്യവാൻ പ്രാജ്ഞൻ ശൌര്യവാൻ വീര്യവാനവൻ
കാര്യജ്ഞനതിധര്മ്മിഷ്ഠനാര്യന്മാര്ക്കതിസമ്മതൻ.
പ്രജകൾക്കവനുണ്ടാക്കി നിജസൽഗുണമൊക്കയും
വിജയം നൂനമിതുതാൻ പ്രജകൾക്കീശനോര്ക്കുകിൽ.
ഭയം "കൊച്ചിയി"ലില്ലാര്ക്കും ജയം താനെങ്ങുമെപ്പൊഴും
സ്വയംഭരണമക്കാലം സ്വയം വന്നുഭവിച്ചുപോൽ.
രണങ്ങളിൽ ശത്രുവര്‍ഗ്ഗം തൃണം മാടോര്വ്വിയിൽത്തദാ
പണം ഭൂപതി വാങ്ങില്ലന്നൃണം ലോകര്‍ക്കു നീതിയിൽ.
വിദ്യാഭ്യാസം വാസനാദി വിശേഷം പാര്ത്തുചേര്ക്കയാൽ
യോഗ്യനല്ലാതൊരാളില്ല ഭാഗ്യമെന്തൊന്നിതിൽപരം.
നിജാതിയത്നസാരത്താൽ പ്രജാഭ്യുദയമിങ്ങിനെ
അജാതശത്രു സമനാം പ്രജാനാഥൻ വരുത്തിനാൻ.
മുറയ്ക്കുവൻ കഴിപ്പിച്ചാൻ "പറക്കൽകൂത്തു” ഭാഗ്യവാൻ
നിറഞ്ഞ സഭയിൽ ഭംഗി കുറഞ്ഞീടാതെ ശക്തിമാൻ.
അന്നു സഞ്ജാതമായീഭൂപന്നു ദിവ്യാഭിഷേചനം
വന്നുചേരും മഹാവര്ഷമെന്നു പേരതിനൂഴിയിൽ
ആ മാരികൊണ്ടര്ദ്ധപദ്യം ധീമാനേകൻ ചമച്ചു പോൽ
താമസം വിട്ടുത്തരാര്ദ്ധം കേമന“ക്കുഞ്ച"നാം കവി.
"അമ്മന്നൂ"രിട്ടിയമ്മൻ" പരിചൊടു "കുരു"നാ-
ട്ടിൽ പറന്നോരു നേരം
ചെമ്മേ വന്നോരു മാരീ ശിവ! ശിവ! പറയാ-
വല്ല നാഗാധിപന്നും"
"കൂത്താടും മാടമാടീ കുരുപതിഹൃദയ-
ത്തട്ടുമൊട്ടേറെയാടീ
കൂറ്റാർകൂട്ടങ്ങൾ കൂടി പലജനമവിടെ-
ച്ചെന്നു നീരാടിയോടീ"
കലിയും ധ്രുവവും പൂര്വ്വാകലിതം സാധുവാക്യവും
ചേർത്തു നല്ലൊരു പദ്യത്തെ തീർത്തുപോലൊരു സൽകവി.
"മഞ്ചാ"ന്നാനാര്ത്ഥസമ്പന്നാൽ"
ധ്രുവ“മിട്ട്യമ്മനാം നടൻ"
പറന്ന നേരം""തേരൌദ്രാ-
നാഗാ ഭീതിം പരാം യയുഃ"
നില തെറ്റീടുകിൽ ചാക്യാർ തലതൂങ്ങിക്കിടന്നുപോം
പല വൈഷമ്യമുണ്ടിക്കൂത്തലസാതെ നടത്തുവാൻ.
വമ്പിച്ചൊരിക്കൂത്തതിന്റെ മുമ്പിൽത്താൻ വീണതാണിഹ
പിമ്പിലോ ചൊല്ലുവാനില്ല കമ്പിയ്ക്കുമെവനും മനം.
അതിദുർഗ്ഘടമാണിക്കൂത്തതിനില്ലൊരു സംശയം
അതുകാണിച്ചിടും പദ്യമിതുകേൾക്കുവിനേവരും.
"കുട്ടഞ്ചേരിച്ചാക്കിയാരു് കൊടുങ്ങല്ലൂർ പറന്നനാൾ
തദാ വന്നു തരക്കേട് തലതുങ്ങിക്കിടന്നുപോയ്"
സവിവേകനവൻ ചെയ്ത വിവിധക്രിയയൊക്കെയും
കവി വാല്മീകിയോ വ്യാസകവിയോ വേണമോതുവാൻ.
ഭവനംപോലെതാൻ തന്റെ ഭുവനം സര്‍വ്വവും ചിരം
അവനം ചെയ്തു വാണാനന്നവനത്യന്തശക്തിമാൻ.
നല്പാവനഗുണം ചേരുമപ്പർത്ഥിവകുലാബ്ധിയിൽ
ഉല്പന്നനായ്ക്കല്പവൃക്ഷകല്പനായൊരു ബാലകൻ.
ഓരായിരത്തിമുപ്പത്തുനാലാംകോളംബവത്സരേ
കന്നിമാസത്തിലത്തം നാൾ തന്നിലബ്ബാലസംഭവം.
"കാവമ്മരാജ്ഞീ”പുത്രൻ, സത്ഭാവം ചേര്ന്നക്കുമാരകൻ
ദൈവം കാക്കും മാടഭൂപശ്രീവംശമണിമൌക്തികം.
പ്രേമമോടമ്മ ലാളിയ്ക്കും കേമനാമക്കുമാരകൻ
"രാമവര്മ്മേ?”തി ശുഭമാം നാമമമ്പോടു തേടിനാൻ.
കിടാവാമവനെ“കുഞ്ഞിക്കിടാവെ"ന്നോമനിച്ചുടൻ
തടവെന്യേ വിളിച്ചാൾ ഭൂതടനായിക, പെറ്റവൾ.
വിദ്യയോടൊത്തു വര്‍ദ്ധിച്ചു ഹൃദ്യനാമക്കുമാരകൻ
സദ്യോ യുവാവായോരോന്നിന്നുദ്യോഗിച്ചാൻ പുനഃ പുനഃ
സ്ഥൈര്യമേറുന്ന "വെങ്കപ്പാചാര്യ'നബ്ഭൂപസൽഗുരു
ആര്യധര്മ്മജനദ്രോണാചാര്യനെന്നകണക്കിനെ.
കര്ക്കശപ്രതിഭാവാനായ് തര്‍ക്കശാസ്ത്രം പഠിച്ചവൻ
ദുര്‍ഘടം കാര്യമറിവാൻ തര്‍ക്കമില്ലെങ്കിൽ നിശ്ചയം.
ശസ്ത്രനാമായവന്നില്ല ദുസ്തര്‍ക്കം ലവലേശവും
ദുസ്തര്ക്കമിരുളാംബോധമസ്തമിപ്പിക്കകാരണാൽ.
മോദാൽ പഠിച്ചാൻ പിന്നീടു വേദാന്തം ശാസ്ത്രമാനൃപൻ
വാദാര്ത്ഥമല്ലവന്നാന്ധ്യച്ഛേദാര്ത്ഥം വിദ്യയൊക്കയും.
തെറ്റെന്നിംഗ്ലീഷു "റോബര്ട്ടുവൈറ്റെ”ന്നു പുകഴും ധ്വര
തെറ്റെന്നിയേ പഠിപ്പിച്ചാൻ കുറ്റമറ്റക്കുമാരനെ.
പെട്ടെന്നാദ്യം "ശങ്കരാഖ്യപെട്ട നാരായണാ''ഹ്വയൻ
ചെട്ടിയാരു് സയൻസ്സിന്നു് ചട്ടറ്റ നൃപസൽഗുരു.
ഉന്നതാശയന"സ്പെൻസ”രെന്നവൻതന്റെ ബുക്കുകൾ
ന്നാകിലുമൊഴിക്കാതെ നന്നായ്വായിച്ചു മന്നവൻ.
കണക്കിലാനൃപന്നുണ്ടായ്ക്കണക്കെന്നിയെ പാടവം
മണൽപ്പൊടി ഗണിപ്പാനും തൃണപ്രായമവന്നഹോ.
സ്വച്ഛനാമമ്മഹീപാലന്നച്ഛനാം "സാല"ഭൂസുരൻ
നിശ്ചയിച്ചു ധനം നേടാൻ നിശ്ചലം മാര്ഗ്ഗമോതിനാൻ.
മോടിയ്ക്കവൻ ചിലവിടാ, ധാടിയ്ക്കും പുനരങ്ങിനെ
പേടിച്ചിടാ വൃഥാ സ്തോത്രംപാടിച്ചീടും ജനങ്ങളെ.
പ്രിയം പത്ഥ്യം ഭുക്തി വട്ടം, ശയനം നിത്യമിങ്ങിനെ
സ്മയമറ്റവനേവം വിസ്മയമേവര്ക്കുമേകിനാൻ.
ഓടി ചേട്ടാഭഗവതി വാടീ ചേട്ടകൾതന്മനം
കൂടീ നിഷ്കര്‍ഷ; ചിലവിൽ നേടീ പാരമവൻ ധനം.
കപടം വിട്ടു മറ്റുള്ളോര്ക്കുപകാരത്തിനായ്ധനം
കൃപയാ പലിശയ്ക്കായന്നൃപനേകും നിദാനവും.
കോര്ട്ടിലെക്കാര്യവും കൂടിക്കട്ടിയായറിയുന്നവൻ
തട്ടിപ്പു കാട്ടുന്നവർതൻ പിട്ടിലൊട്ടും ഭ്രമച്ചിടാ.
പെട്ടിതന്നിൽ നിറച്ചര്ത്ഥം കെട്ടിവെയ്ക്കുമവൻ സദാ
മുട്ടിവന്നാലവക്കട്ടിയട്ടിയായിക്കൊടുത്തിടും.
കുരുഭൂപതിവംശത്തിൽ കുരുത്തബ്ഭൂപനുന്നതൻ
ഗുരുമുത്തേകി സർവ്വര്‍ക്കും പെരുത്ത നിജസൽഗുണാൽ.
ഫലമില്ലാത്ത വൃക്ഷങ്ങൾ ചിലരുണ്ടാക്കിടുംവിധം
വിലയുള്ളാരാജമുക്താഫലമുണ്ടാക്കിടാ ദൃഢം.
തെങ്ങും കവുങ്ങുമുണ്ടാക്കും പൊങ്ങും ഭാഗ്യം കലര്‍ന്നവൻ
തിങ്ങും ഫലമെഴും മാവുമെങ്ങും പ്ലാവും തഥാവിധം.
കളയില്ല വൃഥാ യത്നമിളതൻപതിയാമവൻ
ഉളവാക്കും നിജക്ഷേത്രേ വിളവങ്ങളുവെന്നിയേ.
ഇവിടെകൃഷിചെയ്യേണ്ടും വിവിധം തത്വമാക്കയും
സവിശേഷം പഠിച്ചാനിബ്ഭുവി കീർത്തിപ്പെടും നൃപൻ.
പാട്ടത്തിനായൊടുക്കാതെ തോട്ടത്തേബ്ഭൂപനാമവൻ
വാട്ടത്തിനിടനൽകാതെ നോട്ടത്താൽ കേമമാക്കിനാൻ.
ഫലമൊക്കുന്ന മറ്റുള്ള പല കര്‍മ്മങ്ങളും നൃപൻ
അലസാതനിശം ചെയ്താനുലകിൽ പുഷ്ടി ചേര്‍ക്കുവാൻ.
"പനനമ്പൂരി"യക്കാലം തനയന്റെ മഹാത്ഭുതം
ധനമുണ്ടാക്കുവാനുള്ള സുനയം കണ്ടു തുഷ്ടനായ്.
ലക്ഷോപലക്ഷം സദ്രൂപ്യമക്ഷോണീതലവല്ലഭൻ
നൽക്ഷോണിയിലുറപ്പിച്ചാൻ വിക്ഷോഭം വന്നിടാതഹോ.
വിഷാര്ത്തരായ്വരുന്നോര്ക്കു വിഷാദം തീര്ക്കുവാനവൻ
വിഷവൈദ്യഗ്രന്ഥമേറ്റം വിഷമിച്ചു പഠിച്ചുതേ.
മൂര്‍ഖൻ, മണ്ഡലി, മുമ്പാകുമൂക്കൻ പാമ്പുകൾതൻ വിഷം
പോക്കുവാനാമഹീന്ദ്രന്നു "കോക്കര”ദ്വിജനാം ഗുരു.
മരുന്നുകൾ വിഷം തീണ്ടി വരുന്നോർക്കു കൊടുക്കുവാൻ
പെരുത്തുണ്ടാക്കിവെച്ചാനക്കരുത്തുള്ള രൂപാലകൻ.
ശ്രമമോടും വിഷാര്ത്ത്യാ സംഭ്രമമോടും വരും നൃണാം
ക്ഷമതൻ പതിയേക്കാണ്മാൻ സമയം നോക്കിടേണ്ടപോൽ.
പണം വാങ്ങാതെ ദുഷ്ടാഹിഗണം ചേര്‍ക്കും മഹാവിഷം
ക്ഷണംകൊണ്ടഖിലം പോക്കും ഗുണം കൂടിടുമാ നൃപൻ.
കൂവൾക്കൊണ്ടു “കുറുപ്പത്തു പാവക്കുട്ടി”വധൂമണി
പാരം തെളിഞ്ഞബ്ഭൂപാലവീരൻ തൻ ഭാര്യയായ് ശുഭം.
ചിത്രയോടൊത്ത രാത്രീശനെത്ര കാന്തി ഭവിയ്ക്കുമോ
അത്ര കാന്തി കലര്ന്നാനക്ഷത്രവര്യൻ പ്രിയാന്വിതൻ
നൽപ്പൂവേണികൾ ചൂടിടും ദയിതയോ-
ടൊന്നിച്ചു മന്ദിച്ചിടാ-
തുൾപ്പൂവിൽ കുതുകം കലര്‍ന്നു സതതം
ക്രീഡിച്ചു സാന്ദ്രോത്സവം
തൃപ്പൂണിത്തുറെയപ്പനായ ഭഗവാൻ
പാലിയ്ക്കുമപ്പാര്ത്ഥിവൻ
തൃപ്പൂണിത്തുറയെന്ന മാന്യനഗരേ
ചേണാര്‍ന്നു വാണാൻ സുഖം.
ഇങ്ങിനെ "ഗോശ്രീശാദിത്യചരിത"ഞിൽ
ആദിത്യാവതാരമെന്ന
ഒന്നാംസര്‍ഗ്ഗം കഴിഞ്ഞു.
രണ്ടാം സർഗ്ഗം
വിരുതെഴുമവനീശ്വരന്റെ നാനാ-
തരുലതികാദികൾ ചേര്‍ന്ന നല്ല തോട്ടം
പുരുരസമൊടു കണ്ടുടൻ പഠിപ്പാ-
നൊരു ദിനമങ്ങു! മഹാജനങ്ങൾ ചെന്നു.
നരപതിഭടനേകനജ്ജനത്തെ-
ത്തരമൊടു യോഗ്യത പോലെ സൽകരിച്ചു
വരഗുണമെഴുമാ നൃപന്റെ ഗേഹേ
പരബഹുമാനനമൂനമാകയില്ല
അവനഥ വിനയം കലര്‍ന്നു ചോദി-
ച്ചവരുടെ കാമിതമൊക്കയും ഗ്രഹിച്ചു
നൃവരനൊടറിയിച്ചു; വേണ്ട കൃത്യം
ജവമൊടു സജ്ജനഭൃത്യർ ചെയ്യുമല്ലൊ.
അനുമതിയുടനേ കൊടുത്തു വേഗാൽ
മനുജവരൻ; പുനരപ്പുമാൻ ജനത്തെ
തനുതരമൊരു ദോഷവും പെടാതു-
ള്ളനുപമമാകിയ തോട്ടമങ്ങു കാട്ടി.
ഫലസുമദലപല്ലവാദി തിങ്ങും
പല പല വൃക്ഷലതാഗണങ്ങളാലേ
അലഘു രുചിയെഴും നൃപന്റെ തോട്ടം
നലമൊടു തത്ര മഹാജനങ്ങൾ കണ്ടു.
വരഗുണമെഴുമാ നൃപന്റെ തോട്ടം
തരമൊടു കണ്ടു ജനങ്ങൾ വിസ്മയിച്ചു.
ചിരതരമിളകാതെ നിന്നു; ലോകോ-
ത്തരഗുണമത്ഭുതമാര്ക്കുമേകുമല്ലോ.
ഒരുവനുടയ ദൃഷ്ടി തെങ്ങിലായ്മ-
റ്റൊരുവനെഴും മിഴി നൽ കവുങ്ങിലായി.
ഒരുവനവിടെ മാവു നോക്കി നിന്നു
സുരുചിരമായ പിലാവു നോക്കിയന്യൻ.
ചിലരവിടെ മനോകാന്തി കോലും
പല പല വാഴകൾ കണ്ടുനിന്നു മോദാൽ
ചിലരനവധി ചേന കണ്ടിവറ്റി-
ന്നലസത വിട്ട ഗുണങ്ങൾ വാഴ്ത്തിനിന്നു.
ഗിരിശിഖരസമദ്രുമങ്ങൾതന്നിൽ
പരിചൊടു കേറി നിറഞ്ഞു ശോഭയോടേ
തിരികളിടവിടാതെ തിങ്ങി നിൽക്കും
മരിചലതാവലി കണ്ടുനിന്നു കേചിൽ.
കളമൊടു രുചി ഭക്ഷണത്തിനേറ്റം
വിളയുവതിന്നനുകൂലഭാവമോടേ
മുളകുകൾ പലതങ്ങു നില്പതെല്ലാ-
മളവു വെടിഞ്ഞ രസേന കണ്ടു കേചിൽ.
പഴുതുകൾ കലരാതെ കായ തിങ്ങും
വഴുതിന കണ്ടഥ വിസ്മയിച്ചു കേചിൽ
തൊഴുതു ചിലർ വളന്ന ചീര കണ്ട-
പ്പൊഴുതിലുദിച്ച മഹാത്ഭുതത്തിനാലെ.
ഇതി പല പല വൃക്ഷഗുല്മവല്ലീ-
തതികളെ നന്മ കലര്‍ന്നു തൽ പ്രദേശേ
അതിമഹിമയെഴും ജനങ്ങൾ കണ്ടി-
ട്ടതിരു കവിഞ്ഞ രസേന ചൊല്ലി തമ്മിൽ.
"മനുജരിതിഹ കാണ്ക, കേരവൃക്ഷ-
ത്തിനുടെ ശിരസ്സിലെഴും ഫലവ്രജത്തെ
അനുപമതരഭൂമിപാഭിഷേക-
ത്തിനു തുടരും കലശൌഘമെന്നപോലെ.
നിലയിലിവിടെ നിന്നിടുന്നിവറ്റിൻ
കുലകൾ നിനയ്ക്കുക പന്തിരണ്ടു പോരാ
കുലകളിലൊരുനൂറു പോര പാർത്താൽ
ഫലമിതു വിസ്മയമിന്ദ്രജാലമല്ലീ.
ഇട കടുകിനുമേകിടാതെ തിങ്ങും-
മടലുകൾ നാല്പതു പോരിവറ്റിലെല്ലാം
സ്ഫുടതരമിതു കാണ്കിലോര്ത്തിടും ഞാൻ
മടയനതെന്നിഹ കേരസൂത്രകാരൻ.
ഗുരുത പരമെഴുന്ന തേങ്ങയൊന്ന-
ങ്ങൊരുവനു പാര്‍ക്കുക പൊക്കുവാൻ പ്രയാസം
പരിചിനൊടിവരുന്നകത്തശേഷം
ഹരി! ഹരി !! പൊൻപൊടിയോ നിറച്ചു പാർത്താൽ.
വടിവിനൊടുളി തേച്ച മണ്ണു മങ്ങും-
പടി പൊടിയാണിഹ മണ്ണു ചോട്ടിലെല്ലാം
അടിയുടനിവിടെ പതുക്കെ വെച്ചാൽ
ഝടിതിയിലങ്ങൊരു കോലു താണുപോകും.
മലിനത ലവലേശമില്ല ചോട്ടിൽ
കലിതഗുണം വിലസുന്നു വേരശേഷം
വലിയ ഗുണമിതാണു; കേടു തെല്ലി-
ല്ലെലി മുതലായവകൊണ്ടിവറ്റിനൊന്നും.
അമരപുരിയിലുള്ള മാന്യകല്പ
ദ്രുമഗണമിശ്ശുഭകേരവൃക്ഷകല്പം,
സുമധുരജലമുള്ളിതിൻ ഫലൌഘം
വിമലസുധാകലശവ്രജംകണക്കെ
തടവുകളണയാതെ നീണ്ടു നില്ക്കും
മടലുകൾതൻ തലതന്നിൽനിന്നു വേഗാൽ
ഉടനുടനൊഴുകുന്ന വര്‍ഷതോയം
തടപരിധിയ്ക്കുകമേ പതിയ്ക്കയുള്ളൂ.
ഘനതരമസിതച്ഛദങ്ങൾ തിങ്ങു-
ന്നനവധി വന്മടൽ ചേര്‍ന്ന കേരവൃക്ഷം
വിനയഭരമണച്ചിടുന്നു ചുറ്റും
ഘനമെഴുമദ്രിശിരസ്സിനാശയത്തിൽ.
അലസത കലരാതെ പുത്തനാം പൂ-
ക്കുലയിതു തെങ്ങിൽ വിളഞ്ഞിടുന്നു ഭംഗ്യാ
തലയിലണിയുവാനണച്ച മുക്തി-
ഫലമണിസഞ്ചയമെന്നപോലെതന്നെ.
അതിരു കവിയുമാഭപൂണ്ടു കേര-
ക്ഷിതിരുഹമൌലിയിലുള്ള കൂമ്പു കണ്ടാൽ;
അതിരുചിയൊടുദിയ്ക്കുമോഷധീനാം-
പതിയുടെ ചാരു മരീചിവീചിപോലെ.
നവഗുണഗണമുള്ള കേരമീമ-
ട്ടവധി വെടിഞ്ഞു വളർന്നിടുന്ന മൂലം
അവനിയിലിഹ വീരകേരളാഖ്യ-
യ്ക്കുിവനുചിതൻ നൃപവര്യനുദ്യമാഢ്യൻ.
വടിവിലിതരദിക്കിലുള്ള തെങ്ങിൻ
തടി കലരുന്നു കവുങ്ങിനിങ്ങശേഷം
ഒടിയുമതിഭരാലിതെന്നു തോന്നും-
പടിയിവയിൽ കുല തിങ്ങി നിന്നിടുന്നു.
മരതകമണിസംഘമാണടയ്ക്കാ-
മരമിഹ മൌലിയിലേന്തിടുന്നതോര്ത്താൽ
പരരുചിയെഴുന്നടയ്ക്കുയല്ലി-
ത്തരമുളവായതു കാണ്മവര്ക്കു ബോധം.
ചടുലമിഴികൾതന്റെ ഭൂരിരാഗം
പെടുമധരത്തിനതീവരാഗമേകാൻ
പടുതയൊടിതിൽ നിന്നിടുന്നു ഭംഗ്യാ
തുടുതുടയുള്ള പഴുത്തടയ്ക്ക;കാണ്ക.
ഉലകിനധിപനുള്ള ഭൂരിസമ്പ-
ലസതവിട്ടിഹ കാട്ടിടുന്നതിന്നോ
തലകളിലിവ പത്മരാഗരത്ന-
കുലകളെടുത്തു വിളങ്ങിടുന്നു ഭംഗ്യാ.
പ്രകടധവളകാന്തിപൂണ്ട കൂമ്പാ-
ളകളിടതൂര്ന്നു കിടന്നിടുന്നു മന്നിൽ
അകലുഷമവനീശ്വരാഗമാര്ത്ഥം
മികവൊടു പട്ടു വിരിച്ചപോലെ നീളെ.
പരതരുവിനു ബാധലേശമേകാ-
തരമൊഴിയുന്നു മഹത്വമുള്ള കേരം
പരമിഹ ലഘുവായ പൂഗവൃക്ഷം
പരതരുവോടുരസീട്ടുയര്ന്നിടുന്നു.
നവരസമൊഴുകും ഫലങ്ങളിൽ ചേര്-
ന്നവധി വെടിഞ്ഞ മഹാഗുണങ്ങളാലേ
അവനിയിൽ വിളികൊണ്ട് നാട്ടുമാവിൻ-
നിവഹമിതാ വിലസുന്നു കണ്ടുകൊൾവിൻ.
കളിയിലുമിഹ ഞാൻ കഥിയ്ക്കയില്ലേ
പൊളി,യിവയിൽച്ചിലതിന്റെ മാങ്ങതന്റെ
പുളിരസമണയും മണത്തിനാൽ കൺ-
ചുളിവു കലർന്നഥ കാള വാലു പൊക്കും.
രുചിതരുമെരുമാങ്ങ രോഗമുള്ളോര്-
ക്കുചിതതചേര്ന്നടമാങ്ങ കണ്ണിമാങ്ങ
സുചിരതരമിരിയ്ക്കിലും സഖേ!സം-
കുചിതഗുണം കടുമാങ്ങയുപ്പുമാങ്ങ.
ഉലകിലഖിലരും തെളിഞ്ഞു വാഴ്ത്തും
പലതരമീവിധമുപ്പിലിട്ടതെല്ലാം
നലമൊടിഹ ചമയ്ക്കുവാൻ വിശേഷം
ചിലതിനെഴും പുളിയുള്ള മാങ്ങയെല്ലാം (യുഗ്മകം)
ഇതിലിഹ ചിലതിന്റെ മാമ്പഴം കേ-
ളതിമധുരം ബത!പഞ്ചസാരപോലെ
അതികൊതിയതിലാര്ക്കുമുത്ഭവിയ്ക്കും
മതിയിലഹോ! മതിയെന്നു തോന്നുകില്ല.
ചിലതിനുടയ മാമ്പഴത്തിനായി-
ട്ടലസതവിട്ടമൃതും സലാം കൊടുക്കും
വില പരമെഴുമീ രസാലവല്ലീ-
ഫലമിഹ ജന്മഫലം ജനത്തിനെല്ലാം.
ഗുരുഫലഭരമേന്തിടുന്ന ഗോമാ-
വുരുതരശോഭയൊടിങ്ങു നിന്നിടുന്നു
തരുഗണമിതു വാനിൽനിന്നു ശക്രൻ-
തിരുവടി ഭൂപനയച്ചതെന്നു തോന്നും.
നിരവധിഫലമുള്ള കോട്ടമാവിൻ
നിര നിറമോടു നിരന്നു നിന്നിടുന്നു
പരമിവകളെയാശ്രയിച്ചിടുന്നോര്-
ക്കരമരിയായ വിശപ്പു ചേരുകില്ല.
ചിലതിനുടയ മാങ്ങ നാരകത്തിൻ-
ഫലമൊടു കാഴ്ചയിലെത്രയും സമാനം
നലമൊടിതിനെഴുന്ന നീർ കുടിച്ചാൽ
ഛലരഹിതം ചെറുതേനിതെന്നു തോന്നും.
പലപലക, കവച്ചി, കട്ടിൽ തൊട്ടു-
ലസതവിട്ടഴകുള്ള സാധനങ്ങൾ
നലമൊടു തണലുള്ള ചൂതമൂല-
സ്ഥലമിതിലുണ്ടു ശിലാമയങ്ങളായി.
ഗുണമധികമിണങ്ങുമൊട്ടുമാവിൻ-
ഗണമിഹ മാങ്ങകൾ തിങ്ങി നിന്നിടുന്നു
പണമിവയുടെ മാമ്പഴങ്ങൾ വാങ്ങാൻ
തൃണസമമായ്ചിലവിട്ടിടും മഹാന്മാർ.
രണമതിലമൃതം ജയിച്ചു നന്നായ്
ചുണ കലരും പല നാട്ടുമാമ്പഴങ്ങൾ
മണലിലിഹ ചതഞ്ഞിടാത തൻ ന-
ന്മണമണയുംപടി വീണിടുന്നു പാരം.
നവകുസുമഗണങ്ങൾ തിങ്ങിയും നൽ-
ജ്ജവമൊടു മാമ്പഴമേറ്റവും കൊഴിച്ചും
ഇവയുടെ തണലുള്ള മൂലദേശേ
പവനശിശുക്കൾ കളിച്ചിടുന്നു നിത്യം.
നയനിധി വിബുധേശ്വരൻ ശുചിന്ദ്രാ-
ലയപതി ശങ്കരഭക്തവിപ്രനായി
പ്രിയതരമൊരു ബീജമേകിപോലും
സ്വയമതിൽനിന്നു പിലാവിതുത്ഭവിച്ചു.
വടിവിലധികമായുയർന്നിവറ്റിൻ
തടികൾ മഹത്വമിയന്നു നിന്നിടുന്നു
നെടിയ ശിഖരപികൊണ്ടിതെല്ലാം
ഝടിതി ഘനങ്ങളിലങ്ങുരച്ചിടുന്നു.
അടിമുതലഴകുള്ളിവറ്റിലെല്ലാം
മുടികഴിയുംവരെയുണ്ടു നൽപ്പലങ്ങൾ
തടിയെഴുമവരുന്നകത്തു തിങ്ങും-
പടി ചുളയുണ്ടറിയാമിതാര്ക്കുമോര്ത്താൽ.
മരമിതിൽ വലുതായ ചക്കയോരോ-
ന്നുരലുകണക്കെ നിറച്ചു തൂങ്ങിടുന്നു
പരമിവകളിലുള്ളപോലെയുണ്ടാം
ചിരമിതു കാണുമവര്ക്കു കണ്ടകങ്ങൾ.
മരമിതിൽ വിലസും പഴുത്ത പത്രം
വരരുചിവിദ്രുമജാതമെന്നു തോന്നും
പരമവധിവെടിഞ്ഞ പച്ചയെല്ലാം
മരതകനിര്മ്മിതമെന്നു തോന്നുമാര്ക്കും.
ഹരി! ഹരി!! ചെറുതെക്കു പൊക്കു കാണി-
ല്ലൊരിടവുമിപ്പെരുതാം ഫലങ്ങൾതന്നിൽ
പരിചിൽ മരമിതന്യഭൂരുഹത്തെ
പരിഹസിതത്തോടു “ചക്ക" കാട്ടിടുന്നു.
കള തരകളധൌതസഞ്ചയത്തി-
ന്നളവുവെടിഞ്ഞു വളര്‍ന്ന കാന്തിഗര്വ്വം
കളയുമഴകെഴും കനത്ത ചക്ക-
ച്ചുളകൾ തെളിഞ്ഞിവയോര്ത്തുകൊൾക ഭംഗ്യാ
ഉരുരസമുലകൊക്കെ നല്ല ചക്ക-
കുരുവിതു ഹന്ത! വശത്തിലാക്കിടുന്നു
പുരുഗുണമിതുകൊണ്ടു പൂരുവംശ്യൻ
"കുരു"വരനാമമെടുത്തു ഭൂപനേകൻ.
ചുളയിതു സരസം പഴുത്തതെല്ലാം
ഗുളസഹിതം പ്രഥമൻ ചമയ്ക്കുമല്ലോ
വിളയുമതിരസേന പച്ചയെല്ലാം
കളമൊട്ടിതുപ്പുകറിയ്ക്കുടൻ വരക്കും.
പലഗദമൊഴിവാക്കിടേണമെന്നാ-
ലുലകിലിതിൽ തെളിവാര്‍ന്ന കഞ്ഞി വേണം
നലമൊടതു കുടിയ്ക്കുവാൻ പിലാവി-
ന്നിലയതു കുത്തിയതൊന്നുതന്നെ നല്ലൂ
പനകളവധിവിട്ടു നില്പതുണ്ടീ-
പ്പനധരണീസുരനന്ദനന്റെ തോപ്പിൽ
ഘനരസമളകാപുരം വെടിഞ്ഞി-
ട്ടനവധിയക്ഷികളിങ്ങു പണ്ടു പാര്‍ത്തു.
കളമൊടു കടലാസ്സു വന്നിടും മു-
മ്പിളയിലിതിൽപ്പനകൾക്കെഴും ദലത്തിൽ
തെളിവിനൊടഴകേറുമക്ഷരശ്രീ
ലളിതതരാകൃതി വാണി വാണിരുന്നു.
ഇഹ ബഹുജനപൂജ്യകേരഭൂമി-
രുഹസമമീ വലുതായ താലവൃക്ഷം
അഹിതനജിതനെന്നപോലെ സമ്പൽ-
സഹിതസുരോദായഹേതുഭൂതമല്ലൊ.
സ്ഥിരതരമിഹ വേനലായകാല-
ത്തരമുളവായിവരുന്നു ഘോരമുഷ്ണം
നിരവധിഗുണമുള്ള താലവൃന്തം
തരമൊടു തീര്ത്തെവനും സുഖം തരുന്നു.
കിളികളുടെ നിനാദമാര്ന്ന വാള-
മ്പുളികളിൽ നല്ല പുളിങ്ങ തൂങ്ങിടുന്നു
മുളകധികമെഴും പരിപ്പുസാമ്പാ-
റിളയിതിലിന്നിതിനാൽ ചമച്ചിടുന്നു.
"മതിരസകരമല്ലൊരാൾക്കുമൂണി-
ങ്ങതിവിഫലം ഖലു തിന്ത്രിണീവിഹീനം'
ഇതി വിബുധജനങ്ങൾ ചൊല്ലിടും നൽ-
സ്മൃതിയെഴുമിപ്പുളിയിങ്ങശേഷരമ്യം.
മരമിതിലുളവാം പുളിങ്ങയുപ്പി-
രലിലിടിച്ചഥ ചാണയാക്കിവെച്ചാൽ
തരമൊടു പുളിയിഞ്ചിതൊട്ടു നാനാ-
തരമിതുകൊണ്ടു ചമച്ചിടാം പദാര്‍ത്ഥം.
പുരുവിതതികലര്ന്നുയര്ന്ന നാനാ-
തരുനികരങ്ങളിലിങ്ങു ഭംഗിയോടേ
ഗുരുഫലമിടതിങ്ങി വിങ്ങി നിൽക്കും
കുരുമുളകിൻകൊടി കാണ്ക കോടിലക്ഷം.
മരിചമണി പഴുത്തതുണ്ടനേകം
പരിചൊടു പാര്‍ക്കുക പച്ചയുണ്ടസംഖ്യം
മരതകമഥ പത്മരാഗമെന്നീ-
വരരുചിരത്നഗണങ്ങളെന്നപോലെ.
സുരപിതൃപരിപൂജനാദികാലേ
വിരവൊടു വിപ്രജനാശനോത്സവത്തിൽ
കുരുമുളകിതുതന്നെ വേണമല്ലൊ
സുരുചിരമായ്ക്കറിയൊക്കയും ചമപ്പാൻ.
അഴകൊടു മരിചകൃഷിയ്ക്കു നന്നായ്
മഴ തിരുവാതിരഞാറ്റിലയ്ക്കു വേണം
പഴയജനമുരച്ചിടുന്നിതേവം
പിഴയതിലില്ലതു കേരളത്തിൽ മാത്രം.
നിരുപമരുചി രാജസൂയയാഗം
കുരുപതി ധര്‍മ്മസുതൻ നടത്തിയപ്പോൾ
ഗുരുഗുണമൊടു കേരളത്തിൽനിന്നി-
ക്കുരുമുളകങ്ങു വരുത്തി സാദരംപോൽ.
അവധിരഹിതപക്വഭംഗികൊണ്ടും
നവവിതതായതപത്രകാന്തികൊണ്ടും
പവനജകദളീവനാഭയുണ്ടീ-
നൃവരമഹാകദളീവനത്തിനോത്താൽ.
അതിമധുരരസം സുവര്ണ്ണവര്ണ്ണം
കൊതി സകലത്തിനുമേകിടും സുഗന്ധം
ഇതി പല പല സൽഗുണങ്ങളാൽ ന-
ന്മതി സുഖദം കദളീവനം വിശേഷം.
സുരുചിരമമൃതാദിവസ്തുസാരം
കരുണ വെടിഞ്ഞു കവര്ന്നിടുന്നിവറ്റിൽ
കരുതുകയി കറുത്ത പുള്ളിയെന്നു-
ള്ളൊരു കപടത്തൊടു കണ്ടിടുന്നു മായം
പരിണതകദളീഫലങ്ങൾതന്നിൽ
പെരിയ കുതൂഹലമുള്ളിലുള്ള മൂലം
ഹരിമുഖരഖിലാമരേശ്വരന്മാർ
പരിചൊടു വന്നിഹ വാണിടുന്നു മന്നിൽ
നലമൊടു നനനേന്ത്രവാഴതൻ നൽ-
ക്കുലകൾ നിറച്ചു പഴങ്ങൾ കണ്ടുകൊൾവിൻ
ചിലരിതു കരിയാതെ ചുട്ടുതിന്നും
ചിലരിതിനാൽ പ്രഥമൻ വരട്ടിവെയ്ക്കും.
വലിയൊരു തിരുവോണമാം മഹത്തിൻ
നില നിരുപിയ്ക്കുകിലിപ്പഴംനുറുക്കിൽ
ഫലമിതു തിരുവാതിരോത്സവശ്രീ-
വിലസണമെങ്കിലുടൻ വറുത്തിടേണം.
പരമഴകിയ കേരളത്തിലേയ്ക്കായ്
സുരപതി വാഴ തെളിഞ്ഞിതേകിപോലും
സ്ഥിരതരമതുകൊണ്ടിതിപ്പൊഴും കേൾ
പരവസുധാവലയത്തിലുത്ഭവിയ്ക്കാ.
ഫലമിതു മദമാര്‍ന്ന കൊമ്പനാന-
ത്തലവനെഴുന്ന തടിച്ച കൊമ്പുപോലെ
അലസത കലരാതെ കാണ്മവര്ക്കേ
ഫലമുളവായ്വരു കണ്ണുകൾക്കു നൂനം.
രുചിരഫലദമാം പടറ്റി കണ്ണൻ
രുചിഗുണമുള്ള പഴങ്ങൾ പൂണ്ട പൂവൻ
ഉചിതമിതി വിചിത്രപത്രരംഭാ-
രചിതമഹാപ്രഭമി നൃപന്റെ തോട്ടം
ചില കുലകളിലായിരത്തിലേറും
ഫലമതിവിസ്മയമെന്തിതോര്ത്തിടുമ്പോൾ
ഛലരഹിതമിവയ്ക്കിവണ്ണമെണ്ണം
നലമൊടു വണ്ണവുമുണ്ടു വേണ്ടുവോളം.
ഒരുപറയരി നന്മയോടു വെയ്ക്കു-
ന്നുരുളികണക്കെയെഴുന്ന ചേന കാണ്‍കെ
ഗുരുതയധികമാകകൊണ്ടു പൊക്കി-
ല്ലൊരുവനുമിന്നിതു പാര്ക്കിലെത്രചിത്രം.
അറിയുവിനിഹ ചേന പച്ച തൊട്ടാൽ-
ച്ചൊറിയുമിതെങ്കിലുമെന്തു പിന്നെ വെന്താൽ
കറികളിലതിരമ്യമാം രസത്തെ-
ച്ചിറിയെവനും വരുമായ ചേര്‍ക്കുമല്ലോ.
മിഴി ചെയ്തതു മിഴിച്ചു കാണ്ക ചേന-
ക്കുഴികളിവറ്റകൾ നൽക്കുളങ്ങൾപോലെ
ഒഴുകിടുമമിതാത്ഭുതാബ്ധിമദ്ധ്യേ
മുഴുകിടുമേവനുമിന്നിതൊന്നു കണ്ടാൽ.
ഫലഗുണഗണമോര്ത്തു ലോകർ വാഴ്ത്തും
പല ബൃഹതീനികരങ്ങൾ ഭംഗിയോടേ
നലമൊടുടലിലത്ര കണ്ടകൌഘ-
ച്ഛലമൊടു നൽപുളകങ്ങൾ പൂണ്ടിടുന്നു.
ഇഹ സകലവുമൊട്ടു കാക്കുവാനോ
വിഹരണകൌതുകമോടു ചാടുവാനോ
ബൃഹതികൾ നിജസൽഫലച്ഛലത്താൽ
വിഹതവിളംബമെടുത്തിടുന്നു ചാപം.
പലപല മരമേറി നല്ല ഭംഗ്യാ
വിലസിന കുമ്പളവള്ളിതന്നിലെല്ലാം
ഫലഗണമിഹ കാണ്ക ശൈവതുല്യം
നലമൊടു ഭസ്മമണിഞ്ഞിടുന്നു മെയ്യിൽ.
തിറമൊടു പല മത്തവല്ലിയിൽ പൊൻ-
നിറമൊടു മൂത്തു പഴുത്ത സൽപ്ഫലൌഘം
കുറവുകളണയാതെ കാണ്ക പൊന്നിൻ-
നിറകലശങ്ങൾ നിരത്തിവെച്ചപോലെ.
കടമിഴികൾ മിഴിച്ചു കാണ്ക, ഭൂമീ-
തടമതിൽ വെള്ളരിവല്ലിതൻ ഫലൌഘം
ഇടചെറുതുപെടാതെ രക്തവര്‍ണ്ണം
തടവിയ പട്ടുറുമാൽ വിരിച്ചപോലെ.
നിരുപമഗുണമുള്ള കക്കരിയ്ക്കു-
യ്ക്കൊരു കുറവില്ലിവിടത്തിലോര്ത്തിടുമ്പോൾ
സുരുചിരമിതുപോലെ മറ്റു വല്ലീ-
ഗുരുഫലസംഘവുമുണ്ടു കണ്ടുകൊൾക.
വിരിവധികമിയന്ന പന്തൽതൻമേൽ
പരിചൊടെഴുന്ന പടോലവള്ളിതോറും
പെരിയ ഫലഗണങ്ങൾ തൂങ്ങിടുന്നൂ
ഹരി! ഹരി!! മുട്ടുകളിട്ടപോലെ കാണ്ക.
ഉരുതരരുചി ഭോജനത്തിനേകും
സുരുചിരകയ്പലതാഫലങ്ങൾ കാണ്ക
ഒരുദിനമിതുകണ്ടു "ചേല”വിപ്രൻ
വിരുതൊടു വാഴ്ത്തി വരുത്തിപോൽ കരത്തിൽ
പുളകമൊടതിഭോജനേച്ഛയുണ്ടാം
മുളകിതിനുള്ള ഗുണങ്ങളോര്ക്കിലാര്ക്കും
കളമൊടിതിനു “കപ്പ''ലെന്നു നാമം
മുളകിതു കപ്പൽവഴിയ്ക്കു വന്നമൂലം.
തെരുതെരെയൊരുപാടു മക്കളുണ്ടാ-
യ്വരുമരമീമുളകിന്നതൊന്നുമൂലം
കുരുകുലപതിമാതൃനാമധേയം
വിരുതൊടിതിന്നു കൊടുത്തുപോൽ മഹാന്മാർ,
മുളകുകൾ പലജാതിയിങ്ങു നില്പു-
ണ്ടളവുവെടിഞ്ഞ ഫലങ്ങളോടുകൂടി
പ്രളയജലധിപോലെ നല്ല സാമ്പാർ
മുള കിവകൊണ്ടിഹ വേണമെങ്കിൽ വെയ്ക്കാം.
നിരവധിഗുണമുള്ള വെട്ടുചേമ്പിൻ
നിരയിവിടത്തിൽ വിളങ്ങിടുന്നു പാരം
ഹര! ഹര!! രുചി ഭക്ഷണത്തിനേകാൻ
പരമിതിനെന്തുപടുത്വമോര്ത്തിടുമ്പോൾ.
സുധയൊടെതിരിടുന്ന സുന്ദരീണാ-
മധരഗുണം കലരുന്ന ചീര കാണ്‍കെ
അധനനുമിതുകൊണ്ടു ഹന്ത! നാനാ-
വിധമിഹ നൽക്കറിവെച്ചു കൂട്ടിടുന്നു.
പയറിഹ പലജാതിയുണ്ടിതോര്ത്താൽ
വയറിനിടം ചെറുതെന്നു ലോകർ കേഴും
പ്രിയതരമിതു വാങ്ങുവാൻ സമസ്ത-
വ്യയമുടനേ തടവറ്റു ചെയ്യുമല്ലോ.
മുതിരയിടനിറഞ്ഞു കായ പൂണ്ടി-
ങ്ങതിരസമേവനുമേകി നിന്നിടുന്നു
ക്ഷിതിയിതിലിതിനാൽ പുഴുക്കുവെയ്ക്കും
മതിതെളിയുംപടി കഞ്ഞിയുള്ള കാലേ.
ഫലഭരമിടതിങ്ങുമായ കൈക്കൊ-
ണ്ടുലകിതിലേറ്റമുഴുന്നു നിന്നിടുന്നു
പലതിനിതു വറുത്തിടാൻ വിശേഷം
പല പലഹാരഗണത്തിനും തഥൈവ.
കിമപി പെരിയ പന്തലിൽ പടര്‍ന്നു-
ള്ളമര,ഫലങ്ങളനന്തമേന്തിടുന്നു
അമരജനമിതാഗ്രഹിക്കമൂലം
ക്രമമൊടിതിങ്ങമരയ്ക്കയായ് ഭവിച്ചൂ.
തല കിമപിച താണിടും പ്രകാരം
ഫലഭരമൊത്തിഹ "തോര" നിന്നിടുന്നു
പലഗുണമിതിനുള്ളതോര്ത്തു വായിൽ
ജലമൊഴുകും മനുജര്‍ക്കു; നാവു തോരാ.
ത്രിനയനതനയോദരത്തെ വെന്നി-
ങ്ങനവരതം വിലസും കിഴങ്ങു കാണ്‍കെ
കനമധികമെഴുന്നിതൊന്നു പൊക്കാ-
നനവധിയാളുകളൊത്തുകൂടിടേണം.
വിഷം പെരുത്തുള്ളഹിവൃശ്ചികാദിതൻ
വിഷം, ഹരിയ്ക്കും പരമൗഷധങ്ങളും
കഷണ്ടിപോക്കുന്ന മഹൌധഷങ്ങളും
വിഷണ്ണഭാവം കലരാതെ കാണ്‍കെടോ.
ചൊല്ലാര്‍ന്ന പുഷ്പനവപല്ലവകോരകാദി
യെല്ലാം നിറഞ്ഞ തരുവല്ലികൾ സംഖ്യയെന്യേ
ഉല്ലാസമോടിനിയുമുണ്ടിവിടത്തിലെല്ലാം
ചൊല്ലാനസാധ്യമതിനോ യുഗമൊന്നു വേണം.
ചേണാര്‍ന്നിടും മഹീവല്ലഭനുടെ വലുതാ-
യീടുമിത്തോട്ടമെല്ലാം
കാണാനോരായിരം കണ്ണിഹ മമ തരണം
പത്മജൻ ഛത്മമെന്യേ
വീണാഗ്രന്ഥാക്ഷമാലാങ്കിതകരതലയാം
വാണി ജിഹ്വാഗ്രദേശേ
വാണാൽ കൊള്ളാമിതിന്നുള്ളമിതഗുണഗണം
തെല്ലുടൻ ചൊല്ലുവാൻ മേ.
ഇങ്ങിനെ "ഗോശ്രീശാദിത്യചരിതത്തിൽ
വ്യവസായനിദര്ശനമെന്ന
രണ്ടാംസര്‍ഗ്ഗം കഴിഞ്ഞു.
മൂന്നാം സര്‍ഗ്ഗം
കൊണ്ടാടിയിങ്ങിനെ മഹാത്ഭുതമായുരച്ചു-
കൊണ്ടാജ്ജനങ്ങളവിടത്തിൽ നടന്നിടുമ്പോൾ
കണ്ടാർ പരം പണിയെടുക്കുമൊരുത്തനെ, കൺ-
കൊണ്ടാശായ കൊടിയ കൌതുകമോടുകൂടി.
വെട്ടും ലതാതരുഗണങ്ങളവൻ ചിലപ്പോ-
ളൊട്ടും കളങ്കമണയാതെ പരം കിളയ്ക്കും
കെട്ടും ചിലപ്പൊളലയും ചിലതാഞ്ഞു തട്ടി
മുട്ടും ചിലപ്പൊളവിടെപ്പലതും നനയ്ക്കും
ഉല്ലാസമാര്ന്നവിടെയപ്പുരുഷൻ വേല-
യ്ക്കെല്ലാറ്റിനും നിയതമുണ്ടധികം വിശേഷം
വല്ലാത്ത വിസ്മയരസാലതു കണ്ടുകൊണ്ടു
തെല്ലാജ്ജനങ്ങൾ പരമങ്ങിനെ നിന്നുപോയി.
ശ്രീരാജമാനതനുവുള്ളവനോടു പിന്നീ-
ടാരാലണഞ്ഞിവർ തെളിഞ്ഞു പറഞ്ഞു കിഞ്ചിൽ
ആരാണയേ! ഗുണമെഴുന്ന ഭവാനിദാനീം
നേരായ്ക്കഥിച്ചിടുക ഞങ്ങളൊടാദാരണ.
എന്താദരാൽ പറക, മാമകതത്വബോധാ-
ലെന്താണു് സാധ്യമവിടയ്ക്കതിനായ് ശ്രമിക്കാം
പന്തിയ്ക്കവന്റെ മൊഴിയിങ്ങിനെ കേട്ടു തെല്ലു
ചിന്തിച്ചുനിന്നവനൊടായവർ ചൊല്ലി മെല്ലെ.
ബോധിച്ചുകൊൾക പരമിപ്പരിഷയ്ക്കു ശേഷം
സാധിച്ചിടേണമിഹ ഭൂപതിദര്ശനം കേൾ
ബോധിച്ചുകൊൾവിനിഹ നിങ്ങൾ നൃപാവലോകം
സാധിച്ചുവെന്നു പരമെന്തിനതിന്നു യത്നം
ഇന്നാ മഹീപതിവരന്റെ വിലോകനത്താൽ
നന്നായ്പ്രയോജനമുരയ്ക്കുവിനെന്തിദാനീം?
എന്നായവന്റെ മൊഴികേട്ടുടനേ ജനങ്ങ-
ളൊന്നായി പറഞ്ഞു നൃപദര്ശനസാദ്ധ്യമര്ത്ഥം.
വാട്ടം വിനാ ഗുണഗണങ്ങളിവണ്ണമൊക്കാൻ
തോട്ടങ്ങളിപ്പൊഴുതിലെപ്പടിനോക്കിടേണ്ടു?
കോട്ടം കളഞ്ഞതു സമസ്തകൃഷിയ്ക്കുമുള്ള
നോട്ടം തികഞ്ഞ നൃപനോതിയറിഞ്ഞിടേണം
ഹന്തായതിന്നു പുനരെന്തിനു ഭൂമിനാഥൻ
ഞാൻതാനുരപ്പനുട,നിക്കഥ കേട്ടുകൊൾവിൻ
ശാന്താശയൻ കൃഷിയിലുൾക്കടവാഞ്ഛമൂലം
ഭ്രാന്തായ മട്ടൊരുവനിങ്ങുളവായി മുന്നം
അക്ഷാമമായവനുടൻ കൃഷികൊണ്ടു കോടി-
ലക്ഷാധികം പവനു നായകനായ് ഭവിച്ചു
യക്ഷാധിരാജനിവനോടു തിരക്കുകൊണ്ടാ-
ബ്ഭിക്ഷാടനപ്രണയിതൻ സഖിയായി വാണു.
ചൊല്ലാര്ന്നനന്തരവരാകുമവര്ക്കു മോഹ-
മില്ലാ കൃഷിയ്ക്കു, ലവലേശമഹോ!; ധനത്തിൽ
നില്ലാതെയുണ്ടു കൊതി,യക്കഥ ചിന്തചെയ്തു
വല്ലാത വാച്ചു പരമായവനാധി ചിത്തേ.
മട്ടും മനസ്സൊടവനങ്ങു കൃഷിയ്ക്കു മോഹം
തട്ടുന്നതിന്നു പല വിദ്യയെടുത്തുനോക്കി
ഒട്ടും ഫലം തദനു കണ്ടതുമില്ല; മണ്ണു-
വെട്ടുന്നതിൽ കുറവനന്തരവര്ക്കു തോന്നി.
വാഞ്ചേതരം തനു വിയര്ത്തിഹ മണ്ണു വെട്ടാൻ
ഞാൻ 'ചേന്ന,നല്ല, 'ചെരകണ്ട'നുമല്ല പാര്‍ത്താൽ
തഞ്ചത്തിലിങ്ങിനെ നിനച്ചു മഹാഭിമാന-
ത്തുഞ്ചത്തിരിയ്ക്കുമവർ തൽകൃഷിവേല വിട്ടൂ.
കാര്ന്നോർ കിളയ്ക്കുമളവിൽ പരിഹാസഹാസ-
മാര്ന്നോരനന്തരവർ നെറ്റി ചുളിച്ചു നോക്കും
ചേര്‍ന്നോരു വേലകളെടുക്കുകയാൽ മിനുത്തു
വാര്‍ന്നോരു മെയ്യെഴുമവന്നൊരു ദീനമില്ല.
ശീലത്തിനൊത്തു നറുനെയ്യൊരുപാടു വീഴ്ത്തി
കാലത്തു കഞ്ഞി ചെറുചൂടൊടവൻ കുടിയ്ക്കും
വൈലേറ്റുമേതുമഴയേറ്റുവമവൻ കിളയ്ക്കും
മൈലേശമെങ്കിലുമവന്നു കഴയ്ക്കയില്ല.
കള്ളിന്റെ ഗന്ധമവനേൽക്കുകയില്ല, നൽക്കാ-
രെള്ളിന്റെയെണ്ണ കുറവെന്നിയെ തേയ്ക്കുമെന്നും
കൊള്ളില്ല വൈലു മഴ മഞ്ഞിവയെന്നതില്ല
ഭള്ളില്ലവന്നു കൃഷിവേലകളത്ര ചെയ്യാൻ.
കഷ്ടിച്ചു മുട്ടു മറിയുംപടി നീണ്ടുരുണ്ടു
പുഷ്ടിപ്പെടും ഭുജ,മുരസ്സധികം വിശാലം
മുഷ്ടിക്കൊതുങ്ങുമര, വൻകൃഷിവേല ചെയ്വാൻ
സൃഷ്ടിച്ചതാണവനെഴും തനുവെന്നു തോന്നും.
ഖണ്ഡിച്ചിടാൻ വിഷമുള്ളൊരു മുട്ടിയൊട്ടും
ദണ്ഡിച്ചിടാതവനഹോ! തരാമോടു കീറും
മണ്ണൂക്കിൽ വെട്ടിയിളകുന്നവിധം കിളച്ചാൽ
വെണ്ണീറതെന്നു പറയും ബഹുലോകരെല്ലാം.
ഏവന്ന വേഗമൊടവൻ കപിയെന്ന പോലെ
കേരം മഹാവിഷമമായ മരത്തിലെല്ലാം
കൂറള്ള നായ്ക്കുളവനുണ്ടു പരം പറമ്പു
തോറും സമസ്തമവിടെച്ചൊടിയോടു കാപ്പാൻ.
തെറേറന്നവന്നെഴുമുരുക്കൾ തടിച്ചു നിൽക്കും
പെറ്റമ്മ പോാറി മരുവുന്ന ശിശുക്കൾപോലെ
ക്ലേശാൽ കുഴങ്ങുകിലുമായവ വേല ചെയ്യു-
മാശാൻ ശിക്ഷയിലമന്നൊരു ശിഷ്യർപോലെ.
വമ്പിച്ച പോത്തു, വൃഷമെന്നിവ ലോകമേറ്റം
കമ്പിച്ചിടുംപടി മദിച്ചു കയര്ത്തിടുമ്പോൾ
മുമ്പിൽ ജവത്തൊടവനോടിയണഞ്ഞവാറിൻ
കൊമ്പിൽ പിടിയ്ക്കുമുടനപ്പൊഴുതൊക്കെ നില്ക്കും.
വാട്ടത്തിനാൽ തൃണവുമൊട്ടുമുളച്ചിടാത്ത
പൊട്ടപ്പറമ്പുകളവന്റെ വശത്തിൽ വന്നാൽ
ചട്ടറ്റ തെങ്ങുകൾ കവുങ്ങുകളെന്നിതെല്ലാ
മൊട്ടല്ലതിങ്കൽ നിറയും വില കൂടുമേറ്റം.
പെട്ടെന്നു നല്ല രസവാദികരത്തിൽ വന്ന
ചട്ടറ്റിരുമ്പുടനെ ഹാടകമാം വിധത്തിൽ
പൊട്ടപ്പറമ്പുകളവന്റെ കരത്തിൽ വന്നാൽ
മട്ടപ്പൊൾ മാരമതിശോഭനമായ്ഭവിയ്ക്കും.
തേക്കിന്നിവൻ നിപുണനാണു കുടം പിടിച്ചു
ലാക്കിത്തരുക്കളെ നനച്ചതിനേറെ വമ്പൻ
പൊക്കും ചിലേടമഥ, താത്തിടുമന്യഭാഗ-
മൊക്കും ഫലം ദൃഢമവന്റെ ഗുരുപ്രയത്നാൽ.
ഉണ്ടായ്വരുന്നു ചില ഭൂമിയിൽ വൈലിനാൽ കേ+
ടുണ്ടാകുമന്യഭുവി കേടു ജലം നിമിത്തം
കിണ്ടം പിണച്ചിലിനിയുണ്ടു കൃഷിയ്ക്കവന്റെ
കണ്ടം പറമ്പുകളിലില്ലൊരു കേടുമെങ്ങും.
ചീര്‍ക്കും കൃഷിപ്പണിയിലേതൊരു വിദ്യകൊണ്ടു-
മാര്‍ക്കും ദൃഢം കഴികയില്ലവനെച്ചതിപ്പാൻ
ഓര്ക്കാവതല്ലതു; കൃഷിപ്പണിയുള്ള കൂലി-
ക്കാര്ക്കാകവേ പരമവൻ ഗുരുനാഥനല്ലൊ.
കോര്‍ട്ടിൽ പെടും വികടദുർഗ്ഘടകാര്യമെല്ലാം
പാട്ടിൽ ഭരിപ്പവനവൻ; മതിമാൻ നയജ്ഞൻ
നാട്ടിൽ പലര്ക്കുമുപകാരി, ദയാദ്രചിത്തൻ
വീട്ടിൽ സുഖം സകലപേര്ക്കുമവൻ വരുത്തി.
നിത്യം വെടിപ്പുമതി വൃത്തിയുമുണ്ടവന്റെ
കൃത്യങ്ങളിൽ സപദി പാന്ഥജനത്തിനായി
അത്യന്തസൌഖ്യകരമായശനാദി നൽകും
സത്യം നിനയ്ക്കിലവനാം ഖലു "ദുന്തുമാരൻ'.
ഈമാതിരിയ്ക്കഖിലസൽഗുണവും തികഞ്ഞു-
ള്ളാമാനുഷന്നു പുനരുണ്ടൊരു ഖേദമുള്ളിൽ
രാമാജനം സദസി വാഴ്ത്തുമനന്ത്രവര്ക്കു
ഭീമാഭിമാനകൃതമാകിയ ദോഷമൂലം.
സല്ലീലയോടുമഥ നൽഘനഭാവമോടും
ചൊല്ലീ തനിച്ചവരൊടായവനര്ത്ഥതത്വം
ചൊല്ലിച്ചു മറ്റു ചില നല്ല ജനങ്ങളേക്കൊ-
ണ്ടില്ലിത്തിരിയ്ക്കുഫല,മേറ്റമവൻ കുഴങ്ങീ.
വ്യായാമമൊക്കെയുമൊഴിച്ചൊരനന്ത്രവര്ക്കു-
ണ്ടായാര്ത്തി ദുഷ്പ്രഭുത ചേര്ത്തഭിമാനമൂലം
പ്രായം കടന്നവിധമായി, ബലം കുറഞ്ഞും
കായം വിളര്‍ത്തു, വളുസത്തടി വന്നുകൂടി.
പേയാദിയിൽപ്പരമറപ്പിഹ ചൂടുകാപ്പി-
യായാലതീവരസമിങ്ങിനെ സാഭിമാനം
ആയാസമെന്നിയെ രസിയ്ക്കുമനന്ത്രവന്മാർ
മായാവിഹീനമുരുരോഗികളായ്ചമഞ്ഞൂ.
നീങ്ങില്ലൊരിയ്ക്കലുമൊരുത്തനു നീരിളക്കം
പാങ്ങില്ലൊരുത്തനൊരു മുണ്ടു പിഴിഞ്ഞുടുപ്പാൻ
വീങ്ങിത്തുടങ്ങുമൊരുവന്നടിയെണ്ണ തേച്ചാ-
ലേങ്ങിത്തുടങ്ങുമപരൻ പടി കേറിയാലും.
ചൊല്ലാര്‍ന്ന ശീമയിലെഴും പുതുതായ വേഷ-
മുല്ലാസമോടു കലരും നൃപമന്ത്രിവര്ഗ്ഗം
സല്ലീലയോടണകിലാപ്പൊഴനന്ത്രവന്മാർ
ചൊല്ലീടുമങ്ങു കുശലം; ബത! സൽകരിയ്ക്കും.
സത്തൻ ദയാര്ദ്രമതി കാരണവൻ നിനച്ചു
ചിത്തം തെളിഞ്ഞു പതിവിട്ടൊരു ശമ്പളങ്ങൾ
കൃത്യം പിഴച്ചിടുമനന്ത്രവരത്ര പോരാ-
ഞ്ഞത്യന്തതാപസഹിതം ചിലതേവമോർത്തു.
"ചെട്ടിയ്ക്കു പുല്ലുവില നൽകണ,മെന്റെ ശീമ-
പട്ടിയ്ക്കു ചങ്ങലയഹോ! കടമായി വാങ്ങി
മുട്ടിയ്ക്കുമേ കസവുവേഷ്ടിവിലയ്ക്കു, ലോകം
ഞെട്ടിയ്ക്കുമൊച്ചയൊടു പട്ടരതീവ ദുഷ്ടൻ.
കുട്ടിയ്ക്കു വൻപനി,യതിന്നു വരുത്തുമൈസ്സു-
കട്ടിയ്ക്കു നിത്യമൊരുപാടിഹ വേണമര്തഥം
കെട്ടിച്ച കമ്മലിനു കേടു ഭവിച്ചു; നാണി-
ക്കുട്ടിയ്ക്കു നാണ,മതിടാതവൾ നേരെ നോക്കാ.
പീസ്സിന്നു പോര ധന,മെന്തിഹ വേണ്ടു പത്താം-
ക്ലാസ്സിൽ പഠിച്ചിടുമവന്റെ പരീക്ഷയായി
കേസ്സിൽ ജയം വരണമെങ്കിലുടൻ പലർക്കും
കീസ്സിൽ കൊടുക്കണമെടുത്തു ചുവന്ന നാണ്യം”.
ചൊല്ലാര്‍ന്ന കാര്ന്നവരുമീയഭിമാനദോഷം
നില്ലാത വാച്ചിടുമനന്ത്രവരും തദാനീം
വല്ലാതകന്ന ഹൃദയങ്ങളൊടൊത്തു വാണാ-
രുല്ലാസമെങ്ങിനെ ഭവിച്ചിടുമേവമായാൽ.
കാലം കഴിഞ്ഞു ചിരമീവിധ,മപ്പൊളന്ത്യ-
കാലം ഭവിച്ചു ബത! കാര്ന്നവനെത്ര കഷ്ടം!
മാലങ്കുരിച്ചിടുമനന്ത്രവരാശു വൻദു-
ശ്ശീലം വിടാനുടനവൻ പണിയൊന്നെടുത്തു.
കട്ടിൽ കിടന്നിടുമവൻ നെടുവീര്‍പ്പു വല്ലാ-
തിട്ടിഷ്ടഭാവമൊടുമന്തിവരേ ക്രമേണ
കെട്ടിപ്പിടിച്ചു പലതും പലമട്ടിലോര്ത്തു
പൊട്ടിക്കരഞ്ഞു മിഴിനീരൊഴുകുംപ്രകാരം.
ഉൾക്കാമ്പിലത്തലൊടു കാരണവൻ കരഞ്ഞു
നിൽക്കാത ശോകമൊടനന്ത്രവരും കരഞ്ഞു
തൽകാലമഗ്ഗുണമെഴും തറവാട്ടിലുള്ളാർ
മുക്കാലുമുൽക്കടവത്തോടുടൻ കരഞ്ഞു.
ധൈര്യം പിടിച്ചു പുനരപ്പൊഴനന്ത്രവന്മാർ
കാര്യം നിനച്ചു വളരുന്നഴലൊന്നൊതുക്കി
ആര്യസ്വഭാവമൊടു സര്വ്വകൃഷീവലേന്ദ്രാ-
ചാര്യപ്രസിദ്ധഗുരുവാമവനോടു ചൊന്നാർ.
"എന്താണയേ! ബത! ഭവാൻ കരയുന്നതിപ്പോ-
ളെന്താകിലും പറക, നിൻകൃപയുള്ള ഞങ്ങൾ
സന്താപമാസകലവും കളയാം; ഭവാന്റെ
ചിന്താവിഷാദമിതു ഹന്ത! കളഞ്ഞുകൊൾക.
ഹേ രാജരാജസമ! ചൊൽകഴലെന്തിനര്ത്ഥം
പോരാ നിജപ്രിയതമയ്ക്കു കൊടുത്തതെന്നോ?
ധീരാഗ്രഗണ്യ! തരസാ തവ രോഗശാന്തി-
ചേരാൻ നടത്തിടണമുൽക്കടധര്മ്മമെന്നോ?
ജ്ഞാനംതരും പല പുരാണവുമാദരാല-
ന്യൂനം പഠിച്ച ഭഗവൽ പദഭക്തമൌലേ!
മാനം വെടിഞ്ഞു വഴിയേറെ നടന്നു ഗംഗാ-
സ്നാനം കഴിച്ചൊരു ഭവാനിനിയെന്തു പാപം.
ശ്രീഹംസമന്ത്രജപസിദ്ധി വരുത്തി മായാ-
മോഹം വെടിഞ്ഞു വിലസുന്ന ഭവാനിദാനീം
ആഹന്ത! നൽപഴയമുണ്ടു വിടുന്ന പോലെ
ദേഹം വിടുന്നതിലുമെന്തു മമത്വമുള്ളിൽ.
ഉണ്ടോ രുചിക്കുറവു? ചൊൽക; വയറ്റിൽ നോവ-
ങ്ങുണ്ടോ? ശിരോഹൃദയപാര്ശ്വലലാടശൂലം
ഉണ്ടോ? കഴപ്പിഹ; ഭവാൻ കരയുന്നതേവം
കണ്ടോര്മ്മയില്ലൊരുവനും ബഹു ധൈര്യശാലിൻ!
വല്ലാത്ത വൃദ്ധത വരുത്തിയ കേടു കൂടാ-
തില്ലാ ഭവാനു ഗദമിപ്പൊഴുമൊന്നുപോലും
ചൊല്ലാൻ ഭവാനു ദൃഢമില്ല തടസ്ഥ,മോര്‍മ്മ-
യ്ക്കില്ലാ കുറച്ചിലധികം; കരയുന്നതെന്തോ".
ഓരോതരത്തിലവരിങ്ങിനെ ചൊല്ലിടുമ്പോൾ
നീരോഗനായ്മരുവുമക്കിഴവൻ പറഞ്ഞാൻ
"നേരോര്ക്കിലിപ്പൊഴിവനോര്മ്മ നശിയ്ക്കയാലാ-
ണീരോദനത്തിനിടവന്നതറിഞ്ഞു കൊൾവിൻ.
അഞ്ചാതെ കേൾപ്പിനിവനിപ്പൊഴുതുള്ളിലുള്ള
സഞ്ചാരമിന്നവിധമെന്നു പറഞ്ഞുകൂടാ
അഞ്ചാറു നാളതു സഹിച്ചു കഴിച്ചുകൂട്ടി
നെഞ്ചാകെ വെന്തുരുകിടുന്നു നമുക്കിദാനീം.
നില്ലാതകണ്ടുടനെ നിങ്ങളനന്ത്രവന്മാ-
രല്ലാതയുള്ളവരശേഷവുമങ്ങു പോട്ടേ
ചൊല്ലാം മദീയ പരിതാപനിമിത്തമിപ്പോ-
ളെല്ലാ,മടുത്തു വരുവിൻ, മതിവെച്ചു കേൾപ്പിൻ”.
മുത്തൻ പറഞ്ഞ മൊഴിയിങ്ങിനെ കേട്ട ശേഷം
ചിത്തം തെളിഞ്ഞവരശേഷമടുത്തു ചെന്നു
അത്തവ്വിലായവരൊടോതി, കൃഷിവലന്മാർ-
ക്കുംസമാകുമവനേവമുരുപ്രരൂഢം.
"എല്ലാപ്പറമ്പുകളിലും പുനരെന്റെ കണ്ട-
മെല്ലാറ്റിലും നിധികൾ വെച്ചവനാണഹോ! ഞാൻ
ഉല്ലാസമോടഴകെഴും നിധിയായതിങ്ക-
ലെല്ലാറ്റിലും പഴയ കാശൊരു കോടിയുണ്ടാം.
ഓരോ പറമ്പിൽ നിധിയുണ്ടൊരു നൂറുവീത-
മാരോടുമീ വിവരമന്നുരിയാടിയില്ല
നേരോടു ചൊൽവതിനിനിയ്ക്കുമതോർമ്മയില്ലീ-
ന്നീരോദനം ഫലമൊടുക്ക, മിവണ്ണമായി.
വൻനോട്ടമുള്ള കിഴവന്റെ വചസ്സു കേട്ടു
പിന്നോട്ടു മാറിയവർ നിന്നു കുറച്ചു നേരം
കൺനോട്ടമിട്ടു ചില മന്ത്രമുരച്ചു തമ്മിൽ
മുന്നോട്ടുതാനുടനെ ചെന്നു പറഞ്ഞു മന്ദം.
"മങ്ങുന്നതെന്തിനു ഭവാനിതു കാരണത്താൽ
തിങ്ങുന്ന താപമൊടിനിക്കരയേണ്ട തെല്ലും
അങ്ങുന്നു വെച്ച നിധി ഭൂമികിളച്ചു താത്തി-
പ്പൊങ്ങുന്ന വേഗമൊടു ഞങ്ങളെടുത്തുകൊള്ളാം"
"നാട്ടാരിലന്യനൊരുവൻ പരമീയുദന്തം
കേട്ടാലനർത്ഥമുളവാം നിധി കാണ്കയില്ല
കോട്ടം വിനാ മൃദുശരീരികൾ നിങ്ങൾതന്നെ
വാട്ടം വെടിഞ്ഞവനിയെങ്ങിനെ താഴ്ത്തുമോർത്താൽ??.
"ഒട്ടും ഭവാനിതു നിനച്ചു തപിച്ചിടേണ്ട
കിട്ടുന്നതിങ്ങു വിധിവെച്ച ഘടങ്ങളല്ലേ?
മട്ടുന്നതല്ല ഹൃദയം ക്ഷിതി ഞങ്ങൾതന്നെ
വെട്ടും ക്രമാലതുവഴിയ്ക്കു മറിഞ്ഞുകൊൾക"
"നന്നായ്ക്കിളയ്ക്കുമഴകേറിയ നിങ്ങൾ തന്നെ-
യെന്നാൽ ജനങ്ങളതുകണ്ടു ഹസിയ്ക്കുമേറ്റം"
വന്നീടുമോ നിധിയെടുത്തിടുമപ്പൊളേകൻ
കൊന്നിടുമായവനെയങ്ങൊരുവൻ കടന്നാൽ??
"ശീലിച്ചിടാത്തവർ കിളയ്ക്കു കിൽ മേനി വാടും
ശീലിച്ചിടുമ്പോളതുമാമുടൻ ക്രമത്താൽ"
മാലിത്തരം ഹൃദി ഭവാൻ കരുതേണ്ട ഞങ്ങൾ
മേലിൽ തെളിഞ്ഞു കൃഷിവേലയെടുക്കുമെല്ലാം".
ഈമട്ടു തമ്മിലവർ ചൊല്ലിയുറച്ചു പാരം
പ്രേമത്തിൽ മുങ്ങി പരമായവരാശ്വസിച്ചു
ക്ഷേമത്തിനുള്ള വഴിയേവമവൻ വരുത്തി
കേമത്തമുള്ളവനു പാർക്കുകിലെന്തസാദ്ധ്യം?
പോയാറുനാളഥ പരം വെളിവോടുകൂടി-
ട്ടായാസമെന്നിയെ മരിച്ചു കൃഷീവലേന്ദ്രൻ
ന്യായാനുരോധമഥ ചെയ്തു പരേതകാര്യം
മായാവിഹീനമഴൽതേടുമനന്ത്രവന്മാർ.
ശങ്കേതരം പൊടിപൊടിച്ചടിയന്തരം നൽ
കെങ്കേമമായഥ കഴിച്ചു വിധിച്ചപോലെ
വങ്ക പ്രഭുത്വമവർ വിട്ടുടനേ കിളച്ചു
തങ്കക്കുടങ്ങളെയെടുത്തിടുവാൻ തുനിഞ്ഞു.
വേറിട്ടു കർമ്മമവരൊക്കെ വെടിഞ്ഞു നേരം
കൂറിട്ടുകൊണ്ടഥ കിളച്ചുതുടങ്ങി മെല്ലെ
മാറിത്തുടങ്ങി ഗദമൊക്കെയവർക്കു പിന്നീ-
ടേറിത്തുടങ്ങിയുടലിന്നു ബലം ക്രമത്തിൽ.
കണ്ടം പഠമ്പിവ കിളച്ചൊരരയ്ക്കു താത്തി-
ക്കൊണ്ടങ്ങശേഷമവരാദരവോടു നോക്കി
കണ്ടില്ല തത്ര നിധിയൊന്നുമവർക്കു തെല്ലുൾ-
ക്കൊണ്ടില്ല ദുർഘടമിതെന്നുമടുപ്പൊരാൾക്കും.
ഓരാണ്ടുകൊണ്ടവർകൾ തങ്ങടെ ഭൂമിയെല്ലാം
പാരാതെയിങ്ങിനെ കിളച്ചു മറിച്ചു നോക്കി
പോരാ നിനയ്ക്കിലിഹ താത്തിയതെന്നിവണ്ണം
നേരായിനിനച്ചു പരമൊന്നരയാൾക്കുതാത്തി.
ചാരത്തിനോടു ശരിയായവിടത്തെ മണ്ണ-
ന്നേരത്തിലെന്തിനു വളം വെറുതേ സമസ്തം
വീരത്വമേവമവർതന്നുടൽ കല്ലുപോലെ
സാരത്വമാർന്നിതു പൃഥൈവരസായനങ്ങൾ.
കീഴ്പൊട്ടു നോക്കി; നിധിയങ്ങവർ കണ്ടതില്ല
മേല്പൊട്ടു നോക്കി, പുനരായവരാശ്വസിച്ചു
അപ്പോൾ കനത്ത നിധികുംഭഗണത്തെ വെൽവാൻ
കൊല്പൊത്തിടും വിവിധവൃക്ഷഫലങ്ങൾ കണ്ടു.
കൃഷ്ണൻ പറഞ്ഞ മൊഴിതൻ പരമാർത്ഥ, മൂഴി
കൃഷ്ണൻ വെടിഞ്ഞളവിലൊക്കെയറിഞ്ഞു പാർത്ഥൻ
കഷ്ണിച്ചു താനറിയണം ബഹുചിന്തചെയ്തി
ട്ടെത്തിച്ചുയർന്ന മതികൊണ്ടു മഹാവചോർത്ഥം.
അമ്മാമനോതിയതിനർത്ഥ മറിഞ്ഞു നന്നാ-
യമ്മാതിരിയ്ക്കഖിലവും മരുമക്കളെല്ലാം
അമ്മാമനേതുവഴിയാണതുതാൻ പിടിച്ചു
നിർമ്മായഭക്തി കലരുന്നവർ തെറ്റിടാതെ.
ധാരാളമായധനമവർക്കു സുഖിച്ചിരിപ്പാൻ
നേരായെ്കൊടുത്തു പരമാശ്രിതരാമവർക്കും
പോരായ്മയൊന്നിനുമഹോ! നഹി; വസ്തു വിട്ടു
പോരാനവർക്കൊരിടയില്ലതിയത്നമൂലം.
പിന്നെ കൃഷിയ്ക്കു ഫലമോർത്തു രസം പിടിച്ചു
സന്നദ്ധരായ് സതതമായവർ വേല ചെയ്തു
നന്നായവർക്കു ശരിയായൊരു ധന്യരന്നി-
ല്ലെന്നായിവന്നു; കൃഷിതന്നെ ധനൈകമൂലം.
കണ്ടം പറമ്പിവകളാശു ഗുണപ്പെടുത്താ-
നുണ്ടങ്ങവർക്കു വിരുതേറെ വിശേഷമായി
പണ്ടമ്പിനോടിതു നിനച്ചു മഹാജനങ്ങൾ
"കണ്ടപറമ്പ"നിതി നാമമവർക്കു നൽകി.
നേരാകുമോ കഥയിതെന്നു നിനച്ചു നിങ്ങൾ
പാരാതകണ്ടു പരമിപ്പൊഴുഴന്നിടേണ്ട
പാരം ഫലിയ്ക്കുമഴകേറിടുമിക്കഥാർത്ഥ-
സാരം ഗ്രഹിച്ചതുവഴിയ്ക്കു നടക്കിലാർക്കും. 75 42
ചേത്തീടണം നിയതമായ്വളമെന്നുവച്ചാ
ലോർത്തീടണം, വ്യയമനന്ത, മതിങ്ങസാദ്ധ്യം
പാർത്തീടുകിൽ ക്ഷിതിവിലേഖനമെന്ന കർമ്മം
ചീർത്തീടുമാത്മഭുജയുഗ്മബലേന സാദ്ധ്യം.
നന്നായഹോ! "കൃഷ് വിലേഖനെ" എന്ന ധാതു-
തന്നാൽ ജനിച്ചതിവിടെ "കൃഷി”യെന്ന ശബ്ദം
ഇന്നാകയാൽ കൃഷിവിലേഖനമെന്ന കർമ്മ-
മൊന്നാമതായ ഗുണമികൃഷികൾക്കു നൂനം"
കൊണ്ടാടുമാറു കഥയിങ്ങിനെ ചൊല്ലിയൊന്നും
മിണ്ടാതെ നിന്നു പരമസ്സുമഹാനുഭാവൻ
ഉണ്ടായ ദാ പരമമംഗളമമ്പലത്തിൽ
ഘണ്ടാമൃദംഗരവമൊത്തൊരു ശംഖനാദം.
പൊട്ടീ തലം വെടികൾ സത്യമിതെന്നു ചൊല്ലും
മട്ടിജ്ജഗത്തിൽ നിറയും ഘനനാദമോടേ
കൊട്ടി പെരുമ്പായവൻ നവമേഘനാദം
മട്ടീടുമാറുടനെ പിന്നെയുമേവമോതീ.
"കൃത്യങ്ങൾ വേണ്ടതലസാതെ നടത്തിടേണം
നിത്യം കൃഷിയ്ക്ക,ഥ കുളിച്ചു ഭുജിച്ചുകൊള്ളാം
നിത്യോദയൻ നിഖിലദിക്കിൽ നടന്നു സൂര്യൻ
കൃത്യോരുകാരിയിതസിന്ധുവിൽ മുങ്ങിടുന്നു.
ഛായാവരൻ ഖഗവരൻ നിജവേല നിർത്തി-
പ്പോയാനിതാ ബഹുഖഗാവലി പോയിടുന്നു
വ്യായാമി കർഷകവരൻ പണിയങ്ങു നിർത്തി-
പ്പോയാൽ കൃഷിപ്പണിയെടുപ്പവരെന്നപോലെ.
ആകെ ഭ്രമിച്ചു രവികർഷകനക്കരത്താൽ
പാകത്തിൽ വേണ്ട പണിചെയ്തു ഗമിച്ച ശേഷം
നാകദ്രമത്തിൽ വിലസുന്നിതു രക്തവർണ്ണ-
മേഘച്ഛലാലഴകെഴും നവ പല്ലവങ്ങൾ.
കക്കുന്ന ദുഷ്ടജനമുൽകടഭൂരിതേജ-
സ്സൊക്കുന്നവൻ മറകിൽ വന്നണയുംപ്രകാരം
അർക്കൻ മറഞ്ഞളവിതാ ജനദൃഷ്ടിയെല്ലാം
തക്കം വെടിഞ്ഞു കവരുന്നിരുൾ വന്നിടുന്നു.
വണ്ടെത്തൽ തേടുമസിതാഭയെഴും നഭസ്സാം
കണ്ടത്തിൽ വേണ്ട പണിചെയ്തിനകർഷകേന്ദ്രൻ
കുണ്ഠത്വമെന്നിയെ ഗമിച്ചു; തെളിഞ്ഞു കാണു-
ന്നുണ്ടത്ര താരഗണമായ നവാങ്കുരൌഘം.
മുാരം ഗുണാൽ വലിയ കർഷകനസ്തമിച്ചാൽ
മാറുള്ള കഷകരുടൻ തെളിയുന്നപോലെ
തെറ്റെന്നിയേ രവി മഹാദ്യുതിപോയ ശേഷം
തെറ്റന്നു ദീപനികരം തെളിയുന്നു മന്നിൽ.
സമ്പൽകരൻ വലിയ കർഷകനസ്തമിച്ചാൽ
സമ്പത്തിനേറിയ ബലം കുറയുന്നപോലെ
അംഭോജബന്ധുഭഗവാൻ ബത! പോകയാലി-
ണംഭോജിനിക്കിഹ ഭവിച്ച ഗുണം നശിച്ചു.
വമ്പത്തമുള്ള കൃഷിവേലയെടുത്തു ചേർന്ന
കമ്പത്തെ ലോകമിതിൽനിന്നകലെയ്ക്കു നീക്കാൻ
സമ്പന്ന സൗമ്യത കലർന്നുടനോഷധീശൻ-
തമ്പത്നി രാത്രിയിത വന്നണയുന്നു മന്ദം.
ചേണാർന്നവൻ കൃഷി നടത്തുമവർക്കു ചേരും
ക്ഷീണാദിവേഗമൊഴിവാക്കുമുറക്കമിപ്പോൾ
കാണാൻ കൊതിച്ചു സകലൌഷധിനാഥനാകു-
മേണാങ്കദേവനിത വന്നുയുരുന്നു ഭംഗ്യാ.
വായ്ക്കുന്ന സസ്യനിര തിന്നുവരും മൃഗൌഘം
പോകുന്നതിന്നുടനെ നായ വരുന്നപോലെ
ചിക്കും ജവാലുലകുമൂടി വരും തമിസ്രം
നീക്കുന്നതിന്നിഹ വരുന്നു നിശാധിനാഥൻ.
ഉള്ളം തെളിഞ്ഞു വിമലസ്ഫടികാഭമായ
വെള്ളം ധരിത്രിയിലൊഴിച്ചഥ ചൂടു പോക്കാൻ.
ഉള്ളിൽ കൊതിച്ചു നിശയാം വധു ചന്ദ്രനാകും
വെള്ളിക്കുടം വടിവിനോടിത പൊക്കിടുന്നു.
വാഞ്ഛാനുകൂലമധരത്തളിർ, കൊങ്കയാം കായ്
പൂഞ്ചായലാളികൾ പുഞ്ചിരിയായ പുഷ്പം
അഞ്ചാതകണ്ടിവകൾ ചേർന്ന വധൂലതൌഘം
നെഞ്ചായതിൽ കിമപി കാമമണച്ചിടുന്നു.
അഞ്ചാമൃതുക്കൾ തൊഴുമിസ്സുരഭിയ്ക്കു ചേർന്ന
പഞ്ചായുധാഖ്യ കലരും വിടപിയ്ക്കിദാനീം
അഞ്ചാത കണ്ടമിതദോഹദമാം വിധത്തിൽ
സഞ്ചാരയന്തി ചിലരിങ്ങകിലിന്റെ ധൂപം
ചൊല്ലാർന്നതാതുസമയങ്ങളിൽ വേണ്ട കർമ്മ-
മെല്ലാം കഴിച്ചിടണമേവരുമെന്നമൂലം
ഉല്ലാസമോടിവിടെ നിന്നഥ പോക നല്ലൂ”
നില്ലാതകണ്ടിതു കഥിച്ചവനാശു പോയാൻ
"ആരാണിവൻ പുരുഷപുംഗവനെന്നു കേചിൽ
നേരായിനച്ചിടുകിൽ മന്നവനെന്നു കേചിൽ
പോരായ്മയാണു് കൃഷി മന്നവനെന്നു കേചി-
ലീരാജവര്യനിതു ചേന്നിടുമെന്നു കേചിൽ.
ചിത്താഭിമാനലവലേശവുമെത്തിടാതെ
സത്താകമാക്കിയതെടുത്തിടുമീനരേന്ദ്രൻ
ഉൾത്താരിലോർക്കിലിഹ സൽഗുണമാം മരത്തിൻ
വിത്താണെനിയ്ക്കുതിനു കില്ലൊരു തെല്ലുമില്ല.
നോട്ടമൊട്ടും പിഴയ്ക്കാതെ തോട്ടമെന്നിതുമട്ടുതാൻ
കോട്ടമെന്യേ നടക്കും ഞാൻ പാട്ടമായൽ നല്കുകില്ലിനി.
എത്ര നന്നാക്കിടും മണ്ണിങ്ങത്രനന്നായിടും ദൃഢം
അത്ര പെണ്ണെന്ന വണ്ണം താൻ ചിത്രമിപ്പൂർവ്വഭാഷിതം''.
മങ്ങിമയങ്ങാതിവർ പുന-
രിങ്ങിനെ പലരും പറഞ്ഞു പലതരമായ്
പൊങ്ങിന കൌതുകമഥ ഹൃദി
തിങ്ങി നടന്നാർ ജവേന പല വഴിയായ്
പലജനമുടനീയുദന്തമെല്ലാം
പലദിശി ചെന്നു പറഞ്ഞു വിസ്മയത്താൽ
നലമൊടതിജന കേട്ടു കേൾപ്പി-
ച്ചുലകിലശേഷമത് പ്രസിദ്ധമായീ
കമ്പത്തെക്കൈവെടിഞ്ഞിയ്യുലകിൽ മുഴുവനും
കേടു കൂടാതെ നന്നായ്
സമ്പത്തുണ്ടായ്വരാനിങ്ങിനെ കൃഷിയുടെ നല്-
ത്തത്വമോദിത്തദാനീം
വമ്പത്തം കൂടിടുന്നാ വസുധയുടെവരൻ
മംഗളശ്രീമരത്തിൻ
കൊമ്പത്തമ്പോടു വാണാ,നുപരിമരുവുമേ
വമ്പരാം ഭാഗ്യവാന്മാർ.
ഇങ്ങിനെ ഗോശ്രീശാദിത്യ ചരിത'ത്തിൽ
കൃഷിതത്വപ്രസംഗമെന്ന
മൂന്നാം സർഗ്ഗം കഴിഞ്ഞു.
നാലാംസർഗ്ഗം
പാരിൽ പ്രജാവത്സലനെന്നിവണ്ണം
ഭൂരിപ്രസിദ്ധൻ പുനരക്ഷിതീശൻ
പൂരിച്ച കാരുണ്യഭരേണ ചിത്ത-
താരിൽത്തനിച്ചിങ്ങിനെ ചിന്തചെയ്തു.
"പരോപകാരം പെരുതായ ധർമ്മം
ഹരോ ഹരാ!ന്യം വിഫലം സമസ്തം
പരോപകാരാർത്ഥമിദം ശരീരം
വരോപദേശം ശരിയാണിതോർത്താൽ.
അർത്ഥങ്ങളെല്ലാറ്റിനുമുള്ള വേരാ-
മർത്ഥം ജനങ്ങൾക്കു കൊടുത്തിടേണം
അർത്ഥം ലഭിയ്ക്കാത്തവനുള്ള ജന്മം
വ്യർത്ഥം നിനച്ചാൽ നരകോപമാനം.
അമ്പിൽ ജനങ്ങൾക്കുടനർത്ഥമേകാൻ
മുമ്പിൽ ഗണിക്കാം കൃഷിതന്നെ വേണം
കമ്പിച്ചിടാതേറ്റമുറച്ചു ചൊല്ലാം
വമ്പിച്ച കച്ചോടമതിന്റെ താഴെ.
വേണുന്ന ധാന്യാദികളുത്ഭവിച്ചു
കാണുന്നതെല്ലാം കൃഷിതന്നിലല്ലോ
വേണുന്ന ദേശങ്ങളിലായതെത്താൻ
ചേണുറ്റ കച്ചോട,മതാണു് ഭേദം.
പണ്ടെങ്ങുമില്ലാത്ത ഗുണങ്ങളെല്ലാം
കണ്ടേൻ പരീക്ഷിച്ചു കൃഷിയ്ക്കഹോ! ഞാൻ
കൊണ്ടാടി മാലോകരുമിങ്ങു വന്നു
കണ്ടാരതെല്ലാം ബഹുതൃപ്തിയോടെ.
ധനം കൊടുക്കുന്നതിനെക്കൊടുത്താൽ
ധനം കൊടുക്കുന്നതുപോലെയായി
അനർത്ഥശാന്തിയ്ക്കിനി ഞാൻ തുനിഞ്ഞു
ജനത്തിനുണ്ടാമഴൽ തീർത്തിടുന്നേൻ.
അനർത്ഥസംഘങ്ങളിൽ വെച്ചു മുഖ്യം
നിനയ്ക്കുകിൽ ഘോരതരാമയൗഘം
നിനയ്ക്കിലും ഹന്ത! മഹാഗദങ്ങൾ
മനക്കുരുന്നിൽ ഭയമേകുമല്ലോ.
എന്നാൽ മഹാരോഗഗണത്തിൽ വെച്ചി-
ട്ടൊന്നാമതോർത്താൽ വിഷജാതരോഗം
ഇന്നാകയാൽ ഞാൻ വിഷവൈദ്യമേറ്റ-
മിന്നാടകത്തിങ്കൽ നടത്തിടുന്നേൻ”.
മഹാനുഭാവൻ നൃപനേവമോർത്തു
വിഹാരമെന്യേ വിഷവൈദ്ദ്യമേറ്റം,
സഹോദരന്മാരൊടുകൂടി നന്നാ-
യിഹോപകാരത്തിനു ചെയ്തു നിത്യം.
മൂല്യങ്ങളേറുന്ന മഹൌഷധങ്ങൾ
മൂല്യം തദാ കിഞ്ചന വാങ്ങിടാതെ
കല്യൻ നൃപൻ കാശ്യപമാമുനീന്ദ്ര-
തുല്യൻ നൃണാം നൽകി വിഷാർത്തി തീർത്താൻ.
"മിടുക്കനെന്നീ വിരുദാഖ്യ തേടും
മിടുക്കനാം ഭൂപതിതമ്പിയേകൻ
പടുത്വമെല്ലാക്രിയ ചെയ്യുവാനും
കടുത്ത 'കൊച്ചുണ്ണി'മഹീശനന്യൻ.
സോദര്യരാകുന്നിവരോടുകൂടി-
കേദങ്ങൾ നൽകും വിഷരോഗമെല്ലാം
വാദം വിനാ ഭൂപനവൻ കളഞ്ഞു
മോദം ജനങ്ങൾക്കുളവാക്കി പാരം.
മുറയ്ക്കു കേരന്ന വിഷം ചിലപ്പോ-
ളിറക്കിടും നൽജലധാരയാലേ
പറിച്ചെടുത്തൌഷധിയാലെയുള്ള
മുറിപ്രലേപാലഥ മറ്റൊരിയ്ക്കൽ.
ചിലർക്കു നസ്യം വിധിപോലെ ചെയ്തും
ചിലർക്കു വേഗേന ഞരമ്പറുത്തും
ചിലർക്കു വഹ്നിക്രിയ ചെയ്തു മേവം
പലർക്കുമേറാം വിഷശാന്തി ചേർക്കും.
നിരർത്ഥമാണന്യചികിത്സയെന്ന
തരത്തിലായാലതിയാം വിഷത്തെ
ശിരസ്സു കീറീട്ടവിടെ ക്ഷിതിശൻ
സരക്തചർമ്മാദികൾ വെച്ചെടുക്കും.
അസാദ്ധ്യചിഹ്നം ബത! തേടിയാലും
രസാധിപൻ ബുദ്ധി മടുത്തിടാതെ
രസപ്രയോഗേന വിഷം ഹരിയ്ക്കും
ബിസപ്രകാശാമിതകീർത്തിശാലി.
ഭീകരൻ, മണ്ഡലി, രാജിലാഖ്യ-
നുർവ്വീതലേ മൂന്നു തരത്തിലേവം
ഗർവ്വാളിടും പാമ്പുകളുള്ളവറ്റിൻ
സർവ്വത്തിലും ക്ഷ്വേളമവൻ ഹരിയ്ക്കും.
കരുത്തു കൂടീടിന വൃശ്ചികത്തിൻ
പെരുത്ത നാനാവിധമാം വിഷത്തെ
കുരുത്തമേവം നൃപനാശു പോക്കി
വരുത്തുമെല്ലാർക്കുമതീവസൌഖ്യം.
എലിയ്ക്കു ചേരും വിഷ,മുഗ്രമൂറാം-
പുലിയ്ക്കു ചേരും വിഷമെന്നിതെല്ലാം
വലിപ്പമേറും മതിയുള്ള ഭൂപൻ
ചലിച്ചിടാതാശുതരം ഹരിയ്ക്കും.
തീരാത്തതാണെന്നിഹ നിശ്ചയിച്ച,
ഘോരാർത്തി ചേർക്കുന്ന വിഷത്തെയെല്ലാം
നേരായുടൻ പോക്കുകകൊണ്ടു രണ്ടാം.
'കാരാടി' വൻതാനിതി ലോകർ ചൊന്നാർ.
പൂരിച്ചിടും നന്മ കലർന്നിടുന്ന
പാരിന്നധീശന്റെ മഹാ ഗുണത്ത
ഭൂമിപ്രകാശത്തൊടു കണ്ടു ചിത്ത-
താരിൽ പ്രമോദാൽ പലവമോതി.
"സത്തായിടും മാടമഹിശവംശ-
മുത്താകുമീയുത്തമനൂഴിപാലൻ
ചിത്താഭിരാമാഖിലസൽഗുണത്തിൻ
വിത്തായവൻ കിഞ്ചന ദോഷഹീനൻ.
പാരം മഹാന്മാരിതി നാമധേയം
സ്വൈരം കലർന്നുള്ളവരുണ്ടു പിന്നെ
ചാരുത്വമില്ലാത്തവർതന്റെ പേരിൽ
ചേരുന്നതില്ലല്പവുമിന്നു സാരം.
കാലേ കുളിയ്ക്കും ശുഭവസ്ത്രഭൂഷ-
യാലേ ശരീരത്തെയലങ്കരിയ്ക്കും
ചാലേ ഭുജിയ്ക്കും സുഖമായൊരാളെ-
ന്നാലെന്തു മാഹാത്മ്യമവന്നു പാർത്താൽ
ധരാതലേ സർവ്വഗുണാഢ്യനായി-
ട്ടൊരാളു ഞാനെന്നു വരുത്തിവെയ്പാൻ
ദുരാഗ്രഹത്താൽ പല ഗോഷ്ഠി കാട്ടി
നിരാശരാകുന്നവരോ മഹാന്മാർ.
അറച്ചുപോയ് പരതന്ത്രഭാവ-
മുറച്ചു ചൊല്ലാമിദമെന്നുറക്കെ
നിറഞ്ഞ മാനാലധികപ്രസംഗം
പറഞ്ഞിടുന്നായവരോ മഹാന്മാർ.
തടിച്ച മാനം പരമാംഗ്ലഭാഷ
പടിച്ചവർക്കേ ഭുവി ലഭ്യമാറു
നടിച്ചിവണ്ണം തറവാടശേഷം
മുടിച്ചിടുന്നോർ ചിലരോ മഹന്മാർ.
ഘടം, പടം, തന്തു, കുലാല,നെന്നുൽ-
ക്കടം പറഞ്ഞത്ര സദസ്സിലെല്ലാം
ഉടൻ ശ്രവിയ്ക്കുന്നവർതന്റെ കർണ്ണ-
പുടം പൊളിയ്ക്കുന്നവരോ മഹാന്മാർ.
ഉരയ്ക്കുവാൻ ദുർഘടമായ സൂത്രം
തരത്തിലോതിത്തരസാ സദസ്സിൽ
ഇരക്കുവാൻ വന്നണയും പ്രകാരം
തിരക്കുകൂട്ടുന്നവരോ മഹാന്മാർ.
വെടുപ്പിൽ മിന്നും പുതുശിലകൊണ്ടു-
ള്ളുടുപ്പു, തങ്കക്കസവുള്ള ടർബ്ബൻ,
അടിയ്ക്കു ബൂട്സെന്നിവയിട്ടു മാനം
നടിച്ചു കൂടുന്നവരോ മഹാന്മാർ.
വീര്യം വളർന്നുള്ള മഹാധികാരം
സ്ഥൈര്യം വെടിഞ്ഞൊന്നു ലഭിയ്ക്കിലപ്പോൾ
കാര്യം ഗ്രഹിയ്ക്കാതഥ തീർപ്പു ചെയ്യാൻ
ധൈര്യം പെടുന്നായവരോ മഹാന്മർ.
വിടർന്ന സൽക്കാരരസത്തൊടെണ്ണം
കടന്ന മാലോകരെഴും സഭായാം
കടത്തിലായ് നല്ല വിവാഹകർമ്മം
നടത്തിടുന്നായവരോ മഹാന്മാർ.
വപുസ്സു നന്നല്ലുലകിൽ പരം ദു-
ര്യശസ്സുതാനെങ്കിലുമായവംശേ
പയസ്സു ശീലിച്ചു നരച്ചിരിയ്ക്കും
വയസ്സുകൂടുന്നവരോ മഹാന്മാർ.
നിശാതബുദ്ധ്യാ ബഹുലോകദോഷം
വിശാലമായ്ക്കുണ്ടുപിടിച്ചതെല്ലാം
കശാപിശായെന്നു പറഞ്ഞു തള്ളു-
മശാന്തരായുള്ളവരോ മഹാന്മാർ.
നിനക്കിൽ ഞാൻ മുപ്പതു വത്സരങ്ങൾ
കനക്കുമുദ്ദ്യോഗമൊടൊത്തു വാണു
ഇനിക്കുശാലായ്, കുറെ നാളിരിയ്ക്കാ-
മെനിയ്ക്കു മെർന്നോപ്പവരോ മഹാന്മാർ.
സാരം വെടിഞ്ഞുള്ള വിവാദശാസ്ത്രം
പാരം നടപ്പുണ്ടഖിലം നിരർത്ഥം
സ്വൈരം തെളിഞ്ഞായതശേഷമോതാൻ
നേരം നമുക്കില്ലതു യോഗ്യമല്ല.
അലംഘ്യമാം ശാസ്ത്രഗണത്തിൽവെച്ചു
മലം ഹരിയ്ക്കും വരവൈദ്യശാസ്ത്രം
ബലം ശരീരത്തിനു ചേർക്കമൂലം
ഫലങ്ങൾകൊണ്ടോർക്കുകിലുത്തമംതാൻ.
ചിലപ്പൊഴുണ്ടായ്വരുമർത്ഥമേറ്റം
ചിലപ്പൊഴുണ്ടാം പെരുതായ ധർമ്മം
ചിലപ്പൊഴത്യുത്തമമൈത്രിയുണ്ടാം
ചിലപ്പൊഴതത്ഭുതകീർത്തിയുണ്ടാം.
ചിലപ്പൊൾ വൈദ്യോചിതകർമ്മമെല്ലാം
നിലയ്ക്കുനിന്നേറ്റവുമഭ്യസിയ്ക്കാം
ഫലത്തോടൊക്കാത്തൊരു വൈദ്യമില്ല
പലർക്കുമോർത്താലതു സമ്മതംതാൻ.
വൈദ്യങ്ങൾ നാനാതരമുണ്ടവറ്റി-
ലാദ്യം നിനച്ചാൽ വിഷവൈദ്യമല്ലോ
സദ്യോ വധിക്കുന്ന വിഷം ഹരിപ്പാൻ
സദ്യോഗമുണ്ടായതിലെന്നമൂലം.
ഗുണങ്ങളേവം പലതെണ്ണമില്ലാ-
തിണങ്ങുമീ വൈദ്യമറിഞ്ഞു ചെയ്വാൻ
പണങ്ങൾ വാങ്ങാതെ തുനിഞ്ഞിടും സൽ-
ഗണങ്ങളിൽ ഭൂപനിവൻ വരിഷ്ഠൻ.
തൃതീയനായീടിന മാടഭൂപ-
നതീവ 'കാരാടി'നൊടത്ര തുല്യൻ
"കഥിയ്ക്ക"കാരാടി”നെഴുന്ന വൃത്തം"
"കഥിയ്ക്കുവൻ ഞാനതു കേട്ടുകൊൾവിൻ”
"വ്യാസാഭ, ചമ്മം, ജട, മാല, ഭസ്മം,
നാസാഗ്രകോപം, കുടിൽ, നൽകുഠാരം
കൂസാതെ മന്ദം നട,യെന്നിതൊക്കും
ഗോസായിമാർ പണ്ടിഹ പോയിടുമ്പോൾ;
ഒരൂഴിയിൽച്ചെന്നഥ തൽപ്രദേശേ
വരൂഥമായ്നിന്നൊരു സൽഗൃഹത്ത
നിരൂപണം ചെയ്തവർ തത്ര വേഗാൽ
വിത്രഢസംഭ്രാന്തി കലർന്നു ചെന്നാർ. (യുഗ്മകം).
വൈരായി(ഗി)മാരന്നഥ തൽഗൃഹത്തി-
ന്നാരാണഹോ! നായകനെന്ന തത്വം
പാരാത ചോദിച്ചിതു മുദ്രയാൽത്താൻ
കാരാടുഭൂമീസുരനെന്നറിഞ്ഞു.
ഘോഷം പുറത്തുൽകടമൊന്നു കേട്ട
ശേഷം ഗൃഹസ്ഥൻ വിഷവൈദ്യവര്യൻ
ദോഷാപഹാരത്തിനു തത്ര ഭൂരി-
ഭാഷാപരിജ്ഞാനി പുറത്തു വന്നു.
"ഭോ! വന്നതെന്താണിഹ നിങ്ങളിപ്പോ"-
ളേവം ഗൃഹസ്ഥൻ ബത! ചോദ്യമിട്ടാൻ
ഭാവം പകർന്നപ്പൊഴുരച്ചു വേഗാ-
ലാവന്ന ഗോസായികളിൽപ്രമാണി.
"ചന്തം പെടുന്നിബ്ഭവനത്തിലുണ്ടി-
ങ്ങന്തം വിനാ വീര്യമെഴുന്ന സർപ്പം
എന്തീമഹാസാഹസമെത്രകഷ്ടം!
ചിന്തിയ്ക്കിലും ഭീതികരം ജനാനാം"
വൈരാഗിതൻ വാക്കിതു കേട്ട ശേഷം
കാരാടുഭൂമിസുരനാശു ചൊന്നാൻ
"നേരാണിതാശ്ചര്യകരം ഭവാന്റെ
സാരാർത്ഥയുക്തം വചനം നിനച്ചാൽ"
"ചൊല്ലാർന്ന സർപ്പത്തിനെയിങ്ങു വെച്ചാൽ
വല്ലാതനർത്ഥം വരുമെന്ന ബോധം
ഇല്ലാ നമുക്കങ്ങിനെ ചെയ്തുപോയ് ഞാൻ
ചൊല്ലാമതിൻ കാരണവും മഹാത്മൻ!
ഉരുക്കൾ നാലഞ്ചുഴുതങ്ങു നില്കെ
കരുത്തു കൂടും വിഷമേറ്റ വീണു
തിരഞ്ഞു ഞാനായതിനുള്ള മൂലം
പരം ജവാ,ലങ്ങതു കണ്ടതില്ല.
കുണ്ഠത്വമില്ലാതൊരു പത്തു കോല-
ക്കണ്ടം കിളപ്പിച്ചഥ താത്തിനോക്കി
വണ്ടൊത്ത വർണ്ണത്തൊടു തത്ര ചോട്ടി-
ലുണ്ടത്തൽ കൂടാതൊരു കൃഷ്ണസർപ്പം.
മടിച്ചിടാതപ്ഫണിയെപ്പിടിച്ചു
കുടത്തിലിട്ടിട്ടിഹ കൊണ്ടുപോന്നു
അടച്ചു വാക്കെട്ടിയതിങ്ങകത്തു
കടത്തിവെച്ചനിതി വത്തമാനം”.
“പടുത്വമുള്ളപ്ഫണിയിഗൃഹത്തെ
കടുത്ത വീര്യായാൽ പൊടിഭസ്മമാക്കും
എടുത്തുടൻ കൊണ്ടുവരേണ”മെന്നാ
മിടുക്കനാം യോഗിവരൻ കഥിച്ചു.
വൈരാഗിതൻ വാക്കിതു കേട്ട ശേഷം
കാരാടുവിപ്രൻ ബഹുസംഭ്രമേണ
ഘോരാഹിരാജൻപെടുമക്കുടത്തെ
പാരാതെടുത്താതെ പുറത്തു വെച്ചു.
കുടം തുറക്കാനഥ യോഗി ചൊന്നാൻ
കുടം തുറന്നാൻ വിഷവൈദ്യവിപ്രൻ
ഉടൻ പുറത്തേയ്ക്കഥ ചാടിവീണാൻ
പടം പരത്തിപ്പരുഷൻ ഫണീന്ദ്രൻ.
കന്നൽ കരിങ്കാർനിറമൊത്തമെയ്യു-
മുന്നദ്ധകോപേന തുടുത്ത കണ്ണും
നന്നായെഴുന്നപ്ഫണിവര്യനെക്ക-
ണ്ടാന്നാശു കാരാടു നടുങ്ങിയുള്ളിൽ.
ഏറിടുമത്യുൽകടഗർവ്വുമൂലം
നീറീടുമുള്ളത്തൊടുമപ്ഫണീന്ദ്രൻ
ചീറി തദാനീം ജവമോടു ദൂരെ
മാറി മഹാലോകർ മഹാഭയത്താൽ.
കാരാടുഭൂമീസുരനോടു ചൊന്നാൻ
വൈരാഗി പിന്നീ,"ടവിടെയ്ക്കുനർത്ഥം,
ചേരാത്തമട്ടിപ്ഫണിയെ ഭവാൻതാൻ
പാരാതയച്ചീടുക നിന്നിടാതെ”.
മടിച്ചിടാതേ പതിനെട്ടു വിദ്യ
പഠിച്ചതെല്ലാമുടനദ്വിജേന്ദ്രൻ
തടിച്ച മാനത്തൊടു ചെയ്തു ഹന്ത!
ചൊടിച്ച പാമ്പായതു പോയതില്ല.
ഉയർത്തിടും തന്റെ പടം പരത്തി-
ക്കയർത്തുടൻ വായൂബലേന ചീറി
മയം വിനാ വാലു നിലത്തു കുത്തി
സ്വയം ഫണീന്ദ്രൻ വടിപോലെ നിന്നാൻ.
കാരാടുവിപ്രൻ ബഹുദിവ്യനാമ-
ഗ്ഘോരാഹിവര്യന്റെ വിഷപ്രഭാവം
പാരാതകണ്ടേറെ വിഷണ്ണനായി
വൈരാഗിവര്യന്റെ മുഖത്തു നോക്കി.
"വിയർത്തിടേണ്ടങ്ങു വിറച്ചിടേണ്ട
ഭയപ്പെടേണ്ടല്പവുമാശയത്തിൽ
നയത്തിൽ ഞാനിപ്ഫണിയെത്തിരിച്ച-
ങ്ങയച്ചുകൊള്ളാമതറിഞ്ഞിടേണം.
ഇന്നാഗരാജൻ വിഷപ്രഭാവ-
മൊന്നാശു കാട്ടാമൊരു പിണ്ടി വേഗം,
ഇന്നാദരാലങ്ങു വരുത്തിടേണ"-
മെന്നായുരച്ചാനഥ യോഗിവര്യൻ.
ഒരുത്തനെക്കൊണ്ടൊരു പിണ്ടി വേഗാൽ
വരുത്തിയിട്ടാനുരഗാഗ്രദേശേ
പെരുത്ത കോപാലതിലപ്ഫണീന്ദ്രൻ
കരുത്തെടുത്താഞ്ഞൊരു കൊത്തു കൊത്തി.
അപ്പിണ്ടിയിൽ കൃഷ്ണഫണീശ്വരൻ കൊ-
ത്തേല്പിച്ച ദേശം മഷിവർണ്ണമായീ
നേർപ്പിച്ചു, നേർപ്പിച്ചു വെളുപ്പിനെത്താൻ
തോല്പിച്ചതാപ്പിണ്ടിയിലൊക്കയായീ.
കൃഷ്ണാഹി തൊട്ടപ്പൊളതിങ്കലുള്ള
കൃഷ്ണാഭ തെല്ലൊന്നു പകർന്നപോലെ
കൊമ്പന്റെ കൊമ്പാകിയ പിണ്ടി വേഗാൽ
കമ്പം വിനാ നൽ കരിവീട്ടിയായി.
"നിന്നീടവേണ്ടങ്ങിഹ പിണ്ടിതന്നിൽ
നിന്നീവിഷം വേഗമിറക്കിടേണം"
നന്ദിച്ചുകൊണ്ടിങ്ങിനെ യോഗി ചൊന്നാൻ
വന്ദിച്ചു "വയ്യെ"ന്നുര ചെയ്തു വിപ്രൻ.
മിഴിച്ചു നില്ക്കാതഥ യോഗി ഭാണ്ഡ-
മഴിച്ചെടുത്താനൊരു സൂചി മെല്ലെ
ഒഴിച്ചു പാമ്പായാതു കണ്ടു കണ്ണീർ
പൊഴിച്ചു പോയr പടവും ചുരുക്കി.
അത്തൂശിയാൽ കുത്തി, ഫണീശ്വരൻതൻ
കൊത്തൂക്കിലേററുള്ളൊരു പിണ്ടി തന്നിൽ
അത്തവ്വിലദ്ദിക്കു വെളുത്തു പിന്നെ
മുത്തത്തൽ തേടും നിറമായതെല്ലാം.
"ഇനിക്കറിയ്ക്കായതെടുത്തു കൊള്ളാ-
മെനിയ്ക്കു ലേശം ഹൃദി ശങ്കയില്ല"
കനിഞ്ഞു യോഗീന്ദ്രനിതോതിയപ്പോൾ
തുനിഞ്ഞു തൽബ്ഭൃത്യരതാചരിപ്പാൻ.
കാരാടിതെല്ലാം ബത! കണ്ടു പിന്നെ
വൈരാഗിതൻ നല്ലൊരു ശിഷ്യനായി
പാരാകവേ ചുറ്റി നടന്നുപോൽ പ-
ന്തീരാണ്ടു കാലം, പുനരത്ര വന്നു.
നിത്യം നൃണാം താൻ നിജവിദ്യകൊണ്ടി-
ങ്ങത്യന്തമാശ്ചര്യരസം വളർത്തു
സ്തുത്യങ്ങളായീടുമവന്റെ നാനാ-
കൃത്യങ്ങളെപ്പാർത്തിതു ലോകർ ചൊന്നാർ.
"കാരാടിനോടീവിഷവിദ്യകൊണ്ടി-
ന്നാരാണു തുല്യൻ ഭുവനത്രയത്തിൽ
ധീരാഗ്രഗണ്യൻ കൃതഭൂരിപുണ്യൻ
വൈരാഗിതൻ ശിഷ്യനവൻ വരേണ്യൻ?".
കുന്നിച്ച മോദാലിതി ലോകർ വാഴ്ത്തി
മന്നിൽപ്പരം വിശ്രുതനായി വിപ്രൻ
തന്നെജ്ജയിച്ചുള്ളൊരു നീചനാരി
പിന്നെപ്പഠിപ്പിച്ചതുകാരണത്താൽ.
അവൻ ഗ്രഹിച്ചാനഥ "ടൊണ്ടവണ്ടം-
ടുവണ്ട?”മെന്നുള്ളൊരു മന്ത്രരത്നം
ജവം കലർന്നായതുകൊണ്ടുമുഗ്രം
നവം വിഷം പോക്കി മഹാനുഭാവൻ.
"യോ വിശ്വത്രാണഭൂതസൂനുരപിച ഹരേ-
ര്യാനകേതുസ്വരൂപോ
യം സഞ്ചിന്ത്യൈവ സദ്യസ്സ്വയമുരഗവധൂ-
വർഗ്ഗഗർഭുഃ പതന്തി
ചഞ്ചച്ചാരുതുണ്ഡത്രുടിതഫണിവസാ-
രക്തപങ്കാങ്കിതാസ്യം
വന്ദേ ഛന്ദാമയം താ ഖഗപതിമമലം
സ്വപ്നവർണ്ണം സുപണ്ണം".
ഈ രാജമാനാത്ഭുതദിവ്യപദ്യം
പാരാത തീബ്ഭഗവൽപദാബ്ജം
കാരാടു നിത്യം ഹൃദി ചേർത്തു ബാഷ്പ-
ധാരാദ്രനായ് കോൾമയിർകൊണ്ടിടുംപോൽ.
ഒന്നാമതാകും വിഷവൈദ്യനായി
നന്നായിവണ്ണം ശിവഭക്തനായി
തൻനാട്ടുകാർക്കത്യുപകാരിയായി
ട്ടെന്നാമഹിദേവവരൻ വിളങ്ങീ.
അക്കാലമീവിപ്രനൊടൊത്തു സാധു-
സൽക്കാരവാൻ മാടമഹീമഹേന്ദ്രൻ
അക്കാലകാലന്റെ ശുഭം തരുന്ന
തൃക്കാൽ ഭജിപ്പാൻ "ശിവപൂര"ണഞ്ഞു.
പരം പ്രഭാതേ നൃവരൻ കുളിച്ചു
ചിരം മാഹേശന്നു വലത്തുവെയ്ക്കും
സ്ഥിരം ശിവധ്യാനമുറച്ചു പഞ്ചാ-
ക്ഷരം ജപിയ്ക്കും ഭജനത്തിലേവം.
'ഗായത്രി'മുവ്വായിര,മന്നു "രുദ്രം"
ഞായത്തിൽ നന്നായ്പതിനൊന്നുവട്ടം
മായം വിനാ വിപ്രനവൻ ജപിച്ചു
ഹേയങ്ങൾ വിട്ടീശപദം ഭജിച്ചു.
കൊണ്ടാടി മന്നിൻപതി, ഭൂമിദേവൻ,
രണ്ടാളുമീശാംഘ്രി ഭജിച്ചിവണ്ണം
പണ്ടാദരാൽ തത്ര വസിച്ചിടുമ്പോ-
ളുണ്ടായൊരത്ഭുതമായ വൃത്തം.
വിടർന്ന ഭക്ത്യാ നൃപനീശപാദം
നടയ്ക്കൽ നിന്നിട്ടൊരുനാൾ തൊഴുമ്പോൾ
നടയ്ക്കലുള്ളാ മണിതന്റെ നാവിൽ
കിടന്നു മിന്നുന്നൊരു വസ്തു കണ്ടു,
ഇളക്കമില്ലാതവിടെക്കിടന്നു
വിളക്കുപോലേ വിലസും പദാർത്ഥം
ഇളയ്ക്കുധീശൻ പുനരെന്തിതെന്നു
പുളയ്ക്കുമാശ്ചര്യമൊടാശു നോക്കി.
ആരാൽ കിടക്കുന്നതു സർപ്പമാണ-
ന്നാരാജവൃന്ദ്രനറിഞ്ഞു പിന്നെ
കാരാടിനോടായതിനെപ്പിടിപ്പാൻ
പാരാകവേ കാക്കുമവൻ കഥിച്ചു.
"പടം പെടും പാമ്പി,ഹ നീളമാളിൽ
കടന്നതും, ചാൺതികയാത്തതും, കേൾ
"പിടിയ്ക്കു വയ്യെ”ന്നു, “മനർത്ഥമുണ്ടാം
പിടിയ്ക്കി''ലെന്നും ദ്വിജനന്നു ചൊല്ലീ.
"വൈരാഗിയോഗീശ്വരശിഷ്യനായ
കാരാടിനില്ലീ നിയമങ്ങളൊന്നും
നേരാണിതെന്നു”ത്തരമിത്ഥമപ്പോ-
ളാരാജവര്യൻ തെളിവോടുരച്ചു.
“ഫണീന്ദ്രഭൂഷൻ നടയ്ക്കലുള്ളി-
ന്മണിയ്ക്കു ചേർന്നീടിന നാവുതന്നിൽ
മണിപ്രദീപോപമനായ്ക്കിടക്കും
ഫണീന്ദ്രനെബ്ഭൂപ! പിടിച്ചുകൂടാ"
"വ്യക്തം ഭവാനീപതിപാദപത്മ-
ഭക്തൻ ഭവാനീമൊഴി, ചൊൽവതെന്തോ
ഭക്തന്നു വയ്യാത്തൊരു കാര്യമുണ്ടോ?
ശക്തൻ ഭവാനെന്തിനുമെന്നു നൂനം”.
തടിച്ച കൌതൂഹലഭാരമോടി-
പ്പടിയ്ക്കു ഭൂമീപതി ചൊന്ന ശേഷം
മടിച്ചിടാതപ്പണിതൻ തലയ്ക്കൽ
പിടിച്ചു കാരാടുമഹീസുരേന്ദ്രൻ.
ചലിച്ചിടാതായവിടന്നെടുപ്പാൻ
വലിച്ചു പിന്നെപ്ഫണിയെ ദ്വിജേന്ദ്രൻ
വലിച്ചിടുംതോറുമതിന്നു കൂടി
വലിപ്പമത്യത്ഭുതമെന്തു ചൊൽവു.
മട്ടീവിധം കണ്ടതിവിസ്മയിച്ചു
ഞെട്ടീ നരേന്ദ്രൻ പുനരദ്വിജേന്ദ്രൻ
വിട്ടീടിനാൻ പാമ്പിനെയങ്ങു ഭീതി-
പ്പെട്ടീല നാനാത്ഭുത മന്ത്രവേദീ.
പാരാത വാലാ മണിനാവിൽനിന്നു
പോരാതകണ്ടബ്ഭുജഗാധിരാജൻ
ആരാലിഴഞ്ഞങ്ങിനെ നീണ്ടു നീണ്ടു
കാരാടിനോടായ്പൊരുതാനണഞ്ഞു.
ശ്രീകോലുമീശൻ ഭഗവാൻ വിളങ്ങും
ശ്രീകോലിനൊന്നാശു വലത്തുവെച്ചു
വൈകാത വിപ്രൻ; ഫണിയങ്ങൊഴിഞ്ഞു
പോകാതപിന്നാലെയിഴഞ്ഞു ചെന്നു.
സുദക്ഷനക്ഷേത്രമതിന്നുശേഷം
പ്രദക്ഷിണം വെച്ചു ജവേന പിന്നെ
മദത്തൊടൊത്തപ്ഫണിയെപ്രകാരം
വിദഗ്ദ്ധഭാവത്തോടടുത്തു ചെന്നു.
അങ്ങീടെഴും "കൊക്കരണി.”യ്ക്കകത്തു
മങ്ങീടുമുള്ളോടവനങ്ങിറങ്ങി
മുങ്ങീമടങ്ങാതതിലാശു പിന്നെ
പ്പൊങ്ങീലഹോ! ഭൂസുരനൊട്ടുനേരം.
കൂടീടുമൂക്കോടു പടം പരത്തി
മൂടീടിനാൻ കൊക്രണി നാഗരാജൻ
തേടീ ഭയം കണ്ട ജനങ്ങൾ വല്ലാ-
താടീ തദാ വൃക്ഷഗണങ്ങൾകൂടി.
"പേടിക്കേണ്ടെന്നു കാരാട്ടിനൊടഥ പറയും
പോലെ ഝങ്കാരനാദം
മോടിയെങ്ങും മുഴക്കിക്കൊടിയ നിജരവം-
കൊണ്ടു കുന്നും കുലുക്കി
ധാടിയ്ക്കൊത്താശു ധാത്രിതടഘടിതചലൽ-
ധൂളിയാൽ പത്തു ദിക്കും
മൂടിക്കൊണ്ടാശു വീശീ വടിവൊടു വികടോ-
ദ്ദണ്ഡമാംചണ്ഡവാതം.
"കാരാടാണതറിഞ്ഞുകൊൾകയി! ഭവാൻ
കെല്പേറുമീ വിപ്രനോ-
ടോരാതിങ്ങിനെ മത്സരിച്ചിടുക വേ-
ണ്ടല്ലേ! സഖേ! വാസുകേ!"
പാരാതീവിധമാ മഹേശനരുളും
ശ്രീകോവിലിന്നുള്ളിൽനി-
ന്നാരാലങ്ങൊരു വാക്കു കേട്ടു തെളിവോ-
ടെങ്ങും മുഴങ്ങുംവിധം.
ബാലേന്ദൂത്തം സവാക്യം തെളിവൊടിതി തദാ
സത്വരം കേട്ട നേരം
മാലേതും ചേർന്നിടാതബ്ഭുജഗപതി, ഫണം
തത്ര താത്തിച്ചുരുക്കി
ചാലേ താൻ പോയപോലേ തരമൊടു തിരികെ-
പ്പോന്നുടൻ മുമ്പിലത്തെ-
പ്പോലേ ഘണ്ടാന്തരത്തിൽ ജ്വലദനലരുചാ
മേവിനാൻ നാവിൽ മോദാൽ.
മികകൊടുടനെയസ്ഥലത്തിലെത്തി-
ച്ചികുറുകൾ കൂട്ടിയടിച്ചു വൈനതേയൻ
സകലജഗദധീശവന്ദനം ചെ-
യ്തകലുഷമങ്ങു തിരിച്ചു പോയ്മഹാത്മാ
പിണങ്ങിയപ്പാമ്പു ശിവാന്തികേ ചെ-
ന്നിണങ്ങിയപ്പോൾ ദ്വിജനാശു പൊങ്ങി
ഗുണങ്ങളുള്ളാദ്വിജനെത്തദാനീം
വണങ്ങി ഭൂപാദിമഹാജനങ്ങൾ.
വൈരാഗിയോഗീശ്വരശിഷ്യനാമ-
ക്കാരാടുതൻ ചിത്രചരിത്രമേവം
നേരായ്നിനച്ചാലവനോടുതുല്യ-
നീ"രാമവമ്മ”ക്ഷിതിപൻ തൃതീയൻ"
ഇതി വിവിധജനങ്ങൾ വാഴ്ത്തി വാഴ്ത്തി
സ്മൃതി പലമാതിരി ചെയ്കയാൽ തദാനീം
അതിശുഭതരകീർത്തി പൂണ്ടു മാട-
ക്ഷിതിപതി വാണു നിജാലായ തൃതീയൻ.
ഇങ്ങിനെ ഗോശ്രീശാദിത്യചരിത"ത്തിൽ
മാഹാത്മ്യവർണ്ണനമെന്ന
നാലാം സർഗ്ഗം കഴിഞ്ഞു.
അഞ്ചാംസർഗ്ഗം
സമ്മാന്യനായിദ്ധരണീശ്വരൻത-
ന്നമ്മാമനാം മാടയുവക്ഷിതീശൻ
ധർമ്മാത്മകൻ "സംഗമ”പട്ടണത്തിൽ
നിർമ്മായമക്കാലമമന്നിരുന്നു.
പാരുഷ്യമേറുന്നവരോടു പാരം
കാലുഷ്യമുണ്ടോ നൃപനുൾക്കുരുന്നിൽ
ഘോരാസുരന്മാരൊടു വൈരമേറ്റം
പാരാതെ നാരായണനെന്നപോലെ.
അടുക്കയില്ലദ്ധരണീശ്വരൻത
നടുക്കലേയ്ക്കുദ്ധതദുർജ്ജനൌഘം
കടുത്തിടും കൂരിരുളര്യമാവി-
നടുക്കലേയ്ക്കെന്ന കണക്കിലപ്പോൾ.
കളങ്കി ദോഷാകരമണ്ഡലം, ദു-
ഷ്ക്കളങ്കിദോഷാകരമണ്ഡലംതാൻ
വിളങ്ങിടും ഭാസ്കരനാം മഹാന്ധ്യം
കളഞ്ഞിടും മാടയുവക്ഷിതീശൻ.
പിതാവിനെപ്പോലെ ജനത്തിനെല്ലാം
ഹിതാർത്ഥദായി യുവമാടഭൂപൻ
കൃതാർത്ഥരാമേവരുമാനൃപൻതൻ
സ്മിതാർദ്രമാകും മുഖമൊന്നു കണ്ടാൽ.
ഗരിഷ്ഠനാനാത്ഭുതവിദ്യകൊണ്ടു
വരിഷ്ഠരായുള്ളവരെസ്സമസ്തം
തിരഞ്ഞറിഞ്ഞർത്ഥഗണത്തിനാൽ സൽ-
ക്കരിപ്പവൻ മാടയുവക്ഷിതീശൻ.
തരുക്കൾ നന്ദിച്ചു വസന്തകാലം
വരുമ്പൊളേറ്റം തെളിയുന്നപോലെ
പെരുത്തു സമ്മാനദനക്ഷിതീശൻ
വരുമ്പൊൾ നന്നായ്തെളിയും ബുധന്മാർ.
ചൊല്ലാർന്ന രാജാവവനന്നുദിച്ചി-
ട്ടെല്ലാടവും തന്നുടെ ഗോസഹസ്രം
ഉല്ലാസമുൾക്കൊണ്ടു പരത്തിയപ്പോൾ
നില്ലാതെ ശാസ്ത്രാബ്ധികൾ ചീർത്തുവെല്ലാം.
ധന്യാവനിനായകനായവൻ കാ-
ലന്യായമാർഗ്ഗത്തിലെടുത്തുവയ്ക്കാ
അന്യാഭിവൃദ്ധിയ്ക്കനിശം സദാ സൌ-
ജന്യാലയൻ ചെയ്യുമതിപ്രയത്നം.
ഉണ്ടാകയില്ലന്യഗുണങ്ങളേറെ-
ക്കണ്ടാലവന്നുള്ളിലസൂയ തെല്ലും
കൊണ്ടാടി വാഴ്ത്തുന്ന സുധാരസത്തി-
ലുണ്ടാകുമോ ഘോരവിഷസ്വഭാവം.
മഹാനുഭാവൻ വിടുവിഡ്ഢിയായാൽ
മഹാജനോക്ത്യാ ഭുവി 'ശുദ്ധ'നാകും
വിഹാസ്യനാമായവനെന്ന മട്ട-
ല്ലിഹാവനീനായകനാ മഹാത്മാ.
അലംഘശക്ത്യാ ജഗതീതലത്തി-
ലലം ജയിയ്ക്കും യുവമാടഭൂപൻ
ജലം ശരത്തിൽ പരമെന്നപോലെ
മലങ്ങളില്ലാത്തതുകൊണ്ടു ശുദ്ധൻ.
ആ വക്രഭാവം ശശിപോലെ തെല്ലു-
മാവജ്രിതുല്യൻ കലരുന്നതല്ല
ശ്രീവായ്ക്കുമബ്ഭൂപതി സാധുവൃത്ത-
ഭാവാന്വിതൻ ഭാസ്തരനെന്നപോടല.
കൃത്യങ്ങളെല്ലാം മടിവിട്ടു നല്ല
കൃത്യങ്ങളായചെയ്തിടുമാനരേന്ദ്രൻ
അത്യന്തമബ്ഭൂമിപതിയ്ക്കു കൂടും
സത്യം ഹരിശ്ചന്ദ്രനരേന്ദ്രനെക്കാൾ.
മുടങ്ങിടാതാശു നടത്തുമൊന്നു-
തുടങ്ങിയാൽ തൽഫലസിദ്ധിയോളം
മടങ്ങി മദ്ധ്യത്തിൽ വരുന്ന വിഘ്നാ-
ലടങ്ങി നില്ക്കില്ലവനീപതീന്ദ്രൻ.
സ്വൈരം നൃപൻ ദോഷമകത്തി നല്ല-
സാരം കലർന്നുള്ള ഗുണം ഗ്രഹിയ്ക്കും
നീരങ്ങു നീക്കീട്ടഴകുള്ള ഹംസം
ക്ഷീരം ഗ്രഹിയ്ക്കുന്നതുപോലെ ധീമാൻ.
അംഭോധിയിൽ പൂണ്ണതരം ജലൌഘ-
മംഭോജിനീനാഥനിലംശുജാലം
അമ്പോ മഹത്താകിന തർക്കശാസ്ത്രം
വമ്പോടു വാഴും മമ തമ്പുരാനിൽ.
ധൈര്യത്തിനും നല്ല ശുഭത്തിലെല്ലാം
സ്ഥൈര്യത്തിനും സാധുരസജ്ഞതയ്ക്കും
വീര്യത്തിനും വേണ്ടിയ വാഗ്മിതയ്ക്കും
കാഴ്ചസ്ഥിതിയ്ക്കും നിധിയാനരേന്ദ്രൻ.
തരത്തിലബ്ഭൂപതിതൻ പ്രതാപം
പരത്തി ലോകത്തിൽ വിളങ്ങിടുമ്പോൾ
മരത്തിനൊത്തുള്ള മനുഷ്യനും മാ-
മരത്തിനും ചോട്ടിലിരുട്ടുപോലെ.
സോമാന്വയത്തിൽ പുകൾപൂണ്ടുകൊണ്ടു
ഭീമാനുജൻ ഫല്ഗുനനെന്നപോലെ
ശ്രീമാടഭൂപാലകസൽകുലത്തി-
ലാമാനവേന്ദ്രൻ നിതരാം വിളങ്ങീ.
ബോധിച്ചു നന്നായറിയേണ്ടതെല്ലാം
ബാധിച്ചു ദോഷം സകലം മഹീന്ദ്രൻ
സാധിച്ചു സർവ്വം ശുഭമായ കാര്യ-
മാധിയ്ക്കുവന്നില്ലവകാശമൊട്ടും.
ഹാ! കാലദോഷേണ യുവക്ഷിതീശൻ
നാകാധിനാഥപ്രതിമപ്രതാപൻ
വൈകാതപിന്നെപ്പരമായ ലോകം
പൂകാനൊരുമ്പെട്ടു വികാരമാർന്നു.
പ്രതാപവാനുന്നതസൽപദസ്ഥൻ
ഹതാന്ധ്യനായ്വാണരുളും മഹാത്മാ
ബതാസ്തമിപ്പാൻ തുടരുന്നുവെന്നാ-
ലതാരിദാനീം കഴിയും തടുപ്പാൻ.
രോഗം തുടങ്ങീ നൃപനെന്നമൂലം
ഭോഗം ചുരുങ്ങീ സകലം ക്രമത്താൽ
വേഗം മുഴങ്ങീ പരമായതുർവ്വീ-
ഭാഗങ്ങളിൽ സാധുജനങ്ങൾ മങ്ങി.
ഓരുംവിധൌ വിശ്രുതരായ ഡാക്ടർ-
മ്മാരും നൃപൻതൻ ഗദശാന്തിചെയ്വാൻ
ചേരുന്നവണ്ണം ചില നാട്ടുവൈദ്യ-
ന്മാരും ചിരം പാർത്തു ചികിത്സ ചെയ്തു..
മാറാത്തതാമഗ്ഗദമൊട്ടുകാല-
മേറാതകണ്ടല്പമടങ്ങി; പിന്നെ-
ഏറാൻ തുടങ്ങീ, മണി വാസരംപോ-
യാറായിടുമ്പോളിരുളെന്നപോലെ.
വർദ്ധിച്ചു പാരം കലികാലമോടായ്
സ്പർദ്ധിച്ചുകൊണ്ടാനൃവരന്റെ രോഗം
സിദ്ധിച്ചിടാ മേലിനി നന്മയെന്നു
ബുദ്ധിക്ഷയം പൂണ്ടിതു സാധുലോകം.
പാപാത്മകന്മാർ പലരിങ്ങിരിയ്ക്കെ
പാപാദിഹീനൻ നൃപനസ്തമിച്ചു
ആപിനദോഷേ കലിയായ കാലേ
“പാപിശതായു” ദൃഢമെന്നതില്ലേ?
അപ്പാർത്ഥിവേന്ദ്രൻ തപനപ്രതാപ-
നിപ്പാരിടം വിട്ടു ഗമിച്ച ശേഷം
സൽപക്ഷിസംഘങ്ങളൊളിച്ചു കൂട്ടിൽ
ദുഷ്പക്ഷിവൃന്ദങ്ങൾ കളിച്ചു നാട്ടിൽ
ശോകാന്ധകാരം ഭൂനി ചേർത്തുകൊണ്ടു
ലോകാന്തരം പൂകി നരേന്ദ്രസൂര്യൻ
വൈകാത ലോകങ്ങൾ മയങ്ങി മങ്ങി-
ച്ചാകാതതാൻ ചത്തവിധത്തിൽ വീണു.
തൃതീയനാം മാടനൃപൻ യുവാവാം
ക്ഷിതീശനായപ്പൊഴുതുല്ലസിച്ചു
അതീവകാന്ത്യാ ദിവസം സമസ്ത-
മതീതമാകുംപൊഴുതിന്ദുപാലെ.
മാനം കലർന്നുള്ള യുവക്ഷിതിശ-
സ്ഥാനം ലഭിച്ചോരു മഹീമഹേന്ദ്രൻ
ആനന്ദമേകുംപടി കാത്തു ദോഷ-
ഹീനം നിജസ്ത്രീഗണമന്ദിരത്തെ
അക്കാലമക്കോവിലകത്തു കാര്യം
നോക്കായ്കയാൽ ദുർഘടമായിരുന്നു
മുക്കാലുമാരാജകുലത്തിലുള്ളോർ-
ക്കുൾക്കാമ്പിലേറ്റം വ്യഥയായിരുന്നു.
നടത്തണം കാരിയമെങ്കിലോ ദുർ-
ഘടത്തിലായി, കെടുകാര്യമെല്ലാം
തടസ്ഥമാണാസകലത്തിനും ഹാ!
കടത്തിലായി കഠിനം നിനച്ചാൽ.
കണക്കു നോക്കിശ്ശരിയല്ലിതെന്നു
കുണുക്കി ശീർഷം, ചിലർ കൺ ചുളിച്ചു
കണക്കെഴുത്തിന്നു മിടുക്കരായോർ
കണക്കിലാകില്ലിതു നൂനമെന്നാർ.
പോരാതെയായി ചിലവിന്നുപോലു
മാരാജ്ഞിമാർക്കെന്തൊരു കഷ്ടമയ്യോ!
നേരായൊരി വാർത്തയറിഞ്ഞു ലോകർ
പാരാത ശോകാൽ പലതും പറഞ്ഞു.
"ഋണങ്ങൾ വന്നു ബത! കാരിയക്കാർ
ഗുണങ്ങളില്ലാത്തവനാകമൂലം
ഇണങ്ങി നില്ക്കും കുടിയാനവന്മാർ
പിണങ്ങുമേ പാട്ടമിതേറ്റിയെന്നാൽ.
പെരുത്തുപോയാളുകളെന്നുവെച്ചാൽ
ചുരുക്കണം ധാടികളൊക്കെ മേലിൽ
ചുരുക്കുവാനെന്തു പടാദിയെല്ലാം
ചുരുക്കമേയുള്ളു നിനയ്ക്കിലാക്കും.
കുറയ്ക്കണം ഭക്ഷണമെങ്കിലൂണു
നിറച്ചുവയ്യെന്നു വിധിച്ചതാകും
മുറയ്ക്കു ഞാനീശ്വരസേവ ചെയ്യാ-
നുറച്ചു ദുഃഖങ്ങളിതൊക്ക മാറാൻ.
ഇല്ലാ നിനച്ചാൽ മുതലിപ്പൊളിങ്ങു*
ള്ളെല്ലാർക്കുമേവം ചിലവിന്ന,തിന്നാൽ
ചൊല്ലാവതെന്തോന്നിനിയിക്കുടുംബം
വല്ലാതെ വർദ്ധിച്ചു വരുന്നുവല്ലൊ.
ഇക്കാലമോർക്കുമ്പൊഴുതിത്ര പോരാ
സർക്കാരിൽനിന്നത്ര ധനം തരട്ടേ
നിൽക്കാതതിന്നായ്ത്തുനിയേണമർത്ഥം
സർക്കാരിലും സമ്പ്രതി കഷ്ടിതന്നെ.
അമ്പാ സുഖംതാനധികം സ്വകാര്യ-
സമ്പാദ്യമുള്ളോർക്കു ഭയപ്പെടേണ്ടാ
വമ്പാളിടും വേനലിലും നശിയ്ക്കി-
ല്ലമ്പാർന്നു തേവുന്നവനുള്ള തോട്ടം.
സന്താനമീമട്ടതിയായിവന്നാ-
ലെന്താണു് മേലിൽ ഗതി; ഹന്ത! പാർത്താൽ
സന്താപദംതാനതിയായിവന്നാ
ലെന്താകിലും കാണ്കതിവർജ്ജ്യയല്ലൊ?.
നന്നായ്വിശന്നിട്ടുഴലും ശിശുക്കൾ-
ക്കൊന്നാകിലും നൽകുവതിന്നു നാസ്തി
എന്നായിവന്നാലുളവാകുമത്ത-
ലിന്നാരഹോ! ഹന്ത!! സഹിച്ചിടുന്നു?
പാരിച്ച ദുഃഖങ്ങളനേകമുണ്ടി-
പ്പാരിൽ സഹിയ്ക്കാമവയൊക്കെയാർക്കും
ദാരിദ്ര്യദുഃഖം സുതരാമസഹ്യം
ദാരിദ്ര്യമുള്ളാളിഹ സർവ്വവർജ്ജുൻ.
മരിയ്ക്കണം ഹന്ത! ജനിച്ചവർക്കി-
ങ്ങൊരിയ്ക്ക,ലെന്നുള്ളൊരുറപ്പുമൂലം
ഗരിഷ്ടമാം മൃത്യുഭയം സഹിയ്ക്കാം
ധരിയ്ക്കു ദാരിദ്ര്യഭയം ന സഹ്യം.
കടത്തിനാലിങ്ങിനെ വാച്ചിടും സ-
ങ്കടത്തിൽ മുങ്ങും നൃപസൽക്കുലത്തെ
എടുത്തു രക്ഷിപ്പതിനേതൊരാൾക്കു
മിടുക്കു പാർത്താൽ ജഗതിതലത്തിൽ.
നരാധിപന്മാർ പലർ പാക്കിലുണ്ടി-
ദ്ധരാതലേ മറ്റധികാരിമാരും
വരാശയന്മാരവരിന്നിതിങ്കൽ
നിരാശരായെന്തിഹ വാണിടുന്നു.
പുരാണവേദ്യൻ ബത! പൂർണ്ണവേദ
പുരാധിനാഥൻ പുരുഷൻ പുരാണൻ
ഹരാദിസംസേവിതനച്യുതൻതാന്
നിരാകുലം വന്നിഹ കാത്തിടട്ടേ".
വല്ലാത വർദ്ധിച്ചുവരും വിപത്തി-
തെല്ലാം നിനച്ചിങ്ങിനെ ചൊല്ലിയപ്പോൾ
ചൊല്ലാർന്നിടും രാജഗൃഹത്തിലുള്ളോ-
രെല്ലാവരും ഹന്ത! പരിഭ്രമിച്ചു.
ശരിയ്ക്കു രാജ്ഞീഗൃഹകാര്യമെല്ലാം
പരിഷ്ക്കരിപ്പാനുടനേ തുടങ്ങി
മരിച്ചുടൻ നാടുവെടിഞ്ഞ ഭൂപൻ
പരിഷ്കരിച്ചപ്പൊളനർത്ഥമേറി.
കൂടീ പരം ഭൃത്യജനങ്ങളൊന്നു
കൂടിത്തദാനീം ചിലവഗ്ഗൃഹത്തിൽ
കൂടി വിപത്തീവിധമേറി ലോകർ
പേടിച്ചു 'കൂനിൽക്കുരുവെന്നപോലെ'.
വലിപ്പമേറീടിന ബുദ്ധികൊണ്ടു-
ജ്വലിയ്ക്കു മാമാടമഹീമഹേന്ദ്രൻ
ചലിച്ചിടാതന്നഥ ചെയ്ത കാര്യം
ഫലിച്ചിടാതങ്ങിനെ കണ്ടനേരം
ചുരുങ്ങിടാതേറിയ താപമൂലം
പരുങ്ങി ലോകം പുനരൊന്നുകൂടി
ഒരുങ്ങിനാൻ പിന്നെയുമായതിന്നായ്
ഞെരുങ്ങി ഭൂപേന്ദു കുഴങ്ങിപോലും. (യുഗ്മകം)
കനത്ത ഗാംഭീര്യമെഴുന്ന ഭൂപൻ
മനസ്സിരുത്തീട്ടഥ മങ്ങിടാതെ
ചിനച്ച ഭക്ത്യാ ശിവനെ സ്മരിച്ചു
നിനച്ചു നേരേ വഴിപോലെതന്നെ.
"പടാകൃതിപ്പെട്ടൊരു കാര്യമത്തൽ-
പ്പെടാതകണ്ടിന്നിതു നേരെയാക്കാൻ
വിടാത പൂമാതരുളുന്ന “കുഞ്ഞി-
ക്കിടാവു?”താനാകണമായതോർത്താൽ.
മട്ടാത താർമാത രുളുന്ന കേളി-
ത്തട്ടാകുമായാൾ നിജമാം കരത്താൽ
തൊട്ടാലഹോ! വിസ്മയമത്ര കേടു-
തട്ടാതതെല്ലാമുടനേ ഫലിയ്ക്കും.
വീട്ടിൽപ്പെടും കാര്യവുമപ്രകാരം
നാട്ടിൽപ്പെടും കാര്യവുമെന്നുപോരാ
കോർട്ടിൽപ്പെടും കാര്യവുമാശു നല്ല
പാട്ടിൽ പിഴയ്ക്കാതെ നടത്തുമായാൾ".
ഉൾക്കാമ്പുകൊണ്ടിങ്ങിനെ നിശ്ചയിച്ചി-
ട്ടക്കാലമർക്കാഭ കർലന്ന ഭൂപൻ
സൽക്കാരപൂർവ്വം യുവഭൂപനെത്താ-
നക്കാര്യമേല്പിച്ചു മഹാനുഭാവൻ.
മറച്ചുവെയ്ക്കാതെ കണക്കു നോക്കി-
യുറച്ചു കൃത്യം നൃവരൻ സമസ്തം
മുറയ്ക്കുതാൻ വേണ്ടതു കൂട്ടി പാട്ടം
കുറച്ചു ഭൃത്യപ്രകരം ക്രമത്താൽ.
വഴിയ്ക്കു തെറ്റെന്നിയെ വാങ്ങി നല്ല
മൊഴിയ്ക്കു മുമ്പൻ വിഹിതാവകാശം
ഒഴിച്ചിടാതാന്തു പൊളിച്ചെഴുത്തു
കഴിച്ചു കൂട്ടീ ചില 'മിച്ചവാരം'.
സന്യായവാനാം നൃപനിക്രിയയ്ക്ക-
ന്നന്യാശ്രയം വേണ്ട കുറച്ചുപോലും
ഇന്നാകവാതത്തിനു സഞ്ചരിപ്പാൻ
നന്നായഹോ! വാഹനമെന്തിനോർത്താൽ.
നേരോടഭീഷ്ടങ്ങളെയൊക്കെ രാജ്ഞി-
മാരോടു ചോദിച്ചു പരം ഗ്രഹിച്ചു
വീരോത്തമൻ ഭൂപതി പിന്നെ വേണ്ട-
തോരോതരം താൻ നിയമിച്ചു മെല്ലെ.
വൃത്തിയ്ക്കു വേണ്ടുന്നരിയൊന്നു മാത്രം
കുത്തിച്ചു നൽകീ ചിലവിന്നു പിന്നെ
തൃപ്തിപ്പെടും മട്ടു കൊടുത്തു രൂപ
തൃക്കൈകളിൽത്താൻ പ്രതിമാസമേവം.
"ഒന്നായ്ക്കിടക്കും വലുതായ കാര്യം
നന്നായ് നടത്താൻ കഴിയില്ലൊരാൾക്കും"
എന്നാശയേ പാർത്തതു വേറെ വേറെ-
യന്നാക്കിവെച്ചാൻ യുവഭൂമിപാലൻ.
ആരാജ്ഞിമാർ തങ്ങടെ കാര്യമോരോ
ന്നാരാൽ വെടിപ്പായി നടത്തിയെല്ലാം
ധാരാളമായീ ചിലവിന്നു സൌഖ്യം
നേരായ്ത്തികഞ്ഞൂ നിഖിലർക്കുമപ്പോൾ.
“എന്നൂക്കെഴുന്നീയഴൽപോയ്സുഖിക്കാ"-
മെന്നൂടുകിട്ടാതുഴലും ജനാനാം
അന്നൂനഭാവം കലരാതെ കൂടി-
വന്നൂ യുഗം മാറിയപോലെ സൌഖ്യം.
രൂഢാർത്തിപോയിപ്പുനരമ്മരാജ്ഞീ-
പ്രൌഢാലയത്തിൽ സുഖമായ്തദാനീം
'കാടാറുമാസം' മുഴുവൻ കഴിഞ്ഞു
'നാടാറുമാസം' ബത! വന്നപോലെ.
ഉദാരനാകും യുവഭൂമിപന്റെ
സദാശയശ്രീഗുണസൽഫലത്ത
തദാ മഹാലോകരറിഞ്ഞിവണ്ണം
മുദാ പറഞ്ഞാർ പലരും പരക്കെ
"യുവക്ഷിതീശന്റെ ധനാഗമശ്രീ-
നവപ്രയോഗങ്ങളെ നിങ്ങൾ കേട്ടോ?
ഭവിയ്ക്കുമേവർക്കുമിതൊട്ടറിഞ്ഞാൽ
സവിസ്മയം ഭൂരിതരം പ്രമോദം.
കേമത്തമേറെപ്പെടുമ്മരാജ്ഞീ-
ധാമത്തിലുള്ളോർ നരകം വെടിഞ്ഞു
ക്ഷേമത്തൊടിപ്പോൾ മരുവുന്നു ദേവ-
ധാമത്തി,ലി ബ്ഭൂപനയത്തിനാലേ.
പിശുക്കനാണീയുവഭൂപനെന്നു
പശുക്കളാം മർത്ത്യരുരച്ചിടുന്നു
പശുക്കളും, തത്സമരായിടുന്ന
ശിശുക്കളും ചൊൽവതിലെന്തു സാരം.
രസം മഹാന്മാരുമിയന്നു പാരം
സ്വസമ്മതം നൽകിടുമാ ഭൂപൻ
അസംഗമായി തെളിവോടു വക്കീൽ-
പ്രസംഗമൊട്ടല്ല കുറിച്ചയയ്ക്കും.
ധന്യാശയൻ മാടയുവക്ഷിതീശ-
നന്യാശ്രയം തെല്ലു മണഞ്ഞിടാതെ
സന്യായമാർഗ്ഗം കലരും പ്രകാര-
മന്യായമേറ്റം വടിവായ്ക്കുറിയ്ക്കും.
വിസ്താരമായ്പത്രിക ഭൂരിസാക്ഷി-
വിസ്താരചോദ്യം പരമെന്നിതെല്ലാം
ശസ്താശയൻ ഭൂപതിമൌലി തന്റെ
ഹസ്താംബുജംകൊണ്ടെഴുതിക്കൊടുക്കും.
മേധാവി മുദ്രാദികൾതന്റെ തത്വ-
ബോധാന്വിതൻ മാടയുവക്ഷിതീശൻ
ബാധാവിഹീനം ബത! തീറുതൊട്ടു-
ള്ളാധാരമെല്ലാമെഴുതാൻ സമർത്ഥൻ.
തീട്ടും തികച്ചന്നൃണബാദ്ധ്യഭാവം
വീട്ടുന്നതിന്നുള്ള രശീതിയും കേൾ
ശീട്ടും ക്രയാദിയ്ക്കുപയോഗമുള്ള
നോട്ടും വെടിപ്പായെഴുതും നാരന്ദ്രൻ
കരാറുതൊട്ടുള്ള മഹാഗുണങ്ങൾ
നിരാകുലം ചേർന്ന നരാധിനാഥൻ
കരാറുചെയ്യിച്ചിടയും കുടുംബ-
സ്ഥിരാത്തി നീക്കും തകരാറതെന്ന്യേ.
ഗുണങ്ങൾകൊണ്ടൊക്കയുമാർക്കുമേ തൽ-
ക്ഷണം ഗ്രഹിപ്പാനെളുതാം വിധത്തിൽ
കണക്കിലായിപ്പലമട്ടിലുള്ള
കണക്കെഴുത്തിന്നു നൃപൻ സമർത്ഥൻ.
എന്തിന്നു പാരം പറയുന്നിതിപ്പോൾ
ചിന്തിയ്ക്കിലാ മാടയുവക്ഷിതീശൻ
ഹന്താദരാൽ വേണ്ടുമെഴുത്തുകുത്തി-
ങ്ങെന്താകിലും താൻ സ്വയമേവ ചെയ്യും.
തെങ്ങും കവുങ്ങും മുതലായിടുന്ന
തിങ്ങും ഫലം പൂണ്ട തരുക്കൾതന്റെ
എങ്ങും പെടും പാട്ടമമേയകീർത്തി
തിങ്ങുംവിധം പാർത്തഥ ചേർത്തുവെയ്ക്കും.
ജലങ്ങൾകൊണ്ടും വെയിൽകൊണ്ടുമുണ്ടാ-
മലംഘ്യമായീടിന കേടശേഷം
അലം നിരീക്ഷിച്ചു നൃപാലവര്യൻ
നിലങ്ങൾതൻ പാട്ടവുമൊത്തുവെയ്ക്കും.
ഋണങ്ങൾ വാങ്ങാനണയുന്നവർക്കു
പണം കൊടുത്തായതിനൊത്ത ലാഭം
പിണങ്ങിടാതങ്ങു പിരിച്ചുകൊൾവാൻ
ഗുണം നിനച്ചാലവനറ്റമില്ല.
ഓരോതരം ദിക്കുകൾതന്നിലെന്തെ-
ന്തോരോതരം വസ്തുവിനുണ്ടു മൂല്യം
നേരോടതെല്ലാമിഹ പാർത്തു ചെയ്യും
വീരോത്തമൻ ഭൂപതി വേണ്ട കർമ്മം.
മാലേകിടുംമാതിരി പക്ഷപാതം
ചാലേ നിനച്ചാലിവനൊട്ടുമില്ല
ചേലേറുമിബ്ഭൂപതി ധർമ്മരാജൻ
പോലേ സദാ നൽസമവർത്തിതന്നെ.
പൂമാതിരിയ്ക്കുന്ന ഗൃഹത്തിലെയ്ക്കു
സാമാനമിന്നിന്നതു വേണമെന്നും
ക്ഷാമാദികൂടാതഥ കാപ്പതിന്നു-
മാമാനവേന്ദ്രന്നറിയാം സമസ്തം.
വുണിയ്ക്കിനൊക്കുംഗുണമമ്പിലോരോ
പണിയ്ക്കു ചേരും ഗുണമെന്നിതെല്ലാം
ഗണിച്ചു നന്നായറിയുന്നവൻ ഭൂ-
മണി പ്രദീപായിതനായവൻതാൻ.
പശുക്കൾ, മർത്ത്യാകൃതിയുള്ള ശുദ്ധം
പശുക്കൾ, പിന്നെ പല നന്മൃഗങ്ങൾ
ശിശുക്കളെന്നുള്ളവ നല്ലതാക്കാ-
നശുഷ്ക്കധീയായവനെത്ര കേമൻ.
മുദ്രാവിഹീനം സുഭഗങ്ങളായ
സദ്രാജചിഹ്നങ്ങൾ തികഞ്ഞവൻതാൻ
ഭദ്രാതിരേകത്തെ വരുത്തിയെങ്ങും
ഛിദ്രാദിദോഷം കളവാൻ മിടുക്കൻ
രമയ്ക്കു ചേരും പതിയായവൻ താൻ
ക്ഷമയ്ക്കു ചേരും പതിയായവൻതാൻ
ഉമയ്ക്കു ധീശൻ കനിയുന്നവൻ തൽ-
ക്ഷമയ്ക്കു പാർത്താലളവില്ല തെല്ലും.
നേരായി നിത്യച്ചിലവിന്നുമാത്ര-
മീരാജ്ഞിമാർക്കേകിടുമിപ്പൊഴർത്ഥം
ധാരാളമാണെന്നു കഥിയ്ക്കിലൊട്ടും
പോരാ കുറച്ചേറുമിതെന്നു നൂനം.
വന്നക്കടം തീർന്നുടനിത്ര വേഗം
നന്നാകുമിക്കാരിയമെന്നുമുള്ളിൽ
അന്നാളഹോ! ഞാൻ പുനരിത്ര വേഗം
നന്നാകുമെന്നും കരുതീല തെല്ലും.
ഈ രാജ്ഞിമാർക്കൊക്കയുമിത്രമാത്രം
ധാരാളമായിട്ടു ധനം കൊടുത്താൽ
നേരായുറയ്ക്കാമിവിടയ്ക്കു മേലിൽ
പോരാതയാകും മുതലെന്നിവണ്ണം.
കാര്യങ്ങൾതൻ തത്വമറിഞ്ഞിടാതി-
ന്നാര്യൻ ഭവാനെന്തു പറഞ്ഞിടുന്നു?
ധൈര്യം കഥിയ്ക്കാം, മുതൽ മിച്ചമുണ്ടാം
കാര്യങ്ങളിബ്ഭൂപതി നോക്കിയെന്നാൽ.
ഒന്നായി ലക്ഷം ബത രൂപമിച്ചം
നന്നായതെല്ലാം പലിശയ്ക്കു ഭൂപൻ
ഒന്നായ്കൊടുത്താനിഹ പാലിയത്തേ-
യ്ക്കെന്നാണെടോ നമ്മുടെ സൂക്ഷ്മബോധം.
മുട്ടാതകണ്ടീയുവഭൂമിപാലൻ
തൊട്ടാലതെല്ലാമൊരുകേടുമെന്ന്യേ
മട്ടാത നന്നായ്വരുമങ്ങു പണ്ടീ-
മട്ടായിരുന്നൂ കില ഭീഷ്മതാതൻ”.
ഇത്തരം ബഹുജനങ്ങൾ വാഴ്ത്തുമീ
യുത്തമക്ഷിതിപനീതിനൈപുണാൽ
അത്തൽ വിട്ടു പരമ്മരാജ്ഞിമാർ
ചിത്തമോദമൊടു തത്ര മേവിനാർ.
കലിതമായൊരിക്കാര്യവൈഭവം
കലിയൊഴിഞ്ഞു താൻ കണ്ടനന്തരം
വലിയതമ്പുരാൻ വാച്ച സമ്മദാ-
ലലിയുമുള്ളൊടൊത്തങ്ങു മേവിനാൻ.
യുവനരപതിയാമവനുടെ
നവനയനൈപുണ്യമൊന്നിനാൽതന്നെ
ജവമൊടു ബഹു സുഖമാർന്നാ-
രവസരമതിലമ്മതമ്പുരാക്കന്മാർ.
അക്കാലംതന്നിൽ നേടീടിന പണമൊരുമി-
ച്ചൊത്തുപോൽ പത്തുകോടീ
സൽക്കാരം ഹന്ത! തേടീ സപദി നരവരൻ
കള്ളർതന്നുള്ളു വാടീ
അക്കാര്യം വന്നുകൂടീടിന കുതുകഭരം
പൂണ്ടു മാലോകർ പാടീ
നില്ക്കാതേ ചേട്ടയോടീ കടൽമകളവിടെ-
സ്സത്വരം നൃത്തമാടീ.
ഇങ്ങിനെ "ഗോശ്രീശാദിത്യചരിത"ത്തിൽ
ഭരണപാടവപ്രകാശനമെന്ന
അഞ്ചാം സർഗ്ഗം കഴിഞ്ഞു.
ആറാം സർഗ്ഗം
പുകഴുടയ "കറുപ്പത്താ"ദരാൽജ്ജാതയാകും
പികമൊഴിമണി "പാറക്കുട്ടി"യാം പത്നിതന്റെ
തികവെഴുമതുലശ്രീ സൽഗുണാലക്ഷ്മിതീശ-
ന്നകതളിരിൽ നിറഞ്ഞു മേദുരം മോദഭാരം.
ശിവനഴകിനൊടേന്തുന്നുണ്ണിമാൻകണ്ണിയാളാ-
മവളുടെ ഗുണജാലം തെല്ലിതാ ചൊല്ലിടുന്നേൻ
നവജലധരലക്ഷ്മീക്ലേശദം കേശപാശം
ശ്രവണയുഗളീലം തുഷ്ടിദം ദൃഷ്ടിയുഗ്മം.
ചലദമലതരംഗം യുദ്ധരംഗത്തിൽ വെൽവാൻ
ബലമൊടു കളിയാടിത്തല്ലിടും ചില്ലിയുഗ്മം
തിലകരചിതശോഭം ചാരു ഫാലം വിശാലം
തിലകുസുമസമാനം ഘ്രാണമാഘ്രാണരമ്യം.
ഖചിതവിവിധരത്നാഗണ്യലാവണ്യലക്ഷ്മീ-
രുചി വിലസിന ഗണ്ഡേ ചേർന്ന നൽക്കുണ്ഡലങ്ങൾ
സചിവസദൃശനായിച്ചെന്നു രാകേന്ദു നന്നാ-
യുചിതമുപചരിയ്ക്കുന്നാനനം മാനനീയം.
അധമത പുതുതാകും വിദ്രമത്തിന്നു നൽകു-
ന്നധരമമൃതതുല്യം ഭാഷിതം ഭൂഷിതാസ്യം
സുധയുടെ സുഭഗത്വം കട്ട ഹാസം മനോജ-
പ്രധനജയയശസ്സാണെന്നുതാൻ തോന്നുമാർക്കും.
വിടരുമമലകാന്ത്യാ ദേശകാലാദി യോഗ-
സ്ഫുടമണികനകോദ്യൽഭൂഷണം പൂണ്ട കണ്ഠം
പടയിലമൃതകുംഭം കുമ്പിടും നല്ല കൊങ്ക-
ത്തടമമലപടാന്തർഗ്ഗാഢഗൂഢസ്വരൂപം.
ക്രമമൊടു നൃപകണ്ഠാലംകൃതിയ്ക്കായനേകം
വിമലമൃദുലപുഷ്പം കൊണ്ടു കാമൻ നികാമം
ശ്രമമൊടു വിരചിച്ചിട്ടുള്ള മാല്യത്തോടേറ്റം
സമമിഹ ഭുജയുഗ്മം മാന്യഭൂഷാമനോജ്ഞം.
അരപരമരയാലിൻ ചാരു പത്രാഗ്രമോടൊ-
ന്നുരസിയുരസലാക്കാൻ വാച്ച വമ്പുള്ളതേറ്റം
ധരണിധരനിതംബംപോലെ പീനം നിതംബം
ശരദമലകരന്താൻ ചന്തമുള്ളന്തരിയം.
തുട കരിതിലകൻതൻ നല്ല തുമ്പിക്കരത്തെ
പട പൊരുതി മടക്കാനത്ര കെല്പൊത്തതല്ലോ
നട നളിനവനത്തിൽ പാർത്തു ചീർത്തീടുമന്ന-
പ്പിടയുടെ നട വെൽവാൻ പോരുമേ നേരുപാർത്താൽ.
അടിമലരമലാബ്ജം പോലെ ലക്ഷ്മീനിവാസം
കൊടി കുട്ട മുതലാം നൽച്ചാരുരേഖാരുമാന്യം
വടിവൊടു കറ നീങ്ങും തങ്കവും ശങ്കതേടും-
പടി വിലസിന വണ്ണം പാരിൽ മറ്ഠാരി വണ്ണം.
ഇതി പരമുഴകേന്തും മംഗളാംഗങ്ങൾ ചേരും
മതിമുഖിമണി പാരക്കുട്ടിയാമമ്മ ചെമ്മേ
പതിവൊടപരകർമ്മം വിട്ടുടൻ വീഴ്ചയെന്യേ
പതിയുടെ പരിചര്യയൊന്നിനായിട്ടൊരുങ്ങും.
നഖമണികളിണങ്ങുന്നംഗുലീപങ്ക്തിയാലേ
സുഖമുടനുളവാകും മട്ടിലുവീർശ്വരന്റെ
ശിവചിതമൊടു ചിക്കിക്കെട്ടിവെച്ചിട്ടുടൻ തൻ
മുഖസുഷുമ വരുത്തും നിത്യമന്നീരജാക്ഷീ.
നെടിയൊരമൃഫേനശ്രീയെഴും ശയ്യതന്മേൽ
വടിവിനൊടു കടക്കും കേമനാം ഭൂമിപന്റെ
അടിമലരിണ പാരം ഭദ്രമായ് നിദ്രയുണ്ടാം
പടി ഝടിതി തിരുമ്മും മന്ദമസ്സുന്ദരാംഗി.
നരവരനുടെ പൂമൈതന്നിലന്യൂനമായി
സരസമൃദുസമീരൻ ചെന്നു ചേരുംപ്രകാരം
തരമൊടു തരളശ്രീതാലവൃന്തത്തിനാലേ
പരമശിശിരകാലേ വീശുമപ്പേശലാംഗി.
സുനഗിരിവരയുഗ്മം പീവരോരുദ്വയം നൽ-
ഘനജഘനമിതെല്ലാം ചേരുമച്ചാരുഗാത്രി
നവരതസുഖാർത്ഥം നൽത്തണുപ്പൊത്തകാലേ
മനസി പരമ, ഭക്ത്യാ ഭർത്തൃശുശ്രൂഷ ചെയ്യും.
പ്രിയതമനുടൽതന്നിൽ സൌഖ്യമുണ്ടാകുവാനായ്
പ്രിയഹിതമൃതത്തിന്നൊത്ത വസ്തുക്കളെല്ലാം
നയമൊടു മടി കൂടാതെത്രയും വൃത്തിയാക്കി
സ്വയമനുദിനമേകും വെയ്പുകാർക്കുപ്പലാക്ഷി.
അവനിതലമഹേന്ദ്രൻ മാന്യശോഭം ധരിയ്ക്കും
ധവളകരകരശ്രീയൊരു വസ്ത്രം പ്രശസ്തം
കവചമമലശീർഷാത്രാണമെന്നുള്ളതെല്ലാ-
മവൾ പരമുളവാക്കും വച്ചു സൂക്ഷിച്ചുകൊള്ളും.
നളിനദളസമശ്രീദൃഷ്ടിയാൾ ദൃഷ്ടിവയ്ക്കും
ലളിതരുചിയൊടെന്നും നന്ദിപൂണ്ടെന്നമൂലം
തെളിവിനൊടു വിളങ്ങും കാന്തഗേഹാന്തരത്തിൽ
ചളി, പൊടി, പുഴ, പൊട്ടൻ, മൂട്ട തൊട്ടൊന്നുമില്ല.
അവളനവരതം തൻ ചിത്തതാർ നിർത്തി, മാറു-
ന്നവസരഗതിയെല്ലാം പാർത്തു പാർക്കുന്നമൂലം
അവനിപനവനെപ്പോഴെപ്പൊളിച്ഛിയ്ക്കു,മെന്തെ-
ന്തവകളവിടെയെങ്ങും ലഭ്യമാമപ്പൊഴപ്പോൾ.
തളമലസതമൂലം വിട്ടു പള്ളിക്കുറിപ്പി-
ന്നിളയുടെ വരനുച്ചയ്ക്കുണ്ടകം പൂകിയെന്നാൽ
കളകളരവമുണ്ടാകാതിരിപ്പാൻ പുറത്ത-
ക്കളമൊഴിമണി കാത്തുംകൊണ്ടു മിണ്ടാതെ നില്ക്കും.
കളമൊഴി രുചി തിങ്ങുംമട്ടു പാടാൻ തുടങ്ങു-
ന്നളവവിടെ മുഴങ്ങും മദ്ദളധ്വാനമെങ്ങും
തെളിവിനൊടഥ പൊങ്ങും രാഗമേറ്റം വിളങ്ങും
കിളികൾ കിമപി മങ്ങും ലോകർ മോദാൽ മയങ്ങും.
അതിസുഖകരമായാമാനിനീമൌലി നാനാ-
കൃതികൾ പലതരത്തിൽ ചേർത്തു പാടുന്ന നേരം
അതിവിഷമമിവണ്ണം പാടുവാൻ പല്ലവിയ്ക്കും
മതിയിവൾ ദൃഢമെന്നായ് സമ്മതിയ്ക്കും മഹാന്മാർ.
ഘനരുചികലരും വാർകൂന്തലാൾ ചന്തമായി
ഘനരസമൊടു മന്ദം വീണ വായിച്ചിടുമ്പോൾ
ധനമകലെ വെടിഞ്ഞും മജ്ജനസ്വാപപാനാ-
ശനവിധികൾ മറന്നും പാട്ടുകാർ കേട്ടു മേവും.
അപഗതബഹുദോഷം പ്രോല്ലസദ്രാഗപോഷം
നൃപമഹിഷി മനോജ്ഞം വീണവായിച്ചിടുമ്പോൾ
കപടരഹിതമുണ്ടായിടുമാശ്ചര്യമോടേ
സപദി ജനമശേഷം പൂണ്ടിടും ഭൂരിതോഷം.
നലമൊടു നൃവരൻതൻ ജായ സംഗീതയന്ത്രം
പലതരമഴകേറ്റം വച്ചു വായിച്ചിടുമ്പോൾ
ഫലരഹിതമുദിയ്ക്കും സാന്ദ്രസന്തോഷമാകും -
ജലധിയി,ലിടതിങ്ങും വിസ്മയാൽ മാന്യർ മുങ്ങും.
അമലനവരസശ്രീഭവ്യകാവ്യങ്ങളേറ്റം
ശ്രമമൊടവൾ പഠിച്ചിട്ടുണ്ടു മാൽ പൂണ്ടിടാതേ
ക്രമമൊടതിൽ വിളങ്ങും ഹൃദ്യപദ്യങ്ങൾതൻ നൽ-
സുമധുരതരഭാവം ചൊല്ലുമാറുണ്ടു മെല്ലെ.
സദസി ഝടിതി വാദിച്ചീടുവാൻ വമ്പു കൂടും
സ്വദയിതനുടെ വാക്യാൽ കർക്കശം തർക്കശാസ്ത്രം
സുദതിയവൾ പഠിച്ചിട്ടുണ്ടു, ശാസ്ത്രജ്ഞർ വന്നാൽ
സദയമവരെ മാനിച്ചീടുമാറുണ്ടുപോലും.
തമിഴ,ഴകിയ ഹിന്തുസ്ഥാനി,യീരണ്ടിലും ന-
ല്ലമിതതരപടുത്വം നേടിനാൾ മോടിയോടേ
സുമതിഗുണമെഴുന്നത്തന്വി, ബുദ്ധിപ്രഭാവം
കിമപി തടവിടുന്നോർക്കെന്തസാദ്ധ്യം ധരായാം.
ഭൂവി വിലസിന 'മിൽട്ടൻ', 'ഷെൿസ്പിയർ', 'സ്കാട്ടു', മുമ്പാം
കവികളുടെയ കാവ്യം പാർത്തു കൂർത്തുള്ള ബുദ്ധ്യാ
വിവിധമതിലടങ്ങും സാരമെല്ലാമറിഞ്ഞി-
ട്ടവികലരസസിഝൌ മുങ്ങുമാമുഗ്ദ്ധഗാത്രി.
ക്ഷിതി സുരവരനായീടുന്ന കാരാടിനെപ്പോ-
ലതിശയിതഗുണൗഘം തേടുമാ മാടഭൂപൻ
പ്രതിദിനമുപദേശിക്കുന്നമൂലം സമൂലം
മതിമുഖി വിഷവൈദ്യം പാട്ടിലെല്ലാം പഠിച്ചു.
വിഷധരനികരത്തിൻ ബാധയാലിങ്ങു ചേരും
വിഷമഖിലമിറക്കാനായവൾക്കദ്ദശായാം
വിഷമമൊരു തരിമ്പും നാസ്തിയെന്നായി പിന്നെ
ഝഷമിഴി ശിവയേത്താൻ ഭക്തിപൂർവ്വം ഭജിച്ചാൾ.
അവനിസുരകുലേന്ദ്രന്മാരൊടാരോമലാമാ-
യുവതി ഗിരിശജായാപാദപത്മം ഭജിപ്പാൻ
വിവിധമഥ വിധാനം ദക്ഷിണാപൂർവ്വമായി-
ട്ടവികലമുപദേശാൽ താനറിഞ്ഞാൾ തദാനീം.
പ്രിയതമധരണീന്ദ്രാനുജ്ഞ കൈക്കൊണ്ടു പിന്നെ
സ്വയമവൾ ഗുരുവാക്യം പോലെ മാലേതുമെന്യേ
നിയമമൊടു ഭവാനീപാദപത്മാർച്ചനാദി-
ക്രിയ കിമപി തുടങ്ങീ സ്തോത്രഘോഷം മുഴങ്ങി.
"അയി ഭഗവതി മായേ ദേവി! പൂർണ്ണാനുകമ്പാ-
മയി! പശുപതിജായേ പാഹി തായേ! സുകായേ!
ത്വയി നിരുപമമാകും ഭക്തിഭാരം ഭവിപ്പാൻ
മയി വരണമയേ! തേ നഷ്ടസാദം പ്രസാദം.
കരുണ തവ ഭവിച്ചീടാത്തവൻ ഭക്തനാകാ
കരുണ തവ ഭവിപ്പാൻ ഭക്തനായ്ത്താൻ വരേണം
ഗുരുവിഷമമിതന്യോന്യാശ്രയം ഹന്ത! തീർപ്പാ-
നരുതരുതൊരുവന്നും സാംബജായ്യേംബ! മായേ!
ഭഗവതി! തവ ഭക്തന്മാരൊടൊന്നിച്ചിരിപ്പാൻ
നഗകുലപതികന്യേ! ഭാഗ്യമുണ്ടാക്കണം മേ
വിഗതവിവിധവിഘ്നം ഭക്തിഭാരം ഭവിപ്പാൻ
ജഗതി പരമുപായം ഹന്ത! മറെറന്തപർണ്ണേ!
ഭവഭവഭയസിന്ധൂന്മഗ്നരാം ഭക്തരെല്ലാം
നവരസമൊടു പാടും നിൻചരിത്രം വിചിത്രം
കുവലയപതിചൂഡേ! കുണ്ഡലം ചേർന്നിടുന്നെൻ
ശ്രവണമതിലനം വന്നുടൻ ചേർന്നിടട്ടെ.
കുളുർമതിയെതിർകാന്ത്യാ ചീർത്ത നിൻ കീർത്തിപൂരം
കുളുർമ തരികയാൽ മേ കോൾമയിർക്കൊണ്ടിടട്ടേ
വെളുവെളെ വിലസും നിൻകീർത്തികേൾക്കാത്തലോകം
ഗുളുഗുളെ മൃതിസിഝൌ വീണിതാ കേണിടുന്നു.
ഹിമഗിരിവരകന്യേ! ഭക്തിയുണ്ടാംവിധത്തിൽ
കിമപി തവ ഗുണത്തിൻ കേൾവിയാൽ ദേവിമായേ!
മമ സതതമൊലിയ്ക്കും ബാഷ്പവാരി പ്രവാഹാൽ
വിമലതയുളവായിടേണമിക്ഷോണിതന്നിൽ.
ശിഖരിവരതനൂജേ! ദേവി ദിവ്യവ്രജത്തിൻ
മുഖസരസിജമദ്ധ്യേ ചേർന്നുമേവുന്നപോലെ
മുഖമതിലുമിദാനീം മാനസത്തിങ്കലും മേ
സുഖമൊടു ഗുണഹാസശ്രേണിതേ വാണിടട്ടേ.
ജനനി! സപരിവാരം തല്പദാബ്ജാർച്ചനാർത്ഥം
മനസി കുതുകപൂർവ്വം ഞാൻ വരുത്തും വരാർത്ഥം
ഘനരസമൊടു നിത്യം സ്വീകരിച്ചീടണം നീ
ജനനഫലമാ! മേ വന്നിടും നൂനമെന്നാൽ.
വരത തവ കാണ്മാനാക്കണം വീക്ഷണം മേ
പരമിഹ പരിചര്യയ്ക്കാക്കണം മൽക്കരം നീ
ചരണവിനമനത്തിന്നൊന്നിനായ് നിത്യമാക്കി-
ത്തരണമായി! മദീയം ദേവി ! ശീർഷം സഹർഷം.
നിടിലനയനദേവൻ നിത്യമത്യന്തരാഗാൽ
മടിയിൽ മടിപെടാതേ വച്ചു ലാളിയ്ക്കമൂലം
വടിവൊടു വിലസും നിൻ വന്ദ്യമാകും സ്വരൂപം
മുടിമുതലടിയോളം കാളി! കാണാകണം മേ.
അളിനിരകൾ നമിയ്ക്കും കേശ,മർദ്ധേന്ദു തോലു-
ന്നളിക,മഴകിലേറ്റം ചിത്രിതം ചിത്രകത്താൽ
ലളിതരുചിരകാന്ത്യാ ഭംഗമോടൊത്തു ഭംഗം
ഗളിതമദമൊഴിയ്ക്കും ചില്ലിവില്ലിൻ വിലാസം,
കലിതകരുണ കഞ്ജശ്രീകവർന്നുല്ലസിയ്ക്കും
വലിയ നയനയുഗ്മം കാതരം കാതിലോളം
തുലിതമദനബാണം ഭംഗവൃന്ദത്തിലെല്ലാം
മലിനതയുളവാക്കാനേറെ ദക്ഷം കടാക്ഷം;
സ്ഫുടതരതിലപുഷ്പം നാണമേന്തുന്ന നാസാ
പുടമമലകപോലം നല്ല കണ്ണാടിപോലെ
ഉടനതി രുചി തേടും വിദ്രമത്തിൻ മദത്തെ
പടയിലപഹരിയ്ക്കും ശ്രേഷ്ഠമാമോഷ്ഠബിംബം;
ധവളരുചി മനോജ്ഞം ഹാസമുല്ലാസി ഹംസം
നവവികച സരോജം ചന്തമേറും ത്വദാസ്യം,
ശ്രവണയുഗളഡോളാമഞ്ജുലീലാതിലോലം
ദിവസപതിശശിശ്രീമണ്ഡലം കുണ്ഡലം; തേ.
ഗളദതിമദഭാരം ശംഖു ശങ്കിച്ചൊഴിയ്ക്കും
ഗളതലമണിമാലാശോഭിമുക്താഭിരാമം
വളയുടെ നിനദത്താൽ കല്പവല്ലിവിഹാസം
കളകളമൊടു ചെയ്യും മോഹനം ബാഹുയുഗ്മം.
മലർശരഭഗവാൻതന്മാന്യപട്ടാഭിഷേകം
നലമൊടിഹ നടത്താൻ മന്ത്രതന്ത്രജ്ഞരെല്ലാം
പലപല ശുഭകർമ്മം ചെയ്ത മാണിക്യതങ്ക-
ക്കലശമൊടു സമാനം ചാരുവക്ഷോരുഹം തേ,
ചലദലദലധൈര്യാദാനചണ്ഡം പിചണ്ഡം
വലയിതമണികാഞ്ചീദാമലംബം നിതംബം
കുല, കദളികൾതന്നിൽ ചേർത്ത ചാരൂരുയുഗ്മം
വലരിപുമുഖവന്ദ്യം മഞ്ജുളം പാദകഞ്ജം;
ഇതി തവ പരമാനന്ദൈകരൂപം സ്വരൂപം
യതിനിവഹനിഷേവ്യം ഭക്തലോകാനുഭാവ്യം
അതിഗുണമഖിലാഘധ്വംസനം ശംസനീയം
സ്മൃതിയിൽ മമ വരേണം സർവ്വദാ സർവ്വരാത്രി!
മധുസഹിതസമുദ്യൽകൈടഭാലോകനത്താൽ
വിധുരതയൊടു വാഴ്ത്തും ബ്രഹ്മനെക്കാത്തുകൊൾവാൻ
മധുമഥനു ബോധം നൽകിനിന്നംബികേ! നിൻ
മധുരതരശരീരം കാളി! കാണാകണം മേ.
മഹിഷദിതിജശീർഷാസ്രത്തിനാലാത്ത ഭംഗ്യാ
വിഹിതലളിതലാക്ഷാലേപനം ലോഭനീയം
മഹിതസുരമുനീന്ദ്രന്യസ്തപുഷ്പാങ്കുരാളീ-
സഹിതമിഹ പദം തേ തോന്നണം മേ ഹൃദന്തേ.
അമരിലഥ നിസുംഭൻതന്നെയും സുംഭനേയും
ക്രമമൊടു നിഹനിച്ചിട്ടപ്രമേയപ്രസാദാൽ
അരനികരമെല്ലാം കാത്ത നിൻ കാൽത്തളിർക്കായ്
കിമപി ബഹുസഹസ്രം കുമ്പിടുന്നേൻ സഹാസ്രം.
ഗുണഗണവതി! ദുർഗ്ഗേ! ഗൌരി! ശാകംഭരീശ-
ത്രിണയനതടജാത! ഭദ്രദേ! ഭദ്രകാളി!
രണഹതദിതിജേംദ്രേ! ഭ്രാമരി! താല്പദാബ്ജം
ക്ഷണമനു മമ ചിത്തേ തോന്നിടേണം നമസ്തേ.
ധനപതിതനയാദിസ്നേഹമോഹത്തിനാൽ ഞാ-
നനവധി വലയുന്നേൻ ഭുക്തിമുക്തിപ്രദാത്രി
അനവരതമിതെല്ലാം പോക്കിടാനാക്കണം നീ
സുനയനമുടനെന്നിൽ സാനുകമ്പം വികമ്പം."
വിജനദിശി വസിച്ചുംകൊണ്ടിവണ്ണം ഭവാനീ-
ഭജനമനുദിന താൻ ചെയ്തു ചേതോഹരാംഗി
സുജനമഹിതയായ് നൽപുത്രയുഗ്മദ്വയത്തെ
സ്വജനസുഖമുദിയ്ക്കും മട്ടു തുഷ്ട്യാ ലഭിച്ചു.
ക്ഷിതിപതിയുടെ പുത്രന്മാർകളും പുത്രിമാരും
പ്രതിദിനമഴകോടേ മന്ദമന്ദം വളർന്നു
ഇതി സകലഗുണത്താൽ ശാന്തയാം കാന്തയോടൊ-
ത്തതിമതിയുവമാടക്ഷോണിപൻ വാണു ഗേഹേ.
അതുസമയമുദാരൻ മാടഭൂപന്ദു ധീമാ-
നതുലഗുണനിവൻതന്മാതുലൻ മാനശീലൻ
പുതുമപരമെഴും നൽബുദ്ധിയാൽ കൊച്ചിയാം നാ-
ടിതു ഝടിതി വിടാനായ് നിശ്ചലം നിശ്ചയിച്ചു.
വിരവിനൊടതിവേഗാൽ കേട്ടുകേൾപ്പിച്ചുകൊണ്ടി-
പ്പരമസുഖദവൃത്തം പാരിലൊക്കെപ്പരന്നു
ഖരകരകിരണൗഘം സ്പഷ്ടമായ്വന്നുദിച്ചാൽ
ധരയിലിഹ പരക്കാൻ ഹന്ത! ചെറ്റെന്തമാന്തം
പതിവിലൊരു വിശേഷാലുള്ള സക്കാർ ഗസറ്റിൽ
സ്ഥിതിയിതു വെളിവായിക്കണ്ടു മാൽ പൂണ്ടു ലോകം
അതിഗുണമുളവായിക്കൊണ്ടിരിയ്ക്കും ദശായാ
മതിനൊരു തടവായാലല്ലലില്ലാതെയാമോ?
ചിലജനമിതു കേട്ടിട്ടേറ്റമാതങ്കമാർന്നാർ
ചിലജനമതിയായിട്ടത്ഭുതപ്പെട്ടു നിന്നാർ
ചിലരിതിനുടെ മൂലം തത്വമായി ഗ്രഹിപ്പാൻ
പലവഴി നിരുപിച്ചാർ വമ്പരും സംഭ്രമിച്ചാർ.
“പ്രകടമെവിടെയാണീ രാജ്യസന്യാസകർമ്മം?
വികടമെവിടെയാണി രാജജാതിസ്വഭാവം?
അകലമതിനു തെല്ലല്ലിങ്ങു ധീരപ്രശാന്തൻ
മികവിനൊടിതു ചെയ്യാൻ വമ്പനിത്തമ്പുരാൻ താൻ.
പെരിയ "രഘു "ദിലീപൻ തൊട്ട ഭൂമീശ്വരന്മാർ
പരിചൊടു നിജരാജ്യം പണ്ടു കൈവിട്ടുപോലും
ഹരി! ഹരി!! കലിയാമിദ്ദുഷ്ടകാലത്തിലിമ്മാ-
തിരി ധൃതിയൊടു ചെയ്വാനന്യരീ മന്നിലില്ല.
ക്ഷതി കിമപി ഭവിച്ചോ രാജ്യരക്ഷാക്രമത്തിൽ
ക്ഷിതിപനു ജരഠത്വംമൂലമാലസ്യമുണ്ടോ?”
ഇതി പിറുപിറെയോരോമാതിരിയ്ക്കാതി നീച-
ശ്രുതിയിലൊരുവകക്കാരേവമോരാണ്ടുപോയി.
തദനു നൃപതിവര്യൻ ഭൂരിധൈര്യം സ്വകീയം
പദമുടനെ വെടിഞ്ഞു മാന്യരെല്ലാം കരഞ്ഞു
ഉദയഗുണമുപേക്ഷിച്ചംശുമാൻ പ്രാംശുവാം സ-
ല്പദമിവിടെ വിടുമ്പോൾ പക്ഷിസംഘം കണക്കെ.
അതിഗുണഗണപൂർണ്ണൻ ഹസ്തനക്ഷത്രജാതൻ
ക്ഷിതിപനുടനിവൻതാനപ്പദത്തിങ്കലെത്തി
മുതിരുമതുലകീർത്ത്യാ ചേർന്നു കുന്നുമ്മൽബംക്ലാ-
വിതി ഭുവി പുകഴുംതന്മന്ദിരേ മന്ദമന്ദം.
അഴകിനൊടു നൃപേന്ദ്രൻ വാഴുമിക്കുന്നു കണ്ടി-
ട്ടഴലൊട്ടുടനെ പൊന്നിൻ കുന്നു കാണുന്നുവെങ്കിൽ
മിഴികൾ പരമടയ്ക്കും നിർണ്ണയം, കണ്ണിമപ്പാൻ
വഴിയൊരുവിധമുണ്ടെന്നാകിലോ നാകിലോകം.
ക്ഷമയുടെ പതി വാണിടുന്ന കുന്നിന്മേൽബംക്ലാ-
വമലഗുണഗണംകൈയ്ക്കൊണ്ടുടൻ കണ്ടുവെന്നാൽ
ഹിമഗിരിയിൽ വിളങ്ങു"ന്നോഷധിപ്രസ്ഥ"മാകും
സുമഹിതനഗരത്തെസ്സർവ്വരും സംസ്മരിയ്ക്കും.
അനുദിനമതിധർമ്മം ചെയ്തഹോ! രാവണൻ ത-
ന്നനുജനധിവസിയ്ക്കും ലങ്കനിശ്ശങ്കമായി
മനുജപതിവസിച്ചീടുന്ന കുന്നിന്മേൽബംക്ലാ-
വിനുടെയ ചരണത്തിൽ താണുടൻ വീണു കൂപ്പും.
ഇളയുടെ പതി വാണിടുന്ന കുന്നിന്മെൽ ബംക്ലാ-
വളവകലുമനർഘസ്വപ്രഭാസുപ്രഭാവാൽ
ജളത ഝടിതിക്കും വെള്ളിയാം കുന്നിൽനിയ്ക്കു-
ന്നളകയുടെ മനസ്സിൽ കൂടി നന്മോടിയോടേ..
അനുദിനമവിടത്തിൽ ചേർന്നിരിയ്ക്കും നരാണാം
ധനു, മകര,മിവറ്റിൽ ശൈത്യമത്യന്തമില്ല.
തനു പവനവിലാസാൽ കാർത്തികക്കാലിലാർക്കും
തനുവിലിഹ വിയർക്കാ ചെറ്റുമേ നീറ്റമേവം.
പലപല ഗുണമേവം ചേർന്ന തന്മന്ദിരത്തിൽ
ഛലരഹിതഗുണൌഘം കൂടുമമ്മാടഭൂപൻ
അലസനയനയാളാം പത്നിയോടൊത്തു ധാത്രീ-
വലയഭരണകർമ്മം ചെയ്തു ചേണാർന്നു വാണാൻ,
കരളിലവനസൂയാലേശമില്ലായ്കമൂലം
ഹര! ഹര!! ബഹുസൌഖ്യം; തെല്ലുമില്ലല്ലലാർക്കും
ധരണിവരനസൂയക്കാരനാണെന്നുവച്ചാൽ
ധരയിലഥ ഗുണത്തിൻ ബിന്ദുവും വന്നുകൂടാ,
ജനഹിതകരനാമിപ്പാർത്ഥിവന്നോർത്തിടുമ്പോൾ
മനസി ദുരഭിമാനം തെല്ലുമില്ലായ്ക്കുമൂലം
ഘനരസമൊടു ഭൂപാലോകനത്തിന്നു വേണ്ടീ-
ട്ടനവധി ദിനമാർക്കും കാത്തു പാർത്തീടവേണ്ടാ.
ഒരുവിഷമമവന്നില്ലത്ര കാര്യങ്ങളെല്ലാ-
മുരുജവമറിയാൻ ദുർവാശിയില്ലായ്കമൂലം,
ഇരുളിനൊടു സമാനം ഹന്ത! ദുർവ്വാശി നൂനം
പുരുഷനതു ഭവിച്ചാൽ കണ്ണു കാണുന്നതാണോ?
സമവിഷമവിഭാഗം സർവ്വമില്ലാതെയാക്കും
ഭ്രമമധികമണയ്ക്കും ഭീതിയുണ്ടാക്കുമാർക്കും
സുമഹിതതരകർമ്മങ്ങൾക്കു വിഘ്നം വരുത്തും
കിമപി തിമിരതുല്യം ചത്തിടും ചിത്തദോഷം,
നയമുടയ നരേന്ദ്രൻ തത്വമായ്വിത്തശാസ്ത്രം
സ്വയമഖിലമറിഞ്ഞീടുന്നതുണ്ടെന്നമൂലം
ജയമപനയമില്ലാതെങ്ങുമുണ്ടായ്നിരർത്ഥ-
വ്യയമുടനെ ചുരുങ്ങീ സാധുസമ്പത്തിണങ്ങീ.
കിമപി വലിയമാടോർവ്വീശവാത്സല്യപാത്രം
സുമതി യുവമഹീശൻ "രാമവർമ്മാ?”ഭിധാനൻ
അമരനികരഭക്തൻ നിത്യമത്യുത്സവശ്രീ-
പ്രമദമൊടു വസിച്ചാൻ ചൊല്പെറും തൽപുരത്തിൽ.
വിടുപണികളെടുക്കും വീരലോകങ്ങൾ, വിദ്യാ-
പടുത പരമെഴുന്നോർ പേർത്തു വാഴ്ത്തിസ്തുതിയ്ക്കും
കൊടിയ മഹിമയേവം ഭാഗ്യമുള്ളോർക്കതേറ്റം
വടിവൊടു യുവഭൂപന്നുണ്ടഹോ! വേണ്ടുവോളം.
പുനരവനിപതീന്ദ്രൻ വമ്പെഴും തൻ പ്രിയയ്ക്കായ്
ധനമനവധി ധീമാൻ കോരിവാരിക്കൊടുത്തു
ജനമതിനവമാമീ വർത്തമാനം ശ്രവിച്ചു
മനസി രസമുദിച്ചും കൊണ്ടു വാഴ്ത്തിസ്തുതിച്ചൂ.
"ഹര! ഹര!! മതിയാകും മട്ടിലഞ്ചെട്ടു ലക്ഷം
പരമഴകിയ രൂപ്യം തിണ്ണമീവണ്ണമേകാൻ
ധരയിലപരനുണ്ടോ? തൃപ്തിയാംമട്ടു വെള്ളം
തരമൊടിഹ കൊടുപ്പാനിപ്പൊഴാരഭ്രമെന്യേ?".
ക്ഷിതിപസുതരിൽവെച്ചിട്ടുമൻ മൂത്തവൻ സ-
ന്മതിഗണമണി രാമൻമേനവൻ മാനശാലി
ക്ഷിതിയിതിൽ വിലസീടും വിദ്യയൊക്കെപ്പഠിച്ചി-
ട്ടതികൃതിയൊടു പുക്കാൻ ഹന്ത! ദേശാന്തരത്തിൽ.
അവികലകുതുകം കൈക്കൊണ്ടവൻ ലണ്ടനിൽ ചെ-
ന്നവിടെയധിവസിച്ചു വിദ്യ പാരം പഠിച്ചു
ഭൂവി ബഹു പുകൾ പൊങ്ങും ജർമ്മനിക്ഷ്മാതലത്തിൽ
കവിയുമതിരസത്താൽ പിന്നെയദ്ധന്യനെത്തി.
അക്കാലമങ്ങഖിലരും
വക്കാണത്തിന്നൊരുങ്ങി യൂറോപ്പിൽ
തൽക്കാലമപ്രദേശേ
ദുഷ്കാലബലാൽ കുടുങ്ങിപോലായാള്.
ശരിയായ്ത്തരമൊടു പിന്നെ
തിരിയേ വന്നെത്തി ലണ്ടനിൽത്തന്നെ
പരിചൊടു ശുഭമാമിനിമേൽ
ഗിരിജാഭജനം പിതാക്കൾ ചെയ്യുകയാൽ.
ഊക്കുള്ള രണമിതേറ്റം
മൂക്കുന്നു നാളുതോരമതിഘോരം
മൂക്കുന്നു കപ്പലനവധി
നില്ക്കുന്നു വണിൿപ്രയോഗമിഹ സർവ്വം.
വാടുന്നു ലോകരഖിലം
കൂടുന്നു ചരക്കുകൾക്കു വിലയേറ്റം
ആടും മനമൊടു കൂട്ടം
കൂടുന്നു ജനങ്ങളങ്ങുമിങ്ങുമിഹ.
"കൈസരിഹ യന്ത്രബലവാൻ
കേസരിവരനെന്നപോലെ വിക്രാന്തൻ
ഭാസുരനുടനെ വരുംപോൽ
സാസുരസുരനരജഗത്രയോച്ചണ്ഡൻ.
ഒരു സുഖമില്ലെന്തെല്ലാം
വരുമിനിയെന്നുള്ള ശങ്കയാ നൃണാം"
നിരുപിച്ചിങ്ങിനെ നരപതി
കരുതിക്കൊള്ളുന്നു ചേതസാ ശിവയെ.
നൃപസുത'നരവിന്ദാക്ഷൻ'
കപടവിഹീനം പഠിപ്പിലതിദക്ഷൻ
ചപലതകൾ വിട്ടമന്ദം
നൃപതിലകുന്നേകിനാൻ മഹാനന്ദം.
'രത്നം' മാനിനിമാർമണി-
രത്ന നൃപപുത്രി ലളിതശുഭഗാത്രി
പ്രത്നം ശാസ്ത്രഗണം ലഘു-
യത്നം കൂടാതഹോ! പഠിക്കുന്നു.
'വിലാസിനീ'തി പ്രഥിതാഖ്യ തേടും
വിലാസിനീമാലിക രാജപുത്രി
കലാഭിവൃദ്ധ്യാ ഭുവി ശുക്ലപക്ഷ-
നിലാവിനെപ്പോലെ വിളങ്ങിടുന്നു.
സത്യാലംബൻ സമസ്തപ്രഥിതഗുണഗണോ-
ദാരദാരൻ സ്വഭൃത്യാ-
പത്യാമാത്യാദിസേവാപ്രമുദിതഹൃദയൻ
പ്രൌഢനാം മാടഭൂപൻ
കൃത്യാകൃത്യാർത്ഥവിദ്വാൻ കൃതബഹു സുകൃതൻ
പാർത്തലം കാത്തു പാർത്താൻ
നിത്യാനന്ദോത്സവശ്രീരസഝരി ഹൃദി കു-
ന്നിച്ചു കുന്നിൽച്ചിരേണ.
ഇങ്ങിനെ ഗോശ്രീശാദിത്യചരിതത്തിൽ
സിംഹാസനാരോഹണമെന്ന
ആറാംസർഗ്ഗം കഴിഞ്ഞു.
ഏഴാം സർഗ്ഗം
കുറുവെന്ന്യേ നൃപനിങ്ങിനെ
നിറയും സുഖമോടു വാണിടും കാലം
തിറമൊടു ഡല്ഹിയിലുണ്ടാം
ഡറബാറിനു ചെല്ലുവാൻ ക്ഷണം കിട്ടി.
ക്ഷണമനുസരിച്ചു പിന്നെ
ഗുണവാൻ ഭൂമീശ്വരൻ പുറപ്പെട്ടു
ഗുണമേറുന്നവർ മഹതാം
ക്ഷണമിഹ നിരസിയ്ക്കുമോ നിനയ്ക്കുമ്പോൾ.
പ്രേമമെഴും നൃപനൊടു
ന്നോമനയാം ദയിതയും പുറപ്പെട്ടു
രാമനൊടുകൂടി മുന്നം
ശ്രീമതിയാം സീതയെന്നപോലെ മുദാ.
'ബോറാ'യിടും ദിവാനും
കൂറാളും മറ്റു മാന്യമന്ത്രികളും
ജോറായ് നൃപതിയൊടൊന്നി-
ച്ചാറാതുയരും രസാൽ പുറപ്പെട്ടു.
ഉദയൽഗുണനരചൻ ശുഭ-
ഹൃദയൻ മദിരാശിയിൽ തദാ ചെന്നു
തദനു ഗവണ്ണർ കഴിച്ചൂ
പദവിയിലപ്പാർത്ഥിവേന്ദ്രസൽകാരം.
മധുരിപുസമനബ്ഭൂപൻ
മധുരാധരിയായ മഹിഷിയൊടുകൂടി
മധുരാശിപട്ടണത്തെ
മധുരാകൃതി പൂണ്ടു കണ്ടു നിശ്ശേഷം.
ജലയന്ത്രവൈഭവത്താൽ
ജലമവിടെസ്സർവ്വദാപി ബഹുസുലഭം
മലരഹിതം സ്ഫടികസമം
പലതരമതു രോഗശമനമുണ്ടാക്കും.
പാരാതെ ദീപയന്ത്രം
ധാരാളം തൽപുരത്തിലതുമൂലം
നേരായ് രാവും പകലും
നാരായണ! ശിവ!! മഹാത്ഭുതം ശരിതാൻ,
ചൊല്ലാർന്ന പവനയന്ത്രം
നില്ലാതവിടത്തിൽ വീശുമതുമൂലം
എല്ലായ്പോഴുമവിടെപ്പര-
മുല്ലാസാൽ സുരഭികാലമാണോർത്താൽ.
മോട്ടാർ വണ്ടികൾ സുലഭം
കിട്ടാതവരില്ല;തൊന്നുകൊണ്ടവിടെ
നാട്ടാരെവിടെയുമെപ്പൊഴു-
മൊട്ടാകെ വസിച്ചിടുന്നപോലെയഹോ!
ഖഗമൃഗശാലകളിൽ ബഹു-
ഖഗമൃഗഗണമുണ്ടുവറ്റയേക്കണ്ടാൽ
ജഗതിയിലുള്ളഖിലജനം
ജഗദീശ്വരസൃഷ്ട്രിയോർത്തു വാഴ്ത്തീടും.
കുതിരപ്പുറത്തു കേറി-
ട്ടതിരഭസം വെണ്ണിവെട്ടിടുന്ന കളി
ക്ഷിതിരമണൻ രമണിയൊടൊ-
ത്തതിരറ്റകുതൂഹലേന കണ്ടു തദാ.
ഉർവ്വീശനങ്ങു ഭീഷണ
ദർവ്വീകരശാല ശകടഗണശാലാ
അർവ്വകുലശാല പിന്നെ-
സർവ്വകലാശാലയെന്നിവകൾ കണ്ടു.
മുട്ടാളത്തരമേറും
പട്ടാളക്കാരനേകമുണ്ടവിടെ
ഞെട്ടാത്തവനെവനവരുടെ
മട്ടാകെ നിനയ്ക്കിലരിഭയം വേണ്ടാ.
ഉലകിൽ പെട്ട പദാർത്ഥം
പലതരമങ്ങുണ്ടു കാഴ്ചബംക്ലാവിൽ
ഛലരഹിതമവകൾ കണ്ടാൽ
ഫലമെന്തോതേണ്ടുഞാ,നനന്തമഹോ!
പലതരമായ്ക്കച്ചോട-
സ്ഥലമുണ്ടവിടത്തിലായവകൾ കണ്ടാൽ
വലരിപുഭവനത്തേക്കാൾ
വിലയിവകൾക്കേറുമെന്നു തോന്നീടും.
സ്നാനാശനശയനാടന-
പാനാലങ്കരണമെന്നിവയ്ക്കെല്ലാം
ന്യൂനാതിരിക്തമെന്നിയെ
നാനാ വസ്തുക്കൾ സുലഭമങ്ങേറ്റം.
അന്നു മഹാൻ മാടനൃപൻ
വന്നു രസാലെന്നു കേട്ടുടൻ കാണ്മാൻ
വന്നുതുടങ്ങി മഹാന്മാ-
രൊന്നു കഴിഞ്ഞാലടുത്തു മറ്റൊന്നു്.
ഉദ്യോഗസ്ഥന്മാരതി-
വിദ്ദ്യോതിതകീർത്തിയുള്ള ധീരന്മാർ
സദ്യോ രൂപനെക്കാണ്മാ-
നുദ്യോഗമൊടങ്ങു വന്നുടൻ കണ്ടു.
ചൊല്ലാർന്ന ഭൂപനായവ-
രെല്ലാവരെയും യഥോചിതം കണ്ടു
സല്ലാപാദികളിൽ പര-
മുല്ലാസമവർക്കശേഷമുണ്ടാക്കി.
വമ്പാർന്ന പട്ടണങ്ങളിൽ
മുമ്പായിടുമസ്ഥലത്തിൽ നിന്നു നൃപൻ
സമ്പാദിതബഹുഗുണമാം
ബൊമ്പാനഗരത്തിലേയ്ക്കെഴുന്നള്ളി.
അഞ്ചാതകണ്ടു നാഴിക-
യഞ്ചാറിഹ വീതിനീളമുള്ള പുരം
വഞ്ചാരുതയൊടു കണ്ടാൻ
നെഞ്ചാകെ നിറഞ്ഞ കൌതുകേന നൃപൻ.
ചേലുള്ള പുരഗുണം ബഹു
കോലും മധുരാശിയെന്ന നഗരത്തിൽ
നാലുനിലയുള്ള മേടകൾ
നാലഞ്ചല്ലെങ്കിലെട്ടുപത്തുണ്ടാം.
ആറുനിലയുള്ള വീടുക-
ളേറു മഹോ!: നൂറിലങ്ങു ബോമ്പായിൽ
കേറുവതിന്നവയിൽ ജവ-
മേറു'മിലൿട്രിക്കു ലിഫ്റ്റു് 'മുണ്ടേറ്റം
ചില്ലിത്തേങ്ങാ മേടകൾ
മല്ലിട്ടു ജയിയ്ക്കു മേറ്റമുയരത്താൽ
തെല്ലില്ലതമിതിൽ പൊളി
ചൊല്ലിട്ടിവനോർക്കിലെന്തഹോ! കാര്യം.
മില്ലുകൾ മധുരാശിയിലിഹ
തെല്ലുഗണിയ്ക്കുമ്പോളൊന്നുരണ്ടുണ്ടാം
നല്ലൊരു ബോമ്പയിലുള്ളവ
ചൊല്ലുക വയ്യൊക്കെ നൂറിലും കൂടും.
പലവിധയന്ത്രപ്പണിയുടെ
വിലയേറീടും യശശ്ചയം പോലെ
ഉലകഖിലം നിറയുമ്പടി മലർമകൾ
ബോമ്പായിൽനിന്നുദിയ്ക്കുന്നു.
ലോഹമയയന്ത്രവിദ്യക-
ളാഹന്ത! പഠിപ്പതിന്നൊരിസ്കൂളും
നഹി മധുരാശിയിലേറ്റം
മഹിമകലര്ന്നായതുണ്ടു ബോമ്പായിൽ.
ഇങ്ങിനെ ബഹുമഹിതഗുണം
തിങ്ങിന ബോമ്പാപുരം തദാ കണ്ടാൻ
മങ്ങിമയങ്ങാതധികം
പൊങ്ങിന പുകൾപൂണ്ട മാടഭൂമീന്ദ്രൻ.
ബോമ്പായിലും നരേന്ദ്രൻ
തമ്പാദം കണ്ടു കൂപ്പി ധന്യന്മാർ
വമ്പാളും നൃപനതിധന-
സമ്പാദ്യക്കാരെയങ്ങു കൊണ്ടാടീ.
അവിടത്തിൽനിന്നു പിന്നീ-
ടവിളംബം പോയി മാടഭൂപാലൻ
ഭൂവി പലദിക്കിലുമായഥ
വിവിധവിശേഷങ്ങൾ കണ്ടു മോദിച്ചു.
കാളീടും പുകൾ മതിയെ-
ക്കാളീഷൽഗ്ഗുണമൊടൊത്ത ഭൂപാലൻ
കാളീപദങ്ങൾ വിലസും
"കാളീഘട്ട"ത്തിലെത്തിനാൻ പിന്നെ.
ചാരണഗീതം ത്രിജഗൽ-
ക്കാരണകാരണമമന്ദതരകരുണം
ഭൈരവമത്യുഗ്രരവം
ഭൈരവിയുടെ രൂപമങ്ങു കണ്ടു നൃപൻ.
ഒഴുകും മിഴിനീരാൽ മിഴി
കഴുകിക്കൊണ്ടാദരേണ ചണ്ഡികയെ
തൊഴുതഥ ഭക്തിരസാബ്ധിയിൽ
മുഴുകിക്കൊണ്ടീ വിധം സ്തുതിച്ചു നൃപൻ.
"പടുത്വമുള്ള ദാനവൻ കടുത്ത പോത്തിനുള്ള മെ-
യ്യെടുത്തു ശൌര്യവീര്യമാര്ന്നടുത്തു വന്നിടും വിധൌ
തടുത്തിടാത്ത വിക്രമാൽ മടുത്തിടാതുടൻ കുതി-
ച്ചെടുത്തുചാടിടുന്ന നിൻ തുടുത്ത തൃപ്പദം ഭജേ.
മതിയ്ക്കു നന്മകൂടിടും യതിപ്രഭുക്കളേറ്റവും
ശ്രുതിയ്ക്കു ചേര്ന്നിടുംവിധം സ്തുതിച്ചു നിന്നിടുംവിധൌ
അതിപ്രവീരനാകുമദ്ദിതിപ്രജേശമസ്തകേ
കുതിച്ചുചാടിയങ്ങുടൻ പതിച്ച നിൻ പദം ഭജേ
ബലം പെരുത്ത കാസരാസുരന്റെ ചീര്ത്തമസ്തക-
സ്ഥലം തകർത്തുകൊണ്ടു നീയലം ചവിട്ടിടും വിധൌ
ഝിലുംഝിലുന്ന പൊങ്ങിടും ചിലമ്പിനുള്ള നിസ്വനം
മലം കളഞ്ഞിടട്ടെ മേ മനസ്സിൽനിന്നു ചണ്ഡികേ!
സ്വമിത്രസഞ്ചയം പരിഭ്രമിച്ചിടുന്ന മട്ടിലാ-
ക്രമിച്ച കാസരാസുരൻ ശമിപ്പതിന്നു മസ്തകേ
ധിമിന്ധിമീതി മദ്ദളപ്രമിശ്രസൽസ്തവാന്വിതം
ശ്രമിച്ചു തുള്ളിടും പദം നമിച്ചിടുന്നു ഞാൻ തവ.
അയേ! സുരാനമൽപദദ്വയേ! പദാബ്ജസേവക-
പ്രിയേ! കൃതാസുരക്ഷതിക്രിയേ! നമിച്ചിടുന്നു ഞാൻ
ജയേശവല്ലഭേ! മഹാദയേ! സദാ നിരസ്തതൽ-
ഭയേ! മുരാരിപങ്കജാലയേന്ദ്രവന്ദിതേ! ശിവേ!"
ഉൽകടഭക്ത്യാ ശിവതൻ
തൃക്കഴലേവം സ്തുതിച്ചു വന്ദിച്ചു
തക്കത്തിലഥ നരന്ദ്രൻ
കൽക്കട്ട സമസ്തവും പ്രദര്‍ശിച്ചു.
തൽക്കാലോചിതകര്മ്മം
നിൽക്കാതങ്ങാക്കയും നൃപൻ ചെയ്തു
അക്കാർ കുഴൽ മണിയോടൊ-
ത്തുൾക്കാമ്പു തെളിഞ്ഞുടൻ പുറപ്പെട്ടു.
ആരോമൽ പുകൾ പൂണ്ടിടു-
മോരോ പുണ്യസ്ഥലങ്ങളിൽ ചെന്നു്
ധീരോത്തംസൻ നരപതി
നേരോടങ്ങങ്ങു ചെയ്തു പുരുപുണ്യം.
ആകാശത്തിൽ വിളങ്ങും
രാകാശശിപോലെ കീര്‍ത്തിയുള്ള നൃപൻ
വൈകാതെ ചെന്നു പിന്നെ
ശ്രീകാശീപുരിയിലെത്രയും ഭക്ത്യാ
ഗംഗയിലഥ മനുജേശൻ
മംഗളമാകുംവിധത്തിൽ മജ്ജിച്ചു
ഭംഗവിഹീനം കണ്ടൂ
ലിംഗമയം വിശ്വനാഥശിവരൂപം.
ഗോദാനം ധനദാനം
ഭൂദാനം പാരമന്നചയദാനം
ഔദാര്യശാലി ഭൂപൻ
മോദാൽ പലദാനമീവിധം ചെയ്തു.
ഗംഗാനദിയേയുമുടൻ
ഗംഗാധരദേവനേയുമബ്ഭൂപൻ
തുംഗാമലഭക്ത്യാ ദു-
സ്സംഗാദികൾ പോക്കുവാൻ സ്തുതിച്ചു ചിരം.
ഗംഗേ! കൃതബഹുദുഷ്കൃത-
ഭംഗേ! നാരായണാംഘ്രിതലജാതേ!
തുംഗേശമൌലിഗേട്ടത്ഭുത-
ഭംഗേ! ഞാൻ ഭവതിയെ ഭജിയ്ക്കുന്നേൻ.
ഉൽകടതിമിരമശേഷവു-
മര്ക്കപ്രഭ പോക്കിടുന്നവണ്ണം നീ
ഉൾക്കനിവോടുമഘത്തി-
ന്നുൽക്കരമെല്ലാം മുടിച്ചുകളയുന്നു.
ഭഗവതിഭക്തി ഭവിപ്പാൻ
ഭഗവതി! നിൻ തീരവാസമൊന്നല്ലോ
ജഗതി നിനച്ചാൽ കാരണ-
മഗതികൾതൻ ദുഃഖമഖിലമൊഴിവാനും.
ഭുവനങ്ങളെ മുഴുവൻ ബഹു-
ജവമൊടു സംശുദ്ധമാക്കിടും മുനികൾ
ശിവ! ശിവ!! നിജശുദ്ധിയ്ക്കായ്
തവ തീരത്തിങ്കൽ വന്നു വാഴുന്നു.
മായമൊഴിഞ്ഞതിദയയെഴു-
മായവർ ഭഗവാന്റെ സൽഗുണഗണത്തെ
മായ കടപ്പാൻ ബഹുരസ-
മായവിടെച്ചൊല്ലുമായതൊന്നുമതി.
സുരമുനിജനവും ചൊല്ലും
വരമാകിയ താവകസ്തവാഘോഷം
തിരമാലകൾ മറിയുമ്പോൾ
പരമങ്ങുണ്ടായ്വരുന്ന നിഘോഷം;
ജലപാനത്തിന്നണയും
പലപല ജന്തുക്കൾ തന്റെ നിഹ്രാദം
ജലവാഹനലീലകളിൽ
ഛലരഹിതമുദിച്ചിടുന്ന ബഹുനാദം;
ഇങ്ങിനെ പലപല ഘോഷം
തിങ്ങിന നിൻചാരുതീരദേശത്തിൽ
പൊങ്ങിന രസമൊടു വാഴാ-
നിങ്ങിനി യോഗം വരുത്തിടേണം നീ
സാരഗുണമൊത്തിടും ഫല-
ഭാരമെഴും ഭൂരീവൃക്ഷലതികൌഘം
സൈ്വരമിടതിങ്ങിടും തവ
തീരമഹോ! സകലലോകരമണീയം.
എങ്ങും പ്രസിദ്ധമിതു പുകൾ
പൊങ്ങും നിൻ വിമലവാരിപൂരത്തിൽ
മുങ്ങും ജീവന്മാരഥ
പൊങ്ങുമ്പോൾ നിയതമീശ്വരന്മാരാം.
വിശ്വസ്ഥിതി,ലയ,സൃഷ്ടിക-
ളീശ്വരരാകുന്നു ചെയ്തിടുന്നതുപോൽ
ഈശ്വരസൃഷ്ടിയിവണ്ണം
ശാശ്വതയാം ഭവതി ഹന്ത! ചെയ്യുന്നു.
നിന്നിൽ ഭക്തി ഭവിപ്പാ-
നെന്നിൽ കൃപയിന്നു ചെയ്ത ജവനുസുതേ!
മന്നിൽ പലതുണ്ടിന്നവ-
തന്നിൽ കൊതിയില്ലെനിയ്ക്കു ലവലേശം.
സാരം ചേരാത്തീസ്സം-
സാരം ശീഘ്രം മുടിയ്ക്കുവാൻ വീര്യം
പാരം കൂടും തവ ജല-
പൂരം ബഹുരസമയം ദൃഢം പൂരം.
വാഗീശകരകജാതേ!
ഭോഗീശ്വരശയനചരണനളിനഭവേ!
യോഗിന്ദ്രസേവ്യമാനേ!
ഭാഗീരഥി ! നിന്നെ ഞാൻ ഭജിയ്ക്കുന്നേൻ".
"ശങ്കര! ശശാങ്കമൌലേ!
ശങ്കരിതൻ ജീവനാഥ! ശിവ! ശംഭോ!
കിങ്കരനാമടിയനിലിഹ
നിങ്കരുണാമൃതരസം സ്രവിയ്ക്കേണം.
കരുണാമൃതരസമിതു കൈ-
വരുവാൻ ധര്മ്മങ്ങൾതന്നെ ചെയ്യേണം
അരുതരുതു ധർമ്മസൂക്ഷ്മമി-
തൊരുവനുമറിവാനുമെന്തു ചെയ്യേണ്ടൂ.
ഒരു മുനിമറകളെ നന്നായ്
നിരുപിച്ചിട്ടൊന്നു ധര്മ്മമെന്നോതും
വിരുതു പരമേറിടും മ-
റ്റൊരു മുനി മറ്റൊന്നു ചൊല്ലിടും ധര്‍മ്മം.
പുരുഷോത്തമനതപദ നി-
ന്നരുളപ്പാടായിടുന്ന മാതന്റെ
ഗുരുതരമാം സിദ്ധാന്തം
പുരുഷന്മാര്ക്കാര്ക്കുമറിയുവാൻ വയ്യാ.
എന്നാലിഹ ശിവ! ശങ്കര!!
നിൻനാമം ചൊൽകയും ഭവല്പാദം
നന്നായ് ഭജിയ്ക്കുയും താ-
നിന്നാലോചിയ്ക്കുകിൽ പരം ധര്‍മ്മം.
പുരുഷവരനര്ജ്ജുനൻ പ-
ണ്ടുരുഭക്ത്യാ നിൻപദം ഭജിച്ചതിനാൽ
തെരുതെരെയമ്പുകൾ തൂകി-
ക്കുരുസൈന്യമുശേഷമാശു കുലചെയ്തു.
പാരാശര്യമുനീന്ദ്രൻ
പാരാതേ നിൻപദം ഭജിച്ചതിനാൽ
ആരാൽ ബ്രഹ്മജ്ഞാനം
നേരായ് ചേരുന്ന പുത്രനെ ലഭിച്ചു..
മുന്നം യദുപതി കൃഷ്ണൻ
നിന്നംഗം പാര്‍ത്തു പേർത്തു സേവിച്ചു
എന്നതിനാലബ്ഭഗവാ-
നന്നഴകേറിയ തനൂജനുണ്ടായി.
ദക്ഷൻ പ്രജാപതീശൻ
ദക്ഷൻ സർവ്വത്തിനും ഭവാൻതന്നെ
ത്ര്യക്ഷ! ദുഷിച്ചതുകാരണ-
മക്ഷണമേ നഷ്ടനായിപോൽ മൂന്നും.
അളവറ്റ നിൻമഹത്വം
കളവായല്പം ചുരുക്കിയുരചെയ്താൻ
നളിനജ,നതുകൊണ്ടവനുടെ
പൊളി ചൊല്ലിയൊരശ്ശിരസ്സറുത്തു ഭവാൻ.
നിന്നെബ്ഭജിപ്പവര്ക്കിഹ
പിന്നെയ്ക്കെന്നല്ലുടൻ വരും സൌഖ്യം
നിന്നെദുഷിപ്പവര്ക്കിഹ
പിന്നെയ്ക്കെന്നില്ലുടൻ വരും ദുഃഖം.
അതിനാൽ മറ്റൊക്കെ വെടി-
ഞ്ഞതിഭക്തിരസം കലർന്നു തവ ചരണം
മതിയിലുറപ്പിച്ചു സദാ
മുതിരുന്നേൻ പശുപതേ! ഭജിപ്പാൻ ഞാൻ.
നിങ്കഴൽ ഭജിച്ചുകൊൾവാൻ
സങ്കല്പിച്ചാലുമുണ്ടു പുരുപുണ്യം
ശങ്ക വെടിഞ്ഞതിനാൽത്താൻ
ശങ്കര! യമനെജ്ജയിച്ചു നന്ദി പുരാ
ജയ ജയ മൃത്യുഞ്ജയ! ശിവ!
ജയ ജയ വിജയപ്രഹാരകിണധാരിൻ!
ഭയമൊഴിവാനതിബഹുരസ-
മയമായ് നിൻ ഭജനമാശു തരണം മേ".
തുംഗാശയനവനിങ്ങിനെ
ഗംഗാഗംഗാധരസ്തവങ്ങൾ തദാ
ഭംഗമൊഴിഞ്ഞു ജപിച്ചതി-
മംഗളമാകുംവിധം സുഖം പൂണ്ടു.
"ഡില്ലി”യിലഥ നൃപവൈര-
ക്കല്ലിവനെത്തീട്ടുദിച്ച വൃത്താന്തം
തെല്ലിനി മടികൂടാതിഹ
ചൊല്ലിടുവൻ കേട്ടുകൊൾവിനെല്ലാരും.
നലമൊടു നൃപാഗത്താ-
ലുലകിടമതഹോ! രസിച്ചുകൊണ്ടിളകി
കലയുടെ നിധിയണയുമ്പോൾ
ജലധി രസിച്ചിളകിടാതെ നിന്നിടുമോ?
ശ്രീമാൻ വൈസ്രോയി മഹാ-
ധീമാനഥ സൽകരിച്ചു നരവരനെ
രാമാനുജനാം കൃഷ്ണൻ
പ്രേമാലക്രൂരനെപ്പോലെ.
ദക്ഷനവനെത്തിടുമ്പോൾ
ശിക്ഷയിലതു ലോകരങ്ങു കൊണ്ടാടr
ദക്ഷിണവായു വരുമ്പോൾ
വൃക്ഷസമൂഹങ്ങളെന്നുപോലെ തദാ.
ആ മാന്യനൃവരനവിടെ
ക്ഷേമാന്വിതമൊരു ഗൃഹത്തിൽ വാണരുളr
ക്ഷേമാതിരേകമുളവാം
ശ്രീമാന്മാര്ക്കെങ്ങുമെന്നുതാൻ ഞായം.
പരമഥ കോൺഫ്രൻസിന്നാ-
യരചകുലം സരസമങ്ങു വന്നെത്തി
തരമൊടു വര്ഷിപ്പാനായ്
നിരവധിഘനസംഘമെന്നവണ്ണമഹോ!
വീരൻ ഗേയ്ക്ക്വാർ മുതലാം
ധീരന്മാരായ ഭൂമിനാഥന്മാർ
സാരം കലര്‍ന്ന വാക്കുകൾ
പാരം സഭയതിലെടുത്തുവര്ഷിച്ചൂ.
വീര്യമെഴുമാനൃപന്മാർ
കാര്യ വിശേഷങ്ങൾ പലതുമസ്സഭയിൽ
ധൈര്യമൊടു പാര്‍ത്തു ചിന്തി-
ച്ചായതയൊടു തീര്പ്പുചെയ്തു വഴിപോലെ.
പുരുശുഭകാര്യം ചെയ്വാൻ
വിരുതെഴുമീമാടഭൂപകുലവരനെ
ഒരുമയൊടഥ ഡർബാറതി-
ലൊരു മെമ്പ്രായ് നിശ്ചയിച്ചു ഭൂപന്മാർ,
പലപല ദേശങ്ങളിൽ വ-
ച്ചല സാക്ഷികൾമൌലി മാടനൃപമഹിഷി
പല നൃപപത്നികളുടെ നി-
ശ്ചലസൌഹാര്ദ്ദം ഗുണങ്ങളാൽ നേടീ.
വേഷമൊതുങ്ങിയതേറ്റം
യോഷകൾമണിയാമവൾക്കു പാര്‍ക്കുമ്പോൾ
ഭാഷകൾ മൂന്നാലറിയാം
ദോഷമഹോ! തെല്ലുപോലുമില്ലല്ലോ.
പണമലമുകളിലെഴും പ്രഭു-
ഗണമഹിഷികളും നരേന്ദ്രപത്നിയുടെ
ഗുണഗണമോര്ത്തോര്ത്തുള്ളിൽ
പ്രണയവുമാശ്ചര്യവും തദാ പൂണ്ടു.
പുണ്യക്ഷേത്രങ്ങളിലവൾ
പുണ്യം ചെയ്താളഗണ്യമായ്ത്തന്നെ
തിണ്ണം പതിഗുണമൂലമി-
വണ്ണം നന്മകളവൾക്കു സിദ്ധിച്ചു.
പരിവാരങ്ങളൊടൊന്നി-
ച്ചരിശമനനുടൻ നൃപൻ പുറപ്പെട്ടു
ശരിയെപ്പോന്നഥ വന്നാൻ
പരിചോടഥ "ചെറുതുരുത്തി"യാം ദിക്കിൽ.
അവിടെച്ചെന്നു മഹാജന-
മവിളംബം നൃപനെ വിരവൊടെതിരേറ്റു
അവികലമംഗളപത്രം
കവിയും രസമൊടു നരേന്ദ്രനായ് നൽകീ.
എത്രയുമത്ഭുതമാം നിജ-
ചിത്രമഹാദേശയാത്രയുടെ വൃത്തം
തത്ര കഥിച്ചില്ലവരൊടു
പത്രഗണപ്രഥിതമാകയാൽ ഭൂപൻ.
കുലവാഴകൾ, മണി തോരണ-
ജലപൂര്ണ്ണഘടങ്ങൾ, പല്ലവസുമങ്ങൾ
പലതിയ വിലസും സ്വപുരേ
നലമൊടു ചെന്നാനനന്തരം ഭൂപൻ.
വലിയമ്മരാജിമുതലാം
വലിയ ഗുരുസ്ഥാനമുള്ള നിഖിലരെയും
കലിതമഹാഭക്തിരസാ-
ലലിയും മനമോടു തത്ര കണ്ടു നൃപൻ.
അവരൊടു ചൊന്നാൻ തന്നുടെ
നവനവനാനാപ്രദേശവൃത്താന്തം
അവനീശ്വരനഥ ചെന്നാൻ
ജവമൊടു പൂണ്ണത്രയീശസദനത്തിൽ.
ഭൂപാലകാജ്ഞയാ ബഹു-
ദീപാവലി രത്നമാലപോലെ തദാ
ആപാദചൂഡമഴകായ്
ശ്രീപാരിയ്ക്കും ഗൃഹത്തിലുണ്ടാക്കീ.
ഘനസദൃശകാന്തി തേടും
ഘനതരമാമഷ്ടഗന്ധഭവധൂപം
ജനമനസി താപശാന്തി-
യ്ക്കനവധി വര്‍ഷിച്ചു ഭക്തിരസമപ്പോൾ.
ഖരതുളസിദളമാലിക
മരതകമണിമാലപോലെ ശുഭകാന്ത്യാ
പരമാവിഷ്ണുക്ഷേത്രേ
നിരവധി നീളം നിരന്നു ശോഭിച്ചു.
പടഹമൃദുമഞ്ജുരവവും
തടവുപെടാതുള്ള താളനിസ്വനവും
ഇടചേര്ത്തുകൊണ്ടു ഗായക-
രുടനവിടെപ്പാടി ഗീതഗോവിന്ദം.
അടവുവരാതെയിരിപ്പാൻ
ഭടരതിയാകും തിരക്കു നീക്കി ജവാൽ
ഉടന ഹരിയുടെ നേരേ
നടയിലെഴുന്നള്ളി നിന്നു നരനാഥൻ.
സാരം ചേര്ന്നുല്ലസിച്ചുള്ളജിതനുടെ വപു-
സ്സക്ഷികൊണ്ടാസ്വദിച്ചൂ
പാരം താപം ത്യജിച്ചൂ നൃപനഥ ഹൃദയേ
ഭക്തിഭാരം ഭരിച്ചൂ
സ്വൈരം കണ്ണീരൊലിച്ചൂ പുളകമധികമായ്
മെയ്യിലെല്ലാം ധരിച്ചൂ
ധീരൻ നന്നായ നമിച്ചൂ ഹരിപദകമലം
തത്ര വാഴ്ത്തിസ്തുതിച്ചൂ.
ഇങ്ങിനെ ഗോശ്രീശാദിത്യചരിതത്തിൽ
ദേ ശസഞ്ചാരമന്ന
ഏഴാം സര്‍ഗ്ഗം കഴിഞ്ഞു.
എട്ടാം സര്‍ഗ്ഗം
ഹരൻ പത്മജൻ ശക്രനിത്യാദിയാകും
സുരന്മാരാശഷം നമിയ്ക്കും മുരാരേ!
സ്ഥിരം നീ വസിയ്ക്കുന്നു സാരങ്ങളാലേ
ചിരം പൂര്‍ണ്ണമായുള്ള വേദത്തിൽ നിത്യം.
യതിപ്രൌഢസംവേദ്യമാകും ത്വദീയം
ശ്രുതിപ്രോക്തരൂപം ചിദാനന്ദരൂപം
ശ്രുതിയ്ക്കും വചസ്സിന്നുമോര്ത്താലഗമ്യം
മതിയ്ക്കും തഥാ ഹന്ത! കാണ്കെന്തു കഷ്ടം!
ഭവച്ഛേദമെന്നുള്ളതുണ്ടായ്വരില്ലി-
ബ്ഭവദ്രൂരൂപസാരം ലഭിയ്ക്കായ്കിൽ നൂനം
അവിച്ഛേദ്യമാമീയനര്ത്ഥം മുടിപ്പാൻ
ഭവിച്ചാനഹോ! പൂര്ണ്ണവേദസ്ഥനായ്നീ.
ജിതാത്മാക്കൾ കാണാതെഴും ബ്രഹ്മമെന്നു-
ള്ളതാകുന്നു കാണുന്നൊരീ നിന്റെ രൂപം
ഇതാരോ നമിയ്ക്കുന്നിതായാൾ വിമുക്തൻ
ഹതാശേഷ സന്താപ! മായേശ! വിഷ്ണോ!
രമാദേവി നിത്യം രമിയ്ക്കും ഭവാൻതൻ
സമാനാതിരിക്തങ്ങളില്ലാത്ത രൂപം
മമാനന്ദമാംമട്ടുദിയ്ക്കണമുള്ളിൽ
സമാധിസ്ഥരാം യോഗികൾക്കെന്നപോലെ.
കഴൽകഞ്ജയുഗ്മം മഴക്കാറു തന്മേൽ
വഴക്കെന്നിയേ വച്ചെഴും ഭാനുപോലെ
തഴയ്ക്കുന്ന വാർകൂന്തലേന്തും ശിരസ്സിൽ
കഴക്കറ്റുമിന്നുന്ന പൊന്നിൻ കിരീടം
കലാനാഥബാലാക്രമാലോലസുഭൂ-
വിലാസങ്ങൾ ചേരും ലലാടം മനോജ്ഞം
നിലാവേറ്റു നിൽക്കുന്ന നീലോല്പലത്തിൻ
പലാശം തൊഴും ലോചനം സൽകൃപാര്ദ്രം.
തിലപ്പൂ തൊഴും തുംഗനാസാപുടം, സ-
ഞ്ചലൽ കുണ്ഡലം ചേര്‍ന്ന ഗണ്ഡസ്ഥലങ്ങൾ
വിലപ്പെട്ട സദ്വിദ്രമത്തിന്റെ സാരം
ബലത്താലെടുത്തീടുമോഷ്ഠാധരങ്ങൾ.
കുരുക്കുത്തിമുല്ലയ്ക്കെഴും കുഗ്മളത്തിൻ
കുരുത്തം കെടുത്തുന്ന ചാരുദ്വിജങ്ങൾ
പെരുത്തിന്ദുവിന്നുള്ള സൌഭാഗ്യസാരം
കരുത്തോടു കക്കും മുഖം മുഗ്ദ്ധഹാസം.
സമുദ്രോദിതാതിസ്ഫുരൽ കൌസ്തുഭശ്രീ
സമുദ്രാസമേതം ഗളം ശംഖതുല്യം
സുമുക്താച്ഛമാലാരമാവന്യമാലാ-
വിമുക്തം സദാ മാര്‍ത്തടം മാന്യശോഭം.
സ്ഫുരിയ്ക്കും മഹാദീര്ഗ്ഘബാഹുക്കൾ നാലിൽ
ധരിയ്ക്കുംഗദാശംഖചക്രാംബുജങ്ങൾ
തെരിയ്ക്കെന്നു കല്പത്തിലീവിശ്വമെല്ലാ-
മിരിയ്ക്കും വിശാലാന്തരം കുക്ഷിദേശം.
കടിസ്ഥാനസംലഗ്നമായ് തൂങ്ങിടും പൊൻ-
പൊടിയ്ക്കൊത്ത പീതാഭ ചേരുന്ന വസ്ത്രം
മടിയ്ക്കാതെ ദേവര്ഷിസംഘങ്ങൾ കൂപ്പു-
ന്നടിത്താരിതെല്ലാമെഴും തത്സ്വരൂപം.
അനന്താസനം സ്നിഗ്ദ്ധനീലാഭയാൽ നൽ-
ഘനംതാൻ പൃഥാസൂനു ക്ഌപ്തപ്രതിഷ്ഠം
ജനം തേറിടും ഭക്തിയാൽ ശുദ്ധമാകും
മനം തേടി മോദേന കാണുന്നു നിത്യം.
ഹരേ! ശങ്കകൂടാത "കായാധവാ”ഖ്യാ-
സുരേശന്നു വേണ്ടി ബ്ഭവാൻ ഭക്തദാസൻ
നരാകാരമോടൊത്തിടും സിംഹമായി-
പ്പുരാ കാണുമാറായിപോലെത്ര ചിത്രം!:
ഇടിയ്ക്കുള്ളിലുള്ളുഗ്രമാം ഗഌവ്വമെല്ലാം
മുടിയ്ക്കുന്ന ഗംഭിരഘോരാട്ടഹാസം
മടിയ്ക്കാത വജ്രം വണങ്ങുന്നഖൌഘം
തടിൽക്കാന്തിചഞ്ചത്സടാഭ്രാമിതാഭ്രം;
ഭവാംഭോജവാസാദി സംസേവ്യമാനം
ഭവാൻ പണ്ടു കൈക്കൊണ്ടൊരിബ്ഭവ്യരൂപം
ഭവാംഭോധി പാരം കടപ്പാൻ തൊഴുന്നേൻ
നവാംഭോദവര്ണ്ണാച്യുതാനന്ത! വിഷ്ണോ!
യശോദാദി ഗോപീജനത്തിന്നു വേണ്ടി-
ബ്ഭൃശോദാരനാം നി പുരാ, കൃഷ്ണമൂര്ത്തേ!
യശോദാത്ഭുതാനേകരൂപങ്ങൾ കൈക്കൊ-
ണ്ടശോകം വിരിഞ്ചന്നുമുൾക്കമ്പമേകീ
സുസന്താപമേന്തുന്ന ഭൂമീസുരന്നായ്
സ്വസന്താനമെല്ലാം കൊടുത്തെന്നവണ്ണം
സസന്തോഷമേകുന്ന സന്താനമുദ്ദ്യ-
ദ്രസം തോയദച്ഛായ! മേ മായമെന്യേ.
വടിഞ്ഞീടുമര്ത്ഥങ്ങളെന്തിന്നു വംശം-
മുടിഞ്ഞീടുമാറായിതല്ലോ നിനച്ചാൽ
തടിച്ചാധി പൂണ്ടാരിവണ്ണം ഹൃദന്തം
പിടച്ചാശു മൽപൂർവ്വരാം ഭൂമിപന്മാർ.
അവിച്ഛിന്നമാം നിന്റെ കാരുണ്യമൂലം
ഭവിയ്ക്കുന്നതില്ലിപ്പൊഴത്താപമൊട്ടും
ഭവിയ്ക്കുന്നു സമ്പത്തുപോരായ്കയാൽ മാ-
ലവിച്ഛേദമിന്നായതും തീര്‍ക്കണം നീ.
വലദ്വേഷിസോദര്യ! സന്താനമിന്നും
നിലയ്ക്കാത വര്ദ്ധിച്ചിടുന്നുണ്ടു പാരം
കുലത്തിന്റെ വിസ്താരമുൾത്താരിലോര്ത്താൽ
മലർപ്പെൺപതേ! ഹന്ത! സമ്പത്തു പോരാ,
കൊടുത്തീലയോ നീ കുചേലദ്വിജന്നാ-
യെടുത്താലൊടുങ്ങാത്ത വിത്തം മഹാത്മൻ!
കടുക്കുന്ന ദാരിദ്ര്യമോടിയ്ക്കുവാൻ ന-
ന്മിടുക്കുള്ള സമ്പത്തു വര്ഷിയ്ക്കു വേഗം.
കനത്തുള്ള യുഷ്മൽ പ്രസാദം നിനച്ചാ-
ലനര്‍ത്ഥം വരില്ലായവന്നിങ്ങുതെല്ലും
തനിച്ചായതോതുന്നു കായാധവന്താൻ
നിനച്ചാൽ ഗ്രഹിയ്ക്കാമതേവവക്കുമല്ലൊ.
കുമാരൻ കഥിയ്ക്കുന്നു നിൻ ഭക്തനുണ്ടാം
സമാധിയ്ക്കുറപ്പേറ്റമെന്നുള്ള തത്വം
രമാദേവി ചൊല്ലുന്നു ദാരിദ്ര്യമൊട്ടും
പ്രമാദത്തിലും ചേരുകില്ലെന്ന തത്വം.
സ്വയംഭൂ കഥിയ്ക്കുന്നു നിൻ ഭക്തനെന്നും
സ്വയം സൃഷ്ടിചെയ്യും ജഗത്തെന്ന തത്വം
ജയം കൈവരും പോരിലെന്നുള്ള തത്വം
ഭയം വിട്ടു ചൊല്ലുന്നു ബീഭത്സുവീരൻ.
വേവൽഭക്തവീര്യം കഥിയ്ക്കുന്നു സാക്ഷാൽ
ഭവൻ ഹന്ത! ഗംഗാധരൻ കാലകാലാൻ
ഭവത്ഭക്തികന്യാജനത്തിന് പിതൃത്വം
ഭവത്ഭക്തനാണെന്നു ദേവര്ഷിവര്യൻ.
അധര്‍മ്മങ്ങൾ ചെയ്യില്ല നിൻഭക്തനൊട്ടും
സുധര്മ്മങ്ങൾ ചെയ്തീടുമത്യാദരണ
സ്വധര്മ്മസ്ഥനാം ധര്മ്മജൻ പാരമെന്നീ-
വിധം തത്വമോതുന്നു ഗാംഭീര്യശാലീ.
ചിരംതാൻ പ്രവത്തിച്ച പാപത്തെയെല്ലാം
പരം ത്വൽപദാംഭോജസത്ഭക്തിലേശം
അരം സംഹരിച്ചീടുമെന്നുള്ള തത്വം
സ്ഥിരം കാന്യകുബ്ജദ്വിജൻ ചൊല്ലിടുന്നു.
സദാ സർവ്വലോകേശ! ലക്ഷ്മിശ! യുഷ്മൽ
പദാംഭോജസേവാരസാംഭോധിമദ്ധ്യേ
മുദാ മുങ്ങിടുന്നോര്ക്കു സന്താപമില്ലെ-
ന്നുദാരൻ കഥിയ്ക്കുന്നുതേ ചിത്രകേതു.
ഭൂമിയ്ക്കുന്നു ഹാ! ഞാൻ ഭവാംഭോധിമദ്ധ്യേ
ശ്രമിയ്ക്കുന്നു സംസാരദുഃഖങ്ങളാലേ
നമിയ്ക്കുന്നു യുഷ്മൽപ്രസാദാന്തരായം
ശമിയ്ക്കുംവരയ്ക്കും കൃപാശീല! കൃഷ്ണ!
ഹരേ! കൃഷ്ണ! ശൌരേ! വിഭോ! ദാനവാരേ!
സുരേശേഡ്യ! ഹസ്തസ്ഥാശംഖാംബുജാരേ!
ചിരേണ ത്വദംഘ്രിദ്വയം കൂപ്പിടും മേ
തരേണം മുകുന്ദ! പ്രഭോ! നിൻ പ്രസാദം."
ഏവം ശ്രീവിഷ്ണുഭക്തിപ്രചുരതരസുധാ-
പാത്രമാം സ്തോത്രരത്നം
ദേവന്മാര്ക്കും മനോജ്ഞം നരപതിതിലകൻ
ചൊല്ലി മെല്ലെ സ്തുതിച്ചു
ശ്രീവന്നമ്പോടു വാഴും നിജഗിരിസദനേ
ചെന്നു പിന്നീടമന്ദം
ഭാവം ചേരുന്ന തൻപ്രേയസിയൊടുസഹിതൻ
പീനമോദേന വാണു.
ശ്രേഷ്ഠത്വമുള്ള ഗുണമൊത്ത നരേന്ദ്രമാതൃ-
ജ്യേഷ്ഠത്തി ഭക്തി കലരും വലിയമ്മരാജ്ഞി,
പ്രേഷ്ഠസ്വദേഹസഹിതം ബത! മാടഭൂമീ-
പൃഷ്ഠം വെടിഞ്ഞു ഹരിലോകമണഞ്ഞു പിന്നെ.
സംസ്ക്കാരകര്‍മ്മം മുതലായിടുന്ന
സൽകാര്യമെല്ലാം നൃവരൻ നടത്തി
സൽകാരപൂര്വ്വം സുജനങ്ങൾ ദുഃഖം
സർക്കാര്‍ മുറയൊക്കയുമാചരിച്ചു.
ശ്രീതാവുമുര്വ്വീതലനായകന്റെ
മാതാവുടൻ താമസിയാതെ പിന്നെ
സ്ഫീതാഭയാം പൂര്വ്വജയൊത്തിരിപ്പാൻ
ജാതാഗ്രഹം വിഷ്ണുപുരിയ്ക്കു പോയാൾ.
അനന്തരം മാതൃപരേത കര്‍മ്മ-
മനന്തദാനാദികളോടുകൂടി
അനന്തതൻ നായകനാശു ഭക്ത്യാ
മനന്തെളിഞ്ഞാദരവോടു ചെയ്താൻ.
തുടങ്ങിനാൻ വത്സരദീക്ഷ പിന്നെ
മുടങ്ങിടാതാ ക്ഷിതിലോകനാഥൻ
അടങ്ങിടാത്തീനൃപധൈര്യമോടു
മടങ്ങി പാരം ചപലേന്ദ്രിയങ്ങൾ.
വലിപ്പവും വൃത്തിയുമാ നൃപന്റെ
ബലിക്രിയയ്ക്കുള്ളതുകൊണ്ടു ദോഷം
ചലിച്ചുപോയാശു പിതൃപ്രസാദം
ജ്വലിച്ചു വര്‍ദ്ധിച്ചു ശുഭം തികഞ്ഞു.
ആത്ത പ്രമോദത്തൊടു തത്ര നിത്യ-
ശ്രാദ്ധം ഭുജിക്കും ധരണീസുരന്മാർ
ഗാത്രം തെളിഞ്ഞാ നൃപസൽഗുണൗഘ-
സ്തോത്രം തുടങ്ങി പതിവിൻ പ്രകാരം.
തൃത്താലിചാര്ത്തലിനു കാലമതിക്രമിച്ച-
തുൾത്താരിലക്ഷിതിപതിപ്രഭു പാർത്തു പിന്നെ
ചിത്താഭിരാമതയൊടായതുടൻ നടത്താൻ
തത്താദൃശോദ്യമമമന്ദമുടൻ തുടര്ന്നാൻ.
കല്യാണവാരിനിധിഭൂപതി മക്കൾതന്റെ
കല്യാണകര്മ്മവുമടുത്തുടനേ നടത്താൻ
കല്യാശയൻ കലിമലാപഹസൽഗുണത്താൽ
തുല്യാതിരിക്തരഹിതൻ ദൃഢമായുറച്ചാൻ.
കല്യാണശീലമിയലും നൃപപുത്രിമാര്ക്കു
കല്യാണമേറ്റവുമടുത്ത ദശാന്തരാളേ
ഉല്ലാസമോടൊരുചിതക്രിയ തത്ര ചെയ്താൾ
ചൊല്ലാര്‍ന്ന സൽഗുണമെഴും വലിയമ്മരാജ്ഞി.
അമ്മനുജേശ്വരമഹിഷി-
യ്ക്കമ്മമഹാരാജ്ഞി സമ്മദത്തോടേ
നന്മയോടു ഹന്ത! "നൈത്യാ-
രമ്മ"സ്ഥാനം കൊടുത്തു വിധിപോലെ.
കേടറ്റീടിന കാന്തിയുള്ള ഗിരിജാ-
പ്രാണേശ്വരൻതൻ ജടാ-
ജൂടസ്ഥാനമുടൻ ലഭിച്ച സമയേ
ബാലേന്ദു പോലേ തദാ
മാടക്ഷ്മാപതിവര്യ പട്ടമഹിഷീ-
സ്ഥാനം ലഭിച്ചപ്പൊള-
ക്കോടക്കാർകുഴൽമൌലിരത്നമധികം
ഭംഗ്യാ വിളങ്ങീ ശുഭം.
ഈ രാജമാനമഹിതോത്സവമാനനത്തി-
ന്നാരാൽ വരും നിയതമേറെ മഹാജനങ്ങൾ
നേരായവര്ക്കു കുശലത്തിനു വേണ്ടതെല്ലാം
ധാരാളമായ്വരണമെന്നു നിനച്ചു ഭൂപൻ;
പെരുത്തു വേണ്ടുന്ന പദാര്‍ത്ഥമെല്ലാം
വരുത്തിനാൻ നന്മയൊടപ്പുരത്തിൽ
കുരുത്തമുള്ളോര്ക്കു പിഴച്ചുപോകാ-
കരുത്തെഴും നല്ല മനീഷി നൂനം.
ഇങ്ങിനെ വട്ടംകൂട്ടിയൊ-
രുങ്ങിവരുന്നാ മഹോത്സവം കാണ്മാൻ
പൊങ്ങിന കൌതുകഭരമിട-
തിങ്ങിയമന്നാർ ജനങ്ങളെല്ലാരും.
വഴിയ്ക്കുതാൻ നാഴികയെണ്ണിയെണ്ണി-
കഴിച്ചു മാലോകരുടൻ വിഷാദം;
ഒഴിച്ചു പാണിഗ്രഹവാസരേ കൺ-
മിഴിച്ചു കണ്ടാർ തപനോദയത്തെ.
മാലോകരാദിത്യമഹോദയത്തെ
മാലോടുകൂടാതഥ കണ്ടു പിന്നെ
ആലോചനാപൂർവ്വമുരച്ചു തമ്മിൽ
കാലോചിതം കൌതുകമോടുകൂടി.
"ഭേദിച്ചു ഹന്ത! ദോഷം ഗുണമിവ സമമാ-
ക്കീടുമുഗ്രം തമസ്സാ-
മോദിച്ചു പാരിലെല്ലാം കിമപി വികസിതാ-
കാരപത്മാകരങ്ങൾ
ആദിത്യൻ വന്നുദിച്ചു വെളിവിനൊടധുനാ
സ്വാര്ത്ഥമെല്ലാവരും സം-
പാദിച്ചീടാൻ മടിയ്ക്കാതഴകിനൊടു തുട-
ങ്ങുന്നു തിങ്ങും പ്രമോദാൽ.
സഹാസരാജന്നളിനീമനോജ്ഞ-
വിഹാരനാദിത്യനുദിച്ചുയര്ന്നൂ
ഇഹാശു ലോകം വെളിവോടുണർന്നു
മഹാശ്മശാനഗ്രഹഭീതി തീര്‍ന്നൂ.
ചിലപ്പോൾ സദ്വൃത്തൻ ഹൃദഗകളങ്കാതിമലിനൻ
ചിലപ്പോൾ കൌടില്യാന്ന്വിതനനിയതാകാരനനിശം
ജലപ്രായാത്മാവായ്മരുവുമൊരു ദോഷാകരനവൻ
കലയ്ക്കീശൻ മങ്ങീ പരമുദിതനാദിത്യനധുനാ.
പീനാഭയാം പത്മിനി സദ്വിജാളി-
സ്ഥാനാര്ഹയായത്ര വിളങ്ങിടുന്നു
ജ്ഞാനാവഹീനാഖിലസാധൂലോകോ-
ത്ഥാനാര്ത്ഥമാദിത്യനുദിച്ചുയര്ന്നു.
ചോരപ്രയോഗം വിപുലാന്ധകാര-
ചാരപ്രയോഗം പരമെന്നിതെല്ലാം
ജാരപ്രയോഗത്തൊടു നിന്നു; ശോഭാ-
സാരത്തോടാദിത്യനുദിച്ചുയര്ന്നു.
ഭഞ്ജിച്ചു ദോഷാഗമജാതഖേദം
രഞ്ജിച്ചു ലോകം നിഖലം നിതാന്തം
കഞ്ജത്തിനുണ്ടായി വിടര്‍ച്ച, ശോഭാ-
പുഞ്ജത്തോടാദിത്യനുദിച്ചുയര്ന്നു.
ഗോശ്രീഭൂതലമെവരാ-
ലാശ്രിതമവർമാത്രമത്ര മിഴിയുള്ളോർ
ഗോശ്രീശാദിത്യനുദി-
ച്ചശ്രീദോഷം കളഞ്ഞു തെളിയുന്നു.
ഭുവനജകുലമിത്രം ചിത്രമാദിത്യനേറ്റം
ജവമൊടുദിതനായിട്ടങ്ങിതാ പൊങ്ങിടുന്നു
അവരവരുടെ കര്‍മ്മം കേവലം ചെയ്വതിന്നായ്
ഭൂവനമിതിൽ വസിയ്ക്കും ലോകർ പോകുന്നു വേഗം..
അടങ്ങിടുന്നില്ലിഹ വാദ്യഘോഷം
മടങ്ങിടുന്നില്ല മഹാജനങ്ങൾ
തുടങ്ങി പാണിഗ്രഹണോത്സവം മേൽ-
മുടങ്ങിടാ നൂനമിതീശദൃഷ്ട്യാ''.
വീണാമൃദംഗാദി രവങ്ങളുള്ള
ചേണാര്‍ന്ന പാണിഗ്രഹണോത്സവത്തെ
കാണാൻ പുറപ്പെട്ടവരേവമോതി-
യേണാക്ഷിമാരോടൊരുമിച്ചു പോയാർ.
പാരാതനേകം വിഭവങ്ങൾ വെച്ച-
ങ്ങാരാൽ നടത്തീടിന സദ്യതന്നിൽ
പോരായ്മയില്ലൊന്നിനുമെന്നതില്ല
പോരാതെവന്നൂ വയറെന്നമൂലം,
ആ രാജവര്യനുടെ കല്പനയാൽ നടന്ന
വാരാംഗനാനടനഗീതകലാദിതന്നിൽ
പോരായ്മയില്ല പുനരൊന്നിനുമെന്നതില്ല
പോരാതെവന്നു സമയം പരമെന്നമൂലം,
ഭ്രാന്താലെന്നുള്ള മട്ടിൽ ചിലർ വകുതിരികൂ-
ടാതെ കാര്യത്തിനെല്ലാം
താന്താൻ ചാടിപുറപ്പെട്ടതു ബാഹുവഷളാ-
ക്കുന്നു ചിക്കെന്നു കഷ്ടം!
ശാന്താത്മാവാ നരേന്ദ്രൻ നിജസചിവവഴി-
യ്ക്കുന്നു കാര്യങ്ങളൊക്കെ
സ്വാന്താനന്ദം ജനങ്ങൾക്കുരുതരമുളവാം
മട്ടു നന്നായ് നടത്തി.
തിണ്ണമിന്നൊക്കയും നല്ല-
വണ്ണമോര്ക്കും ദശാന്തരേ
എണ്ണത്തിൽ കുറവില്ലൊട്ടും
വണ്ണത്തിലുമഹോ! തഥാ.
ഉല്ലാസാലിത്ര നന്നായി-
ച്ചൊല്ലാര്ന്നൊരടിയന്തരം
തെല്ലാണ്ടിനകമുണ്ടായി-
ട്ടില്ലാ പാര്‍ക്കിൽ മഹാത്ഭുതം.
പൊങ്ങും പുകളെഴുമീ നൃപ-
നിങ്ങു വരുത്തിയ "സരസ്വതീഭായി"
തിങ്ങും രസമൊടു കഥകൾ തു-
ടങ്ങുംപൊഴുതെന്തു ചൊൽവതാനന്ദം.
സരസ്വതിഭായി ധരിയ്ക്ക, സാക്ഷാൽ
സരസ്വതീദേവി, വിവാദമില്ല
വരസ്വരഞ്ചേര്ത്തതിഭംഗിയോടി-
ത്തരത്തിൽ വേറിട്ടൊരു നാരി പാടാ,
മുത്തണിക്കുളുർമുലത്തടം കലരു-
മുത്തമാജനസുനൃത്തമ-
ങ്ങുത്തമം ചെറിയ വൃത്തവും വലിയ
വൃത്തവും ബഹുമുകത്തരം
മത്തളധ്വനികൾ മത്തനാഗമിവ-
യൊത്ത കാഴ്ചകളടുത്തടു-
ത്തിത്തരം മഹ,മൊരത്തലില്ല ഖലു
ചിത്തതാരിലൊരുത്തനും.
കല്യാണോത്സവവാസരത്തിൽ മതിമാ-
നാകും മഹീനായകൻ
കല്യാണം വരുവാൻ സ്വകീയധരയിൽ
താലൂക്കുതോറും തദാ
ഉല്ലാസത്തൊടു കുക്ഷിപൂര്ത്തിവരുമാ-
റന്നം കൊടുത്തീടിനാ-
നെല്ലാവർക്കുമിതിൽപ്പരം സുകൃതമെ-
ന്താണോര്ത്തു കാണുംവിധൌ.
വലിപ്പമേറുന്ന രസങ്ങൾ നന്നാ-
യൊലിച്ചിടുന്നിപ്പരമോത്സവത്തിൽ
ചലിച്ചിടാതെത്തിയ മന്നവര്‍ക്കു
ഫലിച്ചു സര്വ്വേച്ഛയുമെന്നു നൂനം.
ചിത്തപ്രീത്യാ ചെവിക്കൊള്ളണമിതഖിലരും
ഹന്ത! തൊണ്ണൂറ്റിനാലാ-
മത്തേക്കോളംബവര്ഷേ ബഹുശുഭകരമായ്
വന്നിടും കന്നിമാസേ
അത്തംനാൾ മാടഭൂമീശ്വരകുലമഹിതാം-
ഭോധിരാകേന്ദുവാമീ-
സ്സത്തൻതൻ ഷഷ്ടിപൂര്ത്ത്യുത്സവമതിതിലുമ-
ക്ലിഷ്ടമുൽക്കൃഷ്ടമാകും.
അഷ്ടിദാനാദിയെല്ലാമി-
ഷ്പഷ്ടിപൂര്ത്തിമഹോത്സവേ
പുഷ്ടിയായ്വരുമൊന്നിന്നും
കഷ്ടിപിഷ്ടി ഭവിച്ചിടാ.
വിപ്രശൂദ്രാദിജാതിക്കാ-
രപ്രമേയമഹോത്സവം
ഇപ്രകാരം പ്രശംസിച്ചാർ
സംപ്രമോദമഹോ! തദാ.
ആദിത്യനോടു സമമായ മഹസ്സെഴുന്നീ-
യാദിത്യഭൂപനുടെ ഭൂപരിപാലനത്തെ
വേദിപ്പതിന്നു ചിലതൊക്കെയുരച്ചിടുന്നേൻ
മോദിച്ചു കേൾപ്പിനതു ലോകരശേഷമിപ്പോൾ.
ഭക്തന്മാർ ചെയ്തുവെന്നാൽ മഹിതതരമഹാ-
ക്ഷേത്രകാര്യങ്ങളെല്ലാം
വ്യക്തം നന്നായ്ഭവിയ്ക്കും ദൃഢതരമുളവാം
ഭൂരിദേവപ്രസാദം
ശക്തൻ മാടക്ഷിതീശൻ സ്വയമിതികരുതി-
ദേവകാര്യം നടത്താൻ
ഭക്തന്മാർ നാലുപേരെ പ്രതിസുരസദനം
നിശ്ചയിച്ചാൻ വിശേഷാൽ.
തിരുവഞ്ചിക്കുളമിതിലി-
ഗ്ഗുരുഭക്തന്മാരിലൊരുവനെന്നനുജൻ
സുരുചിരഭട്ടാദ്യനവധി
ബിരുദപദം പൂണ്ട ഗോദവര്മ്മനൃപൻ.
ഈവണ്ണമോരോ നിയമം നടത്തീ-
ട്ടാവമ്പനാം മാടമഹീമഹേന്ദ്രൻ
ദേവസ്വകാര്യങ്ങൾ പരിഷ്കരിച്ചാൻ
ദേവപ്രസാദം തികയുംവിധത്തിൽ
സ്കൂളുകൾ നാലഞ്ചിഹ ഹൈ-
സ്കൂളുകളാക്കീടിനാൻ മഹീപാലൻ
ആളുകളഥ പണ്ടത്തെ-
ക്കാളുമഹോ! ഭൃശമതിൽ പഠിക്കുന്നു.
വിശാമീശ്വരൻ തന്റെ പാര്ത്തട്ടിലെല്ലാം
നിശാപാഠരീതിയ്ക്കു നിഷ്കര്‍ഷ കൂട്ടീ
കൃശാംഗീജനത്തിന്റെ പാഠത്തിനും താൻ
വിശാലത്വവും നന്മയും ചേർത്തു പാരം.
ക്ലേശം തരും ദുര്ഗ്ഗതിതന്റെ മൂല-
നാശം വരുത്താൻ വഴിയോത്തു ഭൂപൻ
മോശം വിനാ കൈത്തൊഴിലഭ്യസിപ്പാൻ
ദേശങ്ങളിൽ സ്കൂളുകൾ നിശ്ചയിച്ചാൻ.
ഇമ്മന്നവൻ ശുഭനയൻ മലയാളമാകു-
മിമ്മന്നിടത്തിൽ വിലസീടിന ഭാഷയെല്ലാം
നന്മട്ടിലായ്വരണമെന്നു നിനച്ചതിന്നു
കമ്മറ്റിയൊന്നു നിയമിച്ചു നിറഞ്ഞ ഭംഗ്യാ.
അക്കമ്മറ്റിമഹാജനത്തിനു കലര്-
ന്നീടും ഗുണപ്രാഭവാൽ
വെക്കം സർവ്വഗുണങ്ങളും തികയുമി-
ബ്ഭാഷയ്ക്കു ദോഷം വിനാ
അക്കൻതന്റെ തെളിഞ്ഞ ദീധിതികളാൽ
നൽത്താമരപ്പൊയ്കയിൽ
തക്കം വിട്ടു ഗുണങ്ങളാസകലവും
മങ്ങാതിണങ്ങും വിധം.
വാട്ടം വിട്ടു കൃഷിയ്ക്കു വേണ്ടതഖിലം
കാട്ടീടുവാൻ മാതൃകാ-
തോട്ടം ശ്രീശിവപത്തനത്തിൽ നവമായ്
സ്ഥാപിച്ചു ഭൂപാലകൻ
കോട്ടം തീർത്തഥ തൽകൃഷിയ്ക്കുവ പകര്-
ത്തിക്കൊള്ളുവാൻ കര്‍ഷക-
കൂട്ടം തത്ര വസിച്ചിടുന്നു നിയതം
നന്നാകുമിന്നാടിനി.
കുറവറ്റു കൃഷിയ്ക്കു വേണ്ടതാകും
ചിറ, തോടെ,ന്നു തുടങ്ങിയുള്ളതെല്ലാം
നിറമിന്ദുവിൽനിന്നെടുത്തു ലോകേ
നിറയും കീർത്തിയെഴും നൃപൻ ചമച്ചു.
വഴി വച്ചു നൃപൻ വെട്ടു-
വഴിവൃക്ഷങ്ങൾ വായ്ക്കുവാൻ
വഴിവേണ്ടവിധം സർവ്വ-
മൊഴിയാതുളവാക്കിനാൻ.
ഗാത്രംതന്നിലനേകസൽഗുണഗണം
കൂടുന്ന കൂറ്റൻ ശിവ-
ക്ഷേത്രംതോരമിണങ്ങിടുന്നു നയമേ-
റീടും നരേന്ദ്രാജ്ഞയാ
ചിത്രം മച്ചികളാം പശുക്കളിനിമേ-
ലില്ലാതയാം ഗോക്കളിൽ
പുത്രശ്രീയുളവാം കൃഷിയ്ക്കു ഗുണമാം
ക്ഷീരാദി ധാരാളമാം.
ഇപ്പാരിലുള്ളവർകൾതങ്ങടെ വീട്ടിൽ വാണി-
ട്ടപ്പാടുചെയ്യുമൊരു കൈത്തൊഴിൽ വിദ്യയെല്ലാം
അപ്പാര്ത്ഥിവപ്രഭു തുണച്ചു വളർത്തുവാനായ്
ഡിപ്പാട്ടുമെന്റു പുതുതായ്പുനരൊന്നു വച്ചു.
കൊണ്ടാടിക്കരകൌശലത്തിലധികം
വമ്പുള്ളപേർ വീട്ടിൽവാ-
ണുണ്ടാക്കുന്നവയൊക്കയും വിലകൊടു-
ത്തന്നന്നു വാങ്ങിച്ചുടൻ
കുണ്ടാമണ്ടിവരാതകണ്ടു ശുഭമായ്
സൂക്ഷിച്ചുവയ്ക്കുന്നിടം
കണ്ടാലത്ഭുതമത്ഭുതം! മിഴിയിണ-
യെല്ലാര്ക്കുമുല്ലാസദം
ഭയമഖിലജനത്തിന്നൂക്കൊടുണ്ടാക്കുമുഗ്രാ-
മയനികരമശേഷം മായമറ്റാശു മാറ്റാൻ
നയനിധി നൃപനായുര്വ്വേദശാലാപ്രതിഷ്ഠാ-
ക്രിയ നിജധരതന്നിൽ ചെയ്തു ചേതോനുകൂലം.
സാദം വളർന്നു ഭുവി വീഴ്ചയിലായൊരായുര്-
വ്വേദം നരേന്ദ്രനിവനിങ്ങിനെ താങ്ങിയപ്പോൾ
മോദം സമസ്തമനുജര്ക്കുമുദിയ്ക്കുമാറു
ഖേദം വെടിഞ്ഞു തെളിവോടെഴുനീറ്റിടുന്നു.
നേരിലല്പപ്രയത്നത്താൽ
ഭൂരിസൽഫലമേകിടും
പാരിലായുര്വ്വേദശാസ്ത്രം
സൂരികൾക്കതി സമ്മതം.
പഞ്ചാസ്യോദഗ്രവീര്യൻ നരപതിതിലകൻ
പാരിൽ വില്ലേജുതോറും
പഞ്ചായത്തിന്നു വേണ്ടും വിഭവമഖിലവും
ലാക്കിൽ നന്നാക്കിയേറ്റം
പഞ്ചായത്തീര്പ്പുകാർ കൈത്തൊഴിൽ, കൃഷി, പല നാൽ-
ക്കാലിയിത്യാദിയെല്ലാ-
മഞ്ചാതേ കാട്ടി നാട്ടിൽ ബഹുലഗുണഗണം
പൂര്ത്തിയായ്ചേര്ത്തിടുന്നു.
തരമോടു പരിഷ്കരിച്ചു ഭൂമീ-
ശ്വരമുക്താമണി പട്ടണങ്ങളെല്ലാം
സുരപത്തനവാസതുല്യമായി
സരസം പട്ടണവാസമിക്ഷമായാം.
ഏറും നയത്തൊടു നൂപൻ വലുതാക്കി ദേശം-
തോറും പരസ്പരസഹായവിശിഷ്ടസംഘം
തേറീ സുഖം ഭൂവി ജനത്തിനു ബുദ്ധിമുട്ടു
മാറീ പണത്തിനുളവായ്പലിശച്ചുരുക്കം..
പ്രഭയെഴുമീയാദിത്യ-
പ്രഭ വിഷ്ണുരൂപന്റെ ശോഭനാഭ്യുദയാൽ
ശുഭയാം "കൊച്ചി മഹാജന-
സഭ”യിതുഷസ്സന്ധ്യപോലെ കാണുന്നു.
ഉറക്കമറ്റീസ്സഭവേണ്ടപോല
മുറയ്ക്കു ചെയ്യുന്ന ഗുരുപ്രയത്നാൽ
ഉറച്ചു വേരൊത്തു നയാഖ്യ വൃക്ഷം
കുറച്ചിടാതിങ്ങു ഫലങ്ങൾ നൽകും
ഒരിയ്ക്കലും തെറ്റുകൾ പറ്റിടാതതാൻ
ശരിയ്ക്കു കാര്യങ്ങൾ കഥിയ്ക്കുമിസ്സഭ
സ്ഫുരിയ്ക്കുമുര്വീശനു തന്റെ നാടകം
ഭരിയ്ക്കുവാൻ പിൻതുണയായ് ഭവിച്ചിടും,
സമ്പദഭിവൃദ്ധിയും ഭുവി
ദമ്പതിമാര്ക്കിങ്ങു സുഖവുമുണ്ടാവാൻ
വമ്പനരചൻ ചമച്ചാ-
നമ്പൊടു നായര്‍ക്കു ചേര്‍ന്ന റിഗുലേഷൻ.
പൊടുന്നനെബ്ഭൂപതിചേര്ത്ത നായർ-
കുടുംബരക്ഷാറിഗുലേഷനാലേ
ഉടൻ തറക്കല്ലു പൊളിപ്പതിന്നു
കടം വരുത്താൻ കഴിയില്ലൊരാളും..
താരുണ്യമാശു ദയിതയ്ക്കു നശിച്ചുപോയാൽ
കാരുണ്യമറ്റവ കണവൻ ബത! പോകയില്ല
ചേരുന്നമട്ടു ചിലവിന്നു കൊടുക്കുമര്ത്ഥ-
മോരുമ്പൊളെത്ര ശുഭമീനൃപനീതിസാരം.
ഗാത്രത്തിലൊക്കും പുതുതായ വേഷ-
മാത്രത്തിനാലിയിടയിൽ പലര്‍ക്കും
ക്ഷേത്രപ്രവേശത്തിനു വന്ന ബാധ
ഗോത്രയ്ക്കധീശൻ ത്വരിതം കളഞ്ഞാൻ.
ബലമേറിടുമിക്ഷാമാൽ
പലപലഡിപ്പാര്ട്ടുമേണ്ടിലുമിദാനീം
സുലഘുതരശമ്പളക്കാര്-
ക്കലഘുതരം താപമുള്ള തത്വത്തെ
ധരിച്ചു ധാത്രീപതി താപമൊക്കയും
ഹരിച്ചുകൊൾവാനവർകൾക്കുശേഷവും
ശരിയ്ക്കുടൻ ശമ്പളമത്ര കൂട്ടിനാൻ
സ്ഫുരിയ്ക്കു മൌദാര്യമിതെത്ര ശോഭനം. (യുഗ്മകം)
അപ്പാവനാശയനൃപൻ വഴിപോലെയോരോ
ഡിപ്പാര്ട്ടുമേണ്ടുകളശേഷവുമാദരേണ
അല്പതരാ ഗുണമിണക്കി വെടിപ്പിലാക്കി
കെല്പേറിടുന്ന നിജകല്പനതൻപ്രഭാവാൽ.
ഈ രാജവര്യനഥ ഭാരതചക്രവര്‍ത്തി-
യ്ക്കോരായിരം ശതമെടുത്തു കൊടുത്തു രൂപ്യം
ഘോരാഹവച്ചിലവിനു,ണ്ടതിഭര്ത്തൃഭക്തി
നേരായ് നൃപന്നു ഹൃദി; സജ്ജനമേവമല്ലൊ.
ഉന്നിദ്രമോദമൊടുടൻ "ജി-സി-ഐ-ഇ”-യെന്നു
മന്നിൽ പുകഴ്ന്ന പദമിക്ഷിതിചക്രവര്ത്തി
മന്നിന്നധീശനു കൊടുത്തു, മഹാഗുണൌഘ-
ത്തിന്നിത്രയുണ്ടു ഫലദാനപടുത്വമല്ലോ.
മാനം കലര്ന്നേറ്റമുയര്ന്നിടുന്നീ
സ്ഥാനം മഹീന്ദ്രന്നു ലഭിച്ച വൃത്തം
ആനന്ദമുൾക്കൊണ്ടു ജനങ്ങൾ കേടടു-
ന്യൂനം ശുഭാശംസനമാചരിച്ചൂ.
ശ്രീവലരിപുസഹജൻതൻ
കേവലകാരുണ്യപൂരഭാരത്താൽ
ഈ വലിയതമ്പുരാനിഹ
വലയം കാത്തു വാഴണം സുചിരം.
ഉല്ലാസഭാരമൊടുടൻ ജി-സി-ഐ-ഇ-യെന്നു
ചൊല്ലാര്‍ന്ന സൽപദമിതത്ര ലഭിച്ചപോലെ
എല്ലാം ശിവാസദായ,"സാദരലോലദൃഷ്ട്യാ"
കല്യാണമായിവരുമീനൃപതിയ്ക്കു മേലിൽ."
ഇങ്ങിനെ "ഗോശ്രീശാദിത്യ ചരിത"ത്തിൽ
രാജ്യഭരണം (പലവക)യെന്ന
എട്ടാം സര്‍ഗ്ഗം കഴിഞ്ഞു.
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു.
ശ്രീഭദ്രകാള്യൈ നമഃ
മംഗളം
പൂര്ണ്ണത്രയീപുരവരേ പുകൾപൂണ്ടു പാരം
പൂര്ണ്ണപ്രസാദമരുളും പുരുഷൻ പുരാണൻ
തൂര്‍ണ്ണം മദീയ ഘനപാപമഹാചലത്തെ
ചൂര്ണ്ണങ്ങളാക്കിയകലയ്ക്കു കളഞ്ഞിടട്ടേ.
അഗതനയേ! "പഴയന്നൂർ"
ഭഗവതി! കനിവാര്‍ന്നു നീ കടക്കണ്ണാൽ
വിഗതവിളംബം കൈതൊഴു-
മഗതികൾവരനാകുമെന്നെ നോക്കേണം.
സുരാരിമാർ നടുങ്ങിടും ഖരാട്ടഹാസഭീമയായ്
ഹരാക്ഷിതന്നിൽനിന്നുടൻ നിരാകുലം ജനിച്ച നീ
ചരാചരത്തിനമ്മതാൻ ചിരായ കാളി! പാഹി മാം
സുരാധിരാജവന്ദിതേ! പരാപരസ്വരൂപിണി!
പരം തടിച്ച ദാരുകാസുരന്നു മൃത്യു ചേർത്തുടൻ
നിരന്തരം ജഗത്ത്രയം ചിരം തെളിഞ്ഞു കാക്കുവാൻ
ശരണ്യയായ് "കുരുംബ"മാമരണ്യമാണ്ടെഴും ശിവേ!
വരങ്ങൾ നൽക, കാളി! മേ, കരങ്ങൾ കൂപ്പിടുന്നു ഞാൻ.
ഉടുത്ത ഹസ്തികൃത്തിയും തുടുത്ത ലോചനങ്ങളും
കടുത്ത തീക്ഷ്ണ ഖഡ്ഗവും തടുത്തിടുന്ന ചര്‍മ്മവും
മടുത്തു ബാലചന്ദ്രനിങ്ങടുത്തിടാത്ത ദംഷ്ട്രയൊ-
ത്തെടുത്തിടുന്ന കാളികേ! പടുത്വമോടു പാഹി മാം.
കഥാരംഭം
"ചേരമാൻപെരുമാൾ" ധര്‍മ്മം ചേരുമാറിമ്മഹീതലം
പാരം പാലിച്ചു നാകത്തെ സ്വൈരമിന്ദ്രൻകണക്കിനെ.
അന്നാ നൃപൻ ഗുണം ചേരാനൊന്നാംകാരണമാകയാൽ
നന്നായിങ്ങുളവായ 'ചേരാ'നെന്നാഹ്വയമവന്നഹോ!
നേരായ്പിണങ്ങില്ലാരോടും ചേരാനേറ്റം തുനിഞ്ഞിടും
ആ രാജാവ,തിനാലുണ്ടായ 'ചേരാ'നെന്നവനിങ്ങു പേർ.
ആ രാജാവുദയം പ്രാപിച്ചാരാൽ വാഴുകകാരണാൽ
ഘോരാധര്മ്മമഹാധ്വാന്തം ചേരാതായി മഹീതലേ.
അവനീശനവൻ രണ്ടാംശിവനാം നന്ദിപോലെതാൻ
ശിവഭക്തരിലൊന്നാമൻ ഭുവനേ ഭാഗ്യവാൻ പരം.
പുരുഹൂതാഭതേടുന്നപ്പെരുമാൾക്കിഷ്ടദൻ ഹരൻ
പുരുമോദം പ്രകാശിച്ചാൻ "തിരുവഞ്ചിക്കുള''ത്തഹോ!.
മാന്യശ്രീപൂണ്ട "ഗോകണ്ണ” ധന്യക്ഷേത്രം മുതൽക്കിഹ
"കന്യാകുമാരി വരെയുള്ളന്യാദൃശമിളാതലം;
പണ്ടാരാജോത്തമൻ കാത്തുകൊണ്ടാ, നായതുകാരണാൽ
കൊണ്ടാടുംവിധമെല്ലാര്ക്കുമുണ്ടായ്മംഗളമേറ്റവും. (യുഗ്മകം)
ശങ്കരാത്താവശാത്സര്വ്വാതങ്കശാന്തിയ്ക്കു ഭൂപനായ്
ശങ്ക വിട്ടു ജനിച്ചാൻ തൽകിങ്കരന്മാരിലിങ്ങൊരാൾ.
ദീനാര്ത്തി പോക്കുമപ്പൂതത്താനാണപ്പെരുമാളു പോൽ
ജ്ഞാനാതിശയസമ്പന്നൻ ദാനാദിഗുണശോഭിതൻ.
ബാലേന്ദുചൂഡഭടരിൽ ചാലേ മറ്റൊരുവൻ തദാ
"തോല”നായിപ്പിറന്നാൻ തൽപ്പാലനക്കുറവോതുവാൻ.
തിരുവഞ്ചിക്കുളത്തപ്പൻ തിരുമെയ്യാ മഹീശ്വരൻ
കരുതും കരൾതാർതന്നിൽ പുരുഭക്തിപുരസ്സരം.
അക്കാലകാലദേവൻതൻ തൃക്കാലിൻവൈഭവത്തിനാൽ
അക്കാലത്തില്ല മഹിയിൽ ദുഷ്കാലക്കേടൊരുത്തനും.
ശ്രീരാജചൂഡകൃപയാലാരാജാവെന്തുചെയ്കിലും
ഈരാറുപന്തിരണ്ടായിത്തീരാതാകില്ലതൊന്നുമേ.
ശിവഭക്തനവൻ ചെയ്യുന്നവനം ഹരിദുഷ്ക്കരം
കവനം സ്തോത്ര,മമരും ഭവനം രജതാചലം
ഹരഭക്തിസമുദ്രത്തിൽ സരസം മുങ്ങിടുന്നവൻ
വരരത്നഗണം സർവ്വം തരസാ കൈക്കലാക്കിനാൻ.
ഈശ്വരാതിപ്രസാദത്താൽ ശാശ്വതസ്ഥാനമാമവൻ
ആശ്ചര്യമെല്ലാവര്ക്കും തന്നൈശ്വര്യംകൊണ്ടു നൽകിനാൻ.
കാമാരിദേവപാദാബ്ജം സീമാതീതം ഭജിയ്ക്കയാൽ
കാമാദിദോഷമില്ലേതുമാ മാനുഷപതിയ്ക്കു ഹോ!
കൃപ മൃത്യഞ്ജയസ്വാമി കപടംവിട്ടു ചെയ്കയാൽ
അപമൃത്യുഭയം തെല്ലാ രൂപഭൂമിയിലില്ലഹോ!
ധനദാശ്രിതപാദാബ്ജം മനസാപാര്ക്കുമാ നൃപൻ
സനയം കാത്തിടും നാട്ടിൽ ധനപുഷ്ടി തികഞ്ഞുതേ.
ഭംഗലേശം വിനാ സര്വ്വമംഗളാപതി കാക്കയാൽ
മംഗളാശ്രീനൃത്തലീലാരംഗമായാനൃപാലയം.
വിഷമിയ്ക്കാത തൻ നാട്ടിൽ വൃഷമേറ്റം നടത്തിനാൻ
വൃഷവാഹേഷ്ടനാം ഭൂപൻ ധിഷണാഭദ്വിജാന്വിതൻ.
ധര്മ്മരാജാരി സംസേവാകര്മ്മവാനക്ഷിതീശ്വരൻ
ശര്മ്മമാംപടി തൻനാട്ടിൽ ധര്മ്മമേറ്റം നടത്തിനാൻ.
നടനാഥപദാബ്ജ ശ്രീനടനം നിത്യമാശയേ
ഘടനം ചെയ്യുമബ്ഭൂപൻ നടനപ്രിയനായിതേ.
മുഖ്യാഭിനയമൊക്കുന്ന "ചാക്ക്യാർകൂത്തെ"ന്ന വിദ്യയെ
ഉൾക്കാമ്പിൽ മോദാൽ നൃപനങ്ങക്കാലത്തിൽ നടത്തിനാൻ.
രണ്ടു നാടകമാടാനായുണ്ടാക്കി കവിയാം നൃപൻ
കൊണ്ടാടിപോലന്നതെല്ലാം കണ്ടക്കവിബുധവ്രജം.
"ശ്രുതം ശ്രോതവ്യ”മെന്നുള്ളശ്ശുഭശാകുന്തളോക്തിയെ
പാർത്തുടൻ വചനം മാറ്റിച്ചേര്ത്തുതൻ നാടകേ നൃപൻ
ഓതിയില്ലതു ഭൂപാലഭീതികൊണ്ടപ്പൊഴാരുമേ
ഭൂതിയുണ്ടാകുമോ ഭൂപപ്രീതി പോക്കുന്നവര്ക്കഹോ!
അന്നാൾ ശാകുന്തളം തുള്ളി വന്നാൻ തോലൻ വിദൂഷകൻ
ഒന്നായ് ചിരിച്ചു മാലോകർ നന്നായ് നാണിച്ചുപോൽ നൃപൻ.
മനോമോദത്തിനായേവം വിനോദം പല മാതിരി
മനുജേന്ദ്രനവൻ ചെയ്താനനുരൂപതരം തദാ.
തോലനാം സേവകൻതന്റെ ലീലയാൽ ദോഷമെന്നിയേ
പാലിച്ചു ഭൂമിയെബ്ഭൂപമൌലിരത്നവൻ ചിരം.
പ്രാണനാഥ "ചെറോട്ട്യമ്മ'യാണവന്നതി സുന്ദരി
കേണിടാതവളേക്കാത്താൻ ക്ഷോണിയെന്നകണക്കിനെ.
നല്ല താളി ചെറോട്ട്യമ്മയ്ക്കല്ലലെന്യേ പതയ്ക്കുവാൻ
കള്ളമല്ലിപ്പുറത്തിട്ടിട്ടുള്ള കൽത്തൊട്ടിയാണു പോൽ.
പലനാളീവിധം കാത്തു മലയാളമഹീതലം
പലമാന്യര്ക്കുമായ്ഭാഗിച്ചലസാതവനേകിനാൻ.
ഭംഗമറ്റു'ദകം'ചേര്‍ത്തീ'മംഗള'ക്രിയ മന്നവൻ
മങ്ങാതെ ചെയ്താക്ഷേത്രത്തിനിങ്ങപ്പെർതന്നെയാണഹോ.
പുരുമാനനമോടന്നാപ്പെരുമാൾ ഭാഗിനേയനായ്
"പെരുംപടപ്പെ'ന്ന രാജ്യം പെരുംപ്രീത്യാ കൊടുത്തു പോൽ.
മരുമക്കത്തായമാമപ്പുരുപുണ്യനൃപാന്വയം
ചിരമീനാടു പാലിച്ചു പരമുത്തമരീതിയിൽ.
പല ഭൂപതിമാരാ നൽകുലസംഭൂതരായ്ത്തദാ
ചിലരിന്ദ്രസമാനന്മാർ ചിലർ ചന്ദ്രാഭയുള്ളവർ,
ചിലർ പാവകതുല്യന്മാർ ചിലർ ഗീഷ്പതിസന്നിഭർ
ചിലരന്തകസങ്കാശർ ചിലരംഗജരൂപികൾ.
പല മന്നവരേക്കൊണ്ടക്കുലമുജ്വലമായഹോ!
പലരത്നങ്ങളാൽ സ്വര്ണ്ണാമലമാല്യം കണക്കിനെ.
"പെരുമ്പടപ്പു"മേറാടും"പെരും വൈരം കടുക്കയാൽ
പരം ദേവാസുരസമം ചിരം പോരു നടത്തിനാർ.
വീരന്മാർ ബാഹുജാതന്മാർ ശൂരന്മാർ ബാഹുശാലികൾ
ധീരന്മാർ മാടഭൂപന്മാർ പാരം പോർ ചെയ്യുമേറ്റവും
വലവൈരിപുരേ വാഴും ചിലർ പോരിൽ മരിച്ചുടൻ
ബലമോടരിയേക്കൊന്നു ചിലർ നാടു ഭരിച്ചിടും.
സാരമാമക്കുലം പണ്ടിഗ്ഘോരയുദ്ധം നിമിത്തമായ്
കൌരവേന്ദ്രകുലം പോലെ വൈരമൂലം നശിച്ചുപോൽ.
ഉത്തമത്വം കലര്‍ന്നീടു "മുത്തര”ക്ഷത്രിയാലയാൽ
ദത്തെടുത്താൻ തദാ സാധുചിത്തനാമൊരു ബാലനെ.
ക്രമാൽ വര്‍ദ്ധിച്ചു പിന്നീടക്കുമാരൻ സൽകലാനിധി
അമാവാസ്യ കഴിഞ്ഞിട്ടു ഹിമാംശു വളരുംവിധം.
ധര്മ്മരാജാവിനെപ്പോലെ ധര്മ്മതത്വമറിഞ്ഞവൻ
നിര്‍മ്മലൻ തന്റെ രാജ്യത്തിൽ ധര്മ്മമേറ്റം നടത്തിനാൻ.
ആ മാനുഷേശ്വരൻ ശ്രീമാൻ ധീമാനഭ്യാസി വീര്യവാൻ
ഭീമാഹവാങ്കണംതന്നിൽ ഭീമാര്ജ്ജുനസമൻ സദാ.
നിരീഹനേറ്റമെന്നാലും "കുരീക്കാട്ട" മരുന്നവൻ
അരീന്ദ്രവിജയം ചെയ്തു കിരീടം വെച്ചു മൌലിയിൽ.
സ്ഥൈര്യവാൻ ധൈര്യവാൻ പ്രാജ്ഞൻ ശൌര്യവാൻ വീര്യവാനവൻ
കാര്യജ്ഞനതിധര്മ്മിഷ്ഠനാര്യന്മാര്ക്കതിസമ്മതൻ.
പ്രജകൾക്കവനുണ്ടാക്കി നിജസൽഗുണമൊക്കയും
വിജയം നൂനമിതുതാൻ പ്രജകൾക്കീശനോര്ക്കുകിൽ.
ഭയം "കൊച്ചിയി"ലില്ലാര്ക്കും ജയം താനെങ്ങുമെപ്പൊഴും
സ്വയംഭരണമക്കാലം സ്വയം വന്നുഭവിച്ചുപോൽ.
രണങ്ങളിൽ ശത്രുവര്‍ഗ്ഗം തൃണം മാടോര്വ്വിയിൽത്തദാ
പണം ഭൂപതി വാങ്ങില്ലന്നൃണം ലോകര്‍ക്കു നീതിയിൽ.
വിദ്യാഭ്യാസം വാസനാദി വിശേഷം പാര്ത്തുചേര്ക്കയാൽ
യോഗ്യനല്ലാതൊരാളില്ല ഭാഗ്യമെന്തൊന്നിതിൽപരം.
നിജാതിയത്നസാരത്താൽ പ്രജാഭ്യുദയമിങ്ങിനെ
അജാതശത്രു സമനാം പ്രജാനാഥൻ വരുത്തിനാൻ.
മുറയ്ക്കുവൻ കഴിപ്പിച്ചാൻ "പറക്കൽകൂത്തു” ഭാഗ്യവാൻ
നിറഞ്ഞ സഭയിൽ ഭംഗി കുറഞ്ഞീടാതെ ശക്തിമാൻ.
അന്നു സഞ്ജാതമായീഭൂപന്നു ദിവ്യാഭിഷേചനം
വന്നുചേരും മഹാവര്ഷമെന്നു പേരതിനൂഴിയിൽ
ആ മാരികൊണ്ടര്ദ്ധപദ്യം ധീമാനേകൻ ചമച്ചു പോൽ
താമസം വിട്ടുത്തരാര്ദ്ധം കേമന“ക്കുഞ്ച"നാം കവി.
"അമ്മന്നൂ"രിട്ടിയമ്മൻ" പരിചൊടു "കുരു"നാ-
ട്ടിൽ പറന്നോരു നേരം
ചെമ്മേ വന്നോരു മാരീ ശിവ! ശിവ! പറയാ-
വല്ല നാഗാധിപന്നും"
"കൂത്താടും മാടമാടീ കുരുപതിഹൃദയ-
ത്തട്ടുമൊട്ടേറെയാടീ
കൂറ്റാർകൂട്ടങ്ങൾ കൂടി പലജനമവിടെ-
ച്ചെന്നു നീരാടിയോടീ"
കലിയും ധ്രുവവും പൂര്വ്വാകലിതം സാധുവാക്യവും
ചേർത്തു നല്ലൊരു പദ്യത്തെ തീർത്തുപോലൊരു സൽകവി.
"മഞ്ചാ"ന്നാനാര്ത്ഥസമ്പന്നാൽ"
ധ്രുവ“മിട്ട്യമ്മനാം നടൻ"
പറന്ന നേരം""തേരൌദ്രാ-
നാഗാ ഭീതിം പരാം യയുഃ"
നില തെറ്റീടുകിൽ ചാക്യാർ തലതൂങ്ങിക്കിടന്നുപോം
പല വൈഷമ്യമുണ്ടിക്കൂത്തലസാതെ നടത്തുവാൻ.
വമ്പിച്ചൊരിക്കൂത്തതിന്റെ മുമ്പിൽത്താൻ വീണതാണിഹ
പിമ്പിലോ ചൊല്ലുവാനില്ല കമ്പിയ്ക്കുമെവനും മനം.
അതിദുർഗ്ഘടമാണിക്കൂത്തതിനില്ലൊരു സംശയം
അതുകാണിച്ചിടും പദ്യമിതുകേൾക്കുവിനേവരും.
"കുട്ടഞ്ചേരിച്ചാക്കിയാരു് കൊടുങ്ങല്ലൂർ പറന്നനാൾ
തദാ വന്നു തരക്കേട് തലതുങ്ങിക്കിടന്നുപോയ്"
സവിവേകനവൻ ചെയ്ത വിവിധക്രിയയൊക്കെയും
കവി വാല്മീകിയോ വ്യാസകവിയോ വേണമോതുവാൻ.
ഭവനംപോലെതാൻ തന്റെ ഭുവനം സര്‍വ്വവും ചിരം
അവനം ചെയ്തു വാണാനന്നവനത്യന്തശക്തിമാൻ.
നല്പാവനഗുണം ചേരുമപ്പർത്ഥിവകുലാബ്ധിയിൽ
ഉല്പന്നനായ്ക്കല്പവൃക്ഷകല്പനായൊരു ബാലകൻ.
ഓരായിരത്തിമുപ്പത്തുനാലാംകോളംബവത്സരേ
കന്നിമാസത്തിലത്തം നാൾ തന്നിലബ്ബാലസംഭവം.
"കാവമ്മരാജ്ഞീ”പുത്രൻ, സത്ഭാവം ചേര്ന്നക്കുമാരകൻ
ദൈവം കാക്കും മാടഭൂപശ്രീവംശമണിമൌക്തികം.
പ്രേമമോടമ്മ ലാളിയ്ക്കും കേമനാമക്കുമാരകൻ
"രാമവര്മ്മേ?”തി ശുഭമാം നാമമമ്പോടു തേടിനാൻ.
കിടാവാമവനെ“കുഞ്ഞിക്കിടാവെ"ന്നോമനിച്ചുടൻ
തടവെന്യേ വിളിച്ചാൾ ഭൂതടനായിക, പെറ്റവൾ.
വിദ്യയോടൊത്തു വര്‍ദ്ധിച്ചു ഹൃദ്യനാമക്കുമാരകൻ
സദ്യോ യുവാവായോരോന്നിന്നുദ്യോഗിച്ചാൻ പുനഃ പുനഃ
സ്ഥൈര്യമേറുന്ന "വെങ്കപ്പാചാര്യ'നബ്ഭൂപസൽഗുരു
ആര്യധര്മ്മജനദ്രോണാചാര്യനെന്നകണക്കിനെ.
കര്ക്കശപ്രതിഭാവാനായ് തര്‍ക്കശാസ്ത്രം പഠിച്ചവൻ
ദുര്‍ഘടം കാര്യമറിവാൻ തര്‍ക്കമില്ലെങ്കിൽ നിശ്ചയം.
ശസ്ത്രനാമായവന്നില്ല ദുസ്തര്‍ക്കം ലവലേശവും
ദുസ്തര്ക്കമിരുളാംബോധമസ്തമിപ്പിക്കകാരണാൽ.
മോദാൽ പഠിച്ചാൻ പിന്നീടു വേദാന്തം ശാസ്ത്രമാനൃപൻ
വാദാര്ത്ഥമല്ലവന്നാന്ധ്യച്ഛേദാര്ത്ഥം വിദ്യയൊക്കയും.
തെറ്റെന്നിംഗ്ലീഷു "റോബര്ട്ടുവൈറ്റെ”ന്നു പുകഴും ധ്വര
തെറ്റെന്നിയേ പഠിപ്പിച്ചാൻ കുറ്റമറ്റക്കുമാരനെ.
പെട്ടെന്നാദ്യം "ശങ്കരാഖ്യപെട്ട നാരായണാ''ഹ്വയൻ
ചെട്ടിയാരു് സയൻസ്സിന്നു് ചട്ടറ്റ നൃപസൽഗുരു.
ഉന്നതാശയന"സ്പെൻസ”രെന്നവൻതന്റെ ബുക്കുകൾ
ന്നാകിലുമൊഴിക്കാതെ നന്നായ്വായിച്ചു മന്നവൻ.
കണക്കിലാനൃപന്നുണ്ടായ്ക്കണക്കെന്നിയെ പാടവം
മണൽപ്പൊടി ഗണിപ്പാനും തൃണപ്രായമവന്നഹോ.
സ്വച്ഛനാമമ്മഹീപാലന്നച്ഛനാം "സാല"ഭൂസുരൻ
നിശ്ചയിച്ചു ധനം നേടാൻ നിശ്ചലം മാര്ഗ്ഗമോതിനാൻ.
മോടിയ്ക്കവൻ ചിലവിടാ, ധാടിയ്ക്കും പുനരങ്ങിനെ
പേടിച്ചിടാ വൃഥാ സ്തോത്രംപാടിച്ചീടും ജനങ്ങളെ.
പ്രിയം പത്ഥ്യം ഭുക്തി വട്ടം, ശയനം നിത്യമിങ്ങിനെ
സ്മയമറ്റവനേവം വിസ്മയമേവര്ക്കുമേകിനാൻ.
ഓടി ചേട്ടാഭഗവതി വാടീ ചേട്ടകൾതന്മനം
കൂടീ നിഷ്കര്‍ഷ; ചിലവിൽ നേടീ പാരമവൻ ധനം.
കപടം വിട്ടു മറ്റുള്ളോര്ക്കുപകാരത്തിനായ്ധനം
കൃപയാ പലിശയ്ക്കായന്നൃപനേകും നിദാനവും.
കോര്ട്ടിലെക്കാര്യവും കൂടിക്കട്ടിയായറിയുന്നവൻ
തട്ടിപ്പു കാട്ടുന്നവർതൻ പിട്ടിലൊട്ടും ഭ്രമച്ചിടാ.
പെട്ടിതന്നിൽ നിറച്ചര്ത്ഥം കെട്ടിവെയ്ക്കുമവൻ സദാ
മുട്ടിവന്നാലവക്കട്ടിയട്ടിയായിക്കൊടുത്തിടും.
കുരുഭൂപതിവംശത്തിൽ കുരുത്തബ്ഭൂപനുന്നതൻ
ഗുരുമുത്തേകി സർവ്വര്‍ക്കും പെരുത്ത നിജസൽഗുണാൽ.
ഫലമില്ലാത്ത വൃക്ഷങ്ങൾ ചിലരുണ്ടാക്കിടുംവിധം
വിലയുള്ളാരാജമുക്താഫലമുണ്ടാക്കിടാ ദൃഢം.
തെങ്ങും കവുങ്ങുമുണ്ടാക്കും പൊങ്ങും ഭാഗ്യം കലര്‍ന്നവൻ
തിങ്ങും ഫലമെഴും മാവുമെങ്ങും പ്ലാവും തഥാവിധം.
കളയില്ല വൃഥാ യത്നമിളതൻപതിയാമവൻ
ഉളവാക്കും നിജക്ഷേത്രേ വിളവങ്ങളുവെന്നിയേ.
ഇവിടെകൃഷിചെയ്യേണ്ടും വിവിധം തത്വമാക്കയും
സവിശേഷം പഠിച്ചാനിബ്ഭുവി കീർത്തിപ്പെടും നൃപൻ.
പാട്ടത്തിനായൊടുക്കാതെ തോട്ടത്തേബ്ഭൂപനാമവൻ
വാട്ടത്തിനിടനൽകാതെ നോട്ടത്താൽ കേമമാക്കിനാൻ.
ഫലമൊക്കുന്ന മറ്റുള്ള പല കര്‍മ്മങ്ങളും നൃപൻ
അലസാതനിശം ചെയ്താനുലകിൽ പുഷ്ടി ചേര്‍ക്കുവാൻ.
"പനനമ്പൂരി"യക്കാലം തനയന്റെ മഹാത്ഭുതം
ധനമുണ്ടാക്കുവാനുള്ള സുനയം കണ്ടു തുഷ്ടനായ്.
ലക്ഷോപലക്ഷം സദ്രൂപ്യമക്ഷോണീതലവല്ലഭൻ
നൽക്ഷോണിയിലുറപ്പിച്ചാൻ വിക്ഷോഭം വന്നിടാതഹോ.
വിഷാര്ത്തരായ്വരുന്നോര്ക്കു വിഷാദം തീര്ക്കുവാനവൻ
വിഷവൈദ്യഗ്രന്ഥമേറ്റം വിഷമിച്ചു പഠിച്ചുതേ.
മൂര്‍ഖൻ, മണ്ഡലി, മുമ്പാകുമൂക്കൻ പാമ്പുകൾതൻ വിഷം
പോക്കുവാനാമഹീന്ദ്രന്നു "കോക്കര”ദ്വിജനാം ഗുരു.
മരുന്നുകൾ വിഷം തീണ്ടി വരുന്നോർക്കു കൊടുക്കുവാൻ
പെരുത്തുണ്ടാക്കിവെച്ചാനക്കരുത്തുള്ള രൂപാലകൻ.
ശ്രമമോടും വിഷാര്ത്ത്യാ സംഭ്രമമോടും വരും നൃണാം
ക്ഷമതൻ പതിയേക്കാണ്മാൻ സമയം നോക്കിടേണ്ടപോൽ.
പണം വാങ്ങാതെ ദുഷ്ടാഹിഗണം ചേര്‍ക്കും മഹാവിഷം
ക്ഷണംകൊണ്ടഖിലം പോക്കും ഗുണം കൂടിടുമാ നൃപൻ.
കൂവൾക്കൊണ്ടു “കുറുപ്പത്തു പാവക്കുട്ടി”വധൂമണി
പാരം തെളിഞ്ഞബ്ഭൂപാലവീരൻ തൻ ഭാര്യയായ് ശുഭം.
ചിത്രയോടൊത്ത രാത്രീശനെത്ര കാന്തി ഭവിയ്ക്കുമോ
അത്ര കാന്തി കലര്ന്നാനക്ഷത്രവര്യൻ പ്രിയാന്വിതൻ
നൽപ്പൂവേണികൾ ചൂടിടും ദയിതയോ-
ടൊന്നിച്ചു മന്ദിച്ചിടാ-
തുൾപ്പൂവിൽ കുതുകം കലര്‍ന്നു സതതം
ക്രീഡിച്ചു സാന്ദ്രോത്സവം
തൃപ്പൂണിത്തുറെയപ്പനായ ഭഗവാൻ
പാലിയ്ക്കുമപ്പാര്ത്ഥിവൻ
തൃപ്പൂണിത്തുറയെന്ന മാന്യനഗരേ
ചേണാര്‍ന്നു വാണാൻ സുഖം.
ഇങ്ങിനെ "ഗോശ്രീശാദിത്യചരിത"ഞിൽ
ആദിത്യാവതാരമെന്ന
ഒന്നാംസര്‍ഗ്ഗം കഴിഞ്ഞു.
രണ്ടാം സർഗ്ഗം
വിരുതെഴുമവനീശ്വരന്റെ നാനാ-
തരുലതികാദികൾ ചേര്‍ന്ന നല്ല തോട്ടം
പുരുരസമൊടു കണ്ടുടൻ പഠിപ്പാ-
നൊരു ദിനമങ്ങു! മഹാജനങ്ങൾ ചെന്നു.
നരപതിഭടനേകനജ്ജനത്തെ-
ത്തരമൊടു യോഗ്യത പോലെ സൽകരിച്ചു
വരഗുണമെഴുമാ നൃപന്റെ ഗേഹേ
പരബഹുമാനനമൂനമാകയില്ല
അവനഥ വിനയം കലര്‍ന്നു ചോദി-
ച്ചവരുടെ കാമിതമൊക്കയും ഗ്രഹിച്ചു
നൃവരനൊടറിയിച്ചു; വേണ്ട കൃത്യം
ജവമൊടു സജ്ജനഭൃത്യർ ചെയ്യുമല്ലൊ.
അനുമതിയുടനേ കൊടുത്തു വേഗാൽ
മനുജവരൻ; പുനരപ്പുമാൻ ജനത്തെ
തനുതരമൊരു ദോഷവും പെടാതു-
ള്ളനുപമമാകിയ തോട്ടമങ്ങു കാട്ടി.
ഫലസുമദലപല്ലവാദി തിങ്ങും
പല പല വൃക്ഷലതാഗണങ്ങളാലേ
അലഘു രുചിയെഴും നൃപന്റെ തോട്ടം
നലമൊടു തത്ര മഹാജനങ്ങൾ കണ്ടു.
വരഗുണമെഴുമാ നൃപന്റെ തോട്ടം
തരമൊടു കണ്ടു ജനങ്ങൾ വിസ്മയിച്ചു.
ചിരതരമിളകാതെ നിന്നു; ലോകോ-
ത്തരഗുണമത്ഭുതമാര്ക്കുമേകുമല്ലോ.
ഒരുവനുടയ ദൃഷ്ടി തെങ്ങിലായ്മ-
റ്റൊരുവനെഴും മിഴി നൽ കവുങ്ങിലായി.
ഒരുവനവിടെ മാവു നോക്കി നിന്നു
സുരുചിരമായ പിലാവു നോക്കിയന്യൻ.
ചിലരവിടെ മനോകാന്തി കോലും
പല പല വാഴകൾ കണ്ടുനിന്നു മോദാൽ
ചിലരനവധി ചേന കണ്ടിവറ്റി-
ന്നലസത വിട്ട ഗുണങ്ങൾ വാഴ്ത്തിനിന്നു.
ഗിരിശിഖരസമദ്രുമങ്ങൾതന്നിൽ
പരിചൊടു കേറി നിറഞ്ഞു ശോഭയോടേ
തിരികളിടവിടാതെ തിങ്ങി നിൽക്കും
മരിചലതാവലി കണ്ടുനിന്നു കേചിൽ.
കളമൊടു രുചി ഭക്ഷണത്തിനേറ്റം
വിളയുവതിന്നനുകൂലഭാവമോടേ
മുളകുകൾ പലതങ്ങു നില്പതെല്ലാ-
മളവു വെടിഞ്ഞ രസേന കണ്ടു കേചിൽ.
പഴുതുകൾ കലരാതെ കായ തിങ്ങും
വഴുതിന കണ്ടഥ വിസ്മയിച്ചു കേചിൽ
തൊഴുതു ചിലർ വളന്ന ചീര കണ്ട-
പ്പൊഴുതിലുദിച്ച മഹാത്ഭുതത്തിനാലെ.
ഇതി പല പല വൃക്ഷഗുല്മവല്ലീ-
തതികളെ നന്മ കലര്‍ന്നു തൽ പ്രദേശേ
അതിമഹിമയെഴും ജനങ്ങൾ കണ്ടി-
ട്ടതിരു കവിഞ്ഞ രസേന ചൊല്ലി തമ്മിൽ.
"മനുജരിതിഹ കാണ്ക, കേരവൃക്ഷ-
ത്തിനുടെ ശിരസ്സിലെഴും ഫലവ്രജത്തെ
അനുപമതരഭൂമിപാഭിഷേക-
ത്തിനു തുടരും കലശൌഘമെന്നപോലെ.
നിലയിലിവിടെ നിന്നിടുന്നിവറ്റിൻ
കുലകൾ നിനയ്ക്കുക പന്തിരണ്ടു പോരാ
കുലകളിലൊരുനൂറു പോര പാർത്താൽ
ഫലമിതു വിസ്മയമിന്ദ്രജാലമല്ലീ.
ഇട കടുകിനുമേകിടാതെ തിങ്ങും-
മടലുകൾ നാല്പതു പോരിവറ്റിലെല്ലാം
സ്ഫുടതരമിതു കാണ്കിലോര്ത്തിടും ഞാൻ
മടയനതെന്നിഹ കേരസൂത്രകാരൻ.
ഗുരുത പരമെഴുന്ന തേങ്ങയൊന്ന-
ങ്ങൊരുവനു പാര്‍ക്കുക പൊക്കുവാൻ പ്രയാസം
പരിചിനൊടിവരുന്നകത്തശേഷം
ഹരി! ഹരി !! പൊൻപൊടിയോ നിറച്ചു പാർത്താൽ.
വടിവിനൊടുളി തേച്ച മണ്ണു മങ്ങും-
പടി പൊടിയാണിഹ മണ്ണു ചോട്ടിലെല്ലാം
അടിയുടനിവിടെ പതുക്കെ വെച്ചാൽ
ഝടിതിയിലങ്ങൊരു കോലു താണുപോകും.
മലിനത ലവലേശമില്ല ചോട്ടിൽ
കലിതഗുണം വിലസുന്നു വേരശേഷം
വലിയ ഗുണമിതാണു; കേടു തെല്ലി-
ല്ലെലി മുതലായവകൊണ്ടിവറ്റിനൊന്നും.
അമരപുരിയിലുള്ള മാന്യകല്പ
ദ്രുമഗണമിശ്ശുഭകേരവൃക്ഷകല്പം,
സുമധുരജലമുള്ളിതിൻ ഫലൌഘം
വിമലസുധാകലശവ്രജംകണക്കെ
തടവുകളണയാതെ നീണ്ടു നില്ക്കും
മടലുകൾതൻ തലതന്നിൽനിന്നു വേഗാൽ
ഉടനുടനൊഴുകുന്ന വര്‍ഷതോയം
തടപരിധിയ്ക്കുകമേ പതിയ്ക്കയുള്ളൂ.
ഘനതരമസിതച്ഛദങ്ങൾ തിങ്ങു-
ന്നനവധി വന്മടൽ ചേര്‍ന്ന കേരവൃക്ഷം
വിനയഭരമണച്ചിടുന്നു ചുറ്റും
ഘനമെഴുമദ്രിശിരസ്സിനാശയത്തിൽ.
അലസത കലരാതെ പുത്തനാം പൂ-
ക്കുലയിതു തെങ്ങിൽ വിളഞ്ഞിടുന്നു ഭംഗ്യാ
തലയിലണിയുവാനണച്ച മുക്തി-
ഫലമണിസഞ്ചയമെന്നപോലെതന്നെ.
അതിരു കവിയുമാഭപൂണ്ടു കേര-
ക്ഷിതിരുഹമൌലിയിലുള്ള കൂമ്പു കണ്ടാൽ;
അതിരുചിയൊടുദിയ്ക്കുമോഷധീനാം-
പതിയുടെ ചാരു മരീചിവീചിപോലെ.
നവഗുണഗണമുള്ള കേരമീമ-
ട്ടവധി വെടിഞ്ഞു വളർന്നിടുന്ന മൂലം
അവനിയിലിഹ വീരകേരളാഖ്യ-
യ്ക്കുിവനുചിതൻ നൃപവര്യനുദ്യമാഢ്യൻ.
വടിവിലിതരദിക്കിലുള്ള തെങ്ങിൻ
തടി കലരുന്നു കവുങ്ങിനിങ്ങശേഷം
ഒടിയുമതിഭരാലിതെന്നു തോന്നും-
പടിയിവയിൽ കുല തിങ്ങി നിന്നിടുന്നു.
മരതകമണിസംഘമാണടയ്ക്കാ-
മരമിഹ മൌലിയിലേന്തിടുന്നതോര്ത്താൽ
പരരുചിയെഴുന്നടയ്ക്കുയല്ലി-
ത്തരമുളവായതു കാണ്മവര്ക്കു ബോധം.
ചടുലമിഴികൾതന്റെ ഭൂരിരാഗം
പെടുമധരത്തിനതീവരാഗമേകാൻ
പടുതയൊടിതിൽ നിന്നിടുന്നു ഭംഗ്യാ
തുടുതുടയുള്ള പഴുത്തടയ്ക്ക;കാണ്ക.
ഉലകിനധിപനുള്ള ഭൂരിസമ്പ-
ലസതവിട്ടിഹ കാട്ടിടുന്നതിന്നോ
തലകളിലിവ പത്മരാഗരത്ന-
കുലകളെടുത്തു വിളങ്ങിടുന്നു ഭംഗ്യാ.
പ്രകടധവളകാന്തിപൂണ്ട കൂമ്പാ-
ളകളിടതൂര്ന്നു കിടന്നിടുന്നു മന്നിൽ
അകലുഷമവനീശ്വരാഗമാര്ത്ഥം
മികവൊടു പട്ടു വിരിച്ചപോലെ നീളെ.
പരതരുവിനു ബാധലേശമേകാ-
തരമൊഴിയുന്നു മഹത്വമുള്ള കേരം
പരമിഹ ലഘുവായ പൂഗവൃക്ഷം
പരതരുവോടുരസീട്ടുയര്ന്നിടുന്നു.
നവരസമൊഴുകും ഫലങ്ങളിൽ ചേര്-
ന്നവധി വെടിഞ്ഞ മഹാഗുണങ്ങളാലേ
അവനിയിൽ വിളികൊണ്ട് നാട്ടുമാവിൻ-
നിവഹമിതാ വിലസുന്നു കണ്ടുകൊൾവിൻ.
കളിയിലുമിഹ ഞാൻ കഥിയ്ക്കയില്ലേ
പൊളി,യിവയിൽച്ചിലതിന്റെ മാങ്ങതന്റെ
പുളിരസമണയും മണത്തിനാൽ കൺ-
ചുളിവു കലർന്നഥ കാള വാലു പൊക്കും.
രുചിതരുമെരുമാങ്ങ രോഗമുള്ളോര്-
ക്കുചിതതചേര്ന്നടമാങ്ങ കണ്ണിമാങ്ങ
സുചിരതരമിരിയ്ക്കിലും സഖേ!സം-
കുചിതഗുണം കടുമാങ്ങയുപ്പുമാങ്ങ.
ഉലകിലഖിലരും തെളിഞ്ഞു വാഴ്ത്തും
പലതരമീവിധമുപ്പിലിട്ടതെല്ലാം
നലമൊടിഹ ചമയ്ക്കുവാൻ വിശേഷം
ചിലതിനെഴും പുളിയുള്ള മാങ്ങയെല്ലാം (യുഗ്മകം)
ഇതിലിഹ ചിലതിന്റെ മാമ്പഴം കേ-
ളതിമധുരം ബത!പഞ്ചസാരപോലെ
അതികൊതിയതിലാര്ക്കുമുത്ഭവിയ്ക്കും
മതിയിലഹോ! മതിയെന്നു തോന്നുകില്ല.
ചിലതിനുടയ മാമ്പഴത്തിനായി-
ട്ടലസതവിട്ടമൃതും സലാം കൊടുക്കും
വില പരമെഴുമീ രസാലവല്ലീ-
ഫലമിഹ ജന്മഫലം ജനത്തിനെല്ലാം.
ഗുരുഫലഭരമേന്തിടുന്ന ഗോമാ-
വുരുതരശോഭയൊടിങ്ങു നിന്നിടുന്നു
തരുഗണമിതു വാനിൽനിന്നു ശക്രൻ-
തിരുവടി ഭൂപനയച്ചതെന്നു തോന്നും.
നിരവധിഫലമുള്ള കോട്ടമാവിൻ
നിര നിറമോടു നിരന്നു നിന്നിടുന്നു
പരമിവകളെയാശ്രയിച്ചിടുന്നോര്-
ക്കരമരിയായ വിശപ്പു ചേരുകില്ല.
ചിലതിനുടയ മാങ്ങ നാരകത്തിൻ-
ഫലമൊടു കാഴ്ചയിലെത്രയും സമാനം
നലമൊടിതിനെഴുന്ന നീർ കുടിച്ചാൽ
ഛലരഹിതം ചെറുതേനിതെന്നു തോന്നും.
പലപലക, കവച്ചി, കട്ടിൽ തൊട്ടു-
ലസതവിട്ടഴകുള്ള സാധനങ്ങൾ
നലമൊടു തണലുള്ള ചൂതമൂല-
സ്ഥലമിതിലുണ്ടു ശിലാമയങ്ങളായി.
ഗുണമധികമിണങ്ങുമൊട്ടുമാവിൻ-
ഗണമിഹ മാങ്ങകൾ തിങ്ങി നിന്നിടുന്നു
പണമിവയുടെ മാമ്പഴങ്ങൾ വാങ്ങാൻ
തൃണസമമായ്ചിലവിട്ടിടും മഹാന്മാർ.
രണമതിലമൃതം ജയിച്ചു നന്നായ്
ചുണ കലരും പല നാട്ടുമാമ്പഴങ്ങൾ
മണലിലിഹ ചതഞ്ഞിടാത തൻ ന-
ന്മണമണയുംപടി വീണിടുന്നു പാരം.
നവകുസുമഗണങ്ങൾ തിങ്ങിയും നൽ-
ജ്ജവമൊടു മാമ്പഴമേറ്റവും കൊഴിച്ചും
ഇവയുടെ തണലുള്ള മൂലദേശേ
പവനശിശുക്കൾ കളിച്ചിടുന്നു നിത്യം.
നയനിധി വിബുധേശ്വരൻ ശുചിന്ദ്രാ-
ലയപതി ശങ്കരഭക്തവിപ്രനായി
പ്രിയതരമൊരു ബീജമേകിപോലും
സ്വയമതിൽനിന്നു പിലാവിതുത്ഭവിച്ചു.
വടിവിലധികമായുയർന്നിവറ്റിൻ
തടികൾ മഹത്വമിയന്നു നിന്നിടുന്നു
നെടിയ ശിഖരപികൊണ്ടിതെല്ലാം
ഝടിതി ഘനങ്ങളിലങ്ങുരച്ചിടുന്നു.
അടിമുതലഴകുള്ളിവറ്റിലെല്ലാം
മുടികഴിയുംവരെയുണ്ടു നൽപ്പലങ്ങൾ
തടിയെഴുമവരുന്നകത്തു തിങ്ങും-
പടി ചുളയുണ്ടറിയാമിതാര്ക്കുമോര്ത്താൽ.
മരമിതിൽ വലുതായ ചക്കയോരോ-
ന്നുരലുകണക്കെ നിറച്ചു തൂങ്ങിടുന്നു
പരമിവകളിലുള്ളപോലെയുണ്ടാം
ചിരമിതു കാണുമവര്ക്കു കണ്ടകങ്ങൾ.
മരമിതിൽ വിലസും പഴുത്ത പത്രം
വരരുചിവിദ്രുമജാതമെന്നു തോന്നും
പരമവധിവെടിഞ്ഞ പച്ചയെല്ലാം
മരതകനിര്മ്മിതമെന്നു തോന്നുമാര്ക്കും.
ഹരി! ഹരി!! ചെറുതെക്കു പൊക്കു കാണി-
ല്ലൊരിടവുമിപ്പെരുതാം ഫലങ്ങൾതന്നിൽ
പരിചിൽ മരമിതന്യഭൂരുഹത്തെ
പരിഹസിതത്തോടു “ചക്ക" കാട്ടിടുന്നു.
കള തരകളധൌതസഞ്ചയത്തി-
ന്നളവുവെടിഞ്ഞു വളര്‍ന്ന കാന്തിഗര്വ്വം
കളയുമഴകെഴും കനത്ത ചക്ക-
ച്ചുളകൾ തെളിഞ്ഞിവയോര്ത്തുകൊൾക ഭംഗ്യാ
ഉരുരസമുലകൊക്കെ നല്ല ചക്ക-
കുരുവിതു ഹന്ത! വശത്തിലാക്കിടുന്നു
പുരുഗുണമിതുകൊണ്ടു പൂരുവംശ്യൻ
"കുരു"വരനാമമെടുത്തു ഭൂപനേകൻ.
ചുളയിതു സരസം പഴുത്തതെല്ലാം
ഗുളസഹിതം പ്രഥമൻ ചമയ്ക്കുമല്ലോ
വിളയുമതിരസേന പച്ചയെല്ലാം
കളമൊട്ടിതുപ്പുകറിയ്ക്കുടൻ വരക്കും.
പലഗദമൊഴിവാക്കിടേണമെന്നാ-
ലുലകിലിതിൽ തെളിവാര്‍ന്ന കഞ്ഞി വേണം
നലമൊടതു കുടിയ്ക്കുവാൻ പിലാവി-
ന്നിലയതു കുത്തിയതൊന്നുതന്നെ നല്ലൂ
പനകളവധിവിട്ടു നില്പതുണ്ടീ-
പ്പനധരണീസുരനന്ദനന്റെ തോപ്പിൽ
ഘനരസമളകാപുരം വെടിഞ്ഞി-
ട്ടനവധിയക്ഷികളിങ്ങു പണ്ടു പാര്‍ത്തു.
കളമൊടു കടലാസ്സു വന്നിടും മു-
മ്പിളയിലിതിൽപ്പനകൾക്കെഴും ദലത്തിൽ
തെളിവിനൊടഴകേറുമക്ഷരശ്രീ
ലളിതതരാകൃതി വാണി വാണിരുന്നു.
ഇഹ ബഹുജനപൂജ്യകേരഭൂമി-
രുഹസമമീ വലുതായ താലവൃക്ഷം
അഹിതനജിതനെന്നപോലെ സമ്പൽ-
സഹിതസുരോദായഹേതുഭൂതമല്ലൊ.
സ്ഥിരതരമിഹ വേനലായകാല-
ത്തരമുളവായിവരുന്നു ഘോരമുഷ്ണം
നിരവധിഗുണമുള്ള താലവൃന്തം
തരമൊടു തീര്ത്തെവനും സുഖം തരുന്നു.
കിളികളുടെ നിനാദമാര്ന്ന വാള-
മ്പുളികളിൽ നല്ല പുളിങ്ങ തൂങ്ങിടുന്നു
മുളകധികമെഴും പരിപ്പുസാമ്പാ-
റിളയിതിലിന്നിതിനാൽ ചമച്ചിടുന്നു.
"മതിരസകരമല്ലൊരാൾക്കുമൂണി-
ങ്ങതിവിഫലം ഖലു തിന്ത്രിണീവിഹീനം'
ഇതി വിബുധജനങ്ങൾ ചൊല്ലിടും നൽ-
സ്മൃതിയെഴുമിപ്പുളിയിങ്ങശേഷരമ്യം.
മരമിതിലുളവാം പുളിങ്ങയുപ്പി-
രലിലിടിച്ചഥ ചാണയാക്കിവെച്ചാൽ
തരമൊടു പുളിയിഞ്ചിതൊട്ടു നാനാ-
തരമിതുകൊണ്ടു ചമച്ചിടാം പദാര്‍ത്ഥം.
പുരുവിതതികലര്ന്നുയര്ന്ന നാനാ-
തരുനികരങ്ങളിലിങ്ങു ഭംഗിയോടേ
ഗുരുഫലമിടതിങ്ങി വിങ്ങി നിൽക്കും
കുരുമുളകിൻകൊടി കാണ്ക കോടിലക്ഷം.
മരിചമണി പഴുത്തതുണ്ടനേകം
പരിചൊടു പാര്‍ക്കുക പച്ചയുണ്ടസംഖ്യം
മരതകമഥ പത്മരാഗമെന്നീ-
വരരുചിരത്നഗണങ്ങളെന്നപോലെ.
സുരപിതൃപരിപൂജനാദികാലേ
വിരവൊടു വിപ്രജനാശനോത്സവത്തിൽ
കുരുമുളകിതുതന്നെ വേണമല്ലൊ
സുരുചിരമായ്ക്കറിയൊക്കയും ചമപ്പാൻ.
അഴകൊടു മരിചകൃഷിയ്ക്കു നന്നായ്
മഴ തിരുവാതിരഞാറ്റിലയ്ക്കു വേണം
പഴയജനമുരച്ചിടുന്നിതേവം
പിഴയതിലില്ലതു കേരളത്തിൽ മാത്രം.
നിരുപമരുചി രാജസൂയയാഗം
കുരുപതി ധര്‍മ്മസുതൻ നടത്തിയപ്പോൾ
ഗുരുഗുണമൊടു കേരളത്തിൽനിന്നി-
ക്കുരുമുളകങ്ങു വരുത്തി സാദരംപോൽ.
അവധിരഹിതപക്വഭംഗികൊണ്ടും
നവവിതതായതപത്രകാന്തികൊണ്ടും
പവനജകദളീവനാഭയുണ്ടീ-
നൃവരമഹാകദളീവനത്തിനോത്താൽ.
അതിമധുരരസം സുവര്ണ്ണവര്ണ്ണം
കൊതി സകലത്തിനുമേകിടും സുഗന്ധം
ഇതി പല പല സൽഗുണങ്ങളാൽ ന-
ന്മതി സുഖദം കദളീവനം വിശേഷം.
സുരുചിരമമൃതാദിവസ്തുസാരം
കരുണ വെടിഞ്ഞു കവര്ന്നിടുന്നിവറ്റിൽ
കരുതുകയി കറുത്ത പുള്ളിയെന്നു-
ള്ളൊരു കപടത്തൊടു കണ്ടിടുന്നു മായം
പരിണതകദളീഫലങ്ങൾതന്നിൽ
പെരിയ കുതൂഹലമുള്ളിലുള്ള മൂലം
ഹരിമുഖരഖിലാമരേശ്വരന്മാർ
പരിചൊടു വന്നിഹ വാണിടുന്നു മന്നിൽ
നലമൊടു നനനേന്ത്രവാഴതൻ നൽ-
ക്കുലകൾ നിറച്ചു പഴങ്ങൾ കണ്ടുകൊൾവിൻ
ചിലരിതു കരിയാതെ ചുട്ടുതിന്നും
ചിലരിതിനാൽ പ്രഥമൻ വരട്ടിവെയ്ക്കും.
വലിയൊരു തിരുവോണമാം മഹത്തിൻ
നില നിരുപിയ്ക്കുകിലിപ്പഴംനുറുക്കിൽ
ഫലമിതു തിരുവാതിരോത്സവശ്രീ-
വിലസണമെങ്കിലുടൻ വറുത്തിടേണം.
പരമഴകിയ കേരളത്തിലേയ്ക്കായ്
സുരപതി വാഴ തെളിഞ്ഞിതേകിപോലും
സ്ഥിരതരമതുകൊണ്ടിതിപ്പൊഴും കേൾ
പരവസുധാവലയത്തിലുത്ഭവിയ്ക്കാ.
ഫലമിതു മദമാര്‍ന്ന കൊമ്പനാന-
ത്തലവനെഴുന്ന തടിച്ച കൊമ്പുപോലെ
അലസത കലരാതെ കാണ്മവര്ക്കേ
ഫലമുളവായ്വരു കണ്ണുകൾക്കു നൂനം.
രുചിരഫലദമാം പടറ്റി കണ്ണൻ
രുചിഗുണമുള്ള പഴങ്ങൾ പൂണ്ട പൂവൻ
ഉചിതമിതി വിചിത്രപത്രരംഭാ-
രചിതമഹാപ്രഭമി നൃപന്റെ തോട്ടം
ചില കുലകളിലായിരത്തിലേറും
ഫലമതിവിസ്മയമെന്തിതോര്ത്തിടുമ്പോൾ
ഛലരഹിതമിവയ്ക്കിവണ്ണമെണ്ണം
നലമൊടു വണ്ണവുമുണ്ടു വേണ്ടുവോളം.
ഒരുപറയരി നന്മയോടു വെയ്ക്കു-
ന്നുരുളികണക്കെയെഴുന്ന ചേന കാണ്‍കെ
ഗുരുതയധികമാകകൊണ്ടു പൊക്കി-
ല്ലൊരുവനുമിന്നിതു പാര്ക്കിലെത്രചിത്രം.
അറിയുവിനിഹ ചേന പച്ച തൊട്ടാൽ-
ച്ചൊറിയുമിതെങ്കിലുമെന്തു പിന്നെ വെന്താൽ
കറികളിലതിരമ്യമാം രസത്തെ-
ച്ചിറിയെവനും വരുമായ ചേര്‍ക്കുമല്ലോ.
മിഴി ചെയ്തതു മിഴിച്ചു കാണ്ക ചേന-
ക്കുഴികളിവറ്റകൾ നൽക്കുളങ്ങൾപോലെ
ഒഴുകിടുമമിതാത്ഭുതാബ്ധിമദ്ധ്യേ
മുഴുകിടുമേവനുമിന്നിതൊന്നു കണ്ടാൽ.
ഫലഗുണഗണമോര്ത്തു ലോകർ വാഴ്ത്തും
പല ബൃഹതീനികരങ്ങൾ ഭംഗിയോടേ
നലമൊടുടലിലത്ര കണ്ടകൌഘ-
ച്ഛലമൊടു നൽപുളകങ്ങൾ പൂണ്ടിടുന്നു.
ഇഹ സകലവുമൊട്ടു കാക്കുവാനോ
വിഹരണകൌതുകമോടു ചാടുവാനോ
ബൃഹതികൾ നിജസൽഫലച്ഛലത്താൽ
വിഹതവിളംബമെടുത്തിടുന്നു ചാപം.
പലപല മരമേറി നല്ല ഭംഗ്യാ
വിലസിന കുമ്പളവള്ളിതന്നിലെല്ലാം
ഫലഗണമിഹ കാണ്ക ശൈവതുല്യം
നലമൊടു ഭസ്മമണിഞ്ഞിടുന്നു മെയ്യിൽ.
തിറമൊടു പല മത്തവല്ലിയിൽ പൊൻ-
നിറമൊടു മൂത്തു പഴുത്ത സൽപ്ഫലൌഘം
കുറവുകളണയാതെ കാണ്ക പൊന്നിൻ-
നിറകലശങ്ങൾ നിരത്തിവെച്ചപോലെ.
കടമിഴികൾ മിഴിച്ചു കാണ്ക, ഭൂമീ-
തടമതിൽ വെള്ളരിവല്ലിതൻ ഫലൌഘം
ഇടചെറുതുപെടാതെ രക്തവര്‍ണ്ണം
തടവിയ പട്ടുറുമാൽ വിരിച്ചപോലെ.
നിരുപമഗുണമുള്ള കക്കരിയ്ക്കു-
യ്ക്കൊരു കുറവില്ലിവിടത്തിലോര്ത്തിടുമ്പോൾ
സുരുചിരമിതുപോലെ മറ്റു വല്ലീ-
ഗുരുഫലസംഘവുമുണ്ടു കണ്ടുകൊൾക.
വിരിവധികമിയന്ന പന്തൽതൻമേൽ
പരിചൊടെഴുന്ന പടോലവള്ളിതോറും
പെരിയ ഫലഗണങ്ങൾ തൂങ്ങിടുന്നൂ
ഹരി! ഹരി!! മുട്ടുകളിട്ടപോലെ കാണ്ക.
ഉരുതരരുചി ഭോജനത്തിനേകും
സുരുചിരകയ്പലതാഫലങ്ങൾ കാണ്ക
ഒരുദിനമിതുകണ്ടു "ചേല”വിപ്രൻ
വിരുതൊടു വാഴ്ത്തി വരുത്തിപോൽ കരത്തിൽ
പുളകമൊടതിഭോജനേച്ഛയുണ്ടാം
മുളകിതിനുള്ള ഗുണങ്ങളോര്ക്കിലാര്ക്കും
കളമൊടിതിനു “കപ്പ''ലെന്നു നാമം
മുളകിതു കപ്പൽവഴിയ്ക്കു വന്നമൂലം.
തെരുതെരെയൊരുപാടു മക്കളുണ്ടാ-
യ്വരുമരമീമുളകിന്നതൊന്നുമൂലം
കുരുകുലപതിമാതൃനാമധേയം
വിരുതൊടിതിന്നു കൊടുത്തുപോൽ മഹാന്മാർ,
മുളകുകൾ പലജാതിയിങ്ങു നില്പു-
ണ്ടളവുവെടിഞ്ഞ ഫലങ്ങളോടുകൂടി
പ്രളയജലധിപോലെ നല്ല സാമ്പാർ
മുള കിവകൊണ്ടിഹ വേണമെങ്കിൽ വെയ്ക്കാം.
നിരവധിഗുണമുള്ള വെട്ടുചേമ്പിൻ
നിരയിവിടത്തിൽ വിളങ്ങിടുന്നു പാരം
ഹര! ഹര!! രുചി ഭക്ഷണത്തിനേകാൻ
പരമിതിനെന്തുപടുത്വമോര്ത്തിടുമ്പോൾ.
സുധയൊടെതിരിടുന്ന സുന്ദരീണാ-
മധരഗുണം കലരുന്ന ചീര കാണ്‍കെ
അധനനുമിതുകൊണ്ടു ഹന്ത! നാനാ-
വിധമിഹ നൽക്കറിവെച്ചു കൂട്ടിടുന്നു.
പയറിഹ പലജാതിയുണ്ടിതോര്ത്താൽ
വയറിനിടം ചെറുതെന്നു ലോകർ കേഴും
പ്രിയതരമിതു വാങ്ങുവാൻ സമസ്ത-
വ്യയമുടനേ തടവറ്റു ചെയ്യുമല്ലോ.
മുതിരയിടനിറഞ്ഞു കായ പൂണ്ടി-
ങ്ങതിരസമേവനുമേകി നിന്നിടുന്നു
ക്ഷിതിയിതിലിതിനാൽ പുഴുക്കുവെയ്ക്കും
മതിതെളിയുംപടി കഞ്ഞിയുള്ള കാലേ.
ഫലഭരമിടതിങ്ങുമായ കൈക്കൊ-
ണ്ടുലകിതിലേറ്റമുഴുന്നു നിന്നിടുന്നു
പലതിനിതു വറുത്തിടാൻ വിശേഷം
പല പലഹാരഗണത്തിനും തഥൈവ.
കിമപി പെരിയ പന്തലിൽ പടര്‍ന്നു-
ള്ളമര,ഫലങ്ങളനന്തമേന്തിടുന്നു
അമരജനമിതാഗ്രഹിക്കമൂലം
ക്രമമൊടിതിങ്ങമരയ്ക്കയായ് ഭവിച്ചൂ.
തല കിമപിച താണിടും പ്രകാരം
ഫലഭരമൊത്തിഹ "തോര" നിന്നിടുന്നു
പലഗുണമിതിനുള്ളതോര്ത്തു വായിൽ
ജലമൊഴുകും മനുജര്‍ക്കു; നാവു തോരാ.
ത്രിനയനതനയോദരത്തെ വെന്നി-
ങ്ങനവരതം വിലസും കിഴങ്ങു കാണ്‍കെ
കനമധികമെഴുന്നിതൊന്നു പൊക്കാ-
നനവധിയാളുകളൊത്തുകൂടിടേണം.
വിഷം പെരുത്തുള്ളഹിവൃശ്ചികാദിതൻ
വിഷം, ഹരിയ്ക്കും പരമൗഷധങ്ങളും
കഷണ്ടിപോക്കുന്ന മഹൌധഷങ്ങളും
വിഷണ്ണഭാവം കലരാതെ കാണ്‍കെടോ.
ചൊല്ലാര്‍ന്ന പുഷ്പനവപല്ലവകോരകാദി
യെല്ലാം നിറഞ്ഞ തരുവല്ലികൾ സംഖ്യയെന്യേ
ഉല്ലാസമോടിനിയുമുണ്ടിവിടത്തിലെല്ലാം
ചൊല്ലാനസാധ്യമതിനോ യുഗമൊന്നു വേണം.
ചേണാര്‍ന്നിടും മഹീവല്ലഭനുടെ വലുതാ-
യീടുമിത്തോട്ടമെല്ലാം
കാണാനോരായിരം കണ്ണിഹ മമ തരണം
പത്മജൻ ഛത്മമെന്യേ
വീണാഗ്രന്ഥാക്ഷമാലാങ്കിതകരതലയാം
വാണി ജിഹ്വാഗ്രദേശേ
വാണാൽ കൊള്ളാമിതിന്നുള്ളമിതഗുണഗണം
തെല്ലുടൻ ചൊല്ലുവാൻ മേ.
ഇങ്ങിനെ "ഗോശ്രീശാദിത്യചരിതത്തിൽ
വ്യവസായനിദര്ശനമെന്ന
രണ്ടാംസര്‍ഗ്ഗം കഴിഞ്ഞു.
മൂന്നാം സര്‍ഗ്ഗം
കൊണ്ടാടിയിങ്ങിനെ മഹാത്ഭുതമായുരച്ചു-
കൊണ്ടാജ്ജനങ്ങളവിടത്തിൽ നടന്നിടുമ്പോൾ
കണ്ടാർ പരം പണിയെടുക്കുമൊരുത്തനെ, കൺ-
കൊണ്ടാശായ കൊടിയ കൌതുകമോടുകൂടി.
വെട്ടും ലതാതരുഗണങ്ങളവൻ ചിലപ്പോ-
ളൊട്ടും കളങ്കമണയാതെ പരം കിളയ്ക്കും
കെട്ടും ചിലപ്പൊളലയും ചിലതാഞ്ഞു തട്ടി
മുട്ടും ചിലപ്പൊളവിടെപ്പലതും നനയ്ക്കും
ഉല്ലാസമാര്ന്നവിടെയപ്പുരുഷൻ വേല-
യ്ക്കെല്ലാറ്റിനും നിയതമുണ്ടധികം വിശേഷം
വല്ലാത്ത വിസ്മയരസാലതു കണ്ടുകൊണ്ടു
തെല്ലാജ്ജനങ്ങൾ പരമങ്ങിനെ നിന്നുപോയി.
ശ്രീരാജമാനതനുവുള്ളവനോടു പിന്നീ-
ടാരാലണഞ്ഞിവർ തെളിഞ്ഞു പറഞ്ഞു കിഞ്ചിൽ
ആരാണയേ! ഗുണമെഴുന്ന ഭവാനിദാനീം
നേരായ്ക്കഥിച്ചിടുക ഞങ്ങളൊടാദാരണ.
എന്താദരാൽ പറക, മാമകതത്വബോധാ-
ലെന്താണു് സാധ്യമവിടയ്ക്കതിനായ് ശ്രമിക്കാം
പന്തിയ്ക്കവന്റെ മൊഴിയിങ്ങിനെ കേട്ടു തെല്ലു
ചിന്തിച്ചുനിന്നവനൊടായവർ ചൊല്ലി മെല്ലെ.
ബോധിച്ചുകൊൾക പരമിപ്പരിഷയ്ക്കു ശേഷം
സാധിച്ചിടേണമിഹ ഭൂപതിദര്ശനം കേൾ
ബോധിച്ചുകൊൾവിനിഹ നിങ്ങൾ നൃപാവലോകം
സാധിച്ചുവെന്നു പരമെന്തിനതിന്നു യത്നം
ഇന്നാ മഹീപതിവരന്റെ വിലോകനത്താൽ
നന്നായ്പ്രയോജനമുരയ്ക്കുവിനെന്തിദാനീം?
എന്നായവന്റെ മൊഴികേട്ടുടനേ ജനങ്ങ-
ളൊന്നായി പറഞ്ഞു നൃപദര്ശനസാദ്ധ്യമര്ത്ഥം.
വാട്ടം വിനാ ഗുണഗണങ്ങളിവണ്ണമൊക്കാൻ
തോട്ടങ്ങളിപ്പൊഴുതിലെപ്പടിനോക്കിടേണ്ടു?
കോട്ടം കളഞ്ഞതു സമസ്തകൃഷിയ്ക്കുമുള്ള
നോട്ടം തികഞ്ഞ നൃപനോതിയറിഞ്ഞിടേണം
ഹന്തായതിന്നു പുനരെന്തിനു ഭൂമിനാഥൻ
ഞാൻതാനുരപ്പനുട,നിക്കഥ കേട്ടുകൊൾവിൻ
ശാന്താശയൻ കൃഷിയിലുൾക്കടവാഞ്ഛമൂലം
ഭ്രാന്തായ മട്ടൊരുവനിങ്ങുളവായി മുന്നം
അക്ഷാമമായവനുടൻ കൃഷികൊണ്ടു കോടി-
ലക്ഷാധികം പവനു നായകനായ് ഭവിച്ചു
യക്ഷാധിരാജനിവനോടു തിരക്കുകൊണ്ടാ-
ബ്ഭിക്ഷാടനപ്രണയിതൻ സഖിയായി വാണു.
ചൊല്ലാര്ന്നനന്തരവരാകുമവര്ക്കു മോഹ-
മില്ലാ കൃഷിയ്ക്കു, ലവലേശമഹോ!; ധനത്തിൽ
നില്ലാതെയുണ്ടു കൊതി,യക്കഥ ചിന്തചെയ്തു
വല്ലാത വാച്ചു പരമായവനാധി ചിത്തേ.
മട്ടും മനസ്സൊടവനങ്ങു കൃഷിയ്ക്കു മോഹം
തട്ടുന്നതിന്നു പല വിദ്യയെടുത്തുനോക്കി
ഒട്ടും ഫലം തദനു കണ്ടതുമില്ല; മണ്ണു-
വെട്ടുന്നതിൽ കുറവനന്തരവര്ക്കു തോന്നി.
വാഞ്ചേതരം തനു വിയര്ത്തിഹ മണ്ണു വെട്ടാൻ
ഞാൻ 'ചേന്ന,നല്ല, 'ചെരകണ്ട'നുമല്ല പാര്‍ത്താൽ
തഞ്ചത്തിലിങ്ങിനെ നിനച്ചു മഹാഭിമാന-
ത്തുഞ്ചത്തിരിയ്ക്കുമവർ തൽകൃഷിവേല വിട്ടൂ.
കാര്ന്നോർ കിളയ്ക്കുമളവിൽ പരിഹാസഹാസ-
മാര്ന്നോരനന്തരവർ നെറ്റി ചുളിച്ചു നോക്കും
ചേര്‍ന്നോരു വേലകളെടുക്കുകയാൽ മിനുത്തു
വാര്‍ന്നോരു മെയ്യെഴുമവന്നൊരു ദീനമില്ല.
ശീലത്തിനൊത്തു നറുനെയ്യൊരുപാടു വീഴ്ത്തി
കാലത്തു കഞ്ഞി ചെറുചൂടൊടവൻ കുടിയ്ക്കും
വൈലേറ്റുമേതുമഴയേറ്റുവമവൻ കിളയ്ക്കും
മൈലേശമെങ്കിലുമവന്നു കഴയ്ക്കയില്ല.
കള്ളിന്റെ ഗന്ധമവനേൽക്കുകയില്ല, നൽക്കാ-
രെള്ളിന്റെയെണ്ണ കുറവെന്നിയെ തേയ്ക്കുമെന്നും
കൊള്ളില്ല വൈലു മഴ മഞ്ഞിവയെന്നതില്ല
ഭള്ളില്ലവന്നു കൃഷിവേലകളത്ര ചെയ്യാൻ.
കഷ്ടിച്ചു മുട്ടു മറിയുംപടി നീണ്ടുരുണ്ടു
പുഷ്ടിപ്പെടും ഭുജ,മുരസ്സധികം വിശാലം
മുഷ്ടിക്കൊതുങ്ങുമര, വൻകൃഷിവേല ചെയ്വാൻ
സൃഷ്ടിച്ചതാണവനെഴും തനുവെന്നു തോന്നും.
ഖണ്ഡിച്ചിടാൻ വിഷമുള്ളൊരു മുട്ടിയൊട്ടും
ദണ്ഡിച്ചിടാതവനഹോ! തരാമോടു കീറും
മണ്ണൂക്കിൽ വെട്ടിയിളകുന്നവിധം കിളച്ചാൽ
വെണ്ണീറതെന്നു പറയും ബഹുലോകരെല്ലാം.
ഏവന്ന വേഗമൊടവൻ കപിയെന്ന പോലെ
കേരം മഹാവിഷമമായ മരത്തിലെല്ലാം
കൂറള്ള നായ്ക്കുളവനുണ്ടു പരം പറമ്പു
തോറും സമസ്തമവിടെച്ചൊടിയോടു കാപ്പാൻ.
തെറേറന്നവന്നെഴുമുരുക്കൾ തടിച്ചു നിൽക്കും
പെറ്റമ്മ പോാറി മരുവുന്ന ശിശുക്കൾപോലെ
ക്ലേശാൽ കുഴങ്ങുകിലുമായവ വേല ചെയ്യു-
മാശാൻ ശിക്ഷയിലമന്നൊരു ശിഷ്യർപോലെ.
വമ്പിച്ച പോത്തു, വൃഷമെന്നിവ ലോകമേറ്റം
കമ്പിച്ചിടുംപടി മദിച്ചു കയര്ത്തിടുമ്പോൾ
മുമ്പിൽ ജവത്തൊടവനോടിയണഞ്ഞവാറിൻ
കൊമ്പിൽ പിടിയ്ക്കുമുടനപ്പൊഴുതൊക്കെ നില്ക്കും.
വാട്ടത്തിനാൽ തൃണവുമൊട്ടുമുളച്ചിടാത്ത
പൊട്ടപ്പറമ്പുകളവന്റെ വശത്തിൽ വന്നാൽ
ചട്ടറ്റ തെങ്ങുകൾ കവുങ്ങുകളെന്നിതെല്ലാ
മൊട്ടല്ലതിങ്കൽ നിറയും വില കൂടുമേറ്റം.
പെട്ടെന്നു നല്ല രസവാദികരത്തിൽ വന്ന
ചട്ടറ്റിരുമ്പുടനെ ഹാടകമാം വിധത്തിൽ
പൊട്ടപ്പറമ്പുകളവന്റെ കരത്തിൽ വന്നാൽ
മട്ടപ്പൊൾ മാരമതിശോഭനമായ്ഭവിയ്ക്കും.
തേക്കിന്നിവൻ നിപുണനാണു കുടം പിടിച്ചു
ലാക്കിത്തരുക്കളെ നനച്ചതിനേറെ വമ്പൻ
പൊക്കും ചിലേടമഥ, താത്തിടുമന്യഭാഗ-
മൊക്കും ഫലം ദൃഢമവന്റെ ഗുരുപ്രയത്നാൽ.
ഉണ്ടായ്വരുന്നു ചില ഭൂമിയിൽ വൈലിനാൽ കേ+
ടുണ്ടാകുമന്യഭുവി കേടു ജലം നിമിത്തം
കിണ്ടം പിണച്ചിലിനിയുണ്ടു കൃഷിയ്ക്കവന്റെ
കണ്ടം പറമ്പുകളിലില്ലൊരു കേടുമെങ്ങും.
ചീര്‍ക്കും കൃഷിപ്പണിയിലേതൊരു വിദ്യകൊണ്ടു-
മാര്‍ക്കും ദൃഢം കഴികയില്ലവനെച്ചതിപ്പാൻ
ഓര്ക്കാവതല്ലതു; കൃഷിപ്പണിയുള്ള കൂലി-
ക്കാര്ക്കാകവേ പരമവൻ ഗുരുനാഥനല്ലൊ.
കോര്‍ട്ടിൽ പെടും വികടദുർഗ്ഘടകാര്യമെല്ലാം
പാട്ടിൽ ഭരിപ്പവനവൻ; മതിമാൻ നയജ്ഞൻ
നാട്ടിൽ പലര്ക്കുമുപകാരി, ദയാദ്രചിത്തൻ
വീട്ടിൽ സുഖം സകലപേര്ക്കുമവൻ വരുത്തി.
നിത്യം വെടിപ്പുമതി വൃത്തിയുമുണ്ടവന്റെ
കൃത്യങ്ങളിൽ സപദി പാന്ഥജനത്തിനായി
അത്യന്തസൌഖ്യകരമായശനാദി നൽകും
സത്യം നിനയ്ക്കിലവനാം ഖലു "ദുന്തുമാരൻ'.
ഈമാതിരിയ്ക്കഖിലസൽഗുണവും തികഞ്ഞു-
ള്ളാമാനുഷന്നു പുനരുണ്ടൊരു ഖേദമുള്ളിൽ
രാമാജനം സദസി വാഴ്ത്തുമനന്ത്രവര്ക്കു
ഭീമാഭിമാനകൃതമാകിയ ദോഷമൂലം.
സല്ലീലയോടുമഥ നൽഘനഭാവമോടും
ചൊല്ലീ തനിച്ചവരൊടായവനര്ത്ഥതത്വം
ചൊല്ലിച്ചു മറ്റു ചില നല്ല ജനങ്ങളേക്കൊ-
ണ്ടില്ലിത്തിരിയ്ക്കുഫല,മേറ്റമവൻ കുഴങ്ങീ.
വ്യായാമമൊക്കെയുമൊഴിച്ചൊരനന്ത്രവര്ക്കു-
ണ്ടായാര്ത്തി ദുഷ്പ്രഭുത ചേര്ത്തഭിമാനമൂലം
പ്രായം കടന്നവിധമായി, ബലം കുറഞ്ഞും
കായം വിളര്‍ത്തു, വളുസത്തടി വന്നുകൂടി.
പേയാദിയിൽപ്പരമറപ്പിഹ ചൂടുകാപ്പി-
യായാലതീവരസമിങ്ങിനെ സാഭിമാനം
ആയാസമെന്നിയെ രസിയ്ക്കുമനന്ത്രവന്മാർ
മായാവിഹീനമുരുരോഗികളായ്ചമഞ്ഞൂ.
നീങ്ങില്ലൊരിയ്ക്കലുമൊരുത്തനു നീരിളക്കം
പാങ്ങില്ലൊരുത്തനൊരു മുണ്ടു പിഴിഞ്ഞുടുപ്പാൻ
വീങ്ങിത്തുടങ്ങുമൊരുവന്നടിയെണ്ണ തേച്ചാ-
ലേങ്ങിത്തുടങ്ങുമപരൻ പടി കേറിയാലും.
ചൊല്ലാര്‍ന്ന ശീമയിലെഴും പുതുതായ വേഷ-
മുല്ലാസമോടു കലരും നൃപമന്ത്രിവര്ഗ്ഗം
സല്ലീലയോടണകിലാപ്പൊഴനന്ത്രവന്മാർ
ചൊല്ലീടുമങ്ങു കുശലം; ബത! സൽകരിയ്ക്കും.
സത്തൻ ദയാര്ദ്രമതി കാരണവൻ നിനച്ചു
ചിത്തം തെളിഞ്ഞു പതിവിട്ടൊരു ശമ്പളങ്ങൾ
കൃത്യം പിഴച്ചിടുമനന്ത്രവരത്ര പോരാ-
ഞ്ഞത്യന്തതാപസഹിതം ചിലതേവമോർത്തു.
"ചെട്ടിയ്ക്കു പുല്ലുവില നൽകണ,മെന്റെ ശീമ-
പട്ടിയ്ക്കു ചങ്ങലയഹോ! കടമായി വാങ്ങി
മുട്ടിയ്ക്കുമേ കസവുവേഷ്ടിവിലയ്ക്കു, ലോകം
ഞെട്ടിയ്ക്കുമൊച്ചയൊടു പട്ടരതീവ ദുഷ്ടൻ.
കുട്ടിയ്ക്കു വൻപനി,യതിന്നു വരുത്തുമൈസ്സു-
കട്ടിയ്ക്കു നിത്യമൊരുപാടിഹ വേണമര്തഥം
കെട്ടിച്ച കമ്മലിനു കേടു ഭവിച്ചു; നാണി-
ക്കുട്ടിയ്ക്കു നാണ,മതിടാതവൾ നേരെ നോക്കാ.
പീസ്സിന്നു പോര ധന,മെന്തിഹ വേണ്ടു പത്താം-
ക്ലാസ്സിൽ പഠിച്ചിടുമവന്റെ പരീക്ഷയായി
കേസ്സിൽ ജയം വരണമെങ്കിലുടൻ പലർക്കും
കീസ്സിൽ കൊടുക്കണമെടുത്തു ചുവന്ന നാണ്യം”.
ചൊല്ലാര്‍ന്ന കാര്ന്നവരുമീയഭിമാനദോഷം
നില്ലാത വാച്ചിടുമനന്ത്രവരും തദാനീം
വല്ലാതകന്ന ഹൃദയങ്ങളൊടൊത്തു വാണാ-
രുല്ലാസമെങ്ങിനെ ഭവിച്ചിടുമേവമായാൽ.
കാലം കഴിഞ്ഞു ചിരമീവിധ,മപ്പൊളന്ത്യ-
കാലം ഭവിച്ചു ബത! കാര്ന്നവനെത്ര കഷ്ടം!
മാലങ്കുരിച്ചിടുമനന്ത്രവരാശു വൻദു-
ശ്ശീലം വിടാനുടനവൻ പണിയൊന്നെടുത്തു.
കട്ടിൽ കിടന്നിടുമവൻ നെടുവീര്‍പ്പു വല്ലാ-
തിട്ടിഷ്ടഭാവമൊടുമന്തിവരേ ക്രമേണ
കെട്ടിപ്പിടിച്ചു പലതും പലമട്ടിലോര്ത്തു
പൊട്ടിക്കരഞ്ഞു മിഴിനീരൊഴുകുംപ്രകാരം.
ഉൾക്കാമ്പിലത്തലൊടു കാരണവൻ കരഞ്ഞു
നിൽക്കാത ശോകമൊടനന്ത്രവരും കരഞ്ഞു
തൽകാലമഗ്ഗുണമെഴും തറവാട്ടിലുള്ളാർ
മുക്കാലുമുൽക്കടവത്തോടുടൻ കരഞ്ഞു.
ധൈര്യം പിടിച്ചു പുനരപ്പൊഴനന്ത്രവന്മാർ
കാര്യം നിനച്ചു വളരുന്നഴലൊന്നൊതുക്കി
ആര്യസ്വഭാവമൊടു സര്വ്വകൃഷീവലേന്ദ്രാ-
ചാര്യപ്രസിദ്ധഗുരുവാമവനോടു ചൊന്നാർ.
"എന്താണയേ! ബത! ഭവാൻ കരയുന്നതിപ്പോ-
ളെന്താകിലും പറക, നിൻകൃപയുള്ള ഞങ്ങൾ
സന്താപമാസകലവും കളയാം; ഭവാന്റെ
ചിന്താവിഷാദമിതു ഹന്ത! കളഞ്ഞുകൊൾക.
ഹേ രാജരാജസമ! ചൊൽകഴലെന്തിനര്ത്ഥം
പോരാ നിജപ്രിയതമയ്ക്കു കൊടുത്തതെന്നോ?
ധീരാഗ്രഗണ്യ! തരസാ തവ രോഗശാന്തി-
ചേരാൻ നടത്തിടണമുൽക്കടധര്മ്മമെന്നോ?
ജ്ഞാനംതരും പല പുരാണവുമാദരാല-
ന്യൂനം പഠിച്ച ഭഗവൽ പദഭക്തമൌലേ!
മാനം വെടിഞ്ഞു വഴിയേറെ നടന്നു ഗംഗാ-
സ്നാനം കഴിച്ചൊരു ഭവാനിനിയെന്തു പാപം.
ശ്രീഹംസമന്ത്രജപസിദ്ധി വരുത്തി മായാ-
മോഹം വെടിഞ്ഞു വിലസുന്ന ഭവാനിദാനീം
ആഹന്ത! നൽപഴയമുണ്ടു വിടുന്ന പോലെ
ദേഹം വിടുന്നതിലുമെന്തു മമത്വമുള്ളിൽ.
ഉണ്ടോ രുചിക്കുറവു? ചൊൽക; വയറ്റിൽ നോവ-
ങ്ങുണ്ടോ? ശിരോഹൃദയപാര്ശ്വലലാടശൂലം
ഉണ്ടോ? കഴപ്പിഹ; ഭവാൻ കരയുന്നതേവം
കണ്ടോര്മ്മയില്ലൊരുവനും ബഹു ധൈര്യശാലിൻ!
വല്ലാത്ത വൃദ്ധത വരുത്തിയ കേടു കൂടാ-
തില്ലാ ഭവാനു ഗദമിപ്പൊഴുമൊന്നുപോലും
ചൊല്ലാൻ ഭവാനു ദൃഢമില്ല തടസ്ഥ,മോര്‍മ്മ-
യ്ക്കില്ലാ കുറച്ചിലധികം; കരയുന്നതെന്തോ".
ഓരോതരത്തിലവരിങ്ങിനെ ചൊല്ലിടുമ്പോൾ
നീരോഗനായ്മരുവുമക്കിഴവൻ പറഞ്ഞാൻ
"നേരോര്ക്കിലിപ്പൊഴിവനോര്മ്മ നശിയ്ക്കയാലാ-
ണീരോദനത്തിനിടവന്നതറിഞ്ഞു കൊൾവിൻ.
അഞ്ചാതെ കേൾപ്പിനിവനിപ്പൊഴുതുള്ളിലുള്ള
സഞ്ചാരമിന്നവിധമെന്നു പറഞ്ഞുകൂടാ
അഞ്ചാറു നാളതു സഹിച്ചു കഴിച്ചുകൂട്ടി
നെഞ്ചാകെ വെന്തുരുകിടുന്നു നമുക്കിദാനീം.
നില്ലാതകണ്ടുടനെ നിങ്ങളനന്ത്രവന്മാ-
രല്ലാതയുള്ളവരശേഷവുമങ്ങു പോട്ടേ
ചൊല്ലാം മദീയ പരിതാപനിമിത്തമിപ്പോ-
ളെല്ലാ,മടുത്തു വരുവിൻ, മതിവെച്ചു കേൾപ്പിൻ”.
മുത്തൻ പറഞ്ഞ മൊഴിയിങ്ങിനെ കേട്ട ശേഷം
ചിത്തം തെളിഞ്ഞവരശേഷമടുത്തു ചെന്നു
അത്തവ്വിലായവരൊടോതി, കൃഷിവലന്മാർ-
ക്കുംസമാകുമവനേവമുരുപ്രരൂഢം.
"എല്ലാപ്പറമ്പുകളിലും പുനരെന്റെ കണ്ട-
മെല്ലാറ്റിലും നിധികൾ വെച്ചവനാണഹോ! ഞാൻ
ഉല്ലാസമോടഴകെഴും നിധിയായതിങ്ക-
ലെല്ലാറ്റിലും പഴയ കാശൊരു കോടിയുണ്ടാം.
ഓരോ പറമ്പിൽ നിധിയുണ്ടൊരു നൂറുവീത-
മാരോടുമീ വിവരമന്നുരിയാടിയില്ല
നേരോടു ചൊൽവതിനിനിയ്ക്കുമതോർമ്മയില്ലീ-
ന്നീരോദനം ഫലമൊടുക്ക, മിവണ്ണമായി.
വൻനോട്ടമുള്ള കിഴവന്റെ വചസ്സു കേട്ടു
പിന്നോട്ടു മാറിയവർ നിന്നു കുറച്ചു നേരം
കൺനോട്ടമിട്ടു ചില മന്ത്രമുരച്ചു തമ്മിൽ
മുന്നോട്ടുതാനുടനെ ചെന്നു പറഞ്ഞു മന്ദം.
"മങ്ങുന്നതെന്തിനു ഭവാനിതു കാരണത്താൽ
തിങ്ങുന്ന താപമൊടിനിക്കരയേണ്ട തെല്ലും
അങ്ങുന്നു വെച്ച നിധി ഭൂമികിളച്ചു താത്തി-
പ്പൊങ്ങുന്ന വേഗമൊടു ഞങ്ങളെടുത്തുകൊള്ളാം"
"നാട്ടാരിലന്യനൊരുവൻ പരമീയുദന്തം
കേട്ടാലനർത്ഥമുളവാം നിധി കാണ്കയില്ല
കോട്ടം വിനാ മൃദുശരീരികൾ നിങ്ങൾതന്നെ
വാട്ടം വെടിഞ്ഞവനിയെങ്ങിനെ താഴ്ത്തുമോർത്താൽ??.
"ഒട്ടും ഭവാനിതു നിനച്ചു തപിച്ചിടേണ്ട
കിട്ടുന്നതിങ്ങു വിധിവെച്ച ഘടങ്ങളല്ലേ?
മട്ടുന്നതല്ല ഹൃദയം ക്ഷിതി ഞങ്ങൾതന്നെ
വെട്ടും ക്രമാലതുവഴിയ്ക്കു മറിഞ്ഞുകൊൾക"
"നന്നായ്ക്കിളയ്ക്കുമഴകേറിയ നിങ്ങൾ തന്നെ-
യെന്നാൽ ജനങ്ങളതുകണ്ടു ഹസിയ്ക്കുമേറ്റം"
വന്നീടുമോ നിധിയെടുത്തിടുമപ്പൊളേകൻ
കൊന്നിടുമായവനെയങ്ങൊരുവൻ കടന്നാൽ??
"ശീലിച്ചിടാത്തവർ കിളയ്ക്കു കിൽ മേനി വാടും
ശീലിച്ചിടുമ്പോളതുമാമുടൻ ക്രമത്താൽ"
മാലിത്തരം ഹൃദി ഭവാൻ കരുതേണ്ട ഞങ്ങൾ
മേലിൽ തെളിഞ്ഞു കൃഷിവേലയെടുക്കുമെല്ലാം".
ഈമട്ടു തമ്മിലവർ ചൊല്ലിയുറച്ചു പാരം
പ്രേമത്തിൽ മുങ്ങി പരമായവരാശ്വസിച്ചു
ക്ഷേമത്തിനുള്ള വഴിയേവമവൻ വരുത്തി
കേമത്തമുള്ളവനു പാർക്കുകിലെന്തസാദ്ധ്യം?
പോയാറുനാളഥ പരം വെളിവോടുകൂടി-
ട്ടായാസമെന്നിയെ മരിച്ചു കൃഷീവലേന്ദ്രൻ
ന്യായാനുരോധമഥ ചെയ്തു പരേതകാര്യം
മായാവിഹീനമഴൽതേടുമനന്ത്രവന്മാർ.
ശങ്കേതരം പൊടിപൊടിച്ചടിയന്തരം നൽ
കെങ്കേമമായഥ കഴിച്ചു വിധിച്ചപോലെ
വങ്ക പ്രഭുത്വമവർ വിട്ടുടനേ കിളച്ചു
തങ്കക്കുടങ്ങളെയെടുത്തിടുവാൻ തുനിഞ്ഞു.
വേറിട്ടു കർമ്മമവരൊക്കെ വെടിഞ്ഞു നേരം
കൂറിട്ടുകൊണ്ടഥ കിളച്ചുതുടങ്ങി മെല്ലെ
മാറിത്തുടങ്ങി ഗദമൊക്കെയവർക്കു പിന്നീ-
ടേറിത്തുടങ്ങിയുടലിന്നു ബലം ക്രമത്തിൽ.
കണ്ടം പഠമ്പിവ കിളച്ചൊരരയ്ക്കു താത്തി-
ക്കൊണ്ടങ്ങശേഷമവരാദരവോടു നോക്കി
കണ്ടില്ല തത്ര നിധിയൊന്നുമവർക്കു തെല്ലുൾ-
ക്കൊണ്ടില്ല ദുർഘടമിതെന്നുമടുപ്പൊരാൾക്കും.
ഓരാണ്ടുകൊണ്ടവർകൾ തങ്ങടെ ഭൂമിയെല്ലാം
പാരാതെയിങ്ങിനെ കിളച്ചു മറിച്ചു നോക്കി
പോരാ നിനയ്ക്കിലിഹ താത്തിയതെന്നിവണ്ണം
നേരായിനിനച്ചു പരമൊന്നരയാൾക്കുതാത്തി.
ചാരത്തിനോടു ശരിയായവിടത്തെ മണ്ണ-
ന്നേരത്തിലെന്തിനു വളം വെറുതേ സമസ്തം
വീരത്വമേവമവർതന്നുടൽ കല്ലുപോലെ
സാരത്വമാർന്നിതു പൃഥൈവരസായനങ്ങൾ.
കീഴ്പൊട്ടു നോക്കി; നിധിയങ്ങവർ കണ്ടതില്ല
മേല്പൊട്ടു നോക്കി, പുനരായവരാശ്വസിച്ചു
അപ്പോൾ കനത്ത നിധികുംഭഗണത്തെ വെൽവാൻ
കൊല്പൊത്തിടും വിവിധവൃക്ഷഫലങ്ങൾ കണ്ടു.
കൃഷ്ണൻ പറഞ്ഞ മൊഴിതൻ പരമാർത്ഥ, മൂഴി
കൃഷ്ണൻ വെടിഞ്ഞളവിലൊക്കെയറിഞ്ഞു പാർത്ഥൻ
കഷ്ണിച്ചു താനറിയണം ബഹുചിന്തചെയ്തി
ട്ടെത്തിച്ചുയർന്ന മതികൊണ്ടു മഹാവചോർത്ഥം.
അമ്മാമനോതിയതിനർത്ഥ മറിഞ്ഞു നന്നാ-
യമ്മാതിരിയ്ക്കഖിലവും മരുമക്കളെല്ലാം
അമ്മാമനേതുവഴിയാണതുതാൻ പിടിച്ചു
നിർമ്മായഭക്തി കലരുന്നവർ തെറ്റിടാതെ.
ധാരാളമായധനമവർക്കു സുഖിച്ചിരിപ്പാൻ
നേരായെ്കൊടുത്തു പരമാശ്രിതരാമവർക്കും
പോരായ്മയൊന്നിനുമഹോ! നഹി; വസ്തു വിട്ടു
പോരാനവർക്കൊരിടയില്ലതിയത്നമൂലം.
പിന്നെ കൃഷിയ്ക്കു ഫലമോർത്തു രസം പിടിച്ചു
സന്നദ്ധരായ് സതതമായവർ വേല ചെയ്തു
നന്നായവർക്കു ശരിയായൊരു ധന്യരന്നി-
ല്ലെന്നായിവന്നു; കൃഷിതന്നെ ധനൈകമൂലം.
കണ്ടം പറമ്പിവകളാശു ഗുണപ്പെടുത്താ-
നുണ്ടങ്ങവർക്കു വിരുതേറെ വിശേഷമായി
പണ്ടമ്പിനോടിതു നിനച്ചു മഹാജനങ്ങൾ
"കണ്ടപറമ്പ"നിതി നാമമവർക്കു നൽകി.
നേരാകുമോ കഥയിതെന്നു നിനച്ചു നിങ്ങൾ
പാരാതകണ്ടു പരമിപ്പൊഴുഴന്നിടേണ്ട
പാരം ഫലിയ്ക്കുമഴകേറിടുമിക്കഥാർത്ഥ-
സാരം ഗ്രഹിച്ചതുവഴിയ്ക്കു നടക്കിലാർക്കും. 75 42
ചേത്തീടണം നിയതമായ്വളമെന്നുവച്ചാ
ലോർത്തീടണം, വ്യയമനന്ത, മതിങ്ങസാദ്ധ്യം
പാർത്തീടുകിൽ ക്ഷിതിവിലേഖനമെന്ന കർമ്മം
ചീർത്തീടുമാത്മഭുജയുഗ്മബലേന സാദ്ധ്യം.
നന്നായഹോ! "കൃഷ് വിലേഖനെ" എന്ന ധാതു-
തന്നാൽ ജനിച്ചതിവിടെ "കൃഷി”യെന്ന ശബ്ദം
ഇന്നാകയാൽ കൃഷിവിലേഖനമെന്ന കർമ്മ-
മൊന്നാമതായ ഗുണമികൃഷികൾക്കു നൂനം"
കൊണ്ടാടുമാറു കഥയിങ്ങിനെ ചൊല്ലിയൊന്നും
മിണ്ടാതെ നിന്നു പരമസ്സുമഹാനുഭാവൻ
ഉണ്ടായ ദാ പരമമംഗളമമ്പലത്തിൽ
ഘണ്ടാമൃദംഗരവമൊത്തൊരു ശംഖനാദം.
പൊട്ടീ തലം വെടികൾ സത്യമിതെന്നു ചൊല്ലും
മട്ടിജ്ജഗത്തിൽ നിറയും ഘനനാദമോടേ
കൊട്ടി പെരുമ്പായവൻ നവമേഘനാദം
മട്ടീടുമാറുടനെ പിന്നെയുമേവമോതീ.
"കൃത്യങ്ങൾ വേണ്ടതലസാതെ നടത്തിടേണം
നിത്യം കൃഷിയ്ക്ക,ഥ കുളിച്ചു ഭുജിച്ചുകൊള്ളാം
നിത്യോദയൻ നിഖിലദിക്കിൽ നടന്നു സൂര്യൻ
കൃത്യോരുകാരിയിതസിന്ധുവിൽ മുങ്ങിടുന്നു.
ഛായാവരൻ ഖഗവരൻ നിജവേല നിർത്തി-
പ്പോയാനിതാ ബഹുഖഗാവലി പോയിടുന്നു
വ്യായാമി കർഷകവരൻ പണിയങ്ങു നിർത്തി-
പ്പോയാൽ കൃഷിപ്പണിയെടുപ്പവരെന്നപോലെ.
ആകെ ഭ്രമിച്ചു രവികർഷകനക്കരത്താൽ
പാകത്തിൽ വേണ്ട പണിചെയ്തു ഗമിച്ച ശേഷം
നാകദ്രമത്തിൽ വിലസുന്നിതു രക്തവർണ്ണ-
മേഘച്ഛലാലഴകെഴും നവ പല്ലവങ്ങൾ.
കക്കുന്ന ദുഷ്ടജനമുൽകടഭൂരിതേജ-
സ്സൊക്കുന്നവൻ മറകിൽ വന്നണയുംപ്രകാരം
അർക്കൻ മറഞ്ഞളവിതാ ജനദൃഷ്ടിയെല്ലാം
തക്കം വെടിഞ്ഞു കവരുന്നിരുൾ വന്നിടുന്നു.
വണ്ടെത്തൽ തേടുമസിതാഭയെഴും നഭസ്സാം
കണ്ടത്തിൽ വേണ്ട പണിചെയ്തിനകർഷകേന്ദ്രൻ
കുണ്ഠത്വമെന്നിയെ ഗമിച്ചു; തെളിഞ്ഞു കാണു-
ന്നുണ്ടത്ര താരഗണമായ നവാങ്കുരൌഘം.
മുാരം ഗുണാൽ വലിയ കർഷകനസ്തമിച്ചാൽ
മാറുള്ള കഷകരുടൻ തെളിയുന്നപോലെ
തെറ്റെന്നിയേ രവി മഹാദ്യുതിപോയ ശേഷം
തെറ്റന്നു ദീപനികരം തെളിയുന്നു മന്നിൽ.
സമ്പൽകരൻ വലിയ കർഷകനസ്തമിച്ചാൽ
സമ്പത്തിനേറിയ ബലം കുറയുന്നപോലെ
അംഭോജബന്ധുഭഗവാൻ ബത! പോകയാലി-
ണംഭോജിനിക്കിഹ ഭവിച്ച ഗുണം നശിച്ചു.
വമ്പത്തമുള്ള കൃഷിവേലയെടുത്തു ചേർന്ന
കമ്പത്തെ ലോകമിതിൽനിന്നകലെയ്ക്കു നീക്കാൻ
സമ്പന്ന സൗമ്യത കലർന്നുടനോഷധീശൻ-
തമ്പത്നി രാത്രിയിത വന്നണയുന്നു മന്ദം.
ചേണാർന്നവൻ കൃഷി നടത്തുമവർക്കു ചേരും
ക്ഷീണാദിവേഗമൊഴിവാക്കുമുറക്കമിപ്പോൾ
കാണാൻ കൊതിച്ചു സകലൌഷധിനാഥനാകു-
മേണാങ്കദേവനിത വന്നുയുരുന്നു ഭംഗ്യാ.
വായ്ക്കുന്ന സസ്യനിര തിന്നുവരും മൃഗൌഘം
പോകുന്നതിന്നുടനെ നായ വരുന്നപോലെ
ചിക്കും ജവാലുലകുമൂടി വരും തമിസ്രം
നീക്കുന്നതിന്നിഹ വരുന്നു നിശാധിനാഥൻ.
ഉള്ളം തെളിഞ്ഞു വിമലസ്ഫടികാഭമായ
വെള്ളം ധരിത്രിയിലൊഴിച്ചഥ ചൂടു പോക്കാൻ.
ഉള്ളിൽ കൊതിച്ചു നിശയാം വധു ചന്ദ്രനാകും
വെള്ളിക്കുടം വടിവിനോടിത പൊക്കിടുന്നു.
വാഞ്ഛാനുകൂലമധരത്തളിർ, കൊങ്കയാം കായ്
പൂഞ്ചായലാളികൾ പുഞ്ചിരിയായ പുഷ്പം
അഞ്ചാതകണ്ടിവകൾ ചേർന്ന വധൂലതൌഘം
നെഞ്ചായതിൽ കിമപി കാമമണച്ചിടുന്നു.
അഞ്ചാമൃതുക്കൾ തൊഴുമിസ്സുരഭിയ്ക്കു ചേർന്ന
പഞ്ചായുധാഖ്യ കലരും വിടപിയ്ക്കിദാനീം
അഞ്ചാത കണ്ടമിതദോഹദമാം വിധത്തിൽ
സഞ്ചാരയന്തി ചിലരിങ്ങകിലിന്റെ ധൂപം
ചൊല്ലാർന്നതാതുസമയങ്ങളിൽ വേണ്ട കർമ്മ-
മെല്ലാം കഴിച്ചിടണമേവരുമെന്നമൂലം
ഉല്ലാസമോടിവിടെ നിന്നഥ പോക നല്ലൂ”
നില്ലാതകണ്ടിതു കഥിച്ചവനാശു പോയാൻ
"ആരാണിവൻ പുരുഷപുംഗവനെന്നു കേചിൽ
നേരായിനച്ചിടുകിൽ മന്നവനെന്നു കേചിൽ
പോരായ്മയാണു് കൃഷി മന്നവനെന്നു കേചി-
ലീരാജവര്യനിതു ചേന്നിടുമെന്നു കേചിൽ.
ചിത്താഭിമാനലവലേശവുമെത്തിടാതെ
സത്താകമാക്കിയതെടുത്തിടുമീനരേന്ദ്രൻ
ഉൾത്താരിലോർക്കിലിഹ സൽഗുണമാം മരത്തിൻ
വിത്താണെനിയ്ക്കുതിനു കില്ലൊരു തെല്ലുമില്ല.
നോട്ടമൊട്ടും പിഴയ്ക്കാതെ തോട്ടമെന്നിതുമട്ടുതാൻ
കോട്ടമെന്യേ നടക്കും ഞാൻ പാട്ടമായൽ നല്കുകില്ലിനി.
എത്ര നന്നാക്കിടും മണ്ണിങ്ങത്രനന്നായിടും ദൃഢം
അത്ര പെണ്ണെന്ന വണ്ണം താൻ ചിത്രമിപ്പൂർവ്വഭാഷിതം''.
മങ്ങിമയങ്ങാതിവർ പുന-
രിങ്ങിനെ പലരും പറഞ്ഞു പലതരമായ്
പൊങ്ങിന കൌതുകമഥ ഹൃദി
തിങ്ങി നടന്നാർ ജവേന പല വഴിയായ്
പലജനമുടനീയുദന്തമെല്ലാം
പലദിശി ചെന്നു പറഞ്ഞു വിസ്മയത്താൽ
നലമൊടതിജന കേട്ടു കേൾപ്പി-
ച്ചുലകിലശേഷമത് പ്രസിദ്ധമായീ
കമ്പത്തെക്കൈവെടിഞ്ഞിയ്യുലകിൽ മുഴുവനും
കേടു കൂടാതെ നന്നായ്
സമ്പത്തുണ്ടായ്വരാനിങ്ങിനെ കൃഷിയുടെ നല്-
ത്തത്വമോദിത്തദാനീം
വമ്പത്തം കൂടിടുന്നാ വസുധയുടെവരൻ
മംഗളശ്രീമരത്തിൻ
കൊമ്പത്തമ്പോടു വാണാ,നുപരിമരുവുമേ
വമ്പരാം ഭാഗ്യവാന്മാർ.
ഇങ്ങിനെ ഗോശ്രീശാദിത്യ ചരിത'ത്തിൽ
കൃഷിതത്വപ്രസംഗമെന്ന
മൂന്നാം സർഗ്ഗം കഴിഞ്ഞു.
നാലാംസർഗ്ഗം
പാരിൽ പ്രജാവത്സലനെന്നിവണ്ണം
ഭൂരിപ്രസിദ്ധൻ പുനരക്ഷിതീശൻ
പൂരിച്ച കാരുണ്യഭരേണ ചിത്ത-
താരിൽത്തനിച്ചിങ്ങിനെ ചിന്തചെയ്തു.
"പരോപകാരം പെരുതായ ധർമ്മം
ഹരോ ഹരാ!ന്യം വിഫലം സമസ്തം
പരോപകാരാർത്ഥമിദം ശരീരം
വരോപദേശം ശരിയാണിതോർത്താൽ.
അർത്ഥങ്ങളെല്ലാറ്റിനുമുള്ള വേരാ-
മർത്ഥം ജനങ്ങൾക്കു കൊടുത്തിടേണം
അർത്ഥം ലഭിയ്ക്കാത്തവനുള്ള ജന്മം
വ്യർത്ഥം നിനച്ചാൽ നരകോപമാനം.
അമ്പിൽ ജനങ്ങൾക്കുടനർത്ഥമേകാൻ
മുമ്പിൽ ഗണിക്കാം കൃഷിതന്നെ വേണം
കമ്പിച്ചിടാതേറ്റമുറച്ചു ചൊല്ലാം
വമ്പിച്ച കച്ചോടമതിന്റെ താഴെ.
വേണുന്ന ധാന്യാദികളുത്ഭവിച്ചു
കാണുന്നതെല്ലാം കൃഷിതന്നിലല്ലോ
വേണുന്ന ദേശങ്ങളിലായതെത്താൻ
ചേണുറ്റ കച്ചോട,മതാണു് ഭേദം.
പണ്ടെങ്ങുമില്ലാത്ത ഗുണങ്ങളെല്ലാം
കണ്ടേൻ പരീക്ഷിച്ചു കൃഷിയ്ക്കഹോ! ഞാൻ
കൊണ്ടാടി മാലോകരുമിങ്ങു വന്നു
കണ്ടാരതെല്ലാം ബഹുതൃപ്തിയോടെ.
ധനം കൊടുക്കുന്നതിനെക്കൊടുത്താൽ
ധനം കൊടുക്കുന്നതുപോലെയായി
അനർത്ഥശാന്തിയ്ക്കിനി ഞാൻ തുനിഞ്ഞു
ജനത്തിനുണ്ടാമഴൽ തീർത്തിടുന്നേൻ.
അനർത്ഥസംഘങ്ങളിൽ വെച്ചു മുഖ്യം
നിനയ്ക്കുകിൽ ഘോരതരാമയൗഘം
നിനയ്ക്കിലും ഹന്ത! മഹാഗദങ്ങൾ
മനക്കുരുന്നിൽ ഭയമേകുമല്ലോ.
എന്നാൽ മഹാരോഗഗണത്തിൽ വെച്ചി-
ട്ടൊന്നാമതോർത്താൽ വിഷജാതരോഗം
ഇന്നാകയാൽ ഞാൻ വിഷവൈദ്യമേറ്റ-
മിന്നാടകത്തിങ്കൽ നടത്തിടുന്നേൻ”.
മഹാനുഭാവൻ നൃപനേവമോർത്തു
വിഹാരമെന്യേ വിഷവൈദ്ദ്യമേറ്റം,
സഹോദരന്മാരൊടുകൂടി നന്നാ-
യിഹോപകാരത്തിനു ചെയ്തു നിത്യം.
മൂല്യങ്ങളേറുന്ന മഹൌഷധങ്ങൾ
മൂല്യം തദാ കിഞ്ചന വാങ്ങിടാതെ
കല്യൻ നൃപൻ കാശ്യപമാമുനീന്ദ്ര-
തുല്യൻ നൃണാം നൽകി വിഷാർത്തി തീർത്താൻ.
"മിടുക്കനെന്നീ വിരുദാഖ്യ തേടും
മിടുക്കനാം ഭൂപതിതമ്പിയേകൻ
പടുത്വമെല്ലാക്രിയ ചെയ്യുവാനും
കടുത്ത 'കൊച്ചുണ്ണി'മഹീശനന്യൻ.
സോദര്യരാകുന്നിവരോടുകൂടി-
കേദങ്ങൾ നൽകും വിഷരോഗമെല്ലാം
വാദം വിനാ ഭൂപനവൻ കളഞ്ഞു
മോദം ജനങ്ങൾക്കുളവാക്കി പാരം.
മുറയ്ക്കു കേരന്ന വിഷം ചിലപ്പോ-
ളിറക്കിടും നൽജലധാരയാലേ
പറിച്ചെടുത്തൌഷധിയാലെയുള്ള
മുറിപ്രലേപാലഥ മറ്റൊരിയ്ക്കൽ.
ചിലർക്കു നസ്യം വിധിപോലെ ചെയ്തും
ചിലർക്കു വേഗേന ഞരമ്പറുത്തും
ചിലർക്കു വഹ്നിക്രിയ ചെയ്തു മേവം
പലർക്കുമേറാം വിഷശാന്തി ചേർക്കും.
നിരർത്ഥമാണന്യചികിത്സയെന്ന
തരത്തിലായാലതിയാം വിഷത്തെ
ശിരസ്സു കീറീട്ടവിടെ ക്ഷിതിശൻ
സരക്തചർമ്മാദികൾ വെച്ചെടുക്കും.
അസാദ്ധ്യചിഹ്നം ബത! തേടിയാലും
രസാധിപൻ ബുദ്ധി മടുത്തിടാതെ
രസപ്രയോഗേന വിഷം ഹരിയ്ക്കും
ബിസപ്രകാശാമിതകീർത്തിശാലി.
ഭീകരൻ, മണ്ഡലി, രാജിലാഖ്യ-
നുർവ്വീതലേ മൂന്നു തരത്തിലേവം
ഗർവ്വാളിടും പാമ്പുകളുള്ളവറ്റിൻ
സർവ്വത്തിലും ക്ഷ്വേളമവൻ ഹരിയ്ക്കും.
കരുത്തു കൂടീടിന വൃശ്ചികത്തിൻ
പെരുത്ത നാനാവിധമാം വിഷത്തെ
കുരുത്തമേവം നൃപനാശു പോക്കി
വരുത്തുമെല്ലാർക്കുമതീവസൌഖ്യം.
എലിയ്ക്കു ചേരും വിഷ,മുഗ്രമൂറാം-
പുലിയ്ക്കു ചേരും വിഷമെന്നിതെല്ലാം
വലിപ്പമേറും മതിയുള്ള ഭൂപൻ
ചലിച്ചിടാതാശുതരം ഹരിയ്ക്കും.
തീരാത്തതാണെന്നിഹ നിശ്ചയിച്ച,
ഘോരാർത്തി ചേർക്കുന്ന വിഷത്തെയെല്ലാം
നേരായുടൻ പോക്കുകകൊണ്ടു രണ്ടാം.
'കാരാടി' വൻതാനിതി ലോകർ ചൊന്നാർ.
പൂരിച്ചിടും നന്മ കലർന്നിടുന്ന
പാരിന്നധീശന്റെ മഹാ ഗുണത്ത
ഭൂമിപ്രകാശത്തൊടു കണ്ടു ചിത്ത-
താരിൽ പ്രമോദാൽ പലവമോതി.
"സത്തായിടും മാടമഹിശവംശ-
മുത്താകുമീയുത്തമനൂഴിപാലൻ
ചിത്താഭിരാമാഖിലസൽഗുണത്തിൻ
വിത്തായവൻ കിഞ്ചന ദോഷഹീനൻ.
പാരം മഹാന്മാരിതി നാമധേയം
സ്വൈരം കലർന്നുള്ളവരുണ്ടു പിന്നെ
ചാരുത്വമില്ലാത്തവർതന്റെ പേരിൽ
ചേരുന്നതില്ലല്പവുമിന്നു സാരം.
കാലേ കുളിയ്ക്കും ശുഭവസ്ത്രഭൂഷ-
യാലേ ശരീരത്തെയലങ്കരിയ്ക്കും
ചാലേ ഭുജിയ്ക്കും സുഖമായൊരാളെ-
ന്നാലെന്തു മാഹാത്മ്യമവന്നു പാർത്താൽ
ധരാതലേ സർവ്വഗുണാഢ്യനായി-
ട്ടൊരാളു ഞാനെന്നു വരുത്തിവെയ്പാൻ
ദുരാഗ്രഹത്താൽ പല ഗോഷ്ഠി കാട്ടി
നിരാശരാകുന്നവരോ മഹാന്മാർ.
അറച്ചുപോയ് പരതന്ത്രഭാവ-
മുറച്ചു ചൊല്ലാമിദമെന്നുറക്കെ
നിറഞ്ഞ മാനാലധികപ്രസംഗം
പറഞ്ഞിടുന്നായവരോ മഹാന്മാർ.
തടിച്ച മാനം പരമാംഗ്ലഭാഷ
പടിച്ചവർക്കേ ഭുവി ലഭ്യമാറു
നടിച്ചിവണ്ണം തറവാടശേഷം
മുടിച്ചിടുന്നോർ ചിലരോ മഹന്മാർ.
ഘടം, പടം, തന്തു, കുലാല,നെന്നുൽ-
ക്കടം പറഞ്ഞത്ര സദസ്സിലെല്ലാം
ഉടൻ ശ്രവിയ്ക്കുന്നവർതന്റെ കർണ്ണ-
പുടം പൊളിയ്ക്കുന്നവരോ മഹാന്മാർ.
ഉരയ്ക്കുവാൻ ദുർഘടമായ സൂത്രം
തരത്തിലോതിത്തരസാ സദസ്സിൽ
ഇരക്കുവാൻ വന്നണയും പ്രകാരം
തിരക്കുകൂട്ടുന്നവരോ മഹാന്മാർ.
വെടുപ്പിൽ മിന്നും പുതുശിലകൊണ്ടു-
ള്ളുടുപ്പു, തങ്കക്കസവുള്ള ടർബ്ബൻ,
അടിയ്ക്കു ബൂട്സെന്നിവയിട്ടു മാനം
നടിച്ചു കൂടുന്നവരോ മഹാന്മാർ.
വീര്യം വളർന്നുള്ള മഹാധികാരം
സ്ഥൈര്യം വെടിഞ്ഞൊന്നു ലഭിയ്ക്കിലപ്പോൾ
കാര്യം ഗ്രഹിയ്ക്കാതഥ തീർപ്പു ചെയ്യാൻ
ധൈര്യം പെടുന്നായവരോ മഹാന്മർ.
വിടർന്ന സൽക്കാരരസത്തൊടെണ്ണം
കടന്ന മാലോകരെഴും സഭായാം
കടത്തിലായ് നല്ല വിവാഹകർമ്മം
നടത്തിടുന്നായവരോ മഹാന്മാർ.
വപുസ്സു നന്നല്ലുലകിൽ പരം ദു-
ര്യശസ്സുതാനെങ്കിലുമായവംശേ
പയസ്സു ശീലിച്ചു നരച്ചിരിയ്ക്കും
വയസ്സുകൂടുന്നവരോ മഹാന്മാർ.
നിശാതബുദ്ധ്യാ ബഹുലോകദോഷം
വിശാലമായ്ക്കുണ്ടുപിടിച്ചതെല്ലാം
കശാപിശായെന്നു പറഞ്ഞു തള്ളു-
മശാന്തരായുള്ളവരോ മഹാന്മാർ.
നിനക്കിൽ ഞാൻ മുപ്പതു വത്സരങ്ങൾ
കനക്കുമുദ്ദ്യോഗമൊടൊത്തു വാണു
ഇനിക്കുശാലായ്, കുറെ നാളിരിയ്ക്കാ-
മെനിയ്ക്കു മെർന്നോപ്പവരോ മഹാന്മാർ.
സാരം വെടിഞ്ഞുള്ള വിവാദശാസ്ത്രം
പാരം നടപ്പുണ്ടഖിലം നിരർത്ഥം
സ്വൈരം തെളിഞ്ഞായതശേഷമോതാൻ
നേരം നമുക്കില്ലതു യോഗ്യമല്ല.
അലംഘ്യമാം ശാസ്ത്രഗണത്തിൽവെച്ചു
മലം ഹരിയ്ക്കും വരവൈദ്യശാസ്ത്രം
ബലം ശരീരത്തിനു ചേർക്കമൂലം
ഫലങ്ങൾകൊണ്ടോർക്കുകിലുത്തമംതാൻ.
ചിലപ്പൊഴുണ്ടായ്വരുമർത്ഥമേറ്റം
ചിലപ്പൊഴുണ്ടാം പെരുതായ ധർമ്മം
ചിലപ്പൊഴത്യുത്തമമൈത്രിയുണ്ടാം
ചിലപ്പൊഴതത്ഭുതകീർത്തിയുണ്ടാം.
ചിലപ്പൊൾ വൈദ്യോചിതകർമ്മമെല്ലാം
നിലയ്ക്കുനിന്നേറ്റവുമഭ്യസിയ്ക്കാം
ഫലത്തോടൊക്കാത്തൊരു വൈദ്യമില്ല
പലർക്കുമോർത്താലതു സമ്മതംതാൻ.
വൈദ്യങ്ങൾ നാനാതരമുണ്ടവറ്റി-
ലാദ്യം നിനച്ചാൽ വിഷവൈദ്യമല്ലോ
സദ്യോ വധിക്കുന്ന വിഷം ഹരിപ്പാൻ
സദ്യോഗമുണ്ടായതിലെന്നമൂലം.
ഗുണങ്ങളേവം പലതെണ്ണമില്ലാ-
തിണങ്ങുമീ വൈദ്യമറിഞ്ഞു ചെയ്വാൻ
പണങ്ങൾ വാങ്ങാതെ തുനിഞ്ഞിടും സൽ-
ഗണങ്ങളിൽ ഭൂപനിവൻ വരിഷ്ഠൻ.
തൃതീയനായീടിന മാടഭൂപ-
നതീവ 'കാരാടി'നൊടത്ര തുല്യൻ
"കഥിയ്ക്ക"കാരാടി”നെഴുന്ന വൃത്തം"
"കഥിയ്ക്കുവൻ ഞാനതു കേട്ടുകൊൾവിൻ”
"വ്യാസാഭ, ചമ്മം, ജട, മാല, ഭസ്മം,
നാസാഗ്രകോപം, കുടിൽ, നൽകുഠാരം
കൂസാതെ മന്ദം നട,യെന്നിതൊക്കും
ഗോസായിമാർ പണ്ടിഹ പോയിടുമ്പോൾ;
ഒരൂഴിയിൽച്ചെന്നഥ തൽപ്രദേശേ
വരൂഥമായ്നിന്നൊരു സൽഗൃഹത്ത
നിരൂപണം ചെയ്തവർ തത്ര വേഗാൽ
വിത്രഢസംഭ്രാന്തി കലർന്നു ചെന്നാർ. (യുഗ്മകം).
വൈരായി(ഗി)മാരന്നഥ തൽഗൃഹത്തി-
ന്നാരാണഹോ! നായകനെന്ന തത്വം
പാരാത ചോദിച്ചിതു മുദ്രയാൽത്താൻ
കാരാടുഭൂമീസുരനെന്നറിഞ്ഞു.
ഘോഷം പുറത്തുൽകടമൊന്നു കേട്ട
ശേഷം ഗൃഹസ്ഥൻ വിഷവൈദ്യവര്യൻ
ദോഷാപഹാരത്തിനു തത്ര ഭൂരി-
ഭാഷാപരിജ്ഞാനി പുറത്തു വന്നു.
"ഭോ! വന്നതെന്താണിഹ നിങ്ങളിപ്പോ"-
ളേവം ഗൃഹസ്ഥൻ ബത! ചോദ്യമിട്ടാൻ
ഭാവം പകർന്നപ്പൊഴുരച്ചു വേഗാ-
ലാവന്ന ഗോസായികളിൽപ്രമാണി.
"ചന്തം പെടുന്നിബ്ഭവനത്തിലുണ്ടി-
ങ്ങന്തം വിനാ വീര്യമെഴുന്ന സർപ്പം
എന്തീമഹാസാഹസമെത്രകഷ്ടം!
ചിന്തിയ്ക്കിലും ഭീതികരം ജനാനാം"
വൈരാഗിതൻ വാക്കിതു കേട്ട ശേഷം
കാരാടുഭൂമിസുരനാശു ചൊന്നാൻ
"നേരാണിതാശ്ചര്യകരം ഭവാന്റെ
സാരാർത്ഥയുക്തം വചനം നിനച്ചാൽ"
"ചൊല്ലാർന്ന സർപ്പത്തിനെയിങ്ങു വെച്ചാൽ
വല്ലാതനർത്ഥം വരുമെന്ന ബോധം
ഇല്ലാ നമുക്കങ്ങിനെ ചെയ്തുപോയ് ഞാൻ
ചൊല്ലാമതിൻ കാരണവും മഹാത്മൻ!
ഉരുക്കൾ നാലഞ്ചുഴുതങ്ങു നില്കെ
കരുത്തു കൂടും വിഷമേറ്റ വീണു
തിരഞ്ഞു ഞാനായതിനുള്ള മൂലം
പരം ജവാ,ലങ്ങതു കണ്ടതില്ല.
കുണ്ഠത്വമില്ലാതൊരു പത്തു കോല-
ക്കണ്ടം കിളപ്പിച്ചഥ താത്തിനോക്കി
വണ്ടൊത്ത വർണ്ണത്തൊടു തത്ര ചോട്ടി-
ലുണ്ടത്തൽ കൂടാതൊരു കൃഷ്ണസർപ്പം.
മടിച്ചിടാതപ്ഫണിയെപ്പിടിച്ചു
കുടത്തിലിട്ടിട്ടിഹ കൊണ്ടുപോന്നു
അടച്ചു വാക്കെട്ടിയതിങ്ങകത്തു
കടത്തിവെച്ചനിതി വത്തമാനം”.
“പടുത്വമുള്ളപ്ഫണിയിഗൃഹത്തെ
കടുത്ത വീര്യായാൽ പൊടിഭസ്മമാക്കും
എടുത്തുടൻ കൊണ്ടുവരേണ”മെന്നാ
മിടുക്കനാം യോഗിവരൻ കഥിച്ചു.
വൈരാഗിതൻ വാക്കിതു കേട്ട ശേഷം
കാരാടുവിപ്രൻ ബഹുസംഭ്രമേണ
ഘോരാഹിരാജൻപെടുമക്കുടത്തെ
പാരാതെടുത്താതെ പുറത്തു വെച്ചു.
കുടം തുറക്കാനഥ യോഗി ചൊന്നാൻ
കുടം തുറന്നാൻ വിഷവൈദ്യവിപ്രൻ
ഉടൻ പുറത്തേയ്ക്കഥ ചാടിവീണാൻ
പടം പരത്തിപ്പരുഷൻ ഫണീന്ദ്രൻ.
കന്നൽ കരിങ്കാർനിറമൊത്തമെയ്യു-
മുന്നദ്ധകോപേന തുടുത്ത കണ്ണും
നന്നായെഴുന്നപ്ഫണിവര്യനെക്ക-
ണ്ടാന്നാശു കാരാടു നടുങ്ങിയുള്ളിൽ.
ഏറിടുമത്യുൽകടഗർവ്വുമൂലം
നീറീടുമുള്ളത്തൊടുമപ്ഫണീന്ദ്രൻ
ചീറി തദാനീം ജവമോടു ദൂരെ
മാറി മഹാലോകർ മഹാഭയത്താൽ.
കാരാടുഭൂമീസുരനോടു ചൊന്നാൻ
വൈരാഗി പിന്നീ,"ടവിടെയ്ക്കുനർത്ഥം,
ചേരാത്തമട്ടിപ്ഫണിയെ ഭവാൻതാൻ
പാരാതയച്ചീടുക നിന്നിടാതെ”.
മടിച്ചിടാതേ പതിനെട്ടു വിദ്യ
പഠിച്ചതെല്ലാമുടനദ്വിജേന്ദ്രൻ
തടിച്ച മാനത്തൊടു ചെയ്തു ഹന്ത!
ചൊടിച്ച പാമ്പായതു പോയതില്ല.
ഉയർത്തിടും തന്റെ പടം പരത്തി-
ക്കയർത്തുടൻ വായൂബലേന ചീറി
മയം വിനാ വാലു നിലത്തു കുത്തി
സ്വയം ഫണീന്ദ്രൻ വടിപോലെ നിന്നാൻ.
കാരാടുവിപ്രൻ ബഹുദിവ്യനാമ-
ഗ്ഘോരാഹിവര്യന്റെ വിഷപ്രഭാവം
പാരാതകണ്ടേറെ വിഷണ്ണനായി
വൈരാഗിവര്യന്റെ മുഖത്തു നോക്കി.
"വിയർത്തിടേണ്ടങ്ങു വിറച്ചിടേണ്ട
ഭയപ്പെടേണ്ടല്പവുമാശയത്തിൽ
നയത്തിൽ ഞാനിപ്ഫണിയെത്തിരിച്ച-
ങ്ങയച്ചുകൊള്ളാമതറിഞ്ഞിടേണം.
ഇന്നാഗരാജൻ വിഷപ്രഭാവ-
മൊന്നാശു കാട്ടാമൊരു പിണ്ടി വേഗം,
ഇന്നാദരാലങ്ങു വരുത്തിടേണ"-
മെന്നായുരച്ചാനഥ യോഗിവര്യൻ.
ഒരുത്തനെക്കൊണ്ടൊരു പിണ്ടി വേഗാൽ
വരുത്തിയിട്ടാനുരഗാഗ്രദേശേ
പെരുത്ത കോപാലതിലപ്ഫണീന്ദ്രൻ
കരുത്തെടുത്താഞ്ഞൊരു കൊത്തു കൊത്തി.
അപ്പിണ്ടിയിൽ കൃഷ്ണഫണീശ്വരൻ കൊ-
ത്തേല്പിച്ച ദേശം മഷിവർണ്ണമായീ
നേർപ്പിച്ചു, നേർപ്പിച്ചു വെളുപ്പിനെത്താൻ
തോല്പിച്ചതാപ്പിണ്ടിയിലൊക്കയായീ.
കൃഷ്ണാഹി തൊട്ടപ്പൊളതിങ്കലുള്ള
കൃഷ്ണാഭ തെല്ലൊന്നു പകർന്നപോലെ
കൊമ്പന്റെ കൊമ്പാകിയ പിണ്ടി വേഗാൽ
കമ്പം വിനാ നൽ കരിവീട്ടിയായി.
"നിന്നീടവേണ്ടങ്ങിഹ പിണ്ടിതന്നിൽ
നിന്നീവിഷം വേഗമിറക്കിടേണം"
നന്ദിച്ചുകൊണ്ടിങ്ങിനെ യോഗി ചൊന്നാൻ
വന്ദിച്ചു "വയ്യെ"ന്നുര ചെയ്തു വിപ്രൻ.
മിഴിച്ചു നില്ക്കാതഥ യോഗി ഭാണ്ഡ-
മഴിച്ചെടുത്താനൊരു സൂചി മെല്ലെ
ഒഴിച്ചു പാമ്പായാതു കണ്ടു കണ്ണീർ
പൊഴിച്ചു പോയr പടവും ചുരുക്കി.
അത്തൂശിയാൽ കുത്തി, ഫണീശ്വരൻതൻ
കൊത്തൂക്കിലേററുള്ളൊരു പിണ്ടി തന്നിൽ
അത്തവ്വിലദ്ദിക്കു വെളുത്തു പിന്നെ
മുത്തത്തൽ തേടും നിറമായതെല്ലാം.
"ഇനിക്കറിയ്ക്കായതെടുത്തു കൊള്ളാ-
മെനിയ്ക്കു ലേശം ഹൃദി ശങ്കയില്ല"
കനിഞ്ഞു യോഗീന്ദ്രനിതോതിയപ്പോൾ
തുനിഞ്ഞു തൽബ്ഭൃത്യരതാചരിപ്പാൻ.
കാരാടിതെല്ലാം ബത! കണ്ടു പിന്നെ
വൈരാഗിതൻ നല്ലൊരു ശിഷ്യനായി
പാരാകവേ ചുറ്റി നടന്നുപോൽ പ-
ന്തീരാണ്ടു കാലം, പുനരത്ര വന്നു.
നിത്യം നൃണാം താൻ നിജവിദ്യകൊണ്ടി-
ങ്ങത്യന്തമാശ്ചര്യരസം വളർത്തു
സ്തുത്യങ്ങളായീടുമവന്റെ നാനാ-
കൃത്യങ്ങളെപ്പാർത്തിതു ലോകർ ചൊന്നാർ.
"കാരാടിനോടീവിഷവിദ്യകൊണ്ടി-
ന്നാരാണു തുല്യൻ ഭുവനത്രയത്തിൽ
ധീരാഗ്രഗണ്യൻ കൃതഭൂരിപുണ്യൻ
വൈരാഗിതൻ ശിഷ്യനവൻ വരേണ്യൻ?".
കുന്നിച്ച മോദാലിതി ലോകർ വാഴ്ത്തി
മന്നിൽപ്പരം വിശ്രുതനായി വിപ്രൻ
തന്നെജ്ജയിച്ചുള്ളൊരു നീചനാരി
പിന്നെപ്പഠിപ്പിച്ചതുകാരണത്താൽ.
അവൻ ഗ്രഹിച്ചാനഥ "ടൊണ്ടവണ്ടം-
ടുവണ്ട?”മെന്നുള്ളൊരു മന്ത്രരത്നം
ജവം കലർന്നായതുകൊണ്ടുമുഗ്രം
നവം വിഷം പോക്കി മഹാനുഭാവൻ.
"യോ വിശ്വത്രാണഭൂതസൂനുരപിച ഹരേ-
ര്യാനകേതുസ്വരൂപോ
യം സഞ്ചിന്ത്യൈവ സദ്യസ്സ്വയമുരഗവധൂ-
വർഗ്ഗഗർഭുഃ പതന്തി
ചഞ്ചച്ചാരുതുണ്ഡത്രുടിതഫണിവസാ-
രക്തപങ്കാങ്കിതാസ്യം
വന്ദേ ഛന്ദാമയം താ ഖഗപതിമമലം
സ്വപ്നവർണ്ണം സുപണ്ണം".
ഈ രാജമാനാത്ഭുതദിവ്യപദ്യം
പാരാത തീബ്ഭഗവൽപദാബ്ജം
കാരാടു നിത്യം ഹൃദി ചേർത്തു ബാഷ്പ-
ധാരാദ്രനായ് കോൾമയിർകൊണ്ടിടുംപോൽ.
ഒന്നാമതാകും വിഷവൈദ്യനായി
നന്നായിവണ്ണം ശിവഭക്തനായി
തൻനാട്ടുകാർക്കത്യുപകാരിയായി
ട്ടെന്നാമഹിദേവവരൻ വിളങ്ങീ.
അക്കാലമീവിപ്രനൊടൊത്തു സാധു-
സൽക്കാരവാൻ മാടമഹീമഹേന്ദ്രൻ
അക്കാലകാലന്റെ ശുഭം തരുന്ന
തൃക്കാൽ ഭജിപ്പാൻ "ശിവപൂര"ണഞ്ഞു.
പരം പ്രഭാതേ നൃവരൻ കുളിച്ചു
ചിരം മാഹേശന്നു വലത്തുവെയ്ക്കും
സ്ഥിരം ശിവധ്യാനമുറച്ചു പഞ്ചാ-
ക്ഷരം ജപിയ്ക്കും ഭജനത്തിലേവം.
'ഗായത്രി'മുവ്വായിര,മന്നു "രുദ്രം"
ഞായത്തിൽ നന്നായ്പതിനൊന്നുവട്ടം
മായം വിനാ വിപ്രനവൻ ജപിച്ചു
ഹേയങ്ങൾ വിട്ടീശപദം ഭജിച്ചു.
കൊണ്ടാടി മന്നിൻപതി, ഭൂമിദേവൻ,
രണ്ടാളുമീശാംഘ്രി ഭജിച്ചിവണ്ണം
പണ്ടാദരാൽ തത്ര വസിച്ചിടുമ്പോ-
ളുണ്ടായൊരത്ഭുതമായ വൃത്തം.
വിടർന്ന ഭക്ത്യാ നൃപനീശപാദം
നടയ്ക്കൽ നിന്നിട്ടൊരുനാൾ തൊഴുമ്പോൾ
നടയ്ക്കലുള്ളാ മണിതന്റെ നാവിൽ
കിടന്നു മിന്നുന്നൊരു വസ്തു കണ്ടു,
ഇളക്കമില്ലാതവിടെക്കിടന്നു
വിളക്കുപോലേ വിലസും പദാർത്ഥം
ഇളയ്ക്കുധീശൻ പുനരെന്തിതെന്നു
പുളയ്ക്കുമാശ്ചര്യമൊടാശു നോക്കി.
ആരാൽ കിടക്കുന്നതു സർപ്പമാണ-
ന്നാരാജവൃന്ദ്രനറിഞ്ഞു പിന്നെ
കാരാടിനോടായതിനെപ്പിടിപ്പാൻ
പാരാകവേ കാക്കുമവൻ കഥിച്ചു.
"പടം പെടും പാമ്പി,ഹ നീളമാളിൽ
കടന്നതും, ചാൺതികയാത്തതും, കേൾ
"പിടിയ്ക്കു വയ്യെ”ന്നു, “മനർത്ഥമുണ്ടാം
പിടിയ്ക്കി''ലെന്നും ദ്വിജനന്നു ചൊല്ലീ.
"വൈരാഗിയോഗീശ്വരശിഷ്യനായ
കാരാടിനില്ലീ നിയമങ്ങളൊന്നും
നേരാണിതെന്നു”ത്തരമിത്ഥമപ്പോ-
ളാരാജവര്യൻ തെളിവോടുരച്ചു.
“ഫണീന്ദ്രഭൂഷൻ നടയ്ക്കലുള്ളി-
ന്മണിയ്ക്കു ചേർന്നീടിന നാവുതന്നിൽ
മണിപ്രദീപോപമനായ്ക്കിടക്കും
ഫണീന്ദ്രനെബ്ഭൂപ! പിടിച്ചുകൂടാ"
"വ്യക്തം ഭവാനീപതിപാദപത്മ-
ഭക്തൻ ഭവാനീമൊഴി, ചൊൽവതെന്തോ
ഭക്തന്നു വയ്യാത്തൊരു കാര്യമുണ്ടോ?
ശക്തൻ ഭവാനെന്തിനുമെന്നു നൂനം”.
തടിച്ച കൌതൂഹലഭാരമോടി-
പ്പടിയ്ക്കു ഭൂമീപതി ചൊന്ന ശേഷം
മടിച്ചിടാതപ്പണിതൻ തലയ്ക്കൽ
പിടിച്ചു കാരാടുമഹീസുരേന്ദ്രൻ.
ചലിച്ചിടാതായവിടന്നെടുപ്പാൻ
വലിച്ചു പിന്നെപ്ഫണിയെ ദ്വിജേന്ദ്രൻ
വലിച്ചിടുംതോറുമതിന്നു കൂടി
വലിപ്പമത്യത്ഭുതമെന്തു ചൊൽവു.
മട്ടീവിധം കണ്ടതിവിസ്മയിച്ചു
ഞെട്ടീ നരേന്ദ്രൻ പുനരദ്വിജേന്ദ്രൻ
വിട്ടീടിനാൻ പാമ്പിനെയങ്ങു ഭീതി-
പ്പെട്ടീല നാനാത്ഭുത മന്ത്രവേദീ.
പാരാത വാലാ മണിനാവിൽനിന്നു
പോരാതകണ്ടബ്ഭുജഗാധിരാജൻ
ആരാലിഴഞ്ഞങ്ങിനെ നീണ്ടു നീണ്ടു
കാരാടിനോടായ്പൊരുതാനണഞ്ഞു.
ശ്രീകോലുമീശൻ ഭഗവാൻ വിളങ്ങും
ശ്രീകോലിനൊന്നാശു വലത്തുവെച്ചു
വൈകാത വിപ്രൻ; ഫണിയങ്ങൊഴിഞ്ഞു
പോകാതപിന്നാലെയിഴഞ്ഞു ചെന്നു.
സുദക്ഷനക്ഷേത്രമതിന്നുശേഷം
പ്രദക്ഷിണം വെച്ചു ജവേന പിന്നെ
മദത്തൊടൊത്തപ്ഫണിയെപ്രകാരം
വിദഗ്ദ്ധഭാവത്തോടടുത്തു ചെന്നു.
അങ്ങീടെഴും "കൊക്കരണി.”യ്ക്കകത്തു
മങ്ങീടുമുള്ളോടവനങ്ങിറങ്ങി
മുങ്ങീമടങ്ങാതതിലാശു പിന്നെ
പ്പൊങ്ങീലഹോ! ഭൂസുരനൊട്ടുനേരം.
കൂടീടുമൂക്കോടു പടം പരത്തി
മൂടീടിനാൻ കൊക്രണി നാഗരാജൻ
തേടീ ഭയം കണ്ട ജനങ്ങൾ വല്ലാ-
താടീ തദാ വൃക്ഷഗണങ്ങൾകൂടി.
"പേടിക്കേണ്ടെന്നു കാരാട്ടിനൊടഥ പറയും
പോലെ ഝങ്കാരനാദം
മോടിയെങ്ങും മുഴക്കിക്കൊടിയ നിജരവം-
കൊണ്ടു കുന്നും കുലുക്കി
ധാടിയ്ക്കൊത്താശു ധാത്രിതടഘടിതചലൽ-
ധൂളിയാൽ പത്തു ദിക്കും
മൂടിക്കൊണ്ടാശു വീശീ വടിവൊടു വികടോ-
ദ്ദണ്ഡമാംചണ്ഡവാതം.
"കാരാടാണതറിഞ്ഞുകൊൾകയി! ഭവാൻ
കെല്പേറുമീ വിപ്രനോ-
ടോരാതിങ്ങിനെ മത്സരിച്ചിടുക വേ-
ണ്ടല്ലേ! സഖേ! വാസുകേ!"
പാരാതീവിധമാ മഹേശനരുളും
ശ്രീകോവിലിന്നുള്ളിൽനി-
ന്നാരാലങ്ങൊരു വാക്കു കേട്ടു തെളിവോ-
ടെങ്ങും മുഴങ്ങുംവിധം.
ബാലേന്ദൂത്തം സവാക്യം തെളിവൊടിതി തദാ
സത്വരം കേട്ട നേരം
മാലേതും ചേർന്നിടാതബ്ഭുജഗപതി, ഫണം
തത്ര താത്തിച്ചുരുക്കി
ചാലേ താൻ പോയപോലേ തരമൊടു തിരികെ-
പ്പോന്നുടൻ മുമ്പിലത്തെ-
പ്പോലേ ഘണ്ടാന്തരത്തിൽ ജ്വലദനലരുചാ
മേവിനാൻ നാവിൽ മോദാൽ.
മികകൊടുടനെയസ്ഥലത്തിലെത്തി-
ച്ചികുറുകൾ കൂട്ടിയടിച്ചു വൈനതേയൻ
സകലജഗദധീശവന്ദനം ചെ-
യ്തകലുഷമങ്ങു തിരിച്ചു പോയ്മഹാത്മാ
പിണങ്ങിയപ്പാമ്പു ശിവാന്തികേ ചെ-
ന്നിണങ്ങിയപ്പോൾ ദ്വിജനാശു പൊങ്ങി
ഗുണങ്ങളുള്ളാദ്വിജനെത്തദാനീം
വണങ്ങി ഭൂപാദിമഹാജനങ്ങൾ.
വൈരാഗിയോഗീശ്വരശിഷ്യനാമ-
ക്കാരാടുതൻ ചിത്രചരിത്രമേവം
നേരായ്നിനച്ചാലവനോടുതുല്യ-
നീ"രാമവമ്മ”ക്ഷിതിപൻ തൃതീയൻ"
ഇതി വിവിധജനങ്ങൾ വാഴ്ത്തി വാഴ്ത്തി
സ്മൃതി പലമാതിരി ചെയ്കയാൽ തദാനീം
അതിശുഭതരകീർത്തി പൂണ്ടു മാട-
ക്ഷിതിപതി വാണു നിജാലായ തൃതീയൻ.
ഇങ്ങിനെ ഗോശ്രീശാദിത്യചരിത"ത്തിൽ
മാഹാത്മ്യവർണ്ണനമെന്ന
നാലാം സർഗ്ഗം കഴിഞ്ഞു.
അഞ്ചാംസർഗ്ഗം
സമ്മാന്യനായിദ്ധരണീശ്വരൻത-
ന്നമ്മാമനാം മാടയുവക്ഷിതീശൻ
ധർമ്മാത്മകൻ "സംഗമ”പട്ടണത്തിൽ
നിർമ്മായമക്കാലമമന്നിരുന്നു.
പാരുഷ്യമേറുന്നവരോടു പാരം
കാലുഷ്യമുണ്ടോ നൃപനുൾക്കുരുന്നിൽ
ഘോരാസുരന്മാരൊടു വൈരമേറ്റം
പാരാതെ നാരായണനെന്നപോലെ.
അടുക്കയില്ലദ്ധരണീശ്വരൻത
നടുക്കലേയ്ക്കുദ്ധതദുർജ്ജനൌഘം
കടുത്തിടും കൂരിരുളര്യമാവി-
നടുക്കലേയ്ക്കെന്ന കണക്കിലപ്പോൾ.
കളങ്കി ദോഷാകരമണ്ഡലം, ദു-
ഷ്ക്കളങ്കിദോഷാകരമണ്ഡലംതാൻ
വിളങ്ങിടും ഭാസ്കരനാം മഹാന്ധ്യം
കളഞ്ഞിടും മാടയുവക്ഷിതീശൻ.
പിതാവിനെപ്പോലെ ജനത്തിനെല്ലാം
ഹിതാർത്ഥദായി യുവമാടഭൂപൻ
കൃതാർത്ഥരാമേവരുമാനൃപൻതൻ
സ്മിതാർദ്രമാകും മുഖമൊന്നു കണ്ടാൽ.
ഗരിഷ്ഠനാനാത്ഭുതവിദ്യകൊണ്ടു
വരിഷ്ഠരായുള്ളവരെസ്സമസ്തം
തിരഞ്ഞറിഞ്ഞർത്ഥഗണത്തിനാൽ സൽ-
ക്കരിപ്പവൻ മാടയുവക്ഷിതീശൻ.
തരുക്കൾ നന്ദിച്ചു വസന്തകാലം
വരുമ്പൊളേറ്റം തെളിയുന്നപോലെ
പെരുത്തു സമ്മാനദനക്ഷിതീശൻ
വരുമ്പൊൾ നന്നായ്തെളിയും ബുധന്മാർ.
ചൊല്ലാർന്ന രാജാവവനന്നുദിച്ചി-
ട്ടെല്ലാടവും തന്നുടെ ഗോസഹസ്രം
ഉല്ലാസമുൾക്കൊണ്ടു പരത്തിയപ്പോൾ
നില്ലാതെ ശാസ്ത്രാബ്ധികൾ ചീർത്തുവെല്ലാം.
ധന്യാവനിനായകനായവൻ കാ-
ലന്യായമാർഗ്ഗത്തിലെടുത്തുവയ്ക്കാ
അന്യാഭിവൃദ്ധിയ്ക്കനിശം സദാ സൌ-
ജന്യാലയൻ ചെയ്യുമതിപ്രയത്നം.
ഉണ്ടാകയില്ലന്യഗുണങ്ങളേറെ-
ക്കണ്ടാലവന്നുള്ളിലസൂയ തെല്ലും
കൊണ്ടാടി വാഴ്ത്തുന്ന സുധാരസത്തി-
ലുണ്ടാകുമോ ഘോരവിഷസ്വഭാവം.
മഹാനുഭാവൻ വിടുവിഡ്ഢിയായാൽ
മഹാജനോക്ത്യാ ഭുവി 'ശുദ്ധ'നാകും
വിഹാസ്യനാമായവനെന്ന മട്ട-
ല്ലിഹാവനീനായകനാ മഹാത്മാ.
അലംഘശക്ത്യാ ജഗതീതലത്തി-
ലലം ജയിയ്ക്കും യുവമാടഭൂപൻ
ജലം ശരത്തിൽ പരമെന്നപോലെ
മലങ്ങളില്ലാത്തതുകൊണ്ടു ശുദ്ധൻ.
ആ വക്രഭാവം ശശിപോലെ തെല്ലു-
മാവജ്രിതുല്യൻ കലരുന്നതല്ല
ശ്രീവായ്ക്കുമബ്ഭൂപതി സാധുവൃത്ത-
ഭാവാന്വിതൻ ഭാസ്തരനെന്നപോടല.
കൃത്യങ്ങളെല്ലാം മടിവിട്ടു നല്ല
കൃത്യങ്ങളായചെയ്തിടുമാനരേന്ദ്രൻ
അത്യന്തമബ്ഭൂമിപതിയ്ക്കു കൂടും
സത്യം ഹരിശ്ചന്ദ്രനരേന്ദ്രനെക്കാൾ.
മുടങ്ങിടാതാശു നടത്തുമൊന്നു-
തുടങ്ങിയാൽ തൽഫലസിദ്ധിയോളം
മടങ്ങി മദ്ധ്യത്തിൽ വരുന്ന വിഘ്നാ-
ലടങ്ങി നില്ക്കില്ലവനീപതീന്ദ്രൻ.
സ്വൈരം നൃപൻ ദോഷമകത്തി നല്ല-
സാരം കലർന്നുള്ള ഗുണം ഗ്രഹിയ്ക്കും
നീരങ്ങു നീക്കീട്ടഴകുള്ള ഹംസം
ക്ഷീരം ഗ്രഹിയ്ക്കുന്നതുപോലെ ധീമാൻ.
അംഭോധിയിൽ പൂണ്ണതരം ജലൌഘ-
മംഭോജിനീനാഥനിലംശുജാലം
അമ്പോ മഹത്താകിന തർക്കശാസ്ത്രം
വമ്പോടു വാഴും മമ തമ്പുരാനിൽ.
ധൈര്യത്തിനും നല്ല ശുഭത്തിലെല്ലാം
സ്ഥൈര്യത്തിനും സാധുരസജ്ഞതയ്ക്കും
വീര്യത്തിനും വേണ്ടിയ വാഗ്മിതയ്ക്കും
കാഴ്ചസ്ഥിതിയ്ക്കും നിധിയാനരേന്ദ്രൻ.
തരത്തിലബ്ഭൂപതിതൻ പ്രതാപം
പരത്തി ലോകത്തിൽ വിളങ്ങിടുമ്പോൾ
മരത്തിനൊത്തുള്ള മനുഷ്യനും മാ-
മരത്തിനും ചോട്ടിലിരുട്ടുപോലെ.
സോമാന്വയത്തിൽ പുകൾപൂണ്ടുകൊണ്ടു
ഭീമാനുജൻ ഫല്ഗുനനെന്നപോലെ
ശ്രീമാടഭൂപാലകസൽകുലത്തി-
ലാമാനവേന്ദ്രൻ നിതരാം വിളങ്ങീ.
ബോധിച്ചു നന്നായറിയേണ്ടതെല്ലാം
ബാധിച്ചു ദോഷം സകലം മഹീന്ദ്രൻ
സാധിച്ചു സർവ്വം ശുഭമായ കാര്യ-
മാധിയ്ക്കുവന്നില്ലവകാശമൊട്ടും.
ഹാ! കാലദോഷേണ യുവക്ഷിതീശൻ
നാകാധിനാഥപ്രതിമപ്രതാപൻ
വൈകാതപിന്നെപ്പരമായ ലോകം
പൂകാനൊരുമ്പെട്ടു വികാരമാർന്നു.
പ്രതാപവാനുന്നതസൽപദസ്ഥൻ
ഹതാന്ധ്യനായ്വാണരുളും മഹാത്മാ
ബതാസ്തമിപ്പാൻ തുടരുന്നുവെന്നാ-
ലതാരിദാനീം കഴിയും തടുപ്പാൻ.
രോഗം തുടങ്ങീ നൃപനെന്നമൂലം
ഭോഗം ചുരുങ്ങീ സകലം ക്രമത്താൽ
വേഗം മുഴങ്ങീ പരമായതുർവ്വീ-
ഭാഗങ്ങളിൽ സാധുജനങ്ങൾ മങ്ങി.
ഓരുംവിധൌ വിശ്രുതരായ ഡാക്ടർ-
മ്മാരും നൃപൻതൻ ഗദശാന്തിചെയ്വാൻ
ചേരുന്നവണ്ണം ചില നാട്ടുവൈദ്യ-
ന്മാരും ചിരം പാർത്തു ചികിത്സ ചെയ്തു..
മാറാത്തതാമഗ്ഗദമൊട്ടുകാല-
മേറാതകണ്ടല്പമടങ്ങി; പിന്നെ-
ഏറാൻ തുടങ്ങീ, മണി വാസരംപോ-
യാറായിടുമ്പോളിരുളെന്നപോലെ.
വർദ്ധിച്ചു പാരം കലികാലമോടായ്
സ്പർദ്ധിച്ചുകൊണ്ടാനൃവരന്റെ രോഗം
സിദ്ധിച്ചിടാ മേലിനി നന്മയെന്നു
ബുദ്ധിക്ഷയം പൂണ്ടിതു സാധുലോകം.
പാപാത്മകന്മാർ പലരിങ്ങിരിയ്ക്കെ
പാപാദിഹീനൻ നൃപനസ്തമിച്ചു
ആപിനദോഷേ കലിയായ കാലേ
“പാപിശതായു” ദൃഢമെന്നതില്ലേ?
അപ്പാർത്ഥിവേന്ദ്രൻ തപനപ്രതാപ-
നിപ്പാരിടം വിട്ടു ഗമിച്ച ശേഷം
സൽപക്ഷിസംഘങ്ങളൊളിച്ചു കൂട്ടിൽ
ദുഷ്പക്ഷിവൃന്ദങ്ങൾ കളിച്ചു നാട്ടിൽ
ശോകാന്ധകാരം ഭൂനി ചേർത്തുകൊണ്ടു
ലോകാന്തരം പൂകി നരേന്ദ്രസൂര്യൻ
വൈകാത ലോകങ്ങൾ മയങ്ങി മങ്ങി-
ച്ചാകാതതാൻ ചത്തവിധത്തിൽ വീണു.
തൃതീയനാം മാടനൃപൻ യുവാവാം
ക്ഷിതീശനായപ്പൊഴുതുല്ലസിച്ചു
അതീവകാന്ത്യാ ദിവസം സമസ്ത-
മതീതമാകുംപൊഴുതിന്ദുപാലെ.
മാനം കലർന്നുള്ള യുവക്ഷിതിശ-
സ്ഥാനം ലഭിച്ചോരു മഹീമഹേന്ദ്രൻ
ആനന്ദമേകുംപടി കാത്തു ദോഷ-
ഹീനം നിജസ്ത്രീഗണമന്ദിരത്തെ
അക്കാലമക്കോവിലകത്തു കാര്യം
നോക്കായ്കയാൽ ദുർഘടമായിരുന്നു
മുക്കാലുമാരാജകുലത്തിലുള്ളോർ-
ക്കുൾക്കാമ്പിലേറ്റം വ്യഥയായിരുന്നു.
നടത്തണം കാരിയമെങ്കിലോ ദുർ-
ഘടത്തിലായി, കെടുകാര്യമെല്ലാം
തടസ്ഥമാണാസകലത്തിനും ഹാ!
കടത്തിലായി കഠിനം നിനച്ചാൽ.
കണക്കു നോക്കിശ്ശരിയല്ലിതെന്നു
കുണുക്കി ശീർഷം, ചിലർ കൺ ചുളിച്ചു
കണക്കെഴുത്തിന്നു മിടുക്കരായോർ
കണക്കിലാകില്ലിതു നൂനമെന്നാർ.
പോരാതെയായി ചിലവിന്നുപോലു
മാരാജ്ഞിമാർക്കെന്തൊരു കഷ്ടമയ്യോ!
നേരായൊരി വാർത്തയറിഞ്ഞു ലോകർ
പാരാത ശോകാൽ പലതും പറഞ്ഞു.
"ഋണങ്ങൾ വന്നു ബത! കാരിയക്കാർ
ഗുണങ്ങളില്ലാത്തവനാകമൂലം
ഇണങ്ങി നില്ക്കും കുടിയാനവന്മാർ
പിണങ്ങുമേ പാട്ടമിതേറ്റിയെന്നാൽ.
പെരുത്തുപോയാളുകളെന്നുവെച്ചാൽ
ചുരുക്കണം ധാടികളൊക്കെ മേലിൽ
ചുരുക്കുവാനെന്തു പടാദിയെല്ലാം
ചുരുക്കമേയുള്ളു നിനയ്ക്കിലാക്കും.
കുറയ്ക്കണം ഭക്ഷണമെങ്കിലൂണു
നിറച്ചുവയ്യെന്നു വിധിച്ചതാകും
മുറയ്ക്കു ഞാനീശ്വരസേവ ചെയ്യാ-
നുറച്ചു ദുഃഖങ്ങളിതൊക്ക മാറാൻ.
ഇല്ലാ നിനച്ചാൽ മുതലിപ്പൊളിങ്ങു*
ള്ളെല്ലാർക്കുമേവം ചിലവിന്ന,തിന്നാൽ
ചൊല്ലാവതെന്തോന്നിനിയിക്കുടുംബം
വല്ലാതെ വർദ്ധിച്ചു വരുന്നുവല്ലൊ.
ഇക്കാലമോർക്കുമ്പൊഴുതിത്ര പോരാ
സർക്കാരിൽനിന്നത്ര ധനം തരട്ടേ
നിൽക്കാതതിന്നായ്ത്തുനിയേണമർത്ഥം
സർക്കാരിലും സമ്പ്രതി കഷ്ടിതന്നെ.
അമ്പാ സുഖംതാനധികം സ്വകാര്യ-
സമ്പാദ്യമുള്ളോർക്കു ഭയപ്പെടേണ്ടാ
വമ്പാളിടും വേനലിലും നശിയ്ക്കി-
ല്ലമ്പാർന്നു തേവുന്നവനുള്ള തോട്ടം.
സന്താനമീമട്ടതിയായിവന്നാ-
ലെന്താണു് മേലിൽ ഗതി; ഹന്ത! പാർത്താൽ
സന്താപദംതാനതിയായിവന്നാ
ലെന്താകിലും കാണ്കതിവർജ്ജ്യയല്ലൊ?.
നന്നായ്വിശന്നിട്ടുഴലും ശിശുക്കൾ-
ക്കൊന്നാകിലും നൽകുവതിന്നു നാസ്തി
എന്നായിവന്നാലുളവാകുമത്ത-
ലിന്നാരഹോ! ഹന്ത!! സഹിച്ചിടുന്നു?
പാരിച്ച ദുഃഖങ്ങളനേകമുണ്ടി-
പ്പാരിൽ സഹിയ്ക്കാമവയൊക്കെയാർക്കും
ദാരിദ്ര്യദുഃഖം സുതരാമസഹ്യം
ദാരിദ്ര്യമുള്ളാളിഹ സർവ്വവർജ്ജുൻ.
മരിയ്ക്കണം ഹന്ത! ജനിച്ചവർക്കി-
ങ്ങൊരിയ്ക്ക,ലെന്നുള്ളൊരുറപ്പുമൂലം
ഗരിഷ്ടമാം മൃത്യുഭയം സഹിയ്ക്കാം
ധരിയ്ക്കു ദാരിദ്ര്യഭയം ന സഹ്യം.
കടത്തിനാലിങ്ങിനെ വാച്ചിടും സ-
ങ്കടത്തിൽ മുങ്ങും നൃപസൽക്കുലത്തെ
എടുത്തു രക്ഷിപ്പതിനേതൊരാൾക്കു
മിടുക്കു പാർത്താൽ ജഗതിതലത്തിൽ.
നരാധിപന്മാർ പലർ പാക്കിലുണ്ടി-
ദ്ധരാതലേ മറ്റധികാരിമാരും
വരാശയന്മാരവരിന്നിതിങ്കൽ
നിരാശരായെന്തിഹ വാണിടുന്നു.
പുരാണവേദ്യൻ ബത! പൂർണ്ണവേദ
പുരാധിനാഥൻ പുരുഷൻ പുരാണൻ
ഹരാദിസംസേവിതനച്യുതൻതാന്
നിരാകുലം വന്നിഹ കാത്തിടട്ടേ".
വല്ലാത വർദ്ധിച്ചുവരും വിപത്തി-
തെല്ലാം നിനച്ചിങ്ങിനെ ചൊല്ലിയപ്പോൾ
ചൊല്ലാർന്നിടും രാജഗൃഹത്തിലുള്ളോ-
രെല്ലാവരും ഹന്ത! പരിഭ്രമിച്ചു.
ശരിയ്ക്കു രാജ്ഞീഗൃഹകാര്യമെല്ലാം
പരിഷ്ക്കരിപ്പാനുടനേ തുടങ്ങി
മരിച്ചുടൻ നാടുവെടിഞ്ഞ ഭൂപൻ
പരിഷ്കരിച്ചപ്പൊളനർത്ഥമേറി.
കൂടീ പരം ഭൃത്യജനങ്ങളൊന്നു
കൂടിത്തദാനീം ചിലവഗ്ഗൃഹത്തിൽ
കൂടി വിപത്തീവിധമേറി ലോകർ
പേടിച്ചു 'കൂനിൽക്കുരുവെന്നപോലെ'.
വലിപ്പമേറീടിന ബുദ്ധികൊണ്ടു-
ജ്വലിയ്ക്കു മാമാടമഹീമഹേന്ദ്രൻ
ചലിച്ചിടാതന്നഥ ചെയ്ത കാര്യം
ഫലിച്ചിടാതങ്ങിനെ കണ്ടനേരം
ചുരുങ്ങിടാതേറിയ താപമൂലം
പരുങ്ങി ലോകം പുനരൊന്നുകൂടി
ഒരുങ്ങിനാൻ പിന്നെയുമായതിന്നായ്
ഞെരുങ്ങി ഭൂപേന്ദു കുഴങ്ങിപോലും. (യുഗ്മകം)
കനത്ത ഗാംഭീര്യമെഴുന്ന ഭൂപൻ
മനസ്സിരുത്തീട്ടഥ മങ്ങിടാതെ
ചിനച്ച ഭക്ത്യാ ശിവനെ സ്മരിച്ചു
നിനച്ചു നേരേ വഴിപോലെതന്നെ.
"പടാകൃതിപ്പെട്ടൊരു കാര്യമത്തൽ-
പ്പെടാതകണ്ടിന്നിതു നേരെയാക്കാൻ
വിടാത പൂമാതരുളുന്ന “കുഞ്ഞി-
ക്കിടാവു?”താനാകണമായതോർത്താൽ.
മട്ടാത താർമാത രുളുന്ന കേളി-
ത്തട്ടാകുമായാൾ നിജമാം കരത്താൽ
തൊട്ടാലഹോ! വിസ്മയമത്ര കേടു-
തട്ടാതതെല്ലാമുടനേ ഫലിയ്ക്കും.
വീട്ടിൽപ്പെടും കാര്യവുമപ്രകാരം
നാട്ടിൽപ്പെടും കാര്യവുമെന്നുപോരാ
കോർട്ടിൽപ്പെടും കാര്യവുമാശു നല്ല
പാട്ടിൽ പിഴയ്ക്കാതെ നടത്തുമായാൾ".
ഉൾക്കാമ്പുകൊണ്ടിങ്ങിനെ നിശ്ചയിച്ചി-
ട്ടക്കാലമർക്കാഭ കർലന്ന ഭൂപൻ
സൽക്കാരപൂർവ്വം യുവഭൂപനെത്താ-
നക്കാര്യമേല്പിച്ചു മഹാനുഭാവൻ.
മറച്ചുവെയ്ക്കാതെ കണക്കു നോക്കി-
യുറച്ചു കൃത്യം നൃവരൻ സമസ്തം
മുറയ്ക്കുതാൻ വേണ്ടതു കൂട്ടി പാട്ടം
കുറച്ചു ഭൃത്യപ്രകരം ക്രമത്താൽ.
വഴിയ്ക്കു തെറ്റെന്നിയെ വാങ്ങി നല്ല
മൊഴിയ്ക്കു മുമ്പൻ വിഹിതാവകാശം
ഒഴിച്ചിടാതാന്തു പൊളിച്ചെഴുത്തു
കഴിച്ചു കൂട്ടീ ചില 'മിച്ചവാരം'.
സന്യായവാനാം നൃപനിക്രിയയ്ക്ക-
ന്നന്യാശ്രയം വേണ്ട കുറച്ചുപോലും
ഇന്നാകവാതത്തിനു സഞ്ചരിപ്പാൻ
നന്നായഹോ! വാഹനമെന്തിനോർത്താൽ.
നേരോടഭീഷ്ടങ്ങളെയൊക്കെ രാജ്ഞി-
മാരോടു ചോദിച്ചു പരം ഗ്രഹിച്ചു
വീരോത്തമൻ ഭൂപതി പിന്നെ വേണ്ട-
തോരോതരം താൻ നിയമിച്ചു മെല്ലെ.
വൃത്തിയ്ക്കു വേണ്ടുന്നരിയൊന്നു മാത്രം
കുത്തിച്ചു നൽകീ ചിലവിന്നു പിന്നെ
തൃപ്തിപ്പെടും മട്ടു കൊടുത്തു രൂപ
തൃക്കൈകളിൽത്താൻ പ്രതിമാസമേവം.
"ഒന്നായ്ക്കിടക്കും വലുതായ കാര്യം
നന്നായ് നടത്താൻ കഴിയില്ലൊരാൾക്കും"
എന്നാശയേ പാർത്തതു വേറെ വേറെ-
യന്നാക്കിവെച്ചാൻ യുവഭൂമിപാലൻ.
ആരാജ്ഞിമാർ തങ്ങടെ കാര്യമോരോ
ന്നാരാൽ വെടിപ്പായി നടത്തിയെല്ലാം
ധാരാളമായീ ചിലവിന്നു സൌഖ്യം
നേരായ്ത്തികഞ്ഞൂ നിഖിലർക്കുമപ്പോൾ.
“എന്നൂക്കെഴുന്നീയഴൽപോയ്സുഖിക്കാ"-
മെന്നൂടുകിട്ടാതുഴലും ജനാനാം
അന്നൂനഭാവം കലരാതെ കൂടി-
വന്നൂ യുഗം മാറിയപോലെ സൌഖ്യം.
രൂഢാർത്തിപോയിപ്പുനരമ്മരാജ്ഞീ-
പ്രൌഢാലയത്തിൽ സുഖമായ്തദാനീം
'കാടാറുമാസം' മുഴുവൻ കഴിഞ്ഞു
'നാടാറുമാസം' ബത! വന്നപോലെ.
ഉദാരനാകും യുവഭൂമിപന്റെ
സദാശയശ്രീഗുണസൽഫലത്ത
തദാ മഹാലോകരറിഞ്ഞിവണ്ണം
മുദാ പറഞ്ഞാർ പലരും പരക്കെ
"യുവക്ഷിതീശന്റെ ധനാഗമശ്രീ-
നവപ്രയോഗങ്ങളെ നിങ്ങൾ കേട്ടോ?
ഭവിയ്ക്കുമേവർക്കുമിതൊട്ടറിഞ്ഞാൽ
സവിസ്മയം ഭൂരിതരം പ്രമോദം.
കേമത്തമേറെപ്പെടുമ്മരാജ്ഞീ-
ധാമത്തിലുള്ളോർ നരകം വെടിഞ്ഞു
ക്ഷേമത്തൊടിപ്പോൾ മരുവുന്നു ദേവ-
ധാമത്തി,ലി ബ്ഭൂപനയത്തിനാലേ.
പിശുക്കനാണീയുവഭൂപനെന്നു
പശുക്കളാം മർത്ത്യരുരച്ചിടുന്നു
പശുക്കളും, തത്സമരായിടുന്ന
ശിശുക്കളും ചൊൽവതിലെന്തു സാരം.
രസം മഹാന്മാരുമിയന്നു പാരം
സ്വസമ്മതം നൽകിടുമാ ഭൂപൻ
അസംഗമായി തെളിവോടു വക്കീൽ-
പ്രസംഗമൊട്ടല്ല കുറിച്ചയയ്ക്കും.
ധന്യാശയൻ മാടയുവക്ഷിതീശ-
നന്യാശ്രയം തെല്ലു മണഞ്ഞിടാതെ
സന്യായമാർഗ്ഗം കലരും പ്രകാര-
മന്യായമേറ്റം വടിവായ്ക്കുറിയ്ക്കും.
വിസ്താരമായ്പത്രിക ഭൂരിസാക്ഷി-
വിസ്താരചോദ്യം പരമെന്നിതെല്ലാം
ശസ്താശയൻ ഭൂപതിമൌലി തന്റെ
ഹസ്താംബുജംകൊണ്ടെഴുതിക്കൊടുക്കും.
മേധാവി മുദ്രാദികൾതന്റെ തത്വ-
ബോധാന്വിതൻ മാടയുവക്ഷിതീശൻ
ബാധാവിഹീനം ബത! തീറുതൊട്ടു-
ള്ളാധാരമെല്ലാമെഴുതാൻ സമർത്ഥൻ.
തീട്ടും തികച്ചന്നൃണബാദ്ധ്യഭാവം
വീട്ടുന്നതിന്നുള്ള രശീതിയും കേൾ
ശീട്ടും ക്രയാദിയ്ക്കുപയോഗമുള്ള
നോട്ടും വെടിപ്പായെഴുതും നാരന്ദ്രൻ
കരാറുതൊട്ടുള്ള മഹാഗുണങ്ങൾ
നിരാകുലം ചേർന്ന നരാധിനാഥൻ
കരാറുചെയ്യിച്ചിടയും കുടുംബ-
സ്ഥിരാത്തി നീക്കും തകരാറതെന്ന്യേ.
ഗുണങ്ങൾകൊണ്ടൊക്കയുമാർക്കുമേ തൽ-
ക്ഷണം ഗ്രഹിപ്പാനെളുതാം വിധത്തിൽ
കണക്കിലായിപ്പലമട്ടിലുള്ള
കണക്കെഴുത്തിന്നു നൃപൻ സമർത്ഥൻ.
എന്തിന്നു പാരം പറയുന്നിതിപ്പോൾ
ചിന്തിയ്ക്കിലാ മാടയുവക്ഷിതീശൻ
ഹന്താദരാൽ വേണ്ടുമെഴുത്തുകുത്തി-
ങ്ങെന്താകിലും താൻ സ്വയമേവ ചെയ്യും.
തെങ്ങും കവുങ്ങും മുതലായിടുന്ന
തിങ്ങും ഫലം പൂണ്ട തരുക്കൾതന്റെ
എങ്ങും പെടും പാട്ടമമേയകീർത്തി
തിങ്ങുംവിധം പാർത്തഥ ചേർത്തുവെയ്ക്കും.
ജലങ്ങൾകൊണ്ടും വെയിൽകൊണ്ടുമുണ്ടാ-
മലംഘ്യമായീടിന കേടശേഷം
അലം നിരീക്ഷിച്ചു നൃപാലവര്യൻ
നിലങ്ങൾതൻ പാട്ടവുമൊത്തുവെയ്ക്കും.
ഋണങ്ങൾ വാങ്ങാനണയുന്നവർക്കു
പണം കൊടുത്തായതിനൊത്ത ലാഭം
പിണങ്ങിടാതങ്ങു പിരിച്ചുകൊൾവാൻ
ഗുണം നിനച്ചാലവനറ്റമില്ല.
ഓരോതരം ദിക്കുകൾതന്നിലെന്തെ-
ന്തോരോതരം വസ്തുവിനുണ്ടു മൂല്യം
നേരോടതെല്ലാമിഹ പാർത്തു ചെയ്യും
വീരോത്തമൻ ഭൂപതി വേണ്ട കർമ്മം.
മാലേകിടുംമാതിരി പക്ഷപാതം
ചാലേ നിനച്ചാലിവനൊട്ടുമില്ല
ചേലേറുമിബ്ഭൂപതി ധർമ്മരാജൻ
പോലേ സദാ നൽസമവർത്തിതന്നെ.
പൂമാതിരിയ്ക്കുന്ന ഗൃഹത്തിലെയ്ക്കു
സാമാനമിന്നിന്നതു വേണമെന്നും
ക്ഷാമാദികൂടാതഥ കാപ്പതിന്നു-
മാമാനവേന്ദ്രന്നറിയാം സമസ്തം.
വുണിയ്ക്കിനൊക്കുംഗുണമമ്പിലോരോ
പണിയ്ക്കു ചേരും ഗുണമെന്നിതെല്ലാം
ഗണിച്ചു നന്നായറിയുന്നവൻ ഭൂ-
മണി പ്രദീപായിതനായവൻതാൻ.
പശുക്കൾ, മർത്ത്യാകൃതിയുള്ള ശുദ്ധം
പശുക്കൾ, പിന്നെ പല നന്മൃഗങ്ങൾ
ശിശുക്കളെന്നുള്ളവ നല്ലതാക്കാ-
നശുഷ്ക്കധീയായവനെത്ര കേമൻ.
മുദ്രാവിഹീനം സുഭഗങ്ങളായ
സദ്രാജചിഹ്നങ്ങൾ തികഞ്ഞവൻതാൻ
ഭദ്രാതിരേകത്തെ വരുത്തിയെങ്ങും
ഛിദ്രാദിദോഷം കളവാൻ മിടുക്കൻ
രമയ്ക്കു ചേരും പതിയായവൻ താൻ
ക്ഷമയ്ക്കു ചേരും പതിയായവൻതാൻ
ഉമയ്ക്കു ധീശൻ കനിയുന്നവൻ തൽ-
ക്ഷമയ്ക്കു പാർത്താലളവില്ല തെല്ലും.
നേരായി നിത്യച്ചിലവിന്നുമാത്ര-
മീരാജ്ഞിമാർക്കേകിടുമിപ്പൊഴർത്ഥം
ധാരാളമാണെന്നു കഥിയ്ക്കിലൊട്ടും
പോരാ കുറച്ചേറുമിതെന്നു നൂനം.
വന്നക്കടം തീർന്നുടനിത്ര വേഗം
നന്നാകുമിക്കാരിയമെന്നുമുള്ളിൽ
അന്നാളഹോ! ഞാൻ പുനരിത്ര വേഗം
നന്നാകുമെന്നും കരുതീല തെല്ലും.
ഈ രാജ്ഞിമാർക്കൊക്കയുമിത്രമാത്രം
ധാരാളമായിട്ടു ധനം കൊടുത്താൽ
നേരായുറയ്ക്കാമിവിടയ്ക്കു മേലിൽ
പോരാതയാകും മുതലെന്നിവണ്ണം.
കാര്യങ്ങൾതൻ തത്വമറിഞ്ഞിടാതി-
ന്നാര്യൻ ഭവാനെന്തു പറഞ്ഞിടുന്നു?
ധൈര്യം കഥിയ്ക്കാം, മുതൽ മിച്ചമുണ്ടാം
കാര്യങ്ങളിബ്ഭൂപതി നോക്കിയെന്നാൽ.
ഒന്നായി ലക്ഷം ബത രൂപമിച്ചം
നന്നായതെല്ലാം പലിശയ്ക്കു ഭൂപൻ
ഒന്നായ്കൊടുത്താനിഹ പാലിയത്തേ-
യ്ക്കെന്നാണെടോ നമ്മുടെ സൂക്ഷ്മബോധം.
മുട്ടാതകണ്ടീയുവഭൂമിപാലൻ
തൊട്ടാലതെല്ലാമൊരുകേടുമെന്ന്യേ
മട്ടാത നന്നായ്വരുമങ്ങു പണ്ടീ-
മട്ടായിരുന്നൂ കില ഭീഷ്മതാതൻ”.
ഇത്തരം ബഹുജനങ്ങൾ വാഴ്ത്തുമീ
യുത്തമക്ഷിതിപനീതിനൈപുണാൽ
അത്തൽ വിട്ടു പരമ്മരാജ്ഞിമാർ
ചിത്തമോദമൊടു തത്ര മേവിനാർ.
കലിതമായൊരിക്കാര്യവൈഭവം
കലിയൊഴിഞ്ഞു താൻ കണ്ടനന്തരം
വലിയതമ്പുരാൻ വാച്ച സമ്മദാ-
ലലിയുമുള്ളൊടൊത്തങ്ങു മേവിനാൻ.
യുവനരപതിയാമവനുടെ
നവനയനൈപുണ്യമൊന്നിനാൽതന്നെ
ജവമൊടു ബഹു സുഖമാർന്നാ-
രവസരമതിലമ്മതമ്പുരാക്കന്മാർ.
അക്കാലംതന്നിൽ നേടീടിന പണമൊരുമി-
ച്ചൊത്തുപോൽ പത്തുകോടീ
സൽക്കാരം ഹന്ത! തേടീ സപദി നരവരൻ
കള്ളർതന്നുള്ളു വാടീ
അക്കാര്യം വന്നുകൂടീടിന കുതുകഭരം
പൂണ്ടു മാലോകർ പാടീ
നില്ക്കാതേ ചേട്ടയോടീ കടൽമകളവിടെ-
സ്സത്വരം നൃത്തമാടീ.
ഇങ്ങിനെ "ഗോശ്രീശാദിത്യചരിത"ത്തിൽ
ഭരണപാടവപ്രകാശനമെന്ന
അഞ്ചാം സർഗ്ഗം കഴിഞ്ഞു.
ആറാം സർഗ്ഗം
പുകഴുടയ "കറുപ്പത്താ"ദരാൽജ്ജാതയാകും
പികമൊഴിമണി "പാറക്കുട്ടി"യാം പത്നിതന്റെ
തികവെഴുമതുലശ്രീ സൽഗുണാലക്ഷ്മിതീശ-
ന്നകതളിരിൽ നിറഞ്ഞു മേദുരം മോദഭാരം.
ശിവനഴകിനൊടേന്തുന്നുണ്ണിമാൻകണ്ണിയാളാ-
മവളുടെ ഗുണജാലം തെല്ലിതാ ചൊല്ലിടുന്നേൻ
നവജലധരലക്ഷ്മീക്ലേശദം കേശപാശം
ശ്രവണയുഗളീലം തുഷ്ടിദം ദൃഷ്ടിയുഗ്മം.
ചലദമലതരംഗം യുദ്ധരംഗത്തിൽ വെൽവാൻ
ബലമൊടു കളിയാടിത്തല്ലിടും ചില്ലിയുഗ്മം
തിലകരചിതശോഭം ചാരു ഫാലം വിശാലം
തിലകുസുമസമാനം ഘ്രാണമാഘ്രാണരമ്യം.
ഖചിതവിവിധരത്നാഗണ്യലാവണ്യലക്ഷ്മീ-
രുചി വിലസിന ഗണ്ഡേ ചേർന്ന നൽക്കുണ്ഡലങ്ങൾ
സചിവസദൃശനായിച്ചെന്നു രാകേന്ദു നന്നാ-
യുചിതമുപചരിയ്ക്കുന്നാനനം മാനനീയം.
അധമത പുതുതാകും വിദ്രമത്തിന്നു നൽകു-
ന്നധരമമൃതതുല്യം ഭാഷിതം ഭൂഷിതാസ്യം
സുധയുടെ സുഭഗത്വം കട്ട ഹാസം മനോജ-
പ്രധനജയയശസ്സാണെന്നുതാൻ തോന്നുമാർക്കും.
വിടരുമമലകാന്ത്യാ ദേശകാലാദി യോഗ-
സ്ഫുടമണികനകോദ്യൽഭൂഷണം പൂണ്ട കണ്ഠം
പടയിലമൃതകുംഭം കുമ്പിടും നല്ല കൊങ്ക-
ത്തടമമലപടാന്തർഗ്ഗാഢഗൂഢസ്വരൂപം.
ക്രമമൊടു നൃപകണ്ഠാലംകൃതിയ്ക്കായനേകം
വിമലമൃദുലപുഷ്പം കൊണ്ടു കാമൻ നികാമം
ശ്രമമൊടു വിരചിച്ചിട്ടുള്ള മാല്യത്തോടേറ്റം
സമമിഹ ഭുജയുഗ്മം മാന്യഭൂഷാമനോജ്ഞം.
അരപരമരയാലിൻ ചാരു പത്രാഗ്രമോടൊ-
ന്നുരസിയുരസലാക്കാൻ വാച്ച വമ്പുള്ളതേറ്റം
ധരണിധരനിതംബംപോലെ പീനം നിതംബം
ശരദമലകരന്താൻ ചന്തമുള്ളന്തരിയം.
തുട കരിതിലകൻതൻ നല്ല തുമ്പിക്കരത്തെ
പട പൊരുതി മടക്കാനത്ര കെല്പൊത്തതല്ലോ
നട നളിനവനത്തിൽ പാർത്തു ചീർത്തീടുമന്ന-
പ്പിടയുടെ നട വെൽവാൻ പോരുമേ നേരുപാർത്താൽ.
അടിമലരമലാബ്ജം പോലെ ലക്ഷ്മീനിവാസം
കൊടി കുട്ട മുതലാം നൽച്ചാരുരേഖാരുമാന്യം
വടിവൊടു കറ നീങ്ങും തങ്കവും ശങ്കതേടും-
പടി വിലസിന വണ്ണം പാരിൽ മറ്ഠാരി വണ്ണം.
ഇതി പരമുഴകേന്തും മംഗളാംഗങ്ങൾ ചേരും
മതിമുഖിമണി പാരക്കുട്ടിയാമമ്മ ചെമ്മേ
പതിവൊടപരകർമ്മം വിട്ടുടൻ വീഴ്ചയെന്യേ
പതിയുടെ പരിചര്യയൊന്നിനായിട്ടൊരുങ്ങും.
നഖമണികളിണങ്ങുന്നംഗുലീപങ്ക്തിയാലേ
സുഖമുടനുളവാകും മട്ടിലുവീർശ്വരന്റെ
ശിവചിതമൊടു ചിക്കിക്കെട്ടിവെച്ചിട്ടുടൻ തൻ
മുഖസുഷുമ വരുത്തും നിത്യമന്നീരജാക്ഷീ.
നെടിയൊരമൃഫേനശ്രീയെഴും ശയ്യതന്മേൽ
വടിവിനൊടു കടക്കും കേമനാം ഭൂമിപന്റെ
അടിമലരിണ പാരം ഭദ്രമായ് നിദ്രയുണ്ടാം
പടി ഝടിതി തിരുമ്മും മന്ദമസ്സുന്ദരാംഗി.
നരവരനുടെ പൂമൈതന്നിലന്യൂനമായി
സരസമൃദുസമീരൻ ചെന്നു ചേരുംപ്രകാരം
തരമൊടു തരളശ്രീതാലവൃന്തത്തിനാലേ
പരമശിശിരകാലേ വീശുമപ്പേശലാംഗി.
സുനഗിരിവരയുഗ്മം പീവരോരുദ്വയം നൽ-
ഘനജഘനമിതെല്ലാം ചേരുമച്ചാരുഗാത്രി
നവരതസുഖാർത്ഥം നൽത്തണുപ്പൊത്തകാലേ
മനസി പരമ, ഭക്ത്യാ ഭർത്തൃശുശ്രൂഷ ചെയ്യും.
പ്രിയതമനുടൽതന്നിൽ സൌഖ്യമുണ്ടാകുവാനായ്
പ്രിയഹിതമൃതത്തിന്നൊത്ത വസ്തുക്കളെല്ലാം
നയമൊടു മടി കൂടാതെത്രയും വൃത്തിയാക്കി
സ്വയമനുദിനമേകും വെയ്പുകാർക്കുപ്പലാക്ഷി.
അവനിതലമഹേന്ദ്രൻ മാന്യശോഭം ധരിയ്ക്കും
ധവളകരകരശ്രീയൊരു വസ്ത്രം പ്രശസ്തം
കവചമമലശീർഷാത്രാണമെന്നുള്ളതെല്ലാ-
മവൾ പരമുളവാക്കും വച്ചു സൂക്ഷിച്ചുകൊള്ളും.
നളിനദളസമശ്രീദൃഷ്ടിയാൾ ദൃഷ്ടിവയ്ക്കും
ലളിതരുചിയൊടെന്നും നന്ദിപൂണ്ടെന്നമൂലം
തെളിവിനൊടു വിളങ്ങും കാന്തഗേഹാന്തരത്തിൽ
ചളി, പൊടി, പുഴ, പൊട്ടൻ, മൂട്ട തൊട്ടൊന്നുമില്ല.
അവളനവരതം തൻ ചിത്തതാർ നിർത്തി, മാറു-
ന്നവസരഗതിയെല്ലാം പാർത്തു പാർക്കുന്നമൂലം
അവനിപനവനെപ്പോഴെപ്പൊളിച്ഛിയ്ക്കു,മെന്തെ-
ന്തവകളവിടെയെങ്ങും ലഭ്യമാമപ്പൊഴപ്പോൾ.
തളമലസതമൂലം വിട്ടു പള്ളിക്കുറിപ്പി-
ന്നിളയുടെ വരനുച്ചയ്ക്കുണ്ടകം പൂകിയെന്നാൽ
കളകളരവമുണ്ടാകാതിരിപ്പാൻ പുറത്ത-
ക്കളമൊഴിമണി കാത്തുംകൊണ്ടു മിണ്ടാതെ നില്ക്കും.
കളമൊഴി രുചി തിങ്ങുംമട്ടു പാടാൻ തുടങ്ങു-
ന്നളവവിടെ മുഴങ്ങും മദ്ദളധ്വാനമെങ്ങും
തെളിവിനൊടഥ പൊങ്ങും രാഗമേറ്റം വിളങ്ങും
കിളികൾ കിമപി മങ്ങും ലോകർ മോദാൽ മയങ്ങും.
അതിസുഖകരമായാമാനിനീമൌലി നാനാ-
കൃതികൾ പലതരത്തിൽ ചേർത്തു പാടുന്ന നേരം
അതിവിഷമമിവണ്ണം പാടുവാൻ പല്ലവിയ്ക്കും
മതിയിവൾ ദൃഢമെന്നായ് സമ്മതിയ്ക്കും മഹാന്മാർ.
ഘനരുചികലരും വാർകൂന്തലാൾ ചന്തമായി
ഘനരസമൊടു മന്ദം വീണ വായിച്ചിടുമ്പോൾ
ധനമകലെ വെടിഞ്ഞും മജ്ജനസ്വാപപാനാ-
ശനവിധികൾ മറന്നും പാട്ടുകാർ കേട്ടു മേവും.
അപഗതബഹുദോഷം പ്രോല്ലസദ്രാഗപോഷം
നൃപമഹിഷി മനോജ്ഞം വീണവായിച്ചിടുമ്പോൾ
കപടരഹിതമുണ്ടായിടുമാശ്ചര്യമോടേ
സപദി ജനമശേഷം പൂണ്ടിടും ഭൂരിതോഷം.
നലമൊടു നൃവരൻതൻ ജായ സംഗീതയന്ത്രം
പലതരമഴകേറ്റം വച്ചു വായിച്ചിടുമ്പോൾ
ഫലരഹിതമുദിയ്ക്കും സാന്ദ്രസന്തോഷമാകും -
ജലധിയി,ലിടതിങ്ങും വിസ്മയാൽ മാന്യർ മുങ്ങും.
അമലനവരസശ്രീഭവ്യകാവ്യങ്ങളേറ്റം
ശ്രമമൊടവൾ പഠിച്ചിട്ടുണ്ടു മാൽ പൂണ്ടിടാതേ
ക്രമമൊടതിൽ വിളങ്ങും ഹൃദ്യപദ്യങ്ങൾതൻ നൽ-
സുമധുരതരഭാവം ചൊല്ലുമാറുണ്ടു മെല്ലെ.
സദസി ഝടിതി വാദിച്ചീടുവാൻ വമ്പു കൂടും
സ്വദയിതനുടെ വാക്യാൽ കർക്കശം തർക്കശാസ്ത്രം
സുദതിയവൾ പഠിച്ചിട്ടുണ്ടു, ശാസ്ത്രജ്ഞർ വന്നാൽ
സദയമവരെ മാനിച്ചീടുമാറുണ്ടുപോലും.
തമിഴ,ഴകിയ ഹിന്തുസ്ഥാനി,യീരണ്ടിലും ന-
ല്ലമിതതരപടുത്വം നേടിനാൾ മോടിയോടേ
സുമതിഗുണമെഴുന്നത്തന്വി, ബുദ്ധിപ്രഭാവം
കിമപി തടവിടുന്നോർക്കെന്തസാദ്ധ്യം ധരായാം.
ഭൂവി വിലസിന 'മിൽട്ടൻ', 'ഷെൿസ്പിയർ', 'സ്കാട്ടു', മുമ്പാം
കവികളുടെയ കാവ്യം പാർത്തു കൂർത്തുള്ള ബുദ്ധ്യാ
വിവിധമതിലടങ്ങും സാരമെല്ലാമറിഞ്ഞി-
ട്ടവികലരസസിഝൌ മുങ്ങുമാമുഗ്ദ്ധഗാത്രി.
ക്ഷിതി സുരവരനായീടുന്ന കാരാടിനെപ്പോ-
ലതിശയിതഗുണൗഘം തേടുമാ മാടഭൂപൻ
പ്രതിദിനമുപദേശിക്കുന്നമൂലം സമൂലം
മതിമുഖി വിഷവൈദ്യം പാട്ടിലെല്ലാം പഠിച്ചു.
വിഷധരനികരത്തിൻ ബാധയാലിങ്ങു ചേരും
വിഷമഖിലമിറക്കാനായവൾക്കദ്ദശായാം
വിഷമമൊരു തരിമ്പും നാസ്തിയെന്നായി പിന്നെ
ഝഷമിഴി ശിവയേത്താൻ ഭക്തിപൂർവ്വം ഭജിച്ചാൾ.
അവനിസുരകുലേന്ദ്രന്മാരൊടാരോമലാമാ-
യുവതി ഗിരിശജായാപാദപത്മം ഭജിപ്പാൻ
വിവിധമഥ വിധാനം ദക്ഷിണാപൂർവ്വമായി-
ട്ടവികലമുപദേശാൽ താനറിഞ്ഞാൾ തദാനീം.
പ്രിയതമധരണീന്ദ്രാനുജ്ഞ കൈക്കൊണ്ടു പിന്നെ
സ്വയമവൾ ഗുരുവാക്യം പോലെ മാലേതുമെന്യേ
നിയമമൊടു ഭവാനീപാദപത്മാർച്ചനാദി-
ക്രിയ കിമപി തുടങ്ങീ സ്തോത്രഘോഷം മുഴങ്ങി.
"അയി ഭഗവതി മായേ ദേവി! പൂർണ്ണാനുകമ്പാ-
മയി! പശുപതിജായേ പാഹി തായേ! സുകായേ!
ത്വയി നിരുപമമാകും ഭക്തിഭാരം ഭവിപ്പാൻ
മയി വരണമയേ! തേ നഷ്ടസാദം പ്രസാദം.
കരുണ തവ ഭവിച്ചീടാത്തവൻ ഭക്തനാകാ
കരുണ തവ ഭവിപ്പാൻ ഭക്തനായ്ത്താൻ വരേണം
ഗുരുവിഷമമിതന്യോന്യാശ്രയം ഹന്ത! തീർപ്പാ-
നരുതരുതൊരുവന്നും സാംബജായ്യേംബ! മായേ!
ഭഗവതി! തവ ഭക്തന്മാരൊടൊന്നിച്ചിരിപ്പാൻ
നഗകുലപതികന്യേ! ഭാഗ്യമുണ്ടാക്കണം മേ
വിഗതവിവിധവിഘ്നം ഭക്തിഭാരം ഭവിപ്പാൻ
ജഗതി പരമുപായം ഹന്ത! മറെറന്തപർണ്ണേ!
ഭവഭവഭയസിന്ധൂന്മഗ്നരാം ഭക്തരെല്ലാം
നവരസമൊടു പാടും നിൻചരിത്രം വിചിത്രം
കുവലയപതിചൂഡേ! കുണ്ഡലം ചേർന്നിടുന്നെൻ
ശ്രവണമതിലനം വന്നുടൻ ചേർന്നിടട്ടെ.
കുളുർമതിയെതിർകാന്ത്യാ ചീർത്ത നിൻ കീർത്തിപൂരം
കുളുർമ തരികയാൽ മേ കോൾമയിർക്കൊണ്ടിടട്ടേ
വെളുവെളെ വിലസും നിൻകീർത്തികേൾക്കാത്തലോകം
ഗുളുഗുളെ മൃതിസിഝൌ വീണിതാ കേണിടുന്നു.
ഹിമഗിരിവരകന്യേ! ഭക്തിയുണ്ടാംവിധത്തിൽ
കിമപി തവ ഗുണത്തിൻ കേൾവിയാൽ ദേവിമായേ!
മമ സതതമൊലിയ്ക്കും ബാഷ്പവാരി പ്രവാഹാൽ
വിമലതയുളവായിടേണമിക്ഷോണിതന്നിൽ.
ശിഖരിവരതനൂജേ! ദേവി ദിവ്യവ്രജത്തിൻ
മുഖസരസിജമദ്ധ്യേ ചേർന്നുമേവുന്നപോലെ
മുഖമതിലുമിദാനീം മാനസത്തിങ്കലും മേ
സുഖമൊടു ഗുണഹാസശ്രേണിതേ വാണിടട്ടേ.
ജനനി! സപരിവാരം തല്പദാബ്ജാർച്ചനാർത്ഥം
മനസി കുതുകപൂർവ്വം ഞാൻ വരുത്തും വരാർത്ഥം
ഘനരസമൊടു നിത്യം സ്വീകരിച്ചീടണം നീ
ജനനഫലമാ! മേ വന്നിടും നൂനമെന്നാൽ.
വരത തവ കാണ്മാനാക്കണം വീക്ഷണം മേ
പരമിഹ പരിചര്യയ്ക്കാക്കണം മൽക്കരം നീ
ചരണവിനമനത്തിന്നൊന്നിനായ് നിത്യമാക്കി-
ത്തരണമായി! മദീയം ദേവി ! ശീർഷം സഹർഷം.
നിടിലനയനദേവൻ നിത്യമത്യന്തരാഗാൽ
മടിയിൽ മടിപെടാതേ വച്ചു ലാളിയ്ക്കമൂലം
വടിവൊടു വിലസും നിൻ വന്ദ്യമാകും സ്വരൂപം
മുടിമുതലടിയോളം കാളി! കാണാകണം മേ.
അളിനിരകൾ നമിയ്ക്കും കേശ,മർദ്ധേന്ദു തോലു-
ന്നളിക,മഴകിലേറ്റം ചിത്രിതം ചിത്രകത്താൽ
ലളിതരുചിരകാന്ത്യാ ഭംഗമോടൊത്തു ഭംഗം
ഗളിതമദമൊഴിയ്ക്കും ചില്ലിവില്ലിൻ വിലാസം,
കലിതകരുണ കഞ്ജശ്രീകവർന്നുല്ലസിയ്ക്കും
വലിയ നയനയുഗ്മം കാതരം കാതിലോളം
തുലിതമദനബാണം ഭംഗവൃന്ദത്തിലെല്ലാം
മലിനതയുളവാക്കാനേറെ ദക്ഷം കടാക്ഷം;
സ്ഫുടതരതിലപുഷ്പം നാണമേന്തുന്ന നാസാ
പുടമമലകപോലം നല്ല കണ്ണാടിപോലെ
ഉടനതി രുചി തേടും വിദ്രമത്തിൻ മദത്തെ
പടയിലപഹരിയ്ക്കും ശ്രേഷ്ഠമാമോഷ്ഠബിംബം;
ധവളരുചി മനോജ്ഞം ഹാസമുല്ലാസി ഹംസം
നവവികച സരോജം ചന്തമേറും ത്വദാസ്യം,
ശ്രവണയുഗളഡോളാമഞ്ജുലീലാതിലോലം
ദിവസപതിശശിശ്രീമണ്ഡലം കുണ്ഡലം; തേ.
ഗളദതിമദഭാരം ശംഖു ശങ്കിച്ചൊഴിയ്ക്കും
ഗളതലമണിമാലാശോഭിമുക്താഭിരാമം
വളയുടെ നിനദത്താൽ കല്പവല്ലിവിഹാസം
കളകളമൊടു ചെയ്യും മോഹനം ബാഹുയുഗ്മം.
മലർശരഭഗവാൻതന്മാന്യപട്ടാഭിഷേകം
നലമൊടിഹ നടത്താൻ മന്ത്രതന്ത്രജ്ഞരെല്ലാം
പലപല ശുഭകർമ്മം ചെയ്ത മാണിക്യതങ്ക-
ക്കലശമൊടു സമാനം ചാരുവക്ഷോരുഹം തേ,
ചലദലദലധൈര്യാദാനചണ്ഡം പിചണ്ഡം
വലയിതമണികാഞ്ചീദാമലംബം നിതംബം
കുല, കദളികൾതന്നിൽ ചേർത്ത ചാരൂരുയുഗ്മം
വലരിപുമുഖവന്ദ്യം മഞ്ജുളം പാദകഞ്ജം;
ഇതി തവ പരമാനന്ദൈകരൂപം സ്വരൂപം
യതിനിവഹനിഷേവ്യം ഭക്തലോകാനുഭാവ്യം
അതിഗുണമഖിലാഘധ്വംസനം ശംസനീയം
സ്മൃതിയിൽ മമ വരേണം സർവ്വദാ സർവ്വരാത്രി!
മധുസഹിതസമുദ്യൽകൈടഭാലോകനത്താൽ
വിധുരതയൊടു വാഴ്ത്തും ബ്രഹ്മനെക്കാത്തുകൊൾവാൻ
മധുമഥനു ബോധം നൽകിനിന്നംബികേ! നിൻ
മധുരതരശരീരം കാളി! കാണാകണം മേ.
മഹിഷദിതിജശീർഷാസ്രത്തിനാലാത്ത ഭംഗ്യാ
വിഹിതലളിതലാക്ഷാലേപനം ലോഭനീയം
മഹിതസുരമുനീന്ദ്രന്യസ്തപുഷ്പാങ്കുരാളീ-
സഹിതമിഹ പദം തേ തോന്നണം മേ ഹൃദന്തേ.
അമരിലഥ നിസുംഭൻതന്നെയും സുംഭനേയും
ക്രമമൊടു നിഹനിച്ചിട്ടപ്രമേയപ്രസാദാൽ
അരനികരമെല്ലാം കാത്ത നിൻ കാൽത്തളിർക്കായ്
കിമപി ബഹുസഹസ്രം കുമ്പിടുന്നേൻ സഹാസ്രം.
ഗുണഗണവതി! ദുർഗ്ഗേ! ഗൌരി! ശാകംഭരീശ-
ത്രിണയനതടജാത! ഭദ്രദേ! ഭദ്രകാളി!
രണഹതദിതിജേംദ്രേ! ഭ്രാമരി! താല്പദാബ്ജം
ക്ഷണമനു മമ ചിത്തേ തോന്നിടേണം നമസ്തേ.
ധനപതിതനയാദിസ്നേഹമോഹത്തിനാൽ ഞാ-
നനവധി വലയുന്നേൻ ഭുക്തിമുക്തിപ്രദാത്രി
അനവരതമിതെല്ലാം പോക്കിടാനാക്കണം നീ
സുനയനമുടനെന്നിൽ സാനുകമ്പം വികമ്പം."
വിജനദിശി വസിച്ചുംകൊണ്ടിവണ്ണം ഭവാനീ-
ഭജനമനുദിന താൻ ചെയ്തു ചേതോഹരാംഗി
സുജനമഹിതയായ് നൽപുത്രയുഗ്മദ്വയത്തെ
സ്വജനസുഖമുദിയ്ക്കും മട്ടു തുഷ്ട്യാ ലഭിച്ചു.
ക്ഷിതിപതിയുടെ പുത്രന്മാർകളും പുത്രിമാരും
പ്രതിദിനമഴകോടേ മന്ദമന്ദം വളർന്നു
ഇതി സകലഗുണത്താൽ ശാന്തയാം കാന്തയോടൊ-
ത്തതിമതിയുവമാടക്ഷോണിപൻ വാണു ഗേഹേ.
അതുസമയമുദാരൻ മാടഭൂപന്ദു ധീമാ-
നതുലഗുണനിവൻതന്മാതുലൻ മാനശീലൻ
പുതുമപരമെഴും നൽബുദ്ധിയാൽ കൊച്ചിയാം നാ-
ടിതു ഝടിതി വിടാനായ് നിശ്ചലം നിശ്ചയിച്ചു.
വിരവിനൊടതിവേഗാൽ കേട്ടുകേൾപ്പിച്ചുകൊണ്ടി-
പ്പരമസുഖദവൃത്തം പാരിലൊക്കെപ്പരന്നു
ഖരകരകിരണൗഘം സ്പഷ്ടമായ്വന്നുദിച്ചാൽ
ധരയിലിഹ പരക്കാൻ ഹന്ത! ചെറ്റെന്തമാന്തം
പതിവിലൊരു വിശേഷാലുള്ള സക്കാർ ഗസറ്റിൽ
സ്ഥിതിയിതു വെളിവായിക്കണ്ടു മാൽ പൂണ്ടു ലോകം
അതിഗുണമുളവായിക്കൊണ്ടിരിയ്ക്കും ദശായാ
മതിനൊരു തടവായാലല്ലലില്ലാതെയാമോ?
ചിലജനമിതു കേട്ടിട്ടേറ്റമാതങ്കമാർന്നാർ
ചിലജനമതിയായിട്ടത്ഭുതപ്പെട്ടു നിന്നാർ
ചിലരിതിനുടെ മൂലം തത്വമായി ഗ്രഹിപ്പാൻ
പലവഴി നിരുപിച്ചാർ വമ്പരും സംഭ്രമിച്ചാർ.
“പ്രകടമെവിടെയാണീ രാജ്യസന്യാസകർമ്മം?
വികടമെവിടെയാണി രാജജാതിസ്വഭാവം?
അകലമതിനു തെല്ലല്ലിങ്ങു ധീരപ്രശാന്തൻ
മികവിനൊടിതു ചെയ്യാൻ വമ്പനിത്തമ്പുരാൻ താൻ.
പെരിയ "രഘു "ദിലീപൻ തൊട്ട ഭൂമീശ്വരന്മാർ
പരിചൊടു നിജരാജ്യം പണ്ടു കൈവിട്ടുപോലും
ഹരി! ഹരി!! കലിയാമിദ്ദുഷ്ടകാലത്തിലിമ്മാ-
തിരി ധൃതിയൊടു ചെയ്വാനന്യരീ മന്നിലില്ല.
ക്ഷതി കിമപി ഭവിച്ചോ രാജ്യരക്ഷാക്രമത്തിൽ
ക്ഷിതിപനു ജരഠത്വംമൂലമാലസ്യമുണ്ടോ?”
ഇതി പിറുപിറെയോരോമാതിരിയ്ക്കാതി നീച-
ശ്രുതിയിലൊരുവകക്കാരേവമോരാണ്ടുപോയി.
തദനു നൃപതിവര്യൻ ഭൂരിധൈര്യം സ്വകീയം
പദമുടനെ വെടിഞ്ഞു മാന്യരെല്ലാം കരഞ്ഞു
ഉദയഗുണമുപേക്ഷിച്ചംശുമാൻ പ്രാംശുവാം സ-
ല്പദമിവിടെ വിടുമ്പോൾ പക്ഷിസംഘം കണക്കെ.
അതിഗുണഗണപൂർണ്ണൻ ഹസ്തനക്ഷത്രജാതൻ
ക്ഷിതിപനുടനിവൻതാനപ്പദത്തിങ്കലെത്തി
മുതിരുമതുലകീർത്ത്യാ ചേർന്നു കുന്നുമ്മൽബംക്ലാ-
വിതി ഭുവി പുകഴുംതന്മന്ദിരേ മന്ദമന്ദം.
അഴകിനൊടു നൃപേന്ദ്രൻ വാഴുമിക്കുന്നു കണ്ടി-
ട്ടഴലൊട്ടുടനെ പൊന്നിൻ കുന്നു കാണുന്നുവെങ്കിൽ
മിഴികൾ പരമടയ്ക്കും നിർണ്ണയം, കണ്ണിമപ്പാൻ
വഴിയൊരുവിധമുണ്ടെന്നാകിലോ നാകിലോകം.
ക്ഷമയുടെ പതി വാണിടുന്ന കുന്നിന്മേൽബംക്ലാ-
വമലഗുണഗണംകൈയ്ക്കൊണ്ടുടൻ കണ്ടുവെന്നാൽ
ഹിമഗിരിയിൽ വിളങ്ങു"ന്നോഷധിപ്രസ്ഥ"മാകും
സുമഹിതനഗരത്തെസ്സർവ്വരും സംസ്മരിയ്ക്കും.
അനുദിനമതിധർമ്മം ചെയ്തഹോ! രാവണൻ ത-
ന്നനുജനധിവസിയ്ക്കും ലങ്കനിശ്ശങ്കമായി
മനുജപതിവസിച്ചീടുന്ന കുന്നിന്മേൽബംക്ലാ-
വിനുടെയ ചരണത്തിൽ താണുടൻ വീണു കൂപ്പും.
ഇളയുടെ പതി വാണിടുന്ന കുന്നിന്മെൽ ബംക്ലാ-
വളവകലുമനർഘസ്വപ്രഭാസുപ്രഭാവാൽ
ജളത ഝടിതിക്കും വെള്ളിയാം കുന്നിൽനിയ്ക്കു-
ന്നളകയുടെ മനസ്സിൽ കൂടി നന്മോടിയോടേ..
അനുദിനമവിടത്തിൽ ചേർന്നിരിയ്ക്കും നരാണാം
ധനു, മകര,മിവറ്റിൽ ശൈത്യമത്യന്തമില്ല.
തനു പവനവിലാസാൽ കാർത്തികക്കാലിലാർക്കും
തനുവിലിഹ വിയർക്കാ ചെറ്റുമേ നീറ്റമേവം.
പലപല ഗുണമേവം ചേർന്ന തന്മന്ദിരത്തിൽ
ഛലരഹിതഗുണൌഘം കൂടുമമ്മാടഭൂപൻ
അലസനയനയാളാം പത്നിയോടൊത്തു ധാത്രീ-
വലയഭരണകർമ്മം ചെയ്തു ചേണാർന്നു വാണാൻ,
കരളിലവനസൂയാലേശമില്ലായ്കമൂലം
ഹര! ഹര!! ബഹുസൌഖ്യം; തെല്ലുമില്ലല്ലലാർക്കും
ധരണിവരനസൂയക്കാരനാണെന്നുവച്ചാൽ
ധരയിലഥ ഗുണത്തിൻ ബിന്ദുവും വന്നുകൂടാ,
ജനഹിതകരനാമിപ്പാർത്ഥിവന്നോർത്തിടുമ്പോൾ
മനസി ദുരഭിമാനം തെല്ലുമില്ലായ്ക്കുമൂലം
ഘനരസമൊടു ഭൂപാലോകനത്തിന്നു വേണ്ടീ-
ട്ടനവധി ദിനമാർക്കും കാത്തു പാർത്തീടവേണ്ടാ.
ഒരുവിഷമമവന്നില്ലത്ര കാര്യങ്ങളെല്ലാ-
മുരുജവമറിയാൻ ദുർവാശിയില്ലായ്കമൂലം,
ഇരുളിനൊടു സമാനം ഹന്ത! ദുർവ്വാശി നൂനം
പുരുഷനതു ഭവിച്ചാൽ കണ്ണു കാണുന്നതാണോ?
സമവിഷമവിഭാഗം സർവ്വമില്ലാതെയാക്കും
ഭ്രമമധികമണയ്ക്കും ഭീതിയുണ്ടാക്കുമാർക്കും
സുമഹിതതരകർമ്മങ്ങൾക്കു വിഘ്നം വരുത്തും
കിമപി തിമിരതുല്യം ചത്തിടും ചിത്തദോഷം,
നയമുടയ നരേന്ദ്രൻ തത്വമായ്വിത്തശാസ്ത്രം
സ്വയമഖിലമറിഞ്ഞീടുന്നതുണ്ടെന്നമൂലം
ജയമപനയമില്ലാതെങ്ങുമുണ്ടായ്നിരർത്ഥ-
വ്യയമുടനെ ചുരുങ്ങീ സാധുസമ്പത്തിണങ്ങീ.
കിമപി വലിയമാടോർവ്വീശവാത്സല്യപാത്രം
സുമതി യുവമഹീശൻ "രാമവർമ്മാ?”ഭിധാനൻ
അമരനികരഭക്തൻ നിത്യമത്യുത്സവശ്രീ-
പ്രമദമൊടു വസിച്ചാൻ ചൊല്പെറും തൽപുരത്തിൽ.
വിടുപണികളെടുക്കും വീരലോകങ്ങൾ, വിദ്യാ-
പടുത പരമെഴുന്നോർ പേർത്തു വാഴ്ത്തിസ്തുതിയ്ക്കും
കൊടിയ മഹിമയേവം ഭാഗ്യമുള്ളോർക്കതേറ്റം
വടിവൊടു യുവഭൂപന്നുണ്ടഹോ! വേണ്ടുവോളം.
പുനരവനിപതീന്ദ്രൻ വമ്പെഴും തൻ പ്രിയയ്ക്കായ്
ധനമനവധി ധീമാൻ കോരിവാരിക്കൊടുത്തു
ജനമതിനവമാമീ വർത്തമാനം ശ്രവിച്ചു
മനസി രസമുദിച്ചും കൊണ്ടു വാഴ്ത്തിസ്തുതിച്ചൂ.
"ഹര! ഹര!! മതിയാകും മട്ടിലഞ്ചെട്ടു ലക്ഷം
പരമഴകിയ രൂപ്യം തിണ്ണമീവണ്ണമേകാൻ
ധരയിലപരനുണ്ടോ? തൃപ്തിയാംമട്ടു വെള്ളം
തരമൊടിഹ കൊടുപ്പാനിപ്പൊഴാരഭ്രമെന്യേ?".
ക്ഷിതിപസുതരിൽവെച്ചിട്ടുമൻ മൂത്തവൻ സ-
ന്മതിഗണമണി രാമൻമേനവൻ മാനശാലി
ക്ഷിതിയിതിൽ വിലസീടും വിദ്യയൊക്കെപ്പഠിച്ചി-
ട്ടതികൃതിയൊടു പുക്കാൻ ഹന്ത! ദേശാന്തരത്തിൽ.
അവികലകുതുകം കൈക്കൊണ്ടവൻ ലണ്ടനിൽ ചെ-
ന്നവിടെയധിവസിച്ചു വിദ്യ പാരം പഠിച്ചു
ഭൂവി ബഹു പുകൾ പൊങ്ങും ജർമ്മനിക്ഷ്മാതലത്തിൽ
കവിയുമതിരസത്താൽ പിന്നെയദ്ധന്യനെത്തി.
അക്കാലമങ്ങഖിലരും
വക്കാണത്തിന്നൊരുങ്ങി യൂറോപ്പിൽ
തൽക്കാലമപ്രദേശേ
ദുഷ്കാലബലാൽ കുടുങ്ങിപോലായാള്.
ശരിയായ്ത്തരമൊടു പിന്നെ
തിരിയേ വന്നെത്തി ലണ്ടനിൽത്തന്നെ
പരിചൊടു ശുഭമാമിനിമേൽ
ഗിരിജാഭജനം പിതാക്കൾ ചെയ്യുകയാൽ.
ഊക്കുള്ള രണമിതേറ്റം
മൂക്കുന്നു നാളുതോരമതിഘോരം
മൂക്കുന്നു കപ്പലനവധി
നില്ക്കുന്നു വണിൿപ്രയോഗമിഹ സർവ്വം.
വാടുന്നു ലോകരഖിലം
കൂടുന്നു ചരക്കുകൾക്കു വിലയേറ്റം
ആടും മനമൊടു കൂട്ടം
കൂടുന്നു ജനങ്ങളങ്ങുമിങ്ങുമിഹ.
"കൈസരിഹ യന്ത്രബലവാൻ
കേസരിവരനെന്നപോലെ വിക്രാന്തൻ
ഭാസുരനുടനെ വരുംപോൽ
സാസുരസുരനരജഗത്രയോച്ചണ്ഡൻ.
ഒരു സുഖമില്ലെന്തെല്ലാം
വരുമിനിയെന്നുള്ള ശങ്കയാ നൃണാം"
നിരുപിച്ചിങ്ങിനെ നരപതി
കരുതിക്കൊള്ളുന്നു ചേതസാ ശിവയെ.
നൃപസുത'നരവിന്ദാക്ഷൻ'
കപടവിഹീനം പഠിപ്പിലതിദക്ഷൻ
ചപലതകൾ വിട്ടമന്ദം
നൃപതിലകുന്നേകിനാൻ മഹാനന്ദം.
'രത്നം' മാനിനിമാർമണി-
രത്ന നൃപപുത്രി ലളിതശുഭഗാത്രി
പ്രത്നം ശാസ്ത്രഗണം ലഘു-
യത്നം കൂടാതഹോ! പഠിക്കുന്നു.
'വിലാസിനീ'തി പ്രഥിതാഖ്യ തേടും
വിലാസിനീമാലിക രാജപുത്രി
കലാഭിവൃദ്ധ്യാ ഭുവി ശുക്ലപക്ഷ-
നിലാവിനെപ്പോലെ വിളങ്ങിടുന്നു.
സത്യാലംബൻ സമസ്തപ്രഥിതഗുണഗണോ-
ദാരദാരൻ സ്വഭൃത്യാ-
പത്യാമാത്യാദിസേവാപ്രമുദിതഹൃദയൻ
പ്രൌഢനാം മാടഭൂപൻ
കൃത്യാകൃത്യാർത്ഥവിദ്വാൻ കൃതബഹു സുകൃതൻ
പാർത്തലം കാത്തു പാർത്താൻ
നിത്യാനന്ദോത്സവശ്രീരസഝരി ഹൃദി കു-
ന്നിച്ചു കുന്നിൽച്ചിരേണ.
ഇങ്ങിനെ ഗോശ്രീശാദിത്യചരിതത്തിൽ
സിംഹാസനാരോഹണമെന്ന
ആറാംസർഗ്ഗം കഴിഞ്ഞു.
ഏഴാം സർഗ്ഗം
കുറുവെന്ന്യേ നൃപനിങ്ങിനെ
നിറയും സുഖമോടു വാണിടും കാലം
തിറമൊടു ഡല്ഹിയിലുണ്ടാം
ഡറബാറിനു ചെല്ലുവാൻ ക്ഷണം കിട്ടി.
ക്ഷണമനുസരിച്ചു പിന്നെ
ഗുണവാൻ ഭൂമീശ്വരൻ പുറപ്പെട്ടു
ഗുണമേറുന്നവർ മഹതാം
ക്ഷണമിഹ നിരസിയ്ക്കുമോ നിനയ്ക്കുമ്പോൾ.
പ്രേമമെഴും നൃപനൊടു
ന്നോമനയാം ദയിതയും പുറപ്പെട്ടു
രാമനൊടുകൂടി മുന്നം
ശ്രീമതിയാം സീതയെന്നപോലെ മുദാ.
'ബോറാ'യിടും ദിവാനും
കൂറാളും മറ്റു മാന്യമന്ത്രികളും
ജോറായ് നൃപതിയൊടൊന്നി-
ച്ചാറാതുയരും രസാൽ പുറപ്പെട്ടു.
ഉദയൽഗുണനരചൻ ശുഭ-
ഹൃദയൻ മദിരാശിയിൽ തദാ ചെന്നു
തദനു ഗവണ്ണർ കഴിച്ചൂ
പദവിയിലപ്പാർത്ഥിവേന്ദ്രസൽകാരം.
മധുരിപുസമനബ്ഭൂപൻ
മധുരാധരിയായ മഹിഷിയൊടുകൂടി
മധുരാശിപട്ടണത്തെ
മധുരാകൃതി പൂണ്ടു കണ്ടു നിശ്ശേഷം.
ജലയന്ത്രവൈഭവത്താൽ
ജലമവിടെസ്സർവ്വദാപി ബഹുസുലഭം
മലരഹിതം സ്ഫടികസമം
പലതരമതു രോഗശമനമുണ്ടാക്കും.
പാരാതെ ദീപയന്ത്രം
ധാരാളം തൽപുരത്തിലതുമൂലം
നേരായ് രാവും പകലും
നാരായണ! ശിവ!! മഹാത്ഭുതം ശരിതാൻ,
ചൊല്ലാർന്ന പവനയന്ത്രം
നില്ലാതവിടത്തിൽ വീശുമതുമൂലം
എല്ലായ്പോഴുമവിടെപ്പര-
മുല്ലാസാൽ സുരഭികാലമാണോർത്താൽ.
മോട്ടാർ വണ്ടികൾ സുലഭം
കിട്ടാതവരില്ല;തൊന്നുകൊണ്ടവിടെ
നാട്ടാരെവിടെയുമെപ്പൊഴു-
മൊട്ടാകെ വസിച്ചിടുന്നപോലെയഹോ!
ഖഗമൃഗശാലകളിൽ ബഹു-
ഖഗമൃഗഗണമുണ്ടുവറ്റയേക്കണ്ടാൽ
ജഗതിയിലുള്ളഖിലജനം
ജഗദീശ്വരസൃഷ്ട്രിയോർത്തു വാഴ്ത്തീടും.
കുതിരപ്പുറത്തു കേറി-
ട്ടതിരഭസം വെണ്ണിവെട്ടിടുന്ന കളി
ക്ഷിതിരമണൻ രമണിയൊടൊ-
ത്തതിരറ്റകുതൂഹലേന കണ്ടു തദാ.
ഉർവ്വീശനങ്ങു ഭീഷണ
ദർവ്വീകരശാല ശകടഗണശാലാ
അർവ്വകുലശാല പിന്നെ-
സർവ്വകലാശാലയെന്നിവകൾ കണ്ടു.
മുട്ടാളത്തരമേറും
പട്ടാളക്കാരനേകമുണ്ടവിടെ
ഞെട്ടാത്തവനെവനവരുടെ
മട്ടാകെ നിനയ്ക്കിലരിഭയം വേണ്ടാ.
ഉലകിൽ പെട്ട പദാർത്ഥം
പലതരമങ്ങുണ്ടു കാഴ്ചബംക്ലാവിൽ
ഛലരഹിതമവകൾ കണ്ടാൽ
ഫലമെന്തോതേണ്ടുഞാ,നനന്തമഹോ!
പലതരമായ്ക്കച്ചോട-
സ്ഥലമുണ്ടവിടത്തിലായവകൾ കണ്ടാൽ
വലരിപുഭവനത്തേക്കാൾ
വിലയിവകൾക്കേറുമെന്നു തോന്നീടും.
സ്നാനാശനശയനാടന-
പാനാലങ്കരണമെന്നിവയ്ക്കെല്ലാം
ന്യൂനാതിരിക്തമെന്നിയെ
നാനാ വസ്തുക്കൾ സുലഭമങ്ങേറ്റം.
അന്നു മഹാൻ മാടനൃപൻ
വന്നു രസാലെന്നു കേട്ടുടൻ കാണ്മാൻ
വന്നുതുടങ്ങി മഹാന്മാ-
രൊന്നു കഴിഞ്ഞാലടുത്തു മറ്റൊന്നു്.
ഉദ്യോഗസ്ഥന്മാരതി-
വിദ്ദ്യോതിതകീർത്തിയുള്ള ധീരന്മാർ
സദ്യോ രൂപനെക്കാണ്മാ-
നുദ്യോഗമൊടങ്ങു വന്നുടൻ കണ്ടു.
ചൊല്ലാർന്ന ഭൂപനായവ-
രെല്ലാവരെയും യഥോചിതം കണ്ടു
സല്ലാപാദികളിൽ പര-
മുല്ലാസമവർക്കശേഷമുണ്ടാക്കി.
വമ്പാർന്ന പട്ടണങ്ങളിൽ
മുമ്പായിടുമസ്ഥലത്തിൽ നിന്നു നൃപൻ
സമ്പാദിതബഹുഗുണമാം
ബൊമ്പാനഗരത്തിലേയ്ക്കെഴുന്നള്ളി.
അഞ്ചാതകണ്ടു നാഴിക-
യഞ്ചാറിഹ വീതിനീളമുള്ള പുരം
വഞ്ചാരുതയൊടു കണ്ടാൻ
നെഞ്ചാകെ നിറഞ്ഞ കൌതുകേന നൃപൻ.
ചേലുള്ള പുരഗുണം ബഹു
കോലും മധുരാശിയെന്ന നഗരത്തിൽ
നാലുനിലയുള്ള മേടകൾ
നാലഞ്ചല്ലെങ്കിലെട്ടുപത്തുണ്ടാം.
ആറുനിലയുള്ള വീടുക-
ളേറു മഹോ!: നൂറിലങ്ങു ബോമ്പായിൽ
കേറുവതിന്നവയിൽ ജവ-
മേറു'മിലൿട്രിക്കു ലിഫ്റ്റു് 'മുണ്ടേറ്റം
ചില്ലിത്തേങ്ങാ മേടകൾ
മല്ലിട്ടു ജയിയ്ക്കു മേറ്റമുയരത്താൽ
തെല്ലില്ലതമിതിൽ പൊളി
ചൊല്ലിട്ടിവനോർക്കിലെന്തഹോ! കാര്യം.
മില്ലുകൾ മധുരാശിയിലിഹ
തെല്ലുഗണിയ്ക്കുമ്പോളൊന്നുരണ്ടുണ്ടാം
നല്ലൊരു ബോമ്പയിലുള്ളവ
ചൊല്ലുക വയ്യൊക്കെ നൂറിലും കൂടും.
പലവിധയന്ത്രപ്പണിയുടെ
വിലയേറീടും യശശ്ചയം പോലെ
ഉലകഖിലം നിറയുമ്പടി മലർമകൾ
ബോമ്പായിൽനിന്നുദിയ്ക്കുന്നു.
ലോഹമയയന്ത്രവിദ്യക-
ളാഹന്ത! പഠിപ്പതിന്നൊരിസ്കൂളും
നഹി മധുരാശിയിലേറ്റം
മഹിമകലര്ന്നായതുണ്ടു ബോമ്പായിൽ.
ഇങ്ങിനെ ബഹുമഹിതഗുണം
തിങ്ങിന ബോമ്പാപുരം തദാ കണ്ടാൻ
മങ്ങിമയങ്ങാതധികം
പൊങ്ങിന പുകൾപൂണ്ട മാടഭൂമീന്ദ്രൻ.
ബോമ്പായിലും നരേന്ദ്രൻ
തമ്പാദം കണ്ടു കൂപ്പി ധന്യന്മാർ
വമ്പാളും നൃപനതിധന-
സമ്പാദ്യക്കാരെയങ്ങു കൊണ്ടാടീ.
അവിടത്തിൽനിന്നു പിന്നീ-
ടവിളംബം പോയി മാടഭൂപാലൻ
ഭൂവി പലദിക്കിലുമായഥ
വിവിധവിശേഷങ്ങൾ കണ്ടു മോദിച്ചു.
കാളീടും പുകൾ മതിയെ-
ക്കാളീഷൽഗ്ഗുണമൊടൊത്ത ഭൂപാലൻ
കാളീപദങ്ങൾ വിലസും
"കാളീഘട്ട"ത്തിലെത്തിനാൻ പിന്നെ.
ചാരണഗീതം ത്രിജഗൽ-
ക്കാരണകാരണമമന്ദതരകരുണം
ഭൈരവമത്യുഗ്രരവം
ഭൈരവിയുടെ രൂപമങ്ങു കണ്ടു നൃപൻ.
ഒഴുകും മിഴിനീരാൽ മിഴി
കഴുകിക്കൊണ്ടാദരേണ ചണ്ഡികയെ
തൊഴുതഥ ഭക്തിരസാബ്ധിയിൽ
മുഴുകിക്കൊണ്ടീ വിധം സ്തുതിച്ചു നൃപൻ.
"പടുത്വമുള്ള ദാനവൻ കടുത്ത പോത്തിനുള്ള മെ-
യ്യെടുത്തു ശൌര്യവീര്യമാര്ന്നടുത്തു വന്നിടും വിധൌ
തടുത്തിടാത്ത വിക്രമാൽ മടുത്തിടാതുടൻ കുതി-
ച്ചെടുത്തുചാടിടുന്ന നിൻ തുടുത്ത തൃപ്പദം ഭജേ.
മതിയ്ക്കു നന്മകൂടിടും യതിപ്രഭുക്കളേറ്റവും
ശ്രുതിയ്ക്കു ചേര്ന്നിടുംവിധം സ്തുതിച്ചു നിന്നിടുംവിധൌ
അതിപ്രവീരനാകുമദ്ദിതിപ്രജേശമസ്തകേ
കുതിച്ചുചാടിയങ്ങുടൻ പതിച്ച നിൻ പദം ഭജേ
ബലം പെരുത്ത കാസരാസുരന്റെ ചീര്ത്തമസ്തക-
സ്ഥലം തകർത്തുകൊണ്ടു നീയലം ചവിട്ടിടും വിധൌ
ഝിലുംഝിലുന്ന പൊങ്ങിടും ചിലമ്പിനുള്ള നിസ്വനം
മലം കളഞ്ഞിടട്ടെ മേ മനസ്സിൽനിന്നു ചണ്ഡികേ!
സ്വമിത്രസഞ്ചയം പരിഭ്രമിച്ചിടുന്ന മട്ടിലാ-
ക്രമിച്ച കാസരാസുരൻ ശമിപ്പതിന്നു മസ്തകേ
ധിമിന്ധിമീതി മദ്ദളപ്രമിശ്രസൽസ്തവാന്വിതം
ശ്രമിച്ചു തുള്ളിടും പദം നമിച്ചിടുന്നു ഞാൻ തവ.
അയേ! സുരാനമൽപദദ്വയേ! പദാബ്ജസേവക-
പ്രിയേ! കൃതാസുരക്ഷതിക്രിയേ! നമിച്ചിടുന്നു ഞാൻ
ജയേശവല്ലഭേ! മഹാദയേ! സദാ നിരസ്തതൽ-
ഭയേ! മുരാരിപങ്കജാലയേന്ദ്രവന്ദിതേ! ശിവേ!"
ഉൽകടഭക്ത്യാ ശിവതൻ
തൃക്കഴലേവം സ്തുതിച്ചു വന്ദിച്ചു
തക്കത്തിലഥ നരന്ദ്രൻ
കൽക്കട്ട സമസ്തവും പ്രദര്‍ശിച്ചു.
തൽക്കാലോചിതകര്മ്മം
നിൽക്കാതങ്ങാക്കയും നൃപൻ ചെയ്തു
അക്കാർ കുഴൽ മണിയോടൊ-
ത്തുൾക്കാമ്പു തെളിഞ്ഞുടൻ പുറപ്പെട്ടു.
ആരോമൽ പുകൾ പൂണ്ടിടു-
മോരോ പുണ്യസ്ഥലങ്ങളിൽ ചെന്നു്
ധീരോത്തംസൻ നരപതി
നേരോടങ്ങങ്ങു ചെയ്തു പുരുപുണ്യം.
ആകാശത്തിൽ വിളങ്ങും
രാകാശശിപോലെ കീര്‍ത്തിയുള്ള നൃപൻ
വൈകാതെ ചെന്നു പിന്നെ
ശ്രീകാശീപുരിയിലെത്രയും ഭക്ത്യാ
ഗംഗയിലഥ മനുജേശൻ
മംഗളമാകുംവിധത്തിൽ മജ്ജിച്ചു
ഭംഗവിഹീനം കണ്ടൂ
ലിംഗമയം വിശ്വനാഥശിവരൂപം.
ഗോദാനം ധനദാനം
ഭൂദാനം പാരമന്നചയദാനം
ഔദാര്യശാലി ഭൂപൻ
മോദാൽ പലദാനമീവിധം ചെയ്തു.
ഗംഗാനദിയേയുമുടൻ
ഗംഗാധരദേവനേയുമബ്ഭൂപൻ
തുംഗാമലഭക്ത്യാ ദു-
സ്സംഗാദികൾ പോക്കുവാൻ സ്തുതിച്ചു ചിരം.
ഗംഗേ! കൃതബഹുദുഷ്കൃത-
ഭംഗേ! നാരായണാംഘ്രിതലജാതേ!
തുംഗേശമൌലിഗേട്ടത്ഭുത-
ഭംഗേ! ഞാൻ ഭവതിയെ ഭജിയ്ക്കുന്നേൻ.
ഉൽകടതിമിരമശേഷവു-
മര്ക്കപ്രഭ പോക്കിടുന്നവണ്ണം നീ
ഉൾക്കനിവോടുമഘത്തി-
ന്നുൽക്കരമെല്ലാം മുടിച്ചുകളയുന്നു.
ഭഗവതിഭക്തി ഭവിപ്പാൻ
ഭഗവതി! നിൻ തീരവാസമൊന്നല്ലോ
ജഗതി നിനച്ചാൽ കാരണ-
മഗതികൾതൻ ദുഃഖമഖിലമൊഴിവാനും.
ഭുവനങ്ങളെ മുഴുവൻ ബഹു-
ജവമൊടു സംശുദ്ധമാക്കിടും മുനികൾ
ശിവ! ശിവ!! നിജശുദ്ധിയ്ക്കായ്
തവ തീരത്തിങ്കൽ വന്നു വാഴുന്നു.
മായമൊഴിഞ്ഞതിദയയെഴു-
മായവർ ഭഗവാന്റെ സൽഗുണഗണത്തെ
മായ കടപ്പാൻ ബഹുരസ-
മായവിടെച്ചൊല്ലുമായതൊന്നുമതി.
സുരമുനിജനവും ചൊല്ലും
വരമാകിയ താവകസ്തവാഘോഷം
തിരമാലകൾ മറിയുമ്പോൾ
പരമങ്ങുണ്ടായ്വരുന്ന നിഘോഷം;
ജലപാനത്തിന്നണയും
പലപല ജന്തുക്കൾ തന്റെ നിഹ്രാദം
ജലവാഹനലീലകളിൽ
ഛലരഹിതമുദിച്ചിടുന്ന ബഹുനാദം;
ഇങ്ങിനെ പലപല ഘോഷം
തിങ്ങിന നിൻചാരുതീരദേശത്തിൽ
പൊങ്ങിന രസമൊടു വാഴാ-
നിങ്ങിനി യോഗം വരുത്തിടേണം നീ
സാരഗുണമൊത്തിടും ഫല-
ഭാരമെഴും ഭൂരീവൃക്ഷലതികൌഘം
സൈ്വരമിടതിങ്ങിടും തവ
തീരമഹോ! സകലലോകരമണീയം.
എങ്ങും പ്രസിദ്ധമിതു പുകൾ
പൊങ്ങും നിൻ വിമലവാരിപൂരത്തിൽ
മുങ്ങും ജീവന്മാരഥ
പൊങ്ങുമ്പോൾ നിയതമീശ്വരന്മാരാം.
വിശ്വസ്ഥിതി,ലയ,സൃഷ്ടിക-
ളീശ്വരരാകുന്നു ചെയ്തിടുന്നതുപോൽ
ഈശ്വരസൃഷ്ടിയിവണ്ണം
ശാശ്വതയാം ഭവതി ഹന്ത! ചെയ്യുന്നു.
നിന്നിൽ ഭക്തി ഭവിപ്പാ-
നെന്നിൽ കൃപയിന്നു ചെയ്ത ജവനുസുതേ!
മന്നിൽ പലതുണ്ടിന്നവ-
തന്നിൽ കൊതിയില്ലെനിയ്ക്കു ലവലേശം.
സാരം ചേരാത്തീസ്സം-
സാരം ശീഘ്രം മുടിയ്ക്കുവാൻ വീര്യം
പാരം കൂടും തവ ജല-
പൂരം ബഹുരസമയം ദൃഢം പൂരം.
വാഗീശകരകജാതേ!
ഭോഗീശ്വരശയനചരണനളിനഭവേ!
യോഗിന്ദ്രസേവ്യമാനേ!
ഭാഗീരഥി ! നിന്നെ ഞാൻ ഭജിയ്ക്കുന്നേൻ".
"ശങ്കര! ശശാങ്കമൌലേ!
ശങ്കരിതൻ ജീവനാഥ! ശിവ! ശംഭോ!
കിങ്കരനാമടിയനിലിഹ
നിങ്കരുണാമൃതരസം സ്രവിയ്ക്കേണം.
കരുണാമൃതരസമിതു കൈ-
വരുവാൻ ധര്മ്മങ്ങൾതന്നെ ചെയ്യേണം
അരുതരുതു ധർമ്മസൂക്ഷ്മമി-
തൊരുവനുമറിവാനുമെന്തു ചെയ്യേണ്ടൂ.
ഒരു മുനിമറകളെ നന്നായ്
നിരുപിച്ചിട്ടൊന്നു ധര്മ്മമെന്നോതും
വിരുതു പരമേറിടും മ-
റ്റൊരു മുനി മറ്റൊന്നു ചൊല്ലിടും ധര്‍മ്മം.
പുരുഷോത്തമനതപദ നി-
ന്നരുളപ്പാടായിടുന്ന മാതന്റെ
ഗുരുതരമാം സിദ്ധാന്തം
പുരുഷന്മാര്ക്കാര്ക്കുമറിയുവാൻ വയ്യാ.
എന്നാലിഹ ശിവ! ശങ്കര!!
നിൻനാമം ചൊൽകയും ഭവല്പാദം
നന്നായ് ഭജിയ്ക്കുയും താ-
നിന്നാലോചിയ്ക്കുകിൽ പരം ധര്‍മ്മം.
പുരുഷവരനര്ജ്ജുനൻ പ-
ണ്ടുരുഭക്ത്യാ നിൻപദം ഭജിച്ചതിനാൽ
തെരുതെരെയമ്പുകൾ തൂകി-
ക്കുരുസൈന്യമുശേഷമാശു കുലചെയ്തു.
പാരാശര്യമുനീന്ദ്രൻ
പാരാതേ നിൻപദം ഭജിച്ചതിനാൽ
ആരാൽ ബ്രഹ്മജ്ഞാനം
നേരായ് ചേരുന്ന പുത്രനെ ലഭിച്ചു..
മുന്നം യദുപതി കൃഷ്ണൻ
നിന്നംഗം പാര്‍ത്തു പേർത്തു സേവിച്ചു
എന്നതിനാലബ്ഭഗവാ-
നന്നഴകേറിയ തനൂജനുണ്ടായി.
ദക്ഷൻ പ്രജാപതീശൻ
ദക്ഷൻ സർവ്വത്തിനും ഭവാൻതന്നെ
ത്ര്യക്ഷ! ദുഷിച്ചതുകാരണ-
മക്ഷണമേ നഷ്ടനായിപോൽ മൂന്നും.
അളവറ്റ നിൻമഹത്വം
കളവായല്പം ചുരുക്കിയുരചെയ്താൻ
നളിനജ,നതുകൊണ്ടവനുടെ
പൊളി ചൊല്ലിയൊരശ്ശിരസ്സറുത്തു ഭവാൻ.
നിന്നെബ്ഭജിപ്പവര്ക്കിഹ
പിന്നെയ്ക്കെന്നല്ലുടൻ വരും സൌഖ്യം
നിന്നെദുഷിപ്പവര്ക്കിഹ
പിന്നെയ്ക്കെന്നില്ലുടൻ വരും ദുഃഖം.
അതിനാൽ മറ്റൊക്കെ വെടി-
ഞ്ഞതിഭക്തിരസം കലർന്നു തവ ചരണം
മതിയിലുറപ്പിച്ചു സദാ
മുതിരുന്നേൻ പശുപതേ! ഭജിപ്പാൻ ഞാൻ.
നിങ്കഴൽ ഭജിച്ചുകൊൾവാൻ
സങ്കല്പിച്ചാലുമുണ്ടു പുരുപുണ്യം
ശങ്ക വെടിഞ്ഞതിനാൽത്താൻ
ശങ്കര! യമനെജ്ജയിച്ചു നന്ദി പുരാ
ജയ ജയ മൃത്യുഞ്ജയ! ശിവ!
ജയ ജയ വിജയപ്രഹാരകിണധാരിൻ!
ഭയമൊഴിവാനതിബഹുരസ-
മയമായ് നിൻ ഭജനമാശു തരണം മേ".
തുംഗാശയനവനിങ്ങിനെ
ഗംഗാഗംഗാധരസ്തവങ്ങൾ തദാ
ഭംഗമൊഴിഞ്ഞു ജപിച്ചതി-
മംഗളമാകുംവിധം സുഖം പൂണ്ടു.
"ഡില്ലി”യിലഥ നൃപവൈര-
ക്കല്ലിവനെത്തീട്ടുദിച്ച വൃത്താന്തം
തെല്ലിനി മടികൂടാതിഹ
ചൊല്ലിടുവൻ കേട്ടുകൊൾവിനെല്ലാരും.
നലമൊടു നൃപാഗത്താ-
ലുലകിടമതഹോ! രസിച്ചുകൊണ്ടിളകി
കലയുടെ നിധിയണയുമ്പോൾ
ജലധി രസിച്ചിളകിടാതെ നിന്നിടുമോ?
ശ്രീമാൻ വൈസ്രോയി മഹാ-
ധീമാനഥ സൽകരിച്ചു നരവരനെ
രാമാനുജനാം കൃഷ്ണൻ
പ്രേമാലക്രൂരനെപ്പോലെ.
ദക്ഷനവനെത്തിടുമ്പോൾ
ശിക്ഷയിലതു ലോകരങ്ങു കൊണ്ടാടr
ദക്ഷിണവായു വരുമ്പോൾ
വൃക്ഷസമൂഹങ്ങളെന്നുപോലെ തദാ.
ആ മാന്യനൃവരനവിടെ
ക്ഷേമാന്വിതമൊരു ഗൃഹത്തിൽ വാണരുളr
ക്ഷേമാതിരേകമുളവാം
ശ്രീമാന്മാര്ക്കെങ്ങുമെന്നുതാൻ ഞായം.
പരമഥ കോൺഫ്രൻസിന്നാ-
യരചകുലം സരസമങ്ങു വന്നെത്തി
തരമൊടു വര്ഷിപ്പാനായ്
നിരവധിഘനസംഘമെന്നവണ്ണമഹോ!
വീരൻ ഗേയ്ക്ക്വാർ മുതലാം
ധീരന്മാരായ ഭൂമിനാഥന്മാർ
സാരം കലര്‍ന്ന വാക്കുകൾ
പാരം സഭയതിലെടുത്തുവര്ഷിച്ചൂ.
വീര്യമെഴുമാനൃപന്മാർ
കാര്യ വിശേഷങ്ങൾ പലതുമസ്സഭയിൽ
ധൈര്യമൊടു പാര്‍ത്തു ചിന്തി-
ച്ചായതയൊടു തീര്പ്പുചെയ്തു വഴിപോലെ.
പുരുശുഭകാര്യം ചെയ്വാൻ
വിരുതെഴുമീമാടഭൂപകുലവരനെ
ഒരുമയൊടഥ ഡർബാറതി-
ലൊരു മെമ്പ്രായ് നിശ്ചയിച്ചു ഭൂപന്മാർ,
പലപല ദേശങ്ങളിൽ വ-
ച്ചല സാക്ഷികൾമൌലി മാടനൃപമഹിഷി
പല നൃപപത്നികളുടെ നി-
ശ്ചലസൌഹാര്ദ്ദം ഗുണങ്ങളാൽ നേടീ.
വേഷമൊതുങ്ങിയതേറ്റം
യോഷകൾമണിയാമവൾക്കു പാര്‍ക്കുമ്പോൾ
ഭാഷകൾ മൂന്നാലറിയാം
ദോഷമഹോ! തെല്ലുപോലുമില്ലല്ലോ.
പണമലമുകളിലെഴും പ്രഭു-
ഗണമഹിഷികളും നരേന്ദ്രപത്നിയുടെ
ഗുണഗണമോര്ത്തോര്ത്തുള്ളിൽ
പ്രണയവുമാശ്ചര്യവും തദാ പൂണ്ടു.
പുണ്യക്ഷേത്രങ്ങളിലവൾ
പുണ്യം ചെയ്താളഗണ്യമായ്ത്തന്നെ
തിണ്ണം പതിഗുണമൂലമി-
വണ്ണം നന്മകളവൾക്കു സിദ്ധിച്ചു.
പരിവാരങ്ങളൊടൊന്നി-
ച്ചരിശമനനുടൻ നൃപൻ പുറപ്പെട്ടു
ശരിയെപ്പോന്നഥ വന്നാൻ
പരിചോടഥ "ചെറുതുരുത്തി"യാം ദിക്കിൽ.
അവിടെച്ചെന്നു മഹാജന-
മവിളംബം നൃപനെ വിരവൊടെതിരേറ്റു
അവികലമംഗളപത്രം
കവിയും രസമൊടു നരേന്ദ്രനായ് നൽകീ.
എത്രയുമത്ഭുതമാം നിജ-
ചിത്രമഹാദേശയാത്രയുടെ വൃത്തം
തത്ര കഥിച്ചില്ലവരൊടു
പത്രഗണപ്രഥിതമാകയാൽ ഭൂപൻ.
കുലവാഴകൾ, മണി തോരണ-
ജലപൂര്ണ്ണഘടങ്ങൾ, പല്ലവസുമങ്ങൾ
പലതിയ വിലസും സ്വപുരേ
നലമൊടു ചെന്നാനനന്തരം ഭൂപൻ.
വലിയമ്മരാജിമുതലാം
വലിയ ഗുരുസ്ഥാനമുള്ള നിഖിലരെയും
കലിതമഹാഭക്തിരസാ-
ലലിയും മനമോടു തത്ര കണ്ടു നൃപൻ.
അവരൊടു ചൊന്നാൻ തന്നുടെ
നവനവനാനാപ്രദേശവൃത്താന്തം
അവനീശ്വരനഥ ചെന്നാൻ
ജവമൊടു പൂണ്ണത്രയീശസദനത്തിൽ.
ഭൂപാലകാജ്ഞയാ ബഹു-
ദീപാവലി രത്നമാലപോലെ തദാ
ആപാദചൂഡമഴകായ്
ശ്രീപാരിയ്ക്കും ഗൃഹത്തിലുണ്ടാക്കീ.
ഘനസദൃശകാന്തി തേടും
ഘനതരമാമഷ്ടഗന്ധഭവധൂപം
ജനമനസി താപശാന്തി-
യ്ക്കനവധി വര്‍ഷിച്ചു ഭക്തിരസമപ്പോൾ.
ഖരതുളസിദളമാലിക
മരതകമണിമാലപോലെ ശുഭകാന്ത്യാ
പരമാവിഷ്ണുക്ഷേത്രേ
നിരവധി നീളം നിരന്നു ശോഭിച്ചു.
പടഹമൃദുമഞ്ജുരവവും
തടവുപെടാതുള്ള താളനിസ്വനവും
ഇടചേര്ത്തുകൊണ്ടു ഗായക-
രുടനവിടെപ്പാടി ഗീതഗോവിന്ദം.
അടവുവരാതെയിരിപ്പാൻ
ഭടരതിയാകും തിരക്കു നീക്കി ജവാൽ
ഉടന ഹരിയുടെ നേരേ
നടയിലെഴുന്നള്ളി നിന്നു നരനാഥൻ.
സാരം ചേര്ന്നുല്ലസിച്ചുള്ളജിതനുടെ വപു-
സ്സക്ഷികൊണ്ടാസ്വദിച്ചൂ
പാരം താപം ത്യജിച്ചൂ നൃപനഥ ഹൃദയേ
ഭക്തിഭാരം ഭരിച്ചൂ
സ്വൈരം കണ്ണീരൊലിച്ചൂ പുളകമധികമായ്
മെയ്യിലെല്ലാം ധരിച്ചൂ
ധീരൻ നന്നായ നമിച്ചൂ ഹരിപദകമലം
തത്ര വാഴ്ത്തിസ്തുതിച്ചൂ.
ഇങ്ങിനെ ഗോശ്രീശാദിത്യചരിതത്തിൽ
ദേ ശസഞ്ചാരമന്ന
ഏഴാം സര്‍ഗ്ഗം കഴിഞ്ഞു.
എട്ടാം സര്‍ഗ്ഗം
ഹരൻ പത്മജൻ ശക്രനിത്യാദിയാകും
സുരന്മാരാശഷം നമിയ്ക്കും മുരാരേ!
സ്ഥിരം നീ വസിയ്ക്കുന്നു സാരങ്ങളാലേ
ചിരം പൂര്‍ണ്ണമായുള്ള വേദത്തിൽ നിത്യം.
യതിപ്രൌഢസംവേദ്യമാകും ത്വദീയം
ശ്രുതിപ്രോക്തരൂപം ചിദാനന്ദരൂപം
ശ്രുതിയ്ക്കും വചസ്സിന്നുമോര്ത്താലഗമ്യം
മതിയ്ക്കും തഥാ ഹന്ത! കാണ്കെന്തു കഷ്ടം!
ഭവച്ഛേദമെന്നുള്ളതുണ്ടായ്വരില്ലി-
ബ്ഭവദ്രൂരൂപസാരം ലഭിയ്ക്കായ്കിൽ നൂനം
അവിച്ഛേദ്യമാമീയനര്ത്ഥം മുടിപ്പാൻ
ഭവിച്ചാനഹോ! പൂര്ണ്ണവേദസ്ഥനായ്നീ.
ജിതാത്മാക്കൾ കാണാതെഴും ബ്രഹ്മമെന്നു-
ള്ളതാകുന്നു കാണുന്നൊരീ നിന്റെ രൂപം
ഇതാരോ നമിയ്ക്കുന്നിതായാൾ വിമുക്തൻ
ഹതാശേഷ സന്താപ! മായേശ! വിഷ്ണോ!
രമാദേവി നിത്യം രമിയ്ക്കും ഭവാൻതൻ
സമാനാതിരിക്തങ്ങളില്ലാത്ത രൂപം
മമാനന്ദമാംമട്ടുദിയ്ക്കണമുള്ളിൽ
സമാധിസ്ഥരാം യോഗികൾക്കെന്നപോലെ.
കഴൽകഞ്ജയുഗ്മം മഴക്കാറു തന്മേൽ
വഴക്കെന്നിയേ വച്ചെഴും ഭാനുപോലെ
തഴയ്ക്കുന്ന വാർകൂന്തലേന്തും ശിരസ്സിൽ
കഴക്കറ്റുമിന്നുന്ന പൊന്നിൻ കിരീടം
കലാനാഥബാലാക്രമാലോലസുഭൂ-
വിലാസങ്ങൾ ചേരും ലലാടം മനോജ്ഞം
നിലാവേറ്റു നിൽക്കുന്ന നീലോല്പലത്തിൻ
പലാശം തൊഴും ലോചനം സൽകൃപാര്ദ്രം.
തിലപ്പൂ തൊഴും തുംഗനാസാപുടം, സ-
ഞ്ചലൽ കുണ്ഡലം ചേര്‍ന്ന ഗണ്ഡസ്ഥലങ്ങൾ
വിലപ്പെട്ട സദ്വിദ്രമത്തിന്റെ സാരം
ബലത്താലെടുത്തീടുമോഷ്ഠാധരങ്ങൾ.
കുരുക്കുത്തിമുല്ലയ്ക്കെഴും കുഗ്മളത്തിൻ
കുരുത്തം കെടുത്തുന്ന ചാരുദ്വിജങ്ങൾ
പെരുത്തിന്ദുവിന്നുള്ള സൌഭാഗ്യസാരം
കരുത്തോടു കക്കും മുഖം മുഗ്ദ്ധഹാസം.
സമുദ്രോദിതാതിസ്ഫുരൽ കൌസ്തുഭശ്രീ
സമുദ്രാസമേതം ഗളം ശംഖതുല്യം
സുമുക്താച്ഛമാലാരമാവന്യമാലാ-
വിമുക്തം സദാ മാര്‍ത്തടം മാന്യശോഭം.
സ്ഫുരിയ്ക്കും മഹാദീര്ഗ്ഘബാഹുക്കൾ നാലിൽ
ധരിയ്ക്കുംഗദാശംഖചക്രാംബുജങ്ങൾ
തെരിയ്ക്കെന്നു കല്പത്തിലീവിശ്വമെല്ലാ-
മിരിയ്ക്കും വിശാലാന്തരം കുക്ഷിദേശം.
കടിസ്ഥാനസംലഗ്നമായ് തൂങ്ങിടും പൊൻ-
പൊടിയ്ക്കൊത്ത പീതാഭ ചേരുന്ന വസ്ത്രം
മടിയ്ക്കാതെ ദേവര്ഷിസംഘങ്ങൾ കൂപ്പു-
ന്നടിത്താരിതെല്ലാമെഴും തത്സ്വരൂപം.
അനന്താസനം സ്നിഗ്ദ്ധനീലാഭയാൽ നൽ-
ഘനംതാൻ പൃഥാസൂനു ക്ഌപ്തപ്രതിഷ്ഠം
ജനം തേറിടും ഭക്തിയാൽ ശുദ്ധമാകും
മനം തേടി മോദേന കാണുന്നു നിത്യം.
ഹരേ! ശങ്കകൂടാത "കായാധവാ”ഖ്യാ-
സുരേശന്നു വേണ്ടി ബ്ഭവാൻ ഭക്തദാസൻ
നരാകാരമോടൊത്തിടും സിംഹമായി-
പ്പുരാ കാണുമാറായിപോലെത്ര ചിത്രം!:
ഇടിയ്ക്കുള്ളിലുള്ളുഗ്രമാം ഗഌവ്വമെല്ലാം
മുടിയ്ക്കുന്ന ഗംഭിരഘോരാട്ടഹാസം
മടിയ്ക്കാത വജ്രം വണങ്ങുന്നഖൌഘം
തടിൽക്കാന്തിചഞ്ചത്സടാഭ്രാമിതാഭ്രം;
ഭവാംഭോജവാസാദി സംസേവ്യമാനം
ഭവാൻ പണ്ടു കൈക്കൊണ്ടൊരിബ്ഭവ്യരൂപം
ഭവാംഭോധി പാരം കടപ്പാൻ തൊഴുന്നേൻ
നവാംഭോദവര്ണ്ണാച്യുതാനന്ത! വിഷ്ണോ!
യശോദാദി ഗോപീജനത്തിന്നു വേണ്ടി-
ബ്ഭൃശോദാരനാം നി പുരാ, കൃഷ്ണമൂര്ത്തേ!
യശോദാത്ഭുതാനേകരൂപങ്ങൾ കൈക്കൊ-
ണ്ടശോകം വിരിഞ്ചന്നുമുൾക്കമ്പമേകീ
സുസന്താപമേന്തുന്ന ഭൂമീസുരന്നായ്
സ്വസന്താനമെല്ലാം കൊടുത്തെന്നവണ്ണം
സസന്തോഷമേകുന്ന സന്താനമുദ്ദ്യ-
ദ്രസം തോയദച്ഛായ! മേ മായമെന്യേ.
വടിഞ്ഞീടുമര്ത്ഥങ്ങളെന്തിന്നു വംശം-
മുടിഞ്ഞീടുമാറായിതല്ലോ നിനച്ചാൽ
തടിച്ചാധി പൂണ്ടാരിവണ്ണം ഹൃദന്തം
പിടച്ചാശു മൽപൂർവ്വരാം ഭൂമിപന്മാർ.
അവിച്ഛിന്നമാം നിന്റെ കാരുണ്യമൂലം
ഭവിയ്ക്കുന്നതില്ലിപ്പൊഴത്താപമൊട്ടും
ഭവിയ്ക്കുന്നു സമ്പത്തുപോരായ്കയാൽ മാ-
ലവിച്ഛേദമിന്നായതും തീര്‍ക്കണം നീ.
വലദ്വേഷിസോദര്യ! സന്താനമിന്നും
നിലയ്ക്കാത വര്ദ്ധിച്ചിടുന്നുണ്ടു പാരം
കുലത്തിന്റെ വിസ്താരമുൾത്താരിലോര്ത്താൽ
മലർപ്പെൺപതേ! ഹന്ത! സമ്പത്തു പോരാ,
കൊടുത്തീലയോ നീ കുചേലദ്വിജന്നാ-
യെടുത്താലൊടുങ്ങാത്ത വിത്തം മഹാത്മൻ!
കടുക്കുന്ന ദാരിദ്ര്യമോടിയ്ക്കുവാൻ ന-
ന്മിടുക്കുള്ള സമ്പത്തു വര്ഷിയ്ക്കു വേഗം.
കനത്തുള്ള യുഷ്മൽ പ്രസാദം നിനച്ചാ-
ലനര്‍ത്ഥം വരില്ലായവന്നിങ്ങുതെല്ലും
തനിച്ചായതോതുന്നു കായാധവന്താൻ
നിനച്ചാൽ ഗ്രഹിയ്ക്കാമതേവവക്കുമല്ലൊ.
കുമാരൻ കഥിയ്ക്കുന്നു നിൻ ഭക്തനുണ്ടാം
സമാധിയ്ക്കുറപ്പേറ്റമെന്നുള്ള തത്വം
രമാദേവി ചൊല്ലുന്നു ദാരിദ്ര്യമൊട്ടും
പ്രമാദത്തിലും ചേരുകില്ലെന്ന തത്വം.
സ്വയംഭൂ കഥിയ്ക്കുന്നു നിൻ ഭക്തനെന്നും
സ്വയം സൃഷ്ടിചെയ്യും ജഗത്തെന്ന തത്വം
ജയം കൈവരും പോരിലെന്നുള്ള തത്വം
ഭയം വിട്ടു ചൊല്ലുന്നു ബീഭത്സുവീരൻ.
വേവൽഭക്തവീര്യം കഥിയ്ക്കുന്നു സാക്ഷാൽ
ഭവൻ ഹന്ത! ഗംഗാധരൻ കാലകാലാൻ
ഭവത്ഭക്തികന്യാജനത്തിന് പിതൃത്വം
ഭവത്ഭക്തനാണെന്നു ദേവര്ഷിവര്യൻ.
അധര്‍മ്മങ്ങൾ ചെയ്യില്ല നിൻഭക്തനൊട്ടും
സുധര്മ്മങ്ങൾ ചെയ്തീടുമത്യാദരണ
സ്വധര്മ്മസ്ഥനാം ധര്മ്മജൻ പാരമെന്നീ-
വിധം തത്വമോതുന്നു ഗാംഭീര്യശാലീ.
ചിരംതാൻ പ്രവത്തിച്ച പാപത്തെയെല്ലാം
പരം ത്വൽപദാംഭോജസത്ഭക്തിലേശം
അരം സംഹരിച്ചീടുമെന്നുള്ള തത്വം
സ്ഥിരം കാന്യകുബ്ജദ്വിജൻ ചൊല്ലിടുന്നു.
സദാ സർവ്വലോകേശ! ലക്ഷ്മിശ! യുഷ്മൽ
പദാംഭോജസേവാരസാംഭോധിമദ്ധ്യേ
മുദാ മുങ്ങിടുന്നോര്ക്കു സന്താപമില്ലെ-
ന്നുദാരൻ കഥിയ്ക്കുന്നുതേ ചിത്രകേതു.
ഭൂമിയ്ക്കുന്നു ഹാ! ഞാൻ ഭവാംഭോധിമദ്ധ്യേ
ശ്രമിയ്ക്കുന്നു സംസാരദുഃഖങ്ങളാലേ
നമിയ്ക്കുന്നു യുഷ്മൽപ്രസാദാന്തരായം
ശമിയ്ക്കുംവരയ്ക്കും കൃപാശീല! കൃഷ്ണ!
ഹരേ! കൃഷ്ണ! ശൌരേ! വിഭോ! ദാനവാരേ!
സുരേശേഡ്യ! ഹസ്തസ്ഥാശംഖാംബുജാരേ!
ചിരേണ ത്വദംഘ്രിദ്വയം കൂപ്പിടും മേ
തരേണം മുകുന്ദ! പ്രഭോ! നിൻ പ്രസാദം."
ഏവം ശ്രീവിഷ്ണുഭക്തിപ്രചുരതരസുധാ-
പാത്രമാം സ്തോത്രരത്നം
ദേവന്മാര്ക്കും മനോജ്ഞം നരപതിതിലകൻ
ചൊല്ലി മെല്ലെ സ്തുതിച്ചു
ശ്രീവന്നമ്പോടു വാഴും നിജഗിരിസദനേ
ചെന്നു പിന്നീടമന്ദം
ഭാവം ചേരുന്ന തൻപ്രേയസിയൊടുസഹിതൻ
പീനമോദേന വാണു.
ശ്രേഷ്ഠത്വമുള്ള ഗുണമൊത്ത നരേന്ദ്രമാതൃ-
ജ്യേഷ്ഠത്തി ഭക്തി കലരും വലിയമ്മരാജ്ഞി,
പ്രേഷ്ഠസ്വദേഹസഹിതം ബത! മാടഭൂമീ-
പൃഷ്ഠം വെടിഞ്ഞു ഹരിലോകമണഞ്ഞു പിന്നെ.
സംസ്ക്കാരകര്‍മ്മം മുതലായിടുന്ന
സൽകാര്യമെല്ലാം നൃവരൻ നടത്തി
സൽകാരപൂര്വ്വം സുജനങ്ങൾ ദുഃഖം
സർക്കാര്‍ മുറയൊക്കയുമാചരിച്ചു.
ശ്രീതാവുമുര്വ്വീതലനായകന്റെ
മാതാവുടൻ താമസിയാതെ പിന്നെ
സ്ഫീതാഭയാം പൂര്വ്വജയൊത്തിരിപ്പാൻ
ജാതാഗ്രഹം വിഷ്ണുപുരിയ്ക്കു പോയാൾ.
അനന്തരം മാതൃപരേത കര്‍മ്മ-
മനന്തദാനാദികളോടുകൂടി
അനന്തതൻ നായകനാശു ഭക്ത്യാ
മനന്തെളിഞ്ഞാദരവോടു ചെയ്താൻ.
തുടങ്ങിനാൻ വത്സരദീക്ഷ പിന്നെ
മുടങ്ങിടാതാ ക്ഷിതിലോകനാഥൻ
അടങ്ങിടാത്തീനൃപധൈര്യമോടു
മടങ്ങി പാരം ചപലേന്ദ്രിയങ്ങൾ.
വലിപ്പവും വൃത്തിയുമാ നൃപന്റെ
ബലിക്രിയയ്ക്കുള്ളതുകൊണ്ടു ദോഷം
ചലിച്ചുപോയാശു പിതൃപ്രസാദം
ജ്വലിച്ചു വര്‍ദ്ധിച്ചു ശുഭം തികഞ്ഞു.
ആത്ത പ്രമോദത്തൊടു തത്ര നിത്യ-
ശ്രാദ്ധം ഭുജിക്കും ധരണീസുരന്മാർ
ഗാത്രം തെളിഞ്ഞാ നൃപസൽഗുണൗഘ-
സ്തോത്രം തുടങ്ങി പതിവിൻ പ്രകാരം.
തൃത്താലിചാര്ത്തലിനു കാലമതിക്രമിച്ച-
തുൾത്താരിലക്ഷിതിപതിപ്രഭു പാർത്തു പിന്നെ
ചിത്താഭിരാമതയൊടായതുടൻ നടത്താൻ
തത്താദൃശോദ്യമമമന്ദമുടൻ തുടര്ന്നാൻ.
കല്യാണവാരിനിധിഭൂപതി മക്കൾതന്റെ
കല്യാണകര്മ്മവുമടുത്തുടനേ നടത്താൻ
കല്യാശയൻ കലിമലാപഹസൽഗുണത്താൽ
തുല്യാതിരിക്തരഹിതൻ ദൃഢമായുറച്ചാൻ.
കല്യാണശീലമിയലും നൃപപുത്രിമാര്ക്കു
കല്യാണമേറ്റവുമടുത്ത ദശാന്തരാളേ
ഉല്ലാസമോടൊരുചിതക്രിയ തത്ര ചെയ്താൾ
ചൊല്ലാര്‍ന്ന സൽഗുണമെഴും വലിയമ്മരാജ്ഞി.
അമ്മനുജേശ്വരമഹിഷി-
യ്ക്കമ്മമഹാരാജ്ഞി സമ്മദത്തോടേ
നന്മയോടു ഹന്ത! "നൈത്യാ-
രമ്മ"സ്ഥാനം കൊടുത്തു വിധിപോലെ.
കേടറ്റീടിന കാന്തിയുള്ള ഗിരിജാ-
പ്രാണേശ്വരൻതൻ ജടാ-
ജൂടസ്ഥാനമുടൻ ലഭിച്ച സമയേ
ബാലേന്ദു പോലേ തദാ
മാടക്ഷ്മാപതിവര്യ പട്ടമഹിഷീ-
സ്ഥാനം ലഭിച്ചപ്പൊള-
ക്കോടക്കാർകുഴൽമൌലിരത്നമധികം
ഭംഗ്യാ വിളങ്ങീ ശുഭം.
ഈ രാജമാനമഹിതോത്സവമാനനത്തി-
ന്നാരാൽ വരും നിയതമേറെ മഹാജനങ്ങൾ
നേരായവര്ക്കു കുശലത്തിനു വേണ്ടതെല്ലാം
ധാരാളമായ്വരണമെന്നു നിനച്ചു ഭൂപൻ;
പെരുത്തു വേണ്ടുന്ന പദാര്‍ത്ഥമെല്ലാം
വരുത്തിനാൻ നന്മയൊടപ്പുരത്തിൽ
കുരുത്തമുള്ളോര്ക്കു പിഴച്ചുപോകാ-
കരുത്തെഴും നല്ല മനീഷി നൂനം.
ഇങ്ങിനെ വട്ടംകൂട്ടിയൊ-
രുങ്ങിവരുന്നാ മഹോത്സവം കാണ്മാൻ
പൊങ്ങിന കൌതുകഭരമിട-
തിങ്ങിയമന്നാർ ജനങ്ങളെല്ലാരും.
വഴിയ്ക്കുതാൻ നാഴികയെണ്ണിയെണ്ണി-
കഴിച്ചു മാലോകരുടൻ വിഷാദം;
ഒഴിച്ചു പാണിഗ്രഹവാസരേ കൺ-
മിഴിച്ചു കണ്ടാർ തപനോദയത്തെ.
മാലോകരാദിത്യമഹോദയത്തെ
മാലോടുകൂടാതഥ കണ്ടു പിന്നെ
ആലോചനാപൂർവ്വമുരച്ചു തമ്മിൽ
കാലോചിതം കൌതുകമോടുകൂടി.
"ഭേദിച്ചു ഹന്ത! ദോഷം ഗുണമിവ സമമാ-
ക്കീടുമുഗ്രം തമസ്സാ-
മോദിച്ചു പാരിലെല്ലാം കിമപി വികസിതാ-
കാരപത്മാകരങ്ങൾ
ആദിത്യൻ വന്നുദിച്ചു വെളിവിനൊടധുനാ
സ്വാര്ത്ഥമെല്ലാവരും സം-
പാദിച്ചീടാൻ മടിയ്ക്കാതഴകിനൊടു തുട-
ങ്ങുന്നു തിങ്ങും പ്രമോദാൽ.
സഹാസരാജന്നളിനീമനോജ്ഞ-
വിഹാരനാദിത്യനുദിച്ചുയര്ന്നൂ
ഇഹാശു ലോകം വെളിവോടുണർന്നു
മഹാശ്മശാനഗ്രഹഭീതി തീര്‍ന്നൂ.
ചിലപ്പോൾ സദ്വൃത്തൻ ഹൃദഗകളങ്കാതിമലിനൻ
ചിലപ്പോൾ കൌടില്യാന്ന്വിതനനിയതാകാരനനിശം
ജലപ്രായാത്മാവായ്മരുവുമൊരു ദോഷാകരനവൻ
കലയ്ക്കീശൻ മങ്ങീ പരമുദിതനാദിത്യനധുനാ.
പീനാഭയാം പത്മിനി സദ്വിജാളി-
സ്ഥാനാര്ഹയായത്ര വിളങ്ങിടുന്നു
ജ്ഞാനാവഹീനാഖിലസാധൂലോകോ-
ത്ഥാനാര്ത്ഥമാദിത്യനുദിച്ചുയര്ന്നു.
ചോരപ്രയോഗം വിപുലാന്ധകാര-
ചാരപ്രയോഗം പരമെന്നിതെല്ലാം
ജാരപ്രയോഗത്തൊടു നിന്നു; ശോഭാ-
സാരത്തോടാദിത്യനുദിച്ചുയര്ന്നു.
ഭഞ്ജിച്ചു ദോഷാഗമജാതഖേദം
രഞ്ജിച്ചു ലോകം നിഖലം നിതാന്തം
കഞ്ജത്തിനുണ്ടായി വിടര്‍ച്ച, ശോഭാ-
പുഞ്ജത്തോടാദിത്യനുദിച്ചുയര്ന്നു.
ഗോശ്രീഭൂതലമെവരാ-
ലാശ്രിതമവർമാത്രമത്ര മിഴിയുള്ളോർ
ഗോശ്രീശാദിത്യനുദി-
ച്ചശ്രീദോഷം കളഞ്ഞു തെളിയുന്നു.
ഭുവനജകുലമിത്രം ചിത്രമാദിത്യനേറ്റം
ജവമൊടുദിതനായിട്ടങ്ങിതാ പൊങ്ങിടുന്നു
അവരവരുടെ കര്‍മ്മം കേവലം ചെയ്വതിന്നായ്
ഭൂവനമിതിൽ വസിയ്ക്കും ലോകർ പോകുന്നു വേഗം..
അടങ്ങിടുന്നില്ലിഹ വാദ്യഘോഷം
മടങ്ങിടുന്നില്ല മഹാജനങ്ങൾ
തുടങ്ങി പാണിഗ്രഹണോത്സവം മേൽ-
മുടങ്ങിടാ നൂനമിതീശദൃഷ്ട്യാ''.
വീണാമൃദംഗാദി രവങ്ങളുള്ള
ചേണാര്‍ന്ന പാണിഗ്രഹണോത്സവത്തെ
കാണാൻ പുറപ്പെട്ടവരേവമോതി-
യേണാക്ഷിമാരോടൊരുമിച്ചു പോയാർ.
പാരാതനേകം വിഭവങ്ങൾ വെച്ച-
ങ്ങാരാൽ നടത്തീടിന സദ്യതന്നിൽ
പോരായ്മയില്ലൊന്നിനുമെന്നതില്ല
പോരാതെവന്നൂ വയറെന്നമൂലം,
ആ രാജവര്യനുടെ കല്പനയാൽ നടന്ന
വാരാംഗനാനടനഗീതകലാദിതന്നിൽ
പോരായ്മയില്ല പുനരൊന്നിനുമെന്നതില്ല
പോരാതെവന്നു സമയം പരമെന്നമൂലം,
ഭ്രാന്താലെന്നുള്ള മട്ടിൽ ചിലർ വകുതിരികൂ-
ടാതെ കാര്യത്തിനെല്ലാം
താന്താൻ ചാടിപുറപ്പെട്ടതു ബാഹുവഷളാ-
ക്കുന്നു ചിക്കെന്നു കഷ്ടം!
ശാന്താത്മാവാ നരേന്ദ്രൻ നിജസചിവവഴി-
യ്ക്കുന്നു കാര്യങ്ങളൊക്കെ
സ്വാന്താനന്ദം ജനങ്ങൾക്കുരുതരമുളവാം
മട്ടു നന്നായ് നടത്തി.
തിണ്ണമിന്നൊക്കയും നല്ല-
വണ്ണമോര്ക്കും ദശാന്തരേ
എണ്ണത്തിൽ കുറവില്ലൊട്ടും
വണ്ണത്തിലുമഹോ! തഥാ.
ഉല്ലാസാലിത്ര നന്നായി-
ച്ചൊല്ലാര്ന്നൊരടിയന്തരം
തെല്ലാണ്ടിനകമുണ്ടായി-
ട്ടില്ലാ പാര്‍ക്കിൽ മഹാത്ഭുതം.
പൊങ്ങും പുകളെഴുമീ നൃപ-
നിങ്ങു വരുത്തിയ "സരസ്വതീഭായി"
തിങ്ങും രസമൊടു കഥകൾ തു-
ടങ്ങുംപൊഴുതെന്തു ചൊൽവതാനന്ദം.
സരസ്വതിഭായി ധരിയ്ക്ക, സാക്ഷാൽ
സരസ്വതീദേവി, വിവാദമില്ല
വരസ്വരഞ്ചേര്ത്തതിഭംഗിയോടി-
ത്തരത്തിൽ വേറിട്ടൊരു നാരി പാടാ,
മുത്തണിക്കുളുർമുലത്തടം കലരു-
മുത്തമാജനസുനൃത്തമ-
ങ്ങുത്തമം ചെറിയ വൃത്തവും വലിയ
വൃത്തവും ബഹുമുകത്തരം
മത്തളധ്വനികൾ മത്തനാഗമിവ-
യൊത്ത കാഴ്ചകളടുത്തടു-
ത്തിത്തരം മഹ,മൊരത്തലില്ല ഖലു
ചിത്തതാരിലൊരുത്തനും.
കല്യാണോത്സവവാസരത്തിൽ മതിമാ-
നാകും മഹീനായകൻ
കല്യാണം വരുവാൻ സ്വകീയധരയിൽ
താലൂക്കുതോറും തദാ
ഉല്ലാസത്തൊടു കുക്ഷിപൂര്ത്തിവരുമാ-
റന്നം കൊടുത്തീടിനാ-
നെല്ലാവർക്കുമിതിൽപ്പരം സുകൃതമെ-
ന്താണോര്ത്തു കാണുംവിധൌ.
വലിപ്പമേറുന്ന രസങ്ങൾ നന്നാ-
യൊലിച്ചിടുന്നിപ്പരമോത്സവത്തിൽ
ചലിച്ചിടാതെത്തിയ മന്നവര്‍ക്കു
ഫലിച്ചു സര്വ്വേച്ഛയുമെന്നു നൂനം.
ചിത്തപ്രീത്യാ ചെവിക്കൊള്ളണമിതഖിലരും
ഹന്ത! തൊണ്ണൂറ്റിനാലാ-
മത്തേക്കോളംബവര്ഷേ ബഹുശുഭകരമായ്
വന്നിടും കന്നിമാസേ
അത്തംനാൾ മാടഭൂമീശ്വരകുലമഹിതാം-
ഭോധിരാകേന്ദുവാമീ-
സ്സത്തൻതൻ ഷഷ്ടിപൂര്ത്ത്യുത്സവമതിതിലുമ-
ക്ലിഷ്ടമുൽക്കൃഷ്ടമാകും.
അഷ്ടിദാനാദിയെല്ലാമി-
ഷ്പഷ്ടിപൂര്ത്തിമഹോത്സവേ
പുഷ്ടിയായ്വരുമൊന്നിന്നും
കഷ്ടിപിഷ്ടി ഭവിച്ചിടാ.
വിപ്രശൂദ്രാദിജാതിക്കാ-
രപ്രമേയമഹോത്സവം
ഇപ്രകാരം പ്രശംസിച്ചാർ
സംപ്രമോദമഹോ! തദാ.
ആദിത്യനോടു സമമായ മഹസ്സെഴുന്നീ-
യാദിത്യഭൂപനുടെ ഭൂപരിപാലനത്തെ
വേദിപ്പതിന്നു ചിലതൊക്കെയുരച്ചിടുന്നേൻ
മോദിച്ചു കേൾപ്പിനതു ലോകരശേഷമിപ്പോൾ.
ഭക്തന്മാർ ചെയ്തുവെന്നാൽ മഹിതതരമഹാ-
ക്ഷേത്രകാര്യങ്ങളെല്ലാം
വ്യക്തം നന്നായ്ഭവിയ്ക്കും ദൃഢതരമുളവാം
ഭൂരിദേവപ്രസാദം
ശക്തൻ മാടക്ഷിതീശൻ സ്വയമിതികരുതി-
ദേവകാര്യം നടത്താൻ
ഭക്തന്മാർ നാലുപേരെ പ്രതിസുരസദനം
നിശ്ചയിച്ചാൻ വിശേഷാൽ.
തിരുവഞ്ചിക്കുളമിതിലി-
ഗ്ഗുരുഭക്തന്മാരിലൊരുവനെന്നനുജൻ
സുരുചിരഭട്ടാദ്യനവധി
ബിരുദപദം പൂണ്ട ഗോദവര്മ്മനൃപൻ.
ഈവണ്ണമോരോ നിയമം നടത്തീ-
ട്ടാവമ്പനാം മാടമഹീമഹേന്ദ്രൻ
ദേവസ്വകാര്യങ്ങൾ പരിഷ്കരിച്ചാൻ
ദേവപ്രസാദം തികയുംവിധത്തിൽ
സ്കൂളുകൾ നാലഞ്ചിഹ ഹൈ-
സ്കൂളുകളാക്കീടിനാൻ മഹീപാലൻ
ആളുകളഥ പണ്ടത്തെ-
ക്കാളുമഹോ! ഭൃശമതിൽ പഠിക്കുന്നു.
വിശാമീശ്വരൻ തന്റെ പാര്ത്തട്ടിലെല്ലാം
നിശാപാഠരീതിയ്ക്കു നിഷ്കര്‍ഷ കൂട്ടീ
കൃശാംഗീജനത്തിന്റെ പാഠത്തിനും താൻ
വിശാലത്വവും നന്മയും ചേർത്തു പാരം.
ക്ലേശം തരും ദുര്ഗ്ഗതിതന്റെ മൂല-
നാശം വരുത്താൻ വഴിയോത്തു ഭൂപൻ
മോശം വിനാ കൈത്തൊഴിലഭ്യസിപ്പാൻ
ദേശങ്ങളിൽ സ്കൂളുകൾ നിശ്ചയിച്ചാൻ.
ഇമ്മന്നവൻ ശുഭനയൻ മലയാളമാകു-
മിമ്മന്നിടത്തിൽ വിലസീടിന ഭാഷയെല്ലാം
നന്മട്ടിലായ്വരണമെന്നു നിനച്ചതിന്നു
കമ്മറ്റിയൊന്നു നിയമിച്ചു നിറഞ്ഞ ഭംഗ്യാ.
അക്കമ്മറ്റിമഹാജനത്തിനു കലര്-
ന്നീടും ഗുണപ്രാഭവാൽ
വെക്കം സർവ്വഗുണങ്ങളും തികയുമി-
ബ്ഭാഷയ്ക്കു ദോഷം വിനാ
അക്കൻതന്റെ തെളിഞ്ഞ ദീധിതികളാൽ
നൽത്താമരപ്പൊയ്കയിൽ
തക്കം വിട്ടു ഗുണങ്ങളാസകലവും
മങ്ങാതിണങ്ങും വിധം.
വാട്ടം വിട്ടു കൃഷിയ്ക്കു വേണ്ടതഖിലം
കാട്ടീടുവാൻ മാതൃകാ-
തോട്ടം ശ്രീശിവപത്തനത്തിൽ നവമായ്
സ്ഥാപിച്ചു ഭൂപാലകൻ
കോട്ടം തീർത്തഥ തൽകൃഷിയ്ക്കുവ പകര്-
ത്തിക്കൊള്ളുവാൻ കര്‍ഷക-
കൂട്ടം തത്ര വസിച്ചിടുന്നു നിയതം
നന്നാകുമിന്നാടിനി.
കുറവറ്റു കൃഷിയ്ക്കു വേണ്ടതാകും
ചിറ, തോടെ,ന്നു തുടങ്ങിയുള്ളതെല്ലാം
നിറമിന്ദുവിൽനിന്നെടുത്തു ലോകേ
നിറയും കീർത്തിയെഴും നൃപൻ ചമച്ചു.
വഴി വച്ചു നൃപൻ വെട്ടു-
വഴിവൃക്ഷങ്ങൾ വായ്ക്കുവാൻ
വഴിവേണ്ടവിധം സർവ്വ-
മൊഴിയാതുളവാക്കിനാൻ.
ഗാത്രംതന്നിലനേകസൽഗുണഗണം
കൂടുന്ന കൂറ്റൻ ശിവ-
ക്ഷേത്രംതോരമിണങ്ങിടുന്നു നയമേ-
റീടും നരേന്ദ്രാജ്ഞയാ
ചിത്രം മച്ചികളാം പശുക്കളിനിമേ-
ലില്ലാതയാം ഗോക്കളിൽ
പുത്രശ്രീയുളവാം കൃഷിയ്ക്കു ഗുണമാം
ക്ഷീരാദി ധാരാളമാം.
ഇപ്പാരിലുള്ളവർകൾതങ്ങടെ വീട്ടിൽ വാണി-
ട്ടപ്പാടുചെയ്യുമൊരു കൈത്തൊഴിൽ വിദ്യയെല്ലാം
അപ്പാര്ത്ഥിവപ്രഭു തുണച്ചു വളർത്തുവാനായ്
ഡിപ്പാട്ടുമെന്റു പുതുതായ്പുനരൊന്നു വച്ചു.
കൊണ്ടാടിക്കരകൌശലത്തിലധികം
വമ്പുള്ളപേർ വീട്ടിൽവാ-
ണുണ്ടാക്കുന്നവയൊക്കയും വിലകൊടു-
ത്തന്നന്നു വാങ്ങിച്ചുടൻ
കുണ്ടാമണ്ടിവരാതകണ്ടു ശുഭമായ്
സൂക്ഷിച്ചുവയ്ക്കുന്നിടം
കണ്ടാലത്ഭുതമത്ഭുതം! മിഴിയിണ-
യെല്ലാര്ക്കുമുല്ലാസദം
ഭയമഖിലജനത്തിന്നൂക്കൊടുണ്ടാക്കുമുഗ്രാ-
മയനികരമശേഷം മായമറ്റാശു മാറ്റാൻ
നയനിധി നൃപനായുര്വ്വേദശാലാപ്രതിഷ്ഠാ-
ക്രിയ നിജധരതന്നിൽ ചെയ്തു ചേതോനുകൂലം.
സാദം വളർന്നു ഭുവി വീഴ്ചയിലായൊരായുര്-
വ്വേദം നരേന്ദ്രനിവനിങ്ങിനെ താങ്ങിയപ്പോൾ
മോദം സമസ്തമനുജര്ക്കുമുദിയ്ക്കുമാറു
ഖേദം വെടിഞ്ഞു തെളിവോടെഴുനീറ്റിടുന്നു.
നേരിലല്പപ്രയത്നത്താൽ
ഭൂരിസൽഫലമേകിടും
പാരിലായുര്വ്വേദശാസ്ത്രം
സൂരികൾക്കതി സമ്മതം.
പഞ്ചാസ്യോദഗ്രവീര്യൻ നരപതിതിലകൻ
പാരിൽ വില്ലേജുതോറും
പഞ്ചായത്തിന്നു വേണ്ടും വിഭവമഖിലവും
ലാക്കിൽ നന്നാക്കിയേറ്റം
പഞ്ചായത്തീര്പ്പുകാർ കൈത്തൊഴിൽ, കൃഷി, പല നാൽ-
ക്കാലിയിത്യാദിയെല്ലാ-
മഞ്ചാതേ കാട്ടി നാട്ടിൽ ബഹുലഗുണഗണം
പൂര്ത്തിയായ്ചേര്ത്തിടുന്നു.
തരമോടു പരിഷ്കരിച്ചു ഭൂമീ-
ശ്വരമുക്താമണി പട്ടണങ്ങളെല്ലാം
സുരപത്തനവാസതുല്യമായി
സരസം പട്ടണവാസമിക്ഷമായാം.
ഏറും നയത്തൊടു നൂപൻ വലുതാക്കി ദേശം-
തോറും പരസ്പരസഹായവിശിഷ്ടസംഘം
തേറീ സുഖം ഭൂവി ജനത്തിനു ബുദ്ധിമുട്ടു
മാറീ പണത്തിനുളവായ്പലിശച്ചുരുക്കം..
പ്രഭയെഴുമീയാദിത്യ-
പ്രഭ വിഷ്ണുരൂപന്റെ ശോഭനാഭ്യുദയാൽ
ശുഭയാം "കൊച്ചി മഹാജന-
സഭ”യിതുഷസ്സന്ധ്യപോലെ കാണുന്നു.
ഉറക്കമറ്റീസ്സഭവേണ്ടപോല
മുറയ്ക്കു ചെയ്യുന്ന ഗുരുപ്രയത്നാൽ
ഉറച്ചു വേരൊത്തു നയാഖ്യ വൃക്ഷം
കുറച്ചിടാതിങ്ങു ഫലങ്ങൾ നൽകും
ഒരിയ്ക്കലും തെറ്റുകൾ പറ്റിടാതതാൻ
ശരിയ്ക്കു കാര്യങ്ങൾ കഥിയ്ക്കുമിസ്സഭ
സ്ഫുരിയ്ക്കുമുര്വീശനു തന്റെ നാടകം
ഭരിയ്ക്കുവാൻ പിൻതുണയായ് ഭവിച്ചിടും,
സമ്പദഭിവൃദ്ധിയും ഭുവി
ദമ്പതിമാര്ക്കിങ്ങു സുഖവുമുണ്ടാവാൻ
വമ്പനരചൻ ചമച്ചാ-
നമ്പൊടു നായര്‍ക്കു ചേര്‍ന്ന റിഗുലേഷൻ.
പൊടുന്നനെബ്ഭൂപതിചേര്ത്ത നായർ-
കുടുംബരക്ഷാറിഗുലേഷനാലേ
ഉടൻ തറക്കല്ലു പൊളിപ്പതിന്നു
കടം വരുത്താൻ കഴിയില്ലൊരാളും..
താരുണ്യമാശു ദയിതയ്ക്കു നശിച്ചുപോയാൽ
കാരുണ്യമറ്റവ കണവൻ ബത! പോകയില്ല
ചേരുന്നമട്ടു ചിലവിന്നു കൊടുക്കുമര്ത്ഥ-
മോരുമ്പൊളെത്ര ശുഭമീനൃപനീതിസാരം.
ഗാത്രത്തിലൊക്കും പുതുതായ വേഷ-
മാത്രത്തിനാലിയിടയിൽ പലര്‍ക്കും
ക്ഷേത്രപ്രവേശത്തിനു വന്ന ബാധ
ഗോത്രയ്ക്കധീശൻ ത്വരിതം കളഞ്ഞാൻ.
ബലമേറിടുമിക്ഷാമാൽ
പലപലഡിപ്പാര്ട്ടുമേണ്ടിലുമിദാനീം
സുലഘുതരശമ്പളക്കാര്-
ക്കലഘുതരം താപമുള്ള തത്വത്തെ
ധരിച്ചു ധാത്രീപതി താപമൊക്കയും
ഹരിച്ചുകൊൾവാനവർകൾക്കുശേഷവും
ശരിയ്ക്കുടൻ ശമ്പളമത്ര കൂട്ടിനാൻ
സ്ഫുരിയ്ക്കു മൌദാര്യമിതെത്ര ശോഭനം. (യുഗ്മകം)
അപ്പാവനാശയനൃപൻ വഴിപോലെയോരോ
ഡിപ്പാര്ട്ടുമേണ്ടുകളശേഷവുമാദരേണ
അല്പതരാ ഗുണമിണക്കി വെടിപ്പിലാക്കി
കെല്പേറിടുന്ന നിജകല്പനതൻപ്രഭാവാൽ.
ഈ രാജവര്യനഥ ഭാരതചക്രവര്‍ത്തി-
യ്ക്കോരായിരം ശതമെടുത്തു കൊടുത്തു രൂപ്യം
ഘോരാഹവച്ചിലവിനു,ണ്ടതിഭര്ത്തൃഭക്തി
നേരായ് നൃപന്നു ഹൃദി; സജ്ജനമേവമല്ലൊ.
ഉന്നിദ്രമോദമൊടുടൻ "ജി-സി-ഐ-ഇ”-യെന്നു
മന്നിൽ പുകഴ്ന്ന പദമിക്ഷിതിചക്രവര്ത്തി
മന്നിന്നധീശനു കൊടുത്തു, മഹാഗുണൌഘ-
ത്തിന്നിത്രയുണ്ടു ഫലദാനപടുത്വമല്ലോ.
മാനം കലര്ന്നേറ്റമുയര്ന്നിടുന്നീ
സ്ഥാനം മഹീന്ദ്രന്നു ലഭിച്ച വൃത്തം
ആനന്ദമുൾക്കൊണ്ടു ജനങ്ങൾ കേടടു-
ന്യൂനം ശുഭാശംസനമാചരിച്ചൂ.
ശ്രീവലരിപുസഹജൻതൻ
കേവലകാരുണ്യപൂരഭാരത്താൽ
ഈ വലിയതമ്പുരാനിഹ
വലയം കാത്തു വാഴണം സുചിരം.
ഉല്ലാസഭാരമൊടുടൻ ജി-സി-ഐ-ഇ-യെന്നു
ചൊല്ലാര്‍ന്ന സൽപദമിതത്ര ലഭിച്ചപോലെ
എല്ലാം ശിവാസദായ,"സാദരലോലദൃഷ്ട്യാ"
കല്യാണമായിവരുമീനൃപതിയ്ക്കു മേലിൽ."
ഇങ്ങിനെ "ഗോശ്രീശാദിത്യ ചരിത"ത്തിൽ
രാജ്യഭരണം (പലവക)യെന്ന
എട്ടാം സര്‍ഗ്ഗം കഴിഞ്ഞു.