Loading...
Home / സാഹിത്യം / പുതിയവ / കവികള്‍ / 09. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ / അതിവാതവർഷം
Author: കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍

അതിവാതവർഷം

കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍

ഹരിഃ ശ്രീ ഗണപതയെ നമഃ
അവിഘ്നമസ്‌തു ശ്രീഭദ്രകാളൈ നമഃ


ഒന്നാം പാദം


ജലധരഗർവ്വം പോക്കിടു-
മലഘുശരീരാഭയാകുരുംബവനേ
വിലസുന്ന കാളികേ! ഭുവി
ജലദോഷം സർവ്വവും കളഞ്ഞാലും 1


ഇല്ലാതാക്കീടുവൻ ഞാനുലകുമുഴുവനെ-
ന്നുള്ള വൻ തള്ളലേതും
നില്ലാതൂക്കോടു ചാടിസ്സരഭയമണയും
ഗംഗയെ ബഭംഗമെന്ന്യെ
കല്യാത്മൻ കാമദേവത്രിപുരഹരജടാ-
മണ്ഡലത്തിൽ ജ്ജനാനാം
കല്യാണത്തിന്നൊതുക്കീടിന തവ മഹിമ-
ക്കന്തമില്ലന്തകാരേ 2


ആവശ്യമെന്തപരഭൂമിധരോച്ചഭാവാ-
ലീവിശ്വസംശ്രിതജനത്തിനു പാർത്തിടുമ്പോൾ
ഗോവർദ്ധനത്തിനരിവർഷജലാർത്തിതീർത്ത
ഗോവർദ്ധനക്ഷിതിധരോന്നതിമാന്ന്യമത്രേ 3


ചിത്രരസവർണ്ണശോഭയോ-
ടത്രലസൽ ഭാഷയായ തൂലികയാൽ
ചിത്രമെഴുതുന്നു വിശ്വം;
ചിത്രമഹാകവിരസജ്ഞഗഗനത്തിൽ 4


ആകവേ പശുപരെക്കെടുത്തുവാൻ
പാകവൈരികൃതവൃഷ്‌ടിതോയവൽ
ശോകവൻകടലിൽ മുക്കിടുന്നുവീ
ലോകമസ്‌തദയമീമലോദകം 5


കടകടകടുനാദത്തോടു വൻ കാറ്റു വന്നുൽ-
ക്കടജവമുളവാക്കിപ്പൊങ്ങുമഭ്രങ്ങൾ മൂലം
ഉടനുടനിഹ ഝംഝാനേകവർഷേ ഗിരീണാം
കടകനടുവിലേറ്റം സങ്കടം സംഘടിച്ചൂ 6


ഇട മുറിയാതിഹ പെരുമഴ
ഇടവപ്പാതിയ്ക്കു മുമ്പിലുളവാകാ
ഇടവത്തിനു മുമ്പിൽ ത്താൻ
തടവറ്റിയാണ്ടിൽ വൻ മഴ തുടങ്ങി 7


ഊഴിത്തട്ടിൽ ജ്ജനങ്ങൾക്കമിതസുഖഭരം
സാധുശീതോഷ്ണവർഷാൽ
ഊഴത്തിൽ ത്താൻ കൊടുക്കുന്നിതു വിധിനിയമാൽ
മൂന്നു കാലങ്ങൾ നിത്യം
പോഴത്തം കൊണ്ടവറ്റിൽ ബ്ബലമൊടുജലഭൃൽ
ക്കാലമിങ്ങാക്രമിച്ചീ-
ട്ടുഴഭ്രംശം വരുത്തീ; കഠിനമപകടം
പാർത്തലേ ചേർത്തിടുന്നൂ 8


മലകളിലതിവർഷാൽ വെള്ളമൊട്ടല്ല വർദ്ധി-
ച്ചലറിയുഴറി മാർഗ്ഗം വിട്ടു കീഴ്പ്‌പോട്ടു ചാടി
കലപുലി മുതലാകും കാട്ടുജന്തുക്കൾ മറ്റും
പലതതിൽ വിധിദോഷാൽ പ്പെട്ടു കീഴ്പ്‌പോട്ടൊലിച്ചു 9


പെരിയപുഴവഴിയ്ക്കായബ്‌ധിയിൽ പോയൊളിപ്പാൻ
ഗിരികളശനിഭീത്യാ ചെന്നു ചേരുന്ന പോലെ
ഹരി! ഹരി! മലവെള്ളക്കുത്തിലുൾപ്പെട്ടു കട്ടി-
ക്കരികളുദധി തന്നിൽ തത്ര ചെന്നെത്ര ചേർന്നു 10


നെടിയ കരിഗണത്തെക്കൊണ്ടുപോകും ഝരത്തിൻ
കിടിമുഖമൃഗജാലം നിൽക്കുമോ ശക്തിയോടെ?
തടിയടയമരങ്ങൾ ക്കന്തമേകുന്ന കാറ്റിൽ
ഝടിതി ചെറിയവറ്റിൻ വാർത്തയെന്തോർത്തിടുമ്പോൾ 11


കാട്ടിലുള്ള പല ചന്ദനവൃക്ഷം
വീട്ടി തേക്കു മുതലായവയെല്ലാം
പാട്ടിലായ നില ചേർന്നടി മൺ പോയ്
ചോട്ടിൽ വീണു കടലോളമൊലിച്ചു 12


ക്ഷിതിയിലിവിടെ വേനൽക്കാലമായപ്പൊൾ നൽത്തേ-
ക്കതിജവമൊടു വെള്ളം കൊണ്ടുപോയേറെ ദൂരേ
അതിനുടെ വിപരീതം തേക്കു വർഷത്തിലിപ്പോൾ
ധൃതിയൊടധികദൂരെക്കൊണ്ടുപോയ് വീർത്ത വെള്ളം 13


ലാവണ്യമേറിയ മുലക്കിഹ ചേർന്ന രമ്മ്യ-
ശ്രീവർണ്ണഗന്ധസുഭഗോത്തമചന്ദനങ്ങൾ
ലാവണ്യമേറുമലയിൽ ബ്ബത ചേർന്നൂ; കഷ്‌ട-
മീവണ്ണമായ് വളരുമിജജലബാധയാലെ 14


കേണു നാണമൊടഹോ ജലാഗമേ
താണു ഗൗരവമിയന്നതൊക്കെയും
കാണുമാറു ജലസംഘമൊത്തു താൻ
വാണു ലാഘവമിയന്നതൊക്കെയും 15


കാട്ടിൽ കഷ്‌ടമനർത്ഥമേവമുളവാ-
ക്കീടാൻ പരം വിക്രമം
കാട്ടി ച്ചീർത്ത ജലവ്രജം പുനരൊതു-
ങ്ങിടാതെ പൊങ്ങി ദ്രുതം 16


ഇല്ലാതായ് സേതുവോരോതരമിഹ ശുഭമാർ-
ഗ്ഗങ്ങളൂടേ നടപ്പാൻ
എല്ലാവർക്കും ഭവിച്ചു തടവുകൾ സമമായ്
സർവ്വനീചോച്ചഭാവം
വല്ലാതുർവ്വീധരാണാമുടനിടിവുകൾ ചേർ-
ത്തൊത്തു പൊങ്ങിജ്ജനത്തെ
ക്കൊല്ലാനായ് താനൊരുമ്പെട്ടൊരു ജലവിതതി-
ക്കുള്ളവൻതള്ളൽ മൂലം 17


കല്ലിട്ടുറപ്പിലുളവാക്കിയ വീടശേഷം
തല്ലിത്തകർത്തു ബഹുജീവികളെജ്ജലൌഘം
മല്ലിട്ടുകൊണ്ടു ധനലേഖ്യവിഭൂഷണങ്ങൾ
നെല്ലിത്ഥമുള്ളതഖിലം തരസാ ഹരിച്ചു 18


ഉച്ചനീതമറിയാതെയാക്കുമീ-
യുച്ചലജ്ജലമഹാക്രമത്തിലും
മെച്ചമായ് ശരണമായ് ജനത്തിന-
ത്യച്ചഭാവമിയലുന്നതൊക്കെയും 19


നിലയെന്നിയെ വന്നതിക്രമിക്കും
ജലസംഘങ്ങൾ ബഹുഭ്രമങ്ങൾ ചേർത്തു
പലരും പുനരങ്ങു പെട്ടുടൻ തൻ
നിലയും വിട്ടളവറ്റു താണു പോയി 20


ചിരസംസ്ഥിതപീനദന്തിവൃന്ദം
പരമാറാടിയ ഭൂരിദേവസംഘം
ഝരവാദ്യനിനാദമെന്നിതൊക്കെ
സ്ഥിരമായൊത്തുളവായി വാരിപുരം 21


വീണു വീടുകൾ വാരിപുരഗതിയാൽ
പ്പൊട്ടിപ്പൊളിഞ്ഞിട്ടുടൻ
താണൂ തത്ര കനത്തതാസകലവും
പൊങ്ങീ കനം വിട്ടവ
നൂണുക്കിൽ ചിലരൂളിയിട്ടുടനുയർ-
ന്നോരോന്നു ലംബിച്ചു താൻ
വാണൂ ദാരുശിലാദികൊണ്ടു ചിലപേർ
ചമ്മന്തിയായ് ചത്തു പോയ് 22


തോയാതിവേഗഗതിമൂലമൊലിച്ചു ഭാഗ-
ധേയാനുകൂലഗതിയാൽ ചില സാധനത്തിൽ
ആയാസമോടു ചിലർ ചെന്നു പിടിച്ചതിന്മേൽ
കായാർപ്പണത്തൊടു വിറച്ചു ചിരം വസിച്ചു 23


പട്ടി പൂച്ചയെലി പാമ്പു മാനുഷ-
ക്കുട്ടിയെന്നിവയൊലിച്ചു തങ്ങളിൽ
മുട്ടിയെത്തി; യൊഴുകുന്ന നീണ്ട വൻ
മുട്ടിയിൽ കയറി വാണു സംഭ്രമാൽ 24


മുദ്രവിട്ടരയമോടു പൊങ്ങി നീർ
ഭദ്രമറ്റ ഭവനേഷു രാത്രിയിൽ
നിദ്ര താൻ സപദി ഹന്ത! ദീർഘയാം
നിദ്രയായവിടെയുള്ളവർക്കഹോ 25


വെള്ളം വരില്ലിവിടെയെന്നതിമാത്രധൈര്യ-
മുള്ളത്തിലൊത്തുമരുവും വളരെ ജ്ജനങ്ങൾ
വെള്ളത്തിൽ മുങ്ങി വിവിധാർത്ഥഗൃഹാദിനാശാ-
ലുള്ളത്തൽ കൊണ്ടധികകമ്പമിയന്നുഴന്നു 26


സ്ഥാനത്തിലെത്തിയൊലിവുൽക്കടപേറ്റുനോവിൽ
ത്താനത്തൽ പൂണ്ടൊരുവളങ്ങിനെ താനൊലിച്ചു
"പീനത്വമുള്ളൊരുതുരുത്തിതുഭാഗ്യ"മെന്നോർ-
ത്താനപ്പുറത്തുകയറീട്ടഥ തത്ര പെറ്റൂ 27


ഉന്നതസ്ഥർ ജലബാധ വിട്ടു വി-
ച്ഛിന്നസംശയമുറപ്പിൽ വാഴ്കിലും
സന്നതസ്ഥരുടെ കെടുകാഴ്‌ചയാൽ
ഖിന്നരായ് മിഴി ജലത്തിൽ മുങ്ങിനാർ 28


വായ്പൊത്തേന്തും ജലൗഘാൽ ധനഗൃഹദയിതാ-
പുത്രമിത്രാദിയെല്ലാം
കീഴ്പോട്ടായിട്ടൊലിച്ചു സകലതുമതുതാൻ
കണ്ടു കൺകൊണ്ടുനേരെ
കെൽപോടേ നീന്തിനീന്തിക്കരയിലൊരു മഹാ-
പാപി ചെന്നെത്തി പെട്ടെ-
ന്നപ്പോഴേ ചോടെടുത്തക്കരയിടിപൊടിയായ്
വീണുടൻ താണു നീറ്റിൽ 29


മന്ദിച്ചിടാറിവെഴുന്നവർ വന്നിടുമ്പോൾ
നന്നിങ്ങു താണനിലയെങ്കിലുമായതൊട്ടും
നന്നല്ല വീർത്തജലസംഘമണഞ്ഞിടുമ്പോ-
ളെന്നത്ര സർവ്വരുമറിഞ്ഞു നിജാനുഭൂത്യാ 30


തിങ്ങിപ്പൊങ്ങിയൊതുങ്ങിടാതെ വരുമീ
വാരിപ്രവാഹേ മനം
മങ്ങിപ്പെട്ടൊരുപാടു ലോകരൊഴുകീ
നാനാപദാർത്ഥങ്ങളും
മുങ്ങി വൻ ചുഴി തന്നിൽ വീണു പലരും
ചുറ്റിത്തിരിഞ്ഞങ്ങു പോയ്
പൊങ്ങി മറ്റൊരു ദിക്കിലുൽക്കടജവാൽ
തെല്ലല്ലിതെല്ലാമഹോ 31


ഇല്ലിക്കൂട്ടിലണഞ്ഞുലഞ്ഞു പലരും
പാരംവലഞ്ഞു കരി-
ങ്കല്ലിത്തല്ലിയലച്ചു മറ്റുപലര-
ങ്ങൊന്നായ് തകർന്നാരഹോ
അല്ലിപ്പാഞ്ഞു പരിഭ്രമിച്ചു പലരും
'ഹാ വഞ്ചി വഞ്ചീ'തി താൻ
ചൊല്ലിക്കൊണ്ടു വിറച്ചിരുന്നു പലരും
ഹാ ഹന്ത ചിന്താകുലം 32


തടിച്ചു തരസാവരും ജലഝരാലൊലിക്കും വിധൗ
പിടിച്ചു ചിലരെന്തു തൻ കരതലത്തിലാമായതിൽ
കടിച്ചു ചിലരാവിധം പലതിലും നിതാന്തം ജലം
കുടിച്ചുടനെ കുമ്പവീർത്തഥ പിടച്ചു ചീർത്താർത്തിയാൽ 33


തടമതിലൊലിവേറ്റിട്ടേറ്റമാടുന്ന കാടും
പടലവുകളുടെയുള്ളിൽ പെട്ടുടൻ വള്ളി പോലെ
ഇടയിലവിടെ നന്നായ് തൂങ്ങിയാടുന്ന പാമ്പിൻ
പടമതിലൊരുവിദ്വാൻ പേടിയെന്ന്യേ പിടിച്ചു 34


നെടിയകുടിലനാനാകണ്ടകം പൂണ്ടൊരിഞ്ച-
ക്കുടിലിൽ മുടി പിണഞ്ഞോരോമനക്കുട്ടി തന്റെ
കടിതടഘടിതശ്രീഹേമകാഞ്ചീകലാപേ-
ഝടിതിയൊഴുകുമേകൻ തപ്പിയെത്തിപ്പിടിച്ചു 35


പാലം തകർന്നു വഴി പൊട്ടിയടർന്നു ലോകർ-
ക്കാലംബമായ പുകവണ്ടി ജവേന നിന്നു
ശൈലം മറഞ്ഞുടനെ കമ്പി മുറിഞ്ഞു പോയ് ദു-
ശ്ശീലം കലർന്ന ഘനവർഷജലക്രമത്താൽ 36


ജലപതി സവിധത്തിൽ ചെന്ന നേരം പരന്നൂ
ജലനികരമതെല്ലാം മെല്ലവേ തെല്ലു താണൂ
കലശലമവിടെയുണ്ടായ് ചെറ്റുചെറ്റെന്നതെന്ന്യേ
കലഹമിതിനു മുമ്പിൽ പോലെ മൂർച്ഛിച്ചതില്ലാ 37


ആഴിയൊടടുത്ത സമയ-
ത്തഴിമതിയെന്നുള്ള ഭാവമതുവിട്ടൂ
ഒഴിയാതെ കണ്ടു വേഗാൽ
പൊഴി പലതുംപുഴകൾ തീർത്തു പുതുതായി 38


സരസമിളകിയെത്തും തങ്ങളെക്കണ്ടുതുള്ളും
പരനൊടുടനെചേരാനൊക്കുമുൾക്കണ്ഠയോടെ
വരനദികൾ വളർന്നീടുന്ന വേഗത്തൊടോരോ-
കരകളുടയമീതെക്കൂടിയോടിത്തുടങ്ങി 39


വെള്ളത്തിൽ മുങ്ങിയുടനിങ്ങിനെ ലോകരേറ്റ-
മുള്ളത്തിലാധി സഹിയാഞ്ഞു വലഞ്ഞിടുമ്പോൾ
കള്ളത്തമുള്ള ചിലർ വന്നു കവർന്നു സർവ്വം
കൊള്ളയ്ക്കിതിന്നു കുരുവിൽ കുരുവെന്നു നാമം 40


അട്ടിയിൽ മുതൽ വെച്ചീടിന
പെട്ടിയലമാരിയിവകളൊഴുകിടുമ്പോൾ
മുട്ടിപിടുത്തവ്യാജാൽ
കിട്ടിയതെല്ലാം കരസ്ഥമാക്കി ചിലർ 41


കഴുത്തോളം നീർവന്നുടനെ മുഴുകീ പയ്ക്കളൊഴുകീ
തൊഴുത്തോടും കൂടി പുഴകളിലസംഖ്യം ശിവ! ശിവ!
മുഴുത്തോരിപ്പാപാൽ ചിലരഥ കരഞ്ഞാർ തലയിലു-
ള്ളെഴുത്താരും മായ്ക്കാൻ ജഗതി കഴിയാ താപമൊഴിയാ 42


മൂരിപയ്യെരുമപോത്തിവറ്റ തൻ
ഭൂരിനാശമുളവായതോർക്കുകിൽ
പാരിൽ വീണു കൃഷിയൊക്കെ, നെയ്യു പാൽ
തൈരിവറ്റിനിനി നാമമാത്രമാം 43


കടലിലുരുതരം പദാർത്ഥമോടൊ-
ത്തുടനൊഴുകിശ്ശവസഞ്ചയങ്ങൾ ചേർന്നു
കടലതുസകലം ധരിച്ചു കൊണ്ടുൽ
ക്കടതരശബ്‌ദമോടേറ്റവും കരഞ്ഞു 44


അല്പം താമസമറ്റടിയ്ക്കടി ശവക്കുട്ടങ്ങളൊട്ടല്ല ചേർ-
ന്നൊപ്പം താനണയുന്നു ഭൂരിസുമഹാവസ്തുക്കളൊത്തുൽക്കടം
"കപ്പക്കാർ നൃപരിങ്ങു തങ്ങളിലെതൃക്കില്ലെന്തിതെ”ന്നിത്തരം
കപ്പക്കാർ ബഹുസംഭ്രമത്തൊടുനിനച്ചൊന്നമ്പരന്നീടിനാർ 45


പണ്ടിതു മട്ടൊരു വെള്ളം
കൊണ്ടിഹ നാശം ഭവിച്ചതിപ്പാരിൽ
കണ്ടറിവോ കേട്ടറിവോ
പൂണ്ടവരില്ലെന്നുറച്ചു താൻ പറയാം 46


ഒന്നാം പാദത്തിൽ സാഹിത്യമയാർദ്ധം കഴിഞ്ഞു


വഞ്ചിപ്പാട്ട്


കപ്പലോടാതിളകീടും കല്പകാലക്കടൽ തന്നി-
ലല്മമെന്ന്യേ ഭക്തരക്ഷാതല്പരനായി
അഞ്ചിതോത്തുംഗശൃംഗത്തിൽ വഞ്ചിയാം ഭൂമിയെക്കെട്ടി
സഞ്ചരിച്ചോരാദിമത്സ്യം സഹായിക്കട്ടെ


കാറ്റുവല്ലാതേയുള്ളൂക്കോടേറ്റു പോയ് നീലമേഘങ്ങൾ
മാറ്റമില്ലാതിടതിങ്ങി മലകൾ തന്നിൽ
വാരിവാഹങ്ങളങ്ങേറ്റം മാരി കോരി ചൊരിഞ്ഞപ്പോൾ
നേരിലുണ്ടായനർത്ഥങ്ങളാരിഹ ചൊല്വാൻ


ചണ്ഡവാതങ്ങളങ്ങേറ്റു വണ്ണമേറും മരക്കൂട്ടം
തിണ്ണമെല്ലാം കട പൊട്ടിത്തെറിച്ചു വീണൂ
കട്ടിയേറും മരക്കൂട്ടം പൊട്ടിവീഴും സമയത്തിൽ
ചോട്ടിലുണ്ടായനർത്ഥങ്ങൾ ചൊല്ലുവാൻ വയ്യാ


തട്ടിമുട്ടി മരമിടിവെട്ടിടും മട്ടലറുമ്പോൾ
ഞെട്ടിയോടൊത്തവയെല്ലാം ഞെരിഞ്ഞുപോയി
തിങ്ങി വിങ്ങി മലവെള്ളമങ്ങിളകിപ്പുറപ്പെട്ടു
പ്പൊങ്ങിയേതുമൊതുങ്ങിടാതങ്ങിനെ ചാടി


ആക്കമോടെ വളർത്തുള്ളാ തേക്കസംഖ്യമൊഴുകിപ്പോ-
യൂക്കധികം പൂണ്ടുവെള്ളമൊലിക്കയാലേ
വീട്ടിതൊട്ടുവിലയേറ്റം കൂട്ടി വയ്ക്കും മരങ്ങളും
ചോട്ടിലേയ്ക്കായൊലിച്ചു പോയ് ചോലകളുടെ


അട്ടിയായിട്ടടക്കിയ കട്ടിയുള്ള തടികളും
മുട്ടികളുമൊലിച്ചങ്ങു മുറയ്ക്കു പോയി
പന്നിയാന പുലിമാൻ പോത്തെന്നിവ കാട്ടുജന്തുക്കൾ
കുന്നിൽ നിന്നങ്ങൊലിച്ചതു കുറച്ചല്ലയ്യോ


കോട്ടമറ്റീടിന കാപ്പിത്തോട്ടവുമപ്പണിക്കാരും
കൂട്ടമോടങ്ങൊലിച്ചു പോയ് ക്കുടിലുകളും
റബ്ബർ ത്തോട്ടങ്ങളും വല്ലാതബ്ബഹുവൃഷ്‌ടിത്തോയത്താൽ
അപ്പടിയങ്ങൊഴുകിപ്പോയപ്പടി തന്നെ


കാട്ടിലേവം പല വീര്യം കാട്ടി വീർത്ത മലവെള്ളം
ചോട്ടിലേയ്ക്കായൊലിച്ചോരാനാട്ടിൽ വന്നെത്തി


(കണ്ണാ കടൽവർണ്ണാ എന്ന പോലെ)


തിങ്ങി പുഴ തോടെന്നിവ പൊങ്ങി പുഴ വെള്ളം
മുങ്ങീ നിലമെല്ലാമഥ മങ്ങി കൃഷിയുള്ളോർ
ജൃംഭിച്ചതു കേറീ ചില വമ്പിച്ച പറമ്പിൽ
സ്ത‌ംഭിച്ചു തദാനീം ചിലർ കമ്പിച്ച ഭയത്താൽ


കോലാഹലമോടായതു കോലായ് പുറമേറീ
ബാലാതുരവൃദ്ധാദികൾ മാലാർന്നു തദാനീം
എത്തീഭവനത്തിന്റെയകത്തിജ്ജലമുടനെ
കത്തീതരുണർക്കങ്ങു ഭയത്തീഹൃദയത്തിൽ


നീന്തിച്ചിലർവഞ്ചിക്കഴലേന്തീട്ടഥ പോയീ
പ്രാന്തായതുപോലെ ചിലർ ചിന്താകുലരായീ
നില്ലാതെ ജലം വന്നഥ വല്ലാതെ കരേറീ
എല്ലാവരുമപ്പോൾ നിലയില്ലാതെ കുഴങ്ങി


തിണ്ണം ശിശുവർഗ്ഗത്തൊടു പെണ്ണുങ്ങൾ വലഞ്ഞൂ
ദണ്ഡം പിടി പെട്ടോരുടെ കണ്ണങ്ങു തുറിച്ചൂ
കെട്ടിപ്പിടിയോടെ ചിലർ പെട്ടിപ്പുറമേറീ
കട്ടിൻ മുകളേറീ ചിലർ തട്ടിൻ പുറമേറീ


വീണൂ ജലമദ്ധ്യേ ചിലർ താണൂ തടി പോലെ
കേണു ചിലരപ്പോൾ ചിലർ വാണു പുര മുകളിൽ


ഒട്ടും കുറയാതങ്ങിടി വെട്ടുന്നതു പോലെ
ഞെട്ടുമ്പടി നൽഭിത്തികൾ പൊട്ടുന്നതു കണ്ടൂ
കിട്ടീ ചില പേർക്കങ്ങടിപൊട്ടീടിന വഞ്ചി
കിട്ടീലതുമന്ന്യർക്കതിൽ മട്ടീമനമേറ്റം


സന്തോഷസമേതം ചിലർ വന്തോണിയിലേറീ
എന്തോ പഥിമുഴുകിയൊഴുകും തോയചയത്തിൽ
പെട്ടു ചിലർ ചുഴിയിൽ പഥി പെട്ടൂ ചിലരൊലിവിൽ
വിട്ടൂ ചിലരതിൽ നിന്നഥതൊട്ടു കരഭാഗ്യാൽ


അല്ലിച്ചിലർ താന്തോണികല്ലിത്തലതല്ലീ
ചൊല്ലിപ്പിഴയാലെചിലരില്ലിക്കുടിലേറീ
വെക്കം ജലവാഹെ ചിലരൊക്കെപ്പുനരേറീ
തക്കത്തിൽ വലിച്ചിട്ടഥപൊക്കസ്ഥലമേറീ
ചാലേ മലവെള്ളപ്രളയാലേവരുമേവം
മാലേറി വലഞ്ഞു ബതഫാലേലിപിയാലേ


(അന്നനട)


മലവെള്ളം വല്ലാതുടൻ തിങ്ങിപ്പൊങ്ങി
കലശലായേവം കലഹിച്ച മൂലം
പല ജനത്തിനും സഹിക്ക വയ്യാതെ
പല തരത്തിലും ഭവിച്ചു സങ്കടം


ചിലർ തൻ നെല്ലു പോയ് ചിലർ തൻ കാശു പോയ്
ചിലർ തൻ ഭാര്യ പോയ് ചിലർ തൻ ബുദ്ധി പോയ്
ചിലർ തൻ വീടു പോയ് ചിലർ തൻ ഭൂമി പോയ്
ചിലർ തൻ കുട്ടി പോയ് ചിലർ തൻ ജീവൻ പോയ്


തടിച്ച തൻ ധനം നിറച്ചു കെട്ടിയ
മടിച്ചീല നീറ്റിൽ ത്തെറിച്ചു താഴുമ്പോൾ
പിടിച്ചിടാൻ ചാടിയൊലിച്ചിടും വെള്ളം
കുടിച്ചുടനങ്ങു മരിച്ചു പോയ് ചിലർ


നിറച്ചു നെല്ലിട്ടുള്ളറകളെത്തള്ളി
മറിച്ചിട്ടു വെള്ളം ഹരിച്ചീടുന്നേരം
കുറച്ചൊന്നോർക്കാതെ ചിലരതിൽ ക്കേറി
വിറച്ചു വഞ്ചിക്കായ് വിളിച്ചാരുച്ചത്തിൽ


ശിശുക്കൾ വെള്ളത്തിലൊലിച്ചിടുന്നതും
പശുക്കൾ വല്ലാതെ പിടച്ചിടുന്നതും
പിശുക്കർ നോക്കാതെ പണപ്പെട്ടിയെടു-
ത്തശുദ്ധചേതസാ പുരപ്പുറമേറീ


ഉടനെയപ്പുര മലവെള്ളക്കുത്തിൽ
കട പൊട്ടിപ്പതിച്ചൊലിച്ചു വേഗത്തിൽ
ഇടയിൽ ക്കള്ളന്മാർ ചിലരുക്കാൽ വാങ്ങി
കടലുള്ളിൽ ചിലതൊലിച്ചു പോയ് മുങ്ങി


നിറച്ചാൾ കേറിയ ചെറിയ തോണികൾ
കുറച്ചല്ല നീറ്റിൽ മറിഞ്ഞതോർക്കുമ്പോൾ
വിറയോടന്നേരം പലരും വഞ്ചിക്കു
മുറയിട്ടുച്ചത്തിൽ വിളികൂട്ടീടിനാർ


ചിലരാവഞ്ചിയോടൊരുമിച്ചു കട്ടി-
ശ്ശിലകളെപ്പോലെസലിലത്തിൽ ത്താണു
ചിലർ നീന്തിക്കൈകാൽ കുഴഞ്ഞഥ താണു
ബലമൊടു നീന്തിച്ചിലർ കര കേറി


ചിലരൊലിവനുസരിച്ചു നീന്തിപ്പോയ്
പലതിലുമെത്തിപ്പിടിച്ചു ജീവിച്ചു
ചിലരത്തോണി തൻ തല പിടിച്ചൊലി-
ച്ചലഘുകാലം കൊണ്ടണഞ്ഞു രക്ഷയെ


വലിയ വഞ്ചിയും വലിക്കാർ ദോഷത്താൽ
ഒലിവിലുൾ പ്പെട്ടിട്ടുടനേറെത്താണു
തരണിയിൽ ചിലർ പലരേയും കേറ്റി-
ത്തരമോടുകരയ്ക്കടുപ്പിച്ചു മെല്ലെ


ഇരുട്ടിലും ചിലരൊലിച്ചു പോകുമ്പോൾ
കരുട്ടു ഭാഗ്യത്താൽ കരയ്ക്കൽ ചെന്നെത്തി
പെരുത്തൊരാനീറ്റിലുയർന്ന കുന്നുകൾ
തുരുത്തുകളായിച്ചമഞ്ഞു തല്ക്കാലം


നലമൊടു പറമ്പഖിലം കായലായ്
നിലങ്ങളൊക്കെയും കയങ്ങളായ് തീർന്നു
പുഴ കായൽ തോടെന്നിവകൾ വൻ ഗ്രഹ-
പ്പിഴകൊണ്ടുപ്പെരുങ്കടലായെങ്ങുമേ


നില വിട്ടീവണ്ണം പരന്ന വെള്ളത്തിൽ
പല ജനം ചത്തു പല വിധത്തിലും


ധനരക്ഷയ്ക്കായി മരിച്ചു പോയ് ചിലർ
ജനരക്ഷയ്ക്കായി മരിച്ചു പോയ് ചിലർ
ശിശുരക്ഷയ്ക്കായി മരിച്ചു പോയ് ചിലർ
പശുരക്ഷയ്ക്കായി മരിച്ചു പോയ് ചിലർ
ധൃതിയില്ലാഞ്ഞിട്ടു മരിച്ചു പോയ് ചിലർ
ധൃതിയതിയായി മരിച്ചു പോയ് ചിലർ


തലയിൽ ബ്രഹ്മനിട്ടെഴുത്തിൻ ദോഷത്താൽ
പല വിധത്തിലും മരിച്ചു പോയ് ചിലർ
കഴിച്ചു ശേഷിച്ചോർ തുരുത്താം കുന്നേറി-
ട്ടൊഴിച്ചീടാതൊത്തു കഴിച്ചു കൂട്ടിനാർ


കുണുക്കിട്ട വിപ്രൻ പുലയനുള്ളാടൻ
കണക്കൻ കൃസ്‌ത്യാനി കടുപ്പൊട്ടൻ ശൂദ്രൻ
കണക്കില്ലാതേവം പല ജാതിക്കാരൊ-
ത്തിണക്കമോടങ്ങു വസിച്ചു കിഞ്ചന


തരണമിന്നതെന്നിരക്കുവാനാരും
തരമായില്ലവർക്കവിടത്തിലപ്പോൾ
ഉറച്ചു കാറ്റും വൻ മഴയുമേറ്റേറ്റു
വിറച്ചുകഷ‌ണിച്ചു വസിച്ചു സർവ്വരും


വെശപ്പു കൊണ്ടേറ്റം വലഞ്ഞു വൃദ്ധന്മാർ
ശിശുക്കൾ പെണ്ണുങ്ങളശക്തരാർത്തന്മാർ
പലരേവം തത്ര കിടപ്പതുകണ്ടു
തല തല്ലി ചിലർ നിലവിളി കൂട്ടി


മരണവും ചില ജനനവുമപ്പോൾ
ശരണമില്ലാതസ്ഥലത്തിലുണ്ടായി
പരമാപത്തിതു പറയുവാൻ മേലാ
ഹരി ഹര! ഹര! ശിവ! ശിവ! ശിവ!


സംഗീതമയാർദ്ധം കഴിഞ്ഞു


ഒന്നാം പാദം കഴിഞ്ഞു


രണ്ടാം പാദം


പരുഷപവനവർഷവാരിപൂരാ-
ലൊരുവക ലോകർ നിരുദ്യമം മയങ്ങീ
പുരുസുകൃതദയാതിവർഷപൂരാ-
ലൊരുവക പുരുഷരുദ്യമം തുടങ്ങീ 1


ഓടികൾ വഞ്ചികൾ ബോട്ടുകൾ
പാടി വലിച്ചീടുമരവർ ബാലന്മാർ
കേടിയിലാത്തരി വിറകുകൾ
തേടി നടന്നിവകൾ പലതുമാർജ്ജിച്ചു 2


വമ്പിച്ചീടിന വഞ്ചി കേറിയുടനേ
സൽ പൂരുഷന്മാർ പരം
മുമ്പിൽ പ്പോയ് പരിശോധനാദിരതരാ-
യങ്ങൊക്കെയും നോക്കിനാൾ
ജൃംഭിച്ചീടിന ധൈര്യമോടുരുതരം
കർമ്മങ്ങൾ ശർമ്മത്തിനായ്
സ്ത‌ംഭിച്ചൊട്ടുമമർന്നിടാതെ തരസാ
താൻ ചെയ്‌തു താഴാതഹോ 3


ഒലിച്ചു പോകും ബഹുജീവിസംഘം
വലിച്ചു കേറ്റി ജലവാഹനത്തിൽ
വലിപ്പമേറുന്നവ തള്ളിയുന്തി-
ച്ചലിച്ചിടാതേ കര ചേർത്തു കെട്ടി 4


പല മാതിരി താണൊലിച്ചു പോകും
വിലയേറുന്നവയൊക്കെയും പിടിപ്പാൻ
വലയിട്ടു പിടിച്ചെടുത്തതെല്ലാം
ജലവാഹങ്ങളിലെണ്ണിയെണ്ണിവെച്ചു 5


വില കൂടീടുമർത്ഥമേറെയാക്കും
ചില നൽ പ്പെട്ടികൾ ഭൂരിഭാജനങ്ങൾ
അലമാരികളെന്നു തൊട്ടു കിട്ടും
പല വസ്തുക്കൾ നിറച്ചു വഞ്ചി തന്നിൽ 6


ഈ വെള്ളത്തള്ളൽ തന്നിൽ ത്വരിതമൊഴുകിടും
ഭൂരിവസ്തുക്കൾ കേറ്റാൻ
കേവെള്ളം കെട്ടുവെള്ളം മുതലിഹ പലതും
യന്ത്രതന്ത്രാദിയുക്തം
ആവശ്യം പോലെ യത്നം പല വിധവുമെടു-
ത്താനയിച്ചിട്ടനേകം
പ്രാവശ്യം കേറ്റി വിട്ടൂ പുനരവ കരയിൽ
ച്ചേർത്തു പോകാതെ കാത്തൂ 7


പെരിയോരു ജലത്തിലുള്ള വെള്ളി
ഗ്ഗിരിതുല്യോന്നതപീനഫേനപുഞ്ജം
പരിശോധന ചെയ്യുവാനുടച്ചാർ
പരിചോടേ ചിലമായതും പാലിച്ചു 8


തടഭുവി മരുവും മരങ്ങളല്ലി-
ക്കുടിൽ മുടിൽ കുണ്ടുകൾ പോതുപൊത്തിതെല്ലാം
വടിവിനൊടു തിരിഞ്ഞു നോക്കി തെല്ലും
മടി കലരാതവർ പത്തു നൂറു വട്ടം 9


മിണ്ടാൻ വയ്യാതെ കണ്ടും മിഴി സുദൃഢമട-
ച്ചും മരേച്ചും വിറച്ചും
കണ്ടാൽ പാവയ്ക്കു തുല്യം പുനരവിടെയിരി-
ക്കും ജനത്തെജ്ജവത്തിൽ
കണ്ടങ്ങോട്ടേയ്ക്കു ചെന്നിട്ടുചിതതരമെടു-
ത്താശു തൻ തോണി കേറ്റി-
കൊണ്ടയ്മ്പോടേ ഗമിച്ചാർ കെടുതികൾ കളവാൻ
വേണ്ടതും വീണ്ടു ചെയ്താർ 10


ജലഝരമതിനുടെ നടുവി-
ത്തല മാത്രം കണ്ടിടുന്ന പുരയെല്ലാം
പല വഞ്ചികൾ കേറിച്ചെ-
ന്നലസത കൂടാതെ ശോധന കഴിച്ചൂ 11


വിളിച്ചും ചോദിച്ചും വിശദതരമായ് മേൽപ്പുരയുടൻ
പൊളിച്ചും വീക്ഷിച്ചും പരമതിനകത്താസകലവും
ഇളച്ചീടാതേ കണ്ടവരുടനെ ശോധിച്ചു നിതരാം
പുളച്ചീടും ഭാഗ്യാൽ പുനരവിടെയും കണ്ടു ചിലരെ 12


പെട്ടിപ്പുറത്തു ചിലരങ്ങു വസിച്ചിടുന്നൂ
തട്ടിമ്പുറത്തു ചിലരങ്ങു വസിച്ചിടുന്നൂ
കട്ടിത്തമുള്ള പല മേൽ പുര തൻ മരത്തിൽ
കെട്ടിപ്പിടിച്ചു ചിലരങ്ങു വസിച്ചിടുന്നൂ 13


തിങ്ങിന ഭയശോകങ്ങൊ-
ടിങ്ങിനെ വാഴും ജനങ്ങളെസ്സദയം
തങ്ങടെ ജലവാഹങ്ങളിൽ
മങ്ങലൊഴിച്ചാശു കേറ്റി രക്ഷിച്ചു 14


വാലന്മാരോളമൂക്കുള്ളൊലിവിവകളിലും
വഞ്ചി തഞ്ചത്തിൽ വെപ്പാൻ
ശീലമ്പുണ്ടോർ ജലക്രീഡയിലിഹ ജലജ-
ന്തുക്കളെപ്പോലെയുള്ളോർ
ആലംബം വിട്ടൊലിക്കുന്നവകൾ മുഴുവനും
വിസ്മ‌യം! കണ്ടിടുന്ന-
ക്കാലം താൻ ചാടി നീന്തിത്തരമൊടു തരിയിൽ
ക്കേടു കൂടാതെ കേറ്റി 15


മലരി, ചുഴിയൊഴുക്കിൻ കത്തുകൂത്താടുമോളം
പലതിവയിടതിങ്ങിപ്പൊങ്ങിടുന്നാജ്ജലത്തിൽ
പലതുമൊഴുകിടുമ്പോൾ വെക്കമാക്കൂട്ടരുള്ളിൽ
ചലനലവവുമെന്ന്യേ ചാടി നീന്തിപ്പിടിക്കും 16


നിൽക്കും വന്തോണി ചിക്കെന്നെവിടെയുമിളകീ-
ടാതെ കാമാനുകൂലം
വെക്കം പിന്നെഗ്ഗമിക്കും ഝളഝളരവമോ-
ടൊത്തു തീബ്ബോട്ടു പോലെ
തക്കത്തിൽ ത്തോണിയോടിപ്പതിനു പരിചയം
കൂടുമക്കൂട്ടർ നന്നാ-
യൊക്കെച്ചേർന്നൊത്തു ചെയ്യും പല പല പണി ത-
ന്നപ്രമേയപ്രഭാവാൽ 17


തോണിമുക്കുമവരെങ്ങുമെപ്പൊഴും
കാണികൾക്കധികഭീതിയാം വിധം
ത്രാണിയോടഥ ജല കളഞ്ഞതിൽ
ക്കാണിദോഷമണയാതെ കേറിടും 18


ശൈലപ്രഭുതസലിലേ കളിയാടിയേവം
ബാലപ്രധാനികൾ ജനങ്ങളതങ്ങു കണ്ടു
'ജാലപ്രയോഗമെഴുമിജ്ജനകർമ്മമിന്ദ്ര-
ജാലപ്രയോഗമതിവിസ്‌മയ'മെന്നുറച്ചൂ 19


ജലമതിൽ മുഴുകിയുമൊഴുകിയു-
മലഘുപദാർത്ഥങ്ങൾ പോകുമെന്ന ധിയാ
വലയിട്ടെടുത്തതെല്ലാം
ഛലരഹിതം വഞ്ചി കേറ്റി രക്ഷിച്ചു 20


ഇത്യാദി പലതും ചെയ്‌താ-
സ്സത്യാദിദയസമൃദ്ധപുരുഷന്മാർ
വ്യത്യാസമറ്റു കാത്താ-
മത്യാപത്തിങ്കൽ നിന്നു പലരേയും 21


തുരുത്തായ് തീർന്നിട്ടുള്ളൊരുവക പെരുങ്കുന്നുകളില-
ങ്ങിരുത്തീട്ടുള്ളോർ തൻ കെടുതി കളവാനായഥ ജവാൽ
പെരുത്തീടും യത്നാൽ പല വിഭവവും തത്ര തരസാ
വരുത്തിട്ടോരോരോ പണിയഥ തുടർന്നാരുടനുടൻ 22


പരിചൊടു മുളയോല രജ്ജുവഞ്ചെ-
മ്പരിവെറകുപ്പിവ തൊട്ട സാധനങ്ങൾ
തരണികൾ വഴിയായ് വരുത്തിയെല്ലാം
തരമൊടു വേണ്ടതു പോലെ ശേഖരിച്ചു 23


കുടിലുകൾ പലതും ചമച്ചു പാർപ്പാൻ
ഞൊടിയിലതിൽ പലരേയുമാശുചേർത്തു
നെടിയപുര ചമച്ചു പിന്നെ ചെയ്വാൻ
പടിയിലവർക്കഥ കഞ്ഞി വച്ചു നല്കീ 24


നാട്ടിലുള്ള ബഹുധന്യരിവണ്ണം
കാട്ടിയോരു സുകൃതങ്ങളശേഷം
പാട്ടിലാദരവിയന്നഴകായി-
ക്കേട്ടിളേശഭടരാശു തെളിഞ്ഞു 25


ഓരോ തുരുത്താകിയ കുന്നിലേവ-
മോരോ തരം പാർക്കുമവർക്കശേഷം
പാരാതിനിക്കഞ്ഞികൊടുക്കുവാനും
നേരായ് നിനച്ചാലതിഭാരമല്ലോ 26


എന്നിത്ര മാത്രമല്ല
കുന്നിൽ മുകളിൽ ച്ചമച്ച കുടിലുകളിൽ
ഒന്നിച്ചു പാർത്തുവെന്നാൽ
കുന്നിച്ചിടും ഗദങ്ങളുണ്ടാകും 27


"അരോഗതി"യെന്നുരുമിഴി
നോരോടമരും ദരിദ്രരാമവരെ
നേരോടു കാത്തുകൊൾവാൻ
ഓരോരോ പട്ടണത്തിലാക്കേണം 28


ഇതിമതിയിൽ നിശ്ചയിച്ചാ-
ക്ഷിതിപതിഭൃത്യജനങ്ങളൊത്തു ചേർന്നു
അതിനു സപദി വേണ്ട കൃത്യമെല്ലാ-
മതികരുണാകുലചിത്തരായ് നടത്തീ 29


മടിയ്ക്കാതക്കാലം വിവിധബഹുവിദ്യാകലകൾ തൻ
പടിപ്പിന്നായിട്ടുള്ളതിവിപുലഗേഹം മുഴുവനും
വെടിപ്പിൽ കച്ചേരിസ്ഥലമഖിലവും ദുർവിധിവശാൽ
കുടിഭ്രംശം വന്നോര്‍ക്കമരുവതിനാക്കീ സകരുണം 30


തഞ്ചിതരഗതിചേരും
വഞ്ചികൾ വിട്ടാനിരാശ്രയന്മാരെ
നെഞ്ചലിവാർന്നു വരുത്തി-
ക്കിഞ്ചന സുഖമൊടു തത്ര പാർത്തു 31


കനക്കുമർത്ഥം കലരുന്ന പേരും
മനക്കുരുന്നിൽ ക്കനിവുള്ള പേരും
ധനത്തെവൈകാതതിദീനരാമ-
ജ്ജനത്തെ രക്ഷിപ്പതിനായ് കൊടുത്തൂ 32


കടുക്കുന്നാപത്തിൽ കഠിനതരമുൾപ്പെട്ടിടുമവർ-
ക്കുടുക്കാനും ഭോജ്യത്തിനുമവിടെ വേണ്ടുന്നതഖിലം
കൊടുപ്പാനായർത്ഥം പരമശരകോശങ്ങളിൽ നി-
ന്നെടുപ്പാൻ കല്പിച്ചാൻ നൃപസചിവചൂഡാമണിയുടൻ 33


മുറയ്ക്കു മുട്ടോളമരപ്രദേശം
മറയ്ക്കുവാൻ ചേല പരക്കെ നല്‌കി
വിറച്ചുഴന്നീടുമവർക്കു ചിത്തം
കുറച്ചലിഞ്ഞൊട്ടു പുതയ്ക്കുവാനും 34


പോരായെന്നാവലാതിയ്ക്കെക്കൊരുവനുമിട ചേ-
രാതെ സർവ്വർക്കുമൊപ്പം
ധാരാളം കഞ്ഞി വച്ചിട്ടുടനതുമുപദം
ശങ്ങളും തത്ര നല്കി
നേരായി ക്ഷുത്തടങ്ങീട്ടവരഖിലമുടൻ
തിങ്ങി വിങ്ങും സുഖാൽ ക-
ണ്ണീരാടിക്കൊണ്ടു പാർത്താർ കിമപി പുനരതീ-
താത്മവൃത്താന്തമോർത്താർ 35


സർക്കാരുദ്യോഗമുള്ളോരപരനിജമഹാ-
കർമ്മമെല്ലാമൊതുക്കി-
തൽക്കാലം നീക്കി വച്ചിട്ടഗതികളുടെ സം-
രക്ഷണം തൽക്ഷണത്തിൽ
ഉൾക്കാളും സംഭ്രമം പുണ്ടുരുതരദയയാ
ചെയ്യുവാൻ വേണ്ടതെല്ലാ-
മക്കാലം ശേഖരിച്ചാർ ദിശി ദിശി മടി കൈ-
വിട്ടു സർക്കീട്ടു ചെയ്‌താർ 36


മല്ലിട്ടുമക്രമജനത്തെയമർത്തി നിർത്തും
പൊല്ലീസുസൈനികകമീഷണറങ്ങുമിങ്ങും
നില്ലാതെ ചെന്നു പുനരങ്ങിനെ തന്നെ പേഷ്ക്കാ-
രെല്ലാമടുത്തവർ മഹാദരവോടു കൂടി 37


അഴകോടു മേലധികാരിക-
ഴലേന്തുന്നജ്ജനത്തെ രക്ഷിപ്പാൻ
വഴി പോലെ തന്നെവേണ്ടും
വഴി കീഴധികാരികൾക്കു കാണിച്ചു 38


കൽക്കട്ടർ തൊട്ടവർ നിജാപരകർമ്മമെല്ലാം
നിൽക്കട്ടെയെന്നു കരുതി ബഹുസംഭ്രമേണ
അക്കഷ്ട‌കാലകൃതസങ്കടമൊക്കെ നീക്കാ-
നുൽക്കൃഷ്ടടമായ പല കർമ്മവുമന്നു ചെയ്തു 39


തടസ്ഥം കൂടാതേ ശുഭമൊടഥ കച്ചോടമഖിലം
നടത്താനായ് വേണ്ടും ചില നിയമമപ്പോളുടനെ താൻ
വെടിപ്പായ് നിർമ്മിച്ചാർ നൃപസചിവർ തൽകൃത്യകരണേ
പിടിപ്പേറുന്നോരെസ്സപദി നിയമിച്ചാർ കരുണയാ 40


അരി മുളകുപ്പെന്നിവ നൽ
ശ്ശെരിയായിട്ടുള്ള വിലയിലേറാതെ
പരിചൊടിങ്ങിനെ സർക്കാർ
പരിശോധന കൊണ്ടു സുലഭമായെങ്ങും 41


"വെള്ളം കേറുന്നു കൊള്ളാം തര"മിതി കരുതി-
ക്കഷ്ടമായിക്കവർന്നാ-
ക്കള്ളന്മാരെപ്പിടിപ്പാൻ നൃപതിഭടരൊരു-
മ്പെട്ടു പെട്ടെന്നു പോയി
ഉള്ളിൽ ക്രൌര്യം കലർന്നാഖ്ഖലരെ മുഴുവനും
ചെന്നു തത്തൽ ഗൃഹത്തി-
ന്നുള്ളിൽ ക്കേറിപ്പിടിച്ചൂ നെടിയപടുതയാ
തൊണ്ടിയോടൊത്തു തന്നെ 42


മുടങ്ങിടാതർത്ഥചയങ്ങൾ കപ്പാൻ
തുടങ്ങിയോരഖ്‌ഖലതസ്കരന്മാർ
അടങ്ങി കട്ടിഗ്ഗതകൊണ്ടു തെറ്റി-
ത്തടങ്ങളിൽ തട്ടുകളേൽക്കയാലേ 43


വല്ലാത്ത വെള്ളമതിലങ്ങുടമസ്ഥരാരു-
മില്ലാത്ത മട്ടൊഴുകിയോരുമഹാർത്ഥജാലം
ഉല്ലാസമോടഥ പിടിച്ചഥ നീതി പോലെ-
യെല്ലാമിളേശഭടമന്ത്രികൾ വാങ്ങി വച്ചു 44


അക്കം വെട്ടിയ സാധനങ്ങളതുടൻ കണ്ടിട്ടുമോരോ തരം
തർക്കം കൊണ്ടുമറിഞ്ഞു സത്യമുടമസ്ഥന്മാർക്കു മാറ്റം വിനാ
വെക്കം താനഥ നല്‌കി ശിഷ്ടമഖിലം സൂക്ഷിച്ചു രഞ്ചിച്ചു നൽ
തക്കം ചേർന്ന നരാധിനായകനയത്തെറ്റിങ്ങു പറ്റാതെ താൻ 45


കണ്ടാൽ ജ്ജനങ്ങൾ തെളിയും വിധമേവമൊന്നും
രണ്ടാഴ്ചവട്ടമവർ തൽ പ്പണി തത്ര ചെയ്തു
ഉണ്ടായ ദുർഘടമതൊട്ടു തദാ ശമിച്ചു
കുണ്ടായ ദിക്കുകളിൽ നിന്നുമൊഴിഞ്ഞു വെള്ളം 46


മലവെള്ളമൊഴിഞ്ഞു സർവ്വമാത്മ-
സ്ഥലഗേഹങ്ങളിൽ നിന്നിവണ്ണമപ്പോൾ
പലർ ചൊല്ലിയറിഞ്ഞു ലോകരെല്ലാ-
മലസാതങ്ങു ഗമിക്കുവാൻ തുടങ്ങി


സാഹിത്യമയാർദ്ധം കഴിഞ്ഞു


കളകാഞ്ചി


അതിപരുഷപവനഘനവിപുലവർഷത്തിനാ-
ലാർദ്രരായ് മങ്ങീമയങ്ങിയേവം ചിലർ
അവരുടയ കടുകെടുതി കളവതിനു കരുണ കൈ-
ണ്ടാർദ്രാശയരായ് ത്തുടങ്ങി പിന്നെച്ചിലർ


വലിയ ജലഝരമതിലുമഴകിയ നടപ്പുള്ള
വഞ്ചി ബോട്ടെന്നിവയേറ്റം വരുത്തിനാർ
തരമൊടവർ തദനു ബഹുതരണിതരണക്രിയാ-
യന്ത്രതന്ത്രപ്പണിക്കാരെയും കൂട്ടിനാർ


വല വലിയ കയറിവകൾ പലതുമഥ കൈക്കൊണ്ടു
വഞ്ചി കേറിപ്പുറപ്പെട്ടു വേഗാലവർ
പ്രളയജലനിധിസദൃശജലഝരമതിൽപ്പരം
പ്രത്യേകമായ് പരിശോധിച്ചു സർവ്വവും


പല വിധവുമവിടെയുടനുടനൊഴുകുമവകളെ
പ്പാടേ പിടിച്ചവർ വഞ്ചിയിൽ കേറ്റിനാർ
മുഹുരപി ച മുഹുരപി ച ചില ചെറുചികിത്സയാ
മൂർച്ഛാദികളവർക്കുള്ളതു പോക്കിനാർ


പെരിയ ജലഝരനടുവിലവിടെയൊഴുകുന്നവൻ
പെട്ടികൾ കയ്പെട്ടികളലമാരികൾ
വടിവിലിവ ഝടുതി ജലഗതിചതുരരെക്കൊണ്ടു
വഞ്ചിയിൽ ക്കേറ്റിച്ചു വാഞ്‌ഛിച്ച പോലെ താൻ


കനമിയലുമറ പെരിയ പത്തായമെന്നിവ
കഷ്ണ‌മെന്ന്യേ കര ചേർത്തു കെട്ടീടിനാർ
പലതരവുമവകളുടെയുള്ളിലുള്ളർത്ഥങ്ങൾ
പാടെയെടുത്തവർ കേടു തീർത്തീടിനാർ


ഒലിവിലതിഝടുതിവരുമുരുതരശവങ്ങളി-
ലോരോതരം ചേർന്നു കണ്ട പണ്ടങ്ങളെ
സകലമപി സപദിപുനരവർശവമൊടൊന്നിച്ചു
സർക്കാർ പണിക്കാരെയേൽപിച്ചു തൽക്ഷണേ


പുനരമിതസലിലഝരതടഗതതരുക്കൾ തൽ
പൊത്തുകൾ പോതുകൾ വമ്പിച്ച കൊമ്പുകൾ
ഇടിവു പലവിധവുമുളവായ് വന്ന ദേശങ്ങ-
ളില്ലിക്കുടിൽ മൂടിലെന്നിവയൊക്കെയും


നിപുണതരമതികളവർ പിന്നെയും പിന്നെയും
നിഷ്കർഷയാ പരിശോധിച്ചു നോക്കിനാർ
കഠിനതരവിവശതയൊടവിടെയുള്ളോർകളെ
കണ്ടുപിടിച്ചെടുത്താശുകാത്തീടിനാർ


ഒലിവധികമെഴുമമിതസലിലമതിൽ മുങ്ങീടു-
മോലപ്പുരകൾ തൻ മേല്പുര കാണുകിൽ
ഉടനെയവരവയുടയനികടമതിലങ്ങു ചെ-
ന്നുച്ചത്തിലോരോന്നു ചോദിച്ചു നോക്കിയും
ഉദിതബഹുകരുണമൊരുലവമവരൊഴിക്കാതെ-
യോടോലയെന്നിവ നീക്കിയും നോക്കിയും
തദനു ചിലർ തരമൊടതിനുള്ളിലിറങ്ങിയും
തത്ര പലരെയും കണ്ടു കാത്തീടിനാർ


അകവലിവു ചുഴി, യൊലിവു, മലരി, പൊങ്ങുന്നോള-
മറ്റമറ്റെന്നിവ ചേരുമാവാരിയിൽ
അലഘുലഘുതരതരണികരചരണചാരണാ-
ലാശു വാലന്മാർ കളിക്കുന്ന കാണുകിൽ
വിരവിനൊടു വിരുതുപലതഖിലരുമവർക്കേകി
"വിസ്മ‌യം വിസ്‌മയ"മെന്നു ചൊല്ലും ദൃഢം


തരളതരതരണികളുമവരുടെ മതമ്പോലെ
തൽക്ഷണം നില്ക്കും പറക്കും യഥോചിതം
പരമഖിലകരിവരരുമതിപടുതയുള്ള നൽ
പ്പാപ്പാന്റെ ചൊല്പടി നില്ക്കാതെയാകുമോ?


നിപുണതരരവരധികവിഷമദേശത്തിലും
നീന്തിപ്പിടിച്ചീടുമെന്തുമസംശയം
ഇവരുടയ തുണപരമമാവശ്യമായ് ജജ-
ത്തിജ്ജലക്ഷോഭത്തിൽ നിന്നു രക്ഷിക്കുവാൻ


വിജയരുചികലരുമിവർ മറ്റുള്ള സദ്വിദ്യ
വീണ്ടുവിചാരം വെടിഞ്ഞഭ്യസിക്കുകിൽ
അറുതിയതിലിവരിലതിലാഘവം വന്നു പോ-
മത്യന്തകഷ്ടം ജഗത്തിലുമൊത്തിടും


സലിലകൃതപരവശതനിഭൃതമിയലും മഹാ
സാധുക്കളാമിജ്ജനങ്ങളെയൊക്കെയും
മലിനതരസലിലമിതുചുറ്റുമോരോതരം
മാടുകളിൽ ചേർത്തു രക്ഷിച്ചുരക്ഷികൾ


ഉടനെയവരരിവിറകുമുളമുളകു നൽ ക്കയ-
റോലയുപ്പെന്നിവയെല്ലാം വരുത്തിനാർ
അവിടമതിലഥ ഝടിതി കുടിലുകൾ ചമച്ചതി-
ലാശു പാർപ്പിച്ചാരഗതിജനങ്ങളെ


കരുണയെഴുമതിസുകൃതിജനമഗതിയായോർക്കു
കഞ്ഞി വച്ചാശു യഥോചിതം നല്കിനാർ
മഹിതതരസുകൃതിജനചരിതമിതറിഞ്ഞിട്ടു
മന്നവമന്ത്രികൾ സന്തുഷ്‌ടരായ് ഭൃശം


(ഇങ്ങിനെ സുരപതി എന്ന പോലെ)


തൽക്ഷണം ദീനലോകരക്ഷണം നന്നായ് ചെയ്വാ-
നക്ഷമാനാഥഭൃത്യരാലോചിച്ചു
ചേലിൽ ത്തുരുത്താം കുന്നിന്മേലിൽ പാർത്തീടുന്നോരെ
പാലിച്ചു കൊൾവാനാതിഭാരമല്ലൊ
എന്നിത്ര പോരാ പലരൊന്നിച്ചു തിങ്ങിപാർത്താൽ
കുന്നിച്ച രോഗം വന്നു കൂടും നൂനം


ക്ഷാമമുള്ളിവർ തന്റെ താമസമതുമൂലം
താമസം കൂടാതൊന്നു മാറ്റിടേണം
ഒട്ടിനിവൈകീടാതീപ്പട്ടിണിക്കാരെയെല്ലാം
പട്ടണസ്ഥലങ്ങളിൽ പ്പാർപ്പിക്കേണം
സർക്കാരിടങ്ങളെല്ലാമിക്കാരിയത്തിന്നായി
തൽക്കാലമൊഴിക്കേണം തടവെന്ന്യേ


തിങ്ങിന കരുണയോടിങ്ങിനെ നിനച്ചവർ
അങ്ങിനെതാനൊഴിച്ചാരസ്ഥലങ്ങൾ
കേണീടുമജ്ജനത്തെത്തോണിയിൽ കേറ്റിപ്പിന്നെ
കാണി വൈകാതെ ചേർത്താർ പട്ടണത്തിൽ


നൽച്ചേലിൽ സ്ക്‌കൂളുകളും കച്ചേരിസ്ഥലങ്ങളും
ഉൾച്ചേരും കനിവിനോടവർക്കു നല്കി
ആയവരുടെ രക്ഷയ്ക്കായഥ സർക്കാർ മുതൽ
ന്യായമായ് നൃപമന്ത്രിനാഥൻ നല്കി
വസ്ത്രമില്ലാത്തവർക്കു വസ്ത്രമേകിനാരുടൻ
തത്ര നൽക്കഞ്ഞി വച്ചു പരക്കെ നല്കി


ഭഞ്ജിക്കാതേറ്റം രുചി
കഞ്ഞിക്കുണ്ടാവാനവർ
രഞ്ജിക്കും മാറു കറിയൊന്നേകിനാർ
പാരാതായവർ കഞ്ഞി ധാരാളമായ് കുടിച്ചു
പോരായെന്നൊരുവന്നും തോന്നിയില്ല
ക്ഷുത്തടങ്ങിയനേരമത്തലൊന്നൊഴിഞ്ഞവർ
ചിത്തമോദമോടല്പമാശ്വസിച്ചു


മല്ലിട്ടു കള്ളന്മാരെതല്ലിട്ടുമമർത്തീടും
പൊല്ലീസുകമീഷണരങ്ങു ചെന്നു
ശുഷ്‌കാന്തിയോടു കൂടി പേഷ്‌കാരും തത്ര ചെന്നു
തൽ കാര്യനടവടി പരിശോധിച്ചു
അക്കഷ്ട‌കാലക്കേടിൽ കൽക്കട്ടരായുള്ളവർ
ഉൽക്കൃഷ്‌ടകർമ്മം ചെയ്‌തു ജഗത്തു കാത്തു
ആര്യത്വമേറീടുമാകാര്യത്തെ നടത്തുവാൻ
സ്ഥൈര്യത്തോടെത്തീടിനാർ നാട്ടുകാരും
ചിത്തമലിയുന്നവരുത്തമരുത്സാഹികൾ
വിത്തമധികമുള്ളോരിവർ പലരും
താഴ്ചയുമല്പമാത്രം വീഴ്‌ചയും വിട്ടക്കാര്യം
വേഴ്ചയിൽ നടത്തിനാർ വേണ്ടപോലെ
ഉള്ളലിഞ്ഞവർ മലവെള്ളമൊഴിയുവോളം
കള്ളമറ്റേവം ധർമ്മകാര്യം ചെയ്തു


(ഗോപകുമാരക എന്ന പോലെ)


വെക്കം മലവെള്ളപ്പൊക്കം തദാ കണ്ടു തക്കം താനെന്നുറച്ചുചെന്നു
വിക്രമം കാട്ടിക്കൊണ്ടക്രമത്തെ ച്ചെയ്‌ത തസ്‌കരന്മാരെയെല്ലാം


അല്ലിൽ കുടിബ്‌ഭയം തെല്ലിങ്ങു ചേരാത്ത പ്പൊല്ലീസുകാർ പിടിച്ചു പിന്നെ
മല്ലിട്ടുഗ്രമായ് ച്ചൊല്ലീട്ടുമൊട്ടൊട്ടു തല്ലിട്ടും നേരറിഞ്ഞു


ചട്ടമനുസരിച്ചിട്ടഥ വേഗത്തിൽ ക്കട്ടതെടുപ്പിച്ചെല്ലാം - കൊണ്ടി-
ങ്ങോട്ടു വൈകാതെ പോന്നിട്ടുടമസ്ഥർക്കായിട്ടു കൊടുത്തീടിനാർ
മുഷ്കരായ് നീതിയെ ധിക്കരിച്ചീടുമാതസ്‌കരന്മാരെയൊക്കെയും -
നാട്ടിൽ ദുർഘടമൊന്നും വരാതിരിപ്പാൻ വേണ്ടിട്ടുൽക്കടശിക്ഷ നല്കി


ശേഷമുള്ളോരോരോ മോഷണക്കാർ നൃപഭീഷണകർമ്മമതു കേട്ടു
ദോഷമെന്നുള്ളതശേഷവും വിട്ടു നതഭാഷയിൽ പാർത്തു ഭീത്യാ
അജ്ജലപുരനിമജ്ജനത്താൽ കേഴും സജ്ജനമെല്ലാമപ്പോ-
ളേവം ദുർജ്ജനദോഷവിവർജ്ജനത്താൽ ച്ചേർന്ന നൽ ജയം പൂണ്ടു വാണു
അക്കാലക്കേടിലൊലിച്ച പദാർത്ഥങ്ങൾ മുക്കാൽ പിടിച്ചതെല്ലാ-മെണ്ണി
സർക്കാരിലേല്പിച്ചാർ നേരോടു നാട്ടുകാരുൾക്കാളും കാരുണ്യത്താൽ
അക്കങ്ങളെക്കൊണ്ടും തർക്കങ്ങളെക്കൊണ്ടും ചിക്കെന്നു നേരറിഞ്ഞി-ട്ടവ-
യൊക്കേയും നല്‌കിനാർ വെക്കമുടമസ്ഥർക്കുൽക്കടദുഃഖം തീർപ്പാൻ
ഉള്ളമതിഭയം കൊണ്ടെരിഞ്ഞക്കാലം കള്ളരൊഴിഞ്ഞ പോലെ - തന്നെ
തള്ളലോടിങ്ങു വന്നാക്രമിച്ച മലവെള്ളമൊഴിഞ്ഞു മന്ദം
കൂടുമൊഴുക്കിനാൽ ക്കണ്ടം പറമ്പുകൾ വീടുകളെന്നിവയി-ലൊരു-
പാടുകേടുണ്ടാക്കിപ്പോയൊതുങ്ങീ വെള്ളം തോടു പുഴയിവയിൽ 
ആവർത്തനത്തോടൊത്തുഗ്രവിപത്താകുമാവർത്തനത്തിൽ താഴും - ലോകർ 
കൈവർത്തകന്മാർ മുതലായവർ ചൊല്ലീട്ടീവർത്തമാനം കേട്ടു


എന്നുടെ ദേശത്തിലെന്തു വിശേഷമങ്ങെന്നുടെ ദേശത്തിങ്ക-ലെന്താ-
ണെന്നുടൻ ലോകരറിവാനുള്ളാഗ്രഹാലൊന്നു പരിഭ്രമിച്ചു


ക്ലേശമെഴുന്നവർ പിന്നെയുടൻ തത്തദ്ദേശമതിലണവാൻ - പാര-
മാശ വർദ്ധിക്കയാലങ്ങോട്ടു പോകുവാനശയേ നിശ്ചയിച്ചു


സംഗീതമയാർദ്ധം കഴിഞ്ഞു


രണ്ടാം പാദം കഴിഞ്ഞു


മുന്നാം പാദം


ജലനികരമൊഴിഞ്ഞാത്മദേശ-
സ്ഥലമണവാൻ ധനഹീനരജ്ജനങ്ങൾ
ചില മഹിതജനങ്ങളോടു വിത്തം
പല വിധമായഥ വാങ്ങി യാത്ര ചെയ്തു 1


ചന്തം വെടിഞ്ഞ വടിവോടവരങ്ങുമിങ്ങും
സ്വന്തം സ്ഥലങ്ങളിലണഞ്ഞവിടത്തിലെല്ലാം
അന്തം വെടിഞ്ഞപകടങ്ങൾ പിണഞ്ഞു കണ്ടു
പന്തം കണക്കിലെരിയുന്നഴൽ പൂണ്ടു പാരം 2


ഓരോ തരം തത്ര പരം ഭവിച്ച-
ഘോരോരു നാശങ്ങൾ നിമിത്തമായി
ഓരോ വിധം ചിന്ത തുടങ്ങി, നേത്ര-
നീരോടു കൂടി തരസാ ജനങ്ങൾ 3


"ദേവാലയം നവമിദം മമ ഹന്ത വീണു-
പോവാനടുത്തു മലവെള്ളമതിൻ ബലത്താൽ
ദൈവാകൃതിയ്ക്കു ബത കേടുകൾ കാഴ്‌മതില്ല
ദൈവാനുകൂല്യമിതു മറ്റുര ചെയ്വതെന്തോ" 4


ഭൂതാബലീവലിശിഖാവനമെങ്ങു പോയ് നൽ
പാതാളമായവിടെയൊക്കെയുമെന്തു ചെയ്‍വൂ
വാതാഹതോച്ചതരപീവരബോധിവൃക്ഷ-
പാതാലുടഞ്ഞു ദൃഡ്ഢമിസ്സുരഗേഹമയ്യോ 5


"ബാധിച്ചതില്ലിഹ മഹേശ്വരരമ്യബിംബം
ബോധിദ്രുമം നിജശിഖാന്തരവർത്തിയാക്കി
ആധിയ്ക്കു തെല്ലു കുറവുണ്ടിതു കണ്ടനേരം
ബോധിദ്രുമത്തിനുടെ നാമമിദം യഥാർത്ഥം 6


ക്ഷേത്രം പൂജിച്ചീടാൻ മാത്രം നന്നാക്കുവാനുമിതുപാർത്താൽ
അത്ര സഹിക്കാൻ വയ്യാതെത്ര ഭവിയ്ക്കും ധനവ്യയമഹോ 7


ചേലിൽ പ്രഭോ! സുദൃഢനിർമ്മിതസുന്ദരശ്രീ
കോലിൽ ത്തെളിഞ്ഞു വിലസും തവ രമ്യഹർമ്മ്യം
കാലാരിദേവ! ഹര! ഭൂഷണഭൂരിദീപ-
മാലാമനോജ്ഞരുചിപൂണ്ടഹമെന്നുകാണും 8


വെള്ളം ധരിച്ചു മരുവുന്ന വിഭോ ഭവാനു
വെള്ളം ധരിപ്പതിനു വാച്ചൊരു വാഞ്ഛകൊണ്ടോ
വെള്ളം പെരുത്തിഹ തരത്തിൽ വരുത്തി ഞങ്ങൾ-
ക്കുള്ളം തപിപ്പതു മഹേശ! ഗണിച്ചിടാതെ 9


വെള്ളത്തിൽ മുങ്ങി മരുവുന്ന വിഭോ ഭവാനു
വെള്ളത്തിൽ മുങ്ങുവതിനുള്ളൊരു വാഞ്ഛകൊണ്ടോ
വെള്ളത്തെയിങ്ങിനെ പെരുത്തു വരുത്തി ഞങ്ങൾ-
ക്കുള്ളത്തിലുള്ളഴൽ രമേശ! ഗണിച്ചിടാതെ 10


"പള്ളയ്ക്കു വീർപ്പെഴുമിഭാനന! ഭോ ഭവാനു
വെള്ളക്കളിയ്ക്കു കലരുന്നൊരു വാഞ്ഛ‌ കൊണ്ടോ
വെള്ളത്തെയിങ്ങിനെ പെരുത്തു വളർത്തി ഞങ്ങൾ-
ക്കുള്ളത്തിലുള്ളഴൽ ഗണേശ! ഗണിച്ചിടാതെ 11


"ഹാ ഹന്ത ഭൂമിതരയത്നകൃതം ത്വദീയം
ദേഹന്തടിച്ച മലവെള്ളമഹോ! തകർത്തു
മോഹത്തെ നീക്കുവതിനായിനിയെന്റെ ചിത്ത-
ഗേഹത്തിൽ വാഴ്‌ക കമലേശ്വര! സാനുകമ്പം" 12


"കുട്ടിത്തമോടു തറ ഭിത്തികളെന്നിതെല്ലാം
കെട്ടിത്തരത്തിലഥ തീർത്ത ഗൃഹം മമേദം
പൊട്ടിത്തകർന്നിതപതിച്ചു നിലച്ചിടാതീ
മട്ടിൽ ത്തടിച്ച മലവെള്ളമഹാക്രമത്താൽ 13


"നെടിയ മൽഗൃഹമിജ്ജലസഞ്ചയം
ഝടിതി വന്നു മറിച്ചു സമസ്ത‌വും
അടിയിലുള്ളവർ നൽ പ്പൊരിയായിതെ-
പ്പടി സഹിച്ചിടുമുൽക്കടസങ്കടം 14


"പല പൊട്ടുകൾ മൽ ഗൃഹത്തിൽ വന്നീ-
ജ്ജലമിട്ടൂക്കിൽ മറിച്ചിടാതെ പോയി
നിലവിട്ടിതു വീഴുമോ നിനച്ചാൽ
ഫലമൊട്ടില്ലിതുകൊണ്ടിനിപ്പൊളിയ്ക്കാം "15


"കാര്യം മഹാവിഷമമായ് മലവെള്ളമേറ്റം
വീര്യം വളർന്നടിയെടുത്തു കളഞ്ഞു ചുറ്റും
സ്ഥൈര്യം കലർന്നിനി മദീയഗൃഹേ വസിപ്പാൻ
ധൈര്യം വരുന്നതെവനിപ്പുര നിഷ്‌ഫലം താൻ 16


ക്രോധാവേശം കലർന്നീടിന വിധിവിധിയാൽപ്പൊങ്ങിയോരജ്ജലത്തിൻ
ബാധാധിക്യം നിമിത്തം ഗൃഹമിതു ബഹുനാളിങ്ങുമുങ്ങിക്കിടന്നു
ആധാരപ്പെട്ടി പോയീ ബലമെഴുമൊലിവിൽപ്പെട്ടു പെട്ടെന്നു പാർത്താ-
ലാധാരം മേലിലെന്താണിനി മമ ശിവനേ! ഹന്ത ഞാൻ ഭ്രാന്തനാമോ 17


വയ്യാ നിനപ്പാനിഹ മേ രജിസ്‌താർ
ചെയ്യാത്ത ലക്ഷ്യം പലതുണ്ടു പാർത്താൽ
ഇയ്യാകുലത്വം പെടുമെന്റെ ചിത്തേ
തിയ്യാളിടും മട്ടഴൽ പൊങ്ങിടുന്നു 18


ശീട്ടുകളെല്ലാം പോയി നോട്ടുകളെല്ലാം തദ്വാദേവ ശിവ! ശിവനേ 
നോട്ടുകളറിവാനിഹരിക്കാർട്ടുകളുള്ളതുമൊലിച്ചുപോയെല്ലാം 19


മര്യാദയെന്നതു ജനങ്ങൾ പുറത്തു സാധു-
ചര്യാദിയാൽ കിമപി കാട്ടുമകത്തതില്ല
പര്യാകുലത്വമിതുപാർക്കുകിലെങ്ങുനിന്നു
നിര്യാണമേവ വരമെന്നിഹ തോന്നിടുന്നു 20


കുട്ടികളുടെ പൊൻ പണ്ടപ്പെട്ടികൾ പോയതിലിനിക്കു നഹി ഖേദം
ഒട്ടിഹ പണയപ്പണ്ടപ്പെട്ടികളില്ലാതെ പോയതോർക്കുമ്പോൾ 21


വാരാഹരാശി പ്രമുഖം മഹാധനം
ചിരാർജ്ജിതം പൂർവ്വജനങ്ങളാൽ മമ
സ്ഥിരാതുലശ്രീകരമീമഹാംബുവിൽ
ഝരാലുടൻ പെട്ടിയൊടൊത്തൊലിച്ചു പോയ് 22


നിർത്താതെ കണ്ടു പെയ്‌തീടിന പെരുമഴകൊണ്ടാശു വർദ്ധിച്ച വെള്ള-
കുത്താലെ വന്ന ദോഷത്തിനു നഹി മറുകയ്യഷ്‌ടിയും കഷ്ടിയാമേ
വിത്താകെ പോയ് കൃഷിക്കില്ലിനിയൊരുതരമിയ്യാണ്ടിൽ നല്ലൊരു പുത്തൻ
പത്തായപ്പെട്ടി മുഴുവനുമതിലെദ്ധാന്യമെല്ലാം മുളച്ചൂ 23

 

കടുത്ത നീർക്കുത്തിവിടത്തിൽ വന്നൊ-
ട്ടടുത്തു ചുറ്റും പ്രവഹിച്ചു വേഗാൽ
എടുത്തു മണ്ണാസകലം പതിപ്പാ-
നെടുത്തു വീടെങ്ങിനെ വാണിടേണ്ടൂ 24


പാടമൊരേടംകുന്നായ് തോടതു വിട്ടുള്ള ദിക്കു മുക്കാലും
കേടിതു തീർപ്പാൻ ധനമൊരുപാടിഹ വേണം നമുക്കസാദ്ധ്യം താൻ 25


തരത്തിൽ ഫലം തന്നിടുന്നോരടയ്ക്കാ-
മരത്തയ്യുതിങ്ങുന്ന തോട്ടങ്ങളെല്ലാം
നിരത്തോടു പൊട്ടീട്ടൊലിച്ചോരു നീറ്റിൽ
ഝരത്താലുടൻ നഷ്‌ടമായ് കഷ്‌ടമയ്യോ 26


തരക്കേടുകണ്ടാലുമിങ്ങെന്റെ ചെറ്റ-
പ്പുരയ്ക്കീജ്ജലം ചേർത്തതോർത്താലസഹ്യം
വിറയ്ക്കുന്നു ചിത്തം വിഷാദാലുറുമ്പി-
ന്നിറക്കായിൽ വെള്ളം സമുദ്രം നിനച്ചാൽ 27


കുണ്ടായ് കണ്ടമശേഷവും ഫലമരം തിങ്ങുന്ന തോട്ടങ്ങൾ പോയ്
രണ്ടായ് മാളിക പൊട്ടിവീണു പണമൊട്ടില്ലിങ്ങു നെല്ലും തഥാ
കുണ്ടാമണ്ടികളെന്തിതൊക്കെയുമഹം സർവ്വം സഹിച്ചിടുവൻ
കണ്ടാലംബുധികന്യയാകുമവൾ തൻ നാശം മമ ക്ലേശദം 28


മടിച്ചിടാതിങ്ങഹമാശു നീന്തിപ്പിടിച്ചിടും മുമ്പവൾ സുന്ദരാംഗി
തടിച്ച നീർക്കുത്തിൽ മുങ്ങി വെള്ളം കുടിച്ചു ചത്താൾ മമ ദൃഷ്ടിയിൽ 29


ഇനിക്കുറച്ചെങ്കിലുമിങ്ങിരിപ്പാനിനിക്കു കാമം ഹൃദയത്തിലില്ല
ജനിക്കുമെങ്ങായവളങ്ങുചെന്നു ജനിക്കുവാനേ കൊതിയുള്ളൂ നൂനം 30


പങ്കജശരഹര! ഹരശങ്കര! ശിവ! ശിവ! ശശാങ്കചൂഡമൃഡ-
കിങ്കരനാമടിയനെഴും സങ്കടമിതു സപദി സംഹരിച്ചാലും 31


വടിവിലഗതികൾക്കു ചേർന്ന ചെറ്റ-
ക്കുടികൾ തകർന്നു മരക്കിഴങ്ങു തീർന്നു
നെടിയ ബഹുവിപത്തതിൽ ജ്ജനാനാം
പിടിപിടിയെന്നു ഗദങ്ങൾ വന്നു കൂടും 32


കുത്താനുണ്ടതിശീലമെങ്കിലുമാഹാവല്ലാതെ വർദ്ധിച്ച നീർ-
ക്കുത്താൽ ത്തോണി മറിഞ്ഞു നമ്മുടെ പടിയ്ക്കൽ തന്നെതാണൂ ജവാൽ
പത്താളൊത്തു മരിച്ചു പോയുടനെയാപ്രേതങ്ങൾ ബാധിച്ചിടാ-
നെത്താതെ വരികില്ലതെന്നുമിവിടേയ്ക്കത്യുൽക്കടം ദുർഘടം 33


തരിപോലുമില്ല ധനമിങ്ങു തെല്ലുമി-
ല്ലരി നെല്ലു ചാമ തവിടെന്നിതൊന്നുമേ
പരിചോടു സാന്ത്വമുരചെയ്വതിന്നുമി-
ല്ലരികത്തൊരാൾ പെരിയപാപശക്തിയാൽ 34


പുര വീണു പോയി മലവെള്ളശക്തിയാൽ
തരസാ പറമ്പു കുളമായ് ചമഞ്ഞുമേ
തരമറ്റു ചെയ്ത‌മരകന്ദഭോജനാൽ
തരസാതിസാര ഗദമാണിനിയ്ക്കിഹ 35


ജനനിക്കു സമ്പ്രതി വയസ്സൊരെണ്‌പതായ് ജനകന്നു നൂറിലധികം കുറഞ്ഞിടാ
നിനവറ്റു നീറ്റിൽ മൃതനായി മൂത്തവൻ തനയൻ ശിശുക്കൾ പരമന്യരായവർ 36


ഒരു ഭാര്യ പെറ്റു വഴി തന്നിൽ മറ്റവൾ-
ക്കുരുകമ്പമംബുമൃതപുത്രചിന്തയാ
കരുതേണ്ടതെന്തിവിടെയോർക്കിലൊക്കെയും
വരുമേവരേണ്ടതിതുതാനുറപ്പുമേ 37


നെല്ലില്ല കഷ്ടമതിവൃഷ്ടിജലാക്രമത്താൽ
പുല്ലില്ല ചാമ പയറെന്നിവയൊന്നുമില്ല
തെല്ലില്ല കായ തരു തൻ മുകൾ തന്നിലെങ്ങും
കില്ലില്ല ദുഃഖമിതുതീരുകയില്ല നൂനം 38


തീപ്പെട്ടു പോയി കുലശേഖരഭൂമിപാല-
നീപ്പെട്ട സങ്കടമൊരാളിനിയാരുയാരുനീക്കും
മേൽപോട്ടു നോക്കിടുകിൽ മാനമശേഷനൃണാം
കീഴുപോട്ടു നോക്കിടുകിലങ്ങിനെ തന്നെ ഭൂമി 39


വെള്ളം പൊങ്ങുകിലെത്ര പൊങ്ങിടുമകത്തേയ്ക്കായ് കടക്കില്ലിതെ-
ന്നുള്ളത്തന്നിൽ നിനച്ചു പയ്ക്കളെയകത്താക്കീടിനേനൊക്കെയും
കള്ളം വിട്ടഥ ധൈര്യമോടു സുഖമായ് ത്താനൊട്ടുറങ്ങും വിധൌ
വെള്ളം പൊങ്ങിയകത്തണഞ്ഞുടൽ നനഞ്ഞിട്ടങ്ങുണർന്നേനഹം 40


ഒരു വഞ്ചിയുണ്ടവിടെയപ്പോളായതിൽ
ഗുരുവൃദ്ധബാലതരുണിജനങ്ങളെ
പെരുകും പ്രയാസമോടെടുത്തു കേറ്റി ഞാ-
നൊരുകുന്നിലാക്കി വലുതായ സംഭ്രമാൽ 41


മടിച്ചിടാതാശു തിരിച്ചു വന്നാ
തടിച്ച വെള്ളത്തിലകത്തു ചെന്നേൻ
കുടിച്ച നീർ കൊണ്ടുടൽ വീർത്തു കൈ കാ-
ലടിച്ചിടുന്നു മമ പൈക്കളപ്പോൾ 42


ഉടനെ കയർ മുറിച്ചേൻ കെട്ടഴിച്ചീടുവാനി-
ല്ലിട, പുനരതുകൊണ്ടും സാദ്ധ്യമുണ്ടായതില്ല
കടപടചടനാദത്തോടു കൈകാലടിച്ചുൽ
ക്കടതരദുരിതാൽ മേ ചത്തു പോയ് പൈക്കൾ പത്തും 43


മോഹത്താലാശു താൻ സ്വീയദേഹത്തെക്കാത്തുകൊള്ളുവാൻ
ഗേഹത്തിൽ വെച്ചു താനേവം ഗോഹത്യകൾ നടത്തി ഞാൻ 44


നരകയാതനകൊണ്ടിനി മേലിലേ മകരതൻഗതി കല്പശതം വരെ
'ഹരി ഹരാശ്രിതവത്സല! പാർവ്വതീവര! ജടാധരി ശങ്കര! പാഹി മാം 45


അനന്തസന്താപഭരേണനാനാജനന്തദാദീനതയോടുകൂടി
മനം തളർന്നങ്ങു നിനച്ചതെല്ലാമനന്തനും ചൊല്ലുകയില്ല നൂനം 46


പ്രളായാബ്ധിസമാംബുപുരസംഗാലുളവായ് വന്ന വിപത്തുകൊണ്ടിവണ്ണം
വളരുന്നഴൽ പൂണ്ടു ലോകരെല്ലാമളവെന്യ ബഹുചിന്ത പൂണ്ടു വാണൂ 47


മന്നവേന്ദ്രസചിവേന്ദ്രരപ്പൊഴാദീനർ തന്നുടെ വിപത്തറിഞ്ഞുടൻ
ഹാനി വന്ന കുടി തീർത്തു നല്‌കുവാൻ പ്ലാനിടുപ്പതിനയച്ചു കല്പന 48


കരുത്തേറിടുന്നീബഹുജനവിപത്തിന്റെ ശമനം
വരുത്താൻ കൂട്ടേണം ധനമധികമെന്നോർത്തു സചിവർ
ചുരുക്കി മറ്റെല്ലാവ്യയവുമിതിനൊന്നിന്നധികമാ-
യൊരുക്കീധാരാളം ധനമുചിതമായ് ഭൂരികരുണം 49


ഭൂരിശ്രീപുണ്ടഭൂപതിയുടയമഹാമന്ത്രി കല്പിക്കയാലുൾ
ത്താരിൽ ചേരുന്ന കാരുണ്യമൊടുടനെ തദാ ഭൃത്യരത്യാദരേണ
വാരിക്കുത്തേറ്റു വീണീടിന കുടി മുഴുവൻ കോട്ടമില്ലാതെ തീർത്താ-
ദാരിദ്ര്യക്കാർക്കു നല്‌കാനധികമുചിതമാം പ്ലാൻ ചമച്ചങ്ങയച്ചാർ 50


കവികളതിയായ് ചൊല്ലും മട്ടായിതെന്നൊരു സംശയം
കവിയുമകമോടെല്ലാം നോക്കീട്ടമാത്യരനന്തരം
അവിടെയവിടെച്ചെന്നിട്ടെല്ലാം തിരിച്ചഥ പാർത്തു പാ-
ർത്തവികലമിദം സത്യം താനെന്നുറച്ചു തിരിച്ചു പോൽ 51


മടങ്ങി വന്നിട്ടഥ തെല്ലു പോലും അടങ്ങിടാത്തനസങ്കടത്തെ
ഉടൻ നശിപ്പിപ്പതിന്നായ് പ്രയത്നം തുടങ്ങിനാർ മന്ത്രികുലോത്തമന്മാർ 52

 

മുള കയർ പല കുറ്റിയോല വയ്ക്കോ-
ലളവും വെടിഞ്ഞിവ ശേഖരിച്ചു കൊൾവാൻ
കളവുകൾ മുഴുവൻ പിടിച്ചു ദൂരെ-
ക്കളയുമവർക്കവരാജ്ഞ നല്‌കി പോലും 53


ഇപ്പോഴാപത്തിതുമരിവില്പോർ തൻ മട്ടുമോർത്തു സചിവന്മാർ
കെല്പോടുരുതരമായരിഡിപ്പോ വെയ്ക്കുന്നുവെന്നു കേൾക്കുന്നു 54


ഇക്കാരിയത്തിലതിയാമുചിതം പ്രയത്നം
സർക്കാരിനുള്ളവിധമുത്തമനാട്ടുകാരിൽ
തൽക്കാലമുണ്ടൊരുവനെങ്കിലുമെന്നുതെല്ലു-
മിക്കാലമില്ലറിവിനിയ്ക്കിനിമേലിലെന്തോ? 55


ഘനകൃതബഹുവർഷവാരികൊണ്ടീ
ജ്ജനമഖിലേശ്വര!തപ്‌തരായിവണ്ണം
അനിതരഗതിയായ് ചമഞ്ഞു ഹാ ഹാ
കനിയുക തെല്ലിനിയെങ്കിലും ദയാലോ 56


ബലിമഖമഥനാബ്ജനാഭ! വി‌ഷ്ണോ!
കലിഹരരാമഹരേ! മുകുന്ദ! കൃഷ്ണാ!
കലിയിതിലഹമിത്വദീയനാമാ-
വലികൾ ജപിച്ചു നമിച്ചു വാണിടുന്നേൻ 57


കൃഷ്ണഗാഥ


വെള്ളമൊഴിഞ്ഞു പോയാറ്റിലൊതുങ്ങിയെ-
ന്നുള്ളതു കേട്ടിട്ടലോകരെല്ലാം
തള്ളയും തന്തയും ഭാര്യയും ഭർത്താവും
പിള്ളരുമൊന്നിച്ചു യാത്രയായി


ശ്രാന്തന്മാരായ് ചിന്താക്രാന്തന്മാരായ് മുഴു-
ഭ്രാന്തന്മാരായ് തീർന്നോരജ്ജനങ്ങൾ
ശാന്തന്മാരോടർത്ഥമർത്ഥിച്ചു വാങ്ങിച്ചു
താന്തങ്ങൾ പാർത്തോരു നാട്ടിലെത്തി


ഓരോരോ ദേശത്തിൽ കേറിമലവെള്ള-
മോരോവിധം ചേർത്ത കേടുകളെ
നേരേയവർ കണ്ടു മാഴ്‌കിയും ലോചന-
നീരേറെത്തൂകിയും ചിന്ത ചെയ്തു


ഇക്കാലക്കേടിലിപ്പൊങ്ങിയവെള്ളത്താൽ
മുക്കാലുമമ്പലം വീണു പോയി
തൽക്കാലം നിൽക്കുമാശ്രീകോലടിയ്ക്കുറ-
പ്പൊക്കാതുടൻ തന്നെ വീണീടുമോ?


ഉള്ളിൽ ക്കടന്നിനി പൂജിയ്ക്കുവാൻ ധൈര്യ-
മുള്ളിൽ ദൃഢമാർക്കുമുണ്ടാകില്ല
തള്ളിക്കടന്നൊരു വെള്ളമെന്മാനസം
പൊള്ളിയ്ക്കുന്നു പാരം തിയ്യു പോലെ


അമ്പലത്തിൽ ചുറ്റുകുണ്ടായെകന്നായ് പോ-
യമ്പലം തന്നിലെ തീർത്ഥക്കുളം
അമ്പമ്പ ഘോരമാം ദുഃഖമിതേവർക്കും
കമ്പം പിടിപ്പിയ്ക്കും നിശ്ചയം താൻ


വല്ലാതെ വേണ്ടി വരും ചിലവിക്ഷേത്ര-
മെല്ലാം പൊളിച്ചു പണിഞ്ഞീടുവാൻ
ഇല്ലാ വകയിപ്പോളുണ്ണാനും കണ്ടത്തിൽ
തെല്ലാകിലും ധാന്യമില്ലായ്‌കയാൽ


കോട്ടമറ്റിങ്ങു ഫലങ്ങളെ നല്കിയും
വാട്ടമില്ലാതെയും ഭംഗിയോടെ
കൂട്ടമായോരോരോ വൃക്ഷങ്ങൾ നിൽക്കുന്ന
തോട്ടമീവെള്ളത്തിലെല്ലാം പോയി


ഹന്ത വലിയോരീസ്സങ്കടം ദുസ്സഹം
ചിന്തയാം വൻ തീയ്യിൽ ജ്വാലയാലെ
വെന്തുരുകീടുന്നു മാനസമേറ്റവും
എന്തു ഞാൻ ചെയ്യേണ്ടു ഹാ ഹാ കഷ്‌ടം


മണ്ണൊരു ദിക്കിൽ നിന്നേറ്റമെടുത്തിട്ടും
മണ്ണൊരു ദിക്കിലധികം ചേർത്തും
വന്നിഹ ചാടിയോരീവെള്ളം പാടങ്ങ-
ളൊന്നിനും കൊള്ളാതെയാക്കിത്തീർത്തു


കട്ടിയിൽ തന്നെ നൽ കല്ലു ചെത്തിചേർത്തു
കെട്ടിയുറപ്പിച്ച നൽത്തറയിൽ
മുട്ടികളീവെള്ളകുത്തിലടിയ്ക്കയാൽ
പൊട്ടി മറിഞ്ഞെന്റെ വീടു വീണു


ഇത്രയും നന്നായൊരുവീടു നിർമ്മിപ്പാ
നെത്രയോ വിത്തം ചിലവിടേണം
അത്ര ഭുജിപ്പാനുമിപ്പോൾ വകയില്ല
കുത്ര പോയ് പാർത്തീടും മൽകുടുംബം


കിട്ടിയില്ലൊന്നുമിരന്നിട്ടിനിക്കെന്നു
പൊട്ടിയ നെഞ്ചോടുരപ്പാറായ് മേ
മഞ്ഞു വൈൽ മാരിയിതൊക്കെയുമെൻ കൊച്ചു
കുഞ്ഞുങ്ങളെങ്ങിനെ കൊള്ളുമയ്യോ?
നെഞ്ഞുരുകീടുന്നു പാർക്കുവാൻ വയ്യേതും
നഞ്ഞു തിന്നാശു മരിച്ചെങ്കിലോ


വല്ലാതെ വെള്ളമൊലിക്കയാലെൻ പറ-
മ്പെല്ലാമൊരൂക്കൻ പുഴയായ് തീർന്നു
വല്ലവണ്ണമൊരു ചെറ്റപ്പുര കെട്ടാ-
നില്ലാ നമുക്കൊരു ഭൂമിയിപ്പോൾ
പള്ളയിലൊന്നുമേ ചെല്ലായ്ക കാരണം
പിള്ളകൾ വല്ലാതെ കേണിടുന്നു
പിള്ളകൾ കേണു വലയുന്നതു കണ്ടു
തള്ളകളേറ്റം കരഞ്ഞിടുന്നു


പൊങ്ങി വന്ന മലവെള്ളത്തിലൊക്കെയും
മുങ്ങി നശിച്ചതു കാരണത്താൽ
ഇങ്ങിനേയുള്ളോരു സങ്കടത്തിൽ പെട്ടേ-
നെങ്ങിനെ മേലിൽ കഴിച്ചിടേണ്ടൂ


ബാലകർ വെള്ളത്തിൽ ത്താഴുമ്പോളിങ്ങുടൻ
ശീലഗുണമുള്ളെൻ കാന്ത ചാടി
ചാലവെത്താനുമങ്ങപ്പോൾ ത്താൻ ചാടിനേൻ
കാലനും ദുഷ്‌ടനാമെന്നെ വേണ്ട


എന്നെയരികത്തു കാണായ്‌കിലപ്പോഴേ
തന്നെയൊരുന്മേഷലേശമെന്ന്യേ
ഖിന്നരായേറ്റമുഴലുമബ്ബാലരും
കന്നൽ മിഴിയാകും വല്ലഭയും
മുങ്ങിപ്പോയിഷ്ട‌നാമെന്നോടു വേർ പിരി-
ഞ്ഞെങ്ങിപ്പോൾ ചെന്നു വസിച്ചിടുന്നൂ
അങ്ങിപ്പോൾ ത്താൻ ചെന്നു ചേരുവാനാഗ്രഹം
തിങ്ങിപ്പൊങ്ങീടുന്നൂ മാനസേ മേ


ശർമ്മം നമുക്കേകുമായവർ തൻ ശുഭ-
കർമ്മങ്ങളും ശുദ്ധധർമ്മങ്ങളും
നർമ്മങ്ങളുമിപ്പോളോർക്കുമ്പൊളെന്നുടെ
മർമ്മങ്ങളൊക്കെത്തകർന്നിടുന്നൂ


കാണുവാൻ കൂടിക്കഴിയാത്തവരൊത്തു
വാണു രമിയ്ക്കുവാനിച്ഛിക്കും ഞാൻ
കേണു മഹത്താം വിപത്താം സമുദ്രത്തിൽ
താണു പോയീടുന്നേൻ കഷ്ട‌മയ്യോ


മാടുകളാടുകൾ പാത്രങ്ങൾ നൽ ഭംഗി
കൂടുമുരുതര പൊൻ പണ്ടങ്ങൾ
വീടു പറമ്പിവയൊക്കെയുമായവ-
രോടു താൻ കൂടെപ്പോയ് ശേഷിച്ചു ഞാൻ


കണ്ടങ്ങൾ നല്ല പറമ്പുകൾ പാത്രങ്ങൾ
പണ്ടങ്ങൾ ശീട്ടുനോട്ടെന്നിവകൾ
പണ്ടങ്ങുമിങ്ങും നിന്നാർജ്ജിച്ചതൊക്കെയും
കൊണ്ടങ്ങുപോയ് മലവെള്ളം മമ


മിത്രവിനാശവും ഭാര്യാവിനാശവും
പുത്രവിനാശവുമെന്തുസാരം
മിത്രപുത്രാദികളെല്ലാം പുനരുണ്ടാ-
മത്ര പെരുത്തർത്ഥമുണ്ടെന്നാകിൽ


കഷ്ടമേ നമ്മുടെ ജീവനേക്കാളേറ്റ-
മിഷ്ടമായീടുന്ന വിത്തമെല്ലാം
നഷ്ടമായെന്നതു കാരണമോരുമ്പോ-
ളഷ്ടമത്തിൽ ശനിയെന്നു നൂനം


കേറുമീവെള്ളത്തിൻ കുത്തിൽ പതിച്ചിടാ-
താറുപുരകളുണ്ടിദ്ദേശത്തിൽ
ആറുമൊന്നും കൂടിയുണ്ടെൻ ദേശത്തിങ്കൽ
നീറുമിതോർക്കുമ്പോൾ ചിത്തമാർക്കും


പണ്ടാരും കേൾക്കാതുള്ളീവെള്ളത്തള്ളിച്ച
കൊണ്ടാശു ലോകത്തിലെല്ലാടവും
ഉണ്ടായ് വന്നാപത്തീതോർക്കുമ്പോളെത്ര നാൾ
കൊണ്ടാകെതീരുമതാർക്കറിയാം


ഈ നദീവേഗത്തിലിദ്ദിക്കിൽ വന്നോരു
ദീനഭാവം മഹാതുച്ഛം തന്നെ
മാനവരയ്മ്പതിനായിരം ചത്തു പോൽ
ചീനയിൽ വെള്ളത്തിൽ പൊക്കത്താലേ


പാന


ഈശൻ തന്നുടെ കാരുണ്യാൽ മൽഗേഹേ
ലേശം പോലുമൊരുകേടുമില്ലഹോ
ക്ലേശം ചെറ്റല്ല മറ്റുള്ളവർക്കെല്ലാം
നാശം ചേർത്തോരു വെള്ളത്തിൻ പൊക്കത്താൽ


എട്ടു നാളിൽ കുറയാതെ നീറ്റിലുൾ
പ്പെട്ടു മുങ്ങിക്കിടന്നു ഗൃഹം മമ
പൊട്ടുതൊട്ടുള്ള കേടുകളെന്നിട്ടു-
മൊട്ടുമേ ഭവിയ്ക്കാഞ്ഞതത്യത്ഭുതം


ചുറ്റുമിങ്ങും പുറത്തും ഭവനങ്ങൾ
മുറ്റുമീനീറ്റിൽ വീണു കിടക്കുന്നു
ചെറ്റുപോലുമൊരുകേടിഗ്ഗേഹത്തിൽ
പറ്റുവാനിടയായതില്ലെന്തഹോ


ഇന്നു പാർക്കുമ്പോൾ ദുസ്സഹമാം തണു-
പ്പൊന്നുമാത്രമിവിടത്തിലുണ്ടെങ്ങും
എന്നിതുകൊണ്ടൊരാൾ ക്കുമിവിടത്തിൽ
വന്നിരിപ്പുറപ്പിപ്പാൻ തരമില്ല


വല്ലാതെയുള്ളോരീയറപ്പല്പവും
ഇല്ലാതാകുവാനായിവിടത്തിങ്കൽ
തെല്ലായിടാതെ ധാരാളം തിയ്യിലി-
ട്ടെല്ലാദിക്കിലും കത്തിയ്ക്കേണം നിത്യം


പത്തിരുപതുനാളേവം നന്നായ് ത്തീ-
കത്തിയെങ്ങുമേ ചൂടുകേറീടുകിൽ
ഇത്തിരിപോലുമീറപ്പില്ലാതാമി-
ങ്ങൊത്തിരുന്നീടാം പിന്നെയെല്ലാവർക്കും


കുണ്ടാകട്ടെ കുഴിയാകട്ടെയൊന്നു-
മുണ്ടായിട്ടില്ല മുമ്പെൻ പറമ്പിതിൽ
തണ്ടാർ മാതിൻ പ്രസാദത്താലൊക്കെയും
കണ്ടാൽ മുമ്പിലെപ്പോലെകിടക്കുന്നു


തള്ളിയേറ്റവും പൊങ്ങിയിശ്ശേഹത്തി-
ന്നുള്ളിലേയ്ക്കു പെരുത്ത മലവെള്ളം
തുള്ളിവേഗത്തിൽ ക്കേറുന്ന നേരത്തിൽ
ഉള്ളിലെല്ലാരും വല്ലാതെ പേടിച്ചു


കുണ്ടാകട്ടെ കുഴിയാകട്ടെയൊന്നു-
മുണ്ടായിട്ടില്ല മുമ്പെൻ പറമ്പിതിൽ
തണ്ടാർ മാതിൻ പ്രസാദത്താലൊക്കെയും
കണ്ടാൽ മുമ്പിലെപ്പോലെകിടക്കുന്നു


ഒന്നോരണ്ടോ ഞൊടിയ്ക്കുമീവീട്ടിൽ
നിന്നോടേണമെന്നാശ മുഴുക്കയാൽ
അന്നൊരു ബാലൻ തന്നെ മറന്നതിൽ
വന്നോരാപത്തുമാത്രമേയുള്ളൂ മേ


ഞെട്ടുമാറിടി വെട്ടുന്ന ശബ്ദവും
മട്ടുമൊച്ചയൊന്നുണ്ടിതാ കേൾക്കുന്നു
പൊട്ടുപറ്റുന്നു തെക്കെച്ചുമരിങ്ങോ-
ട്ടൊട്ടുമേ വൈകീടാതോടിപ്പോകേണം


വേഗമോടിതാബ്‌ഭിത്തി പൊട്ടിത്തെക്കേ-
ബ്ഭാഗമെല്ലാം മറിഞ്ഞു വീണിടുന്നു
ഭാഗധേയാൽ പുറത്തേയ്ക്കിറങ്ങുവാൻ
ശ്രീ ഗളിച്ചോരിനിയ്ക്കൊട്ടിട കിട്ടി


ആരിപ്പോളൊരു കുട്ടിയെ കൈകൊണ്ടൈൻ
നേരിട്ടേകനടുത്തു വന്നീടുന്നു
ഒട്ടുമേ വാദമില്ലിഹ മുമ്പു ഞാൻ
ഇട്ടുപോയൊരുകുട്ടിയാണിക്കുട്ടി


ഒട്ടിളക്കമില്ലെന്നുറച്ച ഗേഹം
പൊട്ടിവീണു നശിച്ചു സമസ്‌തവും
കുട്ടിപോയെന്നു തന്നെ വിചാരിച്ച
കുട്ടിയെ വക്രം ദൈവവിചേഷ്ടിതം


കെട്ടിയോൾ ക്കിനിയാശ്വാസമാം പോയാ
കുട്ടിയെദ്ദൈവാൽ കിട്ടിയ കാരണാൽ
പയ്ക്കളൊക്കെയും ചത്തിട്ടൊരു വക
മക്കളൊക്കെ മരിച്ചിട്ടൊരു വക
വെക്കമേറെക്കുലയ്ക്കടുത്തത്തെങ്ങിൻ
തയ് ക്കളായിരം പോയിട്ടൊരു വക


കയ്ക്കലുണ്ടായിരുന്ന മുതലെല്ലാം
നൽ ക്കയങ്ങളിൽ ത്താണിട്ടൊരുവക
കേടുപാടുകളില്ലാത്ത കണ്ടങ്ങൾ
തോടുകളായിക്കണ്ടിട്ടൊരുവക


കേടുപാടുകളില്ലാത്ത കണ്ടങ്ങൾ
മാടുകളായിക്കണ്ടിട്ടൊരുവക
മാടുകൾ തന്നെക്കാണാഞ്ഞൊരുവക
ആടുകൾ തന്നെക്കാണാഞ്ഞൊരുവക


ചോടുപൊട്ടിപ്പതിയ്ക്കും മരമേറ്റു
കേടുവല്ലാതെ പെട്ടിട്ടൊരുവക
ശീതം കൊണ്ടു വിറച്ചിട്ടൊരുവക
വാതം കൊണ്ടു മൈ കോച്ചീട്ടൊരുവക


പ്രേതം വന്നു പിടിച്ചെങ്കിലോയെന്നു
ചേതസ്സിൽ ബ്‌ഭയപ്പെട്ടിട്ടൊരുവക
ചത്തകാന്തനെയോർത്തോർത്തോരുവക
ചത്തകാന്തയെയോർത്തോർത്തോരുവക
ചത്തതള്ളയെയോർത്തോർത്തോരുവക
ചത്തമാതുലഭാഗിനേയന്മാരെ
ചിത്തതാരിൽ നിനച്ചിട്ടൊരുവക
വിത്തമെല്ലാം നശിച്ചിട്ടൊരുവക
വിത്തശേഷം നശിച്ചിട്ടൊരുവക
കാത്തുരക്ഷിച്ച കാളകൾ മൂരികൾ
പോത്തുകളിവ ചത്തിട്ടൊരുവക
ആത്തരം നോക്കിക്കള്ളന്മാർ കായകൾ
മൂത്തതെല്ലാം കവർന്നിട്ടൊരുവക


കണ്ടങ്ങളിൽ വിതപ്പാൻ തരമൊന്നും
കണ്ടെത്തായ‌ മൂലമൊരുവക
പണ്ടം പോയിട്ടും മറ്റും പല വിധം
കിണ്ടം പറ്റീട്ടും ഖേദിച്ചൊരുവക
കേടു ലോകർക്കു ചേരാതെ വേണാടു
നാടു കാക്കുന്ന മൂലവഞ്ചീശ്വരൻ
നാടു നീങ്ങിയതോർത്തോർത്തു ചേതസി-
കൂടുമാടൽ സഹിയ്ക്കാഞ്ഞൊരുവക
ഇത്തരമാപത്തോരോന്നുചേർന്നവ-
രത്തലോടെ പല തരം ചിന്തിച്ചു
ഉത്തമന്മാർ വിപത്തോരോന്നന്ന്യന്മാർ
ക്കൊത്തതോർത്തു വിഷാദിച്ചു ഖേദിച്ചു


പറയൻ തുള്ളൽ


ഇങ്ങിനെ നാട്ടുകാർക്കുള്ളിൽ തിങ്ങിന സങ്കടം തീർപ്പാൻ
ഭംഗമെന്ന്യേനൃപമന്ത്രിപുംഗവന്മാർ പുറപ്പെട്ടു
ധീരരാകുന്ന പേഷ്‌കാരന്മാരഥ കീഴിലുള്ളോരും
വീരരാകും കലേക്കട്ടർ മ്മാരഥ കീഴിലുള്ളോരും
ഒക്കെയുമൊത്തുടനോരോദിക്കുകളിൽ ചെന്നുനോക്കി
ഉൽക്കടമജ്ജനക്ലേശം മിക്കവാറും കണ്ടറിഞ്ഞു
ഭൂരിവാരിപ്രവർഷത്താൽ പാരിലെല്ലാജ്ജനങ്ങൾക്കും
നേരിൽ വന്ന വിപത്തെന്നാക്കാരിയം ലേഖനം ചെയ്തു
മടി കൂടാതെ തീർക്കേണ്ടും കുടികൾ താൻ പ്ലാനെടുത്തു
വിടവോടായതെല്ലാം മേൽവടിയിലേയ്ക്കങ്ങയച്ചു


ക്ഷിതിപാമാത്യവര്യന്മാർ മതിയിൽ ശ്രദ്ധയോടേറ്റം
അതിലുള്ള വിശേഷങ്ങളതിവേഗം നിരീക്ഷിച്ചു
അലസത്വം കരാതസ്ഥലമെല്ലാറ്റിലും ചെന്നു
പല ജാതി വിപത്തെല്ലാം നലമോടേ കണ്ടറിഞ്ഞു
കരയില്ലാതെ കാരുണ്യം കരളിൽ പൂണ്ടവരെല്ലാം
തരസാ ദീനരക്ഷയ്ക്കു തരമെന്തെന്നു ചിന്തിച്ചു
സ്വയമർ ത്ഥത്തിനായന്ന്യവ്യയമെല്ലാം നീക്കിവെച്ചു
ദയയേറുന്നവർ വേണ്ടും നിയമങ്ങൾ നിശ്ചയിച്ചു
സുചിരമശരണലോകരക്ഷണമുചിതമായഥ ചെയ്യുവാൻ
രചിതമാകിയ ലേഖ്യമഴകിയ സചിവരവർ നല്കിനാൻ
വിളയുമതികൃപയോടു ഭടരഥ കളവു ലേശവുമെന്നിയേ
മുളകളോലകൾ കയറിതൊക്കെയുമളവുവിട്ടു വരുത്തിനാർ
നലമൊടൊരുവക വേണ്ടതാം പണി പലതരം നിയമിച്ചുടൻ
ബലമിയന്നജനത്തിനതിലഥ ചിലവിനായ് വക നല്കിനാർ
അനിതരാശ്രയജനമതിൽ ബഹുകനിവിയന്നഥ മന്ത്രികൾ
ഇനിയുമെന്തിഹ വേണമെന്നതു തനിയെ നിനച്ചു തുടങ്ങിനാർ


മാലോകർക്കെല്ലാർക്കും വന്ന വിപത്തിനാൽ
മാലോരോമാതിരിയായ് ചേർന്നതും
കാലോചിതം ന്യായഹീനകച്ചോടവും
ആലോചിച്ചാനൃപമന്ത്രീന്ദ്രന്മാർ
കെല്ലോടു (വൻ കെതി) കേട്ടു വന്നുൾപ്പെട്ടു
നില്ലോരു ദേശങ്ങൾ തന്നിലെല്ലാം
അപ്പോഴേ വേണ്ട മട്ടോരോതരമരി-
ഡിപ്പോ നിയമിച്ചാർ നീക്കമെന്ന്യേ
തെറ്റു വന്നീടാതെ ദുർഗതിക്കാർക്കെല്ലാം
കൊറ്റു കഴിയ്ക്കുവാൻ വേണ്ട പോലെ
ചെറ്റു പേരറ്റ വില കുറച്ചിട്ടരി
വിറ്റു തുടങ്ങിനാർ ദേശം തോറും
പക്ഷഭേദം വെടിഞ്ഞിങ്ങിനെ മന്ത്രീന്ദ്ര-
ഭക്ഷണരീതി തൻ മാഹാത്മ്യത്താൽ
ഭക്ഷണമെങ്ങും ലഭിച്ചിട്ടഗതികൾ
തൽക്ഷണമേറ്റവും സന്തോഷിച്ചു


സംഗീതമയാർദ്ധം കഴിഞ്ഞു


മൂന്നാം പാദം കഴിഞ്ഞു


നാലാം പാദം


തെക്കൻ കർണ്ണാടരാജ്യേ തെളുതെളെ വിലസും നേത്രവത്യാഖ്യ തന്നിൽ
പൊക്കം പൂണ്ടുള്ള വെള്ളം പുഴയുടെ സവിധേ നാട്ടിലൊട്ടുക്കു കേറീ
പക്കം ചേർന്നൊത്തു വാഴുംബഹുലജനമെഴും ബാന്റവ്വാളിന്റെ ചുറ്റും
വെക്കം വെള്ളം നിറഞ്ഞു പുനരതൊരുതുരുത്തിന്റെ മട്ടായ് ചമഞ്ഞു 1


വെക്കമീഗ്ഘോരവർഷാൽ പതിന്നാലടി
പൊക്കമായീ ജലം തൃച്ചനാപള്ളിയിൽ
കർക്കടം തന്നിൽ മൂന്നാം ദിനത്തിങ്കലാ
ണുൾക്കടപേത്തുണ്ടാ(യതാ)ഭൂമിയിൽ 2


ചന്തമോടെ നടത്തുന്ന ചിന്താമണി
ചന്ത തന്നിൽ കഴുത്തോളമായീ ജലം
ഹന്ത! റോഡൊക്കെയും മുങ്ങി വല്ലാതെഴും
ചിന്തയാ നിന്നു തീവണ്ടി തീരെ ത്തദാ 3


രണ്ടുണ്ടു കോളേജുകളങ്ങു വെള്ളം
കൊണ്ടുത്ഭവിച്ചു വലുതായ ദോഷം
തെറ്റന്നു താൻ തത്ര പഠിപ്പു പൊങ്ങീ
മുറ്റം നിറഞ്ഞംബു മുലയ്ക്കു മീതെ. 4


കോളിറൂൺപാലത്തിന്നൽ തെളിവേറിടും കമാമ്പൊളിഞ്ഞൊഴുകി
വിളികൊണ്ട പാതകളിൽ വൻ പൊളിവുണ്ടായ്, നഷ്‌ടമായ്‌ കുഴൽ വെള്ളം 5


സുരുചിരമാം ശ്രീരംഗം തിരുവണ്ണാകോവിലിവകൾ തൻ മദ്ധ്യേ
ഒരുവഴിയുള്ളതിൽ വെള്ളം പെരുതായ് വന്നു ഗതാഗതം നിന്നൂ 6


മംഗളശ്രീവിളങ്ങും ശ്രീരംഗമെന്നുള്ള പട്ടണേ
തിങ്ങി വന്നുടനെവെള്ളം പൊങ്ങി മുപ്പത്തിരണ്ടടി 8


-പ്പൊത്തു വന്നു ചേർന്നഥ മുപ്പത്തൊന്നടിയുയർന്നു സേലത്തിനു
നല്പോത്തു കാളയെന്നിവയപ്പോൾ നശിച്ചു പോയ് വളരെ 9


നില്ലാതെ കണ്ടു വെള്ളം വല്ലാതെ തള്ളി വന്നു പൊങ്ങുകയാൽ
ഇല്ലാതെയായ് കൃഷിപ്പണിയെല്ലാമസ്സേലദേശത്തിൽ 10


കർക്കിടകം രണ്ടാം ദിനമുൽക്കടമാം വർഷമൂട്ടിയിൽ പെയ്‌തു
അക്കലശലായ മഴയാൽ വെക്കമിടിഞ്ഞൊഴുകി വൈക്കരെപ്പാലം 11


അന്നുഗ്രവർഷമതിനാൽ മൈസൂരുമങ്ക-
ന്നെന്നുള്ള ദിക്കിവകളിൽ ജ്ജനമങ്ങുമിങ്ങും
നന്നായ് നടപ്പതു തടഞ്ഞു പൊളിഞ്ഞു പാല-
മെന്നായ് മറിഞ്ഞു സലിലേ ബത നാടുവട്ടം 12


ചൊൽക്കൊണ്ട കൊടകു മൈസുരിക്കണ്ടവിടങ്ങൾ തന്നിലതിവർഷം
കർക്കിടകം രണ്ടു മുതൽക്കുൽക്കടമായ ദിവസമുണ്ടായി 13


ദണ്ഡം ലോകർ ക്കുത്ഭവിക്കും വണ്ണം പന്ത്രണ്ടടിജ്ജലം
കണ്ണമ്പാടിയണക്കെട്ടുതിണ്ണം പൊങ്ങിക്കവിഞ്ഞു പോൽ 14


ബലാശാലയെന്നു പുകഴും സ്ഥലമതിലേയ്ക്കായ് ജ്ജവേന തീവണ്ടി
പല ലോകങ്ങളേയും ചെറുതലസത കൂടാതെ കൊണ്ടു പോകുന്നൂ 15


പാലക്കാട്ടെന്ന ദിക്കിൽ പരിചൊടു വിലസും വിശ്വനാഥന്റെ നൽ
ശ്രീ ലംക്രൂരാതിവർഷോൽഭവജലതതികൊണ്ടർച്ചനാനർഹമായി
ശീലക്കേടാർന്ന വണ്ണം പുഴകൾ ഝടുതി കല്പാത്തി മുമ്പായ മൂന്നും
കാലക്കേടിൻ ബലത്താലവിടെമുഴുവനും വെക്കമങ്ങാക്രമിച്ചാർ 16


തോണിപ്പാളയമാകും ക്ഷോണിത്തട്ടിൽ ക്കടുത്തൊരിവർഷാൽ
നാലടി താണു കാർഡ്യുപാലമുടൻതാൻ വടക്കുഭാഗത്തിൽ 17


തഞ്ചാവൂർ വടവാർ മുതലഞ്ചാതൊഴുകുന്ന പുഴകളിൽ പൊങ്ങി
അഞ്ചാറടി വെള്ളം ജനസഞ്ചാരത്തിന്നു തടസ്ഥവുമുളവായി 18


വീർത്തേറെത്തള്ളിവന്നെത്തിടുമൊരുസലിലം കൊണ്ടുകില്‌കൊണ്ടു പാലം
കാർത്തേരിപ്പാലമെന്നുള്ളി വകളുടെനതാൻ തത്ര കൂനൂരിൽ വീണു
പൊക്കം വെള്ളത്തിനുണ്ടായ് മധുരയിലധികം വൈഗ തന്നിൽ ജനാനാം
തക്കം പോയങ്ങുനിന്നിട്ടഴകിയ തിരുവാങ്കൂറിലേയ്ക്കായ് ഗമിയ്ക്കാൻ 19


ഈ വമ്പിച്ച ജലം ഘനഭാവം പുണ്ടധികമായുയർ ന്നുടനെ
ദൈവം പിഴച്ച കൊളിറൂൺ തീവണ്ടിപ്പാലമങ്ങകലെയാക്കി 20


ഏറുനാട്ടിൽ പൊങ്ങി വന്നുകേറുമാജ്ജലകാരണാൽ
ഏറെ വന്ന വിപത്തെല്ലാം വേറെയോതാൻ മഹാപണി 21


ജലധരാധികവൃഷ്‌ഠികളേൽക്കയാൽ
നിലവിടും വിധമേറ്റമലിഞ്ഞുടൻ
മലകളഞ്ചു പതിച്ചു ഭവിച്ചു പോൽ
പല വിപത്തുകൾ വള്ളുവനാടതിൽ 22


കണ്ണൂർ ബഹുനാശം ചെറുമണ്ണൂർ പാലത്തിനുള്ള കാൽ നാശം
മണ്ണെണ്ണയോട്ടു കമ്പനിയെണ്ണപ്പെട്ടീടുമിവകൾ തൻ നാശം 23


ഭാരതപ്പുഴയിലുഗ്രവാരി തൻ പൂരമേറ്റവുമുയർന്ന കാരണാൽ
തീരസം സ്ഥതരുഗേഹജീവനാം ഘോരനാശമുളവായ് ഭയങ്കരം 24


മങ്ങാതെ കോഴിക്കോട്ടങ്ങാടിയിൽ വെള്ളമേറ്റവും പൊങ്ങി


പകലും രാവും ജലധരനികരം പെരുമഴ നിരന്തരം പെയ്തു
അകമലയലിഞ്ഞു വീണൂ തകരാറുകൾ പലതുമപ്പൊളുണ്ടായീ 26


ചാലിൽ ക്കുടിയെന്നാണോ ചാലക്കുടിയെന്ന നാട്ടിനുടെ നാമം
ചേലിൽ ചിലരീവിധമമ്മാലിൽ ശങ്കിച്ചുവജ്ജലാക്രമണേ 27


പാഴൽ സ്വനാമസ്ഥിതിയായിടാതെ
മൂഴിക്കുളം നൽ ക്കുളമായ് ചമഞ്ഞൂ
കുണ്ടൂർ കഴൂരെന്നിവ രണ്ടുമപ്പോൾ
ക്കുണ്ടൂക്കോടങ്ങോട്ടൊഴുകീ ജലൌഘം 28


ചാരുശ്രീകേളിരംഗസ്ഥലമിതി പാലിയത്തുള്ളൊരച്ഛ-
ന്മാരും സൌഭാഗ്യഭാഗ്യാദ്യതിഗുണതതിയാൽ നന്മയുള്ളമ്മമാരും
പാരുഷ്യം പൂണ്ട വർഷാൽ നിജബഹുധനവർഷങ്ങൾ കൊണ്ടാശു കാത്താർ
കാരുണ്യത്തോടു; നാടായതുടനധികപേരൊട്ടു നാൾ വിട്ടു പാർത്താർ 29


തിരുവഞ്ചിക്കുളമപ്പോൾ പെരുവെള്ളങ്കൊണ്ടു നല്ല കുളമായി 
സുരുചിരതീർത്ഥമിതെന്നങ്ങൊരുപാടു ജനം മജ്ജനം ചെയ്തു 30


രണ്ടു നാളിൽ പൂജ നാട്യം കൊണ്ടു താനങ്ങു ചെയ്‌തു പോൽ
പണ്ടു കേൾക്കാത്തൊരികർമ്മം കണ്ടു പോലവിടെച്ചിലർ 31


കോട്ടക്കോവിലകത്തിലിഹ വാട്ടം കൂടാതെ വാച്ചു മലവെള്ളം
കോട്ടം ചെയ്‌തില്ലെങ്കിലുമാട്ടം ചേതസ്സിലേകി മമ പാരം 32


തിറമൊടു കിഴക്കുഭാഗം തറ തൊട്ടു വെള്ളമായിരമ്മാണ്ടിൽ
വടിവൊടുപടിഞ്ഞാറെപ്പടിയിൽ നടക്കല്ലു മുങ്ങിയിയ്യാണ്ടിൽ 33


രണ്ടു കോലിവിടെ നാലരയാമം
കൊണ്ടു പൊങ്ങി മലവെള്ളമണഞ്ഞു
പണ്ടു കേൾവികലരാത്തതു നന്നായ്
കണ്ടു ഞാൻ മനസി സംഭ്രമമാർന്നേൻ 34


ഞായമറ്റിയുമിങ്ങു രണ്ടു കോ-
ലായമാനമൊടു നീരു പൊങ്ങുകിൽ
കായലും കടലുമൊത്തുചേരുമെ-
ന്നായതോർത്തു ഭയമാർന്നുഴന്നു ഞാൻ 35


അഴികൾ പുതുതായപ്പൊഴുതുണ്ടായി മൂന്നിവിടുന്നു തേ-
ക്കൊഴിവു സലിലത്തിന്നക്കാലം ഭവിച്ചു ജവേന താൻ
കഴിവതുവശാൽ പാർപ്പാനിങ്ങേവനും ബത ലബ്‌ധമായ്
വഴി ശുഭമിതിങ്ങേകീ സാക്ഷാൽ കുരുംബവനേശ്വരി 36


കൊച്ചിയിൽ വെള്ളമ്പൊങ്ങീ കച്ചിയിൽ നിന്നങ്ങു വന്നു പാർക്കുമവർ 
കച്ചവടക്കാരപ്പൊളുൾച്ചലനം പൂണ്ടുടൻ വിഷാദിച്ചു 37


അവിടെ നിന്നുമൊഴിഞ്ഞു ജവേന നീ-
രിവിടെ നിന്നൊഴിവായതു പോലെ താൻ
എവിടെയും ശുഭമായി വരും ദൃഢം
ഭുവി മഹേശ്വരി കാക്കുമവർക്കഹോ 38


അടിയൊടുപുകവണ്ടിപ്പാതപൊട്ടിച്ചു ശക്ത്യാ
ഝടിതിയിലൊഴുകീടും ഭൂരി വാരിപ്രവാഹാൽ
കൊടിയകെടുതിയോരോ നാട്ടിലുൾപ്പെട്ടതെല്ലാം
വടിവിനൊടുര ചെയ്യാൻ പാരിലിന്നാരു പാർത്താൽ 39


തടവു വെടിഞ്ഞ മഹാഗുണമുടയൊരു ചെങ്കോട്ടയെന്ന ദേശത്തിൽ
വടിവൊടു പുനലൂർ പാതയ്ക്കിടിവു ഭവിച്ചു നിലച്ചു തീവണ്ടി 40


അനവരതപയോദവർഷമൂലം
ഘനസലിലം പെരിയാറിൽ വന്നു പൊങ്ങി
ധനബഹുജനധാന്യനാശമപ്പോ-
ളനവധിയങ്ങതിൽ വച്ചു സംഭവിച്ചു 41


നില്ലാതെ കണ്ടു ജലമിങ്ങിനെ പൊങ്ങി വന്നി-
ട്ടെല്ലാടവും ബഹുവിധത്തിലണഞ്ഞ ദോഷം
എല്ലാമൊരാൾക്കുമറിവാൻ കഴിയുന്നതല്ല
ചൊല്ലാനുമോർത്തിടുകിലങ്ങിനെ തന്നെ നൂനം 42


തിങ്ങീ തെറ്റെന്നുതേറും തിമിരമൊടെതിരാ(മാഭ്രങ്ങളാലെ)
മങ്ങീടാതേ തുടങ്ങീപെരുമഴയുടനേ ധാരയായീദ്ധരായാം
പൊങ്ങീ വല്ലാതെ വെള്ളം ബഹുജനമതിലും പെട്ടു കാണാതെയായീ
മുങ്ങീഭൂരിപ്രദേശങ്ങളുമതുസമയം ഹന്തകല്പാന്തകാലം 43


ശങ്കരതനയേ! ബഹുജനസങ്കടമിതുസർവ്വവും ഹരിച്ചാലും
പങ്കജപത്രമോടൊക്കും നികടമിഴിയെങ്ങുമിങ്ങയച്ചാലും 44


നിരവധി വർഷത്താൽ പ്പലതരമിഹപെട്ടുള്ള സങ്കടമശേഷം
പുരഹര! പരശിവ!ഗംഗാധര! ഹര! കനിവാർന്നു സംഹരിച്ചാലും 45


രാമകൃഷ്ണ‌! പശുപാല! പാരമീ
ബ്ഭീമവൃഷ്ടിഭവസങ്കടം ഭവാൻ
നാമമത്രഹതപാപ! പോക്കി നൽ
ക്ഷേമമെങ്ങുമുളവാക്കിടേണമേ 46


സാഹിത്യമയാർദ്ധം കഴിഞ്ഞു


കേക


ഏറിയ മാരിയാൽ നേത്രാവതിയാകു-
മാറിൽ നിറഞ്ഞു കവിഞ്ഞു ജലം
കേറീ സമീപത്തിലുള്ള ദേശങ്ങളിൽ
മാറീ ജനമവിടങ്ങളിൽ നിന്നുടൻ
ചെറ്റും നിനയ്ക്കാതെ ബാന്റവാളെന്നതിൻ
ചുറ്റും വളഞ്ഞു പരന്നു പിന്നെജ്ജലം
മറ്റെന്തു ചൊല്ലേണ്ടു ബാന്റവാളാം സ്ഥലം
തെറ്റെന്നു നല്ല തുരുത്തായിതക്ഷണേ
തെക്കനാം കർണ്ണാടരാജ്യത്തിലീജ്ജല-
പ്പൊക്കമീവണ്ണമപകടമുണ്ടാക്കി

 

കർക്കടം മൂന്നാം ദിനത്തിലുണ്ടായ് ജ്ജല-
... ... ... ... ... ... ... ... ... ... ... ... ... ... 
മാരഹോ ചൊൽവാൻ കഴിയും ധരിത്രിയിൽ
കണ്ണൂരനേകനാശങ്ങളുണ്ടായ് ചെറു-
വെണ്ണൂർ പൊളിഞ്ഞു പാലത്തിന്റെ കാലുകൾ
വന്പിയന്നോടു മണ്ണെണ്ണയിവയ്ക്കുള്ള
കമ്പിനി രണ്ടിലും നഷ്ടമുണ്ടായ് പരം


ഭക്തിലഹരി


പകലിരവിടമുറിയാതെ ജലധരനികരം മാരി ചൊരിഞ്ഞൂ
അകമലയപ്പോളിടിഞ്ഞുമറിഞ്ഞു വികടകടുദ്ധ്വനിയോടെ
ജീവവിനാശം പലതുണ്ടായ് ബ്‌ഭുവലയേ പുനരതിനാൽ
അകമലയിലെഴും ശാസ്‌താവുമതിന്നകമതിലായീപോലും
ചാലക്കുടിനാടിനുടയനാമം ചാലിൽ ക്കുടിയെന്നാകും
ചേലിൽ ചിലരിതിജലകൃതമാമമ്മാലിൽ പരമൂഹിച്ചു
ആറിലൊതുങ്ങീടാതെവെള്ളം കേറി വരുമ്പോൾ പലരും
കുണ്ടൂരുകഴുരെന്നിവ തൻ പേർ കണ്ടൂ സാർത്ഥതയോടെ
കുളമായ് തന്നെ ചമഞ്ഞു മുഴിക്കുളമെന്നുള്ളദ്ദേശം
ഉളവായ് പല കേടവിടങ്ങളിൽ നീരളവറ്റൊഴുകിയ നേരം
കുട്ടിത്തമെഴും വണ്ടിപ്പാതകൾ പൊട്ടിച്ചുക്കോടുവെള്ളം
ചിലദേശങ്ങളിലൊഴുകിയ മൂലം പല നാശങ്ങൾ ഭവിച്ചു
തോടുകളായി പറമ്പുകൾ പലതും മാടുകളായി നിലങ്ങൾ
വീടുകൾ നല്ല മരങ്ങലിതങ്ങൊരുപാടുപതിച്ചു നശിച്ചു 
കമ്പമണഞ്ഞീടാതചമച്ചുള്ളമ്പലമനവധിവീണൂ
മൂരികൾ പൈക്കൾ തുടങ്ങിപ്പലതാവാരിയിലൊഴുകിപ്പോയി 
പാലിയമതിലെസ്ത്രീകളുമതിഗുണശാലികൾ പുരുഷന്മാരും
തന്നുടെ മുതൽ ചിലവിട്ടിട്ടഗതികൾ തന്നുടെ രക്ഷകൾ ചെയ്തു
നില കൂടാതുടനുടനെവരുന്നജലഝരബാധനിമിത്തം
സ്ഥലമതിവിട്ടിട്ടോരോദിക്കിൽ ചില പേർ മാറി പാർത്തു
കുളമായ് തീർന്നു തദാ തിരുവഞ്ചിക്കുളമാം ക്ഷേത്രം മുഴുവൻ
വളരെജ്ജനമവിടത്തിൽ ച്ചെന്നഥ വളരും ഭക്ത്യാ മുങ്ങി
ഹര! ഹര! മലവെള്ളമിവിടെതള്ളിക്കേറുകമൂലം
പരമേശ്വരനുടെ പൂജ കഴിപ്പാൻ തരമില്ലാതെ ഭവിച്ചൂ