അനന്തരജീവിതംകുടുംബഭരണത്തിൽ മഹൻ ഏറ്റവും സമർത്ഥനായിരുന്നു. 1078-ൽ ആവട്ടത്തൂർ (അഗസ്ത്യപുത്തൂർ) ശിവക്ഷേത്രത്തിന്റെ സാമ്പത്തികസ്ഥിതി നന്നാക്കുവാൻ വേണ്ടി അതിന്റെ ഭരണംകൂടി ഏറ്റെടുക്കുകയും, 1097 വരെ ആ ഭാരം സ്തുത്യർഹമായി നിർവഹിച്ചു പ്രസ്തുത ക്ഷേത്രത്തെ ഋണബാധയിൽനിന്നു നിശ്ശേഷം വിമുക്തമാക്കി, പുതുക്കിപ്പണിയിച്ചു് അവിടെ ധ്വജപ്രതിഷ്ഠ കഴിപ്പിക്കുകയും ചെയ്തു. “ആവട്ടത്തൂരിൽ വാഴും പുരഹരൻ” നടുവത്തില്ലത്തെ ഗ്രാമപരകദേവതയാണു്. കുഞ്ഞിക്കുട്ടൻതമ്പുരാൻ, ശീവൊള്ളി നാരായണൻനമ്പൂരി മുതലായ കവികളുമായി ആദ്യകാലം മുതല്ക്കുതന്നെ കത്തിടപാടു നടത്തിക്കൊണ്ടിരുന്നതിനുപുറമെ പഴയന്നൂരിൽ താമസമായിരുന്നപ്പോഴും പല കൃതികൾ രചിച്ചു വന്നു. മലയാളമനോരമ തുടങ്ങിയ പത്രങ്ങളിലും, രസിക രജ്ഞിനി കവനോദയം മുതലായ മാസികകളിലും അനേകം ലഘുകാവ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. 1119 മേടം 27-ആംനു- പരലോകപ്രാപ്തനായി. അദ്ദേഹത്തിന്റെ അപ്ഫന്റെ മകൻ നടുവത്തു ശങ്കരൻനമ്പൂരിയും ഒരു നല്ല കവി എന്നു പേരെടുത്തിട്ടുണ്ടു്.
കൃതികൾ(1) ഉത്തരരാമചരിതം തർജ്ജമ മൂന്നാമങ്കം (1067), (2) രുദ്രാരാക്ഷസം (കൂനേഴവുമായി കൂട്ടുചേർന്നു് -1068), (3) സാരോപദേശശതകം (പ്രകാശനം 1073-ൽ), (4) ഘോഷയാത്രാനാടകം (1071), (5) അംബാസ്തവം (1073), (6) ഗുരുവായൂരപ്പന്റെ കഥ, (7) സ്തവമഞ്ജരി (1100), (8) കാവ്യശകലങ്ങൾ (1101), (9) സന്താനഗോപാലം കാവ്യം (1101), (10) മഹാത്മാഗാന്ധിയുടെ ആശ്രമപ്രവേശം, (11) മഹിഷമർദ്ദനം വഞ്ചിപ്പാട്ടു് (1081), (12) ഗുരുവായൂരപ്പൻ കൈകൊട്ടിക്കളിപ്പാട്ടു്, (13) ഭക്തിലഹരി ഇവയാണു് വടുവംമഹന്റെ പ്രധാന കൃതികൾ.
കവിതാരീതിനടുവം മഹൻ നല്ല നിഷ്കർഷയോടുകൂടിയാണു് കവിതകൾ എഴുതിക്കൊണ്ടിരുന്നതു്. ശബ്ദസുഖം ധാരാളമുണ്ടു്. നിരർത്ഥകപദങ്ങൾക്കു പ്രവേശമില്ല; വെണ്മണി മഹന്റേയും, അതിൽ കുറേക്കൂടി കവിഞ്ഞ ശീവൊള്ളിയുടേയും രീതിയിൽ ഫലിതം തട്ടിവിടും; രസഭാവങ്ങളിൽ പ്രത്യേകം ശ്രദ്ധപതിപ്പിക്കും; ചിലപ്പോൾ മൃദുലമായും മറ്റു ചിലപ്പോൾ ഗംഭീരമായും സന്ദർഭാനുഗുണമായി തൂലിക വ്യാപരിപ്പിക്കും; ഇങ്ങനെ ശ്ലാഘനീയമായ ഒരു കവിതാപദ്ധതിയിലാണു് അദ്ദേഹം സ്വച്ഛന്ദമായി സഞ്ചരിച്ചിരുന്നതു്.
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - കേരളസാഹിത്യചരിത്രം
(അദ്ധ്യായം 52.02)