I
വിഷമിപ്പിപ്പൊരീമോഹവിഷയഭ്രമമേവനും
വിഷമാണതൊഴിക്കേണം വിഷമാക്ഷന്റെവല്ലഭെ!
ആറണിത്തമ്പുരാൻവേട്ട കാറണിക്കുഴലാൾ മണേ!
തീരണം ദുരിതം നന്മചേരണം നീ തുണയ്ക്കണം.
ഭുവനം മുഴുവൻ നന്നായവനംചെയ്തിടും ശിവേ!
ഭവനുംകൈതൊഴും തൃക്കണ്ണിവനും തുണയംബികേ! 8
ദേവദാനവഗന്ധര്വ്വദേവര്ഷിമനുപൂജിതേ!
ദേവി! നിൻതൃപ്പദം ഭൂമീദേവനാമിവനാശ്രയം. 4
തങ്കടാക്ഷജിതാശേഷ സങ്കടേ! ശങ്കരപ്രിയേ!
വങ്കടൽക്കെതൃസംസാരസങ്കടംതീര്ക്കണം മമ.
അക്ഷിയിൽക്കാമനെച്ചൂട്ടാ ത്ര്യക്ഷനെത്താർശരത്തിനാല്
ശിക്ഷിച്ചനിൻ മിഴിക്കോണിൻ ദക്ഷതയ്ക്കഗജേ!തൊഴാം
സ്മരനെച്ചുട്ടുപൊട്ടിച്ച ഹരനെപ്പാട്ടിൽവെച്ചനീ
തരണേകൃപ സംസാരതരണേ തുണയാകണേ.
അരുതേ ഭവസംസാരവിരുതേ! ഭവസങ്കടം
കുരുതേ പുരുകാരുണ്യം ചെറുതെന്നിലഗാത്മജേ!
ജാതകര്‍മ്മം മുതല്കെന്നിൽ ജാതകര്മ്മങ്ങളൊക്കയും
പാതകക്കുണ്ടിലേക്കുള്ളാപ്പാതകാണാതെയാക്കണം
പിരിയാതുള്ള സംസാരപ്പെരിയാറ്റിൽ കിടന്നുഞാൻ
തിരിയായ്വാൻ ശിവേ! തൃക്കൺ തരിയാക്കിത്തരേണമെ.
മായേ! കാശ്മീരസങ്കാശകായേ! കാലത്തുനിത്യവും
തായേ! കാണേണമേശംഭുജായേ! കാമ്യകളേബരം.
തുലയേലാത്തതൃക്കണ്ണിൻ നിലയെത്തന്നെനിത്യവും
കലയേകുരുകാരുണ്യം മലയേറ്റുലയും കുചേ!
II
അഭവവും ഭവവും തരുമീശനാം
വിഭുവിനീ ഭുവിനീ സുഖസാധനം
വിഭവമോ ഭവമോഹിനിതാവകം
ത്രിഭുവനേ ഭുവനേശ്വരി! വിസ്മയം
ശരണമേ ശശിശേഖരവല്ലഭേ!
തരണമേ ഭവസങ്കടമോചനം.
മരണമോ മമ തൃപ്പദസംഗമാ-
യ്വരണ, മോരണമോങ്കൃതിവിഗ്രഹ!
അതിരകന്നതിദുസ്സഹദുസ്തര
സ്ഥിതിയിലല്ലിഭവാമയമേവനും
അതുനിമിത്തമിനിക്കിനിയല്ലലെ-
ന്നതരുതേ തരുതേ കരുണാമൃതം. 8
ഹരമനസ്സൊരു പുഞ്ചിരികൊണ്ടുതാ
നരമിളക്കിയപര്വ്വതകന്യകേ!
പരമിനിക്കിനി നന്മവരും വിധം
വരമുദാരമുദാ തരണം ശിവെ!
പുരുഭവാനലദാഹമിതേറ്റുഞാ-
നുരുകിടുന്നു ദിവാനിശമംബികേ!
തിരുമിഴിയ്ക്കടിയിൽക്കളിയാടിടും
കരുണ, ദാരുണദാഹമിതാറ്റണം.
കമലസംഭവനും ഭവനും തൊഴു -
ന്നമലമാം തവ തൃപ്പദപല്ലവം
മമ മനസ്സിലിരിക്കണമെപ്പൊഴും
വിമലകോമളകോടിശശിപ്രഭേ!
ഭവസമുത്ഭവബാധയൊഴിച്ചിടും
ശിവസുഖങ്കരി! ശങ്കരി! ഞാൻതൊഴാം
ദിവസവും തരണേ കരുണാദ്രമാം
നവസുധാ വസുധാധരകന്യകെ!
ദമശമാദിഗുണങ്ങളിണങ്ങണം
മമ സുഖം വരണം തരണം ശിവേ!
വിമലമാം തവസൽ കൃപയായിടു-
ന്നമൃതമാ മൃതമാരസുഖപ്രദേ!
ഭുവനസുന്ദരി ഭൂതികളാര്ന്നിടും
ധ്രുവപദം ധുതകല്മഷമേകണം
ഇവനൊരാശ്രയമില്ല ഭവാനിതാ
നവനമാ വനമാലിതൊഴുംശിവേ!
തരണദുര്ഗ്ഘടമെത്ര ഭയങ്കരം
ശരണമറ്റഭവാബ്ധി കടക്കുവാൻ
തരണമേ മമ നിൻകൃപയായിടും
തരണിനീരണിനീലഗളപ്രിയേ!
ഉദിതസൂര്യകരാരുണകാന്തിയാര്
ന്നതിമഹത്വമെഴുംതിരുമേനിഞാൻ
മതിവിശുദ്ധിവരാൻ കരുതുന്നു തേ
ഹൃദിസദാദി സദാശിവവല്ലഭേ!
സകലനായകനായ പുരാരിതൻ
പുകൾ പുലർന്നപുരാതനപുണ്യമേ!
സകരുണം കളയേണമിനിക്കെഴു-
ന്നകമലം കമലം പണിയുംപദം
നവനവം വനവഞ്ചുളകോമളം
ഭുവന പാവനപാദതലം തവ
ഇവനുമേവനുമേറ്റവുമോര്ക്കിലി-
ന്നവനമേവനമേചകകുന്തളേ!
III
ഉണ്ടാക്കിക്കാത്തൊടുക്കുംവിധി, ഹരിഹരരിൽ
കേവലംശക്തിയായി-
ക്കൊണ്ടാടിക്കൊണ്ടിരുന്നിപ്പണികളഖിലവും
ചെയ്തുപോരുന്നതായേ!
ഉണ്ടായിക്കൊണ്ടിരിക്കും ഭവഭയമിയലാ-
തുള്ള മാര്ഗ്ഗത്തിലെന്നെ-
ക്കൊണ്ടാക്കിക്കൊള്ളുകമ്മേ! മതിമതിമതിയായ്
ക്കെട്ടസംസാരസൌഖ്യം.
ഞാനാരാണാദ്യകാലംമുതലൊരുസുകൃതം
ചെയ്തിടാതുള്ള മൂഢൻ
താനാര്യെ! നിൻപദോപാസകരജമുഖരാം
വിശ്വകര്ത്താക്കളല്ലൊ;
നാനാലോകങ്ങൾനിൻചൊല്പടിയിലതുവഴി
ക്കെന്നെനീതന്നെരക്ഷി-
ക്കാനാണേ തക്കഞായം; പിഴകളിലിവനോ
ചട്ടുകപ്രായമമ്മേ!
കെല്പോളുംലോകസൃഷ്ടിസ്ഥിതിലയമിവകൾ-
ക്കാദിമൂലംനിനച്ചാൽ
തൃപ്പാദാബ്ജത്തിലൊക്കുംപൊടിയുടെമഹിമാ
വിന്റെലേശൈകദേശം
ഇപ്പാവംചേവടിത്താരടിയിലടിമയാ-
കേണമെന്നാഗ്രഹിപ്പൂ,
തപ്പാണോതമ്പുരാട്ടീ! കൊതിയടിയനുണര്-
ത്തിച്ചുഭാരം കഴിച്ചു.
ദാരിദ്ര്യക്കാട്ടുതീക്കത്തിനുമഴ;പിടിയാ-
ത്തോര്ക്കണച്ചക്കു മൂലം;
പാരിച്ചജ്ഞാനികൾക്കുൾത്തെളിവിനുതുലയ-
റ്റുള്ള തേജോവിശേഷം;
നേരില്ലാത്താഴമൊക്കും ഭവജലധി കട-
ന്നീടുവാൻ കപ്പ;ലേവം
പാരിൽപ്പാരം വിളങ്ങും പദലസിതപരാ-
ഗത്തിലത്യാഗ്രഹം മേ.
"ആവശ്യക്കാർ ദിവൌകസ്സുകളിതിനിവനോ-
മര്‍ത്ത്യ"നെന്നോര്ക്കുവാനോ
ഭാവം പെറ്റമ്മയേക്കാളലിവഴലറിയി-
പ്പോരിലുള്ളോരു തായേ!
നീ വച്ചാൽ വച്ചമട്ടാണഖിലവുമതിലി-
ന്നാരെതിര്ക്കുന്നു; ഞാനോ
പാവംപാരംഭവാംഭോനിധിയിലുഴലുവോ,
നെന്നെയൊന്നോര്ക്കുകമ്മേ!
അക്കൺകോണാ,ച്ചലൽച്ചില്ലികൾ, വരദവരാ
ഭിഖ്യചേര്ന്നുല്ലസിക്കും
നൽക്കയ്യിത്യാദിയാലേ ഭുവനപതികൾസാ
ധുക്കൾ ദാതാക്കളമ്മേ!
ഉൾക്കമ്പംതീര്ത്തുമിച്ഛിപ്പതിലുമധികമാ
യ്ക്കാമമാര്ക്കുംകൊടുത്തും
ചിൽക്കമ്രാഭേ! ജയിപ്പൂ തവമഹിമയെഴും
തൃപ്പദാബ്ജം പവിത്രം.
തൃക്കണ്ണിൽക്കാമനെച്ചുട്ടവനുടെതിരുമു
മ്പാകെവെച്ചിട്ടുടൻ നിൻ
തൃക്കൺകോണൊന്നിളക്കി സ്മരനെയഴകിലു
ണ്ടാക്കിവാഴിച്ചതായേ!
മുക്കണ്ണപ്പാതിമെയ്യേ!ഭഗവതി! ഭവതി
ക്കിപ്രപഞ്ചം മുടിക്കാം,
വെക്കം വേറേചമക്കാം, കരുതുകിലരുതാ-
തില്ലലോകത്തിലൊന്നും.
കാമൻ നിൻകണ്ണിലുണ്ടായവ, നതിനൊരുസ
ന്ദേഹമില്ലിത്രിലോകം
കാമംമല്ലിട്ടമര്ത്തിബ്ഭഗവതി! വിളയാ-
ടുന്നു കൊള്ളാമനംഗൻ;
സാമര്‍ത്ഥ്യം കേമമഞ്ചമ്പ,ളിനിരഗുണമാര്
ന്നുള്ളപൂവില്ലി;ളംകാ
റ്റോമൽത്തേരാ;വസന്തം സഖി; തവകൃപയു
ള്ളാളുകൾക്കെന്തസാദ്ധ്യം?
ദോഷാംശംവിട്ടെഴും മാമുനിവരരണിമാ-
ദ്യഷ്ടസിദ്ധിക്കുവേണ്ടി-
ത്തോഷാൽ നിത്യംജപിക്കും തവ മഹിമപുക
ഴ്ത്തുന്ന മന്ത്രത്തിനെല്ലാം
ശേഷാംഗേപള്ളികൊള്ളും വിഭുപരനൃഷിയാ
കുന്നുഞാൻകൂട്ടരെന്തോ
യോഷാമാണിക്യമേ! നിൻകഥകളറിയുമെ-
ന്തോതുമെന്താണൊരം?
ഓങ്കാരാര്ത്ഥപ്പരപ്പാം നിഗമതരുവിൽ നി
ന്നുത്ഭവിക്കുംഫലൌഘം
താങ്കാക്കൽക്കാഴ്ചവെയ്പാൻ മുനിവരർസമയം
കാത്തുതിക്കുംതിരക്കിൽ
ഞാങ്കാമിക്കുന്നുചൊല്ലാൻ; തവവിമലകടാ
ക്ഷാളിജാലംകളിക്കും
പൂങ്കാവാക്കീട്ടയച്ചാലടിയനെയവര
ങ്ങേതിടത്തും കടത്തും