ലോകം തീർത്തു പുലർത്തിയപ്പിടി മുടി-
ച്ചെല്ലാരിലും പ്രാണനായ്-
പ്പാകം നോക്കിയടുത്തുകൂടിയവരെ-
ക്കൈവിട്ടു താനേകനായ്
ശോകം തീർത്തുമഴൽപ്പെടുത്തിയുമുടൻ
മുപ്പാരു വട്ടംതിരി-
ച്ചാകപ്പാടെ രസിച്ചിടുന്നവനു സാ-
ഷ്ടാംഗം നമിക്കുന്നു ഞാൻ.
കർമ്മത്തിന്നു പലേതരം ഫലമുര-
ച്ചീടുന്നു വേദങ്ങൾ നാം
കർമ്മത്തിന്നടിമപ്പെടാൻ; ഫലമിര-
ന്നീടാതെ കർമ്മങ്ങളെ
ജന്മം തൊട്ടു മുറയ്ക്കു ചെയ്തു പരമാം
നൈഷ്കർമ്മ്യമാർന്നാൽ സുഖം;
ബ്രഹ്മപ്രാപ്തി ദൃഢം; ഫലശ്രുതിയിൽ നാം
ശ്രദ്ധിക്കിലോ, ചുറ്റിടും.
മക്കൾക്കോഷധിയെക്കുടിച്ചിടുവതി-
ന്നുത്സാഹമുണ്ടാക്കുവാൻ
കല്ക്കണ്ടം ചെറുതേകിയാൽ ബഹുരസം
മോന്തും മരുന്നാകവേ;
ഉൾക്കാമ്പിൽ പരമാ ഫലശ്രുതിയെയ-
വ്വണ്ണം ധരിച്ചീടണം;
തർക്കം വേ,ണ്ടൊടുവിൽ സുഖം സുലഭമാ-
മബ്ബാലകർക്കെന്നപോൽ.
എന്നാൽ മാമറയാൽ തടഞ്ഞവയിൽ നാം
ചിത്തത്തിനും വാക്കിനും
ചെന്നാടാനിടയാക്കിടാതെ വളരെ-
സ്സൂക്ഷിച്ചിരുന്നീടണം;
ഒന്നോർക്കാതരുതാത്ത കൈ പിണയുകിൽ
പശ്ചാത്തപിച്ചാർത്തനായ്
നിന്നോത്തിൻപൊരുളാം വിരാൾപുരുഷനിൽ
സർവ്വം സമർപ്പിക്കണം.
ചൊല്ലാം താന്ത്രികമായ കമ്മവിധിയെ:-
ക്കല്ലിങ്കലോ മണ്ണിലോ
ചൊല്ലാളും ഹൃദയത്തിലോ സുഖദനെ-
ന്നോർക്കുന്നൊരാ മൂർത്തിയെ
ഉല്ലാസാൽ കുടിവെച്ചുകൊണ്ടു ജലഗ-
ന്ധാദ്യോപഹാരങ്ങളാൽ
നല്ലാവേശമിയന്നു ഭക്തിയിളകി-
ക്കൈകൊണ്ടു പൂജിക്കണം
പിന്നെബ്ഭക്തിയൊടോർത്തുകൊള്ളണമിതാ-
ണാനന്ദസമ്പൂർണ്ണമാ-
യെന്നെന്നും പുകഴുന്ന വസ്തു ജഗദാ-
ലംബം ജഗന്മംഗളം;
എന്നെക്കോളിളകും ഭവാബ്ധിയിലിറ-
ക്കായ്കെന്നപേക്ഷിക്കണം;
തന്നെത്താനറിയേണ;- മിങ്ങനെ നമു-
ക്കൊത്തെങ്കിലെല്ലാം സുഖം.
ധിക്കാരം കളയും ശ്രുതിസ്മൃതിപുരാ-
ണാദ്യങ്ങൾ സർവ്വാത്മനാ
നോക്കാൻകൂടിയനർഹരായ കിഴുജാ-
തിക്കാരധഃപാതികള്
ഇക്കാലം ഗതികെട്ട കൂട്ടരവരേ
നന്നാക്കുവാൻ സർവ്വഥാ
നോക്കാം; പക്ഷെയദൃഷ്ടകർമ്മഫലമാ-
ണെന്നോർത്തു വേണം ശ്രമം.
ഈ മന്നിൽ പുകഴും പഠിപ്പുമറിവും
കർമ്മങ്ങൾ ചെയ്തീടുവാൻ
സാമർത്ഥ്യത്തികവും കലർന്ന മറയോർ
ദൈവത്തൊടൊത്തുള്ളവർ
ഹോമം, മന്ത്രജപം, നമസ്കൃതി, മഹാ-
യജ്ഞങ്ങൾ വിത്താർത്ഥമായ്
കാമം പോലെ നടത്തിടുന്നു വെറുതേ
പേരിന്നഹോ, സങ്കടം!
എന്നല്ലാത്മഗതിക്കർവക്കു വഴിയി-
ല്ലിന്നാഭിജാത്യത്തിനാൽ
തന്നത്താൻ ഞെളിവും മനസ്സിൽ മദവും
പുച്ഛത്തിൽ വൈദുഷ്യവും
അന്നന്നങ്ങനെ വാച്ചവർക്കറിവുമി-
ക്കർമ്മങ്ങളും വ്യർത്ഥമായ്
മന്നന്മാർ വലയുന്നു - നോക്കിതുവിധം
പറ്റാതെ സൂക്ഷിക്കണം.
''ഇക്കള്ളന്റെ ജപങ്ങളും കുളിയുമാ-
ക്കൊള്ളയ്ക്കു ലാക്കോർക്കയാ-
മിക്കമ്പം തുടരും പ്രസംഗമിവിടെ-
ജ്ജോലിക്കഹോ! വിഘ്നമായ്;
ഉൾക്കത്തുന്നിതിവന്റെ ഭാഗവതവും
ഗീതാർത്ഥവും കേൾക്കയാൽ ''
ഭക്തന്മാരെ വെറുത്തിവണ്ണമരുളും
വർഗ്ഗത്തെ വർജ്ജിക്കണം.
മാനത്തിൽ കൊതി, യാഭിജാത്യ, മധികം
സമ്പാദ്യമെന്നിത്തരം
ധ്യാനം കൊണ്ടിളകിസ്സനാതനപദം
ധ്യാനിച്ചിടാതൂഴിയിൽ
ഏനസ്സേറ്റവരെന്തു ചെയ്തിടുകിലും
ദുഷ്ക്കർമ്മമാമാ ഫലം-
താനത്യന്ത;-മിതിന്റെ വാസനപെടും
ജന്മാന്തരത്തിങ്കലും.
ഇമ്മന്നിൽ സമബുദ്ധി, ഭൂതദയ, താ-
നെല്ലാരിലും താഴെയാ-
ണിമ്മട്ടുള്ള വിനീതി, യീശ്വരനില-
ത്യന്തം ഭയം സർവ്വദാ,
കർമ്മം ചെയ്യണമീ നിലയ്ക്കഖിലവും
ദൈവത്തിലർപ്പിക്കണം;
ശർമ്മം നോക്കു തരും ചരാചരമയൻ
വാതാലയാധീശ്വരൻ.
ഈ വിശ്വം തീർത്തു രക്ഷിച്ചതു ഝടിതി മുടി-
ച്ചൊന്നിലും താൻ പെടാത്തോൻ
ഭാവിശ്രേയസ്ക്കരൻ മസ്കരികൾ കരളിലോർ-
ക്കുന്നവൻ ഭക്തദാസൻ
സേവിക്കത്തക്ക യോഗ്യൻ ജനിമൃതിസുഖദുഃ-
ഖങ്ങളില്ലാതെഴുന്നോൻ
ഭൂവിൽ പേർകൊണ്ട വാതാലയമടിയരുളും
ദേവനാലംബമാർക്കും.
മുഖ്യം മൂന്നുലകിങ്കൽവെച്ചു പവനാ-
ഗാരം കലിധ്വംസനം
പ്രഖ്യം വാതഭഗന്ദരാദിഗദസ-
ന്താപോപശാന്തിപ്രഭം
സൗഖ്യം സന്തതമേകിയാർത്തിപെരുകും
സംസാരബന്ധത്തിൽ വൈ-
മൂഖ്യം ചേർപ്പതിനുത്തമം സ്ഥലമിതാ-
നന്ദാസ്പദം ചിത്പദം.
പാവപ്പെട്ടവരിൽ കൃപാമഴ പൊഴി-
ച്ചീടുന്ന കാറായവൻ
കൈവല്യപ്രഭവൻ ചരാചരമയൻ
മായാവി മായാധവൻ
ശ്രീവത്സാങ്കമെഴുന്ന നിത്യകുശലൻ
വാതാലയത്തിന്നക-
ത്തേവം കണ്ടുവരുന്നൊരീ പ്രതിമതാ-
നെന്നാം പുരാണങ്ങളിൽ.
തങ്കൽ സർവ്വമൊതുക്കിയാത്മ സഖനാ-
യാ പ്രാകൃതപ്രക്ഷയ-
ത്തിങ്കൽ പള്ളിയുറങ്ങിടും വിമലനീ-
രാലംബമായച്യുതൻ
സങ്കല്പങ്ങളറിഞ്ഞിടാൻ പണി,യുണർ-
ന്നേറ്റിട്ടു പിന്നെജ്ജഗ-
ത്തിങ്കൽ ക്രീഡയിലാശവെച്ചു പലതും
ചെയ്വാൻ തുടങ്ങും പരൻ.
ആയാസം ചെറുതും പെടാതെ പരചി-
ത്തത്ത്വം തുളുമ്പും ജയ-
ശ്രീയാളും പടി കാണുമീ പ്രതിമ മു-
മ്പാദ്യം വിരാൾപൂരുഷൻ
മായാബന്ധ, മദൃഷ്ടദൃഷ്ട,മുയിരാ,-
ത്തത്ത്വങ്ങൾ, മൂന്നാംഗുണം;
തായാടാനിവയെച്ചമപ്പതിനുമു-
മ്പുണ്ടാക്കിയെന്നോർക്കുവിൻ.
കല്പാന്തത്തിലുണർന്നുടൻ പ്രകൃതിയോ-
ടൊന്നിച്ചു സൃഷ്ടിക്കുതാ-
നല്പാല്പം ചിലതന്നു തീർത്തു ഭുവനം
നിമ്മിക്കുവാൻ നിർമ്മമൻ;
കെല്പാളും വിധിയെച്ചമച്ചു; വിധിയോ
പേടിച്ചു സർവ്വം ജല
നില്പാനും കരയില്ല താനൊരുവനീ
ഞാനാരിതെന്നോർക്കയാൽ.
തന്നെത്താനറിയാതെ വേണ്ടതുമറി-
ഞ്ഞീടാതൊരജ്ഞാനിയായ്-
നിന്നെന്തോ ഭയമാർന്നൊരാ വിധി വിരാ-
ഡ്രൂപം വിചാരിക്കവേ
വന്നെത്തീ വിഭു വേഗ"മീ പ്രതിമയെ-
പ്പൂജിക്കുകെ''ന്നേകിനാൻ;
പിന്നെത്തങ്കലെഴും ചരാചരജഗ-
ത്തോർമ്മയ്ക്കു കാട്ടീടിനാൻ.
രാജിക്കും ദിവ്യമാകും പ്രതിമയിലതിവി-
ശ്വാസമാർന്നാത്തഭക്ത്യാ
പൂജിച്ചും കൊണ്ടിരുന്നാ വിധിയഥ സകലൈ-
ശ്വര്യസംസിദ്ധി നേടീ;
ഭ്രാജിക്കുന്നീ പ്രപഞ്ചം ചരമചരമുടൻ-
തന്നെ സൃഷ്ടിച്ചു സർവ്വം
യോജിപ്പിച്ചൂ, വളർച്ചയ്ക്കരിയ വഴികളും
കണ്ടുവെച്ചൂ വിരിഞ്ചൻ.
എല്ലാം കണ്ടു മനസ്സിലാക്കിയുലകം
സൃഷ്ടിച്ചു വേദോക്തമായ്-
ച്ചൊല്ലാളും പല യജ്ഞമാ വിധി നട-
ത്തിക്കൊണ്ടിരിക്കും വിധൗ
ചൊല്ലാം പ്രശ്നിയൊടൊത്തു ചെന്നു സുതപ-
സ്സാ വിഗ്രഹം നാൽ മറ-
ച്ചൊല്ലാൽ വാഴ്ത്തിയിരുന്നു; നല്കിയവരെ -
പ്പൂജിച്ചു പത്മോദ്ഭവൻ.
എന്നിട്ടുന്നവിടുന്നു പോന്നു വിലവേ-
റില്ലാത്തൊരാ വിഗ്രഹം
തന്നിഷ്ടപ്പടി താണുവീണു വളരെ
ബ്ഭക്ത്യാ ഭജിച്ചീടിനാർ;
മുന്നിട്ടങ്ങെഴുനള്ളിനാൻ മുകിൽനിറൻ
മായാമയൻ ചൊല്ലിനാൻ,
''വന്നിട്ടിഷ്ടവരങ്ങൾ വാങ്ങിടുവി''നെ-
നുള്ത്താരലിഞ്ഞങ്ങനെ.
ചൊല്ലാളുന്ന മറയ്ക്കകത്തു മുനിമാ-
രോങ്കാരതത്ത്വാർത്ഥമാ-
യെല്ലാ നേരവുമോത്തിടുന്ന തിരുമൈ
കണ്ടമ്പരന്നായവർ
വല്ലാതങ്ങനെ നിന്നു തെല്ലിട,യുടൻ
സാഷ്ടാംഗമായിട്ടു വീ-
ണുല്ലാസാലെഴുനേറ്റുനിന്നു തൊഴുതും-
കൊണ്ടവമോതീടിനാർ:
"ഉണ്ടാകേണമൊരുണ്ണി, മാധവ, വിഭോ
ത്വത്തുല്യ''നെന്നായവർ-
ക്കുണ്ടായോരു പരിഭ്രമഭ്രമളിയാൽ
മുമ്മൂന്നുപാടോതിനാർ;
മിണ്ടാതിങ്ങനെ നിന്നു പിന്നെയവ, രാ-
സച്ചിന്മയൻ സാദരം
രണ്ടാളോടുമടുത്തു ചെന്നരുളിനാൻ
മന്ദസ്മിതാർദ്രാനനൻ:
''എന്നാലെന്നൊടു തുല്യനായൊരുവനോ
ഞാൻമാത്ര; - മീയാഗ്രഹം
ചൊന്നാർ മൂന്നുരു നിങ്ങ, ളാട്ടെ വഴിയു-
ണ്ടാക്കാ, മഭീഷ്ടം തരാം,
നന്നായോർക്കുക മൂന്നു ജന്മമിനി ഞാൻ
നിങ്ങൾക്കുതാൻ പുത്രനായ്
വന്നാനന്ദമിയറ്റു: -മന്നുമിടയാ-
മീ വിഗ്രഹാരാധനം."
പിന്നെത്തത്ര മറഞ്ഞു ദേവനുടനെ
പ്രശ്നിക്കുതാൻ പുത്രനാ-
യന്നെങ്ങും പുകഴും ജഗദ്ഗുരു മഹാ-
നാ'പ്പൃശ്നിഗർഭാ'ഭിധൻ
എന്നെന്നും നിലകിട്ടിടാപ്പടിയഹോ!
ലോകത്തിലെല്ലാടവും
വന്നേന്തുന്ന തമസ്സൊഴിച്ചു പരമാ-
നന്ദം പരത്തീടിനാൻ.
ഇക്കാണുന്ന ജഗത്തിലജ്ഞത കള-
ഞ്ഞാനന്ദമേകും മകൻ
തൃക്കാൽ തൊട്ടരികത്തിരിക്കെ മൃതരായ്
പെറ്റമ്മയും താതനും;
സത്കാലത്തവർ കാശ്യപാദിതികളായ്
മന്നിൽ ജനിച്ചപ്പൊഴും
ചിത്ക്കാമ്പാം ശുഭവിഗ്രഹം സുകൃതികൾ-
ക്കാ നാരദൻ നല്കിനാൻ.
ദിക്കാകെപ്പുകഴും മഹാബലിയെ മർ-
ദ്ദിച്ചീടുവാൻ വിഷ്ണുതാ-
നക്കാലത്തദിതിക്കു ഹന്ത! മകനായ്
ശ്രീവാമനൻ മോഹനൻ
തത്കാലം ബലിയോടു മൂന്നടിയിടം
യാചിച്ചു നല്കീടുവാ-
നൊക്കാഞ്ഞിട്ടടികുമ്പിടും ദനുജനെ-
പ്പാലിച്ചു ഭക്തപ്രിയൻ.
സത്കാലത്തു മരിച്ചു വാമനനെയോർ-
ത്താത്താതമാതാക്കൾതാ-
നക്കാലം വസുദേവദേവകികളായ്
മന്നിൽ പിറന്നീടിനാർ;
ചിത്ക്കാമ്പാം കരളാർന്ന ധൗമ്യമുനിയ-
ന്നീ വിഗ്രഹം നല്കിനാ;-
നുൾക്കാമ്പിൽ ബഹുഭക്തിപൂണ്ടവരതും
പൂജിച്ചു കൂടി സുഖം.
മുട്ടാതങ്ങനെ വിഗ്രഹം ദിവസവും
സേവിക്കവേ കൃഷ്ണനാ-
യിട്ടാദ്ദേവകിയിൽ പിറന്നു ഭഗവാൻ
ഭോഗീന്ദ്രഭോഗാസനൻ
പെട്ടാബ്ഭൂഭരമാറ്റി വാരിധിചുഴ-
ന്നിട്ടുള്ളൊരാ ദ്വാരക-
ക്കൊട്ടാരത്തിലിരുന്നുതാൻ പ്രതിമയും
പൂജിച്ചു പൂർണ്ണാദരം.
"തിട്ടം കയ്യേറ്റ കൃത്യം സകലവുമിവിടെ-
ച്ചെയ്തു ഞാൻ യാദവന്മാ-
രൊട്ടുക്കീ വിപ്രശാപക്കടുദഹനമുഖേ
വീണു വെന്തന്തരിച്ചു;
കഷ്ടപ്പാടൊട്ടൊതുങ്ങീ; പരമസുകൃതിയാ-
മുദ്ധവർക്കാത്മതത്ത്വം
ദൃഷ്ടാന്തത്തോടുകൂടിസ്സുകലവുമുപദേ-
ശിച്ചു; കര്യം കഴിഞ്ഞു.''
എന്നീ വാസ്തവമുള്ളിലോർത്തു രസമായ്
മിണ്ടാതിരുന്നൂ കുറെ-
പീന്നീടുദ്ധവരേ വിളിച്ചു ഭഗവാൻ
കല്പിച്ചു കാലോചിതം:
'ഇന്നീ ദ്വാരകയേ വെടിഞ്ഞിടുമിവൻ;
പിന്നീടൊരാഴ്ചയ്ക്കകം
വന്നീ വാരിധിയിപ്പുരം മുഴുവനും
മുക്കും, മുടിക്കും ദൃഢം.
നിത്യം നിർമ്മലമിസ്സനാതനതമം
ഞാൻ പൂജചെയ്യുന്നൊരീ-
സത്യജ്ഞാനമയം മഹാപ്രതിമയെ
ക്കയ്ക്കൊണ്ടു സൂക്ഷിക്കണം;
മർത്യക്കാധിയണച്ചിടും കലിയിലി-
സംസാരരോഗം വിടാൻ
പ്രത്യക്ഷത്തിലിതാണൊരൗഷധ,മതും
പ്രത്യേകമോർത്തീടണം.
ഞാനെപ്പോൾപ്പോകു, മപ്പോൾ കലിയിവിടെ വരും;
തോന്നിവാസം തുടങ്ങും;
പാനേ മോഹം ജനിക്കും; മനുജരിലധികം
വ്യാധികൊണ്ടാധി ചേർക്കും;
താനേ ധർമ്മം നശിക്കും;
പ്രതിമയിതതിനാൽ ഭൂമിയിൽത്തന്നെ മുഖ്യ-
സ്ഥാനേ സ്ഥാപിച്ചിടേണം, കലിയുടെ കഠിനോ-
പദ്രവം വിദ്രവിപ്പാൻ.
എന്നാ,ലുദ്ധവരേ, പരിഭ്രമമശേ-
ഷം വേണ്ട; വേഗം ഭവാൻ
ചെന്നാലും സുധിയാം സുരേന്ദ്രഗുരുവോ-
ടെല്ലാ വിശേഷങ്ങളും
ചൊന്നാലും; പറയേണമെന്റെ മൊഴിയും
പ്രത്യേക;-മെന്നാലയാൾ
വന്നാലോചനചെയ്തു വേണ്ടതഖിലം
നിസ്സംശയം ചെയ്തിടും."
എന്നെല്ലാം പ്രിയഭക്തനോടരുളി ഹാ!
യോഗാസനാരൂഢനായ്
മന്നെങ്ങും നിറയും ചരാചരമയൻ;
സ്വർഗ്ഗത്തിലന്നുദ്ധവൻ
ചെന്നെത്തീ ധൃതിയായ്, ബൃഹസ്പതിയൊടീ
വൃത്താന്തമോതീ; തുണ-
യ്ക്കന്നെന്തോ ഗുരു വായുദേവനെ വിളി-
ച്ചൊന്നിച്ചുപോയ് മൂവരും.
ദൂരാലായവർ കണ്ടു നിത്യകുശലൻ
സച്ചിന്മയൻ വേർപിരി-
ഞ്ഞോരാ ദ്വാരക വാരിരാശി തകരാ-
റാക്കുന്നതും വിഗ്രഹം
നീരാടുന്നതു;-മത്തലാർന്നു ഗുരു നിർ-
ബ്ബന്ധിക്കയാൽ പാഞ്ഞുപോ-
യാരാൽ ചെന്നു പുകഴ്ന്ന വിഗ്രഹമെടു
ത്തെത്തീ ജഗജ്ജീവനൻ.
"നീരാടും മുമ്പെടുത്തു ബഹുരസമനിലൻ
വിഗ്രഹം ദൈവഗത്യാ
പാരാവാരത്തിലെങ്ങാൻ മറിയുകിലിതിലും
ദുർഘടം വേറെയുണ്ടോ?
പോരാ, ശ്രീകൃഷ്ണനെന്നോടൊടുവിലരുളിയ-
ക്കാര്യമൊപ്പിക്കുവാൻ ഞാൻ
പോരാതായാൽ കടുപ്പം; കലിയുഗതരണ-
ത്തിന്നു മറ്റില്ലുപായം.
ആട്ടേ, നോക്കിതു ഭൂതലത്തിലെവിടെ
സ്ഥാപിക്കണം? ചുറ്റിനോ-
ക്കട്ടേ, ഭാരതഖണ്ഡമപ്പൊഴിതിനു-
ണ്ടാകും സ്ഥലം പാവനം''
കൂട്ടേവം പിരിയാതെ തമ്മിലരുളി-
ച്ചുറ്റീ പലേടം; ഗുണ-
പ്പെട്ടേതും സ്ഥലമൊത്തതി, ല്ലൊടുവില-
ന്നിക്കേരളം പൂകിനാർ.
തക്കത്തിൽത്തീക്കനൽക്കണ്ണടയ പുരഹരൻ
പുണ്യമാം പൊയ്കയിൽത്തൻ -
മയ്ക്കണ്ണാളൊത്തു മേളിച്ചവരതിനുടെ തെ-
ക്കേക്കരെക്കേറിനില്കേ
മുക്കണ്ണൻ കണ്ടു വാനോർഗുരുവുമനിലനും
കൂടിയോടുന്ന, തപ്പോൾ
വെക്കം കൈകൊട്ടിനിത്തീ "ട്ടരികിൽ വരിക''യെ-
ന്നോതിനാൻ ഭൂതിഭൂഷൻ.
മുക്കണ്ണൻ തൃക്കരം കൊട്ടിയ കടുരടിതം
കേട്ടു ഞെട്ടിത്തെറിക്കും
തക്കത്തിൽ ചന്ദ്രചൂഡൻതിരുവടിയരികിൽ-
ത്തന്നെ നില്ക്കുന്ന കണ്ടു
വെക്കം തൃക്കാൽ വീണൂ സുകൃതിക;-ളവരെ-
പുല്കിയാശ്വാസമേകി-
തൃക്കൺപാർത്തിട്ടു മന്ദസ്മിതമൊടരുളിനാൻ
നിർമ്മമൻ നീലകണ്ഠൻ:
''പാടീ നാരദനീ വിശേഷമിവിടെ;-
ക്കേട്ടിട്ടു മന്മാനസം
വാടീ; നന്ദജനന്തരിച്ചു കലികാ-
ലം വന്നുവെന്നോർക്കയാൽ;
നേടീ വിഗ്രഹമെങ്കിലും ധൃതിപിടി-
ച്ചോടുന്നൊരീ നിങ്ങളെ
ത്തേടിക്കൊണ്ടമരുന്നു; സംഗതിവശാൽ
കണ്ടെത്തി കൺമുമ്പിൽ ഞാൻ.’
പൂജിക്കുന്നോർക്കഭീഷ്ടം സകലവുമുതകി-
ക്കൊണ്ടു ലോകത്തിലെങ്ങും
രാജിച്ചീടുന്ന ദിവ്യപ്രതിമ ഹരനപേ-
ക്ഷിച്ചു വാങ്ങിച്ചു ദേവൻ
യോജിപ്പിച്ചൂ ശിവപ്രാഭവമതിലുടനേ;
താണു വന്ദിച്ചു ചന്ദ്രൻ
ഭ്രാജിക്കുന്നാശ്ശിരസ്സാൽ പലവുരു, വരുളി-
ച്ചെയ്തു പിന്നെപ്പിനാകി:
''പണ്ടാ പ്രാചേതസന്മാരനവധിദിവസം
വൻതപം ചെയ്തു നമ്മെ-
ക്കണ്ടാനന്ദിച്ച പുണ്യസ്ഥലമിതു വളരെ-
പ്പാവനം പാരിടത്തിൽ;
ഉണ്ടാകേണ്ടാ വികല്പം, പ്രതിമയെയിവിടെ-
ത്താൻ പ്രതിഷ്ഠിക്കിലാരും
കൊണ്ടാടും; പാരിലൊക്കെപ്പുകഴു,മറിയുവിൻ,
മംഗളം നിങ്ങൾമൂലം.
ഞാനും സൃഷ്ടിനടത്തിടുന്ന വിധിയും
കാക്കും രമാനായകൻ-
താനും വസ്തുതഭേദമില്ലൊടുവിലീ
മൂന്നാളുമൊന്നായ്വരും!"
ആനത്തോലുടയാടചാർത്തിയ ഹരൻ
കല്പിച്ചൊരിബ്ഭാഷിതം
ജ്ഞാനം കൂടിയ കൂട്ടരാമഖിലരും
മാനിച്ചു കൈകൂപ്പിനാർ.
ധീരോദാത്തൻ വിരിഞ്ചൻ, സനകമുനി, മഹാ-
വിഷ്ണു, വേദങ്ങൾ, വാനോ-
രോരോ വർഗ്ഗത്തിലുള്ളോ, രനവധി മുനിമാർ,
നാരദൻ, പിപ്പലാദൻ
നേരോടിക്കൂട്ടരെത്തീ ചിതമൊടു ശിതിക-
ണ്ഠന്റെ പക്ഷം പുകഴ്ത്തീ-
ട്ടോരോ തത്ത്വങ്ങളോതിസ്സകലരുമുടന-
ന്നീശനെക്കൈവണങ്ങീ.
അപ്പോൾത്താൻ ഗുരു വായുവോടരുളി: ''ഹേ!
വേഗം പ്രതിഷ്ഠിക്ക നാ-
മപ്പൊയ്ത്താർമകനാദിപൂരുഷനെടു-
ത്തേല്പിച്ചൊരീ വിഗ്രഹം;
ചൊല്പൊങ്ങും പുനരിപ്പുരിക്കു 'ഗുരുവാ-
യൂ'രെന്ന പേ'';-രന്നുടൻ
കെല്പൊക്കുംപടിയമ്പലം സുരപുര-
ത്തച്ചൻ ചമച്ചീടിനാൻ.
ദേവാചാര്യൻ തുടങ്ങീ ക്രിയ; - യഥ പരികർ-
മ്മത്തിനാ വായു; രക്ഷ-
യ്ക്കാ വാനോരൊക്കെ നിന്നു; വിധിഹരിഹരരാ-
ണച്ചടങ്ങോർത്തുരച്ചോർ;
സേവാമാഗ്ഗങ്ങൾ വേണ്ടും പതിവുകളിവയാ
നാരദൻ ചൊല്ലി;-യെല്ലാ-
മാ വാരം കൊണ്ടു തീർന്നൂ; കലശമൊരുവിധം
ഭംഗിയായിക്കഴിഞ്ഞു.
ഏവം വാതപുരത്തിലമർന്ന ഭഗവൻ,
സംസാരദുഃഖാർത്തനി-
പ്പാവം, ഹാ, ഗതികെട്ടലഞ്ഞു കലിയെ-
പ്പേടിച്ചു തുള്ളം വിധൗ
ദൈവം തള്ളിയയച്ച ഞാൻ നടയിൽ നി-
ന്നോതുന്നൊരിസ്സങ്കടം
കൈവല്യപ്രദ, കേൾക്കണേ! കനിയണേ!
നന്നാക്കണേ! കാക്കണേ!
ശ്വേതൻ മാമുനിയാണു നീ കൃതയുഗ-
ത്തിങ്കൽ തപസ്സൊന്നിനാൽ
പ്രീതൻ, സ്രുക്ക്സ്രുവധാരി യജ്ഞപുരുഷൻ
ത്രേതായുഗപ്രാപ്തിയിൽ
പീതൻ മംഗളയജ്ഞകർമ്മനിരയാൽ
സന്തുഷ്ടനാകുന്നവൻ
പൂതൻ മൂന്നുലകം നിറഞ്ഞു വിജയി-
ച്ചീടുന്നു വിശ്വംഭരൻ.
ദേവൻ താന്ത്രികമായ കർമ്മവശഗൻ
സ്തോത്രപ്രിയൻ ശ്യാമനാ
ണേവം ദ്വാപരവേളയിൽ സകലരും
പൂജിച്ചു വാഴ്ത്തുന്നവൻ;
സേവയ്ക്കാത്തിരുനാമമീക്കലിയിൽ; നാം
നാമം ജപിച്ചാൽ ക്ഷണം
കൈവല്യപ്രദനാക്കളായകമനീ-
യാംഗൻ പ്രസാദിച്ചിടും.
ചൊല്ലാമിക്കലികാലമെത്ര സുഖദം!
നാമം ജപംകൊണ്ടുതാൻ
ചെല്ലാം ചിത്പുരുഷന്റെ സന്നിധിയിലെ-
ന്നോതുന്നു വേദങ്ങളിൽ;
എല്ലാർക്കും പ്രിയമീക്കലിപ്പിറവി; ഞാ-
നപ്പുണ്യമാർജ്ജിച്ചവൻ,
മല്ലാരേ, തിരുനാമഗാനനിരതൻ;
നീയെന്നെ രക്ഷിക്കണം.
ധർമ്മദ്വേഷി ദുരാശയൻ കലി ഭയ-
ന്നർത്ഥിക്കയാൽ പ്രീതനായ്
ശർമ്മം നല്കുയ വിഷ്ണുരാതനുപകാ-
രം ചെയ്തു; കൊന്നെങ്കിലോ,
ഇമ്മട്ടുള്ളൊരു മുക്തിമാർഗ്ഗമടയും;
ലക്ഷ്മീപതേ, നിയ്യൊരാ-
ളിമ്മന്നിന്റെ ശുഭാശുഭങ്ങളറിവോൻ -
തൃക്കാലെനിക്കാശ്രയം.
ഇന്നെങ്ങും തവ ഭക്തരിൽ കലി ഭയ-
പ്പെട്ടാണിരിക്കുന്നതും;
നിന്നെക്കൈതൊഴുതാൽ ഫലം ഝടിതി; നി-
ന്ദിച്ചാൽ പൊറുക്കും ഭവാൻ;
മുന്നേതാൻ കലി മർത്യരെക്കഠിനരോ-
ഗത്താൽ വലയ്ക്കുന്നു; നീ
വന്നേറ്റൊന്നു തടഞ്ഞമർത്തണ, മിതാ-
ണിപ്പോൾ കുഴപ്പോർക്കുകിൽ.
ഉണ്ടാം ഭക്തജനം കലൗ സുലഭമാ-
മിബ്ഭാരതത്തിൽ; ശുഭം-
കൊണ്ടാളുന്ന നദീനദാചലമഹാ-
ക്ഷേത്രപ്രദേശങ്ങളിൽ
കൊണ്ടാടേണ്ടവരെത്ര; വാസ്തവമിതാ -
ണീ നാട്ടിലുണ്ടായ ഞാൻ
തിണ്ടാടുന്നു കിടന്നു; പാവമിവനെ-
ന്നോർത്തെന്നെ രക്ഷിക്കണം.
ചൊല്ലാളും തിരുനാമ, മാത്തുളസി, സാ-
ളഗ്രാമ,മേകാശിയെ
ന്നല്ലാ, ജാഹ്നവി, ഗീത, ഗോപി, പുകഴും
ഗായത്രിയിത്യാദിയിൽ
മല്ലാരേ, വിധിപോലെ വേണ്ട സമയ-
ത്തൊക്കെബ്ഭജിക്കുന്നു ഞാൻ;
ചൊല്ലാം തുഷ്ടിദമാണിതൊക്കെയവിടേ-
യെന്നാം പുരാണങ്ങളിൽ.
ദേവന്മാരിലുമാപ്പിതൃക്കളിലുമു-
ണ്ടേറെക്കടം ദുർഘടം;
പാവപ്പെട്ടുഴലുന്നു ഞാൻ; വിധിനിഷേ-
ധം നീ വിധിപ്പിച്ചവൻ;
കൈവല്യപ്രദ, തൂർത്തെടുത്തഖിലവും
നിങ്കൽ സമർപ്പിച്ചിടാം;
ഭാവം മാറുകയില്ല, ഭക്തി നിലനിർ-
ത്തിത്തന്നു രക്ഷിക്കണം.
ശ്രീവായ്ക്കുന്ന കുടുംബ, മുണ്ണികളുമു -
ണ്ടെല്ലാറ്റിനും ഭൃത്യരു,-
ണ്ടാവാതില്ലൊരു കൂട്ടവും, സകലരും
മാനിക്കുമെല്ലാം സുഖം;
ഈ വാഴ്ത്തുന്ന സുഖം ഹരേ, ഞൊടിയിട-
യ്ക്കില്ലാ; ഭവദ്ഭക്തിതാൻ
ഭൂവാസത്തിലുയർന്ന സൗഖ്യ, മതിനായ്
തൃക്കാൽ വീഴുന്നു ഞാൻ.
കാലം പോട്ടെയഹോ! പരീക്ഷിദരചൻ,
ചേലപ്പറ,മ്പാ ധ്രുവൻ
ബാലൻ, സ്വൈരിണിയായ പിംഗള, നൃപൻ
ഖട്വാംഗനീയൈവരും
മാലറ്റാർന്നു പരം പദം ഝടിതി; നീ
തൃക്കണ്മിഴിച്ചാലെനി-
ക്കാലസ്യക്കടലക്കരെക്കയറിടാം
മാത്രയ്ക്കുമുമ്പത്രതാൻ.
എല്ലാബ്ബന്ധവുമറ്റവൻ, വിഭു, കുറൂ-
രമ്മയ്ക്കു കീഴ്പെട്ടവൻ,
ചൊല്ലാം നമ്മുടെ വില്വമംഗലപരി-
വ്രാട്ടൊത്തു പാർത്തുള്ളവൻ,
മല്ലാരാതി, കുചേലമാമുനി തുറ-
ന്നീടുന്ന ഭണ്ഡാര,മെ-
ന്നല്ലാ പാർഷതി ചീരതീറ്റിയ ചിദാ-
നന്ദൻ പ്രസാദിക്കണം.
തൃക്കണ്ണിൻമുനകൊണ്ടു തീർക്കുമൂലകം
കാക്കും കഴിക്കും പുറ-
ത്താക്കും കാക്കുമശിക്കുമിക്കളിയറി-
ഞ്ഞോർക്കേകുമങ്ങങ്ങയെ;
തത്ക്കാലം ചില തട്ടുമട്ടുകൾ പറ-
ഞ്ഞെന്നെപ്പിരിക്കാൻ ഭവാ-
നൊക്കാ, ചോട്ടടി മാറുകില്ല, തരണം
സായുജ്യമന്നേവരെ.
നാനാത്വം ഭ്രാന്തിജന്യം; കരുതുക, ഗുണദോ-
ഷങ്ങളാ ഭ്രാന്തിമൂലം-
താനാം; കാണാം തിരഞ്ഞാലതിനു വിധിനിഷേ-
ധങ്ങളാശ്ശാസ്ത്രരീത്യാ;
ആ നാടന്മാർക്കിതെല്ലാമുലകമജിതനെ-
ന്നോർത്തു നാമങ്ങളോരോ-
ന്നീ നാം ഭക്ത്യാ ജപിക്കാം വിഗതവിഷയസം-
ഗിക്കു മറ്റെന്തു വേണം?
ഇക്കാണും ജന്തുവർഗ്ഗം സകലസമയവും
ക്ഷുത്തൃഡാധിക്കുഴപ്പം
നീക്കാൻമാത്രം ശ്രമിപ്പോ;-രവരുടെയിടയിൽ
തെല്ലു ഭേദം നരന്മാർ;
ചിത്ക്കാമ്പേ, മിത്രമാത്മാവിനവരരിയുമാ-
ണോർക്കിൽ നിന്നെ ബ്ഭജിക്കാൻ
ലാക്കായോർ മിത്ര, മല്ലാത്തവരരി, യടിയൻ
കൃഷ്ണ, നിത്യം നമിക്കാം.
ദേഹത്തിൽ സക്തി തീരെക്കളയണമായി! നീ;
സക്തിമൂലം സദാ ഞാൻ
ഗേഹം, വിത്തം, കളത്രം, സുതസഹജസുഹൃ-
ത്തെന്നിവയ്ക്കുന്നതിക്കായ്
സ്നേഹം വർദ്ധിച്ചു രാവും പകലുമുഴലുവാ
നുള്ള മാർഗ്ഗങ്ങളൊക്കും
മോഹക്കോളിട്ടിളക്കും കദനജലധിയിൽ-
പ്പെട്ടു കഷ്ടപ്പെടുന്നു.
എന്നാൽ ദേഹം നശിച്ചാൽ പരപുരുഷ, വിഭോ,
പട്ടിയോ കാക്കയോ തി-
ന്നെന്നാ,മല്ലെങ്കിലഗ്നിക്കിര ദൃഢ,മിതിരി-
ക്കട്ടെ; ജീവിച്ചിരിക്കെ
വന്നാക്കൺ, ത്വക്കു, ജിഹ്വ, ശ്രവണമിവ വലി-
ച്ചിട്ടു നട്ടംതിരിക്കും
മന്നാകെ; ത്വത്പദബത്തണലിലൊരുവനും
കൊണ്ടുതള്ളില്ലതാനും.
ഇക്കാലം സക്തി ദേഹാദിയിൽ നരനു വിടാൻ
ദുർഘടംതന്നെ;-യെന്നാൽ
തത്ക്കാലം ദുഃഖമാറ്റിത്തരണ,മരുളണം
ഭക്തിദാർഢ്യം, മുരാരേ!
ഇക്കാണും വിപ്രജന്മം നിരവധിയുദരം
നൂണു ഞാൻ നേടിയിപ്പോൾ
ചിത്ക്കാമ്പേ, പാഴിലാക്കിക്കളയരു, തിനിയും
യോനി നൂഴിച്ചിടൊല്ലേ.
ഒന്നും നേരാതെ കമ്ർമം ഗുരുവരനുപദേ-
ശിച്ചരീതിക്കു ചെയ്തി-
ട്ടെന്നുള്ളം ശുദ്ധമാക്കിത്തിരുവടി കരുതി-
ക്കൊണ്ടു നാമം ജപിക്കാം;
എന്നും നില്ക്കുന്നതാർക്കും പ്രിയതരമഖില-
വ്യാപ്തമിന്നെന്നമട്ടാ-
ണെന്നുള്ളിൽ കേറിടാത്താത്തിരുവുടലടിയ-
ത്തിന്നു കാട്ടിത്തരേണം.
മെയ്യോർത്താൽ സ്ഥൂലസൂക്ഷ്മം പലവിധമുലകിൽ
കാണുവാനു; ണ്ടതെല്ലാം
നിയ്യോ മായയ്ക്കു കീഴ്നിന്നൊരു കളിനിലയിൽ
തീത്തതെന്നെന്റെ ബോധം;
തിയ്യോ കത്തീടു, മാളും കുറയു, മെരിയുമി-
ങ്ങിന്ധനങ്ങൾക്കു കീഴിൽ
പൊയ്യോ ഞാൻ ചൊൽവതൊന്നാണനലനിതൊരുദൃ-
ഷ്ടാന്തമോന്തത്ത്വമൂർത്തേ!
ഒന്നല്ലാ തുളയൊമ്പതുള്ളൊരുടലിൽ
കാറ്റായ ജീവൻ ഭവാൻ;
നന്നല്ലേ കളി; പോകു, മങ്ങനെ വരും,
നില്ക്കും ചിലപ്പോൾ ക്ഷണം:
ഇന്നെല്ലാം കരുതുമ്പൊഴീ ജനിമൃതി-
ക്കാര്യങ്ങളുൾഭ്രാന്തിയാ
ണെന്നല്ലേ നില? മായയാ സ്ഥിതി മറി-
ച്ചാക്കുന്നു, തോല്ക്കുന്നു ഞാൻ.
ചൊല്ലാളും ഗുരുവിന്നടുത്തനുദിനം
ക്ലേശിച്ചു ചൊല്ക്കീഴിൽ നി-
ന്നെല്ലാം കേട്ടു പഠിച്ചു സൂക്ഷ്മതരമാം
ജ്ഞാനാഗ്നി കാളിച്ചുടൻ
എല്ലാർക്കും ഭയമാം ഭവാടവി കരി-
ച്ചത്തിയ്യു മാറുന്നവാ-
റെല്ലാം വിഷ്ണുമയം ചരാചരജഗ-
ത്തക്കാഴ്ച കാണാകണം.
ഷൾക്കർമ്മം ഷൾഗുണം നല്ലഗദമിവ തരും
ക്ലേശഹാനിക്കപായം
ചിക്കന്നുണ്ടാ, മനേകം കൃഷിയുടെ നിലതാൻ
നിത്യമല്ലാത്ത നേട്ടം;
ദുഃഖം വേരറ്റുപോകാൻ തിരുവടിയൊടു ചേ-
രുന്നതേ നല്ല മാർഗ്ഗം:
തൃക്കണ്ണല്പം മിഴിച്ചാലടിയനു പരമാ-
നന്ദമെന്നും, മുരാരേ!
ചൊല്ലാം, ഷൾക്കർമ്മനിഷ്ഠ ദ്വിജനു സുലഭമാം
സ്വർഗ്ഗലോകത്തിലെന്തെ-
ന്നില്ലാത്തൈശ്വര്യമന്നാസ്സരയുവതികളൊ-
ത്തെപ്പൊഴും കേളിയാടാം;
മല്ലാരേ, ഹന്ത! താൻ നേടിയ സുകൃതമൊടു-
ങ്ങുമ്പൊളിങ്ങോട്ടു തള്ളും;
വല്ലാതുള്ളല്ലലപ്പോ; ളിവനു വഴിപിഴ-
യ്ക്കാതിരിക്കാൻ നമിക്കാം.
ആടിപ്പോം സത്യലോകം പ്രളയമണയുകിൽ
ബ്രഹ്മനും ഭീതനാകും
പേടിക്കും പേടി, വിഷ്ണോ, തിരുവടിയരുളും
നിത്യലോകത്തുമാത്രം;
ചാടിത്തുള്ളുന്ന സംസാരികളുടെ കഥയെ-
ന്തേവരും ഭീതരാകെ-
ക്കൂടിച്ചൊല്ലാമെനിക്കങ്ങഭയമരുളണം,
സച്ചിദാനന്ദമൂത്തേ!
ഇല്ലാ നോക്കുക ബന്ധമോക്ഷമിവനും;
സ്വപ്നോപമം താനതി-
ന്നെല്ലാം ത്വന്മയമാം ചരാചരമഹോ!
ഞാനും ഭവാനും ശരി;
ചൊല്ലാം, 'വിദ്യയവിദ്യ'യെന്നു പറയും
ശക്തിദ്വയം മോക്ഷമെ-
ന്നല്ലാ ബന്ധവുമുള്ളതെന്ന നിലയിൽ
കാണിച്ചു നിൻചൊല്പടി.
ദിക്കൊട്ടുക്കു നിറഞ്ഞ നിന്നുടെ കളി-
ക്കോപ്പായ് ചമച്ചുള്ളതി-
ച്ചൊല്കൊള്ളുന്നൊരവിദ്യ വിദ്യയിവതാ-
നും ബന്ധമോക്ഷങ്ങളും
ഉൾക്കൊണ്ടോർക്കുകി, ലീശ, നീ കളി നിറു-
ത്തിപ്പോയ്ക്കിടക്കുമ്പൊഴ-
ന്നിക്കോപ്പും കളിയും കളിപ്പുരയുമീ
ഞാനും ഭവാൻതാൻ സുഖം.
ഇക്കാര്യം വിസ്തരിക്കാം: ഫലമിതിനു മന-
ശ്ശുദ്ധിയില്ലാതിരുന്നാ-
ലൊക്കാ; ശുദ്ധിക്കു ഭക്തിപ്രബലതയതുതാൻ
മുഖ്യമെന്നാപ്തവാക്യം;
തൃക്കാല്ക്കൽ സർവ്വഭാരങ്ങളുമടിയനുഴി-
ഞ്ഞിട്ടു കൈകൂപ്പിടുന്നേൻ;
ചിത്ക്കാമ്പേ, ഭക്തിഭാരം പകരമിവനിലർ-
പ്പിക്കണേ, ചക്രപാണേ!
വിത്തന്മാർ വേദശാസ്ത്രങ്ങളിലവർ ചിലരോ
കർമ്മമാർഗ്ഗത്തിൽ നില്പൂ;
ചിത്തത്ത്വം തേടുമാറില്ലഖിലസമയവും
ശാസ്ത്രവാദം നടത്തും;
മത്തന്മാർ വന്ധ്യയാം ഗോവിനെയൊരു തൊരമി-
ല്ലാതെ പോറ്റുന്നു; നോക്കൂ,
ഹൃത്തേ, സൂക്ഷിക്ക; നാവേ, പിഴപിണയരുതേ!
നാമഗാനം വിടൊല്ലേ!
ചൊല്ലാളും ജന്മകർമ്മാദികളതിസുഖദം;
വാഴ്ത്തിടാം, കേട്ടിടാം, ഞാ-
നെല്ലാർക്കും പ്രീതിചേർക്കും തിരുവുടലനിശം
ഹൃത്തിലോർക്കാം, നമിക്കാം;
എല്ലാബ്ബന്ധങ്ങളും തീർക്കണ, മിനിയൊരു പെ
റ്റമ്മ പോറ്റുന്ന കാര്യം
മല്ലാരേ, സങ്കടംതാ, നിതിനൊരു വഴിയു-
ണ്ടാക്കണം, കാക്കണം മാം.
ആരാണങ്ങെന്തുമട്ടാണൊരു പിടിയിവനി,-
ല്ലെന്നിരുന്നാലുമുള്ളം
തീറായ്ക്കല്പിച്ചു തൃക്കാലിണ പണിയുമഹം
കൃഷ്ണ, വൃഷ്ണീന്ദ്ര, വിഷ്ണോ!
പോരാ, ഞാൻ ഭക്തവർഗ്ഗത്തെയുമവരരുളും
പുണ്യദേശത്തെയും നിൻ
പേരായ് സ്ഥാപിച്ച ദിവ്യപ്രതിമകളെയുമേ
കൈതൊഴാം, കൈടഭാരേ!
പൂജിക്കാം പുഷ്പമാല്യം; പ്രതിമയെയടിയൻ
ധൂപദീപങ്ങളാലേ രാജിപ്പിക്കാം; നമിക്കാം; കലിമലമകലും
സ്തോത്രജാലം ജപിക്കാം;
ഭ്രാജിഷ്ണോ, ഭക്തിയാലെന്നുടലിലിളകണം
രോമഹർഷം സദാ; ഞാൻ
യോജിക്കേണം ഭവാനാ;-യഴിയണമടിയ-
ത്തിന്റെ സംസാരബന്ധം.
കണ്ണിൽക്കാണുന്നതെല്ലാമയി തവ കമലാ-
ലാളിതം യോഗിമൃഗ്യം
വഴിക്കത്തക്കതല്ലാത്തൊരു തിരുവുടലായ്-
ത്തോന്നുവാനുള്ള ഭാഗ്യം
ദണ്ഡിപ്പിക്കാതെ കല്പിച്ചരുളണ, മിനിമേൽ
ജീവജാലങ്ങളിങ്ങീ-
മണ്ണിൽക്കണ്ടാൽ ഭവാനെന്നിവനവയെ വലം-
വെച്ചു വന്ദിച്ചുകൊള്ളാം.
ചൊല്ലാളും ശുകനാരദാദികൾ തിര-
ഞ്ഞീടുന്നൊരാബ്ഭക്തിതാൻ,
മല്ലരേ, തിരുവുള്ളമുള്ളൊരിടയ-
പ്പെണ്ണുങ്ങളിൽ കാൺമു ഞാൻ;
ചൊല്ലാമക്കുയിൽവാണിമാരുടെ വെറും
ദാസർക്കു ദാസ്യത്തിനും
ചെല്ലാൻ സംഗതിവന്നതില്ലടിയനാ-
സ്സദ്ഭക്തി നീ നല്കണം.
വേദത്തിന്റെപൊരുളാപ്പുരാണനിധി പൂ-
മങ്കയ്ക്കു പുണ്യപ്രദം
മോദം ചേർപ്പൊരു വസ്തു മൂന്നുലകിനും
മാമൂലമായുള്ള നീ
സാദം വിട്ടൊരു ഭട്ടപാദമുനിയെ-
ക്കൈക്കൊണ്ടു വാഴിച്ച തൃ-
പ്പാദപ്പൂന്തണലിൽ പ്രവേശമിവനും
കല്പിക്ക, ചിദ്ബ്രഹ്മമേ!
ആർക്കും വേണ്ടാത്തൊരാളാമടിയനെയവനം-
ചെയ്യുവാൻ നിയ്യൊഴിഞ്ഞി-
ന്നോർക്കുമ്പോൾ മറ്റൊരാളി,ല്ലഭയദ, വിഷയ-
ക്കോളിളക്കം കുഴക്കം;
നോക്കുമ്പോൾ നാലുപാടും വിഷയലഹരിയാൽ
തുള്ളിടും കൂട്ടരയ്യോ!
വേർക്കുന്നുണ്ടെപ്പൊഴും ഞാൻ; ഭവഭയമറിയാ-
തുള്ളിടത്താക്കുകെന്നെ.
പാടാമേ നിൻചരിത്രം; തൊയിരമതിനു കി-
ട്ടില്ല; കൂട്ടത്തിലുള്ളോ-
രേടാകൂടങ്ങളോരോവിധമിടയിലെടു-
ത്തിട്ടു നട്ടം തിരിക്കും;
പേടാകും പേക്കിനാവിബ്ഭവവിഭവമഹോ!
കൃഷ്ണ, ഞാൻ തൃപ്പദാബ്ജം
തേടാം; നീ കണ്മിഴിച്ചാലതു സുലഭ, മിതോ
സൂരിമാർ കണ്ട സൂക്ഷ്മം.
ഭാര്യയ്ക്കും പ്രിയസന്തതിക്കുമസുഖം
വന്നേയ്ക്കുമെന്നോർത്തുതാ-
നാര്യന്മാർ കുലവൃദ്ധരെന്നവരുമായ്-
ത്തല്ലിട്ടുതാൻ പൂജ്യനായ്
കാര്യം നോക്കുകയെന്ന കെട്ട തൊഴിലേ
കൈവിട്ടു ഞാൻ സർവ്വദാ
ധൈര്യം പൂണ്ടൊരിടത്തിരുന്നുരുവിടാം
നാമങ്ങൾ, നാരായണ!
എല്ലാബ്ബന്ധവുമാപ്പെടും വിഷയസം-
ഗത്താ-ലതില്ലായ്കയാം
മല്ലരേ, നിജമുക്തി; സക്തി കളയാൻ
ഭക്തിക്കുതാൻ വൈഭവം;
ചൊല്ലാം, സാധുസമാഗമത്തിലുളവാം
സദ്ഭക്തിയെന്നാം മറ-
ച്ചൊല്ലാ;-സജ്ജനസംഗമം തിരുമന-
സ്സുണ്ടാകിലുണ്ടാമുടൻ.
ചിത്തം. മായ, ദശാക്ഷ, മാ മഹദഹ-
ങ്കാരങ്ങൾ, തന്മാത്രയോ-
ടൊത്തമ്പുന്നൊരു പഞ്ചഭൂതമിവയാൽ
ചുറ്റപ്പെടും ജീവനോ
ഇത്തത്ത്വങ്ങൾ മനസ്സിലാക്കിയറിവോൻ
മായയ്ക്കു കീഴാകയി; -
ല്ലിത്തല്ലെങ്കലിതിന്നു ശക്തി പരചി-
ന്മൂർത്തേ, വളത്തേണമേ!
ജീവൻ മായ കളിച്ചിടും കളിയിലാ-
ടാറില്ല; തത്കേളിയിൽ
ഭാവം മാറി മയങ്ങിയെങ്കിലവൾതൻ-
പാട്ടിൽപ്പെടും നിശ്ചയം;
ഏവം വസ്തുത; തൃപ്പദാബ്ജഭജന-
സ്വാതന്ത്ര്യമിങ്ങേകണം;
കൈവല്യപ്രദ, മായ വന്നടിയനെ-
പ്പിന്നെ ഭ്രമിപ്പിക്കുമോ?
എല്ലാ ഭ്രാന്തിയുമുള്ളടക്കിയടിയൻ
യോഗാസനാരൂഢനായ്,
മല്ലാരേ, ഗരുഡാധിരൂഢമമലം
ലക്ഷ്മീകരാലിംഗിതം
ഉല്ലാസപ്രദമാക്കളായകമനീ-
യാംഗം മനസ്സിൽ സ്മരി-
ച്ചെല്ലാ നേരവുമുൾക്കുളുർത്തിവിടെ വർ-
ത്തിക്കാം, പ്രസാദിക്കണം.
നാമം സ്തോത്രജപം, പുരാണനിര വാ -
യിപ്പിക്ക, വായിക്കയെ-
ന്നീമട്ടിൽ കുളിരാർന്നു വാർന്നൊഴുകിടും
സദ്ഭക്തിയെക്കൈതൊഴാം;
നീ മന്നിൽ പുകഴുന്നു, മൃത്യുവിനെയും
വെല്ലുന്നു, മുക്തിപ്രദേ,
ക്ഷേമം നല്കണ, മെന്നെ വിട്ടുപിരിയാ-
തൊന്നിച്ചിരുന്നീടണം.
കഷ്ടം കഷ്ടമനേകമാളുകളെ വായ്-
പ്പിട്ടിൽ പിരട്ടിദ്ധനം
കഷ്ടപ്പെട്ടൊരുപാടു നേടിയതുകൊ-
ണ്ടില്ലം പുലർത്തിസ്സുഖം
ഇഷ്ടപ്രേയസിയെ,ക്കിടാങ്ങളെയഹോ!
ലാളിച്ചു ലാളിച്ചെഴും
ദുഷ്ടന്മാർ നരകത്തിലേയ്ക്കു വഴിയ-
ന്വേഷിച്ചു നില്ക്കുന്നവർ.
ധിക്കാരം ചെറുതല്ലവ; -ർക്കുലകിലി
ന്നെല്ലാവരും കീഴിലാ;-
ണിക്കാര്യം ദൃഢമായുറച്ചു ഞെളിയും;
തന്നെപ്പുകഴ്ത്തും സദാ;
ഉൾക്കാമ്പിൽ ഭയഭക്തിയറ്റവരഹോ!
ശ്രീകൃഷ്ണ, കൃഷ്ണപ്രഭോ,
തൃക്കാലാശ്രയമെന്നെയാ നിലയിലാ-
ക്കീടാതിരിക്കേണമേ!
ജീവൻ മുജ്ജന്മകർമ്മംവഴിയരികിൽ വരും
വാസനാവൈഭവത്താൽ
ഭാവം മാറിപ്പകച്ചിട്ടുടനൊരു ജനനീ-
ഗർഭപാത്രത്തിലെത്തും;
ദൈവാൽ താൻ ചെയ്തതോർക്കും; ദുരിതമകലുവാ-
നാർത്തനായിട്ടലയ്ക്കും;
പാവം, ഹാ! യോനിനൂഴും ധൃതിയിലവ മറ-
ന്നിട്ടു വട്ടത്തിലാവും.
പിന്നെബ്ബാല്യം കുഴക്കം പലതുനുഭവി-
ച്ചൊട്ടു തീരുമ്പൊഴേയ്ക്കും
വന്നെത്തും യൗവനം; മത്തിളകിയവരഹോ!
ദുഷ്കൃതം ചെയ്തുകൂട്ടും;
മന്നെന്നോ മുങ്ങുമന്നേവരെയവരലയും;
ഹന്ത! ഞാനെന്തു വേണം?
നിന്നെസ്സേവിച്ചിരിക്കാം; ജനനമരണവൻ-
ചക്കിലിട്ടാട്ടിടൊല്ലേ!
ആർക്കും പൈതൃകദൈവികം യജനമാർ-
ക്കമ്മാനുരൂപം പദം
ചേർക്കും; പുണ്യമൊടുങ്ങുകിൽ പതനവും;
കാലാനുകൂലം ദൃഢം
പോക്കും ചെല്ലലുമറ്റ നിർമ്മലപദ-
പ്രാപ്തിക്കു നിന്നെക്കുറി-
ച്ചാക്കുന്നുണ്ടിനി ഞാൻ സദാപി സകല-
വ്യാപാരവും ചേഷ്ടയും.
സേവിപ്പോർക്കഭയം വിളിച്ചു തരുമാ-
സ്സദ്ഭക്തി സാധിച്ചിനി-
ജ്ജീവിച്ചീടണ;- മിന്നു ദൂരെയെറിയാം
സംസാരഭാണ്ഡത്തെ ഞാൻ;
ഹേ വിശ്വേശ്വര, നിൻകുളിപ്പുര ജഗ-
ത്തെന്നുള്ള തത്ത്വം സദാ
ഭാവിച്ചുള്ളിളകാതെതന്നെയമരാം;
തൃക്കണ്മിഴിച്ചാൽ മതി.
നീലാംഭോദനികായനിർമ്മലനിറൻ
നിത്യൻ നിലിമ്പാർച്ചിതൻ
പാലാംഭോനിധി പൂതമാക്കിയ പുമാൻ
പൂമങ്ക പുല്കും പുരാൻ
കാലാകാലമദൃഷ്ടദൃഷ്ടമിവയാ-
ലുള്ളം കുലുങ്ങാത്തവൻ
നാലാമ്നായമയൻ പരാത്പരനണ-
ഞ്ഞാലസ്യമാറ്റീടണം.
പാതാളം പുക്കു പോത്രിപ്രവരവരവപു-
സ്സാർന്നു നീ, യജ്ഞമൂർത്തേ,
ഭൂതാണ്ടിക്കൊണ്ടുപോരും വഴിയുദധിയിൽവെ-
ച്ചുദ്ഭവിച്ചാ വഴക്കിൽ
ജാതാർമഷം ഹിരണ്യാക്ഷനെയരനിമിഷം-
കൊണ്ടഹോ വജ്രിവജ്രാ-
ഘാതാൽ പാർചുറ്റുമദ്രിപ്പടിയവിടെയരി-
ഞ്ഞിട്ടു-നിയ്യേ സഹായം!
പണ്ടാകൂതിയിൽ നീ 'രുചി'ക്കു മകനായ
സാക്ഷാൽ 'സുയജ്ഞാ'ഖ്യനാ-
യുണ്ടായി; പ്രിയപത്നി 'ദക്ഷിണ'യില
ന്നുണ്ടാക്കി വാനോർകളെ;
കൊണ്ടാടിബ്ഭുവനം ഭരിപ്പൊരളവാ-
സ്വായംഭുവൻ വിഷ്ണുവായ്-
ക്കണ്ടാരാലടിയിൽ പണിഞ്ഞ ഭഗവൻ,
തൃക്കാലെനിക്കാശ്രയം.
മുന്നം 'കർദ്ദമ'നുണ്ണി നീ 'കപില'നായ്
ചിദ്ബ്രഹ്മതത്ത്വം പറ-
ഞ്ഞന്നമ്മയ്ക്കു മനസ്സിലാക്കിയലിവോ-
ടാ 'ദ്ദേവഹൂതി'ക്കുടൻ
തന്നത്താനറിയുന്ന ബോധമുതകി-
സ്സായുജ്യവും നല്കിയ-
ങ്ങന്നത്തെത്തിരുവായ്മൊഴിപ്പൊരുളിലെ-
ന്നുള്ളം ലയിപ്പിക്കണം.
101
മോഹഭ്രാന്തൊക്കെ നീക്കും കപിലമുനി മൊഴി-
ഞ്ഞുള്ളൊരാത്തത്ത്വശാസ്ത്രം
"സോഹം ബ്രഹ്മാസ്മി' 'യെന്നുള്ളറിവെവനുമുദി-
പ്പിക്കുമേവം ജയിപ്പൂ;
ദേഹത്തിൽ സക്തി നീക്കിശ്ശമഗുണനിധിയായ
ചിത്പരബ്രഹ്മമൊന്നിൽ
സ്നേഹം പൂണ്ടിന്നുമമ്പോ കപിലമുനി തപി-
ക്കുന്നു നമ്മൾക്കുവേണ്ടി.
ചിത്താം നീ പുത്രനാകാൻ കരുതിയ മുനി'യ-
ത്രി'ക്കു മുമ്പിൽ തെളിഞ്ഞെൻ-
ഹൃത്താൽ ഞാൻ ദത്തനായെന്നരുളിയലിവൊടും
പുത്രനായിപ്പിറന്നു
'ദത്താത്രേയാ'ഖ്യനെന്നിട്ടരുളി 'യദു'വിനും
ഹേഹയന്നും ശമം പാ-
രുൾത്താപം തീർത്തുയുർത്തീ; തിരുവടിയിവനു-
ള്ളാത്തിയും തീർത്തിടേണം.
ധാതാവീയുലകം ചമപ്പതിനു വയ്-
മ്പൊക്കാൻ തപിക്കുന്ന നാൾ
നീതാനാസ്സനകാദി നാലു സുതരായ്
ബ്രഹ്മാവിലുണ്ടായവർ
ഭൂതാണന്നു മറഞ്ഞ നിർമ്മലവിശു-
ദ്ധജ്ഞാനമോർമ്മിച്ചുകൊ-
ണ്ടാതാനന്നവരായ് പിറന്ന ഭഗവൻ,
തൃക്കാല്ക്കൽ വീഴുന്നു ഞാൻ.
ധർമ്മന്നുണ്ണികൾ മൂർത്തി പെറ്റ നരനും
നാരായണൻതാനുമീ-
ജ്ജന്മം പൂണ്ട് വിരാട്പുമാനവരഹോ!
സാക്ഷാൽ തപോമൂർത്തികൾ;
അമ്മട്ടില്ല തപോബലം സുമശരാ-
രിക്കും രമാനാഥനും
ബ്രഹ്മം കണ്ടരുളും വിധിക്കു ;-മവരെ-
കൂപ്പുന്നു ഞാൻ നിത്യവും.
ധീരന്മാരവരെസ്സുരാംഗനകളും
പൂവമ്പനും ചേർന്നു -
ന്നാരംഭിച്ചു മയക്കുവാ;-നിളകിയി-
ല്ലൊട്ടും ശമം പൂണ്ടവർ;
പാരം പ്രീതികലർന്നു ദാസികളിൽനി-
ന്നന്നുർവ്വശീദേവിയെ-
ത്താരമ്പൻമുതൽപേർക്കു നല്കിയവരോ
വാങ്ങിച്ചു നാണിച്ചുപോയ്.
ചേലഞ്ചും ചെറിയമ്മ താതസവിധേ
ദുർവ്വാക്കുരയ്ക്കെ ധ്രുവൻ
ബാലൻ പോയ്ത്തപമാർന്നു കാട്ടി; ലവിടെ-
പ്പക്ഷീന്ദ്രനിൽ കേറി നീ
ശീലം കണ്ടു തെളിഞ്ഞണഞ്ഞു തഴുകി
ഘ്രാണിച്ചു ലാളിച്ചുടൻ
മാലറ്റാ ധ്രുവസദ്പദത്തിലവനെ
സ്ഥാപിച്ച നിന്നെത്തൊഴാം.
പാപത്തിൽക്കരളാണ്ട വേനനിലെഴു-
ന്നൈശ്വര്യവും ജീവനും
ശാപത്താൽ മറയോരെടുത്തുടൽ കട-
ഞ്ഞർത്ഥിക്കെ നീ പുത്രനായ്
പാപം താതനു തീർത്തു ഭൂമിയിൽ മറ-
ഞ്ഞൈശ്വര്യവും വീണ്ടെടു-
ത്താപത്താറ്റിയെഴും പൃഥുക്ഷിതിപനാ-
മങ്ങെന്നെ രക്ഷിക്കണം.
നാഭിക്കുന്നു സുദേവി പെറ്റൊരൃഷഭൻ
പുത്രൻ ഭവാൻ യോഗിയായ്
ശോഭിക്കുന്നു ജിതേന്ദ്രിയൻ സകലവും
ചിദ്ബ്രഹ്മമായ്ക്കണ്ടവൻ
സ്ഥാപിച്ചുള്ളൊരു യോഗചര്യ മുനിമാർ
നേടുന്നു ലോകത്തോടാ-
ജ്ഞാപിപ്പൂ തിരുമേനിയീ നിലയിൽ നി-
ന്നിക്കാര്യമങ്ങത്തൊഴാം.
ചൊല്ലാം ദേവമയൻ, സുയജ്ഞമയനാ-
ച്ഛന്ദോമയൻ, സുപ്രഭൻ
ചൊല്ലാളും ഹയശീർഷനത്ര വിധിസ-
ത്രത്തിങ്കലുദ്ഭൂതനായ്;
നല്ലാശ്ചര്യ,മവന്റെ നാസികയിൽനി-
ന്നുണ്ടായി വേദങ്ങൾ; നീ-
യുല്ലാസത്തോടെടുത്തൊരദ്ഭുതവപു-
സ്സെന്നോർത്തു കൂപ്പുന്നു ഞാൻ.
നാനാപക്ഷിമൃഗങ്ങളൊത്തവനി മു-
ങ്ങുന്നന്നു സത്യവ്രതൻ
താനാലംബനമായ് വളർന്നുദധിപു-
ക്കെല്ലാം വഹിക്കുന്നു നീ
മീനായ് ബ്രഹ്മമുഖാൽ മറഞ്ഞ മറയും
താങ്ങിക്കളിച്ചുള്ളൊരാ
ശ്രീനാരായണ, ഞാൻ വലഞ്ഞു; ദുരിതം
തീർത്തെന്നെ രക്ഷിക്കണം.
ക്ഷീരാംഭോനിധി പണ്ടുപണ്ടമൃതിനായ്
ദേവാസുരന്മാർ കട-
ഞ്ഞോരാ വേളയിൽ മന്ഥമന്ദരഗിരി-
ത്തട്ടായടിത്തട്ടിൽ നീ
ഘോരാകാരമൊരാമയായ് ഗിരി തിരി-
ക്കുമ്പോൾ പുറത്തിഷ്ടമാ-
യോരാക്കൊച്ചുചൊറിച്ചിലിൽ സുഖമുറ-
ങ്ങിപ്പോയ നിന്നെത്തൊഴാം.
നോക്കാൻ വയ്യ വിരിഞ്ചിതൊട്ട വിബുധ-
ന്മാർക്കും കരാളാനനം;
തീക്കാളും കടുദൃഷ്ടി ഹന്ത! നരസിം-
ഹാകാരമാർന്നന്നു നീ
നേർക്കായ് വൻഗദ വീക്കുമാദ്ദനുജനെ-
ശ്ശീഘ്രം നഖംകൊണ്ടുതാൻ
തീർക്കാനായ് തുടയിൽക്കിടത്തിയുടൽ കീ-
റിക്കൊന്ന നിന്നെത്തൊഴാം.
നക്രം കാലിൽക്കടിച്ചാഗ്ഗജപതി ഗതികെ-
ട്ടാർത്തനായാസ്സരസ്സിൽ
ചക്രം ചുറ്റിക്കുഴങ്ങിത്തിരുവടിയെ നമി-
ച്ചെന്നു നാമം ജപിക്കേ
ചക്രം കൈക്കൊണ്ടു വേഗം വിഹഗവൃഷഭനിൽ-
ക്കേറിയങ്ങെത്തി മോക്ഷം
നക്രത്തെക്കൊന്നവന്നേകിയ വരദ, ഭവാൻ
ഭക്തനാക്കേണമെന്നെ.
ചൊല്ലാം ദേവപതിക്കു നീയിളയവൻ,
ജ്യേഷ്ഠൻ ഗുണത്താൽ; ജഗ-
ത്തെല്ലാം മൂന്നടികൊണ്ടിരന്നവനഹോ!
യജ്ഞേശ്വരൻ 'വാമനൻ'
ചൊല്ലാളും സുപഥസ്ഥാനാം പ്രഭുവിനെ-
ത്തോല്പിക്കുവാൻ യാച്ഞയൊ-
ന്നല്ലാതില്ലൊരു മാർഗ്ഗമെന്നറിയുവോൻ
ലക്ഷ്മീപതേ, വന്ദനം!
തൃപ്പാദം കഴുകിച്ച തീർത്ഥമണിവോൻ
സാക്ഷാൽ ബലിക്കെന്തിനീ
മുപ്പാരും വിബുധാധിപത്യവു; - മവൻ
വാഗ്ദാനമൊപ്പിക്കുവാൻ
കെല്പാകാഞ്ഞതിലാണലഞ്ഞതു;-ടനെ
സർവ്വസ്വവും ജീവനും
ത്വത്പാദാർച്ചനചെയ്തു ഹന്ത! ശിരസാ
വന്ദിച്ചു; വന്ദിപ്പു ഞാൻ.
മല്ലാരാതിയിലുള്ളറച്ചവർ തിര-
ക്കിക്കണ്ട തത്ത്വങ്ങളെ-
ന്നെല്ലാരും കരുതുന്ന ഭാഗവതസി-
ദ്ധാന്താത്ഥവിജ്ഞാനവും
ചൊല്ലാളും പല യോഗചര്യകളുമാ
ശ്രീനാരദർക്കാദ്യമായ്
ചൊല്ലാനന്നയി നീ വഹിച്ച വരഹം-
സാകാരമാലംബനം.
മുപ്പാരും തടവറ്റ ചക്രബലമു-
ള്ളാജ്ഞയ്ക്കു കീഴിൽപ്പരം
കപ്പാൻ നീ മനുവായ്പ്പിറന്നു പുകഴും
മന്വന്തരംതോറുമേ;
തൃപ്പാദാശ്രിതരക്ഷ, ദുഷ്ടദമനം,
സത്കീർത്തി ധാതാവിനും
കേൾപ്പാനന്നിടയാക്കിയക്കഥകളെ-
പാടുന്നു ഞാൻ, ശ്രീപതേ!
ചൊല്ലാളുന്നൊരു മൂർത്തിയെന്നു കരുതും
ധന്വന്തരിപ്പേരെടു-
ത്തെല്ലാർക്കും രുജയാറ്റി നാമജപമാം
സിദ്ധൗഷധം നല്കി നീ
ചൊല്ലാം സോമപനായ്പ്പുകഴ്ന്നു പുനരാ-
യുർവേദസിദ്ധിക്കുതാൻ
നല്ലാലംബനമായ് ഭവിച്ചു; ഭഗവൻ,
രോഗാർത്തനീ ബ്രാഹ്മണൻ.
മുന്നം ക്ഷത്രിയധമ്മമാർഗ്ഗരഹിത-ന്
മാരായ് തിളയ്ക്കുന്നൊരാ
മന്നന്മാരെയമർത്തുവാൻ 'പരശുരാ-
മാ'ഖ്യൻ ഭവാൻ ഭാർഗ്ഗവൻ
തന്നെത്താനടരാടിയാ നൃപകുലം
മുവ്വേഴുവട്ടം മുടി-
ച്ചന്നബ്ബഹളത്തിനും മഴുവിനും
ശൗര്യത്തിനും വന്ദനം!
മുമ്പിക്ഷ്വാകുകുലത്തിൽ നീ വിധി കനി-
ഞ്ഞർത്ഥിക്കയാൽ പ്രീതനായ്
വെമ്പിദ്ദാശരഥിത്വമാർന്നു; ഗുരുവി-
ന്നാജ്ഞയ്ക്കു കീഴേകദാ
തമ്പിപ്രേയസിമാരൊടൊത്തടവിയിൽ
പൂകീ; ത്രീലോകിക്കകം
കമ്പിപ്പിച്ചവനാദൃശാസ്യനതൊരാ
പത്തായി, പത്മാപതേ!
വെക്കം ശത്രുപുരം കരിപ്പതിനു മു-
ക്കണ്ണൻകണക്കോർത്ത നി-
ന്നുൾക്കത്തും വിരഹാർത്തിയിൽ തുടുചുടും-
തൃക്കണ്ണിളക്കീടവേ,
നില്ക്കക്കള്ളി കിടച്ചിടാത്ത ജലജ-
ന്തുവ്രാതമാർന്നാർത്തനായ്
ചിക്കന്നംബുധി മാർഗ്ഗമേകിയവിടേ-
യ്ക്കാ ലങ്ക കേറീടുവാൻ.
ഉങ്കാർന്നൈരാവതത്തെപ്പലകുറിയരമ-
മ്മാനമാടിക്കളിച്ചോൻ
നിങ്കാന്താചോരണം ചെയ്തവനിരുപതു ക-
യ്യുള്ളവൻ പോരടിക്കേ,
ഹുങ്കാരം കൊണ്ടു നിർത്തീട്ടവനുടെ കഥ നീ
വിൽ വലിക്കുമ്പൊഴുണ്ടാം
ടങ്കാരംകൊണ്ടു തീർത്തൂ; വലയുമടിയനാ
രാമചന്ദ്രൻ സഹായം.
എല്ലാം ചിത്പരമാപ്പരാശരമുനി; -
ക്കങ്ങോർക്കുതാൻ പുത്രനാ-
യുല്ലാസാലുലകിൽ പിറന്നു പലതും
ചെയ്യേണ്ടതുണ്ടെന്നു നീ
മല്ലാരേ, കരുതി;-പ്പരിഷ്കൃതികളിൽ
ചിത്തം ചെലുത്താതിനി-
ച്ചെല്ലാ നന്മകളെന്നിളക്കുമതുല-
ക്കണ്ണെനിക്കാശ്രയം.
തൃക്കണ്ണവം ചലിക്കെസ്സുകൃതിവശിമുനി-
ക്കംഗജാവേശമാർന്നാ
ത്തക്കത്തിൽ തോണികുത്തുന്നരയവനിതയെ-
പ്പാട്ടിലാക്കിപ്പകിട്ടി
വെക്കം കാളിന്ദിയിൽ; തോണിയി;-ലിരുകരയിൽ
പാന്ഥർ - വയ്യാ കഥിപ്പാ-
നക്കന്യയ്ക്കുണ്ണിയായിട്ടുലകിലവതരി-
ച്ചന്നുമിന്നും ജയിപ്പൂ.
വേദം നാലാക്കി വിപ്രർക്കുതകി;-യതിനുമേൽ
ഭാരതം പഞ്ചമാഖ്യം
വേദം നിർമ്മിച്ചു; വേദപ്പൊരുളുകളറിവാ-
നപ്പുരാണങ്ങൾ തീർത്തു;
ഖേദംകൂടാതെ ലോകർക്കറിവിനു പലതും
ചെയ്തു കാലനുരൂപം
വേദവ്യാസാഖ്യനായിട്ടരുളിയ ഭഗവൻ,
ഭക്തനാക്കേണമെന്നെ.
മുന്നം ഭൂമിപരൊട്ടനേകമസുരാം-
ശത്താൽ പിറന്നേവരും
മന്നമ്പേബ്ബഹളം തുടങ്ങിയതിൽവെ-
ച്ചല്ലൽപ്പെടും ഭൂമിയെ
മന്നന്മാരെയർമത്തു കാക്കുവതിനായ്
ശ്രീരാമകൃഷ്ണാഖ്യരായ് -
ത്തന്നെത്താനുലകിൽപ്പിറന്നു ഭഗവാൻ
ഭോഗീന്ദ്രഭോഗാസേനൻ.
പാവപ്പെട്ടവരല്ല, പണ്ഡിതവര-
ന്മാർക്കും വിചാരിക്കിലി-
ന്നാ വയ്മ്പാർന്ന മഹാമനസ്കരെയറി-
ഞ്ഞീടാൻ പ്രയാസം പരം;
ദേവന്മാർ, വിധിതൊട്ട മൂർത്തികളിവർ-
ക്കുൾഭ്രാന്തിയുണ്ടാക്കിടും
ഭാവം മാറ്റു;- മവർക്കെഴും ഭരണയ-
ന്ത്രത്തിന്റെ ചുററിക്കലിൽ
കാരാഗാരത്തിലാണുദ്ഭവമതിശയമാ-
ത്താതമാതാക്കൾ കുറ്റ-
ക്കാരായ്ജ്ജേലിൽക്കിടപ്പോ, രവരതികഠിനം
പെറ്റ മാത്രയ്ക്കുതന്നെ
ആരാനും കാണുമെന്നോർത്തിടയരുടെ നടു-
ക്കിട്ടുപോയാ,രൊടുക്കം
പേരാളും നന്ദഗോപർക്കരിയൊരു മകനായ്
മൂർത്തി മൂന്നായ ദേവൻ.
കൊല്ലാ പൂതനയെക്കിടാ;-വൊരു കമ-
ഴന്നീടാത്ത കുഞ്ഞോമന-
യ്ക്കില്ലാ ചാടു തകർക്കുവാൻ പടുത്; ര-
ണ്ടൂക്കൻമരം പാർക്കുകിൽ
ഉല്ലാസിച്ചു കളിപ്പൊരുണ്ണിയിടയിൽ-
പ്പെട്ടാൽ പുഴങ്ങില്ല; നോ-
ക്കെല്ലാ നേരവുമാക്കളായനിറനാ
ണാലംബമെന്നോക്കണം.
മേയ്ക്കും പയ്ക്കളുമിഷ്ടരാമിടയരും
ദാഹത്തിനാൽ ദുർവിഷം
വായ്ക്കും യാമുനവാരി മോന്തി മൃതരായ്;
പെട്ടെന്നു നീ നന്ദജൻ
നോക്കുമ്പോളെഴുനേറ്റു ചത്തവരഹോ!
തോയം ദുഷിപ്പി,ച്ചതിൽ
പാർക്കും കാളിയനും ഗമിച്ചു; പശുമേ-
പ്പോനേ, ഭവാനെത്തൊഴാം.
അന്നാ രാത്രിയിലേവരും സുഖമുറ -
ങ്ങുമ്പോൾ പരം കാട്ടുതീ
വന്നാക്കൂട്ടരെയിട്ടെരിച്ചതിലുണർ-
ന്നുച്ചം തൊഴിച്ചീടവേ,
''നന്നായ്ക്കണ്ണുകൾ ചീമ്പുവിൻ, കളയുവൻ
തിയ്യെ''ന്നുരച്ചന്നു നീ
ചെന്നാ വാഹ്നി വിഴുങ്ങി; വേദിയിലെഴും
ത്രേതാഗ്നിയല്ലോ ഭവാൻ.
വല്ലാതമ്മകയർത്തു വന്നപകടം
കാട്ടും ഭവാനെത്തദാ
തല്ലാൻ കയ്യു വരായ്കയാലവളഹോ!
ബന്ധിച്ചിടാനോർക്കവേ, ഇല്ലാ
നീളമതിന്നെടുത്ത കയറി-
ന്നൊന്നിന്നു;-മപ്പോൾ ജഗ-
ത്തെല്ലാം വായയിലമ്മ നോക്കുമളവിൽ-
ക്കാണിച്ച കുഞ്ഞേ, തൊഴാം.
വ്യോമൻ കുട്ടികളെപ്പിടിച്ചു ഗുഹയിൽ
കൊണ്ടിട്ടടച്ചപ്പൊഴി-
ക്കേമൻതാൻ വിടുവിച്ചു; പാശിവശനായ്
നന്ദൻ കുഴങ്ങുമ്പൊഴും
നാമിപ്പൊരു വിഷ്ണുലോകമൊരു നാ-
ളമ്പാടിയിൽ കാട്ടി; യൂൾ-
പ്രേമം കൂട്ടി; മറച്ചു; കുട്ടി കളിയാ-
ടിക്കൊണ്ടു കൂടീ സുഖം.
ഉൾക്കത്തും കലിയാണ്ട് വജ്രി മഖവി-
ദ്വേഷംനിമിത്തം വ്രജം
വെക്കം മുക്കിമുടിക്കുവാൻ കഠിനമായ്
വർഷിക്കെ, നന്ദാത്മജൻ
പയ്ക്കൾക്കും പശുപർക്കുമലകലാൻ
കുഞ്ഞിക്കരംകൊണ്ടുതാൻ
പൊക്കത്തിൽ കുലപർവതക്കുട പിടി-
ച്ചാനെന്നു നാമോർക്കണം.
നേരംപോക്കു പറഞ്ഞിണക്കിയിടയ-
ക്കുഞ്ഞുങ്ങളെ, പ്പയ്ക്കളെ-
ത്തോരപ്പുല്ലു കൊടുത്തുകൊണ്ടു ചൊറിയും
മറ്റേക്കരം കൊണ്ടുതാൻ;
ദൂരത്തുള്ള വധുക്കളിൽ പരമിട-
ക്കണ്ണിട്ടു നോക്കും; വയ-
സ്സാറല്ലേഴു നടപ്പിളക്കമവനി,-
ല്ലാറേഴു നാൾ നിന്നുപോൽ!
ശീലം ചേർന്നു രമിച്ചിണക്കിയനിശം
ലാളിച്ചു പാലിക്കുമാ-
ച്ചേലഞ്ചും പശുപാംഗനാമണികളെ
ശ്രീദാനുഗൻ ദാനവൻ
കോലം മാറി വശപ്പെടുത്തി;-യവനെ-
ക്കൊന്നന്നു നന്ദത്മജൻ
ബാലപ്പെൺകൊടിമാരൊടൊത്തു സരസം
സാധിച്ചു രാസോത്സവം.
ചൊല്ലേറുന്നാ പ്രലംബൻ, കഴുത, കുതിര, യാ-
ക്കാള, കൊക്കാ,ക്കരീന്ദ്രൻ,
മല്ലേശൻ, കംസ, നൂക്കൻയവനനരക,രാ-
പൗണ്ഡ്രകൻ, ദന്തവക്ത്രൻ,
ഇല്ലേ സാല്വൻ, പരം ശംബര, നതിബലവാൻ
പില്വലൻ, രുഗ്മി,യേഴാ
മല്ലേറും കാള, ചൈദ്യൻ പൊരുതുമിവരെ നീ
കൊന്നു മോക്ഷം കൊടുത്തു.
പോരാ, പോരാടിടുന്നോരടരിലടിയുറ-
ച്ചുള്ള വില്ലാളിമാരാ-
യോരാക്കാംബോജമത്സ്യപ്രഥിതകുരുജ, രാ-
സ്സംജയൻ, കേകയേന്ദ്രൻ
കൂറാർന്നീക്കൂട്ടരേയും ഹലധരസഖനായ്
പാണ്ഡവന്മാരൊടൊത്തും
പോരാടിക്കൊന്നു നല്കീ പരഗതി; യടിയൻ
നിന്നെയോർക്കുന്നു ദാസൻ.
പിന്നെത്താതനു നാരദൻവഴി ഭവാൻ
ജ്ഞാനം വളർത്തി; സ്സദാ
തന്നെക്കൈതൊഴുമുദ്ധവർക്കുലകവും
ഹാ! ജീവനും മായയും
ഒന്നെന്നുള്ളറിവേകി വേണ്ടതു പറ-
ഞ്ഞേല്പിച്ചു; വംശം മുടി-
ച്ചന്നെത്തീ നിജമാം പദത്തി;-ലടിയൻ
കഷ്ടത്തിലാണിപ്പൊഴും.
കോലം കെട്ടിക്കളിച്ചോ കൊല കരുതിയെതിർ-
ത്തോ ഹസിച്ചോ ദുഷിച്ചോ
കാലക്കേടിൽക്കരഞ്ഞോ സകലസമയവും
നിന്നെയോക്കുന്നതായാൽ
മാലറ്റാനന്ദമാർക്കും സുലഭ;-മിവനിതാ
നിൻചരിത്രങ്ങളേവം
ശീലം മാറാതെ പാടിത്തിരുവടിയിൽ നമി-
ക്കുന്നുവെന്നോർമ്മ വേണം.
ഇല്ലാ കൃഷ്ണാവതാരത്തിനു ശരിയവതാ-
രങ്ങ;-ളോരോന്നുമോർത്താൽ
കൊല്ലാൻ വന്നോർക്കുമുള്ളിൽ തിരുവടി കരുതു-
ന്നോർക്കുമോർത്താൽ ഭവാനെ
ചൊല്ലാൽ നിന്ദിപ്പവർക്കും ശിവശിവ! സുലഭം
ഹന്ത! സായുജ്യമെന്തോ
ചൊല്ലാവല്ലാത്തമട്ടിൽ പലതുമപകടം
കാട്ടിയാഗ്ഗോപികൾക്കും.
ചൂതാടിസ്സകലം കളഞ്ഞു തിരുമു-
മ്പാകെദ്ധരിപ്പിച്ചതി,-
ല്ലേതാണ്ടൊക്കെയറിഞ്ഞു ചെന്നു, വലയും
കുന്തീസുതന്മാർക്കു നീ
നേതാവായ് വിജയം കൊടുത്തു; പിഴ ഞാ-
നയ്യായിരം ചെയ്തവൻ;
വാതാഗാരപതേ, വലഞ്ഞവനിവൻ;
ഭക്തൈകവശ്യൻ ഭവാൻ.
പണ്ടാപ്പാർഷതിയോടടുത്തവഭൃഥ-
സ്നാനാർദ്രസംശുദ്ധമായ്
കണ്ടാ വാർകുഴലിൽ പിടിച്ചു സഭയിൽ-
ക്കൊണ്ടിട്ടു ദുശ്ശാസനൻ
മുണ്ടാച്ചുറ്റിയതല്ലുടുത്തതുമഴി-
ക്കുമ്പോൾ വലഞ്ഞോർത്തവൾ-
ക്കുണ്ടായ പൂന്തുകിലറ്റമറ്റരയിൽ നീ
തൃക്കണ്ണനക്കീടവേ.
ദൂതൻ ധർമ്മജനന്നു നീ; വിജയനോ
സാരത്ഥ്യമേറ്റുന്നു നീ
സൂതൻ; പാണ്ഡവരോടെതിർത്തുവരുമാ
നാരായണാസ്ത്രം ഭവാൻ
ശ്രീ തങ്കും തിരുമാറിലേറ്റു; പലതും
ഭക്തർക്കു ചെയ്തുള്ളൊരാ;-
ളാതങ്കങ്ങളെഴും വയോധികനിവൻ
നിന്നെബ്ഭജിക്കുന്നവൻ.
സത്യം തീരെ വെടിഞ്ഞു ശാന്തനവനെ-
ക്കൊല്ലാൻ തുടങ്ങീ കടും-
കൃത്യം ചെയ്തു; ജയദ്രഥാഹതിയിലും
കർണ്ണന്റെ നേക്കും ഭവാൻ;
നിത്യം പാണ്ഡവരെപ്പുലർത്തുവതിനാ-
യെന്തൊക്കെയോ ചെയ്തു നീ;
-യത്യന്താതുരനായൊരീയടിയനെ-
ക്കൂടിക്കടാക്ഷിക്കണം.
സത്തുൾത്തിങ്ങി വിളങ്ങിടും പടിയഹോ!
നാരായണീയത്തെ മേ-
പ്പുത്തൂർ ഭട്ടപദൻ ചമച്ചു തിരുമു-
മ്പാകെബ്ഭജിച്ചങ്ങനെ,
ഒത്തുള്ളുത്കടവാതരോഗമഖിലം
മാറ്റീ; കനിഞ്ഞെങ്കലും
ചിത്തുൾത്തൂർന്ന കൃപാകടാക്ഷമിളകാൻ
തൃക്കാല്ക്കൽ വീഴുന്നു ഞാൻ.
പോരാടി ത്രിദിവം പിടിച്ച ദനുജ-
ന്മാരെത്രയും ധാർമ്മിക-
ന്മാരായ് മൂവരുയർന്നു; ഹാ! ത്രിപുരരാ
ത്രൈലോക്യവിദ്വേഷികൾ,
ആരായാലു, മറിഞ്ഞിടാപ്പടി മയൻ
നിമ്മിച്ച ദുർഭേദ്യമാ-
യോരാ മുപ്പുരിയിൽ സുഖിച്ചു സുചിരം:
ധർമ്മൈകമൂലം ജയം.
ധർമ്മാധർമ്മങ്ങൾ മാറ്റിപ്പുതിയൊരു നിലയിൽ
ബുദ്ധനായ് ബുദ്ധിമാൻ നീ
ദുർമ്മാർഗ്ഗത്തിൽ കുടുക്കീ ദനുജരെ വടിവെ-
ച്ചോതിയോതിപ്പകിട്ടി
ധർമ്മാലംബം നശിപ്പിച്ചവരുടെ കഥയും
തീർത്തു ലോകാധിപത്യം
നിർമ്മായം ശക്രനന്നേകിയ വരദ, ഭവാ-
നെന്നെ രക്ഷിച്ചിടേണം.
ഇന്നാ ബുദ്ധാഗമാലംബികളനവധി വാ-
ഗ്ദ്ധാടി കാണിച്ചിളക്കാൻ
വന്നാടിപ്പാടു;-മില്ലാ ചലനമടിയ;-നാ-
ച്ചിത്പരം ത്വത്പദാബ്ജം
കൊന്നാലും വിട്ടുമാറി,ല്ലതിലിളകിവരും
സച്ചിദാനന്ദമൊന്നാ-
ണിന്നാലംബം മനുഷ്യർ; -ക്കടിയനതറിയാം,
വിഭ്രമം ലേശമില്ല.
വന്നെത്തും പ്രളയത്തിലേതൊരുവനും
ചേരും ഭവാനോടെനി-
ക്കെന്നെല്ലാമറിവുണ്ടു; വാസന നശി-
ക്കാഞ്ഞാലവർക്കൊക്കയും
പിന്നെജ്ജന്മമെടുക്കണം; തുടരുമാ-
ക്കല്പത്തിലും ചുറ്റലാ;-
മെന്നെക്കാക്കുക കർമ്മവാസന മുടി-
ച്ചൈക്യം തരും നാൾവരെ.
നാമം നാടുകടന്നു, നാല് മറകളിൽ-
ക്കാണുന്ന കർമ്മക്രമം
ക്ഷേമത്തിന്നു നിദാനമായ് മനുമുത-
ല്കാ ഭട്ടപദൻവരെ
കേമന്മാർ പലരും സയുക്തികമുര-
ച്ചിട്ടുള്ളതും നിന്ദ്യമായ്; -
ക്കാമം പോലെ നടക്കുമേതൊരുവനും
കണ്ടോ കലിപ്രാഭവം!
സൂത്രം ബ്രാഹ്മണലക്ഷണം; ശിഖ വെറും-
മോടിക്കൊരാവശ്യമായ്-
മാത്രം നിർത്തിവരുന്നു; തൊട്ടുകുളിയും
തീണ്ടിക്കുളിച്ചട്ടവും
അത്രത്യർക്കു വെറുത്തു; സാന്ധ്യവിധിയും
മറ്റുള്ള കർമ്മങ്ങളും
ഗോത്രപ്രാഭവവും നശിച്ചു- പരചി-
ന്മുത്തേ, പകയ്ക്കുന്നു ഞാൻ.
ആണും പെണ്ണുമിതായി ജാതി;- യിതുകൂ
ടാതുള്ള ജാതിക്രമം
കാണുന്നില്ലൊരു ദിക്കിലും; വിഷമമീ-
ക്കൂട്ടത്തിലെജ്ജീവിതം;
കേണും താണുമിരന്നിടുന്നു; ഭഗവൻ,
കഷ്ടപ്പെടത്താതിനി-
ച്ചേണുറ്റുള്ള പരം പദത്തിലിവനെ,
ശ്രീകൃഷ്ണ, വാഴിക്കണേ!
ലോകം ശിശ്നോദരങ്ങൾക്കനുദിനമഴലേ-
ശാതെ സംതൃപ്തിചേർക്കും
പാകത്തിൽത്തന്നെ ജീവിപ്പൊരുവക വിഷയ-
ഭ്രാന്തരായീ സമസ്തം;
നീ കണ്ടിട്ടുള്ളതാണീ നില; ശരി,യുടനേ
വല്ലപാടും ശ്രമിച്ചീ-
പ്പാകക്കേടാറ്റിടാഞ്ഞാലുലകമുടയുമെ-
ന്നോർക്കണേ, ചക്രപാണേ!
ഇല്ലാ വർണ്ണാശ്രമങ്ങൾക്കൊരു നിലയിവിടെ;-
ബ്ഭൂമിപന്മാർ സഹായി-
ക്കില്ലാ; ഞാനെന്തു വേണം? വളരെ വിഷമമായ്
ജീവിതം നിർവ്വഹിപ്പാൻ;
മല്ലാരാതേ, ശുകൻ ചൊല്ലിയ സമയമിതാ
വന്നിരിക്കുന്നു; നീതാ-
നെല്ലാം നന്നാക്കണം; ഞാൻ മുനിയുടെ മൊഴിയും
വിസ്തരിക്കാം സമസ്തം.
ശീലം കെട്ടവരായധമ്മപരരായ്
സ്വാർത്ഥം പുലർത്തും പ്രജാ-
പാലന്മാരുടെ മന്നിലീതിഭയവും
ദുർഭിക്ഷവും രോഗവും
കാലക്കേടുകളീവിധം പലതുമു-
ണ്ടാകുമ്പൊഴും ഭൂപരി-
ശ്ശീലം മാറ്റുകയില്ല; ലോകരഖിലം
നട്ടന്തിരിഞ്ഞമ്പിടും.
ഏവം ജീവികളമ്പരന്നു വലയും
കാലത്തു നാരായണൻ
ശ്രീവത്സാങ്കമെഴും പരാത്പരനജൻ
വിശ്വംഭരൻ വിശ്രുതൻ
ദേവൻ ശ്രീപതി ശംഭളാഭിധയെഴും
ഗ്രാമത്തിലുള്ളോരു ഭൂ-
ദേവൻ വിഷ്ണുയശസ്സിലന്നവതരി-
ക്കും 'കലി'യായിട്ടിനി.
അഷ്ടൈശ്വര്യവിശിഷ്ടവൈഷ്ണവകലാ-
സമ്പൂർണ്ണനാക്കല്ക്കിയി-
ക്കഷ്ടപ്പാടുകളാറ്റുവാൻ കരുണയാ
തൃക്കണ്ണിളക്കി ക്ഷണം
നഷ്ടപ്പെട്ട വിഭൂതിയൊക്കെയുലകിൽ
പ്രാദുർഭവിപ്പിക്കു,മാ-
ദ്ദുഷ്ടന്മാരെയമർത്തുമ; ന്നടിയനി-
ന്നദ്ദേഹമാലംബനം.
കേറും വാജിയിലന്നുടൻ പരിചയും
വാളും ധരിച്ചംബരം
കീറും മാതിരി പാഞ്ഞുചെന്നെതിരിടും
ഭൂപാലരെദ്ദുഷ്ടരെ
നൂറും നൂറുമരിഞ്ഞരിഞ്ഞുലകിലെ-
ശ്ശല്യങ്ങൾ തീർത്തിങ്ങു വ-
ന്നേറും വീരരസത്തിനെ,പ്പരനെ, യി-
ന്നോർക്കുന്നു ഞാൻ കല്ക്കിയെ.
അക്കാലം തെളിയും ചരാചരഗണം;
ധർമ്മം ജയിക്കും; ജനം
തൃക്കാല്ക്കൽബ്ഭജനം തുടങ്ങുമുടനേ;
വർണ്ണാശ്രമാദിക്രമം,
ചിത്ക്കാമ്പേ, മുറതെറ്റിടാതെ വളരും;
കർമ്മങ്ങളെല്ലാവരും
സത്കാലത്തു നടത്തു;-മിങ്ങനെ വരും
കല്ക്കിക്കിതാ വന്ദനം.
സൃഷ്ടിക്കും വിധി വൻതപോനിധി; സഹാ-
യിക്കും മനീന്ദ്രാളിയും;
പുഷ്ടിക്കായരുളും പ്രജാപതികളും;
ലോകത്തെ രക്ഷിപ്പവൻ
ശിഷ്ടൻ ശ്രീപതിയും; മനുക്കളമര-
ന്മാരാസ്സുധർമ്മം നൃപ-
ശ്രേഷ്ഠന്മാർ തുണനിന്നിടുന്നൊരിവരും;
നിയ്യെന്നു കാണുന്നു ഞാൻ.
പോരാ, ലോകമൊടുക്കുവാനരുളിടും
ശ്രീരുദ്രനും പിന്തുണ-
ക്കാരാദ്ദാനവരാ നിശാചരരധർ-
മ്മം തൊട്ട കൂട്ടങ്ങളും
പേരാളുന്ന പരാത്പരന്റെ കലയാ -
ണല്ലാതെകണ്ടോർക്കിലി-
ന്നാരാണുള്ള,തൊരിന്ദ്രജാലമുലകം -
ശ്രീകൃഷ്ണ, നാരായണ!
തീരെച്ചിത്പുരുഷന്റെ വീര്യഗണന-
യ്ക്കാളില്ല; ചൊല്ലും മഹാ-
ന്മാരെത്തും പിടിയും പെടാ, തൊടുവില-
ന്നായുസ്സിനാശിച്ചിടും;
പാരെങ്ങും പതറിപ്പരന്നിടുമൊരീ-
ബ്ഭൂരേണുതൊട്ടെണ്ണിടു-
ന്നോരെണ്ണട്ടെ, യവർക്കുമീഗ്ഗണനയിൽ
സാമർത്ഥ്യമില്ലോർക്കുവിൻ.
ഏതാണ്ടന്തവിഹീനമാദിരഹിതം
ത്വദ്വീര്യമോർത്തോതുവാൻ
ധാതാവും സനകൻതുടങ്ങിയ മഹാ-
ന്മാരും പ്രയാസപ്പെടും;
പാതാളത്തിലെഴും സഹസ്രവദനൻ
സങ്കർഷ്ണൻ ശേഷനാ-
ണോതാനായ്തുടരുന്നതെങ്കിലുടയും
വാഗ്ദ്ധാടിയും പ്രൗഢിയും
തൃക്കാലുൾക്കുളിരാർന്നു വീണുപണിയും
ഭക്തർക്കു മായാഭ്രമം ചിത്ക്കാമ്പാശ്രിതവത്സലൻ വിഭു കള-
ഞ്ഞാനന്ദമന്നേകിടും;
അക്കാലം ശ്വസൃഗാലഭക്ഷ്യമുടലിൽ-
ത്താന്തന്റെയെന്നുള്ളൊരീ
ധിക്കാരം കെടുമന്നു വിഷ്ണുകലയായ്-
ക്കാണും ജഗത്തൊക്കെയും.
ചൊല്ലാളും പുരുഷന്റെ മായ ചെറുതോ!
ലോകത്തിലൊക്കെച്ചരി-
ച്ചെല്ലാർക്കും സുഖവിഭ്രമഭൂമളിയെ-
ച്ചേർക്കുന്നു നോക്കൊന്നിനാൽ;
നല്ലാർഭൂഷണമായവൾക്കടിമയീ
ത്രൈലോക്യ;-മാ ഭക്തരിൽ
ചെല്ലാ; ഭക്തരറിഞ്ഞുനില്ക്കു; മടിയൻ
ചുറ്റുന്നു, ചിത്കാതലേ!
ധാതാ, വാസ്സനകാദ്യർ, നാരദ, നൃഭു,
സ്വായംഭൂവൻ, പത്നിയാം
ശ്രീതാവും ശതരൂപ, പുത്ര,രസുരൻ
പ്രഹ്ലാദ, നീശൻ ധ്രുവൻ
ഏതാണ്ടിയ്യിവരംഗനും ഗുണമെഴും
പ്രാചീനബർഹിസ്സുമി-
ന്നോതാം മായയറിഞ്ഞു നില്പവ;-രവർ-
ക്കും ഞാൻ നിനക്കും തൊഴാം
വയ്യാതായി മുഷിഞ്ഞു സംസൃതിസുഖം;
നാമത്രയും ചൊല്ലിടാം;
ചെയ്യാം പുഷ്പജലാർച്ചനം പുരുഷസൂ-
ക്തം കൊണ്ടുതാൻ നിത്യം;
നിയ്യാണാശ്രയമാരുമില്ല; കിഴവൻ;
പൂമങ്കപുല്കുന്ന നിൻ-
മെയ്യാനന്ദകരം കളായസുഷമം
കാണാൻ കൊതിക്കുന്നു ഞാൻ.
എല്ലിന്മേൽ തൊലി തേച്ചമാതിരിയിലായ്
ദേഹം, മഹാസങ്കടം
പല്ലില്ലാ, നരയും തുടങ്ങി ജരയും,
ചെന്നാൽ ദഹിക്കായ്കയും,
ഇല്ലില്ലാ രുചിയൊന്നിനും, വിഷയസൗ-
ഖ്യത്തിങ്കലും ശ്രീപതേ,
ചൊല്ലിച്ചൊല്ലിയിരിക്കെ ഞാൻ മൃതിയട-
ഞ്ഞാനന്ദമാർന്നീടണം.
പ്രായം കൂടുകയാലടുത്തുവരുമി-
ട്ടേറെക്കുഴക്കുന്നു; ഹാ!
കായം പ്രാകൃതമായി; വേണ്ടവർ തുണ-
യ്ക്കില്ലാരുമില്ലാതെയായ്;
ദായത്തിന്നവകാശികൾക്കു ധൃതിയായ്;
ശ്രീകൃഷ്ണ, ജീവച്ഛവ-
പ്രായം ജീവിത; മെന്റെയീ ദുരിതവും
പ്രാരബ്ധവും തീർക്കണേ!
ശ്വാസംമുട്ടി വലിക്കവേ ഘരഘരാ-
രാവങ്ങ;-ളെക്കിട്ട,മാ-
ക്കാസം, കണ്ണുതുറിപ്പു, വേർപ്പിതുകളാ-
ലാകാതെ ചാകാതഹോ!
വാസം സങ്കടമീ നില;-യ്ക്കടിയനെ-
ക്കഷ്ടപ്പെടുത്താതെ നീ-
യാസന്നാർത്തികളാറ്റിയുൾത്തെളിവുദി-
പ്പിക്കേണമേ, ദൈവമേ!
അക്കാലത്തടിയൻ കളായകമനീ-
യാംഗം വിചാരിച്ചു വർ-
ത്തിക്കാം നിന്തിരുനാമഗാനരതനായ്
നാമം ജപിച്ചങ്ങനെ;
ചിത്ക്കാമ്പേ, മരണം ക്ഷണം കഴിയണം;
പിന്നെബ്ഭവാനെന്നെയാ-
ത്തൃക്കാല്ക്കൽ ശുകനാരദാദികളെഴും
പുണ്യസ്ഥലത്താക്കണം.
ച്ചെല്ലാരിലും പ്രാണനായ്-
പ്പാകം നോക്കിയടുത്തുകൂടിയവരെ-
ക്കൈവിട്ടു താനേകനായ്
ശോകം തീർത്തുമഴൽപ്പെടുത്തിയുമുടൻ
മുപ്പാരു വട്ടംതിരി-
ച്ചാകപ്പാടെ രസിച്ചിടുന്നവനു സാ-
ഷ്ടാംഗം നമിക്കുന്നു ഞാൻ.
കർമ്മത്തിന്നു പലേതരം ഫലമുര-
ച്ചീടുന്നു വേദങ്ങൾ നാം
കർമ്മത്തിന്നടിമപ്പെടാൻ; ഫലമിര-
ന്നീടാതെ കർമ്മങ്ങളെ
ജന്മം തൊട്ടു മുറയ്ക്കു ചെയ്തു പരമാം
നൈഷ്കർമ്മ്യമാർന്നാൽ സുഖം;
ബ്രഹ്മപ്രാപ്തി ദൃഢം; ഫലശ്രുതിയിൽ നാം
ശ്രദ്ധിക്കിലോ, ചുറ്റിടും.
മക്കൾക്കോഷധിയെക്കുടിച്ചിടുവതി-
ന്നുത്സാഹമുണ്ടാക്കുവാൻ
കല്ക്കണ്ടം ചെറുതേകിയാൽ ബഹുരസം
മോന്തും മരുന്നാകവേ;
ഉൾക്കാമ്പിൽ പരമാ ഫലശ്രുതിയെയ-
വ്വണ്ണം ധരിച്ചീടണം;
തർക്കം വേ,ണ്ടൊടുവിൽ സുഖം സുലഭമാ-
മബ്ബാലകർക്കെന്നപോൽ.
എന്നാൽ മാമറയാൽ തടഞ്ഞവയിൽ നാം
ചിത്തത്തിനും വാക്കിനും
ചെന്നാടാനിടയാക്കിടാതെ വളരെ-
സ്സൂക്ഷിച്ചിരുന്നീടണം;
ഒന്നോർക്കാതരുതാത്ത കൈ പിണയുകിൽ
പശ്ചാത്തപിച്ചാർത്തനായ്
നിന്നോത്തിൻപൊരുളാം വിരാൾപുരുഷനിൽ
സർവ്വം സമർപ്പിക്കണം.
ചൊല്ലാം താന്ത്രികമായ കമ്മവിധിയെ:-
ക്കല്ലിങ്കലോ മണ്ണിലോ
ചൊല്ലാളും ഹൃദയത്തിലോ സുഖദനെ-
ന്നോർക്കുന്നൊരാ മൂർത്തിയെ
ഉല്ലാസാൽ കുടിവെച്ചുകൊണ്ടു ജലഗ-
ന്ധാദ്യോപഹാരങ്ങളാൽ
നല്ലാവേശമിയന്നു ഭക്തിയിളകി-
ക്കൈകൊണ്ടു പൂജിക്കണം
പിന്നെബ്ഭക്തിയൊടോർത്തുകൊള്ളണമിതാ-
ണാനന്ദസമ്പൂർണ്ണമാ-
യെന്നെന്നും പുകഴുന്ന വസ്തു ജഗദാ-
ലംബം ജഗന്മംഗളം;
എന്നെക്കോളിളകും ഭവാബ്ധിയിലിറ-
ക്കായ്കെന്നപേക്ഷിക്കണം;
തന്നെത്താനറിയേണ;- മിങ്ങനെ നമു-
ക്കൊത്തെങ്കിലെല്ലാം സുഖം.
ധിക്കാരം കളയും ശ്രുതിസ്മൃതിപുരാ-
ണാദ്യങ്ങൾ സർവ്വാത്മനാ
നോക്കാൻകൂടിയനർഹരായ കിഴുജാ-
തിക്കാരധഃപാതികള്
ഇക്കാലം ഗതികെട്ട കൂട്ടരവരേ
നന്നാക്കുവാൻ സർവ്വഥാ
നോക്കാം; പക്ഷെയദൃഷ്ടകർമ്മഫലമാ-
ണെന്നോർത്തു വേണം ശ്രമം.
ഈ മന്നിൽ പുകഴും പഠിപ്പുമറിവും
കർമ്മങ്ങൾ ചെയ്തീടുവാൻ
സാമർത്ഥ്യത്തികവും കലർന്ന മറയോർ
ദൈവത്തൊടൊത്തുള്ളവർ
ഹോമം, മന്ത്രജപം, നമസ്കൃതി, മഹാ-
യജ്ഞങ്ങൾ വിത്താർത്ഥമായ്
കാമം പോലെ നടത്തിടുന്നു വെറുതേ
പേരിന്നഹോ, സങ്കടം!
എന്നല്ലാത്മഗതിക്കർവക്കു വഴിയി-
ല്ലിന്നാഭിജാത്യത്തിനാൽ
തന്നത്താൻ ഞെളിവും മനസ്സിൽ മദവും
പുച്ഛത്തിൽ വൈദുഷ്യവും
അന്നന്നങ്ങനെ വാച്ചവർക്കറിവുമി-
ക്കർമ്മങ്ങളും വ്യർത്ഥമായ്
മന്നന്മാർ വലയുന്നു - നോക്കിതുവിധം
പറ്റാതെ സൂക്ഷിക്കണം.
''ഇക്കള്ളന്റെ ജപങ്ങളും കുളിയുമാ-
ക്കൊള്ളയ്ക്കു ലാക്കോർക്കയാ-
മിക്കമ്പം തുടരും പ്രസംഗമിവിടെ-
ജ്ജോലിക്കഹോ! വിഘ്നമായ്;
ഉൾക്കത്തുന്നിതിവന്റെ ഭാഗവതവും
ഗീതാർത്ഥവും കേൾക്കയാൽ ''
ഭക്തന്മാരെ വെറുത്തിവണ്ണമരുളും
വർഗ്ഗത്തെ വർജ്ജിക്കണം.
മാനത്തിൽ കൊതി, യാഭിജാത്യ, മധികം
സമ്പാദ്യമെന്നിത്തരം
ധ്യാനം കൊണ്ടിളകിസ്സനാതനപദം
ധ്യാനിച്ചിടാതൂഴിയിൽ
ഏനസ്സേറ്റവരെന്തു ചെയ്തിടുകിലും
ദുഷ്ക്കർമ്മമാമാ ഫലം-
താനത്യന്ത;-മിതിന്റെ വാസനപെടും
ജന്മാന്തരത്തിങ്കലും.
ഇമ്മന്നിൽ സമബുദ്ധി, ഭൂതദയ, താ-
നെല്ലാരിലും താഴെയാ-
ണിമ്മട്ടുള്ള വിനീതി, യീശ്വരനില-
ത്യന്തം ഭയം സർവ്വദാ,
കർമ്മം ചെയ്യണമീ നിലയ്ക്കഖിലവും
ദൈവത്തിലർപ്പിക്കണം;
ശർമ്മം നോക്കു തരും ചരാചരമയൻ
വാതാലയാധീശ്വരൻ.
ഈ വിശ്വം തീർത്തു രക്ഷിച്ചതു ഝടിതി മുടി-
ച്ചൊന്നിലും താൻ പെടാത്തോൻ
ഭാവിശ്രേയസ്ക്കരൻ മസ്കരികൾ കരളിലോർ-
ക്കുന്നവൻ ഭക്തദാസൻ
സേവിക്കത്തക്ക യോഗ്യൻ ജനിമൃതിസുഖദുഃ-
ഖങ്ങളില്ലാതെഴുന്നോൻ
ഭൂവിൽ പേർകൊണ്ട വാതാലയമടിയരുളും
ദേവനാലംബമാർക്കും.
മുഖ്യം മൂന്നുലകിങ്കൽവെച്ചു പവനാ-
ഗാരം കലിധ്വംസനം
പ്രഖ്യം വാതഭഗന്ദരാദിഗദസ-
ന്താപോപശാന്തിപ്രഭം
സൗഖ്യം സന്തതമേകിയാർത്തിപെരുകും
സംസാരബന്ധത്തിൽ വൈ-
മൂഖ്യം ചേർപ്പതിനുത്തമം സ്ഥലമിതാ-
നന്ദാസ്പദം ചിത്പദം.
പാവപ്പെട്ടവരിൽ കൃപാമഴ പൊഴി-
ച്ചീടുന്ന കാറായവൻ
കൈവല്യപ്രഭവൻ ചരാചരമയൻ
മായാവി മായാധവൻ
ശ്രീവത്സാങ്കമെഴുന്ന നിത്യകുശലൻ
വാതാലയത്തിന്നക-
ത്തേവം കണ്ടുവരുന്നൊരീ പ്രതിമതാ-
നെന്നാം പുരാണങ്ങളിൽ.
തങ്കൽ സർവ്വമൊതുക്കിയാത്മ സഖനാ-
യാ പ്രാകൃതപ്രക്ഷയ-
ത്തിങ്കൽ പള്ളിയുറങ്ങിടും വിമലനീ-
രാലംബമായച്യുതൻ
സങ്കല്പങ്ങളറിഞ്ഞിടാൻ പണി,യുണർ-
ന്നേറ്റിട്ടു പിന്നെജ്ജഗ-
ത്തിങ്കൽ ക്രീഡയിലാശവെച്ചു പലതും
ചെയ്വാൻ തുടങ്ങും പരൻ.
ആയാസം ചെറുതും പെടാതെ പരചി-
ത്തത്ത്വം തുളുമ്പും ജയ-
ശ്രീയാളും പടി കാണുമീ പ്രതിമ മു-
മ്പാദ്യം വിരാൾപൂരുഷൻ
മായാബന്ധ, മദൃഷ്ടദൃഷ്ട,മുയിരാ,-
ത്തത്ത്വങ്ങൾ, മൂന്നാംഗുണം;
തായാടാനിവയെച്ചമപ്പതിനുമു-
മ്പുണ്ടാക്കിയെന്നോർക്കുവിൻ.
കല്പാന്തത്തിലുണർന്നുടൻ പ്രകൃതിയോ-
ടൊന്നിച്ചു സൃഷ്ടിക്കുതാ-
നല്പാല്പം ചിലതന്നു തീർത്തു ഭുവനം
നിമ്മിക്കുവാൻ നിർമ്മമൻ;
കെല്പാളും വിധിയെച്ചമച്ചു; വിധിയോ
പേടിച്ചു സർവ്വം ജല
നില്പാനും കരയില്ല താനൊരുവനീ
ഞാനാരിതെന്നോർക്കയാൽ.
തന്നെത്താനറിയാതെ വേണ്ടതുമറി-
ഞ്ഞീടാതൊരജ്ഞാനിയായ്-
നിന്നെന്തോ ഭയമാർന്നൊരാ വിധി വിരാ-
ഡ്രൂപം വിചാരിക്കവേ
വന്നെത്തീ വിഭു വേഗ"മീ പ്രതിമയെ-
പ്പൂജിക്കുകെ''ന്നേകിനാൻ;
പിന്നെത്തങ്കലെഴും ചരാചരജഗ-
ത്തോർമ്മയ്ക്കു കാട്ടീടിനാൻ.
രാജിക്കും ദിവ്യമാകും പ്രതിമയിലതിവി-
ശ്വാസമാർന്നാത്തഭക്ത്യാ
പൂജിച്ചും കൊണ്ടിരുന്നാ വിധിയഥ സകലൈ-
ശ്വര്യസംസിദ്ധി നേടീ;
ഭ്രാജിക്കുന്നീ പ്രപഞ്ചം ചരമചരമുടൻ-
തന്നെ സൃഷ്ടിച്ചു സർവ്വം
യോജിപ്പിച്ചൂ, വളർച്ചയ്ക്കരിയ വഴികളും
കണ്ടുവെച്ചൂ വിരിഞ്ചൻ.
എല്ലാം കണ്ടു മനസ്സിലാക്കിയുലകം
സൃഷ്ടിച്ചു വേദോക്തമായ്-
ച്ചൊല്ലാളും പല യജ്ഞമാ വിധി നട-
ത്തിക്കൊണ്ടിരിക്കും വിധൗ
ചൊല്ലാം പ്രശ്നിയൊടൊത്തു ചെന്നു സുതപ-
സ്സാ വിഗ്രഹം നാൽ മറ-
ച്ചൊല്ലാൽ വാഴ്ത്തിയിരുന്നു; നല്കിയവരെ -
പ്പൂജിച്ചു പത്മോദ്ഭവൻ.
എന്നിട്ടുന്നവിടുന്നു പോന്നു വിലവേ-
റില്ലാത്തൊരാ വിഗ്രഹം
തന്നിഷ്ടപ്പടി താണുവീണു വളരെ
ബ്ഭക്ത്യാ ഭജിച്ചീടിനാർ;
മുന്നിട്ടങ്ങെഴുനള്ളിനാൻ മുകിൽനിറൻ
മായാമയൻ ചൊല്ലിനാൻ,
''വന്നിട്ടിഷ്ടവരങ്ങൾ വാങ്ങിടുവി''നെ-
നുള്ത്താരലിഞ്ഞങ്ങനെ.
ചൊല്ലാളുന്ന മറയ്ക്കകത്തു മുനിമാ-
രോങ്കാരതത്ത്വാർത്ഥമാ-
യെല്ലാ നേരവുമോത്തിടുന്ന തിരുമൈ
കണ്ടമ്പരന്നായവർ
വല്ലാതങ്ങനെ നിന്നു തെല്ലിട,യുടൻ
സാഷ്ടാംഗമായിട്ടു വീ-
ണുല്ലാസാലെഴുനേറ്റുനിന്നു തൊഴുതും-
കൊണ്ടവമോതീടിനാർ:
"ഉണ്ടാകേണമൊരുണ്ണി, മാധവ, വിഭോ
ത്വത്തുല്യ''നെന്നായവർ-
ക്കുണ്ടായോരു പരിഭ്രമഭ്രമളിയാൽ
മുമ്മൂന്നുപാടോതിനാർ;
മിണ്ടാതിങ്ങനെ നിന്നു പിന്നെയവ, രാ-
സച്ചിന്മയൻ സാദരം
രണ്ടാളോടുമടുത്തു ചെന്നരുളിനാൻ
മന്ദസ്മിതാർദ്രാനനൻ:
''എന്നാലെന്നൊടു തുല്യനായൊരുവനോ
ഞാൻമാത്ര; - മീയാഗ്രഹം
ചൊന്നാർ മൂന്നുരു നിങ്ങ, ളാട്ടെ വഴിയു-
ണ്ടാക്കാ, മഭീഷ്ടം തരാം,
നന്നായോർക്കുക മൂന്നു ജന്മമിനി ഞാൻ
നിങ്ങൾക്കുതാൻ പുത്രനായ്
വന്നാനന്ദമിയറ്റു: -മന്നുമിടയാ-
മീ വിഗ്രഹാരാധനം."
പിന്നെത്തത്ര മറഞ്ഞു ദേവനുടനെ
പ്രശ്നിക്കുതാൻ പുത്രനാ-
യന്നെങ്ങും പുകഴും ജഗദ്ഗുരു മഹാ-
നാ'പ്പൃശ്നിഗർഭാ'ഭിധൻ
എന്നെന്നും നിലകിട്ടിടാപ്പടിയഹോ!
ലോകത്തിലെല്ലാടവും
വന്നേന്തുന്ന തമസ്സൊഴിച്ചു പരമാ-
നന്ദം പരത്തീടിനാൻ.
ഇക്കാണുന്ന ജഗത്തിലജ്ഞത കള-
ഞ്ഞാനന്ദമേകും മകൻ
തൃക്കാൽ തൊട്ടരികത്തിരിക്കെ മൃതരായ്
പെറ്റമ്മയും താതനും;
സത്കാലത്തവർ കാശ്യപാദിതികളായ്
മന്നിൽ ജനിച്ചപ്പൊഴും
ചിത്ക്കാമ്പാം ശുഭവിഗ്രഹം സുകൃതികൾ-
ക്കാ നാരദൻ നല്കിനാൻ.
ദിക്കാകെപ്പുകഴും മഹാബലിയെ മർ-
ദ്ദിച്ചീടുവാൻ വിഷ്ണുതാ-
നക്കാലത്തദിതിക്കു ഹന്ത! മകനായ്
ശ്രീവാമനൻ മോഹനൻ
തത്കാലം ബലിയോടു മൂന്നടിയിടം
യാചിച്ചു നല്കീടുവാ-
നൊക്കാഞ്ഞിട്ടടികുമ്പിടും ദനുജനെ-
പ്പാലിച്ചു ഭക്തപ്രിയൻ.
സത്കാലത്തു മരിച്ചു വാമനനെയോർ-
ത്താത്താതമാതാക്കൾതാ-
നക്കാലം വസുദേവദേവകികളായ്
മന്നിൽ പിറന്നീടിനാർ;
ചിത്ക്കാമ്പാം കരളാർന്ന ധൗമ്യമുനിയ-
ന്നീ വിഗ്രഹം നല്കിനാ;-
നുൾക്കാമ്പിൽ ബഹുഭക്തിപൂണ്ടവരതും
പൂജിച്ചു കൂടി സുഖം.
മുട്ടാതങ്ങനെ വിഗ്രഹം ദിവസവും
സേവിക്കവേ കൃഷ്ണനാ-
യിട്ടാദ്ദേവകിയിൽ പിറന്നു ഭഗവാൻ
ഭോഗീന്ദ്രഭോഗാസനൻ
പെട്ടാബ്ഭൂഭരമാറ്റി വാരിധിചുഴ-
ന്നിട്ടുള്ളൊരാ ദ്വാരക-
ക്കൊട്ടാരത്തിലിരുന്നുതാൻ പ്രതിമയും
പൂജിച്ചു പൂർണ്ണാദരം.
"തിട്ടം കയ്യേറ്റ കൃത്യം സകലവുമിവിടെ-
ച്ചെയ്തു ഞാൻ യാദവന്മാ-
രൊട്ടുക്കീ വിപ്രശാപക്കടുദഹനമുഖേ
വീണു വെന്തന്തരിച്ചു;
കഷ്ടപ്പാടൊട്ടൊതുങ്ങീ; പരമസുകൃതിയാ-
മുദ്ധവർക്കാത്മതത്ത്വം
ദൃഷ്ടാന്തത്തോടുകൂടിസ്സുകലവുമുപദേ-
ശിച്ചു; കര്യം കഴിഞ്ഞു.''
എന്നീ വാസ്തവമുള്ളിലോർത്തു രസമായ്
മിണ്ടാതിരുന്നൂ കുറെ-
പീന്നീടുദ്ധവരേ വിളിച്ചു ഭഗവാൻ
കല്പിച്ചു കാലോചിതം:
'ഇന്നീ ദ്വാരകയേ വെടിഞ്ഞിടുമിവൻ;
പിന്നീടൊരാഴ്ചയ്ക്കകം
വന്നീ വാരിധിയിപ്പുരം മുഴുവനും
മുക്കും, മുടിക്കും ദൃഢം.
നിത്യം നിർമ്മലമിസ്സനാതനതമം
ഞാൻ പൂജചെയ്യുന്നൊരീ-
സത്യജ്ഞാനമയം മഹാപ്രതിമയെ
ക്കയ്ക്കൊണ്ടു സൂക്ഷിക്കണം;
മർത്യക്കാധിയണച്ചിടും കലിയിലി-
സംസാരരോഗം വിടാൻ
പ്രത്യക്ഷത്തിലിതാണൊരൗഷധ,മതും
പ്രത്യേകമോർത്തീടണം.
ഞാനെപ്പോൾപ്പോകു, മപ്പോൾ കലിയിവിടെ വരും;
തോന്നിവാസം തുടങ്ങും;
പാനേ മോഹം ജനിക്കും; മനുജരിലധികം
വ്യാധികൊണ്ടാധി ചേർക്കും;
താനേ ധർമ്മം നശിക്കും;
പ്രതിമയിതതിനാൽ ഭൂമിയിൽത്തന്നെ മുഖ്യ-
സ്ഥാനേ സ്ഥാപിച്ചിടേണം, കലിയുടെ കഠിനോ-
പദ്രവം വിദ്രവിപ്പാൻ.
എന്നാ,ലുദ്ധവരേ, പരിഭ്രമമശേ-
ഷം വേണ്ട; വേഗം ഭവാൻ
ചെന്നാലും സുധിയാം സുരേന്ദ്രഗുരുവോ-
ടെല്ലാ വിശേഷങ്ങളും
ചൊന്നാലും; പറയേണമെന്റെ മൊഴിയും
പ്രത്യേക;-മെന്നാലയാൾ
വന്നാലോചനചെയ്തു വേണ്ടതഖിലം
നിസ്സംശയം ചെയ്തിടും."
എന്നെല്ലാം പ്രിയഭക്തനോടരുളി ഹാ!
യോഗാസനാരൂഢനായ്
മന്നെങ്ങും നിറയും ചരാചരമയൻ;
സ്വർഗ്ഗത്തിലന്നുദ്ധവൻ
ചെന്നെത്തീ ധൃതിയായ്, ബൃഹസ്പതിയൊടീ
വൃത്താന്തമോതീ; തുണ-
യ്ക്കന്നെന്തോ ഗുരു വായുദേവനെ വിളി-
ച്ചൊന്നിച്ചുപോയ് മൂവരും.
ദൂരാലായവർ കണ്ടു നിത്യകുശലൻ
സച്ചിന്മയൻ വേർപിരി-
ഞ്ഞോരാ ദ്വാരക വാരിരാശി തകരാ-
റാക്കുന്നതും വിഗ്രഹം
നീരാടുന്നതു;-മത്തലാർന്നു ഗുരു നിർ-
ബ്ബന്ധിക്കയാൽ പാഞ്ഞുപോ-
യാരാൽ ചെന്നു പുകഴ്ന്ന വിഗ്രഹമെടു
ത്തെത്തീ ജഗജ്ജീവനൻ.
"നീരാടും മുമ്പെടുത്തു ബഹുരസമനിലൻ
വിഗ്രഹം ദൈവഗത്യാ
പാരാവാരത്തിലെങ്ങാൻ മറിയുകിലിതിലും
ദുർഘടം വേറെയുണ്ടോ?
പോരാ, ശ്രീകൃഷ്ണനെന്നോടൊടുവിലരുളിയ-
ക്കാര്യമൊപ്പിക്കുവാൻ ഞാൻ
പോരാതായാൽ കടുപ്പം; കലിയുഗതരണ-
ത്തിന്നു മറ്റില്ലുപായം.
ആട്ടേ, നോക്കിതു ഭൂതലത്തിലെവിടെ
സ്ഥാപിക്കണം? ചുറ്റിനോ-
ക്കട്ടേ, ഭാരതഖണ്ഡമപ്പൊഴിതിനു-
ണ്ടാകും സ്ഥലം പാവനം''
കൂട്ടേവം പിരിയാതെ തമ്മിലരുളി-
ച്ചുറ്റീ പലേടം; ഗുണ-
പ്പെട്ടേതും സ്ഥലമൊത്തതി, ല്ലൊടുവില-
ന്നിക്കേരളം പൂകിനാർ.
തക്കത്തിൽത്തീക്കനൽക്കണ്ണടയ പുരഹരൻ
പുണ്യമാം പൊയ്കയിൽത്തൻ -
മയ്ക്കണ്ണാളൊത്തു മേളിച്ചവരതിനുടെ തെ-
ക്കേക്കരെക്കേറിനില്കേ
മുക്കണ്ണൻ കണ്ടു വാനോർഗുരുവുമനിലനും
കൂടിയോടുന്ന, തപ്പോൾ
വെക്കം കൈകൊട്ടിനിത്തീ "ട്ടരികിൽ വരിക''യെ-
ന്നോതിനാൻ ഭൂതിഭൂഷൻ.
മുക്കണ്ണൻ തൃക്കരം കൊട്ടിയ കടുരടിതം
കേട്ടു ഞെട്ടിത്തെറിക്കും
തക്കത്തിൽ ചന്ദ്രചൂഡൻതിരുവടിയരികിൽ-
ത്തന്നെ നില്ക്കുന്ന കണ്ടു
വെക്കം തൃക്കാൽ വീണൂ സുകൃതിക;-ളവരെ-
പുല്കിയാശ്വാസമേകി-
തൃക്കൺപാർത്തിട്ടു മന്ദസ്മിതമൊടരുളിനാൻ
നിർമ്മമൻ നീലകണ്ഠൻ:
''പാടീ നാരദനീ വിശേഷമിവിടെ;-
ക്കേട്ടിട്ടു മന്മാനസം
വാടീ; നന്ദജനന്തരിച്ചു കലികാ-
ലം വന്നുവെന്നോർക്കയാൽ;
നേടീ വിഗ്രഹമെങ്കിലും ധൃതിപിടി-
ച്ചോടുന്നൊരീ നിങ്ങളെ
ത്തേടിക്കൊണ്ടമരുന്നു; സംഗതിവശാൽ
കണ്ടെത്തി കൺമുമ്പിൽ ഞാൻ.’
പൂജിക്കുന്നോർക്കഭീഷ്ടം സകലവുമുതകി-
ക്കൊണ്ടു ലോകത്തിലെങ്ങും
രാജിച്ചീടുന്ന ദിവ്യപ്രതിമ ഹരനപേ-
ക്ഷിച്ചു വാങ്ങിച്ചു ദേവൻ
യോജിപ്പിച്ചൂ ശിവപ്രാഭവമതിലുടനേ;
താണു വന്ദിച്ചു ചന്ദ്രൻ
ഭ്രാജിക്കുന്നാശ്ശിരസ്സാൽ പലവുരു, വരുളി-
ച്ചെയ്തു പിന്നെപ്പിനാകി:
''പണ്ടാ പ്രാചേതസന്മാരനവധിദിവസം
വൻതപം ചെയ്തു നമ്മെ-
ക്കണ്ടാനന്ദിച്ച പുണ്യസ്ഥലമിതു വളരെ-
പ്പാവനം പാരിടത്തിൽ;
ഉണ്ടാകേണ്ടാ വികല്പം, പ്രതിമയെയിവിടെ-
ത്താൻ പ്രതിഷ്ഠിക്കിലാരും
കൊണ്ടാടും; പാരിലൊക്കെപ്പുകഴു,മറിയുവിൻ,
മംഗളം നിങ്ങൾമൂലം.
ഞാനും സൃഷ്ടിനടത്തിടുന്ന വിധിയും
കാക്കും രമാനായകൻ-
താനും വസ്തുതഭേദമില്ലൊടുവിലീ
മൂന്നാളുമൊന്നായ്വരും!"
ആനത്തോലുടയാടചാർത്തിയ ഹരൻ
കല്പിച്ചൊരിബ്ഭാഷിതം
ജ്ഞാനം കൂടിയ കൂട്ടരാമഖിലരും
മാനിച്ചു കൈകൂപ്പിനാർ.
ധീരോദാത്തൻ വിരിഞ്ചൻ, സനകമുനി, മഹാ-
വിഷ്ണു, വേദങ്ങൾ, വാനോ-
രോരോ വർഗ്ഗത്തിലുള്ളോ, രനവധി മുനിമാർ,
നാരദൻ, പിപ്പലാദൻ
നേരോടിക്കൂട്ടരെത്തീ ചിതമൊടു ശിതിക-
ണ്ഠന്റെ പക്ഷം പുകഴ്ത്തീ-
ട്ടോരോ തത്ത്വങ്ങളോതിസ്സകലരുമുടന-
ന്നീശനെക്കൈവണങ്ങീ.
അപ്പോൾത്താൻ ഗുരു വായുവോടരുളി: ''ഹേ!
വേഗം പ്രതിഷ്ഠിക്ക നാ-
മപ്പൊയ്ത്താർമകനാദിപൂരുഷനെടു-
ത്തേല്പിച്ചൊരീ വിഗ്രഹം;
ചൊല്പൊങ്ങും പുനരിപ്പുരിക്കു 'ഗുരുവാ-
യൂ'രെന്ന പേ'';-രന്നുടൻ
കെല്പൊക്കുംപടിയമ്പലം സുരപുര-
ത്തച്ചൻ ചമച്ചീടിനാൻ.
ദേവാചാര്യൻ തുടങ്ങീ ക്രിയ; - യഥ പരികർ-
മ്മത്തിനാ വായു; രക്ഷ-
യ്ക്കാ വാനോരൊക്കെ നിന്നു; വിധിഹരിഹരരാ-
ണച്ചടങ്ങോർത്തുരച്ചോർ;
സേവാമാഗ്ഗങ്ങൾ വേണ്ടും പതിവുകളിവയാ
നാരദൻ ചൊല്ലി;-യെല്ലാ-
മാ വാരം കൊണ്ടു തീർന്നൂ; കലശമൊരുവിധം
ഭംഗിയായിക്കഴിഞ്ഞു.
ഏവം വാതപുരത്തിലമർന്ന ഭഗവൻ,
സംസാരദുഃഖാർത്തനി-
പ്പാവം, ഹാ, ഗതികെട്ടലഞ്ഞു കലിയെ-
പ്പേടിച്ചു തുള്ളം വിധൗ
ദൈവം തള്ളിയയച്ച ഞാൻ നടയിൽ നി-
ന്നോതുന്നൊരിസ്സങ്കടം
കൈവല്യപ്രദ, കേൾക്കണേ! കനിയണേ!
നന്നാക്കണേ! കാക്കണേ!
ശ്വേതൻ മാമുനിയാണു നീ കൃതയുഗ-
ത്തിങ്കൽ തപസ്സൊന്നിനാൽ
പ്രീതൻ, സ്രുക്ക്സ്രുവധാരി യജ്ഞപുരുഷൻ
ത്രേതായുഗപ്രാപ്തിയിൽ
പീതൻ മംഗളയജ്ഞകർമ്മനിരയാൽ
സന്തുഷ്ടനാകുന്നവൻ
പൂതൻ മൂന്നുലകം നിറഞ്ഞു വിജയി-
ച്ചീടുന്നു വിശ്വംഭരൻ.
ദേവൻ താന്ത്രികമായ കർമ്മവശഗൻ
സ്തോത്രപ്രിയൻ ശ്യാമനാ
ണേവം ദ്വാപരവേളയിൽ സകലരും
പൂജിച്ചു വാഴ്ത്തുന്നവൻ;
സേവയ്ക്കാത്തിരുനാമമീക്കലിയിൽ; നാം
നാമം ജപിച്ചാൽ ക്ഷണം
കൈവല്യപ്രദനാക്കളായകമനീ-
യാംഗൻ പ്രസാദിച്ചിടും.
ചൊല്ലാമിക്കലികാലമെത്ര സുഖദം!
നാമം ജപംകൊണ്ടുതാൻ
ചെല്ലാം ചിത്പുരുഷന്റെ സന്നിധിയിലെ-
ന്നോതുന്നു വേദങ്ങളിൽ;
എല്ലാർക്കും പ്രിയമീക്കലിപ്പിറവി; ഞാ-
നപ്പുണ്യമാർജ്ജിച്ചവൻ,
മല്ലാരേ, തിരുനാമഗാനനിരതൻ;
നീയെന്നെ രക്ഷിക്കണം.
ധർമ്മദ്വേഷി ദുരാശയൻ കലി ഭയ-
ന്നർത്ഥിക്കയാൽ പ്രീതനായ്
ശർമ്മം നല്കുയ വിഷ്ണുരാതനുപകാ-
രം ചെയ്തു; കൊന്നെങ്കിലോ,
ഇമ്മട്ടുള്ളൊരു മുക്തിമാർഗ്ഗമടയും;
ലക്ഷ്മീപതേ, നിയ്യൊരാ-
ളിമ്മന്നിന്റെ ശുഭാശുഭങ്ങളറിവോൻ -
തൃക്കാലെനിക്കാശ്രയം.
ഇന്നെങ്ങും തവ ഭക്തരിൽ കലി ഭയ-
പ്പെട്ടാണിരിക്കുന്നതും;
നിന്നെക്കൈതൊഴുതാൽ ഫലം ഝടിതി; നി-
ന്ദിച്ചാൽ പൊറുക്കും ഭവാൻ;
മുന്നേതാൻ കലി മർത്യരെക്കഠിനരോ-
ഗത്താൽ വലയ്ക്കുന്നു; നീ
വന്നേറ്റൊന്നു തടഞ്ഞമർത്തണ, മിതാ-
ണിപ്പോൾ കുഴപ്പോർക്കുകിൽ.
ഉണ്ടാം ഭക്തജനം കലൗ സുലഭമാ-
മിബ്ഭാരതത്തിൽ; ശുഭം-
കൊണ്ടാളുന്ന നദീനദാചലമഹാ-
ക്ഷേത്രപ്രദേശങ്ങളിൽ
കൊണ്ടാടേണ്ടവരെത്ര; വാസ്തവമിതാ -
ണീ നാട്ടിലുണ്ടായ ഞാൻ
തിണ്ടാടുന്നു കിടന്നു; പാവമിവനെ-
ന്നോർത്തെന്നെ രക്ഷിക്കണം.
ചൊല്ലാളും തിരുനാമ, മാത്തുളസി, സാ-
ളഗ്രാമ,മേകാശിയെ
ന്നല്ലാ, ജാഹ്നവി, ഗീത, ഗോപി, പുകഴും
ഗായത്രിയിത്യാദിയിൽ
മല്ലാരേ, വിധിപോലെ വേണ്ട സമയ-
ത്തൊക്കെബ്ഭജിക്കുന്നു ഞാൻ;
ചൊല്ലാം തുഷ്ടിദമാണിതൊക്കെയവിടേ-
യെന്നാം പുരാണങ്ങളിൽ.
ദേവന്മാരിലുമാപ്പിതൃക്കളിലുമു-
ണ്ടേറെക്കടം ദുർഘടം;
പാവപ്പെട്ടുഴലുന്നു ഞാൻ; വിധിനിഷേ-
ധം നീ വിധിപ്പിച്ചവൻ;
കൈവല്യപ്രദ, തൂർത്തെടുത്തഖിലവും
നിങ്കൽ സമർപ്പിച്ചിടാം;
ഭാവം മാറുകയില്ല, ഭക്തി നിലനിർ-
ത്തിത്തന്നു രക്ഷിക്കണം.
ശ്രീവായ്ക്കുന്ന കുടുംബ, മുണ്ണികളുമു -
ണ്ടെല്ലാറ്റിനും ഭൃത്യരു,-
ണ്ടാവാതില്ലൊരു കൂട്ടവും, സകലരും
മാനിക്കുമെല്ലാം സുഖം;
ഈ വാഴ്ത്തുന്ന സുഖം ഹരേ, ഞൊടിയിട-
യ്ക്കില്ലാ; ഭവദ്ഭക്തിതാൻ
ഭൂവാസത്തിലുയർന്ന സൗഖ്യ, മതിനായ്
തൃക്കാൽ വീഴുന്നു ഞാൻ.
കാലം പോട്ടെയഹോ! പരീക്ഷിദരചൻ,
ചേലപ്പറ,മ്പാ ധ്രുവൻ
ബാലൻ, സ്വൈരിണിയായ പിംഗള, നൃപൻ
ഖട്വാംഗനീയൈവരും
മാലറ്റാർന്നു പരം പദം ഝടിതി; നീ
തൃക്കണ്മിഴിച്ചാലെനി-
ക്കാലസ്യക്കടലക്കരെക്കയറിടാം
മാത്രയ്ക്കുമുമ്പത്രതാൻ.
എല്ലാബ്ബന്ധവുമറ്റവൻ, വിഭു, കുറൂ-
രമ്മയ്ക്കു കീഴ്പെട്ടവൻ,
ചൊല്ലാം നമ്മുടെ വില്വമംഗലപരി-
വ്രാട്ടൊത്തു പാർത്തുള്ളവൻ,
മല്ലാരാതി, കുചേലമാമുനി തുറ-
ന്നീടുന്ന ഭണ്ഡാര,മെ-
ന്നല്ലാ പാർഷതി ചീരതീറ്റിയ ചിദാ-
നന്ദൻ പ്രസാദിക്കണം.
തൃക്കണ്ണിൻമുനകൊണ്ടു തീർക്കുമൂലകം
കാക്കും കഴിക്കും പുറ-
ത്താക്കും കാക്കുമശിക്കുമിക്കളിയറി-
ഞ്ഞോർക്കേകുമങ്ങങ്ങയെ;
തത്ക്കാലം ചില തട്ടുമട്ടുകൾ പറ-
ഞ്ഞെന്നെപ്പിരിക്കാൻ ഭവാ-
നൊക്കാ, ചോട്ടടി മാറുകില്ല, തരണം
സായുജ്യമന്നേവരെ.
നാനാത്വം ഭ്രാന്തിജന്യം; കരുതുക, ഗുണദോ-
ഷങ്ങളാ ഭ്രാന്തിമൂലം-
താനാം; കാണാം തിരഞ്ഞാലതിനു വിധിനിഷേ-
ധങ്ങളാശ്ശാസ്ത്രരീത്യാ;
ആ നാടന്മാർക്കിതെല്ലാമുലകമജിതനെ-
ന്നോർത്തു നാമങ്ങളോരോ-
ന്നീ നാം ഭക്ത്യാ ജപിക്കാം വിഗതവിഷയസം-
ഗിക്കു മറ്റെന്തു വേണം?
ഇക്കാണും ജന്തുവർഗ്ഗം സകലസമയവും
ക്ഷുത്തൃഡാധിക്കുഴപ്പം
നീക്കാൻമാത്രം ശ്രമിപ്പോ;-രവരുടെയിടയിൽ
തെല്ലു ഭേദം നരന്മാർ;
ചിത്ക്കാമ്പേ, മിത്രമാത്മാവിനവരരിയുമാ-
ണോർക്കിൽ നിന്നെ ബ്ഭജിക്കാൻ
ലാക്കായോർ മിത്ര, മല്ലാത്തവരരി, യടിയൻ
കൃഷ്ണ, നിത്യം നമിക്കാം.
ദേഹത്തിൽ സക്തി തീരെക്കളയണമായി! നീ;
സക്തിമൂലം സദാ ഞാൻ
ഗേഹം, വിത്തം, കളത്രം, സുതസഹജസുഹൃ-
ത്തെന്നിവയ്ക്കുന്നതിക്കായ്
സ്നേഹം വർദ്ധിച്ചു രാവും പകലുമുഴലുവാ
നുള്ള മാർഗ്ഗങ്ങളൊക്കും
മോഹക്കോളിട്ടിളക്കും കദനജലധിയിൽ-
പ്പെട്ടു കഷ്ടപ്പെടുന്നു.
എന്നാൽ ദേഹം നശിച്ചാൽ പരപുരുഷ, വിഭോ,
പട്ടിയോ കാക്കയോ തി-
ന്നെന്നാ,മല്ലെങ്കിലഗ്നിക്കിര ദൃഢ,മിതിരി-
ക്കട്ടെ; ജീവിച്ചിരിക്കെ
വന്നാക്കൺ, ത്വക്കു, ജിഹ്വ, ശ്രവണമിവ വലി-
ച്ചിട്ടു നട്ടംതിരിക്കും
മന്നാകെ; ത്വത്പദബത്തണലിലൊരുവനും
കൊണ്ടുതള്ളില്ലതാനും.
ഇക്കാലം സക്തി ദേഹാദിയിൽ നരനു വിടാൻ
ദുർഘടംതന്നെ;-യെന്നാൽ
തത്ക്കാലം ദുഃഖമാറ്റിത്തരണ,മരുളണം
ഭക്തിദാർഢ്യം, മുരാരേ!
ഇക്കാണും വിപ്രജന്മം നിരവധിയുദരം
നൂണു ഞാൻ നേടിയിപ്പോൾ
ചിത്ക്കാമ്പേ, പാഴിലാക്കിക്കളയരു, തിനിയും
യോനി നൂഴിച്ചിടൊല്ലേ.
ഒന്നും നേരാതെ കമ്ർമം ഗുരുവരനുപദേ-
ശിച്ചരീതിക്കു ചെയ്തി-
ട്ടെന്നുള്ളം ശുദ്ധമാക്കിത്തിരുവടി കരുതി-
ക്കൊണ്ടു നാമം ജപിക്കാം;
എന്നും നില്ക്കുന്നതാർക്കും പ്രിയതരമഖില-
വ്യാപ്തമിന്നെന്നമട്ടാ-
ണെന്നുള്ളിൽ കേറിടാത്താത്തിരുവുടലടിയ-
ത്തിന്നു കാട്ടിത്തരേണം.
മെയ്യോർത്താൽ സ്ഥൂലസൂക്ഷ്മം പലവിധമുലകിൽ
കാണുവാനു; ണ്ടതെല്ലാം
നിയ്യോ മായയ്ക്കു കീഴ്നിന്നൊരു കളിനിലയിൽ
തീത്തതെന്നെന്റെ ബോധം;
തിയ്യോ കത്തീടു, മാളും കുറയു, മെരിയുമി-
ങ്ങിന്ധനങ്ങൾക്കു കീഴിൽ
പൊയ്യോ ഞാൻ ചൊൽവതൊന്നാണനലനിതൊരുദൃ-
ഷ്ടാന്തമോന്തത്ത്വമൂർത്തേ!
ഒന്നല്ലാ തുളയൊമ്പതുള്ളൊരുടലിൽ
കാറ്റായ ജീവൻ ഭവാൻ;
നന്നല്ലേ കളി; പോകു, മങ്ങനെ വരും,
നില്ക്കും ചിലപ്പോൾ ക്ഷണം:
ഇന്നെല്ലാം കരുതുമ്പൊഴീ ജനിമൃതി-
ക്കാര്യങ്ങളുൾഭ്രാന്തിയാ
ണെന്നല്ലേ നില? മായയാ സ്ഥിതി മറി-
ച്ചാക്കുന്നു, തോല്ക്കുന്നു ഞാൻ.
ചൊല്ലാളും ഗുരുവിന്നടുത്തനുദിനം
ക്ലേശിച്ചു ചൊല്ക്കീഴിൽ നി-
ന്നെല്ലാം കേട്ടു പഠിച്ചു സൂക്ഷ്മതരമാം
ജ്ഞാനാഗ്നി കാളിച്ചുടൻ
എല്ലാർക്കും ഭയമാം ഭവാടവി കരി-
ച്ചത്തിയ്യു മാറുന്നവാ-
റെല്ലാം വിഷ്ണുമയം ചരാചരജഗ-
ത്തക്കാഴ്ച കാണാകണം.
ഷൾക്കർമ്മം ഷൾഗുണം നല്ലഗദമിവ തരും
ക്ലേശഹാനിക്കപായം
ചിക്കന്നുണ്ടാ, മനേകം കൃഷിയുടെ നിലതാൻ
നിത്യമല്ലാത്ത നേട്ടം;
ദുഃഖം വേരറ്റുപോകാൻ തിരുവടിയൊടു ചേ-
രുന്നതേ നല്ല മാർഗ്ഗം:
തൃക്കണ്ണല്പം മിഴിച്ചാലടിയനു പരമാ-
നന്ദമെന്നും, മുരാരേ!
ചൊല്ലാം, ഷൾക്കർമ്മനിഷ്ഠ ദ്വിജനു സുലഭമാം
സ്വർഗ്ഗലോകത്തിലെന്തെ-
ന്നില്ലാത്തൈശ്വര്യമന്നാസ്സരയുവതികളൊ-
ത്തെപ്പൊഴും കേളിയാടാം;
മല്ലാരേ, ഹന്ത! താൻ നേടിയ സുകൃതമൊടു-
ങ്ങുമ്പൊളിങ്ങോട്ടു തള്ളും;
വല്ലാതുള്ളല്ലലപ്പോ; ളിവനു വഴിപിഴ-
യ്ക്കാതിരിക്കാൻ നമിക്കാം.
ആടിപ്പോം സത്യലോകം പ്രളയമണയുകിൽ
ബ്രഹ്മനും ഭീതനാകും
പേടിക്കും പേടി, വിഷ്ണോ, തിരുവടിയരുളും
നിത്യലോകത്തുമാത്രം;
ചാടിത്തുള്ളുന്ന സംസാരികളുടെ കഥയെ-
ന്തേവരും ഭീതരാകെ-
ക്കൂടിച്ചൊല്ലാമെനിക്കങ്ങഭയമരുളണം,
സച്ചിദാനന്ദമൂത്തേ!
ഇല്ലാ നോക്കുക ബന്ധമോക്ഷമിവനും;
സ്വപ്നോപമം താനതി-
ന്നെല്ലാം ത്വന്മയമാം ചരാചരമഹോ!
ഞാനും ഭവാനും ശരി;
ചൊല്ലാം, 'വിദ്യയവിദ്യ'യെന്നു പറയും
ശക്തിദ്വയം മോക്ഷമെ-
ന്നല്ലാ ബന്ധവുമുള്ളതെന്ന നിലയിൽ
കാണിച്ചു നിൻചൊല്പടി.
ദിക്കൊട്ടുക്കു നിറഞ്ഞ നിന്നുടെ കളി-
ക്കോപ്പായ് ചമച്ചുള്ളതി-
ച്ചൊല്കൊള്ളുന്നൊരവിദ്യ വിദ്യയിവതാ-
നും ബന്ധമോക്ഷങ്ങളും
ഉൾക്കൊണ്ടോർക്കുകി, ലീശ, നീ കളി നിറു-
ത്തിപ്പോയ്ക്കിടക്കുമ്പൊഴ-
ന്നിക്കോപ്പും കളിയും കളിപ്പുരയുമീ
ഞാനും ഭവാൻതാൻ സുഖം.
ഇക്കാര്യം വിസ്തരിക്കാം: ഫലമിതിനു മന-
ശ്ശുദ്ധിയില്ലാതിരുന്നാ-
ലൊക്കാ; ശുദ്ധിക്കു ഭക്തിപ്രബലതയതുതാൻ
മുഖ്യമെന്നാപ്തവാക്യം;
തൃക്കാല്ക്കൽ സർവ്വഭാരങ്ങളുമടിയനുഴി-
ഞ്ഞിട്ടു കൈകൂപ്പിടുന്നേൻ;
ചിത്ക്കാമ്പേ, ഭക്തിഭാരം പകരമിവനിലർ-
പ്പിക്കണേ, ചക്രപാണേ!
വിത്തന്മാർ വേദശാസ്ത്രങ്ങളിലവർ ചിലരോ
കർമ്മമാർഗ്ഗത്തിൽ നില്പൂ;
ചിത്തത്ത്വം തേടുമാറില്ലഖിലസമയവും
ശാസ്ത്രവാദം നടത്തും;
മത്തന്മാർ വന്ധ്യയാം ഗോവിനെയൊരു തൊരമി-
ല്ലാതെ പോറ്റുന്നു; നോക്കൂ,
ഹൃത്തേ, സൂക്ഷിക്ക; നാവേ, പിഴപിണയരുതേ!
നാമഗാനം വിടൊല്ലേ!
ചൊല്ലാളും ജന്മകർമ്മാദികളതിസുഖദം;
വാഴ്ത്തിടാം, കേട്ടിടാം, ഞാ-
നെല്ലാർക്കും പ്രീതിചേർക്കും തിരുവുടലനിശം
ഹൃത്തിലോർക്കാം, നമിക്കാം;
എല്ലാബ്ബന്ധങ്ങളും തീർക്കണ, മിനിയൊരു പെ
റ്റമ്മ പോറ്റുന്ന കാര്യം
മല്ലാരേ, സങ്കടംതാ, നിതിനൊരു വഴിയു-
ണ്ടാക്കണം, കാക്കണം മാം.
ആരാണങ്ങെന്തുമട്ടാണൊരു പിടിയിവനി,-
ല്ലെന്നിരുന്നാലുമുള്ളം
തീറായ്ക്കല്പിച്ചു തൃക്കാലിണ പണിയുമഹം
കൃഷ്ണ, വൃഷ്ണീന്ദ്ര, വിഷ്ണോ!
പോരാ, ഞാൻ ഭക്തവർഗ്ഗത്തെയുമവരരുളും
പുണ്യദേശത്തെയും നിൻ
പേരായ് സ്ഥാപിച്ച ദിവ്യപ്രതിമകളെയുമേ
കൈതൊഴാം, കൈടഭാരേ!
പൂജിക്കാം പുഷ്പമാല്യം; പ്രതിമയെയടിയൻ
ധൂപദീപങ്ങളാലേ രാജിപ്പിക്കാം; നമിക്കാം; കലിമലമകലും
സ്തോത്രജാലം ജപിക്കാം;
ഭ്രാജിഷ്ണോ, ഭക്തിയാലെന്നുടലിലിളകണം
രോമഹർഷം സദാ; ഞാൻ
യോജിക്കേണം ഭവാനാ;-യഴിയണമടിയ-
ത്തിന്റെ സംസാരബന്ധം.
കണ്ണിൽക്കാണുന്നതെല്ലാമയി തവ കമലാ-
ലാളിതം യോഗിമൃഗ്യം
വഴിക്കത്തക്കതല്ലാത്തൊരു തിരുവുടലായ്-
ത്തോന്നുവാനുള്ള ഭാഗ്യം
ദണ്ഡിപ്പിക്കാതെ കല്പിച്ചരുളണ, മിനിമേൽ
ജീവജാലങ്ങളിങ്ങീ-
മണ്ണിൽക്കണ്ടാൽ ഭവാനെന്നിവനവയെ വലം-
വെച്ചു വന്ദിച്ചുകൊള്ളാം.
ചൊല്ലാളും ശുകനാരദാദികൾ തിര-
ഞ്ഞീടുന്നൊരാബ്ഭക്തിതാൻ,
മല്ലരേ, തിരുവുള്ളമുള്ളൊരിടയ-
പ്പെണ്ണുങ്ങളിൽ കാൺമു ഞാൻ;
ചൊല്ലാമക്കുയിൽവാണിമാരുടെ വെറും
ദാസർക്കു ദാസ്യത്തിനും
ചെല്ലാൻ സംഗതിവന്നതില്ലടിയനാ-
സ്സദ്ഭക്തി നീ നല്കണം.
വേദത്തിന്റെപൊരുളാപ്പുരാണനിധി പൂ-
മങ്കയ്ക്കു പുണ്യപ്രദം
മോദം ചേർപ്പൊരു വസ്തു മൂന്നുലകിനും
മാമൂലമായുള്ള നീ
സാദം വിട്ടൊരു ഭട്ടപാദമുനിയെ-
ക്കൈക്കൊണ്ടു വാഴിച്ച തൃ-
പ്പാദപ്പൂന്തണലിൽ പ്രവേശമിവനും
കല്പിക്ക, ചിദ്ബ്രഹ്മമേ!
ആർക്കും വേണ്ടാത്തൊരാളാമടിയനെയവനം-
ചെയ്യുവാൻ നിയ്യൊഴിഞ്ഞി-
ന്നോർക്കുമ്പോൾ മറ്റൊരാളി,ല്ലഭയദ, വിഷയ-
ക്കോളിളക്കം കുഴക്കം;
നോക്കുമ്പോൾ നാലുപാടും വിഷയലഹരിയാൽ
തുള്ളിടും കൂട്ടരയ്യോ!
വേർക്കുന്നുണ്ടെപ്പൊഴും ഞാൻ; ഭവഭയമറിയാ-
തുള്ളിടത്താക്കുകെന്നെ.
പാടാമേ നിൻചരിത്രം; തൊയിരമതിനു കി-
ട്ടില്ല; കൂട്ടത്തിലുള്ളോ-
രേടാകൂടങ്ങളോരോവിധമിടയിലെടു-
ത്തിട്ടു നട്ടം തിരിക്കും;
പേടാകും പേക്കിനാവിബ്ഭവവിഭവമഹോ!
കൃഷ്ണ, ഞാൻ തൃപ്പദാബ്ജം
തേടാം; നീ കണ്മിഴിച്ചാലതു സുലഭ, മിതോ
സൂരിമാർ കണ്ട സൂക്ഷ്മം.
ഭാര്യയ്ക്കും പ്രിയസന്തതിക്കുമസുഖം
വന്നേയ്ക്കുമെന്നോർത്തുതാ-
നാര്യന്മാർ കുലവൃദ്ധരെന്നവരുമായ്-
ത്തല്ലിട്ടുതാൻ പൂജ്യനായ്
കാര്യം നോക്കുകയെന്ന കെട്ട തൊഴിലേ
കൈവിട്ടു ഞാൻ സർവ്വദാ
ധൈര്യം പൂണ്ടൊരിടത്തിരുന്നുരുവിടാം
നാമങ്ങൾ, നാരായണ!
എല്ലാബ്ബന്ധവുമാപ്പെടും വിഷയസം-
ഗത്താ-ലതില്ലായ്കയാം
മല്ലരേ, നിജമുക്തി; സക്തി കളയാൻ
ഭക്തിക്കുതാൻ വൈഭവം;
ചൊല്ലാം, സാധുസമാഗമത്തിലുളവാം
സദ്ഭക്തിയെന്നാം മറ-
ച്ചൊല്ലാ;-സജ്ജനസംഗമം തിരുമന-
സ്സുണ്ടാകിലുണ്ടാമുടൻ.
ചിത്തം. മായ, ദശാക്ഷ, മാ മഹദഹ-
ങ്കാരങ്ങൾ, തന്മാത്രയോ-
ടൊത്തമ്പുന്നൊരു പഞ്ചഭൂതമിവയാൽ
ചുറ്റപ്പെടും ജീവനോ
ഇത്തത്ത്വങ്ങൾ മനസ്സിലാക്കിയറിവോൻ
മായയ്ക്കു കീഴാകയി; -
ല്ലിത്തല്ലെങ്കലിതിന്നു ശക്തി പരചി-
ന്മൂർത്തേ, വളത്തേണമേ!
ജീവൻ മായ കളിച്ചിടും കളിയിലാ-
ടാറില്ല; തത്കേളിയിൽ
ഭാവം മാറി മയങ്ങിയെങ്കിലവൾതൻ-
പാട്ടിൽപ്പെടും നിശ്ചയം;
ഏവം വസ്തുത; തൃപ്പദാബ്ജഭജന-
സ്വാതന്ത്ര്യമിങ്ങേകണം;
കൈവല്യപ്രദ, മായ വന്നടിയനെ-
പ്പിന്നെ ഭ്രമിപ്പിക്കുമോ?
എല്ലാ ഭ്രാന്തിയുമുള്ളടക്കിയടിയൻ
യോഗാസനാരൂഢനായ്,
മല്ലാരേ, ഗരുഡാധിരൂഢമമലം
ലക്ഷ്മീകരാലിംഗിതം
ഉല്ലാസപ്രദമാക്കളായകമനീ-
യാംഗം മനസ്സിൽ സ്മരി-
ച്ചെല്ലാ നേരവുമുൾക്കുളുർത്തിവിടെ വർ-
ത്തിക്കാം, പ്രസാദിക്കണം.
നാമം സ്തോത്രജപം, പുരാണനിര വാ -
യിപ്പിക്ക, വായിക്കയെ-
ന്നീമട്ടിൽ കുളിരാർന്നു വാർന്നൊഴുകിടും
സദ്ഭക്തിയെക്കൈതൊഴാം;
നീ മന്നിൽ പുകഴുന്നു, മൃത്യുവിനെയും
വെല്ലുന്നു, മുക്തിപ്രദേ,
ക്ഷേമം നല്കണ, മെന്നെ വിട്ടുപിരിയാ-
തൊന്നിച്ചിരുന്നീടണം.
കഷ്ടം കഷ്ടമനേകമാളുകളെ വായ്-
പ്പിട്ടിൽ പിരട്ടിദ്ധനം
കഷ്ടപ്പെട്ടൊരുപാടു നേടിയതുകൊ-
ണ്ടില്ലം പുലർത്തിസ്സുഖം
ഇഷ്ടപ്രേയസിയെ,ക്കിടാങ്ങളെയഹോ!
ലാളിച്ചു ലാളിച്ചെഴും
ദുഷ്ടന്മാർ നരകത്തിലേയ്ക്കു വഴിയ-
ന്വേഷിച്ചു നില്ക്കുന്നവർ.
ധിക്കാരം ചെറുതല്ലവ; -ർക്കുലകിലി
ന്നെല്ലാവരും കീഴിലാ;-
ണിക്കാര്യം ദൃഢമായുറച്ചു ഞെളിയും;
തന്നെപ്പുകഴ്ത്തും സദാ;
ഉൾക്കാമ്പിൽ ഭയഭക്തിയറ്റവരഹോ!
ശ്രീകൃഷ്ണ, കൃഷ്ണപ്രഭോ,
തൃക്കാലാശ്രയമെന്നെയാ നിലയിലാ-
ക്കീടാതിരിക്കേണമേ!
ജീവൻ മുജ്ജന്മകർമ്മംവഴിയരികിൽ വരും
വാസനാവൈഭവത്താൽ
ഭാവം മാറിപ്പകച്ചിട്ടുടനൊരു ജനനീ-
ഗർഭപാത്രത്തിലെത്തും;
ദൈവാൽ താൻ ചെയ്തതോർക്കും; ദുരിതമകലുവാ-
നാർത്തനായിട്ടലയ്ക്കും;
പാവം, ഹാ! യോനിനൂഴും ധൃതിയിലവ മറ-
ന്നിട്ടു വട്ടത്തിലാവും.
പിന്നെബ്ബാല്യം കുഴക്കം പലതുനുഭവി-
ച്ചൊട്ടു തീരുമ്പൊഴേയ്ക്കും
വന്നെത്തും യൗവനം; മത്തിളകിയവരഹോ!
ദുഷ്കൃതം ചെയ്തുകൂട്ടും;
മന്നെന്നോ മുങ്ങുമന്നേവരെയവരലയും;
ഹന്ത! ഞാനെന്തു വേണം?
നിന്നെസ്സേവിച്ചിരിക്കാം; ജനനമരണവൻ-
ചക്കിലിട്ടാട്ടിടൊല്ലേ!
ആർക്കും പൈതൃകദൈവികം യജനമാർ-
ക്കമ്മാനുരൂപം പദം
ചേർക്കും; പുണ്യമൊടുങ്ങുകിൽ പതനവും;
കാലാനുകൂലം ദൃഢം
പോക്കും ചെല്ലലുമറ്റ നിർമ്മലപദ-
പ്രാപ്തിക്കു നിന്നെക്കുറി-
ച്ചാക്കുന്നുണ്ടിനി ഞാൻ സദാപി സകല-
വ്യാപാരവും ചേഷ്ടയും.
സേവിപ്പോർക്കഭയം വിളിച്ചു തരുമാ-
സ്സദ്ഭക്തി സാധിച്ചിനി-
ജ്ജീവിച്ചീടണ;- മിന്നു ദൂരെയെറിയാം
സംസാരഭാണ്ഡത്തെ ഞാൻ;
ഹേ വിശ്വേശ്വര, നിൻകുളിപ്പുര ജഗ-
ത്തെന്നുള്ള തത്ത്വം സദാ
ഭാവിച്ചുള്ളിളകാതെതന്നെയമരാം;
തൃക്കണ്മിഴിച്ചാൽ മതി.
നീലാംഭോദനികായനിർമ്മലനിറൻ
നിത്യൻ നിലിമ്പാർച്ചിതൻ
പാലാംഭോനിധി പൂതമാക്കിയ പുമാൻ
പൂമങ്ക പുല്കും പുരാൻ
കാലാകാലമദൃഷ്ടദൃഷ്ടമിവയാ-
ലുള്ളം കുലുങ്ങാത്തവൻ
നാലാമ്നായമയൻ പരാത്പരനണ-
ഞ്ഞാലസ്യമാറ്റീടണം.
പാതാളം പുക്കു പോത്രിപ്രവരവരവപു-
സ്സാർന്നു നീ, യജ്ഞമൂർത്തേ,
ഭൂതാണ്ടിക്കൊണ്ടുപോരും വഴിയുദധിയിൽവെ-
ച്ചുദ്ഭവിച്ചാ വഴക്കിൽ
ജാതാർമഷം ഹിരണ്യാക്ഷനെയരനിമിഷം-
കൊണ്ടഹോ വജ്രിവജ്രാ-
ഘാതാൽ പാർചുറ്റുമദ്രിപ്പടിയവിടെയരി-
ഞ്ഞിട്ടു-നിയ്യേ സഹായം!
പണ്ടാകൂതിയിൽ നീ 'രുചി'ക്കു മകനായ
സാക്ഷാൽ 'സുയജ്ഞാ'ഖ്യനാ-
യുണ്ടായി; പ്രിയപത്നി 'ദക്ഷിണ'യില
ന്നുണ്ടാക്കി വാനോർകളെ;
കൊണ്ടാടിബ്ഭുവനം ഭരിപ്പൊരളവാ-
സ്വായംഭുവൻ വിഷ്ണുവായ്-
ക്കണ്ടാരാലടിയിൽ പണിഞ്ഞ ഭഗവൻ,
തൃക്കാലെനിക്കാശ്രയം.
മുന്നം 'കർദ്ദമ'നുണ്ണി നീ 'കപില'നായ്
ചിദ്ബ്രഹ്മതത്ത്വം പറ-
ഞ്ഞന്നമ്മയ്ക്കു മനസ്സിലാക്കിയലിവോ-
ടാ 'ദ്ദേവഹൂതി'ക്കുടൻ
തന്നത്താനറിയുന്ന ബോധമുതകി-
സ്സായുജ്യവും നല്കിയ-
ങ്ങന്നത്തെത്തിരുവായ്മൊഴിപ്പൊരുളിലെ-
ന്നുള്ളം ലയിപ്പിക്കണം.
101
മോഹഭ്രാന്തൊക്കെ നീക്കും കപിലമുനി മൊഴി-
ഞ്ഞുള്ളൊരാത്തത്ത്വശാസ്ത്രം
"സോഹം ബ്രഹ്മാസ്മി' 'യെന്നുള്ളറിവെവനുമുദി-
പ്പിക്കുമേവം ജയിപ്പൂ;
ദേഹത്തിൽ സക്തി നീക്കിശ്ശമഗുണനിധിയായ
ചിത്പരബ്രഹ്മമൊന്നിൽ
സ്നേഹം പൂണ്ടിന്നുമമ്പോ കപിലമുനി തപി-
ക്കുന്നു നമ്മൾക്കുവേണ്ടി.
ചിത്താം നീ പുത്രനാകാൻ കരുതിയ മുനി'യ-
ത്രി'ക്കു മുമ്പിൽ തെളിഞ്ഞെൻ-
ഹൃത്താൽ ഞാൻ ദത്തനായെന്നരുളിയലിവൊടും
പുത്രനായിപ്പിറന്നു
'ദത്താത്രേയാ'ഖ്യനെന്നിട്ടരുളി 'യദു'വിനും
ഹേഹയന്നും ശമം പാ-
രുൾത്താപം തീർത്തുയുർത്തീ; തിരുവടിയിവനു-
ള്ളാത്തിയും തീർത്തിടേണം.
ധാതാവീയുലകം ചമപ്പതിനു വയ്-
മ്പൊക്കാൻ തപിക്കുന്ന നാൾ
നീതാനാസ്സനകാദി നാലു സുതരായ്
ബ്രഹ്മാവിലുണ്ടായവർ
ഭൂതാണന്നു മറഞ്ഞ നിർമ്മലവിശു-
ദ്ധജ്ഞാനമോർമ്മിച്ചുകൊ-
ണ്ടാതാനന്നവരായ് പിറന്ന ഭഗവൻ,
തൃക്കാല്ക്കൽ വീഴുന്നു ഞാൻ.
ധർമ്മന്നുണ്ണികൾ മൂർത്തി പെറ്റ നരനും
നാരായണൻതാനുമീ-
ജ്ജന്മം പൂണ്ട് വിരാട്പുമാനവരഹോ!
സാക്ഷാൽ തപോമൂർത്തികൾ;
അമ്മട്ടില്ല തപോബലം സുമശരാ-
രിക്കും രമാനാഥനും
ബ്രഹ്മം കണ്ടരുളും വിധിക്കു ;-മവരെ-
കൂപ്പുന്നു ഞാൻ നിത്യവും.
ധീരന്മാരവരെസ്സുരാംഗനകളും
പൂവമ്പനും ചേർന്നു -
ന്നാരംഭിച്ചു മയക്കുവാ;-നിളകിയി-
ല്ലൊട്ടും ശമം പൂണ്ടവർ;
പാരം പ്രീതികലർന്നു ദാസികളിൽനി-
ന്നന്നുർവ്വശീദേവിയെ-
ത്താരമ്പൻമുതൽപേർക്കു നല്കിയവരോ
വാങ്ങിച്ചു നാണിച്ചുപോയ്.
ചേലഞ്ചും ചെറിയമ്മ താതസവിധേ
ദുർവ്വാക്കുരയ്ക്കെ ധ്രുവൻ
ബാലൻ പോയ്ത്തപമാർന്നു കാട്ടി; ലവിടെ-
പ്പക്ഷീന്ദ്രനിൽ കേറി നീ
ശീലം കണ്ടു തെളിഞ്ഞണഞ്ഞു തഴുകി
ഘ്രാണിച്ചു ലാളിച്ചുടൻ
മാലറ്റാ ധ്രുവസദ്പദത്തിലവനെ
സ്ഥാപിച്ച നിന്നെത്തൊഴാം.
പാപത്തിൽക്കരളാണ്ട വേനനിലെഴു-
ന്നൈശ്വര്യവും ജീവനും
ശാപത്താൽ മറയോരെടുത്തുടൽ കട-
ഞ്ഞർത്ഥിക്കെ നീ പുത്രനായ്
പാപം താതനു തീർത്തു ഭൂമിയിൽ മറ-
ഞ്ഞൈശ്വര്യവും വീണ്ടെടു-
ത്താപത്താറ്റിയെഴും പൃഥുക്ഷിതിപനാ-
മങ്ങെന്നെ രക്ഷിക്കണം.
നാഭിക്കുന്നു സുദേവി പെറ്റൊരൃഷഭൻ
പുത്രൻ ഭവാൻ യോഗിയായ്
ശോഭിക്കുന്നു ജിതേന്ദ്രിയൻ സകലവും
ചിദ്ബ്രഹ്മമായ്ക്കണ്ടവൻ
സ്ഥാപിച്ചുള്ളൊരു യോഗചര്യ മുനിമാർ
നേടുന്നു ലോകത്തോടാ-
ജ്ഞാപിപ്പൂ തിരുമേനിയീ നിലയിൽ നി-
ന്നിക്കാര്യമങ്ങത്തൊഴാം.
ചൊല്ലാം ദേവമയൻ, സുയജ്ഞമയനാ-
ച്ഛന്ദോമയൻ, സുപ്രഭൻ
ചൊല്ലാളും ഹയശീർഷനത്ര വിധിസ-
ത്രത്തിങ്കലുദ്ഭൂതനായ്;
നല്ലാശ്ചര്യ,മവന്റെ നാസികയിൽനി-
ന്നുണ്ടായി വേദങ്ങൾ; നീ-
യുല്ലാസത്തോടെടുത്തൊരദ്ഭുതവപു-
സ്സെന്നോർത്തു കൂപ്പുന്നു ഞാൻ.
നാനാപക്ഷിമൃഗങ്ങളൊത്തവനി മു-
ങ്ങുന്നന്നു സത്യവ്രതൻ
താനാലംബനമായ് വളർന്നുദധിപു-
ക്കെല്ലാം വഹിക്കുന്നു നീ
മീനായ് ബ്രഹ്മമുഖാൽ മറഞ്ഞ മറയും
താങ്ങിക്കളിച്ചുള്ളൊരാ
ശ്രീനാരായണ, ഞാൻ വലഞ്ഞു; ദുരിതം
തീർത്തെന്നെ രക്ഷിക്കണം.
ക്ഷീരാംഭോനിധി പണ്ടുപണ്ടമൃതിനായ്
ദേവാസുരന്മാർ കട-
ഞ്ഞോരാ വേളയിൽ മന്ഥമന്ദരഗിരി-
ത്തട്ടായടിത്തട്ടിൽ നീ
ഘോരാകാരമൊരാമയായ് ഗിരി തിരി-
ക്കുമ്പോൾ പുറത്തിഷ്ടമാ-
യോരാക്കൊച്ചുചൊറിച്ചിലിൽ സുഖമുറ-
ങ്ങിപ്പോയ നിന്നെത്തൊഴാം.
നോക്കാൻ വയ്യ വിരിഞ്ചിതൊട്ട വിബുധ-
ന്മാർക്കും കരാളാനനം;
തീക്കാളും കടുദൃഷ്ടി ഹന്ത! നരസിം-
ഹാകാരമാർന്നന്നു നീ
നേർക്കായ് വൻഗദ വീക്കുമാദ്ദനുജനെ-
ശ്ശീഘ്രം നഖംകൊണ്ടുതാൻ
തീർക്കാനായ് തുടയിൽക്കിടത്തിയുടൽ കീ-
റിക്കൊന്ന നിന്നെത്തൊഴാം.
നക്രം കാലിൽക്കടിച്ചാഗ്ഗജപതി ഗതികെ-
ട്ടാർത്തനായാസ്സരസ്സിൽ
ചക്രം ചുറ്റിക്കുഴങ്ങിത്തിരുവടിയെ നമി-
ച്ചെന്നു നാമം ജപിക്കേ
ചക്രം കൈക്കൊണ്ടു വേഗം വിഹഗവൃഷഭനിൽ-
ക്കേറിയങ്ങെത്തി മോക്ഷം
നക്രത്തെക്കൊന്നവന്നേകിയ വരദ, ഭവാൻ
ഭക്തനാക്കേണമെന്നെ.
ചൊല്ലാം ദേവപതിക്കു നീയിളയവൻ,
ജ്യേഷ്ഠൻ ഗുണത്താൽ; ജഗ-
ത്തെല്ലാം മൂന്നടികൊണ്ടിരന്നവനഹോ!
യജ്ഞേശ്വരൻ 'വാമനൻ'
ചൊല്ലാളും സുപഥസ്ഥാനാം പ്രഭുവിനെ-
ത്തോല്പിക്കുവാൻ യാച്ഞയൊ-
ന്നല്ലാതില്ലൊരു മാർഗ്ഗമെന്നറിയുവോൻ
ലക്ഷ്മീപതേ, വന്ദനം!
തൃപ്പാദം കഴുകിച്ച തീർത്ഥമണിവോൻ
സാക്ഷാൽ ബലിക്കെന്തിനീ
മുപ്പാരും വിബുധാധിപത്യവു; - മവൻ
വാഗ്ദാനമൊപ്പിക്കുവാൻ
കെല്പാകാഞ്ഞതിലാണലഞ്ഞതു;-ടനെ
സർവ്വസ്വവും ജീവനും
ത്വത്പാദാർച്ചനചെയ്തു ഹന്ത! ശിരസാ
വന്ദിച്ചു; വന്ദിപ്പു ഞാൻ.
മല്ലാരാതിയിലുള്ളറച്ചവർ തിര-
ക്കിക്കണ്ട തത്ത്വങ്ങളെ-
ന്നെല്ലാരും കരുതുന്ന ഭാഗവതസി-
ദ്ധാന്താത്ഥവിജ്ഞാനവും
ചൊല്ലാളും പല യോഗചര്യകളുമാ
ശ്രീനാരദർക്കാദ്യമായ്
ചൊല്ലാനന്നയി നീ വഹിച്ച വരഹം-
സാകാരമാലംബനം.
മുപ്പാരും തടവറ്റ ചക്രബലമു-
ള്ളാജ്ഞയ്ക്കു കീഴിൽപ്പരം
കപ്പാൻ നീ മനുവായ്പ്പിറന്നു പുകഴും
മന്വന്തരംതോറുമേ;
തൃപ്പാദാശ്രിതരക്ഷ, ദുഷ്ടദമനം,
സത്കീർത്തി ധാതാവിനും
കേൾപ്പാനന്നിടയാക്കിയക്കഥകളെ-
പാടുന്നു ഞാൻ, ശ്രീപതേ!
ചൊല്ലാളുന്നൊരു മൂർത്തിയെന്നു കരുതും
ധന്വന്തരിപ്പേരെടു-
ത്തെല്ലാർക്കും രുജയാറ്റി നാമജപമാം
സിദ്ധൗഷധം നല്കി നീ
ചൊല്ലാം സോമപനായ്പ്പുകഴ്ന്നു പുനരാ-
യുർവേദസിദ്ധിക്കുതാൻ
നല്ലാലംബനമായ് ഭവിച്ചു; ഭഗവൻ,
രോഗാർത്തനീ ബ്രാഹ്മണൻ.
മുന്നം ക്ഷത്രിയധമ്മമാർഗ്ഗരഹിത-ന്
മാരായ് തിളയ്ക്കുന്നൊരാ
മന്നന്മാരെയമർത്തുവാൻ 'പരശുരാ-
മാ'ഖ്യൻ ഭവാൻ ഭാർഗ്ഗവൻ
തന്നെത്താനടരാടിയാ നൃപകുലം
മുവ്വേഴുവട്ടം മുടി-
ച്ചന്നബ്ബഹളത്തിനും മഴുവിനും
ശൗര്യത്തിനും വന്ദനം!
മുമ്പിക്ഷ്വാകുകുലത്തിൽ നീ വിധി കനി-
ഞ്ഞർത്ഥിക്കയാൽ പ്രീതനായ്
വെമ്പിദ്ദാശരഥിത്വമാർന്നു; ഗുരുവി-
ന്നാജ്ഞയ്ക്കു കീഴേകദാ
തമ്പിപ്രേയസിമാരൊടൊത്തടവിയിൽ
പൂകീ; ത്രീലോകിക്കകം
കമ്പിപ്പിച്ചവനാദൃശാസ്യനതൊരാ
പത്തായി, പത്മാപതേ!
വെക്കം ശത്രുപുരം കരിപ്പതിനു മു-
ക്കണ്ണൻകണക്കോർത്ത നി-
ന്നുൾക്കത്തും വിരഹാർത്തിയിൽ തുടുചുടും-
തൃക്കണ്ണിളക്കീടവേ,
നില്ക്കക്കള്ളി കിടച്ചിടാത്ത ജലജ-
ന്തുവ്രാതമാർന്നാർത്തനായ്
ചിക്കന്നംബുധി മാർഗ്ഗമേകിയവിടേ-
യ്ക്കാ ലങ്ക കേറീടുവാൻ.
ഉങ്കാർന്നൈരാവതത്തെപ്പലകുറിയരമ-
മ്മാനമാടിക്കളിച്ചോൻ
നിങ്കാന്താചോരണം ചെയ്തവനിരുപതു ക-
യ്യുള്ളവൻ പോരടിക്കേ,
ഹുങ്കാരം കൊണ്ടു നിർത്തീട്ടവനുടെ കഥ നീ
വിൽ വലിക്കുമ്പൊഴുണ്ടാം
ടങ്കാരംകൊണ്ടു തീർത്തൂ; വലയുമടിയനാ
രാമചന്ദ്രൻ സഹായം.
എല്ലാം ചിത്പരമാപ്പരാശരമുനി; -
ക്കങ്ങോർക്കുതാൻ പുത്രനാ-
യുല്ലാസാലുലകിൽ പിറന്നു പലതും
ചെയ്യേണ്ടതുണ്ടെന്നു നീ
മല്ലാരേ, കരുതി;-പ്പരിഷ്കൃതികളിൽ
ചിത്തം ചെലുത്താതിനി-
ച്ചെല്ലാ നന്മകളെന്നിളക്കുമതുല-
ക്കണ്ണെനിക്കാശ്രയം.
തൃക്കണ്ണവം ചലിക്കെസ്സുകൃതിവശിമുനി-
ക്കംഗജാവേശമാർന്നാ
ത്തക്കത്തിൽ തോണികുത്തുന്നരയവനിതയെ-
പ്പാട്ടിലാക്കിപ്പകിട്ടി
വെക്കം കാളിന്ദിയിൽ; തോണിയി;-ലിരുകരയിൽ
പാന്ഥർ - വയ്യാ കഥിപ്പാ-
നക്കന്യയ്ക്കുണ്ണിയായിട്ടുലകിലവതരി-
ച്ചന്നുമിന്നും ജയിപ്പൂ.
വേദം നാലാക്കി വിപ്രർക്കുതകി;-യതിനുമേൽ
ഭാരതം പഞ്ചമാഖ്യം
വേദം നിർമ്മിച്ചു; വേദപ്പൊരുളുകളറിവാ-
നപ്പുരാണങ്ങൾ തീർത്തു;
ഖേദംകൂടാതെ ലോകർക്കറിവിനു പലതും
ചെയ്തു കാലനുരൂപം
വേദവ്യാസാഖ്യനായിട്ടരുളിയ ഭഗവൻ,
ഭക്തനാക്കേണമെന്നെ.
മുന്നം ഭൂമിപരൊട്ടനേകമസുരാം-
ശത്താൽ പിറന്നേവരും
മന്നമ്പേബ്ബഹളം തുടങ്ങിയതിൽവെ-
ച്ചല്ലൽപ്പെടും ഭൂമിയെ
മന്നന്മാരെയർമത്തു കാക്കുവതിനായ്
ശ്രീരാമകൃഷ്ണാഖ്യരായ് -
ത്തന്നെത്താനുലകിൽപ്പിറന്നു ഭഗവാൻ
ഭോഗീന്ദ്രഭോഗാസേനൻ.
പാവപ്പെട്ടവരല്ല, പണ്ഡിതവര-
ന്മാർക്കും വിചാരിക്കിലി-
ന്നാ വയ്മ്പാർന്ന മഹാമനസ്കരെയറി-
ഞ്ഞീടാൻ പ്രയാസം പരം;
ദേവന്മാർ, വിധിതൊട്ട മൂർത്തികളിവർ-
ക്കുൾഭ്രാന്തിയുണ്ടാക്കിടും
ഭാവം മാറ്റു;- മവർക്കെഴും ഭരണയ-
ന്ത്രത്തിന്റെ ചുററിക്കലിൽ
കാരാഗാരത്തിലാണുദ്ഭവമതിശയമാ-
ത്താതമാതാക്കൾ കുറ്റ-
ക്കാരായ്ജ്ജേലിൽക്കിടപ്പോ, രവരതികഠിനം
പെറ്റ മാത്രയ്ക്കുതന്നെ
ആരാനും കാണുമെന്നോർത്തിടയരുടെ നടു-
ക്കിട്ടുപോയാ,രൊടുക്കം
പേരാളും നന്ദഗോപർക്കരിയൊരു മകനായ്
മൂർത്തി മൂന്നായ ദേവൻ.
കൊല്ലാ പൂതനയെക്കിടാ;-വൊരു കമ-
ഴന്നീടാത്ത കുഞ്ഞോമന-
യ്ക്കില്ലാ ചാടു തകർക്കുവാൻ പടുത്; ര-
ണ്ടൂക്കൻമരം പാർക്കുകിൽ
ഉല്ലാസിച്ചു കളിപ്പൊരുണ്ണിയിടയിൽ-
പ്പെട്ടാൽ പുഴങ്ങില്ല; നോ-
ക്കെല്ലാ നേരവുമാക്കളായനിറനാ
ണാലംബമെന്നോക്കണം.
മേയ്ക്കും പയ്ക്കളുമിഷ്ടരാമിടയരും
ദാഹത്തിനാൽ ദുർവിഷം
വായ്ക്കും യാമുനവാരി മോന്തി മൃതരായ്;
പെട്ടെന്നു നീ നന്ദജൻ
നോക്കുമ്പോളെഴുനേറ്റു ചത്തവരഹോ!
തോയം ദുഷിപ്പി,ച്ചതിൽ
പാർക്കും കാളിയനും ഗമിച്ചു; പശുമേ-
പ്പോനേ, ഭവാനെത്തൊഴാം.
അന്നാ രാത്രിയിലേവരും സുഖമുറ -
ങ്ങുമ്പോൾ പരം കാട്ടുതീ
വന്നാക്കൂട്ടരെയിട്ടെരിച്ചതിലുണർ-
ന്നുച്ചം തൊഴിച്ചീടവേ,
''നന്നായ്ക്കണ്ണുകൾ ചീമ്പുവിൻ, കളയുവൻ
തിയ്യെ''ന്നുരച്ചന്നു നീ
ചെന്നാ വാഹ്നി വിഴുങ്ങി; വേദിയിലെഴും
ത്രേതാഗ്നിയല്ലോ ഭവാൻ.
വല്ലാതമ്മകയർത്തു വന്നപകടം
കാട്ടും ഭവാനെത്തദാ
തല്ലാൻ കയ്യു വരായ്കയാലവളഹോ!
ബന്ധിച്ചിടാനോർക്കവേ, ഇല്ലാ
നീളമതിന്നെടുത്ത കയറി-
ന്നൊന്നിന്നു;-മപ്പോൾ ജഗ-
ത്തെല്ലാം വായയിലമ്മ നോക്കുമളവിൽ-
ക്കാണിച്ച കുഞ്ഞേ, തൊഴാം.
വ്യോമൻ കുട്ടികളെപ്പിടിച്ചു ഗുഹയിൽ
കൊണ്ടിട്ടടച്ചപ്പൊഴി-
ക്കേമൻതാൻ വിടുവിച്ചു; പാശിവശനായ്
നന്ദൻ കുഴങ്ങുമ്പൊഴും
നാമിപ്പൊരു വിഷ്ണുലോകമൊരു നാ-
ളമ്പാടിയിൽ കാട്ടി; യൂൾ-
പ്രേമം കൂട്ടി; മറച്ചു; കുട്ടി കളിയാ-
ടിക്കൊണ്ടു കൂടീ സുഖം.
ഉൾക്കത്തും കലിയാണ്ട് വജ്രി മഖവി-
ദ്വേഷംനിമിത്തം വ്രജം
വെക്കം മുക്കിമുടിക്കുവാൻ കഠിനമായ്
വർഷിക്കെ, നന്ദാത്മജൻ
പയ്ക്കൾക്കും പശുപർക്കുമലകലാൻ
കുഞ്ഞിക്കരംകൊണ്ടുതാൻ
പൊക്കത്തിൽ കുലപർവതക്കുട പിടി-
ച്ചാനെന്നു നാമോർക്കണം.
നേരംപോക്കു പറഞ്ഞിണക്കിയിടയ-
ക്കുഞ്ഞുങ്ങളെ, പ്പയ്ക്കളെ-
ത്തോരപ്പുല്ലു കൊടുത്തുകൊണ്ടു ചൊറിയും
മറ്റേക്കരം കൊണ്ടുതാൻ;
ദൂരത്തുള്ള വധുക്കളിൽ പരമിട-
ക്കണ്ണിട്ടു നോക്കും; വയ-
സ്സാറല്ലേഴു നടപ്പിളക്കമവനി,-
ല്ലാറേഴു നാൾ നിന്നുപോൽ!
ശീലം ചേർന്നു രമിച്ചിണക്കിയനിശം
ലാളിച്ചു പാലിക്കുമാ-
ച്ചേലഞ്ചും പശുപാംഗനാമണികളെ
ശ്രീദാനുഗൻ ദാനവൻ
കോലം മാറി വശപ്പെടുത്തി;-യവനെ-
ക്കൊന്നന്നു നന്ദത്മജൻ
ബാലപ്പെൺകൊടിമാരൊടൊത്തു സരസം
സാധിച്ചു രാസോത്സവം.
ചൊല്ലേറുന്നാ പ്രലംബൻ, കഴുത, കുതിര, യാ-
ക്കാള, കൊക്കാ,ക്കരീന്ദ്രൻ,
മല്ലേശൻ, കംസ, നൂക്കൻയവനനരക,രാ-
പൗണ്ഡ്രകൻ, ദന്തവക്ത്രൻ,
ഇല്ലേ സാല്വൻ, പരം ശംബര, നതിബലവാൻ
പില്വലൻ, രുഗ്മി,യേഴാ
മല്ലേറും കാള, ചൈദ്യൻ പൊരുതുമിവരെ നീ
കൊന്നു മോക്ഷം കൊടുത്തു.
പോരാ, പോരാടിടുന്നോരടരിലടിയുറ-
ച്ചുള്ള വില്ലാളിമാരാ-
യോരാക്കാംബോജമത്സ്യപ്രഥിതകുരുജ, രാ-
സ്സംജയൻ, കേകയേന്ദ്രൻ
കൂറാർന്നീക്കൂട്ടരേയും ഹലധരസഖനായ്
പാണ്ഡവന്മാരൊടൊത്തും
പോരാടിക്കൊന്നു നല്കീ പരഗതി; യടിയൻ
നിന്നെയോർക്കുന്നു ദാസൻ.
പിന്നെത്താതനു നാരദൻവഴി ഭവാൻ
ജ്ഞാനം വളർത്തി; സ്സദാ
തന്നെക്കൈതൊഴുമുദ്ധവർക്കുലകവും
ഹാ! ജീവനും മായയും
ഒന്നെന്നുള്ളറിവേകി വേണ്ടതു പറ-
ഞ്ഞേല്പിച്ചു; വംശം മുടി-
ച്ചന്നെത്തീ നിജമാം പദത്തി;-ലടിയൻ
കഷ്ടത്തിലാണിപ്പൊഴും.
കോലം കെട്ടിക്കളിച്ചോ കൊല കരുതിയെതിർ-
ത്തോ ഹസിച്ചോ ദുഷിച്ചോ
കാലക്കേടിൽക്കരഞ്ഞോ സകലസമയവും
നിന്നെയോക്കുന്നതായാൽ
മാലറ്റാനന്ദമാർക്കും സുലഭ;-മിവനിതാ
നിൻചരിത്രങ്ങളേവം
ശീലം മാറാതെ പാടിത്തിരുവടിയിൽ നമി-
ക്കുന്നുവെന്നോർമ്മ വേണം.
ഇല്ലാ കൃഷ്ണാവതാരത്തിനു ശരിയവതാ-
രങ്ങ;-ളോരോന്നുമോർത്താൽ
കൊല്ലാൻ വന്നോർക്കുമുള്ളിൽ തിരുവടി കരുതു-
ന്നോർക്കുമോർത്താൽ ഭവാനെ
ചൊല്ലാൽ നിന്ദിപ്പവർക്കും ശിവശിവ! സുലഭം
ഹന്ത! സായുജ്യമെന്തോ
ചൊല്ലാവല്ലാത്തമട്ടിൽ പലതുമപകടം
കാട്ടിയാഗ്ഗോപികൾക്കും.
ചൂതാടിസ്സകലം കളഞ്ഞു തിരുമു-
മ്പാകെദ്ധരിപ്പിച്ചതി,-
ല്ലേതാണ്ടൊക്കെയറിഞ്ഞു ചെന്നു, വലയും
കുന്തീസുതന്മാർക്കു നീ
നേതാവായ് വിജയം കൊടുത്തു; പിഴ ഞാ-
നയ്യായിരം ചെയ്തവൻ;
വാതാഗാരപതേ, വലഞ്ഞവനിവൻ;
ഭക്തൈകവശ്യൻ ഭവാൻ.
പണ്ടാപ്പാർഷതിയോടടുത്തവഭൃഥ-
സ്നാനാർദ്രസംശുദ്ധമായ്
കണ്ടാ വാർകുഴലിൽ പിടിച്ചു സഭയിൽ-
ക്കൊണ്ടിട്ടു ദുശ്ശാസനൻ
മുണ്ടാച്ചുറ്റിയതല്ലുടുത്തതുമഴി-
ക്കുമ്പോൾ വലഞ്ഞോർത്തവൾ-
ക്കുണ്ടായ പൂന്തുകിലറ്റമറ്റരയിൽ നീ
തൃക്കണ്ണനക്കീടവേ.
ദൂതൻ ധർമ്മജനന്നു നീ; വിജയനോ
സാരത്ഥ്യമേറ്റുന്നു നീ
സൂതൻ; പാണ്ഡവരോടെതിർത്തുവരുമാ
നാരായണാസ്ത്രം ഭവാൻ
ശ്രീ തങ്കും തിരുമാറിലേറ്റു; പലതും
ഭക്തർക്കു ചെയ്തുള്ളൊരാ;-
ളാതങ്കങ്ങളെഴും വയോധികനിവൻ
നിന്നെബ്ഭജിക്കുന്നവൻ.
സത്യം തീരെ വെടിഞ്ഞു ശാന്തനവനെ-
ക്കൊല്ലാൻ തുടങ്ങീ കടും-
കൃത്യം ചെയ്തു; ജയദ്രഥാഹതിയിലും
കർണ്ണന്റെ നേക്കും ഭവാൻ;
നിത്യം പാണ്ഡവരെപ്പുലർത്തുവതിനാ-
യെന്തൊക്കെയോ ചെയ്തു നീ;
-യത്യന്താതുരനായൊരീയടിയനെ-
ക്കൂടിക്കടാക്ഷിക്കണം.
സത്തുൾത്തിങ്ങി വിളങ്ങിടും പടിയഹോ!
നാരായണീയത്തെ മേ-
പ്പുത്തൂർ ഭട്ടപദൻ ചമച്ചു തിരുമു-
മ്പാകെബ്ഭജിച്ചങ്ങനെ,
ഒത്തുള്ളുത്കടവാതരോഗമഖിലം
മാറ്റീ; കനിഞ്ഞെങ്കലും
ചിത്തുൾത്തൂർന്ന കൃപാകടാക്ഷമിളകാൻ
തൃക്കാല്ക്കൽ വീഴുന്നു ഞാൻ.
പോരാടി ത്രിദിവം പിടിച്ച ദനുജ-
ന്മാരെത്രയും ധാർമ്മിക-
ന്മാരായ് മൂവരുയർന്നു; ഹാ! ത്രിപുരരാ
ത്രൈലോക്യവിദ്വേഷികൾ,
ആരായാലു, മറിഞ്ഞിടാപ്പടി മയൻ
നിമ്മിച്ച ദുർഭേദ്യമാ-
യോരാ മുപ്പുരിയിൽ സുഖിച്ചു സുചിരം:
ധർമ്മൈകമൂലം ജയം.
ധർമ്മാധർമ്മങ്ങൾ മാറ്റിപ്പുതിയൊരു നിലയിൽ
ബുദ്ധനായ് ബുദ്ധിമാൻ നീ
ദുർമ്മാർഗ്ഗത്തിൽ കുടുക്കീ ദനുജരെ വടിവെ-
ച്ചോതിയോതിപ്പകിട്ടി
ധർമ്മാലംബം നശിപ്പിച്ചവരുടെ കഥയും
തീർത്തു ലോകാധിപത്യം
നിർമ്മായം ശക്രനന്നേകിയ വരദ, ഭവാ-
നെന്നെ രക്ഷിച്ചിടേണം.
ഇന്നാ ബുദ്ധാഗമാലംബികളനവധി വാ-
ഗ്ദ്ധാടി കാണിച്ചിളക്കാൻ
വന്നാടിപ്പാടു;-മില്ലാ ചലനമടിയ;-നാ-
ച്ചിത്പരം ത്വത്പദാബ്ജം
കൊന്നാലും വിട്ടുമാറി,ല്ലതിലിളകിവരും
സച്ചിദാനന്ദമൊന്നാ-
ണിന്നാലംബം മനുഷ്യർ; -ക്കടിയനതറിയാം,
വിഭ്രമം ലേശമില്ല.
വന്നെത്തും പ്രളയത്തിലേതൊരുവനും
ചേരും ഭവാനോടെനി-
ക്കെന്നെല്ലാമറിവുണ്ടു; വാസന നശി-
ക്കാഞ്ഞാലവർക്കൊക്കയും
പിന്നെജ്ജന്മമെടുക്കണം; തുടരുമാ-
ക്കല്പത്തിലും ചുറ്റലാ;-
മെന്നെക്കാക്കുക കർമ്മവാസന മുടി-
ച്ചൈക്യം തരും നാൾവരെ.
നാമം നാടുകടന്നു, നാല് മറകളിൽ-
ക്കാണുന്ന കർമ്മക്രമം
ക്ഷേമത്തിന്നു നിദാനമായ് മനുമുത-
ല്കാ ഭട്ടപദൻവരെ
കേമന്മാർ പലരും സയുക്തികമുര-
ച്ചിട്ടുള്ളതും നിന്ദ്യമായ്; -
ക്കാമം പോലെ നടക്കുമേതൊരുവനും
കണ്ടോ കലിപ്രാഭവം!
സൂത്രം ബ്രാഹ്മണലക്ഷണം; ശിഖ വെറും-
മോടിക്കൊരാവശ്യമായ്-
മാത്രം നിർത്തിവരുന്നു; തൊട്ടുകുളിയും
തീണ്ടിക്കുളിച്ചട്ടവും
അത്രത്യർക്കു വെറുത്തു; സാന്ധ്യവിധിയും
മറ്റുള്ള കർമ്മങ്ങളും
ഗോത്രപ്രാഭവവും നശിച്ചു- പരചി-
ന്മുത്തേ, പകയ്ക്കുന്നു ഞാൻ.
ആണും പെണ്ണുമിതായി ജാതി;- യിതുകൂ
ടാതുള്ള ജാതിക്രമം
കാണുന്നില്ലൊരു ദിക്കിലും; വിഷമമീ-
ക്കൂട്ടത്തിലെജ്ജീവിതം;
കേണും താണുമിരന്നിടുന്നു; ഭഗവൻ,
കഷ്ടപ്പെടത്താതിനി-
ച്ചേണുറ്റുള്ള പരം പദത്തിലിവനെ,
ശ്രീകൃഷ്ണ, വാഴിക്കണേ!
ലോകം ശിശ്നോദരങ്ങൾക്കനുദിനമഴലേ-
ശാതെ സംതൃപ്തിചേർക്കും
പാകത്തിൽത്തന്നെ ജീവിപ്പൊരുവക വിഷയ-
ഭ്രാന്തരായീ സമസ്തം;
നീ കണ്ടിട്ടുള്ളതാണീ നില; ശരി,യുടനേ
വല്ലപാടും ശ്രമിച്ചീ-
പ്പാകക്കേടാറ്റിടാഞ്ഞാലുലകമുടയുമെ-
ന്നോർക്കണേ, ചക്രപാണേ!
ഇല്ലാ വർണ്ണാശ്രമങ്ങൾക്കൊരു നിലയിവിടെ;-
ബ്ഭൂമിപന്മാർ സഹായി-
ക്കില്ലാ; ഞാനെന്തു വേണം? വളരെ വിഷമമായ്
ജീവിതം നിർവ്വഹിപ്പാൻ;
മല്ലാരാതേ, ശുകൻ ചൊല്ലിയ സമയമിതാ
വന്നിരിക്കുന്നു; നീതാ-
നെല്ലാം നന്നാക്കണം; ഞാൻ മുനിയുടെ മൊഴിയും
വിസ്തരിക്കാം സമസ്തം.
ശീലം കെട്ടവരായധമ്മപരരായ്
സ്വാർത്ഥം പുലർത്തും പ്രജാ-
പാലന്മാരുടെ മന്നിലീതിഭയവും
ദുർഭിക്ഷവും രോഗവും
കാലക്കേടുകളീവിധം പലതുമു-
ണ്ടാകുമ്പൊഴും ഭൂപരി-
ശ്ശീലം മാറ്റുകയില്ല; ലോകരഖിലം
നട്ടന്തിരിഞ്ഞമ്പിടും.
ഏവം ജീവികളമ്പരന്നു വലയും
കാലത്തു നാരായണൻ
ശ്രീവത്സാങ്കമെഴും പരാത്പരനജൻ
വിശ്വംഭരൻ വിശ്രുതൻ
ദേവൻ ശ്രീപതി ശംഭളാഭിധയെഴും
ഗ്രാമത്തിലുള്ളോരു ഭൂ-
ദേവൻ വിഷ്ണുയശസ്സിലന്നവതരി-
ക്കും 'കലി'യായിട്ടിനി.
അഷ്ടൈശ്വര്യവിശിഷ്ടവൈഷ്ണവകലാ-
സമ്പൂർണ്ണനാക്കല്ക്കിയി-
ക്കഷ്ടപ്പാടുകളാറ്റുവാൻ കരുണയാ
തൃക്കണ്ണിളക്കി ക്ഷണം
നഷ്ടപ്പെട്ട വിഭൂതിയൊക്കെയുലകിൽ
പ്രാദുർഭവിപ്പിക്കു,മാ-
ദ്ദുഷ്ടന്മാരെയമർത്തുമ; ന്നടിയനി-
ന്നദ്ദേഹമാലംബനം.
കേറും വാജിയിലന്നുടൻ പരിചയും
വാളും ധരിച്ചംബരം
കീറും മാതിരി പാഞ്ഞുചെന്നെതിരിടും
ഭൂപാലരെദ്ദുഷ്ടരെ
നൂറും നൂറുമരിഞ്ഞരിഞ്ഞുലകിലെ-
ശ്ശല്യങ്ങൾ തീർത്തിങ്ങു വ-
ന്നേറും വീരരസത്തിനെ,പ്പരനെ, യി-
ന്നോർക്കുന്നു ഞാൻ കല്ക്കിയെ.
അക്കാലം തെളിയും ചരാചരഗണം;
ധർമ്മം ജയിക്കും; ജനം
തൃക്കാല്ക്കൽബ്ഭജനം തുടങ്ങുമുടനേ;
വർണ്ണാശ്രമാദിക്രമം,
ചിത്ക്കാമ്പേ, മുറതെറ്റിടാതെ വളരും;
കർമ്മങ്ങളെല്ലാവരും
സത്കാലത്തു നടത്തു;-മിങ്ങനെ വരും
കല്ക്കിക്കിതാ വന്ദനം.
സൃഷ്ടിക്കും വിധി വൻതപോനിധി; സഹാ-
യിക്കും മനീന്ദ്രാളിയും;
പുഷ്ടിക്കായരുളും പ്രജാപതികളും;
ലോകത്തെ രക്ഷിപ്പവൻ
ശിഷ്ടൻ ശ്രീപതിയും; മനുക്കളമര-
ന്മാരാസ്സുധർമ്മം നൃപ-
ശ്രേഷ്ഠന്മാർ തുണനിന്നിടുന്നൊരിവരും;
നിയ്യെന്നു കാണുന്നു ഞാൻ.
പോരാ, ലോകമൊടുക്കുവാനരുളിടും
ശ്രീരുദ്രനും പിന്തുണ-
ക്കാരാദ്ദാനവരാ നിശാചരരധർ-
മ്മം തൊട്ട കൂട്ടങ്ങളും
പേരാളുന്ന പരാത്പരന്റെ കലയാ -
ണല്ലാതെകണ്ടോർക്കിലി-
ന്നാരാണുള്ള,തൊരിന്ദ്രജാലമുലകം -
ശ്രീകൃഷ്ണ, നാരായണ!
തീരെച്ചിത്പുരുഷന്റെ വീര്യഗണന-
യ്ക്കാളില്ല; ചൊല്ലും മഹാ-
ന്മാരെത്തും പിടിയും പെടാ, തൊടുവില-
ന്നായുസ്സിനാശിച്ചിടും;
പാരെങ്ങും പതറിപ്പരന്നിടുമൊരീ-
ബ്ഭൂരേണുതൊട്ടെണ്ണിടു-
ന്നോരെണ്ണട്ടെ, യവർക്കുമീഗ്ഗണനയിൽ
സാമർത്ഥ്യമില്ലോർക്കുവിൻ.
ഏതാണ്ടന്തവിഹീനമാദിരഹിതം
ത്വദ്വീര്യമോർത്തോതുവാൻ
ധാതാവും സനകൻതുടങ്ങിയ മഹാ-
ന്മാരും പ്രയാസപ്പെടും;
പാതാളത്തിലെഴും സഹസ്രവദനൻ
സങ്കർഷ്ണൻ ശേഷനാ-
ണോതാനായ്തുടരുന്നതെങ്കിലുടയും
വാഗ്ദ്ധാടിയും പ്രൗഢിയും
തൃക്കാലുൾക്കുളിരാർന്നു വീണുപണിയും
ഭക്തർക്കു മായാഭ്രമം ചിത്ക്കാമ്പാശ്രിതവത്സലൻ വിഭു കള-
ഞ്ഞാനന്ദമന്നേകിടും;
അക്കാലം ശ്വസൃഗാലഭക്ഷ്യമുടലിൽ-
ത്താന്തന്റെയെന്നുള്ളൊരീ
ധിക്കാരം കെടുമന്നു വിഷ്ണുകലയായ്-
ക്കാണും ജഗത്തൊക്കെയും.
ചൊല്ലാളും പുരുഷന്റെ മായ ചെറുതോ!
ലോകത്തിലൊക്കെച്ചരി-
ച്ചെല്ലാർക്കും സുഖവിഭ്രമഭൂമളിയെ-
ച്ചേർക്കുന്നു നോക്കൊന്നിനാൽ;
നല്ലാർഭൂഷണമായവൾക്കടിമയീ
ത്രൈലോക്യ;-മാ ഭക്തരിൽ
ചെല്ലാ; ഭക്തരറിഞ്ഞുനില്ക്കു; മടിയൻ
ചുറ്റുന്നു, ചിത്കാതലേ!
ധാതാ, വാസ്സനകാദ്യർ, നാരദ, നൃഭു,
സ്വായംഭൂവൻ, പത്നിയാം
ശ്രീതാവും ശതരൂപ, പുത്ര,രസുരൻ
പ്രഹ്ലാദ, നീശൻ ധ്രുവൻ
ഏതാണ്ടിയ്യിവരംഗനും ഗുണമെഴും
പ്രാചീനബർഹിസ്സുമി-
ന്നോതാം മായയറിഞ്ഞു നില്പവ;-രവർ-
ക്കും ഞാൻ നിനക്കും തൊഴാം
വയ്യാതായി മുഷിഞ്ഞു സംസൃതിസുഖം;
നാമത്രയും ചൊല്ലിടാം;
ചെയ്യാം പുഷ്പജലാർച്ചനം പുരുഷസൂ-
ക്തം കൊണ്ടുതാൻ നിത്യം;
നിയ്യാണാശ്രയമാരുമില്ല; കിഴവൻ;
പൂമങ്കപുല്കുന്ന നിൻ-
മെയ്യാനന്ദകരം കളായസുഷമം
കാണാൻ കൊതിക്കുന്നു ഞാൻ.
എല്ലിന്മേൽ തൊലി തേച്ചമാതിരിയിലായ്
ദേഹം, മഹാസങ്കടം
പല്ലില്ലാ, നരയും തുടങ്ങി ജരയും,
ചെന്നാൽ ദഹിക്കായ്കയും,
ഇല്ലില്ലാ രുചിയൊന്നിനും, വിഷയസൗ-
ഖ്യത്തിങ്കലും ശ്രീപതേ,
ചൊല്ലിച്ചൊല്ലിയിരിക്കെ ഞാൻ മൃതിയട-
ഞ്ഞാനന്ദമാർന്നീടണം.
പ്രായം കൂടുകയാലടുത്തുവരുമി-
ട്ടേറെക്കുഴക്കുന്നു; ഹാ!
കായം പ്രാകൃതമായി; വേണ്ടവർ തുണ-
യ്ക്കില്ലാരുമില്ലാതെയായ്;
ദായത്തിന്നവകാശികൾക്കു ധൃതിയായ്;
ശ്രീകൃഷ്ണ, ജീവച്ഛവ-
പ്രായം ജീവിത; മെന്റെയീ ദുരിതവും
പ്രാരബ്ധവും തീർക്കണേ!
ശ്വാസംമുട്ടി വലിക്കവേ ഘരഘരാ-
രാവങ്ങ;-ളെക്കിട്ട,മാ-
ക്കാസം, കണ്ണുതുറിപ്പു, വേർപ്പിതുകളാ-
ലാകാതെ ചാകാതഹോ!
വാസം സങ്കടമീ നില;-യ്ക്കടിയനെ-
ക്കഷ്ടപ്പെടുത്താതെ നീ-
യാസന്നാർത്തികളാറ്റിയുൾത്തെളിവുദി-
പ്പിക്കേണമേ, ദൈവമേ!
അക്കാലത്തടിയൻ കളായകമനീ-
യാംഗം വിചാരിച്ചു വർ-
ത്തിക്കാം നിന്തിരുനാമഗാനരതനായ്
നാമം ജപിച്ചങ്ങനെ;
ചിത്ക്കാമ്പേ, മരണം ക്ഷണം കഴിയണം;
പിന്നെബ്ഭവാനെന്നെയാ-
ത്തൃക്കാല്ക്കൽ ശുകനാരദാദികളെഴും
പുണ്യസ്ഥലത്താക്കണം.