I
ചെരിപ്പിട്ടുതാതൻ കുറഞ്ഞൊന്നുലാത്തി
ത്തിരിച്ചിങ്ങുവന്നിട്ടതൂരുന്നനേരം
എരിഞ്ഞെന്നുതോന്നീട്ടുനോക്കുമ്പൊളന്നാ-
ളരിപ്രായമല്പം ക്ഷതംകണ്ടുകാലിൽ.
ഉണങ്ങാതെവര്ദ്ധിച്ചു വര്ദ്ധിച്ചുവന്നാ-
വ്രണംപിന്നെയക്കാലിലൊക്കെപ്പരന്നു
വണങ്ങാനെനിയ്ക്കുള്ള തൃപ്പാദപത്മം
ക്ഷണംകൊണ്ടുകഷ്ടം പഴുത്തൂടുപാടായ്.
കറുക്കുംവ്രണത്തിന്നു ചുറ്റും ചുവക്കും
കറുപ്പിന്നുചുറ്റും ക്ഷണംകൊണ്ടുപിന്നെ
കറുത്തുള്ളതൊക്കെപ്പഴുക്കും ചുവപ്പോ
കറുക്കും പഴുക്കും ചുവക്കും കറുക്കും
കഴപ്പുണ്ടുചുട്ടാവതിപ്പുണ്ടുനീരു-
ണ്ടഴപ്പെട്ടുവല്ലാതെനൊന്തന്തരംഗം
വഴക്കിട്ടുവായ്ക്കുന്നദീനംനിമിത്തം
കുഴക്കത്തിലായിക്കിടപ്പായി താതൻ.
മനംകൊണ്ടുതൃക്കാൽ നിലത്തൊന്നുവെയ്ക്കാൻ
നിനയ്ക്കുന്നതായാൽ വിറയ്ക്കുംശരീരം
അനങ്ങാനുമാളല്ല കണ്ണീർക്കണത്താൽ
നനയ്ക്കുന്നു താതൻ വിരിപ്പും പുതപ്പും
നിരങ്ങിക്കുഴങ്ങിച്ചയിപ്പിൽഗ്ഗമിച്ചും
തരംകെട്ടുനിശ്വാസമാര്ന്നും കിതച്ചും
പരംതാതനേന്തുന്നസന്താപമിഞാ-
നുരച്ചാലൊടുങ്ങില്ല ദൈവംസഹായം.
ഫലിയ്ക്കില്ലവൈദ്യങ്ങൾ ചെയ്യുന്നതൊന്നും
വലിപ്പംവ്രണത്തിന്നു കൂടുന്നുനിത്യം
കലിപ്രാഭവം തന്നെ! കണ്ടിട്ടുകണ്ണീ-
രൊലിക്കുന്നുവല്ലാതെ ഞാനും കുഴങ്ങി
നിദാനംമഹാതുച്ഛമയ്യോ! കടുപ്പം
ഗദാരംഭമിക്കാര്യമോര്ക്കുന്നതായാൽ
സഭാകര്മ്മമെന്നുംത്രിദോഷോര്ത്ഥമെന്നും
നിദാനം നിനയ്ക്കാതിരിയ്ക്കാൻ പ്രയാസം.
വഴിയ്ക്കോര്ത്തുതെയ്ക്കാട്ടു നാരായണൻമൂ-
സ്സൊഴിയ്ക്കാതെനിത്യം ചികിത്സിച്ചിടുന്നു
മിഴിക്കും വശംകെട്ടുരോഗങ്ങൾ പേടി-
ച്ചൊഴിയ്ക്കാതിരിയ്ക്കില്ലമൂസ്സെന്നുകേട്ടാൽ
പണത്തിൽപിശുക്കില്ലമൂസ്സിന്റെപാദം
വണങ്ങുംനിദാനം നിദാനങ്ങളോതും
കണക്കായിരിക്കുന്നു മൂസ്സിന്റെചൊൽക്കീ-
ഴിണങ്ങിസ്സദാനേരമച്ഛൻ സധൈര്യം
മരുന്നിന്നതെന്നാജ്ഞനല്കുന്നതായാൽ
വരുത്തിക്ഷണത്തിൽ ക്രമംപോലെയെല്ലാം
ഒരുക്കിക്കൊടുക്കാൻ മിടുക്കും വെടുപ്പും
കരുത്തും പെടും ശിഷ്യ വര്ഗ്ഗംസുഭിക്ഷം
വ്രണത്തിനുവേണ്ടുന്നശുശ്രൂഷ ചെയ്തും
വണക്കത്തോടെപ്പോഴുമെല്ലാറ്റിനും ഞാൻ
തുണയ്ക്കായിനില്ക്കുന്നു സൂക്ഷ്മംനിനച്ചാൽ
ക്ഷണംകൊണ്ടുദീനം സുഖപ്പെട്ടിടേണം
മനുഷ്യപ്രയത്നത്തിലാകുന്നതെല്ലാ
മനുസ്യൂതമിഞങ്ങൾചെയ്തിട്ടുമിപ്പോൾ
മനുപ്രഖ്യനച്ഛന്റെ സൌഭാഗ്യമോലും
തനുത്തയ്യു വാടുന്നു കാലാരിജായേ!
മതിത്തെല്ലുചൂടുന്ന മാരാരിമാനി-
കൃതിസ്നേഹമര്ദ്ധാംഗമര്പ്പിച്ചതായേ!
സ്തുതിയ്ക്കുന്നുഞാൻ നിന്നെയച്ഛന്റെരോഗ-
സ്ഥിതിയ്ക്കുള്ള മൂലംസമൂലം മുടിപ്പാൻ
സദാചാരമാര്ഗ്ഗത്തിൽ നിന്നാത്തമോദം
സദാനന്ദരൂപം നിനയ്ക്കുന്നൊരച്ഛൻ
ഗദാക്രാന്തനായിക്കിടക്കുന്നു കഷ്ടം!
ചിദാനന്ദസത്തേ! വിചാരിയ്ക്കുചിത്തേ!
കഷായം ഘൃതംതൊട്ടഭൈഷജ്യമേറെ-
ക്കഷായത്തിലാക്കുന്നിതച്ഛന്റെദീനം
വിഷാവേശമെന്നുണ്ടൊരാശങ്ക,യെല്ലാം
വിഷാശിപ്രിയേ! നീ തുണച്ചാൽജ്ജയിച്ചു
തുഷാഗ്നിജ്വലൽജ്ജ്വാലതട്ടുന്നമട്ടിൽ
കഷായിപ്പൊരച്ഛന്റെ ശല്യംശമിപ്പാൻ
''പിഷാരിയ്ക്ക'ലമ്മേ! കൃപാപൂരമാകും
തുഷാരോദകംവാര്ത്തുവീഴ്ത്താനപേക്ഷ.
പ്രഭാതത്തിൽമുങ്ങിക്കുളിച്ചൂത്തുനിത്യം
ശുഭാവാപ്തികാമിച്ചുനിന്നെബ്ഭജിച്ചാൽ
സ്വഭാവംവിശേഷം! ഗദപ്രാപ്തിദിവ്യ-
പ്രഭാകാന്തകായേ! ഫലം, കാലഭേദം!!
പണിഞ്ഞില്ലയോതാതനാക്ഷേത്രമേറെ
പണിഞ്ഞില്ലയോ നിന്റെ പാദാരവിന്ദം?
പണിപ്പെട്ടുകേഴുന്നിതബ്ഭക്തനിപ്പോൾ
ഗ്ഗണിയ്ക്കാതിരിയ്ക്കുന്നതെന്താണിതൊന്നും?
കഴിഞ്ഞുള്ളജന്മത്തിലാര്ജ്ജിച്ചപാപം
വഴിക്കാണു രോഗങ്ങളെന്നാലുമാര്യേ!
മിഴിക്കോണിളക്കിക്കടാക്ഷിയ്ക്കുമപ്പോ-
ളൊഴിഞ്ഞങ്ങു പോകാത്തദീനങ്ങളുണ്ടോ?
ഉദാത്താനുദാത്തങ്ങൾതെറ്റാതെയച്ഛൻ
പദാന്തംനിതാന്തം മറച്ചൊല്ലിനാലേ
മുദാസേവചെയ്യുന്നൊരാളല്ലി? കഷ്ടം
ഗദാക്രാന്തനായപ്പൊളമ്മേ! മറന്നോ?
ചലിപ്പെന്നിയേഹന്ത! ചെയ്യുന്ന പുഷ്പാ-
ഞ്ജലിയ്ക്കും നതിയ്ക്കും ഫലംനൽകിടാതെ
വലിച്ചിട്ടു ദുഃഖാണ്ണവത്തിങ്കലേവം;
കലിപ്രാഭവത്തിന്റെ വലിപ്പം കടുപ്പം!
അടുക്കോടുലോകങ്ങൾ സൃഷ്ടിച്ചുരക്ഷി-
ച്ചൊടുക്കുന്നവര്ക്കും പ്രപഞ്ചത്തിലാര്ക്കും
പടുത്വം കൊടുക്കുന്ന ചിച്ഛക്തിയാംനീ
പൊടുക്കെന്നു മാറ്റേണമച്ഛന്റെ ദീനം.
അടങ്ങാതെ വര്ദ്ധിച്ച ദുഃഖാര്ണ്ണവത്തെ
കടക്കാൻ കുഴങ്ങുന്നൊരച്ഛന്റെനേരെ
കടക്കണ്ണൊരിയ്ക്കൽജ്ജഗന്നാഥജായേ!
കടത്തായിനീട്ടിക്കൊടുപ്പാനപേക്ഷ
പുരാരാതിദേവന്റെ ഭാഗ്യംജഗത്തി-
ന്നൊരാധാരമായീടുമോങ്കാരസാരം
പരാനന്ദരൂപംഗദാക്രാന്തനച്ഛൻ
നിരതങ്കനായിട്ടിരിയ്ക്കാൻ സ്മരിയ്ക്കാം.
ഈവണ്ണം ദീനദിനം മുറയിടുമിവനിൽ
പ്രീതയായ്, ദീനനായി-
ബ്ഭാവം മാറിക്കിടക്കും ജനകനിലസിതാ-
പാംഗമാത്താനുകമ്പം
ശ്രീവന്ദിയ്ക്കുന്നശംഭുപ്രണയിനിവിരവിൽ
ചേര്ത്തു കാലുമ്മൽ വല്ലാ-
താവം പോലെ വായ്ക്കും വ്രണമതിനുടനെ-
ത്തന്നെ വാട്ടം തുടങ്ങി.
II
തെരുതെരെ നെടുവീപ്പിട്ടാവുവമ്മേ വലഞ്ഞ്"-
ന്നരുളിയവശനായിക്കാൽ പിടിച്ചുതീയൂതി
പുരുരുജ സഹിയാഞ്ഞിട്ടെന്നെ നോക്കുന്നിതച്ഛന്
തിരുവടി; ഗുരുവായൂരമ്പുമെൻ തമ്പുരാനേ!
ഒരുവഴി നിരുപിച്ചെന്നാകിലും വന്നുകൂടാ-
നരുതരുതവിടെയ്ക്കീ മാതിരിയ്ക്കുള്ള ദീനം;
ഒരു ശരണവുമില്ലാതീവിധം നിന്റെ ഭക്ത-
ക്കൊരു തൊടുകുറിയാമിസ്സാധു കഷ്ടപ്പെടാമോ?
കരുതുക ചിലതെറ്റീയച്ഛനുണ്ടെങ്കിലും നി-
ന്തിരുവടിയിതുചെയ്യാൻ വയ്യ, ഞാൻ തന്നെ ചൊല്ലാം
ഒരുമറുതിരുമാറത്തുള്ളതാ ക്കേട്ടിരിപ്പു-
ണ്ടരുതരുതവിടെയ്ക്കീബ്ഭക്തരിൽ പക്ഷഭേദം.
നിജദുരിതചയത്താൽ കാലിലൂക്കൻ പഴുപ്പും
രുജയുമിയലുമച്ഛൻ നിമ്പദം കുമ്പിടുമ്പോൾ
വിജയനുടെ രഥത്തിൽ സൂതനായിട്ടിരുന്നോ-
രജനുത!പരിരക്ഷാഭാരമേൽക്കേണ്ടതല്ലേ?
നിയതിയിൽ മതിയൂന്നും താതനീരക്തവാതാ-
മയ മതിലുഴലുന്നൂ, നിന്റെ ഭക്തന്റെ ദീനം
നിയതമറിക മേപ്പത്തൂരെഴും ഭട്ടപാദ-
പ്രിയ! ഝടിതിയകറ്റാൻ ന്യായമുണ്ടോര്ത്തുകണ്ടാൽ
അനുദിനമവിടുത്തെദ്ദിവ്യനാമങ്ങൾ മോക്ഷ-
ത്തിനുകരുതിയുരയ്ക്കും താതനോ ദീനനായി
അനുഭവമിതുകൊള്ളാം നല്ലമട്ടായി ദീന-
ത്തിനു കുറവു വരുത്താൻ ഭാവമില്ലെന്നുറച്ചോ?
ഒരു കുലടയെ വേട്ടും നിത്യകർമ്മങ്ങൾ വിട്ടും
ഗുരു നിലയനമേറിക്കട്ടു മദ്യം കുടിച്ചും
മരുവുകിലൊരു നാമം ചൊല്ലിയാൽ നീകടാക്ഷി
ച്ചരുളു;മിതുനിനച്ചില്ലച്ഛനിന്നേവരെയ്ക്കും
ഉദയമതിനു മുമ്പിൽ സ്സന്ധ്യയൂത്തോര്ക്കുമാദ്യം
പദ,മരിയസഹസ്രാവൃത്തി നിത്യം നടത്തും;
ഉദധിശയന! നിന്നെഗ്ഗീതയോതിസ്തുതിയ്ക്കും;
ഹൃദയദയ നിനക്കില്ലല്ലി? നീ താൻ കൃതഘ്നൻ.
അകലുഷമതിതാതൻതാനുമിത്താഴ്ചകൂടും
മകനുമവിടെയിന്നാൾ വന്നു സേവിച്ചു നിന്നെ.
അകമതിലതുകൊണ്ടും പ്രീതിയില്ലാത്തശുദ്ധം
പകയനടിപിടിച്ചാൽ കാലിളക്കിച്ചവിട്ടും.
ശിവ! ശിവ! ഭഗവാനേ! താതനീ വന്നുചേര്ന്നോ-
രവശതയതുകണ്ടിട്ടമ്പരന്നന്ധനായി
തവമഹിമമനസ്സിൽത്തെല്ലുമോര്ക്കാതെ ജീവ-
ച്ഛവമിവനുരിയാടിപ്പോയിയല്പം കടുപ്പം.
തരിക തരിക മാപ്പിത്താതപാദങ്ങൾ നട്ടം-
തിരിയുമളവിലെന്തോ ചൊന്നതിന്നിന്നശേഷം
പെരിയൊരുദുരിതാംഭോരോരാശിയിൽപ്പെട്ടു ചുറ്റി
ത്തിരിവതിനിടയാക്കാതെന്നെ രക്ഷിച്ചിടേണം
മറയിലിയലുമര്ത്ഥം, മംഗളാംഭസ്സിരിയ്ക്കും
നിറകുട,മഴലാറും കേവലാനന്ദസാരം,
പിറവിമൃതിയിവയ്ക്കുള്ളാദിമൂലം, മഹത്വം
പറയുക വിഷമംതേ, താതനെത്താങ്ങിടേണം.
പരമറിയുകതാതൻ സങ്കടാംഭോധിമദ്ധ്യ-
ത്തിരയിലുഴറി നീന്തിത്താന്തനായ് തീർന്നുവല്ലൊ.
കരകയറുവതിനായച്ചുതാനന്ത! വിശ്വം-
ഭര! തിരുമിഴിയാകും കപ്പലര്പ്പിച്ചിടേണം.
ശനിപിഴയതുകൊണ്ടാണിപ്പഴുപ്പും, കുഴപ്പും,
പനിയു,മധികമായിക്കാണ്മതെന്നുണ്ടു പക്ഷം
ജനിമൃതിയതിലേയ്ക്കും നാഥനായുള്ള നീ താൻ
കനിയുക, കുനികുത്തിപ്പായണം കാലദോഷം.
അഹരഹമവിടുത്തെപ്പാദ സംസേവചെയ്വോര്-
ക്കിഹ പരമഴലാറും; മാറുമാതങ്കമേതും;
മഹദഭിമതമേവം; താതനാതങ്കമാകും
ദഹനനിലുഴലാനിന്നെന്തുബന്ധം മുരാരേ!?
"കടുരുജ സഹിയാഞ്ഞിട്ടുള്ളുപൊള്ളുന്നുദേഹം
കിടുകിടെ വിറപൂണ്ടീടുന്നു ഞാനോ കുഴങ്ങി
കടുകിട കുറവില്ലിക്കാലിലയ്യോ! പഴുപ്പും
കെടുതിയുമരുതേ, വന്നുണ്ണി! കാലിമ്മലൂതു!!"
"ഒരുവിധവുമനങ്ങാൻ വയ്യ, കാലൊന്നു നീക്കൂ,
വരു വരു, തലതാങ്ങു, കൈപിടിയ്ക്കുക്കൂ, കിടത്തു,
പുരുരുജ നിലകുത്താനാടിയോരെണ്ണയല്പം
തരു, വിശറിയെടുക്കൂ, വീശു, കണ്ണീർ തുടയ്ക്കു.''
"പ്രണവമിടകലര്ത്തിക്കൃഷ്ണനാമം ജപിച്ചെൻ
വ്രണമിതു തടവിക്കൊണ്ടുണ്ണിയൂതു പതുക്കേ
ഗുണമതിനു കിടയ്ക്കും, ഹന്ത! ഞാൻ തോറ്റു, നാരാ-
യണ! ചുളുചുളിനെക്കുത്തമ്പ വയ്യേ സഹിപ്പാൻ."
"ദുരിതമൊരു ചെരിപ്പിട്ടോമനേ! കാലിലിന്നാ-
ളരിമണിയിടകോറിക്കണ്ടതിന്നൊന്നു നോക്കൂ.
ഹരി! ഹരി! തലചുറ്റും കാണുവോര്ക്കെന്റെ കര്മ്മ-
ത്തിരികുഴിയുടെ വട്ടം, കര്മ്മബന്ധം കടുപ്പം!!"
ഇവപലതുരചെയ്യുന്നച്ഛനിഷ്ടങ്ങൾ ചെയ്തും
ശിവ ശിവ! നില കിട്ടാഞ്ഞേന്തിയേന്തിക്കരഞ്ഞും
ദിവസമിരിപതായീ കണ്ണടക്കാതെയും ഞാൻ
ഭവഭയഹര! കഷ്ടപ്പെട്ടു കേഴുന്നിതയ്യോ!
തിരുവടിയുടെ ഭക്തൻ താതനും ഞാനുമയ്യോ!
കരുണ നഹി, കടുപ്പം! ഭക്തദാസൻ ഭവാനും
കരുതുക ചളിയിൽത്താൻ തല്ലി നീളെത്തെറിപ്പി-
ക്കരുതിതുവിധമായാലാരുനിന്നെബ്ഭജിക്കും?
അടവുകളുരചെയ്തും കട്ടുതിന്നും വ്രജസ്ത്രീ-
തടമുലയിണ പുൽകിദ്ധൂര്ത്തടിച്ചും കളിച്ചും
അടവിനൊടനുവാരം പൈക്കളേ മേച്ചുവാണോ-
രിടയൻ കൃപയുണ്ടോ? ഭക്തവാത്സല്യമുണ്ടോ?
നലമൊടുമുലനൽകും പെണ്ണിനെക്കൊന്നവൻ; മാ-
തുലനുടെ കഥ തിര്ത്തോൻ; ഗോപിമാർ കെട്ടിയിട്ടോൻ;
കുലയൊരു പടിചെയ്തോൻ; താതനെത്താങ്ങുമെന്ന
അലമുറയിടുമെന്നെദ്ധിക്കരിക്കുന്നു ഞാൻതാൻ.
ഇവനഴലനുവാരം താതനേറുന്ന കണ്ടു -
ള്ളവശതയതിനാലേ തന്റിടം വിട്ടിവണ്ണം
ശിവ! ശിവ! വഷളായീ, പിന്നെയും ഞാൻ കടന്നി-
ബ്ഭുവനഗുരുവിനെത്താൻ ചീത്തചൊല്ലാൻ തുടങ്ങി
തിരുവടിയുടെ ദാസൻ തൻ ദാസന്റെ ദാസര്-
ക്കൊരു വിടുപണി ചെയ്യാൻയോഗ്യനല്ലാത്തൊരീഞാൻ
ഒരുപടി പിഴചൊല്ലിപ്പോയി; യെല്ലാം ക്ഷമിച്ചി-
ന്നരുളുക മമ താതന്നായുരാരോഗ്യസൌഖ്യം.
തിരുവടിയുടെ തത്വജ്ഞാനമുണ്ടാകുവാനായ്-
ക്കരുതിവിഷയസംഗം വിട്ടു കാട്ടിൽക്കരേറി-
പുരുതപമതു ചെയ്യും മാമുനീന്ദ്രര്ക്കുമൊക്കാ-
ത്തൊരു കഥയറിയാത്തോൻ, പാപി ഞാൻ തന്നെ മൂഢന്
ഗുരുപവനപുരത്തിൽദ്ദീനരക്ഷയ്ക്കൊരുങ്ങീ
ട്ടരുളുമൊരവിടുന്നീയെന്റെയച്ഛന്റെ ദീനം
ഒരു ഞൊടിയിടകൊണ്ടിന്നാശ്വസിപ്പിച്ചിടാഞ്ഞാൽ
വരുമൊരു വരവെന്തോ, ദേവ! നീതാൻ സഹായം.
പുരുരുജ സഹിയാഞ്ഞിട്ടന്ധനായ് വീണുരുണ്ടും,
തെരുതെരെയെഴുനേറ്റും, വീണ്ടുമൊട്ടൊട്ടുരുണ്ടും,
ഗുരുവരനുഴലുന്നു, സച്ചിദാനന്ദ! വേഗം
വരു, കരുണതുളിക്കൂ, കാലുണക്കാൻ ശ്രമിക്കൂ.
കുളി,യശന,മുറക്കം, പാനമിത്യാദിയില്ലി-
ത്തളിരൊളിമൃദുമേനിത്തയ്യു താൾപോലെ വാടി
അളിനിറമുടയോനേ! കൃഷ്ണ! നീ വന്നു വേഗം
കളിപറയുകയല്ലെൻ താതനെത്താങ്ങിടേണം.
വടിവൊടു ഗുരുവായൂരമ്പിടും തമ്പുരാൻത-
ന്നടിമലരിണ കൂപ്പീട്ടേവമര്ത്ഥിച്ചനേരം
ഝടിതിജനയിതാവിന്നിപ്പൊളാപ്പെട്ട മാല-
പ്പിടിയകലെയൊഴിച്ചെൻ സങ്കടം തീർത്തു തന്നു.
ഘൃണയൊടുഗുരുവായൂരപ്പനാമാദി നാരാ-
യണനുടെ കൃപയാലേ വൈദ്യവിദ്യാവിദഗ്ദ്ധൻ
ഗുണഗണനിധിതെയ്ക്കാടേകിടുന്നാമരുന്നീ-
വ്രണമുടനെയുണക്കിത്താതനെ പ്രീതനാക്കി.
ഈ വിശ്വം തീർത്തുരക്ഷിച്ചതുഝടിതിമുടി-
ച്ചൊന്നിലും താൻപെടാത്തോൻ
ഭാവിശ്രേയസ്കരൻ, മസ്കരികൾ കരളിലോര്-
ക്കുന്നവൻ, ഭക്തദാസൻ,
സേവിയ്ക്കത്തക്ക യോഗ്യൻ, ജനകനിലിയലും
സങ്കടം തീർത്ത ദേവൻ,
ഭൂവിൽപ്പേർകൊണ്ട് വാതാലയമടിയരുളും
പോറ്റി,മാലാറിടട്ടെ.
ബാധിച്ചീടുന്നു ജന്മാന്തരദുരിതചയം
ദുസ്സഹം വ്യാധിയായി-
ട്ടാധിച്ചൂടാവഴിയ്ക്കെന്നറിയുക വിഷമം
വൈദ്യർ വന്നെന്തെടുക്കും?
ക്രോധിച്ചാളുന്ന ജന്മാന്തരദുരിതമഹാ-
തങ്ക മാറ്റുന്ന വൈദ്യൻ
സാധിച്ചീടേണ്ടതാണിപ്പണി; യിവരറിയി-
ല്ലിക്കുഴപ്പങ്ങളൊന്നും.
ആനന്ദാലാദിവൈദ്യൻ തിരുവടി വടിവിൽ-
ച്ചെന്നു തൃക്കാല്ക്കൽ വീഴും
ദീനക്കാര്ക്കൊക്കെ നൽകും കരുണയിൽ വിളയും
ദിവ്യസിദ്ധൗഷധത്തെ
നൂനംകാക്കാശുപോലും ചിലവതിനുവരി-
ല്ലേതുദീനത്തിനും ന-
ന്നിനല്ലാദായമുള്ളൌഷധമിതുഗുരുവാ-
താലയത്തിൽ സ്സുഭിക്ഷം.
മുഖ്യം മൂന്നുലകിങ്കൽ വെച്ചു പവനാ-
ഗാരം; കലിദ്ധ്വസനം,
പ്രഖ്യം; വാതഭഗന്ദരാദിഗദസ-
ന്താപോപശാന്തിപ്രദം;
സൌഖ്യം; സജ്ജനസേവ്യ; മാര്ത്തിയുതകും
സംസാരബന്ധത്തിൽ വൈ-
മുഖ്യം ചേര്പ്പതിനുത്തമം; സ്ഥലമിതാ-
നന്ദാസ്പദം സൽപദം;
നത്തുൾത്തിങ്ങി വിളങ്ങിടും പടിയഹോ!
നാരായണീയത്തെ മേ-
പ്പത്തൂർക്കൂട്ടവരൻ ചമച്ചു ഗുരുവാ-
യൂരിൽ ബ്ഭജിച്ചങ്ങിനെ
തത്തും തൽക്കടുവാതരോഗമഖിലം
മാറ്റീടിനാൻ; മാധവൻ
ചിത്തുൾത്തൂര്ന്ന കൃപാകടാക്ഷമുതകും
സേവിപ്പവര്ക്കൊക്കയും.
മഹത്തരം തൽകൃതി മാധവാനു-
ഗ്രഹത്തിനായ്ബ്ഭക്തജനങ്ങളിന്നും
ഗൃഹങ്ങൾ തോറും തൊഴുകയ്യുമായി-
ട്ടഹർന്നിശം ഹന്ത! ജപിച്ചിടുന്നു.
അവിടെച്ചെന്നു സേവിച്ചാലവിടുന്നേതു ദീനവും
അവിതര്ക്കം നശിപ്പിക്കും ഭവിക്കും നിത്യമംഗളം.
"തക്കം നോക്കി" സ്സമസ്താഗമവിളനിലമാ-
യേതിടത്തും ലസിപ്പാൻ
തൃക്കണ്ണിട്ടാദി "മീനാ"യരുളിന ഭഗവാൻ
തന്നൊരീത്താതപാദൻ
വെക്കം തൃക്കാലിലാപ്പെട്ടെഴു: "മഘ"പടലം
നീങ്ങി മൂന്നാലു കൊല്ലം
തൃക്കണ്പാര്ത്തീക്കുഡുംബം വലിയ നിലയിലേ-
യ്ക്കാനയിച്ചുജ്വലിച്ചു.
ദേഹാലസ്യങ്ങളാറി "ഗുരു”ദിനസരികാ-
രുണ്യമേ"കീട''വേ ഞാൻ
മോഹാന്ധ്യം വിട്ടുടുക്കെത്തിരുമൊഴികൾ സദാ
കേട്ടു "കേട്ട"ങ്ങരിക്കെ
"ഹാ ഹാ നോക്കൂ!!" സമര്ത്ഥന്-ശിവശിവ! വിധിതൻ
"ഞായരാ"ഹിത്യകൃത്യം
മോഹാലസ്യപ്പെടുത്തീ കഠിനമടിയനെ -
ക്കാക്കണേ ചക്രപാണേ!
III
ഒരു കടുമണിമട്ടിൽക്കണ്ടു വാരിപ്പറത്താ-
ക്കുരു ഝടിതി വളര്ന്നിട്ടന്തകാരാതിജായേ!
തിരുവടിയുടെ മായാവൈഭവംതന്നെ, ചൊല്ലാ-
നരുത,തരു തിളകാനും കൂടി വയ്യാതെയാക്കി.
പുരു ദുരിതവളത്താലെന്റെ കര്മ്മദ്രുമത്തിൽ
കുരു, കടു, ചര,ലോടം, തേങ്ങയെന്നിക്രമത്തിൽ
തെരുതെരെ വളരുന്നു സങ്കടക്കുണ്ടിൽ വീണി-
ട്ടുരുളുമടിയനമ്മേ! കത്തലായത്തലേവം.
ഗിരിശഗൃഹിണി! ഘോരം നീരുമായ്വക്കു ചോര-
ച്ചരികിലടികറുത്തിട്ടുള്ളു ചീഞ്ഞും നുലഞ്ഞും
ദുരിതഗിരിചുരത്തും ചോരയാം നീരൊലിച്ചും
പെരിയൊരു കുരു കണ്ടാലാരുമപ്പോൾ നടുങ്ങും.
ചുളുചുളെയുടൽ കത്തിക്കീറുമീ നൊമ്പരത്താൽ
കുളുർമയിരിളകുന്നു, മട്ടുമാറുന്നു, ദേഹം
വെളുവെളെ വിളറിപ്പോയ്, ചോരയില്ലാതെയായീ
കുളുർമ തരണമമ്മേ! കത്തിനീറുന്നു ചിത്തം.
കരയുമരികൾപോലും കാണുകിൽക്കഷ്ടമയ്യോ!!
പരമിഹ പരചക്രം കൊള്ളുമിപ്രാണദണ്ഡം
അരഞൊടിയിടകണ്ടാലാരുമൊന്നമ്പരക്കും
കരൾ തവ ശിലയാണോ ശൈലരാജേന്ദ്രകന്ന്യേ!
ഒരുപടി നരകം ഞാൻ ഹന്ത പൌരാണികന്മാ-
രരുളിയ വഴികേട്ടിട്ടുണ്ടതൊക്കെസ്സഹിക്കാം
ഒരുനിമിഷമിനിക്കീ പ്രാണദണ്ഡം സഹിക്കാ-
നരുതരുതട വെന്യേ രക്ഷ മാമദ്രികന്ന്യേ!
ഒരു വിധവുമനങ്ങാൻ വയ്യ കൈകാലിളക്കാൻ
കരുതുകിലഥ കാണും ദേവി! നക്ഷത്രമാർഗ്ഗം
പുരു സുഖമുളവാക്കും നാമഗാനത്തിനും തെ-
ല്ലരുതൊരുനെടുവീര്പ്പിട്ടാശ്വസിപ്പാനുമമ്മേ !
പുരുരുജസഫിയാഞ്ഞിട്ടുൾത്തടം കത്തിനീറി-
പ്പെരുകുമഴലിൽ വായ്ക്കും ബാഷ്പമമ്മേ! തുടപ്പാൻ
അരുതടിയനു കഷ്ടേ താങ്ങിയാലേറ്റിരിക്കു-
ന്നൊരു നിലയുമകന്നൂ ദേവി! നിയ്യേ സഹായം.
രുചിയടിയനു ലേശം പോലുമില്ലത്രയല്ലാ
രുചിതനുവിനുമങ്ങീ, രുക്കുകൊണ്ടുങ്കടങ്ങീ
രുചിരഹൃദയരാകും നിൻ പദോപാസകന്മാ-
രുചിതകരണദക്ഷ! ഹന്ത കഷ്ടപ്പെടാമോ?
ചിലരിവനുടെ ദീനം കണ്ടു പിൻമാറി മൂക്കിൻ-
തലയിൽ വിരലുവെച്ചും, കൺനിറച്ചും, ശ്വസിച്ചും;
പലതുമവർ പതുക്കെച്ചൊല്ലിടുന്നുണ്ടു, ഞാനീ-
നിലയിലവശനായീ കാലകാലന്റെ ജായേ!
തവകനിവിനുവാസസ്ഥാനമാമെൻ പിതാക്കൾ-
ക്കിവനൊരു സുതനമ്മേ! വേണ്ട കൃത്യത്തിനെല്ലാം;
ഭവതിയിവകളൊക്കെക്കണ്ടിരുന്നിട്ടുമെന്നെ
ബ്ഭുവനജനനി!യേവം സന്തപിപ്പിപ്പതെന്തേ ?
വിമലഹൃദയരാമെൻ താതമാതാക്കളേറ്റം
ശമദമമിയലുന്നോർ, വൃദ്ധർ, നിൻ പാദഭക്തർ,
സുമശരഹരജായേ! കേൾക്ക നീയായവര്ക്കീ,
മമ കദനകലാപം കാണുവാൻ ത്രാണിയുണ്ടോ?
കരയുടെ കഥയറ്റാസ്സങ്കടാംഭോധിമദ്ധ്യ-
ത്തിരയിൽ മറിയുമെന്നെ,ദുഷ്ടനാം കാലനക്രം
ഹരമഹിഷി! കിടച്ചാലിട്ടുപോമോകടക്കൺ-
തരണിയുടനയച്ചൊന്നക്കരയ്ക്കാക്കുകമ്മേ!
ശിവ! ശിവ! നടുനീര്ത്താൻ കയ്പുകട്ടിന്മലൂന്നീ-
ട്ടിവനുടെ പരിതാപം കണ്ടു കണ്ണീരിൽ മുങ്ങി
അവനതമുഖിയായിട്ടമ്മ നിൽക്കുന്നനില്പെൻ -
ഭുവനജനനി! നേരേ കാണുവാൻ പ്രാണദണ്ഡം.
"നുണലിതുലഘുവെന്നായാദ്യ, മിപ്പോൾക്കിടാവേ!
വ്രണമൊരുപുറമൊക്കെ;ക്കഷ്ടമെന്നെപ്പിടിക്കൂ"
ഘൃണയൊടിതു പറഞ്ഞിട്ടമ്മ വീഴുന്നതും ഞാൻ
പ്രണവനിഗമവേദ്യേ! ഹന്ത! കാണേണ്ടിവന്നു.
"മനസി രുജ കുറയ്ക്കൂ, സാരമില്ലെന്നു മൂസ്സും
ജനകനുമരുളുന്നു, ഞാൻ തനിച്ചേറ്റിരിക്കാം"
ജനനിയൊടിവനേവം ചൊല്ലിയാശ്വസ്തയാക്കാൻ
ദിനമനു വലയുന്നു രക്ഷമാം തൃക്ഷജായേ!
കുറവൊരു ലവലേശം പോലുമില്ലെന്റെ ദീനം
കറയൊടു വളരുന്നു ഞാൻ പരാധീനനായി
പറവതിനരുതെല്ലാം കഷ്ടമേ ഭക്തരക്ഷാ-
മുJ ഭവതിമറന്നോ എന്തുറപ്പാണിതമ്മേ!?
നിരുപമനയശീലേ! പാര്ത്ഥനര്ത്ഥിക്കയാൽ നീ
കുരുകുലമഥനത്തിൽപ്പിന്തുണച്ചെന്നു കേൾപ്പൂ
ഒരു കുരുവിനെ വെൽവാൻ ഞാൻ സഹായത്തിനര്ത്ഥി-
പ്പൊരു മൊഴി ചെവിപൂകില്ലെന്തിതിന്നുള്ള ഞായം?
ഭവമഹിഷി! വിദ ദ്ധൻ വൈദ്യശാസ്ത്രാബ്ധികുംഭോൽ-
ഭവനരിയൊരു തെയ്ക്കാടാര്യവൈദ്യാദ്വിതീയൻ
ദിവസവുമരികിൽത്താനുണ്ടു വൈദ്യത്തിനങ്ങോര്-
ക്കിവനടിമ നിദാനം ഞാൻ നിദാനങ്ങളോതും.
അരുളുമൊരു മരുന്നെൻ ഭൃത്യവര്ഗ്ഗം ക്ഷണത്താ-
ലൊരുകുറവുവരാതേ ശാസ്ത്രരീതിക്കിണക്കും,
വിരുതരതിനവര്ക്കിന്നിയ്യിവൻപ്രാണനാണെ-
ന്നൊരു മഹിമ വിശേഷാൽക്കണ്ടുപോരുന്നു നിത്യം.
പണമിവനു തൃണന്താനുണ്ണിയാമെന്റെ നാരാ-
യണനു സുഖമുദിപ്പാൻ വേണ്ടുവോളം ധനം ഞാൻ
ക്ഷണമിവിടെ വിതയ്ക്കാമെന്നുരയ്ക്കുന്നു സാക്ഷാൽ
ഗുണഗണനിധി താതൻ വൈദ്യവൃദ്ധൻ, വിശുദ്ധൻ.
സ്വജനമതിലൊരാളാമ'ക്കുടുപ്പിള്ളി' വിഷ്ണു -
ദ്വിജനരിയൊരുവൈദ്യൻ നിൽപ്പ ശുശ്രൂഷണാര്ത്ഥം
സുജനസുഖദശീലേ! പിന്നെ മൽഭാഗിനേയൻ
ഭജനമരികിൽ വേണ്ടപ്പെട്ട കൃത്യത്തിനെല്ലാം.
പൊടി,ഗുളിക,കഷായം,നെയ്യിതെല്ലാം, പ്രമാണ-
പ്പടി ജനകസമക്ഷം തന്നെയുണ്ടാക്കിടുന്നു
അടിമുതൽ മുടിമുട്ടെത്താതനെൻ മൈ നിദാനം
വടിവൊടു പരിശോധിച്ചീടുമമ്മേ! വിശേഷാൽ.
ഇതിലുമധികമായിട്ടാരൊരാൾ വൈദ്യമിന്നീ-
ക്ഷിതിയിലയി നടത്തും? തോറ്റു ഞാൻ പോറ്റുകമ്മേ !
മതിമതി കളി കാര്യം തന്നെയാം കൈ പിഴച്ചാൽ
ക്ഷിതിധരവരകന്ന്യേ! പന്തിയല്ലീയമാന്തം.
മതിബലമെഴുമച്ഛൻ കൺനിറച്ചെന്നൊടോരോ-
ന്നതിമധുരമുരച്ചുംകൊണ്ടു നിശ്വാസപൂർവ്വം
ക്ഷിതിയിൽ മിഴിയുറപ്പിച്ചാനനം താഴ്ത്തി നിൽക്കും,
പ്രതിദിനമതുമീ ഞാൻ ദേവി കാണേണ്ടിവന്നു.
അടിയിൽ മിഴിയുറപ്പിച്ചൊന്നുമോതാതെ കണ്ണിൽ
പ്പൊടിവൊരു ചുടുബാഷ്പം മുണ്ടുകൊണ്ടൊപ്പിയൊപ്പി
ഘടിതതനുവിഷാദം പോലെ വന്നെന്റെ നൽപ്പെൺ
കൊടി വിവശമുപാന്തേ നിൽപ്പുമമ്മേ! കടുപ്പം.
പിടമൃഗമിഴി വീര്പ്പിട്ടൊട്ടു നിന്നിട്ടഹോ വാ-
ക്കിടയിലിടറിയെന്തോ ചൊല്ലി മെല്ലെഗ്ഗമിയ്ക്കും
ഉടനണയുമുടൻ താൻ പോകുമീവണ്ണമാധി-
ക്കടലിലലയുവോളെക്കൂടിയൊന്നോര്ക്കുകമ്മേ!
പുരുസുഖമുളവാകാനെന്തു ചെയ്യേണമെന്നു-
ള്ളൊരു നിനവൊടു കൈകാൽ മെല്ലെമെല്ലെത്തലോടി
തെരുതെരെ നെടുവീപ്പിട്ടെന്റെ ചാരത്തിരിയ്ക്കും
മരുമകനുടൽ പാതിപ്പെട്ടുപോയ്ക്കഷ്ടമമ്മേ!
ഹിതമറിയുമുരയ്ക്കാതപ്രകാരം നടത്തും
ശിതമതിയുചിതജ്ഞൻ സാധു മൽഭാഗിനേയൻ
ബത പകലിലേവം ബുദ്ധിമുട്ടുന്നു പാദാ-
ശ്രിത വിബുധകദംബേ! കണ്ടിനിയ്ക്കിണ്ടലമ്മേ!
ഹൃദിച്ചവനെരിയുന്നൂ ദുഃഖവൻതിയ്യഹോ! "കൌ-
മുദി?”കരളിലെഴുന്നോനെങ്കിലും ഞാൻ നിമിത്തം
ത്രിദിവവിഭവവിത്തേേ! നിൻപദം കുമ്പിടുന്നേൻ
പ്രദിശ സദയമായാൾക്കായുരാരോഗ്യസൌഖ്യം.
പുലി, കരടി തുടങ്ങിദൃഷ്ടസത്വങ്ങൾ തമ്മിൽ
ക്കലിയൊടു കലഹിക്കും കാട്ടിലൊറ്റയ്ക്കിരുട്ടിൽ
ചലിതഹൃദയനായിപ്പെട്ടവൻ നിൻപദാബ്ജം
കലിതധൃതി നിനച്ചാലല്ലലറ്റില്ലമെത്തും.
അടവിയിൽ മൃഗമജ്ജാമാംസകങ്കാളപുഷ്യ-
ച്ചടചട രവമോടും കാട്ടുതീ നാലുപാടും
തടയുകിലവനമ്മേ! നിന്നെയോര്ക്കുന്നതായാ-
ലുടനടി നിലകിട്ടും; തിയ്യുമപ്പോൾ തണുക്കും.
അഹിതര;പകടത്തിൽപ്പെട്ടവൻ നേര്ക്കുലയ്ക്കും
മഹിതനിശിതഖൾഗം വാശിയായ് വീശിയാലും
അഹിതമവനു പറ്റാ നിന്നെയോര്ക്കുന്നപക്ഷം
മഹിഷമഥനദക്ഷേ! വാളനങ്ങാതെ നിൽക്കും.
പരരൊടു രണമാടിത്തോറ്റു വില്ലിട്ടു പായും
നരപതി നിലകിട്ടാൻ നിൻ പദാന്തം നിതാന്തം
കരളഴലൊടുചിന്തിച്ചെങ്കിലോ രക്തബീജാ-
സുരനിധനവിദഗ്ദ്ധ! നാടു നേടിസ്സുഖിയ്ക്കും.
നയരഹിതമടുക്കും കാലാനേന്തുന്ന ദണ്ഡിൽ
ബ്ഭയമുടയൊരു മര്ത്ത്യൻ നിന്റെ നാമം ജപിച്ചാൽ
ദയയൊടരിയമാര്ക്കണ്ഡേയനെക്കാത്ത മൃത്ത്യു-
ഞ്ജയഗൃഹിണി! സുഖിയ്ക്കാമല്ലലില്ലാതെ നിത്യം.
തരളവിഷമഹാഗ്നിജ്വാലയാര്ന്നുഗ്രവീര്യം
തിരളുമുരഗമെത്തിക്കൊത്തിടും മര്ത്ത്യനമ്മേ!
കരളിലഴലടങ്ങാൻ നിന്നെയോര്ക്കുന്നപക്ഷം
ഗരളഗളവിശുദ്ധപ്പാതിമെയ്യേ! സുഖിയ്ക്കും.
പലവകജലജന്തുക്കൾക്കൊരാഹാരമായി-
ട്ടുലയിലുഴറിനീന്തിത്താന്തനായേതൊരുത്തൻ
നലമൊടു തവ നാമം ചൊല്ലു, മായാൾപാംഗാ-
മലതരണിയണയ്ക്കും നീ കനിഞ്ഞെന്നു കേൾപ്പൂ.
വിധി,ഹരി,ഹര,രെന്നീ മുവ്വരും ദേവി! നിന്നാ-
ലധികൃത,രവർ വിശ്വം തീർത്തു രക്ഷിച്ചഴിച്ചു;
വിധിവിഹിതമിനിക്കിസ്സങ്കടം ഞാൻ വിശേഷാ-
ലധികമിനിയുരയ്ക്കുന്നില്ല, നിയ്യേ സഹായം.
മറയുടെ പൊരുളാകും നിന്മഹത്വങ്ങൾ മായാ-
മറയുടെ തടവറ്റോരോതി ഞാൻ കേട്ടിരിപ്പൂ;
മറവതിനു വരുന്നില്ലിപ്പൊഴും മന്മനസ്സാ-
മറയിലരുളുകമ്മേ! യോഗി ചിത്താവലംബേ!
മുനികൾ തിരയുമമ്മേ! മാമറയ്ക്കുള്ളവേരേ!
ജനിമൃതിനിലകുത്തും ചില്പരബ്രഹ്മവിത്തേ!
അനിശമഴലിലാഴുന്നെന്റെ മാലിജ്ജഗൽക്ക-
മ്പനിയുടെ നിലനില്പേ! നീ കനിഞ്ഞാലൊഴിഞ്ഞു.
അനുദിനമവിടുത്തെപ്പാദസംസേവ ചെയ്യും
മനുജനിവനുവായ്ക്കുന്നാമയത്തെക്കെടുത്താൻ
അനുചരരിലൊരാളായുള്ള 'ധന്വന്തരി'യ്ക്കാ-
യനുമതിസുരവന്യേ! നീ കൊടുത്താൽ നടത്തും.
അതിനു മടി കുറച്ചുണ്ടെങ്കിലോ വൈദ്യവിദ്യാ-
ഗതികളറിയുവോരാദ്ദേവവൈന്ദ്രരില്ലേ?
അതിലൊരുവനു തൃക്കൺകോണയച്ചാലുടൻ വ-
ന്നതിസുഖമിവനേകും ഭാരമില്ലൊട്ടുമമ്മേ!
ചിതമൊടിനിയുമോതാം ദേവി! നാമത്രയീദേ-
വതകളനുചരമാർ നിയ്യരക്കണ്ണയച്ചാൽ
ഹതവിധിപരിപാകം ചേരുമെൻ വ്യാധിനീക്കും
ശതമഖമുഖവന്ദ്യേ! ശല്ല്യമില്ലാര്ക്കുമേതും.
ധൃതിയൊരു പടിയുണ്ടെന്നാകിലൊന്നുംമുടക്കേ-
ണ്ടതിലടിയനുവേണ്ടണ്ടിക്കാലകാലാര്ദ്ധകായേ!
നുതിയൊടരികിൽ നിൽക്കും ഭൃത്യരെച്ചൊല്ലിവിട്ടാൽ
മതി മതി ലഘുകാര്യം, കൺമിഴിച്ചാൽക്കഴിഞ്ഞു.
സമയവിഹതിയില്ലാ, ചേതമില്ലാ കുറച്ചും,
ശ്രമമവിടെ വരില്ലാ, ചെയ്തതായ്വേണ്ടകാര്യം;
ശമമുലകിനുചേര്പ്പോളംബ! നീ, ഭക്തനീ ഞാൻ,
ക്ഷമയിലിതു പുകഴ്ത്തും സജ്ജനം സർവ്വകാലം.
"സതതമഴലിവണ്ണം വന്നതപ്പൂർവ്വജന്മാര്-
ജ്ജിത ദുരിതവിപാകം, പാകമില്ലേവമൊന്നും”
മതമിതു ശരി, പാപം തീരുവാനിത്ര പോരേ?
കൃതനതജനരക്ഷേ! ശിക്ഷ, മാം രക്ഷ! മായേ!
ഒരുപടി ധനമുള്ളാർ പിച്ചതെണ്ടിച്ചരിയ്ക്കും,
പെരുവഴിയിലിരിപ്പോരൊത്ത വിത്തേശരാകും
തിരുവടി നിരുപിച്ചാലിജ്ജഗത്തിങ്കലേവം
വരുമരനിമിഷംകൊണ്ടപ്രമേയപ്രഭാവേ!
കനകഗിരിമുകപ്പിൽദ്ദിവ്യമാം സത്യലോക -
ത്തനഘതരമെഴുന്ന ബ്രഹ്മനും ബ്രഹ്മവിദ്യേ!
ജനകനിലജഗത്തിന്നൊക്കുവാൻ ദേവി! തൃക്കൺ-
മുനയുടെ മഹിമാവിന്നുള്ളലേശൈകദേശം.
സുരപദമതിതുച്ഛം നേടിവെച്ചുള്ള പുണ്യം
നരരതനുഭവിയ്ക്കും സ്ഥാനമാപ്പുണ്യമറ്റാൽ
പരമവനിയിലെത്തും നിമ്പദോപാസകന്മാർ
പരമസുഖികളെന്നും സര്വ്വലോകൈകവന്ദ്യേ!
വിഗതകലുഷരാകും യോഗിമാരും കൊതിക്കും
നിഗമലതയിലേന്തും പൂമരന്ദക്കുഴമ്പേ!
ഭഗവതി! തവ തൃക്കൺകോണിലാണിപ്രപഞ്ചം
നഗപരിവൃഢകന്യേ! നില്പതെന്നാപ്തവാക്യം.
ഹരനു മഹിഷി,ധാതാവിന്നു ദാരങ്ങൾ, പീതാം-
ബരനു ഗൃഹിണി, ശക്തന്നംബ നീതന്നെ ശക്തി
തിരയുകിലുലകത്തിൽക്കാണുമീശ്ശക്തിയെല്ലാ-
ത്തരവുമഖില തായേ! താവകം കേളിഭേദം.
ചരമചരമിവണ്ണം ഹന്ത! സന്താനജാലം
നിരവധി;യവരൊക്കെ ദ്ദേവി! നിൻ കീഴിൽ നിൽപ്പൂ;
ഭരണവിഷയദക്ഷേ! നീ ജഗത്താം കുടുംബം
വിരവിലിഹ പുലര്ത്തും മൂത്ത മുത്തശ്ശിതന്നെ.
നിടിലനയനജായേ! മോഹമാം വാര്പ്പിലാക്കി-
ഝടിതി ദിനകരത്തീ രാപ്പകൽക്കൊള്ളിതള്ളി
അടിയിലഥവളര്ത്തിക്കൊല്ലമാം മന്തുമിട്ടി-
പ്പടി നരരെ വരട്ടീടുന്നു കാലം കഠോരം.
കനിവിയലുമുദാരേ! ജന്മജന്മാന്തരത്തിൽ
ത്തനിയെ മനുജർ ചെയ്യും കൃത്യവും മറ്റുമെല്ലാം
മുനികൾ തിരയുമമ്മ! ദേവി! നിന്നിച്ഛപോലാ-
ണനിശമവരിൽ വേണോ?ശിക്ഷ ശിക്ഷാവിധിജ്ഞേ!
അടിയനിവകളോര്ത്തിട്ടുമ്പരക്കുന്നു, തൃക്കാ-
ലടിയണിപൊടിയേൽപ്പൂ മൌലികൊണ്ടണ്ടർകോനും;
കൊടിയ വികൃതികാലം വന്നെതൃത്തിട്ടു നിൻചൊ-
ല്പടിയിലമരുവോരൊരെത്തൊട്ടിടാൻ വിട്ടിടാമോ?
മഴമുകിലെതൃകണ്ഠന്നുള്ള പുണ്യപ്രഭാവാ-
ലഴകുകളൊരുമെയ്യായ്ക്കാണുമാറായ തായേ!
കഴലിണ തൊഴുവോരീയെന്റെ മുജ്ജന്മകര്മ്മ
പ്പിഴവഴിയെഴുമാപത്തോട്ടു നീ തീർത്തുതന്നൂ.
പെരിയ രുജ നിലച്ചു, നീരുപോയ്വക്കു ചങ്ങീ,-
ട്ടരിണുണലൊടുമദ്ധ്യം പൊങ്ങി ജിഹ്വാഭമായി,
പരിമൃദുതമിനുപ്പിശ്ശുദ്ധിചിഹ്നം വ്രണത്തിൽ
ഗ്ഗിരിശസുകൃതവാഴ്ച! കണ്ടു കാര്യം ജയിച്ചു.
ഇനിയുമിവനൊഴിക്കില്ലോര്ക്ക നീതന്നെ നിത്യം
കനിയണമിതുണങ്ങാനാദിവൈദ്യാത്മവിദ്യേ!
അനിതരസുഖ സമ്പത്തായ നിമ്പത്തിലെന്നു-
ള്ള നിശമണയുവാൻ മേ!ഭാഗ്യവും കൈവണം.
കരുതുക തിരുനാമത്തിങ്കൽ നിന്നൂര്ന്നൊലിക്കും
പുരുമധു, സുധാസവിച്ചാളുകൾക്കും പ്രിയം താൻ;
തിരുവടികൃപവെച്ചിട്ടെന്റെ നാവിന്നതിന്നു-
ള്ളൊരു രസമറിയിച്ചെന്നാകിൽ നന്നായിരുന്നൂ
മറയുടെ മുരടെന്നും, ചിൽക്കുരുന്നെന്നു, മെന്നും
നിറയുമരിയതേജസ്സെന്നു, മോങ്കാരമെന്നും,
പറവൊരു തവ രൂപം കാണുവാൻ മൂടൽ മായാ-
മറയിവനതകന്നാൽ ജ്ജന്മമമ്മേ! കൃതാര്ത്ഥം.
ദുരിതതരു പുഴക്കും ഭക്തവർഗ്ഗം നിനയ്ക്കും
പരിണതഫലമേന്തും വല്ലിയായല്ലലെല്ലാം
അരിയുമരിയ തൃക്കയ്യന്റെ മൂര്ദ്ധാവിൽ "നന്നാ-
യ്വരിക, കുശലിയാകെ'',ന്നോതി വെച്ചാൽജ്ജയിച്ചു.
മുടിയണിസുമമുന്തിത്തള്ളിനേടുന്നുചൂടാ-
നടിമകൾ വിധിമുഖ്യപ്രഖ്യമുഖ്യാമരന്മാർ;
അടിയനവരിൽനിന്നും വേണ്ട, തൽഭൃത്യർ ചൂടി-
ത്തൊടിയിലവർ കളഞ്ഞാപ്പുഷ്പമേ വേണ്ടു തായേ!
നിടിലമിഴിയിൽ മാരൻ വെന്ത കാലാരി നിൻക-
ണ്ണടിയിലകമഴിഞ്ഞാ മാത്രയിൽദ്ദാസനായി
ഝടിതിയുടലിലര്ദ്ധം തന്നു; തൃക്കണ്ണിനുള്ളാ-
ച്ചൊടിയുടെ ലവലേശം തന്നെ ദിവ്യാസ്ത്രജാലം.
ജനിമൃതി നിലനിർത്തും, ദുഷ്ടസംസാരഘോര-
പനിയകലെയൊഴിയ്ക്കും, കര്മ്മപാശം മുറിയ്ക്കും,
കനിവൊടിളകിയെന്നാൽ നിന്റെ തൃക്കൺമുനത്തു-
മ്പി;നിയുമിവനുജന്മക്ലേശമേല്പിച്ചിടൊല്ലേ.
നരി,കുറുനരി,സിംഹം,പന്നി,മാൻ,പട്ടി,പയ്യാ,-
ക്കരി,കരടി,യിവറ്റിൻ യോനി നൂണിട്ടൊടുക്കം
അരിയൊരു നരജന്മം കിട്ടി, വട്ടത്തിലാക്കാ-
തരിയണമിനി നിൻ കര്മ്മപാശങ്ങളമ്മേ!
ഒരു ദിശി കളി, ദുഖം മറ്റൊരേടത്തു, തമ്മിൽ-
പ്പൊരുതലപരദിക്കിൽ,സ്സന്ധിയന്യത്ര ചിത്രം;
തിരുവടിയൊരു നേരത്തിപ്രപഞ്ചങ്ങളൊക്കെ-
കരുതുകിലുളവാക്കും, കാണുവോരമ്പരക്കും.
മകനുടെ തല വീശും താത, നച്ഛന്റെ നേരേ
പകയൊടു മകനേല്ക്കും, പാരിലേവം കലാപം
സകലമറിയുവോൾ നീ, നിന്മഹത്വം ഗ്രഹിപ്പാൻ
പ്രകണിയൊരു പെരുത്തുണ്ടൂടറിഞ്ഞോർ ചുരുക്കം.
ഇവരൊരു നിമിഷംകൊണ്ടിക്കലാപങ്ങളൊക്കെ
ബ്ഭവമഹിഷിയുപേഷിച്ചൈകമത്യം വഹിയ്ക്കും
തവ മഹിമ നിനച്ചാലത്ഭുതം തന്നെയല്ലോ;
ഭവഭയവിഷമെന്നെത്തീണ്ടിടാതാക്കണം നീ.
മുടിമുറി, മുറിയത്തം, ഡംഭ,ഹംഭാവമേറെ-
ക്കുടി,കുസൃതികൾ,മാര്ഗ്ഗംകൂടലിത്യാദ്യനേകം
നെടിയ വികൃതിവേഷം കെട്ടിടും ദുഷ്ടമര്ത്ത്യ-
ത്തടിയർ സുഖികളമ്മേ! നിന്മനസ്സാരറിഞ്ഞു?
ജടില,രമലചിത്തന്മാ,രഹംഭാവമില്ലാ-
തടിതൊഴുതനുവാരം നല്ല മാര്ഗ്ഗത്തിൽ നില്പോർ
അടിമകളലയുന്നൂ ദുഃഖമാര്ന്നൊക്കെ നിൻചൊ-
ല്പടിനടവടിയെന്തോ? ദുർഗ്ഘടം സത്തെടുപ്പാൻ.
വിരുതൊരുപടി കാട്ടും മായകൊണ്ടിട്ടു ചുറ്റി-
യ്ക്കരുതടിയനു സാക്ഷാൽ സച്ചിദാനന്ദസൌഖ്യം
അരുളുക വിലയേറും ബ്രഹ്മപട്ടത്തിനും തെ-
ല്ലൊരുരുചിയിവനില്ലാ നിര്മ്മലാനന്ദമൂത്തേ!
ഇളകുമമരപട്ടം പുണ്യമൊക്കെക്ഷയിച്ചാൽ;
പ്രളയസമയമായാൽ ബ്രഹ്മപട്ടം നശിക്കും;
കളയുമിവകൾ തന്നാൽ കൂടി ഞാൻ; ചിദ്രസത്താ-
ലിളകിയുടവുതട്ടാതുള്ളിടത്തെന്നെയാക്കൂ.
ഉലകുകളനുവാരം നീ തിരിക്കുന്നു സാക്ഷാൽ
ചലമിഴി വഴികാട്ടും മാടുമൊത്തദ്രികന്യേ!
കലയ കയറുകോര്ത്താപ്പമ്പരം ബാലകന്മാർ
നലമൊടിഹ തിരിക്കും മട്ടിലിട്ടിച്ഛപോലേ.
ദിവസവുമുരുളുന്നൂ കാലചക്രത്തിരിപ്പിൽ
ബ്ഭുവനവു, മതിലുള്ളോര്ക്കാര്ക്കുമില്ലീവിചാരം;
ഭവമഹിഷി!യെറുമ്പിൻ കൂട്ടമാത്തേരുരുൾക്കൊ-
ത്തവ ലവമറിയില്ലാ ചക്രമോടുന്ന കാര്യം.
ഒരുപടി വിലസുന്നു രോമകൂപങ്ങൾതോറും
തിരുവുടലിലുണര്ത്താമിത്തരത്തിൽ പ്രപഞ്ചം
തിരുവടിയവയൊക്കെത്തീത്തു രക്ഷിച്ചഴിയ്ക്കും
കരുതുകിലൊരു തുമ്പും വാലുമില്ലില്ലൊരന്തം.
സകലവുമൊരുദിക്കിൽക്കണ്ടിടാം, കേട്ടിടാം, തി-
ന്നകമകലുഷമാക്കാം, നാറ്റിടാം, തൊട്ടുനോക്കാം,
പകലിരവതി സൗഖ്യം, വേഗമദ്ദിക്കിലെത്താൻ
വകതിരിവൊടു മാര്ഗ്ഗം നൾക നിത്യാത്മവിദ്യേ! 76
ഝടിതി തരണമമ്മേ! വിശ്വമൊട്ടുക്കു കാണും-
പടി വെളിവു തരുന്നെന്നുള്ളിലെദ്ദിവ്യനേത്രം;
വെടി കളി രതി രാഗദ്വേഷമിത്യാദി രോഗം
മുടിയുമിവനു 'സോഹംബുദ്ധി'യും സിദ്ധമെന്നാൽ. 77
പ്രിയയുടെ മൊഴി കേട്ടും, കണ്ടുമാരാൽ ക്കുഴഞ്ഞാ-
ടിയനില, മണമേറ്റും, ചെഞ്ചൊടിസ്സത്തശിച്ചും,
നിയതമുടലണച്ചും, തൽഗുണം പാര്ത്തുമെന്നി-
ന്ദ്രിയനിചയമടങ്ങാതായി ഞാനേവമായീ.
പെടുമഴൽ സുഖ;മെന്നാലായുരാരോഗ്യസൌഖ്യ-
ത്തൊടു ഭഗവതി! ജീവിക്കേണമെന്നുള്ള മോഹം
കെടുതി കലശലായിട്ടമ്പരക്കുന്ന സാക്ഷാൽ
ഗ്ഗടുവിലുമുയരുന്നൂ; ഹന്ത! മായാവിലാസം!
ചിലരലിവൊടുനൾകും തണ്ഡുലം ചീഞ്ഞ കയ്യാൽ-
ച്ചലമൊടു പുഴുനീക്കിത്തിന്നിടയ്ക്കീച്ചയാട്ടി,
പുലരുമഗതിയന്ധൻ കുഷ്ഠിയും ജീവിതാശാ-
വലയിലലയുവോനാണെന്തുകൂത്താണിതമ്മേ!
ഒരുപടി മൃതരായീ പുത്രമിത്രങ്ങൾ കഞ്ഞി-
യ്ക്കൊരു ഗതി നഹി കണ്ണുംപോയി വീടും മുടിഞ്ഞു
പെരുവഴി ഗതി, വൃദ്ധൻ ചാകുവാൻ പ്രാണദണ്ഡം
കരുതുക ശിവജായേ! ജീവിതാശാവിശേഷം. 81
പെരിയ രുജ ശമിക്കും പുത്രനെബ്ഭദ്രകാളി-
യ്ക്കരിയബലി കൊടുത്താൽ, ച്ചാകുമല്ലെങ്കിലെന്നാൽ
ഭരിതകുതുകമച്ഛൻ പുത്രനെക്കൈവെടിഞ്ഞും
ഗിരിശഗൃഹിണി! ജീവൻ നേടുമെന്താണൊരന്തം.
ഇവനിതുവരെ നോക്കീടേണ്ടതോ നോക്കിയില്ലാ,
ശിവസുഖകരി! കേട്ടീടേണ്ടതോ കേട്ടതില്ലാ,
ദിവസവുമറിയേണ്ടും കാര്യമോ ചെറ്ററിഞ്ഞി-
ല്ല,വശനടിയനമ്മേ! നിയ്യൊരാളാശ്രയം മേ!
ഗൃഹഗൃഹിണികൾ,മാതാ,വിഷ്ടബന്ധുക്കൾ,താതൻ,
മഹ,നനുജ,നിവൻതാൻ,മന്നു,പൊന്നെന്നിവണ്ണം
ഇഹവിഷയനസമുദ്രോൽകൃഷ്ടയാദോഗണത്താൽ
നിഹതനടിയനെങ്ങോ? തത്വശാസ്ത്രങ്ങളെങ്ങോ?
കരുതുകയി കടുപ്പം നാല്പതോളം വയസ്സാ-
യൊരു നരപശു ഞാനോ കാലമേവം കളഞ്ഞു;
വിരുതവിടെയുമില്ലാ, പോയ കാലം വരുത്താ-
നൊരു കൃപമതി മേലാലെങ്കിലും നന്മയാകാൻ
പദലസിതപരാഗം ഘോരസംസാരചിന്താ-
ഗദശമനചികിത്സാസാധനം ചിദ്രസാര്ദ്രം
ത്രിദശമകുടലാള്യം ദേവി! മൂര്ദ്ധാവിലേറ്റീ-
ഹൃദയകദനമാറ്റാൻ പറ്റിയാൽബ്ഭാഗ്യമായി.
ഗിരികുലവരമിത്രം, സച്ചിദാനന്ദപാത്രം,
ഗിരിശസുഖകളത്രം, ദിവ്യമായാവിചിത്രം,
ദുരിതഭരണസൂത്രം, കാൺകിലാപ്പുണ്യഗാത്രം,
ഹരിഹരി മമ നേത്രം, രണ്ടുമപ്പോൾ പവിത്രം.
ഭുവനമയമമേയം, സച്ചിദാനന്ദകന്ദം,
ഭവഭയ ഹരമേവം യോഗിമാരോര്ത്തു നിത്യം
തവ മഹിമ പുകഴ്ത്തിസ്തോത്രമോതുന്ന കേട്ടാ-
ലിവനു ചെവി ലഭിച്ചിട്ടുള്ള കാര്യം ഫലിച്ചു.
സുരതരുസുമജാലം സിദ്ധഗന്ധർവ്വ വിദ്യാ-
ധര സുര നിരയാരാധിച്ചതിനുള്ള ഗന്ധം
പരമിവനുടെ മൂക്കിൽത്തട്ടിയുൾത്താർ കുളുത്താൽ
പരമസുകൃതമായി പര്വ്വതപ്പൈതലാളേ!
കലിമലമകലാനും, മോക്ഷമാര്ഗ്ഗങ്ങൾ കണ്ടു-
ള്ളലിവതിനു മുദാരേ! ഭക്തി വർദ്ധിക്കുവാനും,
വലിയ മുനികൾ തീര്ത്തോരപ്പുരാണാമൃതത്തിൽ
ക്കലിത രുചി വരട്ടേ നാവിനും നാളുതോറും.
മുനികൾ മുദിരവര്ണ്ണൻ നാന്മുഖൻ തൊട്ട വാനോ-
രനിശമടിയിലമ്മേ! പൂജ ചെയ്യും തിരക്കിൽ
കനിയണമായി ഞാനും വന്നു പൂജിച്ചിടട്ടേ
ജനി മൃതിയൊഴിയട്ടേ കയ്യിനിജ്ജോലിയാട്ടേ.
പ്രിയതമനൊരുമിച്ചിട്ടുള്ള കേളിത്തിരക്കിൽ
പ്രിയസഖിജയചൂടിച്ചുള്ള പൂമാലവീണാൽ
പ്രിയമിവനതു കര്ണ്ണാലംകൃതിക്കാദിദൈത്യാ-
പ്രിയകരി!യവിടയ്ക്കാവശ്യമില്ലാത്തതല്ലേ?
ഭവസുഖകരി! സാക്ഷാൽ മാമറയ്ക്കുള്ള കൂമ്പേ!
ഭവഭയകരി! മായാമാമറയ്ക്കുള്ള തീയ്യേ!
ഭവതിയൊരുപകര്പ്പാണോര്ത്തുനോക്കുമ്പോൾനിൻപ്രാ-
ഭവമടിയനു തായേ! ഹന്ത ഞാൻ ബുദ്ധിമുട്ടി.
ഭ്രമമഖിലവുമാര്യേ! തീരണം ജന്മകർമ്മ-
ശ്രമമൊഴിയണ,മുള്ളിൽക്കാണണം ചിൽസ്വരൂപം
ക്ഷമ തടവിടുമമ്മേ! ഭക്തരക്ഷാര്ത്ഥമെല്ലാ
സ്സമയവുമലയുന്നു നീ,യിവൻ ഭക്തനല്ലേ.
സുകൃതി സുലഭമോര്ത്താലിജ്ജഗത്തിന്റെ മൂല-
പ്രകൃതികൾ കുടിപാര്ക്കും സ്ഥാനമാദ്യന്തശൂന്യം
വികൃതി രഹിതമുള്ളിൽക്കാണുവാൻ ശുദ്ധസത്വ-
പ്രകൃതിസുഖദശീലേ! നിയ്യരക്കണ്ണിടേണം.
അടിയമരമുറപ്പിച്ചംബികേ! നിന്നെയോര്ക്കാ-
നടിയനമരുമപ്പോൾ മായ വന്നിട്ടിളക്കും
ചൊടിയൊടു ഭയമെന്യേ 'പോടി! പോ' തൊട്ടിടായ്കി-
പ്പടി ഝടിതിയുരപ്പാൻ തക്കൊരൂക്കേകണം മേ.
ദുരിതമുരുബലത്താൽ വാസനാദ്ധ്വാവിലൂടേ
പെരിയ നരകദേശത്തേയ്ക്കു സംസാരഭാണ്ഡം
അരിയചുമലിലിട്ടായാത്ര പെട്ടെന്നു തട്ടി-
ത്തിരിയുമഖില നാഥേ! നിയരക്കൺമിഴിച്ചാൽ.
തവ മഹിമ ദുരൂഹം; മായയാൽജ്ജീവജാലം
ശിവ ശിവ! ശിവജായേ! ഹന്ത മോഹിച്ചിടുന്നു;
ഇവനിവനുടെയെന്നീ മട്ടു നട്ടം തിരിഞ്ഞി-
ട്ടവ പരമലയുന്നു കർമ്മമാർഗ്ഗങ്ങൾ തോറും.
ഇവനുമറിക ശുദ്ധം സ്വപ്നകല്പങ്ങളാമി-
ബ്ഭവന മവനി ഭാര്യാ പുത്ര മിത്രങ്ങളെല്ലാം,
ഭവമഹിഷി! പുലര്ത്തിസ്സത്യമെന്നോര്ത്തു മൌഢ്യാൽ
ദ്ദിവസവുമുഴലുന്നു കാണ്ക മായാവിലാസം!
കുറയണമിഹരാഗാദ്യോഗ്രഷഡ്രോഗശല്യം
മറയണമകലെപ്പോയ്ജ്ജന്മകർമ്മാദി ദുഃഖം,
പറയണമരമഷ്ടൈശ്വര്യസിദ്ധിക്കുപായം
നിറയണമകതാരിൽച്ചിദ്രസം രുദ്രജായേ!
ഈവണ്ണം ദീനദീനം മുറയിട്ടുമളവിൽ-
ദ്ദേവിയെന്നെക്കുറിച്ചാ-
ക്കൈവല്യാനന്ദസിന്ധുത്തിരയെ തൃപുരിക-
ത്തിന്റെ തുമ്പൊന്നിളക്കി.
കൈവന്നൂ ജീവൻ തിരിച്ചെൻ, വ്രണകദനകുലം
യാത്ര ചൊല്ലിപ്പിരിഞ്ഞൂ
കൈവന്നു സൌഖ്യമെന്തോ കഥ!യിനിയവിടു-
ന്നൊന്നു തൃക്കൺ മിഴിച്ചാൽ.
IV
മാറ്റേണം മാന്മിഴിത്തയ്യിവളുടെ ഗദമീ-
സ്സൽകൃപാവാരി കോരി-
പാറ്റേണം പാവമയ്യോ! ശിവ! ശിവ! വളരെ-
ബുദ്ധിമുട്ടുന്നു കഷ്ടം!
പോറ്റേണം പോറ്റി പാദാശ്രിതരുടെ വരമാം
ലീസ്റ്റിലിസ്സ്വാദ്ധ്വിയേയും
കേറ്റേണം മറ്റൊരാളില്ലടിയനു പിണയും
സങ്കടം തീര്ത്തയപ്പാൻ. 1
മായം പറ്റാതെ വൈദ്യം പലതുമിവിടെഞാൻ
ചെയ്തു ചേതോഹരാംഗി-
യ്ക്കായം കിട്ടുന്നതില്ലെന്തിതിനൊരു വഴിയി-
ന്നാറണിത്തമ്പുരാനേ!
കാര്യം കണ്ടിട്ടകത്തണ്ടെരിയുമിവനെയും
കര്ണ്ണരോഗാര്ത്തി മൂലം
തായം തെറ്റിക്കിടപ്പാമിവളെയുമിവിടെ-
ത്തന്നെ രക്ഷിച്ചിടേണം. 2
വെള്ളം മോന്താനുമുണ്ണുന്നതിനുമഴലക-
ത്തുള്ളതോതാനുമെന്നെ-
ക്കള്ളം കൈവിട്ടു നോക്കുന്നതിനുമരുതിതാ-
ഹന്ത! കട്ടിന്മലേലവം
വെള്ളം ചൂടും പുരാരേ! കമനിമണികിട-
ക്കുന്നതോര്ത്തോര്ത്തു വല്ലാ-
തുള്ളം കത്തുന്നു മാറ്റിത്തരണമിവളിലീ
വന്നരോഗം ക്ഷണത്തിൽ.
ഈവട്ടപ്പോർമുലപ്പൊൻതനുരുജസഹിയാ-
ഞ്ഞിട്ടു കണ്ണീർപൊഴിച്ചും,
വാവിട്ടയ്യോ കരഞ്ഞും, കുടുകുടിനെ വിയര്-
ത്തും, നിലത്താണ്ടുരുണ്ടും,
ആ വട്ടത്തൂരിരിയ്ക്കും പുരഹര! പകലും
രാവുമൊപ്പിച്ചുപോരു-
ന്നീവട്ടം കാണുവാനും പണിപണിയിവളെ
ത്ര്യക്ഷ ! രക്ഷിച്ചിടേണം. 4
വട്ടഞ്ചുറ്റുന്നുഞാനും, വരമൊഴിയിവളും;
കണ്ണുനീരിൽ കുളിച്ചീ-
വട്ടങ്കണ്ടിട്ടിരുന്നങ്ങിനെ കരയുമൊരീ-
ത്തള്ളയും; പിള്ളമാരും;
കട്ടത്തീക്കണ്ണ! നട്ടംതിരിയുമിവരിൽ നീ
തൃക്കടക്കണ്ണിടാഞ്ഞാൽ
കഷ്ടപ്പാടാരുതീര്ക്കും പനിമലമകളൊ-
ത്തമ്പുമെൻ തമ്പുരാനേന!
ഉണ്ണിപ്പൈതങ്ങ, “ളമ്മേ! കരയരുതരുതേ
ഞങ്ങൾ നീരുമ്മലൂതാം
ദണ്ഡിപ്പല്പംകുറയ്ക്കാം വരുവരുവെഴുനേ-
റ്റുണ്ണുവാനെ"ന്നിവണ്ണം
കണ്ണീർ തൂകിക്കഥിയ്ക്കുന്നളവവളരുതാ-
ഞ്ഞിട്ടു കാട്ടും വികാരം
കണ്ണിൽക്കണ്ടുള്ളുപൊള്ളുന്നടിയനെയവനം
ചെയ്യണം ചന്ദ്രമൌലേ! 6
ദേഹാലസ്യത്തിനാലും ദിനമനുവളരും
കര്ണ്ണരോഗാര്ത്തിയാലും
സ്വാഹാജാരപ്രശസ്താനന കടുവെയില-
ത്തിട്ടതാൾപോലെ കഷ്ടം
ഹാ! ഹാ! വാടിത്തളര്ന്നിത്തളിർതനു കഷണി-
യ്ക്കുന്നതോര്ത്തോര്ത്തെനിയ്ക്കോ
മോഹാലസ്യം വരുന്നൂ വലയുമടിയനെ
ക്കാത്തുകൊൾകാര്ത്തബന്ധോ! 7
എല്ലാനേരവുമൊന്നുപോലെ പലതും
വൈദ്യങ്ങളാവൈദ്യർവ-
ന്നുല്ലാസാലരുളുന്നതൊക്കെയടിയൻ
ചെയ്യിച്ചു ചിൽക്കാതലേ!
ഇല്ലാശ്വാസമശേഷമെന്റെ തരുണി-
ത്തയ്യിന്റെ കര്ണ്ണാമയം-
ചൊല്ലാളുന്ന മഹാഭിഷക്തമ! ഭവാൻ
മാറ്റിത്തരേണം ക്ഷണം.
സാപ്പാടെന്നല്ലുരിക്കാപ്പിയുമൊരുദിവസം
ചെന്നിടാതെത്രനാള-
യ്വെപ്പാറാതെന്റെ ഭാഗ്യച്ചെടിചകിതചലൽ
കുട്ടിമാൻദൃഷ്ടി കഷ്ടം!
തീപ്പാളും കര്ണ്ണദുവ്വേദന ഹൃദി സഹിയാ-
തീവിധം കട്ടിലിന്മേൽ
പാര്പ്പായിട്ടെ;ന്തുകൂത്താണൊരുകരുണപുല-
മ്പാത്തതെൻ തമ്പുരാനേ!
പൊട്ടിച്ചിന്നുന്നു ധൈര്യം പുരമഥന! വിഭോ!
കൂരിരുട്ടാര്ന്നു മൂടും
മട്ടിൽക്കാണുന്നുലോകം ഹൃദയമിഹവിറ-
യ്ക്കുന്നു വേര്ക്കുന്നു ദേഹം
തട്ടിപ്പോതുന്നതല്ലീനിലയിലടിയനെ-
ന്തൊക്കെയോ ദേവ!''നാനി-
ക്കുട്ടി''യ്ക്കീവന്ന ദീനം പരമരനിമിഷം
കൊണ്ടുമാറ്റിത്തരേണം.
പച്ചപ്പാവം കിടന്നെൻ മഹിഷിയുമിവനും
സങ്കടപ്പെട്ടിടുമ്പോ-
ളച്ഛന്നാലസ്യമാറ്റാനരികിലണയുവാൻ
ദണ്ഡമെന്തിന്ദുമൌലേ!
ഉൾച്ചിന്നാതെപ്പൊഴും കല്പന ഹൃദി കരുതി-
ക്കാത്തുനില്പോർകളാമീ-
ക്കൊച്ചങ്ങൾക്കാരൊരാലംബനമലിവവിടെ-
യ്ക്കുള്ളിലില്ലെന്നുവന്നാൽ? 11
അപ്പാത്തിക്കിരി നാട്ടുവൈദ്യരിവരു-
ണ്ടെല്ലായ്പോഴും തന്വിയെ-
കാപ്പാനായരികത്തവര്ക്കടിയനിൽ
താല്പര്യമുണ്ടെങ്കിലും
തൃപ്പാദങ്ങളൊഴിഞ്ഞു മറ്റു ഗതിയി-
ല്ലെന്നാണെനിയ്ക്കും സദാ-
വേര്പ്പാളും ദയിതയ്ക്കുമുള്ള ദൃഢവി-
ശ്വാസം വിശുദ്ധാകൃതേ!
എന്നോമൽപൈതൽ ദാമോദരനു മുലകൊടു-
ക്കാനെടുക്കാൻ ശ്രമിയ്ക്കും
പൊന്നോമൽപ്പൂന്തനുത്തയ്യിവളിതിനരുതാ-
ഞ്ഞിട്ടു കഷ്ടപ്പെടുന്നൂ
ഒന്നോതാമാക്കിടാവോ കുളുർമുല നുകരാ-
ഞ്ഞാര്ത്തനായ്പേര്ത്തിടുന്നൂ
നിന്നോടല്ലാതെ ഞാനാരൊടു പറയുവതീ-
സങ്കടം തിങ്കൾമൌലേ!
പൊട്ടിപ്പോം ചെകിടൊന്നുകിൽപ്പരമത-
ല്ലെങ്കിൽച്ചൂടും കണ്ണുനീർ
പൊട്ടിപ്പോമടിയന്നിതാണു നിലയീ-
ദീനം കുറേ ദുര്ഘടം
തട്ടിപ്പോ പരമാർത്ഥമോ പറയുമീ-
വൈദ്യോക്തി കേട്ടിട്ടു ഞാൻ
ഞെട്ടിപ്പോയ്ജ്ജഗദീശ! നീക്കണമെനി-
യ്ക്കാപ്പെട്ടൊരീസ്സങ്കടം.
പൊട്ടേണം നീരു നീലോല്പലദളമിഴിതൻ
വേദനയ്ക്കുല്പമായാ-
കിട്ടേണം കീരവാണിക്കിനിയൊരുനെടുവീര്-
പ്പത്രയായാര്ത്തബന്ധോ!
കൂട്ടേണം പാരമായുസ്സരനിമിഷമിനി-
ത്താമസിയ്ക്കാതെയിപ്പോൾ
കാട്ടേണം ദീനരക്ഷാനിപുണത ഗതിയി-
ല്ലന്യനിങ്ങന്തകാരേ!
കുന്നിൻനന്ദിനിനേടിവെച്ച സുഖസ-
മ്പത്തായ ചിത്തേ! ഭവാ-
നിന്നിദ്ദീനതയുള്ളൊരെന്റെ സുകൃത-
ക്കൂമ്പായ പെൺപൈതലേ
നന്ദിപ്പെട്ടഖിലാര്ത്തിതീർത്തു സുഖമാ-
ക്കിത്തന്നു രക്ഷിയ്ക്കുവാ-
നൊന്നിപ്പോൾ കൃപചെയ്ത നീലഗളമാര്-
ക്കണ്ഡേയബന്ധോ വിഭോ!
നീക്കേണം നീലകണ്ഠ! പ്രചുരകരുണയാ
കാന്തതൻ കര്ണ്ണരോഗം
കാക്കേണം കാലദൂതപ്പരിഷകളിവളെ -
ക്കൊട്ടയാട്ടാത്തമട്ടിൽ
കാക്കേണം മൂന്നുനാലോമനകൾ, മുലകുടി-
യ്ക്കും കിടാവെ,ന്നിതെല്ലാ-
മേല്ക്കേണം ഭാരമില്ലില്ലടിയനപരമാ-
ലംബനം സാംബമൂര്ത്തേ!
തൃപ്പാദാശ്രിതനായൊരെന്റെ തരുണി-
ത്തയ്യാണു നിന്മൈ പകു-
ത്തപ്പാതിയ്ക്കവകാശയാക്കിയ വധൂ-
രത്നം വളർത്തുന്നിവൾ
മുപ്പാരിന്നവലംബമേ! കഠിനമി-
ദ്ദീനത്തിലാപ്പെട്ടുഴ -
ന്നിപ്പാവം വലയുന്ന വസ്തുത ധരി-
യ്ക്കാഞ്ഞോ വലയ്ക്കുന്നുനീ.
നീരുണ്ണും നീരദാളീനിബിഡചികുരയെ-
പ്പാരയേ കാലദോഷം
ചേരും ചെമ്പൊൻനിറംതഞ്ചിന കുളിർതനുവാ-
ടുന്നു മൂടുന്നുബോധം
ഓരുംതോറും മഹാസങ്കടമടിപണിയും
ഭക്തരെക്കൈവെടിഞ്ഞാ-
ലാരും നിന്നെബ്ഭജിക്കില്ലടിയനുമഴല -
ണ്ടായതോര്ത്താര്ത്തബന്ധോ!
ഭൂവൊട്ടുക്കാടൽകൂടാതലിവിനൊടവനം
ചെയ്തു ചൈതന്യമാര്ന്നീ-
യാവട്ടത്തൂരിരിയ്ക്കും പുരഹരനടയിൽ
ചെന്നുനിന്നിപ്രകാരം
വാവിട്ടേറെക്കരഞ്ഞാരവതിലവിടു-
ന്നെന്റെ ഭാഗ്യപുളപ്പാ-
മീവട്ടപ്പോർമുലപ്പെൺകൊടിയുടെ സകലാ-
തങ്കവും തീർത്തുതന്നു.
താരോമൽത്തളിർമെത്തമേൽത്തടയുകിൽ
താപം പൊറുക്കാത്തൊരീ-
യാരോമൽക്കുളുർമേനിയിൽക്കുലിശമൊ-
ത്തക്കത്തികാണിച്ചതിൽ
പാരോമൽപ്പുകഴാര്ന്ന ഡാക്ടർ വരനാം
ശങ്കുണ്ണിമേനോന്റെ കൈ-
ത്താരോ, മാനസമോ, മദീയമനമോ
ശംഭോ! കഠോരം പരം!
V
വല്ലാത്ത സങ്കടമിനിക്ക, വിടേക്കു സൌഖ്യ-
മില്ലായ്മയില്ലതറിയാം, തവദാസനീഞാൻ
മുല്ലാസ്ത്രവൈരിയുടെ പുണ്യനികേതമേ! നീ
വല്ലായ്മ ഭക്തനു വരുത്തിയതെത്രകഷ്ടം!
ഭർത്താവിനോടുമൊരുമിച്ചു കുമാരരൊത്തു
ചീര്ത്താദരം ഭവതിയല്ലലൊഴിഞ്ഞു നിത്യം
പാര്ത്താൽ സുഖം ശരി, പദാശ്രിതരാര്ത്തരായാ-
ലോര്ത്താലുമദ്രിതനയേ! സുഖമെന്തുപിന്നെ?
കേളിപ്പെടുംകവികുലോത്തമനായ 'വള്ള-
ത്തോളിന്റെ' കര്ണ്ണരുജ കാലവിമാഥിജായേ!
ആളിത്തിളപ്പതൊഴിവാക്കണ, മിങ്ങുവേറി-
ട്ടാളില്ലിനിക്കു, പറവാൻ, കൃപവേണമെന്നിൽ
കേൾക്കില്ല തോഴനിവനോതുകി, ലങ്ങുമിന്നീ-
ലാക്കിൽച്ചിരിച്ചുകരയിക്കരുതെന്നെയമ്മേ!
നീക്കിത്തരേണമഴലാകെ,യിവന്റെ കണ്ണീർ
പോക്കിത്തരേണ,മിടനെഞ്ഞുരുകുന്നു തായേ!
ഞാന്തോറ്റു,ഹന്ത!പറയും മൊഴികേട്ടിടാഞ്ഞി-
ട്ടെന്തോ വിഷാദവിഷമാര്ന്നു പകച്ചുനോക്കി
എന്തോഴരെന്റെ ഹൃദയം ത്രിപുരാന്തകന്റെ
സന്തോഷകല്പലതികേ! തവിടാക്കിടുന്നു.
നാലാറുപേരൊടൊരുമിച്ചു നിരന്നിരുന്നു
കോലാഹലം വെടിപറഞ്ഞു തകർത്തിടുമ്പോൾ
ചേലാര്ന്നൊരെൻ പ്രിയവയസ്യനെഴും വികാരം
ശൈലാത്മജേ! വലിയ സങ്കടമൊന്നു കാണ്മാൻ.
ഉണ്ടായനാൾമുതലലഞ്ഞഴകുള്ള കേൾവി-
യുണ്ടായ്വരാൻ കരുതി നിങ്കഴലിൽബ്ഭജിയ്ക്കേ
ഉണ്ടായിരുന്ന നിജകേൾവിയുമസ്തമിച്ചു
കണ്ടാൽ നിനക്കു സുഖമോ സുരലോകവന്ദ്യേ!
ധന്വന്തരിക്കരിയപെങ്ങൾ: ഭിഷക്തമന്റെ
തന്വര്ദ്ധമംബ! സുരവൈദ്യർ തൊഴുന്ന ദൈവം;
മന്വന്തരങ്ങൾവിളയും വിളഭൂമി; നിയ്യേ
തന്വംഗി! നിങ്കലമരാത്ത ഗദങ്ങളുണ്ടോ?
"ചൊല്ലാര്ന്നെഴും തിരുമനസ്സിലെ വാക്കുകൾക്ക്-
നില്ലാ നിവൃത്തിയടിയത്തിനിതാണു യോഗം"
ചൊല്ലാൻതുടങ്ങുമവനിങ്ങനെ കൺനിറച്ചു
വല്ലാതെനിന്നു നിഖിലേശ്വരി! നിൻന്റെ ഭക്തൻ.
കര്ണ്ണാരിയായ ഗദവും രസമോ നിനക്കു
കര്ണ്ണാരിയിൽ പ്രിയതയുള്ളതുകൊണ്ടു നാഥേ!
വര്ണ്ണാത്മികേ! ഗമനവേളയിൽ വാജി;യുപ്പാ-
ണുണ്ണാനിരിപ്പളവു, "സൈന്ധവ"മോര്ക്കുകമ്മേ!
സാമാന്യനല്ല ഗിരിജേ! മഹദാദികാവ്യം
രാമായണം മുഴുവനും തവ പാദഭക്തൻ
ഹേമാരവിന്ദമിഴി! തര്ജ്ജമചെയ്തുതീര്ത്തോ
രാമാന്യതയ്ക്കുതകിയോ വിരുതിപ്രകാരം?
ലോകര്ക്കിതെത്രഗുണമാണയി!; മുന്തിരിങ്ങാ-
പ്പാകത്തിലല്ലി കൃതിചെയ്തതു കീര്ത്തിശാലി?
നാകപ്രശസ്തവിഭവേ! തിരുമേനി നല്ല
പാകത്തിലാക്കി, യിനിഞാൻ പറയുമ്പൊഴേറും.
ജ്ഞാനംകുറഞ്ഞ ചില ദുഷ്ടഭിഷഗ്വരന്മാർ
മാനംനടിച്ചു പല വിദ്യയെടുത്തൊടുക്കം
നൂനംനശിച്ചു ചെകിടെങ്കി;ലെനിക്കു രണ്ടു-
ണ്ടൂനം വരാത്തതതിലൊന്നവനേകുകമ്മേ!
എണ്ണിത്തരാം ഗുണഗണം പതിനായിരം ഞാൻ
വിണ്ണിങ്കലും പുകൾപുലര്ത്തിന ഭക്തനമ്മേ!
ദണ്ഡിച്ചിടുന്നു ചെവികേൾക്കരുതാത്തവൻ, തൃ-
ക്കണ്ണിൽജ്ജഗജ്ജനനി! ചോരയശേഷമില്ലേ?
അല്ലേ ജഗജ്ജനനി! നിന്മകനെന്റെ തോഴ -
നല്ലേ; നിനച്ചിടുക നിന്മകനല്ലി ഞാനും?
ചൊല്ലേണമേ ചെറുകിടാങ്ങളെയമ്മ രക്ഷി-
ക്കില്ലെങ്കിലെന്തു ഗതി; നാട്ടുനടപ്പിതാണോ?
വല്ലാതെ ദുഷ്ടവിധി മണ്ടയിലിപ്രകാര-
മെല്ലാം വരച്ചു ദൃഢമെങ്കിലുമാദിനാഥേ!
ചൊല്ലാര്ന്ന നിന്തിരുമിഴിക്കടകൊണ്ടുഴിഞ്ഞാൽ
പുല്ലാണതൊക്കെയതിനെന്തവിടെക്കുനഷ്ടം?
മായാപ്രയോഗമരുതീശ്വരി! സജ്ജനത്തി-
ലായാസമെന്തതിനു ദുഷ്ടജനങ്ങളില്ലേ?
ആയാൾ കുറച്ചു ഖലനെങ്കിലുമസ്തു പോട്ടേ;
പേയാക്കിടായ്ക്കടിയനുള്ളൊരപേക്ഷയമ്മേ!
നാമത്രയത്തിനുടെ മൂര്ത്തികൾ മുവ്വരും നി-
ന്നോമല്പദാശ്രിതർ, വിശിഷ്യ ഗദാന്തകന്മാർ,
നീമന്ദമൊന്നരുളിയാലവർ ചെന്നു വേഗ-
മാമഞ്ജു കീര്ത്തിയുടെ സങ്കടമൊക്കെ നീക്കും.
ആയാസമില്ല; സമയവ്യയമില്ല; വേറി-
ട്ടായാൾക്കൊരാൾ ശരണമില്ലൊ;രുനഷ്ടമില്ല;
നീയാധിതീര്പ്പവളി;വന്റെയപേക്ഷ; കാര്യം
ന്യായാനുരൂപ;മിതിലെന്തിനമാന്തമമ്മേ!?
വല്ലാതെനിക്കു പിടിപെട്ട മസൂരി സാര-
മില്ലാതെയാക്കിയവിധം ജഗദേകതായേ!
ചൊല്ലാര്ന്നൊരെൻ പ്രിയവയസ്യനുമേറ്റരോഗ-
മെല്ലാമൊഴിച്ചിടണമെങ്ങിനെയെങ്കിലും നീ.
"ദീനം മാറിക്കഴിഞ്ഞൂ ചെകിടടിയനു ധാ-
രാളമായ്ക്കേട്ടിടുന്നു-
ണ്ടാനന്ദിക്കാം ഭവാനും; ജനകനു;മവിടെ-
ക്കാണുവാൻ വന്നുകൊള്ളാം"
ഏനന്തെറ്റാതെ കത്തീനിലയിലെഴുതണം
തോഴരിങ്ങോട്ടുടൻ, ബ്ര-
ഹ്മാനത്തിന്റെ സത്തേ! കനിയണമടിയൻ
കാൽപിടിക്കാം നമിക്കാം.