ജീവചരിത്രം നാരായണൻനമ്പൂരി തിരുവിതാംകൂറിൽ പറവൂർതാലൂക്കു് അയിരൂർപകുതി വയലാദേശത്തു ശീവൊള്ളി വടക്കേടത്തു മഠത്തിൽ ഹരീശ്വരൻ നമ്പൂരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും തൃതീയപുത്രനായി 1044-ാമാണ്ടു ചിങ്ങമാസം 24-ആംനു കാർത്തികനക്ഷത്രത്തിൽ ജനിച്ചു. ശീവൊള്ളി എന്നതു ശിവംപള്ളിയുടെ ഒരു സങ്കുചിതരൂപമാണു്. “ശിവംപള്ളിയെന്നാലംബിക്കുമതിന്നു പേർ” എന്നു കവി തന്നെ ആ വസ്തുത ഒരെഴുത്തിൽ വ്യക്തമാക്കീട്ടുണ്ടു്. ശിവംപള്ളി ഇല്ലത്തു ജനിച്ചതിനാൽ ‘ശിവൻ’ എന്നും കവിയെ വിളിക്കാറുണ്ടായിരുന്നു. “മാനംചേർന്നമരും മഹാകവി ശിവൻ നാരായണൻ” എന്നു ദുസ്പർശാ നാടകത്തിൽ ഒരു പ്രസ്താവനയുണ്ടു്. മലയാറ്റൂർ മുരിയാടത്തു നമ്പിയാരോടു് 1053 മുതൽ 1058 വരെ സംസ്കൃതം പഠിച്ചു കാവ്യനാടകാദികളിൽ പാണ്ഡിത്യം സമ്പാദിച്ചു. കവിതാവാസന ജന്മസിദ്ധമായിരുന്നതിനാൽ എട്ടാമത്തെ വയസ്സിൽത്തന്നെ ശ്ലോകങ്ങൾ രചിച്ചുതുടങ്ങി. പിന്നീടു തൃപ്പുണിത്തുറയ്ക്കു പോയി കൊച്ചുണ്ണിത്തമ്പുരാന്റേയും നടുവത്തച്ഛന്റേയും ഗുരുനാഥനായ എളേടത്തു തൈക്കാട്ടു് ഇട്ടീരിമൂസ്സതിനോടു വൈദ്യശാസ്ത്രം നിഷ്കർഷിച്ചു പഠിക്കുകയും ആ ഭിഷഗ്വരനോടുകൂടി പല സ്ഥലങ്ങളിലും സഞ്ചരിച്ചു് ആ വിദ്യയിൽ പര്യാപ്തമായ പ്രായോഗിക വിജ്ഞാനം നേടുകയും ചെയ്തു. “രവിവിമലാകാരൻ” എന്നു് അദ്ദേഹത്തെ ദുസ്പർശാനാടകത്തിൽ വന്ദിച്ചിട്ടുണ്ടു്. കുറേ ജ്യോത്സ്യം ബാല്യത്തിൽത്തന്നെ പഠിച്ചിരുന്നു. അതിനുപുറമേ ചെപ്പടിക്കളിയും ചിത്രമെഴുത്തുംകൂടി കാലാന്തരത്തിൽ അഭ്യസിക്കുകയുണ്ടായി. കർണ്ണാടകം, ഇംഗ്ലീഷ് മുതലായി വേറെയും ചില ഭാഷകൾ ഗ്രഹിച്ചു.
വൈദ്യമായിരുന്നു ശീവൊള്ളിയുടെ ജീവിതവൃത്തി. 1070-ൽ സ്വദേശത്തേയ്ക്കു പോന്നു. 1071 മേടത്തിൽ അതിനു സമീപമുള്ള വരിക്കശ്ശേരി കുഞ്ചിയമ്മയെ വിവാഹം ചെയ്തു. 1072 വൃശ്ചികം 1-ആംനു അയിരൂരിൽ ഒരു വൈദ്യശാല സ്ഥാപിച്ചു് അതു യാവജ്ജീവം വിജയപ്രദമായ രീതിയിൽ നടത്തി. ശീവൊള്ളിക്കു വൈദ്യനെന്ന നിലയിൽ കേരളത്തിലും വിദേശങ്ങളിലും വലിയ പ്രശസ്തിയാണുണ്ടായിരുന്നതു്. 1078 കന്നിയിൽ അമ്മ മരിച്ചു. അർബുദമായിരുന്നു (Internal Tumour) കവിയുടെ മരണത്തിനു ഹേതുവായ വ്യാധി. ആ വ്യാധിക്കു നാലഞ്ചുകൊല്ലം ചികിത്സിച്ചതിൽ യാതൊരു ഫലവും കാണായ്കയാൽ 1081 വൃശ്ചികം 7-ആംനു മദിരാശിക്കു പോകുകയും അവിടെ ആസ്പത്രിയിൽ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായി 15-ാം൲ ചരമഗതിയെ പ്രാപിക്കുകയും ചെയ്തു.
കൃതികൾ ശീവൊള്ളിയുടെ പ്രധാന കൃതികൾ (1) മദനകേതനചരിതം, (2) സാരോപദേശശതകം (1072), (3) ദാത്യൂഹസന്ദേശം (1072), (4) ഒരു കഥ (1074), (5) ദുസ്പർശാനാടകം (1075), (6) ഘോഷയാത്ര ഓട്ടൻതുള്ളൽ (1073-ലും 1078-ലും) ഇവയാണു്. ഈ കൃതികളിൽ പത്തുശ്ലോകങ്ങൾ മാത്രം അടങ്ങിയ സാരോപദേശവും, ഇരുപതു ശ്ലോകങ്ങളിൽ കൂടുതലില്ലാത്ത ദാത്യൂഹസന്ദേശവുമേ സമ്പൂർണ്ണങ്ങളായിട്ടുള്ളു. ബാക്കിയെല്ലാം അസമഗ്രങ്ങളാണു്. സംസ്കൃതത്തിൽ കവനംചെയ്യുന്നതിനും കവിക്കു സാമാന്യപരിചയമുണ്ടായിരുന്നു. ആ ഭാഷയിൽ, (7) 1064-ൽ മൂകാംബിസ്ഥലമാഹാത്മ്യവും, (8) 1074-ൽ പാർവതീവിരഹം കാവ്യവും രചിച്ചു. അവകൂടാതെ അതേ രീതിയിൽ ദേവീമാഹാത്മ്യം (കോലേശ്വരീമാഹാത്മ്യം) എന്നൊരു കൃതിയും ഇരുപതു ദശകങ്ങളിൽ നിർമ്മിച്ചിട്ടുണ്ടു്.
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - കേരളസാഹിത്യചരിത്രം (അദ്ധ്യായം 52.7)