Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

020. സൎവ്വനാമം.

23. രാമൻ വന്നു, അവന്റെ പാഠങ്ങളെ നല്ലവണ്ണം പഠിച്ചു എന്ന വാക്യത്തിൽ അവന്റെ എന്ന പദത്തിന്നു മുൻപറഞ്ഞതായ രാമൻ എന്ന പദത്തെ സംബന്ധിച്ചു മാത്രമേ അൎത്ഥമുള്ളു. അതുപോലെ ഞാൻ, നീ എന്ന പദങ്ങൾക്കു സംസാരിക്കുന്ന ആളെയും കേൾക്കുന്ന ആളെയും സംബന്ധിച്ചു മാത്രം അൎത്ഥം ഉണ്ടാകുന്നുള്ളൂ. സ്വതേ അൎത്ഥമില്ലാതേ അന്യപദത്തെ ആശ്രയിച്ചു മാത്രം അൎത്ഥമുള്ളവയായ്ത്തീരുന്ന നാമങ്ങൾക്കു സൎവ്വ നാമങ്ങൾ എന്നു പേർ.
24. കൃഷ്ണൻ കൃഷ്ണന്റെ മാതാപിതാക്കന്മാരെ അനുസരിച്ചു നടക്കുന്നതുകൊണ്ടു കൃഷ്ണനിൽ മാതാപിതാക്കന്മാൎക്കു പ്രീതിയുണ്ടായി കൃഷ്ണന്നു ആവശ്യമുള്ള സാധനങ്ങളെ കൃഷ്ണന്റെ മാതാപിതാക്കന്മാർ കൊടുക്കുന്നു.
ഇവിടെ കൃഷ്ണശബ്ദത്തെയും മാതാപിതാക്കന്മാർ എന്ന ശബ്ദത്തെയും പലകുറി ആവൎത്തിച്ചു പറഞ്ഞിരിക്കയാൽ കേൾക്കുമ്പോൾ ഒട്ടും രസം തോന്നുന്നില്ല. അതുകൊണ്ടു കൃഷ്ണൻ തന്റെ മാതാപിതാക്കന്മാരെ അനുസരിച്ചു നടക്കുന്നതുകൊണ്ടു അവനിൽ അവൎക്കു പ്രീതിയുണ്ടായി, അവന്നു ആവശ്യമുള്ള സാധനങ്ങളെ അവർ കൊടുക്കുന്നു എന്നു പറയുന്ന പക്ഷം ഈ ആവൎത്തനം കൂടാതേ കഴിപ്പാൻ കഴിയും അപ്പോൾ ഈ ശ്രുതികടുത്വം ഇല്ലാതായ്വരുന്നു. ഇതിന്നു കാരണം കൃഷ്ണൻ എന്നതിന്നു പകരം അവൻ താൻ എന്ന ശബ്ദങ്ങളെ ഉപയോഗിക്കുന്നതുകൊണ്ടും മാതാപിതാക്കന്മാർ എന്നതിന്നു പകരം അവർ എന്ന ശബ്ദം പ്രയോഗിക്കുന്നതു കൊണ്ടും ആകുന്നു. കൃഷ്ണശബ്ദത്തിന്നു പകരമായ്വരുന്ന അവൻ, താൻ എന്നവയും നാമം തന്നേയെങ്കിലും നാമത്തിന്നു ള്ള പോലെ ഇതിന്നു സ്വതേ അൎത്ഥമില്ല; മുൻപറഞ്ഞിട്ടുള്ള വേറേയൊരു നാമത്തെ സംബന്ധിച്ചാൽ മാത്രം അവക്കു അൎത്ഥമുണ്ടാകുന്നുള്ളു. അവൻ വന്നു’ എന്നു മാത്രം പറഞ്ഞാൽ മുൻപറഞ്ഞിട്ടുള്ള ഒരു പുരുഷനെ അതു സംബന്ധികാത്തതുകൊണ്ടു അവൻ ആരെന്നു അറിയുവാൻ കഴിയായ്കയാൽ ആരെക്കുറിച്ചു സംസാരിക്കുന്നു എന്നു അറിഞ്ഞുകൂട. മേൽവാക്യത്തിൽ അവൻ എന്നുള്ള പദം കൃഷ്ണന്നു പകരം പ്രയോഗിച്ചിരിക്കുന്നുവെങ്കിലും ആവശ്യംപോലെ രാമൻ, ഉദ്യോഗസ്ഥൻ, കച്ചവടക്കാരൻ, വക്കീൽ, ആശാരി മുതലായ സൎവ്വപുരുഷന്മാരെക്കുറിച്ചും ഒരുപോലെ ഉപയോഗിപ്പാൻ കഴിയുന്നതാകുന്നു. അതുകൊണ്ടത്രേ ഈ വിധം വാക്കുകൾക്കുസൎവ്വനാമം എന്നു പേർ. അവൻ എന്നതിനെ പുരുഷന്മാരെ സംബന്ധിച്ചുപയോഗിക്കുന്നതുപോലെ അവൾ എന്നതിനെ സ്ത്രീകളെ സംബന്ധിച്ചുപയോഗിക്കുന്നു. വിശേഷബുദ്ധിയില്ലാത്ത മറ്റുള്ള എല്ലാറ്റിനെയും സംബന്ധിച്ചു പറയുമ്പോൾ അതു എന്നും ഉപയോഗിക്കും.

1. അവൻ കൃഷ്ണന്റെ പിതാവ്.
2. അവൾ രാമന്റെ അമ്മ.
3. ഇവൻ മാധവിയുടെ അനുജൻ.
4. ഇവൾ നാരായണന്റെ ഭാൎയ്യ.
5. അതു നല്ല പശു.
6. ഇതു ചീത്ത മണം.
7. അതു നനഞ്ഞ പായ്.
8. ഇതു പ്രയാസമുള്ള പണി.
9. അവർ നല്ലവർ.
10. ഇവർ സാധുക്കൾ.
11. ഇവ മൃഗങ്ങൾ.
12. അവ പക്ഷികൾ.

25. സൎവ്വനാമങ്ങളെ താഴേ പറയുന്നു.

താളിളക്കം
!Designed By Praveen Varma MK!