1091
പുരുഷമണി, പുലസ്ത്യപൌത്രഹന്താ-
വരുളിന 'വില്വമഹാദ്രി'തൻ പ്രദേശം,
ഒരു പകലറുതിയ്ക്കു പോക്കുവൈലേ-
റ്റുരുകിയ തങ്കമൊഴിച്ചപോലെ മിന്നി.
പ്രകടതര മുയര്‍ന്നതാപമാഠി-
സകലരുമൊട്ടു സമാശ്വസിക്കുമാരായ,
പകലിനെ മറുദിക്കിലേയ്ക്കയപ്പാൻ
മികവെഴുമന്തിമ സന്ധ്യവന്നടുത്തു.
സ്വയമലഘുതരാഭിതാപകൃത്താ-
കിയ പകലിന്റെ കഠോരമാം കഴുത്തിൽ,
നിയതിയുടെ ബലേന കത്തി വീണൂ;
വിപതി വിസൃത്വരമായ് നിണത്തുടുപ്പും!
അകലുഷഗിരിതൻ മുടിസ്ഥലത്തും
സ്വകടകഭൂവിലുമുള്ള കോവിൽ തോറും,
പകലൊളിയിൽ മയങ്ങി മിന്നി, ചാമ്പേ-
യകമലർമൊട്ടുകൾ പോലെ ദീപജാലം.
പെരുമലയുടെ നേർകിഴക്കു നാനാ-
തരുലതികാദി നിറഞ്ഞ കാനനാന്തം,
അരുണകരമണഞ്ഞിടാതെയായി-
ട്ടൊരുപുക പോലിടചേര്‍ന്നിരുണ്ടു കാണായ്.
ധ്രുവമിഹ സുലഭം ബഹുപ്രകാരോ-
ത്സവകരമാം വനമെന്നു കാണ്കയാലോ
സ്വവസതി തിരുവില്വശൈലമാക്കീ,
ദിവസശരങ്ങൾ വനേ രമിച്ച രാമൻ!
ഗിരിയിതിലരുളുന്ന രാഘവശ്രീ-
ഹരിയുടെ തൃച്ചരണത്തിൽനിന്നു വീണ്ടും
പരിചിലവതരിച്ച ഗംഗപോല-
ങ്ങരിയ 'നിളാ'നദി നിര്‍മ്മലം വിളങ്ങി.
തളരുമിനകരാങ്കുരങ്ങാട്ടൊ-
ട്ടിളകിന് വീചികളിൽപ്പതിയ്ക്കയാലേ
വളരുമൊരഴകാർന്നിരുന്നു പേരാ-
റിളയുടെ പൊന്നണിമുത്തുമാല പോലെ.
പ്രതിനവമിര കൊണ്ടു കൂട്ടിലെത്തു-
ന്നതിനിനമൊത്തു പറന്നുപോം ഖഗങ്ങൾ
പ്രതിഫലനമിഷാൽ നിളാജലത്തിൽ-
ദ്ധൃതിയൊടു ചെയ്തു ദിനാന്തമജ്ജനത്തെ.
പരിണതി പകലിനടുത്തതോര്‍ത്താ-
സ്സരിതി കുളിച്ചു വിലാസിയാം സമീരൻ
പരിസരവിപിന പ്രസൂനപാളീ-
പരിമളപൂരമെടുത്തെടുത്തു പൂശീ.
തിരുനിളയുടെ തീരമൊടടുത്തു-
ള്ളൊരു വിപുലോന്നതമാം പറമ്പിലൂടെ
തരുണിയൊരുവൾ പോയിരുന്നു താനേ,
പെരുകുമതിൻ വിജനത്വമൊട്ടുകറ്റി.
തടിമരവുമിടയ്ക്കിടയ്ക്കു വള്ളി-
ക്കുടിലുമിണങ്ങിടുമാപ്പെരുംപറമ്പിൽ
വടിവൊടവള്‍ വിളങ്ങി; വാനിൽനിന്നും
ഝടിതി പതിച്ചൊരു കൊച്ചുതാരപോലെ.
ധവളപടമുടുത്ത രീതി, കണ്ഠാ-
ദ്യയവമണ്ഡനവൃന്ദസമ്പ്രദായം
സുവദനശശിതൻ വിശേഷതേജ-
സ്സിവ,യിവള്‍ നായർനതാംഗിയെന്നു ചൊല്ലി.
കളിയതുപോഴുതേ കഴിഞ്ഞ കൊണ്ടൽ-
ക്കുളിർകഴലാളുടെ കോമളാമലാംഗം
ഒളി വിതറി: മിനുക്കുവേല തീരും
ലളിതസുര്‍വണ്ണശലാകയെന്നപോലെ.
ഹരിണമിഴി ചുരുണ്ട തുമ്പു കെട്ടി-
പ്പരിചൊടു പിൻവശമിട്ട കേശപാശം
പെരികെ വിലസി, നൽക്കളിന്ദജോര്‍മ്മി-
പ്പരിഷകണക്കു നിതംബസൈകതത്തിൽ.
സുതനുവിനുടെ ശുഭ്രഭസ്മരേഖാ-
ങ്കിതവുമുദാരവുമായ നെറ്റിയിന്മേൽ,
ചിതമിയലിന തെന്നലേറ്റു ചിന്നി-
ച്ചിതറി ലസിച്ചിതു ചൂര്‍ണ്ണകുന്തളങ്ങൾ.
നളിനവദനതൻ ജപംനിമിത്തം
ലളിതചലന്മൃദുലാധരാന്തരത്തിൽ
തെളീരദനിര ദൃശ്യമായിരുന്നൂ
തളിരടയിൽച്ചില മുല്ലമോട്ടു പോലെ.
മലരഴകിൽ നിറച്ചൊരോട്ടുപാത്രം
വിലസി വിലാസിനിരുന്നിടംകരത്തിൽ;
അലസതനു പൊതിച്ച രണ്ടിളന്നീർ
വലതു കരത്തിലുമുദ്വഹിച്ചിരുന്നു.
വരശുഭവിഭവോന്നതിയ്ക്കും സര്‍വോ-
ത്തരമുതകുന്നൊരു തിങ്കളാഴ്ച നോൽമ്പാൽ
ഹരഭജനവിധിയ്ക്കു പോകയാണി-
പ്പരമകൃശോദരിയമ്പലത്തിലേയ്ക്കായ്.
സതി നിജസദനത്തിൽനിന്നു പോരു-
ന്നതിനു കുറച്ചിട താമസിച്ച മൂലം
പതിവു സഖികൾ മുൻകടന്നു പോയ്പോ-
യതി,ലിവൾ കേവലമേകയായി മാര്‍ഗ്ഗേ.
ചുമലണിവസനത്തിനുള്ളിൽ വിങ്ങും
സുമഹിതവാർമുലയും, നിതംബവായ്പും,
ശ്രമാടനുവദിച്ച വേഗമാര്‍ന്നാ-
ക്കമനി നടന്നു കരൾക്കൊരിണ്ടലോടെ.
മടവയർമണിയാ മരുപ്രദേശ-
ക്കടലൊരുമട്ടു കടന്നു പാതിയോളം
ഉടനടിയവൾതന്റെ മുന്നിലെത്തി
സ്ഫുടതരരാക്ഷസരൂക്ഷരൂപനേകൻ,
കൊടിയൊരുടലെടുത്ത രൌദ്രമാമാ-
ത്തടിയനെ മുന്നിലടുത്തു കാണ്കയാലേ
ഝടിതി പതറിയൊന്നു ഞെട്ടി, നാല-
ഞ്ചടി, യറിയാരവം പിന്നിലേയ്ക്കു മാറി.
പിരി മുറുകി വളഞ്ഞ മീശ, ചെന്തീ-
പ്പൊരി ചിതറും മിഴി, വട്ടമൊത്ത താടി
ഹരി! ഹരി! യമനും നടുങ്ങുവൊന്നാ-
കരിമലയന്റെ കരാളമായ വൿത്രം!
വെറിയനവന,താതിടത്തു തട്ടി-
പ്പറി തൊഴിലായ് പുലരും മുഹമ്മദിയൻ,
മറിമൃഗമിഴി നിസ്സഹായ; മാര്‍ഗ്ഗം
കുറിയതുമല്ല, മനുഷ്യഗന്ധശൂന്യം!
പകലിരവവനാചരിയ്ക്കുമോരോ
വക ദുരിതത്തോഴിലിന്റെ ലാഞ്ചനങ്ങൾ
അകരണതരനാമവന്റെ പൈശാ-
ചികവദനത്തെയലംകരിച്ചിരിരുന്നു.
ഒരുവക വലുതായ കത്തി കൂറ്റൻ
തിരുകിയിരുന്നു വലത്തുപാടരയ്ക്കൽ;
പരുഷമതു രസേന പാന്ഥരക്ത-
ക്കുരുതിയി'ലൂളിയിടാ'ത്ത നാൾ ചുരുങ്ങും!
ഒരു ചിരി കൊടുതായ് ചിരിച്ചു, ചെംപ-
ല്ലിരുവരിയും ശരിയായ്പ്പുറത്തു കാട്ടി,
തരുണിയൊടതി നീചഭാഷയിൽ,ത്താൻ
കരുതിയ കാര്യമവൻ കഥിച്ചു കൊണ്ടാൻ.
പരധനഹരനാമിവന്റെ നോട്ടം
വരതനുവിന്റെ മണിഭൂഷണത്തിലല്ലാ;
ഹര! ഹര! ശിവ! തൽസതീത്വവിത്തം
വിരയെ ഹരിപ്പതിനാണിവൻ കൊതിപ്പൂ!
പേരിയ ഭയമിതെന്തിനാണു ശോണാ-
ധരികളെ'യുത്ത'നുപദ്രവിക്കയില്ല;
വരിക; മമ പുരയ്ക്കലേയ്ക്കു പോകാം
ത്വരിതമിതാണുരചെയ്തതുഗ്രശീലൻ
കയൽമൊഴിയുടെ കണ്ണിരുട്ടടഞ്ഞൂ;
മയമിയലും മനമത്രയും മയങ്ങീ;
ഉയരുമഴലറിഞ്ഞിടായ്‍വതിന്നീ-
ബ്ഭയപരിമൂര്‍ച്ഛ തുണച്ചിതൊട്ടുനേരം
ചടുലപദ,മൊരുന്നതാചലത്തിൻ
കൊടുമുടിതന്റെ മുനമ്പിൽ നിന്നു, താഴേ
പടുകുഴിയിൽ വിഴാൻ തുടങ്ങിടുമ്പോൾ
പെടുമൊരവസ്ഥയിലായിതാക്കുമാരി.
ശിലയുമലിയുമോമനസ്വരത്തിൽ
പലതരമര്‍ത്ഥന ചെയ്തു നോക്കിയിട്ടും
ഫലമഹഹ! ലഭിച്ചതില്ലവൾക്കാ;-
ഖലനൊരുമിച്ചു ഗമിച്ചിടേണ്ടിവന്നു.
സ്മരഹര, ഭഗവൻ, പദാബ്ജ-
സ്മരണയിലാണ്ടൊരു സദ്വൃതാഢ്യയാളെ
സ്മരവശനൊരു നീചനാക്രമിപ്പാൻ
സരസമൊരുങ്ങുവതങ്ങു കാണ്മതില്ലേ.
ചപലതയുടെ ശാസനത്തിനാലോ,
വിപദി കഥഞ്ചന ധൈര്യമേല്ക്കയാലോ,
അപരനില ക്രമേണ പൂണ്ടാ
ദ്വിപനടയാളവനിൽ പ്രസന്നയായി.
തരുമതിമതിലൊത്തു, പുല്ലു മേഞ്ഞു -
ള്ളൊരു കുടിലിൽ ദ്രുതമെത്തി രണ്ടുപേരും,
ഉരുതരകൃതകൃത്യഭാവമോടാ-
ത്തരുണിയുമൊത്തിറയത്തിതിരുന്നിതു'ത്ത'ൻ,
സുlനുവിരുകരിക്കിലൊന്നിനാൽത്തൻ-
വ്രതജപിപാസയടക്കുവാനൊരുങ്ങി,
ഇതരമാരുപചാരമായ് ക്കൊടുത്താ-
ളതനുനവജ്വരമാർന്ന മാപ്പിളയ്ക്കായ്.
അലഘു ദുരിതനക്കരിക്കെടുത്താ-
ക്കൊലകൾ പയറ്റിയ കത്തിയാൽ തുരന്നു;
മലരൊരുപിടി വാരി വായിലാക്കി-
ക്കുലവനിതയ്ക്കു കൊടുത്തു കത്തി പിന്നെ.
ആരണ്യായതനത്തിലങ്ങതിഥിയായ്-
ച്ചെന്നാഗ്ഗൃഹസ്ഥന്നു സൽ-
ക്കാരം ചെയ്ത നതാംഗിയോ വിനയമോ.-
ടക്കത്തി കൈക്കൊണ്ടുടൻ,
ഘോരം വട്ടമുഖം മലര്‍ത്തിയിളനീർ-
വെള്ളം ചെലുത്തും ജള-
ക്രൂരൻതൻ നെടുതാം കഴുത്തിലൊരു വെ-
ട്ടാക്കീട്ടു വെട്ടീടിനാള്‍
'ഹള്ളാ' എന്നു മലച്ചു മാപ്പിള നില -
ത്ത; -ക്കാലപാശത്തെയും
തള്ളാൻ പോന്ന കരാളനെങ്ങു? കമല-
ത്തണ്ടൊത്ത കയ്യെങ്ങഹോ!
ഉള്ളാ നായർവധൂമണിയ്ക്കെരികയാൽ,
പേർ കേട്ട തൽപൂര്‍വികര്‍-
ക്കുള്ളാ ക്ഷത്രിയരക്തമൊട്ടിടയുണര്‍-
ന്നുള്‍പ്പാഞ്ഞിരിയ്ക്കാമതില്‍