മംഗളോദയം വാള്യം 10 (1092 മേടം മുതല്‍ തുടങ്ങുന്നത്) എടവം(80-83), മിഥുനം(120-123), കര്‍ക്കിടകം(160-163), ചിങ്ങം(200-203), കന്നി(240-242) മാസലക്കങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നു.
I അക്ഷരമകാണ്ഡം
1 യമകം
2 പദയമകം
3 വ്യംഗ്യപദയമകം
4 മാത്രാച്യുതകം
5 ബിന്ദുച്യുതകം
6 അക്ഷരച്യുതകം
7 അക്ഷരയമകം
8 ഗോമൂത്രിക ബന്ധം (പത്മബന്ധം)
9 ഷള്‍കോണചക്രബന്ധം
10 പുഷ്പബന്ധം
11 രഥചക്രബന്ധം
12 രഥബന്ധം
13 സര്‍പ്പബന്ധം
14 മുക്താഹാരബന്ധം
15 സര്‍വ്വതോഭദ്രബന്ധം
16 ആദ്യക്ഷരപ്രാസം
17 രണ്ടാമക്ഷരപ്രാസം
18 മൂന്നാമക്ഷരപ്രാസം
19 നാലാമക്ഷരപ്രാസം
20 അഞ്ചാമക്ഷരപ്രാസം
21 അന്തരാളപ്രാസം
22 അഷ്ടപ്രാസം
II ഭംങ്ഗകാണ്ഡം
23 ഭങ്ഗം
24 പരിവര്‍ത്തകം
25 ചൂര്‍ണ്ണകം
III വര്‍ണ്ണാനുപ്രാസകാണ്ഡം
26 അനുപ്രാസം
27 വര്‍ണ്ണാനുപ്രാസം
28 ഉല്ബണകേവലവര്‍ണ്ണാനുപ്രാസം
29 അനുല്ബണകേവലവര്‍ണ്ണാനുപ്രാസം
30 ഉല്ബസവര്‍ണ്ണവര്‍ണ്ണാനുപ്രാസം
31 അനുല്ബസവര്‍ണ്ണവര്‍ണ്ണാനുപ്രാസം
32 വൃത്ത്യനുപ്രാസം
IV പദാനുപ്രാസകാണ്ഡം
33 പാദാനുപ്രാസം
34 വ്യംഗ്യപാദാനുപ്രാസം
35 സമസമസ്യ
36 വിഷമസമസ്യ
37 സമവിഷമസമസ്യ
38 വിച്ഛിന്നസമസ്യ
ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ ഭാഷാഭൂഷണമെന്ന അലങ്കാരശാസ്ത്രഗ്രന്ഥം പുറത്തുവന്നപ്പോൾ അതിലെ ശബ്ദാലങ്കാരപ്രകരണം തമ്പുരാനു് അത്ര സമഞ്ജസമായി തോന്നിയില്ല. അതുനിമിത്തമാണു് പ്രസ്തുത കൃതി അദ്ദേഹം രചിച്ചതു്.
“മലമങ്കയ്ക്കു കുമ്പിട്ടു ചില പിച്ചളവാക്കിൽ ഞാൻ
അലങ്കാരംപണിക്കുള്ള നിലവച്ചച്ചുകൊത്തിടാം”.
എന്നു മഹാകവി തന്റെ ഉദ്യമത്തിന്റെ സ്വഭാവം സൂചിപ്പിക്കുന്നു. വിവിധരീതികളിലുള്ള യമകങ്ങൾ, ബന്ധങ്ങൾ, അനുപ്രാസങ്ങൾ, സമസ്യകൾ ഇവയ്ക്കെല്ലാം ഉദാഹരണങ്ങൾ അക്ലിഷ്ടമനോഹരങ്ങളായ ശ്ലോകങ്ങളിൽ അദ്ദേഹം ഈ കൃതിയിൽ രചിച്ചുചേർത്തിട്ടുണ്ടു്.
ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
കേരളസാഹിത്യചരിത്രം 49.31
ശബ്ദാലങ്കാരം
ശ്രുതിസുഖമുളവാക്കും ശബ്ദമാർന്നർത്ഥസമ്പ-
ത്തതിരുചിയോടു തേടുന്നല്ലലങ്കാരമോടും
തിധരമടിമൂടിക്കൂടിടും മങ്കയാളെൻ
തിയിൽ വിലസിടട്ടേനല്ലകാവ്യംകണക്കേ.
സൗന്ദര്യംകളവാണിയായ കവിത-
പ്പെണ്ണിനലങ്കാരമാ-
ണാന്നേറ്റംതെളിയിപ്പതെന്നു സരസ-
ന്മാർക്കൊക്കെയും സമ്മതം
എന്നല്ലങ്ങിനെ ഭംഗികൂട്ടിടുമല-
ങ്കാരം ചമയ്ക്കുന്നവർ-
ക്കെന്നയ്ക്കും കവിതാംഗനാപ്രിയജനം
സമ്മാനമേകുംദൃഢം.
മലമങ്കയ്ക്കുകുമ്പിട്ടു
ചിലപിച്ചളവാക്കിൽ ഞാൻ
അലങ്കാരംപണിയ്ക്കുള്ള
നിലവെച്ചച്ചുകൊത്തിടാം.
അലങ്കാരംരണ്ടുവിധ
മലംകവിത ചാർത്തുമേ
ശബ്ദാലങ്കാരം പിന്നെ-
യർത്ഥാലങ്കാരവുംതഥാ.
ശബ്ദങ്കൊണ്ടഴകാണ്ടതു
ശബ്ദാലങ്കാരമാണുരുളപോലേ
അർത്ഥത്താൽ വിലയേറിയ-
തർത്ഥാലങ്കാരമണിമണികണക്കേ.
ആദ്യംപറഞ്ഞുവെച്ചൊരു
ശബ്ദാലങ്കാരമൊന്നെടുത്തിവിടെ
ക്രമമൊടുവേറുതിരിയ്ക്കാം
യമകമനുപ്രാസമെന്നുരണ്ടുവിധം.
യമകം
ഭിന്നാർത്ഥമായ് ശബ്ദമാത്ര-
മൊന്നാം പദ,മക്ഷരം
സ്ഥാനത്തിവയിരട്ടിച്ചാൽ
നൂനംയമകമായരും.
ശിക്ഷയിലിഹപദയമകമി-
തക്ഷരയമകമതിതെന്നു തിരിവറിവാൻ
ലക്ഷണമൊന്നുണ്ടർത്ഥാ-
പേക്ഷപെരുത്തൊന്നിനൊന്നിനില്ലൊട്ടും.
സ്ഥാനം
പാദംമുഴക്കെയൊരുപാദമതല്ലനേക-
പാദങ്ങളെന്നിവയിലാദിനടക്കൊടുക്കും
സ്ഥാനങ്ങളീനിലയിലായ്പലമട്ടിലുണ്ടീ
സ്ഥാനങ്ങളാൽ യമകഭേദമനേകമല്ലോ.
പാദം മുഴുക്കെയുള്ള യമകം പദയമകമല്ലാതെ പറ്റുന്നതല്ലെന്നു പറയേണ്ടതില്ലല്ലൊ.
പദയമകം
പാദം മുഴുക്കെ എങ്ങിനെയെന്നാൽ:
ശംഭോ!നിൻനിലയുംനന്നു
നല്ലാർ ചൂടും കലാപവും
ഇതിൽത്തേടുന്നിതല്ലോനിൻ
നല്ലാർ ചൂടും കലാപവും.
അർത്ഥം- നല്ലനടി ചൂടുന്ന ഭൂഷണം എന്നും, സ്ത്രീവ്യസനവും കലഹവും ഇതുമൂലം തേടുന്നൂ എന്നുമാകുന്നു
ഓരോ പാദങ്ങളുടെ ആദി നടുക്ക് ഒടുക്കം ഈ സ്ഥാനങ്ങളിലുള്ള യമകങ്ങളെ യഥാക്രമം കാണിയ്ക്കുന്നു:-
ശിവനേ!ശിവനേതിനുമില്ലദൃഢം
വിഷമംവിഷമന്നമശിച്ചിതവൻ
മലയോമലയോർത്തുകൊടുക്കെരസം
വഴിയേവഴിയേയുടലാക്കിമഹാൻ.
അർത്ഥം- ശിവനേ! എന്ന് ആശ്ചര്യസൂചകമാകുന്ന വാക്കാണ്'. ശിവന്, ഏതിനും വിഷമം, വിഷം, അന്നം, മല, ഓമലേ, ഓർത്തു, കൊടുക്കെ, രസം വഴിയേ വഴിഞ്ഞുങ്കൊണ്ടു- വഴിയേ ക്രമത്തിൽ
മലയിലാലയിലാണ്ടൊരുവേടനോ
കണവനാണവനാണുടൽപാതിതേ
സകലരുംകലരും ഭുവനേശി! നിൻ
വിഭവമോഭവമോഹിനി മോഹനം.
അർത്ഥം- ആല = ചെറ്റക്കുടിൽ; സകലരുംകലരും ഭുവനേശി = എല്ലാവരുമിടകലർന്നിട്ടുള്ള ലോകത്തിന്നു നാഥേ!.
കഠിനംഭവസംകടമേകടമേ
തവനുംഹൃദികൈതൊഴിയാതൊഴിയാ
ഇതിനുറ്റൊറാരുപായമിതായമിതാ-
ശയമാത്മസുഖാവരണംവരണം.
അർത്ഥം- സംകടമേകടം- ഏതവനും കൈതൊഴിയാതെ ഒഴിയാ- ഉപായം ഇതാ- യമിതാശയം = മനോനിയമനം ചെയ്തിട്ടുള്ള- ആത്മസുഖാവരണം സുഖമാകുന്ന മറവു വരണം
ഈരണ്ടു പാദങ്ങളിലായിട്ട് ആദിമദ്ധ്യാന്തയമകങ്ങളെ കാട്ടുന്നു.
മലമങ്കേ!മനസ്സിന്റെ
മലമന്തംവരുത്തിമേ
ഗുണമേകേണമേസത്വ-
ഗുണമേറുന്നദൈവമേ!
ഉടന്നമുക്കിന്നൊരുപാടുദുഃഖം
പെടുന്നമുക്കിന്നൊരൊഴിച്ചിൽ കിട്ടീ
സ്ഫുടംഭവാനീപദമോര്‍ത്തുകണ്ടാൽ
ദൃഢംഭവാനീവ്യസനം കടക്കാം.
ഉടൻ- നമുക്ക്- ഇന്ന്- ഒരുപാട്- പെടുന്നമുക്കിന്ന്- ഒഴി- ഭവാനീപദം- ഭവാന് ഈ വ്യസനം
പുരുകൃപയുടെയകിടാവേ-
ണ്ടൊരുനിന്മിഴിശൈലമൌലിയുടെയകിടാവേ!
എന്മേൽ വിളയാടണമേ-
റ്റമ്മേസുഖസസ്യവിത്തു വിളയാടണാമേ.
കൃപയുടെ- അകിട്- ആവേണ്ട. കൃപ കറന്നെടുക്കുന്ന അകിട് (അവിട് ) ആവേണ്ടതായ. മൌലിയുടെയ- ഹിമവാന്റെ-കിടാവേ- വിളയാടണം- ഏററം. വിത്തു വിള- ആടണം.
ഓരോ പാദങ്ങളിടവിട്ടും ആദിമദ്ധ്യാവസാനങ്ങളിൽ,
സംസാരമായവികടക്കടലക്കരയ്ക്കു
പറ്റാൻ തവസ്മരണ വഴിയെന്നിവണ്ണം
സംസാരമായതുശിവേ! പുനരെങ്കൽ മാത്രം
പറ്റാത്തതെന്തുനിഗമാര്‍ത്ഥമനര്‍ത്ഥമാമോ?
പനിമലയ്ക്കുപിറന്നൊരുദിവ്യമാ-
നിനി!വരന്തരിക,ങ്ങുതരായ്ക്കിലും
ഇനിമലയ്ക്കുകയില്ലിവനീശകാ-
മിനിവരന്തരുമേമമവാഞ്ഛിതം.
എല്ലാവര്‍ക്കുംമഹാമായ-
മല്ലോമാരണമെന്നുമേ
എല്ലാംതീര്‍ക്കും മഹാമായ-
യല്ലോശരണമെന്നുമേ.
എല്ലാ പാദങ്ങളിലും ഒര യമകത്തേത്തന്നെ ആദിനടുവൊടുവുകളിൽ ഉദാഹരിച്ചു കാട്ടുന്നു:-
കരുമനപ്പെടുമീവിഷയാഗ്നിനിൻ
കരുണയാറ്റിലണഞ്ഞുകുെടുംവിധം
കരുതിയെന്നുടെമേൽത്തവദൃഷ്ടിയാം
കരുതിരിയ്ക്കുകപര്‍വ്വതകന്യകേ!
ഹൃദയമേ!ശിവയേസ്മൃതിചെയ്കിലി-
ങ്ങുദയമേകിടുമായവൾമേല്ക്കുമേൽ
സദയമേമനമാജ്ജനനിയ്ക്കെടോ!
വദയമേഭയമെന്തിനുപിന്നെയും.
ഭവഭയത്തിനിനിയ്ക്കിനിവല്ലഭേ-
ദവുമണപ്പതിനീശ്വരവല്ലഭേ!
തവദയയ്ക്കൊഴികേക്കഴിവല്ലഭേ-
ഷിവിടെയെന്നിതു ഞാൻവിധിവല്ലഭേ!
വിധിവൽ- ലഭേ എന്നു പദച്ഛേദം.
മൂന്നാവൃത്തിയുള്ള യമകങ്ങളെയും ആദിമദ്ധ്യാന്തസ്ഥാനങ്ങളിൽ കാട്ടുന്നു: -
പരാപരാപരാധപാ-
പമുള്ളിതുള്ളിലുള്ളതാ-
കവേകവേകവേദനാ
വിനാശമേശിടുംവിധം
തടിത്തടിത്തടിത്തരം
ശിവാശരീരമെന്നുകാൺ-
മനോമനോമനോഹര-
ത്വസത്തിലാഞ്ഞലിഞ്ഞുഞാൻ.
പരാപരങ്ങളായ അപരാധങ്ങളാലുണ്ടാവുന്ന പാപമാകുന്ന മുള്ള് ഉള്ളിലുള്ളത് ആകവേകവേ ഒക്കെ വെന്തു പോകുമ്പോൾ അകവേദനാവിനാശം അന്തര്‍വ്യഥയ്ക്കു നാശം പറ്റും പ്രകാരം, തടിയുള്ള തടിത്തിന്റെ മിന്നലിന്റെ അടിത്തരം അടിപോലെയുള്ള പ്രകാശമാനമായ ശിവാശരീരം മനോമനസ്സു മനോഹരത്വസത്തിലാഞ്ഞലിഞ്ഞു ഞാനെന്നു കാണ്മനോ? എന്നിനിയ്ക്കു കാണ്മാന്‍ സംഗതി വരും?
കാരണ്യക്കൈനയനനയ-
ത്നങ്ങൾകൊണ്ടീശ്വരന്നും
സൌമ്യശ്രീദായിനി!യിനിയിനി
ക്കെന്റെശൈലേന്ദ്രകന്ന്യേ!
മോക്ഷത്തിന്മാതിരിതിരിതിരി
ച്ചന്ധകാരങ്ങൾമാറ്റി-
ക്കാട്ടിത്തന്നാൽ മതി മതിമതി !
സ്വൈരമങ്ങെത്തുവൻഞാൻ.
മോക്ഷംതന്നൂതനിയെന്നരിമയൊടുവിധി-
യ്ക്കുംവിധിയ്ക്കുംവിധിയ്ക്കും
സ്വാതന്ത്ര്യംമായയുണ്ടോഭവനുമിഹകൊടു-
ക്കുംകൊടുക്കുങ്കൊടുക്കും
സേവിച്ചാവിഷ്ണുമായാനിലയുമനുഹരി-
ച്ചാഹരിച്ചാഹരിച്ചാര്‍-
ക്കുണ്ടാവാമായതുംതന്മഹിമകളിലുര-
ച്ചാലുരച്ചാലുരച്ചാ.
വിധിയ്ക്കും വിധിയ്ക്കും വിധിയ്ക്കുന്ന വിധിയ്ക്കുംകൂടി സ്വാതന്ത്ര്യം വിധിയ്ക്കും ഭവാനും ബ്രഹ്മാവിനും പരമേശ്വരനും ഉണ്ടോ കൊടുക്കും? കൊടുക്കുമോ? ഇല്ലാ എന്നാശയം. കൊടുക്കുങ്കൊടുക്കും = കൊടുക്കുങ്ക് കൊടുക്കുന്നതിലുള്ള ഉങ്ക്, ദാതൃത്വാഭിമാനം ഒടുക്കും. അനുഹരിച്ച് - സദൃശീകരിച്ച് ആഹരിച്ചു നേടിയ ആ ഹരിച്ചാര്‍ക്കു വിഷ്ണുവിന്ന് - ഉരച്ചാൽ പറഞ്ഞാൽ ഉരച്ചാല് രേഖാമാത്രം ഉരച്ച് ആ- ഉരച്ചു തീരില്ലാ.
മാലായമകത്തേയും താഴെ കാണിക്കുന്നു.
ഹന്താഹന്താവേഗംവേഗം
മാറുമാറുംമേയേമേയേ
മായേ! മായേപാര്‍ത്താല്‍പാര്‍ത്താൽ
പോരാപോരാനൂനംനൂനം
ഹന്ത = അഹന്താ- വേഗം- വേഗം- മാറും മാറും മേ അയേ- അമേയേ ! മായേ! മാ- അയേ! പാര്‍ത്താൽ പാർത്താൽ പോരാ- പോര്- ആ- അനൂനം നൂനം. അല്ലയോ അമേയയായ മായേ! എന്നെ നീ കടാക്ഷിച്ചാൽ ആശ്ചര്യം! മമതകൊണ്ടുളള സങ്കടം മാറും, ശുഭാവഹവിധിയിലേയ്ക്കു മാറുകയും ചെയ്യും. താമസിച്ചാൽപ്പോരാ, അതു നല്ലപോരാവില്ലാ നിശ്ചയം,
പാദങ്ങളുടെ ആദ്യന്തങ്ങളിലായിട്ടുയമകം
കാള്ളാമെന്നോര്‍ത്തുഡുപതിചൂഡൻതാനേ
താനേറ്റീട്ടാമടിയിലിരുത്തുംമായേ!
മായേണംമേവ്യസനമതിന്നെന്‍ ചിത്തേ
ചിത്തേജസ്സേ!കനിവൊടുവാണാൽ കൊള്ളാം
വ്യംഗ്യപദയമകം
ചിത്രപ്രശ്നംചെയ്തതി-
നത്രപ്രത്യുത്തരത്തിൽ മറ്റൊരുവന്‍
ഹൃദയമെടുക്കുന്നതുമൊരു
പദയമകവ്യംഗ്യരീതിവകഭേദം
എന്താകുന്നു സുഖാര്‍ത്ഥമാകുമൊരുവാ-
ക്കെന്നല്ല നീലാംബര-
ന്നെന്താണായുധ,മെന്തുകണ്ഠമതിനേ
ച്ചൊല്ലുന്നചൊല്ലൊന്നിഹ
എന്താകംകൃഷിയിൽ ഫലം,നൃപതികൾ-
ക്കാരാണുചേരാത്തൊരാ-
ളെ,ന്താണീശ്വരനിഷ്ടവസ്തു,വിവകൾ-
ക്കെന്തുത്തരം,ശങ്കരി.
1 ശം 2 കരി 3 ശങ്ക് 4 അരി 5 അരി 6 ശങ്കരി 7 ശങ്കരി
മണ്ണോടൊപ്പം കിടക്കു ന്നാമ്മ കഠിനപദാര്‍-
ത്ഥത്തിനെക്കാട്ടുവാനും
വിണ്ണോളംപോന്നപച്ചക്കൊടകൊടിയമല
യ്ക്കിന്നതെന്നോതുവാനും
ഖണ്ഡിച്ചാലൊന്നുപോരുംപുനരതുമുഴുവൻ
മന്നവൻചൊന്നവാക്കാം
ദണ്ഡിപ്പിപ്പോനിലേശുംദൃഢമതുതലകീ-
ഴാകി,ലെന്താണിതോതൂ.
കല്പന. 1 കല്+ 2 പന 3 കല്പന 4 നല്പക. ഇതിൽ പാദങ്ങളുടെ ആദിമദ്ധ്യാന്തങ്ങളൊന്നും സ്ഥാനമായിട്ടില്ലെന്നു ചിലര്‍ ആക്ഷേപിയ്ക്കുമായിരിയ്ക്കാം. എന്നാൽ അവര്‍ക്കു സമാധാനത്തിനുവേണ്ടി ഉത്തരകര്‍ത്താവു താഴെ കാണിയ്ക്കും ശ്ലോകം കൊടുക്കട്ടെ.
കല്പനനന്നിഹസുകവേ!
കല്പനമണ്‍മലകളിൽ ക്രമാൽക്കാണും
കല്പനനൃപമൊഴിനല്പക
കല്പനപോലശുമരിയിലേതവനും
മാത്രാച്യുതകം,ബിന്ദു-
ച്യുതക്കം,പുനരക്ഷരച്യുതകം,
ഇവയുംസൂക്ഷ്മംപാര്‍ത്താ-
ലൊരുജാതിവ്യംഗ്യപദയമകം
മാത്രാച്യുതകം
മുടിയാല്‍ബ്ഭാര്യയേബ്ഭേസി
വിടുമൂലമമര്‍ന്നവൻ
പരംശവപദത്തിന്റെ
പൊരുൾകാണാത്തമൂര്‍ത്തിപോൽ
മടിയാൽബ്ഭാര്യയേബ്ഭേസി
വടുമൂലമമര്‍ന്നവന്‍
പരംശിവപദത്തിന്റെ
പൊരുൾ,കാണാത്തമൂര്‍ത്തിപോൽ.
ബിന്ദുച്യുതകം
കടകന്തന്നെയാംരാജ
സംമാനമതിനെന്തെടോ!
കംടകന്തന്നെയാരാജ-
സമാനംമോക്ഷവീഥിയിൽ.
ഇതിൽ പൂര്‍വ്വാര്‍ദ്ധത്തിന്റെ ബിന്ദുച്യുതകം ഉത്തരാര്‍ദ്ധവും, ഉത്തരാര്‍ദ്ധത്തിന്റെതു പൂർവ്വാര്‍ദ്ധവുമായി കാണിയ്ക്കുന്നു.
അക്ഷരച്യതകം
ശരിയ്ക്കുചേരുംവനോടുയോജി-
ച്ചിരിയ്ക്കുമാനല്ലൊരുമയ്ക്കുവാസം
വിരിഞ്ഞുകൂടുംസുമനോവിശേഷം
തിരിഞ്ഞിടുംമാമലയിങ്കലത്രേ.
നല്ലൊരുമയ്ക്കു (ശ്രീയ്ക്ക്) വാസം മാമലയിങ്കൽ എന്ന് അക്ഷരച്യുതകത്തിൽ വേറെ ഒരർത്ഥവും ചേരും.
ഈ ച്യുതകങ്ങൾ പദയമകങ്ങളുടെ കൂട്ടത്തിൽ ചേരുന്നപക്ഷം 'സ്ഥാനത്തിവയിരട്ടിച്ചാൽ നൂനംയമകം' എന്ന ലക്ഷണം പിഴച്ചുപോകും. ഇവകളിൽ പദങ്ങൾ ഇരട്ടിയ്ക്കുന്നതുപോലുമില്ലല്ലൊ എന്നു ചിലർ ആക്ഷേപിയ്ക്കും. പക്ഷേ ച്യുതാച്യുതങ്ങൾക്കു തമ്മിൽ അഭേദകല്പനകൊണ്ടു മാത്രം പ്രാചീനന്മാരിങ്ങിനെ യമകഗര്‍ഭത്തിലേയ്ക്കു തള്ളിയതാണന്നേ അതിന്നു സമാധാനമുള്ളു. ഇവിടെ സ്ഥാനനിയമമില്ലായ്മതന്നെയാണ് വാച്യയമകത്തിൽ നിന്നു വ്യംഗ്യയമകത്തിന്നു വൈലക്ഷണ്യം കൊടുക്കുന്നതത്രേ.
(പദയമകകാണ്ഡം കഴിഞ്ഞു)
അക്ഷരയമകം
അക്ഷരയമകത്തേയും ആദിമദ്ധ്യാന്തങ്ങളിൽ ഉദാഹരിയ്ക്കുന്നു.
പാപാഗ്നിയിൽപ്പെട്ടുകഷ്ടം
വേവേണ്ടുന്നിലയായിമേ
മാമാശുകാക്കുവാനുള്ളോ-
രാരാണീശ്വരിയെന്നിയേ.
എന്തിനോനോങ്കുഴങ്ങുന്ന-
തില്ലയോയോഗവിദ്യകൾ
മാനസേസേവചെയ്തതോര്‍ത്താൽ-
ക്കാണാമാമായതൻപദം.
സുകൃതംനേടണംമേൽമേൽ-
സ്സുഖത്തിന്നെന്നുതാനിനി
മടിവിട്ടെന്നുമോരോരോ
ശ്രമമത്രേതരംമമ
പലതരമക്ഷരയമക-
ത്തിലെനിലഭേദങ്ങൾ വിവിധബന്ധങ്ങൾ
ഖണ്ഡംവരച്ചുവേണ്ടും-
വണ്ണംവര്‍ണ്ണംന്യസിയ്ക്കിലിവയഴകാം.
ഗോമൂത്രിക ബന്ധം
വരിരണ്ടായ‌്ഖണ്ഡമിട്ടു
ശരിയ്ക്കെഴുതിവെയ്ക്കുകിൽ
മാറിമാറിച്ചൊല്ലിവരാം
പാരിൽഗ്ഗോമൂത്രികാക്രമം.
എല്ലാവര്‍ക്കുംമഹാമായ-
മല്ലോമാരണമെന്നുമേ
എല്ലാന്തീര്‍ക്കുംമഹാമായ-
യല്ലോ ശരണമെന്നുമേ.
ഈ ശ്ലോകം ഓരോ പാദങ്ങളിടവിട്ടിട്ടുള്ള അന്ത്യപദയമകത്തിങ്കൽ ഉദാഹരിച്ചിട്ടുണ്ടെങ്കിലും അര്‍ത്ഥാപേക്ഷ കൂടാതെ അക്ഷരയമകവർഗ്ഗത്തിലേയ്ക്കും പ്രവേശിയ്ക്കുന്നതാകുന്നു.
പത്മബന്ധം (അല്ലെങ്കിൽ ഗോമൂത്രിക)
പതിനാറിതളാംപത്മ-
മതിൻദളനടുക്കളിൽ
പതിപ്പൂപത്മബന്ധത്തെ-
യിതിഗ്ഗോമൂത്രികയ്ക്കുമാം.
ഗൌരിയാരിൽച്ചിരിപ്പോരി-
ച്ചിരിചാരിയൊരിത്തിരി
താരിൽനാരിയ്ക്കരിയൊരി-
സ്വൈരീപാരിലിരിപ്പുരി.
ഷള്‍കോണചക്രബന്ധം
ചേർപ്പൂഷൾക്കോണചക്രത്തി-
ന്നേപ്പുതൊട്ടാത്രികോണകേ
അപ്പുറപ്പാടിലേച്ചുറ്റി
ത്തിര്‍പ്പൂമാരത്രികോണവും.
മേന്മേൽനമിയ്ക്കുവൻമോഹേ
വേണ്ടുംവിജ്ഞാനദീപമേ!
മേനയ്ക്കാനന്ദവൻവിത്തേ!
ഹേദേവിതുണനൾകമേ.
പുഷ്പബന്ധം (അല്ലെങ്കിൽ മറ്റൊരുമാതിരി ഷൾകോണചക്രം)
വിടുര്‍ന്നുനില്ക്കുംപുഷ്പത്തിൻ
നടുതൊട്ടിതൾകണ്ടതിൽ
പെടുത്തിപ്പോരണമിതു
പെടുംഷൾകോണചക്രകേ.
മഹാമായസമസ്കാധികളുമങ്ങുകളഞ്ഞുമ
മനസ്സുഖമമന്ദന്തന്നിടുമന്നുജയമ്മമ.
രഥചക്രബന്ധം
ആറോളമൊത്തഴിയെഴുംരഥചക്രബന്ധേ
നേരോടുവിട്ടഴികൾതോറുമുടൻനടത്തി
മാറാതെചുറ്റുമൊരുയാത്രയിൽ വിട്ടിടേണം
പേരായതിന്നഴിവഴിയ്ക്കൊഴിയാതെചേര്‍ക്കാം
താഴെ ഉദാഹരിയ്ക്കുന്ന രഥചക്രബന്ധത്തിൽ 'കുഞ്ഞിക്കുട്ടനെന്ന', 'രാമവർമ്മരാജാ' എന്ന കവിനാമം അഴികളുടെ മൂന്നും ആറും അക്ഷരങ്ങളേക്കൊണ്ടു കാണിച്ചിരിയ്ക്കുന്നു.
നന്നാകുമ്പാടിരാജമാനകവിതാ-
നര്‍മ്മപ്പകിട്ടങ്ങുദി-
പ്പിപ്പേനെന്നയിരാജചൂഡകമനി!
പ്രേമഞ്ചൊരിഞ്ഞിട്ടുടൻ
നിത്യന്നല്ലൊരുജാത്യമുള്ളകരുണാ-
ഭാവങ്കുരുക്കുംക്രമേ
മേന്മേലാദിരസപ്പിറപ്പിനിമനം-
നന്ദിച്ചടൻനൾകമേ.
രഥബന്ധം
രണ്ടുനാലാറെട്ടുവീണ്ടു
മാറുനാൽരണ്ടുഖണ്ഡമാം
രഥബന്ധംമേൽനടത്താം
പാദോദ്ധാരംനടുക്കിതിൽ.
മനോവൃത്തിയൊതുക്കേണം
സ്നേഹാദികൾജയിയ്ക്കയാൽ
അതിൽമാത്രംഗുണംകിട്ടും
തോല്ക്കില്ലായേതുദിക്കിലും.
ഇതിൽ “മഹാമായേ തുണയ്ക്കണം' എന്നു രഥമദ്ധ്യരേഖകൊണ്ടൊരു പാദം കിട്ടുന്നു.
സര്‍പ്പബന്ധം
ചുറ്റിപ്പിണഞ്ഞുകാണുന്ന
കൂറ്റൻസര്‍പ്പപ്പുറത്തിഹ
പടംമുതൽക്കുവാലോളം
നടത്താമക്ഷരങ്ങളെ.
നിത്യംപ്രേമമ്പുലര്‍ത്തുംകണവനുടയുടല്‍-
പ്പാതിയാമദ്രികന്യേ!
നിന്മേയ്നന്ദ്യാനിദാനംമമമതിഗതിയേ-
കുന്നകല്യാണരീതി
തേടുമ്മാർകണ്ടമന്ദംനവകലകളെയി-
ദ്ധ്യാനമൂലമ്പകക്കും
വയ്മ്പ്രാണസ്ഥേമമോടുന്തടവിടവെനിജ
മട്ടുനിയ്യായസത്യം.
അര്‍ത്ഥം: നിജംമട്ടുനിയ്യായി = സാരൂപ്യംകിട്ടി. പ്രാണസ്ഥേമം പ്രാണായാമമെന്നാശയം.
മുക്താഹാരബന്ധം
മുക്താഹാരത്തിലയ്യഞ്ചാ-
യ്ക്കോര്‍ത്തെണ്ണംപന്തിരണ്ടിലും
നടുക്കെല്ലാംമൂന്നുരുവായ്
നടത്താമക്ഷരങ്ങളേ.
താനേ താനേറ്റനേകാധികസകലകലാതിരി
രീതിജാതിയ്ക്കുതിങ്ങും
താനോഞാനോവിനോദപ്പെടിവടിവൊടി
പ്പേരുപേരുന്നൊരുത്തൻ
സ്ഥാനംനൂനംമനംചേര്‍ത്തതിലതിധൃതിമാ
നായിതായിന്നിയിപ്പോൾ
മാനിയ്ക്കാനിഷ്ടനിത്ഥംചിരമെരതെരയും
ദേവികൈവിട്ടവിഢ്യാൻ
സര്‍വ്വതോഭദ്രബന്ധം
ചതുരംഗക്കുള്ളിയിട്ടു
ചതുരംനാലുപാദവും
ചേർപ്പുനാൽമൂന്നുരണ്ടൊന്നും
സര്‍വ്വതോഭദ്രബന്ധനേ.
മഹേശിയേയേശിഹേമ
ഹേയിവായയവായിഹേ
ശിവാര്‍ത്ഥാമാമാര്‍ത്ഥവാശി
യേയമാറ്റമായയേ
അര്‍ത്ഥം: 'മഹേശിയേഏശി' മഹേശി തന്നെ എന്നിൽപ്പറ്റീ. ഞാൻ പരാനായീ എന്നു താൽപര്യം. 'ഹേമഹേയിവാ' ഹേ! അയി! ഹേമ! അല്ലയോ സ്വര്‍ണ്ണമേ! വാ വരൂ. 'അയവായിഹേ' ഹേ അയവായി. ചിലവായി, ചിലവിടുകയായീ എന്നര്‍ത്ഥം. ഇവിടെ ഹേ എന്നു ഹര്‍ഷാതിശയത്തിൽ പ്രയോഗിച്ചതാണ്. എന്തിനാണു ചിലവിടുന്നതെന്നാൽ 'ശിവാർത്ഥമാം' മംഗളത്തിനു വേണ്ടിയാണ്. 'ആര്‍ത്ഥവാശിയേ!' ധനസംബന്ധമായവാശി! അതിതൃഷ്ണേ! 'അയ' അയഞ്ഞുവൊ, നശിച്ചുവോ എന്നഭിപ്രായം. “മാറ്റമായയേ! അറമായയേ! 'അറകല' എന്നപോലെയുള്ള പ്രയോഗമാണിത്. നാശകാരിണിയായ മായേ! അജ്ഞാനമേ! മാറ് മാറിപ്പോ. അജ്ഞാനം മാറിത്തൃഷ്ണാദികൾ നശിച്ചു സദ്വിഷയത്തിൽ ദ്രവ്യവ്യയം ചെയ്യത്തക്കവണ്ണം ഞാൻ മഹേശ്വരിയെസ്സേവിയ്ക്കുന്നു എന്നു ഭാവം. സംസ്കൃതഭാഷയിൽ കൂടി സുഗമാര്‍ത്ഥമായി പ്രയോഗിക്കാൻ കഴിയാതെയുള്ള ഈ വക ദുര്‍ഗ്‌ഘടബന്ധങ്ങളിലും 'മറ്റും' മലയാളഭാഷയിൽ പ്രയോഗിയ്ക്കുമ്പോൾ ക്ലിഷ്ടത വന്നുപോയാലും സഹൃദയന്മാർ ക്ഷമിയ്ക്കാതിരിയ്ക്കയില്ലെന്നു വിശ്വസിയ്ക്കുന്നു.
ഏകാക്ഷരദ്വ്യക്ഷരാദി
ശ്ലോകാപാദനഗോഷികൾ
സമസ്തമീച്ചൊന്നവര്‍ണ്ണ-
യമകത്തിന്റെഭേദമാം.
നന്നുനന്നെന്നുനാന്നിന്നോ-
നിന്നിനിന്നനനന്നിന
നന്നനന്നിനി!നിന്നന്നി
നന്നെന്നിന്നൊന്നിനെന്നിന.
അര്‍ത്ഥം. നാം നന്നുനന്ന് എന്നു നിന്നേന് നിന്നതിനു പ്രവേശിച്ചുവന്ന വിഷയസുഖാദികൾക്ക് എന്നര്‍ത്ഥം. ഇന്നിനിന്നന നിന്ദന ധിക്കാരം നന്നിന നന്ദിയല്ല. നന്നനന്നിനി! നന്ദനന്ദിനി! വിഷ്ണുുമായേ! നിന്‍നന്നി നിന്‍നന്ദിനന്ന് എന്ന് ഇന്ന് ഒന്നിന് എൻനിന നിനവ് വിചാരം. ഈ ശ്ലോകത്തിൽ നിന്നേന് എന്നു ലോകവ്യവഹാരരീത്യാ പ്രയോഗിച്ചതാകന്നു. നിന്നതിന് എന്നാണ് സ്വതേ ഉള്ളരൂപം. നിന്നന, നന്നി, നന്നനന്നിനി, നിന്നന്നി, ഇവകള്‍ നിന്ദന, നന്ദി, നന്ദനന്ദിനി, നിൻനന്ദി, ഇവയുടെ തൽഭവങ്ങളുമാകുന്നു.
പോപോപോപാപ!പെപ്പെപ്പേ-
യായായിയയയായയേ
മാമാമോമാമമോമോമ-
ല്ലീലാലീലല്ലലേലൊലാ.
അര്‍ത്ഥം: പോപോപോപാപാപ! പാപമേ നീ ദൂരെപ്പോ, പെപ്പെപ്പേയായ് നിന്റെ കഥ മോശമായി എന്നര്‍ത്ഥം. ആയി എന്നു കുത്സനയിൽ. അയയായ് നശിയ്ക്കുകയായി. അയേ! എന്നു സംബുദ്ധി. മാമാമോ എന്നോടു പറ്റുമോ, മാ ഇല്ല. മമ എനിയ്ക്ക് ഉമോമല്ലീലാലീൽ ഉമയുടെ ഓമല്ലീലാളിയിൽ ഗൌരിചരിത്രസ്മരണത്തിൽ എന്നു ഭാവം. ഇതിൽ 'ലളയോരഭേദഃ' എന്ന ന്യായം സ്വീകരിയ്ക്കയും ലോകസംഭാഷണപ്രകാരം ലീലാളിയിൽ എന്ന യകാരലോപവും മുമ്പിലുള്ള ഇകാരത്തിന്നു ദീര്‍ഗ്ഘവും കൊടുക്കുകയും ചെയ്തിരിയ്ക്കുന്നു. അല്ലൽഏലൊലാ ഏല്ക്കരുത്.
കാലകാലകലേ!കാലേ
കോലക്കാലാകിലേകുക
കലികാലക്കലിക്കാലു
കുലുക്കുകകലക്കുക
അര്‍ത്ഥം: കോലക്കാലാകിൽ (തിരുമേനിയുടെ പാദാരവിന്ദമാണെങ്കിൽ)
ഹേമമോഹംമഹാമോഹം
ശിവേ!ശിവവശേഽശിവം
പരാപരപരേപാരിൽ
സത്തുതേസൽസ്തുതേ!സ്തുതി.
മുന്നമങ്ങിങ്ങങ്ങണഞ്ഞെങ്ങു-
മ്മങ്ങുമ്മനമുമേമമ
മഞ്ഞിന്മേന്മേഞ്ഞനിന്മേനി
മേഞ്ഞിന്നെങ്ങുമനങ്ങുമോ.
ഈ ശ്ലോകത്തിൽ അനുനാസികാക്ഷരങ്ങള്‍ മാത്രമേയുള്ളു.
വിരിയേമേൽപ്പോട്ടുമുടൻ
തിരിയേകീഴ്പോട്ടുമോതിടുംപദ്യം
ഒരുപദ്യത്തിനകംമ-
റ്റൊരെണ്ണമിവവര്‍ണ്ണയമകവകഭേദം.
വേകവാനികശംഹേമ
കേണായാണതുമേയുനീ
വൻതമേയ്കശുശാമേര
സേവാരാശയവാരുമേ
മേരുവായശരാവാസേ
രമേശാശുകമേയ്‍തവൻ
നീയുമേതുണയാണാകേ
മഹേശങ്കനിവാകവേ.
അര്‍ത്ഥം: 'വേകവാനികശംഹേമ'വാന് ഇക (ഇഹ) ശം, വാനികശം പരലോകത്തിലും ഇഹലോകത്തിലും ശം സുഖമായ ഹേമ സ്വര്‍ണ്ണം വേക വെന്തു പോട്ടേ. ഞാൻ അതിന്നാവശ്യപ്പെടുന്നില്ല എന്നു ഭാവം. കേണായാണതുമേയുനീവന്തയ്മേക്കുകേണ ആ ആണ് നീ ദുഃഖിതനായി ആ ആണ് സാംസാരികപുരുഷൻ നീ വന്തമേയ്ക്ക് കിട്ടിയ ശരീരത്തിന്ന് അതു മേയുമേഞ്ഞുകൊള്ളു. സ്വര്‍ണ്ണാലങ്കാരമണ്ഡിതശരീരനായി നടന്നുകൊള്ളു. പക്ഷേ അതു വെറുതെയാണെന്നു കാണിയ്ക്കുന്നു. 'അശു' നിസ്സാരം. എന്തുകൊണ്ടെന്നാൽ 'ശാമേ' നശിയ്ക്കുമല്ലോ. 'രസേവാരാശയവാരുമേ' അവ ആരുമേ രസ ആശവാരാ, അവയൊന്നും ആരും രസത്തിൽ അനശ്വരപരമാനന്ദത്തിൽ എന്നു സിദ്ധാന്തം. ആശ ആശയായിട്ട് ആശപ്പെട്ടിട്ട് എന്നു താല്പര്യം. വാരാ എടുക്കറില്ല. ഈ ശ്ലോകത്തിൽ, ഇക, വന്ത, ശാമേ, ഈ വക പദങ്ങൾ പഴയ മലയാഴ്മവാക്കുകളാകുന്നു. ഇനി പരമാനന്ദവിഷയത്തിൽ ഉപകരിയ്ക്കുന്നതെന്താണെന്നുള്ളതു പ്രതിലോമമായി ചൊല്ലുമ്പോൾ ഈപ്പദ്യംകൊണ്ടു തന്നെ വെളിപ്പെടുന്നതാണ്.
അതിന്റെ അര്‍ത്ഥം: "മേരുവായശരാവാസേ' കനകഗിരികാമുകത്തിൽ 'രമേശാശുക(ഗ)മേയ്തവൻ' ശ്രീപതിയായ ബാണം പ്രയോഗിച്ചവൻ ധനതൃഷ്ണാപരിഹാരകൻ എന്ന് ദ്ധ്വനിയ്ക്കുന്നു. 'മഹേശൻ' സാക്ഷാൽ പരമേശ്വരൻ 'കനിവാകവേ' പ്രസാദിയ്ക്കുന്ന സമയം, 'നീയുമേതുണയാണാകേ' ആകെ, സർവ്വപ്രകാരേണയും ഉമേ നീ തുണയാണ്. പരമേശ്വരപ്രസാദത്താൽ അജ്ഞാനമയിയായ അവിദ്യ നശിച്ചു ജ്ഞാനസ്വരൂപിണിയായ വിദ്യാഭഗവതി തെളിഞ്ഞാലേ അനശ്വരപരമാനന്ദം കിട്ടുള്ളു എന്നു സിദ്ധാന്തം.
പക്ഷം രണ്ടില്ലമേ വിശ്വമിതരിമയിൽഞാന്‍
ഹന്താൃപാര്‍ത്താത്മകോപം
പറ്റിച്ചൂലക്ഷമാത്രംമതിയെരിയുമഘം
ചെയ്കിലെന്തുണ്ടുപോലും
പണ്ടേദക്ഷാരിതൻതാർമുഖികൃപയണിയും
ദൃഷ്ടിതന്നെറ്റിലെന്നേ
പ്പങ്കാരിഷ്ട്രങ്ങൾപായുമ്പടിയലിവിലണ-
ച്ചിട്ടുവാടേണമോമേ.
ഈ ശ്ലോകത്തിൽ, ഉടനെ ആദ്യക്ഷരപ്രാസത്തിന്നുദാഹരിപ്പാൻ പോകുന്ന ശ്ലോകം അടങ്ങിയിരിയ്ക്കുന്നു എന്നു താഴെ വരച്ചിട്ടുള്ള അക്ഷരങ്ങൾ മാത്രം വായിച്ചു നോക്കിയാൽ അറിയാവുന്നതാകുന്നു.
ചിലരക്ഷരയമകത്തിൻ
നിലഭേദംപ്രാസമെന്നുമോതുന്നൂ
പലഭാഷാകവികളുമിതിൽ
നിലവിട്ടധികം ഭൂമിച്ചുപോകുന്നു
പരമേശ്വരി!ഞാൻപാപം
പലമാതിരിചെയ്കിലും
പദതാർപണിയുന്നെന്നേ-
പ്പരിപാലിച്ചിടേണമേ.
ആദ്യക്ഷരപ്രാസം
മഞ്ഞോലുമ്മാമലയ്ക്കുള്ള
കുഞ്ഞോമൽപ്പെങ്കിടാവിനേ
നെഞ്ഞോടണയ്ക്കുമ്മൂപ്പര്‍ക്കു
നഞ്ഞോനല്ലമൃതാണുപോൽ
രണ്ടാമക്ഷരപ്രാസം
ഒരുപാടുപണംശിവപ്രിയേ!
തവപാദങ്ങളിൽവെയ്ക്കുമേചിലർ
അയിപാർവ്വതി!ഭക്തിയോടിതാ
മമപാടേവഴിവാടുവന്ദനം.
മൂന്നാമക്ഷരപ്രാസം
കുളുർതിങ്കൾശിരസ്സിലേന്തുമോമ-
ന്മലമങ്കയ്ക്കഴകാംമിഴിപ്രയോഗം
മമസങ്കടമൊക്കയുംകെടുക്കും
ശിവസങ്കല്പവിലാസവിത്തതല്ലോ
നാലാമക്ഷരപ്രാസം
മലപെറ്റവളേ!വിചിത്രമാമോ
തവപുത്രൻവരഹസ്തിവക്ത്രനായാൽ
വിഷധാരിവരന്റെബീജമല്ലേ-
തലയാറുംവരുമേമകുന്നുപിന്നേ
അഞ്ചാമക്ഷരപ്രാസം
എന്നാൽപ്പിന്നെപ്പിന്നെയുള്ള വര്‍ണ്ണങ്ങൾക്കു പ്രാസങ്കൊടുക്കുന്നതു യതിമുഖാന്തരമായാലേ പ്രകാശിയ്ക്കുകയുള്ളൂ.
അയ്യമ്പച്ചാർകയ്യായ്ക്കാണും
മയ്യൽക്കണ്ണാൾകണ്ണിട്ടീശൻ
തീയ്യേല്പിയ്ക്കുംകന്ദര്‍പ്പന്തൻ
മെയ്യേല്പിച്ചാൾകണ്ണാൽക്കാളി
ഈരണ്ടു പാദങ്ങളിലായിട്ടും ഈ പ്രാസങ്ങളെക്കാണിയ്ക്കുന്നു.
കരീന്ദ്രകംഭത്തിനുതുല്യമാകുമോ
കനത്തനിൻപോർമുലശൈലകന്യകേ!
മുഴുത്തമുത്താംകരിമസ്തകത്തിൽനിൻ
മുലയ്ക്കകംനല്ലമൃതാണുമോക്ഷദേ!
കരിമ്പുവില്ലും മലരമ്പുമെപ്പൊഴും
ധരിച്ചുകൊണ്ടീശ്വരപാര്‍ശ്വഭൂമിയിൽ
വിളങ്ങുമാമാമലമങ്കമാരനൊ-
ന്നിളക്കിവെയ്ക്കുംജയലക്ഷ്മിതന്നെയോ
ശ്രീചക്രമദ്ധ്യത്തിൽമുറയ്ക്കുഗൌരി!നിൻ
പൂജാക്രമന്നിത്യവുമാചരിപ്പവൻ.
ധ്യാനിച്ചു സാക്ഷാൽബ്ഭവസങ്കടങ്ങളേ-
പ്പായിച്ചു സായുജ്യസുഖത്തെനേടുമേ
ഇനിയ്ക്കുപക്ഷേതവപാദപങ്കജം
ഭജിച്ചതിക്ഷേമപദത്തിലെത്തുവാൻ
ഭവാനി!നിന്മായകൾവിഘ്നമാകയാൽ
ക്കരഞ്ഞുടന്മാറടിതന്നെയാശ്രയം
ഒന്നും രണ്ടുംകൂട്ടി പ്രാസം
പരസങ്കടമുള്ളലിഞ്ഞുതീര്‍ക്കും
പരമേശപ്രണയാമൃതക്കൊഴുപ്പേ!
പരതത്വമറിഞ്ഞിടുംപ്രകാരം
പരമെന്നില്‍കൃപചെയ്കഗൌരിയമ്മേ!
രണ്ടും മൂന്നുംകൂട്ടി പ്രാസം
സ്ഫുരിയ്ക്കുമാറെന്റെമനോരഥത്തിൽവ-
ന്നിരിയ്ക്കുകശ്രീപരമേശ്വരപ്രിയേ!
സ്മരിയ്ക്കുമാശയ്ക്കുശരിയ്ക്കുകൊണ്ടുസ-
ഞ്ചരിയ്ക്കുമേസൂതനിലയ്ക്കുഭക്തിമേ.
ഒന്നും രണ്ടും മൂന്നും കൂട്ടി പ്രാസം
കരയുന്നടിയൻഭവാംബുധിയ്ക്കും
കരയുണ്ടെന്നറിയുംവിധത്തിലായി
കരയുഗ്മമണയ്ക്കമൌലിയിൽശ്ശ-
ങ്കരയുഗ്മവ്രതപുണ്യസാരധാര!.
ഈ ഉദാഹരണം മൂന്നും പദയമകത്തിൽപ്പെടുന്നതാണെന്നുണ്ടു ചിലരുടെ പക്ഷം. അര്‍ത്ഥാനപേക്ഷാമൂലകമാണ് അക്ഷരയമകപ്രവേശനമെന്നാണു മറ്റേവരുടെ പക്ഷം. ഈ സന്ദേഹത്തെ സൂചിപ്പിച്ചുകൊണ്ടാണ് "ചിലരക്ഷരയമകത്തിൻ നിലഭേദം പ്രാസമെന്നു മോതുന്നു" എന്നു പറഞ്ഞത്.
രണ്ടും നാലും പ്രാസവും ആദ്യന്തങ്ങള്‍ക്ക് ഈ രണ്ടു പദങ്ങളിൽ പ്രാസവും.
പുരാരിവേട്ടീടിനലോകർതായെ!
പുരാണവേദപ്പൊരുളായമായേ!
വരാങ്ഗിവേണ്ടാത്തവിപത്തുമെന്മേൽ
വരായ്കവേണംകൃപചെയ്യുകെന്മേൽ.
അന്തരാളപ്രാസം
കാമാരാതിയ്ക്കുകാമാഗമവിധിയിൽനികാ
മാദരംകൺവിലാസ-
ക്കൈമാറ്റത്താലെയീമാതിരിയരുളിനഹേ
മാമലപ്പൈതലാളേ!
നിമായംവിട്ടസീമാമലദയയൊടയേ
മാർദ്ദവം പൂണ്ടുനോക്കി
ശ്രീമാനാക്കീടുകീമാനുഷനെയധികമാ-
മാശയൊപ്പിച്ചു നീളേ.
ഉന്നതസ്തനമതൊന്നുകൊണ്ടുമല
മന്നവന്റെമകളെന്നതാ-
ന്തന്നെകാട്ടുമൊരുസന്നതാങ്ഗി!ഗിരി
ശന്നുസൌഖ്യമരുളുന്നനീ
എന്നുമേ!മനസിമിന്നുമാറുവില-
സുന്നതാകിൽമതിയെന്നുമേ
പിന്നെവേറെയിവനൊന്നുമേകരുതി-
ടുന്നതില്ലസുഖമെന്നുമേ
സ്ഥാനഭേദം കാണിപ്പാനിതും കാണിച്ചു എന്നു മാത്രമല്ലാ, ഇതിൽ ചിലേടത്ത് ഫല്ലുകൊണ്ടു മാത്രമേ ആവൃത്തിയുള്ളു.
അഷ്ടപ്രാസം
ശിവനുടെസുഖസത്തേ!
ശിഷ്ടവേദാര്‍ത്ഥസത്തേ!
ചിരമടിയനിടത്തേ
ചിന്നിടുംസങ്കടത്തേ
കൃപയോടിഹതകർത്തേ
കീടുകെന്നുംസുഖത്തേ
മുനികൾകിമപിചിത്തേ
മുത്തൊടോര്‍ക്കുന്ന ചിത്തേ!
ഇതിൽ പാദന്തോറും ആദ്യക്ഷരങ്ങൾക്കും മധ്യേ ഒരേ ആവൃത്തികൂടെയുണ്ട്.
ഫാലേതീമിഴിയുള്ളപോറ്റിമടിയി-
ന്മേലെവഹിയ്ക്കുന്നൊരാ-
ബ്ബാലേ!നിന്നുടെരൂപമെന്റെകരളിൽ
ച്ചാലേ വിളങ്ങേണമേ
നീലേന്ദീവരമായതിന്നുടെദള-
മ്പോലേകളിയ്ക്കുന്നക-
ണ്ണാലേകേവലമൊന്നുനോക്കുകിവനെ
ന്നാലേജയംകൈവരൂ.
ഇതിന്നു മുൻപറഞ്ഞ വിശേഷവിധിയൊന്നുമില്ല. സ്ഥാനവും വേറെയാണ്. ഭംഗിയും അങ്ങിനെതന്നെ.
മൂന്നാംതൃക്കണ്ണിൽമുമ്പേമുറിമതിമുടിയൻ
ചുട്ടമാരന്റെയമ്പേ!
സൌന്ദര്യത്തേൻകുഴമ്പേ!സുരുചിരനിഗമ
ശ്രീഫലത്തിൻകുഴമ്പേ!
എന്നേര്‍ക്കാത്താലുമയ്‌മ്പേറിനകടമിഴിയാ
ലെപ്പോഴുംശ്രീകുരുമ്പേ!
കുന്നിൻനാഥന്നുവയ്മ്പേകുമൊരണിമുടിമേല്‍
കല്പകത്തിന്റെ കൊമ്പേ!
അക്ഷരയമകത്തിൽപ്പുന-
രച്ചൊഴിവാക്കീട്ടുഹല്ലിനേമാത്രം
ആവർത്തിപ്പൂമിക്കതു
മാവിദ്യപ്രാസവിധികളിൽക്കാണാം.
ഇതിനുദാഹരണമായിട്ടൊരന്ത്യപ്രാസം കാട്ടുന്നു.
മാരാരേ!ചെണ്ടകൊട്ടിടരുതുവിഷമശി-
യ്ക്കേണ്ടൊഴിയ്ക്കെന്നുപേടി
ച്ചാരാലോടുന്നഭൂതപ്പുടമുറയിടവേ
വിഷ്ണുകഷ്ണിച്ചു നില്ക്കേ
പാരാകെപ്പാഞ്ഞെരിയ്ക്കുമ്പടികടുതപെടും
കാളകൂടംകുടിച്ചൂ
ധാരാളംശൈലകന്ന്യാധരരസസുധസാ-
പ്പെടുവീര്‍പ്പിട്ടവീരൻ.
ഇതിൽ നാലു പാദങ്ങളിലായി നാലുതരം അന്ത്യപ്രാസം പ്രയോഗിച്ചിട്ടുള്ളതിൽ മിക്കതും ഹല് മാത്രകൊണ്ടാവര്‍ത്തിച്ചിട്ടാകുന്നു.
(അക്ഷരമകാണ്ഡം കഴിഞ്ഞു.)
ഭങ്ഗം
ഭംഗങ്കൊണ്ടതിഭംഗിയി-
ണങ്ങും മകത്തിനത്രഭംഗവഴി
ശൃംഖല,പരിവര്‍ത്തക,മഥ
ചൂര്‍ണ്ണകമെന്നുണ്ടുമൂന്നുവിധം
എന്നാൽ ഈ മൂന്നു വിധത്തിലുള്ള ഭംഗമാര്‍ഗ്ഗങ്ങളും അധികം പദയമകങ്ങളുടെ നടപ്പിനുള്ളവയാണെങ്കിലും അക്ഷരയമകങ്ങൾക്കും ചിലത് ആവശ്യന്തന്നേ.
വര്‍ണ്ണംപദത്തിന്നുമുറിയിലൊക്കും
വണ്ണംതരമ്പോലതിലങ്ങുമിങ്ങും
ചിന്നിപ്പിണയ്ക്കുന്നതിനേബുധന്മാ-
രന്വര്‍ത്ഥമായ് ശൃംഖലയെന്നു ചൊല്‍വൂ.
'ഭവഭയത്തിനിനിയ്ക്കിനി വല്ലഭേ' എന്ന പദ്യത്തിൽ 'വല്ലഭേ' എന്ന യമകപദം മുറിയ്ക്കുമ്പോൾ 'വല്ല ഭേദവും'എന്ന ദിക്കിൽ 'ഭേ' എന്ന അക്ഷരം ഭേദപദത്തിലേയ്ക്കും, 'കഴിവല്ലഭേഷ്' എന്ന ദിക്കിൽ 'വ്' എന്നക്ഷരം 'കഴിവ്' എന്ന ദിക്കിലേയ്ക്കും, 'ഭേ' എന്നത് 'ഭേഷ്' എന്നതിലേയ്ക്കും ചിന്നിപ്പിണയ്ക്കുന്നതിനാൽ, ശൃംഖലയായി വരുന്നു. ഈ ശ്യംഖല അക്ഷരയമകത്തിൽ വരുന്ന കാര്യം സംശയം തന്നെ.
പരിവര്‍ത്തകം
ഇണങ്ങിനില്ക്കുന്നപദംമുറിയ്ക്കും
ക്ഷണത്തിലാസ്സന്ധിയിലുള്ളരൂപം
വെടിഞ്ഞുവര്‍ണ്ണംനിജമാംസ്വരൂപ-
മെടുത്തെടത്തിൽപ്പരിവർത്തകന്താൻ
മുൻകാണിച്ച പദ്യത്തിൽ, 'വിധി വല്ലഭേ' എന്ന ദിക്കിൽ വിധിവൽ- ലഭേ എന്നു പദം മുറിയ്ക്കുമ്പോൾ, സന്ധിയിൽ ലകാരത്തോടു യോജിച്ചിട്ട് 'ല്ല' എന്നു ലകാരദ്വയത്തിൽ ഒരു ലകാരമായി നിന്നിരുന്ന 'ൽ' എന്ന അര്‍ദ്ധാക്ഷരം സ്വരൂപമെടുക്കുന്നതിനാൽ പരിവര്‍ത്തകമായിരിയ്ക്കുന്നു. "മലയിലാലയിലാണ്ട'- എന്ന പദ്യത്തിലും 'മലയിൽ' എന്ന ദിക്കിലേ 'ൽ' എന്ന അര്‍ദ്ധാക്ഷരം 'ആല' എന്ന ആകാരത്തോടുള്ള സന്ധിയിൽ 'ല' എന്ന ലകാരമായിരുന്നിട്ടു പദച്ഛേദത്തിൽ, "ൽ' എന്നു തന്നെയാകുന്നതിനാൽ ശുദ്ധപരിവര്‍ത്തക അക്ഷര പരിവകമായിരിയ്ക്കുന്നു. അക്ഷരയമകങ്ങൾക്ക് ഈ ഒരു പരിവർത്തകമാണധികമുപകരിച്ചു കാണുന്നത്. 'മാമാശുകാക്കുവാനുള്ളോരാരാണ്' എന്ന ദിക്കിൽ, മാം ആശു എന്നു പദം മുറിയ്ക്കുമ്പോൾ, മാമാ എന്ന അക്ഷരയമകത്തെ ഉണ്ടാക്കിക്കൊണ്ട് ആകാരത്തിന്മേൽത്തട്ടി ആകാരം മറച്ചുംകൊണ്ടു നില്ക്കുന്ന അനുസ്വാരം സ്വരൂപമെടുക്കുന്നതിനാൽ പരിവർത്തകമായി. 'ഉള്ളോർ, ആർ, ആണ്' എന്നു പദം മുറിയ്ക്കുമ്പോൾ 'ര്‍' എന്നായിപ്പോകുന്ന രണ്ടര്‍ദ്ധാക്ഷരങ്ങൾകൊണ്ടാണല്ലോ പരിവർത്തകഭംഗത്തോടുകൂടിയ മറ്റേ അക്ഷരയമകവും ജീവിച്ചനില്ക്കുന്നത്! ഇങ്ങിനെ പലേടത്തും വിശേഷിച്ച് ഏകാക്ഷരശ്ലോകാദികൾക്കും പരിവര്‍ത്തകം ഉപകരിയ്ക്കുന്നു.
ചൂര്‍ണ്ണകം
കൂട്ടക്ഷരംപദച്ഛേദം
കാട്ടുന്നതിനുടപ്പതിൽ
പൊട്ടിസ്വരൂപംലോപിയ്ക്ക-
പ്പെട്ടിടുന്നതുചൂര്‍ണ്ണകം
'വിധിവല്ലഭേ' എന്ന ദിക്കിൽത്തന്നെ വിധിവൽ എന്നും ലഭേ എന്നും പദം മുറിയ്ക്കുമ്പോൾ, 'ല്ല' എന്ന കൂട്ടക്ഷരത്തിന്റെ സ്വരൂപം ലോപിയ്ക്കുന്നതിനാൽ ചൂര്‍ണ്ണകവുമാവുന്നു.
കല്ക്കണ്ടവുംനിലത്തുള്ള
കല്ക്കണ്ടവുമഹോസമം
കല്ക്കണ്ടവാണി!രുചിനിന്‍-
കല്ക്കണ്ടവനുപാർവ്വതി!
ഈ ശ്ലോകത്തിൽ, "നിൻകല്ക്കണ്ടവന്' എന്ന ദിക്കിൽ, നിൻകൽ കണ്ടവന് എന്നു പദം മുറിയ്ക്കുമ്പോൾ, 'ല്ക്ക' എന്നു ലകാരച്ഛായയിൽ നിന്നിരുന്ന 'ൽ' എന്നു അര്‍ദ്ധാക്ഷരം സ്വരൂപമെടുക്കുന്നതുകൊണ്ടു പരിവര്‍ത്തകമാവുന്നുണ്ടെങ്കിൽ അതിന്നും പുറമെ ല്ക്ക എന്നതിലെ കകാരം ലോപിച്ചെവിടെയോ പോയിട്ടു 'കണ്ട' എന്നു കേവലം ഏകകാരമായിത്തീരുന്നതിനാൽ നല്ല ചൂര്‍ണ്ണകമായി. ഈ ചൂര്‍ണ്ണകവും അക്ഷരയമത്തിന്നത്ര ഉപകരിയ്ക്കാൻ വഴിയുണ്ടെന്നു തോന്നുന്നില്ല.
(ഭംഗകാണ്ഡം കഴിഞ്ഞു)
അനുപ്രാസം
ശേഷമിരട്ടിയ്ക്കുന്നത-
ശേഷമനുപ്രാസമാണതുമിവണ്ണം
വര്‍ണ്ണാനുപ്രാസം, പദ-
പിണ്ഡാനുപ്രാസമെന്നുരണ്ടുവിധം.
അര്‍ത്ഥം- ശേഷം, യമകലക്ഷണം തട്ടാതെയുള്ളത് ഇരട്ടിയ്ക്കുന്നത് അശേഷം, അക്ഷരങ്ങളാവട്ടേ പദങ്ങളാവട്ടേ ആവര്‍ത്തിയ്ക്കുന്നത് അനുപ്രാസമാണ്. പദപിണ്ഡാനുപ്രാസം, പദാനുപ്രാസം
വര്‍ണ്ണാനുപ്രാസം.
ഉല്ബണമെന്നുംപിന്നെയ-
നുല്ബണമെന്നുംതിരിയ്ക്കിലുംവീണ്ടും
വര്‍ണ്ണാനുപ്രാസംസ്വ,സ-
വര്‍ണ്ണാംശത്താലെനാലുവിധമാകും.
അര്‍ത്ഥം- ഉല്ബണം, ലയമില്ലാത്തത്. രൂക്ഷാക്ഷരപരിക്ഷിപ്തമെന്നു സൂക്ഷ്മാര്‍ത്ഥം. അനുല്ബണം, ലയമുള്ളത്. മൃദുലവര്‍ണ്ണദലലളിതമെന്നു താൽപര്യം. സ്വം അതാതക്ഷരം തന്നെ. സവര്‍ണ്ണം ഉച്ചാരണത്തിങ്കൽ സാമ്യമുള്ളക്ഷരം. എന്നാൽ, ഉല്ബണകേവലവര്‍ണ്ണാനുപ്രാസം, അനുല്ബണകേവലവര്‍ണ്ണാനുപ്രാസം ഉല്ബണസവര്‍ണ്ണവര്‍ണ്ണാനുപ്രാസം, അനുല്ബണസവര്‍ണ്ണവര്‍ണ്ണാനുപ്രാസം എന്നു നാലുവിധമാണെന്നര്‍ത്ഥം.
ഉല്ബണകേവലവര്‍ണ്ണാനുപ്രാസം
ചൂടുംഗംഗയ്ക്കുള്ളിൽ ദ്വേഷം-
കൂടെക്കൂടെക്കൂടുംവണ്ണം.
മൃഡനുടെശഠതകൾകെടുമടവൊടുമടി-
നടുനടുമലർശരനെടുകൊടിമമതുണ.
അനുല്ബണകേവലവര്‍ണ്ണാനുപ്രാസം.
സരസിജാസ്യസരസ്വതിതോറ്റിടും
സരസസൌഭഗസാരമെഴുംശിവേ!
സരസമേകുകമേസതതംകൃപാ-
സരസമാനസഹാസസമീക്ഷണം.
മനോജമഥനന്റെവൻ-
മതിമയക്കിമട്ടാക്കുമാ-
മനോജ്ഞമധുരാംഗിയാം
മലമകൾക്കു മന്മാനസം
മനോരഥമസംഖ്യമാ-
മലമടക്കിമന്ദേതരം
മനോമറികൾമാറുമാ-
റമലഭക്തിനൽകുന്നുഞാൻ.
ഈ ഉദാഹരണം അത്യന്തം അനുൽബണമായിരിക്കുന്നു.
ഉല്ബസവര്‍ണ്ണവര്‍ണ്ണാനുപ്രാസം
മൂര്‍ഖന്മാരൊക്കെയിക്കശ്മലവിഷയവിഷം
സൌഖ്യമായ്ക്കാണുമെന്നാൽ
മൂക്കുമ്പോൾക്കഷ്ടമിക്കണ്ടവകൾമുഴുവനും
ദുഃഖമായിട്ടിരിയ്ക്കും
മുക്കണ്ണസ്വാമിമുഖ്യപ്രണയനിലനിന-
യ്ക്കുന്നതൃക്കണ്ണിളക്കും
കയ്ക്കണ്ണാൾക്കുള്ളതൃക്കാല്ക്കടിമപെടുകിലീ-
ദ്ദുഃഖവുംസൌഖ്യമാക്കാം.
വിഡ്ഢിത്തംവിട്ടെന്റെസു-
ദുഷ്ടമനസ്സേ!ഗരിഷ്ഠനിഷ്ഠയോടും
മട്ടലർശരനേച്ചട്ടൊരു
ദൃ... ... ... ... ... റയക്കെട്ടൂ.
ഈ ഉദാഹരണം ആദ്യത്തേതിലും ഉല്ബണമായിരിക്കും.
അനുല്ബസവര്‍ണ്ണവര്‍ണ്ണാനുപ്രാസം
ശിരസിശശിവിലസിടുംവിട-
നുരസിവിശേഷിച്ചണിഞ്ഞപെണ്മാലേ!
മനസിമമനഭസിശശിപോ-
ലനുസിതഹസിതാഭവിതറിവിലസണമേ.
പ്രാസത്തിലക്ഷരാനു-
പ്രാസത്തേസ്ഥാനനിയമമാണല്ലോ
കൂട്ടാൻവിരോധമിതിലും
കൂട്ടാണു സവര്‍ണ്ണമാര്‍ന്നാനുപ്രാസം.
സ്ഥാനനിയമത്തോടുകൂടിയും സവര്‍ണ്ണവര്‍ണ്ണാനുപ്രാസമുണ്ടെന്നും അതിനെ ചിലർ പ്രാസത്തിന്റെ കൂട്ടത്തിൽ ഗണിച്ചു വരുന്നുണ്ടെന്നും താൽപര്യം.
സ്ഥാനനിയമത്തോടുകൂടിയ ഉല്ബസവര്‍ണ്ണവര്‍ണ്ണാനുപ്രാസം
നിര്‍ഗ്ഘാതദ്ധ്വനിയെന്നപോലലറിടും
വൻതോക്കിനുള്ളൊച്ചയെ
സ്വര്‍ഗ്ഗാരോഹണനാന്ദിയെന്നുകരുതി-
ത്തോക്കിന്റെനേര്‍ക്കായ്‍രണേ
ദുഃഖാവേശമതല്ലനല്ലരസമായ്-
ച്ചൊൽവോർകൾധാരാളമു-
ണ്ടിക്കാലത്തുമുമേ!ഭവപദപര-
ന്മാരെത്രയോദുര്‍ലഭം.
സ്ഥാനനിയമത്തോടുകൂടിയ അനുല്ബസവര്‍ണ്ണവര്‍ണ്ണാനുപ്രാസം
മുഗ്ദ്ധന്ദുചൂഡൻപുണരുമ്പോൾവിങ്ങും
മുത്തേന്തുമോമന്മുലയുള്ളനാഥേ!
ത്വദ്ദേഹസൌന്ദര്യവിലാസമെല്ലാം
പ്രത്യേകമെന്നുള്ളിൽവിളങ്ങിടേണം.
നിതാന്തമോരോദുരയോടുകൂടി
വൃഥാകുഴങ്ങിക്കഴിവുള്ളകാലം
നിദാനവുംഭ്രാന്തുപിടിച്ചുഴന്നാൽ
പ്രധാനസേവയ്ക്കിനിയെന്നുകൂടും?
ഇത് അസംയുക്തതാക്ഷരങ്ങളെക്കൊണ്ടുള്ള ഉദാഹരണമാണ്.
വിചാരിച്ചാലെല്ലാമരുളുമൊരുചി-
ന്താമണിമഹാ-
പ്രയാസങ്കണ്ടെത്താനതുസുരപുര-
പ്പൂട്ടറയിലാം
നിജാന്തര്‍ഭാഗത്തിൽബ്ഭവതരുണി!
നിൻപൂജനകലാ-
ദശാലേശങ്കിട്ടുന്നവനമരചി-
ന്താമണിതൃണം.
ഇതിൽ ചവര്‍ഗ്ഗത്തിൽപ്പെടാത്തതായാലും താലവ്യമായ യകാരംകൊണ്ടും ശകാരംകൊണ്ടും സാവർണ്യഭേദം കാണിച്ചിരിക്കുന്നു.
ചിന്നുന്നദുഃഖത്തെയൊഴിച്ചുടന്താ-
മൊന്നുംസുഖംനേടുവതിനുമുന്നാം
മന്നത്തമേനിര്‍ത്തിനയംനിനച്ച
കുന്നിൻകുമാരിയ്ക്കിതകൈതൊഴുന്നേൻ.
ഈ ശ്ലോകം ഒരു പ്രത്യദാഹരണമാണ്. എങ്ങിനെയെന്നാൽ ഇതിൽപ്പരൽപ്പേരു പ്രകാരം ഒന്നാംപാദത്തിലെ സംഖ്യയോടു രണ്ടാംപാദത്തിലേതു കൂട്ടി മൂന്നാം പാദത്തിലേതു കിഴിച്ചാൽ നാലാംപാദത്തിലേതു കിട്ടും. അതായതു ഒന്നാംപാദം ൬൦൦൮൨൬൧൬൬൧൬, രണ്ടാംപാദം ൦൦൮൨൦൧൪൬൦൫൦, രണ്ടും കൂട്ടിയാലുള്ളതു ൬൦൮൦൨൭൬൨൬൬൬, ഈ സംഖ്യയിൽനിന്നു മൂന്നാംപാദം ൫൦൬൫൦൬൦൧൦൦൬ കിഴിച്ചിട്ടു കിട്ടിയതു ൧൦൧൫൨൧൬൧൬൬൦ ഇതാണല്ലൊ നാലാംപാദം. എന്നാൽ ഇതിൽ സംഖ്യകൊണ്ടു സാദൃശ്യമുള്ള വര്‍ണ്ണങ്ങളുടെ ആവൃത്തിയുണ്ടെങ്കിലും ഇതു സ്വര്‍ണ്ണവര്‍ണ്ണാനുപ്രാസമാവുന്നതല്ല. ഉച്ചാരണത്തിൽസ്സാവര്‍ണ്യമേ ശ്രുതിസുഖമുളവാക്കുള്ളു. അങ്ങിനെയുള്ളതിന്നേ സവര്‍ണ്ണസംജ്ഞ പാണിനിമഹര്‍ഷി കൊടുത്തിട്ടുമുള്ളു.
വൃത്തി,ച്ഛേകം,ലാട,മെന്നു
വൃദ്ധർചൊല്ലുന്നപേരുകൾ
വൃത്തിയോടിങ്ങനുപ്രാസ-
വൃത്തിഭേദത്തിലെത്തിടും.
അച്ചുമാത്രംമുറയ്ക്കാവര്‍-
ത്തിച്ചുവൃത്തിവരുത്തിയാൽ
വൃത്ത്യനുപ്രാസമെന്നായ്ത്തൽ
കൃത്യവിത്തുകൾചൊല്ലിടും.
വൃത്ത്യനുപ്രാസം
അമന്ദമര്‍ദ്ധേന്ദുവണിഞ്ഞുവന്ന-
ങ്ങമര്‍ന്നിടാത്താശയണയ്ക്കുമമ്മേ!
അഘങ്ങളാര്‍ന്നല്ലലകപ്പെടായ്‍വാ-
നഖണ്ഡമായുണ്ടടിയന്നപേക്ഷ
വര്‍ണ്ണാനുപ്രാസമൊന്നത്രേ
ഛേകാനുപ്രാസമെന്നതും
ഇതുഹല്മാത്രമുൾക്കൊണ്ടും
നടപ്പുണ്ടുപലേടവും
പരമ്പുരാരാതിപരിഗ്രഹിച്ചൊരീ-
ഗ്ഗുരുസ്തനീരൂപമൊരെണ്ണമൾപ്പുരേ
പുരൈവൊരൊന്നാന്തരമാന്തരോത്സവം
ചിരന്നിരന്നോര്‍ക്കെതിരോസുരൌഘവും
ഇതിൽ അടുത്തടുത്തല്ലെങ്കിലും രേഫങ്ങളിൽ അകാരംമുതൽ ഔകാരം വരേയുള്ള അച്ചുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നൊരു വിശേഷവും കൂടി ഉദാഹരണ രമണീയതയെ പോഷിപ്പിക്കുന്നു.
(വര്‍ണ്ണാനുപ്രാസകാണ്ഡം കഴിഞ്ഞു)
പാദാനുപ്രാസം
പദാനുപ്രാസമൊന്നല്ലോ
ലാടാനുപ്രാസമായതും
ഇതുപക്ഷേവ്യംഗ്യമായു
മുണ്ടെന്നുപറയുംചിലർ
വ്യംഗ്യപാദാനുപ്രാസം
ചിന്നുന്നൂമഞ്ഞമിന്നൽപ്പിണരഹികളൊളി-
യ്ക്കുന്നു ഞെട്ടുന്നിതശ്വം
നന്നായ്ക്കൂകുന്നുമാക്കാന്തവളകിളിവിറ-
യ്ക്കുന്നുമൊച്ചക്കുരങ്ങും
ചന്ദ്രാര്‍ക്കാംശുക്കൾചിങ്ങത്തിലുമഹഹമറ
യ്ക്കുന്നുവിഷ്ണുക്കരിങ്കാ-
റിന്ദ്രാജ്ഞക്കൊത്തുവീശുന്നിതുവിരഹിവിഷ-
ക്കാറ്റുകാലങ്കടുത്തു
ഈ ശ്ലോകത്തിൽ 'യമാനിലേന്ദ്രചന്ദ്രാര്‍ക്കവിഷ്ണുസിംഹാശുവാജിഷ്ട ശൂകാഹികപിഭേകേഷുഹരിര്‍ന്നാകപിലേത്രിഷു' എന്ന നിഘണ്ഡുപ്രകാരം ഹരിപദത്തിന്റെ അര്‍ത്ഥങ്ങളെ ഒക്കെക്കാണിച്ചിരിക്കുന്നതിനാൽ വ്യംഗ്യമായിട്ടു ഹരിപദാവൃത്തിരൂപമായ പദാനുപ്രാസമുണ്ടെന്നു ചിലർ പറയുന്നു. 'ഭിന്നാര്‍ത്ഥമായ്ശബ്ദമാത്രമൊന്നായ' ഹരിപദത്തിന്റെ ആവൃത്തിയാകയാൽ, "പദയമകവ്യംഗ്യരീതിവകഭേദ'മാണിതെന്നു വേറെ ചിലരും ബലമുള്ള വാദം കൊണ്ടുവരുന്നു. വിദ്വാന്മാർ ഇരുകക്ഷികളുടേയും വാദം കേട്ടു വിധി പറഞ്ഞു കൊള്ളട്ടേ.
സ്ഥാനനിയമംപിടിച്ചും
താനതുപിടിയാതെകണ്ടുമെന്നീവണ്ണം
രണ്ടുവിധത്തിലുമിവിടെ-
ക്കണ്ടുവരുന്നുണ്ടഹോപദാനുപ്രാസം.
സ്ഥാനനിയമത്തോടുകൂടിയ പദാനുപ്രാസം
ഇതു പദയമകമ്പോലെ സ്ഥാനഭേദംകൊണ്ടു പലമാതിരിയിലുണ്ടാവുമല്ലൊ.
പാദമ്മുഴുക്കേ-
അന്തരാഗിരിജയെസ്മരിപ്പവര്‍-
ക്കെന്തുസങ്കടമഹോഭവാമയം
ഹന്തവൈഷയികരായിടുന്നവര്‍-
ക്കെന്തുസങ്കടമഹോഭവാമയം
ഓരോ പാദങ്ങളുടെ ആദിമദ്ധ്യാന്തങ്ങളില്‍-
ജയജയമാമലമകളേ!
നവനവകരുണാവിലാസമുള്ളവളേ!
പലപലസങ്കടവുംമേ
പൊടിപൊടിയാക്കുകകടാക്ഷയന്ത്രത്താല്‍
കാലൻപിടിപിടിയെന്നാ-
യ്ക്കാലേശിവ! ശിവ! ഭടര്‍ക്കുനീട്ടെഴുതും,
അവനോബഹുബഹുകഠിനന്‍
തവദയമൃദുമൃദുഭവാനി!വിഷമംമേ
പാർവ്വതി!ശരണംശരണം
പാപം പെരുതങ്ങുതീത്തുതരണംതരണം
പരമഴൽ കെടണംകെട്ടുണം
പദദാസനെയൊന്നുകേറ്റിവിടണംവിടണം.
ഈരണ്ടു പാദങ്ങളിലായിട്ട് ആിമദ്ധ്യാന്തങ്ങളിൽ-
നമുക്കുനാടൊക്കെയടക്കിടേണം
നമുക്കു കീഴാവണമിന്നുലോകം
മനുഷ്യനേവംമഹിമയ്ക്കുവേണ്ടി
മനുഷ്യജന്മംകളയുന്നുമായേ!
ഭവപ്രിയംകണ്ടശിവേ!പരന്നു
തവപ്രിയംകണ്ടറിയാവതാമോ?
നനുപ്രസാദിയ്ക്കുകദേവി!നീതാൻ
മനംപ്രസാദിക്കുമെനിയ്ക്കുമെന്നാൽ.
ദൃഢംശിവേ!നിൻകരുണാവിലാസം
പെടുന്നനാളെന്റെമനോവിലാസം
ഉടൻപ്രപഞ്ചഭ്രമദുഷ്ടബോധം
വെടിഞ്ഞുനേടുംപരതത്ത്വബോധം.
ഓരോ പാദങ്ങളിടവിട്ട് ആദിമദ്ധ്യാന്തങ്ങളില്‍-
ദുരാഗ്രഹത്താൽദ്ധനധാന്യജാലം
നിനച്ചുകാലംകളയുന്നുലോകം
ദുരാപമാംനിൻപദമദ്രികന്യേ!
നിനയ്ക്കുമാസ്സജ്ജനമോചുരുക്കം.
ഗിരിസുത!കരുണാരസമൂര്‍ന്നിടും
പെരിയനോട്ടമയച്ചിടുകെന്നിൽനീ
അരിയിലുംകരുണാരസമാര്‍ന്നുതാ-
നരിയനോട്ടമയച്ചിടുമന്നുഞാന്‍.
വെള്ളപ്പാലെതൃപുഞ്ചിരിയ്ക്കുരുചിയു-
ണ്ടെന്നാലുമേകേവലം
കള്ളപ്പെണ്കൊടിമാർകടാക്ഷവലയിൽ-
ച്ചാടാതിരിയ്ക്കേണമേ
ഉള്ളിൽപ്പെണ്കൊതിഹേസഖേ!വിടുവത-
ല്ലെന്നാലുമേകേവലം
തള്ളിപ്പാര്‍വ്വതിയേവിടായ്കകുഴിയിൽ-
ച്ചാടാതിരിയ്ക്കണമേ.
എല്ലാപ്പാദങ്ങളുടേയും ആദിമദ്ധ്യാന്തങ്ങളിൽ-
സദാശിവപ്രിയാംഗനേ!
സദാശിവന്തരേണമേ
സദാശിവൻനൽസുഖം
സദാകൊടുത്തിടുംശിവേ!
സദാശിവൻതവപ്രിയൻ
സദാസുഖിച്ചിടുംവിധം
സദാശിവത്വമാര്‍ന്നുമേ
സദാസുഖിച്ചിടേണമേ.
ഗിരീശൻസസന്തോഷമേന്തുന്നകുന്നധന്യേ!
ഗിരീന്ദ്രൻ സന്തോഷാകുന്നകന്യേ!
ചിരാദൃഃഖസന്തോഷമിശ്രത്വമെന്യേ
പരംപൂര്‍ണ്ണസന്തോഷമിങ്ങേകവന്ദ്യേ!
ഗിരിയ്ക്കുശുദ്ധംമകളേ!ജയിക്കനീ
ഹരിതയ്ക്കുതക്കോരനുജേ!ജയിയ്ക്കനീ
സ്ഫുരിയ്ക്കുമീശന്നുടലേ!ജയിയ്ക്കുനീ
സ്മരിയ്ക്കുമാര്യര്‍ക്കമൃതേ!ജയിയ്ക്കനീ.
മൂന്നാവൃത്തിയിൽ, ആദിമദ്ധ്യാന്തങ്ങളിൽ-
മനസ്സേമനസ്സേമനസ്സേറിനീന-
ല്ലൊഴിയ്ക്കൊല്ലൊഴിയ്ക്കൊല്ലൊഴിയ്ക്കൊല്ലതെല്ലും
സ്മരിക്കൂസ്മരിക്കൂസ്മരിക്കൂശിവാര്‍ദ്ധം
ജയിയ്ക്കുംജയിയ്ക്കുംജയിയ്ക്കുംദൃഢന്താൻ.
ശംഭുപ്പെണ്ണിൻമൃദുമൃദുമൃദുപ്പുഞ്ചിരി-
പ്പൂനിലാവായ്
മുമ്പുംപിമ്പുംകളികളികളിപ്പാച്ചിൽപാ-
യുംകടാക്ഷം,
കൊണ്ടാൽക്കൊണ്ടോനിവനിവനിവൻനല്ലകെ
ങ്കേമനുള്ളിൽ
കണ്ടാൽനേടാമതുമതുമതുംമറ്റതും
വേണ്ടതെല്ലാം.
ഭവേമേനിദാനംനിദാനംനിദാനം
ശിവേ! നിൻവിചാരംവിചാരംവിചാരം
ക്ഷണംകൈവരട്ടേവരട്ടേവരട്ടേ
ഗുണംഞാൻകൃതാര്‍ത്ഥൻകൃതാര്‍ത്ഥൻകൃതാര്‍ത്ഥന്‍
പാദങ്ങളുടെ ആദ്യന്തങ്ങളിലായിട്ട്-
നിത്യംഗൌരിത്വത്സേവന്മാർ
സേവന്മാരായോര്‍ക്കുംകൂടി
കൂടിച്ചേര്‍ക്കുംസൌഖ്യംസൌഖ്യം
സൌഖ്യംവില്ക്കുംനാഥേ!നിത്യം.
മാരാന്തകുന്നുമിഹമാരാര്‍ത്തിചേര്‍ത്തുശുഭ-
മാരാഗമപ്പൊരുൾമണി-
യ്ക്കാരാലെഴും മഹിമയാരാലുമേവിഷമ-
മാരാലശേഷമറിയാൻ
പോരാത്തഞാനതിനുപോരായ്കിലെന്തിവനു
പോരായ്മയുണ്ടുഗിരിജേ!
നേരായിനിൻമിഴികൾനേരായിഞാൻപെടുകില്‍
നേരായികാര്യമഖിലം.
ഇത് അന്തരാളപ്രാസഭ്രാന്തിയുണ്ടാക്കുന്ന ഒരു മാതിരിയിലാണ്. എന്നുതന്നെയല്ല മൂന്നാംപാദം യമകാന്തർഭൂതമായ അന്തരാളപ്രാസന്തന്നെയുമാണ്.
പേര്‍ത്തുംസമസ്യയൊന്നിന്നു
ചാര്‍ത്തുംപൂരണമാലയും
പാര്‍ത്താൽപ്പദാനുപ്രാസത്തിൽ
ച്ചേര്‍ത്താണുവരുവാൻവഴി.
ഒരു സമസ്യക്കു കേവലം ഒരു പൂരണം മാത്രമാണുള്ളതെങ്കിൽ പദാനുപ്രാസമാകുന്നതല്ല. പല പൂരണങ്ങളും നിരപ്പെച്ചേര്‍ക്കുന്നതു പദാനുപ്രാസമായി വിചാരിയ്ക്കാൻ വഴിയുണ്ടെന്നേയുള്ളു.
സമസമസ്യ
'മലപ്പുറമതിങ്കലുണ്ടതുവിശേഷരമ്യസ്ഥലം'
ഒളിച്ച കിണറുണ്ടു മേൽപ്പടവുമുണ്ടതിൻ
മേലെയായ്
തെളിഞ്ഞകയറൊന്നതിന്നരികിൽ ണ്ടു
കുഭങ്ങളും
മലയ്ക്കുടയവന്റെമേലതുപതിഞ്ഞ
മട്ടായിവെൺ
'മലപ്പുറമതിങ്കലുണ്ടതുവിശേഷ
രമ്യസ്ഥലം'.
നിലാവുചൊരിയുന്നപൂമലരണിഞ്ഞ
കാർകൂന്തൽ,കൺ-
വിലാസമതിൽവീരനാമലർശരന്റെ
യാജ്ഞാക്ഷരം
വലിപ്പമിവയാൽപ്പെടുംശിവയുമായ് ശി
വൻവെള്ളിമാ-
'മലപ്പുറമതിങ്കലുണ്ടതുവിശേഷ
രമ്യസ്ഥലം'.
കലക്കമൊടുമാപ്പളപ്പടകൾപൊങ്ങി
യാൽത്തൽക്ഷണം
നിലയ്ക്കുവെടിവെയ്ക്കുവാൻവിരുതൊടുണ്ടു
പട്ടാളവും
ഒലിച്ചുപുഴചൂഴുമീയ്യഴകകാഴ്ച-
കാണേണ്ടതായ്
'മലപ്പുറമതിങ്കലുണ്ടതുവിശേഷ
രമ്യസ്ഥലം'.
വിഷമസമസ്യ
'തീക്കട്ടയിൽക്കൂടിയെറുമ്പരിയ്ക്കും'
മുക്കണ്ണനങ്കത്തിലെടുത്തഗൌരി-
യൊക്കുന്നുപോൽഗ്ഗംഗയിലrര്‍ഷ്യയെന്നാല്‍
നോക്കീട്ടുവേണ്ടാ പറയാനുറയ്ക്കാം
'തീക്കട്ടയിൽക്കൂടിയെറുമ്പരിയ്ക്കും'.
ചൊൽക്കൊണ്ടധര്‍മ്മാഗമമൂര്‍ത്തികണ്ണൻ
കക്കുന്നുപാൽവെണ്ണകളെന്നുകേട്ട
ഈക്കേട്ടകാര്യംശരിയെന്നുവന്നാൽ
'തീക്കട്ടയിൽക്കൂടിയെറുമ്പരിയ്ക്കും'.
ഉൽകൃഷ്ടവിപ്രാംഗനദുഷ്ടയായാൽ
ക്കയ്ക്കൊട്ടിനീക്കുമ്പതിവുണ്ടുപക്ഷേ,
ഈക്കെട്ടകാലംവളരെപ്രയാസം
'തീക്കട്ടയിൽക്കൂടിയെറുമ്പരിയ്ക്കും'.
സമവിഷമസമസ്യ
"ആനയാനയുമാനയും'
ആനത്തലവനല്ലോസ-
ന്താനംതൻകുളികുന്നിലും
നൂനംസമംഗിരിജയാ-
'മാനയാനയുമാനയും'.
താനേകാതിലയാട്ടീടും
സ്ഥാനേകുംഭങ്ങൾകാട്ടിടും
ആനച്ചന്തവുമുണ്ടൊക്കു-
'മാനയാനയുമാനയും'.
ഞാനയച്ചുകടക്കണ്ണു-
മാനക്കാരന്റെതോട്ടിയും
മാനിയാതെന്തെഹോപായാ-
'നാനയാനയുമാനയും.'
വിച്ഛിന്നസമസ്യ
'... യ്ക്കാദിത്യനും ചന്ദ്രനുമ... ... ച്ചുപോലും'
ദിൿചക്രംവസ്ത്രമായുംസകലഭവനവും
ദേഹമായുംവിളങ്ങും
പച്ചക്കാമന്റെമെയ്ചുട്ടൊരുചുടുചുടല-
ച്ചാമ്പൽപൂശുന്നപൂജ്യൻ
ഇച്ഛയൊക്കുന്നൊരിഷ്ടപ്രണയിനിമണിയാം
ലോകമായയ്ക്കു വിശ്വ-
ക്കാഴ്ച'യ്ക്കാദിത്യനുംചന്ദ്രനുമ'ഴകിയലും
തോടയായ്‍വെ'ച്ചുപോലും'
അച്ചിയ്ക്കായിത്തനിയ്ക്കുള്ളൊരുമുതൽതനു
ണെങ്കിലുംപാതിവിറ്റാ
പ്പിച്ചക്കാരന്റെകയ്യിൽക്കനകമലവിള
ഞ്ഞെന്നുകേട്ടോടിയെത്തി
പച്ചപ്പാവംമഹാബ്രാഹ്മണനൊരുവനഹോ
തന്റെവായ്പിട്ടുകൂട്ടി
ട്ടുച്ച'യ്ക്കാദിത്യനും ചന്ദ്രനുമ'വനിയുമാ
യേച്ചുപായി'ച്ചുപോലും'.
അത്യൂക്കൻകാറ്റുതട്ടിത്തരുനിരമറിയു
മ്മാറുമര്‍ത്ത്യര്‍ക്കുയാത്രാ
പ്രത്യൂഹംപോലെവെള്ളംപുഴകൾകരകവി
ഞ്ഞേന്തിവന്നൊന്നുപോലേ
അദ്ദിക്കെല്ലാമടച്ചുൽക്കടമധികദിനം
രാപ്പകൽബ്ഭേദമില്ലാ
തത്ര'യ്ക്കുാദിത്യനും ചന്ദ്രനുമ'തിമാവാം
മട്ടുവഷി'ച്ചുപോലും'.
സ്ഥാനിയമമില്ലാത്തതായ പദാനുപ്രാസം.
സംസാരംബഹുസാരമെന്നുകരുതി
സ്സാരജ്ഞരുംസാരമാം
സംസാരംകലരുംശ്രുതിപ്പൊരുളിലേ-
സ്സാരംഗ്രഹിയ്ക്കാതഹോ
ഹിംസാരഞ്ജനയുള്ളയജ്ഞവുമഹിം-
സാരമ്യസാരാര്‍ത്ഥമായ്
കിംസാരംബതചെയ്തിടുന്നുഗിരിജേ
സംസാരഹിംസാരതേ!.
സാരജ്ഞന്മാർനിനയ്ക്കും!നിഗമപദമഹാ
സാരമേ!സാരമേറും
കാരുണ്യത്തിന്റെവിത്തേന്തിനശിവനുടെസര്‍
വ്വസ്വവിത്തേ!സ്വവിത്തേ!
പാരംദുഃഖത്തിൽനില്ക്കുന്നടിയനുടെമ
വൃത്തിയേവൃത്തിയേറു
ന്നോരീനിന്മേൽനടത്തിയ്ക്കണമതിനുശിവേ
കൈതൊഴുന്നേൻതൊഴുന്നേൻ.
ഈ ശ്ലോകത്തിൽ, പദാനുപ്രാസങ്ങളിൽ ചിലേടത്തു ഭിന്നാര്‍ത്ഥത്വം കല്പിപ്പാനുംവഴിയുണ്ട്. അങ്ങിനെ കല്പിയ്ക്കുന്നപക്ഷം അതു പദയമകമായിട്ടു വിചാരിയ്ക്കേണമെന്നും പറയാം. എന്തുകൊണ്ടെന്നാൽ, അപ്പോൾ സ്ഥാനനിയമമുണ്ടെന്നു വിവരിപ്പാനും താമുണ്ടാവാതിരിയ്ക്കയില്ല. അതുകൊണ്ട് ഇതിനെ പദാനുപ്രാസമെന്നും, പദയമകമെന്നും, വാദപ്രിയന്മാർ തര്‍ക്കിച്ചുകൊണ്ടിരിയ്ക്കട്ടെ.
സവ്വജ്ഞസർവ്വസംസാര-
സർവ്വസ്വംസര്‍വ്വകാലവും
സര്‍വ്വര്‍ക്കുമരുളീടട്ടേ
സര്‍വ്വമംഗളമംഗളം.
പദാനുപ്രാസകാണ്ഡം കഴിഞ്ഞു.
'ശബ്ദാലങ്കാരം' അവസാനിച്ചു.
നിവേദനം
ഇക്കഴിഞ്ഞ എടവമാസം മുതൽ മാസംതോറും മംഗളോദയത്തിൽ തുടര്‍ച്ചയായി പ്രസിദ്ധപ്പെടുത്തിവരുന്ന 'ശബ്ദാലങ്കാരം' ഇതാ ഈ മാസത്തിൽ അവസാനിച്ചിരിക്കുന്നു.
ഇതിന്റെ കർത്താവായ കുഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമനസ്സുകൊണ്ടു 'രസികരഞ്ജിനീ' പത്രാധിപരായിരിക്കുന്ന കാലത്തു, പണ്ഡിതശിരോമണിയായ എ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാനവർകൾ (എം. എ) ഉണ്ടാക്കിയ 'ഭാഷാഭൂഷണം' എന്ന അലങ്കാരഗ്രന്ഥം കണ്ടിട്ട് 'ഇതു വളരെ നന്നായിട്ടുണ്ട്. പക്ഷേ ശബ്ദാലങ്കാരപ്രകരണം എനിക്കു ബോധിച്ചില്ല' എന്നു പറകയുണ്ടായത്രെ. അതു കേട്ടപ്പോൾ 'എന്നാലതൊന്ന് ഇവിടുത്തെ വകയായിട്ടുണ്ടാക്കുക' എന്നു ചിലർ അപേക്ഷിച്ചപ്രകാരം അവിടുന്നുണ്ടാക്കിയതാണ് ഈ ഗ്രന്ഥം. ഇതവിടുന്നു സ്വല്പദിവസങ്ങൾക്കുള്ളിൽ നിര്‍മ്മിച്ചതും, ഇതിലെ ഉദാഹരണശ്ലോകങ്ങൾ മുഴുവൻ അവിടുത്തെ സ്വന്തം വകയും ആകന്നു.
ഇതിലെ വിഷയങ്ങളുടെ ഘടനയെപ്പറ്റിയൊ വിശദതയെപ്പറ്റിയോ ശ്ലോകങ്ങളുടെ ഭംഗിയെക്കുറിച്ചോ വായനക്കാരോട് ഒന്നും പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. അവിടുത്തെ കുലദേവതയായ ശ്രീകുരുംബാദേവിയുടെ പേരിൽ ഉള്ള ഭക്തിയെ പ്രകാശിപ്പിക്കുന്ന ഇതിലെ ശ്ലോകങ്ങളിൽ ചിലത് അവിടുന്നു മുമ്പുതന്നെ നിര്‍മ്മിച്ചിട്ടുള്ളവയും, ചിലതു തൽക്ഷണം ഉണ്ടാക്കിയവയും, പലതും ഇദ്ദിക്കുകാര്‍ക്കു പരിചിതങ്ങളുമാണ്. ദേവീസ്തവം എന്ന പേരിൽ മുമ്പൊരു ലക്കം 'മംഗളോദയ'ത്തിൽ ചേർത്തിരുന്ന പദ്യങ്ങൾ ഈ പുസ്തകത്തിലുള്ളവയാണ്. ശബ്ദാലങ്കാരപ്രധാനങ്ങളായ പദ്യങ്ങളുടെ ജീവനായ അക്ലിഷ്ടത ഇതിലെ ശ്ലോകങ്ങളിലെല്ലാം കിടന്നു കളിയാടുന്നുണ്ടെന്നു സഹൃദയന്മാർ സമ്മതിക്കാതിരിക്കയില്ല.
അന്നവിടുന്നു ഒരു കളിയായുണ്ടാക്കി, സ്വന്തം കയ്യക്ഷരത്തിൽ എഴുതി, 'രസികരഞ്ജനി' വക റിക്കാർട്ടുകെട്ടുകളുടെ കൂട്ടത്തിൽ, ആത്മസഹജമായ അനാസ്ഥയോടെ സൂക്ഷിച്ചിരുന്ന ഈ ഉത്തമഗ്രന്ഥം ഇയ്യിടയിൽ ഞങ്ങൾക്കു കണ്ടുകിട്ടുവാനിടയായപ്പോൾ "ഇനിയിതു ചിതലിന്റെ മുതലായി മണ്ണിൽ ലയിച്ചുപോകാതെ കഴിയട്ടെ' എന്നുവെച്ച് ഇങ്ങിനെ എടുത്തു പ്രസിദ്ധപ്പെടുത്തിയതാണ്. പുസ്തകത്തിന്റെ ആദിയിൽ 'അലങ്കാരസം ഗ്രഹം- ശബ്ദാലങ്കാരം' എന്നും, അവസാനത്തിൽ 'ശബ്ദാലങ്കാരം എന്ന പൂര്‍വാര്‍ദ്ധം കഴിഞ്ഞു' എന്നും കൂടി എഴുതിക്കാണുന്നുണ്ട്. ഇതിൽനിന്ന്, അവിടുന്നു ശബ്ദാലങ്കാരപ്രകരണം മാത്രമല്ലാ മറ്റു പ്രകരണങ്ങളും എഴുതുവാനുദ്ദേശിച്ചിട്ടുണ്ടായിരിക്കണമെന്നൂഹിക്കേണ്ടിയിരിക്കുന്നു. ആ ഉദ്ദേശം സാധിക്കുവാൻ പിന്നീടവിടുന്നു ശ്രമിക്കാതെപോയതു മലയാളികളുടെ ഭാഗ്യദോഷം എന്നേ പറവാൻ തോന്നുന്നുള്ളു.
ഈ പുസ്തകത്തിൽ രഥബന്ധം, സര്‍പ്പബന്ധം മുതലായി വിവരിക്കപ്പെട്ടിട്ടുള്ള ബന്ധങ്ങളുടെ ചിത്രങ്ങൾ മാസികയിൽ ചേക്കുവാൻ തരമാവാതെ പോയതിൽ വ്യസനിക്കുന്നു. എന്നാൽ ഇതു പ്രത്യേകം ഒരു പുസ്തകമായി പ്രസിദ്ധപ്പെടുത്തുന്ന സമയത്തു അവകൂടി ചേര്‍ക്കുന്നതാണ്.
മംഗളോദയപ്രവർത്തകന്മാർ