കൃഷ്ണഗാഥാ രീതി 1091
നിയിതു കാണ്‍കൊരാൺകുഞ്ഞിതാ, തൻകുഞ്ഞി-
ക്കയ്യിൽച്ചെറിയ പാൽപ്പാത്രവുമായ്,
പയ്യിനെക്കാലേ കറന്നീടുമമ്മതൻ
മെയ്യിൻ വലംവശം ചാരിനിൽപ്പൂ
മാതാവോ, പൈക്കറ നിർത്തി, മണിവള -
വ്രാതമണിഞ്ഞ വലത്തു കയ്യാൽ
പൈതലേപേര്‍ത്തു മണച്ചു പുണര്‍ന്നതി-
പ്രീതയായ്ക്കോൾമയിർക്കൊണ്ടീടുന്നു.
ചേലുറ്റ പാത്രത്തിലമ്മ നറുംചുടു-
പാലും പകർന്നു കൊടുത്തതിനാൽ,
ബാലന്റ ചെന്തൊണ്ടി വായ്മലരിൽ ചെറ്റു
പാലഞ്ചും പുഞ്ചിരി തഞ്ചിടുന്നു.
താമരത്താരിതൾ പോലെ നെട്ടതായി-
ത്തൂമയ്യെഴുതിയ കണ്ണിണയിൽ
പ്രേമവും ഹര്‍ഷവുമുൾക്കൊള്ളുമുണ്ണിത-
ന്നോമനവക്ത്രമിതെത്ര രമ്യം!
എമ്മട്ടെന്നോതുവാനേതും കഴിവില്ലാ-
ത്തിമ്മധുരാനനമൊന്നു കണ്ടാൽ,
അമ്മയ്ക്കു മാത്രമല്ലാ,ര്‍ക്കുമേ ചെന്നെടു-
ത്തുമ്മവെച്ചീടുവാൻ തോന്നുമല്ലോ.
കേവലഭംഗ്യാ കൊഴുത്തുരുണ്ടുള്ളാരി
പ്പൂവൽമെയ് പൂണാർ താൻ പുണ്യവാന്മാർ;
ലാവണ്യദുഗ്ദ്ധം കടഞ്ഞെടുത്തീടിന
തൂവെണ്ണയോ ഇതു തമ്പുരാനേ!
ക്ഷോണിയ്ക്കിരുൾ നീങ്ങാൻ ദൈവം താൻ കത്തിച്ചു
കാണിക്കും കാഞ്ചനക്കൈവിളക്കോ!
ചാണയ്ക്കു വെച്ചേറെച്ചന്തം വരുത്തിയ
മാണിക്യക്കല്ലോ ഈ മംജുരൂപം!
വെൺ തിങ്കൾബിംബത്തിൻ സൗമ്യപ്രകാശവും,
മുന്തിരിസ്സത്തിന്റെ മാധുര്യവും,
പൂന്തയ്യല്‍തെന്നലിൻ പൂർണ്ണക്കുളിർമയും
മാന്തളിർത്തൊത്തിന്റെ മാർദ്ദവവും,
വാനിൽ നവരത്നതോരണം കെട്ടുന്ന
വാർമഴവില്ലിന്റെ നല്ലഴകും,
വാടാതെ സന്ധ്യയ്ക്കു മന്ദം വിരിയുന്ന
വാസന്തിപ്പൂവിന്റെ വാസനയും-
മറ്റുമാനന്ദമേകുന്ന പദാർത്ഥങ്ങൾ
മുറ്റുമൊത്തിട്ടുണ്ടീക്കൊച്ചുമെയ്യില്‍
മറ്റാരുമല്ലതു, മാന്യയശോദരൻ
കറ്റക്കിടാവായ കണ്ണനത്രേ.
അമ്മയ്ക്കു പാൽപ്പാത്രം കാണിച്ചുനിന്നിടു-
മിമ്മലർക്കോമളത്തൃക്കയ്യല്ലോ,
അമ്മഹാമല്ലരാം ചാണൂരമുഖ്യരെ-
ച്ചമ്മന്തി പ്രായമരച്ചുവിട്ടു.!
ആറേഴു നാളൊരു കുന്നിനെയൊറ്റക്കൈ-
ത്താരാൽക്കുടയായ് പിടിച്ചോനിവൻ,
ഏറിയാൽ മൂഴക്കു കൊള്ളുമിപ്പാത്രത്തെ-
ക്കൈരണ്ടുകൊണ്ടും പിരിച്ചിരിപ്പൂ!
പീലികളും വെച്ചു മേല്പോട്ടായ് ക്കെട്ടിയ
നീലിമ കോലുന്ന കൂന്തലിന്മേൽ
മാലിന്യമേലാത്ത മുത്തുമണിമയ-
മൌലിവിഭൂഷണമൊന്നണിഞ്ഞും;
നന്മഷിക്കോലിനെ വെല്ലുന്ന ചില്ലികൾ-
തൻമദ്ധ്യഭാഗത്തായത്തെല്ലു മീതേ,
ഗോപിമാർ ചുംബിച്ച നിര്‍മ്മലനെറ്റിമേൽ
ഗോപി ചെങ്കുങ്കുമം കൊണ്ടു തൊട്ടും,
കർണ്ണങ്ങൾ രണ്ടിലും കഞ്ജകുസുമത്തിൻ
കർണ്ണികയ്ക്കൊത്ത 'കുടക്കടുക്കൻ'
കണ്ണാടിച്ചില്ലൊക്കും ഗണ്ഡത്തിൽ ബിംബിച്ചു
കണ്ണാടിച്ചിന്നുംമാറുജ്ജ്വലിച്ചും,
മെച്ചമാം കണ്ഠത്തെ മാറോളം തൂങ്ങിയോ-
രച്ഛഹാരത്താലലംകരിച്ചും,
പിച്ചിപ്പൂമാലകൾ പോലാം ഭുജങ്ങളിൽ-
പച്ചക്കൽ വെച്ച വളകളിട്ടും,
മൊട്ടുള്ള പൊൻതുടർ മിന്നുമരയിങ്കൽ
പട്ടുകോണകമുടുത്തും ചെമ്മേ,
പട്ടും പണിയുന്ന പാദങ്ങളിൽ വില-
പ്പെട്ടുള്ള രത്നച്ചിലമ്പു പൂണ്ടും
അമ്മതൻ മെയ്ചാരി നീല്പോനേ, ലോകങ്ങൾ -
ക്കമ്മയുമച്ഛനുമായവനേ,
ധർമ്മസംരക്ഷയ്ക്കായ് ക്കൂടെക്കൂടേ ജന്തു-
ധര്‍മ്മം കൈക്കൊള്ളും പരമാത്മാവേ,
ഭാവം പാര്‍ത്തമ്പാടിപ്പെണ്ണുങ്ങൾതൻ മുനിൽ,
പാൽവണ്ണയൊട്ടൊട്ടു കിട്ടുവാനായ്,
മൂവടികൊണ്ടു മുപ്പാരുമളന്നതൃ-
ക്കാൽ വെച്ചു തത്തിക്കളിക്കുന്നോനേ,
ഓടക്കുഴലൂതിശ്ശീലിച്ചുപോരുമി
പാടലപാലച്ചുവണ്ടിനാലേ
പ്രൌഢനാം ഫൽഗുനന്നുൽകൃഷ്ടധർമ്മത്തിൻ
ഗൂഢതത്ത്വമുപദേശിച്ചോനേ,
ബാലകരൂപനാം നിന്നുടെയത്ഭുത-
ലീലകൾക്കുണ്ടോ പറഞ്ഞാലറ്റം?
നീലകളേബര, നിശ്ശേഷവിശൈക-
പാലക, പോറ്റി, പണിഞ്ഞിടുന്നേൻ.
വൃക്ഷങ്ങള്‍ക്കുളിൽച്ചെന്തെങ്ങാണങ്ങുന്നു
നക്ഷത്രവര്‍ഗ്ഗത്തില്‍ ശ്ശുക്രനത്രേ
രക്ഷിക്കും ബന്ധവശ്രേണിയിലമ്മതാൻ,
പക്ഷികുലത്തിലോ പച്ചക്കിളി,
നാനാചെടികളിൽത്തൃത്താവാകുന്നു നീ,
മാനായ ജാതിയിൽ കൃഷ്ണമൃഗം;
നൂനമൃതുക്കളിൽ മാധവമാസം നീ
പാനവസ്തുക്കളിൽപ്പാലു തന്നെ;
ഗാനയന്ത്രങ്ങളിൽ വീണാപ്രകാണ്ഡം നീ
സൂനങ്ങളിൽ പനിനീര്‍പ്പൂവു നീ;
സ്നാനം കഴിക്കേണ്ടും തീർത്ഥശതങ്ങളിൽ
വാനവഗംഗ നീ വാസുദേവ!
എന്തിലും മീ വിളങ്ങുന്ന ദൈവമേ,
ചിന്തിത സര്‍വസ്വചിന്താമണേ
അന്തിക്കു നാമം ജപിയ്ക്കുമ്പോൾ നിത്യമീ
നിൻതിരുമെയ്യുള്ളിൽത്തോന്നേണം മേ