09. വെണ്മണി മഹന്‍ നമ്പൂതിരി
ജീവചരിത്രം
വെണ്മണി മഹൻനമ്പൂരിപ്പാടു് 1019-ാമാണ്ടു മേടമാസം 6-ാം൹ ജനിച്ചു. കുടമാളൂർ പൊല്പാക്കര (പൊലപ്പാ) മനയാണു് അമ്മാത്തു് എന്നു മുൻപു ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. അവിടത്തെ ശ്രീദേവി അന്തർജ്ജനമാണു് മാതാവു്. കദംബൻ എന്നായിരുന്നു പേർ. മഹനു സംസ്കൃതത്തിൽ പറയത്തക്ക വിദ്യാഭ്യാസം ഒരിക്കലും ഉണ്ടായിരുന്നില്ല. തന്റെ കവിതകളിൽ അദ്ദേഹം അങ്ങിങ്ങു പ്രദർശിപ്പിക്കുന്ന സംസ്കൃതസാഹിത്യപരിചയം പ്രായേണ കേട്ടറിവിന്റെ ഫലമാണു്. കൊടുങ്ങല്ലൂർ കോവിലകത്തായിരുന്നുവല്ലോ മിക്കവാറും താമസം. അവിടത്തെ സഹൃദയസമ്മേളനത്തിൽ നിന്നു് അസാമാന്യമായ കവിതാവാസനയുള്ള ഒരാൾക്കു യാതൊരുതരത്തിലുള്ള ഗുരുകുലക്ലേശവും കൂടാതെ പഠിക്കാവുന്നതെല്ലാം അദ്ദേഹം പഠിച്ചു. അങ്ങനെ ലോകവ്യുൽപത്തിയുറച്ചു. താൻ കേട്ട ശ്ലോകങ്ങൾ ഓർമ്മിക്കുന്നതിനും ഉണ്ടാക്കിയ കവിതകൾ ഏതു കാലത്തും ചൊല്ലുന്നതിന്നും വേണ്ട മേധാബലം അദ്ദേഹത്തിന്റെ നൈസർഗ്ഗികസിദ്ധികളിൽ ഒന്നായിരുന്നു. മടി കൂടെപ്പിറവിയാണെന്നു തന്നെ പറയാം.
മഹന്റെ ജീവിതം സംഭവബഹുലമായിരുന്നില്ല. “പോയാൽപ്പോയ വഴിക്കു പോകുമൊരു തൂമ്പും വാലുമില്ലാതെ” എന്ന മട്ടിൽ അങ്ങുമിങ്ങും സഞ്ചരിച്ചും, അതതു ദേശത്തിലെ കവികളുമായി സല്ലപിച്ചും, വെടിപൊട്ടിച്ചും, ചിരിച്ചും, ചിരിപ്പിച്ചും, ഉത്സവാദികളായ ആഘോഷങ്ങൾ കണ്ടും, പുതിയ കവിതകൾ ആരംഭിച്ചും, പിന്നീടു് അവയുടെ പൂരണത്തെപ്പറ്റി യാതൊന്നും ചിന്തിക്കാതെയും, അങ്ങനെ ഒരു അലസജീവിതമാണു് അദ്ദേഹം നയിച്ചതു്. ചിലപ്പോൾ ഇല്ലത്തും കൊടുങ്ങല്ലൂരും, മറ്റു ചിലപ്പോൾ എറണാകുളത്തും തൃപ്പൂണിത്തുറയും, വേറേ ചിലപ്പോൾ അടൂരിനടുത്തുള്ള ഒറവങ്കരരാജന്റെ വസതിയിലും, ചാലക്കുടിയിൽ നടുവത്തച്ഛനോടുകൂടിയും, വല്ലപ്പോഴും അമ്മാത്തും താമസിക്കാറുണ്ടായിരുന്നു. കൊടുങ്ങല്ലൂർ താമസിക്കുമ്പോൾ അച്ഛനില്ലാത്ത അവസരങ്ങളിൽ ഭാഷാകവിതക്കളരിയിലെ ആശായ്മസ്ഥാനം അദ്ദേഹത്തിലാണ് സമർപ്പിക്കപ്പെട്ടിരുന്നതു്. തദ്വാരാ കൊച്ചുണ്ണിത്തമ്പുരാൻ തന്റെ ശിഷ്യനാണെന്നുപോലും അദ്ദേഹം അഭിമാനിച്ചുപോന്നിരുന്നു. പാഞ്ചാലീ സ്വയംവരം തുള്ളലിൽ കൊച്ചുണ്ണിത്തമ്പുരാനും ആ ഗുരുശിഷ്യബന്ധം സമ്മതിച്ചിട്ടുണ്ടു്. അദ്ദേഹത്തെ കവി തന്റെ ‘കണ്മണി’യെന്നാണു് വർണ്ണിക്കുന്നതു്. കുടമാളൂർ ചെന്നാലും അധികം താമസിച്ചുവന്നതു വയസ്കരയില്ലത്തായിരുന്നു. ആ വഴിക്കു് അവിടത്തെ പണ്ഡിതവരേണ്യനും ഭിഷഗാചാര്യനുമായ ആര്യൻനാരായണൻ മൂസ്സതിന്റെ സൗഹാർദ്ദം സമ്പാദിച്ചു. കൊട്ടാരത്തിൽ ശങ്കുണ്ണിക്കു കോട്ടയത്തുവച്ചും മറ്റും അദ്ദേഹവുമായുള്ള സഹവാസംനിമിത്തം പല കവനകലാമർമ്മങ്ങളും ഗ്രഹിക്കുവാൻ ഇടവന്നു. കുണ്ടൂർ നാരായണമേനോൻ തുടങ്ങിയ വേറെ പല കവിവര്യന്മാർക്കുംകൂടി അദ്ദേഹം സാഹിത്യാചാര്യനായിരുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അങ്ങനെ ഒട്ടുവളരെ സുഹൃത്തുക്കളേയും ശിഷ്യന്മാരേയും സമ്പാദിക്കുവാൻ അദ്ദേഹത്തിനു തന്റെ നിരന്തരസഞ്ചാരത്തിനിടയിൽ സാധിച്ചു.
മരണം
മഹനെ ഒരു മാറാശ്ശല്യമായി അലട്ടിക്കൊണ്ടിരുന്നതു് അഗ്നിമാന്ദ്യമാണു്. അതോടുകൂടി അർശസ്സിന്റെ ഉപദ്രവവും ഉണ്ടായിരുന്നു. പക്ഷേ, മരണഹേതുകമായി ഭവിച്ച രോഗം വസൂരിയാണു്. 1068-ാമാണ്ടു വൃശ്ചികത്തിൽ കൊടുങ്ങല്ലൂർ വച്ചു കൊല്ലന്തോറും പതിവുള്ള നവരക്കിഴിയും അതിനു മേൽ നല്ലിരിക്കയും കഴിഞ്ഞപ്പോൾ ആ ദീനം ആരംഭിക്കയും അതു് അസാധ്യാവസ്ഥയിൽ എത്തിച്ചേർന്നു മകരം 2-ാം൹ ആ മഹാപുരുഷൻ കാലധർമ്മത്തെ പ്രാപിക്കുകയും ചെയ്തു.
കൃതികൾ
മഹൻനമ്പൂതിരിപ്പാട്ടിലെ ബാല്യകാലത്തെ കൃതികൾ ഏതെല്ലാമെന്നറിയുന്നില്ല. 1048-ാമാണ്ടു തുടങ്ങി അദ്ദേഹമെഴുതിയ (1) പൂരപ്രബന്ധം മുതല്ക്കുള്ള വാങ്മയങ്ങളിൽ ചിലതെല്ലാം അവശേഷിച്ചിട്ടുണ്ടു്. (2) അംബോപദേശം മണിപ്രവാളം, (3) കുചേലവൃത്തം ശീതങ്കൻതുള്ളൽ, (4) ത്രിപുരദഹനം ആട്ടക്കഥ (ഈ രണ്ടു കൃതികളും 1052-ൽ എഴുതി). (5) ഭൂതിഭൂഷചരിതം മണിപ്രവാളം (1052-ൽ തുടങ്ങി) (6) പാഞ്ചാലീസ്വയംവരം ഓട്ടൻതുള്ളൽ (1053-ലും), (7) അജ്ഞാതവാസം ആട്ടക്കഥ (1055-ലും), (8) കാമതിലകം ഭാണം (1058-ലും ആരംഭിച്ചു). (9) ജൂബിലി മഹോത്സവം ഓട്ടൻതുള്ളൽ (1062-ൽ രചിച്ചു. (10) പ്രച്ഛന്നപാണ്ഡവം നാടകം, (11) പുരന്ദരാരുണം നാടകം, (12) പൂയൂഷവീര്യോദയം നാടകം ഇവ നാലും 1064-നു മേൽ എഴുതിയവയവാണു്. 1065-ൽ അതിമോഹവും 1066-ൽ പ്രച്ഛന്നപാണ്ഡവവും 1067-ൽ മറ്റു രണ്ടു നാടകങ്ങളും നിർമ്മിച്ചു. (14) നളചരിതം വഞ്ചിപ്പാട്ടു്, (15) കീചകവധം വഞ്ചിപ്പാട്ടു്, (16) കാളിയമർദ്ദനം കൈകൊട്ടിക്കളിപ്പാട്ടു്, (17) ഹരിണീസ്വയംവരം കൈകൊട്ടിക്കളിപ്പാട്ടു്, (18) സങ്ഗമേശാഷ്ടകം (1066-ൽ എഴുതിയതു്), (19) കുചേല ഗോപാലശതകം നാലുപേർ കൂടി എഴുതിയതിൽ ഒടുവിലത്തെ ഭാഗം (20) ഒരു പറയൻഗണപതി, (21) ഹിരണ്യാക്ഷവധം ആട്ടക്കഥ, (22) പലവക കീർത്തന ശ്ലോകങ്ങൾ, സംഭാവനശ്ലോകങ്ങൾ, ഛായാശ്ലോകങ്ങൾ, എഴുത്തുകൾ, സമസ്യാപൂരണം മുതലായവയാണ് ഇതരകൃതികൾ.
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - കേരളസാഹിത്യചരിത്രം
(അദ്ധ്യായം 48.5)