തീപ്പെട്ട കൊച്ചി വലിയ തമ്പുരാൻ തിരുമനസ്സിലേക്ക്
പൊട്ടിപ്പൊങ്ങിത്തുടങ്ങീ തവ പുകഴതുകൊ-
ണ്ടിന്നു ശത്രുക്കൾ ചിത്തം
മട്ടിപ്പങ്ങിത്തുടങ്ങീ തവ മഹിമകൾ കേ-
ട്ടന്ധനായമെന്യേ
തട്ടിക്കേറിത്തുടങ്ങീ സുരപതി സഹിയാ-
ഞ്ഞിപ്പൊഴാക്കല്പവൃക്ഷം
വെട്ടിക്കീറിത്തുടങ്ങി വിരവൊടു വിറകിന്നി-
ണ്ടലോടണ്ടര്കോനും. 1
ജൃംഭിച്ചീടിനദാനമിന്നു സഹിയാ-
ഞ്ഞുന്മത്തനായ്ക്കയ്യുവി-
ട്ടമ്പോടങ്ങമരാലയത്തിലഥ ചെ-
ന്നുൾപ്പെട്ടു കല്പദ്രുമം
ഗംഭീരാരവമിട്ടു താവകയശഃ
കുംഭീന്ദ്രൻ കുംഭിനീ-
ജംഭാരേ! കളയുന്നകണ്ടിഹ കല-
മ്പുന്നൂ നിലിമ്പാധിപൻ. 2
മാടശ്രീഭൂപിയുഷ്മൽപ്രചുരവിതരണം
പ്രീണനായ് വീണതന്നിൽ-
പ്പാടി ശ്രീനാരദാഖ്യൻ മുനി സുരപുരിയിൽ
ചെന്നുപോലെന്നമൂലം
വാടീ വാനോർമരക്കൂട്ടവുമഥ വലഭി-
ദ്വക്ത്രവും വള്ളിപൊട്ടി-
ച്ചോടീ തൽക്കാലമന്നസ്സുരപുരി സുരഭി-
പ്പയ്യുമയ്യോ മഹാത്മൻ!
ഏതാനും ദിവസങ്ങൾ കൊണ്ടായി ഭവാ-
നക്കണ്ട ഹേമാദ്രിതൻ
ദാതാവായിടുമന്നുതൊട്ടു ദിവസാ-
ഭാവം മുടങ്ങും ദൃഢം
ചേതസ്സിങ്കലിവണ്ണമോര്ത്തനുദിനം
ചൂതായുധായോധന-
പ്രീതാ സമ്പ്രതി ചക്രവാകയുഗളീ
വാഴുന്നിതൂഴീപതേ! 3
പരിചൊടു ബഹുമാനഭീതിശങ്കാ-
പരവശനായഹമൊന്നുണര്ത്തിടുന്നേൻ
പരമിവനവിവേകിയെന്നു തോന്നീ-
ടരുതരുതേ ഹൃദി തേ നൃപാലമൌലേ! 4
ലോകപ്രഖ്യാത!ലോകോത്തരഗുണവസതേ!
ഭൂപതേ! പുണ്യരാശേ!
ലോകപ്രത്യക്ഷവാനോർകുലവരവിടപിൻ!
നിസ്വനീനിസ്സഹായൻ
ശോകത്താൽ ശുഭരത്നദ്വിജനഹമിവിടെ-
ക്കാഴ്ചവെച്ചാപ്പതക്ക-
ശ്ലോകത്തിൽ ചേര്ന്നിരിപ്പുണ്ടകമണയുമഭി-
പ്രായമൊന്നായവണ്ണം. 5
തൻഭാഷാതന്വിയെക്കേരളമനുജർ വെടി-
ഞ്ഞൊട്ടുമുക്കാലുമിപ്പോൾ
വമ്പാളും ഹൂണഭാഷാവനിതയെ വശമാ-
ക്കുന്നതോര്ത്തത്തലോടെ
എൻപാര്ശ്വേവന്നു മുൻചൊന്നവളശരണയാ-
യാശ്രയിച്ചോരു മൂലം
ജംഭാരിപ്രഖ്യ! ഞാനിന്നതിനെനതനര-
ശ്രീകര! സ്വീകരിച്ചേൻ. 6
നൽക്കോപ്പില്ലതുകൊണ്ടു മഞ്ജുളതരാ-
ലങ്കാരഹാരാദിചേര്-
ത്തിക്കാലത്തിവളെപ്പരം നരപതേ!
നന്നായ് നടത്തിടുവാൻ
ഒക്കുന്നില്ലിഹഞാൻ നിനയ്ക്കിലവിടു-
ന്നല്പം കടാക്ഷിക്കില-
ങ്ങൊക്കെപ്രൌഡിയതാകുമന്നിതു ജഗ-
ത്തൊക്കെജ്ജയിച്ചിടുമേ. 7
സുബ്രാഹ്മണ്യം കലര്ന്നീടിന സുകൃതിമഹാ-
വൈദ്യവംശേന്ദ്രനാമം
സുബ്രഹ്മണ്യാഖ്യശാസ്ത്രിദ്വിജനഴകില് മരു-
ന്നൊക്കയും മനിയാതേ
ഇബ്രഹം കണ്ടെഴും മൽക്കരത്തിലെഴുതി-
ത്തന്നു സന്തോഷമായെ-
ന്നിബ്രഹ്മാണ്ഡാന്തരാലംകൃതവിമലയശോ
രാജ! ഹേ രാജമൌലേ. 8
പക്ഷേ മരുന്നവകൾ വാങ്ങിയുടൻ പൊടിച്ചു
ഭക്ഷിച്ചിടേണ്ട വിധമാക്കുക ഞാൻ നിനച്ചാൽ
മൽക്ഷ്മാപതേ! ബഹുഞെരുക്കമതെന്റെ കാര്യ-
മക്ഷീണവിക്രമ! നിതാന്തമമാന്തമാണ്. 9
ധന്യാത്മൻ! ധരണീതലത്തിലിവിടു-
ന്നുണ്ടേകനല്ലാതക-
ണ്ടന്യാലംബനമില്ലെനിക്കു മമ ഭാ-
രത്തെബ്ഭവാന്തങ്കൽ ഞാൻ
ഒന്നായൊക്കയുമാശ്രയത്തൊടു സമര്-
പ്പിച്ചേനിനിസ്സര്വ്വവും
നന്ദ്യാകല്പനപോലെ കാര്യമവനീ
വൃത്താന്ത വൃത്രാന്തക! 10
പാരിൽ കീർത്തിയെഴുന്ന മാടനൃപതേ!
പാരിൽ ഭവദ്ദാനനീ-
രാറായ്ക്കുത്തിയൊലിച്ചു ചാടുമൊരെഴു-
ക്കുത്തിൽപ്പൊറുത്തീടുവാൻ
പാരം ദണ്ഡമൊടങ്ങുപോയ്പരകര
സ്ഥാനത്തു പറ്റുന്നവൻ
ദാരിദ്രോൽക്കടനക്രമില്ലിഹ ജഗ-
ത്തിങ്കൽ ജനോപദ്രവം. 11