Contacts

സമ്പാദകൻ - ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
പാര്‍വ്വതീപരിണയം കിളിപ്പാട്ടു്

​​കവിയുടെ പേരും മറ്റും ഇനിയും വെളിപ്പെട്ടിട്ടില്ല. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിലെ പാർവ്വതീദേവിയെ ഈ ഗ്രന്ഥത്തിൽ കവി വന്ദിച്ചുകാണുന്നു. ആകപ്പാടെ പിരിശോധിക്കുമ്പോൾ "പാർവ്വതീപരിണയം" 'കുമാരസംഭവ'ത്തിന്റെ ഒരു സുസ്വതന്ത്രമായ ഭാഷാനുകരണമെന്നുള്ള നിലയിലും ഒരു സുകുമാരമായ ഭാഷാഗാനമെന്നുള്ള നിലയിലും സഹൃദയന്മാരുടെ സ്നേഹബഹുമാനങ്ങളെ ആവര്‍ജ്ജിക്കുന്നതിനു പര്യാപ്തമാകുന്നു. 'ഭദ്രോൽപത്തി'ക്കെന്നപോലെ ഈ കൃതിക്കും എന്റെ കൈയിൽ കിട്ടിയ പാഠം ശുദ്ധമാകയാൽ ഗ്രന്ഥാന്തരത്തിന്റെ ആവശ്യം നേരിടുകയുണ്ടായില്ല. രണ്ടു കൃതികളും ഒരേഗ്രന്ഥത്തിൽ തന്നെ ലിഖിതങ്ങളായി കാണപ്പെട്ടു എന്നുള്ള വസ്തുത ഞാൻ അന്യത്ര ഉപന്യസിച്ചിട്ടുണ്ടല്ലോ. -ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

നാഗലോകത്തുചെന്നു നാഗകന്യകമാരെ -
ഭോഗികൾ കാങ്കെത്തന്നെ കൊണ്ടിങ്ങു പോന്നീടുന്നു.
നാകലോകത്തു ഞങ്ങൾക്കുള്ളൊരു പദമവ-
രാകവെയടക്കി വാണീടുന്നു സുഖത്തോടും.
മേനകാദികളാകും മാനിനീജനമെല്ലാം
ദാനവനാരിമാരെ ശുശ്രൂഷിച്ചിരിക്കണം.
അപ്സരസ്ത്രീകൾ നൃത്തം ചെയ്യേണമവർകളി-
ലല്പവും കൂറില്ലവനെത്രയും കഷ്ടമോർത്താൽ.
നമ്മുടേ മുമ്പിൽനിന്നു ദേവകന്യകമാര്‍ക്കു
നിര്‍മ്മരിയാദം മാനഹാനിയേ വരുത്തുന്നു.
ദാനവശ്രേഷ്ഠൻ തനിക്കുര്‍വ്വശീഘൃതാചിയും
മാനിച്ചു പാദശുശ്രൂഷാദികൾ ചെയ്തീടണം;
വെൺകറ്റക്കുടയതു ഞാൻതന്നേ പിടിക്കണം;
സംകടമതിൽപ്പരമെന്തുള്ളതെനിക്കോര്‍ത്താൽ.
ദേവകളെല്ലാവരും ഭൃത്യരായ് നിന്നീടണം;
ഭാവവും നോക്കി മുനിവർഗ്ഗവും സ്തുതിക്കണം;
ദിക്പാലന്മാരും നിദ്രകൈവിട്ടു ദിനന്തോറു-
മെപ്പൊഴും കാവലായി നില്ക്കേണം മടിയാതെ.
ദന്തീന്ദ്രനാകും മമ വാഹനമൈരാവത-
മന്തികേ കൂടെ മരംവയ്ക്കാതെ വലിക്കണം.
ചന്ദ്രനും പൂര്‍ണ്ണരൂപനായ് നിത്യമുദിക്കണം;
മന്ദമായ' പവനനുമെപ്പോടും വിശീടണം;
സുര്യനും ശീതരശ്മിയായി വന്നുദിക്കണം;
നേരിട്ടുഗമിക്കാതെ തിരിഞ്ഞുപോയീടണം;
ഇത്തരമവസ്ഥകളൊക്കയുമുരചെല്ലാ-
നുത്തമനാകും ഫണിരാജനുമെളുതല്ല.
ഇന്നവനറിയാതെ ഞങ്ങളെല്ലാരും കൂടി-
വന്നിതു ജഗൽപതേ! സങ്കടമുണത്തിപ്പാൻ.
നിന്തിരുവടിതന്നേ നല്കിയ‌വരത്തിനാ-
ലെന്തെല്ലാമനര്‍ത്ഥങ്ങൾ വന്നിതു ജഗത്തിങ്കൽ!
ഇന്നുതൊട്ടിനിയൊരു നാഴികയിവയൊക്കെ-
യൊന്നുമേ സഹിപ്പതിന്നാവതല്ലാര്‍ക്കും നാഥ!
ദുഷ്ടനിഗ്രഹം ചെയ്തു ശിഷ്ടരാം ജനങ്ങളെ -
പ്പെട്ടെന്നു പരിപാലിച്ചീടുക ദയാനിധേ!
നിശ്ചയമല്ലായ്കിലോ ലോകങ്ങൾ നശിച്ചുപോം;
ത്വച്ചരണാരവിന്ദേ വീണിതാ വണങ്ങുന്നേൻ."
ഇത്തരമുണത്തിച്ചു ശക്രനും മുനിമാരും
ചിത്തവേദനയോടും വന്ദിച്ചു നിന്നീടിനാർ.
ആദിതേയാധിപന്റെ വാക്കുകൾ കേട്ടനേര-
മാദിനായകൻ താനുമാധിപൂണ്ടരുൾ ചെയ്തു.
"നമ്മുടേ ദോഷം കൊണ്ടു വന്നതല്ലിതു പാര്‍ത്താൽ;
നിര്‍മ്മലന്മാരേ കാലഗതിയെന്നറിഞ്ഞാലും.
ഓരോരോ കാലങ്ങളിലോരോന്നുവരുന്നതു
പാരാതെയനുഭവിച്ചിടുകയെന്നേ വരൂ.
കാലത്തിൻഗതിയറിഞ്ഞീടരുതാര്‍ക്കുമോര്‍ത്താൽ
കാലമായതു പരമാത്മാവെന്നറിഞ്ഞാലും.
ദുഃഖങ്ങൾ സുഖങ്ങളു മര്‍ത്ഥങ്ങളനര്‍ത്ഥവു-
മൊക്കയും വരുന്നതു കാലവൈഭവമല്ലൊ.
ദുഃഖിപ്പാനുള്ള കാലം നിങ്ങൾക്കു വരികയാ-
ലിക്കണക്കനര്‍ത്ഥങ്ങൾ മേൽക്കുമേലുണ്ടായതും.
സാധുക്കളായ നിങ്ങൾക്കൊക്കയുമിനിമേലിൽ
ബാധകൾതീര്‍ന്നു സൌഖ്യം വന്നിടും വൈകിടാതെ.
ദുഷ്ടരാമസുരരേ നിഗ്രഹംചെയ്തു നിങ്ങൾ-
ക്കിഷ്ടങ്ങൾ നല്കീടുവാനാളുഞാനെന്നാകിലും
പ്രീതിയോടവനു ഞാൻ വരങ്ങൾ കൊടുക്കയാൽ
നീതിയുമല്ലവനെക്കൊല്ലുക നമുക്കിപ്പോൾ.
ദുഷ്ടവൃക്ഷങ്ങൾപോലും തങ്ങളുണ്ടാക്കീടുകിൽ
വെട്ടുവാൻ തങ്ങൾക്കതും ചേര്‍ച്ചയുമില്ല പാര്‍ത്താൽ
താരകൻ തനിക്കു ഞാൻ വരങ്ങൾ കൊടുത്തപ്പോൾ
ക്രൂരനുമൻ നമ്മോടൊന്നുരചെയ്തീടിനാൻ
എന്നുമേ മരണമില്ലാതെ കണ്ടിരിപ്പാനും
തന്നീടവേണം വരമെങ്കിലേ സുഖമുള്ളു.
എന്നതുകേട്ടനേരം നന്നുനന്നിതു നിന-
ക്കൊന്നുമേ തരികയില്ലെന്നു ഞാൻ ചൊന്നനേരം
ചിന്തിച്ചു പറഞ്ഞിതു പിന്നെയുമവൻ മുറ്റു-
മന്തകവൈരിക്കൊരു നന്ദനനുണ്ടായെന്നാൽ
ചന്തമോടവൻ വന്നു കൊല്ലുകിലെനിക്കേതും
സന്താപമുണ്ടായ്‍വരാ മറ്റാരും ഹനിക്കൊല്ലാ.
എന്നവൻ പറഞ്ഞപ്പോളങ്ങനേ തന്നെയെന്നു
നന്ദിച്ചു വരം കൊടുത്തീടിനേനറിഞ്ഞാലും.
എന്നതുകെണ്ടു പരമേശ്വരൻ തനിക്കൊരു
നന്ദനനുണ്ടാകിലേ സാധിക്കൂ കാര്യങ്ങളും.
ഇന്നതിന്നൊരുവഴിയെന്തെന്നു നിങ്ങൾ ചെന്നു
ധന്യനാം ബൃഹസ്പതിതന്നോടു ചോദിക്കണം.
ആര്യനാകിയ ഗുരുചൊന്നതുപോലേ ചെയ്താൽ
കാര്യവും സാധിച്ചിടും; സൌഖ്യവും വരും മേലിൽ,
എങ്കിലിന്നെല്ലാവരും വൈകാതേ ഗമിച്ചാലും;
സങ്കടങ്ങളും തീർത്തു പാലിച്ചു കൊണ്ടീടുവൻ.."
ലോകനായകൻതന്റെ വാക്കുകൾ കേട്ടനേര-
മാകുലം തീര്‍ന്നു ദേവവൃന്ദവും മുനിമാരും
പോകുന്നേനെങ്കിലെന്നു വന്ദിച്ചുപുറപ്പെട്ടു
പാകശാസനനോടും നാകലോകവും പുക്കാർ,
സഞ്ചാരഖേദമൊട്ടു ശമിച്ചോരനന്തര-
മഞ്ചിതാനന്ദം ദേവവൃന്ദവും മുനിമാരും
ഒന്നിച്ചുപുറപ്പെട്ടു ചെന്നുടൻ ബൃഹസ്പതി.
തന്നുടേ തപോവനംതന്നിലങ്ങകംപുക്കു
മന്ദമെന്നിയേ ചെന്നു വന്ദിച്ചു ഗുരുവിനേ;
നന്ദിച്ചു ധിഷണനും സൽക്കരിച്ചിരുത്തിനാൻ.
മന്ദഹാസവും ചെയ്തു മന്ദമായവരോടു
വന്നതിനെന്തുമുലമെന്നതുചോദിച്ചപ്പോൾ
വന്ദിച്ചുമഹേന്ദ്രനും ചൊല്ലിനാൻ: "എങ്കിൽ ഞങ്ങൾ
വന്നകാരണമതു കേട്ടാലും മഹാമതേ!
താരകനെന്നു പേരായുള്ളോരു ദൈത്യേന്ദ്രന്റെ
പാരമാമുപദ്രവം പൊറുത്തുകൂടായ്മയാൽ
സാരസോത്ഭവനോടു ഞങ്ങൾ ചെന്നുണര്‍ത്തിച്ചു;
സാരമായൊരുവഴി ചൊല്ലിനാൻ വിരിഞ്ചനും
കാരണമൂര്‍ത്തിയാകും ശങ്കരൻതനിക്കൊരു
ദാരകനുണ്ടാകെണം താരകവധംചെയ്‍വാൻ,
എന്നതിനുപായങ്ങൾ നിന്തിരുവടിയോടു
ചെന്നുചോദിക്കവേണമെന്നരുൾചെയ്കയാലേ
ഒന്നിച്ചു ഞങ്ങളിത്ര വന്നതെന്നറിഞ്ഞാലു-
മിന്നതിന്നുപായങ്ങൾ ചിന്തിച്ചു ചൊല്ലീടണം
അന്നന്നു ഞങ്ങൾക്കു വന്നിടിനോരനര്‍ത്ഥങ്ങ-
ളൊന്നൊഴിയാതെ തീര്‍ത്തീടുന്നതും ഭവാനല്ലോ"
എന്നതുകേട്ടു ഗുരു ചൊല്ലിനാനവർകളോ
"ടിന്നിതുസാധിപ്പതിനെത്രയും പണിയത്രേ.
പന്നഗവിഭൂഷണൻ സന്യാസിവ്രതത്തോടും
ചെന്നങ്ങു ഹിമാചലംതന്നുടേ വനംതന്നിൽ
ഈശ്വരന്മാര്‍ക്കുപോലുമീശ്വരനാകും ദേവൻ
ശാശ്വതബ്രഹ്മധ്യാനം ചെയ്തുവാണീടുന്നുപോൽ.
അങ്ങനേവസിക്കുമ്പോളെങ്ങനേ വിവാഹംചെ-
യ്തംഗജനുണ്ടാകുന്ന മാര്‍ഗ്ഗമെന്നറിഞ്ഞീല.
എങ്കിലുമൊരുവഴി ചൊല്ലുവനതുചെയ്താൽ
സങ്കടങ്ങളും തീരും; കാര്യവും സാധിച്ചിടും.
ഉണ്ടല്ലോ ഹിമവാനു പുത്രിയായൊരു കന്യ
തണ്ടാർമാനിനിപോലെ കണ്ടാൽനല്ലവളത്രേ.
നാമവും പാർവ്വതിയെന്നാമവൾക്കു; നിത്യവും
സോമശേഖരൻ തന്നെ വന്ദിപ്പാൻ വരുമല്ലോ.
കാമിനീമണിയാകുമായവൾതന്നിൽച്ചെറ്റു
കാമമുണ്ടാക്കീടേണം ശങ്കരൻ തനിക്കെന്നാൽ
കാമിതമെല്ലാം വന്നുകൂടുമേ നമുക്കെല്ലാം;
കാമനാലൊഴിഞ്ഞതു സാദ്ധ്യമല്ലാര്‍ക്കുമോര്‍ത്താൽ.
പഞ്ചസായകശരമേല്ക്കിലീശ്വരന്മാര്‍ക്കും
ചഞ്ചലമാകും ചിത്തമില്ലസംശയമേതും.
നമ്മുടേ സമാധിക്കു ചഞ്ചലംവരുത്തുവാൻ
മന്മഥനത്രേ മൂലമെന്നറിഞ്ഞീടുംനേരം
അന്തകാന്തകനേതും കോപിയാതിരിക്കിലോ
ചിന്തിച്ചപോലേതന്നെ കാര്യങ്ങൾ വരുമല്ലോ.
മറ്റൊരുവഴിയിതിനില്ലെന്നു ധരിച്ചാലും;
തെറ്റെന്നുഗമിച്ചാലുമെങ്കിലിന്നെല്ലാവരും."
എന്നതു കേട്ടനേരം വാസവാദികളെല്ലാം
വന്ന സന്തോഷത്തൊടും വന്ദിച്ചു ഗുരുവിനെ
നല്ലതുവരുവതിന്നാശീർവാദവും വാങ്ങി
മെല്ലവേ പോന്നങ്ങൊരുദിക്കിൽ വന്നിരുന്നുടൻ
ലോകൈകധനുര്‍ദ്ധരനാകിയ മന്മഥനെ
പാകശാസനൻ സ്മരിച്ചീടിനാൻ വഴിപോലെ.
ബന്ധുവാം പുരന്ദരൻ ചിന്തിച്ചതറിഞ്ഞപ്പോ-
ളന്തര്‍മ്മോദേന മുന്നിൽ വന്നിതു മദനനും,
സുന്ദരീമണിമൌലിയാകിയ രതിയോടും
മന്ദമാരുതചന്ദ്രമാധവാദികളോടും
അര്‍ക്കമണ്ഡലമുദിച്ചുയരുന്നതുംപോലേ
ദിക്കുകളൊക്കെപ്പരന്നീടുന്ന തേജസ്സോടും
പങ്കജവിലോചനയാകിയ രതികര-
പങ്കജംകൊണ്ടു ശോഭിച്ചീടിന കണ്ഠത്തൊടും
മിന്നലോടിടചേര്‍ന്ന നീലമേഘത്തെപ്പോലെ
സുന്ദരീമണിയൊടു കന്ദർപ്പൻ തന്നെക്കണ്ടു
നന്ദിച്ചു പുരന്ദരൻ ചെന്നെതിരേറ്റുകൊണ്ടു
വന്നു തന്നര്‍ദ്ധാസനേ സൽക്കരിച്ചിരുത്തിനാൻ
വന്ദിച്ചു മദനനും മന്ദഹാസവുംചെയ്തു
മന്ദമാനന്ദത്തോടുമിന്ദ്രനോടരുൾ ചെയ്താൻ:-
"നിന്തിരുവടിതന്നേ ചിന്തചെയ്തതുമൂല-
മന്തരംഗത്തിൽ മമ സന്തോഷമെന്തുചൊല്ലൂ.
ഹന്ത! ഞാൻ കൃതാര്‍ത്ഥനായ് നിന്നുടേ കൃപകൊണ്ടു
ചിന്തിതമെല്ലാരുൾ ചെയ്താലും വൈകീടാതെ
പാകശാസന! തവ കിങ്കരനാകുമെനി-
ക്കാകുലമില്ല ഭവദാഗ്രഹം നല്കീടുവാൻ
ഇന്നൊരു തരുണിയിലാഗ്രഹം ഭവാനുണ്ടാ
യ്‍വന്നതുസഹിയാഞ്ഞു ഖേദമുണ്ടെന്നാകിലോ
ഉന്നതസ്തനിയാകുമവളേ വരുത്തി ഞാൻ
നിന്നോടു ചേർത്തിടുവനില്ല കില്ലതിനേതും.
മൂന്നുലോകത്തിലുള്ള നാരികൾ നരന്മാരും
മൂന്നായ മൃതികളുമോര്‍ത്തുകാണുന്നനേരം
നമ്മുടേ ശരവശന്മാരെന്നു ധരിച്ചാലും;
സമ്മതമല്ലോ നിങ്ങൾക്കൊക്കയുമതു പാര്‍ത്താൽ
വീരന്മാരെന്നാകിലും ക്രൂരന്മാരെന്നാകിലും
ധീരന്മാരെന്നാകിലും ജ്ഞാനികളെന്നാകിലും
നമ്മുടേശരമാകും സുന്ദരീജനത്തിന്റെ
കൺമുനയേല്ക്കുംനേരം മോഹിച്ചുപോകുമല്ലോ.
നാലുനാൾമുന്നമൊരുസുന്ദരവരനു ഞാൻ
മാലുകൾ വരുത്തിയ വൃത്താന്തം കേള്‍ക്ക ഭവാൻ.
സോമനുമൊരുദിനം പൂര്‍ണ്ണമായുദിച്ചപ്പോൾ
കാമിനീമണിയാകും സ്വാഹയെക്കണ്ടീടിനാൻ.
അന്നേരം രണ്ടുശരമെയ്തിതുഞാനുമതു
ചെന്നുകൊണ്ടിരുവരും കാമിച്ചു പരസ്പരം
ഒന്നിച്ചു രമിച്ചിതു പാവകനറിയാതെ;
നന്ദിച്ചു പലദിനമിങ്ങനേ കഴിഞ്ഞപ്പോൾ
ജാരസംഗമംകണ്ടു (സാധു) പാവകൻതാനു-
മാര്യയേയൊരുമന്ത്രംകൊണ്ടു താൻ വിഴുങ്ങിനാൻ.
അസ്തമിച്ചീടുംനേരം വമിച്ചുപുറത്താക്കും;
നിത്യമുദിക്കുന്നേരമങ്ങനേയകത്താക്കും;
രാപ്പകലവസരമില്ലാഞ്ഞിട്ടവർ കാമ-
പ്പേപ്പനി പിടിപെട്ടു ദുഃഖിച്ചുവാഴും കാലം
കാര്യഗൌരവംകൊണ്ടു പാവകനൊരുദിനം
ഭാര്യയേ വിഴുങ്ങുവാനോര്‍ക്കാതെ നടകൊണ്ടാൻ.
സോമനുമതുകണ്ടു ബദ്ധസമ്മോദം ചെന്നു
കാമിനീമണിയോടുമൊന്നിച്ചു മരുവിനാൻ.
ചെറ്റിങ്ങുപോന്ന നരം ചിന്തിച്ചുദഹനനും:-
"തെറ്റെന്നു മറന്നിതു ഭാര്യയെ വിഴുങ്ങുവാൻ;
സുന്ദരിതന്നെയങ്ങുപാർപ്പിച്ചുവന്നീടുകിൽ
വന്നീടുമനര്‍ത്ഥങ്ങളില്ലസംശയമേതും."
ഇത്തരം നിരൂപിച്ചു പിന്നാക്കം നടകൊണ്ടു
സത്വരം നിജഗൃഹം പുക്കിതു വാനിതാനും.
അത്തൽപൂണ്ടതുകണ്ടു ചന്ദ്രനെ സ്വാഹതാനു-
മുത്തമമായമന്ത്രം കൊണ്ടുടൻ വിഴുങ്ങിനാൻ.
വൃത്താന്തമറിയാതെ പത്നിയെക്‌കൃശാനുവും
നിത്യവുമുള്ള പോലെയുള്ളിലങ്ങാക്കീടിനാൻ.
അസ്തമിച്ചതുനേരം ചന്ദ്രനെക്കാണായ്കയാ-
ലത്തൽപൂണ്ടമരരും മാമുനിമാരുംകൂടി
വൃത്താന്തമറിയിച്ചു പങ്കജാസനനൊടു;
ചിത്തമോദേന പറഞ്ഞടിനാൻ വിരിഞ്ചനും.
നാകികളെല്ലാവരും നാകസ്ത്രീജനങ്ങളു-
മാകവേ വരേണമെൻമുമ്പിലെന്നതു കേട്ടു
ദേവകൾ ദേവിമാരോടൊന്നിച്ചു ചെന്നശേഷം
പാവകൻതന്നോടരുൾ ചെയ്തിതു വിരിഞ്ചനും.
എങ്ങുപോയിതു തവ ഭാര്യയെന്നതുകേട്ടു
തിങ്ങിന ലജ്ജയോടും വമിച്ച കൃശാനുവും.
സ്വാഹയോടരുൾ ചെയ്തു നാൻമുഖൻ: "നിനക്കിപ്പോൾ
മോഹനശീലേ! തേജസ്സേറുവാനെന്തുമൂലം?
നിന്നുടേശരീരത്തെക്കാണുന്നജനങ്ങൾക്കു
ചന്ദ്രനുണ്ടുള്ളിലെന്നുതോന്നുന്നു മനോഹരേ!"
എന്നതുകേട്ടനേരം ലജ്ജപൂണ്ടവൾ ശശി
തന്നെയും വമിച്ചിതു ധാതാവാൻമുന്നിൽതന്നെ.
നഗ്നനായതുമൂലം ലജ്ജിച്ചു ശോകിച്ചുട-
നഗ്നിയെബ്ഭയത്തൊടുമോടിനാൻ ശശാങ്കനും.
വസ്ത്രമില്ലാതേ ശശിതന്നെക്കണ്ടതുനേരം
വസ്ത്രങ്ങൾകൊടുത്തയച്ചീടിനാരെല്ലാവരും.
മൂലമിന്നിതുതന്നെ ബാലചന്ദ്രനെക്കണ്ടാൽ
നൂലെന്നാകിലും കൊടുത്തിടുന്നതറിഞ്ഞാലും.
ഇത്രപോന്നവരെയും കൂടവേ വലപ്പതി-
ന്നസ്ത്രങ്ങളിനിയുമെൻകൈയിലുണ്ടറിഞ്ഞാലും.
വൃത്രനാശനനായ നിന്തിരുവടിയുമെ-
ന്നസ്ത്രവൈഭവമറിയാതെയല്ലിരിക്കുന്നു.
നേത്രങ്ങളോരായിരമുണ്ടായിവരുവാനു-
മോര്‍ത്തുകാണുമ്പോൾ മൂലമെന്നുടേ ശരമല്ലോ.
ഇന്നുഞാൻ നിരൂപിച്ചാൽ പന്നഗവിഭൂഷണൻ
തന്നുടേസമാധിയെപ്പോലുമിന്നിളകിടാം.
എന്തിനിന്നിവയെല്ലാം ചൊല്ലുന്നു വൃഥൈവഞാ-
നെന്തെന്നാകിലും സാധിച്ചീടുവൻ സത്യമത്രേ."
ഇത്തരം മദനന്റെ വാക്കുകൾ കേട്ടനേരം
ചിത്തസന്തോഷമേറ്റം വന്നിതങ്ങല്ലാവര്‍ക്കും.
ചിത്തജൻതന്നെക്കൊണ്ടു കാര്യമുണ്ടാകമൂലം
വൃത്രവൈരിയുമധിക്ഷേപങ്ങൾ സഹിച്ചുടൻ
ചിത്തസന്തോഷത്തോടും മിത്രമാമവനുടെ
ഹസ്തവും പിടിച്ചനുനയിച്ചു ചൊല്ലീടിനാൻ.
"ധനനായ്‍വന്നു ഞാനും നിന്നുടേ സഹായംകൊ-
ണ്ടിന്നുനീയുരചെയ്തതൊക്കയും സത്യമത്രേ.
നിന്നുടേമഹത്വങ്ങളൊക്കെയുമറിവതി-
നിങ്ങൊരുവരുമില്ലെന്നങ്ങറിഞ്ഞീടാമല്ലോ.
ലോകൈകധനുര്‍ധരനാകിയനിനക്കിപ്പോ-
ളാകുലമെന്തുള്ളതു കാര്യങ്ങൾ സാധിപ്പാനും?
നിന്നുടേ ശരത്തിനു ലക്ഷ്യമല്ലാതേ പാര്‍ക്കി-
ലിന്നൊരുവനുമില്ല സത്യമെന്നറിഞ്ഞാലും.
ഇത്തരം മഹത്വമുള്ളോരു നീ നമുക്കിപ്പോ-
ളത്യന്തബന്ധുവായി വന്നതു മമ ഭാഗ്യം.
മിത്രമാകിയ നിന്നെക്കണ്ടതുമൂലമെനി-
ക്കെത്രയുണ്ടാനന്ദമെന്നെങ്ങനേ പറയുന്നു?
ഇക്കാലം നമുക്കുള്ള സങ്കടങ്ങളുമെല്ലാ-
മര്‍ക്കനെക്കണ്ട തമോമണ്ഡലം പോലെയായി.
എങ്കിലുമൊരുകാര്യമിന്നു ഞാനര്‍ത്ഥിക്കുന്നേൻ;
പങ്കജശര! ഭവാനായതുചെയ്തീടണം.
വീരനാം ഭവാനതു സാധിക്കാം നിമിഷത്തിൽ;
സാരമെത്രയുമെനിക്കെന്നതു ധരിച്ചാലും.
എന്തൊരുകാര്യമെന്നതെങ്കിൽ ഞാൻ ചൊല്ലീടുവൻ
ചിന്തകൾ വെടിഞ്ഞതു കേട്ടുകൊണ്ടാലും ഭവാൻ.
താരകൻതന്നെക്കൊന്നു സങ്കടം തീർത്തീടുവാൻ
സാരസോത്ഭവനൊടു ഞങ്ങൾ ചെന്നപേക്ഷിച്ചു.
ശങ്കരൻ തനിക്കൊരു പുത്രനുണ്ടാകിലവൻ
ശങ്കകൂടാതെ വധിച്ചീടുമെന്നരുൾചെയ്തു
എന്നതിന്നൊരുവഴിയുണ്ടിപ്പോളതു ചെയ്‍വാ-
നന്യനില്ലതുകൊണ്ടു ചിന്തിച്ചു ഭവാനെ ഞാൻ
കന്യകാമണിയായ പാർവതി നിത്യം ചെന്നു
പന്നഗാഭരണനെസ്സേവിക്കുമറിഞ്ഞാലും.
സോമശേഖരസമാധിക്കു നീ ഭംഗം ചെയ്തു
കാമിനീമണിതന്നിൽ പ്രേമവുമുണ്ടാക്കേണം.
മാന്യനാകിയ ഭവാനിന്നതുചെയ്തീടേണം;
ശൂന്യമായ് വരുമല്ലെന്നാകിലോ ജഗത്തെല്ലാം.
ഇന്നതു ചെയ്തീടുവാൻ ദണ്ഡമില്ലേതും ഭവാ-
നൊന്നുണ്ടോ തവ ശരജാലങ്ങൾക്കരുതാതെ?
വില്ലാളികുലവരനായ നിൻ കൃപയാലേ
കല്യാണം വരുത്തുക നമുക്കും ലോകങ്ങൾക്കും.
നിർജജരാധിപൻതന്റെ വാക്കുകൾ കേട്ടനേരം
നിർജ്ജീവനെന്നപോലെ നിന്നുപോയ് മദനനും.
ദേഹവും വിറച്ചുപോയ്: ഹാഹന്ത! ഭയംകൊണ്ടു
ദാഹവുമാലസ്യവും സ്വേദവുമുണ്ടായ വന്നു.
സ്തബ്ധനായരക്ഷണം നിന്നൊരുശേഷം തന്റെ
ബുദ്ധിയുമുറപ്പിച്ചു ധൈര്യമുണ്ടാകമൂലം
പിന്നെത്താൻ നിരൂപിച്ചാൻ: "ഇന്നിവരുടെ മോഹം
നന്നുനന്നെന്നേ പറഞ്ഞിടാവു നിരൂപിച്ചാൽ.
മുപ്പുരമെരിച്ചോരു സർപ്പഭൂഷണൻ തനി
ക്കപ്രിയമായ കര്‍മ്മം ചെയ്തതിന്നെന്നോടിപ്പോൾ
സേവകഭാവത്തൊടു ദേവകളുരചെയ്തു;
കേവലം സ്വാര്‍ത്ഥമെന്നേ ചൊല്ലുവാനുള്ളു പാര്‍ത്താൽ.
അന്തകാന്തകനൊടങ്ങപ്രിയം ചെയ്തീടുവാൻ
ചിന്തിച്ചീടുകിൽപ്പോലും ഭസ്മമാക്കിടുമല്ലോ.
ലോകൈകധനുര്‍ദ്ധരൻ ഞാനെന്നു വരികിലും
ലോകനായകൻ തന്നോടെന്തുചെയ്യുവതു ഞാൻ ?
മോഹിച്ചു ചെന്നു ചില സാഹസം ചെയ്തീടുകിൽ
ദേഹവും ഭസ്മമാക്കുമില്ല സംശയമേതും,
എന്നിവയെല്ലാം മമ നിര്‍ണ്ണയമുണ്ടെങ്കിലു-
മിന്നിതു ചെയ്തീടായ്കിൽ പോരായ്‌മ വരുമല്ലോ.
എന്നുടേ മഹത്വവും വീര്യവും മാനങ്ങളു-
മന്ത്രനിന്ദയും മമ ബാണവൈഭവങ്ങളും
ഇന്നിവരോടുതന്നെ ചൊല്ലിയേൻ ബഹുനേരം
മന്ദനാകിയഞാനുമിച്ചതിയറിയാതെ.
എന്നിരിക്കുമ്പോളിതുചെയ്തതില്ലെന്നാകിലോ
നിന്ദിക്കുമെല്ലാവരും; മാനഹാനിയുമുണ്ടാം;
നാണയത്തിനും കുറവുണ്ടാകുമതുമല്ല
പാണിയും കൊട്ടിപ്പരിഹാസവും തുടങ്ങിടും.
എന്നതുകൊണ്ടു ഞാനുമിന്നിതുചെയ്തിടുന്നേൻ;
നന്നല്ല വീരന്മാര്‍ക്കു ദുഷ്കീര്‍ത്തിയൊരുനാളും.

ശൂരന്മാര്‍ക്കഭിമാനഹാനി വന്നീടുംനേരം
പാരാതെ മരിക്കേണമെന്നല്ലോ ബുധമതം.
പ്രാണരക്ഷണത്തിനായ് മാനഹാനിയും വന്നു
വാണീടുന്നവനാണു പെണ്ണുമല്ലെന്നു വരും.
എന്നതുകൊണ്ടിവര്‍ക്കുവേണ്ടി ഞാൻ ഭവകോപ-
വഹ്നിയിൽ ശരീരമിന്നാഹുതി ചെയ്തീടുന്നേൻ.
ദേഹത്തെപ്പരോപകാരാര്‍ത്ഥമായ് ത്യജിക്കുകിൽ
മോഹങ്ങളെല്ലാം തീര്‍ന്നു സൽഗതി ലഭിച്ചിടും,
എന്നിതിഹാസങ്ങളിലുക്തമായിരിക്കയാ-
ലിന്നിതുകൊണ്ടു മമ നല്ലതു വന്നുകൂടും.
ഭര്‍ഗ്ഗനേത്രാഗ്നൌ ശരീരാഹുതിചെയ്തു ഞാനും
സൽഗതിവരുത്തുവൻ; കീർത്തിയുമുണ്ടാക്കുവൻ
ദേവകാര്യങ്ങൾ കൂടിസ്സാധിച്ചീടുകിൽ കൊള്ളാം;
ദൈവകല്പിതം പോലെ വന്നീടുമെല്ലാവക്കും."
ഇത്തരം ചിന്തിച്ചതിധീരനാം മനോഭവൻ
വൃത്രനാശനനോടു ചിത്രമായുരചെയ്താൻ:-
"എന്തിതുകൊണ്ടു തവ സന്താപമുണ്ടാകുവാൻ
ചിന്തിക്കിലെനിക്കിതു സാദ്ധ്യമല്ലെന്നോ പക്ഷം?
ബാധയില്ലെനിക്കേതുമിന്നിതു ചെയ്തിടുവാൻ;
സാധിച്ചു കാര്യമെന്നു ബോധിച്ചിടുക ഭവാൻ.
മുപ്പുരവൈരിതന്നെക്കെല്പോടൊന്നിളക്കുവ-
നിപ്പൊഴേ രതിയാണെ സത്യമെന്നറിഞ്ഞാലും.
ചന്തങ്ങൾ പറഞ്ഞുടൻ കാര്യങ്ങളടുക്കുമ്പോൾ
പിന്തിരിഞ്ഞീടുന്നവനല്ല ഞാനറിഞ്ഞാലും.
ഇണ്ടലുമകന്നിനി വാഴ്ത്ത നീ സുഖത്തൊടും;
കണ്ടുകൊണ്ടാലും മമ ബാഹുവീര്യങ്ങളെല്ലാം.
ഇത്തരമുരചെയ്തു വന്ദിച്ചു മഹേന്ദ്രനെ-
സ്സത്വരം പുറപ്പെട്ടു ചിത്തജൻ മോദത്തൊടും.
എന്നതുകണ്ടു ദേവവൃന്ദവും മുനിമാരും
നന്നായിവരികെന്നു ചൊല്ലിനാർ തെരുതെരെ.
കന്ദപ്പനവർകളൊടാശീർവാദവും വാങ്ങി
മന്ദമാരുതനായ തേരതിൽ കരയേറി
ഭംഗികൾ കലര്‍ന്നീടുമിക്ഷുകോദണ്ഡത്തോടും
ഭംഗമാലകളായ മൌർവീജാലങ്ങളോടും
പുഷ്പബാണങ്ങളോടും താപസന്മാര്‍ക്കു മനോ-
ദര്‍പ്പമുണ്ടാക്കിടുന്ന മാധവമാസത്തോടും
സുന്ദരീമണിമൌലിയാകിയ രതിയോടും
ചന്ദ്രനാകിയ നിജസേനാനായകനോടും
മന്ദമെന്നിയേ തദാ മാരനും രുദ്രൻതന്നെ-
ച്ചിന്തിച്ചു ഭയത്തോടുമോരോന്നേ നിരൂപിച്ചും
മന്ദംപോയ്ത്തുഷാരാദ്രിതന്നുടേ വനം തന്നിൽ-
ച്ചെന്നുപുക്കിതു വസന്താദികളോടും കൂടി.
പിന്നെയുണ്ടായ ഘോഷം വിസ്തരിച്ചുരചെയ്‍വാൻ
പന്നഗേന്ദ്രനുപോലുമാവതല്ലെന്നു നൂനം.
വന്നിതു വസന്തമെന്നോര്‍ത്തുടൻ ജനമെല്ലാ-
മൊന്നു ചഞ്ചലമായി വന്നിതെന്നതേവേണ്ടു.
കുന്ദമന്ദാരങ്ങളും ചമ്പകാശോകങ്ങളും
തിന്ദുകസിന്ദുവാരശല്മലാർജജുനങ്ങളും
കേതകപലാശതാമ്രകേസരങ്ങളും
ജാതിമല്ലികാകൃതമാലഖർജ്ജൂരങ്ങളും
കോവിദാരവും മറ്റു വൃക്ഷഗുല്‌മാദികളു-
മാവോളം പൂത്തു മധുവര്‍ഷവും തുടങ്ങിനാർ.
പൂങ്കാവുതോറും മധുപാനവുംചെയ്തു മൃദു-
ഝംകാരത്തോടും മൃഗപങ്‌ക്തികൾ നടക്കുന്നു.
ചൂതമഞ്ജരികളിൽ കോകിലാംഗനമാരും
ചേതോമോഹനമായിഗ്ഗാനം ചെയ്തിരിക്കുന്നു.
കോമളാകൃതിപൂണ്ട ശാരികാസമൂഹവും
കാമിനിമാരെപ്പോലെ മഞ്ജുവായ്പ്പറയുന്നു.
സാരസചകോരചക്രാഹ്വായാദികളെല്ലാം
പാരമാനന്ദംപൂണ്ടു ശബ്‌ദിച്ചുപറക്കുന്നു.
ഇത്തരമത്ഭുതങ്ങൾ പിന്നെയുമുള്ളതെല്ലാം
വിസ്തരിച്ചുരചെയ്യാനെത്രയും പണിയത്രേ.
പുഷ്പങ്ങൾ നിറഞ്ഞുള്ള ശാഖികൾകൊണ്ടു
മീതേ ശില്പമായ്‌ വിതാനിച്ചു കാനനം നിരക്കവേ
പല്ലവംനിറഞ്ഞുള്ള വല്ലികൾ കൊണ്ടുതന്നെ
നല്ല തോരണങ്ങളുമുല്ലാസത്തോട്ടുകെട്ടി
മണ്ഡലാകാരങ്ങളായ് ‌വീഴുന്ന പുഷ്പങ്ങളാൽ
മണ്ഡപങ്ങളും പലതുണ്ടാക്കിപ്പലവിധം
മാരിനേർചൊരിയുന്ന പൂമധുപര്‍ക്കം ഘന-
സാരവാരികൾകൊണ്ടു നീളവേ തളിച്ചുടൻ
കോകിലതരുണിമാർതങ്ങടേഗാനത്തോടും
കേകികളുടേ മൃദുശബ്ദവാദ്യങ്ങളോടും
ചാരുകീചകശബ്ദവേണുനാദങ്ങളോടും
ശാരികാനാദങ്ങളാം വീണാനാദങ്ങളോടും
നര്‍ത്തനംചെയ്യും കേകീനാരികളോടും ശുക-
മത്തകാശിനിമാരാമുത്തമസ്ത്രീകളോടും
ഭൃംഗനാദങ്ങളോടും ശംഖനാദങ്ങളോടും
മംഗലവാദികളാം സദ്ദ്വജഗണത്തൊടും
ഒന്നിച്ചു മദനനെച്ചെന്നെതിരേറ്റുകൊണ്ടു
വന്നങ്ങു നിജാലയേ സല്ക്കരിച്ചിരുത്തുവാൻ
ആരംഭിക്കുന്നു ഗിരിരാജനന്നതുതോന്നും;
പാരമാനന്ദമുണ്ടാമോരോന്നു കാണുംനേരം.
വീരരാം സിംഹങ്ങളും ശൂരരാം വാഘ്രങ്ങളും
ഘോരരാം ഗജങ്ങളും ക്രൂരരാം സര്‍പ്പങ്ങളും
മറ്റുമോരോരോജാതിമൃഗങ്ങൾ പക്ഷികളും
തെറ്റെന്നു കാന്തമാരോടൊന്നിച്ചു രമിക്കുന്നു.
മന്ദമാരുതമേറ്റു മന്ദമായ് മുനിമാരും
സുന്ദരിമാരൊടൊത്തു ലീലകൾ ചെയ്തിടുന്നു.
രാക്ഷസപിശാചഭൂതാദികളെല്ലാം വിശാ-
ലാക്ഷിമാരൊരുമിച്ചു രമിച്ചു തുടങ്ങിനാർ.
ജീവജന്തുക്കളെല്ലാമന്യചിന്തയുംവിട്ടു
കേവലം രതിയോടും കാമനെപ്പോലെ വാണാർ.
ഇത്തരമവർതങ്ങൾക്കുണ്ടായതെല്ലാമിന്നു
വിസ്തരിച്ചുരചെയ്യാൻ കാലമോ പോരായല്ലോ.
ചൊല്ലേറും വസന്തത്തിന്റെ വൈഭവമെല്ലാം ചൊല്‍വാ-
നില്ലൊരുവരും; ചിത്രമെന്നതേ പറയാവൂ.
ഇത്തരം വനമെല്ലാം ക്ഷുബ്‌ധമായതുകണ്ടു
കൃത്തിവാസസ്സുതന്റെ പാര്‍ഷദശ്രേഷ്ഠൻ താനും
വേത്രവുമിളക്കിക്കൊണ്ടെത്രയും കോപത്തോടും
നേത്രങ്ങൾ തുറിച്ചൊന്നു രൂക്ഷമായ നോക്കീടിനാൻ
നന്ദികേശ്വരൻതന്റെ രൂക്ഷവീക്ഷണംകണ്ടു
നിന്നിതു ഭയത്തോടുമാരുമൊന്നിളകാതെ.
വൃക്ഷഗുല്മാദികളും സിംഹാദിമൃഗങ്ങളും
പക്ഷികൾസമൂഹവും മറ്റുള്ള ജനങ്ങളും
ചിത്രത്തിലെന്നപോലെ നിന്നിതങ്ങിളകാതെ;
ചിത്രമെത്രയുമവൻതന്നുടേ ബലമോർത്താൽ.
നിന്നവർ നില്ക്കുന്നിതു നിശ്ചലമായിത്തന്നെ;
മന്ദമാരുതൻതാനും മന്ദമായ് നിന്നീടിനാൻ.
ഭംഗിയിൽ വാഴുന്നവരങ്ങനേയിരിക്കുന്നു;
സംഗങ്ങൾ തുടന്നവരങ്ങനേ കിടക്കുന്നു.
പത്രങ്ങളിളക്കാതേ നില്ക്കുന്നു വൃക്ഷങ്ങളും;
പത്രികൾ പറക്കാതെ നില്ക്കുന്നു ഗഗനത്തിൽ.
ശ്വാപദാദികളെല്ലാ മാരോന്നെ ഭുജിപ്പാനായ
വാ പിളർന്നുനിന്നവരങ്ങനേ നിന്നീടുന്നു.
സ്ഥാവരജംഗമങ്ങളൊക്കയുമതുനേരം
കേവലം നിശ്ചേഷ്ടമായ്‌ വന്നിതെന്നതേവേണ്ടു.
സ്ഥാണുസേവനംകൊണ്ടു കാനനസ്ഥലമെല്ലാം
സ്ഥാണുക്കളായിത്തന്നേ വന്നുവെന്നതുതോന്നും.
ജൃംഭിതമായ വനം സ്തംഭിച്ചു കണ്ടനേര-
മംഭോജശരൻ താനും സംഭ്രമിച്ചെഴുന്നേറ്റു.
എന്തിതിൻ കാരണമെന്നോത്തതിഭയത്തോടും
ചെന്താർസായകൻ നാലുദിക്കിലും നോക്കുന്നേരം
കണ്ടിതങ്ങൊരുദിക്കിലെത്രയും മഹാതേജ-
സ്സുണ്ടാകുമതുകണ്ടാൽ ഭീതിയുമാശ്ചര്യവും
കല്പാന്തസൂര്യാനലന്മാരുടേ തേജസ്സുകൾ
ശില്പമായൊരേടത്തു വന്നുദിച്ചതുപോലെ.
ചിത്തജനതുകണ്ടു ചിത്തസംഭ്രമത്തോടും
നേത്രങ്ങളിളക്കാതേ സൂക്ഷിച്ച നോക്കുന്നേരം
കണ്ടിതു പൊന്മയമായ് നല്ലോരു മരമതു
കണ്ടതില്ലാരും പണ്ടു; കേട്ടുകേളിയുമില്ല.
നാമവും ദേവദാരുവന്നാകുന്നതിനുടേ
കോമളത്വങ്ങൾ കണ്ടാൽ മോഹനമെന്നേ വേണ്ടു.
ആയതിൻകീഴേ നല്ല പൊൻ തറ കാണായ്‍വന്നി
തായതചതുരശ്രമെത്രയും മനോഹരം.
തന്മദ്ധ്യേ മഹാദേവൻ തന്നെയും കണ്ടീടിനാൻ;
മന്മഥനതുനേരം രോമാഞ്ചമുണ്ടായ്‍വന്നു.
ഭൂഷണജാലങ്ങളും മറച്ചുവെച്ചു ഗാത്ര-
ശോഷണം ചെയ്തു വായുഭക്ഷനായനാരതം
താപസോചിതമായ വേഷവും കൈക്കൊണ്ടുടൻ
ദ്വീപിചര്‍മ്മവും വിരിച്ചമ്പോടങ്ങിരുന്നതിൽ
വാമപാദാഗ്രം വലംതുടമേലേറിക്കൊണ്ടു
വാമഹസ്തവും ജാനുതൻമീതേ വച്ചുകൊണ്ടു
ജ്ഞാനമുദ്രിതമായ ദക്ഷിണഹസ്തം ഹൃദി
സാനന്ദമുറപ്പിച്ചു യോഗപട്ടവുമിട്ടു
രണ്ടുനേത്രങ്ങൾ നാസാഗ്രത്തിങ്കലുറപ്പിച്ചു-
കൊണ്ടുടൻ തൃതീയമാം നേത്രവും ചിമ്മിക്കൊണ്ടു
പിന്നെയുള്ളൊരു കരം രണ്ടും മൂര്‍ദ്ധാവിങ്കൽ ചേര്‍-
ത്തന്യൂനഭക്തിയോടുമഞ്ജലിബന്ധം ചെയ്തു
ഇന്ദ്രിയങ്ങളെയെല്ലാം നിഗ്രഹം ചെയ്തു പിന്നെ-
ത്തന്നുടേ മനസ്സുമങ്ങേകാഗ്രമാക്കിക്കൊണ്ടു
നിശ്ചലശരീരനായ് പശ്ചിമമുഖത്തോടും
സച്ചിദാനന്ദബ്രഹ്മധ്യാനവുമുറപ്പിച്ചു
വിശ്വനായകനായ ശങ്കരൻ മഹാദേവൻ
വിശ്വമൊക്കയും നിറഞ്ഞീടിന തേജസ്സോടും
താപസദേവഗര്‍ന്ധവ്വാദികളോടും മഹാ-
കോപശീലന്മാരാകും ഭൂതവൃന്ദങ്ങളോടും
കേവലാനന്ദനാകും ശങ്കരൻ തന്നെത്ര
ദേവദാരുവിൻ മൂലേ കണ്ടോരു മനോഭവൻ
എത്രയും പാരം ഭയംപൂണ്ടുടനരയാലിൻ-
പത്രമെന്നതുപോലേ വിറച്ചു വിവശനായ്.
മോഹനമാകുമിക്ഷുചാപവുമിട്ടുംകള-
ഞ്ഞാഹന്ത! മോഹംപൂണ്ടു ഭൂമിയിൽ വീണീടിനാൻ
എന്നതുകൊണ്ടു രതിദേവിയും വസന്തവും
വന്ന സന്താപത്തോടും മന്ദമാരുതൻ താനും
ചെന്നുടനെടുത്തതിശീതള ജലംതളി-
ച്ചന്യൂനാദരത്തോടും മന്ദമായ് വീശീടിനാർ.
കന്ദര്‍പ്പനതുനേരം മോഹവും തീര്‍ന്നുപിന്നെ
നിന്ദിച്ചു തന്നത്താനെ മന്ദിച്ചു വസിക്കുമ്പോൾ
ഇന്ദ്രദിദേവകളുമാകാശമാര്‍ഗ്ഗേ വന്നു
നിന്നുടൻ കന്ദർപ്പനോടിത്തരം ചൊല്ലീടിനാര്‍.
"എന്തെടോ മനോഭവ! ചാപല്യം കാട്ടുന്നതു?
ചിന്തിച്ചീടുക ഭവാനാരെന്നു മഹാമതേ!
വീരന്മാരണിയുന്ന ധീരനാകിയ തവ
പാരമിന്നൊരുഭയമുണ്ടാവാനെന്തു മൂലം?
യക്ഷകിന്നരദേവഗര്‍ന്ധവപ്രവരരും
പക്ഷീന്ദ്രധ്വജൻ മുതലാകിയ ദേവന്മാരും
ഇക്ഷുകോദണ്ഡനാകും നിന്നുടേ ശരത്തിനു
ലക്ഷ്യഭൂതന്മാരല്ലോ; പിന്നയെന്തുള്ളതിപ്പോൾ?
ശൂരനാകിയ തവ ഭീതിയുണ്ടെന്നു വന്നാൽ
പോരായ്മയുണ്ടായ്‍വരും പാരമെന്നറിഞ്ഞാലും.
എന്നതുകൊണ്ടു ഭയമൊക്കയും കളഞ്ഞു നീ
വന്ന കാര്യത്തെസ്സാധിച്ചീടുക വൈകീടാതെ."
ഇത്തരമുള്ള ദേവവാക്യങ്ങൾ കേട്ടനേര-
മുത്തരം മദനനും ക്രുദ്ധനായുരചെയ്താൻ:-
"നന്നുനന്നിതു നിങ്ങൾ ചൊന്നതുമമർത്യരേ!
മന്ദത നിങ്ങളോളമാര്‍ക്കുമില്ലറിഞ്ഞാലും.
പണ്ടു ഞാൻ ദക്ഷൻതന്റെ യാഗഭൂമിയിൽ നിന്നു
കണ്ടിതു നിങ്ങളുടെ വീര്യവും ശൌര്യങ്ങളും.
വീരനാം വിരഭദ്രൻ തന്നെക്കണ്ടതുനേരം
പാരമുള്ളോരു ധൈര്യമെങ്ങുപോയ് നിങ്ങൾക്കെല്ലാം?
ഭൂതവൃന്ദങ്ങളോടു തല്ലുകൾ കൊണ്ടനേര-
മാതങ്കമോടുമംഗഹീനരായെല്ലാവരും
മണ്ടിയങ്ങോരോദിക്കിൽ പോകുന്നനേരം നിങ്ങൾ-
ക്കുണ്ടായ ധൈര്യമെല്ലാം കണ്ടിരിക്കുന്നു ഞാനും.
കുണ്ഠരാം നിങ്ങൾ നിന്ദിച്ചീടിലും മാനിക്കിലും
കുണ്ഠത നമുക്കില്ല സന്തോഷമതുമില്ല.
മന്ദനാമിവൻ കാര്യമൊന്നുമേയറിഞ്ഞില്ല-
യെന്നു ചിന്തിച്ചു നിങ്ങളോരോന്നേ ചൊല്ലീടേണ്ടു.
ദോഷങ്ങൾ മറ്റുള്ളവര്‍ക്കുണ്ടാക്കിച്ചമപ്പതു
ഭൂഷണമല്ലെന്നറിഞ്ഞീടുവിൻ ജളന്മാരേ!
ഏതാനുമനര്‍ത്ഥങ്ങളിന്നെനിക്കുണ്ടായ്‍വന്നാൽ
ചേതവും നിങ്ങൾക്കില്ല; കാര്യവും സാധിച്ചീടും;
പാന്ഥനെക്കൊണ്ടു മഹാസർപ്പത്തെപ്പിടിപ്പിച്ചാൽ
പാന്ഥൻ വരുംദോഷം; തങ്ങൾക്കു സുഖമാകും.
എന്നതുപോലേ നിങ്ങളിന്നിതു നിനച്ചതു
നന്നുനന്നെന്നേ പറഞ്ഞിടാവു നിരൂപിച്ചാൽ.
സ്വാര്‍ത്ഥതൽപരന്മാരാം നിങ്ങളുമെന്നെപ്പര-
മാസ്ഥയാ ചിന്തിച്ചപ്പോളൊക്കയുമറിഞ്ഞേൻ ഞാൻ.
എങ്കിലും പരോപകാരാര്‍ത്ഥമായിതു ചെയ്‍വാൻ
ശങ്കയില്ലെനിക്കേതും സങ്കടമതുമില്ല.
ജീവനെക്കൊതിച്ചു ഞാൻ നിങ്ങളെപ്പോലെ തന്നെ
കേവലം ഷണ്ഡനായി വാഴ്‌കയില്ലറിഞ്ഞാലും.
ശങ്കരനേത്രാഗ്നിയിൽ ദേഹത്തെ നശിപ്പിപ്പാൻ
ശങ്കയില്ലെനിക്കേതും; കണ്ടുകൊള്ളുവിൻ നിങ്ങൾ.
ഇത്തരമുരചെയ്തു ചിത്തവുമുറപ്പിച്ചു
കൃത്തിവാസസ്സിൻ തപോവിഘ്നത്തേ വരുത്തുവാൻ
എന്തൊരുകഴിവെന്നു ചിന്തിച്ചു മനോഭവ-
നന്തരം പാര്‍ത്തുകൊണ്ടു നിന്നിടുന്നൊരുനേരം
എത്രയുമൊരു തേജസ്സന്തികേ കാണായ് വന്നു
ചിത്രമെത്രയും നല്ലവെണ്ണിലാവതുപോലെ.
എന്തിതെന്നോര്‍ത്തു പഞ്ചസായകൻ വസിക്കുമ്പോ-
ളന്തികേ കാണായ് വന്നു പാര്‍വതിയുടെരൂപം.
ചിന്തിച്ചാനതുനേരമെത്രയുംമോദത്തോടും:
“ഹന്ത ഞാനിതുപോലെ കണ്ടതില്ലൊരുനാളും.
പങ്കജശരനാകുമെന്നുടേ മനംപോലും
പങ്കജവിലോചനയാമിവളിളക്കീടും.
ഉർവശീതിലോത്തമാ മേനകാദികളാകും
സ്വർവധൂജനങ്ങളും സുന്ദരി രതിതാനും
ഇന്നിവളുടേ ദാസിവൃന്ദമായ് വന്നീടേണ-
മിന്ദ്രാണിതാനുമോര്‍ത്താലിന്നിവൾക്കെതിരല്ല.
ഇന്ദിരാദേവിതാനുമിന്നിവൾതന്നെക്കണ്ടാ-
ലൊന്നു സംഭ്രമിച്ചിടുമില്ല സംശയമേതും.
പർവതരാജൻ തന്റെ നന്ദിനിയാകുമൊരു
പാർവതിതന്നേയിവളില്ല കില്ലിതിനേതും.
ഇന്നിവൾചെന്നു മഹദേവനേ വന്ദിക്കുമ്പോൾ
ഇന്ദുശേഖരചിത്തമൊന്നിളക്കുവൻ ഞാനും".
എന്നുറച്ചനംഗനും മോഹനാസ്ത്രവും തൊടു
ത്തൊന്നുതാണുടനൊരു തഞ്ചത്തിൽ നിന്നീടിനാൻ.
ആളിമാരോടുകൂടി മന്ദമായ് നടന്നുടൻ
നാളീകവിലോചനയാകിയ ഗൌരിതാനും
നന്ദികേശനോടനുവാദവും വാങ്ങിക്കൊണ്ടു
ചെന്നു ശംകരൻതന്നേ വന്ദിച്ചു ഭക്തിയോടെ.
ചന്ദനപുഷ്പ്പധൂപദീപാദികൊണ്ടു പൂജി-
ച്ചുന്നതസ്തനിതാനും മൂന്നുരുവലംവച്ചു
ഭൂമിയിൽ വീണു നമസ്ക്‌കാരവും ചെയ്തുപിന്നെ-
സ്സാമോദമൊരു പുഷ്‌പമാലയും ചാര്‍ത്തീടിനാൾ.
പിന്നെയും മഹാദേവൻ തന്നുടേ മുന്നിൽത്തന്നെ
വന്ദിച്ചു നിന്നീടിനാൾ നിത്യമുള്ളതുപോലെ.
നല്ലോരുഭര്‍ത്താവെനിക്കുണ്ടായിടേണമെന്നു
കല്യാണഗാത്രിതാനും പ്രാർത്ഥിച്ചു നില്ക്കും
നേരം പങ്കജശരൻ താനും ശങ്കരഹൃദയത്തിൽ
ശങ്കയെന്നിയേ മോഹനാസ്ത്രത്തെ പ്രയോഗിച്ചാൻ.
എന്നതുനേരം മൂന്നുലോകവും വിറയൽപൂ -
ണ്ടെന്നേ കഷ്ടമേയെന്നു ചൊല്ലിനാരെല്ലാവരും.
കാമസായകമേറ്റു വാമദേവനും ചെറ്റു
രോമാഞ്ചമുണ്ടായ് വന്നു; ചിത്രമെത്രയുമോർത്താൽ.
അത്രയുമല്ലപിന്നെ നിശ്ചലസമാധിക്കു
മെത്രയുമിളക്കമുണ്ടായിരുന്നതേ വേണ്ടു.
ധ്യാനവും നിവർത്തിച്ചു മാനസമഴിഞ്ഞതി-
ദീനനായ് കണ്ണുമിഴിച്ചാശുനോക്കിയനേരം
സുന്ദരീമണിയായ പാർവ്വതിതന്നേ നിജ-
മുന്നിലാമ്മാറുകണ്ടു ചന്ദ്രശേഖരൻ താനും
"മല്ലലോചനാമൌലിരത്നമാമിവളെന്റെ
വല്ലഭയായീടുവാൻ നല്ലവളത്രേ പാത്താൽ"
എന്നു ചിന്തിച്ചു മുഖപത്മവുമധരവു-
മുന്നതസ്തനങ്ങളും നന്ദിച്ചുനോക്കിപ്പിന്നെ
ആരിവളെന്നു നന്ദി തന്നോടു ചോദിച്ചപ്പോ
പാരാതെ വൃത്താന്തങ്ങളൊക്കയുമുണർത്തിനാൻ.
നന്ദികേശ്വരൻചൊന്ന വൃത്താന്തം കേട്ടു നാഥൻ
നന്ദിച്ചു പാർവതിക്കു നല് കിനാനുഗ്രഹം.
"കല്യാണശീലേ! നിനക്കിന്ദിരാപതിയോടു
തുല്യനാമൊരുകാന്തനുണ്ടാ?' മെന്നരുൾചെയ്തു.
പിന്നെത്തൻ മനസ്സിനു ചഞ്ചലമുണ്ടാവതി-
നിന്നു കാരണമെന്തെന്നോർത്തു ശങ്കരൻതാനും
നാലുഭാഗത്തും നോക്കുന്നേരത്തു കാണായ് വന്നു
മാലതീബാണനേയും മാധവാദികളേയും.
ബാണവും തൊടുത്തുനിന്നീടുന്ന കാമൻ തന്നെ-
ക്കാണായ് വന്നതുനേരമേണാങ്കചൂഡൻ താനും
ഇന്നിവനത്രേ തപോവിഘ്നത്തിനൊരുമൂല-
മെന്നറിഞ്ഞൊരുനേരമൊന്നുകോപിച്ചീടിനാൻ.
ഫാലലോചനംതന്നിൽ ധൂമവുമുണ്ടായ് വന്നു:
ത്രൈലോക്യവാസികളുമോടിനാർ ഭയത്തോടും.
വാമദേവനു കോപമുണ്ടായതറിഞ്ഞുടൻ
കാമനു നാശമുണ്ടാമെന്നുള്ള ഭയത്തോടും
പൂമഴപെയ്തു ദേവവൃന്ദവും മുനിമാരും
സോമശേഖരൻ തന്നെ സ്തുതിച്ചുതുടങ്ങിനാർ.
"ഫാലലോചന ജയ, നീലലോഹിത ജയ!
കാലനാശന ജയ! നീലകന്ധര ജയ!
പാപമോചന ജയ! താപസാശ്രയ ജയ!
ഗോപതേ! ജയജയ! ഭൂതേശ! ജയജയ!
പങ്കജാസനനുത! പങ്കജേക്ഷണപ്രിയ!
പങ്കനാശന ജയ! ശങ്കര ജയജയ!
ലോകങ്ങളെസ്സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കും
ലോകനായക ജയ! ശോകനാശന ജയ!
പങ്കജേക്ഷണനായ വിഷ്‌ണുവായതും ഭവാൻ;
പങ്കജാസനനായ ധാതാവായതും ഭവാൻ;
ഇന്ദ്രനായതും ഭവാൻ; ചന്ദ്രനായതും ഭവാൻ;
ചന്ദ്രശേഖര! സർവം നിന്തിരുവടിയല്ലോ.
സ്ഥലമായതും ഭവാൻ; സൂക്ഷ്മമായതും ഭവാൻ;
കാലമായതും ഭവാൻ; മൂലമായതും ഭവാൻ.
നിഷ്കളനാകുന്നതും സകളനാകുന്നതും
നിഷ്ക്രിയനാകുന്നതും ശാശ്വതനാകുന്നതും
വേദങ്ങളാകുന്നതും ശാസ്ത്രങ്ങളാകുന്നതും
ആദിപൂരുഷ! സര്‍വ്വമായതും ഭവാനല്ലോ.
ലോകത്തെരക്ഷിപ്പാനും താപസവരന്മാര്‍ക്കു
ശോകനാശനമാകും ജ്ഞാനോപദേശത്തിനും
താപാദികളെല്ലാമേ കളഞ്ഞു ശാന്താത്മാവായ്
താപസ്വഭാവംപൂണ്ടു വാഴുന്നു നാഥാ! ഭവാൻ
മോഹവാരിധിതന്നിൽ മഗ്നനാം കാമൻതന്റെ
സാഹസം പൊറുത്തരുളേണമേ ദയാനിധേ.
ലോകവാസികൾക്കുള്ളോരാകുലമെല്ലാം തീര്‍ത്തു
ലോകനായക! പരിപാലിച്ചുകൊള്ളേണമേ."
ഇത്ഥമോരോന്നു ദേവവൃന്ദവും മുനിമാരും
ചിത്തസംഭ്രമത്തോടും സ്തുതിച്ചീടുന്നനേരം
ചിത്തജൻതന്റെ ഗാത്രം ഭസ്മമായ്ക്കാണായ്‍വന്നു:
ചിത്രമെത്രയും മഹാകോപവൈഭവമോര്‍ത്താൽ
ഹാഹാകാരേണ പരിപൂർണ്ണമായ് ജഗത്തെല്ലാം;
മോഹിച്ചുവീണു ഭയംകൊണ്ടു പാര്‍വതിതാനും
പുത്രിയെക്കൊണ്ടു ഗമിച്ചീടിനാൻ ഹിമവാനും;
ചിത്തസംഭ്രമത്തോടുമോടിനാരെല്ലാവരും.
മന്ദമെന്നിയേ തത്ര മറഞ്ഞുമഹേശനും;
മന്ദഭാഗ്യയാം രതി ശേഷിച്ചു താനെതന്നെ.
കന്ദര്‍പ്പൻതന്റെരൂപം ഭസ്മമായ്ക്കണ്ടനേരം
സുന്ദരഗാത്രിതാനുമെത്രയും ദുഃഖത്തോടും
പാരതിൽ മരാമരം മുറിഞ്ഞു വീണപോലെ
പാരമായലറിമോഹിച്ചങ്ങു വീണീടിനാൾ.
ഒട്ടുചെന്നൊരുനേരമൊട്ടു മോഹവും തീര്‍ന്നു
പുഷ്ടവേദനയൊടും പെട്ടെന്നങ്ങെഴുനേറ്റു
മുഷ്ടികൾകൊണ്ടു നിജ മാറിലും ശിരസ്സിലു-
മൊട്ടുമേ ശങ്കിയാതെ താഡിച്ചു തെരുതെരെ
പിന്നെത്താനെഴുനേറ്റു മന്മഥഗാത്രഭസ്മം
തന്നിൽവീണുരുണ്ടുകൊണ്ടുച്ചത്തിൽ വിലപിച്ചാൾ.
"അയ്യയ്യോ മമ കാന്ത! നീയെന്നെച്ചതിച്ചിതോ?
തീയിതാ! കത്തുന്നു മന്മാനസമതിലയ്യോ!
ഭാര്യയാമെന്നെപ്പിരിഞ്ഞെങ്ങുപോയിതു ഭവാൻ?
ശൌര്യവാരിധേ! മമവല്ലഭ! ദയാനിധേ!
മന്ദമാം കടാക്ഷവും മന്ദഹാസവും പൂണ്ട
സുന്ദരമായ മുഖമെന്നിനിക്കാണുന്നു ഞാൻ?
സ്വൈരസല്ലാപങ്ങളും ചാരുവീക്ഷണങ്ങളു-
മാരോമൽപൂമേനിയും സാരസ്യസാരങ്ങളും
ഓരോരോ ദിനം തമ്മിലൊന്നിച്ചങ്ങോരോതരം
പാരാതേ രമിച്ചതുമെന്നു ഞാൻ മറക്കുന്നു?
എന്നോടു വേർപിരിഞ്ഞു മൂന്നം നീയോരേടത്തു-
മെന്നുമേ പോയീടുമാറില്ലൊരു കാര്യത്തിനും;
ഇന്നുഞാനറിയാതെ ചെന്നു നീ പരലോകേ
സുന്ദരിമാരുമായി ക്രീഡിപ്പാൻ ഗമിക്കയോ?
എങ്കിൽഞാനിന്നുതന്നെ ദേഹത്തേയുപേക്ഷിച്ചു
ശങ്കകൂടാതേ തവ സന്നിധൌ വന്നീടുവൻ
എന്നുടേ മനസി നീ സന്തതം വസിക്കുന്നു-
വെന്നു നീയനുദിനമെന്നൊടു ചൊന്നതെല്ലാം
സത്യമെന്നോര്‍ത്തുപോയേൻ മുഗ്ദ്ധയാകിയ ഞാനു-
മത്യന്തമസത്യമെന്നിന്നത്രേ ധരിച്ചതും.
സത്യമെന്നാകിൽ തവ മാനസം ദഹിക്കുമ്പോൾ
മൃത്യുവുമെനിക്കുവന്നീടായ്‍വാനെന്തുമൂലം?
കോമളഗാത്രന്മാരാം പൂരുഷവരര്‍ന്മാക്കു
കാമിനിമാരെച്ചതിച്ചീടുവാൻ പണിയുണ്ടോ?
കാമുകന്മാരായുള്ള പൂരുഷവരന്മാരെ-
ക്കാമിനീജനങ്ങളും വിശ്വസിക്കരുതോര്‍ത്താൽ.
മാനസമറിയാതേ വിശ്വസിച്ചാകിലവ-
മാനവും ദുഃഖങ്ങളും വന്നീടുമെന്നെപ്പോലെ,
ബന്ധുരകളേബരയാകിയ രതിതാനും
ബന്ധമില്ലാതെയോരോന്നിത്തരം വിലപിച്ചും
ദേഹത്തെ നിര്‍ദ്ദയമായ് താഡിച്ചുമിടയ്ക്കിട
മോഹിച്ചുമെഴുനേറ്റും വാവിട്ടങ്ങലറിയും
കണ്ണുനീരോടുകൂടി മന്മഥൻ ദഹിച്ചോരു
വെണ്ണീറുംതേച്ചുകൊണ്ടു പിന്നെയും വിലപിച്ചാൾ
"ചന്ദ്രബിംബാഭിരാമമായ നിൻ മുഖമതും
ചന്ദ്രികപോലെ മന്ദഹാസവും കടാക്ഷവും
സുന്ദരമായ തവ ഗാത്രവും കാണാതെ ഞാ-
നിന്നരക്ഷണംപോലും ജീവിച്ച വസിക്കുമോ?
ജീവനത്യജിച്ചു ഞാനേതുമേ വൈകീടാതെ
ജീവനായക! ഭവൽസന്നിധൌ വന്നീടുവൻ."
ഇത്തരം പറഞ്ഞവളഗ്നിയും ജ്വലിപ്പിച്ചു
ചിത്തവുമുറപ്പിച്ചു ചാടുവാൻ തുടങ്ങുമ്പോൾ
കേൾക്കായിതശരീരിവാക്കുമാകാശമാര്‍ഗ്ഗേ:-
"കേൾക്ക നീ മനോഹരേ! സാഹസം ചെയ്തീടൊല്ലാ.
ജന്മവും മരണവും നിത്യമെന്നറിഞ്ഞാലും;
മന്മഥനൊരു ഹേതുകൂടെയുണ്ടിതു കേൾക്ക.
പങ്കജാസനൻ പണ്ടു വാണിയേ നിര്‍മ്മിച്ചപ്പോൾ
പങ്കജശരൻതാനും ചെന്നുടൻ കുളിക്കയും
വേദങ്ങൾ ഘോഷിക്കയുമൂത്തുടൻ ജപിക്കയും
വേദാന്തമോതിക്കയും ശാസ്ത്രങ്ങൾ പറകയും
എന്നിവയോരോതരം ഭള്ളുകൾ കാട്ടുന്നതി-
ന്നിന്നവ തന്നയെന്നതറിഞ്ഞീടുവൻ ഞാനും.''
എന്നു ചിന്തിച്ചു പഞ്ചബാണനും മോഹനാസ്ത്രം
നന്നായിപ്രയോഗിച്ചു ധാതാവിൻ മനസ്സിങ്കൽ
ചിത്തജശരമേറ്റു പങ്കജാസനൻ നിജ-
പുത്രിയാം സരസ്വതിതന്നെയും കാമിച്ചുപോൽ.
ചഞ്ചലമായ ചിത്തം പിന്നെയങ്ങുറപ്പിച്ചു
പഞ്ചബാണനെശ്ശപിച്ചീടിനാൻ കോപത്തോടും.
ദുര്‍മ്മാഗ്ഗം തുടങ്ങുകകൊണ്ടു നീ വൈകീടാതെ
ദുര്‍മ്മതേ! ശിവഫാലവഹ്നിയിൽ ദഹിച്ചിടും.
ഇത്തരം ശാപംകേട്ടു ശോകിച്ചു ഭയത്തോടും
ചിത്തജൻ ശാപമോക്ഷംതരികെന്നപേക്ഷിച്ചാൻ.
കോപമൊട്ടടങ്ങിയനേരത്തു വിരിഞ്ചനും
ശാപമോക്ഷവും കൊടുത്തീടിനാൻ മടിയാതെ.
"ദേഹംപോമെന്നാകിലും നിന്നുടെ വീര്യംകൊണ്ടു
ദേഹികൾക്കുണ്ടാം കാമസൌഖ്യമെന്നറിഞ്ഞാലും;
ദേഹവുമൊട്ടുചെന്നാലുണ്ടാകും നിനക്കേവം
സാഹസമിനിമേലിൽ ചെയ്യരുതെന്നേയുള്ളു.''
നാൻമുഖൻതന്റെ ശാപമേവമുണ്ടാകകൊണ്ടു
മന്മഥൻ ദഹിച്ചതുമെന്നറിഞ്ഞാലും ബാലേ!
ഈശ്വരന്മാരൊടുചെന്നപ്രിയം ചെയ്തീടുകിൽ
ശാശ്വതമനര്‍ത്ഥങ്ങളിങ്ങനേ വരുമല്ലോ.
വൃഷ്ണിവംശത്തിൽ ജഗന്നാഥനാം നാരായണൻ
കൃഷ്ണനായ്പ്പിറന്നീടും ചെറ്റുനാൾ ചെല്ലുംനേരം;
അന്നു കാമനു ദേഹമുണ്ടാകുമത്രനാളും
സുന്ദരി! തവദേഹം രക്ഷിച്ചുവസിച്ചാലും.''
ഇത്തരമശരീരിവാക്കുകേട്ടൊരുനേരം
ചിത്തസന്താപമൊട്ടു ചുരുക്കി രതിതാനും
കന്ദർപ്പൻതന്നെച്ചിത്തതാരിങ്കൽനിരൂപിച്ചു
ചെന്നുടൻ ദൈത്യരാജമന്ദിരേ വാണീടിനാൾ:
കാര്യങ്ങൾ സാധിച്ചീടുമെന്നോര്‍ത്തുമുനിമാരും
ശൌര്യവാന്മാരാം ദേവഗന്ധര്‍വ്വയക്ഷന്മാരും
ചെന്താർസായകൻ തന്റെ വീര്യത്തെ സ്തുതിച്ചുകൊ-
ണ്ടന്തര്‍മ്മോദേന ചെന്നു നാകലോകവും പൂക്കാർ.
ഇക്കഥാശേഷം ചൊല്‍വാനില്ലെനിക്കവസര-
മിക്കാലമെന്നു കിളിപ്പൈതലുമടങ്ങിനാൾ

ഒന്നാംപാദം സമാപ്തം.



രണ്ടാംപാദം

"ശാരികപ്പൈതലെ! ചാരത്തുവന്നു നീ
പാരം പഴുത്ത കദളിപ്പഴങ്ങളും
സാരമായുള്ള മധുവും ഗുളം പഞ്ച-
സാരയും നന്നായ് ഭുജിച്ചുകൊണ്ടാദരാൽ
മാരവിനാശനൻതന്റെ കഥയിതു
പാരം ചുരുക്കാതെ ചൊല്ലുചൊല്ലൊക്കെയും.
നേത്രാഗ്നിയിൽ പഞ്ചസായകൻ തന്നുടേ
ഗാത്രം ദഹിപ്പിച്ചനന്തരം ശങ്കരൻ
എന്തോന്നു ചെയ്തതും പര്‍വതപുത്രിയാം
ചെന്താമരാക്ഷിതാനെന്തോന്നു ചെയ്തതും?
എന്നിവയെല്ലാം പറക വൈകാതെ നീ
നന്നായിവരുമിവ ചൊല്കിലും കേൾക്കിലും.''
എന്നതുകേട്ടുരചെയ്തു കിളിമക-
ളിന്നതുചൊല്ലുവൻ കേട്ടുകൊൾകെങ്കിലോ.
കന്ദർപ്പദേഹം ദഹിച്ചുവീഴുന്നതും
ചന്ദ്രാര്‍ദ്ധശേഖരൻതന്നുടേ കോപവും
കണ്ടു ഭയംപൂണ്ടു നിന്നോരുപുത്രിയെ
ക്കൊണ്ടു ഹിമവാൻ ഗമിച്ചു വൈകീടാതെ
തന്നുടേ മന്ദിരം പൂക്കു മേനാകരേ
സുന്ദരി പാർവ്വതിതന്നെ നല്‌കീടിനാൻ.
നാലഞ്ചുവാസരം ചെന്നോരനന്തരം
ബാലയാം പര്‍വ്വതപുത്രിക്കു മാനസേ
ഭീതികളെല്ലാമകന്നശേഷം നിജ-
ചേതസി ചിന്തനം ചെയ്താളൊരുദിനം.
"ചന്ദ്രാര്‍ദ്ധശേഖരൻതന്നെബ്ഭജിക്കയാൽ
നന്നികൾവന്നതില്ലിന്നെനിക്കേതുമേ;
എന്നതുമല്ലെത്ര കഷ്ടം നിനയ്ക്കിലോ
കന്ദർപ്പദേഹവും ഭസ്മമായ് വന്നുതേ.
എന്തിന്നിനി മമ രൂപസൌന്ദരവും?
ചിന്തിക്കിലെത്രയും നിഷ്ഫലം നിണ്ണയം.
സുന്ദരന്മാര്‍ക്കനുരാഗമുണ്ടാകിലേ
സൌന്ദര്യമുള്ളതുകൊണ്ടു ഫലംവരൂ.
കാമൻ ദഹിച്ചതുമൂലം പുമാന്മാര്‍ക്കു
കാമിനിമാർകളിൽക്കാമമുണ്ടായ്‍വരാ
പൂരുഷന്മാക്കനുരാഗമില്ലായ്കിലോ
നാരിമാർ സാരമേയങ്ങളോടൊക്കുമേ.
എന്നതുമൂലമെന്നംഗസൌന്ദര്യവു
മിന്നു മോഹങ്ങളും വ്യര്‍ത്ഥമായ് വന്നുതേ.
ആകയാലിന്നു ഞാനേതുമേ വൈകാതെ
ലോകേശനാകിയ മന്മഥവൈരിയെ
ഉള്ളിലുറപ്പിച്ചു കാനനേ ചെന്നുകൊ-
ണ്ടുള്ള തെളിഞ്ഞു തപസ്സുചെയ്തീടുവൻ.
ഭക്‌തിവിശ്വാസങ്ങൾ കൊണ്ടു ഹരനുടേ
ചിത്തസന്തോഷം വരുത്തി വൈകാതെ ഞാൻ
സങ്കടമെല്ലാമകന്നു സുഖത്തോടു
ശങ്കരവല്ലഭയായി വാണീടുവൻ.
എന്നുമെനിക്കിതു കൈവരാഞ്ഞാകിലോ
നന്നായ് തപം ചെയ്തു ദേഹം ത്യജിച്ചു ഞാൻ
മന്മഥവൈരിയൊടാശു ചേര്‍ന്നീടുവൻ
ജന്മശതങ്ങൾ കൊണ്ടാകിലും നിര്‍ണ്ണയം''.
ഇത്ഥമുറച്ചു തപസ്സ ചെയ്തീടുവാൻ
ചിത്തമോദേന പുറപ്പെട്ടു ഗൌരിയും.
എന്നതു കണ്ടൊരു മേനയും പുത്രിയോ-
ടിന്നിതു യോഗ്യമല്ലെന്നു പലതരം
ചൊന്നതിനുത്തരമേതുമേ മിണ്ടാതെ
തന്നുടേ തോഴിമാരോടു നടന്നവൾ
നല്ല വനാന്തരം പുക്കോരനന്തരം
ഫുല്ലകുസുമങ്ങൾ കണ്ടു മോദത്തൊടും
സ്വച്‌ഛജലമുള്ളൊരു പൊയ്കതന്നുടേ
പശ്ചിമതീരേ ശിലാതലേ സത്വരം
ആശ്രമം തീത്തു തൻഭൂഷണജാലങ്ങൾ
നിശ്ശങ്കമെല്ലാമഴിച്ചുവെച്ചപ്പൊഴേ
നല്ലജടയും ധരിച്ചു മരവുരി
മെല്ലെന്നുടുത്തു കുളിച്ചു വിശുദ്ധയായ്
മൌനവ്രതത്തോടും മാനസതാരതിൽ
മീനദ്ധ്വജാരിയേ നന്നായുറപ്പിച്ചു
ആളിമാർ കൊണ്ടുവരുന്ന പുഷ്പങ്ങളാൽ
മേളം കലന്നു ശിവാര്‍ച്ചനം ചെയ്തുടൻ
കണ്ണുമടച്ചു സമാധിയുറപ്പിച്ചു
പുണ്ഡരീകാക്ഷി വസിച്ചു സുഖത്തൊടും.
മുമ്മൂന്നു വാസരം ചെല്ലുന്ന നേരത്തു
മുമ്മൂന്നു ജീര്‍ണ്ണപര്‍ണ്ണങ്ങൾ ഭുജിച്ചിടും.
ഇങ്ങനേ മാസമൊന്നായോരനന്തര-
മങ്ങെട്ടുവാസരം ചെന്നാൽ ഭുജിച്ചിടും
ഓരോരൊമാസം കഴിയുന്നതുനേര-
മോരോരൊ പര്‍ണ്ണം കുറച്ചു കുറച്ചവൾ
അഞ്ചാറുമാസം കഴിഞ്ഞോരനന്തര-
മഞ്ചാതെ വായുവും ഭക്ഷിച്ചു മേവിനാം.
ഗ്രീഷ്മകാലത്തങ്ങു പഞ്ചാഗ്നിമദ്ധ്യത്തി
ലൂഷ്മാക്കളെല്ലാം സഹിച്ചു വസിച്ചിടും;
ധാരകളേറ്റുടൻ വര്‍ഷകാലങ്ങളിൽ;
പാരം കുളിരുള്ളകാലം ജലത്തിലും.
ഇത്തരമെത്രയും ഘോരതപം ചെയ്തു
ചിത്തമുറപ്പിച്ചവൾ വസിക്കും വിധൌ
മാമുനിമാരതു കേട്ടു സന്തോഷിച്ചു
കോമളഗാത്രിയെക്കണ്ടുപോന്നീടുവാൻ
ചെന്നിതു പാര്‍വ്വതി തന്റെ സമീപത്തു;
വന്ദിച്ചു പൂജിച്ചിരുത്തിനാൾ ഗൌരിയും.
കന്യകതന്നുടേ ചിത്തവിശുദ്ധിയു-
മന്യൂനഭക്തിയും കണ്ടു മുനികളും
സന്തോഷമോടു പറഞ്ഞു തുടങ്ങിനാർ:-
"ചിന്തിക്കിലത്ഭുതം നിന്റെ തപസ്സെടോ
മാമുനിമാരായ ഞങ്ങൾക്കുമീവണ്ണ-
മാമല്ലറിക നീ കാമിനീരത്നമേ!
സോമാര്‍ദ്ധശേഖരൻ പാരം പ്രസാദിച്ചു
കാമിച്ചതൊക്കയും നല്കും നിനക്കെടോ.
ഇന്നൊരുപര്‍ണ്ണമാത്രം നീ ഭുജിക്കയാൽ
വന്നു ഭവതിക്കര്‍പണ്ണയെന്നാഖ്യയും."
ഇത്തരമാശിസ്സുകളുമരുൾചെയ്തു
ചിത്തമോദത്തോടു താപസവൃന്ദവും
യാത്രയും ചൊല്ലിഗ്ഗമിച്ചോരനന്തരം
വൃത്താന്തമുണ്ടായതെന്തു ചൊല്ലുന്നു ഞാൻ!
ഇത്ഥമനേകനൂറായിരം വത്സരം
ചിത്തമുറപ്പിച്ചു പര്‍വതപുത്രിയും
മൃത്യുഞ്ജയനെത്തപസ്സു ചെയ്തിട്ടുമ-
ങ്ങെത്തുകയില്ലെന്നുറച്ചു മനോരഥം
അംഗം കളവനെന്നോത്തുടൻ ഗൌരിയു-
മംഗുഷ്ഠമാത്രേണ നിന്നതിഘോരമായ്
ചെയ്ത‌ തപസ്സിൽ മഹേശ്വരനേറ്റവും
പ്രീതികലര്‍ന്നുവസിക്കും ദശാന്തരേ
ഉഗ്രമായുള്ള തപഃശക്തികണ്ടതി
വ്യഗ്രതപൂണ്ടു വിബുധജനങ്ങളും
മാമുനിമാരോടുമോന്നിച്ചു ചെന്നുടൻ
സോമാര്‍ദ്ധചൂഡനേ വന്ദിച്ചു ചൊല്ലിനാർ.
"സര്‍വ്വേശ്വരനാം ഭവാനെക്കുറിച്ചിന്നു
പര്‍വതപുത്രി തപം ചെയ്ത കാരണം
ദേഹങ്ങളെല്ലാം ദഹിച്ചുപോം മുന്നമേ
ലോകൈകനായക ! കാത്തുകൊള്ളേണമേ."
ഇത്ഥമവരുടേ വാക്കുകൾ കേൾക്കയാൽ
ചിത്തമോദത്തോടരുൾചെയ്തു ശങ്കരൻ.
"ഉത്തമയാമവൾതvdറെ നിയമവും
ചിത്തവിശുദ്ധിയും ഭക്തിവിശ്വാസവും
കണ്ടു തെളിഞ്ഞു ഞാൻ നിങ്ങളെല്ലാവരും
പണ്ടു നിനച്ചതു സത്യമാക്കീടുവൻ.
കാമിനീമൌലിതൻ വാഞ്ഛിതമൊക്കയും
സാമോദമിന്നു കൊടുക്കുന്നതുണ്ടു ഞാൻ."
ഖേദവും കൈവിട്ടു നിങ്ങളെല്ലാവരും
മോദേന ചെന്നു വസിച്ചു കൊണ്ടീടുവിൻ.
ഇത്ഥമരുൾചെയ്‌ത വാക്കുകൾ കേൾക്കയാ-
ലെത്രയും മോദേന ദേവതാവൃന്ദവും
വന്ദിച്ചു താപസന്മാരും പുറപ്പെട്ടു
ചെന്നു നിജഗൃഹം പുക്കു വാണീടിനാർ.
ദേവകളെല്ലാം ഗമിച്ചോരനന്തരം
ദേവേശ്വരനൊരു വര്‍ണ്ണിതൻവേഷമായ്
ഭാവം പരീക്ഷിപ്പതിന്നു താൻ പാര്‍വതി
മേവുന്ന കാനനേ ചെന്നു പുക്കീടിനാൻ.
ദൂരത്തു കണ്ടിതു പാർവ്വതിയും തദാ
ചാരുതേജോമയനായ വടുവിനെ.
ഛത്രദണ്ഡാജിനമേഖലാദ്യങ്ങള-
ങ്ങെത്രയും നന്നായലംകരിച്ചങ്ങനെ
നിര്‍മ്മലമാം ബ്രഹ്മസൂത്രപ്രകാശവും
ബ്രഹ്മതേജസ്സുകൊണ്ടുജ്ജ്വലഗാത്രവും
കണ്ടോരുനേരത്തു ഗൌരിയും തന്നുള്ളി-
ലുണ്ടായ മോദേന ചിന്ത ചെയ്തീടിനാൾ.
ആശ്ചയമാശ്ചയമെത്രയുമിന്നിവ-
നീശ്വരന്മാരിൽവച്ചേകനോ ദൈവമേ?
ഇന്ദ്രനോ? ചന്ദ്രനോ? വഹ്നിയോ? സൂനോ?
വന്ദ്യനിവനതിനില്ലോരു സംശയം.
എന്നു ചിന്തിച്ചെഴുനേറ്റു സസംഭ്രമം;
അന്നേരമുണ്ണിയും തത്ര ചെന്നീടിനാൻ.
അര്‍ഘ്യപാദ്യാദികൾ കൊണ്ടു പൂജിച്ചതി-
ശ്ലാഘമാമാസനം നല്കിനാൾ ഗൌരിയും.
ഭക്തികൈക്കൊണ്ടു വണങ്ങി വിനയമോ-
ടത്യന്തമോദേന ദൂരെ നിന്നീടിനാൾ
സന്തുഷ്ടനായ വടുവുമന്നേരത്തു
ചെന്താമരാക്ഷിയോടിത്തരം ചൊല്ലിനാൻ:-
"നിന്നുടേ ഭക്തിയും വിശ്വാസവും കണ്ടു
സുന്ദരീരത്നമെ! സന്തുഷ്ടനായി ഞാൻ.
നിന്നുടേ ചിന്തിതമൊക്കയും വൈകാതെ
വന്നുകൂടീടുമതിനില്ല സംശയം.
നാളികലോചനയായ നിനക്കുമി-
ന്നാളിമാര്‍ക്കും സുഖമല്ലയോ സന്തതം?
നല്ല തപസ്സിനു വേണ്ടും പദാര്‍ത്ഥങ്ങ-
ളെല്ലാമിവിടെസ്സുലഭമായില്ലയൊ?
പ്രത്യൂഹമൊന്നും വരാതേ സുഖത്തോടു
നിത്യം തപം ചെയ്തു വാഴുന്നതില്ലയോ?
ദേഹബലമറിഞ്ഞീടാതെ തന്നുടേ
മോഹേന ഘോരതപസ്സു തുടങ്ങിയാൽ
ദേഹവിനാശം ഭവിക്കുമല്ലോ പിന്നെ
ദേഹികൾ ധര്‍മ്മങ്ങളെന്തു ചെയ്യുന്നതും?
നിന്നേ യദൃച്ഛയാ കണ്ടതു കാരണ
മെന്നുള്ളിലെത്രയും വന്നു സന്തോഷവും.
നിന്നിൽ കരുണയുണ്ടായി വരികയാ-
ലൊന്നുണ്ടു നിന്നോടു പൃച്ഛചെയ്യുന്നു ഞാൻ.
മംഗലദേവതതന്നോടു തുല്യയാം
ശൃംഗാരരൂപിണിയായ നീയാരെടോ?
പൂര്‍ണ്ണമനോരഥനായിച്ചമഞ്ഞൊരു
പുണ്യവാനായ നിൻ താതനാരെന്നതും
നിന്നുടേ മാതാവുതന്നുടേ നാമവും
മന്നിൽ പ്രസിദ്ധമാം നിന്നുടേ വംശവും
ബന്ധുരഗാത്രിയായ് ബാലയ,യുള്ള നീ-
യെന്തുമൂലം തപം ചെയ്യുവാനെന്നതും
കേൾക്കയിലാഗ്രഹമുണ്ടെനിക്കിന്നിവ
കേൾക്കാവതെങ്കിലോ സത്യം പറക നീ.
വര്‍ണ്ണിതൻ വാക്കുകൾ കേട്ടോരു ഗൌരിയും
കണ്ണുകൊണ്ടാശു നിയോഗിച്ചു തോഴിയെ.
ഉണ്ണിയേ വന്ദിച്ചു തോഴിയും ചൊല്ലിനാൾ:-
"പുണ്യരാശേ! ഭവാൻ കേട്ടാലുമെങ്കിലോ.
ഉത്തമനാകും ഹിമിഗിരിതന്നുടേ
പുത്രിയാകുന്നിവാൾ; പാർവ്വതിയെന്നു പേർ;
ഇന്നിവൾ മാതാവു മേനയാകുന്നതും;
പിന്നെത്തപസ്സിനു കാരണം കേൾക്കെടോ.
പങ്കജലോചനയാകുമെൻ തോഴിക്കു
ശങ്കരൻ കാന്തനായീടുവാനാഗ്രഹം
ഉണ്ടാകകൊണ്ടു തപസ്സു ചെയ്തിടുന്നു
കണ്ടാലറിയാമതെന്നേ പറയാവൂ.
ഇന്നിവൾതന്നുടേ ബന്ധുജനങ്ങളും
പിന്നെജ്ജനനിയുമാളിമാർ ഞങ്ങളും
നന്നല്ലിതെന്നു പലവിധം ചൊല്ലിയ -
തൊന്നുമിവൾക്കു മനസ്സിലേറീലെടോ.
“പങ്കജബാണാരിതന്നെത്തപം ചെയ്തു
ശങ്കകൂടാതെഞാൻ കാന്തനാക്കീടുവൻ.
അല്ലായ്കിലോ മമ ദേഹം ത്യജിച്ചു ഞാൻ
മുല്ലബാണാരിയോടാശു ചേര്‍ന്നീടുവൻ.
എന്നിവളേറ്റമുറച്ചിരിക്കുന്നതി-
നൊന്നു ചെയ്താലുമിളക്കമില്ലേതുമേ.
ഇഷ്ടസഖികളായ് മേവുന്ന ഞങ്ങൾക്കു
കഷ്ടമിതുകൊണ്ടു ദുഃഖമുണ്ടേറ്റവും
ശക്തിക്കടുത്തതല്ലാത തപം ചെയ്തു
ശുഷ്കിച്ചു ഗാത്രവും; കൃഷ്ണമായ് വര്‍ണ്ണവും.
ഗൌരവര്‍ണ്ണംകൊണ്ടു ഗൌരിയെന്നുള്ളോരു
പേരുമിവൾക്കിന്നു മാറുമാറായിതേ.
ഊണുമുറക്കവും കൂടാതെ നിത്യവും
ക്ഷോണിയിൽത്തന്നേ കിടപ്പതു കാൺകയാൽ
തോഴിമാരായുള്ള ഞങ്ങളെല്ലാവരും
കേഴുന്നതുകൊണ്ടു കൂറുമില്ലേതുമേ.
ഈശ്വരാനുഗ്രഹമുണ്ടെന്നിരിക്കിലോ
ശാശ്വതം സൌഖ്യം വരുന്നതേയുള്ളു.
ഭോഗങ്ങളെല്ലാമനുഭവിച്ചീടുവാൻ
യോഗമിവൾക്കില്ലയെങ്കിലെന്താവതും?
അത്ര വന്നാശുതപസ്സുതുടര്‍ന്നനാ-
ളെത്രയും കൌതൂഹലത്തോടു ഞങ്ങളും
ഓരോരൊ വൃക്ഷങ്ങൾ നട്ടുനനച്ചവ
പാരാതെകാൺക ; ഗഗനസ്പൃശങ്ങളായ്;
നല്ലകുസുമങ്ങളും ഫലജാലവു-
മെല്ലാം തുടങ്ങീട്ടു കാലമൊട്ടേറെയായ്;
സുന്ദരിതന്റെ മനോരഥപാദപ-
മിന്നു ഫലിച്ചീല; പൂത്തതുമില്ലെടോ;
എന്തുചെയ്യുന്നതു ഞങ്ങളിന്നാര്‍ക്കുമേ
ചിന്തിച്ചവണ്ണം വരികയില്ലൊന്നുമേ.
എന്നങ്ങിരിക്കിലും ധന്യനാകും ഭവാ-
നിന്നിഹവന്നതും ഭാഗ്യമത്രേ തുലോം.
ബ്രഹ്മതേജസ്സും ശരീരലാവണ്യവും
നന്മയേറീടുന്ന വാഗ്‍വൈഭവങ്ങളും
ഇത്രയുണ്ടായൊരുതാപസന്മാരെ ഞാ-
നിത്രനാളായിട്ടു കണ്ടതില്ലെങ്ങുമേ,
ഇത്ര മഹത്വമുള്ളോരു ഭവാനിഹ
ചിത്തകാരുണേന വന്നതുകാരണം
സന്താപമെല്ലാമകുന്നു ഞങ്ങൾക്കിനി-
സ്സന്തോഷമോടുമനുഗ്രഹിക്കേണമേ."
ഇത്ഥമവളുടേ വാക്കുകൾ കേൾക്കയാൽ
ചിത്തമോദത്തോടു വര്‍ണ്ണിയും ചൊല്ലിനാൻ.
"പര്‍വതരാജകുമാരിയായുള്ളോരു
പർവശശിമുഖി! പാർവതി! കേൾക്ക നീ.
കണ്ടുപരിചയമില്ലെന്നിരിക്കിലും
കണ്ടതുപോലെ ഞാൻ കേട്ടറിഞ്ഞീടുമേ.
ഇന്നു നാം തങ്ങളിൽ കണ്ടതുകാരണം
നിന്നിൽ മഹത്വമെനിക്കു വര്‍ദ്ധിക്കയാൽ
നല്ല ഗുണദോഷമൊന്നുചൊല്ലുന്നു ഞാൻ;
മല്ലവിലോചനേ! കേട്ടാലമിന്നു നീ.
സുന്ദരിമാരായ കന്യാജനങ്ങൾക്കു
സുന്ദരനായൊരു കാന്തനുണ്ടാകയും;
വിത്തമനവധിയുണ്ടായ് ‌വരികയു-
മുത്തമഭോഗങ്ങളോടു സുഖിക്കയും;
എന്നിവയെല്ലാം വരേണ്ടതു; ചിന്തിക്കി-
ലിന്നിവയെല്ലാം സുലഭം നിനക്കെടോ.
ഇന്ദ്രനെന്നാകിലും ചന്ദ്രനെന്നാകിലും
കന്ദർപ്പനെങ്കിലും മാനുഷനെങ്കിലും
നിന്നുടേ രൂപസൌന്ദര്യങ്ങൾ കാൺകിലോ
വന്നവർ ദാസരായ് വാഴുമേ സന്തതം.
ദ്രവ്യമുണ്ടാവതിനാഗ്രഹമെങ്കിലോ
ഭവ്യനല്ലോ തവ താതൻ ഗിരീശ്വരൻ.
ഇത്രിലോകത്തിങ്കലുള്ള ജനങ്ങളിൽ
ചിത്താനുരാഗം നിനക്കു വരായ്കയാൽ
മൂര്‍ത്തികൾ മുവരിലേകനെസ്സേവിച്ചു
പൂര്‍ത്തിവരുത്തുവാനാഗ്രഹമെങ്കിലോ
പങ്കജാക്ഷങ്കലുറപ്പിച്ചമാനസം
ശങ്കകൂടാതേ തപസ്സുചെയ്തന്വഹം
തൽപ്രസാദത്തേ വരുത്തി വൈകീടാതെ
തൽപ്രിയയായിസ്സുഖിച്ചുവസിക്ക നീ.
എന്നതുകൂടാതെ പന്നഗഭൂഷണൻ-
തന്നേ വരിച്ചതുമെത്രയുമത്ഭുതം.
ശങ്കരൻതന്റെ പരമാര്‍ത്ഥമൊക്കെയും
പങ്കജലോചനേ! നീയറിഞ്ഞീടുകിൽ
ഇന്നു തപസ്സു സമർപ്പിച്ചു ലജ്ജയാ
ചെന്നു നീ നിന്നുടെ മന്ദിരേ മേവുമേ
എല്ലാ ഗുണങ്ങളുമുള്ള പുരുഷനെ
കല്യാണി! കാമിക്കുമല്ലോ തരുണിമാർ.
വേണ്ടുംഗുണങ്ങളിലൊന്നെങ്കിലുമിന്നു
തണ്ടാർശരാരിക്കു കണ്ടീല ഞാനെടോ.
നല്ലോരു വംശവും സാധുപൂജ്യത്വവു
മല്ലോ വരേണ്ടതു മുമ്പിലെല്ലാര്‍ക്കുമേ.
ശങ്കരൻ തന്നുടേ വംശമേതെന്നതു
പങ്കജയോനിക്കുമില്ലൊരുനിശ്ചയം.
ബ്രഹ്മഘ്നനാകയാലിന്നവൻതന്നുടേ
നിര്‍മ്മാല്യമാരും ഭുജിക്കുമാറില്ലെടോ.
എല്ലാ ഗുണങ്ങളുമില്ലെന്നിരിക്കിലും
നല്ലസൌന്ദര്യമുണ്ടെങ്കിലും പോരുമേ
ഇന്നവൻ തന്നുടേ മൂന്നു നേത്രങ്ങളും
പന്നഗമാലയുമസ്ഥിദാമങ്ങളും
തോലുമുടുത്തു ജടയും ധരിച്ചൊരു
കോലം നിരൂപിക്കിലെത്രയും വിസ്മയം.
യൌവനമുണ്ടെന്നിരിക്കിലതും സുഖം;
ശർവനതുള്ളതറികയില്ലാരുമേ.
കാമരസങ്ങളുണ്ടെങ്കിലും പോരുമേ;
കാമനെക്കൊന്നോരു നിഷ്കാമനീശ്വരൻ
വേണ്ടും ഗുണമൊന്നുമില്ലെന്നിരിക്കിലും
വേണ്ടും ധനങ്ങളുണ്ടെങ്കിൽ പൊറുത്തിടാം.
സർവാംഗമാഭരണങ്ങളിട്ടീടുവാൻ
ശര്‍വനു മോഹം പെരികെയുണ്ടാകയാൽ
അര്‍ത്ഥമില്ലാഞ്ഞിട്ടു പന്നഗമാലയു-
മസ്ഥിദാമങ്ങളുമിട്ടു വസിക്കുന്നു.
നേരോടൊരുവസ്ത്രമില്ലായ്മ കാരണം
നാറുംപുലിത്തോലുടുക്കുന്നു നിത്യവും.
എണ്ണതേച്ചീടുവാനില്ലാഞ്ഞു മേലൊക്കെ
വെണ്ണീറുതേച്ചു ജടപിരിച്ചീടിനാൻ.
ഭിക്ഷയൊരുദിനം കിട്ടിയില്ലെങ്കിലൊ
ദക്ഷവൈരിക്കന്നു മാരുതഭക്ഷണം.
നല്ല ഭവനമുണ്ടെങ്കിൽ പൊറുത്തിടാ-
മില്ലമവന്നു ചുടലയെന്നോര്‍ക്ക നീ.
ഒന്നും തരുവതിനില്ലെന്നിരിക്കിലും
ധന്യേ! പൊറുത്തിടാം കോപമില്ലെങ്കിലോ.
കോപത്തിനാവാസമായതു ശങ്കരൻ;
ശാപങ്ങൾ കൂട്ടുവാനും തടവില്ലെടോ.
ഭൂത്യപരിജനസേവകന്മാരവ-
രെത്രയും ക്രൂരരാം ഭൂതഗണങ്ങളും;
വാഹനമായതു വൃദ്ധനാം കാളപോൽ;
മോഹനശീലേ! നിനക്കിതു ചേരുമോ?
നല്ല കളഭങ്ങൾ കസ്തൂരിയാദിക-
ളെല്ലാം ധരിച്ചു മനോജ്ഞതരങ്ങളാം
ആഭരണങ്ങളണിഞ്ഞുകൊണ്ടേറ്റവും
ശോഭനമായുള്ള സൌധമണിഗൃഹേ
കുന്ദേന്ദുശുഭ്രമായുള്ളോരു മെത്തമേൽ
കന്ദര്‍പ്പതുല്യനാം കാന്തനോടും സദാ
സ്വൈരസല്ലാപങ്ങളൊടുമനുദിനം
മാരോത്സവത്തോടു വാഴ്കവേണ്ടുന്ന നീ
പൊക്കണവുമൊരു ശംഖം തുടിയുമായ്
ഭിക്ഷയ്ക്കു ശര്‍വ്വൻ നടക്കും ദശാന്തരേ
പിന്നാലെതന്നേ നടന്നു വെയിൽകൊണ്ടു
ഖിന്നതയെല്ലാം പൊറുക്കുന്നതെങ്ങനെ?
ക്രൂരസര്‍പ്പങ്ങളണിയുന്നവനെ നീ
നേരേ പുണരുന്നതെങ്ങനെ? ചൊൽകെടോ.
പൂണ്ണചന്ദ്രാനനയായ നീ ശര്‍വ്വനെ-
പൂര്‍ണ്ണമോദം പുണര്‍ന്നീടും ദശാന്തര
സ്വണ്ണകുംഭങ്ങളോടൊത്ത കുചങ്ങളിൽ
വെണ്ണീർ പുരണ്ടാൽ പൊറുക്കുമോ ബാലികെ?
ഇത്ര മൃദുഗാത്രിയായ നീ ശങ്കര-
നേത്രാഗ്നിതന്നിലെച്ചൂടു സഹിക്കുമോ?
മാരനെക്കൊന്നവനോടൊരുമിച്ചു നീ-
യോരോ വിനോദങ്ങൾ ചെയ്യുന്നതെങ്ങനേ?
ആളികളോടും സുഖിച്ചിരിക്കുന്ന നീ
കൂളികളോടും വസിക്കുന്നതെങ്ങനെ?
ദുഃഖങ്ങളിത്തരമുള്ളവയൊക്കയു
മുത്തമേ നീ സഹിച്ചീടുമോ ബാലികേ?
എത്രയും ദുഃഖങ്ങളുണ്ടെന്നിരിക്കിലും
മിത്രിലോകേശന്റെ ഭാര്യയായീടുകിൽ
ഉണ്ടൊരു സൌഖ്യമെന്നാകിലതിനുമി-
ന്നുണ്ടൊരുദോഷമറിക മനോഹരേ!
സര്‍വ്വലോകങ്ങൾക്കുമീശ്വരിയാകിലും
ശര്‍വ്വനുഭാഷയായ് വന്നതുകാരണം
മുന്നം സതിക്കു ദക്ഷാദ്ധ്വരത്തിങ്കേന്നു
വന്നോരവമാനമെന്തു ചൊല്ലുന്നതും?
സക്തിയൊന്നിലുമില്ലായ്കകാരണം
ഭക്തപ്രിയനായ ചന്ദ്രാര്‍ദ്ധചൂഡനെ
ഭക്തിയോടും തപംചെയ്തു നിനക്കിന്നു
മുക്തിവരുത്തുവാനഗ്രഹമെങ്കിലോ
ഭുക്തിനൽകീടുവാൻ പോലുമില്ലാത്തവൻ
മുക്തിനല്കീടുമൊ മുഗ്ദ്ധവിലോചനേ?
എന്തിനിന്നേറെപ്പറയുന്നു ഞാൻ? വൃഥാ
ചിന്തിക്കിൽ നിന്നുടേ മോഹമതത്ഭുതം.
വേണ്ടുംഗുണങ്ങളിലൊന്നുമില്ലാത്തോരു
തണ്ടാർശരവൈരിയാകിയ ദേവനെ
നീയെന്നിയേയൊരു നാരിമാരാരുമെ
പൊയ്യല്ല കണ്ടു കാമിച്ചവരില്ലെടോ.
എന്നതുകൊണ്ടിവ മൂഢതയൊക്കയു -
മിന്നുകളഞ്ഞാശു സന്തുഷ്ടയായി നീ
ചെന്നു നിജാലയേ നന്ദിച്ചു വാടോ;
കന്യകാരത്നമെ! നന്നായ് ‌വരിക തേ.
നിന്നിലെനിക്കു മമത്വമുണ്ടാകയാ -
ലിന്നു ഗുണദോഷമൊക്കെ ഞാൻ ചൊല്ലിനേൻ.
ഇല്ലൊരു കാര്യമെനിക്കതുകൊണ്ടു നീ-
യെല്ലാം നിനക്കൊത്തവണ്ണമായ് കൊള്‍കെടോ."
ഇത്തരം വര്‍ണ്ണിതൻ വാക്കുകൾ കേൾക്കയാ-
ലെത്രയും കോപിച്ചു പര്‍വതപുത്രിയും
ഗാത്രവും പാരം വിറച്ചു രക്താന്തമാം
നേത്രയുഗ്മത്തോടെഴുനേറ്റു സത്വരം
ശങ്കരനിന്ദകൾ കേട്ടു സഹിയാഞ്ഞു
ശങ്കകൂടാതേ പറഞ്ഞുതുടങ്ങിനാൾ.
"പോരും പറഞ്ഞതു പോരും കുമാരക!
സാരമറിയാത്ത മൂഢനത്രേ ഭവാൻ.
ആരു നിന്നോടിതു ചോദിച്ചു ദുര്‍മ്മതേ?
കാര്യമെന്തുള്ളതിവിടേ നിനക്കെടോ?
വിപ്രനെന്നാകിലുമിത്തരം ചൊല്കയാ-
ലപ്രിയമായ്‍വരുമെന്നറിഞ്ഞീടു നീ.
ചന്ദ്രാര്‍ദ്ധശേഖരൻ തന്റെ മഹിമക-
ളൊന്നുമറിഞ്ഞീല നീയെന്നുനിര്‍ണ്ണയം.
ലോകങ്ങളൊക്കയും സൃഷ്ടിപ്പതും ശിവൻ;
ആകുലംകൂടാതെ പാലിപ്പതും ശിവൻ;
പിന്നെയതു സംഹരിക്കുന്നതും ശിവൻ;.
മൂന്നായമൂര്‍ത്തികളാകുന്നതും ശിവൻ;
ദേവാദികീടപര്യന്തജന്തുക്കളും
കേവലം സ്ഥാണുക്കളാകുന്നതും ശിവൻ;
വര്‍ണ്ണാശ്രമങ്ങളും സമ്മാശ്രമങ്ങളും
നിര്‍ണ്ണയം വേദങ്ങൾ ശാസ്ത്രങ്ങളും ശിവൻ;
ഇന്നുകാണുന്നതും കാണാത്തവസ്തുവു-
മെന്നല്ല സർവവും സർവേശ്വരൻ ശിവൻ.
എന്നിരിക്കുന്നോരു ലോകൈകനാഥനെ
നിന്ദിച്ച നിൻമുഖം കാണരുതോര്‍ക്ക നീ.
ദേവതാനിന്ദയും ബ്രാഹ്മണനിന്ദയും
കേവലം മാതൃപിതൃഗുരുനിന്ദയും

കേട്ടാൽച്ചെവികളും പൊത്തിയവിടെനി-
ന്നൊട്ടുമേവൈകാതെ പോകേണമേവനും.
അല്ലായ്കിലോ പാപമുണ്ടായ് വരുമെന്നു
ചൊല്ലുന്നു ശാസ്ത്രവും വിദ്വജ്ജനങ്ങളും.
എന്നതുകൊണ്ടിന്നു ഞാനും സഖികളു-
മന്യദേശത്തു ചെന്നാശുവാണീടുവൻ.
ദുഷ്ടനായോരുനീയത്ര വസിക്കിലും
പെട്ടെന്നുപോകിലുമില്ലെനിക്കേതുമേ"
ഇത്ഥമുരചെയ്തു കോപംപൊറായ്കയാൽ
സത്വരമുത്ഥാനവും ചെയ്തു ഗൌരിയും
പര്‍ണ്ണശാലാന്തരേ ചെന്നോരുനേരത്തു
വര്‍ണ്ണിയെക്കാണാനുമില്ലൊരുദിക്കിലും.
കല്യാണരൂപനാമുണ്ണിയെക്കാണാഞ്ഞു
മല്ലവിലോചന ചിന്തിച്ചു മാനസേ.
“കണ്ടങ്ങിരിക്കുന്നനേരം കുമാരനെ-
ക്കണ്ടതുമില്ലെന്തൊരത്ഭുതം ദൈവമേ!
കാനനവാസികൾതങ്ങടേ മായയോ?
മാനസഭ്രാന്തിയോ? സ്വപ്നമോ? സത്യമോ
ഇത്തരം ചിന്തിച്ചു സംഭ്രമം കൈക്കൊണ്ടു
ചിത്തമോദത്തൊടു നില്ക്കും ദശാന്തരേ
മുന്നിലാമ്മാറുമഹേശ്വരൻ തന്നുടേ
സുന്ദരരൂപവും കാണായിവന്നുതേ
ബാലാര്‍ക്കശോഭകലന്ന ജടയതിൽ
ബാലശശാങ്കനും പൊന്നിൻകിരീടവും
പങ്കജപത്രസമാനനേത്രങ്ങളും
തങ്കലനുരാഗസൂചിതദൃഷ്ടിയും
ചന്ദ്രബിംബത്തെജ്ജയിക്കും വദനവും
ചന്ദ്രികപോലെ മൃദുസ്മിതഭംഗിയും
ബിംബാധരോഷ്ഠവും കുണ്ഡലശോഭയും
നിര്‍മ്മലമാകിയ ഗണ്ഡസ്ഥലാഭയും
ഇന്ദ്രനീലദ്യുതിശോഭിതകണ്ഠവും
സുന്ദരമായവക്ഷസ്ഥലശോഭയും
നല്ല പതക്കങ്ങൾ മുത്തുപൊന്മാലക-
ളെല്ലാമലംകരിച്ചുള്ളോരു ശോഭയും
ഏണപരശുവരദാഭയാങ്കിത-
പാണികൾശോഭയും കങ്കണകാന്തിയും
കാഞ്ചീഗുണങ്ങളും പട്ടുടയാടയും
കാഞ്ചനവര്‍ണ്ണമാമുരുദ്വയാഭയും
പങ്കജശോഭയേ നിന്ദചെയ്യും പദ-
പങ്കജശോഭയും നൂപുരകാന്തിയും
കന്ദര്‍പ്പകോടിപ്രതിമാനമാകിയ
സുന്ദരരൂപം ധരിച്ചുകൊണ്ടങ്ങനെ
ഇന്ദ്രാദിദേവകളോടും മുനിസിദ്ധ-
കിന്നരഗന്ധർവയക്ഷവൃന്ദത്തൊടും
നന്ദികേശാദിയാം ഭൂതഗണത്തൊടും
വന്ദികളായ മറ്റുള്ള ജനത്തൊടും
ത്രൈലോക്യമെല്ലാം നിറഞ്ഞ തേജസ്സൊടും
ത്രൈലോക്യനാഥനെക്കണ്ടൊരു ഗൌരിയും
ആനന്ദസംഭ്രമലജ്ജാപരവശ-
മാനസയായ് പുളകാലംകൃതാംഗിയായ്
സത്വരം വീണു നമസ്കാരവും ചെയ്തു
ഭക്തികൈക്കൊണ്ടു തൊഴുതുനിന്നീടിനാൾ.
ചന്ദ്രാദ്ധശേഖരൻ മന്ദഹാസം ചെയ്തു
കന്യകതന്നോടരുൾചെയ്തു മന്ദമായ്.
"സുന്ദരിമാർകുലമാലികേ! ബാലികേ!
ചന്ദ്രബിംബാനനേ! സാരസലോചനേ!
സ്വർവധൂവൃന്ദവും വന്നടികൂപ്പുന്ന
പർവതകന്യകേ! കേൾ മമ വാക്കുകൾ
നിന്നുടേഭംഗിയും വിശ്വാസവും കണ്ടു
കന്യകാരത്നമേ! സന്തുഷ്ടനായി ഞാൻ.
നിന്നുടേ ഭക്തി പരീക്ഷപ്പതിന്നു ഞാൻ
വന്നിതു വര്‍ണ്ണിയായെന്നറിഞ്ഞീടു നീ.
ചിത്തവിശുദ്ധിയും ഭക്തിവിശ്വാസവു-
മിത്ര മറ്റാര്‍ക്കുമേ കണ്ടീല ഞാനെടോ.
ഏറ്റവുമുള്ളോരു ഭക്തികൊണ്ടെന്നിയേ
മറ്റൊന്നുകൊണ്ടും പ്രസാദിക്കയില്ല ഞാൻ.
ഉന്നതഭക്തികൊണ്ടെന്നെ നീ കാൺകയാ-
ലിന്നുതുടങ്ങി നിൻ ദാസനായേനഹം.
അത്രയുമല്ല ഞാൻ സന്തുഷ്ടനാകയാൽ
ഗാത്രവും പാതി നിനക്കു തന്നീടിനേൻ.
ഇന്നു നിന്മാനസേ ചിന്തിച്ചതുപോലെ
വന്നീടുമൊക്കയുമില്ലൊരുസംശയം.
ബന്ധുക്കളേയുമനുസരിപ്പിച്ചു ഞാൻ
ബന്ധുരഗാത്രിയാം നിന്റെ മനോരഥം
താമസംകൂടാതെ കൈവരുത്തീടുവൻ;
താമസിപ്പാൻ പാത്രമല്ല ഞാനൊട്ടുമേ.
നിന്നുടേമൂലം ദഹിച്ചോരുമന്മഥ -
നിന്നു നിൻകാരണമുത്ഭവിച്ചീടിനാൻ.
എങ്കിൽ നീ പോയാലുമിന്നു മനോഹരേ
സങ്കടമൊക്കയും തീർത്തുകൊണ്ടീടുവൻ."
ഉത്തമയായൊരു പർവ്വതപുത്രിയോ
ടിത്തരമെല്ലാരുൾ ചെയ്തു ശങ്കരൻ
ഉത്തമതാപസദേവഗണത്തൊടും
സത്വരം തത്ര മറഞ്ഞരുളീടിനാൻ.
ചന്ദ്രര്‍ദ്ധശേഖരൻ പ്രത്യക്ഷനാകയാൽ
തന്നുടേ കാമിതമൊക്കെ വരികയാൽ
മാനിനീമൌലിയാം പാര്‍വ്വതിദേവിയു-
മാനന്ദപീയൂഷവാരിധിമഗ്നയായ്
അംഗജവൈരിയേ വന്ദിച്ചു സാദരം
മംഗലഗാത്രികളാകും സഖികളും
ഒന്നിച്ചു വൈകാതെ ചെന്നു നിജഗൃഹം
തന്നിലാമ്മാറു സുഖിച്ചു വാണീടിനാൾ.
അക്കാലമങ്ങു പരമേശ്വരൻ തനി-
ക്കുൾക്കാമ്പിൽ മന്മഥപീഡയുണ്ടാകയാൽ
ഗൌരീവിരഹം സഹിച്ചുകൂടായ്കയാൽ
പാരാതെ ചിന്തിച്ചു സപ്തര്‍ഷിമാരെയും
ചിന്തിച്ചതപ്പോളറിഞ്ഞു മുനികളും
ചെന്താർശരാരിയെച്ചെന്നു വണങ്ങിനാർ.
സൽക്കാരവും ചെയ്തു മാമനിമാരോടു
മുഗ്ദ്ധന്ദുശേഖരനിത്ഥമരുൾ ചെയ്തു.
"നമ്മുടേ നന്ദനൻ താരകനാകിയ
ദുര്‍മ്മതി ദൈത്യനെക്കൊല്ലുമെന്നിങ്ങനെ
പങ്കജയോനി കൊടുത്ത വരത്തിനാൽ
സങ്കടംപൂണ്ടു വിബുധരര്‍ത്ഥിക്കയാൽ
ഇന്നു വിവാഹം കഴിക്കയെന്നുള്ളതു-
മെന്നുടെ മാനസേ നിശ്ചയിച്ചീടിനേൻ.
സര്‍വ്വലോകേശ്വരിയായ സതീദേവി
പര്‍വ്വതപുത്രിയായ് വന്നു ജനിക്കയാൽ
ഇന്നവൾതന്നെപ്പരിഗ്രഹിച്ചീടുവൻ;
എന്നതിനായ്ക്കൊണ്ടു നിങ്ങളിന്നിപ്പൊഴേ
ചെന്നു ഹിമഗിരിതന്നോടു വാര്‍ത്തക-
ളൊന്നൊഴിയാതെ പറഞ്ഞു യഥാവിധി
കന്യകായാചനം ചെയ്തു സമയവും
നന്ദിച്ചു ചൊന്നു വിരയെ വന്നീടണം."
എന്നുള്ള ശംകരവാക്യങ്ങൾ കേട്ടവർ
വന്ദിച്ചു ചെന്നു ഹിമഗിരിസന്നിധൌ.
നന്ദിച്ചു പൂജിച്ചു പർവ്വതരാജനും
വന്ദിച്ചവരോടു ചൊന്നാൻ മധുരമായ്
"ഭാഗവതോത്തമന്മാരായി മേവുന്ന
യോഗിപ്രവരരേ! സ്വാഗതമല്ലയോ?
ധന്യനായ്‍വന്നു ഞാൻ നിങ്ങളെക്കാൺകയാ-
ലെന്നുടേ ജന്മവുമിന്നു സഫലമായ്
ചിത്ത കാരുണ്യേന നിങ്ങളെല്ലാവരു-
മത്ര വന്നീടുവാനെന്തൊരുകാരണം?
എന്തു ഞാൻ ചെയ്യേണ്ടതെന്നരുൾ ചെയ്താകി-
ലന്തരംകൂടാതെ ചെയ്യുന്നതുണ്ടു ഞാൻ."
എന്നതുകേട്ടരുൾ ചെയ്തു മുനീന്ദ്രരും.
"വന്നതിൻകാരണം കേട്ടുകൊൾകെങ്കിലോ
പന്നഗഭൂഷണനാകിയ ശങ്കര-
നിന്നു പരിണയം നിശ്ചയിച്ചീടിനാൻ.
എന്നതിനിന്നു നിൻ പുത്രിയാം ഗൌരിയെ-
ത്തന്നുവെന്നാകിലോ നന്നതു ചൊല്ലുവാൻ
ചന്ദ്രാര്‍ദ്ധചൂഡന്റെ ശാസനം കൈക്കൊണ്ടു
വന്നിതു ഞങ്ങളുമെന്നറിഞ്ഞീടു നീ.
സന്മതിയായ ഭവാനതു മാനസേ
സമ്മതമാകിലോ നന്നായിരുന്നുതേ.
ലോകൈകനാഥന്റെ ബന്ധുവായീടുകി-
ലാകുലമെല്ലാം ഭവാനു തീന്നീടുമേ.
കന്യകമാര്‍ക്കിതുപോലെയൊരു വര-
നന്യനുണ്ടാകുമോ ചിന്തിക്ക മാനസേ.
യോഗ്യനാമീശനെസ്സൽക്കരിച്ചീടുവാൻ
ഭാഗ്യമുണ്ടാകിലേ കൈവരൂ നിര്‍ണ്ണയം.
എത്രയും ബുദ്ധിമാനായ ഭവാനിവ
ചിത്തേ നിനച്ചുറച്ചൊന്നു ചൊല്ലീടണം.
ഇത്ഥമവരുടേ വാക്കുകൾ കേൾക്കയാൽ
ചിത്തമോദംകൊണ്ടു പർവതരാജനും
ആനന്ദജാശ്രു പൊഴിച്ചു സഗൽഗദം
മാനിച്ചു മാമുനിമാരോടു ചൊല്ലിനാൻ.
"ഭാഗ്യമഹോ മമ ഭാഗ്യമിതോര്‍ക്കിലോ
ശ്ലാഘ്യനാകുന്നു ഞാനില്ലൊരുസംശയം.
പാരേഴുരണ്ടിനും നാഥനാമീശനു
കാരുണ്യമെന്നിലുണ്ടായിവരികിലോ
എന്തൊരുസാധ്യമതിൽപരമുള്ളതു ഹന്ത!
ധന്യന്മാരിലഗ്രിനായേനഹം.
നല്ല തപോജപദാനയജ്ഞാദിക-
ളെല്ലാം നിരന്തരമെത്രയും ചെയ്കിലും
തണ്ടാർശരവൈരിയാകിയ ദേവനെ
ക്കണ്ടുകൊൾവാൻ പണിയെന്നു കേൾപ്പുണ്ടു ഞാൻ.
അത്ര മഹത്വമുള്ളോരു ഹരൻ മമ
പുത്രിക്കു വല്ലഭനായ് വരുമെങ്കിലോ
എന്തൊരു സൌഖ്യമതിൽപരമുള്ളതു-
മെന്തുസന്ദേഹമെനിക്കിതിനിന്നഹോ?
ആര്‍ക്കും വരാതോരു ഭാഗ്യം വരുവതി-
നാര്‍ക്കുള്ളു മോഹമില്ലാതേ മുനീന്ദ്രരേ!
എന്നാകിലും മമ ഭാര്യയാം മേനയോ -
ടിന്നിതുചെന്നു പറഞ്ഞു വന്നീടണം.
പുത്രിപ്രദാനത്തിനന്തഃപുരങ്ങൾക്കു
ചിത്തം തെളികിലേ നല്ല സുഖംവരൂ.
തത്വങ്ങളൊന്നുമറികയുമില്ലവ-
രെത്രയും ശാഠ്യങ്ങളും പുനരുണ്ടഹോ.
ബാധയില്ലാത്തോരു കാര്യമെന്നാകിലും
ബോധമവക്കു വരുവാൻ പണിയത്രെ.
എന്നതു കൊണ്ടിന്നരുന്ധതീദേവിതാൻ
ചെന്നരുൾചെയ്കിലോ സമ്മതമായ്‍വരും."
എന്നു ഗിരീശ്വരൻ ചൊന്നതു കേട്ടള -
വെന്നാൽ ഗമിച്ചാലുമെന്നു വസിഷ്ഠനും
ചൊന്നതു കേട്ടങ്ങരുന്ധതി ദേവിയും
ചെന്നു മേനാഗൃഹം പുക്കോരനന്തരം
വന്ദിച്ചു മേനയും സൽകരിച്ചാദരാൽ
വന്നതിൻ കാരണം ചോദിച്ചനന്തരം
മന്ദഹാസം ചെയ്‌തരുന്ധതീ ദേവിയും
നന്ദിച്ചു മേനയോടിത്തരം ചൊല്ലിനാൾ.
പൂര്‍ണ്ണഭാഗ്യോദയമുള്ളോരു ബാലികേ!
പൂണ്ണചന്ദ്രാനനേ! കേൾക്ക മേ വാക്കുകൾ.
സുന്ദരിയാകിയ നിന്നുടെ പുത്രിയെ
ചന്ദ്രാര്‍ദ്ധചൂഡനു കാന്തയാക്കീടുവാൻ
കന്യകായാചനത്തിന്നു സപ്തര്‍ഷിമാർ
വന്നിരിക്കുന്നു മഹാദേവശാസനാൽ.
നിന്നുടേ വല്ലഭനായ ഗിരീശ്വര-
നിന്നതു നിന്നോടറിയിച്ചു പോരുവാൻ
എന്നോടു ചൊല്ലിനാനെന്നതു കേട്ടുഞാ-
നിന്നു വന്നീടിനേനെന്നറിഞ്ഞിടു നീ.
നിന്നുടേ മാനസമെന്തതു സത്യമാ-
യെന്നോടു ചൊല്ലുകവേണം മനോഹരെ!"
ഇത്ഥമരുന്ധതീവാക്കുകൾ കേൾക്കയാൽ
ചിത്തഭയംപൂണ്ടു മേനയും ചൊല്ലിനാൾ:
"ഇത്ഥമരുൾചെയ്ത വാക്കുകൾക്കിന്നു ഞാ-
നുത്തരമെന്തിഹ ചെല്ലുന്നതുമഹോ?
ഇത്രിലോകേശ്വരനായ ഹരനുമെൻ-
പുത്രിക്കുമന്തരമേറ്റമുണ്ടോര്‍ക്കിലോ
ബുദ്ധിഗുണങ്ങളും സാരസ്യസാരവും
മുഗ്ദ്ധവിലാസവും സൌജന്യരീതിയും
നല്ലവൈദഗ്ദ്ധ്യവും ലീലാവിലാസവും
സല്ലാപരീതിയും ഭാവഹാവങ്ങളും
എന്നിവവേണ്ടും ഗുണങ്ങളിലൊന്നുമി
ന്നെന്നുടേ നന്ദിനിക്കില്ലെന്നറിഞ്ഞാലും.
ഭീതിയുണ്ടേറ്റവുമിന്നിവൾക്കെന്നെയും
താതനേയും വിട്ടു പോകയില്ലെങ്ങുമേ.
എത്രയും ലാളിച്ചു ഞങ്ങൾ വളര്‍ക്കയാൽ
പുത്രിക്കു ദുസ്സ്വഭാവങ്ങളുണ്ടേറ്റവും.
ആരാനുമൊന്നങ്ങുറക്കെപ്പറകിലോ
പാരം ഭയംപൂണ്ടുടനേ കരഞ്ഞിടും.
ഇത്ര പരവശരായൊരുനാരിമാ-
രിത്രിലോകത്തിങ്കലില്ലെന്നറിഞ്ഞാലും.
സര്‍വ്വലോകേശ്വരൻ, സര്‍വ്വദേവേശ്വരൻ,
സര്‍വ്വഗുണനിധി സർവ്വജ്ഞനീശ്വരൻ,
എന്നിരിക്കുന്ന മഹേശ്വരന്നെന്നുടെ
നന്ദിനി ഭാര്യയായീടുകിൽ ചേരുമോ?
അത്രയുമല്ലതിനുണ്ടുവിഷമങ്ങ -
ളെത്രയുമിന്നതു ചൊല്ലുവൻ കേൾക്ക നീ.
ഇത്ര കോപിഷ്ഠനായുള്ളോരു പുരുഷ-
നിത്രിലോകത്തിങ്കലില്ലെന്നു നിണ്ണയം.
അല്പമായുള്ളോരപരാധമേല്ക്കിലു-
മുൾപ്പൂവിലേതുമറിയാതെ ചൊല്കിലും
ഇത്ര പരവശയാകുമെൻ പുത്രിയേ
നേത്രാഗ്നിതന്നിൽ ദഹിപ്പിക്കുമേ ഹരൻ.
ആര്‍ക്കുമധീനനല്ലല്ലോ മഹേശ്വര-
നോര്‍ക്കിൽ തരുണിമാര്‍ക്കെന്തുപിന്നെസ്സുഖം?
പന്നഗജാലമണിയുന്നതുമൂല
മെന്നുടേ പുത്രിക്കടുത്തുചെല്ലാവതോ?
ഭൂതവേതാളഗണങ്ങളെക്കാൺകിലോ
ഭീതിയുണ്ടാകയുമില്ലയോ ചൊല്ലു നീ?
ഭിക്ഷലഭിച്ചിട്ടുവേണമെന്നാകിലോ
ഭക്ഷണത്തിന്നൊട്ടു സൌഖ്യമുണ്ടാകുമോ?
നല്ലപുടവകളാഭരണങ്ങളു-
മെല്ലാമലംകരിച്ചീടുവാനില്ലപോൽ.
കാമനക്കൊന്നോരു ശര്‍വ്വനു പാര്‍ക്കിലോ
കാമരസങ്ങളുമില്ലെന്നു നിണ്ണയം.
ജ്ഞാനമുണ്ടാകയാൽ സൌഖ്യവും ദുഃഖവും
മീനദ്ധ്വജാരിക്കു ഭേദമില്ലേതുമേ.
ഈശ്വരന്മാര്‍ക്കു സുഖങ്ങൾ വേണ്ടുന്നതു
ശാശ്വതം മാനസത്തിങ്കലുണ്ടായ്‍വരും.
വേണ്ടുന്നതൊക്കയുമുണ്ടായ്‍വരികിലേ
വേണ്ടും സുഖം വരൂ മറ്റുള്ളവര്‍ക്കെടോ.
എന്നതുമൂലമിന്നെന്നുടേ പുത്രിക്കു
പന്നഗഭൂഷണൻ കാന്തനായീടുകിൽ
സൌഖ്യങ്ങളൊന്നും വരികയില്ലെന്നല്ല
ദുഃഖങ്ങളുണ്ടായ്‍വരികയും ചെയ്യുമേ.
എന്നുടേപുത്രിക്കു ദുഃഖമുണ്ടാക്കുവാ-
നിന്നു ഞാനെങ്ങനേ സമ്മതിക്കുന്നതും.
നല്ലവരന്മാര്‍ക്കു പുത്രിയെ നല്കുവാ-
നെല്ലാര്‍ക്കുമില്ലയോ ആഗ്രഹം ചൊല്ലു നീ?
ലോകേശ്വരൻ ഹരനെന്നുവരികിലും
ശോകം വരും മമ പുത്രിക്കു നിണ്ണയം.
ആകയാൽ സമ്മതമില്ലെനിക്കിന്നിതു;
ലോകൈകപൂജിതേ! സത്യമെന്നോര്‍ക്ക നീ"
എന്നുള്ള മേനാവചനങ്ങൾ കേൾക്കയാൽ
മന്ദസ്മിതംപൂണ്ടരുന്ധതി ചൊല്ലിനാൾ:-
“പർവതരാജദയിതേ! മനോഹരേ!
സർവജ്ഞയായ നിയെന്തിതു ചൊല്ലുവാൻ?
ലോകൈകനാഥനു പുത്രിയേ നല്‌കിയാൽ
ശോകങ്ങളുണ്ടായ്‍വരുമോ സുലോചനേ!
ഭക്തജനങ്ങൾക്കു സർവസമൃദ്ധിയും
ചിത്തത്തിലാഗ്രഹമുള്ളവയൊക്കയും
മുക്തിയുംകൂടെക്കൊടുക്കുന്ന നാഥനു
വിത്തമില്ലെന്നു നീ ചൊന്നതുമത്ഭുതം.
ചിത്തകാരുണ്യവുമിത്രയില്ലാര്‍ക്കുമേ
ഭക്തജനങ്ങൾക്കധീനനത്രേ ശിവൻ.
കാമനെപ്പണ്ടുളവാക്കിയ ശങ്കരൻ
കാമനാശംകൊണ്ടു നിഷ്കാമനാകുമോ?
ഭക്തജനങ്ങൾ പിഴകൾ ചെയ്തീടിലും
ഭക്തപരായണൻ കോപിക്കയില്ലെടോ.
എന്നതുകൊണ്ടിന്നു ലോകൈകനാഥനു
കന്യകതന്നെക്കൊടുക്ക മടിയാതെ.
ഇത്രിലോകേശൻ പുത്രിയേ നല്‌കുവാ-
നെത്രയും ഭാഗ്യമുണ്ടെങ്കിലേ കൈവരൂ.
ലോകേശ്വരൻ തന്റെ ഭാര്യയായീടുകിൽ
ലോകേശ്വരിയായി വാഴാമിവൾക്കെടോ.
ഇന്നിവയൊന്നുമല്ലാതൊരുകാരണം
വന്നിരിക്കുന്നതു ചൊല്ലുവൻ കേൾക്ക നീ.
താരകദാനവൻ തന്നെബ്ഭയപ്പെട്ടു
സാരസസംഭവൻതന്നൊടു ദേവകൾ
സങ്കടമെല്ലാമുണര്‍ത്തിച്ച നേരത്തു
പങ്കജസംഭവൻ താനുമരുള്‍ചെയ്തു.
"ശങ്കരനിന്നൊരു പുത്രനുണ്ടാകിലോ
ശങ്കകൂടാതേ വധിക്കുമസുരനെ."
എന്നരുൾചെയ്തതു കേട്ടമരാദികൾ
കന്ദർപ്പനെപ്പറഞ്ഞയച്ചീടിനാർ.
പന്നഗഭൂഷണൻ തന്നെ നിൻപുത്രിയും
വന്ദിച്ചുനില്ക്കുന്നനേരത്തു മന്മഥൻ
മോഹനാസ്ത്രം പ്രയോഗിച്ചതുകാരണം
മോഹിച്ചു നിന്നുടേ പുത്രിയെശ്ശങ്കരൻ.
പിന്നെ വൃത്താന്തമറിഞ്ഞു കോപിച്ചുടൻ
കന്ദർപ്പനെദ്ദഹിപ്പിച്ചതുകാരണം
പൂരുഷന്മാക്കിനിക്കാമമില്ലായ്കയാൽ
നാരിമാര്‍ തങ്ങടേ സൌഭാഗ്യമോക്കെയും
വ്യത്ഥമെന്നോത്തു നിൻപുത്രിയും സത്വരം
ചിത്തശോകത്തോടു കാനനം പൂക്കുടൻ
കൃത്തിവാസസ്സിനെക്കാന്തനാക്കീടുവാ-
നെത്രയും പാരം തപസ്സുചെയ്തീടിനാൾ.
ഭക്തികണ്ടേറ്റം പ്രസാദിച്ചു ശങ്കരൻ
പുത്രിക്കു നല്ല വരവുമരുളിനാൻ "
എന്നുടേ ബന്ധുക്കളോടും പറഞ്ഞു ഞാൻ
നിന്നേ വിവാഹം കഴിച്ചുകൊണ്ടീടുവൻ"
എന്നരുൾചെയ്തെഴുന്നള്ളി മുനികളേ
നന്ദിച്ചരുൾചെയ്തയച്ചതെന്നോര്‍ക്കനീ.
നിന്നുടേപുത്രിതാൻ പ്രാര്‍ത്ഥിക്ക കാരണം
പന്നഗഭൂഷണൻ ഭക്തജനപ്രിയൻ
കാമിതമെല്ലാം കൊടുപ്പതിന്നായ്ക്കൊണ്ടു
ഭാമിനിതന്നേ വരിച്ചതെന്നോര്‍ക്ക നീ
നല്‌കുകയില്ല നിൻപുത്രിയേയെങ്കിലോ
ലോകേശ്വരനതുകൊണ്ടെന്തു സങ്കടം?
ഇന്നിവയല്ലാതെയുണ്ടൊരുകാരണം
ധന്യേ! പുരാതനമായതും കേൾക്ക നീ
ഉത്തമൻ പ്രാചേതസനായ ദക്ഷന്നു
പുത്രിമാർമുന്നമറുപതുണ്ടായതിൽ
സുന്ദരിയായ സതിയാം കുമാരിയെ-
ചന്ദ്രാര്‍ദ്ധചൂഡനു നല്ലിനാൻ ദക്ഷനും.
അങ്ങനേ ചെറ്റുനാൾ ചെന്നോരനന്തരം
മങ്ങാതവനൊരു യാഗം തുടങ്ങിനാൻ.
പുത്രീജനങ്ങളെയൊക്കെയുമന്നവൻ
ഭർതൃസഹിതമാരായി വരുത്തിനാൻ.
നാശകാലം തനിക്കാശു വരികയാൽ
ഈശനിൽ ദ്വേഷം മുഴുത്തതുകാരണം
... ... ... ... ... ... ... ... ... ... ... ... ... ... ...
ഭൂതനാഥൻ പ്രിയയായ സതിക്കാശ
താതനെ കാണ്മതിന്നുണ്ടെന്നിരിക്കിലും
"നീതിയല്ലിപ്പോൾ ഗമിപ്പതു വല്ലഭേ!
താതനെന്നാകിലും ബന്ധുക്കളാകിലും
പ്രീതിയില്ലെന്നാകിലെന്തു സുഖമെടോ?
താതനെന്നോര്‍ത്തു നീ ചെന്നുവെന്നാൽ നിന്നെ-
യേതുമേ മാനിക്കയില്ലവൻ നിർണ്ണയം.
എന്നതുമല്ലവമാനവും വന്നുപോ-
മെന്നതുകൊണ്ടിന്നടങ്ങുക വല്ലഭേ!"
എന്നരുൾ ചെയ്തതുകേട്ടു സതി തനി
ക്കന്നേരമുണ്ടായ ദുഃഖങ്ങൾ കാൺകയാൽ
പോയാലുമെന്നങ്ങയച്ചു മഹേശ്വരൻ
പോയിതു ദേവിയും ദാസീജനങ്ങളും.
പൊന്മയമായ വിമാനമേറിക്കൊണ്ടു
നന്മയിലാഭരണങ്ങളുമിട്ടുടൻ
ആലവട്ടം കുട, വെൺചാമരങ്ങളും
നാലുഭാഗത്തും വിളങ്ങും കൊടികളും
ഉർവശിയാദി സഖികളോടൊന്നിച്ചു
സർവായുധധരഭൂതവൃന്ദത്തൊടും
ഭേരിമൃദംഗാദിവാദ്യഘോഷത്തോടും
നാരദനാദിയാം മാമുനിമാരൊടും
പ്രീതികൈക്കൊണ്ടു നടന്നു സതീദേവി
താതന്റെ മന്ദിരേ ചെന്നു പുക്കീടിനാൻ.
ഓരോരൊ ഘോഷങ്ങൾ കണ്ടുകണ്ടങ്ങനേ
പാരമാനന്ദേന മന്ദം നടന്നവൾ
ചെന്നു സഭാന്തരേ താതപാദദ്വയം
വന്ദിച്ചു ഭക്ത്യാ നമസ്കരിച്ചീടിനാൻ.
എന്നതുകണ്ടൊരുനേരത്തു ദക്ഷനും
വന്ന കോപത്തോടവളോടു ചൊല്ലിനാൻ
"ബ്രഹ്മഘ്നവല്ലഭയായ നീയെന്തിനി-
ബ്രഹ്മസഭതന്നിൽ വന്നിതു ദുര്‍മ്മതേ?
പാരാതിവിടേ വരുവതിനിക്കാല-
മാരു നിന്നോടു പറഞ്ഞയച്ചതും?
ദുഷ്ടനാമീശന്റെ വല്ലഭയായോരു
ദുഷ്ടയാം നിന്നെയും കാണരുതാര്‍ക്കുമേ?
ശൂലധരപ്രിയയായ നിനക്കിന്നു
ശാലയ്ക്കകത്തു കടക്കരുതോര്‍ക്ക നീ.
എന്നതുകൊണ്ടിനിത്താമസിച്ചീടാതെ
വന്ന വഴിക്കു ഗമിക്ക നീ ദുർഭഗേ!
നല്ലതുചൊന്നതു കേളാതിരിക്കിലോ
വല്ലാതെ വന്നുപോമില്ലൊരു സംശയം.
രുദ്രനു ഭാഗം കൊടുക്കയില്ലെന്നു താൻ
ഭദ്രമായ്ച്ചെന്നവൻതന്നോടു ചൊല്ക നീ.
ഇത്ഥമധിക്ഷേപവാക്കുകൾ കേൾക്കയാൽ
ചിത്തവിഷാദവും ഭീതിയും ലജ്ജയും
പാരമുണ്ടായവയെല്ലാം മറച്ചുട-
നാരൂഢകോപേന ദേവിയും ചൊല്ലിനാൾ.
"ഹാഹാ! ശിവശിവ! കഷ്ടം! നിനയ്ക്കിലോ
മോഹം മുനിമാര്‍ക്കുമുണ്ടെന്നു വന്നുതേ.
കഷ്ടമാം വാക്കുകൾ ചൊന്നതുകാരണം
ദുഷ്ടനത്രേ ഭവാനില്ലൊരു സംശയം.
ജ്ഞാനവിജ്ഞാനങ്ങളുള്ളോരു നിന്നുടേ
മാനസമെന്തിത്ര കശ്മലമായതും?
ലോകൈകനാഥനേ നിന്ദിക്കയാൽ പര-
ലോകവുമൈഹികവും നിനക്കില്ലെടോ.
ചന്ദ്രാര്‍ദ്ധചൂഡനേ നിന്ദിച്ച നിന്നുടേ
നന്ദിനിയല്ല ഞാൻ; താതനുമല്ല നീ.
ഈശനിൽ ദ്വേഷം മുഴുത്തതുകാരണം
നാശമടുത്തു നിനക്കെന്നു നിര്‍ണ്ണയം.
സര്‍വ്വദേവന്മാക്കുമീശ്വരനാകിയ
ശര്‍വ്വനു ഭാഗം കൊടുക്കാതിരിക്കിലോ
ഋത്വിക്സദസ്യജനങ്ങളോടൊന്നിച്ചു
മൃത്യുവരും നിനക്കില്ലൊരു സംശയം
ഭര്‍ത്താവിനെ ദുഷിക്കുന്നതു കേൾക്കിലോ
തത്ര മരിക്കേണമല്ലോ തരുണിമാർ
എന്നതുകൊണ്ടു ഞാനേവരും കാണുമാ-
റിന്നു മരിച്ചു ഗതിവരുത്തീടുവൻ.
ഇത്ഥമരുൾചെയ്തു യോഗാഗ്നിയിൽ നിജ-
ഗാത്രം ദഹിപ്പിച്ചു തൽക്ഷണം ദേവിയും.
ഹാഹാകൃതപരിപൂര്‍ണ്ണമായ് ലോകവും;
മോഹിച്ചുനിന്നിതു കണ്ടവരൊക്കയും
ആപത്തടുത്തിതു ദക്ഷനെന്നുള്ളതു
താപേന സജ്ജനമൊക്കയും ചൊല്ലിനാർ.
അന്തഃപുരജനം രോദനം ചെയ്തിതു;
ചിന്തയും പൂണ്ടാശു നിന്നിതു ദക്ഷനും.

ദേവിതൻ വൃത്താന്തമൊക്കയും ചെന്നാശു
ദേവനോടങ്ങറിയിച്ചാർ ഭടജനം
വൃത്താന്തമൊക്കയും കേട്ടോരു നേരമ-
ങ്ങെത്രയും ശോകേന കോപിച്ചു ശങ്കരൻ,
കോടിരമൊന്നു പറിച്ചവനീതലേ
താഡിച്ചിതൂഴിയുമൊന്നു വിറച്ചുതേ.
അപ്പോളവനിയിൽ നിന്നു പുറപ്പെട്ടു
കെല്പുള്ള വീരഭദ്രാഖ്യനാം കിങ്കരൻ.
നീലാദ്രിപോലേ വളര്‍ന്നൊരു ഗാത്രവും
നാലുഭുജങ്ങളും ഘോരദംഷ്ട്രങ്ങളും
പാവകജ്വാലകൾക്കൊത്ത നേത്രങ്ങളും
പ്രാവൃഡ്ഘനസമസിംഹനാദങ്ങളും
ശൂലവും കൈക്കൊണ്ടു നില്ക്കുന്നതുകണ്ടു
മാലോകരൊക്കയും ഭീതിപുണ്ടീടിനാർ
വീരനായുള്ളോരു വീരഭദ്രൻ ഭവൻ
മാരാരി തന്നേ വണങ്ങിനിന്നീടിനാൻ.
അപ്പോഴവനോടരുളിനാൻ ദേവനും:-
"ഇപ്പൊഴേ പോക നീ ഭൂതഗണത്തൊടും
ധിക്കാരമുള്ളൊരു ദക്ഷനേയും കൊന്നു
തൽക്കര്‍മ്മമൊക്കയും തച്ചുമുടക്കണം.
ദക്ഷvdറെ പക്ഷമായുള്ള ജനങ്ങളെ
ശ്ശിക്ഷയും ചെയ്തു വിരയെ വന്നീടണം."
എന്നതുകേട്ടു തൊഴുതവനും ഭൂത-
വൃന്ദങ്ങളോടുമൊരുമിച്ചു സത്വരം
ആര്‍ത്തു തിമിർത്തു പുറപ്പെട്ടതുനേര-
മാര്‍ത്തി വളര്‍ന്നിതു കണ്ടവര്‍ക്കൊക്കയും
അട്ടഹാസങ്ങളും സിംഹനാദങ്ങളും
കേട്ടുവിറച്ചിതു മൂന്നുലോകങ്ങളും.
ഘോരശകുനങ്ങൾ കാൺകയാൽ ദക്ഷനു
പാരം വിഷാദിച്ചു മറ്റുള്ളവർകളും.
ഭൂതഗണസിംഹനാദങ്ങൾ കേൾക്കയാൽ
ഭീതികലര്‍ന്നു മരുവും ദശാന്തരേ
നൂറുനൂറായിരം ഭൂതങ്ങളൊന്നിച്ചു
വീറോടടുത്തിതു വീരഭദ്രൻ താനും.
കല്പാന്തകാലത്തു സംഹരിച്ചീടുവാൻ
കെല്പോടടുക്കുന്നൊരന്തകനെപ്പോലെ
വീരഭദ്രാഖ്യനെക്കണ്ട ജനങ്ങളും
പാരം ഭയംപൂണ്ടു മണ്ടിത്തുടങ്ങിനാർ.
ഭൂതഗണങ്ങളും ശാലയിലുൾപ്പുക്കു
ചെയ്ത കരുമനയെന്തുചൊല്ലാവതോ?
മണ്ടുന്നവർകളെപ്പൊത്തിപ്പിടിക്കയും
കണ്ടവരെച്ചെന്നു ചെന്നു തകര്‍ക്കയും
കോപം പൊറാഞ്ഞുടൻ പല്ലുകടിക്കയും
പാപികളേ! നില്പിനെന്നങ്ങുരയ്ക്കയും
ഭാജനമൊക്കയും തച്ചുതകര്‍ക്കയും
ഭോജനേ രക്തങ്ങൾ കോരിയൊഴിക്കയും
കണ്ട ഭവനങ്ങൾ ചുട്ടുപൊടിക്കയും
ശണ്ഠകളിട്ടു കയര്‍ത്തുവിളിക്കയും
നാരിജനത്തെപ്പിടിച്ചങ്ങിഴയ്ക്കയും
പാരം മുറവിളികേട്ടുരസിക്കയും
താപസന്മാരുടേ താടി കരിക്കയും
കോപം പൊറാഞ്ഞുടനട്ടഹസിക്കയും
വിണ്ണവരെത്തച്ചു കൈകാലൊടിക്കയും
കുണ്ഡങ്ങളിൽ മലമൂത്രം നിറയ്ക്കയും
പാത്രങ്ങളൊക്കയും വെട്ടിപ്പൊളിക്കയും
ചീത്തപരുഷമോടാര്‍ത്തുവിളിക്കയും
പോവതിനുള്ളോരു മാഗ്ഗം തടുക്കയും
പോവാനയക്കയില്ലെന്നങ്ങുരയ്ക്കയും
ഇത്തരം ഘോഷങ്ങൾ കണ്ടവരൊക്കേയും
ചിത്തഭ്രമത്തോടുമോടിത്തിരിക്കയും
തല്ലുകൾ കൊണ്ടു മോഹിച്ച പതിക്കയു-
മല്ലലോടും ചിലർ ചെന്നങ്ങടുക്കയും
കുണ്ഠതകൈക്കൊണ്ടു കണ്ണീർ പൊഴിക്കയും
കണ്ണേ പിടിക്കയാൽ കണ്ണുതുറിക്കയും
ശക്തിയില്ലാഞ്ഞു ചിലരങ്ങിരിക്കയു-
മൊക്കേ വിധിബലമെന്നങ്ങുരയ്ക്കയും
പേടിച്ചു മണ്ടിയൊളിച്ചു വസിക്കയും
തേടിനടന്നവരെത്തിപ്പിടിക്കയും
തങ്ങളിൽക്കാണാഞ്ഞുറക്കേ വിളിക്കയു-
മെങ്ങൊട്ടുമോടിപ്പതിഞ്ഞുകിടക്കയും
ഭൂതഗണങ്ങളെക്കണ്ടുവിറയ്ക്കയും
ചേതസി ദുഷ്ടതയെന്നു നിനയ്ക്കയും
കണ്ണുപൊടിഞ്ഞുടൻ തപ്പിനടക്കയും
പെണ്ണുങ്ങളെപ്പോലെ മാറിൽത്തൊഴിക്കയും
കാലുംകരവുമൊടിഞ്ഞു പതിക്കയും
മാലോടു ചോരയണിഞ്ഞു കിടക്കയും
ദുഷ്ടനത്രേ ദക്ഷനെന്നങ്ങുരയ്ക്കയും
കഷ്ടം പറയായ്‍വിനെന്നങ്ങുരയ്ക്കയും
സങ്കടം തീര്‍പ്പാൻ വഴികൾ നിനയ്ക്കയും
ശംകരനെബ്ഭക്തിപൂർവം സ്തുതിക്കയും
ഇത്തരമോരോരൊ ഘോഷമുണ്ടായവ
വിസ്തരിച്ചീടുവാനാവതല്ലാര്‍ക്കുമേ.
വൃത്താന്തമൊക്കയും കണ്ടാശു ദക്ഷനും
ചിത്തഭയത്തൊടുമോടും ദശാന്തരേ
വീരഭദ്രൻ ചെന്നു പൊത്തിപ്പിടിപെട്ടു
വീറോടു കണ്ഠം മുറിച്ചു ഹോമിച്ചടൻ
ഹസ്തംപിടിച്ചു സവിതാവുതന്നുടേ;
കുത്തിപ്പൊടിച്ചു ഭഗനുടേ നേത്രവും;
പുഷാവുതന്നുടേ ദന്തം കളഞ്ഞതിന്‍
ശേഷം ഭൃഗുശ്മശ്രു പാടെ കരിച്ചുതേ.
ദക്ഷന്റെ ഭാര്യജനത്തെയും കോപേന
തൽക്ഷണം താഡനംചെയ്തു വിട്ടീടിനാൻ.
ഏവം ദ്വിജമുനിദേവവൃന്ദങ്ങളെ-
ദ്ദേവേശകിങ്കരൻ ശിക്ഷചെയ്‌തീടിനാൻ.
ഈശ്വരന്മാരോടു വൈരം തുടങ്ങിയാൽ
ശാശ്വതമാപത്തിവണ്ണമുണ്ടായ്‍വരും.
രുദ്രനു ഭാഗം കൊടുക്കാതെ ദക്ഷനും
ഭദ്രമായ് യാഗം തുടര്‍ന്നതെല്ലാവരും
നന്നായനുസരിച്ചീടിനകാരണം
വന്നിതെല്ലാര്‍ക്കുമനര്‍ത്ഥവും പാപവും.
പാപനിവൃത്തിവരുത്തുവാനായ്ക്കൊണ്ടു
പാപാനുരൂപമാം ശിക്ഷയും ചെയ്തുടൻ
വീരഭദ്രാദിയാം ഭൂതഗണങ്ങളും
പാരാതെ ചെന്നു ഹരനേ വണങ്ങിനാർ.
ഭൂതങ്ങൾ പോയോരുശേഷം മുനികളും
ഭീതികെക്കൊണ്ടു വിബുധസമൂഹവും
പങ്കജസംഭവലോകം പ്രവേശിച്ചു
സങ്കടമെല്ലാമുണര്‍ത്തിച്ചനന്തരം
ശിഷ്ടരാകും നിങ്ങൾ ചെയ്തതു പാര്‍ക്കിലോ
കഷ്ടം മഹാകഷ്ടമെന്നരുൾചെയ്തുടൻ
സംഭ്രമത്തോടും വിബുധജനത്തോടു-
മംഭോജസംഭവൻ താനും പുറപ്പെട്ടു
ചെന്നു ഹരനെ സ്തുതിച്ചു പലവിധം;
ചന്ദ്രാര്‍ദ്ധചൂഡൻ പ്രസാദിച്ചിതേറ്റവും.
അപ്പോൾ വിരിഞ്ചനും വന്ദിച്ചു സാദരം
മുപ്പുരവൈരിയോടേവമുണത്തിനാൻ.
"ലോകവിഗഹിതനാകിയ ദക്ഷനേ
ലോകേശ്വര! ഭവാനിന്നുവധിക്കയാൽ
പാപങ്ങളെല്ലാമവനു, നശിച്ചിതു;
കോപമിനിക്കളയേണം ദയാനിധെ!
വല്ലായ്മചെയ്യുന്ന ദുഷ്ടജനങ്ങളെ-
ക്കൊല്ലുകയല്ലാതെ മറ്റെന്തുചെയ്‍വതും?
ദൈവഗതികൊണ്ടു വന്നവയൊക്കെയും
ദേവേശ്വര! നീ പൊറുത്തുകൊള്ളേണമേ.
യാഗസമാപ്തിവരാഞ്ഞതുകാരണം
ഭാഗികൾക്കൊക്കയുമത്തലുണ്ടേറ്റവും;
അത്രയുമല്ലിതു മദ്ധ്യേ മുടങ്ങുകി-
ലെത്രയും ദോഷമുണ്ടല്ലോ ദയാനിധേ!
ആകയാൽ ദക്ഷനു ജീവനം നല്കണം;
ദേവേശ്വര! തവഭാഗം തരുമവൻ.
ദേവി ഹിമഗിരി തന്നുടേ പുത്രിയാ-
യാവിര്‍ഭവിക്കും ചിലനാൾ കഴിയുമ്പോൾ.
അന്നവാം നിന്നുടേ ഭാര്യയായ് വന്നീടു
മിന്നിജ്ജനത്തെയനുഗ്രഹിക്കേണമേ.''
ഇത്ഥം വിധിയുടേ വാക്കുകൾ കേൾക്കയാൽ
ചിത്തം തെളിഞ്ഞരുൾചെയ്തിതു ശങ്കരൻ.
"വല്ലായ്മ ചെയ്കയാൽ ശിക്ഷചെയ്തനിനി-
യെല്ലാം ഭവാനൊത്തപോലെ ചെയ്തീടുവൻ.
ദോഷങ്ങളെല്ലാമകന്നിതു ദക്ഷനും;
മേഷശിരസ്സോടു ജീവിക്കുമിന്നവൻ.
യാഗസമാപ്തിവരുന്നനേരത്തവൻ
ഭാഗവതോത്തമനായ്‍വരും നിര്‍ണ്ണയം."
എന്നരുൾചെയ്തവരോടുമൊരുമിച്ചു
പന്നഗഭൂഷണൻ താനുമെഴുന്നള്ളി
ചെന്നാശു ദക്ഷനു ജീവനുണ്ടാക്കിനാ-
നന്നേരമേറെസ്തുതിച്ചിതു ദക്ഷനും
ഭക്തിയും ശുദ്ധിയും കണ്ടുതെളികയാൽ
ഭക്തപ്രിയനുമനുഗ്രഹം നല്കിനാൻ
പുത്രിമരിച്ചതു ചിന്തിച്ചു ദക്ഷനു-
മെത്രയും ദുഃഖിച്ചു കേണുകേണങ്ങനെ
വൈകാതെ യാഗം കഴിഞ്ഞോരനന്തര
മാകുലംതീര്‍ന്നു വസിച്ചിതെല്ലാവരും.
ഇത്ഥം സതീദേവിവന്നുടൻ നിന്നുടേ
പുത്രിയായിബ്ഭവിച്ചിടുക കാരണം
ലോകേശ്വരിയായ നിന്നുടേ പുത്രിയേ
ലോകേശനല്ലാതെ നല്‌കുന്നതാര്‍ക്കു നീ?
പത്മജനാകിയ ദേവൻ വിധിച്ചതു
പത്മവിലോചനേ! മിഥ്യയായീടുമോ?
ആകയാലിന്നു നിൻപുത്രിയാം ഗൌരിയേ
ലോകൈകനാഥൻ സൽകരിച്ചീടുക.
ചിത്തേ നിരൂപിച്ചതെല്ലാം വരും തവ;
മത്തേഭഗാമിനി! സത്യമെന്നോര്‍ക്കെടോ.
വൃത്താന്തമൊക്കയും ചൊന്നേനിനി നിന-
ക്കൊത്തതു ചെയ്തുകൊണ്ടാലും മനോഹരേ!"
എന്നുള്ള താപസീവാക്കുകൾ കേൾക്കയാൽ
സുന്ദരി പാർവതി സന്തുഷ്ടചിത്തയായ്
മന്ദസ്മിതംചെയ്തു മന്ദാക്ഷഭാരേണ
മന്ദം മുഖാംബുജം താഴ്ത്തി നിന്നീടിനാള്‍.
അപ്പോളരുന്ധതിരുന്നൊടു മേനയു
മുൽപ്പൂവിലുണ്ടായ മോദേന ചൊല്ലിനാൻ.
"ധന്യയായ്‌വന്നേൻ ഭവൽകൃപകൊണ്ടു ഞാൻ
വന്നിതു ജന്മസാഫല്യവുമിന്നു മേ
ലോകേശനാകിയ ദേവനെൻ പുത്രിയേ
നല്കുവാൻ യോഗമെനിക്കു വരികിലോ
എന്തുവരേണ്ടതു ഭാഗ്യമിതിൽപ്പര-
മന്ധതയെല്ലാമകന്നു മെന്മാനസേ
മുപ്പുരവൈരിതൻ വൈഭവമൊക്കയു-
മുള്‍പ്പൂവിലുണ്ടു നിനക്കെന്നിരിക്കിലും
പുത്രിയേയ വോൾക്കുന്നവനു ഗുണങ്ങളു
മെത്രയുണ്ടെങ്കിലും തൃപ്തിയില്ലാര്‍ക്കുമേ.
എന്നതുകൊണ്ടിവയൊന്നും നിനയ്ക്കാതെ
ചൊന്നിതു ഞാനെന്നറിക തപോധനേ
നന്നായ്മരുവതിനെന്നെയനുഗ്രഹി-
ച്ചിന്നിനി വൈകാതെ ചെന്നു ഭവതിയും
മാമുനിമാരോടു വൃത്താന്തമൊക്കയു
മാമോദമോടറിയിച്ചുകൊണ്ടെന്നുടേ
ഭർത്താവിനോടുമറിയിച്ചു വാർത്തകൾ
ചിത്തമോദത്തൊടുമിന്നു ഗമിച്ചാലും.''
എന്നുരചെയ്താശു വന്ദിച്ചു മേനയും;
നന്ദിച്ചു പാർവതിതാനും വണങ്ങിനാൾ
നന്നായ്‍വരികെന്നനുഗ്രഹവും നല്കി
മന്ദേതരംചെന്നരുന്ധതീദേവിയും
വൃത്താന്തമൊക്കയും മാമുനിമാരൊടു
മുത്തമനായ ഗിരിവരൻതന്നൊടും
ചൊന്നതുകേട്ടവരത്രയും മോദേന
നന്ദിച്ചുടനേ സമയവും ചെയ്തുടൻ
"ഇന്നേക്കു നാലാംദിവസം മുഹൂർത്തമു
ണ്ടന്നുവരും മഹാദേവനും ഞങ്ങളും"
എന്നരുൾചെയ്തെഴുന്നള്ളി മുനികളും
വന്നിതാനന്ദം ഗിരിവരനെത്രയും,
ചെന്നു മുനികളും ചന്ദ്രാര്‍ദ്ധചൂഡനേ
വന്ദിച്ചു വൃത്താന്തമൊക്കെയുണര്‍ത്തിച്ചു
യാത്രയും ചൊല്ലിത്തൊഴുതുഗമിച്ചവ-
രെത്രയും സന്തോഷമൊടു വാണീടിനാർ.
മാമുനീന്ദ്രന്മാർ ഗമിച്ചോരനന്തരം
കാമവിനാശനനായ മഹേശ്വരൻ
കാമിനീരത്നമാം പാർവതിതന്നുടേ
കോമളരൂപവും മന്ദസ്മിതങ്ങളും
ചില്ലീവിലാസവും ചിന്തിച്ചുചിന്തിച്ചു
്മല്ലീശരശതമേററുവലകയാൽ
പാണിഗ്രഹദിനമാശു വരായ്കയാൽ
ക്ഷീണതയോടു വസിക്കും ദശാന്തരേ
വാരിജനേത്രനുമബ്ജഭവനനും
നാരദനാദിമുനികളുമിന്ദ്രനും
പാവകനാദികളായ ദിക്‌പാലരും
ദേവസമൂഹവും യക്ഷർ ഗന്ധർവരും
കിന്നരഗുഹകകിംപുരുഷന്മാരും
പന്നഗചാരണസിദ്ധഗണങ്ങളും
പിന്നെയുമുള്ളോരു ഖേചരരൊക്കയും
പന്നഗഭൂഷനച്ചെന്നു വണങ്ങിനാർ.
നന്ദിച്ചവർകളെസ്സൽക്കരിച്ചാദരാൽ
മന്ദസ്മിതംപൂണ്ടു ചന്ദ്രാര്‍ദ്ധചൂഡനും
നല്ല കുശലങ്ങൾ ചൊല്ലി ഹരിയോടു;
മെല്ലവേ പത്മജഹസ്തം പിടിച്ചുതേ;
മന്ദസ്മിതംചെയ്തു വൃന്ദാരകേന്ദ്രനോ-
ടൊന്നായ്ക്കടാക്ഷിച്ചു ശേഷമെല്ലാരെയും
അംഭോജസായകനാശന്ദൻ തന്നുടേ
സംഭാവനംകൊണ്ടു സര്‍വ്വജനങ്ങളും
പ്രീതികൈക്കൊണ്ടു വസിക്കുംദശാന്തരേ
ഭൂതേശനോടരുൾചെയ്തു വിരിഞ്ചനും.
"ദേവ! ദേവേശ! പരമേശ്വര ജയ
കേവലാനന്ദ! പരശുധരജയ!
ത്രൈലോക്യവാസികളായ ജനങ്ങളെ
ത്രൈലോക്യനായക ! കാത്തുകൊള്ളേണമേ.
കന്യകാരത്നമാം ഗൌരിയേ വേൾപ്പതി-
ന്നിന്നേക്കടുത്തനാളല്ലൊ മുഹൂർത്തവും.
എന്നതിന്നിന്നിനി ഞങ്ങളോടൊക്കയു-
മൊന്നിച്ചു യാത്രയാകേണം ദയാനിധേ
എന്നതിന്നായ്ക്കൊണ്ടു വന്നിതു ഞങ്ങളു-
മിന്നു ദശയോഗമുള്ളതുമുത്തമം."
ഇങ്ങനേ പത്മജവാക്കുകൾ കേൾക്കയാ-
ലങ്ങനെയാകെന്നരുൾചെയ്തുശംകരൻ.
എന്നരുൾചെയ്തതു കേട്ടു ധനേശ്വരൻ
തന്നുള്ളിലമ്പൊടു ചിന്തചെയ്തീടിനാൻ.
"ഉത്തമനാകും ഗിരിവരനെത്രയും
വിത്തവാനായതുമൂലമവനുടെ
പുത്രിയുമെത്രയും ദിവ്യരത്തോജ്ജ്വല-
ചിത്രാഭരണങ്ങളിട്ടു വസിക്കുമേ.
എന്നതുകാരണം പന്നഗഭൂഷണ-
നിന്നൊരു ഭൂഷണമില്ലാതെപോകിലോ
നിന്ദചെയ്തീടും ഗിരിജയും മറ്റുള്ള
സുന്ദരിമാരും സുരസ്ത്രീജനങ്ങളും.
ആകയാലിന്നിഹ ഭൂഷണമൊക്കയും
ലോകൈകനാഥനു നല്ന്നതുണ്ടുഞാൻ."
എന്നു നിനച്ചു നിജഗൃഹംപുക്കവ-
നിന്ദ്രനുമില്ലാത്ത ഭൂഷണപംക്തികൾ
എല്ലാമെടുത്തങ്ങു കൊണ്ടുചെന്നാദരാൽ
മുല്ലബാണാരിക്കു കാഴ്ചയായ് വച്ചുതേ.
എന്നതുകണ്ടു ചിരിച്ചു മഹേശ്വരൻ
മന്ദം ധനേശ്വരനോടരുൾ ചെയ്തുതേ.
ഇത്ര മനോഹരമായൊരു ഭൂഷണ-
മിത്രിലോകത്തിങ്കലില്ലെന്നു നിര്‍ണ്ണയം.
ലജ്ജയുണ്ടിന്നിവയെല്ലാമണിവതി-
നിജ്ജനം ദുര്‍ഭഗനായതുകാരണം."
എന്നു മഹേശനരുൾചെയ്തനന്തരം.
നന്നായൊരത്ഭുതം കണ്ടിതെല്ലാവരും
രുദ്രശിരസ്സിങ്കലുള്ള ജടാഭാരം
ഭദ്രസുവര്‍ണ്ണകിരീടമായ്‍വന്നുതേ.
ഫാലദേശേ വിളങ്ങീടുന്ന ലോചനം
ചാലവേ നല്ല തിലകമായ വന്നുതേ.
പന്നഗം കൊണ്ടുള്ള കുണ്ഡലം നല്ലോരു
പൊന്നുകൊണ്ടുള്ളോരു കുണ്ഡലമായിതേ,
അസ്ഥിദാമങ്ങളും നാഗഹാരങ്ങളും
മുത്തുകൾ പൊന്മണിമാലകളായിതേ.
സര്‍പ്പഫണങ്ങൾ, പതക്കങ്ങളായിതേ;
ശില്പമാം ഭസ്മം കളഭമാണെന്നുതേ.
ഹസ്തങ്ങളിലണിഞ്ഞീടുന്ന പാമ്പുകൾ
ചിത്രകടകങ്ങൾ തോൾവളയായിതേ.
പന്നഗശ്രേഷ്ഠനെക്കൊണ്ടുള്ള കാഞ്ചിയും
മിന്നുന്ന രത്നങ്ങൾകൊണ്ടുള്ള കാഞ്ചിയായ്.
ദ്വീപിചര്‍മ്മം നല്ല പട്ടാടയായഹോ!
ആപാദചൂഡം മനോഹരമായിതേ.
കണ്ടാൽ ഭയം വരും ഭൂതഗണങ്ങളും
തണ്ടാർശരനോടു തുല്യരായ് വന്നുതേ.
കൂറ്റനും പൊന്നുകൊണ്ടൊക്കെയണിഞ്ഞുകൊ-
ണ്ടേറ്റം വലിയൊരു നാല്ക്കൊമ്പനാനയായ്.
ഇത്തരം വിസ്മയം കണ്ടവരൊക്കയു-
മെത്രയും ഭക്ത്യാ ഹരനെപ്പുകഴ്ത്തിനാർ.
പന്നഗഭൂഷണഭൂഷണജാലങ്ങൾ
തന്നിൽ വിളങ്ങുന്ന രത്നങ്ങൾ കാണ്കയാൽ
വിത്തനാഥൻ കൊണ്ടുവന്നോരുരത്നങ്ങൾ
മിത്രനെക്കണ്ടോരു താരങ്ങൾ പോലെയായ്.
തന്നുള്ളിലുള്ളോരു ഗർവ്വവും കൈവിട്ടു
മന്ദിച്ചു ലജ്ജയാ നിന്നു ധനേശ്വരൻ
എങ്കിൽ ഗമിക്ക നാമെന്നരുൾചെയ്താശു
ശങ്കരനാനക്കഴുത്തിലേറീടിനാൻ.
പിൻപേ വിരിഞ്ചനും വിഷ്ണുവുമിന്ദ്രനും
കുംഭിവരൻമുകളേറിനാരാദരാൽ.
പൂര്‍ണ്ണചന്ദ്രപ്രഭമായ മുത്തുക്കുട
പൂര്‍ണ്ണമോദേന പിടിച്ചു വിരിഞ്ചനും.
ഇന്ദ്രനുമാലവട്ടം പിടിച്ചീടിനാ-
നിന്ദീവരേക്ഷണൻ ചാമരം വീശിനാൻ
തൽക്ഷണം ദേവകൾ ഗന്ധർവവൃന്ദവും
യക്ഷവിദ്യാധരസിദ്ധസമുഹവും
കിന്നരചാരണകിംപുരുഷന്മാരും
പന്നഗഗുഹ്യകദൈത്യസമുഹവും
എന്നിവ ഖേചരവൃന്ദങ്ങളൊക്കെയും
നന്ദികേശാദിയാം ഭൂതഗണങ്ങളും
ധന്യതയേറുന്ന മാമുനിവര്‍ഗ്ഗവും
മുന്നിലകമ്പടിയായ് നടന്നീടിനാർ.
ആലവട്ടം കുട വെൺചാമരങ്ങളും
നീലത്തഴകളും നല്ലകൊടികളും
കൈക്കൊണ്ടുനില്ക്കും ജനങ്ങളൊരുദിശി
തിക്കിത്തിരക്കി നടന്നുതുടങ്ങിനാർ:
കുന്നുകളെക്കാളുയരമേറീടുന്ന
പൊന്നണിഞ്ഞാനകളുണ്ടങ്ങൊരുദിശി.
വെള്ളത്തിലെത്തിര തള്ളുന്നതുപോലെ
വെള്ളക്കുതിരകൾ തുള്ളിനടക്കുന്നു.
മിത്രപ്രകാശങ്ങളായോരുതേരുക
ളെത്രയുണ്ടെന്നു ഗണിച്ചുകൂടാര്‍ക്കുമേ,
നാലുസമുദ്രമൊരുമിച്ചതുപോലെ
കാലാളുകളും പരന്നിതൊരുദിശി.
ആനകളേറ്റമാറുന്നഘോഷവൂ-
മാനകദുന്ദുഭിവാദ്യഘോഷങ്ങളും
നല്ല പണവം മുരശും തകിലുക
ളെല്ലാമടിക്കുന്ന ശബ്ദഘോഷങ്ങളും
തേരുകൾനാദവും വാജികൾഘോഷവും
പാരം മുഴങ്ങുന്ന ശംഖനാദങ്ങളും
ഭംഗിയേറീടും കുടകൾ കൊടികളും.
തങ്ങളിൽകൊണ്ട് ചടചടഘോഷവും
എന്നിവ ഘൊഷങ്ങളെന്തുചൊല്ലാവതു-
മൊന്നുകുലുങ്ങീ പതിന്നാലുലോകവും.
ഉണ്ടായതില്ലൊരുഘോഷമിതുപോലെ
പണ്ടെന്നുചൊല്ലിനാർ കണ്ടവരൊക്കെയും.
ചിത്തമോദത്തോടുമദ്ധ്യേന്ദുശേഖര-
നിത്തരം യാത്രതുടര്‍ന്നോരനന്തരം
ധന്യനായീടുന്ന പർവതശ്രേഷ്ഠനും
തന്നുടേഗേഹമലങ്കരിച്ചീടിനാൻ.
പൊന്നുകൊണ്ടുള്ള ഗൃഹങ്ങൾ തീര്‍ത്തീടിനാ
നൊന്നുരണ്ടല്ലൊരുനൂറുനൂറായിരം.
ഭിത്തികൾ തൂണുകളും കണജാലവു-
മുത്തമരത്നങ്ങൾകൊണ്ടു തീര്‍ത്തീടിനാൻ.
വെങ്കളിമാടങ്ങൾ മണ്ഡപജാലവും
സംഖ്യയില്ലാതോരു മാളികക്കൂട്ടവും
ചിത്രഗ്രാഹങ്ങളും നല്ല രംഗങ്ങളും
ചിത്രങ്ങളായുള്ള വാപിരൂപങ്ങളും
അര്‍ണ്ണോജപൂര്‍ണ്ണവിമലജലങ്ങളായ്
സ്വര്‍ണ്ണസോനങ്ങളായ നദികളും
നന്ദനതുല്യമാമുദ്ദ്യാനജാലവും
നന്നായ്ചമച്ചാനസംഖ്യമായ് തൽക്ഷണേ.
അങ്കണം തൂണുകൾ മണ്ഡപവും സൌധ-
പംക്തികൾ നല്ലോരു മാളികക്കൂട്ടവും
മന്ദിരജാലങ്ങളെന്നിവയൊക്കയും
പൊന്നുകൊണ്ടല്ലാതെ കാണ്മതിന്നില്ലഹോ.
പട്ടുകൾകൊണ്ടു വിതാനിച്ചു നീളവേ
പെട്ടെന്നു മൌക്തികദാമങ്ങൾ തൂക്കിനാൻ.
സ്വച്ഛസ്ഫടികങ്ങൾകൊണ്ടുള്ള ദീപങ്ങൾ
വച്ചു നിരക്കവേ രത്നദീപങ്ങളും
ഉല്പലപങ്കജമാലകളും നല്ല-
കല്പകപ്പൂമാല പിച്ചകമാലയും
മുല്ലചേമന്തിയും ചമ്പകമാലയു-
മെല്ലാം നിരക്കെയലംകരിച്ചങ്ങനെ
വാഴക്കുലകൾ പഴുക്കാക്കുലകളും
ചൂഴവും തേങ്ങാക്കുലകളും തൂക്കിനാൻ:
മിന്നും കനകപ്പൊടികൾ നിറച്ചുള്ള
പൊന്നിൻ പറകളും വച്ചു നിരക്കവേ
അഷ്ടഗണ്ഡങ്ങളും ധൂപിച്ചു നീളവേ
പുഷ്ടമോദം വാദ്യഘോഷം തുടര്‍ന്നുതേ.
ഇത്ഥമലംകാരഘോഷങ്ങളൊക്കയും
വിസ്തരിച്ചീടുവാനാളല്ല ഞാനെടോ,
വൃത്രാരിതന്നുടേ മന്ദിരം തന്നിലു-
മിത്ര വിചിത്രങ്ങളില്ലെന്നു നിര്‍ണ്ണയം.
ഇത്തരമെല്ലാമലംകരിച്ചാദരാ-
ലെത്രയും മോദേന പര്‍വതരാജനും
ശംകരനെച്ചെന്നെതിരേറ്റുകൊള്ളുവാ-
നങ്കണസീമനി ചെന്നു നിന്നീടിനാൻ.
അപ്പോളതിമോദമൊടു സംഭ്രമ-
മപരസ്ത്രീകളും തത്ര ചെന്നീടിനാർ.
മേനയുമപ്പോളവരേ വഴിപോലെ
മാനിച്ചു സൽക്കരിച്ചങ്ങിരുത്തീടിനാൾ.
നല്ലൊരുമന്ത്രികതന്മേലിരുന്നവർ
മെല്ലവേ തങ്ങളിൽ ചൊല്ലിത്തുടങ്ങിനാർ.
"പങ്കജലോചനയാകിയ ഗൌരിക്കു
ശംകരനേതുമേ ചേര്‍ച്ചയില്ലോര്‍ക്കിലോ
സ്വര്‍ണ്ണപ്രഭയെജ്ജയിക്കുന്നകാന്തിയും
പൂര്‍ണ്ണചന്ദ്രപ്രഭമാകും വദനവും
രംഭോജനേത്രവും ബിംബാധരങ്ങളും.
കുംഭികുംഭിത്തെജയിക്കും കുചങ്ങളും
എന്നിവ സൌന്ദര്യമോര്‍ത്തുകാണുന്നേര-
മിന്ദിരാദേവിയൊടൊക്കുമേ ഗൌരിയും
ചെഞ്ചിടഭാരവും ചാമ്പലും തുമ്പയു-
മഞ്ചമ്പനെച്ചുട്ടെരിച്ചോരു നേത്രവും
അസ്ഥിദാമങ്ങളും നാഗഹാരങ്ങളും
ഹസ്തിതൻ ചര്‍മ്മമുടുത്തോരു വേഷവും
കൈയിൽ വലിയതുടിയും പരശുവു-
മയ്യോ! മഹേശനെക്കണ്ടാലറയ്ക്കുമേ.
സര്‍വ്വാംഗവും ചാമ്പൽ തേച്ചോരു ശര്‍വ്വനെ-
പ്പാര്‍വ്വതി ചെന്നു പുണരുന്നതെങ്ങനെ?
കാമനെക്കൊന്നോരു നിഷ്കാമനെച്ചെന്നു
കാമിച്ചതെത്രയും നന്നിവളോര്‍ക്കിലോ!

അയ്യമിരന്നു ദിവസം കഴിപ്പതി-
ന്നയ്യോ! ഗിരിസുത പാത്രമല്ലേതുമേ.
ഇത്രിലോകേശ്വരിയായ്‍വരുമെങ്കിലും
ഭർതൃസുഖമിവൾക്കില്ലെന്നു നിര്‍ണ്ണയം.
തന്നുടേ കാന്തൻ വിരൂപനെന്നാകിലോ
കന്യകമാരുടേ ജന്മം നിരര്‍ത്ഥകം.
മേനയും പര്‍വതരാജനുമെന്തിത്ര
മാനവും ബുദ്ധിയുമില്ലാതെ തീര്‍ന്നതും?
സാരമാം മാണിക്ക്യരത്നമശുഭമാം
കാരിരുമ്പിന്മേൽ പതിപ്പതു യോഗ്യമോ?
ചന്ദ്രചൂഡൻ ത്രിലോകേശ്വരനെങ്കിലും
കന്യകമാര്‍ക്കു തരമല്ല തെല്ലുമേ.
വിശ്വൈകവന്ദ്യയായ് വാഴ്‍വതിനെങ്കിലി-
ന്നച്യുതൻ തന്നേ വരിക്കാഞ്ഞതെന്തിവൾ?
വ്യര്‍ത്ഥമായ്‍വന്നു തപംചെയ്തതൊക്കയും
വ്യര്‍ത്ഥമിവളുടേ കന്യകാജന്മവും,
എല്ലാം വിധിച്ചതുപോലേ വരുമെന്ന
തല്ലാതെ ചൊല്ലുവാൻ കണ്ടതില്ലൊന്നുമേ.
അന്യോന്യമോരോന്നിവണ്ണം പറഞ്ഞവ-
രന്യൂനമോദേന വാഴും ദശാന്തരേ
അന്തമില്ലാതോരു ഘോഷങ്ങൾ കേൾക്കയാ-
ലെന്തിതെന്നോര്‍ത്തവർ നിളേ നോക്കും വിധൌ
കിന്നരചാരണസിദ്ധവിദ്യാധര-
പന്നഗഗന്ധര്‍വ്വദേവവൃന്ദത്തൊടും
ദേവേശപത്മജമാധവന്മാരൊടും
ദേവേശനായ ഹരനെയും കണ്ടുതേ.
കാമാരിതന്നുടേ രൂപാമൃതം കണ്ടു
കാമിച്ചവർകളും തങ്ങളിൽ ചൊല്ലിനാർ.
"സുന്ദരപൂരുഷന്മാരിലഗ്രേസരൻ
കന്ദര്‍പ്പനെന്നതു സിദ്ധമെല്ലാര്‍ക്കുമേ.
കന്ദര്‍പ്പകോടികളൊത്തുവരികിലും
ചന്ദ്രാര്‍ദ്ധചൂഡനു തുല്യമല്ലേതുമേ.
ഇത്ര സൌന്ദര്യമുണ്ടായിട്ടൊരുവനു-
മിത്രിലോകത്തിംകലില്ലെന്നു നിര്‍ണ്ണയം.
അത്ഭുതകാരനായുള്ളോരുദേവനു
ദുർഭഗയാകിയ പാർവ്വതിചേരുമോ?
ഉത്തമപര്‍വ്വതരാജനും മേനയും
സത്യമറിയുമതിനില്ല സംശയം.
ഓര്‍ക്കിലിഗ്ഗൌരിയെപ്പോലേ ഭുവനത്തി-
ലാര്‍ക്കും മഹാഭാഗ്യമില്ലതു നിര്‍ണ്ണയം.''
ഇത്ഥംപറഞ്ഞവർ ശങ്കരന്നന്നൊരു
ചിത്രമെഴുതിയപോലെ നിന്നീടിനാർ.
മുന്നിലാമ്മാറു മഹേശനെക്കാൺകയാൽ
വന്ന സന്തോഷേണ പര്‍വ്വതശ്രേഷ്ഠനും
ചെന്നു വന്ദിച്ചുടൻ ബന്ധുജനത്തോടു
മൊന്നിച്ചെതിരേറ്റുകൊണ്ടു പോയീടിനാൻ.
നാളീകലോചനമാരായ ദേവിമാർ
മാളികതോറും നിരന്നുനിന്നെങ്ങുമേ
പുഷ്പവര്‍ഷങ്ങളും ലാജവര്‍ഷങ്ങളും
ശില്പമായ് ചെയ്യുന്നതേറ്റുകൊണ്ടാദരാൽ
ലോലാക്ഷിമാരുടേ നേത്രസരസിജ-
മാലയുമേറ്റു നടന്നു പതുക്കവെ
മംഗലംനല്കുന്ന ദേവൻ മഹേശ്വരൻ
മംഗലമന്ത്രം ജപിച്ചകംപുക്കുതേ.
ശ്ലാഘ്യനായുള്ളോരു പർവ്വതരാജനു-
മര്‍ഘ്യമാല്യാദികൾകൊണ്ടു പൂജിച്ചുടൻ
എത്രയും നല്ലോരു രത്നസിംഹാസനേ
മൃത്യുഞ്ജയനേ വസിപ്പിച്ചു സാദരം
മാധവപത്മജവാസവന്മാരെയും
ബാധയകന്നു പൂജിച്ചോരനന്തരം
ചിത്തമോദത്തോടു വീണു നമസ്കരി-
ച്ചെത്രയും ഭക്ത്യാ തൊഴുതുചൊല്ലീടിനാൻ
"ശങ്കര ചന്ദ്രാര്‍ദ്ധചൂഡ നമോസ്തു തേ!
പങ്കജബാണമഥന നമോസ്തു തേ!
ദേവലോകാധിപശക്ര ജയ വിഭൊ!
കേവലാനന്ദേന പൂണ്ണനായേനഹം.
ലോകങ്ങളെല്ലാമുളവാക്കിരക്ഷിച്ചൊ-
രാകുലംകൂടാതെ സംഹരിച്ചീടുവാൻ
കാരണഭൂതരാം നിങ്ങളെക്കാൺകയാ-
ലാരൂഢസന്തോഷമെന്തു ചൊല്ലാവതും.
എത്രയും ഭാഗ്യവാനായ്ച്ചമഞ്ഞേനഹം;
ചിത്തതാപങ്ങളുമെല്ലാമകന്നു മേ.
ജന്മാന്തരങ്ങളിലാര്‍ജ്ജിതമായുള്ള
കന്മഷജാലവുമൊക്കെ നശിച്ചുതേ.
നമ്മുടേവംശവും ശുദ്ധമായ് വന്നിതു;
ജന്മസാഫല്യവും വന്നിതു നിര്‍ണ്ണയം.
ഭക്തതയോടിത്ഥം പുകഴ്ത്തിഗ്ഗിരീന്ദ്രനും
മൃത്യുംജയനെത്തൊഴുതു ചൊല്ലീടിനാൻ.
"ഇത്രിലോകേശ്വരനായ ഭവാൻ മമ
പുത്രിക്കു വല്ലഭനായ് വരുമെങ്കിലോ
എന്തുസുഖമതിലേറ്റം വരേണ്ടതു
ചിന്തിക്കിലെന്നുടേ ഭാഗ്യമത്യത്ഭുതം.''
ഇത്തരമെല്ലാം പറഞ്ഞു ഗിരീശ്വരൻ
ഭക്ത്യാ വണങ്ങിപ്പുറപ്പെട്ടു തന്നുടേ
മന്ദിരംപുക്കു വിവാഹപദാര്‍ത്ഥങ്ങ-
ളൊന്നൊഴിയാതേയൊരുക്കിത്തുടങ്ങിനാൻ.
മംഗലശീലയാം മേനയുമോരോരോ
മംഗലകര്‍മ്മങ്ങൾ ചെയ്തുതുടങ്ങിനാൾ.
സുന്ദരഗാത്രിയാം പാർവ്വതിയെപ്പുന-
രിന്ദ്രാണിതന്നേ കുളിപ്പിച്ചു സാദരം
നല്ലോരിണപ്പുടകെട്ടിയുടുപ്പിച്ചു
മെല്ലെച്ചികുരം തിരുകിച്ചു ഭംഗിയിൽ
നല്ല കുറിയും തിലകവും ചേർത്തുട-
നുല്ലാസമുൾക്കൊണ്ടു കണ്ണുമെഴുതിച്ചു
മിന്നുന്ന കുണ്ഡലം താലികൾ മാലകൾ
പൊന്മണിമാലയും മുത്തുദാമങ്ങളും
നല്ലപതക്കങ്ങൾ തോൾവളക്കൂട്ടവും
കല്ലുപതിച്ചോരു കംകണജാലവും
രത്നങ്ങൾ വെച്ചുള്ളൊരംഗുലിയങ്ങളു-
മെത്രയും മോഹനമായോരു കാഞ്ചിയും
മിന്നുന്നരത്നംപതിച്ച മഞ്ജീരങ്ങ-
ളെന്നിവയെല്ലാമലംകരിപ്പിച്ചുടൻ
പത്തുപുഷ്പങ്ങളും ചൂടിച്ചു മംഗല-
കൃത്യങ്ങൾ ചെയ്യിച്ചു മൂടിയിരുത്തിനാൾ.
മംഗലമായ മുഹൂര്‍ത്തേ മഹേശ്വര-
നങ്ങു വിവാഹക്രിയ തുടങ്ങീടിനാൻ.
അംഭോജയോനി പുരോഹിതനായിതു;
കുംഭജൻതാനും സനകാദിനാൽവരും
സപ്തര്‍ഷിമാരോടു മറ്റും മുനീന്ദ്രരു-
മൃത്വിക്കുകളും സദസ്യരുമായിതെ
വേദവിധിപോലെ വേദിമദ്ധ്യേ ജാത-
വേദസ്സിനേയും ജ്വലിപ്പിച്ചു സാദരം
ശുദ്ധിയുള്ളോരു ഹവിസ്സുകളും നല്ല-
ശുദ്ധസമിദാജാലാജഹോമങ്ങളും
വേദോക്തമാര്‍ഗ്ഗേണ ചെയ്യിച്ചു പത്മജൻ;
വേദിയർ പുണ്യാഹഘോഷം തുടങ്ങിനാർ;
വേദഘോഷങ്ങൾ തുടര്‍ന്നു മുനികളും;
മോദേന നാരദൻ പാടിത്തുടങ്ങിനാൻ.
നൂറുനൂറായിരം ഗോദാനവും പിന്നെ
നൂറായിരം ഗജവാജിദാനങ്ങളും
അറ്റമില്ലാതോരു വിത്തദാനങ്ങളും
കുറ്റമകന്നാശുചെയ്തു നാരായണൻ.
നല്ലമുഹൂർത്തസമയത്തു മന്ത്രവും
ചൊല്ലി മഹേശ്വരൻ പാവകസാക്ഷിയായ്
കന്യകാരത്നമായീടുന്ന പാർവതി-
തന്നുടേ പാണിഗ്രഹണവും ചെയ്തുതേ.
അന്നേരമുണ്ടായ ഘോഷങ്ങൾ ചൊൽവതി-
നിന്നു ഫണീന്ദ്രനുമാളല്ല നിര്‍ണ്ണയം.
വേദിയന്മാരുടേ വേദഘോഷങ്ങളും
വൈദികതാന്ത്രികമന്ത്രഘോഷങ്ങളും
മോദേന ദേവകൾ വാഴ്ത്തുന്ന ഘോഷവും
മേദുരമായുള്ള ദുന്ദുഭിഘോഷവും
തപ്പും തകിലുമടിക്കുന്ന ഘോഷവു-
മൊപ്പം വിളിക്കുന്ന ശൃംഗഘോഷങ്ങളും
മറ്റും പലപല വാദ്യഘോഷങ്ങളു-
മേറ്റവും പൊങ്ങുന്ന കാഹളഘോഷവും
ആശകളൊക്കയും സാധിച്ചു ഭൂസുര-
രാശീര്‍വ്വചനങ്ങൾ ചൊല്ലുന്ന ഘോഷവും
വേണുവീണാദിമനോഹരനാദവു-
മേണാക്ഷിമാരുടേ വായ്ക്കുരൽനാദവും
എന്നിവ ഘോഷങ്ങൾ കണ്ടു ലൊകങ്ങളും
നന്നായ് മുഴങ്ങിക്കുലുങ്ങിചമഞ്ഞുതേ.
പുഷ്പവര്‍ഷംചെയ്തു ദേവകൾ മോദമോ-
ടപ്സരസ്ത്രീകളും നൃത്തം തുടങ്ങിനാർ.
ഗന്ധർവവൃന്ദവും പാടിത്തുടങ്ങിനാ
രെന്തൊരു ഘോഷം പറയാവതല്ലഹോ.
നാനാജനങ്ങളും തന്നേ മറന്നുട-
നാനന്ദവരിധിമഗ്നരായ് വന്നുതേ.
പിന്നെയും വേണ്ടുന്ന കര്‍മ്മങ്ങളും ചെയ്തു
പന്നഗഭൂഷണൻ സ്വസ്ഥനായ് മേവിനാൻ
അന്തഃപുരം തന്നിലപ്സരസ്ത്രീകളു-
മന്തർമ്മുദാ ദേവനാരീസമൂഹവും
ഗൌരീസ്വയംവരം പാട്ടു ചമച്ചുടൻ
പാരാതെ പാടികളിച്ചു തുടങ്ങിനാർ.

രണ്ടാംപാദം സമാപ്തം


മൂന്നാംപാദം

എങ്കിലോ കേട്ടാലം മങ്കമാരെല്ലാരും
സങ്കടമെല്ലാകന്നീടുവാൻ
പർവതരാജൻ ഹിമവാനു പുത്രിയായ്
പാർവതിയെന്നുള്ള നാമത്തൊടും
ഉണ്ടായിവന്നിതു നല്ലോരു കന്യക
തണ്ടാരിൽ മാനിനിയെന്നപോലെ.
ബാലമാരായ സഖിമാരുമൊന്നിച്ചു
ലീലകൾ ചെയ്തു വളരും കാലം
മല്ലവിലോചനയായോരു ഗൌരിക്കു
മെല്ലവേ യൌവനമാരംഭിച്ചു.
സുന്ദരിതന്നുടേ രൂപാമൃതം കണ്ടു
കന്ദര്‍പ്പനുംകൂടെ മോഹിച്ചുപോൽ.
തന്നുടെമൂലം മദനൻ ദഹിക്കയാൽ
സുന്ദരിയാകിയ പാർവതിയും
കന്ദര്‍പ്പവൈരിയേ വല്ലഭനാക്കുവ-
നെന്നുനിനച്ചു സഖികളോടും
സത്വരം നല്ലോരു കാനനമുൾപ്പുക്കു
മൃത്യുംജയനെത്തപസ്സുചെയ്തു.
നൂറായിരത്താണ്ടു ഘോരതപം ചെയ്തു
പാരം തളർന്നു മരുവുംകാലം
ഗൌരിതൻ ഭാവം പരീക്ഷിപ്പതിന്നായി
മാരാരിതാനൊരു വര്‍ണ്ണിയായി
സുന്ദരി വാഴുന്നൊരാശ്രമേ ചെന്നപ്പോൾ
വന്ദിച്ചു പാർവതി സൽകരിച്ചു.
ഗൌരിയോടന്നേരം ചോദിച്ചു വര്‍ണ്ണിയും:-
"ആരു നീ ചൊല് കെടോ ധന്യശീലേ!
താതനേയും നിന്റെ മാതാവാരെന്നതും
ഹേതുവെന്തിപ്പോൾ തപസ്സിനെന്നും
കേൾക്കാമെനിക്കെന്നിരിക്കിലോ ചൊല്ലേണം;
കേൾക്കയിലാഗ്രഹമുണ്ടു പാരം."
ഉണ്ണിതൻ വാക്കുകൾ കേട്ടവൾ തോഴിയെ-
ക്കണ്ണുകൊണ്ടാശു നിയോഗിച്ചപ്പോൾ
മെല്ലവേ വന്ദിച്ചവളും കുമാരനോ-
ടുല്ലാസമോടുരചെയ്തീടിനാൾ.
പർവതരാജൻ ഹിമവാന്റെ നന്ദിനി
പാർവതിയെന്നല്ലോ പേരിവൾക്കു.
കന്ദര്‍പ്പവൈരിയെക്കാന്തനാക്കീടുവാ-
നിന്നിവൾക്കാഗ്രഹം പാരമുള്ളിൽ
ഉണ്ടാകകൊണ്ടു തപസ്സു തുടര്‍ന്നതും
കണ്ടാലറിയാമതെന്നേയുളളൂ.
സാധിയാതുള്ളൊരുകാര്യം തുടങ്ങിയാ-
ലാധിയല്ലാതൊരു കാര്യമുണ്ടോ?
സാധിച്ചുകൊൾവാൻ പണിയെന്നുരചെയ്താൽ
ബോധിക്കയില്ലവൾക്കെന്തുചെയ്യാം.
ധന്യനാം നിന്നുടെ കാരുണ്യമുണ്ടെങ്കി-
ലിന്നു സകലവും സാധിച്ചിടും."
എന്നതു കേട്ടവൻ പാർവതിതന്നോടു
മന്ദസ്മിതംചെയ്തു ചൊല്ലീടിനാൻ.
"സുന്ദരിമാർകുലമാലികേ! ബാലികേ!
നന്നല്ല നിന്നുടെ മോഹമോര്‍ത്താൽ.
എന്തുഗുണംകൊണ്ടു മന്മഥവൈരിയെ-
കാന്തനാക്കീടുവാൻ കാമിച്ചു നീ.
ചാമ്പലും തേച്ചു ജടയും ധരിച്ചുടൻ
വമ്പുലിത്തോലുമുടുത്തുകൊണ്ടു
ഭൂതങ്ങളൊന്നിച്ചിരിപ്പതു കേട്ടിട്ടോ
ചേതസി മോഹം നിനക്കു തോന്നി.
ഭിക്ഷയെടുത്തു നടന്നു ദിനംതോറും
ഭക്ഷണം ചെയ്തതിനാഗ്രഹിച്ചോ?
കണ്ടാലറയ്ക്കുന്ന തണ്ടാർശരാരിയെ
വണ്ടാർകുഴലിമാർ കാമിക്കുമോ?
ബാലതകൊണ്ടു നീയൊന്നുമറിയാതെ
കാലാരിദേവനെക്കാമിക്കൊല്ലേ.
നല്ല ഭവനവും വേണ്ടും ധനങ്ങളും
നല്ലോരു രൂപവും ബന്ധുക്കളും
വംശമേതെന്നതുമില്ലാത്തവൻ തന്നി
ലാശയുണ്ടാകൊല്ലേ ചാരുശീലേ!
സുന്ദരീരത്നമായുള്ളൊരു നീയിന്നു
കന്ദര്‍പ്പതുല്യനാം കാന്തനോടും
ഒന്നിച്ചു കാമങ്ങളെല്ലാമനുഭവി-
ച്ചിന്ദീവരക്ഷണേ! വാണീടണം.
നല്ലതു നിന്നോടു ചൊല്ലിനേൻ ഞാനിന്നു
വല്ലതും ചെയ്താലും ധന്യശീലേ!"
ഇത്തരമുണ്ണിതൻ വാക്കുകൾ കേൾക്കയാ
ലെത്രയും കോപിച്ചു പാർവതിയും
ശംകരനിന്ദകൾ കേട്ടു സഹിയാഞ്ഞു
ശംകകൂടാതേ പറഞ്ഞാളേവം.
"പോരും പറഞ്ഞതു മൂഢ കുമാരക!
സാരതയില്ല നിനക്കു നൂനം.
ലോകൈകനാഥനേ നിന്ദനം ചെയ്യാതെ
പോക നീയെന്നുടെ മുന്നിൽനിന്നും.
ദേവഗുരുനിന്ദ കേൾക്കിലവിടേന്നു
ധാവനം ചെയ്യേണമെന്നുണ്ടല്ലോ.
എന്നതുകൊണ്ടു ഞാനിന്നു ഗമിക്കുന്നേൻ
വന്നവഴിക്കങ്ങു പോക നീയും."
ഇത്ഥമുരചെയ്തെഴുനേറ്റു ഗൌരിയും
സത്വരം പോവാൻ തുനിഞ്ഞനേരം
ഭക്തികണ്ടേറ്റം തെളിഞ്ഞു മഹേശ്വരൻ
പ്രത്യക്ഷനായരുൾചെയ്തീടിനാൻ.
"ഉത്തമേ നിന്നുടെ ഭക്തികൊണ്ടെന്നുടേ
ചിത്തം തെളിഞ്ഞിതു ധന്യശീലേ!
നിന്നുടേ വാഞ്ചരിതം വന്നീടും വൈകാതെ
കന്യകാരത്നമേ! പോയാലും നീ."
എന്നരുൾചെയ്തു മറഞ്ഞു മഹേശനും
സുന്ദരി ഗൌരിയുമാനന്ദിച്ചാൾ
സപ്തർഷിമാരേ വരുത്തി മഹേശ്വരൻ;
വൃത്താന്തമെല്ലാമരുളിച്ചെയ്തു.
വന്നവർ പര്‍വതരാജന്റെ മന്ദിരേ
നന്നായരുൾചെയ്ത വാര്‍ത്തയെല്ലാം.
അങ്ങനേയെന്നരുൾചെയ്തു ഗിരീന്ദ്രനു
മങ്ങു മുനീന്ദ്രന്മാർ ചെന്നശേഷം
ദേവകളോടും മുകുന്ദനോടും മഹാ-
ദേവനുമെത്രയും മോദത്തോടും
പര്‍വതരാജന്റെ മന്ദിരം പ്രാപിച്ചു
പാര്‍വതിതന്റെ വിവാഹംചെയ്തു.
ലോകേശ്വരനോടുമൊന്നിച്ചു ഗൌരിയും
ശോകമകന്നു സുഖിച്ചു വാണാൾ.
ഇപ്പാട്ടു പാടിക്കളിക്കുന്ന നാരിമാർ -
ക്കുൾപ്പൂവിലാനന്ദമുണ്ടാകയും
സുന്ദരനായൊരു കാന്തനും നല്ലൊരു
നന്ദനനും നെടുമംഗല്യവും
വിത്തസമൃദ്ധിയുമുണ്ടാമൊടുക്കത്തു
മുക്തിയുമമ്പോടു വന്നുകൂടും.
ചെല്ലേറും ത്രിശ്ശിവപേരൂരെഴും ശിവ-
വല്ലഭേ! നിൻപദം കൈതൊഴുന്നേൻ

മൂന്നാം പാദം സമാപ്തം.


നാലാപാദം

.

ഇതിവിവിധമമരപുരയുവതികളുമാദരാ
ലിച്ഛയാ പാടിക്കളിച്ചു തുടങ്ങിനാര്‍.
അമലമതി ഗിരിവരനുമവനുടയ ഭാര്യയു
മാനന്ദമുൾക്കൊണ്ടു ബന്ധുവർഗ്ഗങ്ങളും
സകലസുരവരമനുജമുനിദനുജവൃന്ദവും
സന്തുഷ്ടമാനസന്മാരായ് മരുവിനാർ.
നളിനശരതനുദഹനനഖിലജഗദീശ്വരൻ
നാലാംദിവസം കഴിഞ്ഞോരനന്തരം
നിജനിലയഗമനമതിനുഴറി ഗിരിരാജനേ
നീതിയിൽ സൽക്കരിച്ചിത്തരം ചൊല്ലിനാൻ.
"സകലഗുണഗണനിലയ! ഗിരിവര! മഹാമതേ!
സന്തോഷമേറdറവും വന്നു നമുക്കെടോ.
കനിവിനൊടു ഗമനമതിനനുമതി തരേണമേ;
കാമിച്ചതെല്ലാം ഭവിക്കും ഭവാനെടോ."
ഹരനുടയ വചനമതിസരസമിതി കേൾക്കയാൽ
ഹർഷേണ വന്ദിച്ചു ചൊല്ലീ ഗിരീന്ദ്രനും!
"കമലശരമഥന! ഹര ജയജയ! ജഗല്‍പതേ!
കാരുണ്യമുണ്ടായ് വരേണമെന്നിൽ പ്രഭോ!
മമ സുതയിലതികരുണ തവ മനസി വേണമേ;
മറ്റൊരു കാമം നമുക്കില്ല ദൈവമേ!
തനയയുടെ വിരഹമതു മനസി സഹിയായ്കയാൽ
താപം വളരുന്നതെന്തു ചൊല്ലാവതും?
അതിനുമൊരുവഴി കിമപി കൃപയൊടരുളിടേണ-
മര്‍ത്ഥിച്ചതെല്ലാം കൊടുക്കുമല്ലോ ഭവാൻ."
അതുപൊഴുതു പുരഹരനുമവനൊടരുളീടിനാൻ:-
"അല്ലലുണ്ടാകരുതേതും ഭവാനെടോ.
കനിവിനൊടു തവ സുതയെ മനമതിൽ നിനയ്ക്കിലൊ
കണ്ടീടുമപ്പോളതിനില്ല സംശയം.
അതിസുഖമൊടിവിടെയൊരുയുഗമധിവസിച്ച നീ-
യമ്പോടു നമ്മോടുകൂടി വസിച്ചാലും".
നഗവരനൊടിവയരുളിയഖിലജഗദീശ്വരൻ
നന്നായനുഗ്രഹിച്ചാശു പുറപ്പെട്ടു.
കമലഭവമുരമഥനവിബുധപതിമാരെയും
കൈതൊഴുതമ്പോടു പർവതരാജനും
അവരൊടഥ പലവരവുമഴകൊടു പരിഗ്രഹി-
ച്ചാനന്ദവാരിധിമഗ്നനായ് മേവിനാൻ.
ദനുജരിപുകമലഭവവിബുധപതിമാരൊടും
ദേവാദികളോടുമൊന്നിച്ചു ശംകരൻ
പരിചിനൊടു ഗിരിജയുടെ കരമതുപിടിച്ചടൻ
പാരാതെ വാഹനമേറി നടന്നുതെ.
കരിതുരഗജനനിവഹകളകളരവത്തോടും
കൈലാസമാമല ചെന്നുപുക്കീടിനാൻ.
കലിതരസമതുപൊഴുതിലവിടെയുളവായോരു
കല്യാണഘോഷങ്ങളെന്തു ചൊല്ലാവതും
അഥ കമലനയനവിധിവിബുധപതിമാരെയു
മമ്പോടു സൽക്കരിച്ചര്‍ദ്ധേന്ദുശേഖരൻ
മൃദുഹസിതമൊടു സരസവചനമുരചെയ്തുടൻ
മാനിച്ചു യാത്ര പറഞ്ഞയച്ചപ്പൊഴേ
സകലസുരമുനിദിതിജഖഗവരജനത്തെയും
സന്തോഷമോടു പറഞ്ഞയച്ചീടിനാൻ.
അതിസുഖമൊടവരവർകൾ നിജ നിജ ഗൃഹംതോറു-
മാനന്ദമോടു ചെന്നങ്ങു വാണീടിനാർ.
അഭിലഷിതനഖിലപതി സുഖമൊടുലഭികയാ-
ലാനന്ദമുൾക്കൊണ്ടു വാണിതു ഗൌരിയും.
കമലശരമഥനനൊടുമഥ ഗിരിതനൂജയും
കാമോത്സവത്തോടു വാഴും ദശാന്തരേ
വിബുധജനഭയഹരണമതിനു പരമേശനു
വീരനാം നന്ദനനുണ്ടായി വന്നുതേ.
അരുണരവികിരണസമനിറമുടയ ബാലക-
നപ്പൊഴേ യൌവനം പൂര്‍ണ്ണമായ് വന്നുതേ.
നിഖിലജനഭയഹരണമതിനു ചതുരങ്ങളാം
നാലുഭുജങ്ങളുമാറുമുഖങ്ങളും
കഠിനതരകുലിശസമകരകലിതശക്‌തിയും
കണ്ടു മുനികളും ദേവസമൂഹവും
സരസിരുഹഭവനുമഥ പുരഹരതനൂജന്നു
സത്വരം ഷൺമുഖനെന്നു പേരിട്ടുതേ.
സകലസുരനിവഹമതുപൊഴുതുഹരപുത്രനെ
സ്സേനാപതിയാക്കി വാഴിച്ചനന്തരം
സകലസുരബലസഹിതമഥ സപദി ഷൺമുഖൻ
സംഗരേ താരകദൈത്യനെക്കൊന്നുതേ.
അഥ സകലസുരഗണവുമഖിലമുനിവൃന്ദവു-
മാനന്ദമോടും വസിച്ചിതെല്ലാവരും.
തനയപതിസഹിതമതിസുഖമൊടു നിരാകുലം
ത്രൈലോക്യനാഥയായ് വന്നിതു ഗൌരിയും.
വിഷമശരമഥനനിഹ ഗി‌രിവരതനൂജയേ
വേട്ട കഥകളിന്നൊക്കെ ഞാൻ ചൊല്ലിനേൻ.
അതിസുഖദമിതു ദിനവുമുഴകിനൊടു കേൾപ്പവ-
ക്കായുരാരോഗ്യസമൃദ്ധികൾ വന്നിടും.
സകലമിതു തരുണിജനമഴകിനൊടു കേൾക്കിലോ
സുന്ദരനായോരു കാന്തനുണ്ടായ്‍വരും.
സകലധനവിഭവമതുമമലതര കീര്‍ത്തിയും
സന്താനസൗഭാഗ്യസൌഖ്യവും വന്നിടും
പരമശിവ! പരശുധര! ജയ ജയ ജഗൽപതേ!
പാഹി മാം പാഹി മാം പാർവ്വതീവല്ലഭ!
പദകമലനുതഭരണ! വൃഷഗിരിനിവാസ! മൽ-
പാപങ്ങളൊക്കയും തീര്‍ത്തുകൊള്ളണമെ.
കമലമുഖി! തവ ചരണയുഗമതുവണങ്ങിനേൻ;
കാര്‍ത്യായനി! ശിവേ! പാഹി മാം സന്തതം.
മൃതിജനികളൊഴിവതിനു മനുജജനമൊക്കയും
മുഗ്ദ്ധന്ദുചൂഡനെസ്സേവിച്ചുകൊള്ളുവിൻ.
പരിചിനൊടു രമണസുഖമണവതിനു നാരിമാർ
പാർവതീദേവിയേയും ഭജിച്ചീടുവിൻ.
അതികുതുകമിതി കിളിയുമവരൊടുരചെയ്തുട-
നംബരമാര്‍ഗ്ഗേ പറന്നുപോയീടിനാൾ.

പാർവ്വതീപരിണയം നാലാം പാദം സമാപ്തം.

ശുഭം


താളിളക്കം
!Designed By Praveen Varma MK!