1089
ചിന്താശയം വന്നു സദാ ഹൃദന്തം
വെന്താളുമീ പ്രാണിനിരയ്ക്കു, പാരിൽ,
സന്താനസൗഖ്യത്തോടു തുല്യമായി-
ട്ടെന്താണു നിര്‍വാണദമൊന്നു വേറേ?
പൈതങ്ങളെസ്സംസ്കൃതപണ്ഡിതന്മാർ
പോതങ്ങളെന്നോതുവത്ര സാര്‍ത്ഥം!
ആതങ്കസിന്ധുക്കളിൽനിന്നു ബന്ധു-
വ്രാതായിക്കൂട്ടർ കരേറ്റുമല്ലോ.
കരൾക്ക്, ദുര്‍വാശി പെടും കിടാവിൻ
കരച്ചിലും നൽക്കുളിരേകിടുന്നു;
പരിയ്ക്കെയാഹ്ലാദസുധാവിശേഷം
പുരണ്ട പൂപ്പുഞ്ചിരിയെന്തു പിന്നെ?
ഹാ! കള്ളവെള്ളച്ചിരിയാൽ നിറഞ്ഞ
ലോകത്തിൽ, നമ്മൾക്കു സമാശ്വസിപ്പാൻ,
ആകമ്രനിഷ്കൈതവമായ്ക്കിടാവാൽ
തൂകപ്പെടും പുഞ്ചിരിയൊന്നു മാത്രം
കാന്തം കുമാരസ്മിതമൊന്നു, ചന്ദ്ര-
കാന്തത്തിനിന്ദുച്ഛവിയെന്നപോലെ,
ശാന്തത്വമറ്റെത്ര കടുപ്പമേന്തും
സ്വാന്തത്തിനും നല്ലലിവേകുമല്ലോ.
കിടന്നുരുണ്ടും ഭൂവി, മുട്ടുകുത്തി
നടന്നു, ഒട്ടൊട്ടു പിടിച്ചു നിന്നും,
ഇടര്‍ച്ച വായ്ക്കുംപടി 'പിച്ചവെച്ചു'-
മിടയ്ക്കിരുന്നും, ധൃതി പൂണ്ടെണീറ്റും,
പൂവമ്പിളിക്കീറിനു വാനിലേയ്ക്കു
പൂവൽക്കരം നീട്ടിയുമാശയോടെ,
പാവയ്ക്കു കാട്ടും പലഹാരമൊന്നാ-
'പ്പാവം' ഭുജിയ്ക്കാത്തതു പാർത്തുഴന്നും,
മൊട്ടിന്നു നേർപല്ലുകൾ കാണുമാറു
പൊട്ടിച്ചിരിച്ചും, സഹസാ കരഞ്ഞും,
പട്ടിയ്ക്കു പിമ്പേ പതറിക്കുതിച്ചും,
തട്ടിത്തടഞ്ഞാശു കമിഴ്ന്നു വീണും,
തമ്മിൽത്തകര്‍ക്കും കളി വിട്ട,ഴിഞ്ഞ
ധമ്മില്ലകം വേര്‍ത്ത മുഖത്തു ചിന്നി,
'അമ്മിഞ്ഞ'യെന്നമ്മയൊടോയി, രേണു-
സമ്മിശ്രമാം മെയ്യൊടു പാഞ്ഞണഞ്ഞും,
താതന്റെ മേൽക്കേറി മറിഞ്ഞു, മേറെ
സ്വാതന്ത്ര്യമോടേ പല മട്ടിലേവം
പൈതങ്ങൾ ചേഷ്ടിപ്പതു കണ്ടിരിയ്ക്കെ-
ച്ചേതസ്സിലാര്‍ക്കന്യവിചാരലേശം?
ദേഹപ്രഭിന്നൻ പരമുണ്ണി മര്‍ത്ത്യ-
വ്യൂഹത്തിനെത്രയ്ക്കു സുഖം വളര്‍ത്താ?
സ്നേഹത്തിൽ നിന്നാണു സുഖാപ്തി; പുത്ര-
സ്നേഹം സമസ്താതിഗമാണു താനും.
തപസ്സു ദാനം മുതലായ പുണ്യ-
പ്രപഞ്ചമന്യത്ര സുഖത്തിനത്രേ;
അപങ്കമായുള്ള കുലത്തിലുണ്ടാ-
മപത്യമോ സൌഖ്യദമിങ്ങുമങ്ങും.
എന്താണു, പൊന്നിന്മല പോലെടുത്താൽ
പൊന്താത്ത വിത്തം നരർ നേടിയാലും?
അന്താവശിഷ്ടം കടമാകെ വീടാൻ
സന്താനസമ്പത്തിതു വേറെ വേണം!
അഖണ്ഡമായ് ഗ്ഗേഹിനിതൻ മുലയ്ക്കു
മുഖം കറുക്കും പാഴുതിൽ, പ്രിയന്നോ,
സുഖം തരും സന്തതിലാഭമോര്‍ത്തു
മുഖം മുഴക്കത്തെളിവാർന്നിടുന്നു.
തുംഗപ്രഹര്‍ഷം ജനയിത്രി കുഞ്ഞിന്‍
മംഗല്യസന്ദര്‍ശനമൊന്നിനാലേ,
തൻഗര്‍ഭഭാരപ്രസവാദിഖേദ-
സംഗത്തെയൊട്ടുക്കു മറന്നിടുന്നു!
താനാഞ്ഞു പുൽകും ശിശുവിൻ മുഖാബ്ജ-
ത്തേനായ ലാലാജലമാരിൽ വീഴ്‍വൂ;
നാനാതരം പുണ്യമൊരാൾക്കു തീര്‍ത്ഥ-
സ്നാനാൽ കിടയ്ക്കുന്നത,വന്നു സിദ്ധം!
പെറ്റമ്മമാർ പിച്ച നടത്തിടുന്ന
കറ്റക്കിടാവിൻ പദപങ്കജങ്ങൾ
ചെറ്റങ്ങുമിങ്ങും പതിയുന്ന വീട്ടിൻ-
മുറ്റത്തണിപ്പൂവിടൽ വേണ്ട വേറേ!
തകർത്തു മണ്ടിപ്പല 'കാടു കാട്ടും'
മകന്റെ പൂമേനി പുണർന്നിടുമ്പോൾ
പകർന്ന പങ്കം, മനുജര്‍ക്കുടൽക്കൊ-
രകല്മഷാനര്‍ഘതരാംഗരാഗം!
അമായമായ്പ്പെങ്കിളികൾക്കു തുല്യം
കുമാരർ കൊഞ്ചും കളഭാഷിതത്തെ
സമാസ്വദിപ്പാൻ കഴിയാത്ത കർണ്ണം
പുമാനു തന്നാനനഭൂഷ മാത്രം!
ആ വര്‍ണ്ണശുദ്ധ്യാദിഗുണങ്ങളെന്തി-
ന്നീ?-വത്സർതൻ ജല്പിതമെത്ര രമ്യം!
ഹാ! വശ്യവാക്കാം കവിതൻ കൃതിയ്ക്കു-
മീവണ്ണമുണ്ടോ ഹൃദയംഗമത്വം?
നിരന്തരം വീടിനു നൈവിളക്കു; മെ-വ
യ്ക്കൊരത്ഭുതപ്പാൽക്കിഴി, കണ്ണിനുത്സവം
ഉരഃസ്ഥലത്തിൽ മണിപ്പതക്ക;- മി
നരര്‍ക്കു നാനാസുഖസംഗ്രഹം സുതൻ