Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

017. ഗുണങ്ങൾ, ഗുണി(ദ്രവ്യം), ഗുണനാമങ്ങൾ.

19. അവിടെ നില്ക്കുന്ന ആ മാവു നോക്ക. അതിന്നെന്തെല്ലാം അംശങ്ങൾ ഉണ്ടെന്നു പറക.
1. ആ മാവിന്നു കൊമ്പുകൾ ഉണ്ടു. 2. കൊമ്പുകൾ തടിമരത്തിന്മേൽ നില്ക്കുന്നു. 3. തടിമരത്തിന്നു വേരുകൾ ഉണ്ടു. 4. കൊമ്പിന്മേൽ ഇലകളും, മാങ്ങകളും ഉണ്ടു.
കൊമ്പു, തടിമരം, വേര്, ഇല, മാങ്ങ എന്നിവ മരത്തിന്റെ അംശങ്ങളാകുന്നു. ഇവയിൽ ഓരോന്നിനെ കൈകൊണ്ടോ, ആയുധംകൊണ്ടോ മരത്തിൽനിന്നു വേർപെടുത്താം.
20. 1. ഈ മാവിന്നു വളരെ ഉയരം ഉണ്ടു. 2. കൊമ്പുകൾ ഘനം കൊണ്ടു വളഞ്ഞിരിക്കുന്നു. 3. തടിമരത്തിന്നു വളരെ ഉറപ്പണ്ടു. 4. ഇലകളുടെ നിറം കടുംപച്ചയാകുന്നു. 5. കണ്ണിമാങ്ങയുടെ പുളിപ്പു സഹിച്ചുകൂട, എങ്കിലും പഴത്തിന്റെ മാധുൎയ്യം അതിശയം തന്നേ.
മാവിന്റെ കൊമ്പുകൾ മുറിച്ചെടുപ്പാൻ സാധിക്കുന്നതു പോലെ മരത്തിന്റെ ഉയരം അതിൽനിന്നു വേർപിരിപ്പാൻ സാധിക്കുന്നതല്ല. ഇലകൾ പറിക്കാമെങ്കിലും പച്ചനിറം ഇലകളിൽനിന്നു നീക്കിവെപ്പാൻ കഴികയില്ല. കൊമ്പുകൾ മുറിച്ചെടുത്തു ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു കൊണ്ടു പോകാമെങ്കിലും കൊമ്പുകളുടെ വളവു മാറ്റാനായിട്ടു അവയുടെ ഘനം നീക്കി വേറൊരിടത്തു വെക്കുവാൻ സാധിക്കുന്നതല്ല.
21. മാവിന്റെ അംശങ്ങളായ കൊമ്പു, തടിമരം, തോൽ, വേർ, ഇല, പൂ, മാങ്ങ എന്നിവയെ മാവിൽനിന്നു വേർപിരിപ്പാൻ കഴിയുന്നതുകൊണ്ടു ഈ പ്രവൃത്തിക്കു സ്ഥൂലവിഭാഗമെന്നു പേർ. ഈ സ്ഥൂലവിഭാഗം കൈകൾകൊണ്ടോ, ആയുധങ്ങൾകൊണ്ടോ ചെയ്വാൻ കഴിയുന്ന പ്രവൃത്തിയാകുന്നു. എന്നാൽ ഉയരം, നിറം, ഘനം, പുളിപ്പു, മാധുൎയ്യം, ഉറപ്പു, ഇത്യാദികളെ മരത്തിൽനിന്നു നീക്കുവാൻ അസാദ്ധ്യം തന്നേ എങ്കിലും ഇവയെ മരത്തിൽനിന്നു വേർപെടുത്തിയ പ്രകാരം മനസ്സുകൊണ്ടു വിചാരിക്കാൻ കഴിയുന്നതുകൊണ്ടു ഈ പ്രവൃത്തിക്കു സൂക്ഷ്മവിഭാഗം എന്നു പറയുന്നു. സൂക്ഷ്മവിഭാഗം കേവലം മനസ്സിന്നു മാത്രം ചെയ്വാൻ കഴിയുന്ന പ്രവൃത്തിയാകുന്നു. ഈ മാനസികപ്രവൃത്തിയാൽ കിട്ടുന്ന വിഭാഗങ്ങളായ ഉയരം, നിറം, ഘനം, മാധുൎയ്യം മുതലായവകളെ ഗുണങ്ങൾ എന്നു പറയുന്നു. ഉദാഹരണങ്ങൾ:- വലിപ്പം, ഉരുൾച, തടി, നേൎമ്മ, മൂൎച്ച, രൂപം, ആകൃതി, കറുപ്പു വെളുപ്പു, പച്ച, ചുകപ്പു, നീലം, നിറം, വൎണ്ണം, ചൂടു, ഉഷ്ണം, കുളിൎമ്മ, ശൈത്യം, ഉറപ്പു കാഠിന്യം, മാൎദ്ദവം, മിനുസം, ധൈൎയ്യം, ബലം, ക്ഷമ, ആരോഗ്യം, ക്ഷീണത്വം, സൌന്ദൎയ്യം, മനോഹരത്വം, ആനന്ദം, സന്തോഷം, വിശപ്പു, ദാഹം, ഭയം, ശാന്തി, പേടി, മോഹാലസ്യം, മടി ഇവകൾ ഗുണങ്ങളാകുന്നു.
22. ഗുണങ്ങൾ വസ്തുക്കളിൽ ഉള്ളവ എങ്കിലും, വസ്തുക്കളുടെ അവയവങ്ങളെപ്പോലെ അവയിൽനിന്നു വിഭാഗിപ്പാൻ പാടുള്ളവയല്ലെന്നു സിദ്ധിച്ചുവല്ലോ. ഗുണമുള്ള വസ്തുവിന്നു ഗുണി എന്നും ദ്രവ്യമെന്നും പറയും. ഗുണങ്ങളുടെ പേരുകൾ ഗുണനാമങ്ങൾ ആകുന്നു. 21ൽ പറഞ്ഞ ഗുണങ്ങളുടെ പേരുകൾ ഗുണനാമങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!