Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

110. സ്ഥലം.(ക്രിയാവിശേഷണങ്ങൾ)

1. നിങ്ങൾ ഇവിടേ വരുവിൻ. 2. രാമൻ എവിടേ പോയി? 3. പുസ്തകം അവിടേ ഉണ്ടു. 4. ഇങ്ങു വാ. 5. എങ്ങു പോയി? 6. അകലേ നില്ക്ക . 7. അരികേ വാ. 8. നീളേ നടന്നു. 9. ദൂരം പോയി. 10. താഴേ വീണു. 11. ചാരത്തു വാ. 12. തത്തേ വരികരികത്തു സമൎത്ഥേ. 13. അവൻ കിഴക്കോട്ടു പോയി. ജ്ഞാപകം: 1. ഈ വിശേഷണപദങ്ങൾ അവ്യയങ്ങൾ ആകുന്നു. ജ്ഞാപകം: 2. ഈ അൎത്ഥത്തെ കാണിപ്പാനായിട്ടു ചതുൎത്ഥിയും പഞ്ചമിയും സപ്തമിയും വരും.
ചതുൎത്ഥി:
1. രാമൻ വനത്തിലേക്കു പോയി. 2. കൃഷ്ണൻ ഭൃത്യനെ വീട്ടിലേക്കു അയച്ചു. 3. നദീതീരത്തിലേക്കു ചെന്നു. 4. ശത്രുക്കുൾ നാനാദിക്കിലേക്കു പോയി.
പഞ്ചമി:
1. കുട്ടി പടിയിൽനിന്നു വീണു. 2. കടലിൽനിന്നു കരയേറ്റി. 3. മാല, കഴുത്തിൽനിന്നു നീക്കി. 4. രാമൻ ആസനത്തിൽനിന്നിറങ്ങി.
സപ്തമി:
1. കൃഷ്ണൻ ദ്വാരകയിൽ വാണു. 2. രാമൻ വനത്തിൽ ചെന്നു. 3. അച്ച്യുതൻ ഗൃഹത്തിൽ ഒളിച്ചു. 4. ഈശ്വരൻ ഹൃദയത്തിൽ ഉണ്ടു. 5. കുട്ടി മണ്ണിൽ വീണു. 6. ധനത്തിൽ ആശ വെക്കൊല്ല. ജ്ഞാപകം: സ്ഥലനാമങ്ങളോടു തോറും എന്ന പദം ചേൎന്നു ക്രിയാവിശേഷണം ഉണ്ടാകും. ഭിക്ഷു രാജ്യങ്ങൾതോറും ചെന്നു, നാടുകൾതോറും പോയി, ഇല്ലങ്ങൾതോറും നടന്നു, ഗ്രാമങ്ങൾതോറും തെണ്ടി. രാജ്യങ്ങൾതോറും ഇത്യാദിയും അവ്യയം.

താളിളക്കം
!Designed By Praveen Varma MK!