Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

105. പൂൎവ്വവിശേഷണം , ഉത്തരവിശേഷണം

105. ഗുണവചനത്തിനു പകരം ഗുണനാമത്തെ പ്രയോഗിക്കാം. ഗുണിഗുണങ്ങൾ തമ്മിലുള്ള സംബന്ധം ഉള്ള എന്ന ശബ്ദന്യൂനംകൊണ്ടു കാണിക്കേണം. സൌന്ദൎയ്യമുള്ള സ്ത്രീ = സുന്ദരിയായ സ്ത്രീ. ഗുണമുള്ള രാജ്ഞി = ഗുണവതിയായ രാജ്ഞി. ഗുരുത്വമുള്ള പാദാൎത്ഥം, മഹിമയുള്ള കാൎയ്യം, ഗൎവമുള്ള കുട്ടി, സാമൎത്ഥ്യമുള്ള ശില്പി, ചാതുൎയ്യമുള്ള മന്ത്രി, ബുദ്ധിയുള്ള മകൻ.
[ജ്ഞാപകം: ഉള്ള എന്ന പദത്തോടു കൂടിയ ഗുണനാമത്തെ വിശേഷണമായിട്ടു എടുക്കാം. സൌന്ദൎയ്യമുള്ള എന്നതു സ്ത്രീയുടെ വിശേഷണം.]
106. മേലുള്ള ഉദാഹരണങ്ങളിൽ വിശേഷണം വിശേഷ്യത്തിന്റെ മുമ്പിൽ നില്ക്കയാൽ അതിന്നു പൂൎവ്വവിശേഷണം എന്നു പേർ. പിന്നിൽ വിശേഷണം നില്ക്കുന്നു എങ്കിൽ അതിനെ ഉത്തരവിശേഷണം എന്നു പറയാം.
107. വിശേഷണങ്ങൾ വിശേഷ്യത്തിന്റെ പിന്നിൽ വരുന്നുവെങ്കിൽ അവക്കു ലിംഗഭേദം ഉണ്ടാകും. അപ്പോൾ സംബന്ധക്രിയയും ചേരും.

[ജ്ഞാപകം: മനുഷ്യൻ കറുത്തവൻ ആകുന്നു എന്ന വാക്യത്തിൽ കറുത്തവൻ എന്നതു ആഖ്യാതപൂരണം തന്നേ. അതു ഉത്തരവിശേഷണവും ആയി വന്നിരിക്കുന്നു. രാമൻ വീരൻ ആകുന്നു എന്ന വാക്യത്തിൽ ആഖ്യാതപൂരണമായ വീരൻ എന്നതു നാമമാകകൊണ്ടു ഉത്തരവിശേഷണമാകയില്ല. ഗുണവചനങ്ങളെ മാത്രമേ ഉത്തരവിശേഷണമായിട്ടു എടുക്കാവു.]

താളിളക്കം
!Designed By Praveen Varma MK!