മല്ലിന്നു തെല്ലിവരൊടേറ്റു മടങ്ങി ഞാനീ
വില്ലിട്ടു പാഞ്ഞ കഥ പാണ്ഡവർ കേട്ടിടുമ്പോൾ
ചൊല്ലിച്ചിരിക്കുമവരിഷ്ടരൊടൊത്തിരുന്നു
കില്ലില്ല; ജീവിതമെനിക്കു വെറുത്തിടുന്നു. 1
ഉൾക്കോലും ശോകഭാരം തിരുമിഴിവഴി കാ-
ട്ടുന്നു ദീര്‍ഗ്ഘം ശ്വസിപ്പൂ
വിൽക്കോൽ വിട്ടാക്കരത്താൽ വിളറിയ വദനം
താങ്ങിയാശ്വാസഹീനം
മെയ്ക്കോപ്പം വിട്ടു ചിന്താലഹരിയിലിവനെ-
പേർത്തുമോര്ത്തോര്ത്തു വാടു-
ന്നിക്കോലം കാണ്മു കഷ്ടേ! സഹജനരികിൽ നി-
ന്നാത്തനായ്വീശിടുന്നു. 3
"എന്നുണ്ണി! കേൾക്കുക സുയോധന സാഹസങ്ങ-
ളൊന്നും തുടങ്ങരുതഹമ്മതി ഗർവ്വിതെല്ലാം
എന്നും മനുഷ്യനു വിപല്ക്കരമാണതെല്ലാം
നിന്നുള്ളിലോര്ത്തു പെരുമാറുക മംഗളം തേ" 4
ഉള്ളാലധികമിണങ്ങീ-
ട്ടുള്ളാത്തോഴര്ക്കു തോലി നേരിട്ടാൽ
കൊള്ളാവുന്നവരഴലുൾ-
ക്കൊള്ളാതെവരാൻ ഞെരുക്കമാണല്ലോ? 5
ചൊല്ലാം കര്‍ണ്ണ! ഭവാൻ തിരിച്ചിവിടെനി-
ന്നോടിക്കഴിഞ്ഞപ്പൊൾ ഞാ-
നെല്ലാസോദരരോടുമൊത്തു നിതരാം
മല്ലിട്ടു ഗന്ധർവ്വരായ്
നില്ലാതായവർ ഞങ്ങളെക്കഠിനമായ്
മര്ദ്ദിച്ചടുത്തു കഴി-
ഞ്ഞില്ലാ പുത്രകളത്രമാതൃസഹിതം
ബന്ധിച്ചുവല്ലോ സഖേ! 6
ചൊല്ലുള്ളര്ജ്ജുനനും ചൊടിപ്പുതുമ കാ-
ണിക്കുന്ന മാദ്രേയരും
കല്ലും പുല്ലുമൊരേനിലയ്ക്കു പൊടിപാ-
റ്റീടുന്നൊരാബ്ഭീമനും
എല്ലും പൂണ്ടു തുളച്ചിടും വിശിഖമെ-
യ്തെത്തുമ്പോഴാ ഞങ്ങളെ-
ച്ചൊല്ലുമ്പോളിടറുന്നു; കെട്ടി മുറുകെ-
ഗ്ഗന്ധവർ കൊണ്ടോടിനാർ. 7
വില്ലാളിവീര! മതി പോരിഹ ഞാൻ പ്രസാദി-
ച്ചെല്ലാസ്സഹോദരരെയും തവ തന്നീടുന്നേൻ
ഉല്ലാസമാന്നിവരെ വാങ്ങുക; വര്‍ത്തമാനം
ചൊല്ലാൻ നമുക്കിനി യുധിഷ്ഠിരപാര്ശ്വമെത്താം. 8
ധര്‍മ്മത്തിന്റെ വിശുദ്ധതത്വമറിവോൻ
സത്യം ത്രിലോകിക്കെഴും
മര്മ്മസ്ഥാനമനന്തമംഗളകരം
കാണ്മാൻ കരുത്തുള്ളവൻ
കര്‍മ്മത്തിൽ പിഴ വന്നിടാത്ത വിമലൻ
ധമ്മാത്മജൻതന്നെയി-
ശ്ശര്മ്മംകെട്ടവരിൽ പരം കരുണയോ
കയ്യേറ്റമോ ചെയ്യണം. 9
പിന്നെപ്പാര്ഷതിയോടുകൂടിയമരും
ധര്‍മ്മിഷ്ഠനാം ധര്മ്മജൻ
തന്നെക്കാണുവതിന്നു പാണ്ഡസുതരും
ഗന്ധർവ്വരും ഞങ്ങളും
ചെന്നെത്തും പൊഴുതെന്റെ കര്‍ണ്ണ! പരി-
ഹാസത്തോടു പാഞ്ചാലിയൊ-
ന്നെന്നെപ്പാര്ത്തു ചിരിച്ചു... 10
വേര്‍ക്കുന്നു വിളറുന്നു മെയ് ചുടു ചുടെ-
ദ്ദീർഘം ശ്വസിക്കുന്നു ഹാ!
നോക്കുന്നു ചിലതോതുവാൻ മൊഴി കുഴ-
ഞ്ഞൊക്കാഞ്ഞു ചിന്താന്ധനായ്
പാര്‍ക്കുന്നു ശിവരാമ! ഞാൻ വിശറികൊ-
ണ്ടത്യാദരം വീശുവാൻ
നോക്കുന്നുണ്ടഴലാറ്റുവാനകമലര്-
ക്കാലസ്യമാറീടണേ! 11
കാലാനുകൂലമിഹ സോദരരൊത്തു നിയ്യീ-
നാലാഴിചൂഴുമവനീതലമാത്തസൌഖ്യം
മാലാറ്റി വാണിടുക വാനവരൊത്തു നാകം
ചേലാര്‍ന്ന പാകരിപു കാത്തിരുന്നപോലെ.
ധീരൻ ബൃഹസ്പതിയൊടൊത്ത മതിപ്രഗത്ഭ -
സാരം പെടും ശകുനി മാതുലനൊത്തു നിത്യം
വീരൻ വിശാഖവിഭവൻ ബലി കര്ണ്ണനൊത്തീ-
ഭാരം ഭരിക്കുക ഭവാനു ശുഭം ഭവിക്കും. 12
അല്ലേ പൂർവ്വജ! ചുട്ടിടും ജലവുമാ-
ത്താരേശനും സൂര്യനും
ചൊല്ലേറും ശിഖിയും തണുക്കുമനിലൻ
നിശ്ചഞ്ചലം നിന്നുപോം
ഇല്ലേ സംശയമബ്ധി വറ്റി വരളും
കുന്നും പറക്കും മറി-
ച്ചല്ലേ ഞാൻ തിരുമേനിയായ് പിരിയുമ-
ന്നെന്നോര്ക്കണേ കാക്കണേ. 13
വയ്യാതേവം വലയുമരചൻ
തന്റെ ദുഃഖം സദാ തൻ
കയ്യാലെത്തി പ്രജകൾ നിതരാം
തീർത്തുപോരേണ്ടതല്ലേ?
അയ്യാ പാര്ത്താലിതുവഴിയിതാ-
പാണ്ഡവന്മാരവശ്യം
ചെയ്യാനല്ലേ മുറയവരെ നാം
കാത്തു രക്ഷിപ്പതില്ലേ? 14
ഗോത്രദ്വേഷി വിശുദ്ധഗൌതമിയില-
ന്നെന്തൊക്കയോ ചെയ്തവൻ
സൂത്രം കൊണ്ടുനടപ്പവൻ പരഗുണം
കണ്ടാൽ സഹിക്കാത്തവൻ
പുത്രസ്നേഹവഴിക്കെടുത്ത പണിയെ
നോതും ധരിക്കാതാ
ചിത്രം പാകവിമര്ദ്ദി ചെയ്ത ചതിയിൽ
ചത്താൽ ചിരിക്കും ജനം. 15
മുക്കണ്ണൻ തിരുമേനി ദാനവതപ-
സന്തുഷ്ടനായന്നുടൻ
തൃക്കണ്ണിൻമുനയൊന്നിളക്കിയളവിൽ
കാണായ ദിവ്യൻ ഭവാൻ
ഇക്കമ്രം തിരുമേനി വജ്രകൃതമാ-
ണസ്ത്രങ്ങളേറ്റാൽ പരു-
ക്കൊക്കത്തക്കതുമല്ല, ദാനവകുലം
കാക്കാൻ കടപ്പെട്ടവൻ. 16
പോരാ; പാർവ്വതി തൃക്കരത്തളിരിനാൽ
സൌന്ദ്യസമ്പൂര്ണ്ണമായ്
നീരാളപ്രഭമായ് മിനുക്കി വിലപേ-
റില്ലാത്തതാക്കിപ്പരം
പേരാളും സുരസുന്ദരീമണികളും
കാമിക്കുമാറീവിധം
ശ്രീരാജിപ്പൊരു ദിവ്യമായ തീരുമെ-
യ്യയ്യോ നശിപ്പിക്കയോ? 17
ധീരൻ ശാന്തനവൻ കൃപൻ ഗുരുവരൻ
ദ്രോണൻ ജഗത്സമ്മതൻ
വീരന്മാരിയർ പാണ്ഡവപ്രിയമെഴു-
ന്നോരെന്നു കാണുന്നു ഞാൻ
ഭാരം തോന്നരുതേ രണം തുടരുവോ-
രബ്ബുദ്ധി മാറീട്ടു ദു-
ഷ്പാരം ദാനവശക്തി ചേര്ക്കുമവരിൽ
ക്ഷുദ്രാഭിചാരത്തിനാൽ. 18
എന്നോടേവം പ്രണയനിലയിൽ
പാണ്ഡവന്മാരെ വെൽവാ-
നിന്നോരോന്നായ് പലതുമരുളി-
ച്ചെയ്തു സൈന്യം സമസ്തം
തന്നോരങ്ങയ്ക്കടിമയിവനെ-
ന്നോര്ക്കണേ വേണ്ടതെല്ലാം
വന്നോതാനും കൃപകലരണ
കാൽ പിടിക്കാം നമിക്കാം. 19
അരികളടർനടത്തിക്കാത്തതോത്തോര്ത്തു ലജ്ജാ-
ഭരിതരിഹ വിഷാദാൽ കൌരവന്മാരശേഷം
ഹരി ഹരി മനമാളിക്കത്തി വെണ്ണീറടിച്ചാൽ
ശരി മഹനു സുഖിക്കാമല്ലലില്ലാതജസ്രം. 20
നിര്മ്മായമിയ്യിവർ സുഖിക്കണമെന്നുവെച്ചി-
ട്ടമ്മാമനും ദനുജനും തുണചെയ്തുനില്ക്കെ
ദുര്മ്മാഗ്ഗാചാരികൾ പൃഥാസുതരോര്ത്തെടുക്കു-
മിമ്മാതിരിപ്പണികൾ പമ്പകടന്നുപോകും. 21
ചൊല്ലേറശ്ശരി ഞാനിതത്ര നിരുപി-
ച്ചില്ലാദ്യമിന്നീവിധം
തെല്ലോച്ചപലത്തരങ്ങളിവിടെ-
ക്കാണിച്ചു ലജ്ജിപ്പു ഞാൻ
അല്ലേ മാതുല! ബുദ്ധി കെട്ടു നില മു-
ട്ടുമ്പോൾ ഭവൽബുദ്ധികൊ-
ണ്ടല്ലേ ഞങ്ങടെ ജീവിതം സുരകുലാ-
ചാര്യപ്രഭാവപ്രഭോ! 22
കാലാഖ്യനായ പുരുഷന്റെ തിരുപ്പുകൊണ്ടു
മാലാര്ന്നിടുന്നു കുരുരാജസമം ദിനേശൻ
ചേലാര്‍ന്ന പത്മിനികളീക്കുരുരാജരാജ-
നീലാളകാമണികൾപോലെ മയങ്ങിടുന്നു. 23
വല്ലായ്മതീര്ന്നമൃതദീധിതി ധാര്ത്രരാഷ്ട്ര-
നുല്ലാസമാര്ന്നു വിലസുന്നവിധം വിയത്തിൽ
അല്ലാ തെളിഞ്ഞു പരമാമ്പലുണര്ന്നു ഭൂപ-
നല്ലാർകുലം നൃപതി ചെല്ലുകിലെന്നപോലെ. 24
അനാദരം കാലഖഗാധിരാജൻ
ദിനാഹിയെത്താൻ ബലമായ് നയിക്കവേ
ദിനാധിപശ്രീ ഫണദിവ്യരത്നം
വിനാശമായ് വാര്‍ദ്ധിയിൽ വീണതാണുപോയ്. 25
ഇന്നാച്ചന്ദ്രൻ തെളിഞ്ഞൂ കമലമഖിലവും
നന്നെ വാടിക്കഴിഞ്ഞൂ
നന്നായ് മോദം നിറഞ്ഞൂ കുവലയനികര-
ത്തിന്നു ചൂടും കുറഞ്ഞൂ
എന്നാലിപ്പോൾക്കഴിഞ്ഞൂ പകലിതു മുഴുവൻ
സന്ധ്യയായിക്കഴിഞ്ഞൂ
തന്നാൽ വന്നിങ്ങണഞ്ഞൂറിടുമഴലകലെ-
പ്പോയി ഞാനും തെളിഞ്ഞൂ 26
ദുര്യോധനസമാശ്വാസനമെന്ന നാലാമങ്കം കഴിഞ്ഞു.
---------------------------