Contacts

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

സീതാസ്വയംവരം


ഒന്നാമൻ-

മറ്റുള്ള രാക്ഷസരശേഷവുമായടുത്തു;
തെറ്റെന്നു രാമനവരെക്കൊലചെയ്തുതീർത്തൂ;
തെറ്റെന്നിയേ രഘുകലോത്തമബാണമേറ്റു
ചുറ്റുന്നുതന്നില വെടിഞ്ഞിഹ താടകേയൻ. 5


ഇതാപോയീടുന്നൂ ഗഗനഭുവി മാരീചഹതകൻ;
നിതാന്തം വേഗത്തോടവന്നു പുറമേ രാമശരവും;
പതിയ്ക്കുന്നൂ വാരാന്നിധിയിൽ മുഴുകുന്നൂ ജവമൊടു-
ല്പതിയ്ക്കുന്നൂ മുങ്ങുന്നിതു പലതരം പറ്റിയവനും. 6


ഇപ്പോളൊരു വിധമായി-
ക്കെല്പെഴുമീപ്പോരു പാര്‍ക്കിൽ നന്നായി
ചിൽപൂരുഷനാം രാമനി-
തത്ഭുതമാകില്ല കളിയിൽ വകഭേദം. 7


ഇനി നോക്കെന്താ ഇവിടെ നിന്നിട്ടു്? യുദ്ധം കഴിഞ്ഞില്ലേ? പോവുക (എന്നു രണ്ടാളും പോയി)

(വിഷ്കംഭം കഴിഞ്ഞു)


(അനന്തരം രാമലക്ഷ്മണന്മാർ പ്രവേശിക്കുന്നു.)

രാമൻ- എന്താ ലക്ഷ്മണ! അസാരം വിഷമിച്ചു എന്നുണ്ടോ?

ലക്ഷ്മണൻ- ഇല്ല. പക്ഷേ,

രാക്ഷസമായാകൃതമാം
രൂക്ഷതമോരാശി വന്ന നേരത്തിൽ
ലക്ഷ്യത്തിൽ ചെല്ലാതാ-
യക്ഷികൾ കാണാതെയായിതക്കാലം. 8


പിന്നെ ഞാൻ,

ഭാസ്കരാസ്ത്രമതു കെല്പൊടെയ്യുവാൻ
നോക്കിടുന്നളവിലീവിധം ഭവാൻ
വായ്ക്കുമുൽബണശരങ്ങളെയ്തഹോ
നീക്കി നിസ്തുലതമോഭരത്തിനെ. 9


പിന്നെ ചിലരെ കൊല്ലണമെന്നു വിചാരിക്കുംപോഴെക്കും,

കഴിഞ്ഞു കാര്യം, ഭയമോടു ദൂരെ-
യൊഴിഞ്ഞു ചാകാത്തൊരു താടകേയൻ;
വഴിഞ്ഞ മോദേന ജയം ലഭിച്ചു-
കഴിഞ്ഞു, മേ നിഷ്ഫലമായി മോഹം. 10

രാമൻ-

ബാണങ്ങളെയാണു സുബാഹുതൊട്ടു
കാണുന്ന രക്ഷോഗണമുള്ളതെല്ലാം
ക്ഷീണംവിനാ ഞാൻ കുലചെയ്ത,തെന്തു-
വേണം? കലാശിച്ചിതു കാര്യമെല്ലാം. 11


മാരീചനെന്നൊരുവനുണ്ടവനേ വധിയ്ക്കു-
മാറായതി,ല്ലവനു ഞാനൊരു പാവനാസ്ത്രം
നേരിട്ടയച്ചി,തതുകൊണ്ടവനും പറന്നു
വരാശിതന്നിൽ മുഴുകീട്ടു കുഴങ്ങി മങ്ങീ. 12


ലക്ഷ്മണൻ - ഇതാ ഇവിടത്തെ ആ വായസ്യാസ്ത്രം ആവനാഴിയിൽ വന്നുവീഴുന്നു. ആട്ടെ; എന്തുകൊണ്ടാണ് ആ മാരീചനെ കൊല്ലുമാറായില്ലെന്നു പറഞ്ഞത്?

രാമൻ-

ആയുസ്സെത്തിയതില്ലവ,ന്നിനിയുമാ-
ദ്ദുഷ്ടൻ നമുക്കേറ്റവും
മായാവിദ്യകൾകൊണ്ടു ചെയ്യുമിടയിൽ
ദ്രോഹങ്ങ,ളന്നാളുടൻ
പായിയ്ക്കാമവനിപ്പഴങ്ങിനെ കിട-
ക്കട്ടേ വിരോധത്തോടും
ന്യായക്കേടുകൾ കാൺകിലപ്പൊളൊടുവിൽ
കൊല്ലാമതല്ലോ ഗുണം. 13


(അനന്തരം ശുനശ്ശേഫൻ പ്രവേ രിക്കുന്നു.)

വഴിയ്ക്കുതാൻ താടകയേ വധിച്ചു,
വഴക്കടിക്കും നിശിചാരിലോകം
മുഴുക്കവേ കൊന്നിതു, രാമനൊട്ടും
കുഴക്കു പററീല യശസ്സു കിട്ടീ 14


ഇനി ഈ വലിയ ഉപകാരം ചെയ്തിരിക്കുന്ന രാമന്റെ ഈ പ്രവൃത്തിയെക്കുറിച്ചഭിനന്ദിയ്ക്കുന്നതിന്നായി യാഗത്തിനു മൌനവ്രതമായിരിക്കകൊണ്ടു ഗുരുനാഥനു വയ്യാതെ ആയിപ്പോയി. അതുകൊണ്ട് അദ്ദേഹത്തിന്റെ പകരം ഞാൻ തന്നെ ചെന്നു പ്രീതിയെ അറിയിക്കണമെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായമെന്നു ഇംഗിതം കൊണ്ട് അറിഞ്ഞു അങ്ങോട്ടു ചെല്ലുകതന്നെ.

(എന്ന് അടുത്തു ചെന്നിട്ട്)

ദുഷ്ടരാക്ഷസപിശാചരെബ്ഭയ-
പ്പെട്ടുഴന്നു വലയുന്ന ഞങ്ങളെ
പുഷ്ടമോദമൊടു കാത്തൊരിബ്ഭവാ-
നിഷ്ടസിദ്ധിവരുമേ സദായ്പോഴും. 15

രാമൻ- (തൊഴുതും കൊണ്ട്)

വമ്പുള്ള കൌശികമുനീശ്വരശിഷ്യലോകേ
മുമ്പുള്ള താവകപദം പരിചിൽ തൊഴുന്നേൻ;
എൻഭള്ളിനില്ലിവിടെയിന്നവകാശമേറ്റം
വമ്പുള്ളിൽ നിങ്ങൾ നിരുപിയ്ക്കുകയാൽ ജയിച്ചേൻ. 16


ശുനശ്ശേഫൻ-

വിശാലവീര്യം, വിരവോടു ശത്രു-
വിശോഷണത്തിൽ പടുവായ ശൌര്യം,
വശത്തിലല്ലോ തവ വംശജര്‍ക്കു
വിശേഷമായിട്ടിവ പണ്ടുപണ്ടേ. 17


പിന്നെ,

സാക്ഷാൽ പുരാണപുരുഷാംശജനാം ഭവാനി-
താക്ഷേപമെന്തു, ഗുണമായ ഗുണങ്ങളെല്ലാം
സൂക്ഷ്മത്തിലുണ്ട്, പല ദുഷ്ടരെയും വധിച്ചു
രക്ഷിയ്ക്കു ധര്‍മ്മമൊടു നന്മയിലിജ്ജനത്തെ. 18


രാമൻ- നിങ്ങൾ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ ഉണ്ടാവും; ഇല്ലെന്നു പറഞ്ഞാൽ ഉള്ളതും ഇല്ല അങ്ങിനെയാണല്ലോ.

താണീടാതെ തപസ്സുകൊണ്ടു തരസാ
തൻചൊൽപ്പടിയ്ക്കാംവിധം
വാണീദേവിയെ വശ്യയാക്കി വടിവാൽ
വര്‍ത്തിച്ചുപോരും ജനം
ആണെന്നോതുകിലായതാവയനു വ-
ന്നീടും, മുനീന്ദ്രാജ്ഞയാ-
ലാണെല്ലോ ത്രിദിവേ ത്രിശങ്കു സരസം
വാഴുന്നതിന്നും വിഭോ! 19


ലക്ഷ്മണന്‍-

ഭവാദൃശന്മാർ കൃപചെയ്തുവെന്നാൽ
ഭവിയ്ക്കയില്ലായവനൊന്നുകൊണ്ടും
ഭവാബ്ധിയിൽ സങ്കടമെന്നുമിയ്യു-
ള്ളവര്‍ക്കു ദൃഷ്ടാന്തമഹോ! പലേടം. 20


ശുനശ്ശേഫൻ-

ദൈവം ദൈവമതെന്നു ചൊൽവതു ദൃഢം
ധമ്മത്തെയാണായതി-
ന്നീവണ്ണം നിലനില്പതും രഘുനൃപ-
ന്മാർതന്നിലാണെന്നതും,
ശ്രീവിദ്യാവിനയാദിസമ്പദുദയം
ധര്‍മ്മിഷ്ഠരായോരിലേ
കൈവന്നീടുവതെന്നുമിന്നു പറവാൻ
ദൃഷ്ടാന്തമാം നിങ്ങൾതാൻ. 21


എന്നുതന്നേയല്ല,

സകലമുനിജനം സദാപി ചെയ്യും
നിഖിലതപസ്സുകളും നൃപര്‍ക്കധീനം;
വികലത ചെറുതൂഴിപര്‍ക്കു വന്നാ-
ലകലുമതെന്നുമഹോ ജഗൽപ്രസിദ്ധം. 22


രാമന്‍-

ചൊല്ലേറും നിങ്ങൾ ചെല്ലും നടവടികൾ നട-
ത്തീടുമുദ്യോഗമായി-
ട്ടല്ലേ വാഴുന്നു ഭൂമീപതിക,ളവരിലും
മേൽ വിചാരം നിനച്ചാൽ
ഇല്ലേ സ്മൃത്യാദികൃത്യങ്ങളെ വെളിവിലുര-
യ്ക്കുന്ന നിങ്ങൾക്ക,തൊക്കു-
ന്നില്ലെന്നാലെന്തു സാരം സകലരുമുടനാ-
ബ്ഭൂപനെത്തള്ളുകില്ലേ? 23


അതുകൊണ്ടു വിചാരിച്ചുനോക്കുമ്പോൾ ധര്‍മ്മത്തിന്റെ ഇരിപ്പൊക്കെ ബ്രാഹ്മണരിലാണു്. അവരുടെ ഒരു തരം ഭൃത്യന്മാരെന്നേ രാജാക്കന്മാരെ പറയാൻ പാടുള്ളു. അതിനൊരു ദൃഷ്ടാന്തവും കൂടി പറയാം.

നാരീവധം ബഹുനികൃഷ്ടമതെന്നു മാത്രം
സാരംതൊടാതെ നിരുപിച്ച മടിച്ചൊരെന്നിൽ
നേരേ പറഞ്ഞൊരറിവേറ്റിയ കൌശികോക്തി-
യോരായ്ക്കിൽരാക്ഷസിയെഞാൻ കുലചെയ്യുവോന്നോ? 24


ഇതുമട്ടു പലര്‍ക്കുമപ്പൊഴപ്പോ-
ളതിസത്താകിയ ധര്‍മ്മസാരമോതി
മതിതന്നിൽ വിവേകമേകിടാഞ്ഞാൽ
ക്ഷിതിയിൽ ധര്‍മ്മമുറച്ചുനില്പതാമോ? 25


രവികലഭവരാം നൃപര്‍ക്കു നന്നാ-
യവികലബോധകനാം വസിഷ്ഠവിപ്രൻ
അവനിയിലരുളായ്ക്കിൽ മുമ്പുമിക്ക-
ണ്ടവരുടെ പേരു തിരിച്ചു കേൾക്കുകില്ല. 26


വിശ്വാമിത്രമുനീന്ദ്രനെന്നൊടരുളി-
ച്ചെയ്തൊരുമട്ടിന്നു ഞാൻ
വിശ്വാസത്തോടു ചെയ്തു രാക്ഷസകുല-
പ്രക്ഷോഭമെന്നുള്ളതും
വിശ്വത്തിൽ പുകൾപൊങ്ങിടും മുനിമണേ!
ചിന്തിച്ചുകൊണ്ടാലമ-
ത്യാശ്വാസപ്രണയ പ്രസാദമിവനിൽ
ചെയ്താലുമെന്നും ഭവാൻ. 27


ലക്ഷ്മണന്‍- എന്നാൽ നമുക്കിനി വിശ്വാമിത്രമഹര്‍ഷിയുടെ അടുക്കലേക്കു പോവുക.

(എന്ന് എല്ലാവരും പോയി)

(മൂന്നാമങ്കം കഴിഞ്ഞു.)
---------------------------


താളിളക്കം
!Designed By Praveen Varma MK!