Contacts

രസികരഞ്ജിനി
വൃത്തമഞ്ജരി

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

ഇങ്ങനെ ഭംഗിയിൽ ഒരു പദ്യം കൊണ്ട് ഗണങ്ങളുടെ പേരും സ്വരൂപവും കാണിച്ചിരിക്കുന്നത് വളരെ നന്നായിരിക്കുന്നു. ഗുരുലഘുക്കളെ തിരിച്ചറിവാനുള്ള ചിഹ്നങ്ങൾ കൊടുത്തിട്ടുള്ളതും ഉചിതമായിട്ടുണ്ട്.

'പാദത്തിനേറ്റക്കുറവോ നിയമങ്ങള്‍ക്കു ഭേദമോ
വരുന്ന മറ്റു വൃത്തങ്ങളെല്ലാം ഗാഥയിലുള്‍പ്പെടും.'

ഈ ഗാഥാവൃത്തം മലയാളഭാഷയിൽ അപൂർവ്വമാണെങ്കിലും വേദപുരാണങ്ങളിൽ സാധാരണമാണ്. സംസ്കൃതത്തിനും മലയാളത്തിനും സാമാന്യമായ വൃത്തങ്ങളെ വിവരിച്ചിട്ടുള്ള പ്രകരണങ്ങളിൽകൂടി രസമാകുംവണ്ണം സഞ്ചരിച്ചു മലയാളവൃത്തപ്രകരണത്തില്‍ പ്രവേശിക്കുമ്പോഴാണ് ഈ വൃത്തശാസ്ത്രപണ്ഡിതന്റെ അറിവും പ്രയത്നവും ഏറെ പ്രകാശിച്ചു കാണുന്നത്.

'പ്രായേണ ഭാഷാവൃത്തങ്ങള്‍ തമിഴിന്റെ വഴിക്കുതാന്‍
അതിനാല്‍ ഗാനരീതിക്കു ചേരുമീരടിയാണിഹ
അടികള്‍ക്കു കണക്കില്ല നില്ക്കയും വേണ്ടൊരേടവും
വ്യവസ്ഥയെല്ലാം ശിഥിലം പ്രമാണം ഗാനരീതിതാന്‍
മാത്രക്കു നിയമം കാണും ഗാനം താളത്തിനൊക്കുകില്‍
ഇല്ലെങ്കില്‍ വര്‍ണസംഖ്യക്കു നിയമം മിക്ക ദിക്കിലും
ഗുരുവാക്കാമിച്ഛപോലെ പാടിനീട്ടി ലഘുക്കളെ
അതുപോലിഹ ദീര്‍ഘത്തെ കുറുക്കുന്നതപൂര്‍വമാം'

ഇങ്ങനെ പരിഭാഷയോടുകൂടി ആരംഭിക്കുന്ന പ്രകരണത്തിൽ മലയാളഭാഷാവൃത്തങ്ങൾക്കൊരു ഛന്ദശ്ശാസ്ത്രം കൽപ്പിക്കുന്നതിനാലാണ് നമ്മുടെ ഗ്രന്ഥകാരൻ പൂർവവൃത്തശാസ്ത്രകാരന്മാരെ അതിശയിച്ചു നിൽക്കുന്നത്. മലയാളവൃത്തഭേദങ്ങൾ സകലതും തേടി കണ്ടുപിടിച്ച് അതിനെല്ലാം ലക്ഷണസമന്വയം ചെയ്തിട്ടുള്ളതോർക്കുമ്പോൾ മലയാളികൾക്ക് അവിടത്തോടുള്ള കടപ്പാട് ഇത്രമാത്രമെന്ന് നിർണയിച്ചുകൂടാ.

വൃത്തങ്ങളുടെ ലക്ഷ്യലക്ഷണങ്ങൾ ഒന്നിച്ചുചേർത്ത് ഉദാഹരിച്ചിട്ടുള്ള ശ്ലോകങ്ങളിൽ 'അതിരുചിരാ' വൃത്തത്തിന്റെ ഉദാഹരണം:

'സരസ്വതിന്യതി രുചിരാംഗി ഭാസുരേ
സുരാസുരപ്രവരകിരീടകോടിയില്‍
'ഉരുമ്മിടും തവ' കഴല്‍ രണ്ടുമാദരാല്‍
'സ്മരിച്ചുഞാനിഹ' ദിവസേന കൈതൊഴാം.'

എന്നോ മറ്റോ വേണ്ടതായിരിക്കെ ഉത്തരാര്‍ദ്ധം:

ഉരസുന്ന നിന്റെ കഴല്‍ രണ്ടുമാദരാല്‍
ശിരസാ നമിച്ചു ദിവസേന കൈതൊഴാം

എന്നു മഞ്ജുഭാഷിണിയിൽ ആയിപ്പോയിട്ടുള്ള ലേഖകപ്രമാദം വരുംപതിപ്പിൽ തീർത്തുകാണുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!