Contacts

വി.എം ചെറിയാൻ
മലയാള നാടകാഭിനയം

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

മലയാളനാടകസമാജങ്ങളുടെ അധീനത്തിൽ ഒന്നിലധികം നാടകങ്ങൾ ഉണ്ടായിരിക്കേണ്ടതും ആവശ്യമാണ്. ഇങ്ങിനെ മലയാളരാജ്യത്തിലുള്ള പ്രധാന പട്ടണങ്ങളിലൊക്കെ സഞ്ചരിക്കാൻ തയ്യാറായി മൂന്നിൽ കുറയാതെയും അഞ്ചില്‍ കൂടാതെയും നാടകങ്ങളെ അഭ്യസിച്ച ഒരു നാടകസമാജം പുറപ്പെടുന്നതായാല്‍ മലയാളരാജ്യത്തിന്ന് ഒരു ആവശ്യനിർവ്വഹണവും നടന്മാർക്ക് ധനലാഭവും ഉണ്ടാകാനിടയുള്ളതാണ്. സാമാന്യം ഒരു നല്ല വിദ്വാന്റെ കീഴിൽ നടന്മാർ നാടക കഥാഗതിയെ ഗ്രഹിച്ച് യോഗ്യന്മാരുടെ സദസ്സിൽ അഭിനയിക്കത്തക്ക പാടവത്തോടുകൂടിയ ഒരു സമാജം ഉണ്ടാവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സ്വരചേർച്ച, വേഷച്ചേർച്ച മുതലായി ഇപ്പോഴുള്ള നാടകസമാജങ്ങൾ സാധാരണ ഗണിക്കാറില്ലാത്ത അനേകം സംഗതികളെ ഗണിച്ചു നടന്മാർ തിരഞ്ഞെടുക്കപ്പെടണം എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഇങ്ങനെ കഴിയുന്ന യോഗ്യതകൾ വരുത്തിക്കൊണ്ടു പുറപ്പെടുന്ന ഒരു മലയാളനാടകസമാജം, ദീര്‍ഘായുസ്സായിരിപ്പാൻ ഇടയുണ്ടെന്നുള്ളതിലേക്കു പല ലക്ഷ്യങ്ങളും ഉണ്ട്. അൽപ്പപ്രാണങ്ങളായ സമാജകൃമികളുടെ ഗോഷ്ടിത്തരങ്ങളെ കാണുന്നതിനായി പണം കളയുന്ന മലയാളികൾ നാടകീയരസാനുഭോഗത്തിന് ശക്തന്മാരാണെന്നുള്ളതുതന്നെ ഒരു ശുഭശകുനമാണ്. മദ്രാസുമുതലായ പട്ടണങ്ങളിൽ വർഷംതോറും സഹൃദയഹൃദയാഹ്ലാദനവും പണാപഹരണവും ചെയ്യുന്ന യൂറോപ്യൻ നാടകകമ്പനിക്കാർ പാഴ്സിനാടകക്കമ്പനികൾ മുതലായവരെ ആകർഷിക്കത്തക്ക ജനപ്രാഭവം ധനപ്രാഭവം മുതലായവ മലയാളരാജ്യത്തിനില്ലാത്തതും മലയാളനാടകസമാജത്തിന്റെ ദൃഷ്ടിയിൽ ഒരു അനുഗ്രഹമാണ്. മലയാളികളുടെ നാടകരസാസ്വാദനകാംക്ഷയെ അടിസ്ഥാനമാക്കി പണാപഹരണം ചെയ്തുപോരുന്ന തമിഴുനാടകകമ്പനിക്കാരെ തോൽപ്പിക്കാൻ നമുക്ക് കഴിയാത്തതല്ല. സംഗീതസാമർത്ഥ്യം ഉപകരണ ഭംഗി എന്നിതുകളെ പല തമിഴുകമ്പനിക്കാരും അനുകരണീയമായി ബഹുമാനിക്കാറുണ്ടെങ്കിലും നാടകാഭിനയത്തിന്റെ ജീവനായ നാട്യവിദ്യ, അഭിനയം സ്വഭാവത്തിന്റെ പകർപ്പായിരിക്കണമെന്നുള്ള ബുദ്ധിയുടെ സർവതോന്മുഖമായ പ്രദർശനം എന്നീ വിഷയങ്ങളിൽ അവർ പല മലയാളനാടകസമാജങ്ങളേക്കാൾ താഴെയാണ്. മലയാളരാജ്യത്ത് അഭിനയിക്കപ്പെടാറുള്ള തമിഴ്നാടകങ്ങൾ കഥയുടെ ബന്ധം, വികാസം, സ്വഭാവം, പരിണാമം എന്നീ വിഷയങ്ങളിൽ മലയാളനാടകങ്ങളെ ഒട്ടുംതന്നെ അതിശയിക്കുന്നില്ല. തമിഴന്മാർ മലയാളത്തിൽ നടപ്പാക്കിയ 'സദാരാമ' എന്ന നാടകം മലയാളികൾക്ക് രുചിക്കത്തക്ക ഒരു നിലയിൽ ആവുന്നതിനു ആ കഥയെ ഉടച്ചു ശുദ്ധിചെയ്തു വീണ്ടും വാർത്തെടുക്കുന്നതിന്നു വിദ്വാനായ കെ സി കേശവപ്പിള്ള അവർകളുടെ ശ്രമം ആവശ്യമായിരുന്നു എന്നു യോഗ്യന്മാർ സമ്മതിച്ചിരിക്കുന്നതിൽനിന്നു മലയാളരാജ്യത്തു നടപ്പുള്ള തമിഴുനാടകങ്ങളുടെ പോരായ്മ ജനബോധം വന്നിട്ടുണ്ടെന്ന് അനുമാനിക്കാമെന്ന് തോന്നുന്നു.

ആയതിനാൽ ഒരു നല്ല മലയാളനാടകസമാജം ജീവിക്കത്തക്ക സൗകര്യവും ആവശ്യവും മലയാളരാജ്യത്തുണ്ട്. മഹിമശ്രീ കേരളവർമ വലിയ കോയിതമ്പുരാൻ തിരുമനസ്സിലെ തർജ്ജമയായ കേരളഭാഷാശാകുന്തളത്തിന്റെ കാലംമുതൽ, മലയാളികളുടെ ഇടയിൽ വളർന്ന നാട്യവിദ്യയിൽ സർവജനസമ്മതമാകുംവണ്ണം സാമർത്ഥ്യം പ്രകടിപ്പിച്ചവർ, മ.രാ.രാ. കൊല്ലം നാരായണപിള്ള അവർകളും മ.രാ.രാ. കോട്ടയം കൊച്ചീപ്പൻ തരകൻ അവർകളും ആണെന്നുള്ളതിനെപ്പറ്റി അഭിപ്രായഭേദമുണ്ടാവാൻ തരമില്ല. ഏകദേശം ഒരു പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് മിസ്റ്റർ നാരായണപിള്ള തിരുവനന്തപുരം മുതൽ തലശ്ശേരിവരേയ്ക്കും ഉള്ള മലയാളികളുടെ ഇടയിൽ നൂതനമായി സൃഷ്ടിച്ച ഒരു രോമാഞ്ചവിശേഷം ഇന്നു പലരും സ്മരിക്കുന്നുണ്ടായിരിക്കും. നാടകാഭിനയം സ്വാഭാവികമായ ലോകഗതിയുടെ ശരിപകർപ്പായിരിക്കണമെന്നുള്ള നിർബന്ധമായ നിഷ്ക്കര്‍ഷയോടുകൂടെ രംഗപ്രവേശം ചെയ്ത മിസ്റ്റർ കൊച്ചീപ്പൻ തരകൻ അവർകളും മലയാളനാടക സമാജചരിത്രത്തിൽ സ്മരിക്കപ്പെടേണ്ട ഒരു പുരുഷൻ തന്നെ. ഇവർ രണ്ടാളും യോജിച്ച് ഒരു മലയാളനാടകസമാജം ആരംഭിക്കുകയാണെങ്കിൽ, മലയാള നാടകാഭിനയം തമിഴുരാജ്യങ്ങളിലേക്കു കൂടെ പടരാൻ ഇടയുണ്ടാവാമെന്നു സംശയസ്ഥാനത്തും മലയാളികൾക്ക് അതിരു കവിയുന്നതായ നാടകഭ്രാന്തും യോഗ്യന്മാരായ ഈ നടന്മാർക്കു ധനലാഭവും യശോലാഭവും രാജാക്കന്മാർ പ്രഭുക്കന്മാർ ആദിയായവരിൽനിന്നു അനുമോദനങ്ങളും നിർഗളമായി ഉണ്ടാവുമെന്നു നിശ്ചയമായിട്ടും, അഭിപ്രായപ്പെടാം. ഈ നടന്മാരുടെ ഉദ്യോഗഭേദം സ്ഥലഭേദം ജാതിഭേദം മുതലായതുകളാല്‍ ഇവർ യോജിച്ചു ഒരു നാടകസമാജം രൂപപ്പെടുവാൻ ഇടയില്ലാത്തപക്ഷം, മലയാളികൾക്കു ഒരു ഭാഗ്യം നഷ്ടമായി എന്നു അടങ്ങി കൊള്ളുകയല്ലാതെ നിവൃത്തിയില്ല. എന്നാൽ ഇവരിൽ ആരെങ്കിലുമോ അഭിനയസാമർത്ഥ്യം ഉള്ള വേറെ വല്ലവരുമോ ഒരു നാടകസമാജം ആരംഭിക്കുമെന്നു പ്രതീക്ഷിക്കാം. തലശ്ശേരി, മംഗലാപുരം, കോഴിക്കോട്, തൃശ്ശിവപേരൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം മുതലായ മലയാളപട്ടണങ്ങളിൽ ആണ്ടുതോറും വേനൽക്കാലം സംബന്ധിച്ചു പ്രസ്തുത നാടകസമാജം യാത്രചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഒരു മൂന്നോ നാലോ നാടകങ്ങളെ വേണ്ടവണ്ണം അഭ്യസിച്ച് അതിനു വേണ്ടന്ന കോപ്പുകളും സംഭരിച്ച് വർഷംതോറും സർക്കീട്ട് ചെയ്യുന്ന ഈ സമാജത്തിന്റെ ആഗമനത്തെ പ്രാർത്ഥിച്ച്, മദിരാശിക്കാര്‍ പാഴ്സി നാടകക്കമ്പനികരെ നോക്കിപ്പാര്‍ത്തുകൊണ്ടിരിക്കുന്നതുപോലെ, എല്ലാ മലയാളപട്ടണങ്ങളും സന്തോഷാകുലങ്ങളായിരിക്കുമെന്നു വിശ്വസിക്കാവുന്നതാണ്.

താളിളക്കം
!Designed By Praveen Varma MK!