Contacts

മാനവിക്രമ ഏട്ടൻ തമ്പുരാൻ









ജനനം
നെടിയിരിപ്പുസ്വരൂപം സൗകര്യത്തിനുവേണ്ടി മൂന്നു ശാഖകളായി പിരിഞ്ഞു താമസിക്കുന്നു. ആ കോവിലകത്തു സന്തതിവിച്ഛേദം വരാതെയിരിക്കുവാൻ 881-ആണ്ടു മകരമാസം 16-ാം൲ അന്നത്തെ സാമൂതിരിപ്പാടു നീലേശ്വരത്തു കോയിക്കൽനിന്നു രണ്ടു സ്ത്രീകളേയും മൂന്നു പുരുഷന്മാരെയും ദത്തെടുത്തു് അവരിൽ ജ്യേഷ്ഠത്തിയെ കിഴക്കേക്കോവിലകത്തും അനുജത്തിയെ പുതിയ കോവിലകത്തും താമസിപ്പിച്ചു. ആറേഴു കൊല്ലം കഴിഞ്ഞപ്പോൾ ആ രണ്ടുപേരുടെ ജ്യേഷ്ഠത്തിയും കൂടി നീലേശ്വരത്തുനിന്നു കോഴിക്കോട്ടേയ്ക്കു പോന്നു. ആ രാജ്ഞിക്കുവേണ്ടി പണിയിച്ചതാണു് പടിഞ്ഞാറെക്കോവിലകം. ഈ വിവരങ്ങൾ മനോരമത്തമ്പുരാട്ടിയെപ്പറ്റിയുള്ള പ്രസംഗത്തിൽ പ്രസ്താവിച്ചിട്ടുള്ളവയാണല്ലോ. ടിപ്പുവിന്റെ കലാപകാലത്തു് ആ മൂന്നു ശാഖകളിലെ സ്ത്രീകളും തിരുവിതാംകൂറിൽ പോയി രക്ഷപ്പെട്ടു; ധർമ്മരാജാവു പിടിഞ്ഞാറേക്കോവിലകത്തേയും പുതിയ കോവിലകത്തെയും രാജ്ഞിമാരെ കുന്നത്തൂരിലും കിഴക്കേക്കോവിലകത്തെ രാജ്ഞിമാരെ എണ്ണയ്ക്കാട്ടും താമസിപ്പിച്ചു. മറ്റു ശാഖകൾ തിരിയെപ്പോയപ്പോഴും പടിഞ്ഞാറെക്കോവിലകത്തുകാർ കുന്നത്തൂരിൽ പാർത്തതേയുള്ളു. അവിടെ 997-ാമാണ്ടു് കുംഭമാസം അവിട്ടം നക്ഷത്രത്തിൽ ജനിച്ച ശ്രീദേവിതമ്പുരാട്ടിയാണു് ഏട്ടൻതമ്പുരാന്റെ മാതാവു്. ആ തമ്പുരാട്ടി മറ്റംഗങ്ങളോടുകൂടി 1004-ാമാണ്ടു് കോഴിക്കോട്ടേയ്ക്കു മടങ്ങി അവരുടെ വക മാങ്കാവിൽക്കോവിലകത്തു താമസമായി. പുതിയ കോവിലകത്തുകാർ തിരുവണ്ണൂരിലും കിഴക്കേക്കോവിലകത്തുകാർ വെങ്കടക്കോട്ട (കോട്ടയ്ക്കൽ)യിലും താമസിച്ചു. ആ തമ്പുരാട്ടിയുടെ സീമന്തപുത്രനായി ഏട്ടൻ രാജാവു് 1020-ാമാണ്ടു് മകരമാസം 29-ാംനു പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു. തൃശ്ശൂർ തോട്ടപ്പായ ഇല്ലത്തെ ഒരു നമ്പൂരിയായിരുന്നു പിതാവു്. പടിഞ്ഞാറേക്കോവിലകത്തു് അനുജൻതമ്പുരാനും അമ്മാമൻതമ്പുരാനും അവിടുത്തെ കനിഷ്ഠസഹോദരന്മാരായിരുന്നു. അവരുടെ ജനനം 1024, 1029 ഈ കൊല്ലങ്ങളിലാണു്. അമ്മാമൻതമ്പുരാൻ ഇന്ദുമതീസ്വയംവരം എന്നും കാദംബരിയെന്നും രണ്ടു ഗദ്യകഥകൾ രചിച്ചു. കാദംബരിയിലെ പ്രതിപാദ്യം “വെനിസ്സിലെ വ്യാപാരി” എന്ന ഷേക്‍സ്പീയരുടെ നാടകത്തിലെ ഇതിവൃത്തത്തിന്റെ സംഗ്രഹമാണു്.

വിദ്യാഭ്യാസം
ഏട്ടൻരാജാവു ബാല്യത്തിൽ കുറേക്കാലം വിദ്യാസമ്പാദനത്തിൽ പരാങ്മുഖനായിരുന്നുവെങ്കിലും പിന്നീടു് ആ വൈകല്യം തീരത്തക്കവണ്ണം ദേശമങ്ഗലത്തു് ഇക്കണ്ടവാരിയരുടെകീഴിൽ നിഷ്കർഷിച്ചു പഠിക്കുകയും സിദ്ധാന്തകൗമുദി പൂർവ്വാർദ്ധംവരെ അദ്ദേഹത്തിൽനിന്നു ഗ്രഹിച്ചതിനുമേൽ ഉത്തരാർദ്ധവും വ്യാകരണത്തിലും അലങ്കാരത്തിലും ചില ഉൽഗ്രന്ഥങ്ങളും തന്റെ മാതുലനും സർവതന്ത്രസ്വതന്ത്രനുമായ കുഞ്ഞനുജൻതമ്പുരാന്റെയടുക്കൽനിന്നു വായിച്ചു് ആ ഭാഷയിൽ അടിയുറച്ച വ്യുൽപത്തി സ്വായത്തമാക്കുകയും ചെയ്തു. പഠനകാലത്തുതന്നെ കവനത്തിലും പരിശീലനം നേടി. തന്റെ മാതാവു് 1046 മുതല്ക്കുതന്നെ പടിഞ്ഞാറേക്കോവിലകംവക കാര്യങ്ങൾ നേരിട്ടു് അന്വേഷിച്ചുതുടങ്ങിയിരുന്നതിനാൽ പരോപകാരം ചെയ്യുന്നതിനുവേണ്ട സമ്പത്സമൃദ്ധി അവിടുത്തേയ്ക്കു യൗവനത്തിൽത്തന്നെ സഞ്ജാതമായി. ശിഷ്യന്മാരെ സംസ്കൃതം പഠിപ്പിക്കുക, വിദ്വാന്മാരെ എല്ലാ പ്രകാരത്തിലും പ്രോത്സാഹിപ്പിക്കുക, അർഹന്മാരായ അർത്ഥികൾക്കു ദ്രവ്യസഹായം ചെയ്യുക മുതലായ സൽപ്രവൃത്തികളിൽ അപ്പോൾത്തുടങ്ങി അവിടുന്നു വ്യാപൃതനായി. അതിനു മുൻപുതന്നെ ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി തുടങ്ങിയ മറ്റു ഭാഷകളുംകൂടി പഠിച്ചുകഴിഞ്ഞിരുന്നു.

അനന്തരജീവിതം
1070-ൽ ശ്രീദേവിത്തമ്പുരാട്ടി അമ്പാടി (ഘോഷപുരി എന്നു സംസ്കൃതത്തിൽ)ക്കോവിലകത്തു വലിയതമ്പുരാട്ടിയായി. മൂന്നു ശാഖകളിലുംവച്ചു് വയസ്സുമൂപ്പുള്ള രാജ്ഞിക്കാണു് ആ സ്ഥാനം ലഭിക്കുന്നതു്. അതിന്നു പ്രത്യേകം മാലിഖാനവുമുണ്ടു്. 1077-ാംമാണ്ടു ധനുമാസം 26-ആംനുയായിരുന്നു ആ സുചരിതയുടെ നിര്യാണം. ഏട്ടൻ രാജാവു് 1068-ൽ അമ്പാടിക്കോവിലകത്തു വലിയതമ്പുരാനും, 1078 മേടം 21-ാംനു നെടുത്രാപ്പാടും (അഞ്ചാംമുറ) 1079 മേടം 3-ാംനു എടത്രാപ്പാടും (നാലാംമുറ) 1082 തുലാം 7-ാംനു മൂന്നാർപ്പാടും (മൂന്നാംമുറ) 1085 കന്നി 19-ാംനു ഏറാൾപ്പാടും (ഇളയ തമ്പുരാൻ) ആയി ക്രമേണ ഉയർന്നു. 1088 വൃശ്ചികം 28-ാംനു കിഴക്കേക്കോവിലകത്തു കുട്ടിയനുജൻതമ്പുരാൻ തീപ്പെട്ടപ്പോൾ ധനു 13-ാംനു സാമൂതിരിപ്പാടെന്ന മഹനീയമായ സ്ഥാനത്തിൽ ആരൂഢനായി. അവിടുത്തെ വാഴ്ചക്കാലത്തു സ്വരൂപംവക ദേവാലയങ്ങൾ, വിദ്യാശാലകൾ, ധർമ്മസ്ഥാപനങ്ങൾ ഇവയിലെ കാര്യങ്ങളെല്ലാം വളരെ ഭങ്ഗിയായി നിർവഹിക്കപ്പെട്ടിരുന്നു. സ്വരൂപത്തിന്റെ ഭരണം പൂർവാധികം കാര്യക്ഷമമാക്കുന്നതിനുവേണ്ടി അതു കോർട്ട് ഓഫ് വാർഡ്സിലേയ്ക്കു വിട്ടുകൊടുത്തു. കൊച്ചിയും കോഴിക്കോടും തമ്മിലുള്ള കുടുംബ വൈരം പ്രസിദ്ധമാണല്ലോ. ഏട്ടൻതമ്പുരാൻ താൻതന്നെ രാജർഷിയായ കൊച്ചിമഹാരാജാവിന്റെ അതിഥിയായി തൃപ്പൂണിത്തുറയ്ക്കു പോയി ആ വൈരം എന്നെന്നേയ്ക്കുമായി ശമിപ്പിച്ചു. രണ്ടുപേരും വിദ്വാന്മാരായിരുന്നതുകൊണ്ടാണു് ശോഭനമായ ആ പരിണാമം സാധ്യമായതു്. 1031-ൽ തീപ്പെട്ട സാമൂതിരിപ്പാടു് അതിനുമുൻപു തൃശ്ശൂരിലേയ്ക്കു പോയെങ്കിലും അതു മഹാരാജാവിന്റെ ആനുകൂല്യത്തോടുകൂടിയല്ലായിരുന്നു. ഒന്നിലധികം തവണ കാശിക്കു പോയി ഗങ്ഗാസ്നാനം ചെയ്കയുണ്ടായി. ഒടുവിൽ പോയതു് 1071-ലാണു്. 1090-ാംമാണ്ടു കർക്കടകമാസം 16-ആംനു കാസശ്വാസം ബാധിച്ചു തീപ്പെട്ടു. പെരിന്തൽമണ്ണയിൽ അമ്പലക്കാട്ടു ലക്ഷ്മിയമ്മയായിരുന്നു പത്നി.
വിദ്വൽപ്രോത്സാഹനം
ഏട്ടൻതമ്പുരാനു് അഭിമുഖസംഭാഷണം വഴിക്കോ കത്തിടപാടുമുഖേനയോ പരിചയമില്ലാത്ത സംസ്കൃതപണ്ഡിതന്മാർ അക്കാലത്തു ഭാരതത്തിൽ ഇല്ലായിരുന്നു എന്നുതന്നെ പറയാം. പിന്നീടു ബാംബേ പ്രവിശ്യയിൽ ക്രതുകോടി ശങ്കരാചാര്യപദത്തിൽ പ്രവേശിച്ച പരിഷ്കൃതാശയനായ ലിങ്ഗേശമഹാശയൻ അവിടുത്തെ പരമസുഹൃത്തുക്കളിൽ അന്യതമനായിരുന്നു. ധോല്പൂർ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്മാർ, കാളഹസ്തി മുതലായ സംസ്ഥാനങ്ങളിലെ ഇടപ്രഭുക്കന്മാർ ഇവരെല്ലാം അവിടുന്നുമായി സംസ്കൃതത്തിൽ ലേഖനവിനിമയം ചെയ്തുകൊണ്ടിരുന്നു. വലിയകോയിത്തമ്പുരാനും അവിടുന്നും തമ്മിലുള്ള സൗഹാർദ്ദം സൗഭ്രാത്രനിർവിശേഷമായിരുന്നു. അനവധി വിദേശപണ്ഡിതന്മാർ അവിടത്തെ തൃക്കയ്യിൽനിന്നു യഥോചിതം പാരിതോഷികങ്ങൾ വാങ്ങിയിരുന്നു. അവിടുത്തെ കീർത്തി സർവത്ര പ്രസരിച്ചു വിദ്വാനെന്നും കവിരാജകുമാരനെന്നും കേരളഭോജരാജനെന്നും പല ബിരുദങ്ങൾ സരസ്വതീവല്ലഭന്മാരിൽനിന്നു് അവിടുത്തേയ്ക്കു ലഭിച്ചു. പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ അവിടുത്തെ ബഹിശ്ചരപ്രാണനായിരുന്നു. ആ സുഗൃഹീതനാമാവിന്റെ സകലവിദ്യാപ്രവർത്തനങ്ങളിലും ഏട്ടൻതമ്പുരാൻ തന്നെയായിരുന്നു അദ്ദേഹത്തിനു താങ്ങും തണലും. അദ്ദേഹം 1062-ൽ ആരംഭിച്ച “വിജ്ഞാനചിന്താമണി” പത്രികയേയും അതിനടുത്തകൊല്ലത്തിൽ തുടങ്ങിയ “സാരസ്വതോദ്യോതിനീ” സംസ്കൃത പാഠശാലയേയും അവിടുന്നു മുക്തഹസ്തമായി പോഷിപ്പിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടുകൂടി സഹൃദയസമാഗമം എന്ന പേരിൽ കോവിലകത്തുവെച്ചു് ഒരു സഭ നടത്തി അതുമുഖേന വിദ്വാന്മാരെ ബിരുദദാനംകൊണ്ടും മറ്റും പ്രോത്സാഹിപ്പിച്ചു. ആർ.വി. കൃഷ്ണമാചാര്യർക്കു് അഭിനവബാണഭട്ടശബ്ദതർക്കാലങ്കാരവിദ്യാഭൂഷണൻ എന്ന ബിരുദം അവിടെനിന്നാണു് ലഭിച്ചതു്. അദ്ദേഹം പില്ക്കാലത്തു മഹാമഹോപാധ്യായനായി. ആ മഹാവിദ്വാൻ കോഴിക്കോട്ടു താമസിക്കുമ്പോൾ മലയാളം നിഷ്കർഷിച്ചു പഠിച്ചു് ആ ഭാഷയിലും പദ്യഗദ്യങ്ങൾ രചിക്കുകയും ചാരുചര്യാശതകം മലയാളത്തിൽ വിവർത്തനംചെയ്യുകയും ചെയ്തിട്ടുണ്ടു്. നമ്പിയെപ്പറ്റി 1077-ൽ അവിടുന്നയച്ച ഒരെഴുത്തിൽ ഇങ്ങനെ പറയുന്നു.

*** *** ***


കൃതികൾ—സംസ്കൃതം
ഏട്ടൻതമ്പുരാൻ സംസ്കൃതത്തിലും മലയാളത്തിലും അനവധി കൃതികളുടെ നിർമ്മാതാവാണു്. അവിടുത്തെ സംസ്കൃതകവിതയ്ക്കു ലാളിത്യവും പ്രസാദവുമുണ്ടു്. സംസ്കൃതത്തിൽ (1) ലക്ഷ്മീകല്യാണനാടകം, (2) ശൃങ്ഗാരമഞ്ജരി, (3) ശൃങ്ഗാരമഞ്ജരീമണ്ഡനം, (4) കേരള വിലാസം, (5) ധ്രുവചരിതം, (6) ദീനദയാപരചമ്പു, (7) വൈരാഗ്യതരങ്ഗണി (അഷ്ടപദി), (8) രണശിംഗുരാജ ചരിതം, (9) ഓദനവനേശ്വരവിജയം, (10) ശ്രീകൃഷ്ണാഷ്ടപദി, (11) കിരാതാഷ്ടപദി, (12) വിശ്ണുകേശാദിപാദാഷ്ടപദി, (13) പ്രശ്നോത്തരമാല, (14) ഉപദേശമുക്താവലി, (15) വിശാഖ വിജയോല്ലാസം, (16) പ്രേതകാമിനി തുടങ്ങിയ കൃതികളാണുൾപ്പെടുന്നതു്. ഗണേശാഷ്ടകം, സരസ്വത്യഷ്ടകം, ശ്രീരാമനാഥനവരത്നമാല, ശ്രീകൃഷ്ണസ്തവരത്നമാലിക, ശ്രീരാമഭക്തി സേവാസ്തവം, ധന്യാധന്യവിവേചിനി, ഭിക്ഷുഗീതാസ്തവം, ജനനീസ്തവം, ദാവാനലനവരത്നമാലിക, പ്രതിശ്രുതദശകം മുതലായി വേറെയും പല ചെറിയ കവിതകൾ അവിടുന്നു രചിച്ചിട്ടുണ്ടു്. കത്തുകൾക്കും സമസ്യാപൂരണാദിശ്ശോകങ്ങൾക്കും കണക്കില്ല. ലേഖമാല എന്ന പേരിലും മറ്റും അവയിൽ പലതും അച്ചടിപ്പിച്ചിട്ടുണ്ടു്. (17) സ്വമാതാവിന്റെ മരണത്തെപ്പറ്റി അവിടുന്നു വലിയകോയിത്തമ്പുരാനു മകരം 16-ാംനു എഴുതിയ പദ്യലേഖനത്തെ പ്രത്യേകം ഒരു കൃതിയായിത്തന്നെ കണക്കൂകൂട്ടാം. അതിൽ അമ്പത്തഞ്ചു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. “മുഹുരിഹ നതയസ്സന്തുതസ്യൈ ജനന്യൈ” എന്നവസാനിക്കുന്ന അതിലെ എട്ടു ശ്ലോകങ്ങൾ ‘ജനനീസ്തവം’ എന്ന പേരിൽ അവിടത്തെ സ്തോത്രങ്ങളുടെ കൂട്ടത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

*** *** ***


ഭാഷ
ഭാഷയിൽ ഏട്ടൻതമ്പുരാൻ (18) ശൃങ്ഗാരപദ്യമാല, (19) അവിവേകചരിതം നാലുവൃത്തം, (20) കേരള ചരിത്രഗീതം നാലുവൃത്തം, (21) രാസക്രീഡ, (22) പാർവതീസ്വയംവരം, (23) രമണീസന്ദേശം ഈ കൈകൊട്ടിക്കളിപ്പാട്ടുകൾ, (24) സുഭാഷിതതരങ്ഗിണി എന്നീ കൃതികൾ പദ്യത്തിലും, (25) അത്ഭുതരാമായണകഥാസംഗ്രഹം, (26) കാശിയാത്രാചരിതം ഒന്നാംഭാഗം, (27) വിശ്രുതചരിതം ഇവ ഗദ്യത്തിലും രചിച്ചിട്ടുണ്ടു്. (28) വാമനഭട്ടബാണന്റെ പാർവതീ പരിണയത്തിലെ ഗദ്യഭാഗങ്ങൾമാത്രം മലയാളത്തിൽ തർജ്ജമ ചെയ്തിരിക്കുന്നതിനാൽ അതിനെയും ഒരു ഗദ്യകൃതിയായിത്തന്നെ ഗണിക്കാം. കൂടാതെ മലയാളത്തിൽ അവിടുത്തെ പദ്യലേഖനങ്ങൾ, പ്രസങ്ഗങ്ങൾ, മുതലായവ സമാഹരിച്ചു ഭാഷാലേഖനമാല, അനുമോദനമാല എന്നും മറ്റുമുള്ള ശീർഷകങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - കേരളസാഹിത്യചരിത്രം
(അദ്ധ്യായം 51.7)

താളിളക്കം
!Designed By Praveen Varma MK!