
പ്രൊഫ. ടിഎന്‍ സതീശന്‍
ഡീന്‍, ഫാക്കല്‍റ്റി ഓഫ് ആര്‍ട്സ്
അലിഗഡ് മുസ്ലീം യൂണിവേഴ്സ്റ്റി
ഉത്തര്‍പ്രദേശ്
സ്തവങ്ങൾ:- ഒറവങ്കരകൃതികളിൽ ഒരു പ്രമുഖസ്ഥാനം സ്തവങ്ങൾക്കുണ്ട്. ആശയഗാംഭീര്യംകൊണ്ടും രചനാസൗഷ്ഠവംകൊണ്ടും സ്‌തവങ്ങൾ മറ്റു രചനകളേക്കാൾ മികച്ചുനിൽക്കുന്നു. സ്തവങ്ങളിൽത്തന്നെ 1) ലക്ഷ്മീസ്തവം (2) അംബാസ്തവം (3) ദേവീവ്യപാശ്രയസ്തോത്രം (4) അംബികാവിംശതി (5) ദേവീസ്‌തവം എന്നീ പഞ്ചരത്നകൃതികൾ എടുത്തുപറയേണ്ടവയാണ്. യോഗശാസ്ത്രത്തിൽ നിഷ്ണാതനായ ഉപാസകന്റെ ചിത്രമാണ് സ്‌തവങ്ങളിൽ തെളിഞ്ഞുകാണുന്നത്. കൂടാതെ മന്ത്രവാദം, ജ്യോതിഷം, തർക്കം, വ്യാകരണം എന്നിവയിലുള്ള പാണ്ഡിത്യത്തിനും സ്‌തവങ്ങൾ ദൃഷ്‌ടാന്തങ്ങളാണ്. “ഭാഷയിൽ അത്തരത്തിലുള്ള സ്തോത്രങ്ങൾ ഒരു കവിയും ഉണ്ടാക്കിയിട്ടില്ല. അപൂർവ്വം ചില ശ്ലോകങ്ങൾക്ക് സൗന്ദര്യലഹരിയിലെ ശ്ലോകങ്ങളുടെ മാധുര്യമുണ്ടെന്നുപോലും പറയാവുന്നതാണ്" എന്ന് ഉള്ളൂർ സ്‌തവങ്ങളെ പ്രശംസിച്ചിട്ടുണ്ട്.
പ്രഗത്ഭനായ മന്ത്രവാദിയായിരുന്നു ഒറവങ്കര. യോഗശാസ്ത്രത്തിൽ തികഞ്ഞ പാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. തീവ്രമായ യോഗസാധനമൂലമുള്ള ചിത്തശുദ്ധിയും മനോനിയന്ത്രണവും അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തേയും സ്വാധീനിച്ചുവെന്നു കാണാം. നിയോക്ലാസിക് കാലഘട്ടത്തിലെ മറ്റു കവികളെപ്പോലെ ജീവിതത്തിന്റെ ഉപരിതലത്തിൽ മാത്രം വിഹരിക്കാൻ അദ്ദേഹം തയ്യാറാവാതിരുന്നത് ഈ ആത്മീയസാധനയുടെ ഫലമായിരിക്കാം. ജീവിതത്തെക്കുറിച്ചുള്ള ഗൗരവസമീപനം തന്നെയാണ് കവിതയുടെ കാര്യത്തിലും ഒറവങ്കര സ്വീകരിച്ചത്.
യോഗശാസ്ത്രമനുസരിച്ച് എല്ലാ മനുഷ്യരിലും സ്രഷ്‌ടാവിന്റെ പരമശക്തി അന്തർലീനമായിരിക്കുന്നു. ഈ ശക്തിയുടെ വികാസമാണ് മന്ത്രശാസ്ത്രം ലക്ഷ്യമാക്കുന്നത്. ഈ ശക്തി ദേഹത്തിന്റെ അടിത്തട്ടില്‍ മൂന്നരച്ചുറ്റായി ചുരുണ്ടുകിടക്കുന്ന സർപ്പംപോലെ അധിവസിക്കുന്നു. കുണ്ഡലിതമായ ഈ ശക്തിയാണ് കുണ്ഡലിനി എന്ന് അറിയപ്പെടുന്നത്. പ്രാണായാമം മുതലായ അഭ്യാസങ്ങളിലൂടെ കുണ്ഡലിനിശക്തിയെ ഉണർത്തുക എന്നതാണ് മന്ത്രശാസ്ത്രത്തിന്റെ ആന്തരതത്ത്വം. കുണ്‌ഡലിനിശക്തിയെ വേണ്ടവിധത്തിൽ വളർത്തിയെടുത്താൽ പരമമായ ആനന്ദത്തെ പ്രാപിക്കാമെന്ന് ശക്ത്യുപാസകർ വിശ്വസിക്കുന്നു. നിദ്രാവസ്ഥയിൽനിന്നും ജാഗ്രതാവസ്ഥയിലേക്കുള്ള പ്രയാണമാണിത്. ഈ മാർഗ്ഗത്തിൽ ഷഡാധാരചക്രങ്ങൾ എന്നറിയപ്പെടുന്ന ആറുപടവുകളുണ്ട്. ഏറ്റവും താഴെയുള്ള പടവ് മൂലാധാരമാണ്. ഇത് നാലുദളങ്ങളോടുകൂടിയ ഗുദലിംഗമദ്ധ്യത്തിലുള്ള പത്മമാകുന്നു. കുണ്ഡലിനി അതിന്റെ കർണ്ണികയിൽ ഉറങ്ങിക്കൊണ്ടിരിക്കുന്നു. ആ പത്മം സുഷുമ്നക്കു മൂലമായതുകൊണ്ടും കുണ്ഡലിനിക്ക് ആധാരമായതുകൊണ്ടും മൂലാധാരമെന്നു വിളിക്കുന്നു.
മൂലാധാരത്തിൽനിന്നു സ്വാധിഷ്‌ഠാന കേന്ദ്രത്തിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്. ഇതിന് ആറുദളങ്ങളുണ്ട്. തുടർന്നുവരുന്നതാണ് മണിപൂരം എന്ന പത്തുദളങ്ങളുള്ള പത്മം. തൊട്ടുമുകളിലായി ഹൃദയമദ്ധ്യത്തിലാണ് പന്ത്രണ്ടുദളങ്ങളോടുകൂടിയ അനാഹതം. കണ്ഠത്തിൽ 16 സ്വരങ്ങളോടുകൂടിയ 16 ദളങ്ങളുള്ള കമലമാണ് വിശുദ്ധിചക്രം. ഭൂമധ്യത്തിലുള്ള രണ്ടു ദളങ്ങളോടുകൂടിയ പത്മമാണ് ഇത്. ആജ്ഞാചക്രത്തിലെത്തുമ്പോൾ ശക്തിയുടെമേൽ ഉപാസകന് പൂർണ്ണനിയന്ത്രണം കൈവരുന്നു.
മനുഷ്യശരീരത്തിലെ ഈ ആറുകേന്ദ്രങ്ങൾക്കും പ്രപഞ്ചത്തിൽ സമാനമായ സ്ഥാനങ്ങളും ഗുണവും നിറവും അധിഷ്‌ഠാന ദേവതകളുമുണ്ട്.
| മനുഷ്യൻ | പ്രപഞ്ചം | ഗുണം | നിറം | ദേവത |
|---|---|---|---|---|
| മൂലാധാരം | ഭുവർലോകം | തമസ്സ് | കറുപ്പ് | അഗ്നി |
| സ്വാധിഷ്‌ഠാനം | സ്വർലോകം | |||
| മണിപൂരം | മഹർലോകം | രജസ്സ് | ചുവപ്പ് | സൂര്യൻ |
| അനാഹതം | ജനോലോകം | |||
| വിശുദ്ധം | തപോലോകം | സത്ത്വം | വെളുപ്പ് | ചന്ദ്രൻ |
| ആജ്ഞ | സത്യലോകം |
നടുവത്തച്ഛനയച്ച ഒരെഴുത്തിൽ കുണ്ണലിനീശക്തിയെ ഒറവങ്കര സ്‌മരിക്കുന്നുണ്ട്. പാമ്പിന്റെ ആകൃതിയിൽ മൂന്നരച്ചുറ്റോടുകൂടി മൂലാധാരത്തിലിരിക്കുന്ന ശക്തിയാണ് കുണ്ഡലിനി. സാധകൻ പത്മാസനത്തിലിരുന്ന് പ്രാണായാമത്തിലൂടെ ഊർധ്വഗതമാക്കുമ്പോൾ കുണ്ഡലിനി ഉണർന്ന് ഷഡാധാരചക്രങ്ങളേയും ഭേദിച്ച് സഹസ്രാരപത്മത്തിൽ ചെന്ന് പരമമായ നിർവൃതിയെ പ്രദാനം ചെയ്യുന്നു.
മൂലാധാരമണഞ്ഞു മൂന്നരവളച്ചുറ്റിൽ
ചുരുണ്ടായതി-
ന്മേലേ പത്തിപരത്തിവെച്ചു പരമാംപന്ഥാവി-
ലന്തഃസുഖം
ചാലേനിത്യമുറങ്ങിടുന്ന ഭുജഗപ്പെണ്ണൊന്നു-
ണർന്നാത്മസ-
ത്മാലോകത്തിനെളുപ്പമായ വഴിയേകട്ടേ
നമുക്കാദരാൽ.
ലക്ഷമീസ്തവത്തിൽ യോഗസാധനയുടെ വിവരണം നൽകുന്നതു നോക്കുക
പ്രാണായാമക്രമത്തിൽപ്പവനവിധൃതിചെ-
യ്താനനശ്രോത്രനേത്ര
ഘ്രാണം രോധിച്ചു ദക്ഷശ്രുതിയിലകമണ-
ച്ചുജ്ഝിതസ്ഥൂലഘോഷം
വാണിടുന്നോർക്ക് നീയാമൊരു ചെറുരണിതം
കേട്ടിടാമ പ്രണാദ
ത്രാണം നാദാനുസന്ധാന മതമൃതമയം
തല്ലയം ത്വല്ലയം പോൽ
മനുഷ്യശരീരത്തിലെ ശക്തിയാണ് കുണ്ഡലിനിയെങ്കിൽ പ്രപഞ്ചത്തിൽ സമാനമായ ശക്തിയെ ത്രിപുരസുന്ദരി എന്നുവിളിക്കുന്നു. പ്രപഞ്ചമാതാവും ജഗത്തിനു മുഴുവൻ ആധാരഭൂതയുമായ ഈ ദേവിയെ പലരും പലതരത്തിലാണ് കാണുന്നത്. മനോവൃത്തിഭേദമനുസരിച്ചാണ് ഈ വ്യത്യസ്ത സങ്കൽപങ്ങൾ.
താരത്തിൽ കണ്ടിടുന്നു ചില പെരിയ ജനം
നിത്യവും നിന്നെ മൂലാ-
ധാരത്തിൽ പിന്നെ വേറെച്ചില, രപരജനം
താമരത്താരിനുള്ളിൽ
സാരത്തെത്തേടിടുന്നോരൊരു പൊഴുതുമഹോ
നിന്നെയല്ലാതൊരന്യാ
കാരത്തെക്കണ്ടിടുന്നില്ലയി ! മധുരസമു-
ദ്രോത്ഭവേ ഭൂർഭുവസ്വഃ.
ഋഷിമാർ ഓങ്കാരത്തിലും സാധകർ മൂലാധാരത്തിലും ഭക്തന്മാർ താമരപ്പൂവിലും ദേവിയെ കാണുന്നു. എല്ലാം ഒരേ രൂപത്തിന്റെ സങ്കൽപഭേദങ്ങൾ മാത്രം.
പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി സംഹാരങ്ങൾക്കു കാരണഭൂതരായ ത്രിമൂർത്തികളുടെ മാതാവാണ് ഈ ദേവി. അമ്മയുടെ മുമ്പിൽ ഇവർ വെറും കൊച്ചുകുട്ടികൾ.
ചെന്നൂലാൽ പുത്രനേകൻ പണിവതു ഭുവനം
കേടുപോക്കുന്നിതന്യൻ
വെന്നൂലാലന്യനയ്യോ പുനരിതു കരിനൂലാലെ
കത്തിച്ചിടുന്നു.
മുന്നൂലും വേണ്ടതേകിത്തനയരുടെ ശിശുക്രീഡ
കാണ്മാനിവണ്ണം
നിന്നീടും നീ തുണച്ചീടടിയനയി ജഗജ്ജാല
മൂലായമാനേ.
മൂന്നുവർണ്ണത്തിലുള്ള നൂലുകളെയാണിവിടെ പരാമർശിക്കുന്നത്. ചുവന്ന നൂൽ സൃഷ്ടിയേയും വെളുത്ത നൂൽ സ്ഥിതിയേയും കറുത്ത നൂൽ സംഹാരത്തെയും സൂചിപ്പിക്കുന്നു. പ്രപഞ്ചത്തിലെ സൃഷ്ടി സ്ഥിതി സംഹാരങ്ങളേയാണ് ഇവിടെ വിവക്ഷ.
വിഭക്തത്രൈവർണ്യം വ്യതികരിതനീലാംബുജതയാ
വിഭാതി ത്വന്നേത്രനിയമിദമീശാനദയിതേ
എന്ന സൗന്ദര്യലഹരിയിലെ ആശയത്തിന്റെ വികാസമാണിവിടെ കാണുന്നത്. ത്രിമൂർത്തികൾക്ക് ആവശ്യാനുസരണം നൂലുനൽകി അവരുടെ ബാലലീലകൾ കണ്ടുരസിക്കുകയാണ് അമ്മ. 'ശിശുകീഡ' എന്തെന്നും ശിശുക്കൾ ആരെന്നും അറിയുമ്പോഴാണ് സമാപത്തുനിൽക്കുന്ന മാതാവിന്റെ മഹത്ത്വം ബോധ്യപ്പെടുന്നത്. ത്രിമൂർത്തികളെ കേവലം ശിശുക്കളായും സൃഷ്‌ടി, സ്ഥിതി സംഹാരങ്ങളെ അവരുടെ വിനോദമായും സങ്കൽപിച്ചതിലൂടെ വിശ്വമാതാവെന്ന ഉദാത്തകൽപനയാണ് തെളിഞ്ഞുവരുന്നത്.
ഇതേ ആശയം മറ്റൊരുവിധത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത് അവതരണത്തിലെ പുതുമകൊണ്ട് ആസ്വാദ്യകരമാണ്.
സൃഷ്ടിക്കേകൻ, പ്രതിഷ്ഠക്കൊരുവന, നതഖിലം
സംഹരിപ്പാനൊരാളീ-
മട്ടിൽക്കൂറിട്ടു മൂർത്തിത്രയബഹുലതയാ
യിന്നു നിൻ പൂർവപുത്രൻ
കട്ടിക്കാരൻ ത്രിസൂത്രപ്പണി പണിതഴകോ-
ടുള്ളതെല്ലാം മറച്ചി-
ക്കെട്ടിക്കൂട്ടും ജഗൽക്കമ്പനിയുടെമുതലാ-
ളത്തി നീയത്യുദാരേ!
ലോകത്തെ ഒരു കമ്പനിയായും ദേവിയെ അതിന്റെ ഉടമസ്ഥയായും സങ്കല്പിച്ചിരിക്കുകയാണ്. മനോഹരമായി പണിതുയർത്തിയ ഈ കമ്പനിയുടെ ഉള്ളിൽ എന്താണു നടക്കുന്നതെന്ന് പുറമേനിന്നു നോക്കുന്നവർക്ക് അറിയില്ല. പ്രപഞ്ചത്തിന്റെ ദുരൂഹതയോടാണ് ഇതിനെ സാദൃശ്യപ്പെടുത്തുന്നത്. പ്രപഞ്ചത്തിലെ സൃഷ്ടി സ്ഥിതി സംഹാരങ്ങളെക്കുറിച്ചൊന്നും നമുക്കു വലിയ ധാരണയില്ല. കൃത്യമായ പ്രവൃത്തിവിഭജനം നടത്തിയപോലെ ഇതെല്ലാം മുറതെറ്റാതെ നടക്കുന്നുണ്ടെന്നു മാത്രമേ നമുക്കറിയൂ. അതിന്റെ രഹസ്യമെല്ലാം നമ്മിൽനിന്നും മറച്ചുവെച്ചിരിക്കുകയാണ്. ഈ ജഗൽക്കമ്പനിയുടെ മുതലാളത്തിയാണ് ത്രിപുരസുന്ദരി. അവിടെ വിവിധ വിഭാഗങ്ങളുടെ ചുമതലക്കാരായി പ്രവർത്തിക്കുകയാണ് ബ്രഹ്മാവും വിഷ്ണുവും ശിവനും. ത്രിമൂർത്തികളുടെമേൽ ദേവിക്കുള്ള നിയന്ത്രണത്തെ ഈ കല്പന എത്ര വിദഗ്ധമായി ആവിഷ്കരിക്കുന്നു.
മായാമയമായ പ്രപഞ്ചത്തെ കമ്പനിയോടു സാദൃശ്യപ്പടുത്തിയത് കുറച്ചുകൂടി വിശദീകരിക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്താണ് കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നത്. 1874ൽ കോഴിക്കോട്ട് കേരളത്തിലെ ആദ്യത്തെ ഓട്ടുകമ്പനി സ്ഥാപിക്കപ്പെട്ടു. തിരുവണ്ണൂരിൽ കോട്ടൺമിൽ തുടങ്ങുന്നതും ഇക്കാലത്താണ്. കമ്പനികളുടെ പ്രവർത്തനത്തെക്കുറിച്ച് സാധാരണജനങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. ഈ അജ്ഞതയുടെ ഒരു മാതൃക ഇന്ദുലേഖയിൽ കാണാം. കേശവൻനമ്പൂതിരി നൂൽക്കമ്പനിയെക്കുറിച്ച് ലക്ഷ്‌മിക്കുട്ടിയമ്മയോടു വിശദീകരിക്കുന്ന ഭാഗം നോക്കുക
എന്തൊരത്ഭുതം! ഈ നൂൽക്കമ്പനി ഇന്നു ഇത്ര ഘോഷമായി കേൾക്കുന്നത് എല്ലാം ഒരു ഇരുമ്പുചക്രമാണ്. ആ ചക്രം ഈ നൂൽ ഒക്കെയും ഉണ്ടാക്കുന്നു. ആ ചക്രത്തെ തിരിക്കുന്നത് പൊകയാണ് പൊക. ശുദ്ധ പൊക. എന്നാലോ, പൊക നമ്മുടെ അടുക്കളയിൽ നിന്നുണ്ടാവുന്നതുപോലെ കണ്ണിലും മറ്റും ലേശം ഉപദ്രവിക്കില്ല. ആ കമ്പനിക്ക് ഒരു വലിയ വാല് മേലോട്ടു വെച്ചിരിക്കുന്നു. കൊടിമരംപോലെ വലിയ വാല്. അത് പൊക പോവാനാണ് എന്നാണ് പറയുന്നത്. എന്നാൽ എനിക്കു സംശയമുണ്ട്. അതിന്റെ ഉള്ളിൽ എന്തോ ചില വിദ്യകൾ ഉണ്ട്. അത് മിടുക്കന്മാരായ വെള്ളക്കാർ പുറത്തു പറയുകയില്ല. അങ്ങനെ വന്നതും ഇല്ലാതെ ആ ഇരുമ്പുകൊണ്ടുള്ള കമ്പിയും തൂശികളും പറഞ്ഞപോലെ കേൾക്കുമോ?
കമ്പനികളെക്കുറിച്ച് സാമാന്യജനങ്ങൾക്കുണ്ടായിരുന്ന ധാരണ ഇതായിരുന്നു. കമ്പനിയുടെ പ്രവർത്തനത്തെ അജ്ഞേയമായ പ്രപഞ്ചത്തോടു സാദൃശ്യപ്പെടുത്താൻ കവിമനസ്സിനെ പ്രേരിപ്പിച്ചത് ഇതായിരിക്കണം. കമ്പനി നടത്തിപ്പുകാരായ വെള്ളക്കാരുടെ ശേഷിയിലും ശേമുഷിയിലുമുള്ള വിശ്വാസമാണ് ജഗൽക്കമ്പനിയുടെ ഉടമസ്ഥയായി ദേവിയെ സങ്കൽപ്പിച്ചതിനടിസ്ഥാനം. അന്നത്തെ കാലത്ത് അതൊരു പുതുമ കലർന്ന കൽപ്പന തന്നെ.
ദേവിയും കവിയും തമ്മിൽ അമ്മയും മകനുമെന്ന ബന്ധമാണ് സ്തവങ്ങളിലൂടെ തെളിയുന്നത്. ഒറവങ്കരയുടെ സ്തവങ്ങൾ വ്യതിരിക്തമാകുന്നത് ഈയൊരു സവിശേഷതമൂലമാണ്. അനുഗ്രഹത്തിനുവേണ്ടി ദേവിയുടെ മുമ്പിൽ ഭക്തിപുരസ്സരം കൈകൂപ്പി നിൽക്കുന്ന ഒരു ഭക്തന്റെ ചിത്രമല്ല സ്‌തവങ്ങളിൽ കാണുന്നത്. മറിച്ച് വാത്സല്യനിധിയായ അമ്മയും മകനും തമ്മിലുള്ള ബന്ധമാണ്.
..............നിൻ കിടാവാകമൂലം
നമ്മെപ്പോലിപ്രഞ്ചത്തിലുദധിസുതേ
ധന്യനായന്യനുണ്ടോ?
എന്നു ചോദിക്കുന്നതിൽ നിന്നും ആ ബന്ധത്തിന്റെ ദാർഢ്യം മനസ്സിലാക്കാം.
ദേവീവ്യപാശ്രയസ്തോത്രത്തിൽ തീവ്രമായ വിശ്വാസത്തോടെ ദേവിയിൽ അഭയം തേടുന്ന കവിയെ കാണാം. മനസ്സും ശരീരവും ദേവിക്കു പരിപൂർണ്ണമായി സമർപ്പിച്ചുകൊണ്ട് മറ്റൊരാശ്രയസ്ഥാനമില്ലെന്ന അവസ്ഥയെയാണ് വ്യപാശ്രയം എന്ന പദം അർഥമാക്കുന്നത്. അഭയംതേടുന്നതിനുള്ള കാരണങ്ങൾ ആദ്യമേ വ്യക്തമാക്കുന്നു. ജീവിതത്തിൽ നല്ല പ്രവൃത്തികൾ ഒന്നുംതന്നെ ചെതിട്ടില്ല. തെറ്റുകളനവധി ചെയ്തുകൂട്ടുകയും ഉണ്ടായി. ഒടുവിൽ ലഭിക്കാവുന്ന ശിക്ഷയോർത്താണ് ഭയം മുഴുവൻ.
സൽപാത്രത്തിലൊഴിച്ചതില്ലൊരു തവി-
ത്തോയം ഗുരുശ്രീപദ-
പ്പൊൽപൂവൊന്നു തലോടിയില്ല; സമയേ
ചെയ്തീല സന്ധ്യാർച്ചനം
കെൽപേറും യമരാജകിങ്കരകര വ്യാപാര
ഘോരാമയം
നില്പാനുള്ള മരുന്നു ഞാൻ കരുതിയി-
ല്ലമ്മേ പരം മേ ഭയം
ചെയ്യേണ്ടതു ചെയ്യാതെയും അരുതാത്തതുമുഴുവൻ ചെയ്തുകൂട്ടിയും ജീവിച്ചതുകൊണ്ട് രൗരവാദി ഘോരനരകങ്ങളിൽ കിടന്നു കഷ്ടപ്പെടേണ്ടിവരുമോ എന്ന ആശങ്കയുണ്ടെങ്കിലും ദേവിയുടെ അനുഗ്രഹമുണ്ടെന്ന ആശ്വാസം ആ ഭയത്തെ ഇല്ലാതാക്കുന്നു.
ദുഷ്‌കർമ്മം ചെയ്തിരിക്കാമഹ, മതുമുഴുവൻ
ചിത്രഗുപ്തന്‍ കണക്കില്‍
ബുക്കിൽ കൊള്ളിച്ചിരിക്കാം യമനുമിതിനു
കണ്ടോട്ടെയെന്നായിരിക്കാം
മുക്കണ്ണപ്രാണനാഥേ ഭഗവതി തവ തൃക്കാ
ലെഴും കാലമാരും
മുഷ്കെന്നിൽ ച്ചെയ്യുമെന്നുള്ളൊരു ഭയമടി-
യന്നില്ല പുല്ലാണിതെല്ലാം.
ദേവിയെ ശരണം പ്രാപിച്ചാൽ ഏതാപത്തിൽ നിന്നും തനിക്കു രക്ഷ കിട്ടുമെന്ന ദൃഢവിശ്വാസമാണ് കവിക്ക് ധൈര്യം നൽകുന്നത്. ദേവീവ്യപാശ്രയ സ്തോത്രത്തിൽ മനസ്സും ശരീരവും ഉപാസനാമൂർത്തിക്കു സമർപ്പിച്ചുകൊണ്ട് അഭയം തേടുന്ന കവിഹൃദയം കാണാൻ കഴിയുന്നു.
ഏതൊരു ഭക്തന്റെയും ആഗ്രഹമാണ് മോക്ഷം. ജനനമരണചക്രത്തിൽ നിന്നും മോചനം ആഗ്രഹിക്കുന്ന കവിക്ക് തന്റെ ശരിയല്ലാത്ത പ്രവൃത്തികൾ വെച്ചു നോക്കുമ്പോൾ അത് സാധിക്കുമോ എന്നു സംശയമുണ്ട്. ഇപ്പോൾത്തന്നെ മടുത്തുകഴിഞ്ഞ മനുഷ്യജന്മം വീണ്ടും ലഭിക്കണമെന്ന് ഒട്ടും മോഹവുമില്ല.
ബ്രഹ്മാവിന്റെയുമന്തകന്റെയുമഹോ! ഡിപ്പാ-
ർട്ടുമെണ്ടിൽക്കിട-
ന്നമ്മേ ! ഞാൻ തിരിയുന്നിതെത്ര യുഗമാ-
യെന്നാണിതിൻ മോചനം?
ധർമ്മാധർമ്മപരീക്ഷണത്തിനിനിമേൽ
കാലന്റെ കച്ചേരിയിൽ
ചെമ്മേ ഹാജരെനിക്കിളച്ചുതരണേ;
തദ്ദർശനം കർശനം.
ജനനമരണങ്ങളിൽ കുടുങ്ങി കഷ്‌ടപ്പെടുന്ന മനുഷ്യജന്മങ്ങളുടെ അത്യന്തദയനീയമായ അവസ്ഥയും ആത്യന്തികമായ മുക്തിക്കു വേണ്ടിയുള്ള ഇച്ഛയും ഇതിൽ പ്രതിഫലിക്കുന്നു. ബ്രഹ്മാവിന്റെയും അന്തകന്റെയും ഡിപ്പാർട്ടുമെന്റിൽ കിടന്നു വട്ടംതിരിയുന്ന കാര്യം ഓർക്കുന്നതുതന്നെ ദുസ്സഹമാണ്. അതോർത്ത് നിരുദ്ധകണ്ഠനാകുന്ന കവിയുടെ നെടുവീർപ്പാണ് അഹോ എന്ന പദത്തിലൂടെ വ്യഞ്ജിക്കുന്നത്. തന്റെ ദൈന്യം അമ്മയുടെ സമക്ഷം അവതരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പക്ഷേ, ഉദ്വേഗംകൊണ്ട് വാക്കുകൾ തടയുന്ന അവസ്ഥയുണ്ടാകുന്നു. ഈപ്രയോഗം അസ്ഥാനത്ത് പാദപൂരണത്തിനുവേണ്ടി പ്രയോഗിച്ച നിരർഥകപദമായികണ്ട് കല്ലുകടിച്ചതുപോലെ അനുഭപ്പെട്ടവരുമുണ്ട്. (അകവൂർ നാരായണൻ-വെണ്മണിപ്രസ്ഥാനം).
ജീവിതത്തിൽ കോടതിവ്യവഹാരവുമായി ബന്ധപ്പെട്ട് പലപല ഡിപ്പാർട്ടുമെന്റുകൾ കയറിയിറങ്ങിയതിന്റെ അനുഭവം കവിക്കുണ്ട്. ഒരു കോടതിയിൽനിന്നും മറ്റൊരു കോടതിയിലേക്കു കേസു മാറിമാറി വിധിയാവാതെ നീണ്ടുപൊയ്ക്കൊണ്ടിരുന്നു. മനുഷ്യജീവിതമാകുന്ന കേസും ബ്രഹ്മാവിന്റെയും അന്തകന്റെയും ഡിപ്പാർട്ടുമെന്റിൽ കിടന്നുതിരിയുകയാണ്. ന്യായാധിപനാകട്ടെ അന്തിമവിധി പറയാതെ കേസ് നീട്ടിക്കൊണ്ടു പോകുകയാണ്. അതുകൊണ്ടാണ് വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യേണ്ടി വരുന്നത്. കവിയുടെ ജീവിതാനുഭവങ്ങളോടു ബന്ധപ്പെടുത്തിയതാണ് ഈ ശ്ലോകത്തിന്റെ സ്വാരസ്യം വർദ്ധിപ്പിക്കുന്നത്.
ജീവിതപ്രാരബ്ധങ്ങൾ വ്യക്തമാക്കുന്നതിന് കഥകളിലോകത്തുനിന്നുള്ള മറ്റൊരു കല്പന നോക്കാം. സ്തവങ്ങളെ സൗന്ദര്യാത്മകമായി ആവിഷ്കരിക്കുന്നതിനുള്ള കവിയുടെ സാമർത്ഥ്യത്തിനു നിദർശനമായി ഇതിനെ കണക്കാക്കാം. ജീവിതത്തെ ഒരു കളിയോഗമായി കവി കാണുന്നു. പണ്ടത്തെ കളിയോഗങ്ങളിലെ കലാകാരന്മാർക്ക് നിസ്സാരമായ പ്രതിഫലമേ ലഭിച്ചിരുന്നുള്ളൂ. കഥകളിപ്പെട്ടിയും തലയിലേന്തിവേണം കളിസ്ഥലത്തെത്താൻ. അരങ്ങിലോ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കും യാതൊരു സ്ഥാനവുമില്ല. എന്തെല്ലാം വേഷങ്ങൾ കെട്ടണം? വിസ്തരിച്ചഭിനയിക്കേണ്ടതും ആട്ടപ്രധാനവുമായ പദങ്ങൾ ചൊല്ലിയാടുന്നത് അത്രമാത്രം ക്ലേശകരമാണ്! പല്ലവിയും അനുപല്ലവിയും ചരണവുമടങ്ങുന്ന ഒരു ഖണ്ഡം ചൊല്ലിയാടുമ്പോഴേക്കും തളർന്നവശനായ തന്നോട് അടുത്ത ഖണ്ഡം കൂടി പാടി അഭിനയിക്കാൻ നിർബന്ധിക്കരുതെന്നാണ് അഭ്യർത്ഥന.
ഞാനെന്നോ ചേർന്നുമായേ ഹഹ തവകളി-
യോഗത്തിലെന്തൊക്കെ വേഷം
മാനം കൂടാതെകെട്ടീ ശിവ ശിവ പദമേ
തൊക്കെയും ചൊല്ലിയാടീ
നാനായാസാൽത്തളർന്നേൻ നടനരസമൊടീ-
ഖണ്ഡവും കൂടിയാടി-
പ്പാനോർക്കൊല്ലേ ശിവേ! തക്കിട കിട തികിടാ
നിർത്തി മേ നൃത്തമെല്ലാം
തക്കിട കിട തികിടാ എന്ന പ്രയോഗം ആട്ടം അവസാനിപ്പിക്കുന്ന കഥകളിയിലെ കലാശത്തെ സൂചിപ്പിക്കുന്നു.
സ്തവവും ഭക്തിയും തമ്മിൽ സാധനസാധ്യഭാവസംബന്ധമാണുള്ളത്. ഭക്തി രണ്ടുവിധത്തിലാവാം. സകാമവും നിഷ്കാമവും. സകാമഭക്തിയിൽ സ്തോതാവിന്റെ ആഗ്രഹനിവൃത്തിയാണ് ലക്ഷ്യം. ഭൗതികോൽക്കർഷം, ധനലാഭം, രോഗമുക്തി ഇവയൊക്കെ ലക്ഷ്യമാകാം. മനോവാക്കർമ്മങ്ങളിലൂടെ തന്റെ ഹൃദയം പൂർണ്ണമായി ഈശ്വരനു സമർപ്പിക്കുകയാണ് സ്തോതാവ് ചെയ്യുന്നത്. നിഷ്‌കാമഭക്തിയിലാകട്ടെ ലൗകികമായ അഭിലാഷങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. ഒറവങ്കരയുടെ സ്‌വങ്ങളിൽ നിഷ്കാമഭക്തിയുടെ ലക്ഷണങ്ങളാണ് പൊതുവേ തെളിഞ്ഞുകാണുന്നത്. ക്ഷണികവും നശ്വരവുമായ മനുഷ്യജീവിതത്തെക്കുറിച്ച് വ്യക്തമായ ബോധമുണ്ടായിരുന്ന കവിയായിരുന്നു ഒറവങ്കര.
സമ്പത്തേകേണമെന്നോ, സപദി മമ വിപ-
ത്തൂക്കു പോക്കേണമെന്നോ
വമ്പത്തം നൽകുവാനോ വലിയൊരു വിജയം
മേൽക്കുമേൽ ചേർക്കുവാനോ
സമ്പ്രത്യർത്ഥിച്ചിടുന്നില്ലടിയനവിരതം ചെ-
ന്തളിർ ച്ചന്തമേന്തും
നിമ്പത്തർച്ചിക്കുവാൻ മേ വരമരുളുകയേ
വേണ്ടുനാൾ തീണ്ടിടാതെ.
ജീവിതത്തിലെ സുഖദുഃഖങ്ങളെ സമഭാവത്തോടെ വീക്ഷിക്കാനും ജീവിതപ്രാരബ്ധങ്ങളെ തരണം ചെയ്യാനുമുള്ള കരുത്ത് പ്രദാനം ചെയ്യുന്ന മായികശക്തിയാണ് സ്തവങ്ങൾക്കുള്ളത്. നിർവേദമാണ് ഒറവങ്കരയുടെ സ്തവങ്ങളിലെ സ്ഥായിഭാവം. കസ്ത്വം, കോഹം കുത ആയാത എന്ന ശങ്കരാചാര്യരുടെ ചോദ്യം കവിയേയും അലട്ടുന്നുണ്ട്.
ഞാനാരാണെങ്ങുനിന്നാണിഹവര, വെവിടെ
യ്ക്കാണിനിപ്പോക്കു, സാധി
പ്പാനെന്തെല്ലാമെനിക്കുണ്ടിവിട മതിൽ മമ
പ്രേരണക്കാരനാരോ
എന്ന വേദാന്തിയുടേതായ അന്വേഷണത്വര ഒറവങ്കരയുടെ ജീവിതവീക്ഷണത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ സാരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജീവിതത്തെ ഗൗരവപൂർവ്വം സമീപിക്കുന്ന കവിയെയാണ് സ്തവങ്ങളിൽ കാണാൻ കഴിയുക.
ലഘുകവനങ്ങൾ: സ്തവങ്ങളിൽ നിന്നും ലഘുകവനങ്ങളിലേക്കു പ്രവേശിക്കുമ്പോൾ ഗിരിശൃംഗങ്ങളിൽ നിന്നും സമതലത്തിലെത്തിയ പ്രതീതിയാണുണ്ടാവുക. 'ഫലിതമധികമായ് രാജവിപ്രൻ ചമയ്ക്കും' എന്ന പ്രസ്താവത്തിനു മികച്ച മാതൃകകളാണിവ. വിഷയസ്വീകരണത്തിന് ഒരു പ്രമേയവും അന്യമല്ലെന്നതിന്റെ സൂചന കൂടിയാണ് ഈ കവിതകൾ. ശുഷ്കമായ വിഷയങ്ങൾ പുതുമ നിറഞ്ഞ കല്പനകളെക്കൊണ്ട് ആസ്വാദ്യമാക്കുന്നതിന്റെ ഉദാഹരണങ്ങൾ കൂടിയാണിവ.
ലഘുകവനങ്ങളിൽ പുതുമ നിറഞ്ഞതും അതിശയോക്തിപരവുമായ വർണ്ണനകളെക്കൊണ്ട് മനോഹരമാണ് 'ചെങ്ങല്ലൂരാന'. പ്രസിദ്ധ ഗജവീരനായിരുന്ന 'ചെങ്ങല്ലൂർ രംഗനാഥ'നെക്കുറിച്ചാണ് ഈ കവിത. 11 അടി 11/2 ഇഞ്ച് ഉയരമുണ്ടായിരുന്ന ലക്ഷണമൊത്ത ഈ ഗജവീരൻ അക്കാലത്തെ ഏറ്റവും തലയെടുപ്പുള്ള ആനയായിരുന്നു. തമിഴ്നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിലേക്ക് അഭിഷേകജലം കൊണ്ടുവരികയായിരുന്നു പ്രധാന ജോലി. ഉയരം കൂടിയതോടെ ഗോപുരം കടക്കാൻ വയ്യാതായപ്പോൾ 1906 ൽ ക്ഷേത്രം ഭാരവാഹികൾ 5000 രൂപയ്ക്ക് ചെങ്ങല്ലൂർ പരമേശ്വരൻ നമ്പൂതിരിക്ക് ആനയെ വിറ്റു. ഉത്സവങ്ങൾക്കും പുരങ്ങൾക്കും ജനങ്ങളുടെ ആകർഷണകേന്ദ്രമായിരുന്ന ഈ ആനയുടെ അസ്ഥികൂടം തൃശൂർ കാഴ്‌ചബംഗ്ലാവിൽ സൂക്ഷിച്ചിട്ടുണ്ട്.
വളരെ നാടകീയമായാണ് "ചെങ്ങല്ലൂരാന'യുടെ തുടക്കം.
എങ്ങാനും തെല്ലിളക്കം വരുകിലിളേ
മറ്റൊരാധാരമില്ലീ
ഞങ്ങൾ,ക്കൊന്നായുറപ്പോടമരുക ഫണമോ-
രായിരം കൊണ്ടുമൊപ്പം
മങ്ങാതെ താങ്ങിനിന്നീടുക ഭുജഗപതെ
ഭൂമിയെ; ത്തുംഗനാകും
ചെങ്ങല്ലൂരെ ഗ്ഗജേന്ദ്രൻ ധരണിയിലധുനാ
സഞ്ചരിക്കുന്നു മന്ദം.
അനന്തനോട് ആയിരം ഫണവുംകൊണ്ട് ഭൂമിയെ താങ്ങിനിർത്താനാണ് അഭ്യർത്ഥിക്കുന്നത്. കാരണം, ചെങ്ങല്ലൂരാന ഭൂമിയിലൂടെ പതുക്കെ സഞ്ചരിക്കുന്നു എന്നതുതന്നെ. അപ്പോൾത്തന്നെ ഭൂമിക്ക് ഇളക്കം തട്ടുമോ എന്നാണ് സംശയം. വേഗത്തിൽ നടന്നാൽ അക്കാര്യം ആലോചിക്കാനേ വയ്യ. ആനയുടെ ഭീമാകൃതിയെക്കുറിച്ച് വാച്യമായിട്ടൊന്നും പറയാതെ ഇത്തരമൊരു പ്രതികരണത്തിലൂടെ ആ ബോധം വായനക്കാരിലുണർത്താൻ പര്യാപ്തമാണ് ഈ അവതരണം. തുടർന്ന് ചെങ്ങല്ലൂരാനയുടെ മാഹാത്മ്യം കേട്ടറിഞ്ഞ് ഐരാവതത്തെ കയ്യൊഴിക്കരുതെന്ന് ഇന്ദ്രന് ഒരു ഉപദേശവും. മികച്ചതെല്ലാം തനിക്കു വേണമെന്ന വാശിയിൽ വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുന്ന ഇന്ദ്രന്റെ ചപലമനോഭാവത്തെ കവി തെല്ലൊന്നു പരിഹസിക്കുന്നുമുണ്ട്. എത്രമാത്രം ഉയരവും ഭംഗിയും കൂടിയാലും കല്പവൃക്ഷത്തിന്റെയും കാമധേനുവിന്റെയും സോദരത്വം രംഗനാഥനില്ലല്ലോ. ഇന്ദ്രന്റെ അഭിമാനമായ ഐരാവതത്തേക്കാൾ മികച്ചതാണ് രംഗനാഥനെന്നു വ്യംഗ്യം.
ചെങ്ങല്ലൂരാനയെ കണ്ടതുമുതൽ ഐരാവതത്തിന് അസുഖം തുടങ്ങിയതായി കാണിച്ച് ഇന്ദ്രൻ ദേവവൈദ്യന്മാരായ അശ്വിനീദേവന്മാർക്ക് എഴുത്തയക്കുന്നു. ഉടൻ എത്തണമെന്നാണ് എഴുത്തിൽ.
ഇന്ദ്രൻ തീ, ട്ടാശ്വിനേയ, ർക്കിഹ വരണമുടൻ
നിങ്ങളൈരാവതത്തി-
നിന്നെന്തോ രോഗഭാവം പ്രതിദിനമധികം
ദേഹകാര്‍ശ്യം കടുപ്പം
മന്ദാകിന്യാറ്റിലില്ലാ കുളി, യൊരു രസമി-
ല്ലഭ്രമൂവിഭ്രമത്തിൽ,
കുന്നൊക്കും രംഗനാഥേക്ഷണസമയമിതി-
ന്നുള്ളൊരാരംഭകാലം
രാജഭരണകാലത്തെ ഔദ്യോഗികകത്തിടപാടുകളുടെ രീതിയിലാണ് എഴുത്ത്.
ഇന്ദ്രൻ തീട്ട്- ആശ്വനേയർക്ക്, എന്നരീതിയിൽ. രോഗമെന്താണെന്ന് അറിയില്ലെങ്കിലും രോഗലക്ഷണങ്ങൾ എഴുത്തിൽ സൂചിപ്പിക്കുന്നുണ്ട്. ലക്ഷണംവെച്ച് രോഗനിർണ്ണയം ചെയ്യാൻ കഴിഞ്ഞാൽ വേണ്ട മരുന്നു വരുമ്പോൾ കരുതാമല്ലോ. അതുകൊണ്ടായിരിക്കണം എല്ലാം വിശദമായ എഴുതിയത്. ദേഹം മെലിഞ്ഞുവരുന്നതും ആറ്റിലെ കുളി നിലച്ചതും വപ്രക്രീഡയിൽ താല്‌പര്യമില്ലാത്തതുമാണ് ലക്ഷണങ്ങൾ. എന്നു മുതലാണ് ഇതു തുടങ്ങിയതെന്നും സുചിപ്പിക്കുന്നു. വൈദ്യന്‍ ചോദിക്കാവുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എഴുത്തിൽ നൽകുന്നുണ്ട്. എഴുത്തു വായിച്ചാൽ അശ്വിനീദേവന്മാർക്ക് രോഗം മനസ്സിലാവണം.
ജ്യോതിശ്ശാസ്ത്രപ്രമാണമനുസരിച്ച് സൂര്യനാണ് ചന്ദ്രനേക്കാൾ ഉയരത്തിൽ സ്ഥിതി ചെയ്യുന്നത്. പൗരാണിക മതമനുസരിച്ച് ചന്ദ്രനും. ഇതൊരു തർക്കവിഷയമായി തുടരുകയാണ്. ഇതിനൊരു പരിഹാരം കാണാം എന്ന വിശ്വാസത്തോടെ രംഗനാഥന്റെ പാപ്പാനെ വിളിച്ച് ആനപ്പുറത്തുകയറുമ്പോൾ ഇതിന്റെ സത്യാവസ്ഥ പറയണമെന്നും ഒരു മുണ്ട് സമ്മാനമായി തരാമെന്നും പറയുന്നു. സൂര്യചന്ദ്രന്മാരേക്കാൾ ഉയരമുണ്ട് രംഗനാഥനെന്ന അതിശയോക്തിയുടെ പാരമ്യത്തിലുള്ള ഈ കൽപ്പനയിലൂടെ ദീർഘകാലമായുള്ള ഒരു പ്രശ്‌നം താൻ അനായാസം പരിഹരിച്ചുവെന്ന നേരിയ ചിരിയും വിരിഞ്ഞുവരുന്നില്ലേ? ഭൂമിയിലെ പ്രസിദ്ധരായ ആനകൾ രംഗനാഥന്റെ അടുത്തെത്തുമ്പോൾ പൂച്ചക്കുട്ടികളെപ്പോലെ ചെറുതായിത്തീരുന്നതുമൂലം ഉടമസ്ഥർ തുച്ഛവിലക്കു മരക്കച്ചവടക്കാർക്കു വിൽക്കുന്നു. ഇത്തരത്തിലുള്ള അതിശയോക്തി പൂർണ്ണമായ കൽപനകളിലൂടെ നിർജ്ജീവമായ ഒരു വിഷയത്തെ ചമൽക്കാരപൂർണ്ണമായി ആവിഷ്കരിക്കുകയാണ് ഒറവങ്കര ചെയ്‌തിരിക്കുന്നത്.
'കൊച്ചിത്തീവണ്ടി' എന്ന കവിതയും ഇത്തരത്തിൽ ശുഷ്കമായ വിഷയം രസകരമായി അവതരിപ്പിക്കുന്നതാണ്. 1899 ൽ ദിവാൻ പി.രാജഗോപാലാചാരിയുടെ കാലത്താണ് ഷൊറണൂർ-കൊച്ചി തീവണ്ടിപ്പാത പണി തുടങ്ങിയത്. 1902 ൽ പണി പൂർത്തിയായി വണ്ടി ഓടിത്തുടങ്ങി. കവികൾക്ക് പുതുമയുള്ളൊരു വിഷയവും കിട്ടി. അനേകംപേർ ഇതിനെക്കുറിച്ച് കവിതയെഴുതുകയുണ്ടായത്രേ. തീവണ്ടി വന്നതുകൊണ്ടുണ്ടായ നേട്ടങ്ങൾ ഒറവങ്കര കാണുന്നതിങ്ങനെയാണ്.
മന്ദന്മാരുടെ ബുദ്ധിപോലിളകിയും
തട്ടിത്തടഞ്ഞും കുഴ
ങ്ങുന്നോരാ മുതുകാളവണ്ടി പെരുമാ-
റിപ്പോന്ന ദിക്കൊക്കെയും
നന്ദ്യാ നേർവഴിയേ മനീഷി മതി പോ
ലോടുന്ന തീവണ്ടി പോ-
കുന്നൂ; ദൂരമടുത്തു ബന്ധുവിരഹം
വേരറ്റു പാരിൽ പരം.
മന്ദന്മാരുടെ ബുദ്ധിപോലെ ഇഴഞ്ഞു നീങ്ങുന്ന കാളവണ്ടിയും മനീഷിമതിപോലെ ഓടുന്ന തീവണ്ടിയുമെന്ന കൽപന എത്ര ചമൽക്കാരപൂർണ്ണമാണ്. റോഡിലൂടെ ഇളകിയും തട്ടിത്തടഞ്ഞുമുള്ള കാളവണ്ടിയാത്രയുടെ ക്ലേശം പദപ്രയോഗംകൊണ്ടുതന്നെ പ്രകടമാകുന്നു. കാളവണ്ടിയുടെ വേഗത മണിക്കൂറിൽ 3-4 മൈലാണെന്ന് എന്റെ സ്മരണകളിൽ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് രേഖപ്പെടുത്തുന്നു. അക്കാലത്ത് വഴിയാത്രക്കും സാധനങ്ങൾ കടത്തുന്നതിനും കാളവണ്ടിയാണ് ഉപയോഗിച്ചിരുന്നത്. തീവണ്ടി വന്നതോടെ ദൂരം ഒരു പ്രശ്‌നമല്ലാതായി. ആയിരം പേർക്ക് സഞ്ചരിക്കാവുന്നതാണെങ്കിലും വേഗത ഗരുഡനേക്കാൾ കൂടും. ഭൂമിയിലെ വിമാനമായ തീവണ്ടി മനുഷ്യന്റെ ബുദ്ധിശക്തിയുടെ മകുടോദാഹരണമാണ്. ചീറിപ്പാഞ്ഞുപോകുന്ന തീവണ്ടിയും രാമബാണവും തമ്മിൽ ഒരുവ്യത്യാസവും കവി കാണുന്നില്ല. ലക്ഷ്യത്തിലെത്തിയല്ലാതെ രണ്ടിനും വിശ്രമമില്ല. തന്നെ ആശ്രയിക്കുന്നവരെ മുഴുവൻ സംരക്ഷിച്ചുകൊണ്ട് ഉദ്ദിഷ്ടസ്ഥാനത്തെത്തിക്കുന്ന തീവണ്ടി ആഢ്യന്മാരെയും അഗതിക്കൂട്ടങ്ങളേയും ഒരുപോലെ സംരക്ഷിക്കുന്ന കൊച്ചിരാജാവിനു തുല്യമാണെന്ന രാജസ്തുതി കൂടി ചേർക്കാൻ കവി മടികാണിക്കുന്നില്ല.
കൊച്ചിത്തീവണ്ടി യാത്ര തുടങ്ങിയതോടെ സംഭവിച്ച അപകടങ്ങളും കവി കാണാതിരിക്കുന്നില്ല. വേഗതയിൽ അഹങ്കരിച്ചിരുന്ന ഗരുഡന്റെ ഹൃദയം തകർന്നു. കാറ്റിനു മാലിഖാൻ കിട്ടി. (ബ്രിട്ടീഷ് സർക്കാർ അധികാരമൊഴിപ്പിച്ച നാട്ടുരാജാക്കന്മാർക്കു് കൊടുത്തിരുന്ന നാമമാത്രമായ പ്രതിഫലമാണ് മാലിഖാൻ.)
1907 ലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഭീതിദമായ ഓർമ്മയാണ് '1088-ലെ മലവെള്ളപ്പൊക്കം'. കർക്കിടകം 20 മുതൽ മൂന്നുമിവസം നിർത്താതെ പെയ്ത മഴയിൽ എല്ലായിടത്തും വെള്ളം കയറി..
പിറ്റന്നാൾ പുഴവക്കുകാർക്കു മലമൂ-
ത്രോത്സർഗമംഭസ്സിലായ്
മുറ്റം നിഷ്‌കുടമെന്നിതൊക്കെ മുഴുകി-
പ്പാരിൽപ്പരന്നൂ ജലം;
ചുറ്റും വേലിപൊളിഞ്ഞൊലിച്ചു പടിയും,
പിറ്റേദ്ദിനം സ്നാനവും
മറ്റും ചെയ്‌തവരും കുളം നിലവറ-
യ്ക്കുള്ളായതുള്ളാലയേ.
യുദ്ധത്തിൽതോറ്റ രാജാവിന്റെ നഗരം കൊള്ളയടിച്ച് എല്ലാം കൈക്കുലാക്കുന്ന സൈന്യത്തെപ്പോലെ വീടുകളിൽ വെള്ളം കയറി ജനങ്ങളെയെല്ലാം ആട്ടിയകറ്റി. വസ്‌തുവകകളെല്ലാം തന്റെ അധീനത്തിലാക്കി. നിത്യവും ഓത്തുട്ടുള്ള അമ്പലത്തിൽ ഉച്ചയൂണിന് റെയിൽ മാർഗ്ഗംപോയ ചിലർ കണ്ടത് ക്ഷേത്രത്തിന്റെ ഓട്ടിൻപുറത്തിരുന്നു മീൻ പിടിക്കുന്ന കൊക്കിനേയാണ്. ആഷാഢമാസത്തിൽ ഗണപതിഹോമം ചെയ്യുന്നത് ഉത്തമമാണെന്നുകരുതി ഒരു ബ്രാഹ്മണൻ അതിനാരംഭിച്ചു. അഗ്നിസംസ്കാരം കഴിഞ്ഞപ്പോഴേക്കും ഹോമകുണ്‌ഡത്തിൽ വെള്ളം നിറഞ്ഞു. ഹവനം പിന്നീട് തർപ്പണത്തിൽ കലാശിച്ചു.
വെള്ളപ്പൊക്കത്തിന്റെ ഭീകരാവസ്ഥയും അത് വരുത്തിവെച്ച കഷ്ടപ്പാടുകളും ഹൃദയസ്പൃക്കായ വിധത്തിൽ ആവിഷ്ക്കരിക്കുന്ന ഈ കൃതിയിലെ,
പാടത്തെ കൃഷി - ഹാ! പ്രിയേ വിശറിയെ
ങ്ങാഹന്ത ! തണ്ണീർതല-
യ്ക്കാടൂ ചൂടുസഹിച്ചുകൂട കഠിനം
ദുർദൈവ ശിക്ഷാക്രമം
എന്ന ശ്ലോകാർദ്ധം ചൊല്ലി അപ്പൻ തമ്പുരാൻ കണ്ണീർ വാർക്കുന്നതു കണ്ടിട്ടുണ്ടെന്നു ഉള്ളൂർ അനുസ്‌മരിക്കുന്നു. (കെ.ടി. രാമവർമ്മ, കൈരളീവിധേയൻ രാമവർമ്മ അപ്പൻ തമ്പുരാൻ പൂ. 93)
നടുവത്തച്ഛന് ആരോഗ്യം നേർന്നുകൊണ്ടുള്ള കവിതയാണ് ആരോഗ്യപ്രാർഥന. കാലിൽ ചെരിപ്പിട്ടതുമൂലമുണ്ടായ വ്രണം പഴുത്തതുമൂലം ശയ്യാവലംബിയായ നടുവത്തച്ഛന്റെ രോഗശമനത്തിനായി മനസ്സുരുകി പ്രാർഥിക്കുന്ന കവിയെ ഇതിൽ കാണാം. കണ്ടുനിൽക്കാൻ കഴിയാത്തവിധം കഷ്ടപ്പെടുന്ന നടുവത്തിന്റെ അവസ്ഥ അത്യന്തം ദയനീയമാണ്.
വീശെന്നോതുന്നു, വീശും സമയവുമറിയാ-
തീശനാമം ചിലപ്പോൾ
പേശുന്നൂ, നോ പൊറുക്കാഞ്ഞിടയിടയിലിരു-
ത്തേണമെന്നോതിടുന്നൂ
ഈശാനപ്രാണനാഡി! പ്രളയമനുഭവി-
ക്കുന്നു, ഭാഷാകവീന്ദ്ര-
ർക്കാശാനാമീ മനുഷ്യൻ; ദശയിതു കഠിനം
കാണുവാൻ പ്രാണദണ്ഡം.
നടുവത്തിന്റെ വേദന സ്വന്തം വേദനയായാണ് ഒറവങ്കര കാണുന്നത്.
ഇദ്ദേഹം സാധുശീലൻ സരസകവിവരൻ
സർവലോകർക്കുമിഷ്ടൻ
വിദ്വാൻ വിഖ്യാതവൃത്തൻ തവചരണരതൻ
ബുദ്ധിമാൻ വൃദ്ധവൈദ്യൻ
സദ്യോജാതാർത്തിമൂലം സതതമുരുകി വേ-
വുന്നു നീയെന്തിങ്കല്‍
പ്രദ്വേഷം പേറിടുന്നുജനനി തവമനം
മാറിയാപ്പാറയായോ?
എന്നു ഉപാസനാമൂർത്തിയോടു ചോദിക്കാൻ കവി ധൈര്യപ്പെടുന്നത് ആത്മാർഥതമൂലമാണ്.
രണ്ടുസർഗങ്ങളുള്ള അപൂർണകൃതിയാണ് നാരദോപാഖ്യാനം. ഒന്നാംസർഗത്തിൽ 87 ശ്ലോകങ്ങളുണ്ട്. രണ്ടാം സർഗത്തിലെ 8 ശ്ലോകങ്ങളേ ലഭ്യമായിട്ടുള്ളു. ഒറ്റവാക്യത്തിൽ നാരദനെ പരിചയപ്പടത്തുന്നതിങ്ങനെയാണ്.
ഉണ്ടോ പുരാണകഥ, നാരദനുണ്ടതിങ്കൽ
തണ്ടാർദളാക്ഷികളിലംഗജനെന്നപോലെ.
പുരാണകഥകളിലെ നിത്യസാന്നിദ്ധ്യമായ നാരദനെ വെണ്മണി പ്രസ്ഥാനരീതിയിൽ പരിചയപ്പെടുത്തുകയാണ്. തുടർന്ന് നാരദന്റെ മഹത്ത്വങ്ങൾ വിവരിച്ചശേഷം അദ്ദേഹം ഒരിക്കൽ വൈകുണ്ഠത്തിൽ മഹാവിഷ്ണുവിനെ സന്ദർശിച്ച കഥ വിവരിക്കുന്നു. ആയിരം സൂര്യചന്ദ്രന്മാരുടെ പ്രഭയോടെ വിളങ്ങുന്ന വൈകുണ്‌ഠത്തിന്റെ വർണ്ണന മനോഹരമാണ്.
കേടറ്റ കോട്ടകൾ കിടങ്ങുകൾ ഗോപുരങ്ങൾ
മേടസ്ഥലങ്ങളിവ ഹേമമണീമയങ്ങൾ
മാടൊക്കെയും സുരഭി, വീടുകളമ്പലങ്ങൾ
കാടൊക്കയും തുളസി, യപ്പടി തൽപ്രദേശം
സമ്പൂർണ്ണ രത്നകലശങ്ങൾ നിരന്നുനിൽക്കുന്ന പ്രദേശവും കടന്ന് വിണുവിന്റെ ശയനാഗാരത്തിലെത്തിയതോടെ മുനി ആനന്ദതുന്ദിലനായി. നാരദനെ കണ്ടമാത്രയിൽ ലക്ഷ്മീദേവി വിഷ്ണുവിന്റെ സമീപത്തുനിന്നും എഴുന്നേറ്റ് അകത്തേക്കു പോയി. വിഷ്ണുവിന്റെ കുശലാന്വേഷണങ്ങൾക്കു മറുപടി പറയുന്നതിനു മുമ്പായി ലക്ഷ്മീദേവി എഴുന്നേറ്റ് അകത്തേക്കു പോയതിന്റെ കാരണം നാരദൻ അന്വേഷിക്കുന്നു. പരപുരുഷദർശനം കുലസ്ത്രീകൾക്കു യോജിച്ച ധർമ്മമല്ലെന്നു കരുതിയാണ് അങ്ങനെ ചെയ്തതെന്നു വിഷ്ണു മറുപടി നൽകി. മായാമയക്കടൽ തരണം ചെയ്തവനായ താൻ വരുമ്പോൾ ലക്ഷ്മി അങ്ങനെ ചെയ്തതിന്റെ പൊരുൾ നാരദനു മനസ്സിലായില്ല. മായയെ ജയിച്ചവരാരുമില്ലെന്നും മായയുടെ വൈഭവം കാണണമെങ്കിൽ തന്റെ കൂടെവരാൻ വിഷ്ണു നാരദനെ ക്ഷണിക്കുന്നു. ഗരുഡന്റെ പുറത്തു കയറി സഞ്ചരിക്കുന്നതാണ് എട്ടുശ്ലോകങ്ങളുള്ള രണ്ടാംസർഗത്തിൽ.
'കൂട്ടുകവിതകൾ' വെണ്മണിപ്രസ്ഥാനത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാണിച്ചുവല്ലോ. പല കവികൾ ഒരു വിഷയം പങ്കിട്ടെടുത്ത് രചന പൂർത്തിയാക്കുന്ന ഈ രീതി പിൽക്കാലത്ത് നോവൽ രചനയിലേക്കും വ്യാപിച്ചു. കൂട്ടുകവിതാ രീതിയനുസരിച്ച് പുരാണത്തിലെ ഇന്ദ്രദ്യുമ്‌നകഥയെ അവലംബിച്ച് ഒറവങ്കര രണ്ടുകൃതികൾ രചിച്ചിട്ടുണ്ട്. ഒന്ന് സംസ്കൃതവൃത്തത്തിലും മറ്റേത് ദ്രാവിഡവൃത്തത്തിലും. ഇന്ദ്രദ്യുമ്നൻ എന്ന ശീർഷകത്തിൽ വസന്തതിലകത്തിൽ രചിച്ച കൃതി പന്തളം കേരളവർമ്മയും ഉള്ളൂരും ഒറവങ്കരയും ചേർന്നെഴുതിയതാണ്. വഞ്ചിപ്പാട്ടുരീതിയിലെഴുതിയ ഗജേന്ദ്രമോക്ഷമാകട്ടെ, കുണ്ടൂർ നാരായണമേനോൻ, കോടശ്ശേരി കുഞ്ഞൻതമ്പാൻ, പോട്ടയിൽ രാമപൊതുവാൾ, ഒറവങ്കര എന്നിവർ ചേർന്നെഴുതിയതാണ്. ഇന്ദ്രദ്യുമ്‌നൻ എന്ന കൃതിയിൽ അഗസ്ത്യശാപം വരെ പന്തളം കേരളവർമ്മയും മുതല കാലിൽ പിടികൂടുന്നതുവരെ ഉള്ളൂരും ആനയും മുതലയുമായുള്ള പിടിവലിയും മോക്ഷപ്രാപ്‌തിയും അടങ്ങുന്നഭാഗം ഒറവങ്കരയുമാണ് പൂർത്തിയാക്കിയത്.
ഗജേന്ദ്രമോക്ഷം കഥയുടെ പുനരാഖ്യാനമെന്നതിൽക്കവിഞ്ഞ് ഇതിവൃത്തഘടനയിൽ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും കവികളുടെ രചനാപരമായ സാമർത്ഥ്യം അവർ കൈകാര്യം ചെയ്‌ത ഇതിവൃത്തഭാഗത്തു പ്രകടമാണ്. ആനയും മുതലയുമായുള്ള സമരരംഗം ഇന്ദ്രദ്യുമ്‌നനിൽ വർണ്ണിച്ചിരിക്കുന്നതു നോക്കുക.
വാലിട്ടടിച്ചു ജലമാസകലം കലക്കി-
ക്കാലിൽ കടിച്ച് കടിയൊന്നധികം മുറുക്കി
സ്ഥൂലിച്ച നക്രതിലകൻ കരികുഞ്ജരത്തെ-
ച്ചാലിൽ ചലൽക്ഷിതി പിടിച്ചു വലിച്ചിറക്കി.
മുതല സരസ്സിലേക്കു വലിച്ചിറക്കിയത് ആനയെ ക്ഷീണിപ്പിച്ചെങ്കിലും അത് സർവശക്തിയുമെടുത്ത് കരയിലേക്കു കയറാൻ ശ്രമിച്ചു.
വട്ടംപിടിച്ചു ചെവി, വക്ത്രമുയർത്തി, വാൽ മേൽ-
പ്പെട്ടങ്ങുയർത്തി നെടുതായ കരം ചുരുട്ടി
പുഷ്ടപ്രതാപനുടലേറ്റമൊതുക്കിയോടി-
പ്പെട്ടെന്നു ചെന്നു കരതൊട്ടു കരിപ്രധാനൻ.
ഇങ്ങനെ ആനയും മുതലയുമായുള്ള പിടിവലി വർഷങ്ങളോളം തുടർന്നു. വേനൽക്കാലത്ത് ഭൂമിയിലെ ജലംപോലെ ക്രമേണ ആനയുടെ ശക്തി ക്ഷയിച്ചു തുടങ്ങി. സമരവീര്യംമുഴുവൻ നശിച്ചു. വാലാട്ടുവാനും ചെവിയാട്ടുവാനും അശക്തനായി.
വാലാട്ടുവാനുമധികം ചെവിയാട്ടുവാനും
മേലാതശക്തത പെരുത്തെഴുമക്കരീന്ദ്രൻ
മാലാകുമാഴിയിലണഞ്ഞു ചിരാലതിന്റെ
കൂലാനുസാരമതി ദുർല്ലഭമായറിഞ്ഞു.
ആനക്കു സ്വന്തം ശരീരശക്തിയിലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടു. അതോടെ ഈശ്വരചിന്ത മനസ്സിൽ തെളിഞ്ഞു. സ്വയംരക്ഷക്ക് ശക്തിയില്ലെന്നു തോന്നുമ്പോഴാണല്ലോ മനുഷ്യരും ദൈവത്തെ ഓർക്കുന്നത്. വെള്ളത്തിൽ കിടന്നുകൊണ്ടുതന്നെ താമരപ്പൂക്കൾകൊണ്ട് വിഷ്ണുവിനെ അർച്ചിക്കുവാൻ തുടങ്ങി. ആർത്രത്രാണപരായണനായ വിഷ്ണു പ്രത്യക്ഷപ്പെട്ട് ഗജേന്ദ്രനെ രക്ഷിക്കുന്നു.
പണ്ടാചരിച്ച പലമാതിരിയുള്ള കുറ്റം
കൊണ്ടായിരിക്കു മടിയന്നപകാരമേവം
എന്ന പ്രാർത്ഥനയിൽ സ്‌തവങ്ങളിൽ അനുരണനം ചെയ്യുന കവിമനസ്സിന്റെ സ്‌പന്ദനം തന്നെയല്ലേ കേൾക്കാൻ കഴിയുന്നത്. ഇന്ദ്രദ്യമ്‌നനെപ്പോലെ സംസാരസാഗരത്തിൽനിന്നുള്ള കരകയറ്റം കവിയും ആഗ്രഹിക്കുന്നതാണ്. ഒന്നിനു പകരം നിരവധി മുതലകളാല്‍ പീഡിതനായ കവിക്കും മോക്ഷമാണ് പ്രാർഥിക്കുന്നത്. രണ്ടു കൃതിയിലും മോക്ഷപ്രാപ്തി ഒറവങ്കരക്കുതന്നെ ലഭിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
'വൈശികതന്ത്ര'ത്തിന്റെ മാതൃകയിൽ വെണ്മണിപ്രസ്ഥാനം പുനരുജ്ജീവിപ്പിച്ച കാവ്യരൂപമാണ് അംബോപദേശങ്ങൾ. മുത്തശ്ശി കൊച്ചുമകൾക്ക് വേശ്യാധർമ്മം കുലത്തൊഴിലെന്ന രീതിയിൽ ഉപദേശിച്ചുകൊടുക്കുന്നതാണ് ഇതിലെ പ്രമേയം. പരിഷ്‌കൃത സമൂഹത്തിന്റെ സന്മാർഗ്ഗനിഷ്ഠയുടെ നേർക്കുള്ള വെല്ലുവിളികളായി സാഹിത്യലോകം ഇവയെ വിലയിരുത്തുകയുണ്ടായി. ഭാരതത്തിലെ മറ്റൊരു സാഹിത്യത്തിനും സ്വപ്നം കാണാൻ കഴിയാത്ത അദ്ഭുതപ്രതിഭാസമെന്നു ചിലരൊക്കെ ഇവയെ വെള്ളയടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഗൗരവമുള്ള സാഹിത്യസൃഷ്ടികളുടെയിടയിൽ ഇവക്കു സ്ഥാനം കാണുകയില്ലെന്നു തീർച്ചയാണ്.
അംബോപദേശം രചിച്ചതിന്റെ പ്രായശ്ചിത്തമെന്നോണം 'ബാലോപദേശം' എന്നൊരു കൃതിയും ഒറവങ്കര രചിക്കുകയുണ്ടായി. മൂന്നു ഖണ്ഡങ്ങളിലായി 126 ശ്ലോകങ്ങളാണ് ഈ കൃതിയിലുള്ളത്. “ഈ ചെറിയ കൃതി വിഷയഗൗരവം കൊണ്ടും ഭാഷാലാളിത്യംകൊണ്ടും സാരോപദേശങ്ങൾകൊണ്ടും ഉത്തമകാവ്യമാണെന്നു പറയാം" എന്ന് ആർ. ഈശ്വരപിള്ള പ്രശംസിക്കുന്നു. ബാല്യത്തിൽ വിദ്യ അഭ്യസിക്കേണ്ടതിന്റെ പ്രാധാന്യത്തോടെയാണ് ഉദ്ബോധനം ആരംഭിക്കുന്നത്. അലസന് ഒരിക്കലും വിദ്യ വശത്താകില്ല. രാഗാദികളായ ദോഷങ്ങളെ തടുത്തുനിർത്തുന്നതിനുള്ള അഭ്യാസം ബാല്യത്തിലേ നേടണം. ദിനചര്യകൾ കൃത്യമായി പാലിക്കണം. നിത്യവും പ്രഭാതത്തിൽ ഉണരുന്നത് ആയുസ്സിനും വിദ്യക്കും ശ്രേയസ്സിനും കാരണമാകും. ബാലന്മാരെ മാത്രമല്ല മുതിർന്നവരേയും മനസ്സിൽ കണ്ടുകൊണ്ടാണ് ഈ കൃതി രചിച്ചിരിക്കുന്നതെന്ന് ഉള്ളടക്കം വ്യക്തമാക്കുന്നു.
ബാല്യത്തിൽത്തന്നെ വിദ്യ അഭ്യസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ആദ്യം ഉപദേശിക്കുന്നത്. വിദ്യാസമ്പാദനത്തിനുവേണ്ടിയല്ലാതെ ബാല്യത്തിൽ അരനിമിഷംപോലും കളയരുത്. കാരണം പോയകാലം പിന്നീട് തിരിച്ചുകിട്ടുകയില്ല. അലസനു വിദ്യ ഒരിക്കലും പ്രാപ്തമാവില്ല. വർദ്ധിച്ച ഉത്സാഹത്തോടുകൂടി ശാസ്ത്രാദികൾ പഠിക്കുന്നവനു മാത്രമേ ഉൾക്കണ്ണു തുറന്നു കിട്ടൂ. രാഗാദികളായ ആറുദോഷങ്ങളെ തടുത്തുനിർത്തേണ്ടതിന്റെ ആവശ്യവും വിസ്തരിക്കുന്നുണ്ട്. കൗടില്യൻ തന്റെ അർഥശാസ്ത്രത്തിൽ രാജാവ് ഈ ആറു ശത്രുക്കളെയും ജയിക്കണമെന്നു നിർദ്ദേശിക്കുന്നുണ്ട്. ദിനചര്യകൾ കൃത്യമായി പാലിക്കേണ്ടതിനെക്കുറിച്ചാണ് രണ്ടാം ഖണ്ഡത്തിൽ വിവരിക്കുന്നത്. മറ്റുള്ളവരുമായി സ്നേഹത്തിൽ കഴിയണം. സ്നേഹമുള്ളിടത്ത് ജന്മനാ ശത്രുക്കളായവർപോലും സഹവർത്തിത്വത്തിൽ കഴിയുന്നു. ഒരു ജീവിയേയും ഹിംസിക്കരുത്. അസത്യം പറയരുത്. അന്യരുടെ മുതൽ അപഹരിക്കയുമരുത്. മൂന്നാം ഖണ്ഡം ഒരു തുളുബ്രാഹ്മണബാലനുള്ള ഉപദേശമാണ്.
ഖണ്ഡകൃതികളിൽ കുചേലവൃത്തം ഓട്ടൻതുള്ളലാണ് പ്രമുഖസ്ഥാനം അവകാശപ്പെടുന്നത്. അപൂർണ്ണമായ ഈ തുള്ളലിന്റെ ഒരു കളം മാത്രമേ ലഭ്യമായിട്ടുള്ളൂ. രാമപുരത്തുവാര്യരെപ്പോലെ സ്വന്തം ജീവിതദൈന്യം കുചേലകഥയിലൂടെ ആവിഷ്കരിക്കാനുള്ള ശ്രമം ഈ കൃതിയിൽ കാണാം. ഫ്യൂഡൽപ്രഭുത്വത്തിന്റെ വർത്തമാനകാലദൈന്യം ഹൃദയസ്പൃക്കായ വിധത്തിൽ ഒറവങ്കര ചിത്രീകരിച്ചിട്ടുണ്ട്. ഫ്യൂഡൽ പ്രഭുക്കളായ നമ്പൂതിരിമാരെല്ലാം ധനാഢ്യരും സുഖസമൃദ്ധിയിൽ മതിമറന്നു കഴിയുന്നവരുമാണെന്ന സാമാന്യധാരണക്ക് അപവാദമാണ് കുചേലകഥ. ബ്രാഹ്മണനായ കുചേലൻ പണ്ടേ നിർധനനാണ്.
ദാരിദ്ര്യക്കടൽ നടുവിലഗാധത
പോരാഞ്ഞവനൊരു വേളി കഴിച്ചു.
അതോടെ പ്രശ്നങ്ങളും വർദ്ധിച്ചു. ഒരു നേരത്തെ ഭക്ഷണത്തിനു പോലും അവർ വിഷമിച്ചു. ഇല്ലത്തിന്റെ സ്ഥിതി ഏറെ കഷ്ടം തന്നെ.
ഇല്ലം കണ്ടാലധികം മോശം
കല്ലും മരവും തെല്ലും നാസ്തി
ഇല്ലിയു മീന്തൽപ്പട്ടയു മിഞ്ച-
പ്പുല്ലും കൊണ്ടാണറയും മറയും
പത്നിയെ വേണ്ടവിധം സംരക്ഷിക്കാൻ കുചേലന് സാധിച്ചില്ല. രണ്ടുപേർക്കും കൂടി ഉടുക്കാൻ ഒരു തുണി മാത്രം. അതിനാൽ പത്നി അന്തർജനമായിത്തന്നെ കഴിഞ്ഞുകൂടി. കാന്തയുടെ നാണമകറ്റാൻ ഭർത്താവ് നല്ലൊരു വഴി കണ്ടുപിടിച്ചു. പ്രിയയുടെ കയ്യിൽ ഒരു പിച്ചപ്പാളയെടുത്ത് നൽകി. പതി നൽകിയത് ഇരുകൈയും നീട്ടി വാങ്ങിയ കുചേലപത്നി അതുമായി അടുത്തുള്ള വീടുകളിൽ ചെന്നു ഭിക്ഷ യാചിക്കാൻ തുടങ്ങി. ആദ്യമാദ്യം നല്ല സ്വീകരണമായിരുന്നു. അരിയും നെയ്യും കറിക്കുള്ളതുമെല്ലാം ആദരപൂർവം നൽകി. ഞങ്ങളുള്ളപ്പോൾ ദാരിദ്ര്യദുഃഖമനുഭവിക്കേണ്ടിവരില്ലെന്ന മട്ടിലുള്ള ആശ്വാസപ്രകടനങ്ങൾ. ക്രമേണ ചിലർ അപ്രിയം പറയാനാരംഭിച്ചു. അരിക്കുപകരം നെല്ലുകൊടുക്കാന്‍ തുടങ്ങി. ചിലരാകട്ടെ മുഖത്തു നോക്കി 'ഇല്ല' എന്നു പറഞ്ഞു. ഭർത്താവിനോടു സങ്കടം പറയാമെന്നു കരുതിയെങ്കിലും ഭക്തിസാധനയില്‍ മുഴുകിക്കഴിയുന്ന അദ്ദേഹം സദാ തിരക്കിലാണ്. ഗൃഹങ്ങളിൽനിന്നും ഒന്നും കിട്ടാതായപ്പോൾ വിശപ്പടക്കാൻ ഫലമൂലാദികൾ തേടി നടന്നു ഒടുവിൽ,
നീളും നിശ്വാസത്തൊടു പുനരരി
വാളുമെടുത്തു നടന്നു തുടങ്ങി
ആളും ജഠര കൃശാനുവിനിരയാ-
ത്താളും തകരയുമായവസാനം
സാത്വികഗുണശീലയായ തനിക്ക് ഈ ഗതി വന്നതെന്തു കൊണ്ടെന്നൊർത്ത് വിപ്രപത്നി ദുഃഖിച്ചു. ഉച്ചക്കു ദാഹിച്ചുവന്ന പശുക്കൾക്ക് പച്ചവെള്ളം കൊടുക്കാതിരുന്നതു കൊണ്ടാകാമെന്ന് ആ ശുദ്ധമനസ്ക സ്വയം സമാധാനപ്പെടുന്നു. സങ്കടം സഹിക്കാനാവാതെ ആ സാധ്വി ഭർത്താവിനോട് തന്റെ തുറന്നു പറയാൻ തീരുമാനിക്കുന്നു.
വേരറ്റ ലതപോലെ, നീരറ്റ പുഴപോലെ
താരറ്റ മാലപോലെ, ദാരിദ്ര്യമൂർത്തിപോലെ
യാണ് കുചേലസവിധത്തിൽ അവർ ചെന്നു നിൽക്കുന്നത്. കഷ്ടപ്പാടുകൾ മുഴുവൻ നിരത്തിവെച്ചശേഷം ദുരിതശമനത്തിനായി ദീനരക്ഷകനായ ശ്രീകൃഷ്‌ണനെ ചെന്നുകാണാൻ അഭ്യർത്ഥിക്കുന്നു. ആശ്രിതരെ ശ്രീകൃഷ്‌ണൻ കൈവെടിയുകയില്ല. രാജസഭയിൽ വെച്ച് വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലിയെ രക്ഷിച്ചതും മരിച്ചുപോയ പത്തുപുത്രന്മാരേയും ബ്രാഹ്മണനു തിരികെ കൊണ്ടു കൊടുത്തതും ഇതിനുദാഹരണമാണ്. അങ്ങയുടെ ശരീരം കണ്ടാൽ ക്രൂരന്മാരുടെ മനസ്സുപോലും ആർദ്രമാകും. ശ്രീകൃഷ്‌ണന്റെ കാര്യം എല്ലാവർക്കും അറിയാം. അതിനാൽ ഭക്തവത്സലനായ ഭഗവാനെ അങ്ങു ചെന്നു കാണണം.
പത്നിയുടെ വാക്കുകേട്ട കുചേലൻ അവരെ സാന്ത്വനിപ്പിക്കാൻ ശ്രമിക്കുകയാണ്. “ബ്രഹ്മാവ് നിശ്ചയിച്ചത് മാറ്റാൻ മനുഷ്യനെക്കൊണ്ടാകുമോ? ധനം എത്രയുണ്ടായാലും മനുഷ്യന് തൃപ്‌തി വരില്ല. ധനം വർദ്ധിക്കുന്നതിനനുസരിച്ച് ആഗ്രഹങ്ങളും വർദ്ധിക്കും. അതിനാൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക" എന്നുപറഞ്ഞ് കുചേലൻ നാമം ജപിക്കാനാരംഭിച്ചു. കുറേ കഴിഞ്ഞ് കണ്ണുതുറന്നു നോക്കിയപ്പോൾ മുമ്പിൽ നിശ്ചലയായി നില്ക്കുന്ന പത്നിയെയാണ് കണ്ടത്. പത്നിയുടെ ദൈന്യംകണ്ട് ഒടുവിൽ ദ്വാകയിലേക്ക് പോകാൻ കുചേലൻ സമ്മതിച്ചു. ഭർത്താവിന്റെ കൈവശം എന്തെങ്കിലും കൊടുത്തയക്കേണ്ടേ എന്ന ചിന്ത വിപ്രപത്നിയെ അലട്ടി. കദളിക്കുലയായാൽ നല്ലത്. മധുരപദാർത്ഥമായാൽ മധുസൂദനന് ഏറെ രസമാകും. ഉടനെ തന്റെ സ്ഥിതിയോർത്ത്
കാശില്ലാത്തവരതിനൊക്കെപ്പര-
മാശനിനച്ചിട്ടെന്താവശ്യം
എന്നു സ്വയം സമാധാനിക്കുന്നു. എവിടെനിന്നോ കുറച്ച് നെല്ലു സമ്പാദിച്ച് കല്ലുകൊണ്ടിടിച്ച് അവിൽ ഉണ്ടാക്കി ദ്വാരകയിലേക്കു പുറപ്പെട്ട പതിക്കു നൽകുന്നു. കുചേലൻ മനോരാജ്യം കണ്ട് ദ്വാരകയിൽ എത്തുന്നതോടെ ഒന്നാം കളം അവസാനിക്കുന്നു.
വള്ളമേറിക്കളിക്കുന്ന പിള്ളകൾക്കു ഗാനം ചെയ്‍വാൻ കൊള്ളാവുന്ന കൃതി എന്ന നിലയിലാണ് രുഗ്മിണീസ്വയംവരം വഞ്ചിപ്പാട്ടു രചിച്ചിരിക്കുന്നത്. പുരാണകഥയിൽ തന്റേതായ പൊടിക്കയ്യുകൾ ചേർത്തുകൊണ്ടാണ് ആഖ്യാനം നിർവ്വഹിച്ചിട്ടുള്ളത്. രണ്ടു സർഗ്ഗങ്ങളുള്ള ഈ കൃതി പൂർണ്ണമാണ്.
ഭാഗവതം ദശമസ്കകന്ധത്തിൽ കഥാഘടനയിൽനിന്നും കാര്യമായ വ്യതിയാനമൊന്നും ഒറവങ്കര വരുത്തിയിട്ടില്ല. കുണ്‌ഡിനത്തിലെ രാജാവായ ഭീഷ്മകന് രുഗ്മിണിയെന്ന പുത്രി ജനിക്കുന്നു. മകൾക്ക് അനുരൂപനായ വരനുവേണ്ടി ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഒരുദിവസം നാരദൻ കൊട്ടാരത്തിലെത്തുന്നത്. ദ്വാരകാധീശനായ ശ്രീകൃഷ്‌ണന്റെ ഗുണഗണങ്ങൾ വർണ്ണിച്ചശേഷം ശ്രീകഷ്ണൻ രുഗ്മിണിയുടെ ഭർത്താവായിത്തീരുമെന്ന് ആശീർവദിക്കുകയും ചെയ്യുന്നു. നാരദവചനം കേട്ടതോടെ കുട്ടിക്കാലംമുതലേ അതിഥികളും മറ്റും കൃഷ്ണനെ പ്രശംസിക്കുന്നതുകേട്ട് മനസ്സിൽ ഉണ്ടായിരുന്ന ആരാധന അനുരാഗമായി മാറി.
മകളെ ശ്രീകൃഷ്‌ണന് വിവാഹംചെയ്‌തുകൊടുക്കുവാനുള്ള തീരുമാനം അറിയിച്ചപ്പോൾ മകനായ രുഗ്മി അതിനെ എതിർക്കുന്നു. ശ്രീകൃഷ്ണനെ നിന്ദിച്ചശേഷം ചേദിരാജാവായ ശിശുപാലന് സഹോദരിയെ നല്‌കണമെന്ന് നിർബന്ധിക്കുന്നു. നിവൃത്തിയില്ലാതെ രാജാവ് ഇത് അംഗീകരിച്ചുകൊണ്ട് വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു.
ശ്രീകൃഷ്ണനെ ഭർത്താവായി മനസാ വരിച്ച രുഗ്മിണിയെ ഈ തീരുമാനം തളർത്തി. കർമ്മഫലമെന്നോർത്ത് തിവ്രതപസ്സുകൊണ്ട് ശിവനെ ഭര്‍ത്താവായി ലഭിച്ച പാർവതിയെ പ്രാർഥിച്ചു. ക്ഷേത്രദർശനവും വഴിപാടുകളും തുടർന്നു. വിവാഹത്തിന്റെ രണ്ടുദിവസം മുമ്പ് ഒരു ബ്രാഹ്മണനെ വരുത്തി തന്റെ അന്തരംഗം കൃഷ്‌ണനെ അറിയിക്കുന്നതിനുവേണ്ടി ദ്വാരകയിലേക്കു പറഞ്ഞയക്കുന്നു.
ദ്വാരകയിൽ തവ പരിചാരികയായിരുന്നാലും
പോരുമെന്നെ വെടിയൊല്ലെ കരുണാരാശേ
എന്ന രുഗ്മിണിയുടെ അഭ്യർഥന ശ്രീകൃഷ്ണൻ സ്വീകരിക്കുകയും ഉടനെ കുണ്ഡിനത്തിലേക്കു പുറപ്പെടുകയും ചെയ്യുന്നു.
കുണ്ഡിനത്തിലെത്തിയ കൃഷ്ണനെ ഭീഷ്മൻ ആദരപൂർവം സ്വീകരിച്ച് സമുചിതമായി സല്ക്കരിക്കുന്നു. പ്രത്യേകം താമസസൗകര്യവും ഏർപ്പാടാക്കുന്നു.
വിവാഹദിവസം കാലത്ത് ശിശുപാലൻ തറ്റുടുത്ത് ക്രിയക്കു തയ്യാറായി നില്പാണ്. രുഗ്മിണി ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ ശ്രീകൃഷ്ണന്റെ മുന്നിലെത്തിയപ്പോൾ അദ്ദേഹം കൈപിടിച്ച് തേരിൽ കയറ്റി കൊണ്ടുപോയി. അപമാനിതനായ ശിശുപാലൻ ശ്രീകൃഷ്ണനെ വെല്ലുവിളിച്ചുകൊണ്ട് എതിർത്തു, തോറ്റു പിന്തിരിഞ്ഞപ്പോൾ രുഗ്മി പടയുമായിവന്ന് കൃഷ്ണനെ നേരിട്ടു. പരാജിതനായ രുഗ്മിയെ വധിക്കാനൊരുമ്പെട്ടപ്പോൾ രുഗ്മിണി തടഞ്ഞ് സഹോദരനെ കൊല്ലരുതെന്നപേക്ഷിച്ചു. മുടിയും മീശയും വടിച്ചുകളഞ്ഞ് വിരൂപനാക്കിയശേഷം കൃഷ്‌ണൻ വിട്ടയച്ചു. ദ്വാരകയിലെത്തി വിധിപ്രകാരം വിവാഹം ആർഭാടമായി നടത്തകയും ചെയ്തു.
കേരളീയാന്തരീക്ഷത്തിലാണ് കഥനടക്കുന്നതെന്ന പ്രതീതി നില നിർത്താൻ ഒറവങ്കര ശ്രമിച്ചിട്ടുണ്ട്. നമ്പ്യാരെപ്പോലെ സാമൂഹ്യവിമർശനത്തിനും തയ്യാറാകുന്നുണ്ട്. രാജസേവ നടത്തുന്ന നമ്പൂതിരിമാർക്കെതിരെ നിശിതമായ വിമർശനം കാണാം. ശിശുപാലന് രുഗ്മിണിയെ വിവാഹം ചെയ്തു കൊടുക്കണമെന്ന തന്റെ നിർദ്ദേശത്തിനു തടസ്സം നിൽക്കുന്നത് നമ്പൂതിരിമാരാണെന്നു സഹോദരനായ രുഗ്മി കരുതുന്നു. അവർ ശ്രീകൃഷ്ണന്റെ പക്ഷക്കാരാണ്. അവരെ നമുക്കു പണ്ടേ കണ്ടുകൂടാ. നീതി നോക്കിച്ചെയ്യുന്ന കാര്യത്തിനെല്ലാം ഇവർ അയ്യായിരം കുറ്റങ്ങൾ പറയും. ശ്രീകൃഷ്ണന്റെ ഗുണങ്ങളും ശിശുപാലന്റെ കുറ്റങ്ങളും പറഞ്ഞ് അച്ഛനെ വഴിതെറ്റിക്കുന്നത് ഇവരാണ്. നമ്പൂതിരിമാർ വരുമ്പോൾ കാവൽക്കാർ കൂടി വഴിമാറി നിൽക്കുന്നു. വൃദ്ധന്മാരേയും സ്ത്രീകളേയും ബുദ്ധി ഉറയ്ക്കാത്തവരേയും ഇവർ വശത്താക്കുന്നു എന്നാണ് രുഗ്മിയുടെ പരാതി. സത്യവാന്മാരാണിവരെന്ന വിശ്വാസംമൂലം ലോകർ മൂഢരായി ജീവിക്കുന്നു. കൊട്ടാരങ്ങളിലും കോവിലകങ്ങളിലും രാജസേവ ചെയ്‌ത് കഴിഞ്ഞിരുന്ന നമ്പൂതിരിമാർക്കതിരായക്കെതിരെയുള്ള ഒളിയമ്പാണിത്.
രാജാക്കന്മാരെപ്പോലും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്ന ഫ്യൂഡൽ മേധാവിത്വത്തിന്റെ സൂചനയും ഇതിൽ കാണാം.
വെണ്മണിപ്രസ്ഥാനത്തിലെ പ്രമുഖകവികളിലൊരാളായിരുന്നുവെങ്കിലും തന്റേതായ ഒരു കാവ്യശൈലി ബോധപൂർവ്വം സൃഷ്‌ടിച്ച കവിയായിരുന്നു ഒറവങ്കര. മനസ്സിൽ തോന്നിയതെന്തും പദ്യരൂപത്തിലാക്കി കവിത എഴുതിക്കൂട്ടിയ ഒരു കാലഘട്ടത്തിൽ കവിതയെ കുറേക്കൂടി ഗൗരവപൂർവ്വം സമീപിക്കണമെന്ന പക്ഷം അദ്ദേഹം സ്വീകരിച്ചു.
ഹൃദ്യാലങ്കാരപദ്യാസ്തരണസരസരാം
പണ്ഡിതന്മാർക്കു പാരം
ഹൃദ്യാമോദം കൊടുക്കും കവിതയുടെ കിട-
പ്പെങ്ങു? ഞാനെങ്ങു പാർത്താൽ
എന്നു വിനയപൂർവ്വം പ്രഖ്യാപിക്കാനുള്ള തന്റേടം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ സവിശേഷതകൾ നിലനിർത്തിക്കൊണ്ടുതന്നെ സ്വന്തമായ രചനാശൈലി ഒറവങ്കര രൂപപ്പെടുത്തിയെടുത്തു. ഈ ശൈലിയെയാണ് 'അന്തർനിഗൂഢങ്ങളും അർത്ഥഗർഭങ്ങളും നാളികേരപാകത്തിലുള്ളതും' എന്ന് ടി.കെ. കൃഷ്‌ണമേനോൻ വിശേഷിപ്പിച്ചത്. “സംസ്കൃതപദങ്ങളും അപ്രസിദ്ധപദങ്ങളും ധാരാളം പ്രയോഗിച്ച് കവിതയെ പാണ്ഡിത്യത്തിന്റെ പിചണ്ഡഭാണ്ഡമാക്കി” എന്ന് ഒറവങ്കരശൈലിയെ അകവൂർ നാരായണൻ വിമർശിക്കുന്നുണ്ട്. എന്നാൽ വിഷയത്തിന്റെ ഗാംഭീര്യമാകാം സ്തവങ്ങളുടെ രചനയിൽ ഉദ്ധതമായ ശൈലി സ്വീകരിക്കുന്നതിനു കവിയെ പ്രേരിപ്പിച്ചതെന്നുകരുതാൻ ന്യായമുണ്ട്. സ്‌തവങ്ങളുടെ രചനയിൽ ഒറവങ്കരക്കു മാതൃകയായിരുന്നത് സൗന്ദര്യലഹരിയായിരുന്നു. സൗന്ദര്യലഹരിയിലെ ശ്ലോകങ്ങൾ ചെറുപ്പത്തിൽ ഉരുക്കഴിച്ചതിന്റെ സ്വാധീനം അദ്ദേഹത്തന്റെ രചനയെ സ്വാധീനിച്ചുവെന്നു കരുതണം.
ഒറവങ്കരയുടെ ശ്ലോകങ്ങൾ അക്ഷരശ്ലോകകമ്പക്കാർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. പദപ്രയോഗത്തിലെ ആരോഹാവരോഹണക്രമവും ശ്ലോകാന്ത്യത്തിലെ സവിശേഷമായ ആവർത്തനത്തിലൂടെ പ്രതീതമാകുന്ന താളവും ഒറവങ്കരശ്ലോകങ്ങളുടെ മുഖമുദ്രയാണ്. തദ്ദർശനം കർശനം, തല്ലയം ത്വല്ലയം പോൽ, ധന്യനായന്യനുണ്ടോ? നിഖിലാനുഗ്രഹം വിഗ്രഹം തേ എന്ന മട്ടിലുള്ള കൂട്ടിത്തട്ട് സഹൃദയരെ ഏറെ ആകർഷിക്കുകയുണ്ടായി. ശോകാന്ത്യത്തിലെ ഈ പ്രത്യേകതക്കുവേണ്ടി അർത്ഥത്തെ. ബലികഴിക്കാൻ ഒറവങ്കര തയ്യാറായിട്ടില്ല.
സ്വേദാണ്ഡോത്ഭിജ്ജരായൂത്ഭവതനുപടലീ-
സാഗരദ്വീപശൈല-
വ്യാദീർണ്ണബ്രഹ്മഗോളപ്രചുരശതകുലം
നിന്നകത്താകമൂലം
(ലക്ഷമീസ്തവം)
എന്ന ഉദ്ധതമായ ശൈലിയും
നീലകണ്ഠവരണത്തിനുള്ള പൂ-
മാലകൊണ്ടു വിലസുന്ന ഗൗരിയെ
ചേലിലാണ്ടളികൾ പൂത്ത വല്ലിയെ-
പ്പോലെ കണ്ട മിഴികൾക്കു വന്ദനം
(സ്വയംവരസ്തോത്രം)
എന്ന ലളിതമായ ശൈലിയും ഒരു കവിയുടേതാണെന്നു വിശ്വസിക്കാൻ പ്രയാസം തോന്നും.
അലങ്കാരപ്രയോഗത്തിന്റെ കാര്യത്തിൽ പരമാവധി ഔചിത്യം പാലിക്കാൻ ഒറവങ്കര ശ്രമിച്ചിട്ടുണ്ട്. സന്ദർഭത്തിനുയോജിച്ച അലങ്കാരങ്ങൾ മിതമായി മാത്രം ഉപയോഗിച്ച കവിയാണ് അദ്ദേഹം. ശബ്ദാലങ്കാരങ്ങളും അർഥാലങ്കാരങ്ങളും സന്ദർഭാനുയുക്തമായിമാത്രം പ്രയോഗിക്കാൻ ഒറവങ്കര നിഷ്കർഷിച്ചു.
അന്നേരമീശനുടെ മാമലയിൽപ്പുതുക്കാ-
റെന്നോണമാദിപുരുഷൻ ഭുജഗേന്ദ്രതല്പേ
നന്ദ്യാ ശയിപ്പതു മഹാമുനി കണ്ടു ചിത്താ-
നന്ദാമൃതാംബുധിയാലാശു മറിഞ്ഞുവീണു
(നാരദോപാഖ്യാനം)
കൈലാസത്തിലെ നവമേഘത്തെപ്പോലെയാണ് പാലാഴിയിൽ അനന്തശായിയായ വിഷ്ണുവിനെ അവതരിപ്പിക്കുന്നത്. ഹിമാലയത്തിലെ ധവളിമയുടെ പശ്ചാത്തലത്തിൽ കാർമേഘത്തിനു പരഭാഗശോഭയേറുന്നു. പാൽക്കടൽ നടുവിൽ അനന്തശയനംകൊള്ളുന്ന വിഷ്ണുവിനെ ദൃശ്യചാരുതയോടെ നമ്മുടെ മുമ്പിലേക്ക് എത്തിക്കാൻ ഈ കല്പനയിലൂടെ സാധിച്ചിരിക്കുന്നു
ഔചിത്യപൂർണ്ണമായ സാദൃശ്യകല്‌പനയിലൂടെ വർണ്ണ്യവസ്തുവിനു കൂടുതൽ മിഴിവേകുകയെന്ന അലങ്കാരധർമം നിർവഹിക്കുന്നതാണ് ഇത്.
സ്ഥൂലിച്ചു വളരുന്ന മൂലക്കുരുവെന്നതു
പോലിന്നു ദരിദ്രത മാലേറ്റം വരുത്തുന്നു.
എന്നു പ്രയോഗിക്കാൻ ഒറവങ്കരക്കേ കഴിയൂ. ദാരിദ്ര്യത്തെ മൂലക്കുരുവിനോടു സാദൃശ്യപ്പെടുത്തിയതിലെ ഉച്ഛ്യംഖലത്വം ശ്രദ്ധിക്കുക. ശരീരത്തെ ശോഷിപ്പിക്കുകയും മനസ്സിനെ തളർത്തുകയും ചെയ്യുന്ന കാര്യത്തിൽ രണ്ടും യോജിക്കുന്നു. ഇതുള്ളവരുടെ മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. ഒരു പ്രവൃത്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ഇതുണ്ടായാൽ ഏറ്റവും വലിയ ദുഃഖം ഇതാണെന്നു തോന്നും. ഇതിൽ നിന്നും മോചനം കിട്ടിയാൽ പിന്നെ ഇതിനെക്കുറിച്ച് ഓർക്കുകയുമില്ല. ഇങ്ങനെ ഭ്രമാത്മകമായ കൽപനകൾ പ്രയോഗിക്കാനും ഒറവങ്കര മടിച്ചിട്ടില്ല.
അപൂർണ്ണമായ ഭൈമീപരിണയത്തിൽ ദമയന്തിയെ പരിചയപ്പെടുത്തുന്നതിലും ഒറവങ്കരശൈലി പ്രകടമാണ്.
നാരീഗുണങ്ങളിഹവേരുകൾ പൊട്ടിടാതേ
നേരേ പറിച്ചു കഴുകിക്കമലാസനൻതാൻ
പാരം പ്രസാദമൊരു മംഗളമാം മുഹൂർത്തം
നേരത്തു തീർത്ത കമനീമണിയാണിതല്ലോ.
നാരീഗുണം വേരുപൊട്ടാതെ പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ബ്രഹ്മാവ് ശുഭമുഹൂർത്തത്തിലാണ് ദമയന്തിയെ സൃഷ്‌ടിച്ചതെന്ന കല്പന ആലോചനാമൃതം തന്നെ.
ഫലിതം ഒറവങ്കരകൃതികളുടെ സഹജഭാവമാണ്. ദാരിദ്ര്യംകൊണ്ട് കഷ്ടപ്പെടുന്ന ഗോവിന്ദൻ എന്നൊരാൾക്ക് ജോലി ശരിയാക്കിക്കൊടുക്കണമെന്ന് ശുപാർശ ചെയ്യുന്നതിലും നർമ്മത്തിൽ കലർന്ന ഒരു കൽപന കാണാം. തന്റെയടുക്കൽ സഹായാഭ്യർത്ഥനയുമായി വന്നയാൾക്കുവേണ്ടി ഉള്ളൂരിനയച്ച എഴുത്തിലാണ് സ്വയംപരിഹസിക്കുന്നതിലെ രസം കാണുന്നത്.
ദാരിദ്ര്യമൂലമുഴറിപ്പടുധൈര്യബന്ധ
മൂരി ദ്രവിച്ച ഹൃദയത്തൊടുങ്ങുമിങ്ങും
പാരിൽദ്ദയായുതരെ നോക്കിയണഞ്ഞിതെന്റെ
ചാരത്തുരൽപ്പുരയിൽ മദ്ദളമെന്നപോലെ.
ദാരിദ്ര്യംകൊണ്ട് കഷ്‌ടപ്പെടുന്ന തന്റെയടുക്കൽ ദാരിദ്ര്യം മാറ്റാൻ സഹായിക്കണമെന്ന അഭ്യർഥനയുമായി വരുന്നതിലെ നർമ്മം ആസ്വദിച്ചുകൊണ്ടാണ് ഈ നാടൻ കല്‌പന. ഈ സഹജമായ നർമ്മബോധത്തേയാണ് 'ഫലിതമധികമായ് രാജവിപ്രൻ ചമയ്ക്കും' എന്നു കൊച്ചുണ്ണിത്തമ്പുരാനും 'ഫലിതത്തിന്നു രാജാവും' എന്നു വെണ്മണിമഹനും പുകഴ്ത്തിയത്.
വെണ്മണിപ്രസ്ഥാനം ഏറ്റവുമധികം വിമർശനമേറ്റു വാങ്ങിയ ശൃംഗാരാതിപ്രസരത്തിന്റെ പേരിലാണ്.
വെണ്മണിശൃംഗാരത്തി-
ന്നൂറൽ വെറും നർമ്മബോധമാകുന്നു
എന്ന് ഉള്ളൂരിനെ മുൻനിർത്തി അക്കിത്തം വെണ്മണിപ്രസ്ഥാനികള്‍ എന്ന കവിതയിൽ പ്രഖ്യാപിക്കുന്നത് ശ്രദ്ധേയമാണ്. ശൃംഗാരവർണ്ണനകളിൽ മിതത്വം പാലിക്കുന്നുവെന്നതാണ് ഒറവങ്കരയുടെ സവിശേഷത. യോഗസാധനയുടെമാർഗമനുസരിച്ച് സാധുകരിക്കാമെങ്കിലും ശൃംഗാരം അല്പം കൂടിയോ എന്നു കരുതാവുന്ന അംബികാവിംശതിയിൽപ്പോലും
പോഷിച്ചുള്ളോരു കാമാഗമവിധി മുഴുവൻ
കാട്ടിടും നിന്റെ
ഘോഷത്തിന്നേകസാക്ഷിപ്പുതുമലർശയനീ-
യത്തെ ഞാനോർത്തിടുന്നേൻ
എന്നു പറഞ്ഞ് അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. രസരാജനായ ശൃംഗാരത്തെ വർജ്ജിക്കണമെന്ന് ഒറവങ്കരക്ക് അഭിപ്രായമുണ്ടായിരുന്നില്ല. പക്ഷേ അതിന്റെ പരിധിയെക്കുറിച്ചുകൂടി അദ്ദേഹം ബോധവാനായിരുന്നു എന്നുമാത്രം. സാധകമനസ്സിന്റെ സ്വാധീനം ശ്ലോകരചനയെ നിയന്ത്രിച്ചിരുന്നുവെന്നു കരുതണം.
വെണ്മണിപ്രസ്ഥാനത്തിൽ ഉൾപ്പെടുന്നുവെങ്കിലും തനതായ ശൈലിയും ഭാവഗരിമയും പുലർത്തിക്കൊണ്ട് കാവ്യരചന നിർവഹിച്ച കവിയാണ് ഒറവങ്കര. ഈ സവിശേഷ കാവ്യവ്യക്തിത്വം മൂലം വഴിതെറ്റി വെണ്മണിപ്രസ്ഥാനത്തിൽ വന്നുചേർന്നകവിയാണ് അദ്ദേഹമെന്ന ആക്ഷേപവും കേൾക്കേണ്ടി വന്നിട്ടുണ്ട്. സാഹിത്യചരിത്രത്തിലും നിരൂപണത്തിലും വെണ്മണിക്കവികളുടെ നിഴലായി മാത്രം ഒറവങ്കരയെ കണ്ടതുകൊണ്ട് അദ്ദേഹത്തിന്റെ കവിതകൾ ശ്രദ്ധിക്കപ്പെടാതെപോയി. പലകാരണങ്ങളാൽ നിരവധികവിതകൾ പൂർണരൂപത്തിൽ ലഭിക്കാതെ പോയതും അദ്ദേഹം പാർശ്വവല്ക്കരിക്കപ്പെടാൻ കാരണമായി. എന്നാൽ കവിതയെ ഗൗരവപൂർവം സമീപിച്ച കവിയണ് ഒറവങ്കര എന്ന് അദ്ദേഹത്തിന്റെ കവിതകൾ സാക്ഷ്യപ്പടുത്തുന്നു. വെണ്മണിപ്രസ്ഥാനത്തെ അതിവർത്തിക്കുന്ന വ്യക്തിത്വവും കവിത്വവും പ്രകടിപ്പിക്കുന്ന കവിയെയാണ് ഒറവങ്കരക്കവിതകളിൽ കാണാൻ കഴിയുന്നത്.
ഗ്രന്ഥസൂചി
- ആര്യൻ നമ്പൂതിരി,പി.കെ. നടുവംകൃതികൾ. കോട്ടയം: സാഹിത്യ പ്രവർത്തകസഹകരണ സംഘം, 1974
- കൃഷ്‌ണമേനോൻ,ടി.കെ. ലേഖനമാല. കൊല്ലം: ശ്രീരാമവിലാസം പ്രസിദ്ധീകരണശാല, 1948
- ഗോവിന്ദമേനോൻ, വെള്ളായ്ക്കൽ. സാഹിതീകടാക്ഷം. തൃശ്ശൂർ: വിവേകാനന്ദ പ്രിന്റിംഗ് വർക്സ്, 1950.
- ജോസഫ്, മുണ്ടശ്ശരി. മനുഷ്യകഥാനുഗായികൾ. തൃശ്ശൂർ: മംഗളോദയം, 1951
- ---, കരിന്തിരി തൃശ്ശൂർ: മംഗളോദയം, 1953
- ചന്തുമേനോൻ, ഒ. ഇന്ദുലേഖ. കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം, 1963
- നാരായണൻ, അകവൂർ. വെണ്മണിപ്രസ്ഥാനം. കോട്ടയം: സാഹിത്യ പ്രവർത്തകസഹകരണ സംഘം, 1982
- നാരായണൻ,ശീവൊള്ളി. വെണ്മണികൃതികൾ അവതരണിക കോട്ടയം: ഡി.സി.ബുക്സ്, 1979
- പരമേശ്വരയ്യർ,എസ്.ഉള്ളൂർ. കേരളസാഹിത്യചരിത്രം.ഭാ.4 തിരുവനന്തപുരം: കേരള സർവകലാശാല, 1957
- പരമേശ്വരക്കുറുപ്പ്,കോയിപ്പള്ളി. സുവർണ്ണയുഗം. കോഴിക്കോട്: പി.കെ.ബ്രദേഴ്‌സ്, 1955
- മാധവവാര്യർ,മാടശ്ശേരി. കുഞ്ചന്റെ ശേഷം. കോട്ടയം: സാഹിത്യ പ്രവർത്തകസഹകരണ സംഘം, 1952
- രാമവർമ്മ,കെ.ടി. കൈരളീവിധേയൻ രാമവർമ്മഅപ്പൻതമ്പുരാൻ ശുകപുരം: ദക്ഷിണ ബുക്സ്, 1983
- ലീലാവതി, എം. നവരംഗം. കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം, 1974
- വിജയൻ,ചമ്പാടൻ. വെണ്മണിയുടെ പിറകെ. തലശ്ശേരി: എലൈറ്റ് പബ്ളിക്കേഷൻസ്. 1981
- വാരിയർ,പി.എസ്. ഒറവങ്കരയും വെണ്മണിപ്രസ്ഥാനവും. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. 1992
- ശങ്കരൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ. എന്റെ സ്‌മരണകൾ. കുന്ദംകുളം: പഞ്ചാംഗം പുസ്തകശാല, 1963