Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / വെണ്മണി അച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / വെണ്മണി അച്ഛൻ 2

2

പനയില്‍ പാഴൂര്‍ നമ്പൂതിരിക്കു്

മടിക്കയോ മറ്റൊരു കാര്യമുള്ളിൽ
കിടക്കകൊണ്ടോ കിടയായ്കകൊണ്ടോ
തിടുക്കമില്ലെന്നു നിനച്ചമാന്തം
പിടിക്ക കൊണ്ടോ പറയേണമെല്ലാം

 

എന്നാത്തേവാരിവായിച്ചുഴകൊടു പനയിൽ
പാഴിയൂരൂഴിദേവൻ
തന്നെച്ചെമ്മേ ധരിപ്പിപ്പതിനു സിതമണി-
ക്ഷ്മാസുരൻ ഭൂരിമോദാൽ
ഇന്നോലക്കുള്ളിലൊന്നങ്ങെഴുതിയതതിമോ-
ദേന വായിച്ചുകേട്ടി-
ട്ടെന്നുൾത്താരിൽദ്ധരിപ്പിച്ചതിനൊരു മറുപ-
ത്രത്തെയെത്തിച്ചിടേണം.

 

ശ്രീമാമാരിസുതാവിലാസമിയലും
ശ്രീകോടിലിംഗാലായേ
സീമാതീതരസം കലര്‍ന്നൊരു മഹാ-
താലപ്പൊലിപ്രാഭവം
കാണ്മാനാശ തവാശയത്തിലുയരു-
ന്നെങ്കിൽ ഭവാനോടു ചേര്‍-
ന്നാമോദത്തോടു പോകുവാനഭിലഷി-
ച്ചീടുന്നു നാമെത്രയം.

 

മുന്നം കാണാതെയുള്ളരേഭിനവനയനാ-
നന്ദ മാമുത്സവം ക-
ണ്ടൊന്നിച്ചിങ്ങോട്ടുപോരാമിതി കരുതിയുര-
യ്ക്കുന്നു മറ്റൊന്നുമല്ല
കന്ദര്‍പ്പദ്വേഷിതന്റെ തനയയെ വഴിപോ-
ലൊന്നു വന്ദിച്ചുപോന്നാൽ
പിന്നെസ്സന്തോഷമല്ലാതിനിയൊരു ദിവസം
പോലുമുണ്ടാകയില്ല.

 

കോടിലിംഗനിലയത്തിലുൾപ്രമദ-
മോടിണങ്ങിയൊരുകാളിതൻ
മോടിതേടിയ മഹോത്സവം വടിവി-
നോടു കണ്ടുടനെ പോരുവാൻ
കേടകന്ന തവ ചിത്തതാരിലിട
കൂടിയാടി രസമെന്നുവ-
ന്നീടിലെന്നുടയ വാഞ്ഛിതം സഫല
മായിടാനിടവരും ദൃഢം.

 

മുന്നം മുഗ്ദ്ധേന്ദുചൂഡൻ തിരുവടിയുടെ നൽ
തീക്കനൽക്കട്ട പൊട്ടി-
ച്ചിന്നും നെറ്റിത്തടത്തിന്നലറിയവതരി-
ച്ചോരു കാളീപദാബ്ജം
വന്ദിപ്പാനും തദീയോത്സവമനുദിനവും
കണ്ടു നന്ദിക്കുവാനും
നന്നിപ്പോളെന്നറിഞ്ഞിടുകിലിനിയരുതേ
ചഞ്ചലം നെഞ്ചിലേതും.

 

ഇമ്മാസമങ്ങിരുപതിൽ പരമഞ്ചുചെന്നാൽ
സമ്മോദമാർന്നതിനു പോകണമെന്നിവണ്ണം
മന്മാനസേ കരുതിയിങ്ങമരുന്നിതന്നേ-
യ്ക്കുന്മേഷമോടയി ഭവാനിഹ വന്നിടേണം.

 

ഉപ്പും കൊള്ളാമുരുതരമുദാ പിന്നെ വാവും കുളിക്കാ-
മുൾപ്പാടുണ്ടായവരുടെ പഴഞ്ചൊല്ലിനുണ്ടോ വികല്പം?
ചൊല്ലൊങ്ങീടും സരസകവിതാവാരിരാശേ! ഭവാനോ-
ടൊപ്പം മേളിപ്പതിനു പലരും കൂടുമപ്പാരിടത്തില്‍.