രസികരഞ്ജിനി
മുൻകാലങ്ങളിൽ ജീവിച്ചിരുന്ന ഓരോ സംസ്കൃത കവികളുടെ ജീവചരിത്രങ്ങൾ അടങ്ങിയതായി 'കവികലാപം' എന്നൊരു ഗ്രന്ഥം ഞാൻ എഴുതിത്തുടങ്ങിയിട്ടു കുറച്ചുകാലമായി. ആയതു കവനോദയത്തിൽ ഖണ്ഡംഖണ്ഡമായി പ്രസിദ്ധം ചെയ്തുവരുന്നുമുണ്ട്. ഏതെല്ലാം വിധത്തിൽ ശ്രമിച്ചാലും എല്ലാ കവികളുടേയും വിവരം പൂർത്തിയായിക്കിട്ടാൻ ഞെരുക്കംതന്നെ. എന്നാൽ കഴിയുന്നിടത്തോളം അറിഞ്ഞാൽ കൊള്ളാമെന്നു മോഹവുമുണ്ട്. പല കവികളെക്കുറിച്ചും സ്വല്പമായ സംഗതിമാത്രമേ അറിവ് കിട്ടിയിട്ടുള്ളൂ. കിട്ടിയേടത്തോളം ഭാഗം ഖണ്ഡേന്ദുവേപ്പോലെ വായനക്കാർക്ക് കൗതുകപ്രദമായിരിക്കുമെന്നുവെച്ചു ചുവടെ ചേർക്കുന്നു. ഈ താഴെപ്പറയുന്ന കവികളെക്കുറിച്ച് ആർക്കെങ്കിലും അധികമായ വല്ല വിവരവും അറിവുണ്ടെങ്കിൽ ആയതു അറിയിച്ചുതരേണമെന്നുകൂടി എനിക്ക് അപേക്ഷയുണ്ട്. ഓരോ കവികളെക്കുറിച്ചുള്ള പ്രസംഗത്തിന്റെ അവസാനം കാണുന്ന സംഖ്യകൾ അതാതുകവികൾ ജീവിച്ചിരുന്നതായി ഊഹിക്കപ്പെടുന്ന ഇംഗ്ലീഷു ശതാബ്ദമാണെന്നു വായനക്കാരെ അറിയിച്ചുകൊണ്ടു പ്രകൃതം തുടങ്ങുന്നു.
1. അവതാരകവി - ഇദ്ദേഹം കാശ്മീരക്കാരനാണ് അനേക ബന്ധവിചിത്രമായി സടീകമായി ഈശ്വരശതകം എന്നൊരു പുസ്തകമുണ്ടാക്കിയിട്ടുണ്ട്. സൂതികസുമാഞ്ജലിടീകാകാരനാനായ രാജാനകരത്നാകണ്ഠന്റെ മുത്തച്ഛനാണെന്ന് തോന്നുന്നു.-17
2. വിദ്യാവാഗീശൻ - വംഗദേശക്കാരനാണെന്നു സംശയം. മാതാപിതാക്കന്മാർ രമാമാധവന്മാരാണ്. കൗന്തേയവൃത്തമെന്ന കാവ്യത്തിന്റെ കർത്താവ്.
3. ഉൽപ്രേക്ഷാവല്ലഭന് - ഇദ്ദേഹത്തിന്റെ സാക്ഷാൽ പേര് ശിവഭക്തദാസൻ എന്നാണ്. ഉത്തമകാവ്യനിർമ്മാണത്താൽ ഉൽപ്രേക്ഷാവല്ലഭനെന്നു പേര് സമ്പാദിച്ചു. ഭിക്ഷാടനം, സുന്ദരീശതകം എന്നിവ ഉണ്ടാക്കി.-16
4. സുന്ദരാചാര്യൻ - തിരുനെൽവേലിക്കാരനാണ്. വെങ്കിടേശന്റെ പുത്രൻ. അഷ്ടഗോത്രം. വളരെ പ്രാചീനനല്ല. ഗീതിശതകം നിർമ്മിച്ചു.
5. ചണ്ഡീദാസൻ - സാഹിത്യദർപ്പണകർത്താവായ വിശ്വനാഥകവിയുടെ മുത്തച്ഛന്റെ സഹോദരപുത്രനാണ്. കാവ്യപ്രകാശടീകയുണ്ടാക്കി.-13
6. മധുസൂദനകവി - മിഥിലാരാജ്യക്കാരൻ. അച്ഛൻ പത്മനാഭൻ. അമ്മയ്ക്ക് ശുഭദ എന്ന പേർ. ദുജതി (ഉചതി) എന്നും വംശ നാമം. അന്യാപദേശശതകത്തിന്റെ കർത്താവ്.
7. ലക്ഷ്മണാചാര്യൻ - മഹാരാഷ്ട്രരാജ്യം. വേണീമാധവന്റെ പുത്രൻ. രാധയെന്ന് അമ്മയുടെ നാമം. അത്രിഹോത്രം. വാഞി എന്നു ഭവനപ്പേര്. രഘുനാഥൻ ഗുരുനാഥൻ. വളരെ പ്രാചീനനല്ല. ചണ്ഡികുചപഞ്ചാശിക നിർമ്മിച്ചു.
8. ഭൂമിനാഥകവി - രാമഭദ്രദീക്ഷിതരുടെ ശിഷ്യനും വംശക്കാരനുമാണ്. ശഹജിരാജാവിനെക്കുറിച്ചു ധർമ്മവിജയം എന്നൊരു ചമ്പൂകാവ്യം ഉണ്ടാക്കിയിട്ടുണ്ട്.-17
9. ശ്രീനിവാസദീക്ഷിതർ - കൃഷ്ണനെന്ന് അച്ഛന്റെ പേര്. അമ്മയ്ക്ക് അനന്താംബയെന്നു നാമം. രാമഭദ്രദീക്ഷിതശിഷ്യന്. സ്വരസിദ്ധാന്തചന്ദ്രികയുടെ കർത്താവ്.-17
10. വെങ്കിടേശ്വരശാസ്ത്രി - ഇദ്ദേഹവും രാമഭദ്രദീക്ഷിതശിഷ്യനാണ്. ദക്ഷിണാമൂർത്തി പുത്രൻ. കൗെണ്ഡിന്യവംശം. ശാബ്ദികവിദ്വല്പ്രമോദം, പതഞ്ജലിചരിതവ്യാഖ്യാനം ഇതു രണ്ടും നിർമ്മിച്ചു .-17
11. ധനികൻ - വിഷ്ണുപുത്രൻ. കാവ്യനിര്ണ്ണയം, ദശരൂപാവലോകം ഇവ നിർമ്മിച്ചു.-9
12. ജഗദ്ധരൻ - ദമയന്തീരത്നധരന്മാര് മാതാപിതാക്കന്മാർ. വേണിസംഹാരനാടകവ്യാഖ്യാതാവ്.
13. ജിനപ്രഭസൂരി - ജൈനമതക്കാരൻ. സിദ്ധാന്താഗാമസ്തവം, വാര്ശ്വനാഥസ്തവം, വാശ്വസ്തവം, ഗോതമസ്തോത്രം, വീരസ്തവം, ചതുര്വിംശതിജിനസ്തവം, വീരനിര്വ്വാണകല്യാണകസ്തവം ഇതുപോലെ എഴുനൂറു പുസ്തകങ്ങൾ ഉണ്ടാക്കിയതായി കേൾവിയുണ്ട്.
14. കൃഷ്ണവല്ലഭന് - കാവ്യഭൂഷണശതകമെന്നൊരു കൃതി നിർമ്മിച്ചു.
15. പത്മാനന്ദകവി - ജൈനൻ. വൈരാഗ്യശതകത്തിന്റെ കർത്താവ് .
16. ജിനവല്ലഭസൂരി - ജിനമതം. സംസ്കൃതത്തിലും പ്രാകൃതത്തിലും സമമായി മഹാവീരസ്വാമിസ്തോത്രം എന്നൊരു പുസ്തകം ഉണ്ടാക്കി.
17. ശ്രീനിവാസാചാര്യൻ - വൈഷ്ണവമതക്കാരൻ. അയ്യങ്കാർ. വളരെ പ്രാചീനനല്ല. ജാനകീചരണചാമരം ഇദ്ദേഹത്തിന്റെ കൃതിയാണ്.
18. ചന്ദ്രശേഖരൻ - പ്രസിദ്ധനായ വിശ്വനാഥകവിയുടെ പിതാവ്. പുഷ്പമാല, ഭാഷാര്ണ്ണവം എന്ന ഗ്രന്ഥങ്ങളുണ്ടാക്കിയിട്ടുണ്ട്.-14
19. നാരായണപണ്ഡിതാചാര്യൻ - ലികുചസൂരിയുടെ പുത്രൻ. ശിവസ്തുതിയുടെ കർത്താവ്.
20. ഹേമചന്ദ്രാചാര്യൻ -ജൈനനാണ്. മഹാവീരസ്വാമിസ്തോത്രമുണ്ടാക്കി.
21. വിമലൻ - ഇദ്ദേഹവും ജൈനന് തന്നെ. പ്രശ്നോത്തരരത്നമാല നിർമ്മിച്ചു.
22. രാമചന്ദ്രകവി - ഹേമചന്ദ്രാചാര്യന്റെ ശിഷ്യൻ. സിദ്ധഹേമമെന്ന ശബ്ദാനുശാസനം, സത്യഹരിശ്ചന്ദ്രനാടകം ഇവയുണ്ടാക്കി. പ്രബന്ധശതകർത്താവെന്ന് പ്രസിദ്ധിയുണ്ട്.
23. നരഹരി - ശൃംഗാരശതകമുണ്ടാക്കി. എല്ലാ പദ്യങ്ങളിലും സ്വനാമമുദ്രയുണ്ട്- ശ്രീകാളിദാസകവിതാസുകുമാരമൂർത്തേ ബാണസ്യ വാക്യമിവ മേ വചനം ഗൃഹാണ-ശ്രീഹര്ഷകാവ്യ കുടിലം ത്യജമാനബന്ധം വാണീകവേര്ന്നരഹരേരിവ സമ്പ്രസീദ - എന്നൊരു പദ്യം കേട്ടിട്ടുണ്ട്. ബാണാദികൾക്ക് ശേഷം ജീവിച്ചിരുന്നിരിക്കണം.-10
24. കൃഷ്ണമിശ്രൻ - ഇദ്ദേഹം ഒരു സ്വാമിയാരാണ്. കാവ്യനാടകാദിസക്തനായ തന്റെ ഒരു ശിഷ്യനു വേണ്ടി പ്രബോധചന്ദ്രോദയം എന്നൊരു നാടകമുണ്ടാക്കിയിട്ടുണ്ട്.
25. രാജാനകരത്നകണ്ഠൻ - ധൗെമ്യായനവംശം. രാജാനകശങ്കരകണ്ഠന്റെ പുത്രൻ. 1788 വിക്രമാബ്ദത്തിൽ സ്തുതികുസുമാഞ്ജലിക്കു ലഘുവഞ്ചിക എന്നൊരു വ്യാഖ്യാനവും രത്നശതക(സൂര്യസ്തവ)വും ഉണ്ടാക്കി.-17
- തുടരും