ആയിരത്താണ്ടു വലിയ കോയിക്ഷ്മാവരനിന്നിമേൽ
ആയുസ്സേകീടുവാൻ ലോകതായേ! താണു തൊഴുന്നു ഞാൻ.
കേൾപ്പിൻ കേരളവർമ്മനാം വലിയ കോ-
യിത്തമ്പുരാനെത്രയും
നൽപ്പാർന്നീടിന ഷഷ്ടിപൂർത്തിദിനമി-
ന്നായീ മഹാലോകരേ!
കല്പാന്തം വരുവോളമീ സ്സുകൃതി ഭൂ-
വിങ്കൽ സുഖം വാഴുവാ-
നൊപ്പം നമ്മളനന്തശായിഭഗവാ-
നോടിന്നപേക്ഷിക്കണം.
കാരുണ്യം കമലാമണാളനതിയാ-
യുള്ളോരവസ്ഥയ്ക്കു നാ-
മാരൂഢാദരഭക്തിപൂർവകമപേ-
ക്ഷിച്ചാലുപേക്ഷിക്കുമോ?
പോരാ പിന്നെയുമുണ്ടിതിന്നു ഗുണമീ-
ക്കോയിക്ഷമാനായകൻ
പാരം ഭക്തനുമാണു, ഭക്തരിലലം
കൂറുണ്ടു കാർവർണ്ണനും.