നന്നായ് താങ്കൾ കൊടുത്തയച്ച കുറിയിൽ
കാണും പ്രകാരത്തിൽ ഞാ-
നൊന്നായ് സമ്പ്രതി മൂന്നുപുസ്തകമയ-
ച്ചീടുന്നു കൂടുംമുദ്രാ
വന്നാലാവിവരത്തിനും പുനരിനി-
ത്തൽക്കാലമായിബ്ഭവാ-
നെന്നാൽ ചെയ്തുതരേണ്ടതിന്നുമെഴുതി-
പ്രത്യേകമെത്തിയ്ക്കണം.
പാരം വിഡ്ഢിത്വമായിട്ടിവനിഹ കൃതിചെ-
യ്തുള്ളൊരീപ്പുസ്തകത്തെ
ദൂരംദിക്കിന്നയക്കുന്നതിനയി സുമതേ!
ശങ്കയുണ്ടെങ്കിലും ഞാൻ
കാരുണ്യക്കാതലാകും മുരരിപുകഥയെ-
ന്നുള്ള മാഹാത്മ്യമോര്‍ത്തി-
ട്ടാരും ദൂഷ്യം കഥിയ്ക്കില്ലിതി കരുതിയയ-
യ്ക്കുന്നു വായ്ക്കുന്നമോദാൽ.