1. ചൊൽപ്പൊങ്ങുന്ന കവീന്ദ്രനായ നടുവത്തഛൻ മഹീദേവനി-
ന്നുൾപ്പൂവിൽ കുതുകാലയച്ച ഭഗവദ്ദൂതാകുമീ നാടകം
കൈപ്പറ്റിട്ടീഹ മാനവിക്രമ കവിക്ഷ്മാഭൃൽകുമാരൻമുദാ
കല്പിക്കുന്നൊരു തൽഗുണങ്ങളഖിലം വിദ്വൽഗണം കേൾക്കണം
2. കീർത്തിപ്പെട്ടോരു ഭാഷാകവിമണി നടുവത്തഛനിന്നിഛപോലെ-
ച്ചിത്തൊന്മേഷാൽ ചമച്ചുള്ളഭിനവ ഭഗവദ്ദൂതമാം നാടകത്തെ
ആത്താമോദം ഗ്രഹിച്ചീട്ടിതു ചിരമളവിൽ പാര്‍ത്തു കൊണ്ടാടിമേവും
ചിത്തത്തിൽ തോന്നിയോരാശയവുമിവിടെ ഞാൻ ചൊല്ലിടാം നല്ലവണ്ണം
3. എന്നാലവ്വണമതോര്‍ത്താൽ പലഗുണമതിയായിട്ടിതിൽ സ്പഷ്ടമാകും
മന്നിൽ കല്യാണാമേകുന്നൊരു പരപുരുഷന്‍ താനിതില്‍ മുഖ്യനല്ലൊ
എന്നല്ലാ സല്‍കുലങ്ങൾക്കൊരുവിധമൊരുനാൾ ചേര്‍ച്ചയില്ലാതെവന്നാൽ
നന്നായ് സന്ധിക്കു നോക്കീടണമഖിലരുമെന്നുള്ളതും വന്നുവല്ലൊ
4. എന്നുംതന്നെയുമല്ലാ പുനരപി വിരവിൽ തത്വമോര്‍ക്കുന്നനേര-
ത്തൊന്നുംകൂടി സ്ഫുരിക്കുന്നിതിലതി ഗുണമായിട്ടതീവണ്ണമല്ലൊ
മാനത്തൊടുല്ലസിക്കന്നൊരു മഹിത കുലീനർ പിണങ്ങുന്നനേരം
ദൈന്യംതാനൊര്‍ത്തിടാതെത്തദുചിതമഖിലം ചെയ്യണം സജ്ജനങ്ങള്‍
5. മന്നിൽ സാരസ്യമേറുന്നോരു പദനിവഹംകൊണ്ടുകണ്ടാൽ മനോജ്ഞം
പിന്നെസ്സാരംഗ്രഹിപ്പാനതിവിഷമ മിതിന്നില്ലതാണെന്നുമല്ലാ
ഊനം ചിന്തിക്കിലൊന്നും പറവതിനിതിനില്ലെന്നുമെല്ലൊ ബുധന്മാർ
ദാനംചെയ്തുള്ള പദ്യാകൃതി ബഹുമതി പത്രങ്ങളാൽ സിദ്ധമെല്ലൊ
6. മാന്യന്മാരായ കുന്തീസുതരുടെ ഗുണവും നീതിയും ധാര്‍ത്ഥരാഷ്ട്രര്‍ക്കന്നുണ്ടായോ-
രനീതി പ്രകൃതിയുമൊടുവിൽ സത്യഭാമാമണാളൻ
ചൊന്നാസ്സന്ധിക്കെതൃത്തുള്ളൊരുപരിഷകളില്‍ പെട്ടകഷ്ടങ്ങളേയും
നന്നായോര്‍ത്താര്‍ത്തിയെന്യേ സുമതികളിതിനാല്‍ പാര്‍ത്തലെ പാർത്തിടുന്നു
7. എന്നല്ലാ കോടിലിംഗേശ്വര കവിസവിധെ സഖ്യതക്കൊത്തവണ്ണം
നന്നായങ്ങാവസിക്കുന്നൊരു കവിനടുവത്തഛനിന്നിഛപോലെ
നന്ദിക്കായീതീര്‍ത്തൊരീനാടക മതിസരസം തന്നെയെന്നിജ്ജനങ്ങൾ
ചൊന്നാലുണ്ടോ വിശേഷം ഗുണമിഹ സഹവാസത്തിനാൽ കാണുമല്ലൊ
8. എന്നാലീപ്പുസ്തകത്തെപ്പരിചൊടു നടുവത്തഛനിങ്ങോട്ടയച്ചീ-
ട്ടൊന്നല്ലാ മാസമായിട്ടിതിലതികുതുകം വെച്ചു വായിച്ചു ഞാനും
മന്ദം താനേരസിച്ചും പുനരഥ കവിയെസ്സാദരം നന്ദിയോടേ
മാനിച്ചും കൊണ്ടിതിന്നേവരെയെഴുതുവതിൽ താമസം വന്നതാണെ
68 കന്നി 1-ാംനു-
മാനവിക്രമ എട്ടൻരാജാ (ഒപ്പ)