തമ്മിൽ ചീത്തപറഞ്ഞിടേണ്ടി വരുമെ-
ന്നൊന്നല്ല, രണ്ടാമത-
ആമോദത്തോടു യുക്തി വിട്ടിടുമെതൃ-
ത്തെന്നാകിൽ, മൂന്നാമതു്
നമ്മൾക്കുള്ളൊരു ജോലികൾക്കിടവരാ,
നാലാമതങ്ങേക്കിതിൽ
ചെമ്മേ തോലിപെടും, ജയിക്കുമിഹ ഞാ-
നഞ്ചാമതഞ്ചാതഹോ.
ആരുണ്ടാക്കിയതെന്നശേഷമറിയാ-
തീ ഞാ'നൊഴത്തേ 'ലതെ-
ന്നാരംഭോക്തിയതാം സമസ്യയെ ഹസി-
ച്ചപ്പോൾ പതുക്കെബ്ഭവാൻ-
പാരുഷ്യത്തോടുമെന്റെ നേരെ തല പൊ-
ക്കിക്കൊണ്ടു വന്നപ്പൊളാ-
ണ്ടാരാണെന്നറിവായതൊന്നു പൊരുതാം,
വേണെങ്കിൽ, വേണോ? സഖേ!
പാരം ഭംഗി ഭവൾകൃതിക്കു പതിവാ-
ണെന്താ 'ണൊഴത്തേ'ലതെ-
ന്നോരുമ്പോൾ ബഹുമിശ്രമായതതുകൊ-
ണ്ടെന്തിനു ബുദ്ധിക്ഷയം?
പാരാതൊക്കെ വിശേഷമാരുടെയതാ-
ണാക്കാളിദാസാദിഗം-
ഭീരന്മാരുടെ തന്നെയും ചിലതു ന-
ന്നാകാതെയാകില്ലെയോ?
ചങ്ങാതിത്തമതോര്‍ത്തു ചെറ്റു ഗുണദോ-
ഷം ഞാനുരയ്ക്കുന്നു കേ-
ളങ്ങേറെക്കവിയാണു സംശയമതി-
ല്ലെന്നാലുമിന്നാശയേ
മങ്ങാതേ മറുഭാഗിതൻ ബലാറി-
ഞ്ഞീടാതെ വല്ലാതെ ക-
ണ്ടങ്ങേറെക്കവിയേണ്ട തോലികളതിൽ
താങ്കൾക്കതായും വരാം.
ഇപ്പോളുള്ളോരു കൂട്ടുകെട്ടിനിഹ ഞാൻ
ഭംഗം ഭവിച്ചീടുമാ-
റിപ്പോരിട്ടു മുഷിച്ചിലിന്നൊരിടയു-
ണ്ടാക്കേണ്ടതെന്നും സഖേ!
ഇപ്പാവത്തൊടെതൃക്കിൽ മാനമിവനെ-
ന്താണെന്നുമോർത്തിന്നു യോ-
ജിപ്പാവാൻ കരുതുന്നു വന്നു വെറുതേ-
നോക്കേണ്ട തോല്ക്കേണ്ടെടോ.
ക്ഷമാശീലം ചേരും ക്ഷണതരകവേ! സ്നേഹമെഴുമീ
ക്ഷമാദേവൻ ഞാനെൻ പരമസുമതേ! പാരമയി തേ
സമാധാനശ്ലോകം സരസമിഹ കണ്ടേൻ കവികളിൽ
സമാനന്മാരാരാണരിയൊരു ഭവാനോടു ഭൂവനേ.
കോടൻതൻ കോളുകൂടും കൊടിയൊരകമല-
ക്കാടിളക്കിപ്പുറപ്പെ-
ട്ടീടും ദുഷ്ടറുമത്യുൽക്കടവികടകൃതി-
പ്പിച്ചതാമപ്പിശാചേ!
ആടോപാലിന്നി നീ വന്നരിശമൊടിഹ ബാ-
ധിക്കയില്ലെന്നു സത്യം
വാടാതേ ചെയ്തൊഴിഞ്ഞീടുകപരമതുകൂ
ടാതേ കൂട്ടാക്കുമോ ഞാൻ?
സത്യം ചെയ്തൊഴിയായ്ക്കിൽ നിന്നുടെ സമൂ-
ഹത്തോടുമങ്ങത്തൽ പൂ-
ണ്ടത്യന്തം ശരണം വിളിച്ചകലെയായ്-
മാറുന്നമാറങ്ങനെ
പത്ഥ്യം വിട്ടു പരുങ്ങിടാതെ പരമീ-
ഞാൻ മന്ത്രവാദങ്ങളെ-
കൃത്യം പോലിഹ ചെയ്യുമുണ്ടതിനു നൽ-
ക്കയ്യൊക്ക നീയ്യോര്‍ക്കണം