കയമതിയായൊരു കട്ട-
ക്കയമതിയായൊരു കൂറൊടോതിയതു്
ദയ തടവുന്നൊരു സുകൃതോ-
ദയ! തടവെന്യേ കവീന്ദ്ര! കൈക്കൊണ്ടൻ.
വ്യാധിവ്യാപ്താംഗനായീ, വസുമതിയിൽ വസി-
പ്പാനൊരശ്രദ്ധനായീ,
ഹാ! ധൈര്യം പൂണ്ടുപോയീ, ഹരിഹരി! ജനകൻ
നാകലോകസ്ഥനായീ,
മാധുര്യം കെട്ടുപോയീ മൃദുകൃതി, ജനനി-
ക്കും വിപത്തിന്നതായീ,
വൈധവ്യം വന്നുപോയീ, വടിവിനൊടൊരല-
ങ്കാരമാകാതെയായീ.
ലാളിത്യം കലരും ലസൽക്കവിതയാം
കല്യാണിയെസ്സന്തതം
ലാളിച്ചര്‍ത്ഥഗുണങ്ങൾ, ശയ്യ, ബഹുലാ-
ലങ്കാരസംഘാദികൾ
കാളും കൗതുകമോടണച്ചു പുകൾ പൊ-
ങ്ങിച്ചുള്ളൊരെന്നച്ഛനേ-
ക്കാളും കൗശലമിന്നിയാര്‍ക്കവളെ ര-
ക്ഷിപ്പാനതിപ്പാരിടേ.
ഏവം നമുക്കു പുനരേറിയ ബന്ധുവായി
മേവുന്ന നിങ്ങടെ മനസ്സിവനുണ്ടതെന്നാൻ,
ഈ വന്ദനീയ കവിതാ പരിരക്ഷയെന്നാ-
ലാവുന്നവണ്ണമൊരു ചൊവ്വിനു ചെയ്‍വനേറ്റം.
കവിവര! കരുതേണമിപ്പൊളോമൽ-
ക്കവിതയതിന്നിഹ ദീക്ഷയാണെനിക്കും
ഇവിടെയൊരു വിശേഷമില്ല വേറി-
ട്ടവികലകീർത്തി പുകള്‍ന്ന പുണ്യരാശേ!