നമസ്തേ മൽഗുരുശ്രേഷ്ഠ! നമസ്തേ നടുവദ്വിജ!
മമ തെറ്റു സഹിക്കേണം മമതക്കു മഹാകവേ !
കൊള്ളാം കൊള്ളാം ഭവാന്തൻ പ്രകൃതിയതു കുറ-
ച്ചൊന്നുടൻ മാറിയോ? ചൊ-
ല്ലുള്ളോരങ്ങുന്നെനിക്കുള്ളൊരു മടിയുമമാ-
ന്തങ്ങളും മംഗളാത്മൻ!
കള്ളം കൈവിട്ടു ബോധിച്ചമരുമൊരുവന-
ല്ലേ ഭവാനെന്തു പിന്നീ-
ടുള്ളിൽക്കൊള്ളുന്നു വല്ലാതിതു പൊഴുതിലഹോ
ദേഷ്യമിശ്ശിഷ്യനോടു്
കൂറിന്നും കുറവൊട്ടുമില്ല, കുടികൊ-
ണ്ടീടും കുടുംബത്തിലി-
ങ്ങേറെജ്ജോലിയുമില്ല, നേരു പറയാം
ഹേ! നേരുകേടിൽ ഭ്രമം
പാരിക്കുന്നതുമില്ല നല്ല മറുക-
ത്തേകാഞ്ഞതച്ഛൻ മരി-
ച്ചോരാ ക്ലേശവുമൊട്ടമാന്തവുമെനി-
ക്കുണ്ടാകകൊണ്ടാസഹോ.
വളരെത്താമസിക്കാതെ വളരും മോളമോടിനി,
കളവല്ല, വിടാമല്ലോ കളമായ് മറുകത്തു ഞാൻ.
പ്രഭോ! വിശേഷാൽ പുനരാറുനാട്ടിൽ-
പ്രഭോ! മഹാസൽക്കവി മൂലമൂര്‍ത്തേ!
ശുഭോദയം തേ സുഖമോടുകേളാ-
ശുഭോ വരട്ടേ പുകൾ പൊങ്ങിടട്ടെ.
പെട്ടീടും പ്രമദേന ഞാൻ കവിതകൾ-
ക്കൊന്നിന്നുമിപ്പോൾ പുറ-
പ്പെട്ടീടാത്ത നിമിത്തമൊന്നു പറയാം,
മറ്റൊന്നുമല്ലേ സഖേ!
മുട്ടീടാതെ മുറയ്ക്കഹോ ബലി തുട-
ങ്ങീട്ടുള്ള കൃത്യങ്ങള-
യിട്ടീടാര്‍ന്ന കൃതിക്കെനിക്കൊരിടയി-
ല്ലെന്താവതെന്തോ കഥ!
സ്വതേതന്നെ ശുദ്ധം കുഴിമടിയനെല്ലറിക സ-
ന്മതേ! ദീനക്കാരൻ പുനരിവനമാന്തക്കൊടിമരം,
ഇതൊന്നും കൂടാതേ ഗൃഹഭരണവും കൂടിയിവനു-
ണ്ടതൊന്നും പാര്‍ക്കാതേ പറയുകരുതേ മുള്ളു വെറുതേ