കൂർവിട്ടിടാതെ കുതുകത്തൊടു താങ്കളായ് നാം
വേര്‍വ്വിട്ടശേഷമുളവായൊരുദന്തമോതാം
ഈ വിഷ്ടപത്തിൽ വിളികൊണ്ടു വിളങ്ങുമങ്ങു-
മാൽവിട്ടു കേൾക്കു മതിമൻ മതിമഞ്ജു കീര്‍ത്തേ!
കാലത്തങ്ങുണ്ടു കന്നിക്കറുതിപെടുമതിൻ
മുമ്പുനാൾ വമ്പുതേടും
നാലാംകൂർ തമ്പുരാനും നയമെഴുമൊരവി-
ഞ്ഞിക്ഷമാജാനിതാനും
ചാലേ നക്രക്കിടാവും ചതുരത ചിതറും
പാറനും കൂടി ഞാന-
ങ്ങാലസ്യം വിട്ടുപോന്നേൻ, മറവി ശിവശിവോ!
മാമനും കൂടെയുണ്ടേ
രാമൻ ഭവോനെത്തഥ പോന്നതേതു
രാമൻ ഭവാനിങ്ങനെ ശങ്കവേണ്ട
നാമിപ്പൊളോതാമതുമാവലാദി
രാമൻ ഭവന്മാതുലശിഷ്യനാണു്
കള്ളം കഥിച്ചീടുകയല്ല ഞങ്ങൾ
വള്ളം വഴിക്കാണഥ പോണതെന്നും
ഉള്ളിൽ ധരിച്ചീടുക കീർത്തി പാരി-
ന്നുള്ളിൽപ്പരന്നുള്ളൊരു ഭാഗ്യരാശേ!
പോന്ന കൂട്ടരതിൽവെച്ചുപാറന-
ച്ചേന്നമംഗലമണഞ്ഞ വാറഹോ
ഊര്‍ന്നിറങ്ങിനടകൊണ്ടു കേൾക്ക ചൊ-
ല്ലാര്‍ന്നൊരാ വിരുതനെങ്ങു പോയിതോ
ശുദ്ധശ്രീപുകൾ പൂണ്ട ഭൂപവരതം
നക്രദ്വിജൻ താനുമ-
ങ്ങഭ്രശ്രീ കലരുന്ന ഞാനുമൊരുമി-
ച്ചന്നിങ്ങു പോന്നങ്ങനെ
വിപ്രാശ്രണിയെ വിശ്വസിച്ചുവിലസും
വമ്പാർന്ന തമ്പാന്റെ നൽ-
കപ്രശ്ശേരിയിലെത്തി നാലരമണി-
ക്കോര്‍ത്തിലുമാത്താദരം
ഭൂമിപ! മൊതലക്കോട്ടം
ദാമോദരന്നുതന്നെ നിജനിലയം
താമസിയാതേ ചേര്‍ന്നെ-
ന്നാമോദാലാശയത്തിലറിക സഖേ!
കപ്രശ്ശേരിയിൽ ഞങ്ങളു-
മുൾപ്രേമത്തോടുമന്നു മാന്യമതേ!
കെല്ലൊടു പാര്‍ത്തേയുള്ളൂ വി-
ളിപ്പെടുമോമൽക്കവീന്ദ്രമകുടമണേ!
ഭൂഗോളാധിപ! ഭുക്തിയങ്ങുചിതമായ്
പിറ്റേദ്ദിനം ചോതിയാ-
ണാഘോഷിച്ചു പിറന്നനാൾ വിരുതനാം
തമ്പാനകമ്പാശയൻ
ശ്രീഗോദാനമതൂര്‍ദ്ധ്വമസ്തു കുറയേ-
റെക്കേമാസ്സദ്യ നൽ
ശ്രീഗോപാലകഷായമോ, ബഹുരസം!
മൂക്കോളമുണ്ടായാഹോ!
അല്പം വെയ്‍ലു ശമിച്ചുവാറു മുതല-
ക്കുഞ്ഞല്ലവന്റച്ഛനും
കെല്പോടന്നു നൃപാലരും സരസമീ
ഞാനും സഖേ! രാമനും
കപ്രശ്ശേരിയിൽ നിന്നു പോന്നു കളിയ-
ല്ലില്ലത്തു സന്ധ്യക്കു വ-
ന്നുൾപ്പെട്ടെന്നു മറിഞ്ഞുകൊൾക കവിതാ-
സങ്കേളിസങ്കേതമേ.
ചൊല്ലേണ്ടില്ലത്തൊരു മ-
ട്ടില്ലേ തൽസമ്പ്രദായമത്താഴം
എല്ലാരും പുനരുണ്ടാർ
ചൊല്ലാമുണ്ടില്ല മാതുലൻ മാത്രം
അന്നത്താഴവുമുണ്ടുകൊണ്ടഖിലരും
ചെന്നച്ഛനെക്കണ്ടുതാ-
നിന്നിന്നാളുകളെന്നറിഞ്ഞു കുശലം
കൂറോലുമാറോതിനാൻ
പിന്നെപ്പോന്നു പടിപ്പുരയ്ക്കലവരെ-
ല്ലാരും കിടന്നാരുറു-
മ്പൊന്നും വന്നു കടിച്ചതില്ലൊരു കുരു-
ത്തത്താൽ കുറച്ചെങ്കിലും
ഒന്നാംതിയ്യതി ചാത്തമൂട്ടി വിരവിൽ
ത്വന്മാതുലൻ നക്രമൊ-
ത്തുന്നിദ്രാദരമുണ്ടു ശീഘ്രമകവൂര്‍-
ക്കായിട്ടു പോയീടിനാൻ
അന്നത്താഴവുമുണ്ടുടൻ മരുമകൻ
തമ്പാനുമങ്ങോട്ടു പോ-
യ്പിന്നത്തെക്കഥ രൂപമില്ലവരെ ഞാൻ
കണ്ടില്ല രണ്ടാമതു്
അന്നുതന്നെയവർ വഞ്ചിനീക്കിയോ
നന്ദിയോടവിടെ രാവുറങ്ങിയോ
ഒന്നുമില്ല വിവരങ്ങളങ്ങു ചൊൽ-
കെന്നു വന്നിതവരങ്ങു സൽക്കവേ!
ഭൂലോകരാജൽക്കവിജാതജാത-
മൌലേ! സഖേ! നമ്മുടെ താതവാതം
നാലഞ്ചുമാസത്തിനു മുമ്പിലുള്ള-
പോലിന്നുമേറ്റക്കുറവൊന്നുമില്ല
കഷ്ടം! കഷ്മം! കിടപ്പായഹമരികിലതി-
ജ്ജന്മമൊന്നെന്റെ കുഞ്ഞി-
ക്കുട്ടൻ തന്നെപ്പരം കാണ്മതിനിടവരുമോ
കാണുവാൻ കാംക്ഷയിപ്പോൾ
ഒട്ടല്ലെന്നച്ഛനോതുന്നിതു ഭജനമഹോ
സാമ്പ്രതം താങ്കൾ പക്ഷേ
മുട്ടിച്ചാലും മഹാപാതകമതിനണകി-
ല്ലൊന്നുവന്നേച്ചുപോണേ
വൈദ്യപ്രൌഢതമൻ വയസ്കരെ മഹീ-
ദേവൻ പറഞ്ഞുള്ളൊരാ
വൈദ്യത്തിന്നുപയോഗവസ്തു ചിലതി-
ങ്ങുണ്ടായിടേണ്ടുന്നതു്
ഇദ്ദിക്കെന്തൊരു ദിക്കതാണൊരു പദാര്‍-
ത്ഥം കിട്ടുകില്ലെങ്കിലും
സദ്രവ്യം ചിലവിട്ടുലഞ്ഞഖിലവും
താക്കീതിയാക്കീടിനേൻ
തുഷ്ട്യാ കേൾക്ക തുടങ്ങി വായ്ക്കരെ വിധി-
ച്ചോരാവിധത്തിൽ ക്രമം
വിട്ടിടാതെ ചികിത്സ തത്വമറിയാ-
റായീലതായീടിലോ
വിട്ടീടാം വിവരത്തിനന്നൊരു കുറി-
ക്കത്തങ്ങമാന്തിക്കയി-
ല്ലൊട്ടും ഞാൻ ചതിചൊൽകയല്ല ചരമാം
ഭോധീശ! ബോധിക്കണം.
ആന്തിക്കത്തുമൊരാധിയാണിതിവിടെ-
ത്താതൻ കിടപ്പാകയാൽ
സ്വാന്തത്തിൽ സുഖമില്ലൊരിക്കലുമെനി-
ക്കല്ലാതെയില്ലൊന്നുമേ-
ഞാന്താനേ പകലിപ്പടിപ്പുരയതിൻ
മോളിൽപുതച്ചങ്ങുമേ
മാന്തിക്കൊണ്ടെഴുമസ്തമിച്ചഥ ഗൃഹ-
ത്തിൽപ്പോയ് ഗൃഹസ്ഥാശ്രമം
ആ വായ്ക്കരെ ക്ഷിതിനിലിമ്പറച്ചുരച്ചോ-
രാ വാക്കുപോലിഹ ചികിത്സ തുടങ്ങി മെല്ലെ
ഈ വാതമറ്റൊഴിയുമോ കഥ രൂപമില്ല
ദൈവാനുകൂലമാലിനി വന്നിടട്ടെ.
വിഷാദമാകും വിഷവും കുടിച്ചു
വിഷണ്ണനായ് ഞാൻ വിഷമിച്ചുകൊണ്ടു്
മുഷിഞ്ഞ മുണ്ടും ചൊറിയും ധരിച്ചു
മുഷിഞ്ഞുകൊണ്ടിങ്ങു മുഹയ്ക്കെഴുന്നൂ.
അമ്പൊടിന്നു വെടി ചൊല്ലുവാനൊരു-
ത്തൻ പെടുന്നതുമതില്ലതിങ്ങഹോ
വമ്പൊടിനു വിലസും വിഭോ! മുഷി-
ഞ്ഞമ്പിടുന്നു: പരമെന്തു ചെയ്‍വു ഞാൻ?
ഉണ്ടാക്കാം കവനങ്ങൾ ഞാനതിത-
ല്ലാ ദുര്‍ഗ്ഘടം ദ്വിത്വമെ-
ന്നുണ്ടൊന്നായതിടക്കിടക്കു വരുമ-
ങ്ങിന്നപ്പൊളെന്നുള്ളതു്
കണ്ടെത്താൻ തകരാറതെന്നിവ പറ-ഞ്ഞപ്പാദപദ്യം വല-
ഞ്ഞുണ്ടാക്കിബ്ബഹുമേനിയോടു വരുമ-
ങ്ങിപ്പോൾ ചിലപ്പോൾ സഖേ!
എന്നാലന്നഥ മേനി കേറ്റി വഷളായ്
പദ്യങ്ങൾ തീര്‍പ്പിച്ചുടൻ
നന്നായസ്സലിതസ്സലെന്നു വലുതാ-
ക്കിക്കൊണ്ടുകൊണ്ടാടിയും
ഒന്നുംതന്നെ മുഷിച്ചിടാതൊരുവിധം
പാരം ഞെരുങ്ങിപ്പിടി-
ച്ചന്നത്തെപ്പകൽ പോക്കുമിങ്ങനെ വൃഥാ-
കാലം കഴിക്കുന്നു ഞാൻ
പരിചിനൊടിഹ നേരംപോക്കു പോട്ടേ ഭവാന്തൻ
പരിസരമതിൽ നിന്നിട്ടന്നു ഞാൻ പോന്നനേരം,
പരമസഖേ! നിനച്ചില്ലെന്റെ സാമാനമോരോ-
ന്നൊരു ധൃതിയിൽ മറന്നിട്ടങ്ങു കൈവിട്ടുപോന്നേൻ.
തൽക്കാലത്തന്നവിഞ്ഞ്യാളഥ കടപിടിയെ-
ന്നായി വക്കാണമിട്ടി-
ട്ടൊക്കപ്പാടേ പരുങ്ങീട്ടറിയുക മമ കു-
പ്പായവും തൊപ്പിയും ഞാൻ
കൈക്കൊണ്ടീടാൻ മറന്നേവകളവിടെവെ-
ച്ചങ്ങു സൂക്ഷിച്ചിടേണം,
വയ്കത്തെബ്ഭസ്മമുണ്ടേ, മമ മറവിമുഴു-
ത്തേൻ മുഴുത്തേങ്ങയാളം
ഉണ്ടാക്കാം വര്‍ത്തമാനം വിടുവതിനിഹ പ-
ദ്യങ്ങളൊന്നാകിലോ, ചൊൽ-
ക്കൊണ്ടിക്കാലം കളിക്കും കവിവര! കളിയ-
ല്ലല്ലൽ തീര്‍ന്നല്ലതെന്നാൽ
മിണ്ടാതേ കുത്തിയിരുന്നങ്ങനെ മിളിതരസം
നാടകം തീര്‍ത്തുകൊള്ളാം,
രണ്ടും കൂടി പ്രയാസപ്പെടുഹമതിൽ വെ-
ച്ചോതുകങ്ങേതു വേണ്ടൂ.
കണ്ടില്ലേ കയ്മൾ നമമ്മപ്പരമഹഹ! പഴി-
ച്ചങ്ങു നിര്‍മ്മിച്ച പദ്യം
രണ്ടല്ലേ മൂന്നതുണ്ടേ, പകരമതിനുത-
ല്പദ്യമങ്ങദ്യമെല്ലേ
ഉണ്ടാക്കീടേണ്ടതല്ലേ, ചിരമവനിലെഴും
മുഷ്കടക്കീടുകില്ലേ
വേണ്ടില്ലേ, വേഗമല്ലേ. കവിവര! കലഹ-
ത്തിന്നു ഞാനോ ഭവാനോ?
നമ്മളൊടെന്തിനു കോടൻ
കയ്മളു കേറിപ്പയറ്റിടുന്നതഹോ
സന്മാനമെഴുന്നവനൊരു
സമാമാനം നമ്മളോടു വാങ്ങാനോ?
മുഷ്കാലയ്യോ മുഴുക്കമ്പമതിളകി മറി-
ഞ്ഞൂറ്റമക്കയ്മള്‍ നമ്മോ-
ടിക്കാലം പോരടിപ്പാൻ പുതുമയൊടു പുറ-
പ്പെട്ടതേർപ്പെട്ടതെന്തോ?
ദുഷ്കാലം തന്നെ, മറ്റെന്തിഹ പറവതിനി-
ന്നുള്ളു, താങ്കൾക്കതിന്നാ-
യ്‍വക്കാലത്തുള്ളിൽ വിശ്വാസമൊടറിയുക ഞാൻ
തന്നിരിക്കുന്നു പണ്ടേ
ഇക്കൃതിയിൽപ്പിഴ ചിലത-
ങ്ങുള്‍ക്കൊള്ളുന്നുണ്ടതെങ്കിലങ്ങുന്നു്
ഒക്കത്തീര്‍ത്തഴകാക്കി-
ബ്ബുക്കില്‍പ്പറ്റിക്ക തെറ്റുപറ്റാതെ
മഞ്ജുശ്രീ കുടികൊണ്ടിടുന്നൊരു കൊടു-
ങ്ങല്ലൂരമര്‍ന്നീടുമ-
ക്കുഞ്ഞിക്കുട്ടനൃപാലകന്റെ സമയം
പാര്‍ത്തിന്നുണര്‍ത്തീടുവാന്‍
രഞ്ജിപ്പേറിന ബോണ്ടബക്കിവിരുത-
ച്ചാരെന്നു പേരുള്ളൊരാ-
ക്കുഞ്ഞിക്കുട്ടനു വെണ്മണിക്കവി വിടും
കത്താണു സത്താണതു്