Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / കുറൂരമ്മയുടെ കവിത പ്രാചീനകവിത

കുറൂരമ്മയുടെ കവിത

സമ്പാദകൻ - അച്ചുതത്ത് വാസുദേവൻ മൂസ്സതു്

പച്ചക്കല്ലിൻ പ്രഭകളെ മുഴുവൻ
വെല്ലും തിരുമൈ കാണാകേണം
നാരായണ ജയ താവകമണിമൈ
മനസി സദാ മമ കാണാകേണം
അരുണദിവാകരകോടിസമാനം
കനകകിരീടം കാണാകേണം
പരിമളമിളകം കരിമുകിൽ നേരാം
പുരികുഴൽനികരം കാണാകേണം
ചടുലതരാള കരാജിതമായൊരു
നിടിലതടം തവ കാണാകേണം        10


ഭംഗികലര്‍ന്നണിമംഗളമായൊരു
കുങ്കുമതിലകം കാണാകേണം
മല്ലീശരനുടെ വില്ലിനെ വെന്നൊരു
കടിലഭ്രൂലത കാണാകേണം
കാർപൂണ്ടീടും കരുണാലോലം
ലോചനയുഗളം കാണാകേണം
തിലപുഷ്പശ്രീ തിരതല്ലീടും
തിരുനാസികയും കാണാകേണം
വിലസൽകാന്തി കലര്‍ന്നുകളിക്കും
മകരക്കാതിണ കാണാകേണം        20


മരതകവിരചിതദര്‍പ്പണദര്‍പ്പം
കവരും കവിളിണ കാണാകേണം
മധുരാധരമാം മലരിൽ വിരിഞ്ഞൊരു
മൃദുലസ്മിതരുചി കാണാകേണം
മുത്തിന്നധികം ഖേദം നല്കും
ദന്താവലിയും കാണാകേണം
പൂര്‍ണ്ണനിശാകരമണ്ഡലരമ്യത
ചേര്‍ന്ന മുഖാബ്ജം കാണാകേണം
കണ്ടാൽ കണ്ണിനു കൌതുകമേറും
കണ്ഠാംഭോജം കാണാകേണം        30


ഇളകം പരിമളമണിമാലഗണം
തുളസീദാമം കാണാകേണം
ദീപ്തികലര്‍ന്നണിമാവിൽ വിളങ്ങിന
കൌസ്തുഭരത്നം കാണാകേണം
ശിക്ഷാരക്ഷ ജഗത്തിനു ചേര്‍ത്തൊരു
തൃക്കൈനാലും കാണാകേണം
ശംഖൊടുചക്രഗദാംബുജമലരും
നിൻ കരതളിരിൽ കാണാകേണം
വിരലാം തളിരിൽ മേളം വിലസിന
മോതിരജാലം കാണാകേണം        40


ശ്രീമൽപൂമൈതന്നിലുദാരം
ശ്രീവത്സം മമ കാണാകേണം
കോമളമാകിന രീതിയിൽ മേവും
രോമാവലിയും കാണാകേണം
ത്രിഭൂവനമൊക്കെത്തന്നിലടക്കും
തിരുവുദരം മമ കാണാകേണം
നാഭീകമലം തന്നിലിരിക്കും
ധാതാവിനെയും കാണാകേണം
ചേതോരമ്യത ചേര്‍ന്നുനിറഞ്ഞൊരു
പീതാംബരവും കാണാകേണം        50


കടകം തോൾവള ഹാരം നൂപുര-
മുടഞാണും തവ കാണാകേണം
കദളിത്തണ്ടിനൊരിണ്ടൽപെടുത്തും
ചതുരം തുടയിണ കാണാകേണം
കരിവരകുംഭം കുമ്പിട്ടീടു-
മൊരരിയ മുഴങ്കാൽ കാണാകേണം
വിശ്രുതതൃക്കാൽ വിരലും നഖവും
ലക്ഷ്മീകാന്താ! കാണാകേണം
ഉള്ളം കുളിരും കല്യാണം നി-
ന്നുള്ളംകാലിണ കാണാകേണം    60


തിരുമുടിതൊട്ടാ പദതളിരോളം
തിരുവുടൽ മുഴുവൻ കാണാകേണം
നാരായണ ജയ താവകമണിമൈ
മനസി സദാ മമ കാണാകേണം
പാൽനുരപോലേ ധവളിതമായൊരു
ഫണിവരതല്പം കാണാകേണം
സാക്ഷാൽ നിന്നുടെ വാഹനമായൊരു
താർക്ഷ്യനെയും മമ കാണാകേണം
ചാരുതപൂണ്ടൊരു വീണയുമായി
നാരദമുനിയെക്കാണാകേണം        70


പ്രഹ്ലാദാദികൾ ഭക്തന്മാരും
സേവിക്കുന്നതു കാണാകേണം
മദ്ധ്യേവാരിധി മറകളെ വീണ്ടൊരു
മത്സ്യാകാരം കാണാകേണം
ചീര്‍ത്തൊരു ഗിരിയെയുയര്‍ത്തി ലസിച്ചൊരു
കൂര്‍മ്മാകാരം കാണാകേണം
മേദിനിമുഴുവൻ തേറ്റമെലേറ്റൊ
രാദിവരാഹം കാണാകേണം
സുരരിപുമാരണകാരണമായൊരു
നരസിംഹാകൃതി കാണാകേണം    80


മായയൊടീരേഴുലകുമളന്നൊരു
വടുവാമനനെക്കാണാകേണം
ഇരുപത്തൊരുകുറി മന്നരെ വെന്നൊരു
പരശുധരം മമ കാണാകേണം
കാന്താചോരം വെന്നൊരു വീരം
ശാന്താകാരം കാണാകേണം
ഹസ്തിനപുരിയെക്കുത്തിയിളക്കിന
നിസ്തുലവീര്യം കാണാകേണം
വെണ്ണകവര്‍ന്നു നടന്നൊരു ബാലനെ
വിണ്ണവർനാഥാ! കാണാകേണം    90


കലിയുടെ ദുരിതവിനാശകനായൊരു
കല്കിയെയും മമ കാണാകേണം
ദേഹാപായമടുക്കുംതോറും
നാരായണനെക്കാണാകേണം
ആര്‍ക്കും പാര്‍ത്താൽ കാണരുതാത്തൊരു
മൂര്‍ത്തിയെ മുഴുവൻ കാണാകേണം
ജാഗ്രൽ സ്വപ്നസുഷുപ്തിയിൽ നിന്മേ
സൂക്ഷ്മാകാരം കാണാകേണം
നാരായണ തവ മണിമൈ മുഴുവൻ
മനസി സദാ മമ കാണാകേണം    100


നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ