Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / ഒരു ശൃംഗാരകീർത്തനം പ്രാചീനകവിത

ഒരു ശൃംഗാരകീർത്തനം

സമ്പാദകൻ - ടി. ജി അച്യുതൻനമ്പൂതിരി

കാമോദരി രാഗം


പല്ലവി
കമലാദികളാം നറുമലരെല്ലാം
കാണുന്നൂ നിങ്കൽ


അനുപല്ലവി
രമണീയാത്ഭുതകോമളശീലേ
രതിനിപുണേ രമണീജനമൗലേ!     (കമലാദി)


ചരണങ്ങൾ
1. സുരുചിരവദനം വികസിതകമലം
സുന്ദരിമിഴിയിണ കുവലയയുഗളം
പരിചെഴുമധരം ബന്ധൂകുസുമം
ഭാസുരനാസിക തവ തിലകുസുമം    (കമലാദി)


2. പുഞ്ചിരിയായതു കുറുമൊഴിജാതി
പൂഞ്ചായലിലണിയുന്നതു ജാതി
അഞ്ചിതമഞ്ജരിയുഗളവിശേഷം
അണിമുല കാലിണ നല്ല ശിരീഷം.    (കമലാദി)


3. പല്ലുകൾ മല്ലികമൊട്ടുകളെല്ലാം
പാണികൾ ചെന്താമലരിണ ചൊല്ലാം
വില്ലിനൊടിടയും ചില്ലീയുഗളം
വിലസുമഗസ്ത്യമഹീരുഹമുകുളം    (കമലാദി)


4. ജംഘകൾ കൈതപ്പൂക്കൾവിശേഷം
ചമ്പകമലർതാനംഗമശേഷം
ശംഖപുഷ്പമലർ ... ണനികേതം
സകലം വിധിയുടെ കൗശലജാതം    (കമലാദി)


5. കൊണ്ടലണികുഴലി! കണ്ടു തവാംഗം
കുതുകമിയന്നൊരു മാനസഭൃംഗം;
ഇണ്ടൽ തീര്‍ത്തു പരിപാഹി മൃഗാക്ഷി!
ഇതിനിഹ പങ്കജനാഭൻ സാക്ഷി.    (കമലാദി)