സമ്പാദകൻ - ടി. ബാലകൃഷ്ണൻ നായർ, ചിറയ്ക്കൽ
ഗോവിന്ദാ ഹരി ഗോവിന്ദാ യമരാജഭീതി വരുന്ന നാൾ
പാതു മാമുരഗേശതല്പശയാന നീ ഹരി ഗോവിന്ദാ
മെല്ലെ വാർമുലയുണ്ടു പൂതനതന്നെ മന്നിലുതച്ചതും
മല്ലരെക്കൊലചെയ്ത ബാലനും നീയല്ലൊ ഹരി ഗോവിന്ദാ
മാനിനീജനമായിരം പതിനാറിനും പതിയായതും
മാനികംസനു കാലനായതും നീയല്ലൊ ഹരി ഗോവിന്ദാ
മിന്നിടക്കൊടിമാരുടേ തുകിൽ വാരിയങ്ങരയാലിന്മേൽ
മിന്നുമാറിളകൊണ്ടതും പിന്നെ നീയല്ലൊ ഹരി ഗോവിന്ദാ
മീനകേതനവീരചാരുപിതാവുമാദരവോടു പോയ്
മീനമായ മറ വീണ്ട നാഥനും നീയല്ലോ ഹരി ഗോവിന്ദാ
മുപ്പുരം പൊരിചെയ്തബാണവുത്ഭുതം തിരയാഴിയിൽ
പൊൽപെറും മലതാങ്ങുമാമയം നീയല്ലൊ ഹരി ഗോവിന്ദാ
മൂര്‍ത്തിമൂവരിലൊന്നുമത്രിദശാരി തന്നുടൽ തേറ്റയാൾ
മുന്നുഭൂമിയെ വീണ്ട പന്നിയും നീയല്ലൊ ഹരി ഗോവിന്ദാ
മെച്ചമേ സുരവൈരിതൻ കരൾ കീറുവാൻ നരസിംഹമായ്
തച്ചതൂണിങ്കന്നാശു പാഞ്ഞതും നീയല്ലൊ ഹരി ഗോവിന്ദാ
മേദിനീപതിയായ മാവെലിയോടു മൂവടി മണ്ണള-
ന്നേതുമേ തികയാഞ്ഞ മാണിയും നീയല്ലൊ ഹരി ഗോവിന്ദാ
ചൊൽത്താർമാനിനിമാപതെ പുകൾപെറ്റ വെൺമഴുവാൽ മൂന്നം
പൊയ്ത്തുമന്നരെവെന്നരാമനും നീയല്ലൊ ഹരി ഗോവിന്ദാ
... ... ... ... ... ... ... ... ... ... ... മബ്ധിമേൽ ചിറയിട്ടതും
ദുഷ്ടരാക്ഷസകാലരാമനും നീയല്ലൊ ഹരി ഗോവിന്ദാ
മൌലിമേലണിപീലിചേര്‍ത്തതും പെയ്ത മാമഴ താങ്ങുവാൻ
ശൈലമേന്തിന കൃഷ്ണനായതും നീയല്ലൊ ഹരി ഗോവിന്ദാ
ഇമ്മഹാബലി ചക്രമൊക്കെയടക്കുവാനൊരു കല്ക്കിയാ-
യ്തിണ്മചേര്‍ന്നിനിമേലിൽ വാഴ്‍വതും നീയല്ലൊ ഹരി ഗോവിന്ദാ
മാർദ്ദവം പെരിയോരുകാൽത്തളിർതന്നെ മന്മനപങ്കജേ
ചേർത്തുതന്നരുൾ കീർത്തിമംഗലമാര്‍ന്ന നീ ഹരി ഗോവിന്ദാ