Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / മുറജപപ്പാന

മുറജപപ്പാന

സമ്പാദകൻ - ഒറ്റശ്ശേഖരമങ്ഗലം അച്യുതൻ നമ്പൂതിരി


കൊല്ലം 979-ൽ ബാലരാമവർമ്മ മഹാരാജാവ് തിരുമനസ്സിലേയും വേലുത്തമ്പിദളവായുടേയും കാലത്തു നടന്ന മുറജപത്തെ വര്‍ണ്ണിക്കുന്ന ഒരു ഭാഷാപ്രബന്ധമാകുന്ന ഈ മുറജപപ്പാന. മുറജപത്തേപ്പറ്റി ഞാൻ കണ്ടിട്ടുള്ള പ്രബന്ധങ്ങളിൽ പഴക്കം കൂടിയത് ഈ ഗ്രന്ഥം തന്നെ.
    -ഉള്ളൂർ, എസ്. പരമേശ്വരയ്യർ


പാര്‍വ്വതീതനയൻ ഗണനാഥനും
പാർവ്വണേന്ദുമുഖിയാകും വാണിയും
പത്മനാഭൻ വിരിഞ്ചനു മീശനും
ഛത്മമെന്നിയെ മൽഗുരുനാഥനും
മറ്റും നാനാ ബുധന്മാരഖിലവും
മറ്റും വന്നു തുണച്ചരുളീടണം
പുഷ്ടിയേറുന്ന വെട്ടിക്കവലേശൻ
ഇഷ്ടമോടുടൻ കാത്തരുളീടണം
മണ്ണടിക്കാവിൽ വാഴും മഹേശ്വരി
ദണ്ഡം കൂടാതെ പാലിച്ചരുളണം    10


മണികണ്ഠേശ്വരം തന്നിൽ വാണിടും
ഗണനാഥൻ തുണ ചെയ്ക സാദരം
തിരുവാരിയം കാാടിൽ മരുവുന്ന
ഹരിഹരതനയാ വണങ്ങുന്നേൻ
നരപാലചരിതം പുകഴ്ത്തുവാൻ
പരിചോടു തുണ ചെയ്ക സന്തതം
ആഴികളേഴു മേഖലയാകിയോ-
രൂഴി തന്നിൽ പ്രസിദ്ധനായീടുന്ന
വഞ്ചിഭൂപതി പഞ്ചശരോപമൻ
അഞ്ചിതമണികാഞ്ചനഭൂഷണൻ    20


ആര്‍ത്തികൾ തീർത്തു പാർത്തലം പാലിച്ചു-
മംബുജാക്ഷനെ ആത്മനാചിന്തിച്ചും
പത്മഗർഭം കഴിച്ചു മഹീപതി
പത്മബന്ധുപ്രഭയോടു വാഴുമ്പോൾ
ഭദ്രദീപപ്രതിഷ്ഠാദികര്‍മ്മത്തിൽ
ഭദ്രമായ മുറജപമെന്നിവ
കാര്‍ത്തവീര്യൻ കഴിപ്പിച്ചതുപോലെ
കൃത്യമായിത്തുടങ്ങിച്ചതിന്നു നാം
കീര്‍ത്തിയോടുകഴിപ്പിക്കവേണമെ-
ന്നാര്‍ത്തബന്ധു നിരൂപിച്ചു മാനസെ    30


ഇഷ്ടിനായുള്ള മന്ത്രിവരേന്ദ്രനോ-
ടൊട്ടും വൈകാതെ കൂടി നിരൂപിച്ചു
നാട്ടിലൊക്കെയും പെട്ടെന്നു ഭൂപതി
വാട്ടം കൂടാതെ നീട്ടുമെഴുതിനാൻ
ഞെട്ടി ലോകം ജനങ്ങളുമപ്പൊഴെ
മുട്ടു കൂടാതെ കൊണ്ടന്നു കോപ്പുകൾ
ഉത്സവമഠം തന്നിലഖിലവും
ഉത്സാഹത്തോടു ചെമ്മേ നിറച്ചിതു
ചിത്രമാത്രമായുള്ള നേന്ത്രപ്പഴക്കുല
യത്രമാത്രയല്ലെത്രയനവധി    40


ഊനമെന്നിയെ മേനിപ്പഴങ്ങളം
ചേനകൊണ്ടുള്ള കുന്നും പലതരം
അര്‍ക്കമ്പോടുദിക്കും ഗിരിക്കൊപ്പം
കൂര്‍ക്ക കൊണ്ടങ്ങു കൂട്ടി മനോഹരം
ചേമ്പുകാണുമ്പോൾ കമ്പം കലർന്നുള്ളിൽ
കുമ്പിടുന്നിതു പര്‍വ്വതജാലവും
മറ്റുമോരോരോ സസ്യാദിയീവണ്ണ-
മറ്റം കൂടാതെ കൂട്ടിയരക്ഷണം.
ചൊല്ലേറീടുന്ന മുല്ലപ്രസൂനത്തി-
നല്ലൽ നല്ലുന്നതണ്ഡൂലമെത്രയും    50


കല്യാണങ്ങൾ വരുത്തി വിരവോടു
തുല്യമില്ലതിനൊന്നും നിരൂപിച്ചാൽ
വ്യഞ്ജനങ്ങളമവ്വണ്ണമഞ്ജസാ
മഞ്ജുളമായ് വരുത്തിയനല്പമായ്
ഭൂമിദേവര്‍ക്കു വാഴുവാനേറ്റവും
പ്രേമമോടു നെടുമ്പുരകെട്ടിച്ചു
കട്ടിൽ കെട്ടി നിരത്തി നിരന്തരം
തുഷ്ടിയായിട്ടടിച്ചു തളിച്ചഹോ
കാറ്റു ചെറ്റും കടക്കാതെ ചുറ്റുമെ
അറ്റം കൂടാതെ കെട്ടി മറപ്പിച്ചു    60


കുറ്റമെന്നിയെ തീര്‍ത്തു നെടുമ്പുര
ചുറ്റും കാവലും കല്പിച്ചു ചാലവെ
പത്മതീർത്ഥത്തിൽ ചുറ്റും കളപ്പുര
പത്മസംഭവനിര്‍മ്മിതമെന്നപോൽ
നിര്‍മ്മലാജ്ഞന്റെ ശാസന കൊണ്ടുടൻ
നന്മയോടങ്ങു കെട്ടിയനന്തരം
അഗ്രശാലയടുക്കളയെന്നിവ
വ്യഗ്രം കൂടാതെ കെട്ടിച്ചനാകുലം
പെട്ടെന്നിങ്ങേറെ വട്ടമഖിലവും
വാട്ടം കൂടാതെ കൂട്ടിയസംഖ്യമായ്    70


മേദിനീപതി മോദമിയന്നുടൻ
വേദിയേന്ദ്രരെയൊക്കെ വരുത്തിയും
ആറു വൈദികന്മാരെയും ഭൂപതി
കൂറോടങ്ങു വരുത്തിനാൻ വെവ്വേറെ
വാദ്ധ്യാന്മാരെ വരുത്തി വിരവോടു
ബദ്ധമോദേന സൽക്കരിച്ചാദരാൽ
സാദ്ധ്യമായുള്ള കാര്യമഖിലവും
ബോദ്ധ്യമാക്കിയവരുള്ളിലപ്പൊഴെ
കണ്ടാലാനന്ദം വര്‍ദ്ധിക്കും കിണ്ടനും
മുണ്ടും പുല്പായും നീണ്ട വരിയനും    80


ദണ്ഡം കൂടാതെ നല്കി തലേണയു-
മര്‍ണ്ണോജരിപുതുല്യവദനനും
കോളംബം നാവനൂറോടെഴുപതി-
ലൊമ്പതുചെന്ന കാർത്തിക തിങ്ങളിൽ
പങ്കജബന്ധു തേളിൽക്കടന്നനാൾ
പങ്കജാസനൻ നിര്‍മ്മിച്ചവേദവും
പാകശാസനതുല്യൻ തുടങ്ങിച്ച
പങ്കജനാഭ സാന്നിദ്ധ്യവൃദ്ധിക്കായ്
പ്രാതഃ കാലെ കുളിപ്പാൻ ദ്വിജന്മാര്‍ക്കു
ചാതുരീയമായ കെട്ടി കുളപ്പര    90


ഗംഗാതോയം വരുത്തി വിരവോടു-
മംഗലമാക്കി വാപിയഖിലവും
എണ്ണ നല്കുന്നു നിത്യം കനിവോടു
ദണ്ഡമില്ലതിനൊട്ടും നിരൂപിച്ചാൽ
അഞ്ചിതമാകു മിഞ്ചയും താളിയും
വാഞ്ഛിതം പോലെ നല്കുന്നു കൂടവേ
ഭസ്മമുണ്ടു നിമജ്ജനം ചെയ്യുമ്പോൾ
വിസ്മയങ്ങൾ പറഞ്ഞാലൊടുങ്ങുമോ
ഊണിനുള്ള ഗുണഗണം ചൊല്ലുവാൻ
ത്രാണി പോരാ ഫണീന്ദ്രനും നിര്‍ണ്ണയം    100


അഷ്ടി മൃഷ്ടാന്നമാക്കുവാൻ ഭൂപതി
ഇഷ്ടന്മാരോടു കല്പിച്ചയയ്കയും
ശിഷ്ടന്മാർക്കുള്ളിലാനന്ദം തോന്നുവാൻ
പെട്ടെന്നോരോരോ സമ്മാനം നല്കിയും
 മട്ടലർ ബാണതുല്യനുമീവണ്ണം
 വാട്ടം തെല്ലും വരാതെ നിരൂപിച്ചാൻ
ഒട്ടും വൈകാതെ നീട്ടു കൊടുക്കയും
പുഷ്ടിയോടുള്ള ചട്ടങ്ങൾ കെട്ടിയും
രംഭാപത്രം മുറിച്ചങ്ങു രമ്യമായ്
വാട്ടി നന്നായ്പ്പൊടിയും തുടച്ചുടൻ    110


കുട്ടികൾ കൊണ്ടു വെയ്ക്കുന്നു നിത്യവും
കെട്ടിയോരോദിശയിലനവധി
ചന്തമേറുന്ന പന്തിപ്പലകയും
സന്തോഷത്തോടു കൊണ്ടു നിരത്തിയും
ചാലവെ കോരിവെച്ച ജലമതിൽ
ഏലവും പൊടിച്ചിട്ടു മനോഹരം
ചുക്കുവെള്ളം കുറുക്കിയതിനുടെ
ചൂടുമൊട്ടു കളഞ്ഞങ്ങനന്തരം
ചന്ദനത്തിൽ പ്പുഴുവം ജവാതുമ-
ങ്ങമ്പൊടു നല്ല കസ്തൂരിയും ചേർത്തു    120


അഷ്ടഗന്ധവും കൂട്ടിപ്പനിനീരിൽ
പെട്ടെന്നങ്ങു കുഴച്ചു മനോഹരം
ഭൂസുരക്കിതു കോരിക്കരങ്ങളിൽ
ആശപോലെ കൊടുക്കുന്നു നിത്യവും
നിര്‍മ്മലമായ ചോറും കറികളും
നന്മയോടങ്ങു വെച്ചു ചമച്ചുടന്‍
ശിഷ്ടന്മാരാം ധരണീസുരേന്ദ്രരും
പുഷ്ടിയോടു ജപം കഴിഞ്ഞാലുടൻ
എട്ടുനാഴിക ചെല്ലുന്നതിൻ മുമ്പേ
ചട്ടമായില വെയ്ക്കും നിരന്തരം    130


പത്രം തന്നിലുപസ്തരിച്ചപ്പൊഴേ
പക്വമോടു ഗുളവുമങ്ങാദരാൽ
ഭദ്രന്മാർ കൊണ്ടു വിളമ്പുന്ന
ഭദ്രമാകിയോരന്നം കനിവോടു
മോഹനാംഗന്മാർ കൊണ്ടുവന്നഞ്ജസാ
മോഹം പോലെ വിളമ്പുന്നു സ്നേഹവും
വെള്ളിപോലെ വെളുത്തുള്ള കിണ്ടിയിൽ
ഭള്ളുകൂടാതെ നല്കും സലിലവും
ഉപ്പേരികൾ പലവകയെത്രയും
സ്വല്പമല്ലാതെ കൊണ്ടുവിളമ്പുന്നു.    140


മംഗലമാക്കി നല്കും ദശാന്തരേ
തുംഗമായ ബുഭുക്ഷയം തങ്ങളിൽ
സംഗരമാണ്ടു നിത്യം വഴിപോലെ
കണ്ടാൽക്കൗതുകമേറുന്ന കാളനും
വേണ്ടുവോളം വിളമ്പും ദിവസവും
ഉപ്പിലിട്ട വകകൾ പലതരം
കെല്പുപോരാ പറഞ്ഞു തുടങ്ങിയാല്‍
ഉപ്പും വേപ്പില കയ്‌പൻനാരങ്ങയും
താല്പരിയമുണക്കിഞ്ചിമാങ്ങയും
നാരങ്ങാക്കറിയും പുളിയിഞ്ചിയും    150


നന്മയോടു വിളമ്പും ദിനംപ്രതി
നെഞ്ചിലാനന്ദം മെല്ലെ വളരുന്ന
പഞ്ചസാരയും കൊണ്ടന്നു തൽക്ഷണം
അഞ്ചിതമായി വാരിനല്കീടുന്നു
വാഞ്ഛപോലതിനൊട്ടും കുറവില്ല
മുത്തു ചെമ്മേ പഴുത്തുള്ള പൂവനും
ചിത്തമോദം കലരും കളിയും
വണ്ണമേറുന്ന കണ്ണനും ചിങ്ങനും
എണ്ണം കൂടാതെ നല്കുന്നു തോടനും
മിത്രബിംബം കണക്കെ വിലസുന്ന    160


ചിത്രമാകിയ പര്‍പ്പടജാലവും
ധാത്രീദേവന്മാർ കൊണ്ടുവന്നപ്പൊഴെ
പത്രം തന്നിൽ വിളമ്പുന്നനവധി
അതിമോഹനം നേന്ത്രപ്പഴങ്ങളും
ഹിതമാക്കി നുറുക്കിജ്ജലമതിൽ
എതിരില്ലാതെ വേകിച്ചനന്തരം
മതിയാകുവോളം വിളമ്പീടുന്നു
ദാഹമുണ്ടെങ്കിൽ പാനംചെയ്തീടുവാൻ
മോഹം പോലങ്ങു നല്കണമെന്നിട്ടു
കിണ്ടി തന്നിൽ പകര്‍ന്നു സലിലവും    170


കൊണ്ടു പന്തിയിൽ മണ്ടി നടക്കുന്നു.
പാലു കാച്ചിക്കുറുക്കിയതിനുടെ
പാടനീക്കിയുറയു മൊഴിച്ചുടൻ
കൂറൊടങ്ങു വരുത്തിയറതയി-
രാകുവോളം വിളമ്പുന്നു സാമ്പ്രതം.
കഞ്ഞി വേണ്ടും ജനങ്ങൾക്കു കഞ്ഞിയും
മഞ്ജുളമായ വെന്നിയും തേങ്ങായം
മറ്റും നാനാവിഭവമഖിലവും
മുറ്റം കൊണ്ടു വിളമ്പുന്നു സത്വരം
ദീനമുള്ളവര്‍ക്കമ്പോടു വാഴുവാന്‍    180


ഊനം കൂടാതെ ദീനപ്പുരകളും
അശ്വിനീ ദേവകൾക്കു സദൃശമായ്
ഉത്സാഹത്തോടു ചിരട്ടമണ്‍ മൂസ്സും
ദൂഷണങ്ങൾ വരാതെ കണ്ടഞ്ജസാ
ഔഷധങ്ങൾ കൊടുക്കുന്നു നിത്യവും.
രക്ഷിച്ചീവാനായിട്ടനേകരെ
ദക്ഷതയോടു കല്പിച്ചു ഭൂപതി
സാരസേക്ഷണനാമം സഹസ്രവം
ആരണന്മാരെക്കൊണ്ടു ദിവസവും
സാരമായി തപവും കഴിപ്പിച്ചു    190


ചാരുശീലൻ ദുരിതമൊടുക്കുവാൻ
സിന്ധുവിൽ ഭാസ്ക്കരൻ മറഞ്ഞീടുമ്പോൾ
സന്ധ്യവന്ദിച്ചവനീസുരേന്ദ്രരും
സിദ്ധമായ ജലജപമെത്രയും
ശ്രദ്ധയോടു കഴിക്കും ദശാന്തരെ
ഇക്ഷിതീശൻ പ്രദക്ഷിണവും ചെയ്തു
ദക്ഷിണയും കഴിച്ചങ്ങു തൽക്ഷണം
അത്താഴം പുനരെത്രയമത്ഭുതം
ആമോദമായ്ക്കറികൾ ചതുര്‍വ്വിധം
കാന്തിയേറും വിളക്കുകൾ പന്തിയിൽ    200


അന്തണന്മാർ കൊളുത്തി നിരന്തരം
ഭൂമിദേവന്മാർ വന്നാലുടൻ തന്നെ
സാമോദമില വെയ്ക്കുന്നു നിത്യവും
പുഞ്ചനെല്ലരിച്ചോറും തെരുതെരെ
അഞ്ചിതമായ് വിളമ്പിയനന്തരം
ആരണന്മാരുപസ്തരിച്ചപ്പൊഴേ
ആദരവോടു നൾകും കടിക്കുനീര്‍
കൊണ്ടാട്ടങ്ങൾ വറുത്തു പലവക
ചൊല്ലേറീടും വറുത്തെരിശ്ശേരിയും
ഉല്ലാസത്തോടു ഗോത്രാസുരവരർ    210


തെല്ലും വൈകാതെ കൊണ്ടുവന്നാദരാല്‍
നല്ലവണ്ണം വിളമ്പുന്നിലകളിൽ
ജാതിയായുള്ള ചൂതഫലങ്ങളും
ചേതസ്സുതെളിഞ്ഞാശു വിളമ്പുന്നു
കൂശ്മാണ്ഡങ്ങൾ നുറുക്കിയതിൽക്കൂടെ
വിസ്മയം പയറോടു ബൃഹതിയും
ശാശ്വതം ചേര്‍ത്തു വേകിച്ചൊരോലനും
വിശ്വാസമോടു കൊണ്ടു വിളമ്പുന്നു
മോടിയേറുമടമധുരക്കറി
കേടറ്റുള്ളൊരു കോരിക കൊണ്ടുടൻ    220


ആടൽ കൂടാതെ കൊണ്ടു വിളമ്പുന്നു
വടിവോടു വിലക്കി ദിനംപ്രതി
കെല്പോടു നല്ല നേന്ത്രപ്രഥമനും
അപ്പോൾ താൻ കൊണ്ടുവന്നു മഹീസുരർ
സ്വല്പമല്ലാതെതന്നെ വിളമ്പുന്നു
ശില്പമായിട്ടു നിത്യവുമീവണ്ണം
കനകപ്രഭയ്ക്കാര്‍ത്തി വളർത്തുന്ന
പനസച്ചുള മര്‍ദ്ദനം ചെയ്തുടൻ
കനിവോടങ്ങുവെച്ചു പ്രഥമനും
ദിനംതോറും വിളമ്പുന്നനവധി.    230


തക്രംകൊണ്ടു കുറക്കുപുളിശ്ശേരി
വക്രമെന്നിയെ കൊണ്ടു വിളമ്പുന്നു
മോരു കാച്ചിക്കുറുക്കിയതിൽ നല്ല
ജീരകം പൊടിച്ചിട്ട മനോഹരം
ആരണർ കൊണ്ടു വന്നിഹ പന്തിയിൽ
പാരാതെ വിളമ്പീടുന്നു നിത്യവും
അന്നദാനം കഴിപ്പാനവനിയിൽ
മന്നവരിൽ മറ്റാരുമില്ലീവണ്ണം
അത്താഴം കഴിഞ്ഞേറ്റുകൂടും വിധൗ
ഹസ്തം തന്നിൽ പൃഥുകം കൊണ്ടത്ഭുതം    240


ശർക്കര ചേർത്തു മര്‍ദ്ദനം ചെയ്തതിൽ
ചുക്കു ജീരകവും പൊടിച്ചിട്ടിഹ
ചിത്തമോദം കലര്‍ന്നു പോയീടുവാൻ
കത്തിച്ചമ്പോടു ചുട്ടുകൊടുക്കയും
നേരമ്പോക്കുകളങ്ങു പലവിധം
നേരം പേ‌ാരാ പരിചോടു കാണുവാന്‍
പാഠകന്മാർ പരിചോടൊരോദിശി
മോടിയേറും കഥകൾ പറകയും
ആട്ടമുണ്ടു മനോഹരമായിട്ട-
ങ്ങോട്ടൻ തുള്ളലുമുണ്ടഹോ നിത്യവും    250


ഘട്ടിവാദ്യങ്ങൾ കൊട്ടിയും പാടിയും
പെട്ടെന്നിങ്ങിനെ ഘോഷം പലതരം
പാത്ഥസാരഥി തന്റെ കഥകളെ
പൃത്ഥ്വീദേവന്മാർ വായിച്ചനന്തരം
അ‌ര്‍ത്ഥമമ്പോടു ചൊല്ലുന്നൊരേടത്തു
വ്യര്‍ത്ഥമല്ലാ നിനച്ചാലൊരിക്കലും
ദേവരാജനുപോലും നിരൂപിച്ചാൽ
ഈ വണ്ണത്തിൽക്കഴിപ്പാൻ ബഹുപണി
ചിന്തിതാര്‍ത്ഥാനെന്‍ദയാവാരിധി
അന്തരം വരാതേവം കഴിക്കയാല്‍    260


ചെന്താർമാനിനീകാന്തൻ കനിവോടു
ബന്ധുവായ് മരുവീടുന്നു സന്തതം
ലക്ഷ്മീവല്ലഭന്‍ ലക്ഷ്മണപൂർവ്വജന്‍
യക്ഷഗന്ധര്‍വചാരണസേവിതന്‍
സ്യാനന്ദപുരത്തിൽ വിളങ്ങുന്നു-
ണ്ടാനന്ദമൂര്‍ത്തിയാകും മുകിൽവര്‍ണ്ണന്‍
ദാനവകുലനാശനന്‍ കേശവൻ
ദീനബന്ധു ദയാനിധി കാർവര്‍ണ്ണൻ
ഇക്ഷിതീശന്റെ രക്ഷയെച്ചെയ്യുവോൻ
ദക്ഷതയേറും ദേവകീനന്ദനൻ    270


പക്ഷിവാഹനൻ പ്രീതനായീടുവാൻ
ലക്ഷദീപം കഴിച്ചു നരപതി
ശിക്ഷയോടതിൻ ശോഭകണ്ടീടുവാന്‍
അക്ഷിപോരാ സുരേശനും നിശ്ചയം
ദീപസ്തഭം കൊളത്തി പ്രകാശിതം
ദേവലോകത്തു ചെന്നങ്ങുണര്‍ത്തിനാന്‍
നാകഭേരി നിനാദങ്ങൾ കേട്ടിട്ടു
നാകിലോകവുമാകെയറിഞ്ഞിതു
നാകസ്ത്രീകളും നാകാംഗനമാരും
നന്മയോടങ്ങു വല്ലഭന്മാരുമായ്    280


നിര്‍മ്മലമായോരംബരമാര്‍ഗ്ഗത്തിൽ
ചെമ്മേ വന്നു നിറഞ്ഞു നിരന്തരം.
ഇന്ദ്രനാദിയാം ദിക്പാലകന്മാരും
സാന്ദ്രമോദമോടെത്തിയനന്തരം
നാരദാദിമുനിപ്രവരന്മാരും
ചാരുതയോടങ്ങെത്തി മനോഹരം
മൂന്നുലോകത്തിലുള്ള ജനങ്ങളും
വന്നുകൂടിയങ്ങെത്രയുമത്ഭുതം
പാണ്ടിവാദ്യം കൊണ്ടുള്ള ധ്വനികളും
കണ്ടിവാർകുഴലികൾ കുരവയും    290


നീണ്ടിട്ടുള്ളൊരു ഭൂരിനിനാദവും
ഇണ്ടൽകൂടാതെ ലോകർ നടക്കയും
ദീപം കത്തിജ്ജ്വലിക്കുന്നതു കൊണ്ടു
കോടിസൂര്യപ്രകാശിതം തോന്നിയും
ഇത്തരം പല വിസ്മയം കണ്ടിട്ടും
സത്വരം പൊന്നുംശീവേലി വന്ദിച്ചും
മിന്നിടും താർക്ഷ്യവാഹനം കണ്ടിട്ടും
മന്നവേന്ദ്രന്റെ ഭക്തി നിരൂപിച്ചും
ആനന്ദമോടു നാനാജനങ്ങളം
ദാനശീലനെ വാഴ്ത്തിസ്തുതിക്കുന്നു    300


ആരണകുലമൗലി തരണജൻ
ഭൂരികീർത്യാ മരുവുന്നടിതിരി
പാർത്ഥിവേന്ദ്രന്റെ കീര്‍ത്തി വളർത്തുവാന്‍
ചീര്‍ത്തമോദം കലന്നമഹീസുരൻ
കാമ്യമായുള്ള കര്‍മ്മമഖിലവും
രമ്യമായിക്കഴിച്ചങ്ങനന്തരം
വിപ്രയോഗേ ഗുരുവരന്മാര്‍ക്കുള്ളിൽ
ക്ഷിപ്രമോദം വളരുവാനാദരാൽ
ആശപോലെ കസവിട്ട മുണ്ടുകൾ
വാസവതുല്യൻ നല്കിയനവധി    310


കുത്തുണികൊണ്ടു തീർത്തുള്ള മെത്തയും
ഉത്തമന്മാർക്കു നല്കിയനന്തരം
സ്വാലയും ചകലാസും പലതരം
സാമോദമുടന്‍ നല്ക് പലതരം
ചിത്രമായുള്ള ദ്രവ്യങ്ങളീവണ്ണം
പാത്രാപാത്രമറിഞ്ഞു കൊടുത്തഹോ
ഉര്‍വ്വീദേവജനങ്ങൾക്കഖിലവും
സര്‍വ്വാണിയും പ്രതിഗ്രഹവും നല്കി
മംഗലമായ കർമ്മങ്ങളിത്തരം
തിങ്ങിനമോദമോടു കഴിപ്പിച്ചു    320


തുംഗവീരപരാക്രമനൂഴിയിൽ
ഭംഗം കൂടാതെ വാണരുളീടണം
ദുഷ്ടരെശ്ശിക്ഷചെയ്തു ധരണിയിൽ
ശിഷ്ടരെപ്പരിപാലിപ്പതിനായി
മുഷ്ടികാസുരവൈരി നിയോഗത്താൽ
പുഷ്ടാനന്ദമായ് സൃഷ്ടിച്ചു ധാതാവു
വഞ്ചിഭൂപാല ഭാഗ്യാംബുരാശിയി-
ലഞ്ചിതമായ മന്ത്രിപ്രവരനായ്
വെൺമതിസമനായ ദളവായും
ധര്‍മ്മരാജ്യത്തെപ്പാലിക്കയാൽസ്സദാ    330


അംബുജാക്ഷൻ പ്രസാദിച്ചനന്തരം
നന്മമേന്മേൽ വളർത്തുന്നു നിത്യവും
ചാരുശീലന്‍ സുധാഗീരുകൊണ്ടുടന്‍
പരിതോഷം വളർത്തി നരന്മാർക്കു
അമ്പിനോടു വസിക്ക ചിരകാലം
തമ്പി വേലായുധാഖ്യ ഭവാന്മുദാ
കൈടഭാന്തകഭക്തന്‍ ചരിതങ്ങൾ
കാടായാകിലും ചൊല്ലും ജനങ്ങടെ
ആടലാകെയൊഴിച്ചു ദയാനിധേ
മോടിയായ്പ്പരിപാലിച്ചുകൊള്ളണം    340