സമ്പാദകൻ - പി. ആർ. മേനോൻ
ഭുവനപ്രസിദ്ധമാമാത്മബോധഗ്രന്ഥത്തെ
നവകേരളഭാഷാഗാനമാക്കുവാനായി
ശിവനേ, ഭവനേ, ശങ്കരനേ, ഹരനേ നീ-
യിവനെക്കടാക്ഷിപ്പാൻ തൃക്കഴൽ കൂപ്പീടുന്നേൻ
വന്തപം ചെയ്കകൊണ്ടു താപമാകവേ നീക്കി-
ശ്ശാന്തരായേറ്റം രാഗദ്വേഷാദിരഹിതരായ്
സന്തതം മോക്ഷകാമന്മാരായോര്‍ക്കുള്ള താണീ-
സ്സന്തതാനന്ദമേകുമാത്മബോധമാം ഗ്രന്ഥം
അന്യസാധനങ്ങളേക്കാളും മോക്ഷാര്‍ത്ഥികൾക്കു
ധന്യസാധനം ബോധമെന്നതൊന്നത്രേ നൂനം 10
വീതിഹോത്രനെന്നിയേ പചിക്കാവതല്ലൊന്നും
സാധിക്കയില്ല ജ്ഞാനംകൂടാതെ മോക്ഷമാര്‍ക്കും
കര്‍മ്മകാണ്ഡപ്രോക്തങ്ങളായ വിഹിതങ്ങളായ
കര്‍മ്മങ്ങൾ വിരോധിച്ചിട്ടുള്ളവയല്ലെന്നാലും,
അവിദ്ദ്യാനിവര്‍ത്തനം കര്‍മ്മകാണ്ഡോക്തക്രിയാ-
പ്രവൃത്തന്നൊരിക്കലുമുണ്ടാകയില്ലാ ദൃഢം
വിദ്യതാനവിദ്യയെ നശിപ്പിച്ചുകൊള്ളുന്നു
ഖദ്യോതതേജസ്സിരുട്ടിൻകൂട്ടമെന്നപോലെ
കര്‍മ്മജന്യങ്ങളായ ഫലങ്ങൾ ജീവികൾക്കു
ജന്മവും മരണവുമേകുന്നു വീണ്ടും വീണ്ടും 20
അജ്ഞാനലവച്ഛിന്നാനായ് കാണുമാത്മാവുള്ളൊ-
രജ്ഞാനം നശിക്കുമ്പോൾ സ്വയമായ് പ്രകാശിക്കും
കാറണി മറച്ചുള്ളൊരാദിത്യൻ മറവുള്ള
കാറണിനീങ്ങി സ്വപ്രകാശനായ്‍ക്കാണും പോലെ
വെള്ളത്തെത്തേറ്റാമ്പരൽപ്പൊടിയെന്നോണം മര്‍ത്ത്യ
ന്നുള്ളൊരജ്ഞാനകാലുഷ്യം കലര്‍ന്ന ജീവനെ
ജ്ഞാനാഭ്യാസത്താൽതന്നെ നിര്‍മ്മലനാക്കീടുമ-
ജ്ഞാനവുമപ്പോൾ സ്വയം നശിച്ചുപോയീടുന്നു
രാഗദ്വേഷാദി വിളഞ്ഞുതീരുന്നതാകുമീ-
ലോകര്‍ക്കു ചേരും സംസാരം സ്വപ്നസാരംതന്നെ 30
വർത്തമാനകാലത്തിൽ സത്തായിക്കാണുമവ
മര്‍ത്ത്യന്നു കണ്ടീടുന്നിതസത്തായ് പ്രബോധത്തിൽ
സര്‍വ്വാധിഷ്ഠാനമാമീ ബ്രഹ്മത്തെ ഗ്രഹിക്കാഞ്ഞു
സർവ്വരും സത്യമായ് താൻ കാണുന്നൂ ജഗത്തിനേ;
ശുക്തിയാണിതെന്നുള്ള ബോധമുണ്ടാകുമപ്പോൾ
ശുക്തിയിൽച്ചേരും രജതഭ്രമം നീങ്ങുമല്ലോ
നിഖിലാധാരനായിസ്സകലോപദാനമാ-
മഖിലേശ്വരൻ തങ്കലിക്കാണും ബ്രഹ്മാണ്ഡത്തിൻ
ഉൽപത്തിസ്ഥിതിനാശകൃത്യങ്ങളിരിക്കുന്നു-
ണ്ടപ്പുവിൽ തിര നുര ചുഴിയെന്നിവപോലെ 40
കുണ്ഡലകടകകേയൂരാദിവിഭൂഷണ-
മണ്ഡലം സ്വണ്ണത്തിങ്കൽ കല്പിക്കുന്നതുപോലെ
പൂര്‍ണ്ണനായ് സച്ചിദാത്മാവായീടും വിഷ്ണുവിങ്കൽ
നിര്‍ണ്ണയം പ്രകല്പിപ്പൂ സർവ്വവ്യക്തികളേയും
ഭിന്നഭിന്നമായ് കാണും നാനോപാധികളിലും
നന്നായാകാശംപോലെ വിളങ്ങും വിശ്വനാഥൻ
ഒന്നല്ലെന്നുപാധിഭേദത്തിനാൽ ചൊല്ലീടുന്നു-
ണ്ടൊന്നായിക്കാണുമുപാധിക്കു നാശം വരുമ്പോൾ
ജാതിനാമാശ്രമാദിയൊക്കയും ഭിന്നോപാധി-
ഭേദത്താൽ പരാത്മാവിലാരോപിച്ചീടുന്നു നാം 50
വാദിപ്പാനില്ലൊന്നല്ലാതിക്കാണും രസവര്‍ണ്ണ -
ഭേദഭാവന ജലമൊന്നിൽ കണ്ടീടുന്നൂ നാം
പഞ്ചീകൃതങ്ങളാകുമാ മഹാഭൂതവ്രാത-
സഞ്ജാതകര്‍മ്മവ്രാതസഞ്ചിതം സ്ഥൂലദേഹം
സൌഖ്യദുഃഖങ്ങളനുഭവിച്ചീടുവാനുള്ള
മുഖ്യഗേഹമാണെന്നു ചൊല്ലുന്നൂ വിബുധന്മാർ
പത്തിന്ദ്രിയങ്ങൾ പഞ്ചപ്രാണന്മാർ മനോബുദ്ധി-
യൊത്തിവയെല്ലാമപഞ്ചീകൃതഭൂതജങ്ങൾ
ഇവ ചേര്‍ന്നതാകുന്നു സൂക്ഷ്മദേഹമീദേഹ-
മെവനും പാർത്താൽ ഭോഗസാധനമായീടുന്നു 60
കാരണശരീരമെന്നോതുന്നു വിബുധന്മാർ
പാരിതിലനാദിയായിരിക്കുമവിദ്യയെ
ഇശ്ശരീരത്രയത്തിൽനിന്നു വേറിട്ടു നില്പൂ
നിശ്ചയമാത്മാവെന്നു ബോധിച്ചുകൊണ്ടീടേണം
ശുദ്ധസ്വരൂപനാകുമാത്മാവു പഞ്ചകോശ-
ബദ്ധനായിട്ടു കാട്ടീടുന്നിതോരോരോ രൂപം
ശുദ്ധമാം സ്ഫടികവും നീലശുഭ്രാദിവസ്ത്ര-
ബദ്ധമായ് നിറഭേദം കാട്ടീടുന്നതുപോലെ
പഞ്ചകോശങ്ങളോടുകൂടുമീ ദേഹത്തേയും
പഞ്ചത്വം ഭവിക്കാത്ത ശുദ്ധനാമാത്മാവേയും 70
അവഘാതത്താലുമിതവിടെന്നിവ നീക്കി
നവതണ്ഡുലം കണ്ടീടുംവണ്ണം കണ്ടീടണം
ഉണ്ടാത്മാവെങ്ങുമെന്നുമെന്നാലും തൽപ്രകാശം
കണ്ടീടാ സകലദിക്കിങ്കലും സമസ്തരും
നിര്‍മ്മലവസ്തുക്കളിൽ പ്രതിബിംബത്തെപ്പോലെ
നിര്‍മ്മലാത്മാവു പ്രകാശിക്കുന്നു ബുദ്ധിയിങ്കൽ.
കായം വാൿ മനം ബുദ്ധിയിന്ദ്രിയം പ്രകൃതി മു-
മ്പായവയിങ്കൽനിന്നു ഭിന്നനാണെന്നാകിലും
സർവ്വസാക്ഷിയായിട്ടേ നില്ക്കുന്നു പരമാത്മാ
സര്‍വ്വഭൂഭാഗം ഭരിച്ചീടും രാജാവുപോലെ 80
ഇന്ദ്രിയങ്ങൾതൻ വ്യാപാരങ്ങളെക്കാണുംനേരം
മന്ദബുദ്ധികളാത്മവ്യാപാരമെന്നോര്‍ക്കുന്നു
മേഘങ്ങളോടുന്നതു കാണുമ്പോൾ കണ്ടീടുന്നോർ
രാകാചന്ദ്രനുമോടീടുന്നതായോര്‍ത്തീടുന്നു.
കായം വാൿ മനം ബുദ്ധിയിന്ദ്രിയം പ്രകൃതി മു-
മ്പായവയെല്ലാമാത്മചൈതന്യമാശ്രയിച്ചേ
സ്വസ്വകീയാര്‍ത്ഥങ്ങളിൽ പ്രവര്‍ത്തിച്ചുകൊള്ളുന്നു
ഭാസ്വാൻ തന്നുദയത്തിൽ ജീവികളെന്നപോലെ
മോഹത്താലിന്ദ്രിയങ്ങൾ ഗുണങ്ങൾ കര്‍മ്മങ്ങളീ-
ദേഹമെന്നുള്ളതായിക്കാണുന്നതെല്ലാമീ നാം 90
നിര്‍മ്മലനാകും സച്ചിദാത്മാവിൽ കല്പിക്കുന്നു
നിര്‍മ്മലാകാശേ നീലാദികളാം നിറംപോലെ
ചിത്തോപാധിയാൽ ഞാൻ കര്‍ത്താവാണെന്നോർത്തു മൂഢ-
മര്‍ത്ത്യനാ ഭാവനയെയാത്മാവിൽ കല്പിക്കുന്നു
ജലത്തിൻ ചലനത്താൽ ചലിച്ചീടുന്നതായി-
ജ്ജല ചന്ദ്രനെക്കാണ്മൂ ജനങ്ങൾ മൌഢ്യത്തിനാൽ
രാഗേച്ഛാസുഖദുഃഖമിവ ബുദ്ധിയിൽ ചേര്‍ന്ന-
താകുന്നൂ ബുദ്ധിക്കിവ സത്യമായ്തോന്നീടുന്നു
സുപ്തന്നില്ലല്ലോ രാഗാദികളാമവയൊന്നും
സുപ്തിയിൽ ബുദ്ധിനാശംകൊണ്ടിതുണ്ടായിവന്നു 100
സൂര്യന്നു തേജസ്സതിശീതളം ജലത്തിന്നു
പാരിച്ചൊരുഷ്ണമഗ്നിക്കെന്നിവപോലെതന്നെ
നിത്യനിര്‍മ്മലനാകുമാത്മാവിന്നെല്ലായ്പോഴും
സത്യസച്ചിദാനന്ദലക്ഷണം സ്വഭാവജം
സത്തു വിത്തംശങ്ങളാത്മാവിലും ബുദ്ധിയിങ്കൽ
വൃത്തിയുമിവരണ്ടും യോജിച്ചൊരജ്ഞാനത്താൽ
അറിയുന്നുണ്ടു ചെയ്തീടുന്നുമുണ്ടെല്ലാവരു-
മറിയാതുഴലുന്നു മൌഢ്യമൊന്നിനാൽ മാത്രം
ഇല്ല വിക്രിയയാത്മാവിനാതുപോലേ ബോധ-
മില്ല ബുദ്ധിക്കെന്നുള്ളതറിയായ്കയാൽ ജീവൻ 110
എല്ലാം ഞാനറിയുന്നു കാണുന്നുവെന്നു നണ്ണി
വല്ലാതെയെല്ലായ്പോഴും വ്യാമോഹിച്ചുകൊള്ളുന്നു
പരമാത്മാവെജ്ജീവനാണെന്നു ബോധിക്കയാൽ
പരമുണ്ടായി ഭയം രജ്ജുവിൽ സര്‍പ്പംപോലെ
ജീവനല്ല ഞാൻ പരമാത്മാവാണെന്ന ബോധ-
മേവനും നിര്‍ഭയം നൽകീടുമെന്നറിയേണം
ഏകനാമാത്മാ ബുദ്ധ്യാദികളാമിന്ദ്രിയൌഘ-
മാകവേ പ്രകാശിപ്പിച്ചീടുന്നു നിരന്തരം
ജഡവസ്തുക്കൾക്കില്ലാ സ്വപ്രകാശം ദീപത്താൽ
ഘടം തൊട്ടവപോലെയാത്മാവാൽ ശോഭിക്കുന്നു 120
ബോധരൂപനായീടുമാത്മാവിന്നെന്നും സ്വയം
ബോധാര്‍ത്ഥമന്യബോധമാവശ്യമില്ലാ തെല്ലും
ദീപത്തിനെന്നും വേണ്ടാ സ്വപ്രകാശത്തിന്നന്യ-
ദീപത്തിൻ സഹായമെന്നുള്ളതിങ്ങനുഭവം
നേതി നേതീതി വേദവാക്യങ്ങളാലേ സര്‍വ്വോ-
പാധികളേയും നിഷേധിച്ചറിഞ്ഞതിൽപ്പിന്നെ
അറിഞ്ഞത്തീടേണം മഹാവാക്യങ്ങൾകൊണ്ടു വിദ്വാൻ
പരമാത്മജീവാത്മാക്കൾക്കെഴുമൈക്യത്തിനെ
അവിദ്യാജാതമാകുമിശ്ശരീരാദി സര്‍വ്വ-
മവശ്യം ബുൽബുദംപോൽ നശിച്ചീടുനാതത്രേ 130
ഇതിങ്കൽനിന്നു ഭിന്നനായി നിന്നീടുന്ന ഞാ-
നതിനിമ്മലപരബ്രഹ്മമാകുമൊന്നത്രേ
ദേഹമല്ലാത്തോരെനിക്കില്ലെന്നും ജന്മകർമ്മ-
മോഹനാശാദ്യങ്ങളായുള്ളവയൊന്നുകൊണ്ടും
ഇല്ലെനിക്കിന്ദ്രിയങ്ങളതിനാൽ ശബ്ദാദിയാ-
യുള്ളൊരാവിഷയസംഗം ലവമെനിക്കില്ലാ.
പ്രാണനും മനസ്സിനും ശുദ്ധിയില്ലെന്നു ചൊല്ലി-
ക്കാണുമാ ശ്രുതിവാകശാസനാനുസാരമായ്
എനിക്കില്ലല്ലോ മനസ്സതിനാൽ ദുഃഖാദ്യങ്ങൾ
മനസ്സിൻ വികാരങ്ങളൊട്ടുമെന്നിലില്ലല്ലൊ 140
നിര്‍വ്വികല്പനായ് നിരഞ്ജനനായ നിഷ്ക്രിയനായ്
നിർവ്വികാരനായ് നിരാകാരനായ് നിര്‍ഗ്ഗുണനായ്
നിത്യനായ് നിര്‍മ്മലനായിരുന്നീടുന്നൊരീ ഞാൻ
നിത്യമുക്തനായ് വിളങ്ങീടുന്നു നിരന്തരം
ഉള്ളില്ല പുറത്തുമാകാശംപോലെങ്ങും നിറ-
ഞ്ഞുള്ള ഞാൻ നശിക്കാത്തോനചലൻ പരിശുദ്ധൻ
സര്‍വ്വദാ സര്‍വ്വത്തിലും സമനായ് നിര്‍മ്മലനായ്
സർവ്വസംഗവര്‍ജ്ജിതനായേ ഞാൻ വിളങ്ങുന്നു
നിത്യമായ് വിമുക്തമായേകമായ് ശുദ്ധമായി-
സ്സത്യമായഖണ്ഡമായാനന്ദമാത്രമായി 150
ജ്ഞാനമായനന്തമായിരിക്കും ബ്രഹ്മംതന്നെ
ഞാനെന്നുള്ള തെന്നുള്ളിലറിവൂ മഹാത്മാക്കൾ
ബ്രഹ്മമേ ഞാനാകുന്നിതെന്നുള്ള വാസനയേ
സമ്മാന്യൻ നിരന്തരം പരിശീലിക്കുന്നാകിൽ
രോഗവ്രാതത്തെ രസായനമെന്നോണം സര്‍വ്വ-
രാഗാദിവിക്ഷേപകാര്യങ്ങളും നശിച്ചീടും
വിജിതേന്ദ്രിയനായി വീതരാഗനായിട്ടു
വിജനസ്ഥലത്തിങ്കലാവാസം ചെയ്തശേഷം
ഏകനായനന്തനായീടുമാത്മാവുതന്നെ-
യേകാന്തധീയായ് സദാ ഭാവനചെയ്തീടേണം 160
ബുദ്ധിമാനായുള്ള വൻ ദൃശ്യപ്രപഞ്ചം സർവ്വം
ബുദ്ധിയിൽ ലയിപ്പിച്ചു നിശ്ചലനായിപ്പിന്നെ
ഏകനാമാത്മാവിനെ നിര്‍മ്മലാകാശം പോലെ-
യേകാന്തസ്ഥിതൻ സഭാ ഭാവനചെയ്തീടേണം
രൂപവര്‍ണ്ണാദിസര്‍വ്വം ത്യജിച്ചു പരമാര്‍ത്ഥ-
രൂപവിത്തായുള്ളവനെല്ലാനേരത്തിങ്കലും
പരിപൂര്‍ണ്ണമായ് ചിദാനന്ദാകാരമായിട്ടു
പരിശോഭിതനായിത്താനെന്നും വിളങ്ങുന്നു
ഇല്ലല്ലൊ ജ്ഞാതൃജ്ഞാനജ്ഞേയഭേദഭാവന
തെല്ലുമേ പരാത്മാവിലെന്നുമെന്നറിയുവാൻ 170
പരനോ ചിദാനന്ദകാരനാകുകകൊണ്ടു
പരിപൂര്‍ണ്ണനായ് സ്വയം വിളങ്ങിക്കൊണ്ടീടുന്നു
ഇത്തരമാത്മാവിനെദ്ധ്യാനമാമരണിയാ-
ലുത്തമൻ സദാകാലം കടഞ്ഞുകൊണ്ടീടുകിൽ
ജ്ഞാനാഗ്നിജ്ജ്വാലയുണ്ടായീടുന്നിതതു സര്‍വ്വാ-
ജ്ഞാനേന്ധനൌഘങ്ങളെദ്ദഹിപ്പിച്ചുകൊള്ളുന്നു
അരുണനിരുൾക്കൂട്ടത്തിനെയെന്നോണം മുമ്പി-
ലിരിക്കുമജ്ഞാനത്തെ ജ്ഞാനത്താൽ നീക്കീടുമ്പോൾ
ആദിത്യദേവനെപ്പോലാത്മാവു വിദ്യോതിപ്പൂ
വാദിക്കാനില്ലാ സര്‍വ്വം താനായേ കാണാമപ്പോൾ 180
എങ്ങുമാത്മാവു തങ്കൽത്തന്നെയുണ്ടെന്നാകിലും
വന്നൊരജ്ഞാനംകൊണ്ടതില്ലെന്നു തോന്നിക്കുന്നു
അവിദ്യാനാശത്തിങ്കൽ പ്രത്യക്ഷമായിട്ടാത്മാ
സുവിദ്യോതിച്ചീടുന്നു കയ്യിൽ നെല്ലിക്കപോലെ
കണ്ഠത്തിലണിഞ്ഞുള്ളൊരാഭരണത്തെത്തന്റെ
കണ്ഠത്തിലണിഞ്ഞവൻ തന്റെ വിസ്‌മൃതിമൂലം
തീരെ വിസ്മരിക്കുമ്പോളന്യനായതുകണ്ടു
നേരേ കാണിച്ചാൽ സ്മൃതി വന്നുചേർന്നിടുംപോലേ
അജ്ഞാനത്തിനാലറിയാത്തൊരാത്മാവു ചേരും
വിജ്ഞാനം വന്നാലറിഞ്ഞീടുന്നിതെല്ലാവരും 190
സ്ഥാണുവിൽ പുരുഷനെപ്പോൽ ജീവനേയാത്മാവിൽ
കാണുകകൊണ്ടുണ്ടായതാണല്ലോ ഭ്രമം സര്‍വ്വം
ജീവൻ തൻപരമാര്‍ത്ഥമാം രൂപമറിയുമ്പോൾ
കേവലമാമീ ഭ്രമം നിശ്ശേഷം നശിക്കുന്നു
തത്വബോധരൂപത്താലുണ്ടാകും ജ്ഞാനമുടൻ
മത്തന്നു ഞാനാണെന്നുമെനിക്കുള്ളവയെന്നും
ഉണ്ടാകുമജ്ഞാനത്തെബ്ബാധിച്ചു കൊണ്ടീടുന്നു
കണ്ടാകിൽ ബോധോദയമഞ്ജാനപ്രണാശനം
വഴിയാംവണ്ണം ജ്ഞാനമാര്‍ന്നവനായ യോഗി
കിഴിയാതാത്മാവിൽത്താൻ സ്ഥിരനായിരിക്കുന്നു 200
ഏകമായ സര്‍വ്വമാകും പരമാത്മാവുതന്നെ-
യേകാന്തമാകും ജ്ഞാനക്കണ്ണിനാൽ കണ്ടീടുന്നു
ആത്മാവുതന്നെസ്സര്‍വ്വമാകുമീലോകം പര-
മാത്മാവൊന്നല്ലാതെങ്ങുമെന്നുമില്ലൊരിക്കലും
മുത്തൊന്നുകൊണ്ടു ഘടാദികളെപ്പോലെ ജഗ-
ത്തത്രയുമൊന്നായുള്ളൊരാത്മാവിൽ കണ്ടീടുന്നു
ഭ്രമരകീടംപോലേ ബ്രഹ്മജ്ഞൻ ജീവന്മുക്തൻ
സ്വമനോബുദ്ധീന്ദ്രിയാദികളെക്കളഞ്ഞിട്ടു
നിശ്ചലനായിസ്സച്ചിദാനന്ദസംസ്ഥിതിയെ
സ്വച്ഛനാമവൻ ഭജിച്ചീടേണമനാരതം 210
രാഗദ്വേഷാദിരക്ഷസ്സുകളേ ഹനിച്ചിട്ടു
യോഗി മോഹാര്‍ണ്ണവത്തെത്തരണം ചെയ്തു പിന്നെ
ശാന്തിയെസ്സമാശ്രയിച്ചാത്മാരാമനായ് ത്തന്നെ
സന്തതം വിരാജിച്ചുകൊണ്ടീടുമറിഞ്ഞാലും
അനിത്യബാഹ്യസുഖസഞ്ചയാസക്തി സര്‍വ്വം
ഹനിച്ചാത്മസൌഖ്യത്താൽ നിർവൃതിപൂണ്ടു നിത്യം
സ്ഫുടമായാത്മാരാമനാമവൻ വിളങ്ങുന്നു
ഘടദീപത്തെപ്പോലെ സ്വപ്രകാശത്താൽ മാത്രം
ഇശ്ശരീരോപാധി കയ്ക്കൊണ്ടു നാം കണ്ടീടിലും
തൻശരീരോപാധികൾ കൈവെടിഞ്ഞവൻ മുനി 220
സർവ്വജ്ഞൻ വ്യോമതുല്യൻ മൂഢനേപ്പോലിരിപ്പോൻ
സർവ്വാസക്തിയും വിട്ടോൻ വായുപോൽ ചരിപ്പവൻ
ജലത്തിൽജലം, തേജസ്സിങ്കൽ തേജസ്സു, പിന്നെ
വിയത്തിൽ വ്യോമമെപ്രകാരമപ്രകാരമേ
സര്‍വ്വോപാധിയും ശമിച്ചുള്ളവനാകും മുനി
നിര്‍വ്വിശേഷം ബ്രഹ്മത്തിൽത്താൻ ലയിച്ചുകൊള്ളുന്നു
ഏതു ലാഭത്താൽ മറ്റുലാഭങ്ങൾ കാംക്ഷിക്കയി-
ല്ലേതു സൌഖ്യം സിദ്ധിച്ചാൽ മറ്റു സൌഖ്യങ്ങളോര്‍ക്കാ
ഏതൊരു ജ്ഞാനം വന്നാലന്യജ്ഞാനങ്ങൾ വേണ്ടാ
വാദമില്ലതു പരബ്രഹ്മമെന്നറിയേണം 230
യാതൊന്നു കണ്ടാൽ മറ്റു കാണുവാനൊന്നുമില്ല
യാതൊന്നായ് ഭവിക്കുകിലുണ്ടാകാ പുനർജ്ജന്മം
യാതൊന്നു ബോധിക്കുകിൽ വേണ്ടാ മറ്റൊരു ബോധം
വാദമില്ലതു പരബ്രഹ്മമെന്നറിയേണം
ചുറ്റിലും മുകളിലും താഴത്തും പൂര്‍ണ്ണമായി
മറ്റൊന്നില്ലാതെയേകമായ് സച്ചിദാനന്ദമായ്
നിത്യമായനന്തമായുള്ളതൊന്നെന്താണതു
സത്യമായീടും പരബ്രഹ്മമെന്നറിയേണം
ഇല്ലാത്തതില്ലാത്തതെന്നെല്ലാമേ തള്ളിനീക്കി-
ച്ചൊല്ലാര്‍ന്ന വേദാന്തങ്ങളെന്തിനെക്കണ്ടീടുന്നു 240
അവ്യയമായഖണ്ഡാനന്ദമായേകമായി
ദ്ദിവ്യമാമതു പരബ്രഹ്മമെന്നറിയേണം
അഖിലാണ്ഡങ്ങൾക്കുമേകാവലംബമായീടു-
മഖണ്ഡാനന്ദത്തിനുള്ളംശമാശ്രയിക്കയാൽ
ബ്രഹ്മാദ്യന്മാരാനന്ദമടഞ്ഞുകൊണ്ടീടുന്നു
ബ്രഹ്മമാമതിനെ ഞാനെങ്ങനെ വര്‍ണ്ണിക്കുന്നു?
വസ്തുക്കളെല്ലാം ബ്രഹ്മത്താൽ വിളങ്ങുകകൊണ്ടു
ചിത്തു ചേരാതേ വ്യവഹാരമില്ലെന്നുമെങ്ങും
സര്‍വ്വത്ര പാലിൽ നെയ്യു നില്ക്കുന്നവണ്ണം നില്പു
സര്‍വ്വത്ര പരിശോഭിച്ചീടുന്ന പരബ്രഹ്മം 250
അണുവല്ല,ല്ലാ സ്ഥൂലം, ഹ്രസ്വമല്ല, ദീര്‍ഘമ-
ല്ലജനാണരൂപനാണവ്യയനാണു പാര്‍ത്താൽ
ഗുണമി,ല്ലില്ലാ വര്‍ണ്ണം, നാമമില്ല,തുതന്നെ
മുനിമാരെല്ലാം പരബ്രഹ്മമെന്നറിയുന്നു
യാതൊന്നിൻ പ്രകാശമര്‍ക്കാദിയെശ്ശോഭിപ്പിപ്പൂ
യതൊന്നിനാദിത്യാദി നല്ലീടാ ശോഭ തെല്ലും
യാതൊന്നു സർവ്വം പ്രകാശിപ്പിച്ചുകൊണ്ടീടുന്നു
വാദമില്ലതു പരബ്രഹ്മമെന്നറിയേണം
അകത്തും പുറത്തുമെല്ലാറ്റിലും വ്യാപിച്ചിട്ടി-
ജ്ജഗത്താകവേ പ്രകാശിപ്പിപ്പൂ പരബ്രഹ്മം 260
തപ്തമാമയഃപിണ്ഡംപോലവേ സര്‍വ്വത്തിലും
ചിത്താകും ബ്രഹ്മം പ്രകാശിച്ചുകൊള്ളുന്നിതെന്നും
ബ്രഹ്മമോ ജഗത്തിൽ നിന്നേറ്റവും വിലക്ഷണൻ
ബ്രഹ്മത്തിൽനിന്നുഭിന്നമായിട്ടില്ലൊന്നുമെന്നും
ബ്രഹ്മത്തെ വിട്ടു വേറായ് കാണുന്നതൊന്നുണ്ടെങ്കിൽ
സമ്മോഹിക്കേണ്ടായതു മരുവിൻ മരീചിക.
നമ്മൾ കേൾക്കുന്നതെന്തോ കാണുന്നതെന്തൊക്കയോ
ബ്രഹ്മമൊന്നല്ലാതെ മറ്റൊന്നുമല്ലവയൊന്നും,
തത്വജ്ഞാനത്താൽത്തന്നെ സച്ചിദാനന്ദമായു-
മദ്വയമായുമുള്ള ബ്രഹ്മത്തെബ്ബോധിക്കേണം 270
സച്ചിദാനന്ദാത്മാവാം സര്‍വ്വഗതനെ ജ്ഞാന-
വക്ഷസ്സാൽ വിചക്ഷണൻ കാണേണം നിരന്തരം
ബ്രഹ്മത്തെക്കാണുന്നതല്ലജ്ഞാനക്കണ്ണുകൊണ്ടു
വന്മഹാപ്രഭയാര്‍ന്ന സൂര്യനെയന്ധൻപോലെ
ശ്രവണാദികൾകൊണ്ടു ദീപ്തമാം ജ്ഞാനാഗ്നിയി-
ലവശം വെന്തുനീറിക്കിടന്നീടുന്ന ജീവൻ
സർവ്വദോഷങ്ങൾ നീങ്ങിശ്ശോഭിച്ചുകൊണ്ടീടുന്നു
സര്‍വ്വദാ തപ്തമായ കനകം പോലേ സ്വയം.
ഹൃത്താകുമാകാശത്തിലുദയം ചെയ്തു നില്ക്കും
സത്താകുമാത്മബോധമായീടും മഹാദിത്യൻ 280
എല്ലാവറ്റിലും വ്യാപിച്ചെല്ലാവറ്റെയും ധരി-
ച്ചെല്ലാവസ്തുവും പ്രകാശിപ്പിച്ചു കൊണ്ടീടുന്നു
സര്‍വ്വഗനായിദ്ദിക്കാലാദിയ്ക്കുമാദിയായി -
സ്സര്‍വ്വശീതാപഹാരിയായ് നിരഞ്ജനമായി
നിത്യമാമാത്മതീര്‍ത്ഥമാരു സേവിച്ചീടുന്നു
സത്യമായവരെല്ലാം ബോധിച്ചുകൊണ്ടീടുന്നു
എങ്ങുമെന്നും വിളങ്ങുമാത്മസ്വരൂപനായാ-
മംഗളാത്മാവു പരിശോഭിക്കും നിരന്തരം.
മംഗളമാത്മബോധഗ്രന്ഥമിങ്ങനേ ചൊന്നേൻ
മംഗലന്മാരേ മഹാത്മാക്കളേ! ക്ഷമിക്കുവിൻ. 290